2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

"ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.."

               


                           "മോനെ ദാ ഈ ടര്‍ക്കി തലേല്‍ കെട്ടിക്കോ..നല്ല മഞ്ഞുണ്ട്."

                           ''കഴിഞ്ഞാ നേരെ പോന്നേക്കണം..നാളെ സ്കൂളീ പോണ്ടാതാ.."

            മുറ്റത്ത് കൂട്ടുക്കാര്‍ മൂന്ന്‍ പേര്‍. ഒരുവന്‍റെ കയ്യില്‍ പഴയ പായ, മറ്റൊരുവന്‍റെ കയ്യില്‍ നാലു ബാറ്ററി ടോര്‍ച്ച്, മൂന്നാമന്‍റെ  കയ്യില്‍ ഒരു മുള വടി. "ഇതെന്തിനാടാ ഷബീറെ മോളവടി??" അമ്മയുടെ ചോദ്യം.."അതേ ഹരിഹര ചെട്ടന്റോടെ ഒരു പട്ടീണ്ട്‌..ഒരു ചാവാലി, രാത്രി വഴീ പോണോരെ മുഴോന്‍ ഓടിച്ചിടും" .അത് കേട്ടപ്പോള്‍ അമ്മയുടെ മുന്നറിയിപ്പ്.."സൂക്ഷിച്ച് പോണേ" അമ്മയുടെ വാക്കുകള്‍  കടന്ന്‍ നേര്‍ത്ത നിലാവില്‍ തെളിഞ്ഞു കിടക്കുന്ന റോഡിലൂടെ..

                           "എന്തൂട്ട് ബാലെയാണടാ അക്കുടൂ ഇന്നലത്തെ..ഞാനോറങ്ങി.."

            മുന്നില്‍ ടോര്‍ച്ച് തെളിയിച്ച് നടക്കുന്ന ശീനുവിനാണ് ബാലെ ഇഷ്ടപ്പെടാതെ പോയത്. "കമ്മിറ്റിക്കാര്‍ക്ക് വല്ല മൂവാറ്റ് പോഴ ഏഞ്ചല്‍ വോസിന്റെ ഗാനമേള വെച്ചൂടെ..മോനെ മൂത്ത്ന്നം അമ്പലത്തി അവര് വന്നപ്പാ  അവര്ടെ പാട്ടുക്കാരന്‍  ചാക്കോ "പള്ളി കേട്ട് ശബരിമലക്ക് പാടി" എന്താര്‍ന്ന്‍ ആളുകള്ടെ കയ്യടി."

            പിന്നില്‍ നടക്കുന്ന സനുവാണ് എന്നെ പിടിച്ച് മാറ്റിയത്..അല്ലെങ്കില്‍ .." ദേടാ..ആന പിണ്ഡം." മുന്നിലെക്കുള്ള വഴി നിറയെ ആന പിണ്ഡം. ഇരുള്‍  നിറഞ്ഞ വഴി.ഇല്ലി കൂടാണ്. അവിടെ പകല് പോലും പ്രേതങ്ങള്‍ അലഞ്ഞ്‌ നടക്കുന്നത് കണ്ടവരുണ്ടത്രേ..അത് വരെ നിറഞ്ഞു നിന്ന നാലു നാവുകള്‍ അതോടെ നിശ്ചലമായി.പേടിയുടെ ഒറ്റയടികള്‍. ഇല്ലി കൂട് ചെറിയ കാറ്റില്‍ മൂളുന്നുണ്ട്..അതിനുള്ളില്‍ നിന്നും മിന്നാമിനുങ്ങ്‌ മിന്നുന്ന ചെറിയ വെട്ടം, കാത് തുളക്കുന്ന ചീവിടിന്റെ ശബ്ദം.ഇടയില്‍ നേരിയ വെട്ടത്തില്‍ ഒരു വെളുത്ത നിഴല്‍ മാറിയത് പോലെ..കണ്ണടച്ചു നടന്ന്‍..കാല് കല്ലില്‍ ഇടിച്ച് പൊട്ടിയെന്ന് തോന്നുന്നു. ഭയം കാറ്റില്‍ പറത്തി കൊണ്ട് മുന്നില്‍ ചൂട്ട് കറ്റകള്‍. "വേം നടക്ക്..അവരി നാടകം കാണാനാ.."

          ടാ..നിന്‍റെ കയ്യില് ചില്ലറ ഇണ്ടാ?? ഞാന്‍ ട്രൌസറില്‍ തപ്പി നോക്കിയപ്പോള്‍ പത്ത് പൈസയുടെ തണുപ്പ്.."പത്ത് പൈസ ണ്ട്.." ചോദ്യം ചോദിച്ച സനുവിനോട്.."നിന്റെലോ ??" അതിന് മറുപടി പോലെ അവന്‍ വീര്‍ത്തിരിക്കുന്ന കീശ ഒന്ന്‍ തഴുകി. "കശുണ്ടി ഇണ്ട്..അടി പ്രൈസ് നോക്കാം."

         നടന്ന്‍ വേഗം ചൂട്ട് കറ്റ സംഘത്തിന്‍റെ കൂടെ ചേര്‍ന്നപ്പോള്‍ നാലു മനസ്സുകള്‍ക്കും ഒരു ചെറിയ ആശ്വാസം.ചാവാലി പട്ടി ചില്ലറ മുരള്‍ച്ചയും, കുരയുമായി പ്രതിഷേധം തീര്‍ത്തെങ്കിലും കൂട്ടത്തിലെ ആരുടെയോ കല്ലിന്‍റെ പ്രതികരണത്തില്‍ മോങ്ങി കൊണ്ട് അപ്രത്യക്ഷമായി.കുറച്ച് നടന്നപ്പോള്‍ അമ്പല പറമ്പില്‍ നിന്നുള്ള പാട്ട് കേള്‍ക്കാം.."നമ്മക്കെ നല്ല സലം നോക്കി ഇരിക്കണം..ഉഗ്രന്‍ നാടകാ."

        വെളിച്ചവും, ശബ്ദവും കലര്‍ന്ന അമ്പല പറമ്പില്‍ എത്തിയപ്പോള്‍ സ്റ്റേജിനു മുന്നില്‍ നിരത്തിയിട്ട പായകള്‍, ആളുകള്‍ അഡ്വാന്‍സ് ബുക്കിങ്ങ് ആസ്വദിച്ച് പായയില്‍ കിടന്നും ഇരുന്നും..ഇടയില്‍ കിട്ടിയ പൂഴി മണലില്‍ ഒരു ചെറിയ സ്ഥലത്ത് പായ വിരിച്ച് നാലു പേരും ഇരിക്കുമ്പോള്‍ സനുവിനു മുന്നില്‍ വോളിബോര്‍ കോര്‍ട്ടിലെ കുറ്റിയുടെ തടസ്സം..അടുത്ത പായ പതുക്കെ വലിച്ച് നീക്കി ആ തടസ്സം മാറ്റാന്‍ നോക്കിയപ്പോള്‍ പായയുടെ ഉടമ അമ്മൂമ്മ വക ശകാരം."ടാ ചെക്കാ ഞങ്ങളെ എട്ടരക്ക് വന്നോരാ.അങ്ങട് മാറിരി"

        അവിടെ ഇരുന്ന്‍ കൊണ്ട് തന്നെ ചുറ്റും നോക്കി. അമ്മായി പീപ്പി വിളിയും, അടി പ്രൈസ് കളിക്കാരുടെ അരവും, അതിന് മേല്‍ വന്നെത്തി നില്‍ക്കുന്ന തായമ്പ മേളവും..പൊടിയും, താഴെ ഇരുട്ടില്‍ ഒരു ചങ്ങല കിലുക്കം. ആനകളെ തളച്ചിരിക്കുന്നത് അവിടെയാകാം..അതിന് മുന്നില്‍ നേരിയ വെട്ടത്തില്‍ നാടക ക്കാരുടെ മിനി ബസ്സ്‌. ഞങ്ങള്‍ ഇരിക്കുന്നത്തിന്‍റെ ഇടത് വശത്ത് മതിലിനോട് ചേര്‍ന്ന്‍ കൈ നോട്ടക്കാര്‍.അവര്‍ക്ക് മുന്നില്‍ ഇരുള്‍ മൂടി നില്‍ക്കുന്ന ഭാവി അറിയാന്‍ ചിലര്‍.അവര്‍ക്കിടയില്‍ ഒരു പട്ടു പാവാട തിളക്കം കണ്ടപ്പോള്‍ ശീനുവിന്റെ തോണ്ടല്‍.."ദേടാ..വളവിലെ കുശ്ബു." നോക്കിയത് അപരാധമായത് പോലെ ഞാന്‍ വീണ്ടും നാടക സ്റ്റേജിലെക്ക് എന്‍റെ ദൃഷ്ടി മാറ്റി. അവിടെ പുറത്ത് ഒരു വലിയ ലൈറ്റ് കര്ട്ടന് നേരെ കത്തി നില്‍ക്കുന്നു. അതിന് പിന്നില്‍ ഒരുക്കമായിരിക്കും..ചുവന്ന കര്‍ട്ടനു മുകളില്‍ ഇരുവശത്തും മുകളിളുമായി നീല ബോര്‍ഡര്‍ കര്‍ട്ടന്‍.അവിടെ മനസ്സില്‍ സന്തോഷം നല്‍കുന്ന പോലെ വെളുത്ത അക്ഷരത്തില്‍ ...

                     "ആലുവ യവനിക."

        അപ്പുറത്ത് ഇരുന്ന ഒരുവന്‍ ഒരമ്മായി പീപ്പി ഊതി ഷെബീറിന്റെ ചെവിയില്‍ വെച്ച് ശബ്ദം ഉണ്ടാക്കിയതിനു തക്ക പ്രതിഫലം..പിന്നിലൊരു ഊക്കന്‍ ഇടി.ചെക്കന്‍റെ കണ്ണ്‍ ബള്‍ബായി മുന്നിലേക്ക്."ഞാനെന്‍റെ മാമയോട് പറഞ്ഞു കൊടുക്കും.."ഭീഷണി മുഴക്കി ചെക്കന്‍ പോയപ്പോള്‍ ഷബീര്‍ പേടിയോടെ ഞങ്ങളെ നോക്കി.സമയം കളഞ്ഞില്ല..പായ മടക്കി കുറച്ച് കൂടി മുന്നിലേക്ക്.ചെക്കന്‍റെ മാമ തിരഞ്ഞു നടക്കട്ടെ.

       ക്ഷമയുടെ നെല്ലി പലക കാണുന്ന പോലെ സമയം ഇഴഞ്ഞു മുന്നിലേക്ക് നീങ്ങിയപ്പോള്‍, തായമ്പ കൊട്ടി കലാശത്തിലേക്ക്..അതൊരു നല്ല നിമിത്തമാണ്..ഏതാനും നിമിഷങ്ങള്‍ക്കകം നാടകം തുടങ്ങാം.അതിന് മുന്നോടിയായി പായകള്‍ നിറഞ്ഞു കവിഞ്ഞിരിക്കുന്നു..നിറയെ ആളുകള്‍, ചില ശുഭ സൂചന പോലെ സ്റെജിന്റെ അകത്ത് നിന്നും മൈക്കുകള്‍ മൂളുന്നു. തായമ്പക കൊട്ടി തീര്‍ന്നതും ആദ്യ ബെല്ല് മുഴങ്ങി, ഒപ്പം മറ്റ് ലൈറ്റുകള്‍ ഓഫ് ചെയ്ത് സഹകരിക്കാനുള്ള നാടകക്കാരുടെ അഭ്യര്‍ത്ഥനയും..സ്റ്റേജിനു മുന്നിലെ ലൈറ്റ് മങ്ങി തുടങ്ങിയിരിക്കുന്നു. ഒപ്പം ഘന ഗാംഭീര്യമുള്ള ശബ്ദം.

      "അടുത്ത ബെല്ലോടു കൂടി നാടകം ആരംഭിക്കുന്നു. ആലുവ യവനിക സ്വഭിമാനം അവതരിപ്പിക്കുന്ന "അഷ്ടബന്ധം..'' അതിന് പിന്നാലെ അവതരണ സംഗീതം..ബെല്ലടിച്ചതും മുന്നിലെ കത്തിയെരിയുന്ന ലൈറ്റ് പൂര്‍ണ്ണമായും മങ്ങി. ബെല്ല് മുഴങ്ങിയതും ഇരുട്ടില്‍ കര്‍ട്ടന്‍ ഉയര്‍ന്നു.ഒന്നും കാണാത്ത സ്റ്റേജ് പശ്ചാത്തലം ലക്ഷ്യമാക്കി ഏതോ വിരുദന്‍ ടോര്‍ച്ച് തെളിയിച്ചു. അവിടെ മങ്ങിയ രംഗപടം..ഒരു വീടോ മറ്റോ.രംഗത്ത് വെളിച്ചം വന്നതോടെ നാടകം തുടങ്ങുകയായിരുന്നു.കാണികളെ മുഴുവന്‍ ആകാംഷ  നിറച്ച സാമൂഹ്യ നാടകം.ഞങ്ങളെ  അവതരണത്തിനൊപ്പം വിഷമിച്ചും, കരയിച്ചും, സന്തോഷിപ്പിച്ചും, ചിന്തിപ്പിച്ചും ഞങ്ങള്‍ക്ക് മുന്നില്‍ ജീവനുള്ള കഥാപാത്രങ്ങള്‍, അതിന്‍റെ ചുവട് പിടിച്ച സംഗീതം, ഒപ്പം വെളിച്ചം കൊണ്ടുള്ള മായാജാലം.

        ആസ്വാദനത്തിന്റെ ആദ്യ പകുതിയില്‍ കര്‍ട്ടന്‍ വീണപ്പോള്‍ കണ്ണുകള്‍ അടി പ്രൈസ് നടത്തുന്നവനിലെക്ക്.കയ്യിലുള്ള പത്ത് പൈസയും മുറുക്കി പിടിച്ച് ഷെബീറിന്റെ കൂടെ അവിടേക്ക്. പൈസ കൊടുത്ത് കപ്പലണ്ടി വാങ്ങി ആദ്യ കപ്പലണ്ടി പത്തില്‍ വെച്ചു. ചക്രം കറങ്ങി നിന്നത് എട്ടില്‍. അടുത്തത് ആറില്‍ വെച്ചത് ഷെബീര്‍ മാറ്റി നാലില്‍ വെച്ചത് ഷബീര്‍ മാറ്റി എട്ടില്‍ വെച്ചു. ചക്രം കറങ്ങി അവസാനിച്ചത് നാലില്‍..അങ്ങിനെ അവസാന കപ്പലണ്ടിയും അടി പ്രൈസ് സഞ്ചിക്ക് സംഭാവനയായി, ആരോ തിന്ന്‍ പോയ കപ്പലണ്ടി തൊണ്ടുകളെ കൊതിയോടെ നോക്കി വീണ്ടും പായിലേക്ക്. ചുറ്റും പരക്കുന്ന വറുത്ത കപ്പലണ്ടിയുടെ മണം. ഒഴിഞ്ഞ കീശയുമായി അണ്ടി പോയ അണ്ണാനെ പോലെ സനു.അവന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന്ന കശുവണ്ടി മുഴുവന്‍ അടി പ്രൈസ് കൊണ്ട് പോയിരിക്കുന്നു.

        "അടുത്ത രണ്ട്‌ രംഗങ്ങളോടെ നാടകം ഇവിടെ പൂര്‍ണ്ണമാകുകയാണ്.'' വീണ്ടും ഘനഗംഭീരമായ ശബ്ദം. "രംഗപടം ആര്‍ട്ടിസ്റ്റ് സുജാതന്‍"ആ ശബ്ദത്തില്‍ ലയിച്ചിരുന്ന എന്നെ തോണ്ടി വിളിച്ച് കൊണ്ട് ശ്രീനു രണ്ട്‌ കപ്പലണ്ടികള്‍ നീട്ടി.ഒപ്പം പതിഞ്ഞ ശബ്ദത്തില്‍ "ഇത് ഞാന്‍ അടി പ്രൈസ് ക്കാരന്റെ കയ്യീന്ന് ഇശുക്കീതാ.." അത് വായിലിട്ട് വീണ്ടും നാടകത്തെ കുറിച്ചുള്ള വാക്കുകളിലേക്ക്.."നാടക രചന, സംവിധാനം ശ്രീമൂലനഗരം മോഹന്‍, രംഗത്ത് അലിയാര്‍..." തുടര്‍ന്ന്‍ എന്തെങ്കിലും കേള്‍ക്കുന്നതിനു മുന്പ് ഷെബീര്‍ ആകാശത്തേക്ക് നോക്കി. 'ടാ നോക്ക്യേ..കൊള്ളിമീന്‍.."മഴയുടെ വരവറിയിച്ച് മിന്നല്‍ പിണരുകള്‍ ആകാശത്ത് പൂക്കളം തീര്‍ക്കുന്നു. മഴയുടെ ഗന്ധവുമായി നേരിയ പിശറന്‍ കാറ്റും. മനസ്സ് തിരുനടയിലേക്ക് തിരിച്ച് വെച്ച് പ്രാര്‍ത്ഥിച്ചു. "നാടകം അവസാനം വരെ കാണാന്‍ സാധിക്കണേ.."

          നാടകം തുടര്‍ന്നു. അഷ്ടബന്ധം മനസ്സിലേക്ക് പതുക്കെ പതുക്കെ കയറി കൂടി നൊമ്പരം വിതക്കുന്നു. ആകാശത്ത് വര്‍ണ്ണങ്ങള്‍ വിതറിയ മിന്നലോ, അതിന്‍റെ അകമ്പടി പോലെ അകലെ ശബ്ദം കൊണ്ടുള്ള പൊട്ടി തെറിയോ, മഴയുടെ വിളിയുമായി വന്ന തണുത്ത കാറ്റോ നാടകം മുടക്കിയില്ല. അവസാനം വരെ ആസ്വാദന സുഖവും, രസവും ഒടുവില്‍ നൊമ്പരം നിറഞ്ഞ പര്യവസാനത്തിന് സാക്ഷ്യം വഹിച്ച് കര്‍ട്ടന്‍ വീഴുമ്പോള്‍ മഴ കണ്ണീരണിഞ്ഞ് പെയ്യാനുള്ള തുടക്കം..അതിന്‍റെ തുടക്കമായി ഒരു തണുത്ത തുള്ളി മൂക്കിന്‍ തുമ്പത്ത്..

         വലിയ ചെമ്പില കുടയാക്കി മഴയിലൂടെ നടക്കുമ്പോള്‍ നാടകം തന്നെയായിരുന്നു മനസ്സില്‍."സിനിമ അഭിനയാ..നാടകാ ജീവിതം."മനസ്സ് പറഞ്ഞു.ഞാനും എഴുതി നോകിയാലോ ഒരെണ്ണം..പണ്ട് വരയിട്ട കോപ്പി പേജില്‍ ഒരു കുഞ്ഞി കവിത എഴുതി വെച്ചിരിരുന്നു.ആരെയും കാണിക്കാതെ.

         "നാളെ കെടാമങ്ങലത്ത് ന്‍റെ കഥാപ്രസംഗാ.." മറ്റന്നാ നൃത്ത നൃത്ത്യം.." സനു പറഞ്ഞ വാക്കുകള്‍ ആയിരുന്നില്ലാ മനസ്സില്‍ ..ഒരു നാടകം മനസ്സില്‍ കടന്ന്‍ കൂടിയ പോലെ.ശ്രീമൂല നഗരം മോഹനെ പോലെ,നായരമ്പലം ബെന്നിയെ പോലെ എനിക്കും എഴുതാന്‍ സാധിക്കുമോ.അറിയില്ല..മഴ കനത്ത് പെയ്യുമ്പോള്‍ ഓടാന്‍ തുടങ്ങിയപ്പോഴും മനസ്സ് ചോദിച്ചു. എനിക്കും എഴുതാന്‍ കഴിയുമോ???

           പിറ്റേന്ന് റഫ് പുസ്തകത്തിന്‍റെ പിന്നില്‍ പേന കൊണ്ട് എഴുതി വെച്ച പേര് ഞാന്‍ മറന്നു പോയി. രംഗം 1 എന്നെഴുതിയതിനു താഴെ  കറുത്ത മഴി കൊണ്ട് പലവുരു  എഴുതിയ ഒരു പേര്..അതിന്നും മനസ്സിലുണ്ട്..കൂടെയുണ്ട്..മായാതെ മറയാതെ..

                    "ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.."       

   


   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ