2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

ഫേക്ക് ബുക്ക്...പിന്നെ അടി വരുന്ന ഓരോരോ വഴി...

                                                           

                                                                   "എന്തെഴുതണം...??
                                                                    എങ്ങിനെ എഴുതണം..??"

                     ഒരു ദസ്തെയവ്സ്കി ശൈലിയില്‍ ആയാലോ??
                    അല്ലെങ്കില്‍ ഒര്‍ഹാന്‍ പാമുക്കിനെ പോലെ ?? ഇസ്താംബുള്‍ പോലെ കൊടുങ്ങല്ലൂര്‍ പശ്ചാത്തലമാക്കി..?? ബഷീറിയന്‍ രചന ശൈലി കടം കൊണ്ടാലോ?? ആരെ മാതൃകയാക്കണം...?? കെ. വി. വിനോദ് എന്ന പേരില്‍ തന്നെ...വേണ്ട..അത് വേണ്ട്രാ..."കെ.വി,വി. കെ.വി കൊടുങ്ങല്ലൂര്‍, കവി കൊടുങ്ങല്ലൂര്‍, വിനോദം...ഒന്നിലും എത്തുന്നില്ല..

                     എം,എ മലയാളം പാസ്സായിട്ടു വര്ഷം രണ്ടായി..സര്‍ട്ടിഫിക്കറ്റ് ഒരു ഫയലില്‍ നിതാന്ത വിശ്രമം..സാഹിത്യം, കഥ, കവിത...ഇതെല്ലാം കുഴഞ്ഞു മറിഞ്ഞ പരീക്ഷകള്‍, ഒരു തുണ്ട് കടലാസ്സിന്റെ പിന്‍ബലമില്ലാതെ എഴുതി പൊരുതി നേടിയ വിജയം..എന്നിട്ടും നല്ലൊരു ജോലി??.പി.എസ്. സി ദൈവങ്ങള്‍ ലിസ്റ്റ് വൈകിച്ചും, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും മാനസികമായി പീഡിപ്പിക്കുന്നു. ടൂട്ടോറിയല്‍ കോളേജിലെ ക്ലാസ് മുറികളില്‍ പഠിച്ച മലയാളം മറന്ന്‍ റസ്സലിന്റെ, ബെര്‍ണാഡ്‌ ഷായുടെ പുസ്തകത്തിലൂടെ..പഠിപ്പിക്കുന്ന അധ്യാപകനെ പുല്ല് വിലയില്ലാത്ത ശിഷ്യകള്‍, ശിഷ്യന്മാര്‍..

                   "പകച്ച് പോകുന്ന ഓരോ ദിനങ്ങള്‍..."

                   എന്തായാലും സംഘര്‍ഷ ഭരിതമായ, ദുര്‍ഘടമായ ജീവിതത്തില്‍ ഒരു തരി സന്തോഷം വേണം...സിന്ധു വൈന്‍ ആന്‍റ് ബിയര്‍ പാര്‍ലര്‍ ഒന്നിനും പരിഹാരമാകുന്നില്ല..മാത്രമല്ല ചില ശിഷ്യന്മാര്‍ അവിടെ സ്ഥിര താമസം...പിന്നെ കോളേജില്‍ വെച്ച് അവന്മാരുടെ കമന്റുകള്‍..പഴയ ഒരു ചൊല്ല് ഇപ്പോള്‍ കീഴ്മേല്‍ മറിഞ്ഞ് തുടങ്ങി...

                "ആശാന് അടുപ്പിലും....!!!അതിപ്പോള്‍ ശിഷ്യന്മാര്‍ക്ക്......!!!

                മാറ്റങ്ങള്‍, സര്‍വ്വ മാറ്റങ്ങള്‍....ഒരു പ്രേമം ഉണ്ടായിരുനെങ്കില്‍??അതിനു അന്യം നിന്ന് പോയ  ഈ സാഹിത്യ ക്കാരന്‍ കോലം എതിര്‍ ലിംഗങ്ങളെ ആകര്‍ഷിക്കാന്‍ മാത്രം ഉതകുന്നില്ല...ഇനി വൈകുന്നില്ല..എഴുതാന്‍ പോകുന്നു...എവിടെ എഴുതും..ഫേസ്ബുക്ക് എഴുത്തുകള്‍ക്ക് പ്രസക്തിയുണ്ട്...തുടങ്ങാം.."ഹരിശ്രീ"..അവിടെ നിന്ന് തന്നെ ആകട്ടെ....

              ആ കഥ എഴുതി കഴിഞ്ഞപ്പോള്‍ വിനോദ് അകെ വിയര്‍ത്ത് പോയി..ഗഹനമായ ഒരു കഥ...അതില്‍ ജീവിതമുണ്ട്, ദുഖമുണ്ട്, വിധിയുണ്ട്..ഒരു പെനയില്ലാതെ കീബോര്‍ഡുകള്‍ ഉപയോഗിച്ച് പ്രവഹിച്ച സാഹിത്യം ഒന്ന് കൂടി വായിച്ച് നോക്കി, പിന്നെ ഫേസ്ബുക്ക് എന്ന സമകാലീന പ്രസ്ഥാനത്തിലേക്ക് ആ കഥ പ്രസിദ്ധീകരിച്ചു...ആ കഥ ആരും ശ്രദ്ധിച്ചില്ല..കഥ മനസ്സിലാക്കിയ ഒന്ന്‍ രണ്ട്‌ പേര് കമെന്റ് ചെയ്തു...ചിലര്‍ ലൈക്ക് ചെയ്തു...ചിലര്‍ ഷെയര്‍ ചെയ്തു...അതിനപ്പുറം ആ കഥ ശ്രദ്ധിക്കപെടാതെ വിസ്മൃതിയില്‍.....വിനോദ് പിന്നെയും കഥകള്‍ എഴുതി..

           "ടോ ഇക്കാലത്ത് പെണ്ണെഴുത്ത് ...അതിനാ ഡിമാന്റ്..സംശയം ഉണ്ടെങ്കില്‍ തന്റെ ഗ്രൂപ്പില്‍ കയറി ഒന്ന് ശരിക്കും നോക്ക്..."

             കൂട്ടുക്കാരന്‍ ശരത് പറഞ്ഞ  വാക്കുകള്‍ ശരി തന്നെ...ദാ മുന്നില്‍ നില്‍ക്കുന്നു...അമ്മുകുട്ടി, കുഞ്ഞിമോള്‍, പാറു, അംബികാദേവി. അവരുടെ ഓരോ പോസ്റ്റും ഓരോ ആഘോഷം തന്നെ...

           "എന്‍റെ കണ്ണില്‍ ഒരു തരി മണ്ണ് പോയി.."  അംബികാദേവിയുടെ പോസ്റ്റ്‌..

                                    4043Like      457Comment               1208

           "ഞെട്ടി പോയി എന്റെ യൗവനം...അവരുടെ ഓരോ പോസ്റ്റിനും കമന്റുന്ന ചേട്ടായിമാര്‍, അനിയന്മാര്‍, ചില കമന്‍റുകള്‍ കണ്ടപ്പോള്‍ ...

          "എന്‍റെ കരളിലെ പ്രണയത്തിന്റെ കാറ്റ് കൊണ്ട് ആ മണ്ണ്‍ തരിയെ ഞാന്‍ പുറത്തെടുക്കാം......ബാബുക്ക ജുബൈല്‍...

          "മോളുടെ കണ്ണിലെ മണല്‍ തരി വീണത് കേട്ട്  എന്റെ നെഞ്ചില്‍ പതിച്ചത് ഒരു കരിമ്പാറയാണ്"....അനില്‍ നാരായണ സലാല...

          "കണ്ണാണ് കണ്ണേ നിന്റെ കണ്ണ്...ആ കണ്ണുകള്‍ വേണം എണ്ണയൊഴിച്ച് എന്നെ കാത്തിരിക്കാന്‍"  പ്രേമചന്ദ്രന്‍ കൊയിലാണ്ടി"

               അങ്ങിനെ എത്രയോ പേര്‍..?? ഒറ്റ നോട്ടത്തില്‍ അറിയാം പെണ്‍ എഴുത്ത് അല്ല...പ്രൊഫൈല്‍ പിക്ചര്‍ ഒരു നാടന്‍ പെണ്‍കുട്ടിയുടെ..അതായിരിക്കാം ഗോപൂസ് കൂള്‍ ബാറിനു മുന്നില്‍ നില്‍ക്കുന്ന മുഴുവന്‍ പൂവന്മാരെയും ഇതിലേക്ക് നയിച്ചത്...ഇതില്‍ നിന്നും ഒന്നാം പാഠം എം.എ മലയാളം പാസ്സുക്കാരന്‍ പഠിച്ചു...ഒരു പെണ്ണിന്‍റെ മറവില്‍ ഇരുന്ന്‍ എഴുതിയാല്‍ ശ്രദ്ധിക്കപ്പെടാം...

             ഇന്ദുലേഖ, 21/08/1997, കൊടുങ്ങല്ലൂര്‍, എസ്.എന്‍,എം.കോളേജ് മാല്യങ്കര..
ഒപ്പം പ്രൊഫൈല്‍ പടമായി പണ്ട് ഗോവയില്‍ ഒരു ക്യാമ്പിനു പോയപ്പോള്‍ എടുത്ത മഹാരാഷ്രക്കാരി പെണ്‍കുട്ടി, അതോടെ വിനോദിന്റെ പുതിയ ഫെസ് ഫേക്ക് ബുക്ക് പടയോരുക്കത്തിനു ഒരുങ്ങി..

          "ഞാന്‍ എന്നെ അറിയാതെ, നീയെന്നില്‍ വിരിയില്ല,
            നീയെന്നില്‍ വിരിയുമ്പോള്‍ നാം തമ്മില്‍ അറിയുന്നു..."

        അതായിരുന്നു ഇന്ദുലേഖയുടെ കന്നി പോസ്റ്റ്‌...മണിക്കൂറുകള്‍ കൊണ്ട് ഒരു പ്രസ്ഥാനമായി മാറിയ പോസ്റ്റ്‌...ആരാധകര്‍, പിന്തുടരുന്നവര്‍, പാടി പുകഴ്ത്തുന്നവര്‍, കാമുകന്മാര്‍, കാമിതന്മാര്‍, ഇന്ദുലേഖ വിനോദ്  ഒരു കസേരയുടെ മുന്നില്‍ വെച്ച പി.സിയില്‍ നോക്കി ഒരു കവിള്‍ ബിയര്‍ കുടിച്ച് പൊട്ടി പൊട്ടി ചിരിച്ചു..ആ പൊട്ടി ചിരി പപ്രണയ ചിരിയായി വീണ്ടും വീണ്ടും ഫെസ് ബുക്കില്‍ പോസ്റ്റുകള്‍ ആയി അലയടിച്ചു...

      "നീഹാര വിഹാരം...നിതുല സഞ്ചാരം...ചൈതന്യ നേത്രം...
       പ്രണോയ മനോഹരം...മനുഷ്യ ചടുലം, മനസങ്കെതികം,"

       അര്‍ഥം പോലും അറിയാത്ത ചില വരികള്‍ പടച്ച് വിട്ട മിസ്റ്റര്‍ ഇന്ദുലേഖന്‍..ഒരു തരംഗമായി, താരമായി, ദിവസവും നൂറിലധികം ഫ്രണ്ട്സ് രിക്വേസ്റ്റുകള്‍, മുപ്പതിനായിരം പിന്തുടര്‍ച്ചക്കാര്‍, സ്ഥിരമായി എന്ത് ചെളി പോസ്റ്റിയാലും കമന്റാന്‍ കൂറെ ലവന്മാര്‍.....

ഒടുവില്‍...

    കെ.വി. വിനോദിന് ഒരു വലിയ പശ്ചാത്താപം മനസ്സില്‍ ജ്വലിച്ചു...

        ''പറ്റിക്കുന്നു...താന്‍ പറ്റിക്കുന്നു...കുറേ പേരെ ചതിക്കുന്നു...ആ താപം ഒരു പോസ്റ്റായി, എഴുതി പ്രൊഫൈല്‍ പടം മാറ്റി സ്വന്തം പടമിട്ട്, ഫേസ്ബുക്ക് ടൈം ലൈനില്‍  പതിച്ച് സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു...അയാള്‍ ഉറങ്ങുമ്പോള്‍ ഇന്ദുലേഖയില്‍ നിന്നും പരിവര്‍ത്തന പ്രക്രിയ നടക്കുകയായിരുന്നു...അങ്ങ് ഫെസ് ബുക്കില്‍...ഇന്ദുലേഖ ലേഖനായി മാറിയത്‌ ആരാധക വൃന്ദങ്ങളില്‍ സൃഷിച്ച പ്രത്യഘാതo .....

         പൊങ്കാല....ഫെസ് ബുക്ക് തുറന്ന കെ.വി വിനോദ് കണ്ടത് അതി ഭീകരമായ പൊങ്കാല...പുതിയ തെറികളുടെ അഭിഷേകം...നിരവധി തവണ "മാതാപിതാക്കളെ ഭീകരമായ ഭാഷയില്‍ ബലി കൊടുക്കേണ്ടി വന്നിരിക്കുന്നു...ഒരു  രാത്രി കൊണ്ട് മൊത്തം മാലിന്യം  വിതറി നാശമായ മുഖപുസ്തകം...മുപ്പതിനായിരം പിന്തുടര്‍ച്ചക്കാര്‍ ഒരു രാത്രി കൊണ്ട് 900 ആയി നിലംപതിച്ചിരിക്കുന്നു...അണ്‍ ഫ്രണ്ട് ആക്കിയവര്‍ വേറെ...കൊല്ലുമെന്ന ഭീക്ഷണി, തല്ലുമെന്ന ഭീഷണി..പിന്നെ വായിക്കാന്‍ കഴിയാത്ത ഭാഷ രൂപങ്ങള്‍..അതി വേഗം ബഹു ദൂരം കൂടുതല്‍ തെറികള്‍ നിറയും മുന്‍പേ....

     "വിട...ഫേസ്ബുക്ക് നിന്നോട് വിട,"

      പൌലോ കൊയ്ലോയുടെ പുസ്തകത്തില്‍ മുഖം പൂഴ്ത്തി രണ്ട്‌ ദിനങ്ങള്‍ക്ക് ശേഷം കടപ്പുറത്തെ പഞ്ചാര മണലില്‍ ഇരിക്കുമ്പോള്‍ പിന്നില്‍ നിഴല്‍..നിഴല്‍ അടുത്ത് വന്നു..കെ.വി .വിനോദിനെ സ്പര്‍ശിച്ചു..തിരികെ നോക്കിയപ്പോള്‍ ഒരടി..കവിളില്‍ തകര്‍ത്ത് ഒന്നൊന്നര അടി...

   "പൊന്നീച്ച പറന്നു പോയ യൗവനം..."

    മുന്നില്‍ ശരത്...അല്‍മാത്രാ സ്നേഹിതന്‍...(ആത്മാര്‍ത്ഥ സ്നേഹിതന്‍)..പുകയുന്ന കണ്ണുകള്‍..ചുവന്ന ചുണ്ടുകള്‍, രക്തം കൊതിക്കുന്ന നാവ്...വിറക്കുന്ന കരങ്ങള്‍??കവിള്‍ പൊത്തി എന്തെങ്കിലും ചോദിക്കുന്നതിനു മുന്പ് നായകന്‍ വില്ലന് നേരെ കൈ ചൂണ്ടി...വില്ലന്‍ ഞാന്‍ തന്നെ...ഇപ്പോള്‍ നായകന്‍ അവന്‍...

     "പരമ നാറി, ചെറ്റേ...പറ്റിക്കുന്നോ??ഇത്രയും നാളും ഇന്ദുലേഖ പോസ്റ്റ്‌ ചെയ്തിരുന്ന പോസ്റ്റുകളില്‍ പെണ്ണാണെന്ന് കരുതി ആദ്യം കമന്റ് ചെയ്തിരുന്ന "മംഗലശ്ശേരി നീലകണ്ഠന്‍ " എന്ന ഫെസ് ബുക്ക് ഐ.ഡി. എന്‍റെ ആയിരുന്നെടാ മലരേ..

       "പ്ലിംഗ്....പിന്നെയും പ്ലിംഗ്..."


     "പ്രേമിച്ചതിനും, മോഹിച്ചതിനും ഒരു കണക്കുമില്ല...എന്നിട്ട് ഒടുവില്‍ ശൈത്താന്‍ മോറന്‍ ...ഞാന്‍ പറഞ്ഞു തന്ന മാര്‍ഗ്ഗം എനിക്കിട്ട്ഛെ തന്നെ പണിത നിന്നെ.....കൊല്ലും ഞാന്‍.."

      കൂടുതല്‍ ഒന്നും പറയാതെ ശശിയായ ശരത് കലി തുള്ളി മുന്നോട്ട്...അടി കൊണ്ട വേഗതയില്‍ മനസ്സില്‍ നിന്നും എല്ലാ സാഹിത്യ ശൈലിയും ചാടി പുറത്തിറങ്ങി കടലില്‍ നീന്തി രക്ഷപ്പെട്ടു...കെ.വി വിനോദ് കടലിനക്കരെ നോക്കി, അമേരിക്കയെ നോക്കി പല്ലുകള്‍ കടിച്ച് ദേഷ്യത്തില്‍...സ്വന്തം മനസ്സില്‍ പറഞ്ഞു...

                   "സൂക്കര്‍ ബര്‍ഗ്ഗ്...താന്‍ പണ്ടാരായി പോട്ടെ...."


 
   

           









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ