2016, ജൂൺ 22, ബുധനാഴ്‌ച

"ഇത്തിപ്പറമ്പിലെ പൊട്ടന്‍.."

                             



                    
                                                       "ചില്ലി തെങ്ങില്‍ കൂട് കെട്ടി കാലങ്ങളായി വസിക്കുന്ന കാക്ക പുലര്‍ച്ച "നേരം വെളുക്കുന്നു" എന്ന് വിളിച്ച് പറഞ്ഞു കരയാന്‍ തുടങ്ങുന്ന സമയത്ത് തന്നെ നാലു ചുറ്റും മതില്‍ കെട്ടുകളാല്‍ ചുറ്റപ്പെട്ട പഴയ സ്രാമ്പി പ്പുര മാളികയില്‍ നിന്നും ആ ശബ്ദം ഉയരാന്‍ തുടങ്ങും.."ഹബ്ബെ..ഹബെ". തൊഴുത്തില്‍ നിന്നും പശുക്കളെ കുളിപ്പിച്ച് വലിയ സ്റ്റീല്‍ ചെരുവത്തില്‍ പാല്‍ കറന്നു വെച്ച്, പുറത്തെ അടുപ്പില്‍ പശുവിനുള്ള വെള്ളം തിളപ്പിക്കാന്‍ തുടങ്ങുന്ന സമയത്തും ആ ശബ്ദം മതില്‍ കെട്ടിനുള്ളില്‍ ഉയര്‍ന്നു കേള്‍ക്കാം.അതിങ്ങനെ ഉച്ചസമയത്തും, രാത്രി ഇരുളുന്നത് വരെയും തുടരും.

                                                      പൊട്ടന്റെ ശബ്ദമാണ്. ആ വീടിന്‍റെ കാവലാള്‍, അല്ലെങ്കില്‍ ആ വീടിനെ ശബ്ദമാനമാക്കുന്നവന്‍, വേലക്കാരന്‍ എന്തെല്ലാം ഭാവങ്ങള്‍, അയാള്‍ക്കൊരു പേരുണ്ടോ?? ആര്‍ക്കുമറിയില്ല.ആരും വിളിച്ച് കേട്ടിട്ടില്ല."ഇത്തി പറമ്പിലെ പൊട്ടന്‍" അതായിരുന്നു എല്ലാവര്‍ക്കും അറിയുന്ന പേര്? ആരെങ്കിലും അയാളെ സ്നേഹിച്ചിരുന്നോ? മാനുഷികമായ ചില പരിഗണനകള്‍ വെച്ച് നീട്ടിയിരുന്നോ?? അതും നിശ്ചയമില്ല.ദേഷ്യം കൂടുമ്പോള്‍ ആ വീട്ടിലുള്ളവര്‍ വിളിച്ച് കൂവിയിരുന്നത് "പൊട്ടന്‍ ക്ണാപ്പാ, വിഡ്ഢി കുശ്മാണ്ടാ, എന്നൊക്കെ തന്നെയായിരുന്നു. രാവിലെ തന്നെ കുളിച്ച്, നല്ലൊരു കുറിയും തൊട്ട് മുണ്ടും, കയ്യില്ലാത്ത നൂറു തുളകള്‍ നിറഞ്ഞ ബനിയനുമിട്ട്, കഴുത്തിലൊരു ചുവന്ന തോര്‍ത്തും ചുറ്റി ആ വീട്ടിലും, കണ്ണെത്താ ദൂരം നീളുന്ന വളപ്പിലും ഓടി നടക്കുന്ന രൂപം. വഴി തെറ്റി വരുന്ന ചില്ല പട്ടികള്‍ക്കും, മാങ്ങ എറിയാന്‍ ഒളിച്ചും പാത്തും വരുന്ന ഞങ്ങള്‍ കുട്ടി സംഘങ്ങള്‍ക്കും  പൊട്ടന്റെ "ഹബെ, ഹബെ " എന്ന ശബ്ദത്തെ ഭയമായിരുന്നു.ആ വളപ്പില്‍ നിന്നും ഒരു മച്ചിങ്ങ പോലും അനുവാദമില്ലാതെ പുറത്ത് കൊണ്ട് പോകാന്‍   പൊട്ടന്റെ റഡാര്‍ കണ്ണുകളെ മറി കടന്ന്‍ സാധിക്കുകയില്ല. അയാള്‍ ആരെയും ദേഹോപദ്രവം ചെയ്തിട്ടില്ല. ആ "ഹബെ "ശബ്ദം മതി   എല്ലാവരിലും ഭയം സൃഷ്ടിക്കാന്‍.

                                                  അയാള്‍ക്ക് ദേഷ്യം വന്നാലും, സങ്കടം വന്നാലും,സന്തോഷം വന്നാലും അകെ വരുന്ന ശബ്ദം "ഹബെ' എന്നായിരുന്നു.ഇത് കൂടാതെ പൊട്ടന്‍റെ വായില്‍ നിന്നും പുറത്ത് വരുന്ന മറ്റൊരു ശബ്ദ ബിന്ദു "ബുപാ" എന്നായിരുന്നു. തറവാട്ടിലെ കാരണവരെ കാണുമ്പോള്‍ മാത്രം പുറത്ത് വരുന്ന ശബ്ദം. കേട്ടറിവ് മാത്രമാണ്, മൂന്ന്‍ വയസ്സുള്ളപ്പോള്‍ മുതല്‍  പൊട്ടനെ ആ വീട്ടില്‍ കണ്ട് തുടങ്ങിയത്. കാരണവര്‍ വേലക്കാരനായി തമിഴ് നാട്ടില്‍ നിന്നും കൊണ്ട് വന്നതാണത്രേ.അതല്ല വെറും അഞ്ചു രൂപക്ക് പൊള്ളാച്ചി ചന്തയില്‍ നിന്നും വാങ്ങിയതാണെന്നും പഴമൊഴിയുണ്ട്. അയാളെ തിരക്കിയോ,ബന്ധുക്കളോ, ബന്ധുക്കളെ തിരക്കി അയാളോ അവിടെ വന്നതില്‍ പിന്നെ പോയിട്ടില്ല. അയാളുടെ ലോകം ആ മതില്‍ കെട്ടും, അതിനോട് ചേര്‍ന്ന്‍ കിടക്കുന്ന വളപ്പും മാത്രം. തൊഴുത്തിനോട് ചേര്‍ന്ന ചെറിയ കുടുസ്സ് മുറിയില്‍ ആ വീടിന്‍റെ കാവലാളായി ജീവിതം. അവിടുത്തെ കുട്ടികളുടെ ബാല്യവും, കൗമാരവും, വിവാഹത്തില്‍ എത്തി ചേര്‍ന്ന യൗവനവും കണ്ടാണ്‌ ആ മൂന്ന്‍ വയസ്സുള്ള പൊട്ടനും വളര്‍ന്നത്.പൊട്ടന്‍ എല്ലാവരെയും ഹൃദയം നിറഞ്ഞു സ്നേഹിച്ചു..അയാള്‍ക്ക് സ്നേഹം തിരിച്ച് കിട്ടിയത് പശുക്കളില്‍ നിന്നും, വളര്‍ത്ത് നായയില്‍ നിന്നും മാത്രമായിരിക്കും..തറവാട്ടിലെ എല്ലാ മനുഷ്യ ജന്മങ്ങളും അയാള്‍ക്ക് നേരെ ഒരകലം മനസ്സിലും, ജീവിതത്തിലും സൂക്ഷിചിരുന്നുവെന്നാണ് കേട്ടു കേള്‍വി..

                                                  ഞങ്ങളുടെ സ്ക്കൂള്‍ കാലയളവിലും പൊട്ടന് നേരെ നീളുന്ന രസകരമായ ചില ഓര്‍മ്മകളുണ്ട്. ആ വീട്ടിലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ സ്ക്കൂളില്‍ കൊണ്ട് വിടാന്‍ പൊട്ടന്‍ വരുന്ന ഒരു വരവ്..രണ്ട്‌ മീറ്റര്‍ മുന്നില്‍ പൊട്ടന്‍ നിവര്‍ന്ന്‍ നടക്കും, അതിന് പിന്നില്‍ പെണ്‍കുട്ടി തന്‍റെ സൈക്കിളില്‍. സൈക്കിള്‍ വേഗത കൂടുന്നതിനനുസരിച്ച് പൊട്ടന്‍ തന്‍റെ നടത്തം ഓട്ടമാക്കി മാറ്റി ആ രണ്ട്‌ മീറ്റര്‍ ദൂരം സ്ക്കൂള്‍ വരെ കൃത്യമായി പാലിക്കും.ഇടക്ക് കുട്ടിയെ നോക്കി വഴിയില്‍ നില്‍ക്കുന്ന സ്കൂള്‍ പൂവാലന്മാരെ അതിനിടയില്‍ രൂക്ഷമായി ഒന്ന്‍ കണ്ണെറിഞ്ഞു വഴിയരികില്‍ നിന്നും പിന്തിരിപ്പിക്കും.ആ സ്കൂള്‍ യാത്ര മാത്രമായിരുന്നു അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദീര്‍ഘ ദൂര യാത്ര.അതിനപ്പുറം ഒരു ലോകം അയാള്‍ കണ്ടിട്ടില്ല.

                                                  രാവിലെ നേരം പുലരും മുന്‍പേ പശു തൊഴുത്തില്‍ നിന്നും തുടങ്ങി, പറമ്പിലും, അടുക്കള പുറത്തും, ഒടുവില്‍ ഇരുളുമ്പോള്‍ തൊഴുത്തില്‍ തന്നെ അവസാനിക്കുന്ന ജീവിതത്തില്‍ ഒഴിവ് ദിനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ "ഇല്ലെന്നായിരിക്കും ഉത്തരം, ഓണം വന്നാലും, പൊങ്കല്‍ വന്നാലും, കല്യാണം വന്നാലും മാറ്റമില്ലാത്ത അതേ ജീവിതം തന്നെ.അതിനു കിട്ടുന്ന വേതനവും കിടക്കാന്‍ ഒരിടവും, മുട്ടില്ലാത്ത ഭക്ഷണവും മാത്രമാണത്രേ.പരാതിയും, പരിദേവനവുമില്ലാതെ തൊഴിലിനോട് കൂറ് പുലര്‍ത്തി, ഒരു കുടുംബത്തിന്‍റെ ദുഖത്തിലും, സുഖത്തിലും കുടുംബാഗങ്ങളെ പോലെ പങ്കാളിയായി എന്നുമൊരു ഒരു കൈ അകലത്തില്‍ അയാള്‍.

                                                 അവിടുത്തെ പെണ്‍കുട്ടിയുടെ കല്യാണത്തിന് ആദ്യമായി വെളുത്ത ഷര്‍ട്ട്‌ ധരിച്ച് പൊട്ടനെ കണ്ടത്. കല്യാണ പെണ്ണായ പെണ്‍കുട്ടി എല്ലാവരുടെയും അനുഗ്രഹം ദക്ഷിണ കൊടുത്ത് വാങ്ങിയപ്പോള്‍ ഒന്നും വാങ്ങാതെ കുറേ അകലത്ത് നിന്നും പൊട്ടന്‍ കണ്ണ്‍ നിറഞ്ഞു കൊണ്ട് കൈകള്‍ ഉയര്‍ത്തി കാണിച്ചു..അത് ആരും തന്നെ കണ്ടതുമില്ല. പെണ്‍കുട്ടി പടിയിറങ്ങി പോകുമ്പോള്‍ ബന്ധുക്കളുടെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ പൊട്ടന്‍ വിഷമം സഹിക്കാന്‍ കഴിയാതെ തൊഴുത്തിന്റെ പിന്നാമ്പുറത്ത് പോയി ചങ്ക് പൊട്ടിയാണ് കരഞ്ഞത്. അതും ആരും മനസ്സിലാക്കിയില്ല..പൊട്ടന്‍ മനസ്സില്‍ ഓരോരുത്തര്‍ക്കും അനുജത്തി, അനിയന്‍, എന്നിങ്ങനെ പല സ്ഥാനങ്ങളും കുറിച്ചെങ്കിലും അവര്‍ക്കെല്ലാം അയാള്‍ പൊട്ടനായിരുന്നു.

                                                 ഇത്തിപ്പറമ്പിലെ കാരണവര്‍ മരിച്ചപ്പോഴും പൊട്ടന്‍ പണി മുടക്കിയില്ല. "ബുപാ'' എന്ന് വിളിച്ച് വാവിട്ട്  കരഞ്ഞു കൊണ്ട് പശുവിനെ കുളിപ്പിച്ചും,തീറ്റ കൊടുത്തും, അയാള്‍. മൃതദേഹം ചിതയിലേക്ക്  എടുത്തപ്പോഴും, ചിത കത്തിയെരിഞ്ഞിട്ടും, സഞ്ചയനവും, പുല വീടലും കഴിഞ്ഞിട്ടും ആ കരച്ചില്‍ അവസാനിച്ചില്ല.കാരണവരുടെ മക്കളും, മരുമക്കളും ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍  കടപ്പുറത്ത് ചെന്നപ്പോള്‍ ,  കടലിലേക്ക് ഇറങ്ങാന്‍ മടിച്ച് നിന്നപ്പോള്‍ , കാലുകള്‍ മാത്രം നനച്ച്  തിരികെ നടക്കുമ്പോള്‍ "ബുപാ"എന്ന് വിളിച്ച് ആര്‍ത്ത്  കരഞ്ഞു കടലില്‍ മുങ്ങി കുളിച്ച് കയറി വന്നു.ആരും തിരിച്ചറിയാത്ത ദുഃഖം. "ബുപാ" എന്ന ശബ്ദം അതോടെ കടല്‍ കരയില്‍ അവസാനിച്ചു.അതിനര്‍ത്ഥവും  ആരും തിരിക്കിയില്ല.

                                              കാലം പല മാറ്റങ്ങളും വരച്ച് വേഗത്തില്‍ മുന്നോട്ട് പോയപ്പോള്‍ സ്രാമ്പിപ്പുര ഒരു കോണ്ക്രീറ്റ് സൌധത്തിന് വഴി മാറി കൊടുത്തു. പുരയോടൊപ്പം ജീവിത ശൈലിയും മാറി വന്നു. ഒഴിഞ്ഞ പറമ്പില്‍ മറ്റ് ചില വീടുകള്‍ ഉയര്‍ന്നു വന്നു.പശുവും, പശു തൊഴുത്തും അന്യാധീനമായി. മുടി നരച്ച് വയസ്സനായ  പൊട്ടന്‍ മതിലിന്റെ മൂലയിലെ കൊച്ചു ഷെഡില്‍,തറവാട്ടിലെ ഇളം താവഴികളുടെ കൂടെ.അവര്‍ നാട് ചുറ്റാന്‍ പോകുമ്പോള്‍ വീട് കാവലിന്.കാലത്തിന്റെ വേഗതയില്‍ അവര്‍ പലതും മറന്നു. കാരണവരെ അടക്കിയ മണ്ണിലെ മുല്ലത്തറയും, വിളക്കും മറന്നു.എല്ലാവരും മറന്നെങ്കിലും പൊട്ടന്‍ മാത്രം മറന്നില്ല..എന്നുമവിടെ മുടങ്ങാതെ തിരി വെച്ചു, മുല്ലക്ക് വെള്ളമൊഴിച്ചു, ഒരിറ്റ് കണ്ണീര്‍ വീഴ്ത്തി മനസ്സില്‍ എന്തോ പ്രാര്‍ത്ഥിച്ചു.ഇതൊന്നും ആരും കണ്ടതായി ഭാവിച്ചില്ല.

                                            ചില ജീവിതങ്ങള്‍ അങ്ങിനെയാണ്..ആര്‍ക്കോ വേണ്ടി ജീവിക്കും, ആര്‍ക്കോ വേണ്ടി കരയും. ഇത്തിപ്പറമ്പിലെ പൊട്ടനും അതെ പോലെ തന്നെ.ആ മതില്‍ കെട്ടിന് പുറത്ത് കൊടുങ്ങല്ലൂര്‍ പട്ടണം വരെ ഒരായുസ്സില്‍ പോയതല്ലാതെ മറ്റൊരിടത്തും അയാള്‍ പോയിട്ടില്ല.കോടികള്‍ വില മതിക്കുന്ന മണ്ണിന്‍റെ കാവലാളായി പണിയെടുത്തിട്ടും അയാള്‍ ഒരു ചില്ലി ശമ്പളമായി വാങ്ങിയതായി കേട്ടറിവില്ല.ആ വീട്ടില്‍ നിന്നും നേരം തെറ്റി കിട്ടുന്ന ഭക്ഷണമല്ലാതെ പുറത്ത് നിന്നും അയാള്‍ എന്തെങ്കിലും കഴിച്ചതായി കണ്ടറിവില്ല.

                                         ഇപ്പോഴും ഇടയ്ക്കിടെ ഒരു നരച്ച ശബ്ദം ആ മതില്‍ കെട്ടിനകത്ത് നിന്നും കേള്‍ക്കാം.. "ഹബെ..ഹബെ.." ഒപ്പം മുടങ്ങാതെ ഒരു അന്തി തിരി കാരണവരുടെ കുഴി മാടത്തിലും കത്തിയെരിയുന്നത് കാണാം. മക്കളും, മരുമക്കളും തിരക്കില്‍ മറന്ന്‍ പോയി തുടങ്ങിയിട്ടും, മരിച്ച ദിവസം ഒരില ചീന്തില്‍ ബലിച്ചോറ് വെച്ച് കൈകള്‍ കൊട്ടിയാട്ടി കാക്കയെ വിളിക്കുന്ന പൊട്ടന്റെ രൂപം. ഒരു പട്ടികയിലും ഉള്‍പ്പെടാതെ , ഒരു കാര്‍ഡിലും പേരില്ലാതെ, ഒന്നും സമ്പാദിക്കാതെ, ജീവിതം ആര്‍ക്കോ വേണ്ടി ജീവിച്ച്, ആയുസ്സ് മുഴുവന്‍ മതില്‍ കെട്ടിനകത്ത് തളച്ചിട്ട ഒരു മനുഷ്യന്‍..

          "ഇത്തിപ്പറമ്പിലെ പൊട്ടന്‍.."















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ