2015, നവംബർ 30, തിങ്കളാഴ്‌ച

മാര്‍ജ്ജാര ദൈവത്തിന്‍റെ അവസാന തീരുമാനം..

     


   "ഞങ്ങള്‍ക്ക് ഇനിയും മനസ്സിലാകാത്തത് കടുവകള്‍ എന്തിന് പന്നികളെ വേട്ടയാടി ആ മാംസം ഭക്ഷിക്കുന്നതെന്നാണ്?"

             "മാത്രമല്ല അവര്‍ സൂര്യനേയും, ഭൂമിയേയും, വെള്ളത്തേയും, എന്തിന് മരങ്ങളെ വരെ ആരാധിക്കുന്നു.."
                     
                             സിംഹ കൂട്ടായ്മയില്‍ പിന്നേയും പലരും ശബ്ദിച്ചു..ചിലര്‍ എതിര്‍ വാദങ്ങള്‍ ഉന്നയിച്ചെങ്കിലും ഭൂരിപക്ഷവും  കടുവകള്‍ക്കും, പുലികള്‍ക്കുമെതിരെ ശബ്ദമുണ്ടാക്കി. പ്രായം തികഞ്ഞ് വയസ്സനായ ഒരു കിഴവന്‍ സിംഹം പതുക്കെ പറയാന്‍ തുടങ്ങി..

          "നോക്ക്...ഈ കാട് നമുക്കും, അവര്‍ക്കും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്..അവരുടെ ഭക്ഷണം, അവരുടെ ജീവിതം ഇതെല്ലാം നമുക്ക് അറിയേണ്ട കാര്യമുണ്ടോ?? നമ്മളില്‍ എത്ര പേര്‍ നന്മകള്‍ മാത്രം ചെയ്യുന്നവരായുണ്ട്? അവരെ കുറ്റം പറയുന്നതിന് മുന്‍പ് നാം തന്നെ നമ്മളെ ഒന്ന്‍ വിലയിരുത്തെണ്ടേ??"

         "ഹേ..വയസ്സന്‍..നിങ്ങള്‍ക്ക് ഇയിടെയായി കടുവക്കൂട്ടത്തോട് ഒരു മമത കാണുന്നു..അത് വേണ്ടാ..ഇവിടെ മാര്‍ജ്ജാരവംശം നിലനിര്‍ത്താന്‍ സിംഹങ്ങള്‍ മാത്രം മതി..സിംഹങ്ങള്‍ മാത്രമുള്ള കാട് ..അതാണ് ഞങ്ങള്‍ സ്വപ്നം കാണുന്നത്..

                            ചര്‍ച്ചകള്‍ പിന്നെയും മുന്നോട്ട് പോയി..അത് പോലെ തന്നെ പാറയുടെ മറവില്‍ മറ്റൊരു ചര്‍ച്ച നടക്കുന്നുണ്ടായിരുന്നു..

           "സിംഹങ്ങള്‍ അസഹിഷ്ണുത ഭാവം മാത്രം നിറഞ്ഞ ജീവികളാണ്..അവരെ കൂടെ ഇരുത്താന്‍ പോലും കൊള്ളില്ല..മാത്രമല്ല എവിടെയും അവര്‍ നമ്മുടെ ശത്രുക്കള്‍.."

           "സിംഹങ്ങള്‍ എന്തിനാണ് സട വളര്‍ത്തുന്നത്?? അവരെന്തിനാണ് മേയാന്‍ വരുന്ന പശുക്കളെ കൊന്ന് തിന്നുന്നത്..??അവരെന്തിനാണ് നമ്മളോട് ശത്രുത വെച്ച് പുലര്‍ത്തുന്നത്???

                              തര്‍ക്കങ്ങള്‍ പിന്നെയും തുടര്‍ന്നു...തര്‍ക്കം പതുക്കെ അക്രമയായി..അക്രമം കൊലയായി..മാര്‍ജ്ജാര വംശം ആധിപത്യം സ്ഥാപിക്കാന്‍ പരസ്പരം കൊന്നൊടുക്കി..ഒടുവില്‍ കാട്ടില്‍ ആണ്‍ വര്‍ഗ്ഗത്തില്‍ ഒരു കടുവയും, സിംഹവും, പുലിയും മാത്രം ബാക്കിയായി..ഇണകളും, കുട്ടികളും ഇല്ലാത്ത കാട്ടില്‍ തനിച്ചായപ്പോള്‍ അവര്‍ പരസ്പരം ഒന്നിച്ച് മാര്‍ജ്ജാര ദൈവത്തിനെ കാണാന്‍ തീരുമാനിച്ചു,

           "നിങ്ങള്‍ക്ക്‌ എന്താണ് വേണ്ടത്‌??"

           "മാര്‍ജ്ജാര ദേവാ...ഞങ്ങള്‍ അന്യം നിന്ന്‍ പോകുന്നു..ഞങ്ങള്‍ക്ക്‌ ഈ കാട്ടില്‍ ഇണകള്‍ ഇല്ല..ഈ കുലം അടുത്ത തലമുറയിലേക്ക് കൊണ്ട് പോകാന്‍ സാധിക്കില്ല...ഞങ്ങളെ ദയവായി രക്ഷിക്കണം..."

                             ദൈവം മൂന്ന്‍ പേരേയും മാറി മാറി നോക്കി. മൂവരും ദൈവത്തെ നോക്കി കാത്തിരിക്കുന്നു..പ്രതീക്ഷയോടെ..

           "ആദിയില്‍ കാട് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക്‌ ഇണകളെ തന്നു..വംശം മറന്ന്‍ നിങ്ങള്‍ പരസ്പരം പോരടിച്ച് കൊന്നോടുക്കിയപ്പോള്‍ ചിന്തിച്ചോ നിങ്ങളുടെ കുലം അന്യം നിന്ന്‍ പോകുമെന്ന്..ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് അന്യം നിന്ന് പോകാതിരിക്കാന്‍ ദൈവത്തെ വിളിച്ചിട്ട് എന്ത് പ്രയോജനം..ദൈവമായ എനിക്ക് ഒരു പ്രാവശ്യം മാത്രമേ ഒരു കുലത്തെ സൃഷ്ടിക്കാന്‍ കഴിയൂ...ഇനിയും സാധ്യമല്ല..പരസ്പരം തിരിച്ചറിയാതെ കൊല്ലുമ്പോള്‍ എന്തേ ചിന്തിച്ചില്ലാ..??എനിക്ക് കഴിയില്ല നിങ്ങളെ ഇനിയും സഹായിക്കാന്‍..."

                           മൂവരും പരസ്പരം നോക്കി..സുന്ദരമായ ജീവിതം കാടിന്റെ ഭംഗി എല്ലാം നഷ്ടമാകാന്‍ തുടങ്ങുന്നു...

          "നിങ്ങള്‍ക്ക്‌ മുന്നില്‍ ഭീമ രൂപമുള്ള ഉരഗ ജീവികള്‍ അന്യമായി പോയതിനും പ്രധാന കാരണം പരസ്പരമുള്ള സ്പര്‍ദ്ധയും, അസഹിഷ്ണുതയും  ആയിരുന്നു.അത് പോലെ മാര്‍ജ്ജാരവംശവും അന്യമായി തീരുന്നു...ഇനി മനുഷ്യ കുലവും ഇല്ലാതായി തീരും..അതിനുള്ള ആയുധങ്ങള്‍ അവര്‍ തന്നെ ഒരുക്കി വെക്കുന്നുണ്ട്...ഒന്ന് മനസിലാക്കുക..ഞങ്ങള്‍ക്ക്‌ വേണ്ടി നിങ്ങള്‍ തമ്മില്‍ പരസ്പരം തമ്മില്‍ തല്ലി ജീവിതം തകര്‍ക്കുമ്പോള്‍ നിങ്ങളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിയില്ല..ഇതിനു മുന്‍പേ നിങ്ങള്‍ ആരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ?? ദൈവത്തിന്‍റെ രൂപം കണ്ടിട്ടുണ്ടോ?? കാണാത്ത ദൈവത്തിന് രൂപവും, നിറവും, ചിഹ്നങ്ങളും, ഗ്രന്ഥങ്ങളും കൊടുത്ത് നിങ്ങള്‍ തന്നെ സൃഷിച്ച മതങ്ങള്‍, അതിന് ദൈവം എതിരല്ല..പക്ഷെ ഇത് വരെ കാണാത്ത രൂപത്തിന്‍റെ പേര് പറഞ്ഞ് കൊന്നോടുക്കിയപ്പോള്‍ ആരും ചിന്തിച്ചില്ല...എല്ലാം ചെന്നവസാനിക്കുന്നത് ഒന്നില്‍ തന്നെയെന്ന്..മരങ്ങളും, പൂക്കളും, പഴങ്ങളും ഒരിക്കലും തമ്മില്‍ തല്ലിയിട്ടില്ല..ഒരു ആരാമത്തില്‍ അവര്‍ മാതൃക പോലെ ഒരുമിച്ച് ജീവിക്കുന്നു...എന്നാല്‍ ജന്തുജാലങ്ങള്‍ പരസ്പരം എല്ലാത്തിനും വേണ്ടി പോരാടുന്നു...അവര്‍ അന്യമാകാന്‍ പോകുന്നു..ഒടുവില്‍ മരങ്ങള്‍ മാത്രം ബാക്കിയാകും..."

                           ആര്‍ക്കും ഒന്നും പറയാന്‍ സാധിച്ചില്ല...അന്യമായി പോകുന്ന മാര്‍ജ്ജാരവംശത്തിന്‍റെ അവസാന പ്രതിനിധികള്‍ ഒന്നും പറയാന്‍ കഴിയാതെ അപ്രത്യക്ഷമായ ദൈവസന്നിധിയില്‍ നിന്നും തിരിച്ച് നടന്നു...പിന്നെ ഒന്നിച്ചിരുന്നു കാടിനു പുറത്തെ മനുഷ്യ ലോകത്തേക്ക്‌ നോക്കി.തിരിച്ചറിവിന്‍റെ നോട്ടം..അവസാന നോട്ടം...ഒപ്പം മനസ്സില്‍ ഒരുമിച്ച് പറഞ്ഞ്..

       "ഇന്ന് ഞങ്ങള്‍ നാളെ നിങ്ങള്‍...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ