
"അതിരാവിലെ തന്നെ ഒരു വലിയ യുദ്ധം..അവന്റെ കഴുത്തില്‍ നിന്നും ചോരകണ്ടിട്ടാണ് അവസാനിപ്പിച്ചത്...കൊല്ലണമായിരുന്നു...ചോര കണ്ട് കൊതി മാറിയില്ല...അപ്പോഴേക്കും അവര്‍ ഓടി വന്നു..അല്ലെങ്കില്‍ അവന് ചത്തു വീണേനെ.."
കോഴിചാത്തന്‍ ഒന്ന് വീണ്ടും നിവര്‍ന്ന് നിന്നു...പിടകോഴി അവന്റെ ചുറ്റും നടന്ന് തൂവലും, അങ്കവാലും, താടയും, കഴുത്തും പരിശോധിച്ചു..വീര കൃത്യം നടത്തിയ എതിര് ലിംഗത്തെ ആരാധനയോടെ നോക്കി..
"ഇല്ല....ഒന്നും പറ്റിയിട്ടില്ല...ചിറകിന്റെ അടിയില്‍ നിന്നും ഒരു ചെറിയ തൂവല്‍ മാത്രം..നിങ്ങള്‍ നമ്മുടെ മതത്തിന്റെ അന്തസ്സ് കാത്തു...ഞാന്‍ കണ്ടതാ..മുണ്ടന്‍ താറാവിന്റെ കഴുത്തില്‍ നിന്നും കൊഴുത്ത ചോര ചീറ്റിയത്.."
ആ വാക്കുകള്‍ കോഴിചാത്തന്‍ ആവേശത്തോടെ ഏറ്റെടുത്ത് വേലിയുടെ മുകളില്‍ കയറി കഴുത്ത് നീട്ടി ഒരു ഉഗ്രന്‍ കൂവല്‍ പാസ്സാക്കി..കുളത്തിനടുത്ത് കൂട്ടം കൂടി നിന്ന താറാവ് കൂട്ടത്തില്‍ ആ കൂക്ക് വിളി പ്രതിഫലിച്ചു..അവരുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന പോലെ.അതിര്‍ത്തിക്ക്അപ്പുറത്ത് നിന്നുള്ള യുദ്ധ പ്രഖ്യാപനം പോലെ തോന്നി ആ കൂവല്‍..ഇടയ്ക്കുള്ള യുദ്ധം തുടങ്ങിയിട്ട് കാലം ഏറെ പഴകിയിരിക്കുന്നു..ആ വീട്ടില്‍ തന്നെയാണ് ഇരു കൂട്ടരും ജനിച്ചത്..ഏതോ ഒരു തള്ളകോഴി ഇരുപത്തിയൊന്നു ദിനം തപസ്സിരുന്നു സൃഷ്ടിച്ച സംഘം..മുട്ട വിരിഞ്ഞപ്പോള്‍ എട്ടു കോഴികുഞ്ഞുങ്ങള്‍, ആറു താറാവ് കുഞ്ഞുങ്ങള്‍...വലുതാകും വരെ അവര്‍ ഒന്നിച്ചായിരുന്നു..ഒരു കൂട്ടില്‍ ഒരമ്മയുടെ ചിറകില്‍..ഒരു പാത്രത്തില്‍ ഒരുമയോടെ ഭക്ഷിക്കുന്ന....
വളര്‍ന്നതോടെ രൂപത്തില്‍ മാറ്റങ്ങള്‍ വന്നതോടെ ഇരു കൂട്ടരും അകലാന്‍ തുടങ്ങി....മാനസികമായ അകല്‍ച്ച കാലക്രമേണ വംശീയമായ വേര്‍തിരിവ് സൃഷ്ടിച്ചു..കോഴികള്‍ ഒരു കൂട്ടമായ്..കോഴി മതത്തില്‍ വിശ്വാസം അര്‍പ്പിച്ച്...താറാവുകള്‍ അവരുടെ സ്വന്തം വിശ്വാസത്തില്‍...ഒരു പാത്രത്തില്‍ നിന്നും കഴിച്ചിരുന്ന ഇരുവര്‍ക്കും വേറെ വേറെ പാത്രങ്ങളായി., ഒരേ ക്കൂട്ടില്‍ രാത്രി കയറിയിരുന്ന താറാവുകള്‍ക്ക് കോഴിക്കൂട് അന്യമായി...അവര്‍ക്ക് കുളക്കര തന്നെ ശരണം..വേര്‍തിരിവുകള്‍, വെറുപ്പുകള്‍, വേലിക്കെട്ടുകള്‍.... പരസ്പരം പോരുവിളികള്‍..ഭീഷണികള്‍,ഇടയ്ക്ക് യുദ്ധങ്ങള്‍..
'കോഴി സുഹൃത്തുക്കളെ...പറവ വംശജരായ നമ്മള് കുലീനരും, ദൈവം നേരിട്ട് സൃഷ്ടിച്ചവരും ആകുന്നു...നമുക്ക് ദൈവം തന്ന അകാരം താറാവുകള്‍ക്ക് കൊടുത്തില്ല..അവര്‍ ഒരിക്കലും നമ്മുടെ മതമല്ല...അവരെ കോഴികൂടിന്റെ അതിര്‍ത്തിയില്‍ പ്രവേശനമില്ല...അത് കൊണ്ടാണ് നമ്മള് "അകോഴികള്‍ക്ക് പ്രവേശനമില്ല" എന്ന ബോര്‍ഡ് വെക്കാന്‍ പോകുന്നത്...താറാവുകള്‍ നമ്മുടെ ജന്മ ശത്രുക്കള്‍ ആണ്..ഇന്ന് ശ്രീമാന്‍ കോഴി ചാത്തനെ ഒരു മുണ്ടന്‍ താറാവ് അകാരണമായി ആക്രമിച്ചു...അവരെ ഒരു പാഠം പഠിപ്പിച്ചേ മതിയാകൂ.."
കോഴി മൂപ്പന്റെ വാക്കുകള്‍ ചില യുവ പൂവന്മാരില്‍ ചലനം സൃഷ്ടിച്ചു..കുളക്കരയില്‍ നില്ക്കുന്ന താറാ കൂട്ടത്തെ ആക്രമിച്ച് തുരത്താന്‍ അവരുടെ ഹൃദയം തുടിച്ചു..പറവ കുലത്തില്‍ കോഴി മതം മാത്രം മതി...മറ്റൊന്നും വേണ്ട...ഇതേ സമയത്ത് തന്നെ കുളക്കരയില്‍ ഒരു മഹാസമ്മേളനം നടക്കുകയായിരുന്നു...രാവിലെ കോഴി ചാത്തനാല്‍ ആക്രമിക്കപ്പെട്ട താറാവ് മുണ്ടന്‍ അത്യാസന്നനിലയില്‍ അവര്‍ക്കിടയില്‍..ചുറ്റും നില്‍ക്കുന്നവരെ മുഴുവന്‍ അഭിസംഭോധന ചെയ്യ്ത് പൂവാലന് താറാവ് ഉറക്കെ പറഞ്ഞു..
''വൃത്തിയില്ലാത്ത വര്‍ഗ്ഗമാണ് കോഴി വര്‍ഗ്ഗം..കുളക്കരയില്‍ അവര്‍ക്ക് പ്രവേശനമില്ല..കാലുകള്‍ കൊണ്ട് ചിക്കി മാന്തി വൃത്തികേടാക്കുന്ന ആ വര്‍ഗ്ഗം പറവകുലത്തില്‍ ശ്രേഷ്ഠ പദവിയില്‍ നില്ക്കുന്ന നമ്മുടെ താറാ മതത്തിന് വന്‍ ഭീഷണി ആണ്...നമ്മള് അംഗസംഖ്യയില്‍ കുറവാണെന്ന കാര്യം എല്ലാര്ക്കും അറിയാമല്ലോ...ഞാന്‍ എന്തായാലും കുട്ടനാട്ടിലെ നമ്മുടെ മതനേതാക്കളുമായി സംസാരിച്ച് അവിടെ നിന്നും കുറേ ചാവേര്‍ താറാവുകളെ ഇറക്കാം..നമ്മുടെ പ്രിയപ്പെട്ട മുണ്ടനെ ഇന്ന് രാവിലെ അതിക്രൂരമായി കൊത്തി പരിക്കേല്പിച്ച അവനെ കൊല്ലണം...ആ കോഴി ചാത്തനെ..''
എന്തായാലും കളി കാര്യമായി തുടങ്ങി..വീണ്ടും അക്രമങ്ങള്‍...കുളക്കരയില്‍ ചിക്കി പരകി നടന്ന കഴുത്തില്‍ രോമമില്ലാത്ത പിടയുടെ ജഡം തെങ്ങിന് തോപ്പില്‍ കണ്ടതോടെ കോഴി വര്‍ഗ്ഗം അക്രമസത്തരായി..കൊന്നത് താറാവുകള്‍ ആണെന്ന് കോഴി മൂപ്പന് പ്രഖ്യാപിച്ചു..പിട ചാവാന്‍ കാരണം കോഴി വസന്ത ആണെന്ന് താറാവ് കൂട്ടത്തില്‍ നിന്നും പരക്കെ അഭിപ്രായം ഉയര്‍ന്നെങ്കിലും കോഴികള്‍ ചെവി കൊണ്ടില്ല...ചത്ത പിടയുടെ കൂടെ കുറച്ച് ദിവസമായി ഒരു കോഴിവസന്ത പിടിച്ച ഒരു വരുത്തന് കോഴിചാത്തന്‍ കറങ്ങി നടക്കുന്നത് തെളിവുകള്‍ ആയി നല്‍കിയിട്ടും മരണത്തിനു പിന്നില്‍ താറാവുകള്‍ ആണെന്ന് അവര്‍ വിശ്വസിച്ചു..അണിയറയില്‍ ഒരു പുതിയ യുദ്ധത്തിനുള്ള പുറപ്പാട്...ചില യുവ കോഴി ചാത്തന്മാര് അലക്ക് കല്ലില്‍ ഉരസി ചുണ്ടുകള്‍ മൂര്‍ച്ച കൂട്ടുന്നു.. രാവിലെ പരസ്പരം കൊത്ത്താ കൂടി യുദ്ധമുറകള്‍ പരിശീലിക്കുന്നു..താറാവുകള്‍ ഭീതിയോടെ..തിരിച്ചടിക്കാന്‍ പത്തികാലുകള്‍ മാത്രം..ഇടയ്ക്ക് കുളക്കരയിലെ തെങ്ങിന് ചുവട്ടില്‍ ഏഷണിക്കാരായ ചില കോഴി പിടകള്‍ ചാര വേഷം പൂണ്ട് കൊത്തി ചികഞ്ഞ് നടക്കുന്നു..ഒരു മഹായുദ്ധം സമാഗതം...
കാലത്ത് മുറ്റത്ത് വെച്ച കുഴച്ച ഗോതമ്പ് തവിട് ആര്‍ത്തിയോടെ അകത്താക്കുമ്പോള്‍ യുദ്ധം പൊട്ടി വീണു..തലങ്ങും വിലങ്ങും കോഴികള്‍ തവിട് തിന്നുന്ന താറാവുകളെ ആക്രമിച്ചു...തിരിച്ച് പ്രത്യാക്രമണം..അട്ടഹാസം, നിലവിളികള്‍, പറന്നുയര്‍ന്ന തൂവലുകള്‍,പിന്മാറാന് തയ്യാറാകാത്ത യുദ്ധം...ബഹളം കേട്ട് ഗൃഹനാഥ ഒച്ചയിട്ട് എല്ലാവരെയും ആട്ടിയോടിച്ചു..ഇരു വിഭാഗവും പോര്‍വിളികള്‍ ഉയര്‍ത്തി പിന്മാറി..
"എനംകൊത്തികള്‍...തിന്ന് എല്ലിന്റെ ഇടെ കേറീട്ടാ..കാണിച്ച് തരാം എല്ലാത്തിനെയും.."
ഗൃഹനാഥ മുഴക്കിയത് വെറും ഭീഷണി ആയിരുന്നില്ല..രണ്ടു ദിവസം കഴിഞ്ഞ് കോഴികളും, താറാവുകളും ഉറക്കം ഉണര്‍ന്നത് ഒരേ ഇരുമ്പ് കുട്ടയുടെ അടിയില്‍ ആയിരുന്നു..ആരോ ബന്ധിച്ചിരിക്കുന്നു...എന്താണെന്ന് സംഭവിച്ചതെന്ന് അറിയുന്നതിന് ആരോ പറയുന്നത് കേട്ടു..
"താറാവ് മപ്പാസ് വെക്കാം...കോഴി യെ വറുക്കാം...എന്തായാലും തമ്മില്‍ കൊത്തി ചാവുന്നതില്‍ ഭേദം പള്ളി പെരുന്നാളിന് കറി വെക്കണതാ.."
ഇടി തീ പോലെ ആ വാക്കുകള്‍ കുട്ടയുടെ അടിയില്‍ കിടക്കുന്ന രണ്ടു മതസ്ഥരുടെ ചെവിയില്‍ മുഴങ്ങി..ഇരു കൂട്ടരും പരസ്പരം നോക്കി..ദൂരെ ഒരു കത്തി മൂര്‍ച്ച കൂട്ടുന്ന ശബ്ദം..കറി മസാല ചൂടാക്കുന്ന ഗന്ധം.കുട്ടയുടെ ദ്വാരത്തിലൂടെ വെളിയില്‍ കൊത്തി പെറുക്കി നടക്കുന്ന തള്ളകൊഴിയും കുഞ്ഞുങ്ങളും, അതില്‍ നാലു താറാവ് കുഞ്ഞും, അഞ്ച് കോഴികുഞ്ഞും...കിട്ടിയ ഒരു അരിമണി ഒരു കുഞ്ഞി കോഴി താറാ കുഞ്ഞുമായി പങ്ക് വെക്കുന്ന കാഴ്ച..ഒരുമയുടെ, ഐക്യത്തിന്റെ കാഴ്ചാനുഭവം.. കോഴികളിലും, താറാവ് കൂട്ടത്തിനും പുതിയ വെളിച്ചം നല്കി..സമയം കുറേ വൈകിയൊരു വിവേകം..
"നമ്മള് കോഴി മതവും, താറാവ് മതവും പറഞ്ഞ് തമ്മില്‍ തല്ലിയപ്പോള്‍ ഓര്‍ത്തില്ല...പറവകള്‍ ആണെന്ന്...കുറച്ച് സമയം കഴിയുമ്പോള്‍ നമ്മുടെ കഴുത്തില്‍ കത്തി വീഴും, ഒഴുകാന്‍ പോകുന്ന ചോരയുടെ നിറം ചുവപ്പ്...ഇതൊന്നും മനസ്സിലാക്കാതെ എന്തിനോ വേണ്ടി തമ്മില്‍ തല്ലി..ആദ്യം വംശം...പിന്നെ മതം...
കോഴി മൂപ്പന് പറഞ്ഞത് എല്ലാവരും ശരി വെച്ചു...ഒരുമയോടെ സുന്ദരമായ ഭൂമിയില്‍ കൊത്തി പെറുക്കി, ചിക്കി ചികഞ്ഞ്, നീന്തി തുടിച്ച് ജീവിക്കാനുള്ള അവസരം സ്വയം നഷ്ടമാക്കിയതില്‍ വേദനിച്ചു...കുട്ടയുടെ അടിയില്‍ അവര്‍ മുട്ടിയുരുമ്മി ഒത്തൊരുമിച്ച് നിന്നു..അപ്പോഴും പുറം കാഴ്ചകളില്‍ കുഞ്ഞി താറാവും, കുഞ്ഞികൊഴിയും ഒരുമിച്ച് അമ്മ കോഴിയുടെ പുറകെ..അത് കണ്ടിട്ട് പൂവാലന് താറാവ് ദുഖത്തോടെ പറഞ്ഞു...
"നമ്മുടെ വരും തലമുറയെങ്കിലും നല്ല ബുദ്ധിയോടെ ജീവിക്കട്ടെ....അവര്‍ താറാവ് മതത്തില്‍ വിശ്വസിച്ച്, കോഴി മതത്തെ ആദരിച്ച്, ഐക്യത്തോടെ ജീവിക്കട്ടെ...ജീവിതം ജീവിക്കാനുള്ളതാണ്...സ്നേഹത്തോടെ, സൌഹാര്‍ദ്ദത്തോടെ...പരസ്പരം പോരടിച്ച് മരിക്കാനുള്ളതല്ല..."