2015, നവംബർ 15, ഞായറാഴ്‌ച

വെള്ളിയാങ്കല്ല് തേടി ..

                                                 


                                                          ജീവിതത്തിനും, മരണത്തിനും ഇടയിലുള്ള അവസാന പാതയായ ആ പുലിമുട്ടിലൂടെ നിലാവ് പെയ്യുന്ന രാത്രിയില്‍ അയാള്‍ നടന്നു..ചക്രവാളത്തില്‍ കുറേ മണിക്കൂറുകള്‍ മുന്‍പ് എരിഞ്ഞടങ്ങിയ സൂര്യന്‍റെ ഓര്‍മ്മകളുമായി  നിലാവെട്ടത്തില്‍ തെളിഞ്ഞ് കിടക്കുന്ന കടല്‍..ഏതോ കാലത്തിലെ കഥനങ്ങള്‍ നിറഞ്ഞ കഥകള്‍ പേറി, തിരകളുടെ പീഡനത്താല്‍ മുങ്ങി മരണം കാത്ത് കിടക്കുന്ന പാറകളുടെ മുകളിലൂടെ..സത്യനാഥന്‍ .മുന്നില്‍ കടല്‍ പോലെ പരന്നു  കിടക്കുന്ന ജീവിതം..പിന്നില്‍ ജീവിച്ച് തീര്‍ക്കാന്‍ കൊതിക്കുന്ന ജന്മത്തെ  വേട്ടയാടുന്ന, മരണത്തിലേക്ക് പിടിച്ച് വലിക്കുന്ന അസത്യങ്ങള്‍..

                                                          നടന്ന്‍ നടന്ന്‍ സത്യനാഥന്‍  പുലിമുട്ടിലെ ജീവിതത്തിന്‍റെ അവസാന അടയാളമായ ഒരു കൂറ്റന്‍ കല്ലിനു മുകളിലെത്തി. അവിടെ ആരോ ചോക്ക് കൊണ്ട് എഴുതി വെച്ച നിലവില്‍ തിളങ്ങുന്ന വാക്കുകള്‍..

        "നാം അറിയുന്ന ലോകം ഇതിനപ്പുറം അവസാനിക്കുന്നു.."

                                                            നിലാവില്‍ കല്ലുകളില്‍ തീരാത്ത ക്ഷതങ്ങള്‍ ഏല്‍പ്പിക്കുന്ന തിരമാലകളുടെ കണ്ണെത്താ ദൂരത്ത്  തിളങ്ങുന്ന "എഴുത്ത് ക്കാരന്റെ ഭാവനയിലെ വെള്ളിയാങ്കല്ല്..ജന്മങ്ങള്‍ക്കിടയില്‍ ജീവിതഭാരം ഇറക്കി വെച്ച് പുനര്‍ജന്മത്തിന് മുന്‍പ് ആത്മാക്കള്‍ വിശ്രമിക്കുന്ന വെള്ളിയാങ്കല്ല്..സത്യനാഥന്‍ ഓര്‍ത്തു..കുറേ ജന്മാന്തരങ്ങളുടെ വിശ്രമമില്ലാത്ത ഭാരമാണ് തന്‍റെ ദേഹിക്ക്..അത്രക്കും ഭാരമുള്ള ദുരനുഭവങ്ങള്‍ ഒരൊറ്റ ജന്മത്തില്‍..ഈ പാതയുടെ അവസാനം, ഈ കല്ലിന്‍റെ അപ്പുറം പതയുന്ന മരണമെന്ന സത്യം എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്തുമായിരിക്കും. പിന്നിലെ കുത്തി നോവിച്ച ജീവിതത്തിലേക്ക് ഒരെത്തി നോട്ടം, മരണത്തിനു മുന്‍പേ...ആ കല്ലില്‍ നിന്നാല്‍ പിന്നോട്ട് നോക്കിയാല്‍ കാണാം..വന്ന വഴി..ജനനം മുതല്‍ അപ്പോള്‍ വരെയുള്ള സത്യ ജീവിതത്തിന്റെ ചിത്രങ്ങള്‍...

                                                                  സത്യനാഥന്‍. പേര് അനര്‍ത്ഥമാക്കാതെ കഴിഞ്ഞ മാസം വരെ ഭൂമിയില്‍ സന്തോഷവാനായി ജീവിച്ചവന്‍..നല്ല കുടുംബത്തില്‍ പിറന്നവന്‍..അച്ഛന്‍ ജീവിതഭാരം ഇറക്കി വെച്ച് പോയപ്പോള്‍ കുടുംബം തലയിലേറ്റിയ ഒരു സാധാരണക്കാരന്‍..ചിലരുടെ കാര്യത്തില്‍ അങ്ങിനെയാണ് വിധിയുടെ തീരുമാനം..പേരില്‍ തന്നെ പേറുന്ന സത്യം ഒരു ദിവസം കളങ്കിതമായി തീരും..അതും ഒരിക്കലും ചെയ്യാത്ത തെറ്റിന്റെ പേരില്‍..ക്രൂശിക്കപ്പെടും..അതും കൊടും പാപികളുടെ കൈകള്‍ കൊണ്ട്..

       "ഇയാള്‍ തന്നെയാണ് എന്നെ ആദ്യമായിട്ട്.."

                                                                 സദാചാര വാദികള്‍ കാത്തിരുന്ന വാക്ക്. ആ പെണ്‍കുട്ടിയുടെ ഏറ്റ് പറച്ചിലില്‍ കുടുങ്ങിയ ഇരകളില്‍ ആദ്യത്തെ ഇരയായിരുന്നു സത്യനാഥന്‍..മറുപക്ഷം കേള്‍ക്കാത്ത  നീതിയും, നിയമവും, സമൂഹവും ഒരുമിച്ച് ആക്രമിച്ചു..ശാരീരികമായും, മാനസികമായും. ആര്‍ക്കും അറിയേണ്ടിയിരുന്നില്ല സത്യമെന്തെന്ന്..ഒരു ഇരയെ വീണ് കിട്ടിയപ്പോള്‍ പിച്ചി ചീന്താനുള്ള വ്യഗ്രത..അത് വരെ അഭിമാനത്തില്‍ എഴുതി വെച്ച പേരിന് മുകളില്‍ ചെളി വാരിയിട്ട് സമൂഹം ആഘോഷിച്ചു..മഹത്തായ ഒരു ആഘോഷം.
 
    " അമ്മയിത് ഒട്ടുങ്ങട് പ്രതീക്ഷിച്ചില്ല....നെനക്ക് പറഞ്ഞുറപ്പിച്ച ഒരു പെങ്കൊച്ചിനെ പോലും ഓര്‍ക്കാതെ..കൂടപിറപ്പ്കള്ടെ ഭാവി പോലും നോക്കാതെ ന്തിനാ നീയിങ്ങനെ?...അച്ഛന്റെ സല്‍പേരാ എന്‍റെ മോനില്ലാതാക്കീത്...''

                                                             അടുത്ത സ്നേഹിതന്‍..അവന്‍റെ കുടുംബം. അവന്‍റെ പുതിയ ദാമ്പത്യ ജീവിതം, അതിലെ ചില താളപിഴകള്‍.അത് തിരുത്താന്‍, സഹായിക്കാന്‍ ചെന്നതായിരിക്കാം തെറ്റ്..വിവാഹപൂര്‍വ ബന്ധത്തിലെ കണ്ണിയുടെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങാന്‍  ആ സ്ത്രീ കണ്ടെത്തിയ മാര്‍ഗ്ഗം..കാല ഘട്ടത്തിലെ ഏറ്റവും വലിയ ആയുധം..പീഡനം..
അതിന് കണ്ടെത്തിയ ഇരകളില്‍ ആദ്യ സ്ഥാനം തനിക്ക്..പിന്നെ അടുത്ത കൂട്ടുക്കാരന്‍..അവനുമായി ബന്ധമുള്ള ചിലര്‍..ആ സ്ത്രീയുടെ വാക്കുകള്‍ മാത്രം ശരി വെച്ച് നിയമം നടത്തിയ ക്രൂരമായ ഭേദ്യങ്ങള്‍ക്ക് ഒടുവില്‍ കുറ്റം ദുര്‍ബലനായ സ്നേഹിതന്‍ കുറ്റം സമ്മതിച്ചു..ജീവിതത്തില്‍ നേരിടേണ്ടി വന്ന വിപത്തിന് മുന്നില്‍ അടിപ്പെട്ടു പോകാതിരിക്കാന്‍  ഒരു ഉടുമുണ്ടില്‍ തൂങ്ങി എല്ലാത്തില്‍ നിന്നും മോചനം തേടി അവന്‍ പോയതോടെ സത്യം തെളിയാന്‍ ആ സ്ത്രീയുടെ വാക്കുകള്‍ തന്നെ അവസാനമാകേണ്ടി വന്നു..

                                                               ജയിലും, ദുഷ് പേരും, പരിഹാസവും, അതിലുപരി മറ്റുള്ളവരുടെ വീഴ്ച ആഘോഷിക്കുന്ന സമൂഹത്തിന്‍റെ ദുഷിച്ച കണ്ണുകള്‍.നീതി ന്യായവ്യവസ്ഥിതിയുടെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര തന്നെ സത്യം തുറന്ന്‍ പറഞ്ഞു..ഒരു കെട്ടുകഥ.കൂടുതല്‍ സുഖം തരുന്ന മാംസം തേടി പോകുന്നതിന് വേണ്ടി ചമച്ച അസത്യങ്ങള്‍. ഇന്ന്‍ പകല്‍ മൂടി വെച്ച വലിയ സത്യം പുറത്ത് വന്നു..അവള്‍ തന്നെ എല്ലാം തിരുത്തി പറഞ്ഞപ്പോള്‍ ഒരു നിമിഷം കൊണ്ട്, ഒരു വാക്ക് കൊണ്ട് നിരപരാധി. പക്ഷെ അതിനിടയില്‍ നഷ്‌ടമായത് അത് വരെ ഉയര്‍ത്തി വെച്ച അഭിമാനം, കുട്ടിക്കാലം മുതല്‍ സുഖവും, ദുഖവും പങ്കിട്ട ആത്മ സ്നേഹിതന്‍., പിന്നെ പറഞ്ഞു വെച്ച വിവാഹം, ബന്ധങ്ങള്‍, സ്വപ്‌നങ്ങള്‍,സൗഹൃദങ്ങള്‍..അകന്നു പോയ ബന്ധങ്ങളെ കൂട്ടിയിണക്കാന്‍ നിരപരാധിത്വം പോരായിരുന്നു..മോചനം  കിട്ടിയിട്ടും ചില കണ്ണുകളില്‍ ഒളിപ്പിച്ചു വെച്ച സംശയം പിന്നെയും ബാക്കിയായി..ആ സംശയ വഴികളില്‍ നിന്നും ദുഖത്തോടെ വന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്‍റെ അവസാന അടയാളമായ കല്ലിനു മുകളില്‍..അവിടെ നിന്നും മുന്നിലേക്ക് നീളുന്ന മരണത്തിലേക്കും..

                                                                നിലാവില്‍ സത്യനാഥന്‍ നിവര്‍ന്ന്‍ നിന്ന് വീണ്ടും മരണത്തിന്‍റെ മണവും, ആഴവും നിറഞ്ഞ കടലോളങ്ങളെ നോക്കി..നുരയുന്ന തിര പതകളില്‍ ഒളിപ്പിച്ചു വെച്ച ചുഴികള്‍. തിരിഞ്ഞ് നോക്കി,പിന്നിലെ ജീവിതം തിരുത്താന്‍ ശ്രമിക്കുന്നില്ല..ഒരു തവണ വേട്ടയാടപ്പെട്ടവന്‍ വീണ്ടും ഇതേ പോലെ അക്രമിക്കപ്പെടാം..അതിലും ഭേദം അകലങ്ങളില്‍ എവിടെയോ സങ്കല്പങ്ങളില്‍ ഉറങ്ങുന്ന വെള്ളിയാങ്കല്ല് തേടി യാത്ര തന്നെ..തെളിവുകള്‍ക്ക് മൂന്നാം പക്കം കടല്‍ കനിഞ്ഞാല്‍ ഏതെങ്കിലും തീരത്ത് ചീഞ്ഞ് വീര്‍ത്ത് അടിയുന്ന ദേഹി ഒഴിഞ്ഞ ദേഹം മാത്രം മതിയാകും..അനന്തതയില്‍ മിഴി നട്ട് മനസ്സില്‍ പറഞ്ഞു...

     "ദൈവമേ...നീ തന്ന ജീവിതത്തിന്‍റെ ഭാരം എനിക്ക് പേറാന്‍ ഇനിയും കഴിയില്ല..തെറ്റ് ചെയ്യാതെ പീഡിപ്പിക്കപ്പെട്ടവരില്‍ ഞാനും..ഇനിയൊരു ജന്മം തരുന്നെങ്കില്‍ പറവയായോ, പൂവായോ ജനിപ്പിക്കുക...ഒരിക്കലും മര്‍ത്യ ജന്മം പൂകാന്‍ വയ്യ...നീ തന്ന ജീവിതം നിനക്ക് തന്നെ സമര്‍പ്പിക്കുന്നു..

                                                                  അത് വരെ നിലാവില്‍ തെളിഞ്ഞ് നിന്ന കടലോരം ഒരു നിമിഷം കാര്‍മുകിലുകള്‍ക്കിടയില്‍ മാഞ്ഞു പോയ ചന്ദ്രികയില്ലാതെ   ഇരുളില്‍ വീണ സമയം. കുളിര് പേറുന്ന മേഘകൂട്ടത്തില്‍ നിന്നും സ്വര്‍ണ്ണ വര്‍ണ്ണാഭമായി വീണ്ടും പുറത്ത് വന്ന നിമിഷം. നിലാവ് തിരികെ വന്നപ്പോള്‍ മരണത്തിന്റെ  അടയാള കല്ലിനു മുകള്‍ ഭാഗം ശൂന്യം....സത്യനാഥന്‍റെ ദേഹം  ആഞ്ഞുവീശിയ തിരമാലകളില്‍ എവിടയോ മരണച്ചുഴി തേടി പോകുകയായിരുന്നു..മൂന്നാം  പക്കത്തിലോ,ഇനിയൊരിക്കലോ  തീരത്ത് വരില്ലെന്ന സത്യവുമായി..അതമാവ് സങ്കല്പങ്ങളിലെ ജനിമൃതികള്‍ക്കിടയിലെ വെള്ളിയാങ്കല്ല് തേടിയും...ജീവിത ഭാരമിറക്കി വെച്ച് അനന്തമായി വിശ്രമിക്കാന്‍......


N.B-  "ഈ കഥ ഒരു ജീവിതാനുഭവത്തില്‍ നിന്നും ഉണ്ടായതാണ്...


     

 





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ