2016, ജനുവരി 27, ബുധനാഴ്‌ച

"കാരുണ്യ ലോട്ടറി"

                                                         
                                                           
                                                                   
                                                                 തൃശൂര്‍ ടൌണ്‍ ഹാളിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്യ്ത് എതിര്‍ വശത്തെ പി.എസ്.സി ഓഫീസിലേക്ക് പോകാന്‍ റോഡ്‌ ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ചുട്ടു പൊള്ളുന്ന വെയിലില്‍ എന്നെ നോക്കി ചിരിച്ച് കൊണ്ട് നില്‍ക്കുന്ന അവരെ കണ്ടു...റോഡ്‌ മുറിച്ച് കടന്ന്‍ എതിര്‍ വശത്ത് എത്തി ചേരുന്നത് വരെ പ്രതീക്ഷ നിറഞ്ഞ ആ കണ്ണുകള്‍ എന്നില്‍ തന്നെയായിരുന്നു.

         "മോനെ.."

                                                                അമ്പതിന് മുകളില്‍ പ്രായമുണ്ടാകണം  അവര്‍ക്ക്..കയ്യില്‍ ലോട്ടറി ടിക്കറ്റുകള്‍..അമിതമായ ശരീര ഭാരം കൊണ്ടോ, അസുഖം കൊണ്ടോ പതുക്കെയുള്ള ചലനങ്ങള്‍ ..അവരെ മറി കടന്ന്‍ ശ്രദ്ധ ലോട്ടറിയില്‍ നിന്നും മറ്റെവിയോ തിരിച്ച് പിടിച്ചത്  കൊണ്ടാകണം പിന്‍ വിളി വന്നത്..എന്നും ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറുകയാണ് പതിവ്..അമ്പത് ആള്‍ മാത്രമുള്ള കുറികള്‍ പോലും 48-മത്തെ തവണ പോലും നറുക്കില്‍ കടാക്ഷിക്കാത്ത  എന്‍റെ ഭാഗ്യം ഒരു പരീക്ഷണ വസ്തു ആക്കാന്‍ മുതിരാറില്ല..അതിനാല്‍ ലോട്ടറി ടിക്കറ്റ് എടുത്ത കാലം മറന്നു പോയിരിക്കുന്നു..മുന്നോട്ട് നടക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും അവരുടെ വിളി വന്നു...

         "മോനെ ഒരു ടിക്കറ്റ് എടുക്കോ..??ഇന്നോരെണ്ണം പോലും വിറ്റിട്ടില്ല"

                                                             തിരിയുമ്പോള്‍ മുകളില്‍ കത്തി നില്‍ക്കുന്ന സൂര്യോനോളം താപം ദൈന്യമായി ആ കണ്ണുകളില്‍..വിയര്‍പ്പ് ചാലിട്ട മുഖത്ത് മറഞ്ഞിരിക്കുന്ന ദുഃഖം എന്‍റെ മനസ്സ് തിരിച്ചറിഞ്ഞ നിമിഷം കൈകള്‍ പോക്കറ്റിലേക്ക് നീണ്ടു...പേഴ്സില്‍ നിന്നും ഒരു അമ്പത് രൂപയെടുത്ത്‌ അവര്‍ക്ക് നേരെ നീട്ടി..അവര്‍ ടിക്കറ്റ് കീറുമ്പോള്‍ ഞാന്‍ പി.എസ്.സി ഓഫീസിന്‍റെ പടികള്‍ കയറി തുടങ്ങിയിരുന്നു..ടിക്കറ്റ് വാങ്ങാതെ..കാരണം എന്‍റെ ലോട്ടറി ഭാഗ്യത്തെ കുറിച്ച് അത്രക്കും അവബോധം എനിക്കുണ്ട്..പിന്നെ വെറുതെ എന്തിനൊരു പരീക്ഷണം..കൊടുത്ത പൈസ ദാനമായി കണ്ട് മുന്നോട്ട് നടക്കവേ പിന്നില്‍ നിന്നും വീണ്ടും വിളി കേട്ടു..

        "മോനെ ടിക്കറ്റ് വാങ്ങിയില്ല.."

                                                                തിരുത്താന്‍ കഴിയാത്ത അഹങ്കാരവും , നിറഞ്ഞ പോക്കറ്റുമായി പടികള്‍  കയറി രണ്ടാം നിലയിലെ ഓഫീസില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ ജോലിയിലെ പ്രൊബേഷന്‍ എന്ന കടമ്പ കടക്കാനുള്ള നൂലാമാലകളില്‍ അമ്പലങ്ങളിലെ ഉപ ദേവതകളുടെ പ്രതിഷ്ഠകളില്‍ കൈ കൂപ്പി വണങ്ങുന്നത് പോലെ..പി.എസ്.സി ഓഫീസിനുള്ളില്‍ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന ഡെസ്കിനു മുന്നിലും, അതിന്‍റെ പുറകെ പൊടി പിടിച്ച ഫയലുകള്‍ക്ക് പിന്നില്‍ ഇരിക്കുന്ന ചിരിക്കാത്ത മൂര്‍ത്തി ഭാവങ്ങള്‍ക്ക് മുന്നിലും എന്‍റെ ശ്രീമതി അലയുന്നു..അവിടെ കണ്ട കസേരയില്‍ ഇരുന്ന്‍ ചോര്‍ന്നൊലിക്കുന്ന ഭിത്തിയിലും, അടര്‍ന്നു വീണ് മുകളില്‍ ഭൂപടം തീര്‍ത്ത സീലിങ്ങിലും, എനിക്ക് വയ്യ, എന്നെ കൊണ്ടാകില്ല എന്ന തരത്തില്‍ മുകളില്‍ ശബ്ദമുണ്ടാക്കി കരയുന്ന ഫാനിലും, ഒരാള്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാതെ കേട്ടു പിണഞ്ഞ് കൂടി കലര്‍ന്ന്‍ മുകളിലൂടെ അന്തമില്ലാതെ എവിടെക്കോ വൈദ്യതിയും, ടെലിഫോണ്‍ കണക്ഷനും, ഇന്റര്‍നെറ്റും എത്തിക്കുന്ന കേബിള്‍ സാമ്രാജ്യവും നോക്കിയിരിക്കുമ്പോള്‍ ശ്രീമതി അടുത്ത് വന്ന് പറഞ്ഞു...

    "ഇത്തിരി കൂടി സമയമെടുക്കും..."

                                                                  എനിക്കറിയാം ആ ഇത്തിരി നീളാന്‍ പോകുന്നത് അന്നത്തെ ദിവസത്തിന്‍റെ അവസാനം വരെ തന്നെ ആയിരിക്കുമെന്ന്...സര്‍ക്കാര്‍ കണക്കിന്, പ്രത്യേകിച്ച് പി.എസ്.സി കണക്കില്‍  ഒരു സെക്കന്റ് ഒരു മണിക്കൂറും, ഒരു മണിക്കൂര്‍  ഒരു മാസവുമാണ്..എന്തായാലും ഇത്തിരി സമയത്തിനുള്ളില്‍ കലശമായ മൂത്ര ശങ്ക അവസാനിപ്പിച്ച് വരാന്‍ തിരികെ ഇറങ്ങുമ്പോള്‍ ഒരു മൂലയില്‍ പൊടി പിടിച്ചും, പല്ലി കാഷ്ടിച്ചും വൃത്തിയായി സൂക്ഷിച്ച് വെച്ചിരിക്കുന്ന പേപ്പര്‍ കെട്ടുകള്‍..അല്ലെങ്കില്‍ ഉത്തര കടലാസ്സുകള്‍..ഒരു ജോലി കിട്ടാനുള്ള കേരളത്തിലെ ചെറുപ്പക്കാരുടെ ഉറക്കം നഷ്‌ടമായ അദ്ധ്വാനവും, സ്വപ്നവും, ആധിയും, വ്യഥയും, കണ്ണ് നീരും..ഒരു വിലയുമില്ലാതെ മൂലയില്‍...അതിന് മുകളില്‍ മാറാല പിടിച്ച് ആം ആത്മിയുടെ ഒരു ചൂലും...

                                                                    തിരികെ താഴത്ത് ചെന്ന്‍ ടോയ്‌ലറ്റ് തിരിക്കി വേഗതയില്‍ നടക്കുമ്പോള്‍ വീണ്ടും പിന്നില്‍ നിന്നും വിളി കേട്ടു..ഒരല്പം ദൈന്യം കലര്‍ന്ന കുറേ മുന്‍പ് എന്നെ തേടി വന്ന വിളി...

    "മോനേ.."
                                                                 
                                                                     ഇനിയും പിന്‍വിളികള്‍ക്ക് കാത്ത് നിന്നാല്‍ ഒരിക്കലും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത രീതിയില്‍ ജല വിപ്ലവം സൃഷ്ടിക്കുമെന്ന ഉറപ്പിനാല്‍ പിന്‍ വിളികള്‍ക്ക് കാതോര്‍ക്കാതെ വേഗം നടന്നു..സര്‍ക്കാര്‍ കെട്ടിടത്തിലെ പുരുഷ ടോയ്‌ലറ്റ് തേടി..വളരെ കൃത്യമായി തന്നെ അതി രൂക്ഷമായ ഗന്ധം വരുന്ന ദിക്കിലേക്ക് ആരുടേയും സഹായമില്ലാതെ എത്തിച്ചേര്‍ന്നപ്പോള്‍, മുന്നില്‍ ഇറ്റാലിയന്‍ ചിത്രക്കാരന്മാരെ തോല്പിക്കുന്ന ചുവര്‍ ചിത്രങ്ങള്‍ക്ക് താഴെ കരി കൊണ്ട് എഴുതി വെച്ച ആംഗലേയ അക്ഷരങ്ങള്‍.."TOILET" നഗ്നതയുടെ ഏറ്റവും ഉദാത്തമായ ആ സൃഷ്ടികള്‍ക്ക് താഴെ പല വിധത്തിലുള്ള അശ്ലീല വാക്കുകള്‍, പിന്നെ ആര്‍ക്കോ ആരോടോ തോന്നിയ പ്രേമം എല്ലാം സ്വര്‍ണ്ണ ലിപികളില്‍...അകത്ത്?????

                                                                     വൃത്തിയുടെയും, സംസ്ക്കാരത്തിന്‍റെയും കളിത്തൊട്ടില്‍ പോലെ അതി രൂക്ഷമായ മനുഷ്യ വിസര്‍ജ്ജ സുഗന്ധം പരക്കുന്ന മായിക ലോകത്ത് ചുവരുകളില്‍ മുറുക്കി തുപ്പിയ ചിത്രങ്ങള്‍, വികലമായ ചില മനസ്സുകള്‍ സൃഷ്ടിച്ച കലാവിരുതുകള്‍,പിന്നെ ചില ഫോണ്‍ നമ്പറുകള്‍, പൊട്ടിയൊലിക്കുന്ന പൈപ്പുകള്‍ ജലധാര യന്ത്രങ്ങള്‍ പോലെ ...തറയില്‍ ബീഡി, സിഗരെറ്റ്‌ കുറ്റികള്‍, ഹാന്‍സ് പാക്കറ്റുകള്‍ കൊണ്ട് തീര്‍ത്ത അതി വൃത്തിഹീനമായ ലോകത്തിന് നടുവിലെ മഞ്ഞ നിറം പൂണ്ട സാനിട്ടറി സ്വര്‍ഗ്ഗം..അതിലൊന്നില്‍ കണ്ണും, മൂക്കും,മനസ്സും, കൊട്ടിയടച്ച് കാര്യം സാധിച്ച് പുറത്ത് വന്നപ്പോള്‍ മനസ്സ് പറഞ്ഞു...

    "ബ്യൂറോക്രസ്സി..നന്ദി..ഇങ്ങനെയൊരു ലോകം സൃഷ്ടിച്ചതിന്..."

                                                                      ഒരല്പം ശുദ്ധ വായു ശ്വസിക്കാന്‍ വീണ്ടും മര തണലില്‍ വന്ന് നെടുവീര്‍പ്പിട്ടപ്പോള്‍ മുന്നില്‍ വീണ്ടും അവര്‍ എന്‍റെ മുന്നില്‍..ലോട്ടറി വില്പനക്കാരി..കയ്യില്‍ ഒരു ടിക്കറ്റുമായി..

      "മോനെ നേരത്തെ കാശ് തന്നിട്ട് ടിക്കറ്റ് വാങ്ങീല്ല..ദാ ഒരു  കാരുണ്യ പിടിച്ചോ.."

                                                                         നറുക്ക് വീഴാത്ത കുറിയും, അടിക്കാത്ത ലോട്ടറി ടിക്കറ്റും, പിന്നെയൊരല്പം പോക്കറ്റ് നിറഞ്ഞു നില്‍ക്കുന്ന അഹങ്കാരവും..അമ്പത് രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങാതെ രക്ഷപ്പെട്ട കാരണങ്ങള്‍ പലതായിരുന്നു..

    "ടിക്കറ്റ് വേണ്ട ചേച്ചി...ഞാന്‍ ലോട്ടറി എടുക്കാറില്ല..ആ പൈസ ഞാന്‍ ചേച്ചിക്ക് തന്നതാണ്..നല്ല മനസ്സോടെ..."

                                                                         അവര്‍ ഒന്നും പറയാതെ എന്‍റെ മുന്നില്‍ ഒരിറ്റ് കണ്ണീര് ചേര്‍ത്ത് കയ്യിലിരിക്കുന്ന നരച്ച പേഴ്സില്‍ നിന്നും അമ്പത് രൂപ തിരികെ എടുത്ത് നീട്ടി...

   "മോനെ ഇതെനിക്ക് വേണ്ടാ..."

                                                                         എന്‍റെ  എല്ലാ "അഹം" ചിന്തകള്‍ക്കും വിരാമം പോലെ പിന്നെയും ചില വാക്കുകള്‍...

   "മൂപ്പര് മരിച്ചപ്പോള്‍ ജീവിതം വഴി നിന്നൂന്ന് കരുതീതാ..എന്നാലും  അന്ന് തീരുമാനിച്ചതാ....പിച്ചയെടുക്കില്ലാന്നും, മാനം വിക്കില്ലാന്നും..പിള്ളാരെ വളര്‍ത്താന്‍ വേണ്ടി  തൊടങ്ങീതാ ലോട്ടറി കച്ചോടം..ഇതീന്ന്‍ കിട്ടണ കാശോണ്ട് കഷ്ടിച്ച് ജീവിച്ച് പോണ്....അര്‍ഹതയില്ലാത്ത ,അധ്വാനമില്ലാത്ത ഒരുറുപ്യ പോലും ചേച്ചിക്ക് വേണ്ടാ..."

                                                                       അത് വരെ മനസ്സില്‍ കെട്ടി നിന്ന മതിലുകള്‍ക്ക് വിള്ളലുകള്‍..ലോട്ടറി എടുക്കാത്ത കാരണത്തിന് ഞാന്‍ കെട്ടി വെച്ചിരുന്നത് എന്‍റെ സ്വാര്‍ത്ഥത മാത്രം..."പണം കിട്ടുന്നില്ല എന്ന ഒരു കാരണം മാത്രം.." പക്ഷെ അമ്പത്  രൂപ കൊടുത്ത് എടുക്കുമ്പോള്‍ അതില്‍ നിന്നും ഒരു ചെറിയ പങ്ക് എത്തി ചേരുന്ന ചില പാവപ്പെട്ട കൈകള്‍ കാണാതെ പോയത് ..തെറ്റ് തന്നെ...വീണ്ടും പോക്കറ്റില്‍ നിന്നും അമ്പത് രൂപ കൂടി എടുത്ത് അവര്‍ക്ക് നല്‍കി വേദനയോടെ പറഞ്ഞു...

       "രണ്ട്‌  ടിക്കറ്റ് തന്നേ.... ചേച്ചി.."

                                                                      രണ്ടു കാരുണ്യ ഭാഗ്യ കുറി  ടിക്കറ്റുകള്‍ തന്ന് പണം വാങ്ങി അവര്‍ തിരികെ സന്തോഷത്തോടെ പോകുമ്പോള്‍ അത് വരെ  എത്താത്ത ആനന്ദ നിര്‍വൃതിയില്‍ മനസ്സ് നിറയുകയായിരുന്നു...ആ ടിക്കറ്റില്‍ എഴുതിയ പ്രൈസ് സംഖ്യയുടെ അക്കങ്ങള്‍ നോക്കാതെ അതിന്‍റെ ടിക്കറ്റ് വില എഴുതിയ ഭാഗത്തെ അമ്പത്  രൂപ" എന്ന അക്ഷരം തിളങ്ങുന്നത് പോലെ എനിക്ക് തോന്നി..ഞാന്‍ അത് വാങ്ങിയപ്പോള്‍ അവരുടെ ജീവിതത്തില്‍ വന്ന് ചേരുന്ന ചില്ലറ തുട്ടുകള്‍ക്ക് ഇതടിച്ചാല്‍ എനിക്ക്കി ട്ടുന്ന ലക്ഷങ്ങളെക്കാള്‍ മൂല്യവ്യം, വിലയുമുണ്ടെന്ന തിരിച്ചറിവ് മനസ്സിലേക്ക് വന്ന് ചേര്‍ന്നപ്പോള്‍  വീണ്ടും ദൂരെ ടിക്കറ്റുമായി നടക്കുന്ന അവരെ നോക്കി...മുഖത്ത് മായാത്ത ചിരിയോടെ വീണ്ടും ആരെങ്കിലും ടിക്കറ്റ് വാങ്ങുമെന്ന പ്രതീക്ഷയോടെ ...ചുട്ടു പൊള്ളുന്ന വെയിലില്‍....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..


                                                                       
                                                                     





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ