2016, ജനുവരി 21, വ്യാഴാഴ്‌ച

ആജീവനാന്തം വിധി....

           

             

                     "കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ നിരത്തിയ തെളിവുകളുടെ അപര്യാപ്തത കൊണ്ടും, തെളിവുകള്‍ സുതാര്യമല്ലാത്തത് കൊണ്ടും, പ്രതിയെന്ന് ആരോപിക്കപ്പെട്ട   -------------നെ നിരുപാധികം വിട്ടയക്കാന്‍ ഈ കോടതി ഉത്തരവിടുന്നു..."

                                                  വിധി കേട്ടവര്‍ കേട്ടവര്‍ മുഴുവന്‍ മൂക്കത്ത് വിരല്‍ വെച്ചു.കൊല്ലപ്പെട്ട സെക്യുരിറ്റി ജീവനക്കാരന്റെ കുടുംബവും, സുഹൃത്തുക്കളും ആ ഞെട്ടലില്‍ നിന്നും മോചിതരാകും മുന്‍പേ അവന്‍  കോടതിയില്‍ നിന്നും നെഞ്ചും വിരിച്ച് പുറത്തേക്ക്..കൂടെ ലക്ഷങ്ങള്‍ വാരി എറിഞ്ഞു അവനെ  കള്ളതെളിവുകള്‍ നിരത്തി രക്ഷിച്ച വക്കീലും, പരിവാരങ്ങളും..ആര്‍ക്കും പ്രതികരിക്കാന്‍ കഴിയുന്നില്ല..ഒരാളും പ്രതീക്ഷിക്കാത്ത വിധി..കൂടി നിന്നവരില്‍ മുഴുവന്‍ വേദന നിറച്ച വിധി..നീതി വ്യവസ്ഥയിലെ പിഴവുകള്‍ മുഴുവന്‍ മുതലെടുത്ത ഒരു അന്തിമ വിധി...

           "എന്‍റെ കയ്യിലുള്ള കോടികള്‍ക്ക് മുന്നില്‍ മറിയുന്ന നിയമം മാത്രമേ ഈ നാട്ടിലുള്ളൂ പബ്ലിക്ക് പ്രോസിക്യൂട്ടറെ...നിങ്ങള്‍ വെറുതെ എനര്‍ജി കളഞ്ഞു..."

                                                  അവന്‍റെ ധിക്കാരം നിറഞ്ഞ വാക്കുകള്‍ക്ക് മുന്നില്‍ പാവം പബ്ലിക്ക് പ്രോസിക്യൂട്ടര്‍ തല കുനിച്ചു..ഒരു കൊലച്ചിരിയോടെ അവന്‍ നടക്കുന്നതിനിടയില്‍ പിന്നില്‍ നിന്നും ആ മനുഷ്യന്‍ പറഞ്ഞു..

          "ഇതിന് മുകളില്‍ കോടതിയുണ്ട്‌ അത് മറക്കണ്ടാ..പിന്നെ സുപ്രീം                                കോടതിക്ക് മുകളില്‍ ഒടുവില്‍ ദൈവത്തിന്‍റെ ഒരു കോടതിയും..."

                                                 അവന്‍  നടന്ന്‍ ജന കൂട്ടത്തിലേക്ക്..ചുറ്റും രക്ഷകരായ് ഗുണ്ടകള്‍..നെഞ്ചും വിരിച്ച് നീതി ന്യായ വ്യവസ്ഥയെ വെല്ലുവിളിച്ച്...ഒരു വര്‍ഷം മുന്‍പ് ഒരു പാവപ്പെട്ട മനുഷ്യനെ കാറിടിച്ച്, ആക്രമിച്ച് ദാരുണമായി കൊന്ന മനുഷ്യനാണ് നിരപരാധിയായി കോടതിയുടെ കണ്ണുകള്‍ അന്തിമ വിധി നല്‍കി സ്വതന്ത്രനായി മാറ്റിയത്..

                                                അവന്‍  നടക്കുന്നതിനിടയില്‍ കാലിലെ വള്ളി ചെരുപ്പുകള്‍ വലിച്ചെറിഞ്ഞു..അനുയായികളില്‍ ആരോ വില കൂടിയ ഷൂ അവന്‍റെ  കാലുകള്‍ക്ക് മുന്നില്‍ കൊണ്ട് വെച്ചു..നിമിഷം നേരം കൊണ്ട് ജയില്‍ വാസിയുടെ വേഷത്തില്‍ നിന്നും മോചനം..കോടതി വളപ്പില്‍ പാര്‍ക്ക് ചെയ്ത ആഡംബര കാറിനടുത്ത് എത്തിയതും അവന്‍  കൈകള്‍ കാണിച്ചു..കാറിന്റെ ചാവിക്കായി...വീണ്ടും ആഡംബര ജീവിതത്തിലേക്ക്..പണം തിളച്ച് മറിയുന്ന അഹങ്കാരത്തിന്റെ കൊമ്പിലേക്ക്, ഗര്‍വ്വിലേക്ക് ..

         "സുഹൃത്തെ. ഒരു നിമിഷം ."

                                          കാറിനു മുന്നിലേക്ക് ഞൊണ്ടി ഞൊണ്ടി ഒറ്റ കാലുള്ള ഒരാള്‍..നീണ്ട താടിയും, മുടിയുമുള്ള ഭ്രാന്തനെ പോലെ തോന്നിക്കുന്ന ഒരാള്‍..

         "നിയമത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെട്ടുല്ലേ?? പക്ഷെ ദൈവത്തിന്റെ മുന്നിലും, സമൂഹത്തിന്‍റെ മുന്നിലും നിങ്ങള്‍ ഇപ്പോഴും കുറ്റക്കാരന്‍ തന്നെ..."

                                            പഴയ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് പുതിയ വില കൂടിയ വസ്ത്രം ധരിക്കുമ്പോള്‍ കാറിനരികില്‍ വന്ന ആ മനുഷ്യന് നേരെ അവന്‍ കയര്‍ത്ത് കൊണ്ട് അവന്‍ പറഞ്ഞു..

         "വേദാന്തം പറയാണ്ട് മുന്നീന്ന്‍ മാറി നിക്കടാ ഒന്നരക്കാലാ...ദൈവത്തിന്റെ മുന്നില്‍ തെറ്റ് ക്കാരന്‍ ആണെങ്കില്‍ ആ ദൈവത്തെ തന്നെ ഞാന്‍ വിലക്കെടുത്തോളം..പണം അതാണ് ദൈവം..അതെന്‍റെ കൂടെയുണ്ട്... മറ്റവന്റെ പോലെ കാറിനടിയില്‍ പോകാതെ മാറി നിന്നോ..നിന്നെ കൊന്നാലും കാണാനുള്ള കണ്ണ്‍  ഈ നാട്ടിലെ നിയമത്തിനില്ല."

                                             അവന്‍റെ അനുയായികളില്‍ ഒരാള്‍ അയാളെ പിടിച്ച് തള്ളി..പുറകിലേക്ക് കാലിടറി വീണ ആ മനുഷ്യന്‍ എഴുന്നേറ്റ് ചിരിയോടെ അവനെ നോക്കി..ശാന്തനായ് പതുക്കെ പറയാന്‍ തുടങ്ങി..

              "ഇന്ന്‍ നിങ്ങള്‍ക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേയോ ആയിരുന്നു..
               നാളെയത് മറ്റാരുടേയോ ആകും..മാറ്റം പ്രകൃതി നിയമമാണ്.."

                                            അയാള്‍ വീണ്ടും പറയാന്‍ തുടങ്ങി..ഒരു അപൂര്‍വ തേജസ്സോടെ വാക്കുകള്‍ ഒഴുകുന്നു..ഒന്നും മനസ്സിലാകാതെ അവനും, അവന്‍റെ അനുയായികളും..

            "നിന്‍റെ നടത്തത്തില്‍ നീ മിതത്വം പാലിക്കുക..
             നിന്‍റെ ശബ്ദം നീ ഒതുക്കുകയും ചെയ്യുക..."

                                             അവന്‍ കാറില്‍ കയറുമ്പോള്‍ വീണ്ടും അയാള്‍ അടുത്തേക്ക് വന്നു..അയാളെ കണ്ടതും അവന്‍ കലിയോടെ അയാളെ ദേഷ്യത്തോടെ തള്ളി മാറ്റി ഭീഷണി മുഴക്കി...

           "പൊയ്ക്കോടാ കൃമി മുന്നീന്ന്‍..കയ്യും, കാലും ഞാന്‍ വെട്ടിയെടുക്കും...പിന്നെ ഇഴ ജന്തുനെ പോലെ ജീവിക്കേണ്ടി വരും..ചെറ്റേ...                
            "നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു                      മുമ്പേ താഴ്മ "

                                               അവന്‍ വാഹനത്തില്‍ കയറി മുന്നോട്ട് പോകുന്നത് നോക്കി അയാള്‍ വീണ്ടും പറഞ്ഞു..പിന്നെ എന്തോ പിറുപിറുത്ത് കൊണ്ട് കോടതിയുടെ വളപ്പും, റോഡും മുറിച്ച് കടന്ന്‍ ഗലിയിലേക്ക്...ആ ഗലിയുടെ അറ്റത്ത് വലത് വശത്ത് ജുമാ മസ്ജിദും, ഇടത് വശത്ത് അയ്യപ്പന്‍ കോവിലും... അയാള്‍ നടന്ന്‍ ഗലിയിലെ ആള്‍ കൂട്ടത്തില്‍ അപ്രത്യക്ഷമായി..

                                               കുറേ നാളുകള്‍ക്ക് ശേഷം ജയിലറയില്‍ നിന്നും പുറത്ത് വന്നതിന്റെ സന്തോഷവും, ആഡംബര വാഹനം കയ്യില്‍ കിട്ടിയതിന്‍റെ ആവേശവും അവന്‍റെ  കാലുകള്‍ക്ക് നിയന്ത്രണമില്ലാതെ സ്വന്തന്ത്രമാക്കി..വേഗതയില്‍ ചീറി പായുമ്പോള്‍ അവന്‍ ആരേയല്ലാമോ ചീത്ത വിളിച്ചു കൊണ്ടിരുന്നു...അഹങ്കാരവും ആവേശവും ഉന്നതിയിലെത്തിയ ഒരു നിമിഷം..അവന്‍റെ കയ്യില്‍ നിന്നും വാഹന ഗതി നഷ്‌ടമായ ഒരു നിമിഷം..എതിരെ വന്ന ട്രെയിലറിലേക്ക് എല്ലാ ആഡംബരവും ഇടിച്ച് കയറി..ബോധം മാത്രം ബാക്കി വെച്ച് ..എല്ലാ വേദനയും നല്‍കി കൊണ്ട്...

പിന്നേയും  കുറേ നാളുകള്‍ക്ക് ശേഷം..

                                                    ആശുപത്രിയുടെ കവാടത്തിനു മുന്നില്‍ വീല്‍ ചെയറില്‍ അവന്‍..തുട ഭാഗത്ത് നിന്ന് താഴേക്ക് മുറിച്ചു മാറ്റപ്പെട്ട കാലുകള്‍ ..ഒപ്പം മുറിച്ചു മാറ്റിയ വലത് കൈ.. ഒടിഞ്ഞു തൂങ്ങിയ ശരീരവും, ഒപ്പം ഒന്നും സംഭവിക്കാത്ത ബുദ്ധിയും, ബോധവും. വീല്‍ ചെയറില്‍ തല കീഴപോട്ട് നോക്കിയിരുന്ന അവനെ നോക്കി ആരല്ലാമോ പറഞ്ഞു..

        "ദൈവത്തിന്‍റെ കോടതിയുടെ ശിക്ഷ കണ്ടില്ലേ..കാലുമില്ല, ഒരു                                        കയ്യുമില്ല..ഇനി ഇഴഞ്ഞ് ജീവിക്കേണ്ടി വരും.."

        "പണത്തിന്‍റെ നെഗളിപ്പ് കാണിച്ച് ഒരു ജീവന്‍ എടുത്തോനാ..കോടതി                        ശിക്ഷിക്കാതെ വിട്ടത് നന്നായി..ഇവനൊക്കെ കിട്ടേണ്ട ശിക്ഷ ഇത് തന്ന്യാ.."

                                                          ഇടക്ക് ആംബുലന്‍സില്‍ കയറ്റുന്ന നേരത്ത് അവന്‍ ആശുപത്രി വരാന്തയിലേക്ക് നോക്കി..അവിടെ ആള്‍ക്കൂട്ടത്തില്‍ അയാള്‍..താടിയും മുടിയും വളര്‍ത്തി ഞൊണ്ടി ഞൊണ്ടി...കോടതി വളപ്പിലെ പഴയ ഓര്‍മ്മകള്‍ അവനിലേക്ക്..ചിരിയോടെ അയാളുടെ ചുണ്ടുകള്‍ അവനെ നോക്കി മന്ത്രിക്കുന്നത് പോലെ അവന് തോന്നി...

          "നല്ലതിനും മുമ്പേ സ്നേഹം ഉള്ളവരായിരിപ്പിന്‍..
           സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്കുന്നു...

          "നല്ലത് മാത്രം സംസാരിക്കുക...അല്ലെങ്കില്‍ മൗനം പാലിക്കുക.".

          "സമൂഹ നന്മ ആഗ്രഹിക്കുന്ന മനുഷ്യന്‍ സ്വജീവിതം അതിനു                                          മാതൃകയാക്കണം.."

                                                         ആംബുലന്‍സില്‍ കയറി കിടക്കുമ്പോള്‍ അവന്‍റെ ബുദ്ധി മണ്ഡലത്തില്‍ അയാള്‍ പറഞ്ഞ ആ പുണ്യ ഗ്രന്ഥങ്ങളിലെ വാക്കുകള്‍ വീണ്ടും ഒരശരീരി പോലെ മുഴങ്ങി കൊണ്ടിരുന്നു..വീണ്ടും വീണ്ടും.....

NB:- കഥാപാത്രങ്ങള്‍ക്ക് ആരോടെങ്കിലും സാമ്യം തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

                                                       

                                           



                                       

                                           





        



                                             

1 അഭിപ്രായം: