2015, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

"ഷെമീര്‍ അവനായിരുന്നു...?"

           








                  സാവിത്രി ടീച്ചര്‍  അവന്‍റെ നെഞ്ചില്‍ കൈ വെച്ചു...ഷെമീര്‍...അവന്‍റെ ഹൃദയം മാതൃ സ്നേഹത്തിനു വേണ്ടി  മിടിക്കുന്നത് ആ കൈകള്‍ തിരിച്ചറിഞ്ഞു..

             "'എന്‍റെ മകന്‍..ഷെമീര്‍...അവനായിരുന്നു.."

             അമ്മയുടെ കൂടെ വീടിനകത്തേക്ക് കയറുമ്പോള്‍ സ്വീകരണ മുറിയില്‍ അവരെല്ലാം ഇരിക്കുന്നത് ഷെമീര്‍ കണ്ടു...തന്‍റെ കൂടെ ജനിച്ചില്ലെങ്കിലും, ഒരു ജന്മ സുകൃതം കൊണ്ട് തമ്മില്‍ ബന്ധിപ്പിച്ച മറ്റ് നാലു പേര്‍.തന്‍റെ ഇനിയുള്ള ജീവിത ഭാഗമായ പ്രിയപ്പെട്ടവര്‍..

       "കന്യാകുമാരിയില്‍ നിന്നും വന്ന പതിമൂന്ന് വയസ്സുള്ള സെല്‍വി,

        അടിമാലിക്കാരന്‍ ജോസഫ് വര്‍ഗ്ഗീസ് അച്ചായന്‍,
        ഒറ്റപ്പാലം അമ്പലപ്പാറ ദേശത്തെ മുപ്പത്തിയെട്ടുക്കാരന്‍ മനോജേട്ടന്‍,
        പിന്നെ തമ്മനത്തെ പഴയ ഗുണ്ട തമ്മനം രവി.."

        എല്ലാ മുഖങ്ങളിലും പുറത്ത് പറയാന്‍ കഴിയാത്ത ദുഃഖം...സാവിത്രി ടീച്ചര്‍..അവരുടെ മുഖത്തും കണ്ണ് നീര്‍ ഒലിച്ചിറങ്ങി വറ്റിയ ചാലുകള്‍, ഷെമീര്‍ അമ്മയുടെ അടുത്തേക്ക് ഒന്ന്‍ കൂടി അടുത്ത് നിന്നു..അമ്മ ...തന്റെ അമ്മ..കണ്ണൂരിലെ മാട്ടൂലിലെ വീട്ടില്‍ നിന്നും പോരുമ്പോള്‍ ഉപ്പ പറഞ്ഞ ആ വാക്കുകള്‍...അത് മറക്കാന്‍ കഴിയില്ല..ഇനിയൊരിക്കലും മറക്കില്ല..മറക്കാനാകില്ല...

       "ഷെമീ...നെനയ്ക്ക് ഞാനും, ഉമ്മേം കയിഞ്ഞാ പിന്നെ അവരാ വലുത്...മറ്റാരും അത് കയിഞ്ഞേ വരൂ..മറക്കണ്ടാ."

        അത് ശരിയാണ്...കൊടുങ്ങല്ലൂര്‍ ദേശത്തെ സാവിത്രി ടീച്ചര്‍ തന്നെയാണ് മൂന്നാമത്തെ .....അതും അമ്മയുടെ സ്ഥാനം...അവന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി..അമ്മ തിരിച്ചറിഞ്ഞു..മകനെ ചേര്‍ത്ത് നിര്‍ത്തി കണ്ണുകള്‍ സാരി തലപ്പ്‌ കൊണ്ട് തുടച്ചു..അവരില്‍ നിന്നും പുത്ര വാത്സല്യം അവനിലേക്ക് ഒഴുകി..അവിടെ സാവിത്രി ടീച്ചര്‍ അമ്മയാകുന്നു...ഷെമീര്‍ മകനും...

       'ഷെമീര്‍ അവനായിരുന്നു..."

     ഷെമീര്‍ സെല്‍വിയുടെ അടുത്തേക്ക്...അവള്‍ തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് ചിരിച്ചു...അവന്‍ അവളുടെ മുഖത്ത് തൊട്ടപ്പോള്‍ ആ കണ്ണുകള്‍ അടഞ്ഞു..അവന്‍ ആ കണ്ണുകളില്‍ മെല്ലെ തൊട്ടു...ഒരു വെളിച്ചം ഹൃദയത്തില്‍ വീശിയ പോലെ..വാത്സല്യത്തോടെ അവളെ ചേര്‍ത്ത് പിടിച്ചു...ഒരു ബന്ധം..ഒരു ജന്മം കൊണ്ട് കോര്‍ത്തിണക്കിയ ബന്ധം..മതവും, ജാതിയും, വര്‍ഗ്ഗവും, ദേശവും, ഭാഷയും മറി കടന്ന ബന്ധം...

        അവിടെ തളം കെട്ടി വലുതായി വന്ന നിശബ്ദത മുറിച്ച് തമ്മനം രവി അവനെ നോക്കി...

           "മൂന്ന്‍ കുത്തുകള്‍...കുടല്‍ മാലകള്‍  കീറി മുറിഞ്ഞ മൂന്ന്‍ കുത്തുകള്‍..ജീവിതത്തില്‍ ഗുണ്ടയായി ജീവിച്ച്, ഒത്തിരി കൊള്ളരുതാത്ത കാര്യങ്ങള്‍ ചെയ്തപ്പോള്‍ ...പാതി മരിച്ചതാ...അപ്പോഴാ ദൈവം .."

      കൂടുതല്‍ പറയുവാന്‍ കഴിയാതെ രവി ടീച്ചറിനെ നോക്കി...ആ കണ്ണുകളില്‍ നിറയുന്ന കണ്ണ് നീര്‍..അതിനെ മറി കടക്കാന്‍ വാക്കുകള്‍ക്ക് കഴിയാത്ത അവസ്ഥ..സാവിത്രി ടീച്ചര്‍ നിറ കണ്ണാല്‍ ചുമരിലേക്ക് നോക്കി...അവിടെ ഒന്നും പറയാതെ, ഒന്നുമറിയാതെ ചിരിച്ച് ..പ്ലാസ്റ്റിക്‌ മാലയും, ഇടയ്ക്ക് കത്തി തെളിയുന്ന മങ്ങിയ ബള്‍ബിന്റെ പുറകില്‍ കള്ളച്ചിരിയോടെ .സദാനന്ദന്‍ മാഷ്..പതിനെഴ് വര്‍ഷം മുന്‍പ് ക്ലാസ്സ് മുറിയില്‍ മലയാളം പഠിപ്പിച്ച് നില്ക്കുമ്പോള്‍ ആരോടും പറയാതെ ....ഒരു നെഞ്ച് വേദന..കുട്ടികളെ നോക്കി ചിരിച്ച്...കസേരയില്‍ ഇരുന്ന്‍ സുഖ മരണം..പിന്നെ ജീവിച്ചത്..ജീവിതം നയിച്ചത്..അവര്‍ ചിന്തയില്‍ നിന്നും പുറത്ത് വന്ന് ഷെമീറിനെ നോക്കി..

          "ഷെമീര്‍ അവനായിരുന്നു..."

         "ടീച്ചറെ...ഞാനെന്നാ...അങ്ങ് അടിമാലി വരെ എത്തേണ്ടായോ..മറക്കില്ല...     കുടിച്ച് കുടിച്ച് കരളു ദ്രവിച്ച്...രണ്ടാം ജന്മം കിട്ടീത്   നിങ്ങള് കാരണമാ ..ഇനി ഒരു തുള്ളി കുടിക്കത്തില്ല.."

    ജോസഫ് അച്ചായന്‍ പോകാന്‍ ഇറങ്ങി...അയാളെ യാത്രയാക്കി തിരികെ വരുമ്പോള്‍ മനോജേട്ടന്‍ യാത്ര പറയാന്‍ നില്‍ക്കുന്നു..കൂടെ തമ്മനം രവിയും..മനോജേട്ടന്‍ ടീച്ചറുടെ കൈകളില്‍ പിടിച്ച് കരയുന്നു...സംസാരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല...പാവം..കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന ഒരു നല്ല മനുഷ്യന്‍...പന്ത്രണ്ട് നിലയുള്ള ഫ്ലാറ്റിനു മുകളില്‍ നിന്നും വീണ് കോമയില്‍ ആയിട്ടും ജീവിതത്തോട് സമരം ചെയ്ത് മരണത്തില്‍ നിന്നും പതിയെ കര കയറിയ മനുഷ്യന്‍...ആ മനുഷ്യന്‍റെ ശരീരത്തില്‍ പിടിപ്പിച്ച വൃക്കകള്‍...അത് മൌനമായ് സാവിത്രി ടീച്ചറോട് നന്ദി പറഞ്ഞു..

      അവര്‍ക്ക് പിന്നില്‍ സെല്‍വിയുടെ ഊഴമായിരുന്നു...അവള്‍ ടീച്ചറെ കെട്ടി പിടിച്ച് കുറേ കരഞ്ഞു...ഇനിയും വരാമെന്ന് പറഞ്ഞ് കൈകള്‍ വീശി അവളുടെ മാമന്‍റെ കൂടെ പോകുമ്പോള്‍ മനസ്സ് പറഞ്ഞു..."എന്‍റെ അനുജത്തി...അവളുടെ കണ്ണുകള്‍..എന്‍റെ സ്വന്തം അനുജത്തി..."എല്ലാവരും പോയപ്പോള്‍ "കിരണ്‍ നിവാസില്‍ സാവിത്രി ടീച്ചറും, ഷെമീറും മാത്രം...ടീച്ചര്‍ അവനെ നോക്കി...അവന്‍ ടീച്ചറെയും...

    "മോന്‍ പോകുന്നില്ലേ? " ടീച്ചറുടെ ചോദ്യം..

   അതിനുത്തരം പോലെ ഷെമീര്‍ തലയാട്ടി..."ഇല്ലെന്നര്‍ത്ഥം വെച്ച്"..അവന്‍റെ ഹൃദയമിടിപ്പ്‌ അടുത്ത് വരുന്നത് പോലെ..പ്രിയപ്പെട്ട സാമീപ്യം..ടീച്ചര്‍ അവനെ തന്നെ നോക്കി...അതെ അവന്‍ തന്നെ...അവന്‍ തന്നെ...

           "ഷെമീര്‍ അവനായിരുന്നു.."

    ഷെമീര്‍ തളര്‍ന്ന്‍ വീഴുമെന്നു തോന്നിയപ്പോള്‍ അവരെ താങ്ങി പിടിച്ചു...സാവിത്രി ടീച്ചര്‍ അവനെ നോക്കി..പിന്നെ ചുമരിലേക്ക്...അവിടെ സദാനന്ദന്‍ മാഷിന്റെ ഫ്രെയിം ചെയ്ത ചിത്രത്തിനരികില്‍...അവന്‍..കിരണ്‍.. അവന്‍ അച്ഛനെ പോലെ ചിരിച്ചിരിക്കുന്നു...ഷെമീറും  ആ ചിത്രത്തിലേക്ക്  നോക്കി..ആ ചിരിച്ചിരിക്കുന്ന ചെറുപ്പക്കാരന്‍ തന്നില്‍ ജീവിക്കുന്നു...ഒരു ഹൃദയമായ്...ഒരു വാഹനപകടത്തില്‍ മസ്തിക മരണം സംഭവിച്ച മകന്‍റെ അവയവങ്ങള്‍ അഞ്ച് പേര്‍ക്ക് ദാനം ചെയ്യാന്‍ അനുമതി നല്‍കിയ സാവിത്രി ടീച്ചര്‍...ഹൃദയം ജീവിതത്തെ ഇല്ലാതാക്കി കൊണ്ടിരുന്ന സമയത്ത് ദൈവം തനിക്ക് ദാനം നല്കിയ കിരണിന്റെ ഹൃദയം...ഒരു ജന്മം കൊണ്ട് ഞങ്ങളെ കൂട്ടിയിണക്കിയ കിരണ്‍...

        കന്യാകുമാരിയില്‍ കിരണിന്റെ കണ്ണുകളുമായി  സെല്‍വി,
       അടിമാലിയില്‍ അവന്‍റെ കരളുമായി  ജോസഫ് വര്‍ഗ്ഗീസ്                                                അമ്പലപ്പാറയില്‍ അവന്‍റെ വൃക്കയുമായ്‌ മനോജേട്ടന്‍                                                     കുടലുകള്‍ പേറി  തമ്മനം രവി.."

   പിന്നെ അവന്‍റെ ജീവന്‍ തുടിക്കുന്ന ഹൃദയവുമായ്‌ ഞാന്‍ ഷെമീര്‍...ഞാന്‍ അവനായിരിക്കുന്നു... "ഷെമീര്‍ അവനായിരിക്കുന്നു..."ഷെമീര്‍ ടീച്ചറുടെ കണ്ണുകള്‍ തുടച്ച് ചിരിയോടെ പറഞ്ഞു...

      "അമ്മേ...ഞാനുണ്ടാകും..എനിക്ക് സമയം കിട്ടുമ്പോള്‍ ഞാന്‍ വരും..ഞാന്‍ അവന്‍ തന്നെയാ...കിരണ്‍.."

        സാവിത്രി ടീച്ചര്‍ അവനെ ചേര്‍ത്ത് പിടിച്ചു..അവന്‍റെ ഹൃദയം ...ആ ഹൃദയമിടിപ്പ്‌...ഒരമ്മയുടെ തിരിച്ചറിവ്, സന്തോഷവും, സങ്കടവും  നിറഞ്ഞ ആ മുറിയില്‍ കിരണിന്റെ ചിത്രത്തിന് മുന്നില്‍ തിളങ്ങുന്ന ബള്‍ബ് അവരിരുവരും കാണാതെ ഒരല്പം പ്രകാശം കൂടുതല്‍ പരത്തിയത് പോലെ, ആ ചിത്രത്തിന് കുറച്ച് കൂടി തേജസ്സ് വര്‍ദ്ധിച്ചത് പോലെ...ഷെമീറിന്റെ ഹൃദയമിടിപ്പ്‌ ഒരു നനുത്ത സംഗീതം പോലെ...

             "ഷെമീര്‍ അവനായിരുന്നു..."

   














2015, സെപ്റ്റംബർ 7, തിങ്കളാഴ്‌ച

കിളിവാതില്‍ പഴുതിലൂടെ....

                 
               
  ഇരുട്ട് നിറഞ്ഞ കുടുസ്സ് മുറിയിലെ കിളിവാതില്‍ അവള്‍ പതുക്കെ തുറന്നു...വാതില്‍ പഴുതിലൂടെ കടന്നു വരുന്ന പ്രഭാത കിരണങ്ങള്‍, ആ മുറിയിലെ ഇരുളിന്‍റെ നൊമ്പരങ്ങള്‍ പതുക്കെ വെളിച്ചം നിറച്ച്, വര്‍ണ്ണങ്ങള്‍ വാരി വിതറി, തുടച്ച് മാറ്റാന്‍ തുടങ്ങി..കിളിവാതില്‍ വാതില്‍ പഴുതിലൂടെ അവള്‍ ആ ദൈനംദിന കാഴ്ചകള്‍ കാണാന്‍ തുടങ്ങി..എന്നെത്തെയും പോലെ..

       "ഓടി വാ മോളൂ...അമ്മേടെ ചക്കരെ...ഇത് കൂടെ..."

                               പ്രഭാതത്തിന്റെ എല്ലാ ഐശ്വര്യവും നിറഞ്ഞ ഒരമ്മ, ആ അമ്മയുടെ ഓമനയായി മകള്‍, എന്നും രാവിലെ അവള്‍ ഒളിഞ്ഞു നോക്കി കാണുന്ന ആ പതിവ് കാഴ്ചകള്‍,

        "എനിക്കും അത് പോലെ ഒരമ്മ ഉണ്ടായിരുന്നെങ്കില്‍? അത് പോലെ രാവിലെ ഭക്ഷണം തരാനും, കുളിപ്പിക്കാനും, പാട്ട് പാടി തരാനും...സ്കൂളില്‍ പോകുമ്പോള്‍ നെറ്റിയില്‍ തണുത്ത ഒരുമ്മ തരാനും...??"

                                  ഇരുട്ട് നിറഞ്ഞ കുടുസ്സ് മുറിയില്‍ പ്രഭാത കിരണങ്ങള്‍ നിറച്ച സന്തോഷത്തിന്റെ വെളിച്ചം ഒന്ന്‍ മങ്ങി..അവള്‍ തേജസ്വിനി എന്ന തേജയുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളികള്‍ കൊണ്ട്..എന്നും അങ്ങിനെ തന്നെ..അമ്മയെ കുറിച്ചോര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയും..രാവിലെ കിളിവാതില്‍ പഴുതിലൂടെ അടുത്ത വീട്ടിലെ കാഴ്ചകള്‍ കാണുമ്പോള്‍, വൈകീട്ട് ഇരുട്ട് നിറഞ്ഞ മുറിയില്‍ ഒറ്റ കട്ടിലില്‍ ചുരുണ്ട് കൂടുമ്പോള്‍, ഒറ്റ പെടുമ്പോള്‍, സ്കൂളില്‍ മറ്റ് കുട്ടികള്‍ അവരുടെ അമ്മയുടെ കൂടെ വരുമ്പോള്‍...ഒരു കൊച്ച് നൊമ്പരം...ഒരിക്കലും കണ്ടിട്ടില്ലാത്ത ആ രൂപത്തെ ഒന്ന് കാണാന്‍ ഒരു മോഹം...അച്ചന്‍ എന്ന സ്ഥാനം ഒരിക്കലും അവളുടെ മനസ്സിനെ ബാധിച്ചില്ല..അവള്‍ക്ക് അറിയാം സൃഷ്ടിയുടെ രഹസ്യം...തന്റെ അനാഥ ജന്മത്തിന് പിന്നിലും ഒരച്ചന്‍, ഒരമ്മ ഉണ്ടെന്ന സത്യം..അതൊരു സനാഥ സത്യം ആയി മനസ്സില്‍ ഉറപ്പിക്കുമ്പോള്‍ ഒരു നിമിഷം അനാഥം സനാതമായി മാറുന്നു...ആരോ എവിടെയോ ഉണ്ടെന്ന ഒരു ഉറപ്പ്...ഒരമ്മ, പിന്നെ ഏതോ ഒരച്ചന്‍..??

         'തേജ...പുകയില കഷായം ശരിക്കും തെളിച്ചോ..വെണ്ട പൂവിടാന്‍ തൊടങ്ങി..കണ്ടോ?"

                                      മഠത്തില്‍ അമ്മ തോട്ടത്തില്‍ രാസവളം കയറ്റില്ല...ജൈവ പച്ചക്കറി കൃഷിയില്‍ അമ്മയുടെ കാലത്തെ കൂട്ടാളി തേജസ്വിനിയാണ്..പിന്നെ മറ്റ് ചില അമ്മമാരും, അവളെ പോലെ അനാഥരായ ചില കുട്ടികളും..രാവിലെ അഞ്ച് മണിയ്ക്ക് ആരംഭിക്കുന്ന ദിവസം, യോഗ, പച്ചക്കറി കൃഷി, പിന്നെ കുറച്ച് നേരം പഠനം, പിന്നെ കിളിവാതില്‍ വീക്ഷണം, ഒടുവില്‍ കുളിച്ച് ശുദ്ധമായ്‌ പുസ്തകങ്ങള്‍ താങ്ങി യു.പി. സ്ക്കൂളിലേക്ക്..അവിടെയും തേജ ജ്വലിക്കുന്ന താരം...ആ സ്കൂളില്‍ നിന്നും, ആ ഉപജില്ലയില്‍ നിന്നും സ്കോളര്‍ഷിപ്പ്‌ നേടി പഠിക്കുന്ന ഏക വിദ്യാര്‍ഥി..എല്ലാ പുസ്തകങ്ങളുടെ അവസാന പേജില്‍ ആത്മ വിശ്വാസം നിറഞ്ഞ ഒരു വാചകം എഴുതി പിടിപ്പിച്ചിരിക്കുന്നു..ആ തിളങ്ങുന്ന വാക്കുകള്‍ അവളുടെ ഭാവിയെ പറ്റി എഴുതി വെച്ച, സ്വരു കൂട്ടി വെച്ച സ്വപ്നങ്ങള്‍..."തേജസ്വിനി.ഐ.എ.എസ്സ്..."

         "ഇവളെ ആരോ പ്രസവിച്ച് അമ്മതൊട്ടിലില്‍ കൊണ്ടിട്ടിട്ട് ഉപേക്ഷിച്ച് പോയതാ..അതോണ്ടാ ഇവള് സരസ്വതി മഠത്തീന്ന് വരണത്..."

                                           ഏതോ കുസൃതി ചെറുക്കന്‍ പറഞ്ഞ വാക്കുകള്‍ കേട്ട് തേജ മെല്ലെ ചിരിച്ചു...ആറില്‍ പഠിക്കുന്ന തേജസ്വിനി സ്വയം സൃഷ്ടിച്ച പക്വത...അത് തകര്‍ക്കാന്‍ ഒരു പരിഹാസ ശരങ്ങള്‍ക്കും കഴിയില്ല..ആ കണ്ണ് നിറയുന്നത് അവള്‍ തനിച്ച് ആകുമ്പോള്‍ മാത്രം...അതും അമ്മ എന്ന രണ്ടക്ഷരം കടന്ന് വരുന്ന ഏകാന്തതയുടെ ഇരുട്ട് മുറിയില്‍ മാത്രം..അവള്‍ മനസ്സില്‍ വരച്ചിട്ട ഒരു രൂപം...നീണ്ട മുടിയും, വട്ട മുഖവും,പിന്നെ ഒരു ചുവന്ന പൊട്ടും...അതൊരു സങ്കല്‍പം...സ്വകാര്യമായ നിമിഷത്തില്‍ മാത്രം കാണുന്ന സ്വപ്നം..

                                              അന്നും പതിവ് പോലെ സ്കൂളില്‍ നിന്നും തിരിച്ച് വരുമ്പോള്‍ മഠത്തില്‍ അമ്മയുടെ മുറിയുടെ പുറത്ത് ചെരുപ്പുകള്‍...മുറിയില്‍ നിന്നും ഏങ്ങലടിച്ച് കരയുന്ന ഒരു സ്ത്രീ ശബ്ദം..അത് കേട്ടപ്പോള്‍ ഒന്ന്‍ ചെവിയോര്‍ത്തു...

       "എല്ലാം തെറ്റ്...എന്‍റെ മാത്രം തെറ്റ്...മണിപ്പാലില്‍ പഠിക്കുമ്പോള്‍ സംഭവിച്ച ഒരു വലിയ തെറ്റ്..അത് മറച്ച് പിടിക്കാന്‍ പ്രസവിച്ച ഉടനെ അമ്മതൊട്ടിലില്‍, എല്ലാം എന്‍റെ ചില ചീത്ത ബന്ധങ്ങള്‍, അതിനു ഞാന്‍ മനസ്സ് കൊണ്ട് കൂടെ നിന്ന്.."

        "അന്ന്‍ നിങ്ങള്‍ ഇവിടെ കൊണ്ട് വന്ന കുട്ടി അവള്‍ തന്നെയാണെന്ന് എങ്ങിനെ ഉറപ്പിക്കും??"

                                                        മഠത്തില്‍ അമ്മയുടെ ചോദ്യത്തിന് മുന്നില്‍ ഇടറുന്ന നെഞ്ചോടെ തേജ ആ ഉത്തരത്തിനായി കാത്തിരുന്നു.

       "അത് ഒന്ന്‍ രണ്ട്‌ വട്ടം ആ കുട്ടി പഠിപ്പിക്കുന്ന സ്കൂളില്‍ പോയി മാറി നിന്ന് കണ്ടിരുന്നു..ശരിക്കും എന്‍റെ ചെറുപ്പക്കാലം.."  അതിനപ്പുറം എന്താ മറ്റൊരു തെളിവ് വേണ്ടേ..?"

                                                        ആ ഉത്തരം ആ കൊച്ചു കുട്ടിയില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല..വീണ്ടും ആ സ്ത്രീയുടെ വാക്കുകള്‍..കാര്യവും, കാരണവും നിരത്തി...ഇപ്പോള്‍ ആ സ്ത്രീക്ക് പകരം സംസാരിക്കാന്‍ തുടങ്ങിയത് കൂടെയുള്ള ആളാണ്..

       "വിവാഹത്തിന് ശേഷം കഴിഞ്ഞ എട്ടു വര്‍ഷം പല ചികിത്സയും നടത്തി...കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റില്‍, അടൂരില്‍...ഒന്നും ഫലം കണ്ടില്ല...പ്രത്യക്ഷത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു കുഴപ്പവും കാണുന്നില്ല...ഒരു പാട് നേര്‍ച്ചകള്‍, അമ്പലങ്ങള്‍, ഒന്നും ലക്ഷ്യം കണ്ടില്ല...അഡോപ്റ്റ് ചെയ്യാന്‍ തീരുമാനം ആയപ്പോള്‍ ഇവള്‍ തന്നെയാ ആ പഴയ കഥ പറഞ്ഞത്.വഞ്ചന ആണെന്ന്‍ മനസ്സിലായെങ്കിലും ഇവളെ വലിച്ചെറിയാന്‍ മനസ്സ് അനുവദിച്ചില്ല...ക്ഷമിച്ചു...ഇനി വേണ്ടത് അവളെയാണ്..ഇവളുടെ തെറ്റിന്റെ ഫലമായ ആ കുരുന്നിനെ..തേജയെ..."

    "ദൈവങ്ങള്‍ പോലും കൈ വിട്ടപ്പോള്‍ അല്ലേ??..എന്തായാലും ഇവിടുത്തെ നിയമം അനുസരിച്ച് ആ കുട്ടി നിങ്ങളുടെ കുട്ടി തന്നെയാണെന്ന് തെളിയിച്ച് കൂടെ കൊണ്ട് പോകാന്‍ സാധിക്കില്ല...ഒരു തവണ വേണ്ടാന്ന്‍ പറഞ്ഞു വലിച്ചെറിഞ്ഞത് തിരികെ ചോദിച്ചാല്‍ നിര്‍വാഹമില്ല..പകരം ദത്ത്...അത് സാധിക്കും..പക്ഷെ അതിന് ആ കുട്ടിയുടെ കൂടി സമ്മതം വേണം...

                                                         
                                                             മടത്തില്‍ അമ്മ പറഞ്ഞു കഴിഞ്ഞത് കേട്ടു കഴിഞ്ഞപ്പോള്‍ തേജ  വേഗം നടന്നു...തന്‍റെ ഇരുട്ടിലേക്ക്...ഇരുട്ട് നിറഞ്ഞ മുറിയിലേക്ക്‌.മനസ്സില്‍ നഷ്‌ടമായ പതിനൊന്നു വര്‍ഷത്തിന്‍റെ ഭാരവുമായി ..ഒരു തുള്ളി കണ്ണ് നീര്‍ വീഴാന്‍ മനസ്സിന് ഇടം കൊടുത്തില്ല..കുളി കഴിഞ്ഞ് കൃഷ്ണ വിഗ്രഹത്തിനു മുന്നില്‍ തൊഴുത് നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും കാത്തിരുന്ന വിളി വന്നു...മഠത്തില്‍ അമ്മയുടെ മുറിയില്‍ ചെല്ലാന്‍..


         "തേജാ...കുട്ടീടെ അമ്മ മഠത്തില്‍ അമ്മയുടെ ഓഫീസില്‍ ഇരിക്കണേ..

         "തേജാ നീ ഞങ്ങളെ വിട്ട് പോകോ...അമ്മയുടെ കൂടെ.

                                                        മഠത്തില്‍ അമ്മയുടെ മുറിയില്‍ ഇരിക്കുന്ന രൂപങ്ങളെ നോക്കി ..അവരുടെ കണ്ണ് നീര്‍...ആര്‍ത്തിയോടെ  നോക്കുന്ന നോട്ടം...വലിച്ചെറിഞ്ഞപ്പോള്‍ ചിന്തിച്ചിരിക്കില്ല...വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതിനൊരു മാണിക്യകല്ലിന്‍റെ അമൂല്യമായ തിളക്കം വരുമെന്ന്...
നീണ്ട മുടിയും, വട്ട മുഖവും,പിന്നെ ഒരു ചുവന്ന പൊട്ടും..ഒപ്പം വൈകി വന്ന മാതൃത്വത്തിന്റെ വിങ്ങലുകള്‍..അതിനൊന്നും  കാതുകള്‍ നല്‍കിയില്ല..ഇരുട്ട് നിറഞ്ഞ മുറിയിലേക്ക്മാതൃത്വ കാഴ്ചകള്‍ നല്‍ക്കുന്ന കിളിവാതില്‍ കണ്ട് എന്നോ മോഹിച്ചതാണ്...അത്  എന്നേക്കുമായ് അടക്കണം..അതാണ് മനസ്സിനെ മോഹിപ്പിക്കുന്നത്..ഇന്നത്തോടെ അതിനും അവസാനം..

                                                             എല്ലാ ചോദ്യത്തിനും ഒരുത്തരമുണ്ട്...മനസ്സിലെ മുഴുവന്‍ ഭാരവും ഇറക്കി വെക്കുന്ന വലിയ ഉത്തരം...ഒരിക്കല്‍ വേണ്ടാന്ന്‍ വെച്ചവരിലെക്ക് തിരികെ പോകാന്‍ കഴിയില്ല. മുലപ്പാല്‍ കുടിക്കുന്ന പ്രായം മുതല്‍ തിരിച്ചറിഞ്ഞ, അനുഭവിച്ച  ബന്ധങ്ങള്‍ അതൊന്നും വേഗത്തില്‍ മറക്കാന്‍ സാധിക്കില്ല...അവര്‍ക്കാര്‍ക്കുമില്ലാത്ത സുഖം..

         "മഠത്തിലമ്മേ..എനിക്ക് ഇവിടം വിട്ടു പോകണ്ടാ.ഇത്രയും നാള്‍ ഇവിട്യല്ലേ ജീവിച്ചത്..ഇതിനേക്കാള്‍ സ്നേഹവും, ദൈവികവുമായ മറ്റൊരു സ്ഥലം എവിടേയും ഉണ്ടെന്ന് തോന്നണില്ല...."

                                                          മഠത്തില്‍ അമ്മ ചോദിച്ച ചോദ്യത്തിന് ഉത്തരം നല്‍കി മുറിയുടെ പുറത്തേക്ക് പോകുമ്പോള്‍ വിഷമം തോന്നിയില്ല..ആരെയും നോക്കിയില്ല..കരയുന്ന ശിലകളെ കണ്ടില്ലെന്ന് നടിച്ചു..എന്നോ നഷ്‌ടമായത് തിരികെ കിട്ടാന്‍ മോഹമില്ല..പകരം നഷ്ടങ്ങള്‍ അറിഞ്ഞ ബാല്യത്തില്‍ സ്വാന്തനത്തിന്റെ ചൂടും, താരാട്ടും തന്ന അവരെ തിരികെ സ്നേഹിക്കണം..അതിനു വേണ്ടിയാണ് മനസ്സിലും, പുസ്തകത്തിലും എഴുതി വെച്ചിരിക്കുന്നത്..."തേജസ്വിനി ഐ.എ.എസ്സ്"

                                                          ഇരുട്ട് നിറഞ്ഞ മുറിയില്‍ നിന്നും പുറത്തേക്ക് നീളുന്ന കിളിവാതില്‍ പഴുതാണ് ചില മോഹങ്ങള്‍ മുളപ്പിക്കുന്നത്...അത് വലിച്ചടച്ച് ഇരുളില്‍ ഒരു ദീപം കത്തിച്ച് വെച്ചപ്പോള്‍ നിഴല്‍ വലുതാകുന്നത് പോലെ തോന്നി...വേഗം വളരണം..നിഴലിന്‍റെ മീതെ വളരണം...ഇനിയും വരാനിരിക്കുന്ന അനാഥ ബാല്യങ്ങള്‍ക്ക്തുണയായി..എന്നുമുണ്ടാകണം...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...


                                 



2015, ഓഗസ്റ്റ് 22, ശനിയാഴ്‌ച

ഫേക്ക് ബുക്ക്...പിന്നെ അടി വരുന്ന ഓരോരോ വഴി...

                                                           

                                                                   "എന്തെഴുതണം...??
                                                                    എങ്ങിനെ എഴുതണം..??"

                     ഒരു ദസ്തെയവ്സ്കി ശൈലിയില്‍ ആയാലോ??
                    അല്ലെങ്കില്‍ ഒര്‍ഹാന്‍ പാമുക്കിനെ പോലെ ?? ഇസ്താംബുള്‍ പോലെ കൊടുങ്ങല്ലൂര്‍ പശ്ചാത്തലമാക്കി..?? ബഷീറിയന്‍ രചന ശൈലി കടം കൊണ്ടാലോ?? ആരെ മാതൃകയാക്കണം...?? കെ. വി. വിനോദ് എന്ന പേരില്‍ തന്നെ...വേണ്ട..അത് വേണ്ട്രാ..."കെ.വി,വി. കെ.വി കൊടുങ്ങല്ലൂര്‍, കവി കൊടുങ്ങല്ലൂര്‍, വിനോദം...ഒന്നിലും എത്തുന്നില്ല..

                     എം,എ മലയാളം പാസ്സായിട്ടു വര്ഷം രണ്ടായി..സര്‍ട്ടിഫിക്കറ്റ് ഒരു ഫയലില്‍ നിതാന്ത വിശ്രമം..സാഹിത്യം, കഥ, കവിത...ഇതെല്ലാം കുഴഞ്ഞു മറിഞ്ഞ പരീക്ഷകള്‍, ഒരു തുണ്ട് കടലാസ്സിന്റെ പിന്‍ബലമില്ലാതെ എഴുതി പൊരുതി നേടിയ വിജയം..എന്നിട്ടും നല്ലൊരു ജോലി??.പി.എസ്. സി ദൈവങ്ങള്‍ ലിസ്റ്റ് വൈകിച്ചും, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെയും മാനസികമായി പീഡിപ്പിക്കുന്നു. ടൂട്ടോറിയല്‍ കോളേജിലെ ക്ലാസ് മുറികളില്‍ പഠിച്ച മലയാളം മറന്ന്‍ റസ്സലിന്റെ, ബെര്‍ണാഡ്‌ ഷായുടെ പുസ്തകത്തിലൂടെ..പഠിപ്പിക്കുന്ന അധ്യാപകനെ പുല്ല് വിലയില്ലാത്ത ശിഷ്യകള്‍, ശിഷ്യന്മാര്‍..

                   "പകച്ച് പോകുന്ന ഓരോ ദിനങ്ങള്‍..."

                   എന്തായാലും സംഘര്‍ഷ ഭരിതമായ, ദുര്‍ഘടമായ ജീവിതത്തില്‍ ഒരു തരി സന്തോഷം വേണം...സിന്ധു വൈന്‍ ആന്‍റ് ബിയര്‍ പാര്‍ലര്‍ ഒന്നിനും പരിഹാരമാകുന്നില്ല..മാത്രമല്ല ചില ശിഷ്യന്മാര്‍ അവിടെ സ്ഥിര താമസം...പിന്നെ കോളേജില്‍ വെച്ച് അവന്മാരുടെ കമന്റുകള്‍..പഴയ ഒരു ചൊല്ല് ഇപ്പോള്‍ കീഴ്മേല്‍ മറിഞ്ഞ് തുടങ്ങി...

                "ആശാന് അടുപ്പിലും....!!!അതിപ്പോള്‍ ശിഷ്യന്മാര്‍ക്ക്......!!!

                മാറ്റങ്ങള്‍, സര്‍വ്വ മാറ്റങ്ങള്‍....ഒരു പ്രേമം ഉണ്ടായിരുനെങ്കില്‍??അതിനു അന്യം നിന്ന് പോയ  ഈ സാഹിത്യ ക്കാരന്‍ കോലം എതിര്‍ ലിംഗങ്ങളെ ആകര്‍ഷിക്കാന്‍ മാത്രം ഉതകുന്നില്ല...ഇനി വൈകുന്നില്ല..എഴുതാന്‍ പോകുന്നു...എവിടെ എഴുതും..ഫേസ്ബുക്ക് എഴുത്തുകള്‍ക്ക് പ്രസക്തിയുണ്ട്...തുടങ്ങാം.."ഹരിശ്രീ"..അവിടെ നിന്ന് തന്നെ ആകട്ടെ....

              ആ കഥ എഴുതി കഴിഞ്ഞപ്പോള്‍ വിനോദ് അകെ വിയര്‍ത്ത് പോയി..ഗഹനമായ ഒരു കഥ...അതില്‍ ജീവിതമുണ്ട്, ദുഖമുണ്ട്, വിധിയുണ്ട്..ഒരു പെനയില്ലാതെ കീബോര്‍ഡുകള്‍ ഉപയോഗിച്ച് പ്രവഹിച്ച സാഹിത്യം ഒന്ന് കൂടി വായിച്ച് നോക്കി, പിന്നെ ഫേസ്ബുക്ക് എന്ന സമകാലീന പ്രസ്ഥാനത്തിലേക്ക് ആ കഥ പ്രസിദ്ധീകരിച്ചു...ആ കഥ ആരും ശ്രദ്ധിച്ചില്ല..കഥ മനസ്സിലാക്കിയ ഒന്ന്‍ രണ്ട്‌ പേര് കമെന്റ് ചെയ്തു...ചിലര്‍ ലൈക്ക് ചെയ്തു...ചിലര്‍ ഷെയര്‍ ചെയ്തു...അതിനപ്പുറം ആ കഥ ശ്രദ്ധിക്കപെടാതെ വിസ്മൃതിയില്‍.....വിനോദ് പിന്നെയും കഥകള്‍ എഴുതി..

           "ടോ ഇക്കാലത്ത് പെണ്ണെഴുത്ത് ...അതിനാ ഡിമാന്റ്..സംശയം ഉണ്ടെങ്കില്‍ തന്റെ ഗ്രൂപ്പില്‍ കയറി ഒന്ന് ശരിക്കും നോക്ക്..."

             കൂട്ടുക്കാരന്‍ ശരത് പറഞ്ഞ  വാക്കുകള്‍ ശരി തന്നെ...ദാ മുന്നില്‍ നില്‍ക്കുന്നു...അമ്മുകുട്ടി, കുഞ്ഞിമോള്‍, പാറു, അംബികാദേവി. അവരുടെ ഓരോ പോസ്റ്റും ഓരോ ആഘോഷം തന്നെ...

           "എന്‍റെ കണ്ണില്‍ ഒരു തരി മണ്ണ് പോയി.."  അംബികാദേവിയുടെ പോസ്റ്റ്‌..

                                    4043Like      457Comment               1208

           "ഞെട്ടി പോയി എന്റെ യൗവനം...അവരുടെ ഓരോ പോസ്റ്റിനും കമന്റുന്ന ചേട്ടായിമാര്‍, അനിയന്മാര്‍, ചില കമന്‍റുകള്‍ കണ്ടപ്പോള്‍ ...

          "എന്‍റെ കരളിലെ പ്രണയത്തിന്റെ കാറ്റ് കൊണ്ട് ആ മണ്ണ്‍ തരിയെ ഞാന്‍ പുറത്തെടുക്കാം......ബാബുക്ക ജുബൈല്‍...

          "മോളുടെ കണ്ണിലെ മണല്‍ തരി വീണത് കേട്ട്  എന്റെ നെഞ്ചില്‍ പതിച്ചത് ഒരു കരിമ്പാറയാണ്"....അനില്‍ നാരായണ സലാല...

          "കണ്ണാണ് കണ്ണേ നിന്റെ കണ്ണ്...ആ കണ്ണുകള്‍ വേണം എണ്ണയൊഴിച്ച് എന്നെ കാത്തിരിക്കാന്‍"  പ്രേമചന്ദ്രന്‍ കൊയിലാണ്ടി"

               അങ്ങിനെ എത്രയോ പേര്‍..?? ഒറ്റ നോട്ടത്തില്‍ അറിയാം പെണ്‍ എഴുത്ത് അല്ല...പ്രൊഫൈല്‍ പിക്ചര്‍ ഒരു നാടന്‍ പെണ്‍കുട്ടിയുടെ..അതായിരിക്കാം ഗോപൂസ് കൂള്‍ ബാറിനു മുന്നില്‍ നില്‍ക്കുന്ന മുഴുവന്‍ പൂവന്മാരെയും ഇതിലേക്ക് നയിച്ചത്...ഇതില്‍ നിന്നും ഒന്നാം പാഠം എം.എ മലയാളം പാസ്സുക്കാരന്‍ പഠിച്ചു...ഒരു പെണ്ണിന്‍റെ മറവില്‍ ഇരുന്ന്‍ എഴുതിയാല്‍ ശ്രദ്ധിക്കപ്പെടാം...

             ഇന്ദുലേഖ, 21/08/1997, കൊടുങ്ങല്ലൂര്‍, എസ്.എന്‍,എം.കോളേജ് മാല്യങ്കര..
ഒപ്പം പ്രൊഫൈല്‍ പടമായി പണ്ട് ഗോവയില്‍ ഒരു ക്യാമ്പിനു പോയപ്പോള്‍ എടുത്ത മഹാരാഷ്രക്കാരി പെണ്‍കുട്ടി, അതോടെ വിനോദിന്റെ പുതിയ ഫെസ് ഫേക്ക് ബുക്ക് പടയോരുക്കത്തിനു ഒരുങ്ങി..

          "ഞാന്‍ എന്നെ അറിയാതെ, നീയെന്നില്‍ വിരിയില്ല,
            നീയെന്നില്‍ വിരിയുമ്പോള്‍ നാം തമ്മില്‍ അറിയുന്നു..."

        അതായിരുന്നു ഇന്ദുലേഖയുടെ കന്നി പോസ്റ്റ്‌...മണിക്കൂറുകള്‍ കൊണ്ട് ഒരു പ്രസ്ഥാനമായി മാറിയ പോസ്റ്റ്‌...ആരാധകര്‍, പിന്തുടരുന്നവര്‍, പാടി പുകഴ്ത്തുന്നവര്‍, കാമുകന്മാര്‍, കാമിതന്മാര്‍, ഇന്ദുലേഖ വിനോദ്  ഒരു കസേരയുടെ മുന്നില്‍ വെച്ച പി.സിയില്‍ നോക്കി ഒരു കവിള്‍ ബിയര്‍ കുടിച്ച് പൊട്ടി പൊട്ടി ചിരിച്ചു..ആ പൊട്ടി ചിരി പപ്രണയ ചിരിയായി വീണ്ടും വീണ്ടും ഫെസ് ബുക്കില്‍ പോസ്റ്റുകള്‍ ആയി അലയടിച്ചു...

      "നീഹാര വിഹാരം...നിതുല സഞ്ചാരം...ചൈതന്യ നേത്രം...
       പ്രണോയ മനോഹരം...മനുഷ്യ ചടുലം, മനസങ്കെതികം,"

       അര്‍ഥം പോലും അറിയാത്ത ചില വരികള്‍ പടച്ച് വിട്ട മിസ്റ്റര്‍ ഇന്ദുലേഖന്‍..ഒരു തരംഗമായി, താരമായി, ദിവസവും നൂറിലധികം ഫ്രണ്ട്സ് രിക്വേസ്റ്റുകള്‍, മുപ്പതിനായിരം പിന്തുടര്‍ച്ചക്കാര്‍, സ്ഥിരമായി എന്ത് ചെളി പോസ്റ്റിയാലും കമന്റാന്‍ കൂറെ ലവന്മാര്‍.....

ഒടുവില്‍...

    കെ.വി. വിനോദിന് ഒരു വലിയ പശ്ചാത്താപം മനസ്സില്‍ ജ്വലിച്ചു...

        ''പറ്റിക്കുന്നു...താന്‍ പറ്റിക്കുന്നു...കുറേ പേരെ ചതിക്കുന്നു...ആ താപം ഒരു പോസ്റ്റായി, എഴുതി പ്രൊഫൈല്‍ പടം മാറ്റി സ്വന്തം പടമിട്ട്, ഫേസ്ബുക്ക് ടൈം ലൈനില്‍  പതിച്ച് സന്തോഷത്തോടെ ഉറങ്ങാന്‍ കിടന്നു...അയാള്‍ ഉറങ്ങുമ്പോള്‍ ഇന്ദുലേഖയില്‍ നിന്നും പരിവര്‍ത്തന പ്രക്രിയ നടക്കുകയായിരുന്നു...അങ്ങ് ഫെസ് ബുക്കില്‍...ഇന്ദുലേഖ ലേഖനായി മാറിയത്‌ ആരാധക വൃന്ദങ്ങളില്‍ സൃഷിച്ച പ്രത്യഘാതo .....

         പൊങ്കാല....ഫെസ് ബുക്ക് തുറന്ന കെ.വി വിനോദ് കണ്ടത് അതി ഭീകരമായ പൊങ്കാല...പുതിയ തെറികളുടെ അഭിഷേകം...നിരവധി തവണ "മാതാപിതാക്കളെ ഭീകരമായ ഭാഷയില്‍ ബലി കൊടുക്കേണ്ടി വന്നിരിക്കുന്നു...ഒരു  രാത്രി കൊണ്ട് മൊത്തം മാലിന്യം  വിതറി നാശമായ മുഖപുസ്തകം...മുപ്പതിനായിരം പിന്തുടര്‍ച്ചക്കാര്‍ ഒരു രാത്രി കൊണ്ട് 900 ആയി നിലംപതിച്ചിരിക്കുന്നു...അണ്‍ ഫ്രണ്ട് ആക്കിയവര്‍ വേറെ...കൊല്ലുമെന്ന ഭീക്ഷണി, തല്ലുമെന്ന ഭീഷണി..പിന്നെ വായിക്കാന്‍ കഴിയാത്ത ഭാഷ രൂപങ്ങള്‍..അതി വേഗം ബഹു ദൂരം കൂടുതല്‍ തെറികള്‍ നിറയും മുന്‍പേ....

     "വിട...ഫേസ്ബുക്ക് നിന്നോട് വിട,"

      പൌലോ കൊയ്ലോയുടെ പുസ്തകത്തില്‍ മുഖം പൂഴ്ത്തി രണ്ട്‌ ദിനങ്ങള്‍ക്ക് ശേഷം കടപ്പുറത്തെ പഞ്ചാര മണലില്‍ ഇരിക്കുമ്പോള്‍ പിന്നില്‍ നിഴല്‍..നിഴല്‍ അടുത്ത് വന്നു..കെ.വി .വിനോദിനെ സ്പര്‍ശിച്ചു..തിരികെ നോക്കിയപ്പോള്‍ ഒരടി..കവിളില്‍ തകര്‍ത്ത് ഒന്നൊന്നര അടി...

   "പൊന്നീച്ച പറന്നു പോയ യൗവനം..."

    മുന്നില്‍ ശരത്...അല്‍മാത്രാ സ്നേഹിതന്‍...(ആത്മാര്‍ത്ഥ സ്നേഹിതന്‍)..പുകയുന്ന കണ്ണുകള്‍..ചുവന്ന ചുണ്ടുകള്‍, രക്തം കൊതിക്കുന്ന നാവ്...വിറക്കുന്ന കരങ്ങള്‍??കവിള്‍ പൊത്തി എന്തെങ്കിലും ചോദിക്കുന്നതിനു മുന്പ് നായകന്‍ വില്ലന് നേരെ കൈ ചൂണ്ടി...വില്ലന്‍ ഞാന്‍ തന്നെ...ഇപ്പോള്‍ നായകന്‍ അവന്‍...

     "പരമ നാറി, ചെറ്റേ...പറ്റിക്കുന്നോ??ഇത്രയും നാളും ഇന്ദുലേഖ പോസ്റ്റ്‌ ചെയ്തിരുന്ന പോസ്റ്റുകളില്‍ പെണ്ണാണെന്ന് കരുതി ആദ്യം കമന്റ് ചെയ്തിരുന്ന "മംഗലശ്ശേരി നീലകണ്ഠന്‍ " എന്ന ഫെസ് ബുക്ക് ഐ.ഡി. എന്‍റെ ആയിരുന്നെടാ മലരേ..

       "പ്ലിംഗ്....പിന്നെയും പ്ലിംഗ്..."


     "പ്രേമിച്ചതിനും, മോഹിച്ചതിനും ഒരു കണക്കുമില്ല...എന്നിട്ട് ഒടുവില്‍ ശൈത്താന്‍ മോറന്‍ ...ഞാന്‍ പറഞ്ഞു തന്ന മാര്‍ഗ്ഗം എനിക്കിട്ട്ഛെ തന്നെ പണിത നിന്നെ.....കൊല്ലും ഞാന്‍.."

      കൂടുതല്‍ ഒന്നും പറയാതെ ശശിയായ ശരത് കലി തുള്ളി മുന്നോട്ട്...അടി കൊണ്ട വേഗതയില്‍ മനസ്സില്‍ നിന്നും എല്ലാ സാഹിത്യ ശൈലിയും ചാടി പുറത്തിറങ്ങി കടലില്‍ നീന്തി രക്ഷപ്പെട്ടു...കെ.വി വിനോദ് കടലിനക്കരെ നോക്കി, അമേരിക്കയെ നോക്കി പല്ലുകള്‍ കടിച്ച് ദേഷ്യത്തില്‍...സ്വന്തം മനസ്സില്‍ പറഞ്ഞു...

                   "സൂക്കര്‍ ബര്‍ഗ്ഗ്...താന്‍ പണ്ടാരായി പോട്ടെ...."


 
   

           









2015, ഓഗസ്റ്റ് 18, ചൊവ്വാഴ്ച

യേശുനാഥന്‍ ദൈവപാക്യം....

                                                     രാവിലെയാണ് ശിവപ്രിയ മുനമ്പം ഹാര്‍ബറില്‍ അടുത്തത്.ഏഴ് ദിവസത്തെ കടല്‍ ജീവിതത്തിനു ശേഷം നിറയെ മീനുമായി."പതിനാലില്‍ " കൂന്തളും, കിളി മീനും, തളയാനും കൊയ്ത്തായിരുന്നു...അവസാനമിട്ട വലയില്‍ നിന്നും കണ്ണയില പെറുക്കി കടലില്‍ എറിയേണ്ടി വന്നു...ഐസ് തീര്‍ന്നതിനാല്‍ പതിനാലില്‍ നിന്നും വലിച്ച് വെച്ച് ഒരു വിടല്‍...വെളുപ്പിന് മുനമ്പത്ത്..."യേശുനാഥന്‍ ദൈവപാക്യം" എന്ന പാക്യം ആണ് രണ്ടാം സ്രാങ്ക്..കരയില്‍ എത്തിയാല്‍ പിന്നെ ഒന്നാം സ്രാങ്ക് വെള്ളത്തില്‍ മുങ്ങും.."വെള്ളത്തില്‍ നിന്നും കയറിയാല്‍ വെള്ളത്തില്‍ മുങ്ങി കിറുങ്ങി നടക്കുക...അതാണ് ഒന്നാം സ്രാങ്ക്..

                                                     പാക്യം പിള്ളേരെയും കൂട്ടി മീന്‍ കോരാനുള്ള തയ്യാറെടുപ്പ് തുടങ്ങി...നേരം വെളുക്കുന്നതെയുള്ളൂ...കരയില്‍ ലേലം വിളി തുടങ്ങിയിരിക്കുന്നു..."വേളാങ്കണ്ണി മാതാ.."ബോട്ടിലെ മീനാണ് ലേലം നടക്കുന്നത്...പാക്യം കുന്ന്‍ കൂട്ടിയിട്ടിരിക്കുന കിളിമീനിന്റെ ഇടയിലൂടെ ലേല സ്ഥലത്ത്...തരകന്‍ സതീശന്‍ തകര്‍ത്ത് വിളിക്കുന്നു...മൂന്ന്‍ ബോക്സ് ഇടത്തരം കിളിയുടെ വില ആറായിരം കടന്നിരിക്കുന്നു...പാക്യത്തെ കണ്ടതും സതീശന്‍ കണ്ണ് കൊണ്ട് മീന്‍ കൊണ്ട് വരാന്‍ ആംഗ്യം കാണിച്ചു...പാക്യം തിരികെ നടക്കുമ്പോള്‍ "വെള്ളം കൊരികളെ" കുറിച്ച് ഓര്‍ത്തു. വഴിയില്‍ കണ്ട സീഗള്‍ ബോട്ടിലെ സ്രാങ്ക് പീറ്ററോട് തിരക്കി..

              "അണ്ണാ നമ്മ വെള്ളം കോരി സിദ്ധിഖ്..അവനെ പാത്താച്ചാ??"

              "ഇല്ലപ്പാ..."

                                                 വെള്ളം കോരികള്‍ എന്നറിയപ്പെടുന്ന സഹായികള്‍ ആണ് ബോട്ട് അടുക്കുമ്പോള്‍ സാധാരണ സഹായിക്കാന്‍ എത്തുന്നത്...ശിവപ്രിയ കരയില്‍ അടുക്കുമ്പോള്‍ രണ്ടു വെള്ളം കോരികള്‍ ഉണ്ടാകും സഹായത്തിനു...ഇന്ന്‍ അവരെ കാണാനില്ല...വരുമായിരിക്കും.....?? എന്തായാലും കുറച്ച് മുന്നില്‍ ബോട്ടിന്‍റെ മുതലാളി സജിത്തണ്ണന്‍...പാക്യം മനസ്സില്‍ കരുതി.എല്ലാം കഴിയുമ്പോള്‍ അണ്ണനോട് ചോദിക്കണം, ജീവിതത്തിലെ പ്രധാന ഒരു ദിവസമാണ് നാളെ...അണ്ണന്‍ സമ്മതിക്കും...ഒന്നാമത് നല്ല ചരക്കുള്ള ദിവസമാണ്...അയാള്‍ വേഗം നടന്ന്‍ സജിത്തിന്‍റെ അടുത്തെത്തി..സജിത്ത് അയാളെ കണ്ടതും ഉറക്കം വിടാത്ത കണ്ണിലൂടെ ...

         "എങ്ങിനുണ്ട്??"

         "ഒരു മുപ്പത് ബോക്സ് കണവ ഉണ്ടാകും അണ്ണാ...പിന്നെ കിളി, തളയാനും, ചൂണ്ട പണി തരകേടില്ല... അറക്ക, കുടുത...സതീശന്‍ അണ്ണന്‍ പറഞ്ച്...കോരി കൊള്ളാന്‍..

                                                      പകരം ഒരു മൂളല്‍ ആയിരുന്നു മറുപടി.ബോട്ടില്‍ ചെല്ലുമ്പോള്‍ വെള്ളംകോരികളും, ബോട്ടിലെ പണിക്കാരും മീന്‍ സ്റ്റോറില്‍ നിന്നും കോരിയെടുക്കാന്‍ തയ്യാറായി നില്‍ക്കുന്നു.. ഒമ്പത് മണി വരെ മീന്‍ ചുമന്ന്‍ ഹാര്‍ബറില്‍ ലേലം വിളി നടക്കുന്ന സ്ഥലത്ത് എത്തിച്ചു.. ഒടുവിലത്തെ ബോക്സും ലേലം വിളി കഴിഞ്ഞ് തിരികെ ബോട്ടിലേക്ക്...മറ്റ് പണിക്കാരെ കൂട്ടി സ്റ്റോര്‍ റൂമും, ബോക്സുകളും, വീല്‍ ഹൌസും, എല്ലാം കഴുകി വൃത്തിയാക്കി.കീറിയ വലകള്‍ എടുത്ത് വലപ്പണിക്കാരന്‍ മധുവിന് കൊടുത്ത് തിരികെ വന്ന്‍ ഒരു കുളിയും നടത്തി മൂന്ന്‍ മണിയോടെ ഉച്ചയൂണ് കഴിച്ചു..സ്രാങ്ക് ലഹരിയില്‍ നുരഞ്ഞു പതഞ്ഞു ഒരു വലയുടെ മുകളില്‍ കിടന്നുറങ്ങുന്നു...ഇനി ഉയിര്‍ത്തെഴുന്നേല്‍പ്പ് നാളെ വെളുപ്പിന് ബോട്ട് കര വിടുമ്പോള്‍...അതാണ് പതിവ്..

                                                      നാളത്തെ ദിവസം..മനസ്സ് വല്ലാതെ ഭയപ്പെടുന്നു..സ്രാങ്ക് സമ്മതിച്ചു..ഇനി സജിത്തണ്ണന്‍...ചോദിക്കണം..നാളെ കുളച്ചല്‍ എത്തിയില്ലെങ്കില്‍ ചങ്ക് പൊട്ടി മരിച്ച് പോകും...മനസ്സ് പായുകയാണ്..നാളത്തെ ഒരു ദിവസം...ജീവിതത്തില്‍ കൂട്ടി വെച്ച എല്ലാ സ്വപ്നങ്ങള്‍ക്കും അര്‍ത്ഥമുണ്ടാകുന്ന ദിവസം..മുതിരന്നതില്‍ പിന്നെ കരയേക്കാള്‍ കൂടുതല്‍ സമയം കടലിലാണ് ജീവിച്ചത്..ആഴവും, അനന്തവുമായ കടല്‍...ട്രോളിങ്ങ് നിരോധിക്കുമ്പോള്‍ നാട്ടിലെത്തി കട്ടമരത്തില്‍ കടലില്‍ പോകും..കടലാണ് ജീവിതം..ആ കടല്‍ തന്നെയാണ് ജീവിതം തകര്‍ത്തതും..ജാനമ്മ  ..ഒരു വേദനയാണ്..ഒരു സുനാമിയില്‍ നഷ്‌ടമായ വേദന..സ്നേഹത്തിന്റെ നിറകുടം..അവള്‍ ജീവിതത്തില്‍ തന്ന സ്നേഹം അതിന്റെ അളവ്, കടലോളം വരും...കടല്‍ പോലെ സ്നേഹം..ഒടുവില്‍ കടലില്‍ തന്നെ...അവസാനമായി ഒന്ന് കാണാന്‍ പോലും സാധിച്ചില്ല...മകളെയും കൊണ്ട് കൊളച്ചല്‍ ടൗണില്‍ പോയി വരുമ്പോള്‍ എല്ലാം തീര്‍ന്നിരുന്നു....രാക്ഷസ തിരമാലകളില്‍ തുടച്ച് മാറ്റപ്പെട്ട തീരം...ജാനമ്മ കണ്ടു കിട്ടാനാകാത്ത നൊമ്പരമായി...മകളെയും, തന്നെയും തനിച്ചാക്കി കടലമ്മയുടെ മടിയില്‍ ഒളിച്ചിരിക്കുന്ന ജാനമ്മ, കടലും, താനും തനിച്ചാകുമ്പോള്‍ കണ്ണുകള്‍ നിറയും..ആരുമറിയാതെ കരയും.., ആഴക്കടലില്‍ വല വിരിക്കുമ്പോള്‍, ചൂണ്ട ഇടുമ്പോള്‍, ആകാശം നോക്കി കിടക്കുമ്പോള്‍ അവളെ ഓര്‍ക്കും...ജാനമ്മ..അവളെ കളിയാക്കി "കിളി മീന്‍" എന്നാണ് വിളിച്ചിരുന്നത്..ആ സ്നേഹം, അതൊരു നിധിയായിരുന്നു...ഇനിയൊരിക്കലും ഒരാളില്‍ നിന്നും കിട്ടാത്ത നിധി...

            "എന്താ പാക്യം...നിനയ്ക്ക് നാട്ടില്‍ പോണോ??

                                                      സജിത്തണ്ണന്‍...മുന്നില്‍..ആരോ പറഞ്ഞുള്ള അറിവായിരിക്കാം...തരകന്‍ ആപ്പീസിലെ രമേശന്‍ പറഞ്ഞതാകും...കാലത്ത് അവനോട് സൂചിപ്പിച്ചിരുന്നു...

           "അതെ അണ്ണാ...ഒരു വാരത്തുക്ക്...സ്രാങ്ക് സമ്മതം തന്നാച്ച്"

            "പൊയ്ക്കോ...അടുത്ത തവണ ബോട്ട് കയറുമ്പോള്‍ ഇവിടുണ്ടാകണം.."

                                                      സന്തോഷത്തോടെ തല ചൊറിഞ്ഞു അണ്ണനെ നോക്കി...ആള്‍ക്ക് അത് വേഗം തന്നെ മനസ്സിലായി..ആളുമായി അധികം സംസാരിക്കില്ല..ചില ആംഗ്യം, അത് മതി മനസ്സിലാക്കാന്‍, ചിലപ്പോള്‍ അതും വേണ്ട..ഒരു നോട്ടം..ഒരു ചലനം..

           "എന്നാ അഡ്വാന്‍സ് വേണമാ...ഇത്തവണ ബാറ്റയും, ചൂണ്ട പങ്കും ചേര്‍ത്ത് കൊറച്ച് കിട്ടില്ലേ...ഇനീം ...എത്ര വേണം...??

                                                      അയ്യായിരമെന്നു വലത് കൈ വിരല്‍ മുഴുവന്‍ വിടര്‍ത്തി കാണിച്ചു...

          "തരകന്‍ അപ്പീസിന്നു വാങ്ങിച്ചോ..."

                                                       പിന്നെ എല്ലാം വേഗത്തിലായി...ഒരാഴ്ചയ്ക്കുള്ള റേഷന്‍ വാങ്ങി ബോട്ടില്‍ കൊടുത്തു...അടുത്ത പോക്കിനുള്ള ഐസ് സ്റ്റോറില്‍ നിറച്ചു..ഡീസല്‍ അടിക്കാന്‍ പമ്പില്‍ കൊണ്ട് പോയി...എല്ലാം തീരുമ്പോള്‍ സമയം രാത്രി പത്ത് മണി...എറണാകുളം വരെ പോകുന്ന സഫ യുടെ മീന്‍ വണ്ടിയില്‍ കയറി യാത്ര..ഉറങ്ങാന്‍ തോന്നിയില്ല...കണ്ണ് പൂട്ടിയാല്‍ നാളത്തെ ദിവസത്തെ കുറിച്ചുള്ള ആകാംക്ഷ..ജീവിതത്തില്‍ പ്രധാന ദിവസങ്ങള്‍...അതില്‍ ഒരു പക്ഷെ ഏറ്റവും പ്രധാന ദിവസം...കൂനന്മാവ് പള്ളിയിലെ കുരിശ് രൂപം ഇരുട്ടില്‍ തിളങ്ങുന്നു...പ്രാര്‍ത്ഥിച്ചു...രാവിലെ കൊളച്ചല്‍ എത്താം...വണ്ടി കിട്ടുന്ന മുറയ്ക്ക്..വിചാരിച്ച പോലെ അധികം താമസിയാതെ തിരുവനന്തപുരം ഫാസ്റ്റ് കിട്ടി..അതിരാവിലെ തമ്പാനൂര്‍ എത്തും..പക്ഷെ എല്ലാം തകിടം മറിച്ച് വഴിയില്‍ വെച്ച് ഒരു പഞ്ചര്‍...കൊറേ താമസിച്ചാണ് അടുത്ത വണ്ടി കിട്ടിയത്..മൊബൈല്‍ ആണെങ്കില്‍ ചാര്‍ജ്ജ് പോയി നിലച്ചു...രാവിലെ എട്ടു മണിയോടെ തിരുവനന്തപുരത്ത്...ഒരു കാലി ചായയും കുടിച്ച് വേഗം നാഗര്‍കോവില്‍ വരെ പോകുന്ന ചേരന്‍ ബസ്സില്‍ ഇടം പിടിച്ചു...
അടുത്ത ഇരിക്കുന്ന ആള്‍ ഒരു പത്രം വായിക്കുന്നു...നോക്കാന്‍ തോന്നിയില്ല..വേണ്ട...ആകാംഷ വളരുന്നു..ഒന്ന്‍ ഫോണ്‍ ചെയ്യാന്‍ പോലും...


                                                   കൊളച്ചല്‍ ബസ്സിറങ്ങി വാനിയക്കുടി വരെ ഒരു ഓട്ടോ പിടിച്ചു...മനസ്സ് പെരുമ്പറ പോലെ കൊട്ടാന്‍ തുടങ്ങുന്നു...ജീവിതത്തിലെ പ്രധാന ദിവസം മുന്നില്‍...ഇത് വരെ കടലില്‍ ജീവിച്ച ജീവിതത്തിനു ഒരു മാറ്റം...സൈന്റ്.ജെയിംസ് പള്ളിയിലെ രൂപക്കൂട്ടില്‍ പരമ കാരുണ്യവാന്‍ കരുണ ചൊരിയുന്നു..അവന്‍റെ കരുണ തന്നിലേക്കും നീളുന്നുവോ?? ജാനമ്മ കൊതിച്ച, താന്‍ ഒരു പാട് കൊതിച്ച ദിവസം...വളവ് തിരിഞ്ഞ് മുന്നില്‍ കൊച്ച് വീട്...അവിടെ ഒരാള്‍കൂട്ടം...മനസ്സ് വീണ്ടും ഉച്ചത്തില്‍ മേളം....


                                                   കൂട്ടം കൂടി നില്‍ക്കുന്ന ആളുകള്‍ക്ക് ഇടയിലൂടെ അഭിമാനത്തോടെ നടന്നു...ജയ ടിവിയടക്കം കുറേ ചാനലുക്കാര്‍, നാട്ടുക്കാര്‍ മുഴുവന്‍...രണ്ടു മുറി വീടിന്റെ ഹാളിലേക്ക് അയാള്‍ കയറി...ഹാളിന്റെ ഒരു വശത്ത് മുഴുവന്‍ പുസ്തകങ്ങള്‍, ന്യൂസ് പേപ്പറുകള്‍, മാസികകള്‍, അവിടെയും ജന സമുച്ചയം, ആരോല്ലോമോ അയാളെ നോക്കി അടക്കം പറഞ്ഞു..യേശുനാഥന്‍ ദൈവപാക്യം അവളെ തേടി...ഒരു ചാനലുക്കാരുടെ മുന്നില്‍ അവള്‍..തന്റെ മകള്‍, ജാനമ്മയുടെ മകള്‍, രോഷ്നി ദൈവപാക്യം..
"രോഷ്നി ദൈവപാക്യം..ഐ.എ.എസ്..." കടപ്പുറത്ത് ജനിച്ച് വളര്‍ന്ന്‍, സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച്, ഒരു മുക്കുവന്റെ മകളായി ജീവിച്ച് ആ വര്‍ഷത്തെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ...
രോഷ്നി ദൈവപാക്യം...അച്ഛനും, മകളും തമ്മില്‍ കണ്ടു...പാക്യം ബഹുമാനത്തോടെ കൈകള്‍ കൂപ്പി, നിറഞ്ഞ കണ്ണുകള്‍...

             "കാലേ..വണക്കം അമ്മാ..."

                                                  അവള്‍ ഓടി വന്ന് ഒരു കരച്ചിലോടെ പാക്യത്തെ പുണര്‍ന്നു...സന്തോഷം കണ്ണ് നീരായി പുറത്തേക്ക്...ക്യാമറകള്‍ മിന്നി...ആ അച്ഛന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസത്തിനു മുന്നില്‍..വര്‍ഷങ്ങള്‍ കൊണ്ട് കടലിലും, കരയിലും നെയ്ത ജീവിത സ്വപ്നം ഒരു വിജയമായി മുന്നില്‍..അവള്‍ ഒരു കൊച്ചു കുട്ടിയെ പോലെ കൈകള്‍ നീട്ടി...

       "അപ്പാ..."

                                                  പാക്യം സഞ്ചിയില്‍ നിന്നും തേന്‍ നിലാവ് പാക്കെറ്റ് ആ കൈകളില്‍ കൊടുത്തു..എന്നത്തേയും പോലെ..കൊച്ചു കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരു തേന്‍ നിലാവ് ..അതിനപ്പുറം മറ്റൊന്നും അവള്‍ ആവശ്യപെട്ടിട്ടില്ല...ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല..പരാതിയില്ല, പരിഭവമില്ല..അയാള്‍ വീണ്ടും അവളെ ചേര്‍ത്ത് പിടിച്ചു...

.                                               അപ്പോള്‍ കടലില്‍ നിന്നും അടിച്ച ഒരു ചെറിയ കാറ്റില്‍ കടല്‍ത്തിരയുടെ ആത്മാവ് കലര്‍ന്ന്‍ ജലകണങ്ങള്‍...അതിനു ജാനമ്മയുടെ ഗന്ധമുണ്ടായിരുന്നു.


പതിനാല് :- ബോട്ടുക്കാരുടെ ഭാഷയില്‍ മംഗലാപുരത്തിനും , കണ്ണൂരിനുമിടയില്‍, ഇരുപത് നോട്ടിക്കല്‍ മൈല്‍ ദൂരത്ത്...(കേട്ടറിവ്)

                                                         





              

25th JUNE 2050, കൊടുങ്ങല്ലൂര്‍...

25th June 2050,

                                             നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാന താവളത്തിന്റെ മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ വിമാനം ഇറങ്ങി പുറത്തേക്ക്‌ വന്ന് ഇനിയുള്ള യാത്രയെ കുറിച്ച് ചിന്തിച്ച് ഒരു നിമിഷം നിന്നു..മള്‍ട്ടിമീഡിയ ഗ്ലാസ്സ് കണ്ണില്‍ വെച്ച് മൊബൈല്‍ സി.പി.യു ഓണ്‍ ചെയ്ത് "കൊടുങ്ങല്ലൂര്‍ " എന്ന് പറഞ്ഞപ്പോള്‍ ഗ്ലാസ്സിന്റെ സ്ക്രീനില്‍ കൊടുങ്ങല്ലൂര്‍ നിറയുന്നു..സി.പി.യു റിമോട്ടില്‍ "വിക്കിമാപ്പ്‌"..അതില്‍ കൊടുങ്ങല്ലൂര്‍ പോകാനുള്ള കൃത്യമായ വിവരങ്ങള്‍...ഒരു സുന്ദരിയുടെ ശബ്ദത്തില്‍...

                                              എയര്‍ പോര്‍ട്ടിന് പുറത്ത്‌ നിന്നും മൂന്ന്‍ മാര്‍ഗ്ഗങ്ങള്‍...റോഡ്‌ മാര്‍ഗ്ഗം...കൊടുങ്ങല്ലൂര്‍ വരെ നീളുന്ന കൊച്ചി മെട്രോ വഴി, അതുമല്ലെങ്കില്‍ തീരദേശ റെയില്‍ വഴി..ചിന്തിച്ചപ്പോള്‍ റോഡ്‌ മാര്‍ഗ്ഗം ...അതായിരിക്കും നല്ലതെന്ന്‍ തോന്നി...കാഴ്ചയില്‍ നിറഞ്ഞു മുപ്പത്തിയഞ്ച് കൊല്ലത്തിനു ശേഷം മുസീരീസിലെക്ക്..ടാക്സി സ്റ്റാന്‍ഡില്‍ നിന്നും ഇലക്ട്രിക്ക് കാറില്‍ യാത ആരംഭം...മൂന്നാം നമ്പര്‍ ടെര്‍മിനലില്‍ നിന്നും ഇടപ്പള്ളി വരെയുള്ള അതിമനോഹരമായ എട്ടു വരി പാത..ഇരു വശത്തും പച്ചപ്പ്‌, റോഡിനു നടുവില്‍ പൂക്കാലം...ഡിജിറ്റല്‍ പരസ്യ ബോര്‍ഡുകള്‍...കൂറ്റന്‍ കെട്ടിടങ്ങള്‍, നഗരം ആകാശത്തേക്ക് വളര്‍ന്നു നില്‍ക്കുന്നു..."എട്ജു വേള്‍ഡ്‌" എന്ന അതിപ്രശസ്തമായ യൂണിവേഴ്സിറ്റി ഒരു മുപ്പത്‌ നില കെട്ടിടമായി വഴിയരികില്‍..വഴിയില്‍ ഒരിടത്ത്‌ പോലും ഒരു കടലാസ്സ്‌ കഷണം പോലും കാണാന്‍ കഴിയില്ല..അത്രയും വൃത്തിയുള്ള പരിസരം...മുപ്പത്തിയഞ്ച് വര്ഷം മുന്‍പ് മൂക്ക് പൊത്തി അറപ്പോടെ യാത്ര ചെയ്തിരുന്ന നാടായിരുന്നു...ഇതിപ്പോള്‍ വളരെ മാറിയിരിക്കുന്നു....അന്താരാഷ്ട്ര നിലവാരത്തിന് അപ്പുറത്തേക്ക്....എന്റെ കൌതുകം നിറഞ്ഞ നോട്ടം കണ്ട് കാറിന്റെ ഡ്രൈവര്‍ തന്നെ അഭിമാനത്തോടെ പറയാന്‍ തുടങ്ങി...

                                                 "സര്‍..രണ്ടായിരത്തി പതിനാറില്‍ നടന്ന "ക്യാമ്പസ്‌ വിപ്ലവം..."അതാണ് ഈ നാടിന്‍റെ ചരിത്രം മാറ്റിയത്‌...രണ്ടായിരത്തി പതിനാറിന് മുന്‍പ്‌ വരെ രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ പത്തറുപത് കൊല്ലം മാറി മാറി ഭരിച്ച്, കട്ട് മുടിച്ച്, നശിപ്പിച്ച സംസ്ഥാനം...ഒടുവില്‍ ജനത്തിനു വിവരം വെച്ച്...അതും കുട്ടികളിലൂടെ....സമൂഹത്തെ കാര്‍ന്നു തിന്നുന്ന ജീവികളെ അവര്‍ തിരിച്ചറിഞ്ഞു....അങ്ങിനെ ഒരു കോളേജ്‌ ക്യാമ്പസ്സില്‍ നിന്നും "ജന മുന്നേറ്റ മുന്നണി" എന്ന പേരില്‍...സംഭവം വേഗം തന്നെ വൈറല്‍ ആയി മാറി..പിന്നെ അന്നത്തെ സോഷ്യല്‍ മീഡിയ, ക്യാമ്പസുകളില്‍ നിന്നും അത് പൊതു ജന മധ്യത്തിലേക്ക്...കടല്‍ കിഴവന്മാരെ കട്ട് മുടിച്ച് ജീവിച്ചിരുന്ന പാര്‍ട്ടിയെ, അവര്‍ മാറാന്‍ കാത്തിരുന്ന എതിര്‍ കക്ഷിയെ നിയമസഭ തിരഞ്ഞെടുപ്പില്‍ വിറപ്പിച്ച് "ജനമുന്നേറ്റ മുന്നണി" തുടക്കം കുറിച്ചത്...അഴിമതിക്കാര്‍ മുഴുവന്‍ ജയിലിലും, കേസിലും..."'

                                                      ഡ്രൈവര്‍ പറഞ്ഞ് നിര്‍ത്തി കാര്‍ "ചാര്‍ജിംഗ് സ്റേഷനില്‍ ഓടിച്ച് കയറ്റി...അഞ്ചു മിനിറ്റ് കൊണ്ട് പുതിയ ബാറ്ററി കാറില്‍ കയറ്റി...ഇതാണിപ്പോള്‍ പുതിയ വിപ്ലവം..ലെഡ്‌ ആസിഡില്‍ നിന്നും മോചനം കിട്ടി പുതിയ ബാറ്ററികള്‍...ഇന്ധനം വേണ്ട...ഒരു പ്രാവശ്യം ചാര്‍ജ്ജ്‌ ചെയ്താല്‍ രണ്ടായിരം കിലോമീറ്റര്‍ സഞ്ചരിക്കാം...അതിനു പുറമേ കാറിനു മുകളിലെ സോളാര്‍ റൂഫില്‍ നിന്നും പകല്‍ സമയം ബാറ്ററി ചാര്‍ജ്ജ്‌ ചെയ്യാനുള്ള സൗകര്യം...


                                                         സര്‍...ഈ കാര്‍ കണ്ടോ...ഇത് പോലെ എല്ലാ മേഖലയില്‍ അടി മുടി മാറ്റങ്ങള്‍...ഇപ്പോള്‍ വന്നിറങ്ങിയ വിമാനത്താവളം പോലെ..ജന പങ്കാളിത്തത്തോടെ പദ്ധതികള്‍...ഒരു കാലത്ത്‌ ഒരു ചെങ്കൊടിയുടെ പിന്‍ ബലത്തില്‍ അടച്ച് പൂട്ടിയ കമ്പനികള്‍ എല്ലാം തുറന്നു..പുതിയവര്‍ വന്നു...(അയാള്‍ പറഞ്ഞത്‌ ശരി ആയിരുന്നു...ബോയിംഗ്, ഫോക്സ് വേഗന്‍, പാര്‍ക്കര്‍ ഇവയുടെ കമ്പനികള്‍ കൂറ്റന്‍ മതില്‍ കെട്ടിനകത്ത്, റോഡരികില്‍..)...നിയമങ്ങള്‍ അടി മുടി മാറി...വളരെ വേഗം തന്നെ ഈ നാട് മുഴുവന്‍ മാറ്റത്തിന്റെ കാറ്റ് വീശി...പണ്ട് ഇവിടെ നിന്നും ജോലി തേടി ഗള്‍ഫ്‌ രാജ്യങ്ങള്‍ തേടി പോകുന്ന പ്രവണത മാറി...ഇവിടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം..ഇതിനിടയില്‍ വേരറ്റു പോയ രണ്ടു പാര്‍ട്ടികള്‍...ഇന്നവര്‍ക്ക് നിയമസഭയില്‍ പോലും പ്രതിനിധികള്‍ ഇല്ലാത്ത അവസ്ഥ...

                                                             കാര്‍ ഇടപ്പള്ളി ഇന്റര്‍ ചേഞ്ച്‌ കയറി ദേശിയ പാത പതിനെഴിന്റെ ആറു വരിയിലേക്ക്...അതിനു സമാന്തരമായി തീരദേശ റെയിലും, മോട്രോയും, റോഡിനിരു വശവും ആകാശത്തേക്ക് നഗരം വളരുന്നു...കൊച്ചി ഇപ്പോള്‍ ഗ്രേറ്റ്‌ മെട്രോ ആണ്...അരൂരും, മുവാറ്റുപുഴയും, ചാലക്കുടിയും, കൊടുങ്ങല്ലൂരും ഉള്‍പെടുന്ന വിശാല നഗരം..ഡ്രൈവര്‍ പറഞ്ഞത്‌ ശരിയാണ്...അടി മുടി മാറ്റം...കേട്ടിരുന്നു ചില വാര്‍ത്തകളില്‍ ...സൗരോര്‍ജ്ജം ഇത്രയും ഉപയോഗിക്കുന്ന സംസ്ഥാനം...ഇരു ഹൈഡ്രോ ഇലക്ട്രിക്ക് പോജക്ടിനെ ആശ്രയിച്ച് ജീവിച്ചിരുന്ന ജനത്തെ മാറ്റി മരിച്ചത്‌ ക്യാമ്പസ്‌ വിപ്ലവം തന്നെ...ഇന്ന്‍ എല്ലാം സൂര്യനെ ഉപയോഗിച്ച്, ...ഇടയ്ക്ക് വഴിയരികിലെ ഒരു ഡിജിറ്റല്‍ ബോര്‍ഡില്‍ പതിനഞ്ച് വര്‍ഷമായി നാട് ഭരിക്കുന്ന ഉദ്യോഗസ്ഥനായ മുഖ്യമന്ത്രി "അഖില്‍.എസ്."..ഒരു നാടിന്‍റെ ഭാഗധേയം മാറ്റി മരിച്ച മാറ്റങ്ങള്‍ കാത്ത്‌ സൂക്ഷിക്കുന്ന എഞ്ചിനീയര്‍ കൂടിയായ മന്ത്രി...പണ്ട് ജനസേവനം എന്ന്‍ പേരിട്ടു കാലത്ത്‌ തന്നെ ഖദര്‍ ധരിച്ച് ഇറങ്ങി നടന്നിരുന്ന ഒരു ജോലിയും ചെയ്യാതെ ജനങ്ങളെ സേവിച്ച്, എല്ലാത്തിലും ഇടപ്പെട്ട്, കയ്യിട്ടു വാരി കുളമാക്കി നടന്നിരുന്ന വര്‍ഗ്ഗം ഇന്ന് അന്യം..ഇന്ന്‍ എല്ലാവര്‍ക്കും, ഭരിക്കുന്നവര്‍ക്കും ജോലിയാണ്...ജോലി ചെയ്ത് ഭരിക്കുന്ന പുതിയ തലമുറ...അതിന്റെ മാറ്റം അതി വിപുലം....വ്യവസായ വല്‍കൃത സമൂഹം...സ്വയം പര്യാപ്തമായ ഏഴ് കോടി ജനത...കൊടികളും, തോരണങ്ങളും ഇല്ലാത്ത വഴിയോരങ്ങള്‍...

                                                                        
                                                                         പോക്കറ്റ് സി.പി.യു എടുത്ത്‌ അതില്‍ വെറുതെ അഖില്‍.എസ് എന്ന്‍ പറഞ്ഞപ്പോള്‍ അയാളെ കുറിച്ചുള്ള വാര്‍ത്തകള്‍...അതില്‍ അതീവ താല്പര്യം ഉണ്ടാക്കിയ ചില വാക്കുകള്‍...ഒരു നാടിനെ സേവിക്കുന്ന ഉദ്യോഗസ്ഥനായ മുഖ്യമന്ത്രിയുടെ വാക്കുകള്‍...

                     "വെറുതെ ഒരു പ്രഖ്യാപനം, വെറുതെ ഒരു കല്ലിടല്‍...അതായിരുന്നു നമ്മുടെ പഴമക്കാര്‍ ചെയ്തത്..ഇന്ന്‍ ഒരു പ്രഖ്യാപനം...നാളെ അതിന്‍റെ തുടക്കം...ഇന്നിടുന്ന കല്ല്‌, നാളെ അതിന്‍റെ കെട്ടി ഉയര്‍ത്തല്‍...അതാണ് നമ്മുടെ ശൈലി..വാക്കുകള്‍ അല്ല വളരേണ്ടത്‌...പ്രവര്‍ത്തികള്‍ ആണ് വാക്കുകളേക്കാള്‍ മുന്നില്‍ വരേണ്ടത്...ഞാനല്ല..നമ്മളാണ് ഒന്നിച്ച് തീരുമാനിക്കേണ്ടത്.....ഞാനല്ല...നമ്മളാണ് ഈ നാട് ഭരിക്കുന്നത്,,,"

                                                                           പറവൂര്‍ എലിവെറ്റ് ഇന്റര്‍ ചേഞ്ച്‌ പിന്നിട്ട് മുന്നിലേക്ക്‌ പോകുമ്പോള്‍ കാറിന്റെ വീഡിയോ സ്ക്രീനില്‍ പുതിയ മലയാള ചിത്രത്തിലെ ഗാനരംഗം..സൂപ്പര്‍ സ്റാര്‍ അദ്വൈത്‌ ജയസൂര്യ  തകര്‍ത്ത്‌ ഡാന്‍സ്‌ ചെയ്യുന്നു...പണ്ട് ഇവന്‍റെ അച്ചന്‍ ജയസൂര്യയുടെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്..എന്തായാലും ചെറുക്കന്‍ കൊള്ളാം...എല്ലായിടത്തും മാറ്റങ്ങള്‍...അറുപത് വര്‍ഷം കൊണ്ട് മാറി മാറി ഭരിച്ച് മുരടിപ്പിച്ച മണ്ണിനെ വെറും ഇരുപത്തിയഞ്ച് വര്‍ഷം കൊണ്ട് മാറ്റിയെടുത്ത ആ കഴിവിനെ അഭിനന്ദിച്ചേ മതിയാകൂ....കാര്‍ പെരിയാറിനെ മുറിച്ച് കടന്ന് കൊടുങ്ങല്ലൂറിന്റെ മണ്ണിലേക്ക്‌...പെരിയാറിനു മീതെ നാലു പാലങ്ങള്‍, കണ്ടൈനര്‍ പോര്‍ട്ടില്‍ കാത്ത്‌ കിടക്കുന്ന ബാര്‍ജ്ജുകള്‍, നിര നിരയായി ലോറികള്‍, പെരിയാറിന്റെ തീരത്ത്‌ വളര്‍ന്ന്‍ നില്‍ക്കുന്ന ഉപനഗരം...കൊച്ചിയുടെ ഉപനഗരം...അകലെ പെരിയാര്‍ എന്ന കൊടുങ്ങല്ലൂര്‍ കായല്‍ അറബി കടലിനോടു ചേരുന്നിടത്ത് തുറമുഖത്ത്‌ കപ്പലുകള്‍, അതിനപ്പുറം നേരിയ വെള്ളി വര പോലെ അഴീക്കോട് പാലം...മാറ്റങ്ങള്‍...സ്വപ്ന തുല്യമായ വികസനങ്ങള്‍...ആധുനിക നഗരം, അടിമുടി മാറിയ ജനങ്ങള്‍, അഭ്യസ്തവിദ്യരായ ജനങ്ങള്‍...നല്ല റോഡുകള്‍, വൃത്തിയുള്ള ചുറ്റ് പ്പാടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കര്‍ശനവും, കനിശവുമായ റോഡ്‌ നിയമങ്ങള്‍, എല്ലായിടത്തും മാറ്റം...ദൈവത്തിന്റെ സ്വന്തം നാട് എന്ന്‍ പദം യാഥാര്‍ത്ഥ്യം...


                                                                                   അമിതമായ ആവേശത്തോടെ ഞാന്‍ എന്‍റെ നാടിനെ കണ്‍ കുളിര്‍ക്കെ കണ്ടു....മുപ്പത്തിയഞ്ച് കൊല്ലത്തിനു ശേഷം...പെട്ടെന്ന്‍..മുന്നില്‍..ഒരു കണ്ടയ്നര്‍ ലോറി...അപ്രതീക്ഷിതമായി എതിരെ കടന്ന് വന്നു...ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥ...ഡ്രൈവര്‍ വെട്ടി തിരിക്കാന്‍ നോക്കി...സാധിച്ചില്ല...അത് ഇടിച്ച് തുളച്ച് കാറിനെ തെറിപ്പിച്ച്...ഒന്നും കാണാന്‍ കഴിയാത്ത അവസ്ഥ...കണ്ണില്‍ ഇരുട്ട്..ഒരു ആര്‍ത്തനാദം...ഞാന്‍ ഞെട്ടിയുണര്‍ന്നു...ചുറ്റും ഇരുട്ട്...കൈ എത്തിച്ച് ബെഡ് സ്വിച്ച് ഇട്ടു...മുറിയില്‍ വെളിച്ചം..ചുമരില്‍ തൂങ്ങുന്ന കലണ്ടറില്‍ നോക്കി...പിന്നെ ക്ലോക്കിലും...

                 ആഗസ്റ്റ്‌ മാസം...18,  2015, സമയം വെളുപ്പിന് മൂന്നര...എല്ലാം സ്വപ്നം..കണ്ട കാഴ്ചകള്‍ എല്ലാം സ്വപ്നം...എന്തായാലും സുന്ദരമായ കാഴ്ചകള്‍...മനസ്സ് ആഗ്രഹിക്കുന്ന കാഴ്ചകള്‍...എന്നെ പോലെ പലരും കൊതിക്കുന്ന കാഴ്ചകള്‍...മാറേണ്ടിയിരിക്കുന്നു...എല്ലാം മാറണം...എന്തായാലും ഒരു കാര്യത്തില്‍ സന്തോഷം തോന്നി...വെളുപ്പിന് കണ്ട സ്വപ്നം ആണ്...പഴമക്കാര്‍ പറഞ്ഞു കേട്ടിടുണ്ട്...അത് ഫലിക്കും...ഇന്നല്ലെങ്കില്‍ നാളെ...??

               ഫലിക്കട്ടെ...കണ്ട സ്വപ്‌നങ്ങള്‍....ഇന്നല്ലെങ്കില്‍ നാളെ...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....
                                                                                      









2015, ഓഗസ്റ്റ് 12, ബുധനാഴ്‌ച

"കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടി.. "(y2k യുടെ കഥ)

                                                       






                                 നെറ്റിയില്‍ ഒരു വലിയ മൂന്ന്‍ വിരല്‍ കൊണ്ട് തൊട്ട ഒരു എഴുപത് എം.എം. ചന്ദനക്കുറി, അതിനു നടുവില്‍ ഒരു രൂപ വട്ടത്തില്‍ കുങ്കുമ കുറി, ചെവിയില്‍ കതിരോട് കൂടിയ തുളസിയില, അതിനു മുകളില്‍ ഒരു ചെമ്പക പൂവ്, നൂല് കെട്ടി കഴുത്തില്‍ തൂക്കിയ കണ്ണട, കാലത്തിന്റെ അതിജീവനം പോലെ മുന്നോട്ട് പതിനഞ്ച് ഡിഗ്രിയില്‍ വളഞ്ഞ മുതുക്, ആണ്ടില്‍ ഒരിക്കല്‍ പോലും കൊയ്യാന്‍ കഴിയാത്ത കഷണ്ടി കയറി മുടിയില്ലാത്ത തല, മൂക്കില്‍ നിന്നും മീശയേക്കാള്‍ കനത്തില്‍ വളര്‍ന്ന്‍ പന്തലിച്ചു പുറം നോക്കി എഴുന്ന് നില്‍ക്കുന്ന രോമങ്ങള്‍...കയ്യില്‍ നരച്ച് ഓട്ടകള്‍ നിറഞ്ഞ "ഹിന്ദുസ്ഥാന്‍ കിളിമാര്‍ക്ക് കുട, കയ്യില്‍ "ജെ.ഡി.സഭ വക വള്ളിയുള്ള ചെറിയ ബാഗ്‌, കറയും, കീറലും നിറഞ്ഞ പാവം മുറി കയ്യന്‍ ബനിയന്‍, കാലം തോറ്റ് കാവി നിറം അങ്ങിങ്ങായി നിലനിര്‍ത്തിയ ഉടുമുണ്ട്, കുഴിനഖം ബാധിച്ച കാലുകള്‍...അതാണ് കൃഷ്ണന്‍ക്കുട്ടി...നാട്ടുക്കാരുടെ കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടി..നാട്ടിലെ ഏറ്റവും പഴക്കം ചെന്ന പേരില്ലാത്ത ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന "ക്ഷുരകശിരോമണി.."

                                                          വെട്ടുകല്ലില്‍ ഓല മേഞ്ഞ ഒരു പഴഞ്ചന്‍ ആന്റിക്ക് കെട്ടിടം, വാതിലുകള്‍, ജനലുകള്‍ ഇല്ലാതെ , ചാണകം മെഴുകിയ തറയുള്ള പഴയ ബൂട്ടി പാരലര്‍...മുറിയുടെ ഒത്ത നടുക്ക് ഒരു മരകസേര, അതിനു മുകളില്‍ കുരിശ് പോലെ നീളത്തില്‍ ചാരുവടി, കസേരയുടെ മുന്നില്‍ തൂക്കിയ "രസം" നഷ്‌ടമായ അവ്യക്തമായ പ്രതിരൂപം നല്‍കുന്ന നീളന്‍ കണ്ണാടി, അതിനു സമീപം പലക കൊണ്ട് തീര്‍ത്ത പൊടി നിറഞ്ഞ അലമാരി, അതില്‍ കുട്ടിക്യുറ ടാല്‍ക്കം പൌഡര്‍, രണ്ടു കത്രികകള്‍, അതിലൊന്ന് പിടി നഷ്‌ടമായ വികലാംഗന്‍, രണ്ട്‌ കോലന്‍ ചീര്‍പ്പ്,  മുടിയും, അഴുക്കും നിറഞ്ഞ വട്ട ചീര്‍പ്പ്, മുഷിഞ്ഞ്‌, കരിമ്പന്‍ അടിച്ച രണ്ട്‌ തുണികള്‍, പിന്നെ ഭൂതക്കാലം പേറി ചിതറി കിടക്കുന്ന തുരുമ്പ് എടുത്ത "സെവന്‍-ഓ-ക്ലോക്ക്" ബ്ലയിടുകള്‍..ക്ഷൌര കത്തി, കത്തി മൂര്‍ച്ച കൂട്ടാനുള്ള ചാണക്കല്ല്, അതിനപ്പുറം ചുമരില്‍ ഒരാണിയില്‍ തൂങ്ങി കാര്‍ത്തിക ഫെബ്രിക്സിന്റെ കലണ്ടറില്‍ "രതി നിര്‍വേദത്തിലെ" രതി ചേച്ചി...ജയഭാരതി..ഇതാണ് കൃഷ്ണന്‍ക്കുട്ടിയുടെ പേരില്ലാത്ത കട, പഴക്കവും, തഴക്കവും വന്ന കട, കാലം കൊടുങ്ങല്ലൂരില്‍ വരുത്തിയ മാറ്റങ്ങള്‍ ബാധിക്കാത്ത മുടിവെട്ട് കട...

                                                           മുടി വെട്ടുകടയുടെ മുന്നില്‍ പണയം വെച്ച ഓട്ടുരുളി പോലെ കൃഷ്ണന്‍ക്കുട്ടി ഒരു തല, അല്ലെങ്കില്‍ താടി കാത്തിരുന്നു..കഴിഞ്ഞ മൂന്ന്‍ ദിവസമായി കത്രിക ചിലച്ചിട്ടില്ല, ഒരാളും തേടി വന്നില്ല..എല്ലാവര്‍ക്കും കൊടുങ്ങല്ലൂര്‍ തെക്കേ നടയിലെ ഗില്ലറ്റ് ബാര്‍ബര്‍ ഷോപ്പ് മതി...അവിടെ എയര്‍ കണ്ടീഷന്‍, പാട്ട്, കാത്തിരിക്കുന്നവര്‍ക്ക് വായിക്കാന്‍ സിനിമ മാസിക!!!!കൃഷ്ണന്‍ക്കുട്ടി കടയുടെ ഉള്ളിലേക്ക് ഒരു വിഗഹ വീക്ഷണം നടത്തി, തന്‍റെ കഷ്ടപ്പാട് ആരറിയാന്‍??തലയില്‍ നിറയെ മുടിയുമായി തെങ്ങ് കയറുന്ന സുകുമാരന്‍ മുന്നിലൂടെ കടന്നു പോയി, ആവശ്യത്തിനു മീശയും, അനാവശ്യത്തിന് താടിയുമായി സ്വീപ്പര്‍ ജേക്കബ് കടന്നു പോയി, കൃഷ്ണന്‍ക്കുട്ടിയുടെ പ്രതീക്ഷകള്‍ കെടുത്തി അങ്ങനെ ഒട്ടനവധി തലകള്‍, താടികള്‍...കാലത്ത് കണ്ടംകുളം അമ്പലത്തില്‍ പോയി മനമുരുകി പ്രാര്‍ഥിച്ചു...ദിവസേന രണ്ട്‌  തല, രണ്ട്‌ താടി....

                    എന്തായാലും ദൈവം ആ ഉള്‍വിളി കേട്ടു...

                                                        ദാ...വരുന്നു...മീന്‍കാരന്‍ മൊയ്തു..വളര്‍ന്ന തല, വളര്‍ന്ന താടി, എന്തെങ്കിലും താടയും...കൃഷ്ണന്‍ക്കുട്ടി പടത്തലവന്‍ ആയുധം എടുക്കാന്‍ ജാഗരൂകനായി..ഇനി യുദ്ധം...എഴുന്ന് നില്‍ക്കുന്ന മുടികളോട്...മൊയ്തു മീന്‍ കുട്ട വെച്ച സൈക്കിള്‍ ചാരി വെച്ച് മീന്‍ ഗന്ധവുമായി മരകസേരയില്‍ വന്നിരുന്നു...

             "കഷ്ടപ്പാടെ...ചക്കര തല ആക്കിക്കോ"

                                                       അത് കേട്ട വഴി കഷ്ടപ്പാട് പണി തുടങ്ങി..കൈപ്പണി...കത്രിക മൊയ്തുവിന്റെ നരച്ച തലയില്‍ കാവ് തീണ്ടി...ചാണകം മെഴുകിയ തറയില്‍ രോമയോദ്ധാക്കള്‍ തലയറ്റ് നിലംപതിച്ചു...തന്‍റെ രൂപമാറ്റം മൊയ്തു തെളിച്ചമില്ലാത്ത കണ്ണാടിയില്‍ ആസ്വദിച്ചു..കൃഷ്ണന്‍ക്കുട്ടിയുടെ യുദ്ധ തന്ത്രങ്ങള്‍ക്ക് വിലങ്ങ് തടി പോലെ റോഡില്‍ നിന്നും ഒരു ചെക്കന്‍ നീട്ടി വിളിച്ചു ...

    "ചേട്ടാ സബീന പോയോ??"

                                                         അവന്‍ ചോദിച്ച ചോദ്യം കൃഷ്ണന്‍ക്കുട്ടി ഒരു നിമിഷം കൊണ്ട് പല വട്ടം തിരിച്ച് ചോദിച്ചു..."നാണുവിന്റെ മോളെ പറ്റിയാണോ ഇവന്‍ ചോദിക്കുന്നത്...നാണുവിന്റെ ഭാര്യ പൊതു പൈപ്പില്‍ നിന്നും വെള്ളം ചുമന്ന്‍ പോകുന്നത് കണ്ടിരുന്നു...

  "ഇല്ല മോനെ..ഭാരതി പോകണ കണ്ടു..പൈപ്പിന്‍ ചോട്ടിലിക്ക്..വെള്ളടുക്കാന്‍.."

   "ചേട്ടാ ഞാന്‍ ചോയിച്ചത്..പത്തേ കാലിന്റെ സബീന ബസ്സ്‌ പോയോന്നാ.."

                                                        മറുപടി വന്നത് മറ്റൊരു വായില്‍ നിന്നാ..പാര്‍ട്ടി പ്രവര്‍ത്തകന്‍ ദിനേശന്‍..ഖദര്‍ധാരി, ജീവിതത്തില്‍ ഇത് വരെ ഒരു ജോലിയും ചെയ്യാത്ത ഒരുവന്‍. മേത്തല പഞ്ചായത്ത് പരിസരത്തും, കൊടുങ്ങല്ലൂര്‍ മുന്‍സിപ്പല്‍ ഓഫീസ് പരിസരത്തും മാത്രം കണ്ടു വരുന്ന ഒരു പരാദ ജീവി..

 "ഇല്ല ചെക്കാ സബീന കല്യാണത്തിന് പോയി...ഇനി മുക്കാലിന് കെ.കെ.                   മേനോന്‍ വരും.."

                                                        ദിനേശന്‍ അകത്ത് കയറി കൈ ഉയര്‍ത്തി ഖദര്‍ ഷര്‍ട്ടിന്റെ ഉള്ളിലൂടെ കക്ഷം ചൊറിഞ്ഞു..ആ ചൊറിച്ചില്‍ വേഗം തന്നെ അവന്‍റെ പല ഭാഗത്തേക്കും പടര്‍ന്നു...

    "കൃഷ്ണന്‍ക്കുട്ടി..കക്ഷം ഒന്ന്‍ വടിച്ച് തരണം..ഭയങ്കര ചൊറിച്ചില്‍...പിന്നെ   മൊയ്തുവിനെ നോക്കി ആഹ്ലാദത്തില്‍...

     "ഇതാര് മോയ്തുവാ...എന്തായി വില്ലേജി പോയിട്ട് വല്ലോം                                            നടന്നാ..അഴീക്കോട്‌പാലം  പണി എന്ന് തൊടങ്ങും???

                                                       അതിലെ പരിഹാസ ചുവ മൊയ്തു തിരിച്ചറിഞ്ഞു..
ഭരിക്കുന്നത് അവന്‍റെ എതിര്‍ പാര്‍ട്ടിയാണ്..അഞ്ച് കൊല്ലം അവനും, അവന്‍റെ നേതാക്കളും ഭരിച്ചിട്ടു ഒന്നും നടന്നില്ല..മൊയ്തുവിന്റെ മൗനത്തില്‍ ആണിയടിച്ച് അടുത്ത വാക്കുകള്‍ വന്നു...

   "മീനാക്ഷി തമ്പാന്‍ വന്നാ ദേ പാലം പണിയാന്‍ പോണുന്നു പറഞ്ഞിട്ട് ഇപ്പൊ എന്തായി??   ഇനിയിപ്പോ പാലം പണിതിട്ട് എന്താ കാര്യം...ലോകം അവസാനിക്കാന്‍  പോകല്ലേ..ഈ മാസം ഡിസംബര്‍ വരെ ലോകം ഒണ്ടാകൂ.."

                                                    കത്രിക നിശബ്ദമായി, മൊയ്തു സ്തബ്ധനായി...നാലു കണ്ണുകള്‍ മിഴിച്ച് ദിനേശനെ നോക്കി.അവരുടെ കണ്ണുകളില്‍ ലോകം അവസാനിച്ചു..അവരുടെ മനസ്സില്‍ ലോകം അവസാനിച്ചു...അവരുടെ മിഴിച്ച് നോട്ടത്തിനു പിന്നില്‍ കാരണം അറിയാനുള്ള ഒരു ആകാംക്ഷ ദിനേശന്‍ കണ്ടു...

   "നിങ്ങള് y2k എന്ന് കേട്ടില്ലേ...നമ്മള്‍ 1999-ല്‍ നിന്നും 2000-ലേക്ക് പോകാന്‍ ഇനി       കൊറച്ച് ദെവസം മാത്രമുള്ളൂ...ഇവിടെ നടക്കാന്‍ പോകുന്നത് ലോകത്തെ             ഏറ്റവും വലിയ ചതിയാണ്..നായനാര്‍ സര്‍ക്കാര്‍ രാജി വെച്ച് പൊറത്ത്              പോകേണ്ടി വരും..കമ്മ്യൂണിസ്റ്റ് റഷ്യയ്ക്ക് ഇത് വരെ അവരുടെ ന്യൂക്ലിയര്‍        ആയുധങ്ങള്‍ കമ്പ്യൂട്ടറില്‍ സെറ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല....അല്ലെങ്കിലും                    എല്ലാര്‍ക്കും അറിയുന്ന കാര്യമല്ലേ..കമ്മൂണിസ്റ്റ്ക്കാര്‍ കമ്പ്യൂട്ടറില്‍ പണ്ടേ              പിന്നോക്കമാന്നു...അമേരിക്ക സഹായിക്കാന്ന് പറഞ്ഞതാ...അപ്പൊ കമൂണിസ്റ്റ്  റഷ്യക്ക് അവര്‍ പടിഞ്ഞാറന്‍  മോതലാളിത്ത ശക്തികള്‍.... ഡിസംബര്‍ 31-ന്  എല്ലാം  പൊട്ടി തെറിക്കും...അത് മതി ലോകം തീരാന്‍...എന്തായാലും  അതിനെതിരെ  ഞങ്ങള്‍ ലോകം ഇത് വരെ കാണാത്ത പ്രതിഷേധം തീര്‍ക്കാന്‍  പോകുന്നു...ഒരു    ഭീമ ഹര്‍ജ്ജി ഒപ്പിട്ട് മോസ്ക്കോയിലേക്ക് അയക്കും, പിന്നെ  കാസര്‍ഗോഡ്‌  നിന്നും തിരുവനന്തപുരം വരെ ജനസുരക്ഷിത യാത്ര....നായനാര്‍  സര്‍ക്കാര്‍  രാജി വെക്കുന്നത് വരെ ശക്തമായ പ്രതിഷേധം...

                                                   മൊയ്തു ഒന്നും പറയാതെ പുറത്തേക്ക് പോയി..കൃഷ്ണന്‍ക്കുട്ടി ചിന്താവിഷ്ടനായ്...കക്ഷം മാന്തി നിന്ന ദിനേശന്‍ അടുത്ത ബസ്സ്‌ വന്നപ്പോള്‍ എല്ലാം വിസ്മരിച്ച് അതില്‍ കയറി പോയി..

              "ലോകം അവസാനിക്കുന്നു..."

                                                    ആ വാചകം കൃഷ്ണന്‍ക്കുട്ടിയെ തളര്‍ത്തി...അയാള്‍ ബാഗും,കുടയും എടുത്ത് വീട്ടിലേക്ക് നടന്നു..മനസ്സ് ദിനേശന്റെ വാക്കുകള്‍ക്ക് മുന്നില്‍ മരിച്ചു...വഴിയില്‍ കണ്ട ഒന്നും കണ്ണില്‍ പെടുന്നില്ല...ഇടയ്ക്ക് അമ്മു സായ്‌വിന്റെ പീടികയുടെ ചുമരില്‍ കണ്ട "അരിവാള്‍ ചുറ്റിക നക്ഷത്രം" ചിഹ്നം ഒന്ന്‍ ദേഷ്യത്തോടെ നോക്കി..പിന്നെ നടന്നു...ചെവിയില്‍ നിന്നും പൂക്കള്‍ എടുത്ത് വലിച്ചെറിഞ്ഞു...നെറ്റിയിലെ കുറി മായ്ച്ച് കളഞ്ഞു...വഴിയെ വന്നവര്‍ ചോദിച്ച ചോദ്യങ്ങള്‍ കേള്‍ക്കാതെ...ആരോടും ഒന്നും മിണ്ടാതെ...പെരുന്തോടിനു കുറുകെ പാലം കയറുമ്പോള്‍ ചൂണ്ടയിടുന്ന കുട്ടികള്‍ അടക്കം പറയുന്നുണ്ടായിരുന്നു...

   "ദേടാ....കഷ്ടപ്പാട് പോണ്,..അയാള് മുടി വെട്ട്യാ ചെവി മുറിക്കും..അതോണ്ട്     
     ഞാന്‍ ഇപ്പ  കൊടുങ്ങല്ലൂരാ മുടി വെട്ടാന്‍ പോവാ..."

                                                   വീട്ടില്‍ എത്തിയ കൃഷ്ണന്‍ക്കുട്ടി ഇറയത്ത്‌ തളര്‍ന്നിരുന്നു...പറമ്പില്‍ നിന്നും ഉച്ച കറവയ്ക്ക് എരുമയെ അഴിച്ച് നടന്ന്‍ വരുന്ന ഭാര്യ പെണ്ണമ്മ...എരുമയുടെ കൂടെ തടിച്ച് കറുത്ത പെണ്ണമ്മ..മച്ചിയായ പെണ്ണമ്മ...അതില്‍ ആരാണ് തന്റെ ഭാര്യ...കൃഷ്ണന്‍ക്കുട്ടി കണ്ണുകള്‍ തിരുമ്മി നോക്കി...തിരിച്ചറിവ് വന്നപ്പോള്‍  അയാള്‍ ഭാര്യയെ കൈ കാണിച്ച് വിളിച്ചു..അസമയത്ത് ഭര്‍ത്താവ് വീട്ടില്‍ വന്നപ്പോള്‍ പാവം പെണ്ണമ്മ ഒന്ന്‍ അമ്പരന്നു..എരുമയെ തളച്ച് ഓടി കിതച്ച് അവര്‍ കൃഷ്ണന്‍ക്കുട്ടി ചേട്ടന്‍റെ അടുത്തെത്തി..അയാള്‍ ഒറ്റ ശ്വാസത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ ഭാര്യയെ അറിയിച്ചു..ബോധമില്ലാത്ത ഒരൊറ്റ കാരണം കൊണ്ട് പാവം അബോധാവസ്ഥയിലായില്ല...ഇരുവരും മരണവീട്ടില്‍ പോലെ വീടിന്റെ ഇറയത്ത്‌ കുത്തിയിരുന്നു....എരുമ സമയമായപ്പോള്‍ പാല്‍ ചുരത്തി തെങ്ങിന്‍ ചുവട്ടില്‍ ക്ഷീരവിപ്ലവം നടത്തി...വെള്ളത്തിനും, പുല്ലിനും വേണ്ടി വാ പൊളിച്ച് മുക്രയിട്ടു...ഒന്നും തിരിച്ചറിയാതെ കൃഷ്ണന്‍ക്കുട്ടി, ഒന്നിനും താല്‍പര്യമില്ലാതെ പെണ്ണമ്മ...

                                                   രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പെണ്ണമ്മ ചിന്തിച്ചു....തലയണമന്ത്രം തുടങ്ങി..മക്കളില്ല...മര്യാദയ്ക്ക് ജീവിച്ചിട്ടില്ല...കൊടുങ്ങല്ലൂര്‍, മാള, ഗുരുവായൂര്‍, മുനമ്പം ..അതിനപ്പുറം ഒരു ലോകം കണ്ടിട്ടില്ല...എല്ലാം അവസാനിക്കുന്നതിനു മുന്‍പ് ആഗ്രഹങ്ങള്‍...കൊതികള്‍, പൂതികള്‍, സ്വപ്നങ്ങള്‍...ജീവിച്ചിരുന്നിട്ട് ഒന്നും നടന്നില്ല...ഇനി ലോകം അവസാനിക്കും മുന്‍പ്...

    "എനിക്ക് ബേംഗളൂര്‍ കാണണം...രണ്ടീസം വല്യേ ഹോട്ടലില്‍ താമസിച്ച് സുഹിക്കണം....നുമ്മക്ക്   എരുമയെ വിക്കാം...ആ കാശോണ്ട് നുമ്മക്ക് ഒന്ന്‍ സുഹിക്കണം.."

                                               നേരം വെളുക്കുന്നതിനു മുന്‍പ് അറവ്ക്കാരന്‍ ഹസ്സന്‍ ആ വീടിനു മുന്നില്‍ വന്നു...അയാള്‍ മാറി മാറി എരുമയെയും, പെണ്ണമ്മയേയും നോക്കി..അതിനു ശേഷം ബീഡി കറ പുരണ്ട പല്ലുകള്‍ കാണിച്ച് കൃഷ്ണന്‍ക്കുട്ടിയെ നോക്കി  ഒരു അഭാസച്ചിരി...അതിനൊടുവില്‍ എരുമയെ വില പറഞ്ഞു ഉറപ്പിച്ച് അയാള്‍ നടന്ന്‍ നീങ്ങി, പെരുന്തോടിനു മുകളിലെ കവുങ്ങിന്‍ പാലം കയറുമ്പോള്‍ വീണ്ടും തിരിഞ്ഞ് പെണ്ണമ്മയെ നോക്കി...കണ്ജബാണന്‍ ഒരു മലരമ്പ് എടുത്ത് ഉതിര്‍ത്തു....ആ സംകല്പിക അമ്പ്‌ സാക്ഷാല്‍ ശ്രീമാന്‍ കൃഷ്ണന്‍ക്കുട്ടി പിടിച്ചെടുത്ത് തിരികെ അയച്ചു..എന്നാലും ശ്രീമതി പെണ്ണമ്മ ഹസ്സന്‍ മാപ്ലയുടെ നോട്ടത്തിനു മുന്നില്‍ ഒരു നിമിഷം ചൂളി.അതിന്റെ ആന്തരാര്‍ത്ഥം അറിഞ്ഞു നാണിച്ച് തല താഴ്ത്തി.
ഹസ്സന്‍ കൊടുത്ത പൈസ അയാള്‍ ഭാര്യയ്ക്ക് നേരെ നീട്ടി..ആഗ്രഹം, പൂതി, കൊതി എല്ലാം തീര്‍ക്കാന്‍...പെണ്ണമ്മ എലി പുനെല്ല് കണ്ടത് പോലെ പണം നോക്കി ചിരിച്ചു...പിന്നെ ഹസ്സന്‍ പോയ വഴിയിലേക്കും നോക്കി ചിരിച്ചു..ആ ചിരി അതിവേഗം ബഹുദൂരം സഞ്ചരിച്ച് അങ്ങ് ബാംഗ്ലൂര്‍ നഗരത്തില്‍ അലയടിച്ചു....

എല്ലാം അവസാനിക്കേണ്ട 1999 ഡിസംബര്‍ 31...രാത്രി...

                                                 ബാംഗ്ലൂര്‍ നഗരത്തിലെ ഡിക്കിന്സന്‍ റോഡിലെ റോയല്‍ ഓര്‍ക്കിഡ് ഹോട്ടലിലെ എ.സി. മുറിയില്‍ ഒഴിഞ്ഞ ഒരു മദ്യ കുപ്പിയുടെ പിന്നില്‍ മദ്യലഹരിയോടെ...ആര്‍ക്ക് മുന്നില്‍ ജെന്നിഫര്‍ ലോപ്പസ് തകര്‍ത്ത് ആടുകയാണ്...

                                                     ''Waiting for tonight, oh
                                                      When you would be here in my arms
                                                      Waiting for tonight, ''

                                                  അതിനു പിന്നില്‍ കാലിയായ പാത്രങ്ങള്‍..കിടക്കയില്‍ ലഹരിയില്‍ മദിച്ച് ലോകാവസാനം കാത്ത് ശ്രീമാന്‍ കൃഷ്ണന്‍ക്കുട്ടി, ശ്രീമതി കൃഷ്ണന്‍ക്കുട്ടി...എരുമയെ വിറ്റ കാശ് കൊണ്ട് ലോകം ഇല്ലാതാകുന്നതിന് മുന്‍പ്..ആഗ്രഹങ്ങള്‍, കൊതികള്‍, പൂതികള്‍....ലഹരിയില്‍ പിന്നെ നിദ്രയിലേക്ക്...ലോകം അവസാനിക്കുന്നതിന്റെ കൂടെ ഒരു സുഖനിദ്ര...എല്ലാം മറന്ന്‍ ഉറക്കം..പുതു വര്‍ഷം പിറന്നത് അറിയാതെ സുഖനിദ്ര...


                                                അടുത്ത പ്രഭാതം ഒരു വ്യത്യാസമില്ലാതെ അവരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി...അവസാനിക്കാത്ത ലോകം മുന്നില്‍ കണ്ടപ്പോള്‍ അവര്‍ക്ക് അമ്പരപ്പിനേക്കാള്‍ ആഹ്ലാദം നല്‍കി..പുതു യുഗം...പുതു ദിനം...ഒഴിഞ്ഞ മദ്യകുപ്പി അവരെ നോക്കി ചിരിച്ചു..ഇരുവരും പരസ്പരം നോക്കി ചിരിച്ചു....കൃഷ്ണന്‍ക്കുട്ടി കിടക്കയില്‍ എഴുന്നേറ്റ് ഇരുന്ന്‍ കഷണ്ടി തല തടവി ദിനേശനെ ഓര്‍ത്തു....

  "അല്ലെങ്കിലും....കൊണ്കിരസ്സ്ക്കാര് നോണയന്മാരാ...വാ പൊളിക്കുന്നത്                 പ്രസംഗിക്കാനും,തിന്നാനും,നോണ പറയാനും മാത്രം..."

                                                  പെണ്ണമ്മ ചിന്തിച്ചത് തന്‍റെ എരുമയെ കുറിച്ചായിരുന്നു..ആറ്റ് നോറ്റ് വളര്‍ത്തിയ എരുമ..പത്ത് നാഴി പാല് തികച്ച് ചുരത്തി തന്നിരുന്ന ക്ഷീര റാണി...അവള്‍ എവിടെയാണോ എന്തോ??

                                                   31-ന് വൈകീട്ട് ക്ഷീര റാണി വെട്ടുക്കാരന്‍ ഹസ്സന്റെ ഇറച്ചി പീടികയിലെ വിട്ടത്തില്‍ തൂങ്ങി ആടി..ആദ്യം വന്നവര്‍ അടിയെല്‍ക്കാത്ത ഇറച്ചി വാങ്ങി വീട്ടില്‍ കൊടുത്ത്മസാല വാങ്ങാനും, മദ്യം വാങ്ങാനും ഓടി..പല വീടുകളില്‍ നിന്നും വൈകുന്നേരം ബീഫ് കറി, ബീഫ് ഫ്രൈ, ബിരിയാണി, എന്നീ രൂപത്തില്‍, തട്ടുകട കുമാരന്റെ കടയില്‍ ബോട്ടി കൊള്ളി രൂപത്തില്‍, പെണ്ണമ്മയുടെ എരുമ അതിവേഗം രൂപാന്തരം പ്രാപിച്ച് പുതുവര്‍ഷം വരവേല്‍കാന്‍ വയറിനുള്ളിലേക്ക്....ഒരു സ്മാരകം പോലെ വൈകുന്നേരം വരെ എരുമയുടെ തല ഇറച്ചി കടയുടെ മുന്നില്‍ എല്ലാവരെയും നോക്കി പല്ലിളിച്ച് നോക്കിയിരുന്നു...

                                                ലോകാവസാനം ബാഗ്ളൂര്‍ നഗരത്തില്‍ രണ്ടാം മധുവിധു രൂപത്തില്‍ ആഘോഷിച്ച് ശ്രീമാന്‍ ശ്രീമതി തിരികെ വന്നു...ശ്രീമാന്‍ പഴയ പോലെ മുടിവെട്ട് കടയില്‍ തപസ്സിരുന്നു...പെണ്ണമ്മ ബാക്കി കയ്യിലുണ്ടായ പൈസയ്ക്ക് ഒരാടിനെ വാങ്ങി...വീണ്ടും കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടി നാടുക്കാരുടെ തലയും, താടിയും  വടിക്കാന്‍ കാത്തിരുന്നു.....

                                               ജനുവരിയിലെ ഒരു പ്രത്യേകതയും ഇല്ലാത്ത മുപ്പത് ദിവസത്തിന് ശേഷം അവസാനം "y2k" ഭൂമിയില്‍ അവതാരം എടുത്തു...കഷ്ടപ്പാട് കൃഷ്ണന്‍ക്കുട്ടിയുടെ, പെണ്ണമ്മയുടെ...ജീവിതത്തില്‍...!!!!ബാഗ്ളൂര്‍ ലോകാവസാനം "y2k" എന്ന പുതു രൂപത്തില്‍ പെണ്ണമ്മയുടെ വയറ്റില്‍ അവതരിച്ചു...

                                               കാലങ്ങള്‍ കാത്തിരുന്ന "കുളി തെറ്റല്‍" ആദ്യമായി പെണ്ണമ്മയുടെ ജീവിതത്തില്‍....അവിടെ പുതിയ കഥ തുടങ്ങുകയാണ്..."y2k" യുടെ കഥ....????

                                             



       




    

2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച

"ഗന്ധം..പര ഗന്ധം.."

                                                       





                           വാതില്‍ തുറന്നതും മുറിയില്‍ "ഹാപ്പി ലേഡി" പെര്‍ഫ്യൂം ഗന്ധം നിറഞ്ഞു...ഒന്നും പറയാതെ ഒന്ന്‍ മുഖത്ത് പോലും നോക്കാതെ അദ്ദേഹം മുറിയിലേക്ക്...പ്രസരിക്കുന്ന സുഗന്ധം അവര്‍ക്ക് ദുര്‍ഗന്ധം പോലെ..വാതിലടച്ച് കുറച്ച് നേരം ചുമരില്‍ ചാരി നിന്ന് ചിന്തിച്ചു?
 
            "എവിടെ...എവിടെയാണ് തെറ്റിയത്?? ആരുടെ തെറ്റാണ്?? അറുപത് വയസ്സ് പിന്നിട്ട അദ്ദേഹം എന്തിന് മറ്റ് ഗന്ധങ്ങള്‍ തേടി പോകുന്നു...മൂന്ന്‍ പെണ്മക്കളെയും വിവാഹം കഴിച്ചയച്ചു...അതും മാന്യമായി...അവര്‍ക്ക് കുട്ടികളായി..കുറച്ച് നാള്‍ മുന്‍പാണ്‌ അദ്ദേഹം രാത്രിയില്‍ വരുമ്പോള്‍  സുഗന്ധം നിറയാന്‍ തുടങ്ങിയിട്ട്....അതും ഹാപ്പി ലേഡി, ടോമി ഗേള്‍,ഫെമ്മേ, മിറക്കിള്‍, ഗ്രേസ്...മുതലായവ...പ്രസിദ്ധമായവ...വേദന തോന്നി...തന്നില്‍ നിന്നും അകന്നു പോകുന്ന നക്ഷത്രം...ഒരു മുറിയില്‍ രണ്ട്‌ ധ്രുവങ്ങള്‍..

                                                       അവര്‍ നടന്ന്‍ വന്ന്‍ മങ്ങിയ വെളിച്ചത്തില്‍ ആള്‍ കണ്ണാടിയില്‍ നോക്കി...വിടര്‍ന്നു നിന്ന ഒരു പനിനീര്‍ പൂവിന്‍റെ ഇതള്‍ കൊഴിയാറായ രൂപം..സമൃദ്ധമായ മുടി എവിടെയോ നഷ്ടമായി..ചുളിവുകള്‍, നരകള്‍, മറച്ച് വെക്കാന്‍ കഴിയാത്ത ജരാനരകള്‍..കണ്ണുകളിലെ കറുപ്പ് നിറം..എല്ലാം വാര്‍ദ്ധക്യ സഹജം...ഈ രൂപത്തില്‍ അദ്ദേഹം അത്മവൃതി കണ്ടെത്തിയ, ആരാധിച്ച കുറേ നല്ല ദിവസങ്ങള്‍ ഭൂതകാലത്തില്‍ ഓര്‍മ്മകളായ്‌...കാലത്തെ അതിജീവിക്കാന്‍ കൃത്രിമ വര്‍ണ്ണങ്ങള്‍, ബൂട്ടി പാര്‍ലറുകള്‍ ഇവയില്‍ നിന്നെല്ലാം ഒരു കൈ അകലം പാലിച്ചതാണോ ഇതിനെല്ലാം കാരണം...ഒരു നെടുവീര്‍പ്പോടെ അവര്‍ മുറിയിലേക്ക് നടന്നു...പരന്നൊഴുകുന്ന ഹാപ്പി ലേഡി സുഗന്ധത്തിലൂടെ.....

          ''എന്നത്തേയും പോലെ അദ്ദേഹം ഉറക്കം തുടങ്ങിയിരുന്നു..അരണ്ട വെളിച്ചത്തില്‍...കറുത്ത തലമുടിയില്‍ മുഴച്ച് നില്‍ക്കുന്ന വര്‍ണ്ണം നഷ്ടമായി തുടങ്ങിയ വെളുത്ത നാരുകള്‍...ഒരു തലയണയില്‍ തല വെച്ച് മറ്റൊന്നിനെ ചേര്‍ത്ത് പിടിച്ച്....തന്‍റെ സ്ഥാനത്ത് തലയണ..ഒരു വിങ്ങലോടെ ലൈറ്റുകള്‍ അണച്ചു..ഇരുട്ടാണ്‌ സുഖം...ദുഃഖം നിറയാനും, കരയാനും...


                                                           വീണ്ടും ഗന്ധങ്ങള്‍ മാറി മാറി വന്നു...ചിലപ്പോള്‍ ..ആഴ്ചയില്‍ ഒരിക്കല്‍ ആയത് രണ്ട്‌ ദിനങ്ങള്‍ കൂടുമ്പോള്‍, പിന്നെ എല്ലാ ദിവസവും, താന്‍ അദ്ദേഹത്തില്‍ നിന്നും ഏറെ അകന്നു പോയത് പോലെ..ഒരു വലിയ മൗനം ഇടയില്‍ വളര്‍ന്ന്‍ ഒരു വന്മതില്‍ പോലെ...പൂജ മുറിയില്‍ നിന്നും വൈകീട്ട് ഉയരുന്ന ചന്ദന തിരിയുടെ ഗന്ധം, അടുക്കളയില്‍ നിന്നും പ്രവഹിക്കുന്ന കൊതിപ്പിക്കുന്ന ഭക്ഷണ ഗന്ധം ...അതിനെല്ലാം മുകളില്‍ കൃത്രിമ സുഗന്ധങ്ങള്‍ എന്നും രാത്രിയില്‍ അദ്ദേഹം വരുന്നതോടെ..

     "ഒരു പോംവഴി..?? ഒരു പിടി വള്ളി...?? ഒരു മാര്‍ഗ്ഗം...??

                                                            ഒബ്സെഷന്‍, ഏലിയന്‍, മെന്‍, സില്‍വര്‍ ചാര്‍ളി...അവയില്‍ നിന്നും ഓരോ ബോട്ടില്‍...പിന്നെ ബാക്കി സമയം കൊണ്ട് തലമുടി കറുപ്പിച്ച് ഹോട്ട് ഓയില്‍ ട്രീറ്റ്മെന്റ്, പിന്നെ മുഖത്ത് ഫെസ് പാക്ക്, കാലുകളില്‍ പെടികൂര്‍, പിന്നെയും നഷ്ട സൌരഭ്യം തിരിച്ചെടുക്കാന്‍ ..വലിയ മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല...എന്നാലും ഒരു പുതിയ ഊര്‍ജ്ജം...പുതിയ ആവേശം, പുതിയ ലക്‌ഷ്യം..കയ്യിലെ പാക്കറ്റില്‍ ഇരിക്കുന്ന പുരുഷ ഗന്ധം..പിന്നെ ഈ രൂപം...എല്ലാം നല്ലതിന്..നല്ലതിന് വേണ്ടി മാത്രം...

                                                            അന്ന്‍ അദ്ദേഹം രാത്രിയില്‍ വന്നപ്പോള്‍ വാതില്‍ തുറന്നപ്പോള്‍ അവിടെ പരന്നത് സില്‍വര്‍ ചാര്‍ളിയുടെ ഗന്ധം...അദ്ദേഹം തുറിച്ച് നോക്കി...ഒരു നായയെ പോലെ മുറിയിലും, വീടിനുള്ളിലും ഗന്ധം തേടി നടന്നു...ചുളിഞ്ഞ കിടക്ക വിരികള്‍, ആലസ്യമായ മുഖം...അദ്ദേഹം സംശയം കൊണ്ട് വികസിക്കുന്നത് പോലെ...ഉറങ്ങാന്‍ കിടക്കുമ്പോള്‍ അദ്ദേഹം അസ്വസ്ഥന്‍ ആയിരുന്നു..തിരിഞ്ഞും, മറിഞ്ഞും....ചിന്തയോടെ..പുരുഷന്മാര്‍ ഉപയോഗിക്കുന്ന സില്‍വര്‍ ചാര്‍ളി അദ്ദേഹത്തെ നിദ്ര വിഹീനനാക്കി..അന്ന്‍ അവര്‍ സുഖമായി ഉറങ്ങി...അവര്‍ ഉറങ്ങുമ്പോള്‍ അദ്ദേഹം മുറിയും, വീടും അരിച്ച് പെറുക്കുകയായിരുന്നു....ഒരു തെളിവിനു വേണ്ടി....

                                                        പിറ്റേന്ന്‍ ഒരു ഗന്ധവുമില്ലാതെ പതിവിലും നേരത്തെ അദ്ദേഹം വീട്ടില്‍ വന്നു...അവിടെ നിറഞ്ഞ് നിന്ന ഒബ്സെഷന്‍ ഗന്ധം...ആ സുഗന്ധം അയാള്‍ക്ക് ദുര്‍ഗന്ധമായി തോന്നി...അദ്ദേഹം കലിയോടെ വിരല്‍ ചൂണ്ടി വിറച്ച്  ഉറക്കെ ചോദിച്ചു...

    "നീ.....???" അധികം വലുതല്ലാതെ എല്ലാം അടങ്ങിയ ചോദ്യം.."

   " നിങ്ങള്‍ക്ക്  ആകാമെങ്കില്‍........!!!"എല്ലാം അടങ്ങിയ ഒരുത്തരം...

                                                           അതിനൊരുത്തരം അദ്ദേഹം കൊടുത്തില്ല..തല താഴ്ത്തി മുറിയിലേക്ക് നടന്നു...കുറേ കഴിഞ്ഞപ്പോള്‍ അവര്‍ സുഗന്ധങ്ങളുടെ ഉറവിടം കയ്യില്‍ എടുത്ത് മുറിയിലേക്ക്...അദ്ദേഹത്തിന് മുന്നില്‍ എല്ലാം നിരത്തി വെച്ചു...ബോട്ടിലുകള്‍.. ഒബ്സെഷന്‍, ഏലിയന്‍, മെന്‍, സില്‍വര്‍ ചാര്‍ളി. ഒന്നും പറയാന്‍ കഴിയാതെ കണ്ണീരോടെ അദ്ദേഹം അവരെ കുറേ നാളുകള്‍ക്ക് ശേഷം ചേര്‍ത്ത് പിടിച്ചു...തെറ്റുകള്‍ തിരിച്ചറിയുന്ന കണ്ണ് നീരിന്‍റെ ഗന്ധം...അവരുടെ ഗന്ധങ്ങള്‍ ഒന്ന് ചേര്‍ന്ന്‍ ഒരു ഗന്ധമായ് വീണ്ടും........

പിന്നീട് ഒരു ദിവസം.....

                                                       വാതില്‍ തുറന്നതും അദ്ദേഹം അവരെ ചേര്‍ത്ത് പിടിച്ചു..സന്ധ്യ സമയം...വിളക്കില്‍ നിന്നും തെളിയുന്ന വെളിച്ചത്തിന്‍റെ നിറവില്‍ അയാള്‍ കണ്ണുകള്‍ അടച്ച് മൂക്കുകള്‍ വിടര്‍ത്തി അവരെ നെഞ്ചില്‍ ഒതുക്കി മെല്ലെ പറഞ്ഞു...

    "വെളുത്തുള്ളിയുടെ മണം..."

                                                      അവര്‍ ആ നരച്ച രോമങ്ങള്‍ നിറഞ്ഞ നെഞ്ചില്‍ മുഖം പൂഴ്ത്തി ആ വിയര്‍പ്പ് ഗന്ധം ആസ്വദിച്ച് സന്തോഷത്തില്‍ മന്ത്രിച്ചു....

    "രസം കാച്ചിയതാ..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
















2015, ഓഗസ്റ്റ് 2, ഞായറാഴ്‌ച

സത്യനും, ചില സത്യങ്ങളും....

                                             

                                                 
                                                     അയാള്‍ ആ വെളുത്ത നിറം പൂശിയ കെട്ടിടത്തെ ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കി..ഇനിയൊരിക്കലും ഇങ്ങോട്ട് ...വരേണ്ടി വരില്ല..? ദൈവ വിധി അത് തന്നെയാണെങ്കില്‍ വേണ്ടി വരില്ല..അയാളുടെ മനസ്സ് പിറുപിറുത്തു.

                 "'ഇവിടെക്ക്  വരുന്നവര്‍ പിന്നെയൊരിക്കലും തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ല..ഇവിടെ നിന്ന്‍ പോകുന്നവരില്‍ പലരും  തിരിച്ച് വരുന്നുമില്ല."".

                                                   ആ കെട്ടിടത്തിന്റെ കൂറ്റന്‍ ഗേറ്റ് കടന്ന്‍ കടന്ന്‍ വരുന്ന ഭൂരിഭാഗം പേരുടെയും മുഖത്ത് ആഴമേറിയ ദുഃഖം നിഴലിക്കുന്നു..അവിടെ നിന്ന് പോകുന്നവരുടെ മുഖത്തും അതേ ഭാവം..പ്രതീക്ഷയറ്റ കണ്ണുകള്‍, കണ്ണ് നീര്‍ ചാലുകള്‍ ഉണങ്ങിയ കവിള്‍ തടങ്ങള്‍.. .കെട്ടിടത്തിന്റെ മുന്നിലെ പൂന്തോപ്പിലും,വിരിഞ്ഞു നില്‍ക്കുന്ന പൂക്കള്‍ക്കും , വളര്‍ന്ന്‍ നില്‍ക്കുന്ന കൂറ്റന്‍ മരത്തിനും,ചില്ലകളില്‍ കൂട് കൂട്ടിയ കിളികള്‍ക്കും ഒരേ ഭാവം..ശോകമെന്ന ഒരേ ഭാവം..അവിടെ ചിരിക്കുന്ന മുഖങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല.ആര്‍ക്കും സന്തോഷമില്ല..കൈ പിടിയില്‍ നിന്നും അകന്ന്‍ പോകുന്ന ജീവിതമോര്‍ത്തുള്ള വ്യഥ മാത്രം...

                  ''റീജിയണല്‍ ക്യാന്‍സര്‍ സെന്‍റര്‍, തിരുവനന്തപുരം".

                                                  നിറഞ്ഞ ചിരിയോടെ ബസ്സ്‌ സ്റ്റോപ്പില്‍ അയാള്‍ വന്നു നിന്നു..ആ ഗേറ്റ് കടന്ന്‍ വന്ന ശോകഭാവങ്ങളില്‍ അയാളുടെ മുഖം മാത്രം വേറിട്ട ചിരിയുമായി .. കാണുന്ന ശോകം നിറഞ്ഞ മുഖങ്ങളില്‍ എല്ലാം അയാള്‍ തന്‍റെ ചിരി പകര്‍ന്നു..കത്തിയെരിയുന്ന പകല്‍..വഴിവക്കില്‍ ആര്‍.സി.സി.യിലേക്ക്‌ പോകുന്നവരിലെ ദാഹത്തില്‍ മിഴി നട്ട് കരിക്ക്‌ കച്ചവടക്കാരന്‍...പലപ്പോഴും അവിടെ നിന്ന്‍ തിരികെ വരുന്നവരില്‍ പലര്‍ക്കും ദാഹം എന്നേക്കുമായി നഷ്ടമായിരുന്നു..മോഹം നഷ്ടമായാല്‍ പിന്നെ ദാഹിച്ചിട്ടെന്ത് കാര്യം??അയാള്‍ അങ്ങോട്ട്‌ ചെന്നു.. ദാഹമല്ല..മോഹം..ഒരു കരിക്ക്‌ കുടിക്കാന്‍..പ്രതീക്ഷയോടെ കരിക്ക്‌ കച്ചവടക്കാരന്‍ അയാളെ നോക്കി, അയാള്‍ ഒരു ചിരിയും, മടിയില്‍ നിന്ന്‍ കുറച്ച് ചില്ലറയും അയാള്‍ക്ക് നല്കി,,അതിനു പകരം ശോകഭാവം നിറഞ്ഞ മുഖവുമായ്‌ കരിക്ക്‌ കച്ചവടക്കാരന്‍ കരിക്ക്‌ വെട്ടി അതില്‍ ഒരു സ്ട്രോ തിരുകി അയാള്‍ക്കും.....ഒരു കവിള്‍ കുടിച്ച് അയാള്‍ തൊപ്പിയൂരി തല തുടച്ചു...വെയിലേറ്റ് വെട്ടി തിളങ്ങുന്ന മുടിയില്ലാത്ത തല...കീമോതെറാപ്പിയില്‍ ക്ഷീണിതമായ ശരീരം...കരിവാളിച്ച മുഖം...പക്ഷെ അതിനെയെല്ലാം തോല്പിക്കുന്ന അയാളുടെ ചിരി...സന്തോഷം..

         "അണ്ണാ..കീമോ കഴിഞ്ഞോ..ഡാക്ടര്  എന്തരാണ് പറഞ്ഞത്..??"

           "ഏയ്‌..ഇനി ദൈവം തമ്പുരാന്റെ കീമോ...ഹാ..വിളിക്കുമ്പോ അങ്ങ് പോകാം...എന്തായാലും ഒന്നും കയ്യീ  കരുതണ്ടാ...ഇട്ട  വേഷത്തീ തന്നെ പുള്ളിക്കാരന്‍ വിളിക്കണ സമയത്ത്‌ ഒരു മടീം കൂടാതെ..ഇത്തിരി നേര്‍ത്തെ ആയോന്നാ ഒരു ഡൌട്ട്.."

                                                     അത് പറഞ്ഞ് അയാള്‍ ചിരിച്ചു...വേദന നിറയുന്ന ചിരി പോലെ..കാണുന്നവരില്‍ നിന്നും മറച്ച് വെക്കാന്‍ ശ്രമിക്കുന്ന ഒരു വേദന എവിടെയോ ഒളിപ്പിച്ച് അയാള്‍..കരിക്ക്  കച്ചവടക്കാരന്‍ വിഷമത്തോടെ  അയാളെ നോക്കി..അയാള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ വെള്ളം കുടിച്ച് കരിക്ക്‌ വെട്ടി വാങ്ങി അതിലെ കഴമ്പും കഴിച്ച് തൊണ്ട് കച്ചവടക്കാരന്‍ വെച്ചിരിക്കുന്ന കുട്ടയില്‍ ഇട്ട് തോര്‍ത്ത്‌ കൊണ്ട് മുഖം തുടച്ച് വീണ്ടും മുഖത്ത്‌ ഒരു ചിരി വരുത്തി ഓജസ്സോടെ...

        "അപ്പോ ശരി ചങ്ങായി...യോഗമുണ്ടെങ്കില്‍ ഇനീം കാണാം...ദൈവം വിചാരിച്ച കാര്യാ,,നമ്മളായിട്ട് മാറ്റാന്‍ പറ്റോ??"

                                                    അയാള്‍ നടന്ന്‍ ബസ്സില്‍ കയറുമ്പോഴും, ആ ബസ്സ്‌ മുന്നോട്ട് നീങ്ങുമ്പോഴും കരിക്ക്‌ കച്ചവടക്കാരന്‍ നോക്കി നിന്നു..കണ്ണില്‍ ഉരുണ്ട് കൂടിയ കണ്ണ് നീര്‍ തുടച്ച് ബസ്സ്‌ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍ വെളുത്ത നിറം പൂശിയ ആര്‍.സി.സി.കെട്ടിടത്തെയും, നീല നിറത്തില്‍ വെള്ള അക്ഷരത്തില്‍ എഴുതിയ ബോര്‍ഡിനെയും അയാള്‍ ദേഷ്യത്തോടെ നോക്കി..കുറച്ച് നേരം നോക്കി നിന്നതിനു ശേഷം കുറച്ച് ദൂരെ  ഓടിട്ട കൊച്ചു കേട്ടിടത്തേയും, അതിനു മുന്നിലെ കല്‍വിളക്കിനേയും, പടര്‍ന്ന്‍ പന്തലിച്ച ആല്‍മരത്തേയും തുറിച്ച് നോക്കി..ആ കരിക്ക് കച്ചവടക്കാരന്റെ , അതിനൊപ്പം ആ കെട്ടിടത്തിലേക്ക് കയറുന്ന ഓരോ മനുഷ്യരുടെയും ശോകമായ മുഖത്ത്‌ നിന്ന്‍ ആവാഹിച്ച നീരുറവയില്‍ നിന്നെന്നപോലെ   പൊരി വെയിലില്‍ ഒരു ചാറ്റല്‍ മഴ തുടങ്ങി...

        "കണ്ണ് തുറക്കാത്ത ദൈവങ്ങളെ, കരയാനറിയാത്ത,
          ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളെ...''

                                                   ദൂരെ ലോട്ടറി വില്പനക്കാരന്റെ കോളാമ്പി മൈക്കില്‍ നിന്നും അഗ്നിപുത്രിയിലെ ഗാനം ബസ്സില്‍ ഇരിക്കുന്ന യാത്രക്കാരുടെ കാതിലേക്ക്‌ നോവിന്‍റെ നീറുന്ന അലകള്‍ സൃഷ്ടിച്ചു...അയാളും ആ ഗാനത്തില്‍ ലയിച്ചിരുന്നു..ഓര്‍മ്മകളില്‍ തൃപ്രയാര്‍ അമ്പലവും, മീനൂട്ട് കടവും, അവിടെ അയാളും, ഭാര്യയും , രണ്ട് കുട്ടികളും..ചെറിയ മകളുടെ തുലാഭാരം..അത് കഴിഞ്ഞ് മടങ്ങുമ്പോള്‍ ഭാര്യ അയാളോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയിലേക്ക്..

        "നമുക്ക്‌ അടുത്ത കൊല്ലവും ചന്ദ്രയുടെ പെറന്നാളിനു തൃപ്രയാര്‍ വരണം...ഒരു വട്ടം ഏകാദശി വെളക്കിനു വരണം.."

                                                    അവള്‍ക്ക് അന്ന്‍ മൂളി കൊണ്ട്കൊടുത്ത വാക്ക് പാലിക്കാന്‍ സാധിച്ചില്ല..മഴ പെയ്തപ്പോള്‍ പാടത്ത്‌ നിന്നും മരണത്തിന്‍റെ സൂചനയുമായി വീടിന്‍റെ ഉമ്മറപ്പടിയില്‍ ഒരു മുഷി..അതിനെ പിടിച്ച് കുടത്തിലിട്ടു കുട്ടയുമായി, തലയില്‍ ഒരു തുണിയും ചുറ്റി  അവള്‍ പാടത്തേക്ക് മീനിനെ തേടി പോയപ്പോള്‍ തടയാന്‍ കഴിഞ്ഞില്ല....പിന്നെ തിരിച്ച് വന്നത്‌ പായകെട്ടില്‍ കരിഞ്ഞ രൂപമായ്‌...ഒന്ന് മുഖം പോലും കാണാന്‍ കഴിയാതെ..മാധവന്‍റെ മോട്ടോര്‍ പുരയിലെക്കുള്ള കരണ്ട് കമ്പി പൊട്ടി വെള്ളത്തില്‍ വീഴുമെന്ന് ആര് കരുതി?തന്നെയും, കൊച്ചുങ്ങളെയും തനിച്ചാക്കി പെമ്പ്രന്നോത്തി അങ്ങിനെ  പോകുമെന്നും ആര് കരുതി??വിധിയെ കുറ്റം പറഞ്ഞ് വെള്ളം തോരോത്ത കുഞ്ഞുങ്ങളെ കണ്ടില്ലാന്ന് നടിച്ചില്ല..പിന്നെ ഒരു ജീവിതമായിരുന്നു..അവര്‍ക്ക് വേണ്ടി മാത്രം..വെറൊരു കൂട്ട് വേണ്ടാന്ന് മനസ്സിലുറപ്പിച്ച് രണ്ട്‌ കൊച്ചുങ്ങള്‍ക്കും വേണ്ടി മനസ്സും, ശരീരോം പാകപ്പെടുത്തി ഒരു ജീവിതം...

    "അവിടെ ടിക്കറ്റ്‌..."

                                                      കണ്ടക്ടര്‍ വിളിച്ചപ്പോള്‍ ഓര്‍മ്മകള്‍ മാറ്റി വെച്ച് ഉരുണ്ട കണ്ണ് നീര്‍ തുടച്ച് ഒരു ചിരിയോടെ വീണ്ടും..കുറച്ച് നോട്ടും കുറെ ചില്ലറയും കയ്യിലെടുത്ത്

    "ഇത് കൊടുങ്ങല്ലൂര്‍ വരെ പോകുള്ളൂ ആല്ലേ??അവിടുന്ന്‍ സാറെ ഗുരുവായൂര്‍ക്ക് രാത്രി വണ്ടി ഇണ്ടാവോ?

    ''ഇത് രാത്രി പത്ത്‌ മണിയ്ക്ക് അവിടെത്തും...രാത്രി വണ്ടികള്‍ കൊറേ ഓടുന്നുണ്ട്..അങ്ങ് കണ്ണൂര്‍, കാസര്‍ഗോഡ്‌ വരെ...വടക്കേനടയില്‍ പോയി നിന്നാ ചെലപ്പ അവന്മാര്‍ ചവിട്ടും.."

    "സാറ് കൊടുങ്ങല്ലൂര്‍ വരെ ടിക്കറ്റ്‌ തന്നാട്ടെ..ഇനിപ്പാ വണ്ടി കിട്ടില്ലേല്‍ അമ്പലത്തിന്റെ ആല്‍ത്തറ ശരണം...കാലത്ത്‌ അമ്പലകൊളത്തില്‍ ഒരു മുങ്ങും മുങ്ങി കൊടുങ്ങല്ലൂര്‍ അമ്മേം കണ്ട്, പരിഭവോം പറഞ്ഞു  ഫസ്റ്റ്‌ ബസ്സിന് പോകാം.."

                                                      ടിക്കറ്റ്‌ കിട്ടിയതിനു ശേഷം അയാള്‍ സീറ്റിന്‍റെ  അറ്റത്തേക്ക് നീങ്ങിയിരുന്നു..അല്പം  കഴിഞ്ഞ് അയാളുടെ അരികില്‍ ഒരച്ഛനും, പത്ത്‌ വയസ്സ് തോന്നിക്കുന്ന മകളും വന്നിരുന്നു...അയാള്‍ അവരെ നോക്കി പതിവ്‌ പോലെ ചിരിച്ചു...ആ അച്ചന്‍ തിരിച്ചും ഒരു സൗഹൃദ പുഞ്ചിരി നല്‍കിയെങ്കിലും അതില്‍ വേദന കലര്‍ന്നിട്ടുള്ളത് പോലെ അയാള്‍ക്ക് തോന്നി..തന്നെക്കാള്‍ ആഴത്തിലുള്ള എന്തോ ഒരു വ്യഥ നിറയുന്ന ഒരച്ചന്‍..മകള്‍ ഒരു കറുത്ത കണ്ണട ധരിച്ചിട്ടുണ്ട്...അവള്‍ കയ്യിലിരുന്ന പൊതിയില്‍ നിന്നും ഒരു നാരങ്ങ മിട്ടായി എടുത്ത്‌ അച്ചന് നേരെ നീട്ടി ചോദിച്ചു..

               "ഇതെന്ത് കളറാണ് അച്ചാ??"

               "പച്ച"
                                                    അച്ചന്‍റെ മറുപടിയില്‍ അടങ്ങിയ വേദന  അയാള്‍  തിരിച്ചറിഞ്ഞു..അയാള്‍ ആ കുട്ടിയെ ശ്രദ്ധിച്ചു..ഓമനത്തമുള്ള മകള്‍..വെളുത്ത മുഖത്ത് ആ കറുത്ത കണ്ണാടി ഒരു അഭംഗി പോലെ തോന്നിച്ചു..അവള്‍ അടുത്ത മിട്ടായി എടുത്ത്‌ അച്ചന്‍റെ നേരെ നീട്ടി ..

               "ഇതോ?"

                                                       അടുത്ത ചോദ്യം അയാളുടെ നെഞ്ചില്‍ ദുഖത്തിന്റെ തീഗോളം തീര്‍ത്തു..ആ കുരുന്നിന് കണ്ണുകള്‍ കാണില്ല എന്ന സത്യം അയാളുടെ മുഖത്ത്‌ നിന്നും സ്വതസിദ്ധമായ ചിരി മായ്ച്ചു കളഞ്ഞു..വേദനയോടെ, തന്‍റെ വേദനകള്‍ വിസ്മരിച്ച് അയാള്‍ ആ കുട്ടിയുടെ അച്ചനെ നോക്കി..മകള്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയാന്‍ ആകാതെ തൊണ്ട വരണ്ട പാവം മനുഷ്യന്‍..ആ വേദന അയാള്‍ തിരിച്ചറിഞ്ഞു...ഇരു ഹൃദയങ്ങളും വേദനിച്ച അടുത്ത നിമിഷം അവര്‍ ആരോടെന്നില്ലാതെ പറഞ്ഞു...

                 "ഏതു കളര്‍ ആയാലും എനിക്കെല്ലാം കറുപ്പായിട്ടാ തോന്നണേ.."

                                                         ഒരു തേങ്ങല്‍ ആ അച്ഛനില്‍ നിന്നും ...അത് അയാളിലെക്കും..ചിരപരിചിതനായ ഒരു സുഹൃത്തിനെ പോലെ, അടുത്ത ബന്ധുവിനെ പോലെ, അയാള്‍ ആ അച്ചന്‍റെ തോളില്‍ കൈ വെച്ച് ആശ്വസിപ്പിച്ചു...ബസ്സ്‌ മുന്നോട്ട് പോകുന്തോറും അവര്‍ക്കിടയില്‍ ഒരു സൗഹൃദം വിധി മുന്നോട്ട് വെച്ചത് പോലെ...അയാള്‍ രണ്ടു ദിവസം മുന്‍പ്‌ ഇന്ത്യന്‍ കോഫീ ഹൗസില്‍ വെച്ച് പറഞ്ഞ വാക്കുകള്‍ ഓര്‍ത്തു...

                "വീണ്ടും കാണാമെന്ന് ഒരു വെറും വാക്ക് പറയണില്ല...പക്ഷെ കാണും..എന്റെ ഉള്ളിലോള്ള ഒരു  സാധനോം ആര്‍ക്കും കൊടുക്കാന്‍ പറ്റൂല..എല്ലാം കാര്‍ന്നു തിന്ന് ചീത്തയായി പോയി...പക്ഷെ കണ്ണുകള്‍ ഞാന്‍ ദാനം ചെയ്യും...അതിനെ ഒരു രോഗവും ഇല്ല...ഞാന്‍ കണ്ട് രസിച്ച ഈ                    ഭൂലോകം, ഇത് വരെ ഒന്നും കാണാതെ പോയ ആര്‍ക്കെങ്കിലും വെളിച്ചം               കൊടുക്കട്ടെ...ജീവനുണ്ടായിട്ടും ഒന്നും ജീവിതത്തില്‍ കാണാത്ത ആരെങ്കിലും എന്റെ  കണ്ണുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകും...."

                                                           അയാള്‍ ആ കുട്ടിയുടെ അച്ചനോട് എല്ലാം തുറന്ന്‍ പറഞ്ഞു...തന്‍റെ രോഗവും, കണ്ണുകള്‍ ദാനം ചെയ്യാനുള്ള ആഗ്രഹവും...മക്കളെ കുറിച്ചും, ചികില്‍സ നല്‍കുന്ന ഡോക്ടറെ കുറിച്ചും, സഹായം നല്‍കുന്ന പാടൂര്‍ ദേശത്തെ ക്ലബിനെ കുറിച്ചും, തന്‍റെ മരണ ശേഷം കണ്ണുകള്‍ ആര്‍ക്കെങ്കിലും ദാനം ചെയ്ത് ആ കണ്ണുകളിലൂടെ ലോകം കാണാനുള്ള മോഹം അയാള്‍ വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരുന്നു..അവള്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. ..അച്ഛന്റെ മടിയില്‍ കിടന്ന്...അയാള്‍ പറഞ്ഞ് നിര്‍ത്തിയിടത്ത് നിന്നും നിറഞ്ഞ കണ്ണുകളോടെ അവളുടെ അച്ഛന്‍ പറയാന്‍ തുടങ്ങി..

            "അവള്‍ ജനിച്ചിട്ട് ഇത് വരെ ലോകം കണ്ടിട്ടില്ല...ജന്മനാ കാഴ്ചയില്ല....അരൂര്‍ അടുത്തതാ ഞങ്ങടെ  വീട്..അവള്ക്ക് കാഴ്ച കിട്ടോണോന്ന്‍ അവളെക്കാള്‍ ആഗ്രഹം എനിക്കാ...സത്യേട്ടാ...പക്ഷെ  അത് നിങ്ങളുടെ കണ്ണ്...വേണ്ട ചേട്ടാ...നിങ്ങള് ജീവിച്ചിരിക്കണം...ആ രണ്ടു കുട്ടികള് ..ആ രണ്ട്‌ കുട്ടികള് അനാഥ കുട്ടികളായി  ജീവിക്കാന്‍ പാടില്ല..."

                                                              സത്യന്‍ എന്ന അയാള്‍ ഒന്ന്‍ ചിരിച്ചു..ഇരുട്ടില്‍ തിളങ്ങിയ ആ ചിരിയില്‍ വേദനയുടെ മറച്ചു വെച്ച മുഖം...അയാള്‍ പേനയെടുത്ത് ഒരു കടലാസ്സില്‍ എല്ലാ വിവരങ്ങളും കുറിക്കാന്‍ തുടങ്ങി...അയാളുടെ മേല്‍വിലാസം, ഡോക്ടറുടെ മേല്‍വിലാസം, അടുത്ത ചില സുഹൃത്തുക്കളുടെ...അയാള്‍ ആ കടലാസ്സ് അവളുടെ അച്ചന് കൈ മാറി...സത്യാ സന്ധമായ ഒരു ചിരിയോടെ..

      "മൂത്ത മോള് ഇന്ദുലേഖ...പിന്നെ മോമ്മാദ് ഡോക്ടര്..പാടൂര്‍ ദേശത്തെ ക്ലബ്ബിലെ പിള്ളാര്...എല്ലാരോടും പറഞ്ഞ് വെച്ചേക്കാം..ജീവന്‍ പോകാന്‍ ഇനിപ്പോ അധിക ദെവസം വേണ്ടാ..ആയുസ്സ് അറ്റം മുട്ടി നില്പാ...പിന്നെ പോകുമ്പോ ഒരു നല്ല കാര്യം ചെയ്ത് പോയാ ദൈവം കണക്ക് ചോദിക്കുമ്പോ നിവര്‍ന്ന്‍ നിന്ന്   പറയാല്ലോ...ഞാന്‍ എന്റെ കണ്ണ് ഒരു മാലാഖ കുട്ടിനെ എല്പിച്ചാ പോന്നതെന്നു..വേറെ ഒന്നും എടുക്കാന്‍ പറ്റൂല..എല്ലാം പൊള്ളയാ.രോഗത്തിന് പ്രാന്ത് പിടിച്ച് ഉള്ളിലോള്ളതെല്ലാം  താറു മാറാക്കി..'

                                                                 ബസ്സ്‌ എവിടെയോ പാതയോരത്ത് നിര്‍ത്തി യാത്രക്കാര്‍ ചായ കുടിക്കാനിറങ്ങി.....അയാള്‍ അവരെ പുറത്തേക്ക്‌ ക്ഷണിച്ചു,,,റോഡിന്‍റെ വശത്തെ ഇരുട്ടില്‍  ചുടുചായ കുടിച്ച് അവര്‍ നില്‍ക്കുമ്പോള്‍ ബാങ്ക് വിളി കേട്ടു..ദൂരെ ഏതോ പള്ളിയില്‍ നിന്ന്‍...അതിനു മീതെ മണിയടി നാദം...അവര്‍ നില്‍ക്കുന്നതിന് കുറച്ച് മുന്നില്‍ ദീപാരാധന കഴിഞ്ഞ് അമ്പല നട  തുറക്കുന്ന സമയം..ആ ദീപ പ്രഭയുടെ നേരെ തൊഴു കൈകളോടെ അവര്‍ നിന്നു...അയാളും, ആ കുട്ടിയും, അവളുടെ അച്ഛനും..മനസ്സില്‍ പ്രാര്‍ത്ഥനയോടെ...

                                                                ബസ്സില്‍ തിരികെ കയറിയപ്പോള്‍ അയാള്‍  ആ പെണ്‍കുട്ടിയോട് ചോദിച്ചു..

     "മേഘ മോള്‍ എന്താണ് പ്രാര്‍ത്ഥിച്ചത്...??''

     "സത്യന്‍ അങ്കിളിന്റെ അസുഖം എത്രയും വേഗം മാറാന്‍ വേണ്ടിട്ട്"

                                                                 അവളുടെ അച്ചന്‍ ആ കവിളില്‍ ഒരുമ്മ കൊടുത്തു...അവള്‍ ചിരിയോടെ ഇരുട്ടിനെ നോക്കി പറഞ്ഞു..

     "എനിക്ക് കണ്ണില്ലെങ്കിലും അച്ചനുണ്ടല്ലോ കൂടെ..എന്‍റെ കണ്ണുകള്‍ പോലെ...അത് പോലെ ഇന്ദു ചേച്ചിയ്ക്കും, മറ്റേ ചേച്ചിയ്ക്കും  വേണം കൂടെ അവരടെ അച്ചന്‍..??

                                                                 അതിനയാള്‍ ഒന്ന്‍ മൂളി...പുറത്തെ ഇരുട്ടില്‍ മിഴി നട്ട് ഇരിക്കാന്‍ തുടങ്ങുമ്പോള്‍ ആയാള്‍ പ്രതീക്ഷിച്ച ചോദ്യം അവള്‍ ചോദിച്ചു...അയാള്‍ കരുതി വെച്ചിരുന്നു  ഒരുത്തരം നല്കാന്‍..

       "സത്യന്‍ അങ്കിള്‍ എന്താണ് പ്രാര്‍ത്ഥിച്ചത്...?"

                                                                    ഒരു നിമിഷം സത്യന്‍ കത്തി നില്ക്കുന്ന ക്ഷേത്രത്തിലെ വെളിച്ചത്തില്‍ നോക്കി..ആ പ്രഭയില്‍ തെളിയുന്ന മൂര്‍ത്തി ഭാവത്തെ നോക്കി.... അവരെ നോക്കാതെ  അയാള്‍ ചിരിയോടെ പറഞ്ഞു..

     "മേഘ മോള്‍ക്ക്‌ എത്രയും  പെട്ടെന്ന്‍ ഈ ലോകം കാണാന്‍ കഴിയണേന്ന്‍...

                                                                     അയാള്‍ പിന്നെയൊന്നും പറയാതെ അയാളുടെ കണ്ണുകള്‍ ഒന്ന്‍ തഴുകി..അതിന്‍റെ അര്‍ഥം തിരിച്ചറിഞ്ഞ ആ കൊച്ചു ഹൃദയം തേങ്ങി..ഒപ്പം അവളുടെ അച്ഛനും,..ബസ്സ്‌ അപ്പോഴേക്കും യാത്ര തുടങ്ങിയിരുന്നു... വിദൂരസ്ഥാനം എത്തിച്ചേരാനുള്ള  ഒരേ വ്യഗ്രത യോടെ... അതേ അവസ്ഥ തന്നെയായിരുന്നു സത്യന്‍ എന്ന അയാളുടെ മനസ്സിനും....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....
     
harishkdlr.blogspot.in

                                                                     






2015, ജൂലൈ 31, വെള്ളിയാഴ്‌ച

"മതഭ്രാന്തന്മാര്‍.."

                 






     
                         "അതിരാവിലെ തന്നെ ഒരു വലിയ യുദ്ധം..അവന്‍റെ കഴുത്തില്‍ നിന്നും ചോരകണ്ടിട്ടാണ് അവസാനിപ്പിച്ചത്...കൊല്ലണമായിരുന്നു...ചോര കണ്ട് കൊതി മാറിയില്ല...അപ്പോഴേക്കും അവര്‍ ഓടി വന്നു..അല്ലെങ്കില്‍ അവന്‍ ചത്തു വീണേനെ.."

       കോഴിചാത്തന്‍ ഒന്ന്‍ വീണ്ടും നിവര്‍ന്ന്‍ നിന്നു...പിടകോഴി അവന്‍റെ ചുറ്റും നടന്ന്‍ തൂവലും, അങ്കവാലും, താടയും, കഴുത്തും പരിശോധിച്ചു..വീര കൃത്യം നടത്തിയ എതിര്‍ ലിംഗത്തെ ആരാധനയോടെ നോക്കി..

                   "ഇല്ല....ഒന്നും പറ്റിയിട്ടില്ല...ചിറകിന്റെ അടിയില്‍ നിന്നും ഒരു ചെറിയ തൂവല്‍ മാത്രം..നിങ്ങള്‍ നമ്മുടെ മതത്തിന്‍റെ അന്തസ്സ് കാത്തു...ഞാന്‍ കണ്ടതാ..മുണ്ടന്‍ താറാവിന്റെ കഴുത്തില്‍ നിന്നും കൊഴുത്ത ചോര ചീറ്റിയത്.."

      ആ വാക്കുകള്‍ കോഴിചാത്തന്‍ ആവേശത്തോടെ ഏറ്റെടുത്ത് വേലിയുടെ മുകളില്‍ കയറി കഴുത്ത് നീട്ടി ഒരു ഉഗ്രന്‍ കൂവല്‍ പാസ്സാക്കി..കുളത്തിനടുത്ത് കൂട്ടം കൂടി നിന്ന താറാവ് കൂട്ടത്തില്‍ ആ കൂക്ക് വിളി പ്രതിഫലിച്ചു..അവരുടെ അഭിമാനം ചോദ്യം ചെയ്യപ്പെടുന്ന പോലെ.അതിര്‍ത്തിക്ക്അപ്പുറത്ത് നിന്നുള്ള യുദ്ധ പ്രഖ്യാപനം പോലെ തോന്നി ആ കൂവല്‍..ഇടയ്ക്കുള്ള യുദ്ധം  തുടങ്ങിയിട്ട് കാലം ഏറെ പഴകിയിരിക്കുന്നു..ആ വീട്ടില്‍ തന്നെയാണ് ഇരു കൂട്ടരും ജനിച്ചത്..ഏതോ ഒരു തള്ളകോഴി ഇരുപത്തിയൊന്നു ദിനം തപസ്സിരുന്നു സൃഷ്ടിച്ച സംഘം..മുട്ട വിരിഞ്ഞപ്പോള്‍ എട്ടു കോഴികുഞ്ഞുങ്ങള്‍, ആറു താറാവ് കുഞ്ഞുങ്ങള്‍...വലുതാകും വരെ അവര്‍ ഒന്നിച്ചായിരുന്നു..ഒരു കൂട്ടില്‍ ഒരമ്മയുടെ ചിറകില്‍..ഒരു പാത്രത്തില്‍ ഒരുമയോടെ ഭക്ഷിക്കുന്ന....

     വളര്‍ന്നതോടെ രൂപത്തില്‍ മാറ്റങ്ങള്‍ വന്നതോടെ ഇരു കൂട്ടരും അകലാന്‍ തുടങ്ങി....മാനസികമായ അകല്‍ച്ച കാലക്രമേണ വംശീയമായ വേര്‍തിരിവ് സൃഷ്ടിച്ചു..കോഴികള്‍ ഒരു കൂട്ടമായ്‌..കോഴി  മതത്തില്‍ വിശ്വാസം അര്‍പ്പിച്ച്...താറാവുകള്‍ അവരുടെ സ്വന്തം വിശ്വാസത്തില്‍...ഒരു പാത്രത്തില്‍ നിന്നും കഴിച്ചിരുന്ന ഇരുവര്‍ക്കും വേറെ വേറെ പാത്രങ്ങളായി., ഒരേ ക്കൂട്ടില്‍ രാത്രി കയറിയിരുന്ന താറാവുകള്‍ക്ക് കോഴിക്കൂട് അന്യമായി...അവര്‍ക്ക് കുളക്കര തന്നെ ശരണം..വേര്‍തിരിവുകള്‍, വെറുപ്പുകള്‍, വേലിക്കെട്ടുകള്‍....       പരസ്പരം പോരുവിളികള്‍..ഭീഷണികള്‍,ഇടയ്ക്ക് യുദ്ധങ്ങള്‍..

                    'കോഴി സുഹൃത്തുക്കളെ...പറവ വംശജരായ നമ്മള്‍ കുലീനരും, ദൈവം നേരിട്ട് സൃഷ്ടിച്ചവരും ആകുന്നു...നമുക്ക് ദൈവം തന്ന അകാരം താറാവുകള്‍ക്ക് കൊടുത്തില്ല..അവര്‍ ഒരിക്കലും നമ്മുടെ മതമല്ല...അവരെ കോഴികൂടിന്റെ അതിര്‍ത്തിയില്‍ പ്രവേശനമില്ല...അത് കൊണ്ടാണ് നമ്മള്‍ "അകോഴികള്‍ക്ക് പ്രവേശനമില്ല" എന്ന ബോര്‍ഡ് വെക്കാന്‍ പോകുന്നത്...താറാവുകള്‍ നമ്മുടെ ജന്മ ശത്രുക്കള്‍ ആണ്..ഇന്ന്‍ ശ്രീമാന്‍ കോഴി ചാത്തനെ ഒരു മുണ്ടന്‍ താറാവ് അകാരണമായി ആക്രമിച്ചു...അവരെ ഒരു പാഠം പഠിപ്പിച്ചേ മതിയാകൂ.."

    കോഴി മൂപ്പന്റെ വാക്കുകള്‍ ചില യുവ പൂവന്മാരില്‍ ചലനം സൃഷ്ടിച്ചു..കുളക്കരയില്‍ നില്‍ക്കുന്ന താറാ കൂട്ടത്തെ ആക്രമിച്ച് തുരത്താന്‍ അവരുടെ ഹൃദയം തുടിച്ചു..പറവ കുലത്തില്‍  കോഴി മതം മാത്രം മതി...മറ്റൊന്നും വേണ്ട...ഇതേ സമയത്ത് തന്നെ കുളക്കരയില്‍ ഒരു മഹാസമ്മേളനം നടക്കുകയായിരുന്നു...രാവിലെ കോഴി ചാത്തനാല്‍ ആക്രമിക്കപ്പെട്ട താറാവ് മുണ്ടന്‍ അത്യാസന്നനിലയില്‍ അവര്‍ക്കിടയില്‍..ചുറ്റും നില്‍ക്കുന്നവരെ മുഴുവന്‍ അഭിസംഭോധന ചെയ്യ്ത് പൂവാലന്‍ താറാവ് ഉറക്കെ പറഞ്ഞു..

                 ''വൃത്തിയില്ലാത്ത വര്‍ഗ്ഗമാണ് കോഴി വര്‍ഗ്ഗം..കുളക്കരയില്‍ അവര്‍ക്ക് പ്രവേശനമില്ല..കാലുകള്‍ കൊണ്ട് ചിക്കി മാന്തി വൃത്തികേടാക്കുന്ന ആ വര്‍ഗ്ഗം പറവകുലത്തില്‍ ശ്രേഷ്ഠ പദവിയില്‍ നില്‍ക്കുന്ന നമ്മുടെ താറാ മതത്തിന് വന്‍ ഭീഷണി ആണ്...നമ്മള്‍ അംഗസംഖ്യയില്‍ കുറവാണെന്ന കാര്യം എല്ലാര്‍ക്കും അറിയാമല്ലോ...ഞാന്‍ എന്തായാലും കുട്ടനാട്ടിലെ നമ്മുടെ മതനേതാക്കളുമായി സംസാരിച്ച് അവിടെ നിന്നും കുറേ ചാവേര്‍ താറാവുകളെ ഇറക്കാം..നമ്മുടെ പ്രിയപ്പെട്ട മുണ്ടനെ ഇന്ന്‍ രാവിലെ അതിക്രൂരമായി കൊത്തി പരിക്കേല്പിച്ച അവനെ കൊല്ലണം...ആ കോഴി ചാത്തനെ..''

       എന്തായാലും കളി കാര്യമായി തുടങ്ങി..വീണ്ടും അക്രമങ്ങള്‍...കുളക്കരയില്‍ ചിക്കി പരകി നടന്ന കഴുത്തില്‍ രോമമില്ലാത്ത പിടയുടെ ജഡം തെങ്ങിന്‍ തോപ്പില്‍ കണ്ടതോടെ കോഴി വര്‍ഗ്ഗം അക്രമസത്തരായി..കൊന്നത് താറാവുകള്‍ ആണെന്ന്‍ കോഴി മൂപ്പന്‍ പ്രഖ്യാപിച്ചു..പിട ചാവാന്‍ കാരണം കോഴി വസന്ത ആണെന്ന്‍ താറാവ്  കൂട്ടത്തില്‍ നിന്നും പരക്കെ അഭിപ്രായം ഉയര്‍ന്നെങ്കിലും കോഴികള്‍ ചെവി കൊണ്ടില്ല...ചത്ത പിടയുടെ കൂടെ കുറച്ച് ദിവസമായി ഒരു കോഴിവസന്ത പിടിച്ച ഒരു വരുത്തന്‍ കോഴിചാത്തന്‍ കറങ്ങി നടക്കുന്നത് തെളിവുകള്‍ ആയി നല്‍കിയിട്ടും മരണത്തിനു പിന്നില്‍ താറാവുകള്‍ ആണെന്ന് അവര്‍ വിശ്വസിച്ചു..അണിയറയില്‍ ഒരു പുതിയ യുദ്ധത്തിനുള്ള പുറപ്പാട്...ചില യുവ കോഴി ചാത്തന്മാര്‍ അലക്ക് കല്ലില്‍ ഉരസി ചുണ്ടുകള്‍ മൂര്‍ച്ച കൂട്ടുന്നു.. രാവിലെ പരസ്പരം കൊത്ത്താ കൂടി യുദ്ധമുറകള്‍ പരിശീലിക്കുന്നു..താറാവുകള്‍ ഭീതിയോടെ..തിരിച്ചടിക്കാന്‍ പത്തികാലുകള്‍ മാത്രം..ഇടയ്ക്ക് കുളക്കരയിലെ തെങ്ങിന്‍ ചുവട്ടില്‍ ഏഷണിക്കാരായ ചില കോഴി പിടകള്‍ ചാര വേഷം പൂണ്ട് കൊത്തി ചികഞ്ഞ് നടക്കുന്നു..ഒരു മഹായുദ്ധം സമാഗതം...

      കാലത്ത് മുറ്റത്ത് വെച്ച കുഴച്ച ഗോതമ്പ് തവിട് ആര്‍ത്തിയോടെ അകത്താക്കുമ്പോള്‍ യുദ്ധം പൊട്ടി വീണു..തലങ്ങും വിലങ്ങും കോഴികള്‍ തവിട് തിന്നുന്ന താറാവുകളെ ആക്രമിച്ചു...തിരിച്ച് പ്രത്യാക്രമണം..അട്ടഹാസം, നിലവിളികള്‍, പറന്നുയര്‍ന്ന തൂവലുകള്‍,പിന്മാറാന്‍ തയ്യാറാകാത്ത യുദ്ധം...ബഹളം കേട്ട് ഗൃഹനാഥ ഒച്ചയിട്ട് എല്ലാവരെയും ആട്ടിയോടിച്ചു..ഇരു വിഭാഗവും പോര്‍വിളികള്‍ ഉയര്‍ത്തി പിന്മാറി..

           "എനംകൊത്തികള്‍...തിന്ന്‍ എല്ലിന്‍റെ ഇടെ കേറീട്ടാ..കാണിച്ച് തരാം എല്ലാത്തിനെയും.."

      ഗൃഹനാഥ മുഴക്കിയത്  വെറും ഭീഷണി ആയിരുന്നില്ല..രണ്ടു ദിവസം കഴിഞ്ഞ് കോഴികളും, താറാവുകളും ഉറക്കം ഉണര്‍ന്നത് ഒരേ ഇരുമ്പ് കുട്ടയുടെ അടിയില്‍ ആയിരുന്നു..ആരോ ബന്ധിച്ചിരിക്കുന്നു...എന്താണെന്ന്‍ സംഭവിച്ചതെന്ന് അറിയുന്നതിന്  ആരോ പറയുന്നത് കേട്ടു..

          "താറാവ് മപ്പാസ്‌ വെക്കാം...കോഴി യെ  വറുക്കാം...എന്തായാലും തമ്മില്‍ കൊത്തി  ചാവുന്നതില്‍ ഭേദം പള്ളി പെരുന്നാളിന് കറി വെക്കണതാ.."

      ഇടി തീ പോലെ ആ വാക്കുകള്‍ കുട്ടയുടെ അടിയില്‍ കിടക്കുന്ന രണ്ടു മതസ്ഥരുടെ ചെവിയില്‍ മുഴങ്ങി..ഇരു കൂട്ടരും പരസ്പരം നോക്കി..ദൂരെ ഒരു കത്തി മൂര്‍ച്ച കൂട്ടുന്ന ശബ്ദം..കറി മസാല ചൂടാക്കുന്ന ഗന്ധം.കുട്ടയുടെ ദ്വാരത്തിലൂടെ വെളിയില്‍ കൊത്തി പെറുക്കി നടക്കുന്ന തള്ളകൊഴിയും കുഞ്ഞുങ്ങളും, അതില്‍ നാലു താറാവ് കുഞ്ഞും, അഞ്ച് കോഴികുഞ്ഞും...കിട്ടിയ ഒരു അരിമണി ഒരു കുഞ്ഞി കോഴി താറാ കുഞ്ഞുമായി പങ്ക് വെക്കുന്ന കാഴ്ച..ഒരുമയുടെ, ഐക്യത്തിന്‍റെ കാഴ്ചാനുഭവം.. കോഴികളിലും, താറാവ് കൂട്ടത്തിനും പുതിയ വെളിച്ചം നല്‍കി..സമയം കുറേ വൈകിയൊരു വിവേകം..

       "നമ്മള്‍ കോഴി മതവും, താറാവ് മതവും  പറഞ്ഞ് തമ്മില്‍ തല്ലിയപ്പോള്‍ ഓര്‍ത്തില്ല...പറവകള്‍ ആണെന്ന്...കുറച്ച് സമയം കഴിയുമ്പോള്‍ നമ്മുടെ കഴുത്തില്‍ കത്തി വീഴും, ഒഴുകാന്‍ പോകുന്ന ചോരയുടെ നിറം ചുവപ്പ്...ഇതൊന്നും മനസ്സിലാക്കാതെ എന്തിനോ വേണ്ടി തമ്മില്‍ തല്ലി..ആദ്യം വംശം...പിന്നെ മതം...

     കോഴി മൂപ്പന്‍ പറഞ്ഞത് എല്ലാവരും ശരി വെച്ചു...ഒരുമയോടെ സുന്ദരമായ ഭൂമിയില്‍ കൊത്തി പെറുക്കി, ചിക്കി ചികഞ്ഞ്, നീന്തി തുടിച്ച് ജീവിക്കാനുള്ള അവസരം സ്വയം നഷ്ടമാക്കിയതില്‍ വേദനിച്ചു...കുട്ടയുടെ അടിയില്‍ അവര്‍ മുട്ടിയുരുമ്മി ഒത്തൊരുമിച്ച് നിന്നു..അപ്പോഴും പുറം കാഴ്ചകളില്‍ കുഞ്ഞി താറാവും, കുഞ്ഞികൊഴിയും ഒരുമിച്ച് അമ്മ കോഴിയുടെ പുറകെ..അത് കണ്ടിട്ട് പൂവാലന്‍ താറാവ് ദുഖത്തോടെ പറഞ്ഞു...

     "നമ്മുടെ വരും തലമുറയെങ്കിലും നല്ല ബുദ്ധിയോടെ ജീവിക്കട്ടെ....അവര്‍ താറാവ് മതത്തില്‍ വിശ്വസിച്ച്, കോഴി മതത്തെ ആദരിച്ച്, ഐക്യത്തോടെ ജീവിക്കട്ടെ...ജീവിതം ജീവിക്കാനുള്ളതാണ്...സ്നേഹത്തോടെ, സൌഹാര്‍ദ്ദത്തോടെ...പരസ്പരം പോരടിച്ച് മരിക്കാനുള്ളതല്ല..."