2015, നവംബർ 12, വ്യാഴാഴ്‌ച

സ്നേഹത്തിന്‍റെ മാലാഖ....

                                       

















                    
                                                                  അര്‍ദ്ധ ബോധത്തില്‍ തലയില്‍ തുന്നലുകള്‍ വീഴുന്നത് തിരിച്ചറിയുന്നുണ്ടായിരുന്നു..പതുക്കെ കണ്ണുകള്‍ തുറന്ന്‍ നോക്കിയപ്പോള്‍ ചുറ്റും വെള്ള വസ്ത്രം ധരിച്ചവരുടെ കൂട്ടം..അവര്‍ക്കിടയില്‍ എവിടെയോ കണ്ടു മറന്ന ഒരു മുഖം.ലേഡി ഡോക്ടറുടെ മുഖം..വലിയ പുരികങ്ങള്‍ക്കിടയിലെ പിടയ്ക്കുന്ന കണ്ണുകള്‍,...മുറിവുകളുടെ വേദനയും, മദ്യത്തിന്‍റെ ലഹരിയും ഓര്‍മ്മകളെ മറച്ച് പിടിക്കുന്നത് പോലെ..ഓര്‍ക്കാന്‍ കഴിയുന്നില്ല..

          "നോക്ക്..പന്ത്രണ്ട് സ്ടിച്ചാണ് തലയിലിട്ടത്..ആയുസ്സിന്‍റെ ബലം കൊണ്ടാ ആ ലോറിയുടെ ചക്രങ്ങള്‍ തലയിലൂടെ കയറി പോകാഞ്ഞത്..."

                                                               വീണ്ടും ആ ശബ്ദം.ആ ലേഡി ഡോക്ടറുടെ ശബ്ദം...എവിടെയോ കേട്ട് മറന്നത് പോലെ..എനിക്കറിയാം..എന്‍റെ ഭൂതക്കാലത്തില്‍ എവിടെയോ ഈ മുഖവും, ശബ്ദവും..ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..കണ്ണടച്ച് ഓര്‍മ്മയിലേക്ക് പോകാന്‍ ഒരു ശ്രമം നടത്തി..ഓര്‍മ്മകള്‍ ഇല്ലാതാക്കുന്ന വേദന..കഴിയാതെ വീണ്ടും കണ്ണ്‍ തുറക്കുമ്പോള്‍ മുന്നില്‍ ആ മുഖം മാത്രം..ചിരിയോടെ...സത്യം ഈ ചിരിയും എവിടെയോ ചിരപരിചിതം..തിരിച്ചെടുക്കാന്‍ കഴിയാത്ത എന്‍റെ പിന്നാമ്പുറങ്ങളില്‍ എനിക്ക് നഷ്‌ടമായ ചിരി പോലെ.

         "എന്നെ മനസ്സിലായിലാല്ലേ? എന്തായാലും കൊള്ളാം..പകലൊന്ന് ചൂട് പിടിക്കണതിന് മുന്‍പ് മൂക്കറ്റം കുടിച്ച് കണ്ട വണ്ടികള്‍ക്ക് മുന്നീ ചെന്ന്‍ ചാടുക...എന്താ പറ്റീത്..വീട്ടിലിരിക്കണ ആ സ്ത്രീയുടെ ഭാഗ്യം കൊണ്ടാ തലനാരിഴക്ക് രക്ഷപ്പെട്ടത്..."

                                                             അവസാനം പറഞ്ഞ വാക്കുകള്‍ എന്നില്‍ ചിരി പടര്‍ത്തി. ഇന്ന്‍ രാവിലെ തന്നെ കുടിക്കാന്‍ കാരണം കാലത്ത് ആരംഭിച്ച വഴക്ക് തന്നെ. പത്ത് പൊരുത്തങ്ങള്‍ ചേര്‍ന്ന്‍ അഞ്ച് കൊല്ലം മുന്‍പ് ആ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ജാതക പൊരുത്തമല്ല..മാനസിക പൊരുത്തമാണ് ഏറ്റവും വലുതെന്ന്‍ മനസ്സിലായിരുന്നില്ല..നിസ്സാരമായ കാരണങ്ങള്‍ പോലും വഴക്കിലെക്ക്..ഒരു ദിവസം പോലും സുഖമായി ജീവിച്ചിട്ടില്ല..എന്നത്തെയും പോലെ രാവിലെ ഞാന്‍  തന്നെയാണ്  തുടങ്ങിയത്..വഴക്ക് വാക്കുകള്‍ കൊണ്ടാണ്..ചിലപ്പോള്‍ ഒരു ആയുധത്തേക്കാള്‍ ഭീകരമായി ആഴമേറിയ മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍...അങ്ങിനെ അവള്‍ പറയുന്ന സ്ഥിരമൊരു വാക്ക്.രാവിലെ അത് കേട്ടാണ് മദ്യത്തിന്‍റെ ലഹരിയില്‍ മുങ്ങാന്‍ തുടങ്ങിയത്..

     "ഇതിലും ഭേദം വിധവയായി ജീവിക്കണതാ..."

                                                              ഡോക്ടര്‍ കസേരയില്‍ ഇരുന്ന്‍ എന്നെ  തന്നെ നോക്കി..ആ നോട്ടം, ചിരി, മുഖം, ..അര്‍ദ്ധ ബോധത്തിലേക്ക് ഓര്‍മ്മയുടെ പ്രകാശം പരത്തിയത് പോലെ..തിരിച്ചറിവ്..അതിനേക്കാള്‍ വലിയ ഷോക്ക്.  എന്‍റെ പിടയുന്ന മനസ്സ് തിരിച്ചറിഞ്ഞ നിമിഷം ആ വായില്‍ നിന്നും തന്നെ ഞാന്‍ ഊഹിച്ചത് പുറത്ത് വന്നു...

   "ഇത് ഞാന്‍ തന്നെയാണ് നീരജ്..ആ പഴയ പോക്ക് കേസ്...മായ"

                                                               കൂടുതല്‍ കേള്‍ക്കാന്‍ മനസ്സ് വന്നില്ല..കണ്ണുകള്‍ മുറുകെ അടച്ചു..കണ്ണുകള്‍ കാഴ്ചയില്‍ നിന്നും അടച്ച് പിടിക്കാം..ഓര്‍മ്മകളില്‍ നിന്നും മനസ്സിനെ മറച്ച്  പിടിക്കാന്‍ കഴിയുന്നില്ല...ഒരു കുപ്പി വീര്യമേറിയ  മദ്യം കിട്ടിയിരുന്നെങ്കില്‍ ...ഒന്നും മറക്കാന്‍ കഴിയുന്നില്ല...ആ കലാലയവും, എന്നും ചീട്ടി തുണിയുടെ പാവാടയും, നീണ്ട മുടിയില്‍ തുളസി കതിരും, ചന്ദന കുറിയുമായി വന്നിരുന്ന നാടന്‍ പെണ്‍കുട്ടിയേയും..ഒരു കൗതുകം..പിന്നീട് എപ്പോഴോ മനസ്സിലായി അവള്‍ക്കും അതെ കൗതുകം എന്നോടുമുണ്ടെന്നു. കൗമാരം കത്തി വരുമ്പോള്‍ ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും പരസ്പരം തോന്നുന്ന ആ കാന്തിക വലയം..പ്രണയം.

   "ഡാ.. കോപ്പേ..നീയെന്ത് കണ്ടിട്ടാ...അതൊക്കെ വെറും പോക്ക് കേസാ...എന്‍റെ അമ്മായിന്റെ വീടിനടുത്താ അവള്‍ടെ വീട്...തന്ത നേര്‍ത്തെ ഉള്ളി കച്ചോടത്തിനു മോളീ പോയി...ചെമ്മീന്‍ കമ്പനി പോണ അമ്മേം, പിന്ന ചേച്ചീം, ദേ ഇവളും...മൊത്തം പോക്കാ..."

                                                                 അടുത്ത കൂട്ടുക്കാരന്റെ വാക്കുകള്‍. അത് മാനിച്ച് മറ്റ് കുട്ടികളിലേക്ക് കൂട് മാറാന്‍ ശ്രമിച്ചെങ്കിലും, രാത്രിയിലെ ഇരുട്ട് വീണ മുറിയില്‍ ആ ചന്ദനക്കുറിയും, തുളസി കതിരും മറക്കാന്‍ കഴിയാത്ത മോഹങ്ങള്‍ ഉയര്‍ത്തി, വീണ്ടും വീണ്ടും അവളിലേക്ക് വലിച്ചടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന മാസ്മരികമായ ഒരു കാന്തിക ശക്തി..ഒടുവില്‍ ഇടനാഴിയിലെ ഏകാന്തതയില്‍ അവളെ മുന്നില്‍ നിര്‍ത്തി ആ പിടയുന്ന കണ്ണുകളില്‍ നോക്കി പറഞ്ഞു...

     "എനിക്കിഷ്ടാണ്...ഈ ചന്ദന കുറിയും, തുളസി കതിരും...പിന്നെ നിന്നേയും.."

                                                                  അവള്‍ ആ ഒരു വാക്ക് കാത്തിരുന്നത് പോലെയായിരുന്നു.. ഞാന്‍ എന്‍റെ ഇഷ്ടം അറിയിച്ചത് മുതലാണ്  അവള്‍ കൂടുതല്‍ സുന്ദരിയായത് .എനിക്ക് വേണ്ടി കൂടുതല്‍ അണിഞ്ഞൊരുങ്ങി വരാന്‍ ആരംഭിച്ചത്.. ഇഷ്ടത്തിന്‍റെ അംഗീകാരം പോലെ താലപ്പൊലി കാവില്‍ നിന്നും വാങ്ങിയ കരിവളകള്‍ അവള്‍ക്ക് കൊടുത്തു...ആദ്യത്തെ പ്രേമ സമ്മാനം.പകരം അവള്‍ എനിക്ക് നല്‍കിയത് ചീന്തിലയില്‍ ഒരിറ്റ് ചന്ദനം, എന്‍റെ പേരില്‍ നടത്തിയ  വഴിപ്പാടിന്റെ പവിത്രമായ പ്രസാദം. അവള്‍ കാത്തിരുന്നത് പവിത്രമായ സ്നേഹത്തിനായിരുന്നു., കറയില്ലാത്ത പ്രണയത്തിനായിരുന്നു., മറിച്ച് ഞാന്‍; ചില ബാഹ്യ പ്രേരണ കൊണ്ട്  അവളുടെ ഒളിപ്പിച്ച് വെച്ച സ്വകാര്യതയെ സ്നേഹിക്കാന്‍ തുടങ്ങി.ഉള്ളില്‍ ഒളിപ്പിച്ച കാമത്തിന്‍റെ കണ്ണുകള്‍ അറിയാതെ അവളെ പിന്തുടരാന്‍ തുടങ്ങി..

     "പിന്നെ അല്മാര്‍ത്ത പ്രേമം..നീരജെ...നീയവളെ കെട്ടോ..വായില് സ്വര്‍ണ്ണ കരണ്ടിയായ് ജനിച്ചോനാ നീ..ആ ചാളയില്‍ കെടക്കണ പോക്ക് കേസ് പെണ്ണിനെ വിട്ട് വേറെ  വണ്ടി പിടിക്കെടാ ചെക്കാ...പിന്നെ ഒഴിവാക്കണതിന് മുന്ന് പരമാവധി  മൊതലാക്കിക്കോ...കോളേജ് ഡേയാ വരണത്. പറ്റിയ സമയാ..

                                                                      ലാബിന് പുറകിലെ മരത്തിന്‍റെ ഏകാന്തതയില്‍ കൂട്ടുക്കാരുടെ നിര്‍ദേശമനുസരിച്ച് കോളേജ് ഡേ പകലില്‍.. കുടിച്ച മദ്യത്തിന്‍റെ ലഹരിയില്‍ അവളുടെ പ്രതിഷേധങ്ങള്‍ക്ക് മീതെ ആദ്യ കടന്ന്‍ കയറ്റം...കരിവളകള്‍ പൊട്ടി തകര്‍ന്ന്‍, ചന്ദനക്കുറി പരന്ന് ചുണ്ടുകള്‍ ചുണ്ടോട് ചേര്‍ത്തും, ഭ്രാന്ത് പിടിച്ച കൈകള്‍ എവിടെയെല്ലാമോ ആ ശരീരത്തില്‍ പാമ്പിനെ പോലെ സഞ്ചരിച്ചും...അത് വരെ കൊതിപ്പിച്ച, കാണാന്‍ കൊതിച്ച സ്വകാര്യതകളില്‍  ഏകപക്ഷീയമായ ആക്രമണം...ഒടുവില്‍ അവള്‍ കരഞ്ഞുകൊണ്ട്‌ തള്ളി മാറ്റി മുഖത്ത് തന്ന അടിയില്‍ എല്ലാം ശുഭം..പക്ഷെ വാക്കുകള്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല.. അത് വരെ ചെയ്യ്ത തെറ്റിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍..

    "നീയാരാന്നാടീ നിന്‍റെ വിചാരം..വെറും ഒരു പോക്ക് കേസായ നിന്നെ ഞാന്‍ എന്‍റെ കെട്ടിലമ്മയായി കൂടെ കൊണ്ട് പോകൊന്ന്‍ കരുത്യാ..ആര്‍ക്ക് വേണം നിന്‍റെ പ്രണയം...എനിക്ക് വേണ്ടത് തരാന്‍ നെനക്ക് കഴിയൂലെങ്കി പോയി തോലയെടീ.....########## മോളെ.."

                                                                       അവള്‍ കരഞ്ഞില്ല..തുറിച്ച് നോക്കി. പിന്നെ കയ്യിലെ പൊട്ടിയ വളകള്‍ അടര്‍ത്തി മാറ്റി, കീറിയ ജാക്കറ്റിന്റെ കൈകള്‍ നോക്കി, ഇടത് കൈ തണ്ടയിലെ എന്‍റെ ചെറുവിരല്‍ നഖക്ഷത വരകള്‍ നോക്കി  അവിശ്വസനീയമായ ഭാവത്തില്‍ നോക്കിയ നോട്ടം.അത് വരെ ഉറഞ്ഞു നിന്ന ആണത്തം ആവിയായി മാറിയ നോട്ടം..പിന്നെ പറഞ്ഞ വാക്കുകള്‍.ഒരിക്കലും മറക്കാന്‍ കഴിയാത്ത വാക്കുകള്‍..

   "പവിത്രമായ എന്‍റെ പ്രണയം...തിരിച്ചറിയാന്‍ കഴിയാത്ത നിനക്ക് കാലം മനസ്സിലാക്കി തരും സ്തീയുടെ പരിശുദ്ധി എന്താന്ന്..വയര്‍ വിശന്നാലും ഉള്ളത് മുറുക്കി ഉടുക്കാനാ ന്‍റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടോള്ളത്..നീ പോ..എന്‍റെ മനസ്സി പെയ്യണ സങ്കടത്തിന്റെ പെരുമഴ നനയാന്‍ നില്ക്കണ്ടാ..അതിലൊരു തുള്ളി വീണ നെനക്ക് പിന്നെ ഒരിക്കലും സ്വസ്ഥത ഉണ്ടാകില്ല..നീരജ് നീ പോ."

                                                                       അന്ന്‍ അവിടെ നിന്നും പോന്നതിനു ശേഷം പിന്നെ കാണുന്നത് ഇന്നാണ്..അന്വേക്ഷിക്കാന്‍ ഭയം തോന്നി. പിന്നെ എല്ലാം മറന്ന്‍ കൂട് മാറ്റം.പിന്നെ പലരും ജീവിതത്തില്‍ കടന്ന്‍ വന്നു. ഒടുവില്‍ എല്ലാ പൊരുത്തവുമായി, മനപ്പോരുത്തമില്ലാത്ത ഒരു പങ്കാളിയും..പക്ഷെ ഒരിക്കലും ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ മായ്ക്കാന്‍ മനസ്സിന് കഴിഞ്ഞില്ല..നീണ്ട മുടിയിലെ തുളസി കതിരും..ചന്ദന കുറിയും..

                                                                      പതുക്കെ കണ്ണുകള്‍ തുറന്ന്‍ നോക്കിയപ്പോള്‍, മുന്നില്‍ കസേരയില്‍ മായ.കാലം മാറ്റി വരച്ച ചിത്രങ്ങള്‍."മനസ്സില്‍ ആരെല്ലാമോ പറഞ്ഞ് പഠിപ്പിച്ച പോക്ക് കേസില്‍ നിന്നും ഡോക്ടര്‍ എന്ന ബഹുമാന തലത്തിലേക്ക്...ഞാനോ പൊള്ളുന്ന ജീവിതത്തില്‍, അസ്വസ്ഥമായ ദാമ്പത്യം പേറുന്ന, ലഹരിയില്‍ ആനന്ദം കണ്ടെത്തി സ്വയം നാശത്തിലേക്ക് യാത്ര തുടരുന്നവന്‍..അവര്‍ എനിക്ക് മുന്നില്‍ ക്ഷമയോടെ കാത്തി രിക്കുകയിരുന്നു..ഓര്‍മ്മകളില്‍ നിന്നും തിരിച്ച് വരുന്നതും നോക്കിയുള്ള കാത്തിരിപ്പ്..ഒരു പക്ഷെ പഴയക്കാലം സമ്മാനിച്ച മുറിവുകള്‍ക്ക് പകരം ചോദിക്കാന്‍..

      "വേദന തോന്നുന്നല്ലേ..മനസ്സിനും, ശരീരത്തിനും..അന്ന്‍ ലാബിന്‍റെ പുറകില്‍ നിന്നും നീ പോയിട്ടും നിന്നെ ഞാന്‍ ഒരിക്കലും ശപിച്ചിട്ടില്ല..പകരം നീരജിന് നല്ലത് വരുത്താന്‍ ദൈവത്തോട് മനസ്സുരുകി പ്രാര്‍ഥിച്ചിട്ടെയുള്ളൂ...അന്നും, ദാ ഈ നിമിഷവും.."

                                                                      എനിക്ക് അത്ഭുതം തോന്നി..ഇത്രയധികം ദ്രോഹിച്ചിട്ടും തിരിച്ച് സ്നേഹിക്കാന്‍ മാത്രം എന്ത് ഗുണമാണ് ഇവര്‍ക്ക് എന്നില്‍ കാണാന്‍ കഴിഞ്ഞത്???.ഇവളെ തന്നെയാണല്ലോ "പോക്ക് കേസാക്കി ജീവിതത്തില്‍ നിന്നും എന്നേക്കുമായി , വലിയ മുറിവുകള്‍ നല്‍കി വലിച്ചെറിഞ്ഞത്??എന്‍റെ മനസ്സില്‍ കയറിയ സങ്കടം തിരിച്ചറിഞ്ഞ പോലെ മായയുടെ  ആ ഭംഗിയുള്ള വിരലുകള്‍ എന്‍റെ തലമുടിയിലേക്ക് നീണ്ടു..ഒരു സ്നേഹ സ്പര്‍ശം.എല്ലാ തെറ്റും ക്ഷമിച്ചെന്നുള്ള മൗനമായ മുഖഭാവം.

   "നോക്ക്..ജീവിതമെന്ന് വെച്ചാ നാം നമുക്ക് നേരെ നീട്ടി പിടിക്കുന്ന ഒരു കണ്ണാടിയാ..അതിലെ പ്രതിഫലിക്കുന്ന സ്വന്തം പ്രതിച്ഛായ നോക്കി വേണം  ജീവിക്കാന്‍...ഒരിക്കലും ആ കണ്ണാടി മറ്റുള്ളവര്‍ക്ക് നേരെ നീട്ടി പിടിച്ച് അവരെ വീക്ഷിക്കാതിരിക്കുക..അവരുടെ പരിമിതികള്‍ കണ്ടെത്താതിരിക്കുക..സ്വന്തം പ്രതിച്ഛായ നന്നാക്കിയാല്‍ ജീവിതം സുന്ദരമാകും..അറിഞ്ഞിടത്തോളം നീരജ്  ആ കണ്ണാടി നിന്നില്‍ നിന്നും തിരിച്ച് പിടിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത്..അത് കൊണ്ടാണ് ഭാര്യ പോലും നിന്‍റെയീ ജീവിതത്തില്‍ നിന്നും കൊറേ അകന്ന്‍ പോയത്..ആദ്യം സ്വയം മനസിലാക്കുക..ഒപ്പം കൂടെയുള്ളവരെയെല്ലാം  മനസ്സിലാക്കാനും ശ്രമിക്കുക.മുന്‍വിധികള്‍ ഇല്ലാതെ..ഉപാധികളില്ലാതെ.. അങ്ങിനെയാണേല്‍ എല്ലാ വിധ വിജയവും, സന്തോഷവും, സമാധാനവും  ജീവിതതിലുണ്ടാകും..ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത് പോലെ.."

                                                                        എന്‍റെ തോളില്‍ തട്ടി ഡോക്ടര്‍ കസേരയില്‍ നിന്നും എഴുന്നേറ്റപ്പോള്‍ പിന്നില്‍ ഭാര്യയുടെ നിഴല്‍. നിറഞ്ഞ കണ്ണോടെ അടുത്തേക്ക്..കാലത്ത് കണ്ട ശാപവാക്കുകള്‍ അല്ല ആ മുഖത്ത്.പകരം ദുഃഖം..ആദ്യമായി അവള്‍ എനിക്ക് വേണ്ടി കണ്ണീരണിയുന്നത്  നേരില്‍ കണ്ടു..ഞാന്‍ ഈ നിമിഷം മുതല്‍ എന്‍റെ ജീവിതത്തിനു നേരെ കണ്ണാടി മാറ്റി പിടിക്കാന്‍ പോകുന്നു.. കുറേ തിരുത്താനുണ്ട്..പ്രതിച്ഛായ മാറ്റി വരക്കണം..അവള്‍ അടുത്ത് വന്ന് കട്ടിലില്‍ ഇരുന്ന്‍ നിറ കണ്ണോടെ നെറ്റിയില്‍ തലോടി..പിന്നെ നന്ദിയോടെ ഡോക്ടര്‍ മായയെ  നോക്കി..

   "സ്നേഹം പിടിച്ച് വാങ്ങാന്‍ കഴിയുന്ന ഒരു സാധനാ...കിട്ടില്ലെന്ന് തോന്നുമ്പോ തിരികെ പതി മടങ്ങ്‌ കൊടുത്ത് , തിരിച്ച് വാങ്ങണം..നിങ്ങള്‍ക്ക് കഴിയും.ഞാന്‍ നീരജിന്‍റെ ഭാര്യയോട് സംസാരിച്ചിരുന്നു..എല്ലാം ആ കുട്ടി തുറന്ന്‍ പറഞ്ഞുട്ടോ .പിന്നെ നിങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാള്‍.ആദ്യം രണ്ട്‌ പേരും പരസ്പരം മറന്ന്‍ സ്നേഹിക്കടോ.എന്നിട്ട് എക്സ്പെറ്റ് ചെയ്യ്‌..പിന്നേയും നടന്നില്ലെങ്കില്‍ വഴിയോണ്ട്..എന്‍റെ കെട്ടിയോന്‍ ഡോക്ടര്‍ ഇന്ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ് സ്പെഷ്യലൈസ് ചെയ്യ്ത ആളാ...മനസ്സിനാദ്യം ചികിത്സ..പിന്നെ മതി ശരീരത്തിന്. സ്നേഹത്തോടെ ഉഴുതിട്ട്,നട്ട് നനച്ച ഭൂമിയിലെ വിളകള്‍ വളരൂ..അതോണ്ട് പരസ്പരം അങ്ങട് പ്രേമിക്ക്..ജീവിതം ആസ്വാദിക്ക്..കള്ളു കുടിച്ചാല്‍ കിട്ടണ അനന്തം വേണ്ടാന്ന്‍ വെച്ച് രണ്ട് പേരും ശരിക്കങ്ങട് ജോറായി ജീവിച്ചേ..ട്രൈ ചെയ്യടോ..എന്നാ ശരി എല്ലാ വിധ ആശംസകള്‍...കള്ളിന്‍റെ കേട്ട് തലയീന്ന്‍  ഇറങ്ങുമ്പോള്‍ പൊക്കോളൂ..സന്തോഷായിട്ട് ഒരുമിച്ച്..പുത്യേ ഒരു ജീവിതത്തിലേക്ക്....."

                                                                             ഒരു ചിരി പാസ്സാക്കി ഡോക്ടര്‍ തിരികെ പോകുമ്പോള്‍ എന്‍റെ മനസ്സ് എന്നോ പതിഞ്ഞ വാക്കുകള്‍ മാറ്റി എഴുതാന്‍ തുടങ്ങിയിരുന്നു.

   " അവര്‍ പോക്ക് കേസല്ലാ...മാലാഖയാണ്..സ്നേഹത്തിന്‍റെ മാലാഖ."

                                                                            അത് വരെ   മൂടി കെട്ടി നിന്ന ഭാര്യ പതുക്കെ നെറ്റിയുടെ നേരെ ചുണ്ടുകള്‍ കൊണ്ട് വന്നു..എന്നോ നഷ്‌ടമായ സ്നേഹം തിരികെ വരുന്നത് പോലെ എനിക്ക്തോന്നി..ആ കണ്ണുകളില്‍ നിന്നും മുഖത്ത്പരന്ന കണ്ണ് നീര്‍ ഞാന്‍ തുടച്ച് മാറ്റി അവളെ ചേര്‍ത്ത് പിടിച്ചു..എല്ലാ തെറ്റുകളും ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി ഞങ്ങള്‍ ഇരുവരും ഒന്നായി മാറിയത് പോലെ. പറയാന്‍ കഴിയാത്ത ആനന്ദം മനസ്സില്‍ ഉരി തിരിഞ്ഞത് പോലെ.. കളങ്കമില്ലാത്ത സ്നേഹം...ഞാന്‍ മറ്റെവിടെയോ തിരിച്ച് വെച്ചിരുന്ന കണ്ണാടി എനിക്ക് നേരെ തിരിച്ച് വെച്ച് അവളെ നെഞ്ചിലണച്ച് മൗനം കൊണ്ട് എല്ലാം ഏറ്റ് പറയുകയായിരുന്നു..മനസ്സില്‍ മൂടി കെട്ടി നിന്ന സങ്കട പെരുമഴ അത് വരെ ജീവിച്ച സ്നേഹം വരണ്ട ഞങ്ങളുടെ മനോ മരുവില്‍ പെയ്യാന്‍ തുടങ്ങി..സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ കുളിര് നിറച്ച്.....

                                                                   
ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ