2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

"കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടി.. "(y2k യുടെ കഥ)

                                                       






                                 നെറ്റിയില്‍ ഒരു വലിയ മൂന്ന്‍ വിരല്‍ കൊണ്ട് തൊട്ട ഒരു എഴുപത് എം.എം. ചന്ദനക്കുറി, അതിനു നടുവില്‍ ഒരു രൂപ വട്ടത്തില്‍ കുങ്കുമ കുറി, ചെവിയില്‍ കതിരോട് കൂടിയ തുളസിയില, അതിനു മുകളില്‍ ഒരു ചെമ്പക പൂവ്, നൂല് കെട്ടി കഴുത്തില്‍ തൂക്കിയ കണ്ണട, കാലത്തിന്റെ അതിജീവനം പോലെ മുന്നോട്ട് പതിനഞ്ച് ഡിഗ്രിയില്‍ വളഞ്ഞ മുതുക്, ആണ്ടില്‍ ഒരിക്കല്‍ പോലും കൊയ്യാന്‍ കഴിയാത്ത കഷണ്ടി കയറി മുടിയില്ലാത്ത തല, മൂക്കില്‍ നിന്നും മീശയേക്കാള്‍ കനത്തില്‍ വളര്‍ന്ന്‍ പന്തലിച്ചു പുറം നോക്കി എഴുന്ന് നില്‍ക്കുന്ന രോമങ്ങള്‍...കയ്യില്‍ നരച്ച് ഓട്ടകള്‍ നിറഞ്ഞ "ഹിന്ദുസ്ഥാന്‍ കിളിമാര്‍ക്ക് കുട, കയ്യില്‍ "ജെ.ഡി.സഭ വക വള്ളിയുള്ള ചെറിയ ബാഗ്‌, കറയും, കീറലും നിറഞ്ഞ പാവം മുറി കയ്യന്‍ ബനിയന്‍, കാലം തോറ്റ് കാവി നിറം അങ്ങിങ്ങായി നിലനിര്‍ത്തിയ ഉടുമുണ്ട്, കുഴിനഖം ബാധിച്ച കാലുകള്‍...അതാണ് കൃഷ്ണന്‍ക്കുട്ടി...നാട്ടുക്കാരുടെ കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടി..നാട്ടിലെ ഏറ്റവും പഴക്കം ചെന്ന പേരില്ലാത്ത ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന "ക്ഷുരകശിരോമണി.."

                                                          വെട്ടുകല്ലില്‍ ഓല മേഞ്ഞ ഒരു പഴഞ്ചന്‍ ആന്റിക്ക് കെട്ടിടം, വാതിലുകള്‍, ജനലുകള്‍ ഇല്ലാതെ , ചാണകം മെഴുകിയ തറയുള്ള പഴയ ബൂട്ടി പാരലര്‍...മുറിയുടെ ഒത്ത നടുക്ക് ഒരു മരകസേര, അതിനു മുകളില്‍ കുരിശ് പോലെ നീളത്തില്‍ ചാരുവടി, കസേരയുടെ മുന്നില്‍ തൂക്കിയ "രസം" നഷ്‌ടമായ അവ്യക്തമായ പ്രതിരൂപം നല്‍കുന്ന നീളന്‍ കണ്ണാടി, അതിനു സമീപം പലക കൊണ്ട് തീര്‍ത്ത പൊടി നിറഞ്ഞ അലമാരി, അതില്‍ കുട്ടിക്യുറ ടാല്‍ക്കം പൌഡര്‍, രണ്ടു കത്രികകള്‍, അതിലൊന്ന് പിടി നഷ്‌ടമായ വികലാംഗന്‍, രണ്ട്‌ കോലന്‍ ചീര്‍പ്പ്,  മുടിയും, അഴുക്കും നിറഞ്ഞ വട്ട ചീര്‍പ്പ്, മുഷിഞ്ഞ്‌, കരിമ്പന്‍ അടിച്ച രണ്ട്‌ തുണികള്‍, പിന്നെ ഭൂതക്കാലം പേറി ചിതറി കിടക്കുന്ന തുരുമ്പ് എടുത്ത "സെവന്‍-ഓ-ക്ലോക്ക്" ബ്ലയിടുകള്‍..ക്ഷൌര കത്തി, കത്തി മൂര്‍ച്ച കൂട്ടാനുള്ള ചാണക്കല്ല്, അതിനപ്പുറം ചുമരില്‍ ഒരാണിയില്‍ തൂങ്ങി കാര്‍ത്തിക ഫെബ്രിക്സിന്റെ കലണ്ടറില്‍ "രതി നിര്‍വേദത്തിലെ" രതി ചേച്ചി...ജയഭാരതി..ഇതാണ് കൃഷ്ണന്‍ക്കുട്ടിയുടെ പേരില്ലാത്ത കട, പഴക്കവും, തഴക്കവും വന്ന കട, കാലം കൊടുങ്ങല്ലൂരില്‍ വരുത്തിയ മാറ്റങ്ങള്‍ ബാധിക്കാത്ത മുടിവെട്ട് കട...

                                                           മുടി വെട്ടുകടയുടെ മുന്നില്‍ പണയം വെച്ച ഓട്ടുരുളി പോലെ കൃഷ്ണന്‍ക്കുട്ടി ഒരു തല, അല്ലെങ്കില്‍ താടി കാത്തിരുന്നു..കഴിഞ്ഞ മൂന്ന്‍ ദിവസമായി കത്രിക ചിലച്ചിട്ടില്ല, ഒരാളും തേടി വന്നില്ല..എല്ലാവര്‍ക്കും കൊടുങ്ങല്ലൂര്‍ തെക്കേ നടയിലെ ഗില്ലറ്റ് ബാര്‍ബര്‍ ഷോപ്പ് മതി...അവിടെ എയര്‍ കണ്ടീഷന്‍, പാട്ട്, കാത്തിരിക്കുന്നവര്‍ക്ക് വായിക്കാന്‍ സിനിമ മാസിക!!!!കൃഷ്ണന്‍ക്കുട്ടി കടയുടെ ഉള്ളിലേക്ക് ഒരു വിഗഹ വീക്ഷണം നടത്തി, തന്‍റെ കഷ്ടപ്പാട് ആരറിയാന്‍??തലയില്‍ നിറയെ മുടിയുമായി തെങ്ങ് കയറുന്ന സുകുമാരന്‍ മുന്നിലൂടെ കടന്നു പോയി, ആവശ്യത്തിനു മീശയും, അനാവശ്യത്തിന് താടിയുമായി സ്വീപ്പര്‍ ജേക്കബ് കടന്നു പോയി, കൃഷ്ണന്‍ക്കുട്ടിയുടെ പ്രതീക്ഷകള്‍ കെടുത്തി അങ്ങനെ ഒട്ടനവധി തലകള്‍, താടികള്‍...കാലത്ത് കണ്ടംകുളം അമ്പലത്തില്‍ പോയി മനമുരുകി പ്രാര്‍ഥിച്ചു...ദിവസേന രണ്ട്‌  തല, രണ്ട്‌ താടി....

                    എന്തായാലും ദൈവം ആ ഉള്‍വിളി കേട്ടു...

                                                        ദാ...വരുന്നു...മീന്‍കാരന്‍ മൊയ്തു..വളര്‍ന്ന തല, വളര്‍ന്ന താടി, എന്തെങ്കിലും താടയും...കൃഷ്ണന്‍ക്കുട്ടി പടത്തലവന്‍ ആയുധം എടുക്കാന്‍ ജാഗരൂകനായി..ഇനി യുദ്ധം...എഴുന്ന് നില്‍ക്കുന്ന മുടികളോട്...മൊയ്തു മീന്‍ കുട്ട വെച്ച സൈക്കിള്‍ ചാരി വെച്ച് മീന്‍ ഗന്ധവുമായി മരകസേരയില്‍ വന്നിരുന്നു...

             "കഷ്ടപ്പാടെ...ചക്കര തല ആക്കിക്കോ"

                                                       അത് കേട്ട വഴി കഷ്ടപ്പാട് പണി തുടങ്ങി..കൈപ്പണി...കത്രിക മൊയ്തുവിന്റെ നരച്ച തലയില്‍ കാവ് തീണ്ടി...ചാണകം മെഴുകിയ തറയില്‍ രോമയോദ്ധാക്കള്‍ തലയറ്റ് നിലംപതിച്ചു...തന്‍റെ രൂപമാറ്റം മൊയ്തു തെളിച്ചമില്ലാത്ത കണ്ണാടിയില്‍ ആസ്വദിച്ചു..കൃഷ്ണന്‍ക്കുട്ടിയുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് വിലങ്ങ് തടി പോലെ റോഡില്‍ നിന്നും ഒരു ചെക്കന്‍ നീട്ടി വിളിച്ചു ...

    "ചേട്ടാ സബീന പോയോ??"

                                                         അവന്‍ ചോദിച്ച ചോദ്യം കൃഷ്ണന്‍ക്കുട്ടി ഒരു നിമിഷം കൊണ്ട് പല വട്ടം തിരിച്ച് ചോദിച്ചു..."നാണുവിന്റെ മോളെ പറ്റിയാണോ ഇവന്‍ ചോദിക്കുന്നത്...നാണുവിന്റെ ഭാര്യ പൊതു പൈപ്പില്‍ നിന്നും വെള്ളം ചുമന്ന്‍ പോകുന്നത് കണ്ടിരുന്നു...

  "ഇല്ല മോനെ..ഭാരതി പോകണ കണ്ടു..പൈപ്പിന്‍ ചോട്ടിലിക്ക്..വെള്ളടുക്കാന്‍.."

   "ചേട്ടാ ഞാന്‍ ചോയിച്ചത്..പത്തേ കാലിന്റെ സബീന ബസ്സ്‌ പോയോന്നാ.."

                                                        മറുപടി വന്നത് മറ്റൊരു വായില്‍ നിന്നാ..പാര്‍ട്ടി പ്രവര്‍ത്തകന്‍ ദിനേശന്‍..ഖദര്‍ധാരി, ജീവിതത്തില്‍ ഇത് വരെ ഒരു ജോലിയും ചെയ്യാത്ത ഒരുവന്‍. മേത്തല പഞ്ചായത്ത് പരിസരത്തും, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ഓഫീസ് പരിസരത്തും മാത്രം കണ്ടു വരുന്ന ഒരു പരാദ ജീവി..

 "ഇല്ല ചെക്കാ സബീന കല്യാണത്തിന് പോയി...ഇനി മുക്കാലിന് കെ.കെ.                   മേനോന്‍ വരും.."

                                                        ദിനേശന്‍ അകത്ത് കയറി കൈ ഉയര്‍ത്തി ഖദര്‍ ഷര്‍ട്ടിന്റെ ഉള്ളിലൂടെ കക്ഷം ചൊറിഞ്ഞു..ആ ചൊറിച്ചില്‍ വേഗം തന്നെ അവന്‍റെ പല ഭാഗത്തേക്കും പടര്‍ന്നു...

    "കൃഷ്ണന്‍ക്കുട്ടി..കക്ഷം ഒന്ന്‍ വടിച്ച് തരണം..ഭയങ്കര ചൊറിച്ചില്‍...പിന്നെ   മൊയ്തുവിനെ നോക്കി ആഹ്ലാദത്തില്‍...

     "ഇതാര് മോയ്തുവാ...എന്തായി വില്ലേജി പോയിട്ട് വല്ലോം                                            നടന്നാ..അഴീക്കോട്‌പാലം  പണി എന്ന് തൊടങ്ങും???

                                                       അതിലെ പരിഹാസ ചുവ മൊയ്തു തിരിച്ചറിഞ്ഞു..
ഭരിക്കുന്നത് അവന്‍റെ എതിര്‍ പാര്‍ട്ടിയാണ്..അഞ്ച് കൊല്ലം അവനും, അവന്‍റെ നേതാക്കളും ഭരിച്ചിട്ടു ഒന്നും നടന്നില്ല..മൊയ്തുവിന്റെ മൗനത്തില്‍ ആണിയടിച്ച് അടുത്ത വാക്കുകള്‍ വന്നു...

   "മീനാക്ഷി തമ്പാന്‍ വന്നാ ദേ പാലം പണിയാന്‍ പോണുന്നു പറഞ്ഞിട്ട് ഇപ്പൊ എന്തായി??   ഇനിയിപ്പോ പാലം പണിതിട്ട് എന്താ കാര്യം...ലോകം അവസാനിക്കാന്‍  പോകല്ലേ..ഈ മാസം ഡിസംബര്‍ വരെ ലോകം ഒണ്ടാകൂ.."

                                                    കത്രിക നിശബ്ദമായി, മൊയ്തു സ്തബ്ധനായി...നാലു കണ്ണുകള്‍ മിഴിച്ച് ദിനേശനെ നോക്കി.അവരുടെ കണ്ണുകളില്‍ ലോകം അവസാനിച്ചു..അവരുടെ മനസ്സില്‍ ലോകം അവസാനിച്ചു...അവരുടെ മിഴിച്ച് നോട്ടത്തിനു പിന്നില്‍ കാരണം അറിയാനുള്ള ഒരു ആകാംക്ഷ ദിനേശന്‍ കണ്ടു...

   "നിങ്ങള് y2k എന്ന് കേട്ടില്ലേ...നമ്മള്‍ 1999-ല്‍ നിന്നും 2000-ലേക്ക് പോകാന്‍ ഇനി       കൊറച്ച് ദെവസം മാത്രമുള്ളൂ...ഇവിടെ നടക്കാന്‍ പോകുന്നത് ലോകത്തെ             ഏറ്റവും വലിയ ചതിയാണ്..നായനാര്‍ സര്‍ക്കാര്‍ രാജി വെച്ച് പൊറത്ത്              പോകേണ്ടി വരും..കമ്മ്യൂണിസ്റ്റ് റഷ്യയ്ക്ക് ഇത് വരെ അവരുടെ ന്യൂക്ലിയര്‍        ആയുധങ്ങള്‍ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല....അല്ലെങ്കിലും                    എല്ലാര്‍ക്കും അറിയുന്ന കാര്യമല്ലേ..കമ്മൂണിസ്റ്റ്ക്കാര്‍ കമ്പ്യൂട്ടറില്‍ പണ്ടേ              പിന്നോക്കമാന്നു...അമേരിക്ക സഹായിക്കാന്ന് പറഞ്ഞതാ...അപ്പൊ കമൂണിസ്റ്റ്  റഷ്യക്ക് അവര്‍ പടിഞ്ഞാറന്‍  മോതലാളിത്ത ശക്തികള്‍.... ഡിസംബര്‍ 31-ന്  എല്ലാം  പൊട്ടി തെറിക്കും...അത് മതി ലോകം തീരാന്‍...എന്തായാലും  അതിനെതിരെ  ഞങ്ങള്‍ ലോകം ഇത് വരെ കാണാത്ത പ്രതിഷേധം തീര്‍ക്കാന്‍  പോകുന്നു...ഒരു    ഭീമ ഹര്‍ജ്ജി ഒപ്പിട്ട് മോസ്ക്കോയിലേക്ക് അയക്കും, പിന്നെ  കാസര്‍ഗോഡ്‌  നിന്നും തിരുവനന്തപുരം വരെ ജനസുരക്ഷിത യാത്ര....നായനാര്‍  സര്‍ക്കാര്‍  രാജി വെക്കുന്നത് വരെ ശക്തമായ പ്രതിഷേധം...

                                                   മൊയ്തു ഒന്നും പറയാതെ പുറത്തേക്ക് പോയി..കൃഷ്ണന്‍ക്കുട്ടി ചിന്താവിഷ്ടനായ്...കക്ഷം മാന്തി നിന്ന ദിനേശന്‍ അടുത്ത ബസ്സ്‌ വന്നപ്പോള്‍ എല്ലാം വിസ്മരിച്ച് അതില്‍ കയറി പോയി..

              "ലോകം അവസാനിക്കുന്നു..."

                                                    ആ വാചകം കൃഷ്ണന്‍ക്കുട്ടിയെ തളര്‍ത്തി...അയാള്‍ ബാഗും,കുടയും എടുത്ത് വീട്ടിലേക്ക് നടന്നു..മനസ്സ് ദിനേശന്റെ വാക്കുകള്‍ക്ക് മുന്നില്‍ മരിച്ചു...വഴിയില്‍ കണ്ട ഒന്നും കണ്ണില്‍ പെടുന്നില്ല...ഇടയ്ക്ക് അമ്മു സായ്‌വിന്റെ പീടികയുടെ ചുമരില്‍ കണ്ട "അരിവാള്‍ ചുറ്റിക നക്ഷത്രം" ചിഹ്നം ഒന്ന്‍ ദേഷ്യത്തോടെ നോക്കി..പിന്നെ നടന്നു...ചെവിയില്‍ നിന്നും പൂക്കള്‍ എടുത്ത് വലിച്ചെറിഞ്ഞു...നെറ്റിയിലെ കുറി മായ്ച്ച് കളഞ്ഞു...വഴിയെ വന്നവര്‍ ചോദിച്ച ചോദ്യങ്ങള്‍ കേള്‍ക്കാതെ...ആരോടും ഒന്നും മിണ്ടാതെ...പെരുന്തോടിനു കുറുകെ പാലം കയറുമ്പോള്‍ ചൂണ്ടയിടുന്ന കുട്ടികള്‍ അടക്കം പറയുന്നുണ്ടായിരുന്നു...

   "ദേടാ....കഷ്ടപ്പാട് പോണ്,..അയാള് മുടി വെട്ട്യാ ചെവി മുറിക്കും..അതോണ്ട്     
     ഞാന്‍ ഇപ്പ  കൊടുങ്ങല്ലൂരാ മുടി വെട്ടാന്‍ പോവാ..."

                                                   വീട്ടില്‍ എത്തിയ കൃഷ്ണന്‍ക്കുട്ടി ഇറയത്ത്‌ തളര്‍ന്നിരുന്നു...പറമ്പില്‍ നിന്നും ഉച്ച കറവയ്ക്ക് എരുമയെ അഴിച്ച് നടന്ന്‍ വരുന്ന ഭാര്യ പെണ്ണമ്മ...എരുമയുടെ കൂടെ തടിച്ച് കറുത്ത പെണ്ണമ്മ..മച്ചിയായ പെണ്ണമ്മ...അതില്‍ ആരാണ് തന്റെ ഭാര്യ...കൃഷ്ണന്‍ക്കുട്ടി കണ്ണുകള്‍ തിരുമ്മി നോക്കി...തിരിച്ചറിവ് വന്നപ്പോള്‍  അയാള്‍ ഭാര്യയെ കൈ കാണിച്ച് വിളിച്ചു..അസമയത്ത് ഭര്‍ത്താവ് വീട്ടില്‍ വന്നപ്പോള്‍ പാവം പെണ്ണമ്മ ഒന്ന്‍ അമ്പരന്നു..എരുമയെ തളച്ച് ഓടി കിതച്ച് അവര്‍ കൃഷ്ണന്‍ക്കുട്ടി ചേട്ടന്‍റെ അടുത്തെത്തി..അയാള്‍ ഒറ്റ ശ്വാസത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ ഭാര്യയെ അറിയിച്ചു..ബോധമില്ലാത്ത ഒരൊറ്റ കാരണം കൊണ്ട് പാവം അബോധാവസ്ഥയിലായില്ല...ഇരുവരും മരണവീട്ടില്‍ പോലെ വീടിന്റെ ഇറയത്ത്‌ കുത്തിയിരുന്നു....എരുമ സമയമായപ്പോള്‍ പാല്‍ ചുരത്തി തെങ്ങിന്‍ ചുവട്ടില്‍ ക്ഷീരവിപ്ലവം നടത്തി...വെള്ളത്തിനും, പുല്ലിനും വേണ്ടി വാ പൊളിച്ച് മുക്രയിട്ടു...ഒന്നും തിരിച്ചറിയാതെ കൃഷ്ണന്‍ക്കുട്ടി, ഒന്നിനും താല്‍പര്യമില്ലാതെ പെണ്ണമ്മ...

                                                   രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പെണ്ണമ്മ ചിന്തിച്ചു....തലയണമന്ത്രം തുടങ്ങി..മക്കളില്ല...മര്യാദയ്ക്ക് ജീവിച്ചിട്ടില്ല...കൊടുങ്ങല്ലൂര്‍, മാള, ഗുരുവായൂര്‍, മുനമ്പം ..അതിനപ്പുറം ഒരു ലോകം കണ്ടിട്ടില്ല...എല്ലാം അവസാനിക്കുന്നതിനു മുന്‍പ് ആഗ്രഹങ്ങള്‍...കൊതികള്‍, പൂതികള്‍, സ്വപ്നങ്ങള്‍...ജീവിച്ചിരുന്നിട്ട് ഒന്നും നടന്നില്ല...ഇനി ലോകം അവസാനിക്കും മുന്‍പ്...

    "എനിക്ക് ബേംഗളൂര്‍ കാണണം...രണ്ടീസം വല്യേ ഹോട്ടലില്‍ താമസിച്ച് സുഹിക്കണം....നുമ്മക്ക്   എരുമയെ വിക്കാം...ആ കാശോണ്ട് നുമ്മക്ക് ഒന്ന്‍ സുഹിക്കണം.."

                                               നേരം വെളുക്കുന്നതിനു മുന്‍പ് അറവ്ക്കാരന്‍ ഹസ്സന്‍ ആ വീടിനു മുന്നില്‍ വന്നു...അയാള്‍ മാറി മാറി എരുമയെയും, പെണ്ണമ്മയേയും നോക്കി..അതിനു ശേഷം ബീഡി കറ പുരണ്ട പല്ലുകള്‍ കാണിച്ച് കൃഷ്ണന്‍ക്കുട്ടിയെ നോക്കി  ഒരു അഭാസച്ചിരി...അതിനൊടുവില്‍ എരുമയെ വില പറഞ്ഞു ഉറപ്പിച്ച് അയാള്‍ നടന്ന്‍ നീങ്ങി, പെരുന്തോടിനു മുകളിലെ കവുങ്ങിന്‍ പാലം കയറുമ്പോള്‍ വീണ്ടും തിരിഞ്ഞ് പെണ്ണമ്മയെ നോക്കി...കണ്ജബാണന്‍ ഒരു മലരമ്പ് എടുത്ത് ഉതിര്‍ത്തു....ആ സംകല്പിക അമ്പ്‌ സാക്ഷാല്‍ ശ്രീമാന്‍ കൃഷ്ണന്‍ക്കുട്ടി പിടിച്ചെടുത്ത് തിരികെ അയച്ചു..എന്നാലും ശ്രീമതി പെണ്ണമ്മ ഹസ്സന്‍ മാപ്ലയുടെ നോട്ടത്തിനു മുന്നില്‍ ഒരു നിമിഷം ചൂളി.അതിന്റെ ആന്തരാര്‍ത്ഥം അറിഞ്ഞു നാണിച്ച് തല താഴ്ത്തി.
ഹസ്സന്‍ കൊടുത്ത പൈസ അയാള്‍ ഭാര്യയ്ക്ക് നേരെ നീട്ടി..ആഗ്രഹം, പൂതി, കൊതി എല്ലാം തീര്‍ക്കാന്‍...പെണ്ണമ്മ എലി പുനെല്ല് കണ്ടത് പോലെ പണം നോക്കി ചിരിച്ചു...പിന്നെ ഹസ്സന്‍ പോയ വഴിയിലേക്കും നോക്കി ചിരിച്ചു..ആ ചിരി അതിവേഗം ബഹുദൂരം സഞ്ചരിച്ച് അങ്ങ് ബാംഗ്ലൂര്‍ നഗരത്തില്‍ അലയടിച്ചു....

എല്ലാം അവസാനിക്കേണ്ട 1999 ഡിസംബര്‍ 31...രാത്രി...

                                                 ബാംഗ്ലൂര്‍ നഗരത്തിലെ ഡിക്കിന്സന്‍ റോഡിലെ റോയല്‍ ഓര്‍ക്കിഡ് ഹോട്ടലിലെ എ.സി. മുറിയില്‍ ഒഴിഞ്ഞ ഒരു മദ്യ കുപ്പിയുടെ പിന്നില്‍ മദ്യലഹരിയോടെ...ആര്‍ക്ക് മുന്നില്‍ ജെന്നിഫര്‍ ലോപ്പസ് തകര്‍ത്ത് ആടുകയാണ്...

                                                     ''Waiting for tonight, oh
                                                      When you would be here in my arms
                                                      Waiting for tonight, ''

                                                  അതിനു പിന്നില്‍ കാലിയായ പാത്രങ്ങള്‍..കിടക്കയില്‍ ലഹരിയില്‍ മദിച്ച് ലോകാവസാനം കാത്ത് ശ്രീമാന്‍ കൃഷ്ണന്‍ക്കുട്ടി, ശ്രീമതി കൃഷ്ണന്‍ക്കുട്ടി...എരുമയെ വിറ്റ കാശ് കൊണ്ട് ലോകം ഇല്ലാതാകുന്നതിന് മുന്‍പ്..ആഗ്രഹങ്ങള്‍, കൊതികള്‍, പൂതികള്‍....ലഹരിയില്‍ പിന്നെ നിദ്രയിലേക്ക്...ലോകം അവസാനിക്കുന്നതിന്റെ കൂടെ ഒരു സുഖനിദ്ര...എല്ലാം മറന്ന്‍ ഉറക്കം..പുതു വര്‍ഷം പിറന്നത് അറിയാതെ സുഖനിദ്ര...


                                                അടുത്ത പ്രഭാതം ഒരു വ്യത്യാസമില്ലാതെ അവരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി...അവസാനിക്കാത്ത ലോകം മുന്നില്‍ കണ്ടപ്പോള്‍ അവര്‍ക്ക് അമ്പരപ്പിനേക്കാള്‍ ആഹ്ലാദം നല്‍കി..പുതു യുഗം...പുതു ദിനം...ഒഴിഞ്ഞ മദ്യകുപ്പി അവരെ നോക്കി ചിരിച്ചു..ഇരുവരും പരസ്പരം നോക്കി ചിരിച്ചു....കൃഷ്ണന്‍ക്കുട്ടി കിടക്കയില്‍ എഴുന്നേറ്റ് ഇരുന്ന്‍ കഷണ്ടി തല തടവി ദിനേശനെ ഓര്‍ത്തു....

  "അല്ലെങ്കിലും....കൊണ്കിരസ്സ്ക്കാര് നോണയന്മാരാ...വാ പൊളിക്കുന്നത്                 പ്രസംഗിക്കാനും,തിന്നാനും,നോണ പറയാനും മാത്രം..."

                                                  പെണ്ണമ്മ ചിന്തിച്ചത് തന്‍റെ എരുമയെ കുറിച്ചായിരുന്നു..ആറ്റ് നോറ്റ് വളര്‍ത്തിയ എരുമ..പത്ത് നാഴി പാല് തികച്ച് ചുരത്തി തന്നിരുന്ന ക്ഷീര റാണി...അവള്‍ എവിടെയാണോ എന്തോ??

                                                   31-ന് വൈകീട്ട് ക്ഷീര റാണി വെട്ടുക്കാരന്‍ ഹസ്സന്റെ ഇറച്ചി പീടികയിലെ വിട്ടത്തില്‍ തൂങ്ങി ആടി..ആദ്യം വന്നവര്‍ അടിയെല്‍ക്കാത്ത ഇറച്ചി വാങ്ങി വീട്ടില്‍ കൊടുത്ത്മസാല വാങ്ങാനും, മദ്യം വാങ്ങാനും ഓടി..പല വീടുകളില്‍ നിന്നും വൈകുന്നേരം ബീഫ് കറി, ബീഫ് ഫ്രൈ, ബിരിയാണി, എന്നീ രൂപത്തില്‍, തട്ടുകട കുമാരന്റെ കടയില്‍ ബോട്ടി കൊള്ളി രൂപത്തില്‍, പെണ്ണമ്മയുടെ എരുമ അതിവേഗം രൂപാന്തരം പ്രാപിച്ച് പുതുവര്‍ഷം വരവേല്‍കാന്‍ വയറിനുള്ളിലേക്ക്....ഒരു സ്മാരകം പോലെ വൈകുന്നേരം വരെ എരുമയുടെ തല ഇറച്ചി കടയുടെ മുന്നില്‍ എല്ലാവരെയും നോക്കി പല്ലിളിച്ച് നോക്കിയിരുന്നു...

                                                ലോകാവസാനം ബാഗ്ളൂര്‍ നഗരത്തില്‍ രണ്ടാം മധുവിധു രൂപത്തില്‍ ആഘോഷിച്ച് ശ്രീമാന്‍ ശ്രീമതി തിരികെ വന്നു...ശ്രീമാന്‍ പഴയ പോലെ മുടിവെട്ട് കടയില്‍ തപസ്സിരുന്നു...പെണ്ണമ്മ ബാക്കി കയ്യിലുണ്ടായ പൈസയ്ക്ക് ഒരാടിനെ വാങ്ങി...വീണ്ടും കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടി നാടുക്കാരുടെ തലയും, താടിയും  വടിക്കാന്‍ കാത്തിരുന്നു.....

                                               ജനുവരിയിലെ ഒരു പ്രത്യേകതയും ഇല്ലാത്ത മുപ്പത് ദിവസത്തിന് ശേഷം അവസാനം "y2k" ഭൂമിയില്‍ അവതാരം എടുത്തു...കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടിയുടെ, പെണ്ണമ്മയുടെ...ജീവിതത്തില്‍...!!!!ബാഗ്ളൂര്‍ ലോകാവസാനം "y2k" എന്ന പുതു രൂപത്തില്‍ പെണ്ണമ്മയുടെ വയറ്റില്‍ അവതരിച്ചു...

                                               കാലങ്ങള്‍ കാത്തിരുന്ന "കുളി തെറ്റല്‍" ആദ്യമായി പെണ്ണമ്മയുടെ ജീവിതത്തില്‍....അവിടെ പുതിയ കഥ തുടങ്ങുകയാണ്..."y2k" യുടെ കഥ....????

                                             



       




    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ