2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

25th JUNE 2050, കൊടുങ്ങല്ലൂര്‍...

25th June 2050,

                                             നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിന്റെ മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ വിമാനം ഇറങ്ങി പുറത്തേക്ക്‌ വന്ന് ഇനിയുള്ള യാത്രയെ കുറിച്ച് ചിന്തിച്ച് ഒരു നിമിഷം നിന്നു..മള്‍ട്ടിമീഡിയ ഗ്ലാസ്സ് കണ്ണില്‍ വെച്ച് മൊബൈല്‍ സി.പി.യു ഓണ്‍ ചെയ്ത് "കൊടുങ്ങല്ലൂര്‍ " എന്ന് പറഞ്ഞപ്പോള്‍ ഗ്ലാസ്സിന്റെ സ്ക്രീനില്‍ കൊടുങ്ങല്ലൂര്‍ നിറയുന്നു..സി.പി.യു റിമോട്ടില്‍ "വിക്കിമാപ്പ്‌"..അതില്‍ കൊടുങ്ങല്ലൂര്‍ പോകാനുള്ള കൃത്യമായ വിവരങ്ങള്‍...ഒരു സുന്ദരിയുടെ ശബ്ദത്തില്‍...

                                              എയര്‍ പോര്‍ട്ടിന് പുറത്ത്‌ നിന്നും മൂന്ന്‍ മാര്‍ഗ്ഗങ്ങള്‍...റോഡ്‌ മാര്‍ഗ്ഗം...കൊടുങ്ങല്ലൂര്‍ വരെ നീളുന്ന കൊച്ചി മെട്രോ വഴി, അതുമല്ലെങ്കില്‍ തീരദേശ റെയില്‍ വഴി..ചിന്തിച്ചപ്പോള്‍ റോഡ്‌ മാര്‍ഗ്ഗം ...അതായിരിക്കും നല്ലതെന്ന്‍ തോന്നി...കാഴ്ചയില്‍ നിറഞ്ഞു മുപ്പത്തിയഞ്ച് കൊല്ലത്തിനു ശേഷം മുസീരീസിലെക്ക്..ടാക്സി സ്റ്റാന്‍ഡില്‍ നിന്നും ഇലക്ട്രിക്ക് കാറില്‍ യാത ആരംഭം...മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്നും ഇടപ്പള്ളി വരെയുള്ള അതിമനോഹരമായ എട്ടു വരി പാത..ഇരു വശത്തും പച്ചപ്പ്‌, റോഡിനു നടുവില്‍ പൂക്കാലം...ഡിജിറ്റല്‍ പരസ്യ ബോര്‍ഡുകള്‍...കൂറ്റന്‍ കെട്ടിടങ്ങള്‍, നഗരം ആകാശത്തേക്ക് വളര്‍ന്നു നില്‍ക്കുന്നു..."എട്ജു വേള്‍ഡ്‌" എന്ന അതിപ്രശസ്തമായ യൂണിവേഴ്സിറ്റി ഒരു മുപ്പത്‌ നില കെട്ടിടമായി വഴിയരികില്‍..വഴിയില്‍ ഒരിടത്ത്‌ പോലും ഒരു കടലാസ്സ്‌ കഷണം പോലും കാണാന്‍ കഴിയില്ല..അത്രയും വൃത്തിയുള്ള പരിസരം...മുപ്പത്തിയഞ്ച് വര്ഷം മുന്‍പ് മൂക്ക് പൊത്തി അറപ്പോടെ യാത്ര ചെയ്തിരുന്ന നാടായിരുന്നു...ഇതിപ്പോള്‍ വളരെ മാറിയിരിക്കുന്നു....അന്താരാഷ്ട്ര നിലവാരത്തിന് അപ്പുറത്തേക്ക്....എന്റെ കൌതുകം നിറഞ്ഞ നോട്ടം കണ്ട് കാറിന്റെ ഡ്രൈവര്‍ തന്നെ അഭിമാനത്തോടെ പറയാന്‍ തുടങ്ങി...

                                                 "സര്‍..രണ്ടായിരത്തി പതിനാറില്‍ നടന്ന "ക്യാമ്പസ്‌ വിപ്ലവം..."അതാണ് ഈ നാടിന്‍റെ ചരിത്രം മാറ്റിയത്‌...രണ്ടായിരത്തി പതിനാറിന് മുന്‍പ്‌ വരെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ പത്തറുപത് കൊല്ലം മാറി മാറി ഭരിച്ച്, കട്ട് മുടിച്ച്, നശിപ്പിച്ച സംസ്ഥാനം...ഒടുവില്‍ ജനത്തിനു വിവരം വെച്ച്...അതും കുട്ടികളിലൂടെ....സമൂഹത്തെ കാര്‍ന്നു തിന്നുന്ന ജീവികളെ അവര്‍ തിരിച്ചറിഞ്ഞു....അങ്ങിനെ ഒരു കോളേജ്‌ ക്യാമ്പസ്സില്‍ നിന്നും "ജന മുന്നേറ്റ മുന്നണി" എന്ന പേരില്‍...സംഭവം വേഗം തന്നെ വൈറല്‍ ആയി മാറി..പിന്നെ അന്നത്തെ സോഷ്യല്‍ മീഡിയ, ക്യാമ്പസുകളില്‍ നിന്നും അത് പൊതു ജന മധ്യത്തിലേക്ക്...കടല്‍ കിഴവന്മാരെ കട്ട് മുടിച്ച് ജീവിച്ചിരുന്ന പാര്‍ട്ടിയെ, അവര്‍ മാറാന്‍ കാത്തിരുന്ന എതിര്‍ കക്ഷിയെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിറപ്പിച്ച് "ജനമുന്നേറ്റ മുന്നണി" തുടക്കം കുറിച്ചത്...അഴിമതിക്കാര്‍ മുഴുവന്‍ ജയിലിലും, കേസിലും..."'

                                                      ഡ്രൈവര്‍ പറഞ്ഞ് നിര്‍ത്തി കാര്‍ "ചാര്‍ജിംഗ് സ്റേഷനില്‍ ഓടിച്ച് കയറ്റി...അഞ്ചു മിനിറ്റ് കൊണ്ട് പുതിയ ബാറ്ററി കാറില്‍ കയറ്റി...ഇതാണിപ്പോള്‍ പുതിയ വിപ്ലവം..ലെഡ്‌ ആസിഡില്‍ നിന്നും മോചനം കിട്ടി പുതിയ ബാറ്ററികള്‍...ഇന്ധനം വേണ്ട...ഒരു പ്രാവശ്യം ചാര്‍ജ്ജ്‌ ചെയ്താല്‍ രണ്ടായിരം കിലോമീറ്റര്‍ സഞ്ചരിക്കാം...അതിനു പുറമേ കാറിനു മുകളിലെ സോളാര്‍ റൂഫില്‍ നിന്നും പകല്‍ സമയം ബാറ്ററി ചാര്‍ജ്ജ്‌ ചെയ്യാനുള്ള സൗകര്യം...


                                                         സര്‍...ഈ കാര്‍ കണ്ടോ...ഇത് പോലെ എല്ലാ മേഖലയില്‍ അടി മുടി മാറ്റങ്ങള്‍...ഇപ്പോള്‍ വന്നിറങ്ങിയ വിമാനത്താവളം പോലെ..ജന പങ്കാളിത്തത്തോടെ പദ്ധതികള്‍...ഒരു കാലത്ത്‌ ഒരു ചെങ്കൊടിയുടെ പിന്‍ ബലത്തില്‍ അടച്ച് പൂട്ടിയ കമ്പനികള്‍ എല്ലാം തുറന്നു..പുതിയവര്‍ വന്നു...(അയാള്‍ പറഞ്ഞത്‌ ശരി ആയിരുന്നു...ബോയിംഗ്, ഫോക്സ് വേഗന്‍, പാര്‍ക്കര്‍ ഇവയുടെ കമ്പനികള്‍ കൂറ്റന്‍ മതില്‍ കെട്ടിനകത്ത്, റോഡരികില്‍..)...നിയമങ്ങള്‍ അടി മുടി മാറി...വളരെ വേഗം തന്നെ ഈ നാട് മുഴുവന്‍ മാറ്റത്തിന്റെ കാറ്റ് വീശി...പണ്ട് ഇവിടെ നിന്നും ജോലി തേടി ഗള്‍ഫ്‌ രാജ്യങ്ങള്‍ തേടി പോകുന്ന പ്രവണത മാറി...ഇവിടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം..ഇതിനിടയില്‍ വേരറ്റു പോയ രണ്ടു പാര്‍ട്ടികള്‍...ഇന്നവര്‍ക്ക് നിയമസഭയില്‍ പോലും പ്രതിനിധികള്‍ ഇല്ലാത്ത അവസ്ഥ...

                                                             കാര്‍ ഇടപ്പള്ളി ഇന്റര്‍ ചേഞ്ച്‌ കയറി ദേശിയ പാത പതിനെഴിന്റെ ആറു വരിയിലേക്ക്...അതിനു സമാന്തരമായി തീരദേശ റെയിലും, മോട്രോയും, റോഡിനിരു വശവും ആകാശത്തേക്ക് നഗരം വളരുന്നു...കൊച്ചി ഇപ്പോള്‍ ഗ്രേറ്റ്‌ മെട്രോ ആണ്...അരൂരും, മുവാറ്റുപുഴയും, ചാലക്കുടിയും, കൊടുങ്ങല്ലൂരും ഉള്‍പെടുന്ന വിശാല നഗരം..ഡ്രൈവര്‍ പറഞ്ഞത്‌ ശരിയാണ്...അടി മുടി മാറ്റം...കേട്ടിരുന്നു ചില വാര്‍ത്തകളില്‍ ...സൗരോര്‍ജ്ജം ഇത്രയും ഉപയോഗിക്കുന്ന സംസ്ഥാനം...ഇരു ഹൈഡ്രോ ഇലക്ട്രിക്ക് പോജക്ടിനെ ആശ്രയിച്ച് ജീവിച്ചിരുന്ന ജനത്തെ മാറ്റി മരിച്ചത്‌ ക്യാമ്പസ്‌ വിപ്ലവം തന്നെ...ഇന്ന്‍ എല്ലാം സൂര്യനെ ഉപയോഗിച്ച്, ...ഇടയ്ക്ക് വഴിയരികിലെ ഒരു ഡിജിറ്റല്‍ ബോര്‍ഡില്‍ പതിനഞ്ച് വര്‍ഷമായി നാട് ഭരിക്കുന്ന ഉദ്യോഗസ്ഥനായ മുഖ്യമന്ത്രി "അഖില്‍.എസ്."..ഒരു നാടിന്‍റെ ഭാഗധേയം മാറ്റി മരിച്ച മാറ്റങ്ങള്‍ കാത്ത്‌ സൂക്ഷിക്കുന്ന എഞ്ചിനീയര്‍ കൂടിയായ മന്ത്രി...പണ്ട് ജനസേവനം എന്ന്‍ പേരിട്ടു കാലത്ത്‌ തന്നെ ഖദര്‍ ധരിച്ച് ഇറങ്ങി നടന്നിരുന്ന ഒരു ജോലിയും ചെയ്യാതെ ജനങ്ങളെ സേവിച്ച്, എല്ലാത്തിലും ഇടപ്പെട്ട്, കയ്യിട്ടു വാരി കുളമാക്കി നടന്നിരുന്ന വര്‍ഗ്ഗം ഇന്ന് അന്യം..ഇന്ന്‍ എല്ലാവര്‍ക്കും, ഭരിക്കുന്നവര്‍ക്കും ജോലിയാണ്...ജോലി ചെയ്ത് ഭരിക്കുന്ന പുതിയ തലമുറ...അതിന്റെ മാറ്റം അതി വിപുലം....വ്യവസായ വല്‍കൃത സമൂഹം...സ്വയം പര്യാപ്തമായ ഏഴ് കോടി ജനത...കൊടികളും, തോരണങ്ങളും ഇല്ലാത്ത വഴിയോരങ്ങള്‍...

                                                                        
                                                                         പോക്കറ്റ് സി.പി.യു എടുത്ത്‌ അതില്‍ വെറുതെ അഖില്‍.എസ് എന്ന്‍ പറഞ്ഞപ്പോള്‍ അയാളെ കുറിച്ചുള്ള വാര്‍ത്തകള്‍...അതില്‍ അതീവ താല്പര്യം ഉണ്ടാക്കിയ ചില വാക്കുകള്‍...ഒരു നാടിനെ സേവിക്കുന്ന ഉദ്യോഗസ്ഥനായ മുഖ്യമന്ത്രിയുടെ വാക്കുകള്‍...

                     "വെറുതെ ഒരു പ്രഖ്യാപനം, വെറുതെ ഒരു കല്ലിടല്‍...അതായിരുന്നു നമ്മുടെ പഴമക്കാര്‍ ചെയ്തത്..ഇന്ന്‍ ഒരു പ്രഖ്യാപനം...നാളെ അതിന്‍റെ തുടക്കം...ഇന്നിടുന്ന കല്ല്‌, നാളെ അതിന്‍റെ കെട്ടി ഉയര്‍ത്തല്‍...അതാണ് നമ്മുടെ ശൈലി..വാക്കുകള്‍ അല്ല വളരേണ്ടത്‌...പ്രവര്‍ത്തികള്‍ ആണ് വാക്കുകളേക്കാള്‍ മുന്നില്‍ വരേണ്ടത്...ഞാനല്ല..നമ്മളാണ് ഒന്നിച്ച് തീരുമാനിക്കേണ്ടത്.....ഞാനല്ല...നമ്മളാണ് ഈ നാട് ഭരിക്കുന്നത്,,,"

                                                                           പറവൂര്‍ എലിവെറ്റ് ഇന്റര്‍ ചേഞ്ച്‌ പിന്നിട്ട് മുന്നിലേക്ക്‌ പോകുമ്പോള്‍ കാറിന്റെ വീഡിയോ സ്ക്രീനില്‍ പുതിയ മലയാള ചിത്രത്തിലെ ഗാനരംഗം..സൂപ്പര്‍ സ്റാര്‍ അദ്വൈത്‌ ജയസൂര്യ  തകര്‍ത്ത്‌ ഡാന്‍സ്‌ ചെയ്യുന്നു...പണ്ട് ഇവന്‍റെ അച്ചന്‍ ജയസൂര്യയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്..എന്തായാലും ചെറുക്കന്‍ കൊള്ളാം...എല്ലായിടത്തും മാറ്റങ്ങള്‍...അറുപത് വര്‍ഷം കൊണ്ട് മാറി മാറി ഭരിച്ച് മുരടിപ്പിച്ച മണ്ണിനെ വെറും ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് മാറ്റിയെടുത്ത ആ കഴിവിനെ അഭിനന്ദിച്ചേ മതിയാകൂ....കാര്‍ പെരിയാറിനെ മുറിച്ച് കടന്ന് കൊടുങ്ങല്ലൂറിന്റെ മണ്ണിലേക്ക്‌...പെരിയാറിനു മീതെ നാലു പാലങ്ങള്‍, കണ്ടൈനര്‍ പോര്‍ട്ടില്‍ കാത്ത്‌ കിടക്കുന്ന ബാര്‍ജ്ജുകള്‍, നിര നിരയായി ലോറികള്‍, പെരിയാറിന്റെ തീരത്ത്‌ വളര്‍ന്ന്‍ നില്‍ക്കുന്ന ഉപനഗരം...കൊച്ചിയുടെ ഉപനഗരം...അകലെ പെരിയാര്‍ എന്ന കൊടുങ്ങല്ലൂര്‍ കായല്‍ അറബി കടലിനോടു ചേരുന്നിടത്ത് തുറമുഖത്ത്‌ കപ്പലുകള്‍, അതിനപ്പുറം നേരിയ വെള്ളി വര പോലെ അഴീക്കോട് പാലം...മാറ്റങ്ങള്‍...സ്വപ്ന തുല്യമായ വികസനങ്ങള്‍...ആധുനിക നഗരം, അടിമുടി മാറിയ ജനങ്ങള്‍, അഭ്യസ്തവിദ്യരായ ജനങ്ങള്‍...നല്ല റോഡുകള്‍, വൃത്തിയുള്ള ചുറ്റ് പ്പാടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കര്‍ശനവും, കനിശവുമായ റോഡ്‌ നിയമങ്ങള്‍, എല്ലായിടത്തും മാറ്റം...ദൈവത്തിന്റെ സ്വന്തം നാട് എന്ന്‍ പദം യാഥാര്‍ത്ഥ്യം...


                                                                                   അമിതമായ ആവേശത്തോടെ ഞാന്‍ എന്‍റെ നാടിനെ കണ്‍ കുളിര്‍ക്കെ കണ്ടു....മുപ്പത്തിയഞ്ച് കൊല്ലത്തിനു ശേഷം...പെട്ടെന്ന്‍..മുന്നില്‍..ഒരു കണ്ടയ്നര്‍ ലോറി...അപ്രതീക്ഷിതമായി എതിരെ കടന്ന് വന്നു...ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ...ഡ്രൈവര്‍ വെട്ടി തിരിക്കാന്‍ നോക്കി...സാധിച്ചില്ല...അത് ഇടിച്ച് തുളച്ച് കാറിനെ തെറിപ്പിച്ച്...ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥ...കണ്ണില്‍ ഇരുട്ട്..ഒരു ആര്‍ത്തനാദം...ഞാന്‍ ഞെട്ടിയുണര്‍ന്നു...ചുറ്റും ഇരുട്ട്...കൈ എത്തിച്ച് ബെഡ് സ്വിച്ച് ഇട്ടു...മുറിയില്‍ വെളിച്ചം..ചുമരില്‍ തൂങ്ങുന്ന കലണ്ടറില്‍ നോക്കി...പിന്നെ ക്ലോക്കിലും...

                 ആഗസ്റ്റ്‌ മാസം...18,  2015, സമയം വെളുപ്പിന് മൂന്നര...എല്ലാം സ്വപ്നം..കണ്ട കാഴ്ചകള്‍ എല്ലാം സ്വപ്നം...എന്തായാലും സുന്ദരമായ കാഴ്ചകള്‍...മനസ്സ് ആഗ്രഹിക്കുന്ന കാഴ്ചകള്‍...എന്നെ പോലെ പലരും കൊതിക്കുന്ന കാഴ്ചകള്‍...മാറേണ്ടിയിരിക്കുന്നു...എല്ലാം മാറണം...എന്തായാലും ഒരു കാര്യത്തില്‍ സന്തോഷം തോന്നി...വെളുപ്പിന് കണ്ട സ്വപ്നം ആണ്...പഴമക്കാര്‍ പറഞ്ഞു കേട്ടിടുണ്ട്...അത് ഫലിക്കും...ഇന്നല്ലെങ്കില്‍ നാളെ...??

               ഫലിക്കട്ടെ...കണ്ട സ്വപ്‌നങ്ങള്‍....ഇന്നല്ലെങ്കില്‍ നാളെ...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....
                                                                                      









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ