2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

യേശുനാഥന്‍ ദൈവപാക്യം....

                                                     രാവിലെയാണ് ശിവപ്രിയ മുനമ്പം ഹാര്‍ബറില്‍ അടുത്തത്.ഏഴ് ദിവസത്തെ കടല്‍ ജീവിതത്തിനു ശേഷം നിറയെ മീനുമായി."പതിനാലില്‍ " കൂന്തളും, കിളി മീനും, തളയാനും കൊയ്ത്തായിരുന്നു...അവസാനമിട്ട വലയില്‍ നിന്നും കണ്ണയില പെറുക്കി കടലില്‍ എറിയേണ്ടി വന്നു...ഐസ് തീര്‍ന്നതിനാല്‍ പതിനാലില്‍ നിന്നും വലിച്ച് വെച്ച് ഒരു വിടല്‍...വെളുപ്പിന് മുനമ്പത്ത്..."യേശുനാഥന്‍ ദൈവപാക്യം" എന്ന പാക്യം ആണ് രണ്ടാം സ്രാങ്ക്..കരയില്‍ എത്തിയാല്‍ പിന്നെ ഒന്നാം സ്രാങ്ക് വെള്ളത്തില്‍ മുങ്ങും.."വെള്ളത്തില്‍ നിന്നും കയറിയാല്‍ വെള്ളത്തില്‍ മുങ്ങി കിറുങ്ങി നടക്കുക...അതാണ് ഒന്നാം സ്രാങ്ക്..

                                                     പാക്യം പിള്ളേരെയും കൂട്ടി മീന്‍ കോരാനുള്ള തയ്യാറെടുപ്പ് തുടങ്ങി...നേരം വെളുക്കുന്നതെയുള്ളൂ...കരയില്‍ ലേലം വിളി തുടങ്ങിയിരിക്കുന്നു..."വേളാങ്കണ്ണി മാതാ.."ബോട്ടിലെ മീനാണ് ലേലം നടക്കുന്നത്...പാക്യം കുന്ന്‍ കൂട്ടിയിട്ടിരിക്കുന കിളിമീനിന്റെ ഇടയിലൂടെ ലേല സ്ഥലത്ത്...തരകന്‍ സതീശന്‍ തകര്‍ത്ത് വിളിക്കുന്നു...മൂന്ന്‍ ബോക്സ് ഇടത്തരം കിളിയുടെ വില ആറായിരം കടന്നിരിക്കുന്നു...പാക്യത്തെ കണ്ടതും സതീശന്‍ കണ്ണ് കൊണ്ട് മീന്‍ കൊണ്ട് വരാന്‍ ആംഗ്യം കാണിച്ചു...പാക്യം തിരികെ നടക്കുമ്പോള്‍ "വെള്ളം കൊരികളെ" കുറിച്ച് ഓര്‍ത്തു. വഴിയില്‍ കണ്ട സീഗള്‍ ബോട്ടിലെ സ്രാങ്ക് പീറ്ററോട് തിരക്കി..

              "അണ്ണാ നമ്മ വെള്ളം കോരി സിദ്ധിഖ്..അവനെ പാത്താച്ചാ??"

              "ഇല്ലപ്പാ..."

                                                 വെള്ളം കോരികള്‍ എന്നറിയപ്പെടുന്ന സഹായികള്‍ ആണ് ബോട്ട് അടുക്കുമ്പോള്‍ സാധാരണ സഹായിക്കാന്‍ എത്തുന്നത്...ശിവപ്രിയ കരയില്‍ അടുക്കുമ്പോള്‍ രണ്ടു വെള്ളം കോരികള്‍ ഉണ്ടാകും സഹായത്തിനു...ഇന്ന്‍ അവരെ കാണാനില്ല...വരുമായിരിക്കും.....?? എന്തായാലും കുറച്ച് മുന്നില്‍ ബോട്ടിന്‍റെ മുതലാളി സജിത്തണ്ണന്‍...പാക്യം മനസ്സില്‍ കരുതി.എല്ലാം കഴിയുമ്പോള്‍ അണ്ണനോട് ചോദിക്കണം, ജീവിതത്തിലെ പ്രധാന ഒരു ദിവസമാണ് നാളെ...അണ്ണന്‍ സമ്മതിക്കും...ഒന്നാമത് നല്ല ചരക്കുള്ള ദിവസമാണ്...അയാള്‍ വേഗം നടന്ന്‍ സജിത്തിന്‍റെ അടുത്തെത്തി..സജിത്ത് അയാളെ കണ്ടതും ഉറക്കം വിടാത്ത കണ്ണിലൂടെ ...

         "എങ്ങിനുണ്ട്??"

         "ഒരു മുപ്പത് ബോക്സ് കണവ ഉണ്ടാകും അണ്ണാ...പിന്നെ കിളി, തളയാനും, ചൂണ്ട പണി തരകേടില്ല... അറക്ക, കുടുത...സതീശന്‍ അണ്ണന്‍ പറഞ്ച്...കോരി കൊള്ളാന്‍..

                                                      പകരം ഒരു മൂളല്‍ ആയിരുന്നു മറുപടി.ബോട്ടില്‍ ചെല്ലുമ്പോള്‍ വെള്ളംകോരികളും, ബോട്ടിലെ പണിക്കാരും മീന്‍ സ്റ്റോറില്‍ നിന്നും കോരിയെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നു.. ഒമ്പത് മണി വരെ മീന്‍ ചുമന്ന്‍ ഹാര്‍ബറില്‍ ലേലം വിളി നടക്കുന്ന സ്ഥലത്ത് എത്തിച്ചു.. ഒടുവിലത്തെ ബോക്സും ലേലം വിളി കഴിഞ്ഞ് തിരികെ ബോട്ടിലേക്ക്...മറ്റ് പണിക്കാരെ കൂട്ടി സ്റ്റോര്‍ റൂമും, ബോക്സുകളും, വീല്‍ ഹൌസും, എല്ലാം കഴുകി വൃത്തിയാക്കി.കീറിയ വലകള്‍ എടുത്ത് വലപ്പണിക്കാരന്‍ മധുവിന് കൊടുത്ത് തിരികെ വന്ന്‍ ഒരു കുളിയും നടത്തി മൂന്ന്‍ മണിയോടെ ഉച്ചയൂണ് കഴിച്ചു..സ്രാങ്ക് ലഹരിയില്‍ നുരഞ്ഞു പതഞ്ഞു ഒരു വലയുടെ മുകളില്‍ കിടന്നുറങ്ങുന്നു...ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളെ വെളുപ്പിന് ബോട്ട് കര വിടുമ്പോള്‍...അതാണ് പതിവ്..

                                                      നാളത്തെ ദിവസം..മനസ്സ് വല്ലാതെ ഭയപ്പെടുന്നു..സ്രാങ്ക് സമ്മതിച്ചു..ഇനി സജിത്തണ്ണന്‍...ചോദിക്കണം..നാളെ കുളച്ചല്‍ എത്തിയില്ലെങ്കില്‍ ചങ്ക് പൊട്ടി മരിച്ച് പോകും...മനസ്സ് പായുകയാണ്..നാളത്തെ ഒരു ദിവസം...ജീവിതത്തില്‍ കൂട്ടി വെച്ച എല്ലാ സ്വപ്നങ്ങള്‍ക്കും അര്‍ത്ഥമുണ്ടാകുന്ന ദിവസം..മുതിരന്നതില്‍ പിന്നെ കരയേക്കാള്‍ കൂടുതല്‍ സമയം കടലിലാണ് ജീവിച്ചത്..ആഴവും, അനന്തവുമായ കടല്‍...ട്രോളിങ്ങ് നിരോധിക്കുമ്പോള്‍ നാട്ടിലെത്തി കട്ടമരത്തില്‍ കടലില്‍ പോകും..കടലാണ് ജീവിതം..ആ കടല്‍ തന്നെയാണ് ജീവിതം തകര്‍ത്തതും..ജാനമ്മ  ..ഒരു വേദനയാണ്..ഒരു സുനാമിയില്‍ നഷ്‌ടമായ വേദന..സ്നേഹത്തിന്റെ നിറകുടം..അവള്‍ ജീവിതത്തില്‍ തന്ന സ്നേഹം അതിന്റെ അളവ്, കടലോളം വരും...കടല്‍ പോലെ സ്നേഹം..ഒടുവില്‍ കടലില്‍ തന്നെ...അവസാനമായി ഒന്ന് കാണാന്‍ പോലും സാധിച്ചില്ല...മകളെയും കൊണ്ട് കൊളച്ചല്‍ ടൗണില്‍ പോയി വരുമ്പോള്‍ എല്ലാം തീര്‍ന്നിരുന്നു....രാക്ഷസ തിരമാലകളില്‍ തുടച്ച് മാറ്റപ്പെട്ട തീരം...ജാനമ്മ കണ്ടു കിട്ടാനാകാത്ത നൊമ്പരമായി...മകളെയും, തന്നെയും തനിച്ചാക്കി കടലമ്മയുടെ മടിയില്‍ ഒളിച്ചിരിക്കുന്ന ജാനമ്മ, കടലും, താനും തനിച്ചാകുമ്പോള്‍ കണ്ണുകള്‍ നിറയും..ആരുമറിയാതെ കരയും.., ആഴക്കടലില്‍ വല വിരിക്കുമ്പോള്‍, ചൂണ്ട ഇടുമ്പോള്‍, ആകാശം നോക്കി കിടക്കുമ്പോള്‍ അവളെ ഓര്‍ക്കും...ജാനമ്മ..അവളെ കളിയാക്കി "കിളി മീന്‍" എന്നാണ് വിളിച്ചിരുന്നത്..ആ സ്നേഹം, അതൊരു നിധിയായിരുന്നു...ഇനിയൊരിക്കലും ഒരാളില്‍ നിന്നും കിട്ടാത്ത നിധി...

            "എന്താ പാക്യം...നിനയ്ക്ക് നാട്ടില്‍ പോണോ??

                                                      സജിത്തണ്ണന്‍...മുന്നില്‍..ആരോ പറഞ്ഞുള്ള അറിവായിരിക്കാം...തരകന്‍ ആപ്പീസിലെ രമേശന്‍ പറഞ്ഞതാകും...കാലത്ത് അവനോട് സൂചിപ്പിച്ചിരുന്നു...

           "അതെ അണ്ണാ...ഒരു വാരത്തുക്ക്...സ്രാങ്ക് സമ്മതം തന്നാച്ച്"

            "പൊയ്ക്കോ...അടുത്ത തവണ ബോട്ട് കയറുമ്പോള്‍ ഇവിടുണ്ടാകണം.."

                                                      സന്തോഷത്തോടെ തല ചൊറിഞ്ഞു അണ്ണനെ നോക്കി...ആള്‍ക്ക് അത് വേഗം തന്നെ മനസ്സിലായി..ആളുമായി അധികം സംസാരിക്കില്ല..ചില ആംഗ്യം, അത് മതി മനസ്സിലാക്കാന്‍, ചിലപ്പോള്‍ അതും വേണ്ട..ഒരു നോട്ടം..ഒരു ചലനം..

           "എന്നാ അഡ്വാന്‍സ് വേണമാ...ഇത്തവണ ബാറ്റയും, ചൂണ്ട പങ്കും ചേര്‍ത്ത് കൊറച്ച് കിട്ടില്ലേ...ഇനീം ...എത്ര വേണം...??

                                                      അയ്യായിരമെന്നു വലത് കൈ വിരല്‍ മുഴുവന്‍ വിടര്‍ത്തി കാണിച്ചു...

          "തരകന്‍ അപ്പീസിന്നു വാങ്ങിച്ചോ..."

                                                       പിന്നെ എല്ലാം വേഗത്തിലായി...ഒരാഴ്ചയ്ക്കുള്ള റേഷന്‍ വാങ്ങി ബോട്ടില്‍ കൊടുത്തു...അടുത്ത പോക്കിനുള്ള ഐസ് സ്റ്റോറില്‍ നിറച്ചു..ഡീസല്‍ അടിക്കാന്‍ പമ്പില്‍ കൊണ്ട് പോയി...എല്ലാം തീരുമ്പോള്‍ സമയം രാത്രി പത്ത് മണി...എറണാകുളം വരെ പോകുന്ന സഫ യുടെ മീന്‍ വണ്ടിയില്‍ കയറി യാത്ര..ഉറങ്ങാന്‍ തോന്നിയില്ല...കണ്ണ് പൂട്ടിയാല്‍ നാളത്തെ ദിവസത്തെ കുറിച്ചുള്ള ആകാംക്ഷ..ജീവിതത്തില്‍ പ്രധാന ദിവസങ്ങള്‍...അതില്‍ ഒരു പക്ഷെ ഏറ്റവും പ്രധാന ദിവസം...കൂനന്മാവ് പള്ളിയിലെ കുരിശ് രൂപം ഇരുട്ടില്‍ തിളങ്ങുന്നു...പ്രാര്‍ത്ഥിച്ചു...രാവിലെ കൊളച്ചല്‍ എത്താം...വണ്ടി കിട്ടുന്ന മുറയ്ക്ക്..വിചാരിച്ച പോലെ അധികം താമസിയാതെ തിരുവനന്തപുരം ഫാസ്റ്റ് കിട്ടി..അതിരാവിലെ തമ്പാനൂര്‍ എത്തും..പക്ഷെ എല്ലാം തകിടം മറിച്ച് വഴിയില്‍ വെച്ച് ഒരു പഞ്ചര്‍...കൊറേ താമസിച്ചാണ് അടുത്ത വണ്ടി കിട്ടിയത്..മൊബൈല്‍ ആണെങ്കില്‍ ചാര്‍ജ്ജ് പോയി നിലച്ചു...രാവിലെ എട്ടു മണിയോടെ തിരുവനന്തപുരത്ത്...ഒരു കാലി ചായയും കുടിച്ച് വേഗം നാഗര്‍കോവില്‍ വരെ പോകുന്ന ചേരന്‍ ബസ്സില്‍ ഇടം പിടിച്ചു...
അടുത്ത ഇരിക്കുന്ന ആള്‍ ഒരു പത്രം വായിക്കുന്നു...നോക്കാന്‍ തോന്നിയില്ല..വേണ്ട...ആകാംഷ വളരുന്നു..ഒന്ന്‍ ഫോണ്‍ ചെയ്യാന്‍ പോലും...


                                                   കൊളച്ചല്‍ ബസ്സിറങ്ങി വാനിയക്കുടി വരെ ഒരു ഓട്ടോ പിടിച്ചു...മനസ്സ് പെരുമ്പറ പോലെ കൊട്ടാന്‍ തുടങ്ങുന്നു...ജീവിതത്തിലെ പ്രധാന ദിവസം മുന്നില്‍...ഇത് വരെ കടലില്‍ ജീവിച്ച ജീവിതത്തിനു ഒരു മാറ്റം...സൈന്റ്.ജെയിംസ് പള്ളിയിലെ രൂപക്കൂട്ടില്‍ പരമ കാരുണ്യവാന്‍ കരുണ ചൊരിയുന്നു..അവന്‍റെ കരുണ തന്നിലേക്കും നീളുന്നുവോ?? ജാനമ്മ കൊതിച്ച, താന്‍ ഒരു പാട് കൊതിച്ച ദിവസം...വളവ് തിരിഞ്ഞ് മുന്നില്‍ കൊച്ച് വീട്...അവിടെ ഒരാള്‍കൂട്ടം...മനസ്സ് വീണ്ടും ഉച്ചത്തില്‍ മേളം....


                                                   കൂട്ടം കൂടി നില്‍ക്കുന്ന ആളുകള്‍ക്ക് ഇടയിലൂടെ അഭിമാനത്തോടെ നടന്നു...ജയ ടിവിയടക്കം കുറേ ചാനലുക്കാര്‍, നാട്ടുക്കാര്‍ മുഴുവന്‍...രണ്ടു മുറി വീടിന്റെ ഹാളിലേക്ക് അയാള്‍ കയറി...ഹാളിന്റെ ഒരു വശത്ത് മുഴുവന്‍ പുസ്തകങ്ങള്‍, ന്യൂസ് പേപ്പറുകള്‍, മാസികകള്‍, അവിടെയും ജന സമുച്ചയം, ആരോല്ലോമോ അയാളെ നോക്കി അടക്കം പറഞ്ഞു..യേശുനാഥന്‍ ദൈവപാക്യം അവളെ തേടി...ഒരു ചാനലുക്കാരുടെ മുന്നില്‍ അവള്‍..തന്റെ മകള്‍, ജാനമ്മയുടെ മകള്‍, രോഷ്നി ദൈവപാക്യം..
"രോഷ്നി ദൈവപാക്യം..ഐ.എ.എസ്..." കടപ്പുറത്ത് ജനിച്ച് വളര്‍ന്ന്‍, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, ഒരു മുക്കുവന്റെ മകളായി ജീവിച്ച് ആ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ...
രോഷ്നി ദൈവപാക്യം...അച്ഛനും, മകളും തമ്മില്‍ കണ്ടു...പാക്യം ബഹുമാനത്തോടെ കൈകള്‍ കൂപ്പി, നിറഞ്ഞ കണ്ണുകള്‍...

             "കാലേ..വണക്കം അമ്മാ..."

                                                  അവള്‍ ഓടി വന്ന് ഒരു കരച്ചിലോടെ പാക്യത്തെ പുണര്‍ന്നു...സന്തോഷം കണ്ണ് നീരായി പുറത്തേക്ക്...ക്യാമറകള്‍ മിന്നി...ആ അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസത്തിനു മുന്നില്‍..വര്‍ഷങ്ങള്‍ കൊണ്ട് കടലിലും, കരയിലും നെയ്ത ജീവിത സ്വപ്നം ഒരു വിജയമായി മുന്നില്‍..അവള്‍ ഒരു കൊച്ചു കുട്ടിയെ പോലെ കൈകള്‍ നീട്ടി...

       "അപ്പാ..."

                                                  പാക്യം സഞ്ചിയില്‍ നിന്നും തേന്‍ നിലാവ് പാക്കെറ്റ് ആ കൈകളില്‍ കൊടുത്തു..എന്നത്തേയും പോലെ..കൊച്ചു കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരു തേന്‍ നിലാവ് ..അതിനപ്പുറം മറ്റൊന്നും അവള്‍ ആവശ്യപെട്ടിട്ടില്ല...ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല..പരാതിയില്ല, പരിഭവമില്ല..അയാള്‍ വീണ്ടും അവളെ ചേര്‍ത്ത് പിടിച്ചു...

.                                               അപ്പോള്‍ കടലില്‍ നിന്നും അടിച്ച ഒരു ചെറിയ കാറ്റില്‍ കടല്‍ത്തിരയുടെ ആത്മാവ് കലര്‍ന്ന്‍ ജലകണങ്ങള്‍...അതിനു ജാനമ്മയുടെ ഗന്ധമുണ്ടായിരുന്നു.


പതിനാല് :- ബോട്ടുക്കാരുടെ ഭാഷയില്‍ മംഗലാപുരത്തിനും , കണ്ണൂരിനുമിടയില്‍, ഇരുപത് നോട്ടിക്കല്‍ മൈല്‍ ദൂരത്ത്...(കേട്ടറിവ്)

                                                         





              

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ