2015, ജൂലൈ 22, ബുധനാഴ്‌ച

അരവയര്‍ സദ്യ

                                      


                                     
                                    വാവിട്ട് കരയുന്ന അനുജത്തിയെ ചേര്‍ത്ത് പിടിച്ച് ബിബിന്‍ എല്ലാവരെയും നോക്കി..അമ്മ സാരി തുമ്പ് കൊണ്ട് കണ്ണ് തുടക്കുന്നു..ചിറ്റമ്മ കരച്ചിലടക്കാന്‍ പാട് പെടുന്നു..അച്ചന്‍ എല്ലാ ദുഖവും ഒതുക്കി അവളുടെ ചെക്കന്‍റെ അടുത്ത്..ഇന്നലെ വരെ അവള്‍ ഈ വീടിന്‍റെ വിളക്ക് ആയിരുന്നു..ഇന്ന്‍ മുതല്‍ മറ്റൊരു വീട്ടിലേക്ക്..അവള്‍ കരഞ്ഞു കൊണ്ട് ബിബിന്റെ കാല് പിടിച്ച് അനുഗ്രഹം വാങ്ങാന്‍ തുനിഞ്ഞപ്പോള്‍ അയാള്‍ തടഞ്ഞു..പിന്നെ സങ്കടം സഹിക്കാന്‍ കഴിയാതെ വിതുമ്പുന്ന പെങ്ങളെ ചേര്‍ത്ത് പിടിച്ച്..ചെറുപ്പത്തില്‍ എന്‍റെ നെഞ്ചില്‍ കിടന്നു ഉറങ്ങിയിരുന്ന പെണ്ണ്...

       "അതെ രാഹു കാലത്തിനു മുന്ന് ഇറങ്ങാം..അധികം വൈകണ്ടാ..."

                                   രാമുണ്ണി മാമന്‍ പറയുന്നത് കേട്ടപ്പോള്‍ കുട നിവര്‍ത്തി അവളെ ചേര്‍ത്ത് പിടിച്ച്, മറ്റേ കൈ കൊണ്ട് അവളുടെ ചെക്കനെ ചേര്‍ത്ത് പിടിച്ച് കാറിനടുത്തേക്ക്..അവരെ കാറില്‍ കയറ്റി കുറച്ച് നേരം അവളുടെ മുഖത്ത് നോക്കി നിന്നു..പിന്നെ ഡോര്‍ അടച്ച് അവര്‍ക്ക് യാത്ര പറഞ്ഞു..അവളുടെ കണ്ണുനീര്‍ നിറഞ്ഞ മുഖത്ത് ഒരു മന്ദഹാസം കണ്ടു..ദൂരെ പോകുന്നത് വരെ ആ കാറിനെ നോക്കി നിന്നു..ഒരു സ്വപ്ന ലോകത്ത് എന്ന പോലെ..അതില്‍ നിന്നും ഉണര്‍ത്തിയത് ദൈന്യം നിറഞ്ഞ ഒരു കുട്ടിയുടെ വിളിയാണ്..

      "പഴേ കുപ്പീ..പാട്ട, പ്ലാസ്ടിക്ക് കൊടുക്കാനുണ്ടോ??"

                                  മലയാളത്തില്‍ "കരുണനിധി " എന്നെഴുതിയ ഒരു പാട്ടവണ്ടിയും തള്ളി രണ്ട്‌ കുട്ടികള്‍..മുതിര്‍ന്നവന്‍ തള്ളുന്നു...ചെറിയ കുട്ടി വണ്ടിയില്‍ ഇരിക്കുന്നു..അവരില്‍ നിന്നും മുഖമെടുത്ത് പന്തലില്‍ എത്തിയപ്പോള്‍ അവസാനത്തെ പന്തിയ്ക്ക് ഇല ഇട്ടിരിക്കുന്നു...ഒന്നും കഴിക്കാന്‍ രുചി തോന്നുന്നില്ല..പക്ഷെ അതിനു മുന്‍പേ രാമനുണ്ണി മാമന്റെ ശബ്ദം ഉയര്‍ന്നു..

     "ഡാ..ചെക്കാ നീ കഴിക്കുന്നില്ല..."

     ''ഉവ്വ്..ഞാന്‍ കൈ കഴുകീട്ട് ദാ വരുന്നു..."

                               നല്ല തളിര്‍ തൂശനിലയില്‍ ഇഞ്ചി ക്കറി, മാങ്ങാ അച്ചാര്‍, നാരങ്ങ അച്ചാര്‍, ഉപ്പ്, പരിപ്പും, നെയ്യും,കായ വറുത്തത്,ശര്‍ക്കര വരട്ടി,ഇഷ്ടു,മസാലക്കറി,കാബേജ് തോരന്‍,ഓലന്‍, പച്ചടി, തീയല്‍,കിച്ചടി,അവിയല്‍,പൈനാപ്പിള്‍ കറി, പപ്പടം,പഴം  എന്നിവ വിളമ്പി ആവി പറക്കുന്ന തൂവെള്ള ചോറിനു മുകളില്‍ സാമ്പാര്‍ ഒഴിച്ച്...രാമനുണ്ണി മാമന്‍ കസേര വലിച്ച് ഒന്ന്‍ മുന്നോട്ട് ഇരുന്ന്‍ കഴിക്കാന്‍ ആരംഭിച്ചു..കഴിക്കാന്‍ ബിബിനു തോന്നിയില്ല..മറ്റുള്ളവര്‍ കഴിക്കുന്നത് നോക്കി ഇരുന്നു..പ്രത്യേകിച്ച് രാമനുണ്ണി മാമന്‍...

                            രാമനുണ്ണി മാമന്‍ ആദ്യത്തെ ഉരുള വായിലിട്ട് ആ രുചി അറിഞ്ഞ് ആരോടെന്നില്ലാതെ പറഞ്ഞു...

      "സ്വാമീസിന്റെ സദ്യ അതൊന്ന് വേറെ തന്നെ..."

                            അയാള്‍ വീണ്ടും ഇഞ്ചിക്കറി നടുവിരല്‍ കൊണ്ട് തൊട്ട് നാവില്‍ വെച്ച് പുളിയുടെ രുചി ആവോളം നുകര്‍ന്നു..അടുത്ത ഉരുള സാമ്പാറില്‍ പപ്പടത്തിന്റെ ഒരു കഷ്ണം പൊട്ടിച്ചെടുത്ത് ഒരല്പം നെയ്യും പരിപ്പും ചേര്‍ത്ത് വായിലിട്ട് രുചിയുടെ പെരുമഴ നുകര്‍ന്ന്‍ എല്ലാവരെയും നോക്കി ..സന്തോഷത്തോടെ..അവിയലില്‍ നിന്നും കുറച്ച്, തോരന്‍ കുറച്ച്, ഇടയ്ക്ക് മാങ്ങാ അച്ചാര്‍ വിരല് കൊണ്ട് തൊട്ടു നാവില്‍ തേച്ച്..പിന്നെയും ഉരുളകള്‍..ഇടയ്ക്ക് എരിഞ്ഞപ്പോള് ഇളം ചൂടാര്‍ന്ന ജീരക വെള്ളം കുടിച്ച് ഒന്ന്‍ നെടുവീര്‍പ്പിട്ട് മധുരമുള്ള പൈനാപ്പിള്‍ കറിയുടെ രുചി അറിഞ്ഞു..പിന്നെ മസാലക്കറി വാരിയെടുത്ത് വായിലേക്ക് വെച്ച് വിളമ്പുന്ന പിള്ളേരെ നോക്കി..

       "ആ മോരും, രസോം വന്നോട്ടെ..."

                          ബിബിന്‍ എന്തെല്ലാമോ കഴിച്ചെന്നു വരുത്തുന്നതിനിടയില്‍ രാമനുണ്ണി മാമനെ നോക്കി അയാളുടെ ആസ്വദിച്ചുള്ള കഴിക്കല്‍ നോക്കി വീണ്ടുമിരുന്നു..രസം കൈകളില്‍ വാങ്ങി എയര്‍ വലിക്കുന്ന ശബ്ദത്തോടെ മൂന്നു വട്ടം കുടിച്ച് ഇലയ്ക്ക് മുന്നില്‍ ഗ്ലാസ്‌ വെച്ച് വിളമ്പുന്നവനെ നോക്കി..

   "അതില് നെറയെ രസം ഒഴിച്ചോ...ഡാ..കുട്ടാ..ആ പച്ചമോര് കൊണ്ട് വാ..."

                          അടുത്ത ഊഴം പച്ചമോര് ...കൈ കുമ്പിളില്‍ ഇഞ്ചിയും, മുളകും, വേപ്പിലയുമിട്ട ഇളം പുളിയുള്ള പച്ച മോര് വാങ്ങി മാമന്‍ നാലു തവണ കുടിച്ചു..മറ്റൊരു ഗ്ലാസില്‍ മോര് വാങ്ങി അനങ്ങാതെ ഇലയില്‍ ഇരിക്കുന്ന നാരങ്ങ അച്ചാറിനെ നോക്കി..അതും തോണ്ടി വായില്‍ വെച്ചു..അതിന്റെ എരിവിലും, പുളിയിലും സ്വയം മറന്ന്‍ കണ്ണടച്ച്...അവിയല്‍ എടുത്ത് അതിന്റെ രുചികരമായ സ്വാദ് ആസ്വദിച്ച്..ഒഴിഞ്ഞ ഇലയില്‍ വീണ്ടും ചോറ് നിറഞ്ഞു..ചോറില്‍ രസവും, മോരും കലര്‍ത്തി ഒരല്പം ദ്രവരൂപത്തില്‍ തന്നെ ആസ്വദിച്ച് വായില്‍ നിറച്ച്...ഉപ്പേരിയില്‍ കണ്ണിട്ടു..ഉരുളയ്ക്ക് പുറകെ ഉപ്പേരി..അതിനു പുറകെ വീണ്ടും ഗ്ലാസില്‍ നിന്നും മോര്..പന്തിയില്‍ പയസക്കാരന്റെ വിളി വന്നു...

   "ആര്‍ക്കാ പാലട.."

                           ചോറ് ഒഴിഞ്ഞ ഇലയില്‍ രാമനുണ്ണി മാമന്‍ പാലട വാങ്ങി..വെറും പാലട ഇലയില്‍ നിന്ന് വടിച്ച് എടുത്ത് അകത്താക്കി..ഒലിച്ചിറങ്ങിയ പാലട കയ്യില്‍ നിന്നും നക്കി എടുത്ത്..ഇടയ്ക്ക് രുചി മാറുവാന്‍ വേണ്ടി അച്ചാറില്‍ വിരല്‍ മുക്കി നാക്കില്‍ തൊട്ടു..പാലട കമ്പം തീര്‍ന്നത് ഗോതമ്പ് പ്രഥമന്റെ മുന്നില്‍..കൊഴുത്ത ഗോതമ്പ് പായസം ഇലയില്‍ .ഒരു പഴം പൊളിച്ച് അതില്‍ ചേര്‍ത്ത് കുഴച്ച്, ഒരു പപ്പടം വാങ്ങി പൊടിച്ചിട്ട് രുചിയോടെ വായിലേക്ക്..നെറ്റിയില്‍ ചാലിട്ട വിയര്‍പ്പ് തുള്ളി തുടച്ച് ഒരു ഏമ്പക്കം വിട്ട് അടുത്തിരിക്കുന്ന ബാബു ചേട്ടനെ നോക്കി...

    "നമ്മട തേവാലി അനന്തകൃഷ്ണന്‍റെ ശ്രീലക്ഷ്മി നുറുക്കാ..എന്താ രുചി.."

                           അവസാനത്തെ തുള്ളി പായസവും അകത്താക്കി ഇല ക്ലീന്‍ ക്ലീന്‍ ആക്കി ഒന്ന്‍ നിവര്‍ന്നിരുന്ന്

   "ടാ..വിനോദെ..ഒരിത്തിരി ചോറ് തന്നേ..."
            
                            ചോറില്‍ മോരോഴിച്ച് ഒന്ന് കൂടി കുഴച്ച്  ബാക്കിയായ രസവും ഒഴിച്ച് ഒന്ന്‍ കൂടി ഉരുട്ടി അവസാന ഉരുളയും ആസ്വദിച്ച് കഴിച്ച് ഒരു ഏമ്പക്കം വിട്ട് മാമന്‍ എച്ചിലില എടുത്ത് എഴുന്നേറ്റു.ആരോ വിളിച്ച് പറഞ്ഞു...ഇല എടുക്കാണ്ടായെന്നു"

   " എച്ചിലില മറ്റൊരാള്‍ എടുക്കാനോ...ഏയ്‌..അത് ശരിയല്ല.."‍

                            രാമനുണ്ണി മാമന്റെ പുറകെ ബിബിനും കൈ കഴുകാനായി ടാപ്പിനടുത്ത് എത്തി..അപ്പോള്‍ അവന്‍ കണ്ടു ദൂരെ മാറി നില്‍ക്കുന്ന കുപ്പി പാട്ട പെറുക്കാന്‍ നടക്കുന്ന ആ കുട്ടികളെ..ഇരുവരും അവനെ നോക്കി..ബിബിന്‍ അവരെ കൈ കാണിച്ച് വിളിച്ചു..

  "ഇവിടെ വാ..."

                             അവര്‍ മടിച്ച് മടിച്ച് അവിടേക്ക്‌...അപ്പോള്‍ രാമനുണ്ണിയും അവരെ കണ്ടു..മുഷിഞ്ഞ വേഷം..ഒട്ടിയ വയര്‍..ദൈന്യം നിറഞ്ഞ കണ്ണുകള്‍..അവര്‍ ബിബിന്റെ അടുത്ത്‌ വന്ന്‍ പേടിയോടെ അധിലേറെ ബഹുമാനത്തോടെ മുതിര്‍ന്നവന്‍ ചോദിച്ചു...

  ''സേട്ടാ...അന്ത മൂലയില്‍ പളെയ കുപ്പി കേട്ക്കട്ത്..എടുക്ക മുടിയുമാ..."

                            അതിനു മറുപടി പറഞ്ഞത്‌ രാമനുണ്ണിയാണ്...

  " നിങ്ങള്‍...ശാപ്പിട്ടാ....ഇല്ലെങ്കില്‍ വാ..ശാപ്പാട് തരാം..."

                            കുട്ടികള്‍ ഭീതിയോടെ പിന്നോക്കം പോയി ഒരുമിച്ച് പറഞ്ഞു...

  "അയ്യോ...വേണ്ടാ അയ്യാ..."

  "ബിബിന്‍...ഇവരെ കൊണ്ട് പോയി ഭക്ഷണം കൊടുക്ക്...പിള്ളാരെ കണ്ടാല്‍ അറിയാം കഴിച്ചിട്ടില്ലെന്ന്.."

                                 ബിബിന്‍ ആ കുട്ടികളെ നിര്‍ബന്ധിച്ച് പന്തലിനകത്തെക്ക് കൊണ്ട് പോയി..ബിബിന്റെ പുറകെ ഭയത്തോടെ കുട്ടികള്‍..അവരുടെ കണ്ണുകളില്‍ അരുതാത്ത എന്തോ ചെയ്യുന്ന ഭീതി..മടിച്ച് മടിച്ച് അകത്തേക്ക് കയറിയ അവരെ എല്ലാവരും നോക്കി..കസേര ചൂണ്ടി ബിബിന്‍ തന്നെ അവരോട് ഇരിക്കാന്‍ പറഞ്ഞു..അവര്‍ മടിച്ച്, ഭീതിയോടെ...പിന്നില്‍ വന്ന രാമനുണ്ണി മാമന്‍ അവരെ നിര്‍ബന്ധിച്ച് കസേരയില്‍ ഇരുത്തി..അവര്‍ക്ക് മുന്നില്‍ ഇല വന്നു..കറികളും, ചോറും, പപ്പടവും, പഴവും..കുട്ടികള്‍ പരസ്പരം നോക്കി..എന്തോ അരുതാത്തത് ചെയ്യുന്ന ഭാവത്തോടെ..ആ ഭാവത്തില്‍ എല്ലാവരെയും നോക്കി..പേടിച്ച് നില്‍ക്കുന്ന നാലു കണ്ണുകള്‍..

    "അല്ല..ഇവന്മാര്...ആ കരുണനിധിയുടെ പിള്ളാരല്ലേ...അഞ്ചപ്പാലത്തെ സ്ക്രാപ്പ് നടത്തുന്ന പാണ്ടിയുടെ ഷെഡില്‍ താമസിക്കുന്ന..."

                                   ആരോ ചോദിച്ചു...അതിനുത്തരമായി കുട്ടികള്‍ "അതെയെന്ന്‍" തലയാട്ടി..കരയുമെന്ന ഭാവത്തില്‍..അവര്‍ക്ക് മുന്നിലിരിക്കുന്ന  സമൃദ്ധമായ ഭക്ഷണം പോലും വിലക്കപെട്ട  പോലെ, ഭക്ഷണവും, ചുറ്റും നില്‍ക്കുന്ന ആളുകളും..ആ നാലു കണ്ണുകള്‍ മാറി മാറി നോക്കി..പതുക്കെ പതുക്കെ അവരുടെ വേദന ബിബിനും, രാമനുണ്ണിയും തിരിച്ചറിഞ്ഞു..

     "കഴിക്ക്...വിശക്കുന്നില്ലേ??" ബിബിന്‍ ചോദിച്ചപ്പോള്‍ അവര്‍ പരസ്പരം നോക്കി മടിച്ച് മടിച്ച്..

      "ഇല്ല...സാര്‍..ഇന്ത സമയത്ത് നാങ്കള്‍ ശാപ്പിടമാട്ടെ...ഒരു നാലു മണി..അതുക്ക് അപ്പുറം മധ്യാഹ്ന ശാപ്പാട്...കാലയിലെ ഒമ്പത് മണിയ്ക്ക് ശാപ്പിട്ടാച്ച്..."ഇപ്പൊ പശി ഇല്ല..നിജമാ.."

      "കഴിക്കെടാ മക്കളെ..." രാമനുണ്ണി സ്നേഹത്തോടെ പറഞ്ഞു..

     "സാര്‍ ഇന്ത ശാപ്പാട്..കൊഞ്ചം തണ്ണി കെടക്കുമാ...നാങ്കള്‍ കഞ്ഞി താന്‍ ദിനം..കാലയിലെ ഒരു പൊറോട്ട...അപ്പുറം കുപ്പി, പാട്ട പെറുക്കി വീട്ടുക്ക് പോയി ഒരു നാലു മണി നേരത്ത് കഞ്ഞി..അത് താന്‍...അന്ത മൂലയില്‍ കൊറേ കുപ്പി, പാട്ട ഇരുക്കത്...അത് മട്ടും മതി അയ്യാ..ഇന്ത ശാപ്പാട് തേവയില്ലേ.."

                                      കുട്ടികള്‍ പറയുന്ന ഓരോ വാക്കും സമൃദ്ധമായ ഭക്ഷണം കഴിച്ച് അവര്‍ക്കും ചുറ്റും കൂടി നില്‍ക്കുന്നവരില്‍ ഉള്ളില്‍ നിന്നും പുറത്തേക്ക് അനുകമ്പയുടെ അലകള്‍ സൃഷ്ടിച്ചു..

      "ഇവരുടെ അപ്പനാ നമ്മടെ ബൈപ്പാസില്‍ വെച്ച് ...അരയ്ക്ക് താഴെ എല്ലാം പോയി..രാത്രി സമയത്ത് ഇടിച്ചവന്‍ നിര്‍ത്താതെ പോയി..കണ്ടെത്തിയില്ല..കൊറേ നാള് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കെടന്നു...ഇപ്പൊ അഞ്ചപ്പാലത്തെ ഷെഡില്‍ ഉണ്ടെന്നാ കേട്ടത്...എഴുന്നേറ്റ് നടക്കാന്‍ ത്രാണിയില്ല..."

                                      ആരോ പറഞ്ഞത് ആ കുട്ടികളും കേട്ടു..വാര്‍ന്നു വീണ കൊച്ചു കണ്ണുകളില്‍ നിന്നുമുള്ള കണ്ണ് നീര്‍ മുഷിഞ്ഞ ഷര്‍ട്ട് കൊണ്ട് തുടച്ച് ഇരുവരും എഴുന്നേറ്റ് എല്ലാവരെയും നോക്കി..ഭയത്തോടെ അതോടൊപ്പം ആശങ്കയോടെ..

     "അയ്യാ..ഇത് വേണ്ടാ സാര്‍..നാലു മണി നേരത്തുക്ക് മുന്നാടി വണ്ടി നെറയെ പളെയ സാധനം കൊടുക്കണം...അത്ക്ക് അപ്പുറം അമ്പത് രൂപ കെടക്കും...അപ്പ കാലയിലെ മരുന്ത് ശപ്പിടവേ ഇല്ല..തീര്‍ന്ത് പോയാച്ച്..ഇന്ത ശാപ്പാട് കൊഞ്ചം പാക്ക് പണ്ണി തരുമാ..അപ്പുറം നാലു മണിക്ക് അപ്പാ കൂടെ ശാപ്പിടാലാം.."

                                      പറഞ്ഞു കഴിഞ്ഞതും രാമനുണ്ണി മാമന്‍ കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി..പിന്നെ കേട്ടത് ഒരു വലിയ ഓക്കാനം ...ബിബിനും കഴിച്ചത് മുഴുവന്‍ ഉരുണ്ട് കൂടിയത് പോലെ..അവന്‍ പാചക ക്കാരനെ വിളിച്ചു ഭക്ഷണം പായ്ക്ക് ചെയ്യാന്‍ പറഞ്ഞു..എല്ലാ കണ്ണുകളും ആ കുരുന്നുകളില്‍...നിറ കണ്ണുകളുമായി രാമനുണ്ണി മാമന്‍ അവിടേക്ക് വന്നു..

    "അയാളെ ആശുപത്രിയില്‍ കൊണ്ട് പോകണം..എനിക്ക് മക്കള്‍ രണ്ടാ..രണ്ട്‌ പേരും ജോലിക്കാര്‍..എന്‍റെ പെന്‍ഷന്‍ കാശ് വെറുതെ ബാങ്കില്‍ കെട്ടി കേടക്കെയാ...ഈ കാര്യത്തിനു എന്‍റെ കൂടെ ഇവിടെയുള്ള ആര്‍ക്കും നില്‍ക്കാം..(കുട്ടികളെ നോക്കി) പഠിക്കണം...അതിനു ഞങ്ങള്‍ സഹായിക്കും...വിദ്യ കൊണ്ട് മാത്രമേ മക്കളെ വിശപ്പ് മാറ്റാന്‍ കഴിയൂ..കൊറച്ച് മുന്പ് ഞാന്‍ കഴിച്ചത് വെറും മാലിന്യമായിരുന്നു..ബിബിന്‍ നമുക്ക് ഇവരുടെ കൂടെ അഞ്ചപ്പാലം വരെ പോകണം, നീ വണ്ടിയെടുക്ക്..ആ വാക്കുകളെ അനുഗമിച്ച് കുറേ പേര് മുന്നോട്ട്..

    "വാ പോകാം.." ബിബിന്‍ അവരെ ചേര്‍ത്ത് പിടിച്ച് മുന്നോട്ട് പോകുമ്പോള്‍ അവര്‍ ഒന്നും മനസ്സിലാകാതെ...

    "സാര്‍ അന്ത വണ്ടി..." പിന്നെയും പരിഭ്രമം നിറഞ്ഞ് പോക്കറ്റില്‍ നിന്നും മുഴിഞ്ഞ ഒരു മരുന്നിന്‍റെ ചീട്ട് എടുത്ത് കാണിച്ച്..

     "സാര്‍..അന്ത പളെയ കുപ്പീം, പാട്ടയും..മരുന്ത് വാങ്ങണം സാര്‍..അപ്പാവുക്ക് ഒരേ ബരത്തം.."

                                            രാമനുണ്ണി ആ ചീട്ട് വാങ്ങി പോക്കറ്റില്‍ ഇട്ട് അവരെയും ചേര്‍ത്ത് പിടിച്ച് ബിബിന്റെ പുറകെ..അവരുടെ പുറകില്‍ മറ്റ് ചിലര്‍...ആ കുരുന്നുകളുടെ ജാതകം മാറ്റി തിരുത്താനുള്ള യാത്ര ആയിരുന്നു അവിടെ തുടങ്ങിയത്....

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...


NB:- "ഈ കഥ നടന്ന കഥയില്‍ നിന്നും സംഭവിച്ചതാണ്..രണ്ടു ദിവസം മുന്പ് അവന്‍ (ഈ കഥയില്‍ ഞാന്‍ അവനെ ബിബിന്‍ എന്ന് വിളിക്കട്ടെ) എനിക്ക് വൈകുന്നേരം ചെയ്ത ഒരു ഫോണ്‍ കോളില്‍ കഥയുടെ ഒരു പ്രധാന ഭാഗം തന്നു..അവനു വേണ്ടി എഴുതാന്‍..അളിയാ......."(ബിബിനെ) ഇത് ഞാന്‍ എഴുതുന്ന സമയത്ത് നീയായി മാറി തന്നെ എഴുതിയ കഥയാണ്..നീ വലിയവന്‍..ഇത് നിനയ്ക്ക് സമര്‍പ്പിക്കുന്നു..നീ പേര് വിളിപെടുത്താന്‍ ആഗ്രഹിക്കാത്ത കാരണം ഞാന്‍ നിന്നെ കുറിച്ച് മൗനം പാലിക്കുന്നു...

       



                          

2015, ജൂലൈ 19, ഞായറാഴ്‌ച

കൊല്ലുന്നതിന് ഒരൊറ്റ നിമിഷം മുന്‍പ്....

                         












             "അവന്‍ ഇല്ലാതെയാകണം..നമ്മുടെ പാര്‍ട്ടിയുടെ രണ്ട് പേര്‍ രക്തസാക്ഷികള്‍     ആയതിനു പിന്നിലെ ബുദ്ധികേന്ദ്രം അവനാണ്.."

         നേതാവിന്‍റെ  വാക്കുകള്‍ അവരെ ഉത്തേജിപ്പിച്ചു..ഓരോ വാക്കിനും അവരുടെ കൈകള്‍ക്ക്‌ ബലവും .മനസ്സിന് കാഠിന്യവും കൂട്ടിയത്‌ പോലെ..പടര്‍ന്ന്‍ കയറുന്ന ചുവപ്പ് നിറം..അത് പാര്‍ട്ടി ഓഫീസില്‍ നിറയുന്നു..ഒപ്പം ഇരുപത് വയസ്സില്‍ താഴെ പ്രായമുള്ള ആ ചെറുപ്പക്കാരുടെ മനസ്സിലും..അവര്‍ പരസ്പരം നോക്കി..ഒരു തയ്യാറെടുപ്പ്‌ പോലെ നാലു ചെറുപ്പക്കാരുടെ മനസ്സും ഒന്നായി ഒരു വഴിയ്ക്ക് സഞ്ചാരം തുടങ്ങി.."കൊല്ലുക"..അവനെ കൊല്ലുക...

      ക്യാമ്പസിലെ വിദ്യാര്‍ഥി സംഘടനയുടെ നേതാവായിരുന്നു നാല്‍വര്‍സംഘത്തിലെ പ്രധാനി..അവന്‍ തന്നെ മറ്റുള്ളവര്‍ക്ക് അയാളെ കൊല്ലാനുള്ള പദ്ധതി വിശദീകരിച്ചു..വൈകുന്നേരം സ്കൂള്‍ വിടുന്ന സമയത്ത്‌ അയാള്‍ മകളെ എടുക്കാന്‍ ബൈക്കുമായി വരുന്ന വഴി..അതായിരുന്നു പറ്റിയ സമയം..

                              "നമ്മള്‍ നാലു പേരും നാലിടത്ത്‌..വളവ് കഴിഞ്ഞ് കാടു പിടിച്ച് കിടക്കുന്ന പറമ്പിലെ വേലിയുടെ മറവില്‍ നീ ഇരിക്കണം..വടിവാള്‍ വേലിയില്‍ ഒളിപ്പിച്ച്...പൊളിഞ്ഞു കിടക്കുന്ന വെയിറ്റിംഗ് ഷെഡില്‍ നീങ്ങള്‍ രണ്ടു പേരും ഒരു സൈക്കിളുമായി...ഞാന്‍ ഇലക്ട്രിക്‌ പോസ്റ്റിനടുത്ത്  കൂട്ടിയിട്ടിരിക്കുന്ന മെറ്റല്‍ കൂന മറവില്‍...അയാള്‍ വരുമ്പോള്‍ സൈക്കിള്‍ വട്ടം വെക്കുക...നിങ്ങളെ നോക്കുന്ന സമയത്ത്‌ എതിര്‍ വശത്തെ വേലിക്കൂട്ടില്‍ നിന്നും ചാടിയിറങ്ങി കാലിന്റെ കുറുവിന് താഴെ ആദ്യ വെട്ട്..അതിന്‍റെ അടുത്ത നിമിഷം കഴുത്തില്‍ അടുത്ത വെട്ട്..വീണു കഴിഞ്ഞാല്‍ നിമിഷം കൊണ്ട് എല്ലാവരും ചേര്‍ന്ന്‍...മരിച്ചു എന്ന് ഉറപ്പായാല്‍ ആളൊഴിഞ്ഞ പറമ്പില്‍ കയറി സ്കൂളിന്റെ പിന്നില്‍ കൂടി പുറത്തേക്ക്..അവിടെ നേതാവ്‌ വണ്ടിയുമായി കാത്ത്‌ നില്‍ക്കുന്നുണ്ടാകും..."

       ''എക്സ്സലന്റ്റ്‌... '' നേതാവിന്‍റെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു,,എതിര്‍ പാര്‍ട്ടിയുടെ തലവന്‍റെ ചോര കാണാനുള്ള കൊലച്ചിരി..

       മുന്‍കൂര്‍ തയ്യാറാക്കിയ പദ്ധതി പ്രകാരം പിറ്റേന്ന് വൈകീട്ട് ...സമയം അടുത്ത് വരുന്തോറും നാലു പേരുടെ മനസ്സില്‍ അയാളെ കൊല്ലാനുള്ള ഊര്‍ജ്ജം ഏറി വന്നു..കൈകള്‍ക്ക്‌ ബലവും, മനസ്സിന് കാഠിന്യവും...ചുവപ്പ് നിറത്തില്‍ മുങ്ങി ഉറക്കെ മുഷ്ടി ചുരുട്ടി മുദ്രാവാക്യം മുഴക്കാന്‍ ആവേശം..വെയിറ്റിംഗ് ഷെഡില്‍ സൈക്കിളുമായി രണ്ട് പേര്‍...വേലിയുടെ മറവില്‍ ഒരാള്‍, മെറ്റല്‍ കൂനയ്ക്ക്‌ മറവില്‍ മറ്റൊരാള്‍..മുറുകെ പിടിച്ച ആയുധമായി.. ദൂരെ നിന്നും അയാളുടെ ബൈക്കിന്‍റെ ശബ്ദം..അതടുത്ത് വരുന്നു..മരണത്തിന്‍റെ സംഗീതം പോലെ..കണ്ണുകള്‍ കൊണ്ട് അവര്‍ പരസ്പരം ആശയ വിനിമയം...ശബ്ദം അടുത്ത്‌ വരുന്നു...ആയുധത്തില്‍ മുറുകെ പിടിച്ച്..ചോര കാണാന്‍ വെമ്പുന്ന മനസ്സ്‌...അടുത്ത ഏതാനും നിമിഷത്തിനുള്ളില്‍ അയാള്‍ കൊല്ലപ്പെടും..

കൊല്ലുന്നതിന് ഒരൊറ്റ നിമിഷം മുന്‍പ്......

       അവര്‍ കാത്ത്‌ നിന്ന സ്ഥലത്തിന് ഇരുപതടി ദൂരത്തില്‍ അയാള്‍ തന്‍റെ ബൈക്ക്‌ നിര്‍ത്തി..നിര്‍ത്തുന്നതിനു മുന്‍പ് തളര്‍ന്ന്‍ താഴെ വീണു..നെഞ്ച് പൊത്തി പിടിച്ച്..അവരുടെ കൈകളില്‍ നിന്നും ആയുധത്തിന്റെ പിടി അയഞ്ഞു...അയാള്‍ മരണത്തിനും ജീവിതത്തിനുമിടയില്‍...ആദ്യം ഓടിയെത്തിയത് മെറ്റല്‍ കൂനയുടെ മറവില്‍ നിന്നും ആ ചെറുപ്പക്കാരന്‍ ...പിന്നാലെ മറ്റ് മൂന്ന്‍ പേര്‍..ആയുധമില്ലാതെ..അത് വരെ തയ്യാറാക്കി വെച്ച പദ്ധതി മറന്ന്‍...അയാള്‍ അപ്പോഴും നെഞ്ചില്‍ കൈ വെച്ച്...കണ്‍ മുന്നില്‍ മരണം..ചോര ചിതറാതെ നിശബ്ദമായ മരണം..വീണ് കിടക്കുന്ന ബൈക്ക്‌ ആരോ ഉയര്‍ത്തി..പിടയുന്ന ആ മനുഷ്യനെ അവര്‍ പിടിച്ചുയര്‍ത്തി..അയാളെ നടുവില്‍ ഇരുത്തി ബൈക്ക്‌ അധിവേഗം അടുത്തുള്ള ആശുപതിയിലെക്ക്...ആയുധങ്ങള്‍ അനാഥമായി...പദ്ധതികള്‍ക്ക് സമാപ്തിയായി..

    ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ആ ചെറുപ്പക്കാര്‍...അവരുടെ മനസ്സ്‌ ശൂന്യമായിരുന്നു..കൈകള്‍ക്ക്‌ ബലവും, മനസ്സിനു കാഠിന്യവും നഷ്‌ടമായ ഒരവസ്ഥ...മനസ്സില്‍ നിന്നും ചുവപ്പ് നിറം നഷ്ടമായി..എല്ലാം കറുപ്പില്‍...ആര്‍ത്തലച്ച് വന്ന ഒരു കുടുംബം...അതയാളുടെ ഭാര്യയും, ബന്ധുക്കളും..ആരോ അയാളുടെ ആറു മാസം പ്രായമുള്ള കുട്ടിയെ ആ ചെറുപ്പക്കാരുടെ കൈകളില്‍ നല്കി..അലമുറയിടുന്ന അവര്‍ക്ക്‌ മുകളില്‍  ഡോക്ടറുടെ കനത്ത ശബ്ദം മുഴങ്ങി..

        "he is ok...നിങ്ങള്‍ ഇങ്ങിനെ ബഹളം വെക്കരുത്..ഒരു മേജര്‍ അറ്റാക്ക്‌ ആയിരുന്നു..സമയത്തിനു ഈ ചെറുപ്പക്കാര്‍ ഇവിടെ എത്തിച്ചു..ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.ഈ ചെറുപ്പക്കാരുടെ രൂപത്തില്‍..."

    ഡോക്ടര്‍ പറഞ്ഞു തീര്‍ത്തതും അയാളുടെ ഭാര്യ എന്ന്‍ തോന്നിക്കുന്ന യുവതി ആ നാല്‍വര്‍ സംഘത്തിന്‍റെ കാലില്‍ വീണു..ആ സ്ത്രീയുടെ കണ്ണ് നീര്‍ ആ പാദങ്ങളെ നനച്ചു...കണ്ടു നിന്നവരുടെ കണ്ണുകളെയും...അവരില്‍ ഒരാളുടെ കൈയ്യില്‍ ഇരുന്ന്‍ ആറു മാസം പ്രായമുള്ള കുട്ടി പല്ലില്ലാത്ത മോണ കാണിച്ച് അവരെ നാലു പേരെയും നോക്കി ചിരിച്ചു..ഭൂമിയില്‍ ദൈവത്തിന്‍റെ സാന്നിധ്യമായ നിഷകളങ്കമായ ചിരി..അവര്‍ പരസ്പരം നോക്കി..കണ്ണുകള്‍ കൊണ്ട് ആശയമിനിമയം...ആ മനസ്സുകള്‍ ഒന്നിച്ചു...അവരില്‍ നിന്നും ആയുധങ്ങള്‍ പിടി അയഞ്ഞു..അവര്‍ മനസ്സില്‍ നിന്നും ആയുധങ്ങള്‍ ദൂരേക്ക്‌ വലിച്ചെറിഞ്ഞു..ആയുധം കൊണ്ടല്ല. ...ആശയങ്ങള്‍ കൊണ്ടാണ് പോരടെണ്ടത് എന്ന തിരിച്ചറിവിന്റെ വെളിച്ചം അവരുടെ മനസ്സില്‍ പുതിയ വര്‍ണ്ണങ്ങള്‍ വിരിയിച്ചു....


NB:- ഞാന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ എന്‍റെ കുട്ടിക്കാലം മുതല്‍ ഞാന്‍ കണ്ട അറിഞ്ഞ കാഴ്ചകള്‍...പരസ്പരം പാര്‍ട്ടിയുടെ പേര് പറഞ്ഞ് കൊടുങ്ങല്ലൂര്‍ പ്രദേശത്ത് നഷ്‌ടമായ ജീവനുകള്‍ ഒത്തിരിയാണ്‌..കൊല്ലുന്നവനും കൊല്ലപെടുന്നവനും നഷ്ടമാകുന്നത് ജീവിതം..അവരെ ചുറ്റി പറ്റി നില്‍ക്കുന്ന കുടുംബം..എന്തെങ്കിലും ഇവര്‍ നേടിയോ??ഒന്നുമില്ല...നഷ്ടം ഇതില്‍ ഉള്‍പ്പെട്ട പാവങ്ങള്‍ക്ക്....ഞാന്‍ ഈ കഥ എഴുതിയത് ഒരാളെയും ലക്ഷ്യം വെച്ചല്ല..എനിക്ക് വ്യക്തമായ ഒരു രാഷ്ട്രീയം ഇല്ല...എന്റെ നാടിന്‍റെ വേദന ഞാന്‍ പങ്ക് വെക്കുന്നു...കൊടുങ്ങല്ലൂരില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്...ആരെല്ലാമോ ആര്‍ക്കെല്ലാം വേണ്ടി ആയുധങ്ങള്‍ മൂര്‍ച്ച കൂട്ടുന്നു...എന്തിനു വേണ്ടി എന്ന് ചോദിച്ചാല്‍ ഉത്തരം അവര്‍ക്കുമറിയില്ല..

2015, ജൂലൈ 15, ബുധനാഴ്‌ച

""കരകാണാപ്പാലം""

         



                                        "ഐക്യ ജനാധിപത്യ മുന്നണിയുടെ കരുത്തനായ സാരഥി ശ്രീ.കെ.മോഹന്‍ദാസിനെ മുകുന്ദപുരം പാര്‍ലിമെന്റ് മണ്ഡലത്തില്‍ നിന്നും ആന അടയാളത്തില്‍ നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം....

                              തോട്ടിലെ  വെള്ളത്തില്‍ മീന്‍ കുട്ട കഴുകി വൃത്തിയാക്കി കൊണ്ടിരുന്ന മൊയ്തു കടപ്പുറം റോഡിലൂടെ പോകുന്ന അനൌന്‍സ്മെന്റ് വാഹനത്തിനു ചെവി കൊടുത്ത് ആരോടെന്നില്ലാതെ പറഞ്ഞു...

                "അയാള്‍ ജയിക്കട്ടെ പടച്ചോനെ..അഴീക്കോട് കടവില്‍ നിന്നും പ്രസംഗിച്ചപ്പാ..പറയണ കേട്ട്..ജയിച്ചാ പാലം പണിയൂന്നു..എന്തായാലും അന്‍റെ ഓട്ടു ഇത്തവണ ആനയ്ക്കാ.."

                "മൊയ്തു..അരിവാളിനെ മറക്കല്ലേ..പാവപെട്ട തോയിലാളികളുടെ പാര്‍ട്ടിയാ.."

                            തോട്ടിനപ്പുറം ചെളി വാരി ഉന്ത് വണ്ടിയില്‍ നിറച്ച നാണു തന്റെ നിലപാട് വ്യക്തമാക്കി..അവന്‍റെ കൂട്ടാളിയും ചുമട്ട് ക്കാരനുമായ ഔസേപ്പ് അത് കേട്ട് വയറില്‍ നിന്നും ചെളി വടിച്ച് കളഞ്ഞ് തന്‍റെ നിലപ്പാട് അറിയിച്ചു..

               "നാണു..തന്‍റെ പാര്‍ട്ടി ഇത്തവണ പച്ച തോടുല്ലാ...കണ്ടോ.."

                           മൊയ്തു അവരുടെ ചര്‍ച്ചയില്‍ നിന്നും തന്റെ കുട്ടയെടുത്ത് വിട വാങ്ങി..വീടിന്റെ ഇറയത്ത്‌ വന്ന്‍കുട്ട ചാരി കമിഴ്ത്തി വെച്ച് കോലായില്‍ ചടഞ്ഞിരുന്ന്, ഒരു കിംഗ്‌ ബീഡിയ്ക്ക് തീ കൊടുത്തു..മുറ്റത്ത് കളം വരച്ച് വട്ടു കളിച്ചു കൊണ്ടിരുന്ന മകള്‍ പത്ത് വയസ്സ് ക്കാരി കുഞ്ഞി പാത്തു അത് കണ്ടതും വിലക്കിന്റെ ഒരു വാറോല വായിച്ചു..

               "ഉപ്പാ..ബീഡി വലിക്കരുതെന്ന് ഞാന്‍ എത്ര വട്ടം പറഞ്ഞി..ബീഡി വലിച്ചാല്‍ കേന്സര്‍ വരൂന്ന്‍ പദ്മാവതി ടീച്ചര്‍ സ്കൂളില്‍ പഠിപ്പിച്ചി...

                       ആ വാറോലയുടെ മുന്നില്‍ മൊയ്തു ബീഡി കെടുത്തി നിരുപാധികം കീഴടങ്ങി.."അഴീക്കോട് ഫിഷറീസ് സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് അയാളുടെ മക്കള്‍ കുഞ്ഞി പാത്തുവും, കുഞ്ഞഹമ്മദും..തോടിനടുത്തെ വേലിയേറ്റം വരുമ്പോള്‍ വെള്ളം കയറുന്ന പുറമ്പോക്കിലെ കൊച്ചു കുടിലില്‍ അയാളും, ഭാര്യ കദീശുവും, പിന്നെ രണ്ട്‌ കുഞ്ഞി മക്കളും,അഴീക്കോട് മുനമ്പം പാലം വരാന്‍ അയാള്‍ കൊതിക്കുന്നതിന്റെ പ്രധാന കാരണവും, ആ വെള്ളകെട്ടില്‍ നിന്നും ഒരു മോചനം കിട്ടാന്‍ വേണ്ടിയാണ്..പാലം വരുമ്പോള്‍ അവര്‍ അവിടെ നിന്നും അപ്രോച്ച് റോഡിനു വേണ്ടി അവരെ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കേണ്ടി വരും..അങ്ങിനെ ആ ചെളി വെള്ള കെട്ടില്‍ നിന്നും എന്നേക്കുമായി ഒരു മോചനം...അതിനു പുറമേ മീന്ക്കാരന്‍ മോയ്തുവിനു പാലം വരുന്നതിനുള്ള ആഗ്രഹത്തിന് പിന്നില്‍ മറ്റൊരു ലക്‌ഷ്യം കൂടിയുണ്ട്..
          
             "നാരായണ ചോനെ...അഴീക്കോട് പാലം വന്നാ...ഒരഞ്ച് മിനുറ്റ് മതി മൊനംബം വരെ പോയി വരാന്‍..ഇതിപ്പാ കാലത്ത് സുബഹി കേക്കനതിനു മുന്നിക്ക് കെടക്ക പായെന്നു എണീച്ച് കൊട്ടയും ചൊന്നു ഫഷ്ടത്തെ ബോട്ടില് കേറി പോയാ ആഴി ചുറ്റി മണല്‍ തിട്ട മുട്ടാതെ അക്കരെ എത്താന്‍ ഒരു മണിക്കൂറു വേണം..അവടെ മോനന്ബത്ത് ചെന്ന് ലേലം വിളിക്കരോട് മീനും വേടിച്ച് പിന്നേം ബോട്ടീ കയറ്റി തിരിച്ച് വന്നു സൈക്കിളീ കെട്ടി കേയക്കോട്ടു കൂകി വിളിച്ച് ഇങ്ങു  പൂപ്പത്തി വരെ എത്തുമ്പോ നട്ടുച്ച ആകും..അപ്പൊ പിന്നെ നിങ്ങള് പറയൂല മീന്‍ ചീഞ്ഞെന്നും, പുയ്ത്തെന്നും.." പാലം വന്നാ..നിങ്ങടെ ചോത്തി കാലത്ത് പായെന്നു എണീച്ച് വരിമ്പോ ഈ വെട്ടു വഴീല് മീന്‍കാരന്‍ മൊയ്തു പെട പെടക്കണ മീനായിട്ടു വന്നു നിപ്പുണ്ടാകും..എങ്ങനെ???"അതോണ്ടാ പറയണേ ആനയ്ക്ക് ഓട്ടു ചെയ്യാന്‍.."

                       വോട്ട് ചെയ്ത ആള്‍ ജയിപ്പിച്ചപ്പോള്‍ ഒന്ന്‍ നാട് കാണാന്‍ വന്നു..പിന്നെ അഞ്ച് കൊല്ലം മഷിയിട്ട് നോക്കിയിട്ടും അയാളെ കണ്ടില്ല..അയാള്‍ക്ക് പുറമേ പലരും വന്നു..പലരും പോയി..മൊയ്തു അപ്പോഴും പാലം വരുമെന്ന വിശ്വാസവും പേറി കാലത്ത് തുടങ്ങുന്ന ജീവിത സമരവുമായി മുന്നോട്ട് പോയ്‌ കൊണ്ടിരുന്നു...അയാളുടെ വിശ്വാസത്തെക്കാള്‍ വേഗതയില്‍ മക്കള്‍ വളര്‍ന്നു...കുഞ്ഞി പാത്തു വലിയ പെണ്ണായി..അതോടെ പഠിപ്പ് നിര്‍ത്തി..കുഞ്ഞഹമ്മദ് പഠനത്തെക്കള്‍ ശ്രദ്ധ കൊടുത്തത് സിനിമയിലും, ക്രിക്കറ്റിലും ആയിരുന്നു..

            "എടാ ചെക്കാ...നീ പോയി അലവീടെ പീടികെന്നു ഒഴക്ക് വെളിച്ചെണ്ണ ബാങ്ങി ബാ.."

            "നീ പോയി ബാങ്ങിയാ മതി പാത്തു..നിക്ക് കടപൊറത്ത്  ക്രികറ്റ്‌ മേച്ച് ഉണ്ട്"
            "ഡാ...ചയ്ത്താന്‍ മോറാ...ഉച്ചയ്ക്ക് കഞ്ഞിവെള്ളം നെനയ്ക്ക് തരൂല...എന്‍റെ റബ്ബേ...
             ഈ ചെക്കന് കിറുക്കന്‍ കളീന്ന വിചാരം മാത്രേ ഉള്ളൂ..."
                   
                      കദീശുമ്മ പറഞ്ഞ പരിഭവം ചെറുക്കന്‍ കേട്ടില്ല...അത് ഉള്‍ക്കൊള്ളാന്‍ അവന്‍റെ പാകത അവനെ അനുവദിച്ചില്ല..

             "ഞാന്‍ ബാങ്ങി കൊണ്ട് വന്നാ നിങ്ങ എനിക്ക് രണ്ടുര്‍പ്യ താരോ...മുഗള്‍ ടിയെട്ടരില്‍ പുത്യേ സിനിമ വന്നട്ടുണ്ട്...കമലന്തളം...മോഹന്‍ ലാലിന്‍റെ കമലന്തളം.."
           
             "തച്ച് കൊല്ലും നിന്നെ ഞാന്‍ നായെ..." കദീശുമ്മ അലറി..

             "എന്നാ മുസായിബ്‌ തന്നാണേ ഞാന്‍ പോകൂല വെളിച്ചെണ്ണ ബാങ്ങാന്‍..

                     കുഞ്ഞഹമ്മദ് കടപ്പുറത്തേക്ക് ഓടി.മൂന്ന്‍ കമ്പ് കുത്തിവെച്ച് ചുട്ടു പൊള്ളുന്ന പൂഴി മണലില്‍ ക്രിക്കറ്റ്‌ കളിക്കാന്‍..മൊയ്തു അപ്പോഴും തന്റെ സൈക്കിളില്‍ വിറ്റ്  തീരാത്ത മീനുമായി..ഈയിടെയായി അയാള്‍ പതിവിലും വൈകുന്നു..പഴയ ഊര്‍ജ്ജം നഷ്‌ടമായ പോലെ..പലപ്പോഴും കുട്ടയില്‍ മീന്‍ ബാക്കി വരുന്നു.തിരികെ വീട്ടിലെത്തുമ്പോള്‍ കുഞ്ഞി പാത്തു ബാക്കി വരുന്ന മീന്‍ വെട്ടി കഴുകി ഉണക്കിയെടുക്കും..പാലക്കാട്‌ നിന്നും ഉണക്ക മീന്‍ വാങ്ങാന്‍ വരുന്ന ആളുകള്‍ക്ക് കൊടുത്ത്‌ കിട്ടുന്ന വരുമാനം കൊണ്ട് ആഴ്ചയില്‍ റേഷന്‍ അറിയും, മണ്ണെണ്ണയും വാങ്ങും.മൊയ്തു തന്‍റെ പ്രതീക്ഷകള്‍ നിറഞ്ഞ മനസ്സുമായി ഉച്ചയോടെ പൂപ്പത്തി കയറ്റം കയറും..പതിവ്‌ പാട്ടും കൂക്കി വിളിയുമായി..

             "അയീക്കോട് മയ പൈയ്ത്‌ വയീലപ്പടി കൊയ കൊയ...." ഓടി ഓടി വര്..നല്ല പെടക്കണ               പച്ചയില...വാരി കൊടുക്കണ്..ഒരുര്‍പ്യക്ക് അഞ്ചെണ്ണം...പെട പെടപ്പന്‍ അയില..."

                     വേലിയുടെ മറവില്‍ നിന്നും പെണ്ണുങ്ങള്‍, കുട്ടികള്‍, പൂച്ചകള്‍ ഒരു കൂട്ടമായി സൈക്കിളിന്റെ അടുത്തേക്ക്‌..രാവിലെ മുതല്‍ കാത്തിരിക്കുന്ന ശബ്ദം..രാവിലെ മുതല്‍ തേങ്ങ അരച്ച് വെച്ചുള്ള കാത്തിരിപ്പ്‌..മീനിന്‍റെ മണം ഇല്ലാതെ ചോറ് ഇറങ്ങാത്ത കേട്ടിയോന്മാരോടുള്ള പ്രതിബദ്ധത..മീന്‍ കുട്ടയില്‍ നിന്നും മൊയ്തു എറിയുന്ന ഒരു മീനിനു വേണ്ടി കാത്തിരിക്കുന്ന പൂച്ചകള്‍..എല്ലാം മൊയ്തുവിന്റെ ഒരു വിളിയില്‍...ഒരു പാട്ടില്‍ ആകാംഷയുടെ വിരാമം..

            ''മൊയ്തു മാപ്ലേ...അയില പെടക്കണ പോലെ ഞങ്ങട മനസ്സാ ഇപ്പ                    പെടക്കണേ...ഇതൊന്ന് വെട്ടി കഴുകി അടുപ്പത്ത്‌ ആക്കും വരെ...കാലത്ത്‌ ഇതിലെ ലൂണ  വണ്ടീല്‍ മീന്‍ കൊണ്ട് പോകണ ചെല ചെക്കന്മാര്‍ ഒന്ന്‍ വിളിച്ചാ നിക്കില്ല..അവര്‍ടെ   മീന്‍ ചാലക്കുടിക്കാരെ തിന്നൂ...എന്തൊരു കിബര്‍ ആണെന്നാ...പേര്‍ഷ്യക്കാരന്മാരെ  പോലെ.."

                      മൊയ്തു തന്‍റെ കാലില്‍ വന്നു സ്നേഹം നടിച്ച പൂച്ചകള്‍ക്ക് മീന്‍ ഇട്ടു കൊടുത്ത്‌...കാത്ത് നിന്ന പെണ്ണുങ്ങള്‍ക്ക് മീന്‍ പൊതിയാന്‍ ആരംഭിച്ച് തന്‍റെ പതിവ്‌ ശുഭാപ്തി വിശ്വാസം തുറന്നു...

            "അന്നമ്മ താത്തി..നിങ്ങള് കണ്ടില്ലേ...യു.പി.ക്കാരന്മാര് കണ്ണ് ചിമ്മണാ നേരം കൊണ്ട്  കോട്ടപ്പുറത്ത് പാലം പണിതത്‌..ഇപ്പ കൊടുങ്ങല്ലൂര്‍കാര്‍ക്ക്‌ "ശൂന്ന്‍ " കൊച്ചി പോയി  വരാം..പാലം പണി കഴിഞ്ഞിട്ടും യു.പി.കാരന്മാര്‍ അവറ്റിങ്ങടെ സാധനങ്ങള്‍  കൊണ്ടോയിട്ടില്ല..അത് നേരെ അഴീക്കോട് പാലം പണിയാന്‍ കൊണ്ടോരും..ഒരു കോടി  ഉറുപ്യ മതി പാലം പണി തീര്‍ക്കാന്‍..നമ്മടെ വി.കെ.രാജേട്ടന്‍ എം.എല്‍.എ നെയമ സഭേല് ഒള്ളത് എന്തിനാ...രണ്ടു കൊല്ലം കൊണ്ട് പാലം വരും...പാലം വന്നാ പിന്നെ കാലത്ത്‌      നിങ്ങ ചട്ടി കഴുകണേ മുന്ന് മീന്‍ വരും..കണ്ടോ..

                          അയാളുടെ വിശ്വാസങ്ങള്‍ക്കും മീതെ കാലം ഒരു മന്ത്രജാലവും നടത്താതെ വേഗത്തില്‍ കടന്നു പോയി..ഏഴില്‍ തോറ്റ കുഞ്ഞഹമ്മദ് പഠിപ്പ് നിര്‍ത്തി കുറെ നാള്‍ ക്രിക്കറ്റും, സിനിമയും ആയി മുന്നോട്ട് പോയി..ഒടുവില്‍ പുരോഗതിയില്ലാത്ത കുടുംബ ജീവിതത്തില്‍ വയസ്സായി വരുന്ന പിതാവിന്‍റെ വരുമാനം തികയാതെ വന്നപ്പോള്‍ മീന്‍ കുട്ടയെടുത്ത്‌ വില്പന ആരംഭിച്ചു..കഴിക്കുന്ന മീനിന്‍റെ സുഗന്ധം മീന്‍ വിറ്റ്‌ നടക്കുമ്പോള്‍ ശരീരത്തില്‍ ദുര്‍ഗന്ധം സൃഷിക്കുന്ന അവസ്ഥ വന്നപ്പോള്‍ അയാള്‍ മീന്‍ കുട്ട എന്നന്നേക്കുമായി കമിഴ്ത്തി വെച്ച് പുതിയ തരംഗമായ പറമ്പ് കച്ചവട ബ്രോക്കരായ്‌ പുതു വേഷം കെട്ടി..ഉണക്കമീന്‍ വാങ്ങാന്‍ വന്ന യുവാവായ മൊത്ത കച്ചവടക്കാരന്‍ കുഞ്ഞി പാത്തുവിനെ ബീവിയാക്കി കൊണ്ട് പോയി..മൊയ്തു എന്നിട്ടും തന്‍റെ ജീവിത ചക്രം യാതൊരു മാറ്റവുമില്ലാതെ മുന്നോട്ട് കൊണ്ട് പോയി..മില്ലേനിയം ലോകാവസാനം പേടിച്ച് ഉണ്ടായ ആടുകളെ വിറ്റ്‌ പുട്ടടിച്ച കഷ്ടപ്പാട്‌ കൃഷ്ണന്‍ കുട്ടിയും, ചീനവല പണി വേണ്ടാന്ന് വെച്ച് മുനയ്ക്കല്‍ ബീച്ചില്‍ തട്ടുകട തുടങ്ങിയ ലോനച്ചനും, ചെളി വാരി നടന്ന നാണു ഒരൊറ്റ ഓണം ബംബരില്‍ "ലക്ഷം നാണു ആയതും" കാലത്തിന്റെ മാറ്റങ്ങള്‍..ആ മാറ്റങ്ങള്‍ അഴീക്കോട് പാലത്തിന്‍റെ കാര്യത്തില്‍ മാത്രം ഒരു ചോദ്യമായി...ചോദ്യചിഹ്നമായി..

           "നിങ്ങള്‍ കരുതുന്നത് പോലെ അല്ല..ഞങ്ങള്‍ മുന്നോട്ട് വെച്ച എക്സ്പ്രസ് ഹൈവേ  ഹരിതകേരളം രണ്ടായി തീരുമെന്ന് പറഞ്ഞ് ഇല്ലാതാക്കിയത് ആരാണ്? എന്നിട്ട് അവര്‍  ഭരിച്ചപ്പോള്‍ കൊണ്ട് വരാന്‍ ശ്രമിച്ചത്‌ "തെക്ക്‌ വടക്ക്‌ അതിവേഗ പാത..."എന്നിട്ടു  എന്തായി??ഇപ്പോള്‍ ഞങ്ങള്‍ പറയുന്നു..കോഴിക്കോട് വല്ലാര്‍പ്പാടം തീരദേശ ഇടനാഴി ഈ               സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നു      കൊടുക്കുമെന്ന്..അതിന്‍റെ ഭാഗമായി അഴീകോട് പാലം തൊണ്ണൂറ് കോടി രൂപ ചിലവില്‍ പണിയും..പരിസ്ഥിതി ആഘാത പഠനം കഴിഞ്ഞാല്‍ ഭരണാനുമതി കിട്ടും...കാലത്ത്‌  കോഴിക്കോട്‌ നിന്ന്‍ യാത്ര തിരിച്ച് കൊച്ചിയില്‍ വന്ന്‍ ജോലി ചെയ്ത് വൈകീട്ട് തിരിച്ച്  പോകുന്ന അവസ്ഥയിലേക്ക് പോകാന്‍ ഇനി അധിക നാള്‍ വേണ്ട...''

                    യുവ നേതാവിന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ ചായകടയില്‍ ഇരുന്ന മൊയ്തുവിന്റെ വയസ്സന്‍ കണ്ണുകളില്‍ വെളിച്ചം വീണു..മൂന്ന് ദശാബ്ദം കാത്തിരുന്ന സ്വപ്നം വീണ്ടും പൂവണിയാന്‍ പോകുന്ന പോലെ..നാട് മാറി..കാലം മാറി..മുനയ്ക്കല്‍ ടൂറിസ്റ്റ്‌ കേന്ദ്രമായി.. ബീച്ചിലെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ ലഹരിയും,പ്രണയവും നിത്യ കാഴ്ചകള്‍..കുഞ്ഞഹമ്മദ് രണ്ട് കുട്ടികളുടെ പിതാവായി..കദീശുമ്മ പുത്തന്‍പള്ളി കബര്‍ സ്ഥാനില്‍ രണ്ട് മീസാന്‍ കല്ലുകള്‍ നെഞ്ചില്‍ വെച്ച് എന്നേക്കുമായി നിദ്രയില്‍..കുഞ്ഞഹമ്മദ് പഴയ വീട് പൊളിച്ച് പുതിയ വീട് പണിതു..ഒരു വെള്ളെഴുത്ത് ഓപ്പറേഷന്‍ നടത്തിയതോടെ മൊയ്തു തന്‍റെ മീന്‍ കുട്ട എന്നേക്കുമായി കമിഴ്ത്തി വിശ്രമ ജീവിതം തുടങ്ങി..തോടിനക്കരെ ടിപ്പറില്‍ മണല്‍ നിറയ്ക്കാനും, ചെളി വാരാനും ബംഗാളില്‍ നിന്നും, ബീഹാറില്‍ നിന്നും അന്യ സംസ്ഥാന തൊഴിലാളികള്‍..മുസിരിസ് തുറമുഖം പുനര്‍ജനിക്കുന്ന വാര്‍ത്തകള്‍...ആഴി ആഴം കൂട്ടല്‍, മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ട്, ദേശീയ ജലപാത, ദിവസവും വാര്‍ത്തകള്‍...പദ്ധതികള്‍,പ്രഖ്യാപനങ്ങള്‍..യുവ നേതാവ്‌ പറഞ്ഞത്‌ പോലെ അവരുടെ ഭരണവും അവസാനിച്ചു..തീരദേശ ഇടനാഴി ഇരു ഇടനാഴി പോലെ വാക്കുകളില്‍ മാത്രമായ്...കുഞ്ഞഹമ്മദിന്റെ ഇളയ കുട്ടിയ മടിയില്‍ ഇരുത്തി മൊയ്തു വാല്‍സല്യത്തോടെ പാടി..

           "പബ്ലിക്കാ റോട്ടില്‍ വെച്ച് പൂട്ട്‌ തിന്നല്ലേ...
            നാട്ടാര് കണ്ടാല് പോക്കണ കേട്..."

                   എന്നും രാവിലെ പത്രം വരുമ്പോള്‍ കുഞ്ഞഹമ്മദിന്റെ മൂത്തമകള്‍ മൊയ്തുവിനെ പ്രധാന വാര്‍ത്തകള്‍ വായിച്ച് കേള്‍പ്പിക്കും..അന്നും അവള്‍ പത്രമെടുത്ത് വായന ആരംഭിച്ചു..കൊച്ചു മകനെ മടിയില്‍ വെച്ച് മൊയ്തു നല്ലൊരു കേള്‍വിക്കാരനായി...

             "മലയാള മനോരമ...രണ്ടായിരത്തി പതിനാറ് ആഗസ്റ്റ്‌...

               കൊടുങ്ങല്ലൂര്‍ തുറമുഖം ഭരണ കക്ഷി തുടര്‍ച്ചായി അധികാരത്തില്‍ വന്നാല്‍  യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി...തുറമുഖം വരുന്നതിനാല്‍   അഴീക്കോട് പാലം പണിയാനുള്ള പ്ലാനിലും മാറ്റങ്ങള്‍ വരുത്തി അടുത്ത ഭരണകാലത്ത്‌  ഗതാഗതത്തിനായി തുറന്ന്‍ കൊടുക്കുമെന്നും അഴീക്കോട് ജെട്ടിയില്‍ നിയമസഭാ തിരഞ്ഞടുപ്പ് യോഗത്തില്‍ സംസാരിക്കവേ മുന്‍ മന്ത്രി വ്യക്തമാക്കി..കാലങ്ങളായി അഴീക്കോട് നിവാസികള്‍ സ്വപ്നം കാണുന്ന അഴീക്കോട്‌ പാലം പണിയാന്‍ ഇരു നൂറ് കോടി രൂപ വേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി..

                      മോയ്തുവില്‍ നിന്നും ഒരു നെടു വീര്‍പ്പ് ഉയര്‍ന്നു..അയാള്‍ ആരോടെന്നില്ലാതെ പറഞ്ഞു..

                "കാട്ടുകള്ളന്മാര്‍..ഇരുനൂറ്‌ കോടി...എന്‍റെ അള്ളാ..ഒരു അമ്പത്‌ ലക്ഷം കൊണ്ട് കാലം  കൊറേ മുന്ന്‍ പണിയാന്‍ പറ്റുമായിരുന്ന പാലത്തിന്റെ ഇന്നത്തെ മാര്‍ക്കറ്റ്‌ വേല  കോടികള്‍.."

                  "മോയ്തുക്കാക്ക.."

                         മുന്നില്‍ ഇലക്ഷന്‍ പ്രചാരണാര്‍ത്ഥം പ്രതിപക്ഷക്കാര്‍..നിലവിലെ എം.എല്‍.എ..അയാളുടെ അണികള്‍..വെളുക്കെ ചിരിച്ച്..സ്ഥാനാര്‍ഥി മൊയ്തുവിന്റെ തഴമ്പ് നിറഞ്ഞ കൈ പിടിച്ച് കുലുക്കി..ജീവിതത്തില്‍ ഒരു പണിയും ചെയ്യാത്ത ഒരു കൈ മൊയ്തു തിരിച്ചറിഞ്ഞു..

                "മോയ്തുക്കാ..മറക്കരുത്‌..വോട്ട് ചെയ്യണം...ഇത്തവണ ഞങ്ങളെ അധികാരത്തില്‍  എത്തിക്കണം..അഴിമതി നിറഞ്ഞ അവരുടെ ഭരണത്തിന് അവസാനം  കാണാന്‍...അഴീക്കോട് പാലം ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ പൂര്‍ത്തിയാക്കും...

                "നിങ്ങ ഇപ്പൊ പറഞ്ഞത്‌ ഒരു മുദ്ര കടലാസ്സി എഴുതി ഒപ്പിട്ട് തരോ??"
                     
                     മൊയ്തുവിന്‍റെ ചോദ്യത്തിന് ഉത്തരം പറയാതെ അവര്‍ തിരികെ നടന്നു..അപ്പോള്‍ എതിര്‍ പാര്‍ട്ടിയുടെ അനൌണ്സ്മെന്റ് വാഹനം കടപ്പുറം റോഡിലൂടെ കടന്ന്‍ പോകുന്നുണ്ടായിരുന്നു..

                 "കേരളത്തിന്റെ വികസനം ഉറപ്പ്‌ വരുത്താന്‍ വീണ്ടും അധികാരത്തില്‍   തുടരാന്‍..അഴീക്കോട് പാലം പൂര്‍ത്തികരിക്കാന്‍  നിങ്ങളുടെ വിലയേറിയ   സമ്മതിദാനാവകാശം കൈ അടയാളത്തില്‍..."
                       
                      മൊയ്തു അത് കേട്ട് ചിരിച്ചു...പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു...

                   "അഴീക്കോട് പാലം...ഹും...കരകാണാപ്പാലം..''

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

             





2015, ജൂലൈ 11, ശനിയാഴ്‌ച

"ഇരുപതാമാണ്ട്.."

                                                                     
                                                            ഡോക്ടര്‍ ലോപ്പസ് കുര്യന്‍ കണ്ണാടിയിലേക്ക് നോക്കി..നര പടര്‍ന്ന തലയും, ഫ്രഞ്ച് താടിയും, ഇരുപത് വര്ഷം തന്നില്‍ വരുത്തിയ മാറ്റങ്ങള്‍.രാവിലെ വാട്ട്സ് ആപ്പില്‍ രഞ്ചിത്ത് അയച്ച മെസ്സേജ്, അത് വായിച്ചപ്പോള്‍ കടന്നു പോയ കാലം,പ്രായം എല്ലാം ഓര്‍മ്മകളിലേക്ക്...ഒരിക്കലും ഓര്‍മ്മിക്കാന്‍ ഇഷ്ടമില്ലാത്ത ആ ദിനത്തിന്..ഇരുപത് വര്‍ഷത്തിന്റെ പഴക്കമാകാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം...അയാള്‍ ചായ കപ്പും എടുത്ത് വരാന്തയിലേക്ക് നടന്നു..ദൂരെ "നോല"(ന്യൂ ഓര്‍ലിയന്‍സ്)യുടെ കാഴ്ചകള്‍..കെട്ടിടങ്ങള്‍ക്ക് മറവില്‍ ദൂരെ കാണുന്ന നില നിറം..മിസിസിപ്പി കടലിനോട് ചേരുന്ന ആഴി മുഖം...അവിടെ ചെറിയ തിരകളുടെ ആരവം..അയാള്‍ വേദനയോടെ ഒന്ന്‍ നോക്കി മുഖം തിരിച്ചു..നോലയില്‍ വന്നിട്ട് ഇത് വരെ കാണാന്‍ പോകാത്ത, ഒരിക്കലും കാണാന്‍ ഇഷ്ടമില്ലാത്ത നീല നിറം..കടല്‍..

                                                         അയാള്‍ വീണ്ടും ഫോണിലെ മെസ്സെജില്‍ കണ്ണോടിച്ചു..അതിലെ വരികള്‍..അതിലെ വേദന..

                 "ലോപ്പസ്..ഇരുപത് വര്‍ഷമാകുന്നു..നമുക്ക് എല്ലാര്‍ക്കും അവിടെ വരെ പോകണ്ടേ? ഇത് വരെ ഞാനും നീയും അവിടെ  പോയിട്ടില്ല.....അവനെ കാണണം..നിനയ്ക്ക് ഒന്ന്‍ വന്നു കൂടെ..നമ്മള്‍ മൂന്ന് പേര്‍..ഞാനും,നീയും, കിച്ചുവും..."

                 "what happens Lopez" പുറകില്‍ ഭാര്യ ഡോക്ടര്‍ ലിഡിയ ലോപ്പസ്..
അയാള്‍ ഫോണ്‍ എടുത്ത് മെസ്സേജ് അവളെ കാണിച്ചു..ആ മുഖത്ത് വിഷമം പടരുന്ന കാഴ്ച അയാള്‍ തിരിച്ചറിഞ്ഞു..അവര്‍ അയാളുടെ ചുമലില്‍ കൈ വെച്ച് പോകണം എന്ന അര്‍ഥം വെച്ച് ദൂരേക്ക് നോക്കി..കടലിന്റെ നീലനിറം..ലോപ്പസ് കണ്ണുകള്‍ തുടച്ച് ഭാര്യയോട്

               "ലിഡിയ...how i..?"ഇനി ഒരിക്കലും പോകരുതെന്ന് ഉറപ്പിച്ച സ്ഥലത്തേക്ക്..??"

ലിഡിയ അയാളുടെ വിഷമം തിരിച്ചറിഞ്ഞ് അയാളെ ചേര്‍ത്ത് പിടിച്ച് പറഞ്ഞു..

               "ഞാന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം..ഒരു 7 days..that i will manage myself..don't worry darling.."എനിക്കറിയാം..കടലിനെ വെറുക്കുന്നുവെന്ന സത്യം...but you must go..അവര്‍ എല്ലാം ഉണ്ടാകില്ലേ....എന്റെ മോന്‍ ഒരു ഏഴ് ദിവസം ഈ നോലയില്‍  നിന്നും വിട്ടു നില്‍ക്കുന്നു..നാട്ടില്‍ പോകുന്നു..OK??..be my good boy.."

                                                         .നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങി പുറത്ത് ചെല്ലുമ്പോള്‍ സ്വതസിദ്ധമായ വളിച്ച ചിരിയോടെ സുപ്രസിദ്ധ സംവിധായകന്‍ രഞ്ചിത്ത് മേനോന്‍ പുറത്ത്..ഒരു വലിയ ആലിംഗനം..ഒടുവില്‍ സംവിധായകന്‍ കുതറി മാറി തെന്നി പോയ വിഗ്ഗ് തലയില്‍ ശരിക്കും ഉറപ്പിച്ച് ചുറ്റും നോക്കി..മറ്റാരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തി..

               "ഡാ..നാണം കെടുത്തല്ലേ..വിഗ്ഗും, പിന്നെ ഒന്നാന്തരം കളറും കൊണ്ട് ഒരു കണക്കിന് സിനിമ ഗ്ലാമറില്‍ ജീവിച്ച് പൊയ്ക്കോട്ടെ..." വാ നടക്ക്.."

                                                  കാറില്‍ ഇരുന്ന്‍ രഞ്ചിത്ത് കൂടതല്‍ സംസാരിച്ചത് അയാളുടെ തകര്‍ന്ന ദാമ്പത്യത്തെ കുറിച്ചാണ്..മെഡിസിന്‍ കഴിഞ്ഞിട്ടും, രണ്ടും കല്പിച്ച് ഫിലിം ഫീല്‍ഡില്‍ ഇറങ്ങി, ഹിറ്റുകള്‍ മാത്രം കൊയ്ത, സൂപ്പര്‍ സംവിധായകന്‍..അയാളുടെ തന്നെ സിനിമയില്‍ നായികയായി അരങ്ങേറി താര റാണിയായി മാറിയ നടിയെ ജീവിത സഖിയാക്കിയ കഥ..ഒടുവില്‍ പൊരുത്ത പെടാതെ ഇരുവരും പിരിഞ്ഞ കഥ..അവര്‍ക്കിടയില്‍ അകപെട്ടുപോയ രണ്ടു കുഞ്ഞുങ്ങളുടെ കഥ..

              "ലോപ്പസേ...ഈ ഫീല്‍ഡ് പുറത്ത് നിന്ന് നോക്കുമ്പോള്‍ കാണുന്ന തിളക്കം മാത്രമേ ഉള്ളൂ..അകത്ത് ചീഞ്ഞു നാറുന്ന കഥകളാ...എന്‍റെ ഭാര്യ ആയിരുന്ന മഹാ നടി..ജീവിതത്തിലേക്ക് വന്നിട്ടും സിനിമ എന്ന വിസ്മയ ലോകത്തിന്‍റെ പിടിയിലായിരുന്നു..പ്രസവിച്ച കുഞ്ഞിനു പോലും മുലപ്പാല്‍ നിഷേധിച്ച മാതൃത്വം...അവള്‍ക്ക് അവളുടെതായ ന്യായങ്ങള്‍..ഫിറ്റ്നസ്,ഗ്ലാമര്‍..ഒടുവില്‍ ഇപ്പൊ സിനിമയില്‍ വീണ്ടും സജീവം..അമ്മ വേഷങ്ങളില്‍.."

                                                     കുറേ ദൂരം പിന്നിട്ടപ്പോള്‍ വഴിയില്‍ കിച്ചു..എന്ന കൃഷ്ണന്‍കുട്ടി..തടിച്ച് വയര്‍ ചാടി മുടി നരച്ച ഒരു ടിപ്പിക്കല്‍ ഗവര്‍മെന്റ് ജീവനക്കാരന്‍..അവനെയും ലോപ്പസ് കുറേ നേരം ചേര്‍ത്ത് പിടിച്ചു..വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ വിഷമത്തില്‍ കരഞ്ഞു..

           "ഇപ്പോള്‍ ഡി.എം.ഓ '' ആയി..കഴിഞ്ഞ ജൂണില്‍ പ്രൊമോഷന്‍..ഞാന്‍ കുറേ നാള്‍ അവന്‍റെ നാട്ടില്‍ ആയിരുന്നു..ഹെല്‍ത്ത് സെന്‍റരില്‍..മനസ്സ് മരവിച്ച്, അവിടെ...ആ കടല്‍ കാണുമ്പോ ചങ്ക് പൊട്ടും..ഓരോ മാസവും ഒരാളെങ്കിലും...ഹോ മടുത്തിട്ടാ ട്രാന്‍സ്ഫര്‍ വാങ്ങിയത്..എന്നാലും ഞാന്‍ ഇടയ്ക്ക് പോകും..അവിടെ ആ കോട്ടയുടെ മറവില്‍ ഇരുന്ന്‌ പുല്ലാങ്കുഴല്‍ വായിക്കും..അവന് വേണ്ടി.."

                                              കൃഷ്ണന്‍ക്കുട്ടി പറയുന്നത് കേട്ടപ്പോള്‍ അവരിലും ദുഃഖം നിറഞ്ഞു..കാര്‍ മുന്നോട്ട് നീങ്ങി ഒരു നാല്‍ക്കവല തിരിഞ്ഞപ്പോള്‍ ഡോക്ടര്‍ കൃഷ്ണന്‍ക്കുട്ടി കാര്‍ നിര്‍ത്താന്‍ പറഞ്ഞു..മുന്നില്‍ ഒരു നരച്ച രൂപം..ഒരു കിഴവന്‍..ഒരു വശം ഒടിഞ്ഞ് തൂങ്ങി ..വടിയുമായി..തമ്പി സാറിനെ പോലെ..അവരുടെ പരിഭ്രമം തിരിച്ചറിഞ്ഞ് കൃഷ്ണന്‍ക്കുട്ടി ചിരിയോടെ പറഞ്ഞു...

        "ആളെ മനസ്സിലായില്ല അല്ലേ..ഇത് നമ്മുടെ പഴയ കവല ചേട്ടനാ..."

                                         വൃദ്ധന്‍ അവരെ മാറി മാറി നോക്കി....കൃഷ്ണന്‍ക്കുട്ടി അയാളെ പിടിച്ച് കാറില്‍ കയറ്റി...ആ കണ്ണുകള്‍ നിറഞ്ഞ്‌ ഒഴുകുന്നു..കണ്ടാല്‍ അറിയാം ഒരു വശം പരാലിസിസ് ബാധിച്ച് അവശനെന്നു..ഒന്നും സംസാരിച്ചില്ല..ഊര്‍ജ്ജമില്ലാത്ത മുഖം..കടലിനേക്കാള്‍ ആഴമുള്ള ദുഃഖം നിറഞ്ഞ കണ്ണുകള്‍.പണ്ട് "കവലേ"എന്ന് വിളിക്കുന്നവര്‍ക്ക് നല്ല പുളിച്ച തെറിയും, പിന്നെ മുണ്ട് പൊക്കി കാണിക്കലും.."ഇന്ന്‍ മൗനം...ദുഃഖം...കടലിനോളം ആഴത്തില്‍ കണ്ണ് നീര്‍....

                                       "ചേട്ടന് എന്നെ മനസ്സിലായോ??"

                                          രഞ്ജിത്തിന്റെ ചോദ്യത്തിന് ആ വൃദ്ധന്‍ ഒന്നും മറുപടി പറഞ്ഞില്ല....ദൂരെ കാണുന്ന കടലിന്റെ നീല നിറത്തില്‍ ആയിരുന്നു ആ നിറഞ്ഞ കണ്ണുകള്‍..അവ്യക്തമായ ശബ്ദങ്ങള്‍ ആ ചുണ്ടുകളില്‍ കണ്ടു..കരുണ തോന്നുന്ന മുഖഭാവത്തില്‍ ഇടയ്ക്ക് മിന്നി മറയുന്ന വേദനയുടെ കടലലകള്‍..

       "കവല ചേട്ടന്‍ സംസാരിക്കില്ല...അന്ന്‍ അമ്മാവന്‍ കടലില്‍ പോയതിനു ശേഷം അദ്ദേഹം സംസാരിച്ചിട്ടില്ല..ഒരു വശം തളര്‍ന്നു..കുറേ നാള്‍ ഞാനാണ്‌ ചികിത്സ നല്‍കിയത്..നിങ്ങള്‍ക്ക് ഓര്‍മ്മുണ്ടോ..അവന്‍റെ വീട്ടില്‍ അന്നുണ്ടായ മുറപ്പെണ്ണ്‍.."നളിനി" അവരാണ് ചേട്ടനെ ഇപ്പോള്‍ നോക്കുന്നത്..അമ്മാവന്‍ പോയപ്പോള്‍ ആ വീടും, പറമ്പും നളിനിയ്ക്ക് ‍ അവന്‍റെ അമ്മ എഴുതി  നല്‍കി..അവര്‍ തന്നെ മുന്‍കൈ എടുത്ത് കല്യാണവും നടത്തി..ഇപ്പോള്‍ നന്നായി ജീവിക്കുന്നു..എന്തായാലും കവല ചേട്ടനെ അവര്‍ മറന്നില്ല...ഇന്നും എത്ര വൈകി ചെന്നാലും ഈ പാവത്തിന് ഒരു പിടി ചോറ് ആ വീട്ടില്‍ ഉണ്ടാകും.."പക്ഷെ അവന്‍റെ പഴയ കാമുകി ഭദ്ര...അവരുടെ കാര്യമാണ് കഷ്ടം..ആള് ഡല്‍ഹിയില്‍ ഉണ്ട്..ഒരു ഇന്‍റര്‍ നാഷണല്‍ പബ്ലിക്ക് സ്കൂളില്‍ പ്രിന്‍സിപ്പല്‍..well known human activist..പക്ഷെ ഇന്നും അവന്റെ ഓര്‍മ്മകളില്‍..വിവാഹം കഴിക്കാതെ...അല്ലെങ്കിലും ആര്‍ക്കാ അവനെ മറക്കാന്‍ കഴിയാ.."

                                                 കടല്‍ അടുത്ത് വരുന്തോറും ലോപ്പസിന്റെ നെഞ്ച് പിടച്ചു.ഒരിക്കലും വരില്ലെന്ന് രഞ്ജിത്തിനു വാക്ക് കൊടുത്ത സ്ഥലം..അവിടേക്ക് വീണ്ടും..അവന്റെ ഓര്‍മ്മകള്‍, ആ ചിരി, ലോപ്പസിനെ ആരോ പിടിച്ച് വലിക്കുന്ന പോലെ..ഇരുപത് വര്‍ഷങ്ങള്‍ക്ക് പിന്നിലേക്ക്...അന്ന്‍ ആ കടല്‍ത്തീരത്ത് ഓടി നടന്നതെല്ലാം കണ്ണില്‍ നിറയുന്നു..തിര, തിരമാലകള്‍, അതില്‍ പെട്ട്, നിലവിളി, ആര്‍ത്ത് വിളിച്ച ശബ്ദങ്ങള്‍, എല്ലാം മനസ്സില്‍ നിറയുന്നു..കാറില്‍ നിന്നും പഞ്ചാര മണലില്‍ കാല് കുത്തിയപ്പോള്‍ ഷോക്കടിച്ച പോലെ,അങ്ങകലെ കടല്‍ തിരമാലകളില്‍ ചാടി മറയുന്നു അവന്‍..മാടി വിളിക്കുന്നു..അവര്‍ക്കൊപ്പം കടല്‍ തീരത്തേക്ക് നടക്കുമ്പോള്‍ ലോപ്പസ് ഒരു അപ്പൂപ്പന്‍ താടി പോലെ..ഇരുപത് വര്‍ഷത്തിനു ശേഷം കടല്‍ തീരത്ത്..ജീവിതത്തില്‍ ഒരു കാലത്ത് ഏറെ പ്രിയവും, ഇപ്പോള്‍ ഏറ്റവും വെറുപ്പും തോന്നിക്കുന്ന സ്ഥലം..കടല്‍..മുന്നില്‍ നടക്കുമ്പോള്‍ അവിടെ ഒരാള്‍ കൂട്ടം..പോലീസ്..ആരോ പറയുന്നത് കേട്ട്..

    "ഇന്നും പോയി..അതും അവരുടെ ഏക മകന്‍..പ്ലസ്‌ ടു പഠിക്കുന്ന ചെക്കന്‍..കോട്ടയുടെ അടുത്ത് കുളിക്കാന്‍ പോയതാ..പോയി..ഇനി "മൂന്നാം പക്കം"... കടല്‍ കൊണ്ട് വന്നാലായി..അതാണ് കടലമ്മയുടെ നിയമം.."

                                             വേദനയോടെ പഴയ ഓര്‍മ്മകളില്‍ ചവിട്ടി അവരെ കവല ചേട്ടന്‍ മുന്നോട്ട് നയിച്ചു..ആ കാണാതെ പോയ പയ്യന്‍ അവന്‍ ആണോ??ലോപ്പസ് കടലിലേക്ക് നോക്കി..അവന്റെ ശബ്ദം..അവന്‍ വിളിക്കുന്നു..ഇടയ്ക്ക് കടല്‍ വെള്ളം കാലില്‍ പുരണ്ടപ്പോള്‍ ചുട്ടു പൊള്ളിയത് പോലെ..നടന്ന്‍ നടന്ന്‍ ബലി പുരയുടെ അരികില്‍..അവിടെ വന്നപ്പോള്‍ കൃഷ്ണന്‍ക്കുട്ടി നിന്നൂ..അയാള്‍ ലോപ്പസിനെയും, രഞ്ചിത്ത് മേനോനെയും നോക്കി..

     "അവനു വേണ്ടി ബലിയിടനാണ് ഞാന്‍ നിങ്ങളെ വിളിപ്പിച്ചത്..ആരുമില്ല അവന്..വേണ്ടി..നമ്മുടെ ഭാസ്ക്കര്‍..നമ്മുടെ പാച്ചൂന് വേണ്ടി...നമുക്കത് ചൈയ്തൂടെ ഒരു വട്ടം.."

                                                 പൊട്ടി കരയുന്ന കൃഷ്ണന്‍കുട്ടിയുടെ കൈകളില്‍  ലോപ്പസും, രഞ്ജിത്തും ‍ ഞങ്ങള്‍ ഉണ്ട് എന്ന വാക്ക് പോലെ മുറുകെ പിടിച്ചു..ഒടുവില്‍ അവനു വേണ്ടി ബലിധര്‍പ്പണം...പൂജാരി വാക്കുകള്‍ ചൊല്ലി..അവര്‍ അത് ചൊല്ലി..കാക്കകള്‍ പാറി പറന്നു..കവല ചേട്ടന്‍ സന്തോഷത്തോടെ കണ്ണ് നീര്‍ ഒഴുക്കി..മൂവരും കടലിലേക്ക്..ലോപ്പസ് ഭീതിയോടെ..അവനെ കൃഷ്ണന്‍ക്കുട്ടിയും, രഞ്ജിത്തും ചേര്‍ത്ത് പിടിച്ചു..മൂവരും ആ തിരമാലയില്‍ നിന്ന് ഉറക്കെ വിളിച്ചു...

                             ""ഭാസീ......""

                                                  മുങ്ങിയെഴുന്നെറ്റ് കരയില്‍ കയറുമ്പോള്‍ അവരുടെ കാലില്‍ തഴുകിയ തിരകള്‍ക്ക് അവരുടെ ഭാസിയുടെ സമീപ്യമുണ്ടായിരുന്നു..അവന്‍റെ മുത്തച്ചന്‍ തമ്പി സാറിന്‍റെ വാത്സല്യം ഉണ്ടായിരുന്നു....



             

2015, ജൂലൈ 8, ബുധനാഴ്‌ച

അയാള്‍, അവര്‍, പിന്നെ മറ്റ് ചിലര്‍.....

                                  


                                   
                                     "ബസ്സില്‍ സാമാന്യം നല്ല തിരക്കായിരുന്നു. കയറിയതിനു ശേഷം തിരിഞ്ഞ് സ്റ്റോപ്പില്‍ നില്‍ക്കുന്ന ഭര്‍ത്താവിനോട് കൈ വീശി കാണിച്ച് ഒരു സീറ്റിനു വേണ്ടി കണ്ണോടിച്ചു..എല്ലാ സീറ്റിലും ആളുകള്‍..ആദ്യം കണ്ട സ്ത്രീകളുടെ സീറ്റില്‍ ഒരു ചെറുപ്പക്കാരനും, തല മൂടി പുതച്ച് സീറ്റില്‍ മറ്റൊരാളും ..ചെറുപ്പക്കാരന്‍ ഒന്ന്‍ നോക്കിയതിനു ശേഷം താന്‍ ഈ ലോകത്തില്‍ അല്ലെന്ന  മട്ടില്‍ പുറത്തേക്ക് കണ്ണോടിച്ച്..തല മൂടി പുതച്ച് ഉറങ്ങുന്ന ആള്‍ കള്ള ഉറക്കമാണെന്ന് തോന്നുന്നു. ??എന്തായാലും തലസ്ഥാനം വരെ ഹിയരിങ്ങിനു വേണ്ടി പോകേണ്ട ദേഷ്യവും, വീട്ടില്‍ നിന്നും ഒരു ദിവസം പിരിഞ്ഞ് നില്‍കേണ്ട വിഷമവും ചേര്‍ത്ത് കുറച്ച് ഉറക്കെ പറഞ്ഞു..


              "ഇത് സ്ത്രീകളുടെ സീറ്റാണ്.."


                                      ചെറുപ്പക്കാരന്‍  അവജ്ഞയോടെ ഒന്ന് നോക്കി..എല്ല് വീണ്ടും സീറ്റില്‍ ഉറപ്പിക്കാന്‍ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ ബസ്സിലെ കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു..


             "മഞ്ഞ ഷര്‍ട്ട്‌...സ്ത്രീകള്ടെ സീറ്റ് ഒന്ന്‍ ഒഴിഞ്ഞു കൊടുത്തേ..."


                                       ചെറുപ്പക്കാരന്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു..തല മൂടി പുതച്ച് കിടക്കുന്ന ആള്‍ സുഖാനുഭൂതിയില്‍ ചാരി കിടന്ന് ഉറക്കം..ഒടുവില്‍ കണ്ടക്ടര്‍ വന്ന് വിളിച്ചപ്പോള്‍ അയാള്‍ ഉണര്‍ന്നു..മുഖത്ത് ഒരു വളിച്ച ചിരിയോടെ എഴുന്നേറ്റ് മാറി. അയാള്‍ മുന്നില്‍ മാറി ഒരു ഇരുമ്പ് കമ്പിയില്‍ തൂങ്ങി നില്ക്കാന് തുടങ്ങി.മുഷിഞ്ഞ വേഷം, കയ്യില്‍ ഒരു പഴയ വസ്ത്ര സ്ഥാപനത്തിന്റെ കവര്‍...തലയില്‍ ഒരു തൊപ്പി..മുഖം നിറയെ ചിരി..അവര്‍ ഒഴിഞ്ഞ സീറ്റില്‍ ഇരുന്ന്‍ സ്കാര്‍ഫ് എടുത്ത് തലയില്‍ വട്ടം കെട്ടി പുറത്തെ കാഴ്ചകളിലേക്ക്.പിന്നില്‍ നിന്നും ആരോ പറയുന്നത് കേട്ടു..


            "ഗുരുവായൂര്‍ എറണാകുളം റൂട്ടില്‍ എന്തോരം ബസ്സ്‌ ഓടീട്ടും തിരക്കോട് തെരക്ക്.."
  
                                    അവര്‍ തിരുവനന്തപുരത്ത് ചെന്നാല്‍ താമസിക്കേണ്ട കാര്യവും, കാലത്ത് ഹിയറിങ്ങിന് പറയേണ്ട കാര്യങ്ങള്‍ ആലോചിച്ചും, ജോലി ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ ബാലാരിഷ്ടതയെ കുറിച്ചും ചിന്തിച്ച് മെല്ലെ ഒന്ന്‍ മയങ്ങിപോയി.എന്തോ ഉരുണ്ട് വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്..നോക്കുമ്പോള്‍ കമ്പിയില്‍ പിടിച്ച് നിന്ന തൊപ്പിക്കാരന്‍ ബസ്സിനകത്ത് വീണു കിടക്കുന്നു.മറ്റുള്ളവര്‍ പിടിച്ച് ഉയര്‍ത്തും മുന്‍പേ അയാള്‍ ചാടി എഴുന്നേറ്റു..തൊപ്പി തെറിച്ച് പോയിരിക്കുന്നു..മുടിയില്ലാത്ത തല..മുന്നില്‍ കിടന്ന തൊപ്പിയും, കവറും അയാള്‍ ചാടിയെടുത്ത് തൊപ്പി വേഗം തലയില്‍ ധരിച്ച് എല്ലാവരെയും നോക്കി ചിരിച്ചു..

      
         "തൊപ്പിക്കാരന്‍ ചേട്ടാ...ദാ ഇവിടേക്ക് പോന്നോളൂ..സീറ്റ് തരാം..നിന്ന് ഒറങ്ങി ഇനിയും വീഴണ്ടാ..'' കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു..അയാള്‍ വീണ്ടും ചിരിയോടെ ശബ്ദം കേട്ട ഭാഗത്തേക്ക്..


                                  ബസ്സ്‌ എറണാകുളം സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍  അവര്‍ ഇറങ്ങി..ഇനി തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് പിടിക്കണം..അവര്‍ സ്റ്റാന്‍ഡില്‍ കയറി ബസ്സ്‌ വരുന്ന ഭാഗത്ത് നിന്നപ്പോള്‍ വീണ്ടും അയാളെ കണ്ടു..തൊപ്പിക്കാരന്‍..ഒരു കടയുടെ മുന്നില്‍ നിന്നും ചുടു ചായ അതിവേഗം അകത്താക്കി അയാള്‍..അവരെ കണ്ടതും വീണ്ടും അയാളുടെ ചുണ്ടില്‍ ഒരു ചിരി..അവര്‍ വെറുപ്പോടെ മുഖം തിരിച്ചു..


                                ബസ്സ്‌ വന്ന്‍ നിന്നപ്പോള്‍ അവര്‍ കയറി സീറ്റില്‍ ഇരുന്നു.കുറച്ച് കഴിഞ്ഞ് അയാളും കയറി..സ്ത്രീകളുടെ സീറ്റില്‍ ഇരിക്കാന്‍ തുടങ്ങി പിന്നീട് സംവരണം ചെയ്തിരിക്കുന്ന ബോര്‍ഡില്‍ കണ്ണോടിച്ച് പതിവ് ചിരിയോടെ അയാള്‍ മുന്നിലേക്ക് നടന്ന്‍ മുന്‍നിര സീറ്റില്‍ പോയി സ്ഥാനം പിടിച്ചു..ബസ്സിലെ കണ്ടക്ടര്‍ ടിക്കറ്റ് എടുക്കാന്‍ അയാളുടെ അടുത്ത് ചെന്നപ്പോള്‍ അയാള്‍ കവറില്‍ നിന്നും കുറേ ചില്ലറകള്‍ എണ്ണി കൊടുക്കുന്നത് കണ്ടു...


          "ഇതെന്താ സാറെ ചില്ലറ കൊറച്ച് ഉണ്ടല്ലോ??"

          "ചില്ലറ തരുന്നതല്ലേ സാറെ നിങ്ങള് കണ്ടക്ടര്‍ സാര്‍ന്മാര്‍ക്ക് ഇഷ്ടം.."

          "ഏയ്‌..ചില്ലറ ഇല്ലാത്തതാ ഞങ്ങള്‍ക്കിഷ്ടം...കണ്ടക്ടര്‍ ചിരിയോടെ പറഞ്ഞു.അയാളും അത് കേട്ട് പരിസരം മറന്ന്‍ ചിരിച്ചു  

                            
                            അവര്‍ ഒരു പുസ്തകം കയ്യിലെടുത്ത് വായിക്കാന്‍ തുടങ്ങി..കഥകളില്‍ മുഴുകി, കഥാപാത്രങ്ങളില്‍ മുഴുകി..ഒടുവില്‍ നിദ്രയിലേക്ക്..ഇടയ്ക്ക് കായംകുളം സ്റ്റാന്‍ഡില്‍ ഉച്ചയൂണ് കഴിക്കാന്‍ നിര്‍ത്തിയപ്പോള്‍ അയാളും, അവരും മാത്രമായി ബസ്സില്‍..അയാള്‍ പതിവ് ചിരിയോടെ അവരെ നോക്കി ചോദിച്ചു..


        "പെങ്ങളെ ഇത് തിരുവനന്തോര്ത്ത് എത്ര മണിക്ക് എത്തും..?"

        "ആ എനിക്കറിയില്ല.."  കുറച്ച് ഈര്‍ഷ്യയോടെ മറുപടി നല്‍കി..പിന്നെ അയാളില്‍ നിന്നും ചോദ്യങ്ങള്‍ ഒന്നുമുണ്ടായില്ല..വീണ്ടും പുസ്തകത്തില്‍ മുഴുകി..

                              തമ്പാനൂര്‍ എത്തിയപ്പോള്‍ വിശപ്പ് തിരിച്ചറിഞ്ഞു..കാലത്ത് ചായ കുടിച്ച് ഇറങ്ങിയതാണ്..വഴിയില്‍ നിന്നും ഒന്നും കഴിച്ചില്ല..യാത്രയില്‍ കഴിച്ചാല്‍ അത് ശര്‍ദ്ദിച്ചു പുറത്ത് കളയുന്നതാണ് ശീലം..അത് കൊണ്ട് ഒന്നും കഴിക്കില്ല..ഇന്ത്യന്‍ കോഫി ഹൌസിനു നേരെ നടന്ന്‍ ഒരിടത്ത് സീറ്റ് പിടിച്ചപ്പോള്‍ വീണ്ടും അയാളെ കണ്ടു..തൊപ്പിക്കാരന്‍..അയാള്‍ക്ക് അവരുടെ എതിര്‍ തിരിഞ്ഞ് ഇരിക്കുന്നതിനാല്‍ അവരെ കണ്ടില്ല..അയാള്‍ ബസ്സില്‍ കൂടെ യാത്ര ചെയ്ത ആരോടോ സംസാരിക്കുന്നു..ചായ പറഞ്ഞു കാത്തിരിക്കുന്ന ആ വേളയില്‍ ഇടയ്ക്ക് അയാളുടെ സംസാരം ശ്രദ്ധിച്ചു..


         "ഇത് അവസാനത്തെയാ...ഇനിയൊരു കീമോ ഉണ്ടാകില്ല..ഡോക്ടര്‍ സാറിന് ഒരു ഉറപ്പില്ല..പിന്നെ നമുക്ക്..എന്ത്.."


അയാള്‍ ചിരിയോടെ പറഞ്ഞു.


       '' വെറും കൈയ്യും തന്നെയാ സാറേ ഭൂമിയില്‍ വന്നത്..വെറും കയ്യോടെ തിരികെ പോകാനും ‍ മടിയില്ല..എന്നാലും സാറെ കുടുംബം..അതോര്‍ക്കുമ്പോ വിഷമാ..ഒന്നും നീക്കിയിരിപ്പ് ഇല്ല..വെറും കൂലി പണിക്കാരനാ  ഞാന്‍..പിന്നെ കുടിയിടപ്പ് കിട്ടിയ പത്ത് സെന്‍ട് സ്ഥലം..ഒരു കൊച്ച് ഓടിട്ട വീട്..ഒരു കൂട്ട് വേണോന്നു തോന്നിപ്പോ കല്യാണം കഴിച്ചു..രണ്ട്‌ തങ്കം പോലത്തെ പെണ്‍ മക്കളുമായി...എന്നാ പെമ്പ്രന്നോത്തി ഒരു വാക്ക് പോലും പറയാതെ എന്നേം, പിള്ളേരേം തനിച്ചാക്കി ഒരു പോക്കങ്ങ് പോയി..തുലാവര്‍ഷം പെയ്യുമ്പോള്‍ ഞങ്ങള്‍ടെ ദേശത്ത് പാടത്ത് നിന്ന് മീന്‍ കേറി വരും..നല്ല മുഷീം, ബ്രാലും..അങ്ങനെ ഒരു മഴക്കാലത്ത് ഒരു മുഷിടെ പൊറകെ കുട്ടയുമായി പോയതാ..പെമ്പ്രന്നോത്തി..പാടത്ത് കറണ്ട് കമ്പി പൊട്ടി കെടക്കണെ മൂപ്പിലാത്തി കണ്ടില്ല..മൂത്തത് രണ്ടിലും, എളെത് അങ്ങനവാടിയിലും പോണ പൊടി കുഞ്ഞുങ്ങള്‍...തളന്നില്ല സാറെ..ഞാന്‍ അതുങ്ങളെ വളത്തി വലുതാക്കി..ഇപ്പൊ മൂത്തത് പ്ലസ് ടു കഴിഞ്ഞു.."


                                           ഇപ്പോള്‍ അയാളുടെ വാക്കുകള്‍ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു..കൌണ്ടറില്‍ ഇരിക്കുന്ന ആളും, സപ്ലൈ ചെയ്യുന്ന ആളും, സീറ്റുകളില്‍ ഇരിക്കുന്നവരും..പതുക്കെ എല്ലാവരിലും ദുഃഖം വിതയ്ക്കുന്ന വാക്കുകള്‍..അയാള്‍ മാത്രം ചിരിയോടെ തന്‍റെ കഥ തുടര്‍ന്നു..


        "ചെയ്യാത്ത പണിയില്ല സാറെ...തെങ്ങിന് തടം കോരിയും, വിതയ്ക്കാന്‍ പോയും, വേലി കെട്ടാന്‍ പോയും പിള്ളാരെ പഠിപ്പിച്ചു..അവറ്റുങ്ങള്‍ പഠിക്കാന്‍ ബഹു മിടുക്കികളും..ഒരീസം എന്റെ പള്ളേല് ഒരു മോഴ കണ്ടു..ഞാന്‍ അത് കാര്യക്കില്ല..പിന്നെ അത് വലുതായപ്പോ മോള്‍ടെ നിര്‍ബന്ധം കാരണം എം.ഇ.എസിലെ മോമ്മദ് ഡോക്ടറെ കാണിച്ചു..അവര് അത് കീറി പൊളിച്ച് എങ്ങണ്ടെക്കും അയച്ചു..പിന്നെ കുറച്ചീസം കഴിഞ്ഞപ്പാ അവരാ പറഞ്ഞത് ക്യാന്‍സര്‍ രോഗാണെന്ന്...ഒരാളോടും പറയാതെ ഞാന്‍ പിന്നേം പണിക്ക് പോയി.."ചെട്ടി കപ്പലിന് ദൈവം തുണ..പക്ഷെ എങ്ങനെയോ മക്കളിത് അറിഞ്ഞു..പിന്നെ  ചികിത്സ..പക്ഷെ ഒന്നും ശരിയായില്ല..പിള്ളേര് നേരാത്ത നേര്‍ച്ച ഇല്ല...അവ്റ്റുങ്ങള്‍ കരയുന്ന കാണുമ്പോള്‍ എനിക്കും സഹിക്കൂല.പക്ഷെ ഞാന്‍ അവര്‍ക്ക് മുന്നില് ചിരിക്കും..രോഗം ചിരിച്ചാല്‍ മാറില്ല..എന്നാലും ചിരിക്കും...മനസ്സ് കരഞ്ഞാലും മൊഖം ചിരിച്ചിരിക്കും..


                                                ആ വാക്കുകള്‍ പറയുമ്പോള്‍ അയാള്‍ ചിരിക്കുകയായിരുന്നു...അയാളുടെ ചിരിയും സംസാരവും ഇന്ത്യന്‍ കോഫീ ഹൌസില്‍ പിന്നെയും കണ്ണ് നീര്‍ വീഴ്ത്തി. കേള്‍വിക്കാര്‍ കൂടി വന്നു..എല്ലാവര്‍ക്കും സഹജീവിയോടുള്ള ദയ കണ്ണുകളില്‍..സങ്കടം മുഖത്ത്.


          "മരിക്കാന്‍ പേടിയാ...രണ്ടു പിള്ളേരേം കാണാന്‍ നല്ല ചേലാ...അവരടെ അമ്മയെ പോലെ..ദൈവം അഞ്ചു കൊല്ലം ആയുസ്സ് നീട്ടി തന്നാ മതി....പിച്ചയെടുത്തിട്ടായാലും ഞാന്‍ അവരെ പഠിപ്പിക്കും..മൂത്തവള്‍ക്ക് ഒരു ജോലി ആകുന്ന വരെ...കേറി കിടക്കാന്‍ ഒരു കിടപ്പാടം പോലുമില്ല...രോഗം വന്നപ്പോള്‍ ആരോടും കൈ നീട്ടില്ല...എല്ലാം വിറ്റ്.... വിറ്റിട്ടും ക്യാന്‍സര്‍..അയിന്റെ പക മാറീട്ടില...കാര്‍ന്നു തിന്ന് തോടങ്ങിന്നാ തോന്നുന്നേ..ചിലപ്പോള്‍ സഹിക്കാന്‍ പറ്റൂല വേദന..അപ്പോള്‍ ഞാന്‍ ചിരിക്കും..വേദന വരുമ്പോള്‍ ചിരി ഇപ്പൊ എനിക്കൊരു ശീലായി.....ആരോ പറഞ്ഞു..പെസ്ബുക്ക്  എന്ന സാധനം കമ്പൂട്ടറില്‍ ഉണ്ടെന്ന്..അതില്‍ എന്‍റെ രോഗത്തിന്‍റെ കാര്യം ഇട്ടാല്‍ ആളുകള്‍ സഹായിക്കുമെന്ന്..എന്നെ സഹായിക്കണ്ടാ..ഞാന്‍ ഇല്ലാതായാല്‍ കുട്ടികളെ സഹായിച്ചാ മതി..


                                                   എല്ലാം കേട്ടിരുന്ന അവര്‍ക്ക് സങ്കടം താങ്ങാന്‍ കഴിയാതെ വന്നു..സാരി തലപ്പ്‌ കൊണ്ട് കണ്ണുകള്‍ തുടച്ച് അയാളെ നോക്കി..ആ മനുഷ്യനെ സീറ്റില്‍ നിന്നും എഴുന്നേല്‍പിച്ച നിമിഷത്തെ അവര്‍ ശപിച്ചു..അയാള്‍ വീണ്ടും തിരിഞ്ഞ് എല്ലാവരെയും ഒന്ന്‍ നോക്കി. അവരെ കണ്ടപ്പോള്‍ അയാളുടെ മുഖത്ത് വീണ്ടും ചിരി വിടര്‍ന്നു..എല്ലാ വേദനകളും കാറ്റില്‍ പരത്തുന്ന പ്രകാശം നിറഞ്ഞ ചിരി..


          "അയ്യോ..നിങ്ങളെയെക്കെ ഞാന്‍ എന്റെ വിഷമം പറഞ്ഞ് ...എന്താ ചെയ്യാ..ദൈവ നിശ്ചയം..ആര്‍.സി.സി.ചെല്ലുമ്പോള്‍ അവടെത്ത ഓരോ കാഴ്ചകള്‍ കാണുമ്പോ എന്റെ രോഗം നിസ്സാരം..പിറന്ന കുഞ്ഞു പോലും രോഗം വന്നു...കണ്ടാല്‍ മനസ്സ് മുറിയും സാറെ.."


                                                         അയാള്‍ പോകാന്‍ വേണ്ടി എഴുന്നേറ്റു...ആരെല്ലാമോ അയാള്‍ക്ക് നേരെ പൈസ നീട്ടി..അയാള്‍ വാങ്ങാന്‍ തയ്യാറായില്ല..തലയില്‍ തൊപ്പി ഉറപ്പിച്ച്, കയ്യിലെ കവറുമായി മുന്നോട്ട്..എല്ലാവരുടെയും നിറഞ്ഞ കണ്ണുകള്‍ക്ക് മുന്നിലൂടെ..കൌണ്ടറില്‍ ചെന്ന് കുടിച്ച് ചായയുടെ പൈസ കൊടുക്കാന്‍ തുടങ്ങുമ്പോള്‍ കാഷ്യര്‍ പൊട്ടി കരയാന്‍ തുടങ്ങി..പൈസ വാങ്ങാന്‍ കാഷ്യര്‍ വിസ്സമ്മതം കാണിച്ചപ്പോള്‍ അയാള്‍ പോക്കറ്റില്‍ നിന്നും ചില്ലറ പെറുക്കി വിലനിലവാര പട്ടിക നോക്കി പണം കൊടുത്തു...അയാള്‍ ചിരിയോടെ പറഞ്ഞു..


       "ആരോടും കടം വെക്കാന്‍ പാടില്ല ചേട്ടാ..അങ്ങ് ചെല്ലുമ്പോ ദൈവം ചോദിക്കും..


                                                           ചുറ്റുമുള്ള എല്ലാ നിറകണ്ണുകളും ഒന്ന് കൂടി നോക്കി അയാള്‍ സ്വത സിദ്ധമായ ചിരിയോടെ വീണ്ടും പറഞ്ഞു...


       "വീണ്ടും കാണാമെന്ന് ഒരു വെറും വാക്ക് പറയണില്ല...പക്ഷെ കാണും..എന്റെ ഉള്ളിലോള്ള ഒരു സാധനോം ആര്‍ക്കും കൊടുക്കാന്‍ പറ്റൂല..എല്ലാം കാര്‍ന്നു തിന്ന് ചീത്തയായി പോയി...പക്ഷെ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യും...അതിനെ ഒരു രോഗവും ഇല്ല...ഞാന്‍ കണ്ട് രസിച്ച ഈ ഭൂലോകം, ഇത് വരെ ഒന്നും കാണാതെ പോയ ആര്‍ക്കെങ്കിലും വെളിച്ചം കൊടുക്കട്ടെ...ജീവനുണ്ടായിട്ടും ഒന്നും ജീവിതത്തില്‍ കാണാത്ത ആരെങ്കിലും എന്റെ കണ്ണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും...."


                                                              രണ്ടു തുള്ളി കണ്ണ് നീര്‍ വീഴ്ത്തി ആ മനുഷ്യന്‍ പുറത്തേക്ക് പോയപ്പോള്‍ ആ കോഫി ഹൌസില്‍ അവശേഷിച്ച എല്ലാവര്‍ക്കും കണ്ണുനീര്‍‍ നിറഞ്ഞ് കാഴ്ച നഷ്ടമായിരുന്നു..

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.....


2015, ജൂൺ 26, വെള്ളിയാഴ്‌ച

കാശ്മീര്‍ സാമ്പാര്‍...

                 




                    ആഫ്രിക്കയിലെ ബെക്ടല്‍  അംഗോള എല്‍.എന്‍.ജി ജിവിതക്കാലത്ത് സാമ്പാര്‍ കഴിക്കാന്‍ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്.അമേരിക്കന്‍ കമ്പനിയില്‍ സാമ്പാറിന് ഒരു സ്ഥാനവുമില്ലാത്തതിനാല്‍ ആഗ്രഹം മനസ്സിലൊതുക്കി കഴിക്കാന്‍ പറ്റുന്നത് മാത്രം  കഴിച്ചു മൂന്നു വര്ഷം.

                    അവിടെ നിന്നും 2013 ഏപ്രില്‍ മാസത്തില്‍ ഫിലിപ്പീസിലെക്ക്  മാറ്റം കിട്ടിയപ്പോള്‍ പട്ടിയിറച്ചിയും, പാതി വെന്ത മാംസത്തെയും ഭയപ്പെട്ടാണ് യാത്ര തുടങ്ങിയത്‌..ഭക്ഷണം ഒരു വലിയ പ്രശ്നമായി മുന്നില്‍..അവിടെ ജീവിക്കേണ്ടത് പുറത്താണ്.. ജി.എല്‍.എന്‍.ജി ബെക്ടല്‍ ആഫ്രിക്കയില്‍ നിന്നും തികച്ചും വലിയ ജിവിത സാഹചര്യമാര്‍ന്ന ഒരിടമായിരുന്നു.
    തലസ്ഥാനമായ മനിലയില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരെ ബതങ്ങാസ് പ്രവിശ്യയിലെ ബുവാന്‍ എന്ന സ്ഥലത്ത് ആയിരുന്നു പ്രോജക്റ്റ്..ബുവാനിലെ ബൂം ടൗണില്‍ ഒരു വീട് കൂടി കിട്ടിയതോടെ പാചകം സ്വന്തം കൈകള്‍ കൊണ്ടു നടത്താന്‍ തീരുമാനമായി..പച്ചരി ചോറും, പച്ചക്കറിയും..പിന്നെ ഇടയ്ക്ക് ചിക്കനും..എന്തായാലും
    ഒരു സാമ്പാര്‍ മാത്രം എന്നില്‍ നിന്നും ഒരു കൈ അകലം പാലിച്ചു..കാരണം സാമ്പാര്‍ പൊടി തന്നെ.. നാട്ടില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍  ഭാര്യ ഞാന്‍ പോകുന്നതിന്റെ ദുഖവും ചേര്‍ത്തുണ്ടാക്കിയ സാമ്പാര്‍ പൊടി എടുക്കാതെ പോന്നത്‌ മണ്ടതരമായെന്നു തോന്നി.

                പാചകം തകര്‍ത്ത് മുന്നേറുമ്പോള്‍ വീണ്ടും സാമ്പാര്‍ കഴിക്കാന്‍ ഒരാഗ്രഹം.അവിടുത്തെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റിലും, ഇന്ത്യയില്‍ നിന്നും അവിടെ എത്തി പണമിടപാട് നടത്തി അവിടെ തന്നെ ജീവിക്കുന്ന പഞ്ചാബികളുടെ അടുത്തും അന്വേക്ഷിച്ച്‌ നടന്നു..ഉത്തരം ലളിതം..

               "വോ ഇത്തെ നഹി മിലേഗാ..."

               അവരില്‍ ഒരാളാണ് മനിലയില്‍ ആസാദ്‌ ഇന്ത്യന്‍ സ്റ്റോര്‍ ഉണ്ടെന്ന വിവരം പറഞ്ഞത്..അവിടെ എല്ലാ ഇന്ത്യന്‍ രുചിഭേദങ്ങളും ലഭിക്കുമെന്ന അറിവോടെ ഒരു ഞായറാഴ്ച രാവിലെ മനിലയിലെക്ക്..അസ്സാദ്‌ ഇന്ത്യന്‍ ഷോപ്പില്‍.സാമ്പാര്‍ പൊടിയും,കടലയും,പരിപ്പുമെല്ലാം വാങ്ങി ഉച്ച ഭക്ഷണത്തിന് ഹോട്ടല്‍ തിരയുമ്പോള്‍ ഡ്രൈവര്‍ മൈക്കിള്‍ വണ്ടി നിര്‍ത്തി.മുന്നിലതാ കാണുന്നു.....കാശ്മീര്‍..യു.എന്‍. അവന്യുവിലെ ഒരു മൂലയില്‍  ഇന്ത്യന്‍ പരമ്പരാഗത ചുവര്‍ചിത്രങ്ങളും,ചായങ്ങളും,കൊത്തു പണികളുമായി ഒരു മിനി ഇന്ത്യ.നേര്‍ത്ത ഹിന്ദുസ്ഥാനി സംഗീതം നിറഞ്ഞ ശീതളമായ അന്തരീക്ഷത്തില്‍ ലയിച്ചിരിക്കുമ്പോള്‍ പകുതി "തഗലോഗും"(അവരുടെ സംസാര ഭാഷ) ഹിന്ദിയും ചേര്‍ന്ന്‍ കൈ കൂപ്പി കൊണ്ട് ഒരു ചെറുപ്പക്കാരന്‍  "നമസ്കാര്‍.." പിന്നെ മെനു കാര്‍ഡ്..

            മെനുകാര്‍ഡില്‍ പുട്ടും കടലയും മുതല്‍ പാനി പൂരി വരെ നീളുന്ന ഇന്ത്യന്‍ രുചി വകഭേദങ്ങള്‍..അതിനൊടുവില്‍ "കിംഗ്‌ ഫിഷര്‍ ബിയര്‍..
    വീണ്ടും ഒരു വട്ടം മെനുവില്‍ കണ്ണോടിച്ച് നോക്കിയപ്പോള്‍ മെനുവില്‍ നിന്നും ഒരു സൌത്ത് ഇന്ത്യന്‍ സാമ്പാറിന്റെ ഗന്ധം..ചെറിയ അക്ഷരത്തില്‍ അവിടെ തിളങ്ങി നില്കുന്നു..സാമ്പാര്‍..
             
            ..സൗത്ത്‌ ഇന്ത്യന്‍ സാമ്പാര്‍...ചൂടന്‍ ഭക്ഷണം ടേബിളില്‍ വന്നപ്പോള്‍ സന്തോഷത്താല്‍ കണ്ണ് നിറഞ്ഞു...കാരണം ആ സാമ്പാറിന് എന്റെ അമ്മ
    ഉണ്ടാക്കുന്ന സാമ്പാറിന്റെ അതെ രുചിയായിരുന്നു..നമ്മുടെ കേരളത്തില്‍ നിന്നും ഏറെ അകലെ മറ്റൊരു സംസ്ക്കാരവും, നമുക്ക് ഒരിക്കലും യോജിക്കാനാകാത്ത ഭക്ഷണ രീതിയും, അവിടെ നമ്മുടെ രുചിഭേദം വിളമ്പുന്ന ആ ഹോട്ടലില്‍ ജീവനക്കാരായി ഒരു ഇന്ത്യക്കാരന്‍ പോലും ഇല്ലെന്ന വാസ്തവം പിന്നെയാണ് ഞാന്‍ തിരിച്ചറിഞ്ഞത്..

               കുക്കിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ മുന്നില്‍ വന്ന കൊച്ചു മനുഷ്യന്‍ ഫിലിപ്പിനോ ആയിരുന്നു..ഇന്ത്യ കാണാത്ത ഒരു വിദേശ രാജ്യത്തും പോകാത്ത ആ മനുഷ്യന്‍റെ കൈമുതല്‍ ഇരുപത് വര്‍ഷമായി ആ ഹോട്ടലില്‍ ഇന്ത്യന്‍ രുചി വിതരിയതിന്റെ കഥകളായിരുന്നു....അയാള്‍ തന്നെ ആയിരുന്നു കശ്മീരില്‍ വിളമ്പുന്ന പാലട മുതല്‍ ഗാജര്‍ ഹലുവ വരെ നീളുന്ന നാനാത്വ രുചി സമുച്ചയത്തിന്റെ പിന്നില്‍..കഴിച്ച സാമ്പാറിന്റെ  രുചി മനസ്സിലേറ്റി ഞാന്‍ അയാളോട് പറഞ്ഞു......."മേരാ ഭാരത് മഹാന്‍..."

2015, ജൂൺ 21, ഞായറാഴ്‌ച

ഫേസ്ബുക്ക് ലൈവ്...


                                                              ഭാര്യ ക്ലോക്കില്‍ നോക്കി..സമയം ഏഴ് മണി..ഭര്‍ത്താവ് ഇനിയും വന്നിട്ടില്ല. അഞ്ച് മണിയ്ക്ക് ഓഫീസില്‍ നിന്നും ഇറങ്ങിയാല്‍ വെറും ഇരുപത് മിനുറ്റ് കൊണ്ട് വീട്ടിലെത്തും..ഇവിടേക്ക് സ്ഥലം മാറി വന്നതിനുശേഷം തുടങ്ങിയതാ..ഇടയ്ക്ക് വൈകി വരുന്ന ശീലം..പിന്നെ ഒന്നും പോരാത്തതിന് കഴിഞ്ഞ മാസം മുതല്‍ ഒരു ഫെസ്ബുക്ക് അക്കൌണ്ടും..വീട്ടില്‍ എത്തിയാലും, ബാത്ത് റൂമിലും, വെളുപ്പിന് ഉണര്‍ന്നാലും ഫേസ്ബുക്ക്...നരച്ച് തുടങ്ങിയെങ്കിലും ആളൊരു വിരുതനാ..കല്യാണത്തിന് മുന്പ് ചില പ്രേമങ്ങള്‍, ചുറ്റി കളികള്‍..എന്തായാലും താനും ഫേസ്ബുക്കില്‍ അംഗമായതോടെ ഒരു ബലമായി..നോക്കാമല്ലോ..ഭര്‍ത്താവ് എത്ര നേരം ലൈവ് ആണെന്ന്‍.."പച്ച ലൈറ്റ് തെളിഞ്ഞാല്‍ അതിനര്‍ത്ഥം ഫേസ്ബുക്ക് ഉപയോഗത്തിലാണ്,,സൂക്കര്ബെര്ഗ് ലോകത്തുള്ള എല്ലാ ഭാര്യമാര്‍ക്കും വേണ്ടി ഉണ്ടാക്കി വെച്ച സൂത്രം..ഭര്‍ത്താവിന്റെ സൂത്രങ്ങള്‍ ഫേസ്ബുക്ക് കണ്ണിലൂടെ നിരീക്ഷിക്കാന്‍..

                                                         ഭാര്യ വേഗം മൊബൈല്‍ എടുത്ത് ഫേസ്ബുക്ക് എടുത്തു..അതാ കത്തിനില്‍ക്കുന്നു ഭര്‍ത്താവിന്റെ പേരിനു നേരെ പച്ചവെളിച്ചം..അടുത്ത മുറിയില്‍ ഇരുന്ന്‍ പരീക്ഷയ്ക്ക് പഠിക്കുന്ന മകള്‍(മകളുടെ പഠനം ഫേസ്ബുക്ക് വഴി) അമ്മ ഫേസ്ബുക്കില്‍ ഓണ്‍ ലൈന്‍ വന്നതോടെ വേഗം സൈന്‍ ഔട്ട്‌ ചെയ്യ്ത് പുറത്ത് ചാടി..ഭാര്യ വേഗം വൈബറില്‍ നോക്കി..അവിടെയും ഭര്‍ത്താവ് ഓണ്‍ ലൈന്‍..ദേഷ്യവും സങ്കടവും ഒരുമിച്ച് വന്നു...ആരോടോ സോള്ളി ഇരിക്കുകയായിരിക്കും..ഇന്ന് വരട്ടെ..എല്ലാം തീര്‍ക്കും..ദേഷ്യം ആങ്ങളയോടും തോന്നി..അവന്‍ ഒരുവനാ അളിയന് ഗള്‍ഫില്‍ നിന്നും വന്നപ്പോള്‍ ആഡംബര ഫോണ്‍ സമ്മാനിച്ചത്..ഈയിടെ ഉറക്കത്തില്‍ ഒന്ന് രണ്ട്‌ വട്ടം ചിരിച്ചു..അതിനിടയില്‍ "എന്‍റെ ലീലേ..നിന്‍റെ ഒരു കാര്യം..ഒന്ന്‍ രണ്ട്‌ വട്ടം ഭര്ത്താവിന്റെ മൊബൈല്‍ ഫോണില്‍ ലീലയുടെ മെസ്സേജ് കണ്ടു.."ഗുഡ് മോണിംഗ്"..കൂടെ ജോലി ചെയ്യുന്നവള്‍ ആയിരിക്കും..ചോദിക്കാന്‍ നിന്നില്ല..കള്ളകളി തെളിവോടെ പിടിക്കണം..വീണ്ടും ഭര്ത്താവിന്റെ നേരെയുള്ള പച്ചവെളിച്ചം നോക്കി..ഫോണ്‍ വലിച്ചെറിയാന്‍ തോന്നി.."ഇന്ന് വരട്ടെ ...ഇന്നറിയണം..എല്ലാം"..

                                                        ഫേസ്ബുക്കില്‍ നിന്നും സൈന്‍ ഔട്ട്‌ ചെയ്യ്ത് അമ്മ പുറത്ത് വന്നതും മകളുടെ പേരിനു നേരെ പച്ച വെളിച്ചം തെളിഞ്ഞു..അമ്മ അടുക്കളയില്‍ എത്തി ആദ്യം ഫ്ലാസ്കില്‍ ഒഴിച്ച് വെച്ച ചായ എടുത്ത് പുറത്ത് കളഞ്ഞു.."ഇന്ന് അങ്ങേര്‍ വന്ന വഴി തന്നെ ചായ മോന്തണ്ട.."മനസ്സില്‍ അതും പറഞ്ഞ് സീരിയല്‍ കാണാന്‍ പോയിരുന്നു..ഇടയ്ക്ക് ഫേസ്ബുക്ക് ബുക്ക് നോക്കി ഭര്‍ത്താവ് ഓണ്‍ ലൈന്‍ ഉണ്ടോയെന്നു ഉറപ്പ് വരുത്തും..മകള്‍ അമ്മയെ ഫേസില്‍ ബുക്കില്‍ കാണുമ്പോള്‍ പുറത്ത് ചാടും, വീണ്ടും വരും..ഒരു തരം കള്ളനും പോലീസും കളി..സമയം പിന്നെയും പിന്നിട്ടു..കുറച്ച് കഴിഞ്ഞപ്പോള്‍ മൊബൈല്‍ ഫോണില്‍ ഒരു മെസ്സേജ്...

                          "സാര്‍ ഒരല്പം വൈകും..ലീല."
                                                         
                                                      അത് കണ്ടതോടെ ഭാര്യയുടെ പിടി വിട്ടു..തെളിഞ്ഞു കാണുന്ന പച്ച വെളിച്ചം, ലീലയുടെ മെസ്സേജ്..വന്ന നംബരിലെക്ക് തിരിച്ച് വിളിച്ചു..നാവില്‍ നല്ല ഒന്നാന്തരം തെറി വാക്കുകള്‍ ഒരുക്കി വെച്ച്..ഒന്നും, രണ്ടും മൂന്നും വിളികള്‍ക്ക് മറുപടി ഉണ്ടായില്ല..ഒടുവില്‍ അവസാനം ആരു ആണ് ശബ്ദം.. "ഹലോ.."ഒന്നും മിണ്ടാതെ നിന്നപ്പോള്‍ മറു ഭാഗത്ത് നിന്നും അയാള്‍..
                      "മാഡം...പേടിക്കാന്‍ ഒന്നുമില്ല..സാര്‍ ഓഫീസില്‍ നിന്നും ഇറങ്ങി ഒരു സാരി വാങ്ങിക്കാന്‍ പോയതാ..സാര്‍ കാലത്ത് പറഞ്ഞിരുന്നു..ഇന്ന് നിങ്ങള്‍ ജീവിതത്തില്‍ കണ്ടു മുട്ടിയതിന്റെ വാര്‍ഷികം ആണെന്ന്..ബാങ്ക് കവലയില്‍ വെച്ച് ഒരു റിക്ഷ..അധികം ഒന്നും സംഭവിച്ചില്ല..കാലിനു ചെറിയ നീര്..ഡോക്ടര്‍ ഇപ്പോള്‍ വരും..വന്നാല്‍ തിരിച്ച് പോരാം.."

                                                            ഭാര്യ ഒന്നും പറയാതെ നിന്ന്..ചുറ്റും പ്രകാശം നഷ്ടമായത് പോലെ..ഭൂമി പിളര്‍ന്നത് പോലെ..എല്ലാം ഇരുട്ടില്‍..കൂടുതല്‍ ഇരുട്ട് അവരുടെ മനസ്സിലേക്ക് പകര്‍ന്ന്‌ അയാള്‍ വീണ്ടും..

                     "ഞാന്‍ തന്നെ സാറിനെ വീട്ടില്‍ കൊണ്ട് വിടാം..പേടിക്കണ്ടാ..ഞാന്‍ സാറിന്റെ ഒപ്പം ജോലി ചെയ്യുന്ന ലീലയാണ്...സോറി ലീലാകൃഷ്ണന്‍.."

                                                         ഭാര്യ ഒന്നും പറയാതെ ഫോണ്‍ കട്ട് ചെയ്യ്തു..അപ്പോഴും ഫെസ് ബുക്കില്‍ ഭര്‍ത്താവിന്റെ പേരിനു നേരെ പച്ച വെളിച്ചം കത്തി നിന്നിരുന്നു..
                    
                  

                     














 

2015, ജൂൺ 18, വ്യാഴാഴ്‌ച

''നാലു ചുവരുകള്‍ക്കുള്ളില്‍''

                                              



                         
                                                       " രണ്ട്‌ കുട്ടികള്‍..അവര്‍ ഓടി അടുത്തേക്ക്....കയ്യെത്തും ദൂരത്ത്..പിടിക്കാന്‍ കിട്ടുന്നില്ല..കുസൃതികള്‍ തെന്നി മറയുന്നു..ഒരു ചുവപ്പ് നിറം അവിടെ പടര്‍ന്നു..അങ്ങിനെ ഒരു സ്വപ്നം കണ്ടാണ്‌ ഇന്ദു കിടക്കയില്‍ നിന്നും ചാടി ഉണര്‍ന്നത്..കണ്ട സ്വപ്നം സത്യമാകാതിരിക്കാന്‍ അവള്‍ ആഗ്രഹിച്ചെങ്കിലും..ഒരു വലിയ ദുഃഖം അവള്‍ക്ക് നല്കാന്‍ യാഥാര്‍ത്ഥ്യം കാത്ത് നില്‍ക്കുകയായിരുന്നു..എഴുന്നേറ്റ് അലമാരയില്‍ നിന്നും ദേഷ്യത്തോടെ അതിലേറെ ദുഖത്തോടെ "അത്" തിരയുമ്പോള്‍ ലൈറ്റ് തെളിഞ്ഞു..ഭര്‍ത്താവ്.അയാളുടെ മുഖത്ത് എല്ലാ മാസവും കാണാറുള്ള അതേ പരിഹാസം.."ഒടുവില്‍ അലമാരയില്‍ നിന്നും "അത്" കണ്ടെടുത്ത് ബാത്ത്‌റൂമിലേക്ക്  പോകുമ്പോള്‍  അയാളുടെ ശബ്ദം പുറകില്‍..
          
                  "അപ്പോള്‍ ആ പൈസയും പോയി കിട്ടി.."re proctive surgery"..മാങ്ങാ
തൊലി..പൊളി സിസ്ടിക് ഓവറി..എന്‍റെ സംശയം ഓവറി  തന്നെ ഉണ്ടോന്നാ..?"

                                                     ദേഷ്യം, അയാളോടുള്ള വെറുപ്പ് എല്ലാം തികട്ടി വന്നിട്ടും ഒന്നും പറയാതെ ബാത്ത് റൂമിലേക്ക്..വാഷ് റൂമില്‍ കയറി ഉറക്കെ കരഞ്ഞു.കാലം കുറേ ആയി ഈ അപമാനം സഹിക്കുന്നു. എല്ലാ മാസവും പിരീയ്ട്സ് ആകുമ്പോള്‍ കേട്ടു തുടങ്ങും കുത്ത് വാക്കുകള്‍..പതിനേഴ്‌ വര്‍ഷം ..അതിലെ ഓരോ മാസവും വേദനയുടെ ഒപ്പം അപമാനത്തിന്റെ ശാപ ദിനങ്ങള്‍..ദൈവം തന്ന ജീവിതം അവസാനിപ്പിക്കാന്‍ ആഗ്രഹമില്ല..അതിനാല്‍ എല്ലാം കേട്ട് സഹിച്ച് ജീവിക്കുന്നു..പല വട്ടം പ്രതികരിച്ചു..അത് നയിച്ചത് മര്‍ദ്ദനത്തിലേക്ക്..അയാള്‍ എന്നും പറയുന്ന   ചില വാചകങ്ങള്‍  അതായിരുന്നു മനസ്സിനെ ഏറെ വേദനിപ്പിച്ചത്..

                    "എരുമ തിന്ന് കൊഴുത്ത് മച്ചിയായി..എന്‍റെ കഴിവ് കേടല്ല..ഞാന്‍ കഴിവ് പല വട്ടം തെളിയിച്ചതാ..കല്യാണത്തിന് മുന്‍പ്.ആ കഥ അറിയാമല്ലോ?
വെറുതെ ഞാനൊന്ന്‍ ഉടുമുണ്ട് ഊരി കുടഞ്ഞാല്‍..അത് മതി ശരിയായ പെണ്ണിന് കുളി  തെറ്റാന്‍.."

                                                     കേട്ട് കേട്ട് സഹനം ഒരു പരിധിയ്ക്ക് അപ്പുറം കടന്നപ്പോള്‍  ഒരിക്കല്‍ തിരിച്ച് പറഞ്ഞു..പറയേണ്ടി വന്നു..

           "സ്വന്തം വീട്ടുകാരുടെ മുന്നില്‍ പെങ്ങന്മാരുടെ മുന്നില്‍  ഉടുമുണ്ട് ഊരി കുടഞ്ഞിട്ടുണ്ടോയെന്ന്??

                                                  മറുപടി കിട്ടിയത് തലയില്‍ ആറു സ്ടിച്ചുകള്‍...മനസ്സ് ഉന്മാദത്തിലേക്ക് വഴുതി വീഴുമെന്നു പല വട്ടം തോന്നി.അത്രക്കും ടോര്‍ച്ചര്‍ ചെയ്യുന്ന ചില ദിനങ്ങള്‍.ഒരിക്കലും പൊറുക്കാന്‍ കഴിയാത്ത വാക്കുകള്‍...
 അസഹനീയമായ അപമാനങ്ങള്‍. പ്രസവിക്കാന്‍ കഴിയാതെ പോയത് ഒരപരധമായി,ചതിയായി അയാളും, അയാളുടെ കൂടെയുള്ളവരും..ഒരു ജോലി ഉണ്ടായത് ഏക ആശ്വാസം. "വിശേഷം ചോദിക്കുന്നവരുടെ എണ്ണം പണ്ടത്തേക്കാള്‍ കുറവാണ്.''.ചോദിച്ച് മടുത്ത് കാണും. ഒരിക്കല്‍ നല്ല സ്നേഹത്തില്‍ അയാളോട്  ചോദിച്ച ചോദ്യം, അതിനു കിട്ടിയ ഉത്തരം വീണ്ടും ഓര്‍ക്കാന്‍ ഇഷ്ടപെടുന്നില്ല..

                  "നോക്കൂ..നമുക്കൊരു കുട്ടിയെ ദത്തെടുത്തു വളര്‍ത്തിയാലോ??ഞാന്‍ ബാലഭവനില്‍ പോയപ്പോള്‍ കണ്ടു..അതും കൊച്ചു കുഞ്ഞുങ്ങളെ.."

                 "കണ്ടവന്റെ മക്കളെ വളര്‍ത്തേണ്ട ഗതികേട് എനിക്കില്ല..നിന്റെ കഴിവ് കേട് ..അറിയാമല്ലോ എന്‍റെ കൌണ്ട് ആന്‍ഡ്‌ കാലിബര്‍ എന്താണെന്ന്‍..ദത്ത് വേണ്ടാ..നീയൊന്നു സമ്മതിച്ചാല്‍ മതി..വീണ്ടും ഒരു കല്യാണത്തിന്..പത്ത് മാസം കൊണ്ട് സംഗതി നടത്തി ഞാന്‍ കാണിച്ച് തരാം..എന്തായാലും എന്‍റെ  കൊഴപ്പമല്ല.....

                                                         മുഴുവന്‍ കേള്‍ക്കാന്‍ നിലക്കാതെ കാതുകള്‍ പൊത്തി.ദേഷ്യം വന്ന്‍ പുറത്തേക്ക് പോകുമ്പോള്‍ പിന്നില്‍ നിന്നും കേട്ടു വീണ്ടും വിഷം പുരണ്ട വാക്കുകള്‍..

                 " ഇനിയൊരു ഓവറി ട്രാന്‍സ്പ്ലാന്റ് പ്ലാന്‍ ചെയ്യുന്നോ...അതും കാണും നിന്റെ കൊടുങ്ങല്ലൂര്‍ കുട്ടികള്‍ നിര്‍മ്മിച്ച് കൊടുക്കും കേന്ദ്രത്തില്‍..ഇല്ലാത്ത സാധനം വെച്ച് പിടിപ്പിക്കാന്‍ പോലീസ് ഏമാത്തി ശ്രമിച്ച് നോക്ക്...മച്ചി പന്നി"

                                                        ബാത്ത് റൂമില്‍ നിന്നും പുറത്ത് വന്ന് യൂണിഫോം ധരിക്കുമ്പോള്‍ അയാള്‍ യോഗാസനം ചെയ്യുന്നു..കണ്ണുമടച്ച് മുനിയെ പോലെ ഇരിക്കുന്നു..സര്‍വീസ്സ്  റിവോള്‍വര്‍ കൊണ്ട് ആ തല തകര്‍ക്കാന്‍ തോന്നി.സ്ത്രീ വെറുമൊരു ഉപകരണം മാത്രമായി കാണുന്ന അതി സമര്‍ത്ഥനായ, തിരക്കുള്ള എഞ്ചിനിയര്‍.പ്രസവിച്ച ഉദരത്തോട് പോലും നീതി കാട്ടാതെ സമൂഹത്തിന് മുന്നില്‍ "ലയന്‍സ് ക്ലബ് ചെയര്‍മാനായി" അഭിനയിക്കുന്ന  വെറുമൊരു പകല്‍ മാന്യന്‍.കണ്ണുകള്‍ അടച്ചിട്ടും അയാളുടെ വായ നിശബ്ദമായില്ല..ഇന്ദുവിന്റെ മനസ്സിനെ വീണ്ടും മുറിവുകള്‍ നല്കി  ചില വാക്കുകള്‍..

                "ഒരു മ്യൂച്ചല്‍ പെറ്റീഷന്‍ കൊടുക്കാന്‍ പോലീസ് എരുമ വേഗം  തയ്യാറായിക്കോ...കുടംബകോടതിയില്‍....എന്‍റെ തലമുറ അന്യം നിന്ന് പോകുന്നത് നിന്റെ കഴിവ് കേട് കൊണ്ടാകരുത്.."

                                                       ഒന്നും പറയാതെ വാതില്‍ വലിച്ച് അടച്ച് പുറത്തേക്ക്...ചിന്തിക്കുമ്പോള്‍ ഇയാളുടെ കൂടെ ഇനിയും ജീവിക്കുന്നത് ജീവിതത്തോട് ചെയ്യുന്ന കടുത്ത അനീതി...അത്രയ്ക്കും മടുത്തു.. പുറത്ത് ജീപ്പുമായി  ഡ്രൈവര്‍ മുറ്റത്ത്..കണ്ട വഴി സലൂട്ട്..ജീപ്പില്‍ മുന്‍ സീറ്റില്‍ കയറി ഇരിക്കുമ്പോള്‍ ഇന്ദുവിന് തോന്നി..വീടിനുള്ളില്‍ കിട്ടാത്ത ബഹുമാനം തനിക്ക് ലഭിക്കുന്നത് ജോലിയില്‍ നിന്നാണ്..വനിത ജയിലിന്‍റെ മേധാവി.ജോലി സമയം മാത്രമാണ് ജീവിതത്തില്‍ സുഖം നല്‍കുന്നത്..പല സ്വഭാവക്കാര്‍, പിടിച്ച് പറിക്കാര്‍, കള്ളികള്‍, കൊലപാതകികള്‍, തട്ടിപ്പ് നടത്തിയവര്‍, വ്യഭി ചാരികള്‍..അങ്ങിനെ എത്രെയത്രെ സ്തീ ജന്മങ്ങള്‍. തന്റെ ഒരു നോട്ടത്തില്‍ തല താഴ്ത്തുന്ന കൊടും കുറ്റവാളികള്‍..കാടു കയറിയ ചിന്തയില്‍ നിന്നും വിളിച്ചുണര്‍ത്തിയത് ഡ്രൈവറുടെ വാക്കുകള്‍ ആയിരുന്നു..
          
                 മാഡം..ആ  കൊച്ചിങ്ങളെ കൊന്ന ടെക്നോപാര്‍ക്ക് ജോലിക്കാരി പെണ്ണിനെ റിലീസ് ചെയ്യാന്‍ ഓര്‍ഡര്‍  വന്നൂന്ന് കേട്ട്..?"

                                                 അത് വരെ ചിന്തിച്ചത് എല്ലാം കാറ്റില്‍ പറത്തി കൊണ്ടാണ് ആ വാക്കുകള്‍ കേട്ടത്..നിയമത്തോട് മുഴുവന്‍ ഒരു നിമിഷം കൊണ്ട് വെറുപ്പും, വിദ്വേഷവും മനസ്സില്‍ ജനിച്ചു..ഒരു ക്രൂരയായ സ്ത്രീയെ വെറുതെ വിടുന്ന വികലമായ നിയമം..തെളിവുകള്‍ അതാണ് പ്രധാനം..ചില സമയം നിയമം നല്‍കുന്ന പരിഗണന ...വെറുതെ കൈയും വീശി കുറ്റവാളിക്ക് പുറത്തേക്ക് പോകാനുള്ള വിധി ന്യായങ്ങള്‍..

             മന പൂര്‍വമല്ലാത്ത നരഹത്യ... സാഹചര്യ തെളിവുകള്‍ , അതിന്റെ സ്വാധീനം..അവള്‍ മിടുക്കി..കാമുകന്റെ കൂടെ പോകാന്‍ രണ്ട്‌ മക്കളെ ഒഴിവാക്കാന്‍ കണ്ട മാര്‍ഗ്ഗം..??സ്വന്തം കാറിന്റെ പിന്നില്‍ അതി രാവിലെ കാര്‍  തുടക്കാനെന്ന വ്യാജേന ആ കുഞ്ഞുങ്ങളെ കൊണ്ട് നിര്‍ത്തി കാറില്‍ കയറി റിവേര്‍സ് എടുത്ത്..കാറിനിടയിലും, ചുവരിലും പെട്ട് കുറേ മാംസം മാത്രം..എന്നിട്ട് ഒരു കൂസലുമില്ലാതെ കൈ അബദ്ധം...ഇന്നലെ കോടതിയില്‍ അവളുടെ കാമുകനും വന്നിരുന്നു..വിധി വന്നപ്പോള്‍ എന്തായിരുന്നു ആ രാക്ഷസിയുടെ മുഖത്തെ  ഭാവം....ദുഷ്ടത്തി...കാമം...ഒരു ശരീരത്തില്‍ നിന്നും കിട്ടിയത് മതിയാകാതെ ....എന്തിനു ആ കുരുന്നുകളെ ബലി കൊടുത്തു??കുട്ടികള്‍  ഇല്ലാത്തവര്‍ക്ക് കൊടുക്കാമായിരുന്നു..?

                                                അയാള്‍ വീണ്ടും എന്തോ പറഞ്ഞു..മനസ്സ് എവിടെയോ ആയിരുന്നു..രണ്ട്‌ കുട്ടികള്‍..അവര്‍ ഓടി അടുത്തേക്ക്....കയ്യെത്തും ദൂരത്ത്..പിടിക്കാന്‍ കിട്ടുന്നില്ല..കുസൃതികള്‍ തെന്നി മറയുന്നു..ഒരു ചുവപ്പ് നിറം അവിടെ മൊത്തം വ്യാപിച്ചു..ആ ചുവപ്പില്‍ കുട്ടികള്‍ മറഞ്ഞു..
ജയില്‍ കവാടത്തില്‍ എത്തിയപ്പോള്‍ വനിത ജയിലിലെ ഡ്യൂട്ടി ലേഡി ഡോക്ടര്‍..അവര്‍ അടുത്ത് വന്ന്പല്ലിറുക്കി പറഞ്ഞു..

          ''ഇന്ദു സാറേ ആ നശിച്ചവള്‍ എന്നോട് ചോദിക്കുന്നു..മൂന്നാമത് ഒരു പ്ര്ഗ്നന്‍സി ഉടനെ ആകുന്നതില്‍ കുഴപ്പം ഉണ്ടോന്ന്..രണ്ട്‌ കുട്ടികളെ കൊന്നിട്ടും അവള്‍ക്ക് മാറിയിട്ടില്ല..ഇന്ന് പുറത്തിറങ്ങാന്‍ കാത്തിരിക്കുകയാ..കാമുകന്‍ തെണ്ടിയും..ഇവളെയൊക്കെ വെടി വെച്ച് കൊല്ലണം..രണ്ട്‌ ജീവനുകള്‍ ഇല്ലാതക്കീട്ടു മൂന്നാമത്തെ ഉണ്ടാക്കാനുള്ള വ്യഗ്രത...." A real bitch with cruel mind"

                                                ഇന്ദു മൂളിയതല്ലാതെ മറ്റൊന്നും പറഞ്ഞില്ല..മുറിയില്‍ കയറി ഇരുന്നു..ചിന്തകള്‍ പിടി വിടുന്നു..ഉന്മാദ ചായ നിറയുന്നു...പല്ലുകള്‍ മുളച്ച് രാക്ഷസനെ പോലെ ഭര്‍ത്താവ്, രാക്ഷസിയെ പോലെ കുട്ടികളെ കൊന്ന അവള്‍...അവര്‍ ചിരിക്കുന്നു...പൊട്ടി ചിരിക്കുന്നു...അവര്‍ക്കിടയില്‍ കുട്ടികള്‍...പിറന്നവരും,പിറക്കാന്‍ ഇരിക്കുന്നവരും....വനിത വാര്‍ഡന്‍ വന്ന്മുന്നില്‍ വന്ന് സലൂട്ട്‌ ചൈയ്തപ്പോള്‍ ചിന്തയില്‍ അലഞ്ഞ ഭ്രാന്തമായ്  മനസ്സിനെ തിരികെ കൊണ്ട് വന്നു..

           "മാഡം..ആ 13-ലെ പെണ്ണ്..കാര്‍ ഇടിച്ച കേസിലെ പെണ്ണ് പോകാന്‍ തിരക്ക് കൂട്ടുന്നു..അണിഞ്ഞൊരുങ്ങികാത്തിരിപ്പ്കാലത്ത്  മൊതല് തൊടങ്ങീതാ...."

             "പറഞ്ഞയക്കാം..പറഞ്ഞയക്കണം..ഞാന്‍ പോയി ഒന്ന്‍ കണ്ടിട്ട് വരാം..നിങ്ങള്‍ ആരും വരണ്ടാ..

                                                ഒരു ഉറച്ച തീരുമാനം ഇന്ദു വിന്‍റെ ഭ്രാന്ത് പടര്‍ന്ന മുഖത്ത്..സെല്ലിനുള്ളില്‍ കയറുമ്പോള്‍ അവള്‍ ഒരുങ്ങിയിരിക്കുന്നു..നിയമത്തെ മറി കടന്ന സന്തോഷം മുഖത്ത്..ഒപ്പം എല്ലാം പ്ലാന്‍ ചെയ്ത പോലെ, എല്ലാം ഭംഗി  ആയി തീര്‍ന്നതിന്റെ വിശ്വാസവും, സന്തോഷവും...ഇന്ദുവിനെ കണ്ടതും അവളുടെ മുഖത്ത് പുച്ഛരസം..
                    
               "ഓ..നീ രക്ഷപെട്ടു അല്ലെ??സത്യത്തില്‍ നിനയ്ക്ക് ഒരി തരി വിഷമം പോലുമില്ലേ..മാലാഖമാരെ പോലെ രണ്ട്‌ ഓമന പിഞ്ചു മക്കളെ ഇല്ലാതാക്കീട്ടു..നഷ്ടപ്പെടുതീട്ടു..ചതരച്ചില്ലേ...കുട്ടികളില്ലാത്ത ആര്‍ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ??ഇന്ന് നീ പുറത്ത് പോയാല്‍ എല്ലാം പ്ലാന്‍ ചെയ്ത പോലെ കാമുകനുമായി സാധിക്കും അല്ലെ? പിന്നെ സുഖ ജീവിതം..വല്ലപ്പോഴും കിട്ടുന്ന സുഖം...പച്ചയായ കാമം അതിന്റെ സുഖം.....വീണ്ടും കുട്ടികള്‍..കുറേ കഴിയുമ്പോള്‍ കാമുകന്റെ സ്ഥാനത്ത് മറ്റാരെങ്കിലും...അപ്പോള്‍ കുട്ടികള്‍  വീണ്ടും ഭാരം..വീണ്ടും കാര്‍ റിവേഴ്സ്..മനപ്പൂര്‍വം അല്ലാത്ത നരഹത്യ..നിയമത്തിന്‍റെ അദൃശ്യമായ ആനുകൂല്യം..പിന്നെയും സുഖങ്ങള്‍..

                                                ഇന്ദു മാറുകയായിരുന്നു. ഒരു കാളി ബിംബത്തിന്റെ വേഷ പകര്‍ച്ച..അവള്‍ക്ക് മുന്നില്‍ ചോരയുടെ നിറം...ഭര്‍ത്താവിന്‍റെ വിഷം നിറച്ച വാക്കുകള്‍..ചുവരില്‍ പറ്റി പിടിച്ച മംസ കഷ്ണങ്ങള്‍..കരയുന്ന പിഞ്ചു കുഞ്ഞ്..ഇന്ദുവിന്റെ നോട്ടം തീ ജ്വാല പോലെ..മനസ്സ് പിടി വിട്ട് എവിടെയോ ...എവിടെയോ.....ഉന്മാദം...ക്രോധം...പക....അത് കണ്ട് ആ സ്ത്രീ ഭയന്നു..അവര്‍ പേടിയോടെ പറഞ്ഞു.. "എനിക്ക് പോണം". ഇന്ദു ചിരിച്ചു.ക്രൂരമായ  ഒരു ചിരി..അരക്ഷിതമായ ജീവിതം...അതില്‍ നിന്നും മോചനം...

               "പോണം ...പോകണം...ആത്മാവ് മാത്രം പുറത്ത് പോട്ടെ..നശിച്ച ശരീരം പോകാന്‍ ഞാന്‍ അനുവദിക്കില്ല..നിയമം ഏതോ ഒരു വക്കീലിന്‍റെ വാക്കുകള്‍ കേട്ട് നിന്നെ നിരപരാധിയാക്കി.അത് വലിയ അപരാദം..നീ പോകണം, പോയെ തീരു...കാമം തേടി ആത്മാവ് മാത്രം അലയട്ടെ..നീ  അവന് കരുതി വെച്ച ദേഹം മണ്ണില്‍ ചേര്‍ന്ന്‍ പുഴുവരിക്കട്ടെ...

                                               പോക്കറ്റില്‍ നിന്നും സര്‍വീസ് റിവോള്‍വര്‍ എടുത്ത് കണ്ണുകള്‍ അടച്ച് പിടിച്ച്..ചോരയും, തലച്ചോറും ചുമരില്‍ പതിച്ച് ഒരു ഭീകര ചിത്രം തീര്‍ത്തു..ഇന്ദു ആരോടെന്നില്ലാതെ ഉന്മാദം കലര്‍ന്ന ചിരിയോടെ സ്വയം പറഞ്ഞു...
          
               "ഇനിയെനിക്ക് ഈ നാലു ചുവരുകള്‍ ധാരാളം..അയാളുടെ വീടിന്റെ ചുമരിനേക്കാള്‍ സുഖവും, സംതൃപ്തിയും ഇവിടെ ലഭ്യം.."

                                            ഇന്ദു ചിരിച്ചു.....സന്തോഷം കൊണ്ട് ഒരു പൊട്ടി ചിരി...മനസ്സ് പിടി വിട്ടു പോയ ഒരു ഉന്മാദ ചിരി...അത് നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നും ഒരു വേദനയായ്..വിലാപമായ്...പുറത്തേക്ക്...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...












            ‍

2015, ജൂൺ 17, ബുധനാഴ്‌ച

അയാള്‍ ആരായിരുന്നു?




    അയാള്‍ ആരായിരുന്നു??? ഇന്നും അറിയില്ല..                                              അയാള്‍ ആരായിരുന്നുവെന്ന്??
    അയാളുടെ പേരൊ, നാടോ, മതമോ,  ഇതൊന്നും എനിക്കറിയില്ല...
    ഒന്ന് മാത്രം അറിയാം....മരിച്ചു കൊണ്ടിരുന്ന ആ മനുഷ്യനെ രക്ഷിച്ചവരില്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നവരില്‍  ഒരാള്‍  ഞാനാണ്...

    വിദേശത്ത്‌ നിന്നും വന്നാല്‍ ആദ്യം പ്ലാന്‍ ചെയ്യുക മൂകാംബികാ യാത്രയാണ്..

    എല്ലാ തവണയും ആരെങ്കിലും കുട്ടിനുണ്ടാകും..കൂട്ടുക്കാര്‍....ആ വര്‍ഷം ഞാന്‍ തനിച്ച് ബസ്സിലായിരുന്നു യാത്ര..എട്ടു വര്ഷം മുമ്പ്...

    കണ്ണുരില്‍ ഡിപ്പോയില്‍ നിന്നും സര്‍ക്കാര്‍ വണ്ടിയില്‍ രാത്രിയില്‍ യാത്ര തിരിച്ച വണ്ടിയില്‍, യാത്രക്കാര്‍ വളരെ കുറവായിരുന്നു..ഒരു തണുത്ത മഴ പൈയ്തൊഴിഞ്ഞ സന്ധ്യയുടെ കുളിരും പേറിയുള്ള യാത്ര..

    പരസ്പരം അറിയാത്തവര്‍, പല ദേശക്കാര്‍....മൗനം നിറഞ്ഞ ബസ്സിനുള്ളില്‍ ബസ്സിന്‍റെ മൂളല്‍ മാത്രം ..പിന്നെ ഇടയില്‍ മുഴങ്ങുന്ന ഹോണ്‍ ശബ്ദവും...

    പള്ളിക്കുന്നു കഴിഞ്ഞത് മുതല്‍ എന്റെ മുന്നിലെ സീറ്റിലെ യാത്രക്കാരന്‍ അസ്വഭാവികമായി ചില അസ്വസ്ഥകള്‍ കാണിക്കാന്‍ തുടങ്ങി...ഒറ്റയ്ക്ക് സീറ്റില്‍ ഇരിക്കുന്ന അയാളുടെ അസ്വഭാവിക ചലനം ശ്രദ്ധിച്ച് മുന്‍വിധിയോടെ പിന്നില്‍ നിന്നും ആരോ കമന്റടിച്ചു...

    "കള്ളും കുടിച്ച് പൂസായിട്ട്...ഓരോരുത്തന്മാര്‍ വരും..."

    കുറച്ച് കഴിഞ്ഞപ്പോള്‍ അയാളുടെ ചലനങ്ങള്‍ വേദന നിറയുന്നത് പോലെ എനിക്ക് തോന്നി..ജീവന് വേണ്ടിയുള്ള പോരാട്ടം പോലെ...

    അയാള്‍ വിറക്കുന്ന കാഴ്ച കണ്ടു ഞാന്‍ ചാടിയെഴുന്നേറ്റു...
    അടുത്തെത്തിയപ്പോഴേക്കും അയാള്‍ വാടി തളര്‍ന്നിരുന്നു....

    വിയര്‍ക്കുന്ന  കൈകളില്‍ മരണത്തിന്റെ തണുപ്പ് പടരാന്‍ തുടങ്ങിയിക്കുന്നു..ജീവന്‍ പിടിച്ചു നിര്‍ത്താനുള്ള അവസാന ശ്രമങ്ങള്‍..

    എന്റെ പുറകില്‍ നിന്നും  അയാളുടെ അടുത്തേക്ക് വന്ന  കുടെ വന്ന ചെറുപ്പക്കാരന്‍ ഉറക്കെ വിളിച്ചു പറഞ്ഞു...

    "അറ്റാക്കാണ്"

    ഞങ്ങള്‍ അയാളുടെ കൈക്കാലുകള്‍ തിരുമ്മാന്‍ തുടങ്ങി..

    പരിയാരം മെഡിക്കല്‍ കോളേജിന്റെ സമിപത്ത് എവിടെയോ ആയിരുന്നു  ബസ്സ്...

    ഡ്രൈവര്‍ ഒന്നുമാലോചിക്കാതെ മെഡിക്കല്‍ കോളെജിലേക്ക് തിരിച്ചു..
    അത്യാഹിത വാര്‍ഡിന്റെ മുന്നില്‍ അയാളെയും പൊക്കിയെടുത്ത് ചാടിയിറങ്ങി..

    അപ്പോഴും..അയാള്‍ ജിവന് വേണ്ടി പോരാടുന്നുണ്ടായിരുന്നു....
    അയാളുടെ കണ്ണുകള്‍ എല്ലാവരേയും നോക്കിയത് പോലെ ..ആപത്തില്‍ സഹായിച്ചതിന് നന്ദി നല്‍കിയത് പോലെ..

    ഞങ്ങള്‍ ബസ്സ് യാത്രക്കാര്‍ മാത്രമാണെന്ന് മനസ്സിലായപ്പോള്‍ ഡോക്ടര്‍ യാത്ര തുടരാന്‍ അനുവദിച്ചു...

    അതിനിടയില്‍ ഒരു നേഴ്സ് അയാളുടെ മൊബൈലുമായി എന്റെ അടുത്തെത്തി..ആ മൊബൈലില്‍ കണ്ട ആദ്യ നമ്പരിലേക്ക് ഞാന്‍ വിളിച്ചു..
    ഫോണെടുത്ത വ്യക്തിയോട് കാര്യം പറഞ്ഞു...

    ഞാന്‍ വിളിച്ചത് കോഴിക്കോടോ,കണ്ണുരോ ഉള്ള പത്രപ്രവര്‍ത്തകനെ ആയിരുന്നു..

    ഒന്ന് മാത്രം മനസ്സിലായി...അപകടത്തില്‍ പെട്ടയാള്‍..ഏതോ പത്രത്തില്‍ ജോലിക്കാരനാണെന്ന്  ആണെന്ന് മാത്രം...അതും സംശയം..എങ്കിലും രൂപവും, ഭാവവും വെച്ച് ഫോണ്‍ എടുത്ത വ്യക്തി അയാളെ തിരിച്ചറിഞ്ഞു...അന്ന്‍ പേര് ആ വ്യക്തി പറഞ്ഞെങ്കിലും ഓര്‍മ്മയില്‍ തങ്ങിയില്ല..

    തിരിച്ച് യാത്ര തുടരുമ്പോള്‍ ആരോ പറയുന്നുണ്ടായിരുന്നു..

    "അയാള് ആയുസ്സിന് ബലോള്ള ഒരുത്തനാ..അല്ലെങ്കില്‍ ആരും തിരിച്ചറിയാതെ ഈ ബസ്സിലിരുന്ന് മരിച്ചേനെ...
    .
    മുകാംബിക ദേവിയെ കണ്ടു പിറ്റേന്ന് തിരിച്ച് പോരുമ്പോള്‍ രാത്രിയേറെ വൈകിയിട്ടും ഞാന്‍ അന്നത്തെ കണ്ണൂര്‍ എഡിഷന്‍ പത്രം ഒരു കടയില്‍ നിന്നും വാങ്ങി..

    ചരമകോളത്തില്‍ നോക്കി...ആ മുഖമില്ല...

    സന്തോഷത്തോടെ യാത്ര തുടര്‍ന്ന്‍..ഒപ്പം അഭിമാനത്തോടെ...ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്‍റെ സുഖം...അത് അന്ന് അനുഭവിച്ചറിഞ്ഞു.. ഒപ്പം ദേവി സന്നിധിയില്‍ നിന്നും കിട്ടിയതിനേക്കാള്‍ പതിമടങ്ങ്‌ ഊര്‍ജ്ജവും, മാനസിക സന്തോഷവും കൈ വന്ന ദിവസം../

    പലപ്പോഴും തോന്നിയിട്ടുണ്ട്..ഒരു അപകടത്തില്‍ പെടുന്നവര്‍ക്ക് നേരെ മൊബൈല്‍ ക്യാമറ കണ്ണുകള്‍ കൊണ്ട് മാത്രം പ്രതികരിക്കുന്ന നമ്മുടെ സമൂഹത്തിന്‍റെ അവസ്ഥയെ പറ്റി...അപകട ഘട്ടത്തില്‍  ആദ്യം വേണ്ടത് സഹജീവികളുടെ സഹായമാണ്..,മറക്കരുത്..

    നാളെ നിങ്ങള്‍ക്കും ഇതേ അവസ്ഥ വരാം...

    അയാള്‍ ആരാണെന്നു ഇപ്പോഴുമറിയില്ല...
    പിന്നീട് അന്വേക്ഷിക്കാന്‍ മുതിര്‍ന്നില്ല...എന്നാലും വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ അന്നത്തെ ദിവസത്തിലേക്ക് വെറുതെ തിരിഞ്ഞ് നോക്കുമ്പോള്‍ 
    ഒരു കൗതുകം...

    അദ്ദേഹം ആരായിരുന്നു??
     ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകും.....
    ഏതെങ്കിലും പത്രത്തില്‍ ജോലി ചെയ്യുന്നുണ്ടാകാം..

    അത് പോലെ അന്ന്‍ ബസ്സോടിച്ച കണ്ണൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍, അതിലെ യാത്രക്കാര്‍, അതിലെ നല്ലവരായ യാത്രക്കാര്‍, പരിയാരത്തെ അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍...നെഴ്സുന്മാര്‍...അവരും ഓര്‍ക്കുന്നുണ്ടാകുമോ ആ ഒരു സംഭവത്തെ കുറിച്ച്....

    അത് പോലെ കണ്ണൂരോ, കോഴിക്കോടോ താമസിച്ചിരുന്ന അദ്ദേഹവും..
    ചിലപ്പോള്‍ എങ്കിലും അന്നത്തെ ദിവസം ഓര്‍ക്കുണ്ടാകാം.....
    ജിവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്ന ബസ്സിനെയും,യാത്രക്കാരെയും..

    ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.....
    dilharish@yahoo.com 
    http://harishkdlr.blogspot.com/
    0062-8116913769

    NB:- ഇത് വായിക്കുന്നവരില്‍ ആ പത്രക്കാരന്‍ ഉണ്ടെങ്കില്‍, ഒന്ന്‍ കണ്ടെങ്കില്‍, ആശിച്ച് പോകുന്നു..ഇപ്പോള്‍ ഒരു വട്ടം കൂടി ആ സഹജീവിയെ കാണാന്‍ ഒരു മോഹം.....