2016, ജൂൺ 23, വ്യാഴാഴ്‌ച

ഇരുപത്തിയേഴാം രാവ്..

               


                                      
                                                                പത്തിരിക്കുള്ള പൊടി കുഴക്കുന്ന സമയത്താണ് ഇറയത്ത്‌ നിന്നും സിറാജിന്റെ ഉറക്കെയുള്ള  "ഉമ്മിച്ചീന്നുള്ള  "വിളി വന്നത്. പള്ളിയില്‍ നിന്ന്അസര്‍ നിസ്ക്കാരം കഴിഞ്ഞുള്ള വരവാ, വഴിയില്‍ എന്തെങ്കിലും കണ്ടിട്ടുണ്ടാകും. ചിന്തിക്കുന്നതിനു മുന്‍പേ അടുക്കള വാതിലില്‍ സിറാജിന്റെ രൂപം. അവന്‍റെ മുഖത്ത് നല്ല ക്ഷീണമുണ്ട്, അത് കണ്ടപ്പോള്‍ അവര്‍ അഭിമാനത്തോടെ ഓര്‍ത്തു. "ഇരുപത്തിയേഴു നോമ്പുകള്‍ പിടിച്ചിരിക്കുന്നു.ഇത്തവണ വാശിയിലാ, ബാപ്പയും ഉമ്മയും എത്ര പിടിക്കുന്നോ അത്രേം ഞാനും പിടിക്കുമെന്ന വാശി".കഴിഞ്ഞ വര്‍ഷം മുറിഞ്ഞു പോയി അര നോമ്പുകളായി മാറിയ ദിവസങ്ങള്‍ ഓര്‍മ്മയില്‍ നില നില്‍ക്കുന്ന കാരണത്താല്‍ ഇത്തവണ സിറാജ് കൂറെ കൂടി ജാഗരൂകനാണ്.

                                                             അവന്‍ ഉമ്മിച്ചിയേയും, മാവ് കുഴക്കുമ്പോള്‍ പുറത്തേക്ക് തള്ളി വരുന്ന  അവരുടെ വീര്‍ത്ത വയറിനേയും ഒരു പോലെ നോക്കി പള്ളിയില്‍ നിന്നും വരുമ്പോള്‍ കണ്ട  വിശേഷം പറഞ്ഞു തുടങ്ങി. "ഒസ്സാന്‍ മാപ്ലെടെ വീടിന്‍റെ അടുത്ത് എത്തിപ്പോ ഞമ്മടെ സീമാമുന്‍റെകത്തെ സുക്കൂര്‍ വഴീ കണ്ട  ഐസ്റൂട്ട് വാങ്ങി തിന്ന്‍..ഓന്റെ നോമ്പ്  മുറിഞ്ഞ്  അര നോമ്പായി" അതും പറഞ്ഞു സിറാജ് അടുക്കള പുറത്തേക്ക് നീട്ടിയൊന്നു തുപ്പി. "മുസ്സായിബ് തന്നാണേ, കൊടുങ്ങൂ പള്ളി തന്നാണേ എന്‍റെ വായീ അത് കണ്ടിട്ട് ഒരു തുള്ളി വെള്ളം പൊന്തീല്ലാ.."


                                                         അവന്‍ ഒരു മുട്ടി പലക വലിച്ചിട്ട് ഉമ്മിച്ചിയുടെ അടുത്തേക്ക് ചേര്‍ന്ന്‍ ഇരുന്ന്‍ വീണ്ടും വഴി വിശേഷം പറയാന്‍ തുടങ്ങി. "പിന്നെ ഞമ്മടെ തങ്ങള്ടെ  പൊരക്ക്‌ മുന്നീ എന്തോരം ആളാ, എത്ര അമ്ബാസര്‍ (അംബാസിഡര്‍) കാറാ, കറുപ്പും വെളുപ്പും.. എല്ലാം നോമ്പ് തൊറക്കാന്‍ വന്നോരടതാ." നാട്ടിലെ ഏറ്റവും പ്രമാണിമാരായ തങ്ങള്‍ കുടുംബത്തിന്‍റെ കാര്യാ ചെക്കന്‍ പറയുന്നത്.അവര്‍ക്ക് റംസാന്‍ മാസത്തില്‍ മാത്രമല്ലാ..എന്നും വിരുന്നാ. എന്നും ബിരിയാണിയുടെ മണം വായുവില്‍ താങ്ങി നില്‍ക്കുന്ന വലിയ വീടും, വളപ്പും. . നിറവയര്‍ കാരണം നിലത്ത് ചടഞ്ഞിരുന്ന് പത്തിരി പരത്താനുള്ള അവരുടെ ബുദ്ധിമുട്ട്. അത് കണ്ടിട്ടാകണം ആ കൊച്ചു മനസ്സ് പിടഞ്ഞത്.."ഉമ്മിച്ചി പത്തിരി ഞാന്‍ പരത്തി തരാം.." കണ്ണില്‍ പൊടിഞ്ഞ കണ്ണീര് തട്ടത്തിന്റെ തുമ്പ് കൊണ്ട് തുടച്ച് അവര്‍ അവനെ നോക്കി.

"ചക്കര പോയി ഒഴക്ക് എണ്ണ വാങ്ങി വാ, വാപ്പിച്ചി വരാറായി. നോമ്പ് മുറിച്ചിട്ട് നമുക്ക് കുഞ്ഞി പത്തിരീം, കോഴിയെറച്ചി  കൂട്ടാനും  തിന്നാം."

                                                            പറയേണ്ട താമസം കുപ്പിയും പണവുമായി സിറാജ് ഓട്ടം തുടങ്ങി.കനാലിന്റെ അടുത്തുള്ള സുരേന്ദ്രന്റെ കടയിലെത്തി പണം കൊടുത്ത് എണ്ണയും വാങ്ങി തിരിച്ച് വരുമ്പോള്‍ മൂസയുടെ കണ്ണാടി കൂടില്‍ നോമ്പ് തുറ പലഹാരങ്ങള്‍, അവനോര്‍ത്തു..അവരുടെ നോമ്പ് തുറയെ പറ്റി.എന്നും ഒരിറക്ക് വെള്ളം, ഒരു കാരക്ക, പിന്നെ കുറച്ച് തരി, പിന്നെ ചോറും, കറിയും, വാപ്പിച്ചി മീന്‍ വില്പനക്കാരന്‍ ആയതിനാല്‍ എന്നും മീനാകും കറി, ചിലപ്പോള്‍ പത്തിരി.പറഞ്ഞു കേട്ടിട്ടുണ്ട്, തങ്ങന്മാരുടെ വീട്ടിലേയും, ഗള്‍ഫ് മമ്മാലിയുടേയും വീട്ടിലെ നോമ്പ് തുറയെ കുറിച്ച്. മേശ നിറയെ കഴിച്ചാലും, കഴിച്ചാലും തീരാത്ത വിഭവങ്ങള്‍, പൊരിക്കാനും, വറക്കാനും വടക്ക് നിന്ന് പ്രത്യേകം ആളുകള്‍ .പിന്നെ കൂട് നിറയെ കോഴി ചാത്തന്മാരും, ഉശിരുള്ള  ആട്ടിന്‍മുട്ടന്മാരും. നോമ്പ് തുറക്കാന്‍ ബന്ധുക്കളായ വിരുന്നുക്കാര്‍.നിറയെ കാശുള്ള ചങ്ങാതിമാര്‍, വല്യേ വല്യേ പള്ളികളിലെ ഉസ്താദുമാര്‍,പിന്നെ സക്കാത്ത് വാങ്ങാന്‍ പാവപ്പെട്ടവരുടെ വീടിനു വെളിയില്‍ ഗേറ്റും കടന്ന്‍ റോഡ്‌ വരെ നീളുന്ന ക്യൂ. കൈ നിറയെ വാരി കോരി കൊടുക്കുന്ന സക്കാത്ത്..അരിയും, തുണിയും, പിന്നെ പണവും.
തന്‍റെ വീട്ടില്‍ മാത്രം നോമ്പ് തുറക്കാന്‍ ആരും വരാറില്ല,ഇത് വരെ വന്നിട്ടുമില്ല. അതിന് ഞങ്ങള്‍ക്ക് ആരാ  ബന്ധുക്കള്‍?.ആരുമില്ല.സക്കാത്ത് വാങ്ങാനും പൊരെന്റെ മുന്നില്‍ ആരും വരാറില്ല. ചുറ്റും  പൂത്ത കാശുള്ള ആളുകളുടെ മാളികകള്‍ എടുപ്പോടെ നില്ക്കുമ്പോള്‍ മീന്‍ ക്കാരന്‍ മൊയ്തുന്‍റെ  ഓലപ്പുര തേടി സക്കാത്ത് വാങ്ങാന്‍ ആര്  വരാന്‍??

                                                          പിന്നില്‍ നിന്നും സൈക്കിള്‍ ബെല്ലടി കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ സിറാജിന്റെ കുഞ്ഞു കണ്ണുകള്‍ സന്തോഷം കൊണ്ട് വിടര്‍ന്നു. വാപ്പിച്ചി. മീന്‍ വില്പന കഴിഞ്ഞ് പിന്നില്‍ കുട്ടയുമായി നാട്ടുക്കാരുടെ മീന്‍ ക്കാരന്‍ മൊയ്തു.മൊയ്തു അവനു മുന്നില്‍ സൈക്കിള്‍ നിര്‍ത്തി. മുന്നില്‍ കയറാന്‍ സിറാജ് അടുത്തേക്ക് വന്നപ്പോള്‍ അയാളൊന്നു വിലക്കി "വേണ്ടാ ചക്കരേ..മീന്‍ മണക്കും." അവന്‍ "അതൊന്നും കൊഴപ്പമില്ല.." എന്ന് പറഞ്ഞു സൈക്കിളിന്‍റെ  മുന്നിലേ കുഞ്ഞി സീറ്റില്‍  ചാടി കയറി ഇരുന്നു.സന്തോഷത്തോടെ ബാപ്പയും, മകനും. അതിന് മുന്‍പ് ചിന്തിച്ച വിഷയം തന്നെ ആ കുഞ്ഞു മനസ്സിലേക്ക്.തങ്ങളുടെ വീട്ടിലേക്ക് മാത്രം  നോമ്പ് തുറക്കാന്‍ ആരും വരുന്നില്ല.അതിനുള്ള വ്യക്തമായ കാരണം, അവനറിയാം..അഞ്ചു വയസ്സിന്‍റെ ചെറു പ്രായത്തിലും ബാപ്പയും, ഉമ്മയും പറഞ്ഞു കൊടുത്ത കഥകള്‍, ഒരു യത്തീം ഖാനയില്‍ അനാഥനായി വളര്‍ന്ന ആരോരുമില്ലാത്ത വാപ്പിച്ചി മുതിര്‍ന്നപ്പോള്‍ നിക്കാഹ് കഴിക്കാന്‍ ഒരു യത്തീംഖാനയില്‍ തന്നെ വെളുത്ത കോലുന്ന ഒരു പെണ്ണിനെ തേടി പോയ കഥ.ജീവിതത്തിലേക്ക് ഒന്നും മോഹിക്കാതെ കൂട്ടിയ കഥ.

                                                            വീട്ടിലെക്ക് കയറുന്ന സമയത്ത് തന്നെ  മുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന ഉണക്ക മാന്തള്‍ മത്സ്യം കുട്ടയിലേക്ക് വാരി നിറക്കുന്ന ഉമ്മിച്ചിയെ കണ്ടതും, പരിഭ്രമത്തോടെ  സൈക്കിളില്‍ നിന്നും ചാടിയിറങ്ങി സിറാജ് അവിടേക്ക് ഓടി ചെന്നു."ഞാന്‍ വാരാം..ഉമ്മിച്ചി ദാ എണ്ണ പിടിച്ചേ." അവനറിയാം അവന്‍റെ ജീവിതത്തിലെ ഭാവി കാലത്ത് തേടി വരാനുള്ള ബന്ധു, അവന്‍റെ കൂടപിറപ്പാണ് ഉമ്മയുടെ വയറ്റില്‍ വളരുന്നതെന്ന്.അവന്‍റെ വിലക്കുകള്‍ മുന്നില്‍ തോറ്റ് കൊടുത്ത് ഭര്‍ത്താവിനെ നോക്കി ഒരു ചിരിയും ചിരിച്ച് അവര്‍ അകത്തേക്ക് പോയി. എല്ലാം വാരി കുട്ടയിലാക്കി ഇറയത്ത്‌ വന്നിരുന്ന സിറാജ് ആകാശത്തേക്ക് നോക്കി.അവിടെ പാറി നടക്കുന്ന വെളുത്ത പഞ്ഞി കെട്ടുകള്‍ പോലെയുള്ള  മേഘങ്ങള്‍.കുളിക്കാനായി എണ്ണ തേക്കുന്ന വാപ്പിച്ചിയെ നോക്കി സിറാജ് ചോദിച്ചു .."വാപ്പിച്ചി ഇന്ന്‍ ലൈലത്തുല്‍ കതര്‍ അല്ലേ?? അതോണ്ടാ മേഘങ്ങളിങ്ങനെ നാട്ടപ്രാക്ക് പിടിച്ചു പായണെ??"മലക്കുകള്‍ ആരിക്കും..?? അകത്ത് നിന്നും ഉമ്മിച്ചിയാണ് ചോദ്യത്തിന് സിറാജിനു മറുപടി കൊടുത്തത്.. "അള്ളായുടെ സമ്മതം വാങ്ങി മലക്കുകള്‍ മാനത്ത്ന്ന്‍ ഭൂമിലേക്ക് വരണ ദിവസാ ഇന്ന്."ഉമ്മയുടെ മറുപടി കേട്ട സന്തോഷത്തില്‍  വീണ്ടും ആകാശത്ത് നോക്കി സിറാജ് ,ഉറക്കെ വിളിച്ച് പറഞ്ഞു..


                                                          മലക്കേ..ഇരുപത്തിയേയാം രാവയിട്ട്  ഞമ്മടെ പൊരേല് ഒന്ന്‍  വരോ..കുഞ്ഞിപ്പത്തിരീം, കോയി ഇറച്ചീം തരാം.."ഒഴുകി നടന്ന മേഘത്തില്‍ നിന്നും പഞ്ഞി കെട്ട് പോലെ എന്തോ ഒന്ന്‍  താഴെ വീണത് പോലെ അവനു തോന്നി.അതവന്റെ ചുറ്റും ഒരു വലയം തീര്‍ത്തത് പോലെ.


                                                       "ചക്കരേ..വെക്കം പോയി വാപ്പിച്ചിടെ കൂടെ കുളിച്ചിട്ട് വാ..നോമ്പ് തൊറക്കണ്ടേ, പിന്നെ പള്ളിക്കും  പോണം,'' ആയിരം മാസം നല്ല കാര്യം  ചെയ്യണതിനേക്കാള്‍ വലുതാണ്  നോമ്പുമാസത്തിലെ ഇരുപത്തിയേഴാം രാവ്."ഉമ്മിച്ചിയുടെ വാക്ക് കേട്ടതും മീന്‍ നിറച്ച കുട്ട ചാച്ചിറക്കില്‍ വെച്ച് സിറാജ് തോര്‍ത്ത്‌ മുണ്ട് ഉടുത്ത് വാപ്പിച്ചിയുടെ പുറകെയോടി. കുളത്തില്‍ മുങ്ങുമ്പോള്‍ അവന്‍റെയുള്ളില്‍ സംശയം വീണ്ടും ഉടലെടുത്തു..അതവന്‍ വാപ്പിച്ചിയോട് തുറന്ന്‍ പറഞ്ഞു.."വാപ്പിച്ചി തങ്ങളുമാരുടെ പൊരേല് ഇരുപത്തേഴാം രാവിന് കൊറേ വണ്ടി വന്നിരിക്കണേ പണ്ട്  മയ്യത്തായി പോയ  ഹാജി തങ്ങള്‍ ഉപ്പുപ്പാന്റെ കബറീ പോകാനാകും, പിന്നെവിടെ സക്കാത്ത് കൊടുക്കാന്‍ വല്യേ പന്തലും  കെട്ടിട്ടുണ്ട്.സക്കാത്ത് വാങ്ങാനായി എന്താ ഒരു  ആളും, കൂട്ടോം". കുളി കഴിഞ്ഞ് വാപ്പിച്ചിയുടെ കൂടെ നിഴല്‍ പോലെ  നടക്കുമ്പോള്‍ സിറാജ് വീണ്ടും അകാശത്തേക്ക് നോക്കി ..വീണ്ടും വെളുത്ത മേഘങ്ങള്‍ ഓടി നടക്കുന്നു.തെളിഞ്ഞ ഒരു ദിനത്തിന്‍റെ, തെളിഞ്ഞ രാത്രിയിലേക്കുള്ള മാറ്റം പോലെ, ഭൂമിയിലേക്ക് ചേരുന്ന ആകാശം അങ്ങ് ദൂരെ ചുവന്നു  തുടുത്ത് വരുന്നു.ഇപ്പോഴായിരിക്കും മലക്കുകള്‍ ഭൂമിയിലേക്ക് ഇറങ്ങി വരുന്നത്.


                                     ''ലൈലതുല്‍ ഖദര്‍ ഒരു തെളിഞ്ഞ രാത്രിയായിരിക്കും. അതിന്റെ വെളുപ്പു കണ്ടാല്‍ അന്ന് ആകാശത്ത് എന്നുമില്ലാത്ത നിലാവ് നിലകൊള്ളുന്നതുപോലെ തോന്നും. ശാന്തതയും നിശബ്ദതയും ആ രാവില്‍ ഭൂലോകത്ത് കളിയാടും.പള്ളിയില്‍ നിന്നും ദിക്രി ചൊല്ലുന്നത്  മാത്രം കേള്‍ക്കാം.”

                                    വീടിന്‍റെ പിന്നാമ്പുറത്ത് എത്തിയപ്പോള്‍  അവര്‍ ഇരുവരും ഒരു ദൃഡമായ ആ പുരുഷ ശബ്ദം കേട്ടാണ് മുന്നിലെ ഇറയത്തേക്ക് വന്നത്. ഇറയത്ത്‌ ഒരു ഭാണ്ഡകെട്ടും, കയ്യിലൊരു വടിയുമായി പായയില്‍ ഒരാള്‍, നരച്ച താടിയും, കിന്നരി വെച്ച തൊപ്പിയും, നെറ്റിയില്‍ ആഴത്തില്‍ പതിഞ്ഞ നിസ്ക്കാര തഴമ്പുമായി ഒരപരിചിതന്‍. ഉമ്മറ വാതിലിനു പിന്നില്‍ തട്ടം കൊണ്ട് മുഖം മറച്ച് ഉമ്മിച്ചി. അവരെ കണ്ടതും ഭീതി നിറഞ്ഞ ആ നോട്ടത്തിനു മുന്നില്‍ സൂഫി വര്യനെ പോലെ തേജസ്സുള്ള ആ വൃദ്ധന്‍ പരിചയപ്പെടുത്താനുള്ള ആമുഖമൊരുക്കി..

                                    "പേടിക്കണ്ടാ ഞാനൊരു വഴി പോക്കനാ..ലൈലതുല്‍ ഖദര്‍ അല്ലേ..നോമ്പ് തുറക്കാന്‍ സമയമായപ്പോള്‍ ഒന്ന്‍ കേറീതാ..ഒരിറക്ക് വെള്ളോം, ഒരു നിസ്ക്കാര തട്ടും തന്നാ മതി..മഗ്രിബ് നമസ്ക്കരിച്ച് അടുത്തുള്ള പള്ളിയിലേക്ക് പൊയ്ക്കൊള്ളാം "

                                     അത് കേട്ടതും സിറാജ് ആകാശത്തേക്ക് നോക്കി. പഞ്ഞി കെട്ടുകള്‍ ഓടി നടക്കുകയാണ്..ആ പഞ്ഞി കെട്ടുകളില്‍ ഒന്ന്‍ പോലെ ആ വൃദ്ധന്‍റെ താടിയും. അത്രയും നേരം ഒന്നും സംസാരിക്കാന്‍ കഴിയാതെ നിന്ന ബാപ്പിച്ചി കണ്ണീര്‍ തുടച്ച് ആ വൃദ്ധന്‍റെ അടുത്ത് ചെന്ന്‍ കൈകള്‍ പിടിച്ച് പറഞ്ഞത് സിറാജ് പറയാന്‍ കരുതി മനസ്സില്‍ സ്വര് കൂട്ടിയ അതേ വാക്കുകള്‍  തന്നെയാണ്.."പാവങ്ങളാ,യത്തീങ്ങളാ ഞങ്ങള്...ന്നാലും ഒരാള്‍ക്ക് കൂടി കഴിക്കാന്‍ ഇവിടുണ്ട്..നോമ്പും തുറന്ന്‍, എന്തെങ്കിലും കഴിക്കാനും കൂടണം.അള്ളാഹുവാ ഇങ്ങളെ ഈ  ഇരുപത്തിയേഴാം രാവിന് ഞമ്മടെ പൊരെല്‍ക്ക് അയച്ചത്..."അത് കേട്ട് ആ വയസ്സന്‍ ചെറുതായി ചിരിച്ചു. പിന്നെ വിദൂരതയിലേക്ക് നോക്കി, ഇടറിയ സ്വരത്തില്‍ പറഞ്ഞു. "നിങ്ങള്‍ ജന്മം കൊണ്ട് യത്തീം ആണേല്‍, ഞാന്‍ ജീവിതം കൊണ്ട് യത്തീമാണ്.മക്കളും, മരുമക്കളും, പേരകുട്ടികളുമുണ്ട്..അങ്ങ് ദൂരെ അറേബ്യയില്‍.ഇവിടെ ഞാനും,കൊടുങ്ങല്ലൂര്‍ പുത്തന്‍ പള്ളി കബറില്‍ ഉറങ്ങുന്ന എന്‍റെ കെട്ട്യോളും മാത്രം.സ്നേഹത്തോടെ തരുന്നത് എന്തായാലും  സന്തോഷത്തോടെ കഴിച്ചേക്കാം .."

                                          സ്വര്‍ഗം താഴെ ഒരുങ്ങിയ പോലെയാണ് സിറാജിനു തോന്നിയത്.നോയമ്പ് തുറക്കാന്‍ ഒരതിഥി.ആ വീടിനുള്ളില്‍ മുഴുവന്‍ ഒരു പ്രകാശം നിറഞ്ഞത് പോലെ.എല്ലാം വേഗത്തിലായിരുന്നു. അകത്തെ മുറിയില്‍ കുഞ്ഞി മേശയില്‍ നോമ്പ് തുറ വിഭവങ്ങള്‍, വെള്ളവും, കാരക്കയും, ഉമ്മിച്ചി ഉണ്ടാക്കിയ പഴം വറുത്തതും, തരിയും, കുഞ്ഞി പത്തിരിയും, കോഴിയിറച്ചി കറിയും.ബാങ്ക് വിളി ഉയര്‍ന്നതും "അള്ളാഹുവിനെ വിളിച്ച് അവര്‍ നാലു പേരും ഒരിറക്ക് വെള്ളം കുടിച്ചു.'' ഉമ്മിച്ചിയുടെ വയറിനുള്ളില്‍ കിടക്കുന്ന കുഞ്ഞി വാവ ഒന്നനങ്ങി സന്തോഷം പ്രകടിപ്പിച്ച പോലെ സിറാജിനു തോന്നി.വയസ്സന്‍ എന്തോ ദിക്രി ചൊല്ലി കൊണ്ട് കാരക്ക കടിച്ച് ആത്മ നിര്‍വൃതിയോടെ കഴിച്ച് അവരെ മൂവരേയും നോക്കി.പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം ആ മുഖത്ത്.  കുറച്ച് കഴിഞ്ഞ് ഉമ്മിച്ചി ആദ്യമായി  ഒരു പാത്രത്തില്‍ പത്തിരിയും, കറിയും പകര്‍ത്തി അദ്ദേഹത്തിന് നേരെ നീട്ടി.."ഉപ്പ കഴിക്ക്.." അത് പറഞ്ഞപ്പോള്‍ ഉമ്മിച്ചിയും, വാപ്പിച്ചിയും തേങ്ങിയത് പോലെ സിറാജിനു തോന്നി.അവനും സങ്കടം വന്നു..എന്നാല്‍ എല്ലാ സങ്കടത്തിനും മീതെ ഒരു പൊടി സന്തോഷം. തനിക്കും ആരോ ഉണ്ടെന്ന തോന്നല്‍..നിസ്ക്കാര തട്ടില്‍ വാപ്പിച്ചിക്കും, ഉപ്പൂപ്പ പോലെയുള്ള ആ മനുഷ്യന്‍റെ കൂടെ നിസ്കാരം ചെയ്യുമ്പോള്‍ അവന്‍റെ കുഞ്ഞു മനസ്സില്‍ വല്ലാത്ത സന്തോഷം ഉയര്‍ന്ന് പൊങ്ങി..എല്ലാം കഴിഞ്ഞ് വീടിന്‍റെ പുറത്ത് വന്നു ആകാശം നോക്കിയപ്പോള്‍ ഇരുളില്‍ തെളിഞ്ഞു നില്‍ക്കുന്ന പഞ്ഞി കെട്ടുകള്‍ മലക്കുകള്‍ പോലെ രൂപം പൂണ്ട് അവനു നേരെ അനുഗ്രഹങ്ങളുടെ കൈകള്‍ നീട്ടിയത് പോലെ. ഒപ്പം പിന്നില്‍ നിന്നും ആ അതിഥിയുടെ ശബ്ദം." നന്ദി..ജീവിതത്തില്‍ ഏറ്റവും ശ്രേഷ്ഠമായ ഒരു നോമ്പ് തുറ നല്‍കിയതിന്, പരമ കാരുണ്യവാന്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ സുബര്‍ക്കങ്ങള്‍ ഉണ്ടാക്കി തരട്ടെ.''.ഇരുളില്‍ ആ മനുഷ്യന്‍മറയുമ്പോള്‍ ആറു ജോടി തിളങ്ങുന്ന കണ്ണുകള്‍ സന്തോഷത്തോടെ നോക്കി നിന്നു.ഇരുപത്തിയേഴാം രാവിന്‍റെ എല്ലാ പുണ്യവും സ്വായത്തമാക്കി കൊണ്ട്.

                "സിറാജ്.."

                                   ഓര്‍മ്മയിലേക്ക് നീണ്ടു പോയ ചിന്തയില്‍ നിന്നും അയാളെ ഉണര്‍ത്തിയത് ഉമ്മിച്ചിയുടെ വിളിയാണ്..ജുമേരയിലെ ആര്‍ഭാടമായ വില്ലയുടെ രണ്ടാം നിലയില്‍ നിന്ന് ബാല്യം വരെ നീണ്ട ഒരു യാത്ര, തിരിച്ച് പോക്ക്.ഒരു ലൈലത്തുല്‍ ഖദര്‍ ദിനത്തിന്‍റെ അതി മനോഹരമായ ഓര്‍മ്മ.അത് പോലെ ഒരു ദിവസം പിന്നീട് ഒരിക്കല്‍ പോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ല..അയാള്‍ തിരിഞ്ഞ് വെള്ളി നൂലുകള്‍ കെട്ടിയ മുടികള്‍ക്ക് മീതെ വെളുത്ത സാരി തലപ്പ്‌ പുതച്ച് തന്നെ നോക്കി നില്‍ക്കുന്ന ഉമ്മിച്ചിയെ നോക്കി.ബാല്യത്തിലെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ നിന്നും വാശിയോടെ പഠിച്ച് നേടിയെടുത്ത ജീവിതം ആസ്വദിക്കാന്‍ എന്നും ഉമ്മിച്ചി കൂടെയുണ്ട്..ഒരു കാലം വരെ വാപ്പിച്ചിയും കൂടെയുണ്ടായിരുന്നു. പിന്നെ എല്ലാ സന്തോഷവും വാങ്ങി, ഒരു ഹജ്ജും നടത്തി, ഒടുവില്‍ മണ്ണിലേക്ക് തന്നെ മടങ്ങി.

      "നോമ്പ് തൊറക്കണ്ടേ..എല്ലാരും കാത്തിരിക്കേണ്.."

                               ഉമ്മയുടെ കൂടെ ബാല്‍ക്കണിയില്‍ നിന്നും അകത്തേക്ക് ചെല്ലും മുന്‍പേ അയാള്‍ വീണ്ടും ആകാശത്തേക്ക് നോക്കി.ദുബായ് നഗരത്തിനു മുകളില്‍ ഓടി നടക്കുന്ന പഞ്ഞി കെട്ടുകള്‍, കണ്ണടച്ചപ്പോള്‍ ആ പഞ്ഞി കെട്ടുകളില്‍ നിന്നും കുറേ മലക്കുകള്‍ തന്നെ നോക്കി ചിരിക്കുന്നു.അനുഗ്രഹം ചൊരിയാന്‍  കൈകള്‍  നീട്ടുന്നു. അതും കണ്ട് സന്തോഷത്തോടെ അകത്തെ വിഭവ സമൃദ്ധമായ മുറിയിലേക്ക് ചെന്നപ്പോള്‍ വലിയ മേശക്ക് ചുറ്റും കുറേയധികം പേര്‍..കുറച്ച് നേരം മുന്‍പേ  കണ്ണടച്ചപ്പോള്‍ കണ്ട മലക്കുകള്‍ പോലെ..പെങ്ങളുടെ രൂപത്തില്‍, അനുജന്‍റെ രൂപത്തില്‍, ഭാര്യയുടെ രൂപത്തില്‍,മക്കളുടെ രൂപത്തില്‍, പേര കുട്ടികളുടെ രൂപത്തില്‍..


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ