2016, ജനുവരി 16, ശനിയാഴ്‌ച

പാതയില്‍ ഒറ്റപ്പെടുന്നവര്‍...

                                                     
                                                     
                                                    ചുവപ്പും, കുങ്കുമവും,മഞ്ഞയും പൂക്കള്‍ കൊഴിഞ്ഞ് വീണു വര്‍ണ്ണാഭമായ പാതയിലൂടെ ഉറക്കം തൂങ്ങുന്ന കണ്ണുകളുമായി അയാള്‍ നടന്നു..തണുപ്പ് വീണ തടാകത്തിന്‍റെ കരയില്‍ പ്രഭാതം പതിവിലും മങ്ങി ഉണര്‍വില്ലാതെ ശോക ചായയില്‍ ആരില്‍ നിന്നോ ഒളിച്ചോടി ഇരുളില്‍ മുങ്ങാന്‍ കൊതിക്കുന്നത് പോലെ..നരച്ച മേല്‍ കുപ്പായത്തിനുള്ളില്‍ കൂടി തണുപ്പ് ഒരു ദയയും നല്കാതെ അയാള്‍ക്കുള്ളിലെ വേദനയുടെ നെരിപ്പോടിലേക്ക് കുത്തി കയറി പിന്നിലേക്ക് വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് പോലെ...മുന്നിലെ പാത തുല്യം നേര്‍ രേഖയായി കിടക്കുന്ന ജീവിതത്തില്‍ നിന്നും,പിന്നെ  തിരിച്ച് വരാന്‍ ശ്രമിക്കുന്ന ഓര്‍മ്മകളില്‍ നിന്നും...

                                                     പാതയില്‍ വര്‍ണങ്ങള്‍ വിതറുന്ന ഇരു വശത്തേയും മരങ്ങള്‍ നഷ്‌ടമായ ഒരിടത്ത് കണ്ട കുരിശ് പള്ളി കത്തില്‍ അവള്‍ എഴുതിയിരിക്കുന്ന അടയാളമാണ്..ചുറ്റും ഒരു പക്ഷി പോലും ഒച്ച വെക്കാത്ത ആരോ ശപിച്ച പോലെയുള്ള  മൂകത..അനുനിമിഷം തണുപ്പ് തിരമാല പോലെ ഇരച്ച് കയറുന്നു..പ്രകൃതിയും  ആ തണുപ്പില്‍ വിറ പൂണ്ട് ഇനിയും ഉണരാതെ ..പള്ളിക്ക് മുന്നില്‍ ഒരു നിമിഷം നിന്ന് തടാകത്തിന്റെ അറ്റം വരെ നീളുന്ന പാതയിലെ മങ്ങിയ കാഴ്ചയിലേക്ക് കണ്ണോടിച്ചു..അവിടെ ഒരു ഇരുണ്ട രൂപം പ്രത്യക്ഷമായിരിക്കുന്നു..അയാളുടെ ഹൃദയത്തിന്‍റെ ചലനവും താളവും ആ രൂപം അടുത്തേക്ക് എത്തുന്നതിന് അനുസൃതമായി മാറി കൊണ്ടിരുന്നു..

                                               "വാടി കരിഞ്ഞ ഒരു പനി നീര്‍ പുഷ്പം..ഒരിക്കല്‍ ജ്വലിച്ച് നിന്നിരുന്ന കണ്ണുകള്‍ക്ക് ചുറ്റും വലയം കെട്ടിയ കറുപ്പ് നിറം..അതില്‍ കെട്ടി കിടക്കുന്ന ദുഖത്തിന്റെ ആഴങ്ങള്‍, ഞരമ്പുകള്‍  പൊങ്ങി വികൃതമായ കൈകള്‍, കുഴിനഖം ബാധിച്ച അഴുക്ക് പുരണ്ട കാലുകളുടെ പിന്‍ ഭാഗം വിണ്ട് കീറി വികൃതം..വേദനയുടെ താളം നിറഞ്ഞ നിശ്വാസം, ഒന്നിലും ഉറക്കാന്‍ കഴിയാത്ത നോട്ടം, നിറം മങ്ങിയ കറുത്ത വസ്ത്രങ്ങള്‍.."

                                             അവള്‍ മെല്ലെ മുഖം ഉയര്‍ത്തി അയാളെ നോക്കി..അയാള്‍ ഒരു പ്രതിമ പോലെ പ്രതികരിക്കാന്‍ കഴിയാതെ..അവര്‍ക്ക് ചുറ്റും തളം കെട്ടിയ തണുപ്പ് ആ കാഴ്ചയില്‍ ഉരുകി ബാഷ്പമായ് ആകാശത്തിലേക്ക് ഉയരും പോലെ..ആറു വര്‍ഷത്തിനു ശേഷമുള്ള നോട്ടം..കാഴ്ച..അത്രയും തന്നെ ദൈര്‍ഘ്യം നിറഞ്ഞ മൗനം അവള്‍ തന്നെയാണ് ഭേദിച്ചത്..

                  "സുഖാണോ..?"

                  "ഇത് വരെ  ഇല്ലായിരുന്നു..ഇപ്പോള്‍ ഈ ചോദ്യം കേട്ടപ്പോള്‍ ഒരു സുഖം തോന്നി..നെഞ്ചില്‍ കാര മുള്ളുകള്‍ തറക്കുന്ന പോലെ ഒരു സുഖം.."

                                          ഉത്തരം ഒരല്പം ക്രൂരമായോ? ആറു വര്‍ഷം മുന്പ് ഈയൊരു സുഖത്തിന് വേണ്ടിയല്ല അവളെ ഈ തണുപ്പ് നിറഞ്ഞ അന്യ ദേശത്ത് കൊണ്ട് വന്ന് പ്രതീക്ഷകള്‍ നിറച്ച് ഒരു നറുതിരി നാളം പോലെ പഠിക്കാന്‍ ചേര്‍ത്തത്..എന്നിട്ടും..എല്ലാം കരിന്തിരി പോലെയാക്കി ജീവിതത്തിലെ സ്വപ്നങ്ങള്‍ ചാമ്പലാക്കി ഒരന്യ ദേശക്കാരന്‍റെ കൂടെ...അതും ഒരന്യ.........എല്ലാം ഉപേക്ഷിച്ച്..

              "എന്നോട് വെറുപ്പ് തോന്നണുണ്ടോ?''

                                             ഇന്നലെ രാത്രിയില്‍ നാട്ടില്‍ നിന്നും ഈ നഗരം ലക്ഷ്യമാക്കി മുന്നില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ കാണാന്‍ യാത്ര തിരിക്കുമ്പോള്‍ പ്രതീക്ഷിച്ച ചോദ്യം തന്നെ രണ്ടാമതായി ആ മുഖത്ത് നിന്നും..

            "വെറുപ്പോ?? നിന്നോട് ഒരിക്കലുമില്ല..എന്‍റെയീ  ജീവിതത്തോട് തോന്നിയിട്ടുണ്ട്..ജീവിതപാതയില്‍ ഒറ്റ പെട്ട് പോകുമ്പോള്‍ തോന്നുന്ന ഒരു തരം വിരക്തി..എത്രയും വേഗം മരണത്തില്‍ എത്തി ചേരാനുള്ള കൊതി..

                                             ആ വാക്കുകളില്‍ അവള്‍ ഇടറി..അവിശ്വസനീയമായ ഒരു ഭാവത്തില്‍, മനസ്സില്‍ പെയ്യുന്ന ദുഖത്തോടെ മിഴിച്ച് നോക്കി..അവളുടെ കണ്ണുകളിലെ വിളര്‍ച്ചയില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിഞ്ഞ് അടുത്ത ചോദ്യം..ഒരിക്കലും അവള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരുത്തരമുണ്ട് അതിന് മറുപടിയായി..

                "നിന്‍റെ അമ്മക്ക് സുഖായിരിക്കും....അതിന് വേണ്ടി എല്ലാ ആണ്ടിലും ഞാനും പ്രാര്‍ത്ഥിക്കാറുണ്ട്..ബലിയിടാറണ്ട്..കഴിഞ്ഞ അഞ്ചു വര്‍ഷമായി മോടക്കീട്ടില്ല..നീ ഞങ്ങളെ വിട്ടു പിരിഞ്ഞ് പോയി ഒരു വര്ഷം കഴിഞ്ഞപ്പോള്‍ അമ്മയും പോയി..തിരികെ വരാന്‍ കഴിയാത്ത ലോകത്തേക്ക്......"


                                               അത് കേട്ടതും അവള്‍ കൂറെ നേരം കരഞ്ഞു..കണ്ണുകള്‍ കൊണ്ടും, മനസ്സ് കൊണ്ടും ..അയാളുടെ നരച്ച രോമം നിറഞ്ഞ മുഖത്ത് കരഞ്ഞു കൊണ്ട് മെലിഞ്ഞ കൈകള്‍ നീട്ടി തൊടാന്‍ തുനിഞ്ഞപ്പോള്‍ ദൂരെ നിന്നും വിലക്കിന്റെ രൂപത്തില്‍ ഒരു വാഹനത്തിന്‍റെ അക്ഷമ നിറഞ്ഞ ഹോണ്‍ മുഴങ്ങി..അയാള്‍ അവിടേക്ക് കണ്ണുകള്‍ നീട്ടി..ആറു വര്‍ഷം മുന്പ് തന്നില്‍ നിന്നും എല്ലാ സുഖങ്ങളും പറിച്ചെടുത്ത ഒരു അവ്യക്ത രൂപം ദൂരെ..പനി നീര്‍ പൂവ് പോലെ കൊണ്ട് നടന്ന നിധി കൈക്കലാക്കി ജീവിതം എന്നേക്കുമായി ഇരുട്ടിലേക്ക് തള്ളി വിട്ട ഏതോ ഒരു രൂപം..കണ്ടിട്ടില്ല..കാണാന്‍ മനസ്സ് വന്നിട്ടില്ല...

              "നിനക്ക് സുഖാണോ??"

                                               അത്രയും നേരം കരഞ്ഞ അവളുടെ കണ്ണുകളില്‍ ഒരു നടുക്കം മിന്നല്‍ പോലെ പാഞ്ഞത് അയാള്‍ തിരിച്ചറിഞ്ഞു..അവള്‍ അറിയാതെ ദൂരെ ഹോണ്‍ മുഴങ്ങിയ ദിശയിലേക്ക് നോക്കി..ഒരു ഭീതി നിഴലാടിയ ചലനങ്ങളില്‍ നിന്നും, കവിളിലെ കറുത്ത പാടുകളില്‍ നിന്നും, നെറ്റിയിലെ തുന്നല്‍ കെട്ടുകള്‍ ഉണങ്ങിയ അടയാളങ്ങളില്‍ നിന്നും എല്ലാം ഉത്തരമില്ലാതെ മനസ്സിലാകുന്നു..അവള്‍ ഇന്നനുഭവിക്കുന്ന സുഖം..അതിന്‍റെ ആഴം, വ്യാപ്തി..

                                            അത് വരെ അവര്‍ക്കിടയില്‍ ഖനീഭവിച്ച പ്രകുതിയുടെ മൗനം മുറിച്ച് ഒരു അമ്മ പക്ഷി പാതയോരത്തെ മരച്ചില്ലയില്‍ നിന്നും കരയാന്‍ തുടങ്ങി..ഒരു പക്ഷെ കുഞ്ഞ് നഷ്‌ടമായ വേദന കൊണ്ടാകാം..കുറേ കരഞ്ഞ് പിന്നെ പള്ളി മേടയിലെ കുരിശിലേക്ക് പറന്നിറങ്ങി വീണ്ടും കരയാന്‍ തുടങ്ങി..ഒരു പക്ഷെ നഷ്‌ടമായ കുഞ്ഞിനെ തിരിച്ച് കിട്ടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നതാകാം..അയാളും പ്രകുതിയില്‍ വിറ പൂണ്ട് നില്‍ക്കുന്ന പള്ളിയേയും, കുരിശിനേയും നോക്കി..ഒരു നിമിഷം മനസ്സില്‍ പ്രാര്‍ത്ഥന നിറച്ച് അവളുടെ നേരെ നോക്കി..അവസാനത്തെ ചോദ്യം..

          "നിനക്ക് എന്‍റെ കൂടെ പോന്നൂടെ?? "

                                            അതിന് മറുപടി പറയും മുമ്പേ ദൂരെ നിന്നും വിലക്കിന്റെ വാറോല വീണു..അക്ഷമയുടെ ഹോണ്‍ ശബ്ദം പോലെ..അവള്‍ ഞെട്ടി തിരിഞ്ഞ് കവിളുകള്‍ പൊത്തി നോക്കി..പിന്നെ അയാള്‍ക്ക് നേരെ തിരിയുമ്പോള്‍ ആ കണ്ണുകളില്‍ തടാകത്തിലെ ജലം പോലെ ഭയം നിഴലിച്ച് കണ്ടു..തീരുമാനം പോലെ അയാള്‍ക്ക് നേരെ തല കുലുക്കി "സാധിക്കില്ല" എന്ന്‍ മറുപടി നല്‍കി തിരികെ നടക്കാന്‍ തുടങ്ങി..അയാളുടെ കണ്ണില്‍ നിന്നും ഒരു നീര്‍ തുള്ളികള്‍ പൊട്ടി അടര്‍ന്ന്‍ തണുത്ത പ്രകൃതിയില്‍ ലയിച്ചു..എല്ലാ പ്രതീക്ഷയും നഷ്ടമായ നിമിഷം..പിന്നെ എന്തോ ചിന്തിച്ച് ഒരു പിന്‍വിളി..

          "മോളമ്മാ..."

                                            ഒരു നിമിഷം അവളുടെ ചലനം നിലച്ചു...ആറു വര്‍ഷം മുമ്പ് വരെ അച്ഛനും, അമ്മയും  വിളിച്ചിരുന്ന വിളി പേര്....സ്നേഹവും, വാത്സല്യവും കലര്‍ന്ന ആ വിളി നഷ്ടമായത് ഈ തണുത്ത നഗരത്തില്‍ വന്നതിന് ശേഷം..ജീവിതത്തില്‍ അപക്വമായ ഒരു എടുത്ത് ചാട്ടം..അതില്‍ പിഴച്ച ജീവിതം..അതില്‍ നഷ്‌ടമായ ബന്ധങ്ങള്‍..അച്ഛന്‍, അമ്മ...

                                            അയാള്‍ അവള്‍ക്ക് അരികിലേക്ക് വന്നു..കയ്യിലെ തുണി സഞ്ചിയില്‍ കരുതിയിരുന്ന ഒരു ഫയല്‍ അവള്‍ക്ക് നേരെ നീട്ടി..വേദന നിറഞ്ഞ ഒരു നോട്ടം..ആറു വര്‍ഷം മുന്‍പ് നഷ്‌ടമായ മകള്‍..വീണ്ടും എന്നേക്കുമായി നഷ്ടമാകുന്നു..ഇനിയൊരു കൂടി കാഴ്ച ..ഉണ്ടാകില്ല..അതിന് വിധിയും ദൈവവും അവസരം തരില്ല..നീണ്ടു കിടക്കുന്ന ജീവിത പാതയില്‍ ഭംഗം വരുത്താന്‍ മാരക രോഗങ്ങള്‍..ഇനിയുള്ള ദിവസങ്ങളില്‍ എവിടെയെങ്കിലും കാലിടറി വീണ്...

           "ഇതെന്താ ഇത്.."

                                            ഫയലുകള്‍ വാങ്ങാന്‍ മടി കാണിച്ച അവളുടെ കൈകളില്‍ ബലമായി ഏല്പിച്ച് അയാള്‍ കണ്ണ്‍ നീര്‍ കൊണ്ട് ചിരിക്കാന്‍ ശ്രമിച്ചു..പിന്നെ ജീവിത സാഫല്യം നേടിയ ഒരുവനെ പോലെ നഷ്ടമാകാന്‍ തുടങ്ങിയ ഊര്‍ജ്ജം തിരികെയെടുത്ത്‌ അവളുടെ തലയില്‍ കൈ വെച്ച് അനുഗ്രഹിച്ച് മെല്ലെ പറഞ്ഞു..

         "അച്ഛന്റെ ജീവിതമായിരുന്നു ഇത്..എന്‍റെ മോള് ജനിച്ച് വീണത് മുതല്‍ അച്ഛനും, അമ്മയും സ്വരു കൂട്ടിയ പ്രതീക്ഷകളുടെ, സ്വപ്നങ്ങളുടെ, ചെറിയ ചെറിയ സമ്പാദ്യങ്ങള്‍..അതിന്‍റെ കടലാസ്സുകള്‍ ആണിത്..ഇതില്‍ പല കടലാസിലും അച്ചന്‍റെ വിയര്‍പ്പും, ആധിയും, വ്യഥയും, വിശപ്പും, പടര്‍ന്നിട്ടുണ്ട്..നിനക്ക് വേണ്ടി മാത്രം കെട്ടി ഉയര്‍ത്തിയ ഇതൊന്നും ജീവിത പാതയില്‍ ഒറ്റപ്പെട്ട് പോയ ഈ വയസ്സന് വേണ്ട..ഞാന്‍ പോകുന്നു..തിരികെ..."

                                              കണ്ണീരില്‍ കുളിച്ച് നിന്ന അവളെ അയാള്‍ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ഒരുമ്മ കൊടുത്തു..പിന്നെ സ്വന്തം കണ്ണ് നീര്‍ തുടച്ച് ചിരിയോടെ പറഞ്ഞു...

         "അമ്മ അച്ചനെ കാത്തിരിക്കാന്‍ തൊടങ്ങീട്ട് കൊല്ലം അഞ്ചായിരിക്കുന്നു.....ഞാന്‍ നാളെ വരാം, മറ്റന്നാള്‍ വരാം എന്നൊക്കെ പറഞ്ഞ് ആ പാവത്തിനെ ഓരോ ദിവസവും പറ്റിക്കേണ്...ഇനി അധികം വൈകില്ല..ഒരു ദിവസം അച്ഛനും പോകും..ക്യാന്‍സര്‍ അതിന്‍റെ അവസാനത്തെ മൂര്‍ച്ചയിലാ..

                                                വേദനയോടെ എന്തോ പറയാന്‍ അവള്‍ തുടങ്ങിയെങ്കിലും ഇത്തവണ അക്ഷമയുടെ നീണ്ട ഹോണടി അവളെ തേടിയെത്തി..

          "ഡാഡി ഞാന്‍ പോട്ടെ..അദ്ദേഹത്തിനു ദേഷ്യം വരും..എന്നോട് പൊറുക്കണം..എല്ലാ തെറ്റുകള്‍ക്കും..അടുത്ത ജന്മത്തിലും നിങ്ങളുടെ മകളായി ജനിക്കണം..ഒരു നല്ല കുട്ടിയായി, ഒരു നല്ല മകളായി, ശപിക്കരുത്..മാപ്പ്..



                                             ഉറക്കെ കരഞ്ഞുകൊണ്ട്‌ വീണ്ടും ഹോണ്‍  ശബ്ദം വന്ന ദിക്കിലേക്ക് തിരിഞ്ഞ് നോക്കി അവളോടുമ്പോള്‍ അയാള്‍ക്ക് തോന്നി പിച്ച വെക്കാന്‍ തുടങ്ങിയ മകളാണ് മുന്നിലെന്ന്...

       "മോളമ്മാ..സൂക്ഷിച്ച്..."

                                               അത് വരെ മൂടി നിന്ന പ്രകൃതി വീണ്ടും ഇരുളില്‍ മുങ്ങാന്‍ തുടങ്ങി..അവള്‍ പോയ വഴിയിലെ കാഴ്ചകള്‍ മങ്ങി തുടങ്ങി..കുരിശ് പള്ളിയുടെ മുകളില്‍ നിന്നും കിളി വീണ്ടും കരഞ്ഞുകൊണ്ട്‌ തല ചുഴറ്റി അവിടെ പറന്നു നടന്നു..കാണാന്‍ കഴിയാത്ത കുഞ്ഞിനെ തേടി..അയാള്‍ വിറച്ച് നില്‍ക്കുന്ന പ്രകൃതിയിലൂടെ തിരികെ നടന്നു..നീണ്ടു കിടക്കുന്ന വര്‍ണ്ണാഭമായ പാതയിലൂടെ...അയാള്‍ക്ക് ചുറ്റും പ്രകൃതി വീണ്ടും വീണ്ടും ഇരുട്ട് നിറച്ചു...ആ ഇരുട്ടില്‍ അയാളും മാഞ്ഞു പോയി..ഒരു പൊട്ട് പോലെ....


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍                                    

harishkdlr.blogspot.com





















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ