2015, നവംബർ 19, വ്യാഴാഴ്‌ച

നൂര്‍ജ്ജഹാന്‍...

                                                               

                                                                     
                                                                     പഴയ മാതൃഭൂമി കലണ്ടറില്‍ പൊതിഞ്ഞ ആ പുസ്തക ചട്ട എനിക്ക് ഏഴ്-ബി യുടെ അടുത്തെ ചവറ്റ് കുട്ടയില്‍ നിന്നാണ് കിട്ടിയത്.ആരും കാണാതെ അതെടുത്ത് ഷര്‍ട്ടിനുള്ളില്‍ തിരുകി ചുറ്റും നോക്കി ക്ലാസ്സിലേക്ക്.കളിക്കാന്‍ വിട്ട സമയം..ക്ലാസ്സില്‍ ഉണ്ടുണ്ണി എന്ന ഉണ്ണിക്കണ്ണന്‍ മാത്രം..പിത്തം പിടിച്ച ചെക്കനാ..ഇപ്പോഴും ഉറക്കം..അവന്‍ ഡെസ്കില്‍ തല ചായ്ച്ച് ഉറങ്ങുന്നു..

                                                                      ഒന്ന് കൂടി ചുറ്റും നോക്കി ഷര്‍ട്ടിനുള്ളില്‍ നിന്നും ആ പഴഞ്ചന്‍ കടലാസ്സ് വെളിയിലെടുത്തു. അതില്‍ ഒരു കോണില്‍ ഒട്ടിപ്പോ നെയിസ്ലിപ്പില്‍ പേന കൊണ്ട് എഴുതിയ മങ്ങിയ അക്ഷരങ്ങള്‍.

             "നൂര്‍ജ്ജഹാന്‍ .കെ.എ"
               7 A,
               ബാലനുബോധിനി സ്കൂള്‍, മേത്തല "

                                                                         മനസ്സില്‍ അത് വരെ അറിയാത്ത ഒരു വികാരം പൊട്ടി വീണു."അവളെ കാണുമ്പോള്‍, ക്ലാസ്സില്‍ ഇരിക്കുമ്പോള്‍, അവള്‍ സംസാരിക്കുമ്പോള്‍, ചിരിക്കുമ്പോള്‍ തോന്നുന്ന അതേ വികാരം.ആരും കാണാതെ വേഗം പുസ്തക സഞ്ചിയില്‍ വെച്ചു..ഇതും കൂടി കൂട്ടി നാലാമത്തെ സാധനാ അവളുടെ കയ്യില്‍ നിന്നും കിട്ടിയത്..അവളറിയാതെ.."ഒരു ചോരകട്ട പെന്‍സില്‍, ഒരു വളപ്പൊട്ട്, പിന്നെ വിയര്‍പ്പ് പുരണ്ട ഒരു കര്‍ചീഫ്‌..ആരും കാണാതെ വീട്ടില്‍ പഴയ വീഞ്ഞപ്പെട്ടിയില്‍ ഒളിപ്പിച്ച് വെച്ച അമൂല്യ വസ്തുക്കള്‍..

                                                                          നൂര്‍ജ്ജഹാനെ കാണുമ്പോള്‍ മനസ്സ് പിടക്കാന്‍ തുടങ്ങിയിട്ട് രണ്ട്‌ മാസമാകുന്നു..കൃത്യമായി പറഞ്ഞാല്‍ മൂക്കിന്‍ തുമ്പിലെ ചെമ്പന്‍ രോമങ്ങളില്‍ കറുത്ത നിറം പടരാന്‍ തുടങ്ങിയ ദിവസം. അവളുടെ കൈതണ്ടയും, കാലുകളും, ചുണ്ടും, മുഖവും ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു ദിവസം മൂരി നൗഷാദ് ചോദിച്ചു..

            "നിനക്കവളെ ലവ്വാ..??" ഞങ്ങളെ ജാതി കൂടണ്ടി വരും..അവളെ കെട്ട്യാ.."

            "പോടാ..വെറുതെ വല്ലോം പറയാണ്ട്.."

                                                                          ഇടക്ക് ക്ലാസ്സിലിരിക്കുമ്പോള്‍ അവന്‍ തന്നെയാണ് ചെവിയില്‍ പറഞ്ഞത്..ഒരു വെള്ളിയാഴ്ച ദിവസം ഉച്ചക്ക് പോത്തിറച്ചി മണക്കുന്ന അവന്‍റെ മുഖം എന്‍റെ ചെവിയില്‍ പറഞ്ഞു..

           "ടാ..മകിടീസുനി..നൂര്‍ജ്ജഹാന്‍ നെന്നെ ഒളി കണ്ണിട്ട് നോക്കണ ഞാന്‍ കണ്ടു.."


                                                                          മനസ്സില്‍ ഒരായിരം മഴവില്ല് വിരിഞ്ഞ് ഞാനവനെ നോക്കി.അവന്‍ ബുക്കില്‍ നിന്നും ഒരു പേജ് കീറിയെടുത്ത്

          "നമുക്ക് നോക്കാം..അവക്ക് നിന്നോട് ലവ്വ്‌ ആണോന്ന്..അതിനൊരു സൂത്രണ്ട്.."

                                                                          അവന്‍ ആ കടലാസ്സില്‍ " FLAME" എന്നെഴുതി എന്‍റെയും, അവളുടെയും പേരുകള്‍ ചേര്‍ത്ത് എണ്ണാന്‍ തുടങ്ങി..ആദ്യം"E" വെട്ടി അവന്‍ ശ്വാസം വിട്ട് പറഞ്ഞു..

         "ശത്രു അല്ല"..ഡാ"L" വന്നാല്‍ എനിക്ക് കിളീടെ ചായപീടിയേന്ന്‍ സവാള വട വാങ്ങി തരോ??

                                                                            യാന്ത്രികമായ കുറേ വെട്ടലുകള്‍, എണ്ണി തിട്ടപ്പെടുത്തല്‍...ഒടുവില്‍ ബാക്കിയായത് " F" എന്ന അക്ഷരവും,"L"എന്ന അക്ഷരവും..അവസാന കൂട്ടി വെട്ടി തിരുത്തലിന് മുന്നില്‍ അവന്‍ എന്നെ നോക്കി.ഒരു ചെറിയ പരിഭ്രമത്തോടെ..

         "F'' വന്നാ പ്രേണ്ട്.."L" വന്നാല്‍ ലവ്വ്‌...

                                                                            അവസാനം അവന്‍ വെട്ടി വിയര്‍ത്ത് കടലാസ്സില്‍ അവസാനത്തെ വെട്ട് വെട്ടി ഒരു നെടുവീര്‍പ്പോടെ വിയര്‍പ്പ് തുടച്ച് സന്തോഷത്തോടെ എന്നെ നോക്കി..ആ കടലാസ്സില്‍ അവശേഷിച്ചത് "F".

       "പ്രെണ്ടാ..ലവ്വല്ലാ.."

                                                                            അവന്‍ പുഞ്ചിരിയോടെ വീണ്ടും കടലാസ്സില്‍ " FLAME" എന്നെഴുതി..ഒരു കള്ളച്ചിരിയോടെ എന്നേയും, എതിര്‍ വശത്തിരിക്കുന്ന നൂര്‍ജ്ജഹാനേയും

       "ഇനി ഞാനും അവളും തമ്മിലോള്ളത് നോക്കട്ടെ..ചെലപ്പ അവള് നോക്കണത് എന്നെയാണങ്കിലോ??"

                                                                               അവനോട് ദേഷ്യം തോന്നി  വേഗം അകന്നിരുന്നു..തിരിഞ്ഞ് വീണ്ടും നോക്കിയപ്പോള്‍ എന്നെ നോക്കുന്ന തിളങ്ങുന്ന ഭാഗിയാര്‍ന്ന രണ്ട്‌ കണ്ണുകള്‍..ഒരു ചെറിയ ചിരി വിടര്‍ന്ന പോലെ..

       "ആതി രാവിലെ പൂ പറിക്കാന്‍ പോരുന്നോ??
        ആരെ നിങ്ങള്‍ക്ക് ആവശ്യം..."

                                                                                നൂര്‍ജ്ജഹാനും, കൂട്ടുക്കാരികളും കളിക്കുന്നത് അകലെ നിന്ന് നോക്കി. തോളില്‍ കൈകള്‍ ചേര്‍ത്ത് പിടിച്ച്, ഇടയ്ക്കിടെ എന്നെ പാളി നോക്കി..സ്കൂള്‍ ചുമരില്‍ ചാരി നിന്ന് പരിസരം മറന്ന്‍ നില്ക്കുമ്പോള്‍ കാലില്‍ ഒരു ചൂട് പടര്‍ന്നു..പൊള്ളുന്ന ചൂട്.അലറി മാറിയതും എല്ലാവരും എന്നെ നോക്കി..പിന്നില്‍ ആറാം ക്ലാസില്‍ തോറ്റ് മൂന്നാം കൊല്ലം പഠിക്കുന്ന അയ്യപ്പന്‍..കയ്യില്‍ ചൂടന്‍ കായ..അവന്‍ വീണ്ടും നിലത്തിട്ട് ഉരസി ചൂട് പിടിപ്പിക്കാനുള്ള ശ്രമം..എന്‍റെ ഒച്ച കേട്ടിട്ട് എല്ലാവരും കളി നിര്‍ത്തി..പിന്നെ സംഗതി മനസ്സിലായപ്പോള്‍ എല്ലാവരും പൊട്ടി ചിരിച്ചു..കൂട്ടത്തില്‍ വായ പൊത്തി നൂര്‍ജ്ജഹാനും..

                                                                                  എഴാം ക്ലാസ്സിലെ കൊല്ലപരീക്ഷ അടുത്ത് വരുന്തോറും നോട്ടം കൂടി വന്നു. നോട്ടം ഇടയുമ്പോള്‍ കണ്ണുകള്‍ക്കിടയില്‍ പിടയുന്ന പറയാന്‍ കഴിയാത്ത എന്തോ ഒന്ന്‍..ഒരിക്കല്‍ അസംബ്ലി കഴിഞ്ഞ് വരുമ്പോള്‍ അറിയാതെ അവളുടെ കൈകളില്‍ തൊട്ടപ്പോള്‍ ഷോക്കടിച്ച പോലെ..എന്നാല്‍ എല്ലാം ഒരു ദീര്‍ഘ മൗനത്തില്‍ പൊതിയാന്‍ കാലം കാത്ത് വെച്ച കൊല്ല പരീക്ഷയുടെ അവസാന ദിവസം..

       "നൂര്‍ജ്ജഹാന്‍ എനിക്ക് ഒരു കാര്യം..."

                                                                                     കൂട്ടുക്കാരികളുടെ ഇടയില്‍ നിന്നും അവള്‍ മെല്ലെ എനിക്ക് നേരെ തിരിഞ്ഞു..കാത്തിരിക്കുന്ന ഒരു ചോദ്യം പോലെ..ചോദ്യം ചോദിക്കുന്നതിന് മുന്‍പ് ഒരു ഭയം നെഞ്ചില്‍ പടര്‍ന്നു..ഒപ്പം ആകാശത്തില്‍ വൃത്തമിടുന്ന ഒരു ചൂരലും, അച്ഛന്റെ ആക്രോശവും.

        "മൊട്ടേന്നു വിരിഞ്ഞില്ല..അതിന് മുന്നേ.."

        "എന്താ സുനിലേ....എന്ത് കാര്യാ..?"

                                                                                       ഒന്നും പറഞ്ഞില്ല..പകരം ചുമല്‍ മുകളിലേക്ക് ഉയര്‍ത്തി ഒന്നുമില്ലെന്നുള്ള ആംഗ്യം കാണിച്ച് നടന്നു പോയി..മനസ്സില്‍ ഒരു നൈരാശ്യം..പറയാന്‍ കഴിയാതെ പോയ പ്രണയത്തിന്‍റെ വിങ്ങല്‍..സ്കൂള്‍ കവാടത്തിനരികെ ചെന്ന്‍ നിറ കണ്ണുകളോടെ തിരികെ നോക്കുമ്പോള്‍ ആ കണ്ണുകള്‍ കണ്ടു...എന്തോ പ്രതീക്ഷിച്ച് കാത്തിരുന്ന രണ്ട്‌ കണ്ണുകള്‍ പോലെ..പറയാന്‍ കഴിയാതെ പോയ പ്രണയം ഒരു പക്ഷെ അവളിലും ഉണ്ടായിരുന്നിരിക്കണം...നിശബ്ദമായ പ്രണയം നെഞ്ചിലേറി രണ്ട്‌ വഴികള്‍ തേടി ഓര്‍മ്മകള്‍ മാത്രമായി, ഒരിക്കലും പരസ്പരം കാണാത്ത ഒരു വേര്‍പിരിയല്‍..

         

                                                                                   

   



     

                                                                       




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ