2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

സത്യനും, ചില സത്യങ്ങളും....

                                             

                                                 
                                                     അയാള്‍ ആ വെളുത്ത നിറം പൂശിയ കെട്ടിടത്തെ ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കി..ഇനിയൊരിക്കലും ഇങ്ങോട്ട് ...വരേണ്ടി വരില്ല..? ദൈവ വിധി അത് തന്നെയാണെങ്കില്‍ വേണ്ടി വരില്ല..അയാളുടെ മനസ്സ് പിറുപിറുത്തു.

                 "'ഇവിടെക്ക്  വരുന്നവര്‍ പിന്നെയൊരിക്കലും തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ല..ഇവിടെ നിന്ന്‍ പോകുന്നവരില്‍ പലരും  തിരിച്ച് വരുന്നുമില്ല."".

                                                   ആ കെട്ടിടത്തിന്റെ കൂറ്റന്‍ ഗേറ്റ് കടന്ന്‍ കടന്ന്‍ വരുന്ന ഭൂരിഭാഗം പേരുടെയും മുഖത്ത് ആഴമേറിയ ദുഃഖം നിഴലിക്കുന്നു..അവിടെ നിന്ന് പോകുന്നവരുടെ മുഖത്തും അതേ ഭാവം..പ്രതീക്ഷയറ്റ കണ്ണുകള്‍, കണ്ണ് നീര്‍ ചാലുകള്‍ ഉണങ്ങിയ കവിള്‍ തടങ്ങള്‍.. .കെട്ടിടത്തിന്റെ മുന്നിലെ പൂന്തോപ്പിലും,വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ക്കും , വളര്‍ന്ന്‍ നില്‍ക്കുന്ന കൂറ്റന്‍ മരത്തിനും,ചില്ലകളില്‍ കൂട് കൂട്ടിയ കിളികള്‍ക്കും ഒരേ ഭാവം..ശോകമെന്ന ഒരേ ഭാവം..അവിടെ ചിരിക്കുന്ന മുഖങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല.ആര്‍ക്കും സന്തോഷമില്ല..കൈ പിടിയില്‍ നിന്നും അകന്ന്‍ പോകുന്ന ജീവിതമോര്‍ത്തുള്ള വ്യഥ മാത്രം...

                  ''റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍, തിരുവനന്തപുരം".

                                                  നിറഞ്ഞ ചിരിയോടെ ബസ്സ്‌ സ്റ്റോപ്പില്‍ അയാള്‍ വന്നു നിന്നു..ആ ഗേറ്റ് കടന്ന്‍ വന്ന ശോകഭാവങ്ങളില്‍ അയാളുടെ മുഖം മാത്രം വേറിട്ട ചിരിയുമായി .. കാണുന്ന ശോകം നിറഞ്ഞ മുഖങ്ങളില്‍ എല്ലാം അയാള്‍ തന്‍റെ ചിരി പകര്‍ന്നു..കത്തിയെരിയുന്ന പകല്‍..വഴിവക്കില്‍ ആര്‍.സി.സി.യിലേക്ക്‌ പോകുന്നവരിലെ ദാഹത്തില്‍ മിഴി നട്ട് കരിക്ക്‌ കച്ചവടക്കാരന്‍...പലപ്പോഴും അവിടെ നിന്ന്‍ തിരികെ വരുന്നവരില്‍ പലര്‍ക്കും ദാഹം എന്നേക്കുമായി നഷ്ടമായിരുന്നു..മോഹം നഷ്ടമായാല്‍ പിന്നെ ദാഹിച്ചിട്ടെന്ത് കാര്യം??അയാള്‍ അങ്ങോട്ട്‌ ചെന്നു.. ദാഹമല്ല..മോഹം..ഒരു കരിക്ക്‌ കുടിക്കാന്‍..പ്രതീക്ഷയോടെ കരിക്ക്‌ കച്ചവടക്കാരന്‍ അയാളെ നോക്കി, അയാള്‍ ഒരു ചിരിയും, മടിയില്‍ നിന്ന്‍ കുറച്ച് ചില്ലറയും അയാള്‍ക്ക് നല്കി,,അതിനു പകരം ശോകഭാവം നിറഞ്ഞ മുഖവുമായ്‌ കരിക്ക്‌ കച്ചവടക്കാരന്‍ കരിക്ക്‌ വെട്ടി അതില്‍ ഒരു സ്ട്രോ തിരുകി അയാള്‍ക്കും.....ഒരു കവിള്‍ കുടിച്ച് അയാള്‍ തൊപ്പിയൂരി തല തുടച്ചു...വെയിലേറ്റ് വെട്ടി തിളങ്ങുന്ന മുടിയില്ലാത്ത തല...കീമോതെറാപ്പിയില്‍ ക്ഷീണിതമായ ശരീരം...കരിവാളിച്ച മുഖം...പക്ഷെ അതിനെയെല്ലാം തോല്പിക്കുന്ന അയാളുടെ ചിരി...സന്തോഷം..

         "അണ്ണാ..കീമോ കഴിഞ്ഞോ..ഡാക്ടര്  എന്തരാണ് പറഞ്ഞത്..??"

           "ഏയ്‌..ഇനി ദൈവം തമ്പുരാന്റെ കീമോ...ഹാ..വിളിക്കുമ്പോ അങ്ങ് പോകാം...എന്തായാലും ഒന്നും കയ്യീ  കരുതണ്ടാ...ഇട്ട  വേഷത്തീ തന്നെ പുള്ളിക്കാരന്‍ വിളിക്കണ സമയത്ത്‌ ഒരു മടീം കൂടാതെ..ഇത്തിരി നേര്‍ത്തെ ആയോന്നാ ഒരു ഡൌട്ട്.."

                                                     അത് പറഞ്ഞ് അയാള്‍ ചിരിച്ചു...വേദന നിറയുന്ന ചിരി പോലെ..കാണുന്നവരില്‍ നിന്നും മറച്ച് വെക്കാന്‍ ശ്രമിക്കുന്ന ഒരു വേദന എവിടെയോ ഒളിപ്പിച്ച് അയാള്‍..കരിക്ക്  കച്ചവടക്കാരന്‍ വിഷമത്തോടെ  അയാളെ നോക്കി..അയാള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ വെള്ളം കുടിച്ച് കരിക്ക്‌ വെട്ടി വാങ്ങി അതിലെ കഴമ്പും കഴിച്ച് തൊണ്ട് കച്ചവടക്കാരന്‍ വെച്ചിരിക്കുന്ന കുട്ടയില്‍ ഇട്ട് തോര്‍ത്ത്‌ കൊണ്ട് മുഖം തുടച്ച് വീണ്ടും മുഖത്ത്‌ ഒരു ചിരി വരുത്തി ഓജസ്സോടെ...

        "അപ്പോ ശരി ചങ്ങായി...യോഗമുണ്ടെങ്കില്‍ ഇനീം കാണാം...ദൈവം വിചാരിച്ച കാര്യാ,,നമ്മളായിട്ട് മാറ്റാന്‍ പറ്റോ??"

                                                    അയാള്‍ നടന്ന്‍ ബസ്സില്‍ കയറുമ്പോഴും, ആ ബസ്സ്‌ മുന്നോട്ട് നീങ്ങുമ്പോഴും കരിക്ക്‌ കച്ചവടക്കാരന്‍ നോക്കി നിന്നു..കണ്ണില്‍ ഉരുണ്ട് കൂടിയ കണ്ണ് നീര്‍ തുടച്ച് ബസ്സ്‌ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ വെളുത്ത നിറം പൂശിയ ആര്‍.സി.സി.കെട്ടിടത്തെയും, നീല നിറത്തില്‍ വെള്ള അക്ഷരത്തില്‍ എഴുതിയ ബോര്‍ഡിനെയും അയാള്‍ ദേഷ്യത്തോടെ നോക്കി..കുറച്ച് നേരം നോക്കി നിന്നതിനു ശേഷം കുറച്ച് ദൂരെ  ഓടിട്ട കൊച്ചു കേട്ടിടത്തേയും, അതിനു മുന്നിലെ കല്‍വിളക്കിനേയും, പടര്‍ന്ന്‍ പന്തലിച്ച ആല്‍മരത്തേയും തുറിച്ച് നോക്കി..ആ കരിക്ക് കച്ചവടക്കാരന്റെ , അതിനൊപ്പം ആ കെട്ടിടത്തിലേക്ക് കയറുന്ന ഓരോ മനുഷ്യരുടെയും ശോകമായ മുഖത്ത്‌ നിന്ന്‍ ആവാഹിച്ച നീരുറവയില്‍ നിന്നെന്നപോലെ   പൊരി വെയിലില്‍ ഒരു ചാറ്റല്‍ മഴ തുടങ്ങി...

        "കണ്ണ് തുറക്കാത്ത ദൈവങ്ങളെ, കരയാനറിയാത്ത,
          ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളെ...''

                                                   ദൂരെ ലോട്ടറി വില്പനക്കാരന്റെ കോളാമ്പി മൈക്കില്‍ നിന്നും അഗ്നിപുത്രിയിലെ ഗാനം ബസ്സില്‍ ഇരിക്കുന്ന യാത്രക്കാരുടെ കാതിലേക്ക്‌ നോവിന്‍റെ നീറുന്ന അലകള്‍ സൃഷ്ടിച്ചു...അയാളും ആ ഗാനത്തില്‍ ലയിച്ചിരുന്നു..ഓര്‍മ്മകളില്‍ തൃപ്രയാര്‍ അമ്പലവും, മീനൂട്ട് കടവും, അവിടെ അയാളും, ഭാര്യയും , രണ്ട് കുട്ടികളും..ചെറിയ മകളുടെ തുലാഭാരം..അത് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഭാര്യ അയാളോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയിലേക്ക്..

        "നമുക്ക്‌ അടുത്ത കൊല്ലവും ചന്ദ്രയുടെ പെറന്നാളിനു തൃപ്രയാര്‍ വരണം...ഒരു വട്ടം ഏകാദശി വെളക്കിനു വരണം.."

                                                    അവള്‍ക്ക് അന്ന്‍ മൂളി കൊണ്ട്കൊടുത്ത വാക്ക് പാലിക്കാന്‍ സാധിച്ചില്ല..മഴ പെയ്തപ്പോള്‍ പാടത്ത്‌ നിന്നും മരണത്തിന്‍റെ സൂചനയുമായി വീടിന്‍റെ ഉമ്മറപ്പടിയില്‍ ഒരു മുഷി..അതിനെ പിടിച്ച് കുടത്തിലിട്ടു കുട്ടയുമായി, തലയില്‍ ഒരു തുണിയും ചുറ്റി  അവള്‍ പാടത്തേക്ക് മീനിനെ തേടി പോയപ്പോള്‍ തടയാന്‍ കഴിഞ്ഞില്ല....പിന്നെ തിരിച്ച് വന്നത്‌ പായകെട്ടില്‍ കരിഞ്ഞ രൂപമായ്‌...ഒന്ന് മുഖം പോലും കാണാന്‍ കഴിയാതെ..മാധവന്‍റെ മോട്ടോര്‍ പുരയിലെക്കുള്ള കരണ്ട് കമ്പി പൊട്ടി വെള്ളത്തില്‍ വീഴുമെന്ന് ആര് കരുതി?തന്നെയും, കൊച്ചുങ്ങളെയും തനിച്ചാക്കി പെമ്പ്രന്നോത്തി അങ്ങിനെ  പോകുമെന്നും ആര് കരുതി??വിധിയെ കുറ്റം പറഞ്ഞ് വെള്ളം തോരോത്ത കുഞ്ഞുങ്ങളെ കണ്ടില്ലാന്ന് നടിച്ചില്ല..പിന്നെ ഒരു ജീവിതമായിരുന്നു..അവര്‍ക്ക് വേണ്ടി മാത്രം..വെറൊരു കൂട്ട് വേണ്ടാന്ന് മനസ്സിലുറപ്പിച്ച് രണ്ട്‌ കൊച്ചുങ്ങള്‍ക്കും വേണ്ടി മനസ്സും, ശരീരോം പാകപ്പെടുത്തി ഒരു ജീവിതം...

    "അവിടെ ടിക്കറ്റ്‌..."

                                                      കണ്ടക്ടര്‍ വിളിച്ചപ്പോള്‍ ഓര്‍മ്മകള്‍ മാറ്റി വെച്ച് ഉരുണ്ട കണ്ണ് നീര്‍ തുടച്ച് ഒരു ചിരിയോടെ വീണ്ടും..കുറച്ച് നോട്ടും കുറെ ചില്ലറയും കയ്യിലെടുത്ത്

    "ഇത് കൊടുങ്ങല്ലൂര്‍ വരെ പോകുള്ളൂ ആല്ലേ??അവിടുന്ന്‍ സാറെ ഗുരുവായൂര്‍ക്ക് രാത്രി വണ്ടി ഇണ്ടാവോ?

    ''ഇത് രാത്രി പത്ത്‌ മണിയ്ക്ക് അവിടെത്തും...രാത്രി വണ്ടികള്‍ കൊറേ ഓടുന്നുണ്ട്..അങ്ങ് കണ്ണൂര്‍, കാസര്‍ഗോഡ്‌ വരെ...വടക്കേനടയില്‍ പോയി നിന്നാ ചെലപ്പ അവന്മാര്‍ ചവിട്ടും.."

    "സാറ് കൊടുങ്ങല്ലൂര്‍ വരെ ടിക്കറ്റ്‌ തന്നാട്ടെ..ഇനിപ്പാ വണ്ടി കിട്ടില്ലേല്‍ അമ്പലത്തിന്റെ ആല്‍ത്തറ ശരണം...കാലത്ത്‌ അമ്പലകൊളത്തില്‍ ഒരു മുങ്ങും മുങ്ങി കൊടുങ്ങല്ലൂര്‍ അമ്മേം കണ്ട്, പരിഭവോം പറഞ്ഞു  ഫസ്റ്റ്‌ ബസ്സിന് പോകാം.."

                                                      ടിക്കറ്റ്‌ കിട്ടിയതിനു ശേഷം അയാള്‍ സീറ്റിന്‍റെ  അറ്റത്തേക്ക് നീങ്ങിയിരുന്നു..അല്പം  കഴിഞ്ഞ് അയാളുടെ അരികില്‍ ഒരച്ഛനും, പത്ത്‌ വയസ്സ് തോന്നിക്കുന്ന മകളും വന്നിരുന്നു...അയാള്‍ അവരെ നോക്കി പതിവ്‌ പോലെ ചിരിച്ചു...ആ അച്ചന്‍ തിരിച്ചും ഒരു സൗഹൃദ പുഞ്ചിരി നല്‍കിയെങ്കിലും അതില്‍ വേദന കലര്‍ന്നിട്ടുള്ളത് പോലെ അയാള്‍ക്ക് തോന്നി..തന്നെക്കാള്‍ ആഴത്തിലുള്ള എന്തോ ഒരു വ്യഥ നിറയുന്ന ഒരച്ചന്‍..മകള്‍ ഒരു കറുത്ത കണ്ണട ധരിച്ചിട്ടുണ്ട്...അവള്‍ കയ്യിലിരുന്ന പൊതിയില്‍ നിന്നും ഒരു നാരങ്ങ മിട്ടായി എടുത്ത്‌ അച്ചന് നേരെ നീട്ടി ചോദിച്ചു..

               "ഇതെന്ത് കളറാണ് അച്ചാ??"

               "പച്ച"
                                                    അച്ചന്‍റെ മറുപടിയില്‍ അടങ്ങിയ വേദന  അയാള്‍  തിരിച്ചറിഞ്ഞു..അയാള്‍ ആ കുട്ടിയെ ശ്രദ്ധിച്ചു..ഓമനത്തമുള്ള മകള്‍..വെളുത്ത മുഖത്ത് ആ കറുത്ത കണ്ണാടി ഒരു അഭംഗി പോലെ തോന്നിച്ചു..അവള്‍ അടുത്ത മിട്ടായി എടുത്ത്‌ അച്ചന്‍റെ നേരെ നീട്ടി ..

               "ഇതോ?"

                                                       അടുത്ത ചോദ്യം അയാളുടെ നെഞ്ചില്‍ ദുഖത്തിന്റെ തീഗോളം തീര്‍ത്തു..ആ കുരുന്നിന് കണ്ണുകള്‍ കാണില്ല എന്ന സത്യം അയാളുടെ മുഖത്ത്‌ നിന്നും സ്വതസിദ്ധമായ ചിരി മായ്ച്ചു കളഞ്ഞു..വേദനയോടെ, തന്‍റെ വേദനകള്‍ വിസ്മരിച്ച് അയാള്‍ ആ കുട്ടിയുടെ അച്ചനെ നോക്കി..മകള്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയാന്‍ ആകാതെ തൊണ്ട വരണ്ട പാവം മനുഷ്യന്‍..ആ വേദന അയാള്‍ തിരിച്ചറിഞ്ഞു...ഇരു ഹൃദയങ്ങളും വേദനിച്ച അടുത്ത നിമിഷം അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു...

                 "ഏതു കളര്‍ ആയാലും എനിക്കെല്ലാം കറുപ്പായിട്ടാ തോന്നണേ.."

                                                         ഒരു തേങ്ങല്‍ ആ അച്ഛനില്‍ നിന്നും ...അത് അയാളിലെക്കും..ചിരപരിചിതനായ ഒരു സുഹൃത്തിനെ പോലെ, അടുത്ത ബന്ധുവിനെ പോലെ, അയാള്‍ ആ അച്ചന്‍റെ തോളില്‍ കൈ വെച്ച് ആശ്വസിപ്പിച്ചു...ബസ്സ്‌ മുന്നോട്ട് പോകുന്തോറും അവര്‍ക്കിടയില്‍ ഒരു സൗഹൃദം വിധി മുന്നോട്ട് വെച്ചത് പോലെ...അയാള്‍ രണ്ടു ദിവസം മുന്‍പ്‌ ഇന്ത്യന്‍ കോഫീ ഹൗസില്‍ വെച്ച് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു...

                "വീണ്ടും കാണാമെന്ന് ഒരു വെറും വാക്ക് പറയണില്ല...പക്ഷെ കാണും..എന്റെ ഉള്ളിലോള്ള ഒരു  സാധനോം ആര്‍ക്കും കൊടുക്കാന്‍ പറ്റൂല..എല്ലാം കാര്‍ന്നു തിന്ന് ചീത്തയായി പോയി...പക്ഷെ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യും...അതിനെ ഒരു രോഗവും ഇല്ല...ഞാന്‍ കണ്ട് രസിച്ച ഈ                    ഭൂലോകം, ഇത് വരെ ഒന്നും കാണാതെ പോയ ആര്‍ക്കെങ്കിലും വെളിച്ചം               കൊടുക്കട്ടെ...ജീവനുണ്ടായിട്ടും ഒന്നും ജീവിതത്തില്‍ കാണാത്ത ആരെങ്കിലും എന്റെ  കണ്ണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും...."

                                                           അയാള്‍ ആ കുട്ടിയുടെ അച്ചനോട് എല്ലാം തുറന്ന്‍ പറഞ്ഞു...തന്‍റെ രോഗവും, കണ്ണുകള്‍ ദാനം ചെയ്യാനുള്ള ആഗ്രഹവും...മക്കളെ കുറിച്ചും, ചികില്‍സ നല്‍കുന്ന ഡോക്ടറെ കുറിച്ചും, സഹായം നല്‍കുന്ന പാടൂര്‍ ദേശത്തെ ക്ലബിനെ കുറിച്ചും, തന്‍റെ മരണ ശേഷം കണ്ണുകള്‍ ആര്‍ക്കെങ്കിലും ദാനം ചെയ്ത് ആ കണ്ണുകളിലൂടെ ലോകം കാണാനുള്ള മോഹം അയാള്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു..അവള്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ..അച്ഛന്റെ മടിയില്‍ കിടന്ന്...അയാള്‍ പറഞ്ഞ് നിര്‍ത്തിയിടത്ത് നിന്നും നിറഞ്ഞ കണ്ണുകളോടെ അവളുടെ അച്ഛന്‍ പറയാന്‍ തുടങ്ങി..

            "അവള്‍ ജനിച്ചിട്ട് ഇത് വരെ ലോകം കണ്ടിട്ടില്ല...ജന്മനാ കാഴ്ചയില്ല....അരൂര്‍ അടുത്തതാ ഞങ്ങടെ  വീട്..അവള്ക്ക് കാഴ്ച കിട്ടോണോന്ന്‍ അവളെക്കാള്‍ ആഗ്രഹം എനിക്കാ...സത്യേട്ടാ...പക്ഷെ  അത് നിങ്ങളുടെ കണ്ണ്...വേണ്ട ചേട്ടാ...നിങ്ങള് ജീവിച്ചിരിക്കണം...ആ രണ്ടു കുട്ടികള് ..ആ രണ്ട്‌ കുട്ടികള് അനാഥ കുട്ടികളായി  ജീവിക്കാന്‍ പാടില്ല..."

                                                              സത്യന്‍ എന്ന അയാള്‍ ഒന്ന്‍ ചിരിച്ചു..ഇരുട്ടില്‍ തിളങ്ങിയ ആ ചിരിയില്‍ വേദനയുടെ മറച്ചു വെച്ച മുഖം...അയാള്‍ പേനയെടുത്ത് ഒരു കടലാസ്സില്‍ എല്ലാ വിവരങ്ങളും കുറിക്കാന്‍ തുടങ്ങി...അയാളുടെ മേല്‍വിലാസം, ഡോക്ടറുടെ മേല്‍വിലാസം, അടുത്ത ചില സുഹൃത്തുക്കളുടെ...അയാള്‍ ആ കടലാസ്സ് അവളുടെ അച്ചന് കൈ മാറി...സത്യാ സന്ധമായ ഒരു ചിരിയോടെ..

      "മൂത്ത മോള് ഇന്ദുലേഖ...പിന്നെ മോമ്മാദ് ഡോക്ടര്..പാടൂര്‍ ദേശത്തെ ക്ലബ്ബിലെ പിള്ളാര്...എല്ലാരോടും പറഞ്ഞ് വെച്ചേക്കാം..ജീവന്‍ പോകാന്‍ ഇനിപ്പോ അധിക ദെവസം വേണ്ടാ..ആയുസ്സ് അറ്റം മുട്ടി നില്പാ...പിന്നെ പോകുമ്പോ ഒരു നല്ല കാര്യം ചെയ്ത് പോയാ ദൈവം കണക്ക് ചോദിക്കുമ്പോ നിവര്‍ന്ന്‍ നിന്ന്   പറയാല്ലോ...ഞാന്‍ എന്റെ കണ്ണ് ഒരു മാലാഖ കുട്ടിനെ എല്പിച്ചാ പോന്നതെന്നു..വേറെ ഒന്നും എടുക്കാന്‍ പറ്റൂല..എല്ലാം പൊള്ളയാ.രോഗത്തിന് പ്രാന്ത് പിടിച്ച് ഉള്ളിലോള്ളതെല്ലാം  താറു മാറാക്കി..'

                                                                 ബസ്സ്‌ എവിടെയോ പാതയോരത്ത് നിര്‍ത്തി യാത്രക്കാര്‍ ചായ കുടിക്കാനിറങ്ങി.....അയാള്‍ അവരെ പുറത്തേക്ക്‌ ക്ഷണിച്ചു,,,റോഡിന്‍റെ വശത്തെ ഇരുട്ടില്‍  ചുടുചായ കുടിച്ച് അവര്‍ നില്‍ക്കുമ്പോള്‍ ബാങ്ക് വിളി കേട്ടു..ദൂരെ ഏതോ പള്ളിയില്‍ നിന്ന്‍...അതിനു മീതെ മണിയടി നാദം...അവര്‍ നില്‍ക്കുന്നതിന് കുറച്ച് മുന്നില്‍ ദീപാരാധന കഴിഞ്ഞ് അമ്പല നട  തുറക്കുന്ന സമയം..ആ ദീപ പ്രഭയുടെ നേരെ തൊഴു കൈകളോടെ അവര്‍ നിന്നു...അയാളും, ആ കുട്ടിയും, അവളുടെ അച്ഛനും..മനസ്സില്‍ പ്രാര്‍ത്ഥനയോടെ...

                                                                ബസ്സില്‍ തിരികെ കയറിയപ്പോള്‍ അയാള്‍  ആ പെണ്‍കുട്ടിയോട് ചോദിച്ചു..

     "മേഘ മോള്‍ എന്താണ് പ്രാര്‍ത്ഥിച്ചത്...??''

     "സത്യന്‍ അങ്കിളിന്റെ അസുഖം എത്രയും വേഗം മാറാന്‍ വേണ്ടിട്ട്"

                                                                 അവളുടെ അച്ചന്‍ ആ കവിളില്‍ ഒരുമ്മ കൊടുത്തു...അവള്‍ ചിരിയോടെ ഇരുട്ടിനെ നോക്കി പറഞ്ഞു..

     "എനിക്ക് കണ്ണില്ലെങ്കിലും അച്ചനുണ്ടല്ലോ കൂടെ..എന്‍റെ കണ്ണുകള്‍ പോലെ...അത് പോലെ ഇന്ദു ചേച്ചിയ്ക്കും, മറ്റേ ചേച്ചിയ്ക്കും  വേണം കൂടെ അവരടെ അച്ചന്‍..??

                                                                 അതിനയാള്‍ ഒന്ന്‍ മൂളി...പുറത്തെ ഇരുട്ടില്‍ മിഴി നട്ട് ഇരിക്കാന്‍ തുടങ്ങുമ്പോള്‍ ആയാള്‍ പ്രതീക്ഷിച്ച ചോദ്യം അവള്‍ ചോദിച്ചു...അയാള്‍ കരുതി വെച്ചിരുന്നു  ഒരുത്തരം നല്കാന്‍..

       "സത്യന്‍ അങ്കിള്‍ എന്താണ് പ്രാര്‍ത്ഥിച്ചത്...?"

                                                                    ഒരു നിമിഷം സത്യന്‍ കത്തി നില്ക്കുന്ന ക്ഷേത്രത്തിലെ വെളിച്ചത്തില്‍ നോക്കി..ആ പ്രഭയില്‍ തെളിയുന്ന മൂര്‍ത്തി ഭാവത്തെ നോക്കി.... അവരെ നോക്കാതെ  അയാള്‍ ചിരിയോടെ പറഞ്ഞു..

     "മേഘ മോള്‍ക്ക്‌ എത്രയും  പെട്ടെന്ന്‍ ഈ ലോകം കാണാന്‍ കഴിയണേന്ന്‍...

                                                                     അയാള്‍ പിന്നെയൊന്നും പറയാതെ അയാളുടെ കണ്ണുകള്‍ ഒന്ന്‍ തഴുകി..അതിന്‍റെ അര്‍ഥം തിരിച്ചറിഞ്ഞ ആ കൊച്ചു ഹൃദയം തേങ്ങി..ഒപ്പം അവളുടെ അച്ഛനും,..ബസ്സ്‌ അപ്പോഴേക്കും യാത്ര തുടങ്ങിയിരുന്നു... വിദൂരസ്ഥാനം എത്തിച്ചേരാനുള്ള  ഒരേ വ്യഗ്രത യോടെ... അതേ അവസ്ഥ തന്നെയായിരുന്നു സത്യന്‍ എന്ന അയാളുടെ മനസ്സിനും....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....
     
harishkdlr.blogspot.in

                                                                     






1 അഭിപ്രായം: