2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

കിളിവാതില്‍ പഴുതിലൂടെ....

                 
               
  ഇരുട്ട് നിറഞ്ഞ കുടുസ്സ് മുറിയിലെ കിളിവാതില്‍ അവള്‍ പതുക്കെ തുറന്നു...വാതില്‍ പഴുതിലൂടെ കടന്നു വരുന്ന പ്രഭാത കിരണങ്ങള്‍, ആ മുറിയിലെ ഇരുളിന്‍റെ നൊമ്പരങ്ങള്‍ പതുക്കെ വെളിച്ചം നിറച്ച്, വര്‍ണ്ണങ്ങള്‍ വാരി വിതറി, തുടച്ച് മാറ്റാന്‍ തുടങ്ങി..കിളിവാതില്‍ വാതില്‍ പഴുതിലൂടെ അവള്‍ ആ ദൈനംദിന കാഴ്ചകള്‍ കാണാന്‍ തുടങ്ങി..എന്നെത്തെയും പോലെ..

       "ഓടി വാ മോളൂ...അമ്മേടെ ചക്കരെ...ഇത് കൂടെ..."

                               പ്രഭാതത്തിന്റെ എല്ലാ ഐശ്വര്യവും നിറഞ്ഞ ഒരമ്മ, ആ അമ്മയുടെ ഓമനയായി മകള്‍, എന്നും രാവിലെ അവള്‍ ഒളിഞ്ഞു നോക്കി കാണുന്ന ആ പതിവ് കാഴ്ചകള്‍,

        "എനിക്കും അത് പോലെ ഒരമ്മ ഉണ്ടായിരുന്നെങ്കില്‍? അത് പോലെ രാവിലെ ഭക്ഷണം തരാനും, കുളിപ്പിക്കാനും, പാട്ട് പാടി തരാനും...സ്കൂളില്‍ പോകുമ്പോള്‍ നെറ്റിയില്‍ തണുത്ത ഒരുമ്മ തരാനും...??"

                                  ഇരുട്ട് നിറഞ്ഞ കുടുസ്സ് മുറിയില്‍ പ്രഭാത കിരണങ്ങള്‍ നിറച്ച സന്തോഷത്തിന്റെ വെളിച്ചം ഒന്ന്‍ മങ്ങി..അവള്‍ തേജസ്വിനി എന്ന തേജയുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളികള്‍ കൊണ്ട്..എന്നും അങ്ങിനെ തന്നെ..അമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയും..രാവിലെ കിളിവാതില്‍ പഴുതിലൂടെ അടുത്ത വീട്ടിലെ കാഴ്ചകള്‍ കാണുമ്പോള്‍, വൈകീട്ട് ഇരുട്ട് നിറഞ്ഞ മുറിയില്‍ ഒറ്റ കട്ടിലില്‍ ചുരുണ്ട് കൂടുമ്പോള്‍, ഒറ്റ പെടുമ്പോള്‍, സ്കൂളില്‍ മറ്റ് കുട്ടികള്‍ അവരുടെ അമ്മയുടെ കൂടെ വരുമ്പോള്‍...ഒരു കൊച്ച് നൊമ്പരം...ഒരിക്കലും കണ്ടിട്ടില്ലാത്ത ആ രൂപത്തെ ഒന്ന് കാണാന്‍ ഒരു മോഹം...അച്ചന്‍ എന്ന സ്ഥാനം ഒരിക്കലും അവളുടെ മനസ്സിനെ ബാധിച്ചില്ല..അവള്‍ക്ക് അറിയാം സൃഷ്ടിയുടെ രഹസ്യം...തന്റെ അനാഥ ജന്മത്തിന് പിന്നിലും ഒരച്ചന്‍, ഒരമ്മ ഉണ്ടെന്ന സത്യം..അതൊരു സനാഥ സത്യം ആയി മനസ്സില്‍ ഉറപ്പിക്കുമ്പോള്‍ ഒരു നിമിഷം അനാഥം സനാതമായി മാറുന്നു...ആരോ എവിടെയോ ഉണ്ടെന്ന ഒരു ഉറപ്പ്...ഒരമ്മ, പിന്നെ ഏതോ ഒരച്ചന്‍..??

         'തേജ...പുകയില കഷായം ശരിക്കും തെളിച്ചോ..വെണ്ട പൂവിടാന്‍ തൊടങ്ങി..കണ്ടോ?"

                                      മഠത്തില്‍ അമ്മ തോട്ടത്തില്‍ രാസവളം കയറ്റില്ല...ജൈവ പച്ചക്കറി കൃഷിയില്‍ അമ്മയുടെ കാലത്തെ കൂട്ടാളി തേജസ്വിനിയാണ്..പിന്നെ മറ്റ് ചില അമ്മമാരും, അവളെ പോലെ അനാഥരായ ചില കുട്ടികളും..രാവിലെ അഞ്ച് മണിയ്ക്ക് ആരംഭിക്കുന്ന ദിവസം, യോഗ, പച്ചക്കറി കൃഷി, പിന്നെ കുറച്ച് നേരം പഠനം, പിന്നെ കിളിവാതില്‍ വീക്ഷണം, ഒടുവില്‍ കുളിച്ച് ശുദ്ധമായ്‌ പുസ്തകങ്ങള്‍ താങ്ങി യു.പി. സ്ക്കൂളിലേക്ക്..അവിടെയും തേജ ജ്വലിക്കുന്ന താരം...ആ സ്കൂളില്‍ നിന്നും, ആ ഉപജില്ലയില്‍ നിന്നും സ്കോളര്‍ഷിപ്പ്‌ നേടി പഠിക്കുന്ന ഏക വിദ്യാര്‍ഥി..എല്ലാ പുസ്തകങ്ങളുടെ അവസാന പേജില്‍ ആത്മ വിശ്വാസം നിറഞ്ഞ ഒരു വാചകം എഴുതി പിടിപ്പിച്ചിരിക്കുന്നു..ആ തിളങ്ങുന്ന വാക്കുകള്‍ അവളുടെ ഭാവിയെ പറ്റി എഴുതി വെച്ച, സ്വരു കൂട്ടി വെച്ച സ്വപ്നങ്ങള്‍..."തേജസ്വിനി.ഐ.എ.എസ്സ്..."

         "ഇവളെ ആരോ പ്രസവിച്ച് അമ്മതൊട്ടിലില്‍ കൊണ്ടിട്ടിട്ട് ഉപേക്ഷിച്ച് പോയതാ..അതോണ്ടാ ഇവള് സരസ്വതി മഠത്തീന്ന് വരണത്..."

                                           ഏതോ കുസൃതി ചെറുക്കന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് തേജ മെല്ലെ ചിരിച്ചു...ആറില്‍ പഠിക്കുന്ന തേജസ്വിനി സ്വയം സൃഷ്ടിച്ച പക്വത...അത് തകര്‍ക്കാന്‍ ഒരു പരിഹാസ ശരങ്ങള്‍ക്കും കഴിയില്ല..ആ കണ്ണ് നിറയുന്നത് അവള്‍ തനിച്ച് ആകുമ്പോള്‍ മാത്രം...അതും അമ്മ എന്ന രണ്ടക്ഷരം കടന്ന് വരുന്ന ഏകാന്തതയുടെ ഇരുട്ട് മുറിയില്‍ മാത്രം..അവള്‍ മനസ്സില്‍ വരച്ചിട്ട ഒരു രൂപം...നീണ്ട മുടിയും, വട്ട മുഖവും,പിന്നെ ഒരു ചുവന്ന പൊട്ടും...അതൊരു സങ്കല്‍പം...സ്വകാര്യമായ നിമിഷത്തില്‍ മാത്രം കാണുന്ന സ്വപ്നം..

                                              അന്നും പതിവ് പോലെ സ്കൂളില്‍ നിന്നും തിരിച്ച് വരുമ്പോള്‍ മഠത്തില്‍ അമ്മയുടെ മുറിയുടെ പുറത്ത് ചെരുപ്പുകള്‍...മുറിയില്‍ നിന്നും ഏങ്ങലടിച്ച് കരയുന്ന ഒരു സ്ത്രീ ശബ്ദം..അത് കേട്ടപ്പോള്‍ ഒന്ന്‍ ചെവിയോര്‍ത്തു...

       "എല്ലാം തെറ്റ്...എന്‍റെ മാത്രം തെറ്റ്...മണിപ്പാലില്‍ പഠിക്കുമ്പോള്‍ സംഭവിച്ച ഒരു വലിയ തെറ്റ്..അത് മറച്ച് പിടിക്കാന്‍ പ്രസവിച്ച ഉടനെ അമ്മതൊട്ടിലില്‍, എല്ലാം എന്‍റെ ചില ചീത്ത ബന്ധങ്ങള്‍, അതിനു ഞാന്‍ മനസ്സ് കൊണ്ട് കൂടെ നിന്ന്.."

        "അന്ന്‍ നിങ്ങള്‍ ഇവിടെ കൊണ്ട് വന്ന കുട്ടി അവള്‍ തന്നെയാണെന്ന് എങ്ങിനെ ഉറപ്പിക്കും??"

                                                        മഠത്തില്‍ അമ്മയുടെ ചോദ്യത്തിന് മുന്നില്‍ ഇടറുന്ന നെഞ്ചോടെ തേജ ആ ഉത്തരത്തിനായി കാത്തിരുന്നു.

       "അത് ഒന്ന്‍ രണ്ട്‌ വട്ടം ആ കുട്ടി പഠിപ്പിക്കുന്ന സ്കൂളില്‍ പോയി മാറി നിന്ന് കണ്ടിരുന്നു..ശരിക്കും എന്‍റെ ചെറുപ്പക്കാലം.."  അതിനപ്പുറം എന്താ മറ്റൊരു തെളിവ് വേണ്ടേ..?"

                                                        ആ ഉത്തരം ആ കൊച്ചു കുട്ടിയില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല..വീണ്ടും ആ സ്ത്രീയുടെ വാക്കുകള്‍..കാര്യവും, കാരണവും നിരത്തി...ഇപ്പോള്‍ ആ സ്ത്രീക്ക് പകരം സംസാരിക്കാന്‍ തുടങ്ങിയത് കൂടെയുള്ള ആളാണ്..

       "വിവാഹത്തിന് ശേഷം കഴിഞ്ഞ എട്ടു വര്‍ഷം പല ചികിത്സയും നടത്തി...കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റില്‍, അടൂരില്‍...ഒന്നും ഫലം കണ്ടില്ല...പ്രത്യക്ഷത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു കുഴപ്പവും കാണുന്നില്ല...ഒരു പാട് നേര്‍ച്ചകള്‍, അമ്പലങ്ങള്‍, ഒന്നും ലക്ഷ്യം കണ്ടില്ല...അഡോപ്റ്റ് ചെയ്യാന്‍ തീരുമാനം ആയപ്പോള്‍ ഇവള്‍ തന്നെയാ ആ പഴയ കഥ പറഞ്ഞത്.വഞ്ചന ആണെന്ന്‍ മനസ്സിലായെങ്കിലും ഇവളെ വലിച്ചെറിയാന്‍ മനസ്സ് അനുവദിച്ചില്ല...ക്ഷമിച്ചു...ഇനി വേണ്ടത് അവളെയാണ്..ഇവളുടെ തെറ്റിന്റെ ഫലമായ ആ കുരുന്നിനെ..തേജയെ..."

    "ദൈവങ്ങള്‍ പോലും കൈ വിട്ടപ്പോള്‍ അല്ലേ??..എന്തായാലും ഇവിടുത്തെ നിയമം അനുസരിച്ച് ആ കുട്ടി നിങ്ങളുടെ കുട്ടി തന്നെയാണെന്ന് തെളിയിച്ച് കൂടെ കൊണ്ട് പോകാന്‍ സാധിക്കില്ല...ഒരു തവണ വേണ്ടാന്ന്‍ പറഞ്ഞു വലിച്ചെറിഞ്ഞത് തിരികെ ചോദിച്ചാല്‍ നിര്‍വാഹമില്ല..പകരം ദത്ത്...അത് സാധിക്കും..പക്ഷെ അതിന് ആ കുട്ടിയുടെ കൂടി സമ്മതം വേണം...

                                                         
                                                             മടത്തില്‍ അമ്മ പറഞ്ഞു കഴിഞ്ഞത് കേട്ടു കഴിഞ്ഞപ്പോള്‍ തേജ  വേഗം നടന്നു...തന്‍റെ ഇരുട്ടിലേക്ക്...ഇരുട്ട് നിറഞ്ഞ മുറിയിലേക്ക്‌.മനസ്സില്‍ നഷ്‌ടമായ പതിനൊന്നു വര്‍ഷത്തിന്‍റെ ഭാരവുമായി ..ഒരു തുള്ളി കണ്ണ് നീര്‍ വീഴാന്‍ മനസ്സിന് ഇടം കൊടുത്തില്ല..കുളി കഴിഞ്ഞ് കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ തൊഴുത് നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും കാത്തിരുന്ന വിളി വന്നു...മഠത്തില്‍ അമ്മയുടെ മുറിയില്‍ ചെല്ലാന്‍..


         "തേജാ...കുട്ടീടെ അമ്മ മഠത്തില്‍ അമ്മയുടെ ഓഫീസില്‍ ഇരിക്കണേ..

         "തേജാ നീ ഞങ്ങളെ വിട്ട് പോകോ...അമ്മയുടെ കൂടെ.

                                                        മഠത്തില്‍ അമ്മയുടെ മുറിയില്‍ ഇരിക്കുന്ന രൂപങ്ങളെ നോക്കി ..അവരുടെ കണ്ണ് നീര്‍...ആര്‍ത്തിയോടെ  നോക്കുന്ന നോട്ടം...വലിച്ചെറിഞ്ഞപ്പോള്‍ ചിന്തിച്ചിരിക്കില്ല...വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതിനൊരു മാണിക്യകല്ലിന്‍റെ അമൂല്യമായ തിളക്കം വരുമെന്ന്...
നീണ്ട മുടിയും, വട്ട മുഖവും,പിന്നെ ഒരു ചുവന്ന പൊട്ടും..ഒപ്പം വൈകി വന്ന മാതൃത്വത്തിന്റെ വിങ്ങലുകള്‍..അതിനൊന്നും  കാതുകള്‍ നല്‍കിയില്ല..ഇരുട്ട് നിറഞ്ഞ മുറിയിലേക്ക്മാതൃത്വ കാഴ്ചകള്‍ നല്‍ക്കുന്ന കിളിവാതില്‍ കണ്ട് എന്നോ മോഹിച്ചതാണ്...അത്  എന്നേക്കുമായ് അടക്കണം..അതാണ് മനസ്സിനെ മോഹിപ്പിക്കുന്നത്..ഇന്നത്തോടെ അതിനും അവസാനം..

                                                             എല്ലാ ചോദ്യത്തിനും ഒരുത്തരമുണ്ട്...മനസ്സിലെ മുഴുവന്‍ ഭാരവും ഇറക്കി വെക്കുന്ന വലിയ ഉത്തരം...ഒരിക്കല്‍ വേണ്ടാന്ന്‍ വെച്ചവരിലെക്ക് തിരികെ പോകാന്‍ കഴിയില്ല. മുലപ്പാല്‍ കുടിക്കുന്ന പ്രായം മുതല്‍ തിരിച്ചറിഞ്ഞ, അനുഭവിച്ച  ബന്ധങ്ങള്‍ അതൊന്നും വേഗത്തില്‍ മറക്കാന്‍ സാധിക്കില്ല...അവര്‍ക്കാര്‍ക്കുമില്ലാത്ത സുഖം..

         "മഠത്തിലമ്മേ..എനിക്ക് ഇവിടം വിട്ടു പോകണ്ടാ.ഇത്രയും നാള്‍ ഇവിട്യല്ലേ ജീവിച്ചത്..ഇതിനേക്കാള്‍ സ്നേഹവും, ദൈവികവുമായ മറ്റൊരു സ്ഥലം എവിടേയും ഉണ്ടെന്ന് തോന്നണില്ല...."

                                                          മഠത്തില്‍ അമ്മ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കി മുറിയുടെ പുറത്തേക്ക് പോകുമ്പോള്‍ വിഷമം തോന്നിയില്ല..ആരെയും നോക്കിയില്ല..കരയുന്ന ശിലകളെ കണ്ടില്ലെന്ന് നടിച്ചു..എന്നോ നഷ്‌ടമായത് തിരികെ കിട്ടാന്‍ മോഹമില്ല..പകരം നഷ്ടങ്ങള്‍ അറിഞ്ഞ ബാല്യത്തില്‍ സ്വാന്തനത്തിന്റെ ചൂടും, താരാട്ടും തന്ന അവരെ തിരികെ സ്നേഹിക്കണം..അതിനു വേണ്ടിയാണ് മനസ്സിലും, പുസ്തകത്തിലും എഴുതി വെച്ചിരിക്കുന്നത്..."തേജസ്വിനി ഐ.എ.എസ്സ്"

                                                          ഇരുട്ട് നിറഞ്ഞ മുറിയില്‍ നിന്നും പുറത്തേക്ക് നീളുന്ന കിളിവാതില്‍ പഴുതാണ് ചില മോഹങ്ങള്‍ മുളപ്പിക്കുന്നത്...അത് വലിച്ചടച്ച് ഇരുളില്‍ ഒരു ദീപം കത്തിച്ച് വെച്ചപ്പോള്‍ നിഴല്‍ വലുതാകുന്നത് പോലെ തോന്നി...വേഗം വളരണം..നിഴലിന്‍റെ മീതെ വളരണം...ഇനിയും വരാനിരിക്കുന്ന അനാഥ ബാല്യങ്ങള്‍ക്ക്തുണയായി..എന്നുമുണ്ടാകണം...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...


                                 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ