
വാതില്‍ തുറന്നതും മുറിയില്‍ "ഹാപ്പി ലേഡി" പെര്‍ഫ്യൂം ഗന്ധം നിറഞ്ഞു...ഒന്നും പറയാതെ ഒന്ന്‍ മുഖത്ത് പോലും നോക്കാതെ അദ്ദേഹം മുറിയിലേക്ക്...പ്രസരിക്കുന്ന സുഗന്ധം അവര്‍ക്ക് ദുര്‍ഗന്ധം പോലെ..വാതിലടച്ച് കുറച്ച് നേരം ചുമരില്‍ ചാരി നിന്ന് ചിന്തിച്ചു?
"എവിടെ...എവിടെയാണ് തെറ്റിയത്?? ആരുടെ തെറ്റാണ്?? അറുപത് വയസ്സ് പിന്നിട്ട അദ്ദേഹം എന്തിന് മറ്റ് ഗന്ധങ്ങള്‍ തേടി പോകുന്നു...മൂന്ന്‍ പെണ്മക്കളെയും വിവാഹം കഴിച്ചയച്ചു...അതും മാന്യമായി...അവര്‍ക്ക് കുട്ടികളായി..കുറച്ച് നാള്‍ മുന്‍പാണ് അദ്ദേഹം രാത്രിയില്‍ വരുമ്പോള്‍ സുഗന്ധം നിറയാന്‍ തുടങ്ങിയിട്ട്....അതും ഹാപ്പി ലേഡി, ടോമി ഗേള്‍,ഫെമ്മേ, മിറക്കിള്‍, ഗ്രേസ്...മുതലായവ...പ്രസിദ്ധമായവ...വേദന തോന്നി...തന്നില്‍ നിന്നും അകന്നു പോകുന്ന നക്ഷത്രം...ഒരു മുറിയില്‍ രണ്ട് ധ്രുവങ്ങള്‍..
അവര്‍ നടന്ന്‍ വന്ന്‍ മങ്ങിയ വെളിച്ചത്തില്‍ ആള്‍ കണ്ണാടിയില്‍ നോക്കി...വിടര്‍ന്നു നിന്ന ഒരു പനിനീര്‍ പൂവിന്‍റെ ഇതള്‍ കൊഴിയാറായ രൂപം..സമൃദ്ധമായ മുടി എവിടെയോ നഷ്ടമായി..ചുളിവുകള്‍, നരകള്‍, മറച്ച് വെക്കാന്‍ കഴിയാത്ത ജരാനരകള്‍..കണ്ണുകളിലെ കറുപ്പ് നിറം..എല്ലാം വാര്‍ദ്ധക്യ സഹജം...ഈ രൂപത്തില്‍ അദ്ദേഹം അത്മവൃതി കണ്ടെത്തിയ, ആരാധിച്ച കുറേ നല്ല ദിവസങ്ങള്‍ ഭൂതകാലത്തില്‍ ഓര്‍മ്മകളായ്...കാലത്തെ അതിജീവിക്കാന്‍ കൃത്രിമ വര്‍ണ്ണങ്ങള്‍, ബൂട്ടി പാര്‍ലറുകള്‍ ഇവയില്‍ നിന്നെല്ലാം ഒരു കൈ അകലം പാലിച്ചതാണോ ഇതിനെല്ലാം കാരണം...ഒരു നെടുവീര്‍പ്പോടെ അവര്‍ മുറിയിലേക്ക് നടന്നു...പരന്നൊഴുകുന്ന ഹാപ്പി ലേഡി സുഗന്ധത്തിലൂടെ.....
''എന്നത്തേയും പോലെ അദ്ദേഹം ഉറക്കം തുടങ്ങിയിരുന്നു..അരണ്ട വെളിച്ചത്തില്‍...കറുത്ത തലമുടിയില്‍ മുഴച്ച് നില്‍ക്കുന്ന വര്‍ണ്ണം നഷ്ടമായി തുടങ്ങിയ വെളുത്ത നാരുകള്‍...ഒരു തലയണയില്‍ തല വെച്ച് മറ്റൊന്നിനെ ചേര്‍ത്ത് പിടിച്ച്....തന്‍റെ സ്ഥാനത്ത് തലയണ..ഒരു വിങ്ങലോടെ ലൈറ്റുകള്‍ അണച്ചു..ഇരുട്ടാണ് സുഖം...ദുഃഖം നിറയാനും, കരയാനും...
വീണ്ടും ഗന്ധങ്ങള്‍ മാറി മാറി വന്നു...ചിലപ്പോള്‍ ..ആഴ്ചയില്‍ ഒരിക്കല്‍ ആയത് രണ്ട് ദിനങ്ങള്‍ കൂടുമ്പോള്‍, പിന്നെ എല്ലാ ദിവസവും, താന്‍ അദ്ദേഹത്തില്‍ നിന്നും ഏറെ അകന്നു പോയത് പോലെ..ഒരു വലിയ മൗനം ഇടയില്‍ വളര്‍ന്ന്‍ ഒരു വന്മതില്‍ പോലെ...പൂജ മുറിയില്‍ നിന്നും വൈകീട്ട് ഉയരുന്ന ചന്ദന തിരിയുടെ ഗന്ധം, അടുക്കളയില്‍ നിന്നും പ്രവഹിക്കുന്ന കൊതിപ്പിക്കുന്ന ഭക്ഷണ ഗന്ധം ...അതിനെല്ലാം മുകളില്‍ കൃത്രിമ സുഗന്ധങ്ങള്‍ എന്നും രാത്രിയില്‍ അദ്ദേഹം വരുന്നതോടെ..
"ഒരു പോംവഴി..?? ഒരു പിടി വള്ളി...?? ഒരു മാര്‍ഗ്ഗം...??
ഒബ്സെഷന്‍, ഏലിയന്‍, മെന്‍, സില്‍വര്‍ ചാര്‍ളി...അവയില്‍ നിന്നും ഓരോ ബോട്ടില്‍...പിന്നെ ബാക്കി സമയം കൊണ്ട് തലമുടി കറുപ്പിച്ച് ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ്, പിന്നെ മുഖത്ത് ഫെസ് പാക്ക്, കാലുകളില്‍ പെടികൂര്‍, പിന്നെയും നഷ്ട സൌരഭ്യം തിരിച്ചെടുക്കാന്‍ ..വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല...എന്നാലും ഒരു പുതിയ ഊര്‍ജ്ജം...പുതിയ ആവേശം, പുതിയ ലക്‌ഷ്യം..കയ്യിലെ പാക്കറ്റില്‍ ഇരിക്കുന്ന പുരുഷ ഗന്ധം..പിന്നെ ഈ രൂപം...എല്ലാം നല്ലതിന്..നല്ലതിന് വേണ്ടി മാത്രം...
അന്ന്‍ അദ്ദേഹം രാത്രിയില്‍ വന്നപ്പോള്‍ വാതില്‍ തുറന്നപ്പോള്‍ അവിടെ പരന്നത് സില്‍വര്‍ ചാര്‍ളിയുടെ ഗന്ധം...അദ്ദേഹം തുറിച്ച് നോക്കി...ഒരു നായയെ പോലെ മുറിയിലും, വീടിനുള്ളിലും ഗന്ധം തേടി നടന്നു...ചുളിഞ്ഞ കിടക്ക വിരികള്‍, ആലസ്യമായ മുഖം...അദ്ദേഹം സംശയം കൊണ്ട് വികസിക്കുന്നത് പോലെ...ഉറങ്ങാന്‍ കിടക്കുമ്പോള്‍ അദ്ദേഹം അസ്വസ്ഥന്‍ ആയിരുന്നു..തിരിഞ്ഞും, മറിഞ്ഞും....ചിന്തയോടെ..പുരുഷന്മാര്‍ ഉപയോഗിക്കുന്ന സില്‍വര്‍ ചാര്‍ളി അദ്ദേഹത്തെ നിദ്ര വിഹീനനാക്കി..അന്ന്‍ അവര്‍ സുഖമായി ഉറങ്ങി...അവര്‍ ഉറങ്ങുമ്പോള്‍ അദ്ദേഹം മുറിയും, വീടും അരിച്ച് പെറുക്കുകയായിരുന്നു....ഒരു തെളിവിനു വേണ്ടി....
പിറ്റേന്ന്‍ ഒരു ഗന്ധവുമില്ലാതെ പതിവിലും നേരത്തെ അദ്ദേഹം വീട്ടില്‍ വന്നു...അവിടെ നിറഞ്ഞ് നിന്ന ഒബ്സെഷന്‍ ഗന്ധം...ആ സുഗന്ധം അയാള്‍ക്ക് ദുര്‍ഗന്ധമായി തോന്നി...അദ്ദേഹം കലിയോടെ വിരല്‍ ചൂണ്ടി വിറച്ച് ഉറക്കെ ചോദിച്ചു...
"നീ.....???" അധികം വലുതല്ലാതെ എല്ലാം അടങ്ങിയ ചോദ്യം.."
" നിങ്ങള്‍ക്ക് ആകാമെങ്കില്‍........!!!"എല്ലാം അടങ്ങിയ ഒരുത്തരം...
അതിനൊരുത്തരം അദ്ദേഹം കൊടുത്തില്ല..തല താഴ്ത്തി മുറിയിലേക്ക് നടന്നു...കുറേ കഴിഞ്ഞപ്പോള്‍ അവര്‍ സുഗന്ധങ്ങളുടെ ഉറവിടം കയ്യില്‍ എടുത്ത് മുറിയിലേക്ക്...അദ്ദേഹത്തിന് മുന്നില്‍ എല്ലാം നിരത്തി വെച്ചു...ബോട്ടിലുകള്‍.. ഒബ്സെഷന്‍, ഏലിയന്‍, മെന്‍, സില്‍വര്‍ ചാര്‍ളി. ഒന്നും പറയാന്‍ കഴിയാതെ കണ്ണീരോടെ അദ്ദേഹം അവരെ കുറേ നാളുകള്‍ക്ക് ശേഷം ചേര്‍ത്ത് പിടിച്ചു...തെറ്റുകള്‍ തിരിച്ചറിയുന്ന കണ്ണ് നീരിന്‍റെ ഗന്ധം...അവരുടെ ഗന്ധങ്ങള്‍ ഒന്ന് ചേര്‍ന്ന്‍ ഒരു ഗന്ധമായ് വീണ്ടും........
പിന്നീട് ഒരു ദിവസം.....
വാതില്‍ തുറന്നതും അദ്ദേഹം അവരെ ചേര്‍ത്ത് പിടിച്ചു..സന്ധ്യ സമയം...വിളക്കില്‍ നിന്നും തെളിയുന്ന വെളിച്ചത്തിന്‍റെ നിറവില്‍ അയാള്‍ കണ്ണുകള്‍ അടച്ച് മൂക്കുകള്‍ വിടര്‍ത്തി അവരെ നെഞ്ചില്‍ ഒതുക്കി മെല്ലെ പറഞ്ഞു...
"വെളുത്തുള്ളിയുടെ മണം..."
അവര്‍ ആ നരച്ച രോമങ്ങള്‍ നിറഞ്ഞ നെഞ്ചില്‍ മുഖം പൂഴ്ത്തി ആ വിയര്‍പ്പ് ഗന്ധം ആസ്വദിച്ച് സന്തോഷത്തില്‍ മന്ത്രിച്ചു....
"രസം കാച്ചിയതാ..."
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ