2015, നവംബർ 3, ചൊവ്വാഴ്ച

അച്ഛന്‍ മായാത്ത വീട്...

           

            "അമ്മേടെ കാര്യം ആലോചിക്കുമ്പോഴാ വെഷമം..തനിച്ചാക്കിട്ട് പോകാന്‍ മനസ്സ് അനുവദിക്കണില്ല."

              അരുണ്‍ ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി..അവിടെ നിലാവ് വിതറിയ തെക്കേ മൂലയില്‍  ഇളകി കിടക്കുന്ന മണ്ണ്‍, അതിന് നടുവില്‍ ഒരു തുളസി ചെടി.ആ കാഴ്ച്ചയില്‍ അവനെ തിരിച്ചെടുക്കാന്‍ വേണ്ടി അവന്‍റെ മുന്നിലേക്ക് വീണ നീങ്ങിയിരുന്നു..ദുഖം കനക്കുന്ന അവന്‍റെ മുഖം പതുക്കെ പുറം കാഴ്ചകളില്‍ നിന്നും ഇരു കൈകള്‍ കൊണ്ടും ചേര്‍ത്ത് പിടിച്ച്  തന്നിലേക്ക് തിരിച്ചു..

                        "ഏട്ടാ..ഞാന്‍ ഇവിടെ നിന്നോളാം..അമ്മേടെ കൂടെ..ഞാന്‍ ഒരു വട്ടം പറഞ്ഞൂല്ലോ.വിഷമമുണ്ട് എനിക്ക്...ന്‍റെ ശരീരത്തിനേ ഏട്ടനെ പിരിയാന്‍ സാധിക്കൂ ..പക്ഷെ മനസ്സിന് കഴിയൂല..ഒരു ദിവസം പോയിട്ട് ഒരു നിമിഷം  പോലും പിരിഞ്ഞിരിക്കാന്‍..എന്നാലും ഞാന്‍ സഹിച്ചോണ്ട്"

             അവളുടെ നിറയുന്ന കണ്ണുകള്‍..അവളെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് കണ്ണീരില്‍ ചുണ്ട് ചേര്‍ത്ത് നിസ്സഹായാനെ പോലെ വീണ്ടും ഇരുട്ടിലേക്ക് നോക്കി.അവള്‍ കുറേ നേരം ആ മാറിലെ ചൂടില്‍ മുഖം ചേര്‍ത്ത്..വീണയുടെ മനസ്സ് കരയുകയായിരുന്നു..ചിന്തിക്കാന്‍ പോലും കഴിയുന്നില്ല..ഒരു താത്കാലികമായ വേര്‍പിരിയല്‍.പതിനെട്ട് ദിവസം മുന്‍പ് ദോഹയില്‍ നിന്നും ഏട്ടന്‍റെ കൂടെ പോരുമ്പോള്‍ ചിന്തിച്ചതേയില്ല ഇങ്ങിനെ ഒരു അവസ്ഥ മുന്നില്‍ വരുമെന്ന്‍..അവളെ ചേര്‍ത്ത് പിടിച്ച് ഇരുളില്‍ നോക്കിയിരിക്കുന്ന അരുണിന്റെ കണ്ണില്‍ നിന്നും ഒരു ചുടുനീര്‍ അടര്‍ന്ന് വീണയുടെ കവിളില്‍ പതിച്ചപ്പോള്‍ അവള്‍ തീ പൊള്ളിയത്‌ പോലെ മാറില്‍ നിന്നും അടര്‍ന്ന് മാറി..

          "നിറഞ്ഞ കണ്ണുകള്‍..കഴിഞ്ഞ പതിനാറ് ദിവസമായി ആ കണ്ണുകള്‍ നിറയാത്ത സമയമില്ല."താന്‍ കൂടി ആശ്വസിപ്പിച്ചില്ലെങ്കില്‍ പാവം തളരും..വീണ ആ കണ്ണുകള്‍ തുടച്ച് ഒരു കൃത്രിമ സന്തോഷം വരുത്തി അവനെ നോക്കി..

                          "ഏട്ടന്‍ പറഞ്ഞത് പോലെ ഞാന്‍ എം.ബി.എ യ്ക്ക് ചേരാം..ഇവിടെന്ന് പോകാം..അമ്മക്കൊരു കൂട്ടിന് ഒരാളാകൂലോ..ന്‍റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തോളൂ.കൂടുതല്‍ ചിന്തിക്കണ്ടാ."

               അത് പറയുമ്പോള്‍ വീണയുടെ ഉള്ളിലെ വ്യഥ അരുണ്‍ തിരിച്ചറിഞ്ഞു..അവള്‍ അഭിനയിക്കുകയാണ്..തന്നെ വീണ്ടും വീണ്ടും ദുഖിപ്പിക്കാതിരിക്കാന്‍.കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു..അച്ചനും, അമ്മയും കണ്ടെത്തിയ പെണ്‍കുട്ടി.ഒരു വര്‍ഷം കൊണ്ട് ഒരു യുഗം സ്നേഹം സമ്മാനിച്ച പാവം പെണ്ണ്..ആ കണ്ണുകളില്‍ നോക്കിയാല്‍ തിരിച്ചറിയാം..ആ നെഞ്ചില്‍ എന്നെ പിരിയേണ്ടി വരുന്ന വേദനയുടെ ആഴം.ദോഹയില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് നാട്ടിലെത്തി വീട്ടുക്കാര്‍ കല്യാണം പറഞ്ഞുറപ്പിച്ച പെണ്‍കുട്ടിയെ കണ്ട് തിരികെ വന്നപ്പോള്‍ അച്ചന്‍  പറഞ്ഞ വാക്ക് ഇപ്പോഴും മനസ്സിലുണ്ട്...

      ''നല്ലൊരു മോളാണ്...ചിരി കാണാന്‍ നല്ല ഭംഗീണ്ട്..ഒരിക്കലും ആ ചിരി മായ്ക്കാതെ നോക്കണം ..അതാണ് ഒരു ഭര്‍ത്താവിന്‍റെ ഏറ്റോം വല്യേ കടമ."

          അച്ഛന്‍ സ്വതവേ അധികം സംസാരിക്കില്ല..മൗനമാണ് പലപ്പോഴും അച്ഛന്റെ ഭാഷ..പലപ്പോഴും മൗനം കൊണ്ട് അച്ഛന്‍ അമ്മയോട് നടത്തുന്ന ആശയവിനിമയം കണ്ട് അതിശയിച്ചിട്ടുണ്ട്..ഒപ്പം അച്ഛന്‍ അമ്മയെ സ്നേഹിക്കുന്ന അളവ് കണ്ടും..അമ്മയെ ഒരിക്കലും കണ്ണീരണിഞ്ഞ് കണ്ടിട്ടില്ല..അതായിരുന്നു അച്ഛന്‍..സ്നേഹം, ക്ഷമ..അതിന്‍റെ രൂപം...ഭാവം.ശരാശരി വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കിയ കാലത്ത് കുടുംബം ദാരിദ്രത്തിലേക്ക് അകപ്പെടാതിരിക്കാന്‍ അച്ഛന്‍ നടത്തിയ പോരാട്ടങ്ങള്‍..ഒരിക്കലും പഠിക്കുന്ന സമയത്ത് ആവശ്യങ്ങള്‍ അച്ചന്‍ നിരസിച്ചിട്ടില്ല..ഒരു കൊച്ചു പെട്ടികടയിലെ മോരും വെള്ളവും, നാരങ്ങ വെള്ളവും വിറ്റ്‌ കിട്ടുന്ന തുട്ടുകള്‍ മാത്രമായിരുന്നു അച്ഛന്റെ വരുമാനം..അതിനെ ആശ്രയിച്ചായിരുന്നു ജീവിതം മുന്നോട്ട്പോയിരുന്നത്..വരുമാനം കൂട്ടാന്‍ വേണെമെങ്കില്‍ ബീഡിയും, സിഗറെറ്റും വില്‍ക്കമായിരുന്നു..പക്ഷെ അച്ഛന്‍  ഒരു വിദ്യാലയത്തിനു മുന്നില്‍ അതെല്ലാം വില്‍ക്കുന്നതിനോട് എതിരായിരുന്നു..അതിനുന്മുണ്ടായിരുന്നു ചില ന്യായങ്ങള്‍..

      "കുരുന്ന് പിള്ളേര്‍ടെ ജീവിതം പൊകയാക്കി കിട്ടുണ ഒരു ഉരുപ്യേം നമുക്ക് വേണ്ടാ..അത് കൊണ്ടുള്ള ജീവിതോം വേണ്ടാ"

           അരുണ്‍ വീണ്ടും ജനലിലൂടെ പുറത്തേക്ക് നോക്കി.പതിനാറ് ദിവസം മുന്പ് നടന്ന വേര്‍പ്പാടിനോട് പൊരുത്തപ്പെടാന്‍ ഇനിയും സാധിച്ചിട്ടില്ല.അവസാനമായി അച്ഛനെ ഒന്ന്‍ കാണാന്‍,ഒരിറ്റ് വെള്ളം കൊടുക്കാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യം..കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരു വാക്ക് മറക്കാന്‍ സാധിക്കുന്നില്ല..ആ ഒരു അര്‍ദ്ധ ജീവാവസ്ഥയില്‍ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍..അത് തന്നോട് പറയാന്‍ അച്ഛന്‍ കാത്തിരുന്നത് പോലെ..

      "അമ്മയെ പിരിയാന്‍ ..തനിച്ചാക്കാന്‍...അച്ഛന്.."

          മുഴുവിക്കാന്‍ സാധിച്ചില്ല..എങ്കിലും അറിയാന്‍ കഴിഞ്ഞു.അച്ഛന്റെ ആ സ്നേഹം..അമ്മ അച്ഛന്റെ ജീവനായിരുന്നു. അച്ഛന്‍ ശബരിമലയ്ക്ക് പോയി അമ്മയെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ അന്ന് തന്നെ തിരികെ വന്ന കഥകള്‍ ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്...അതായിരുന്നു അവര്‍ക്കിടയിലെ സ്നേഹം, കലര്‍പ്പും, കാപട്യവും ഇല്ലാത്ത ശുദ്ധമായ സ്നേഹം..അച്ഛന്റെയും, അമ്മയുടെയും ആ സ്നേഹത്തെ കുറിച്ച് , പ്രത്യേകിച്ച് ചില ഭാര്യമാര്‍ മറ്റുള്ള ചിലരോട്പ റയുന്നത്  കേട്ടിട്ടുണ്ട്...

       "നമ്മടെ ശിവുചേട്ടന്‍   തേച്ച് വെളുപ്പിച്ച പൊന്ന് പോലെ കെട്ട്യോള്‍ വത്സലയെ കൊണ്ട് നടക്കണത് കണ്ടാ..ഇല്ലെങ്കില്‍ കണ്ട് പഠിക്ക്..അതാ സ്നേഹം.അങ്ങനെയാവണം സ്നേഹം.."

           ശരിയായിരുന്നു..അതാണ് സ്നേഹം..അച്ഛന്‍ അമ്മയെ സ്നേഹിച്ചത് പോലെ  ഞാന്‍ വീണയെ  സ്നേഹിക്കുന്നോ??അരുണ്‍ ചിന്തിച്ചു..അവളില്ലാതെ തനിക്ക് ജീവിക്കാന്‍ സാധിക്കുമോ??ഒറ്റയ്ക്ക്..ഇല്ല..സാധിക്കില്ല.ദോഹയില്‍ പകല്‍ ദിവസം ജോലി കഴിയാന്‍ കാത്തിരിക്കുന്നത്, വെള്ളിയാഴ്ച അവധി വരാന്‍ കാത്തിരിക്കുന്നത്...എല്ലാം അവള്‍ക്ക് വേണ്ടി...ആ ചിരി, ആ "ഏട്ടാ" എന്നുള്ള വിളി..അവളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ കിട്ടുന്ന സുഖം..

        "ഏട്ടാ.." ചിന്തയില്‍ നിന്നും തിരികെ ഉണര്‍ത്തിയത് അവള്‍ തന്നെ...മുന്നില്‍ ചുവന്ന്‍ കലങ്ങിയ കണ്ണുകളോടെ ചുണ്ടില്‍ ഒരു വരണ്ട കൃത്രിമ ചിരിയോടെ..കണ്ടാലറിയാം എവിടെയോ ഇരുളില്‍ മറഞ്ഞിരുന്ന് കരയുകയായിരുന്നുവെന്ന്..ഒരിക്കലും കരയിക്കില്ല എന്ന് മനസ്സില്‍ ഉറപ്പിച്ച തീരുമാനങ്ങള്‍ പലതും വഴി മാറി പോകുന്നോ?

        "നമുക്ക് എന്തേലും കഴിച്ചാലോ? "

      വീണ്ടും നുണ കുഴി വിരിയുന്ന കൃത്രിമ ചിരിയോടെ.

         ആവി പറക്കുന്ന കഞ്ഞിക്ക് മുന്നില്‍ പ്രതിമ പോലെ അവര്‍ മൂന്ന്‍ പേര്‍..അമ്മയുടെ കഞ്ഞിയില്‍ വെള്ളത്തിനേക്കാള്‍ കൂടുതല്‍ കണ്ണ് നീര്‍ തുള്ളിയാകണം..മുന്നില്‍ ചുമരില്‍ തെളിഞ്ഞ ദീപത്തിനു മുന്നില്‍ മാലയും അണിഞ്ഞ് എല്ലാം നോക്കി കണ്ട് അച്ചന്‍..അച്ഛന്‍ ഒരു ശൂന്യത..ഒഴിഞ്ഞ കസേര..അമ്മയുടെ കഴുത്തില്‍ നിന്നും വര്‍ഷം കുറേ മുന്പ് അച്ഛന്‍ ചാര്‍ത്തിയ ആലില കൃഷ്ണന്‍ താലിയും, നൂല് മാലയും അപ്രത്യക്ഷം..വീണയും തല കുനിച്ചിരിക്കുന്നു..അറിയാം..എന്നും കിട്ടുന്ന ഒരു പങ്ക്, ഒരുരുള ചോറ്, അല്ലെങ്കില്‍ ഒരു സ്പൂണ്‍ കഞ്ഞി, ഒരിറക്ക് ചായ..എന്ത് താന്‍ കഴിക്കുന്നതിന് മുന്പ് ഒരു ചെറിയ പങ്ക്..ഒന്നും നോക്കിയില്ല..കഞ്ഞി കോരി എടുത്ത് വീണയുടെ നേരെ നീട്ടി..അവള്‍ സന്തോഷത്തോടെ അമൃത് കിട്ടിയത് പോലെ വാങ്ങി കഴിച്ചു..പിന്നെ നാളെ മുതല്‍ അത് നഷ്ടമാകുമെന്നുള്ള സത്യം തിരിച്ചറിഞ്ഞ് കണ്ണുകള്‍ പൊത്തി ഇരുളിലേക്ക് ഓടി മറഞ്ഞു..അവള്‍ക്ക് തന്നെ പിരിയാന്‍ സാധിക്കില്ല..കഞ്ഞി പാത്രത്തിനു മുന്നില്‍ നിന്നും എഴുന്നേറ്റ് അരുണ്‍ പുറത്തേക്ക് നടന്നു..മനസ്സ് പിടി വിട്ട് പോകുന്നു...ഒരു മരുന്ന്‍ കൊണ്ടും തീരാത്ത വേദന..വരാന്‍ പോകുന്ന വിരഹം..

       വരാന്തയില്‍ നിന്നാല്‍ കാണാം അച്ഛനെ മറവ് ചെയ്ത സ്ഥലം..ഇരുളില്‍ വക്ക് പൊട്ടിയ ഒരു മണ്‍കുടം..കരിഞ്ഞ കുരുത്തോലകള്‍..പതിനാറ്ദിനം മുന്‍പ് അവിടെയാണ് അച്ഛന് ചിതയോരുക്കിയത്. ഗള്‍ഫില്‍ നിന്നും പോരുമ്പോള്‍ ഒട്ടും പ്രതീക്ഷിച്ചിതല്ല തിരികെ പോകുമ്പോള്‍ അമ്മയെ തനിച്ചാകുമെന്ന്..തൂണും ചാരി ഇരുട്ടില്‍ നിഴല്‍ പോലെ നില്‍ക്കുന്ന തുളസി ചെടിയെ  നോക്കി നിന്നപ്പോള്‍ ഒരു തണുത്ത കരം തോളില്‍ അമര്‍ന്നു..തിരികെ നോക്കാതെ തന്നെ അരുണിന്റെ തിരിച്ചറിവ് അമ്മയെ തിരിച്ചറിഞ്ഞു..സ്നേഹത്തിന്റെ എത്ര തലോടലുകള്‍ നല്‍കിയ കൈ..ഏത് ഇരുട്ടിലും തിരിച്ചറിയാം..

      "അരുണ്‍ കുട്ടാ..നെനക്ക് നന്നായി അറിയാം..അച്ഛന് അമ്മേനെ എത്ര ഇഷ്ടായിരുന്നുന്ന്‍..ഒരു ദെവസം പോലും പിരിയാന്‍ പറ്റാത്തിഷ്ടം..അച്ഛന്‍ പോയതോടെ അമ്മ ഒറ്റക്കായീന്നു എന്റെ മോന് കരുതണ്ട..നാളെ തിരിച്ച് പോകുമ്പം ആ കൊച്ചിനെ കൊണ്ടോണം..ഒരുമിച്ച് ജീവിക്കണം ..അതിന്‍റെ കണ്ണീരു കണ്ടാല്‍ അച്ഛന്റെ അതമാവ് പൊറുക്കൂല.."

    അമ്മ സാരി തുമ്പ് കൊണ്ട് കണ്ണുകള്‍ തുടച്ച് വീണ്ടും അരുണിന്റെ അടുത്തേക്ക് നീങ്ങി നിന്നു..അരുണിന് ഒന്നും തിരിച്ച് പറയാന്‍ കഴിഞ്ഞില്ല..ദുഃഖം, വേദന എല്ലാം തളം കെട്ടി ഹൃദയം പൊട്ടാറായ അവസ്ഥ..അവളുടെ കണ്ണീര്‍ കണ്ടതിന്റെ വേദന..അമ്മ യെ തനിച്ചാക്കാനുള്ള വേദന...അവന്‍റെ നിറഞ്ഞ കണ്ണുകള്‍ തുടച്ച് അമ്മ അരുണിനെ ഒരു കൊച്ചു കുഞ്ഞിനെ പോലെ ചേര്‍ത്ത് പിടിച്ചു..പുറത്ത് തട്ടി കൊണ്ട്

     "എന്‍റെ കാവലിന് അവളെ ഇവടാക്കിട്ട് പോയാ..കൂട്ടിലടച്ച കിളിയെ പോലെ ആയി തീരും ആ കുട്ടി..മോന്‍റെ അടുത്താ ആ കുട്ടിയുടെ സ്വര്‍ഗ്ഗം..മോന്‍റെ അരികിലാ ആ കുട്ടീടെ പ്രാണന്‍..നിങ്ങള് ജീവിതം തുടങ്ങിട്ടേയുള്ളൂ..അമ്മയും അച്ഛനും ഒരുമിച്ച് ഇത്ര നാള്‍ വരെ ജീവിച്ചതാ..കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്നങ്ങട്  ഇല്ലാതാകുമ്ബം ആണ് മോനെ ഒരു പെണ്ണിന്‍റെ  മനസ്സില്‍ ഇനിയോള്ള ജീവിതം വെറും ആര്‍ക്കാനും വേണ്ടി  ജീവിച്ച് തീര്‍ക്കല്‍ മാത്രായിട്ടു മാറുക..ആ കുട്ടി  വരണം മോന്‍ പോകുമ്പോ.. ചെന്ന്‍ ആ കൊച്ചിനെ ആശ്വസിപ്പിക്കു..പെണ്ണിന്‍റെ കണ്ണീര് വീഴാത്ത വീടായിത്..ചെല്ല്..

    അരുണ്‍ അകത്തേക്ക് നടക്കുമ്പോള്‍ ഇടയില്‍ ഒന്ന്‍ തിരികെ നോക്കി..കണ്ണ്‍ നിറഞ്ഞ് നോക്കി നില്‍ക്കുന്ന അമ്മയ്ക്ക് അരുണിന്റെ  നോട്ടത്തിന്‍റെ അര്‍ത്ഥം പെട്ടെന്ന്‍ തിരിച്ചറിയാന്‍ സാധിച്ചു..വളര്‍ത്തിയ മകന്‍റെ മുഖത്തെ ഭാവങ്ങള്‍ വായിച്ചെടുക്കാന്‍ ഒരു മാതാവിനുള്ള കഴിവ്..അവര്‍ കണ്ണുകള്‍ തുടച്ച് പുഞ്ചിരിയോടെ അരുണിനെ നോക്കി..പിന്നെ തെളിഞ്ഞ ദീപം സാക്ഷിയായി അവരെ നോക്കി നില്‍ക്കുന്ന ചുമരിലെ ഫോട്ടോ നോക്കി..ഇരുളില്‍ മൂകമായി നില്‍ക്കുന്ന തുളസി ചെടിയെ നോക്കി..വീണ്ടും ദൈന്യതയോടെ, നിസ്സഹാനയനെ പോലെ നില്‍ക്കുന്ന മകനെ നോക്കി...

      "മോന്‍ പേടിക്കണ്ടാ..അമ്മ ഒറ്റക്കല്ല..അമ്മയെ വിട്ട് അച്ഛന്‍ എങ്ങടും പോയിട്ടില്ല..അച്ഛന്‍ ഉണ്ടാകും ഇവടെ തന്നെ..അങ്ങന ഒരു ദെവസം അമ്മയെ വിട്ടു പോകാന്‍ അച്ചനാവൂല..അച്ഛനുണ്ട്‌ അമ്മേടെ കൂടെ...ഈ ഇരുട്ടീ എവ്ടെയോ..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..













                       

       

                   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ