2015, നവംബർ 17, ചൊവ്വാഴ്ച

"ടോം-മാസില്‍ " നിന്നും തോമസുട്ടിയിലെക്ക്.."

                                               



                                                                     തമിഴ് താരത്തിന്റെ കൂറ്റന്‍ ഫ്ലക്സില്‍ തലയിലൂടെ പാല്‍ അഭിഷേകം നടത്തി "ഫ്രീക്കന്‍ ടോം-മാസ്" എന്ന തോമസുട്ടി എല്ലാവരെയും നോക്കി എല്ലാ പല്ലിന്‍റെ വൃത്തികേടുകളും, ബീഡി കറയും കാണിച്ച് ചിരിച്ച് നിന്നു..അവന്‍റെ മുഖത്തെ കൂളിംഗ് ഗ്ലാസ്സും, പിന്നെ കൂര്‍ത്ത താടിയും, പൊതി മടല്‍ തലയില്‍ കമിഴ്ത്തിയെ പോലെ വെച്ച മുടിയഴകും പിന്നെ ആ ചിരിയും ചേര്‍ന്നപ്പോള്‍ കൂടി നിന്നവര്‍ക്ക് അന്യം നിന്ന് പോകുന്ന സിംഹ വാലന്‍ കുരങ്ങ് കൊടുങ്ങല്ലൂര്‍ അശോക തിയേറ്ററിന് മുകളില്‍ വന്നിരിക്കുന്നത് പോലെ തോന്നി..

      "മോളീന്ന് ഇറങ്ങി വാടാ കൊരങ്ങാ.."

                                                           പലര്‍ക്കും തോന്നിയ കാര്യം സെകുരിറ്റിക്കാരന്‍ തുറന്ന്‍ പറഞ്ഞു..ഇത് കേട്ടപ്പോള്‍ "പ്രേമത്തിലെ നിവിന്‍ പോളിയെ പോലെ ടോം-മാസ് മുകളില്‍ നിന്നും താഴെയിറങ്ങി പൂച്ച രോമം പോലെയുള്ള മീശ പിരിച്ച്, കറുത്ത ഷര്‍ട്ടിന്റെ കൈകള്‍ തെറുത്ത് കയറ്റി, മുണ്ട് മടക്കി കുത്തി അയാള്‍ക്ക് മുന്നില്‍ ഇല്ലാത്ത നെഞ്ച് വിരിച്ച് നിന്നു..ആ ജന്തു കടിച്ചാലോ എന്നാ ഭയത്താല്‍ പാവം സെകുരിറ്റി ജീവനക്കാരന്‍ സംഭവസ്ഥലത്ത് നിന്ന് പതുക്കെ സ്കൂട്ടായി..

                                                           ഇവനാണ് ഞങ്ങ പറഞ്ഞ സാധനം..സോഷ്യല്‍ മീഡിയായില്‍ സ്വയം "ടോം-മാസ്" എന്ന് വിളിക്കുന്ന കരൂപ്പടന്ന സ്വദേശി തോമസുട്ടി.ഇദ്ദേഹം നല്ലൊരു പെയിന്റര്‍ ആണെന്ന്‍ സ്വയം പറയുന്നു..വിന്‍സെന്റ് വാന്‍ഗോഗ്, ഡാവിഞ്ചി എന്നിവരുടെ പിന്‍ തലമുറ യൊന്നുമല്ല. "ദുല്‍ഖര്‍ കുഞ്ഞുമോന്റെ " പെയിന്റടി സംഘത്തിലെ  കൂടെ വല്ലപ്പോഴും പണിക്ക് പോകുന്ന ഒരു ചെറു ബാല്യക്കാരന്‍.ആഴ്ചയില്‍ ഒരിക്കല്‍ പണി, രണ്ട്‌ ദിവസം സിനിമ റിലീസ്, പിന്നെ ബാക്കിയുള്ള ദിവസം കുടി,തീറ്റ, ഉറക്കം..ആളെ കണ്ടാല്‍ മണ്ണിര പോലെ ആണെങ്കിലും തീറ്റയെടുപ്പ് ആനയുടെ പോലെയാ..

     "നെനക്ക് നേരെ ചൊവ്വേ പണിക്ക് പോയ്ക്കൂടെ തോമാ..ആ കുഞ്ഞോന്‍ എല്ലാ ദെവസോം വന്ന് കാലത്ത് വിളിക്കണതല്ലേ.. ഞാന്‍ കണ്ടവന്റെ മില്ലീ പണിയെടുക്കാന്‍ പോയിട്ടാ മൂന്നേരം  അടുപ്പെങ്കിലും പൊകായണത്.."

       "അംച്ചീ...ദേ നിങ്ങളോട് ഞാന്‍ നൂറായിരം വട്ടം പറഞ്ഞിട്ടുണ്ട്...ന്നെ തോമാന്ന്‍ വിളിക്കരുതെന്ന്..പള്ളീ കൊണ്ടോയീ ചെറുപ്പത്തിലെ ഒരു ചടാക്ക്‌ പേരിട്ട്.അയിന്റെ പേരില് ഞാന്‍ സമൂഹത്തിന്‍റെ മുന്നീ നാറി കൊണ്ടിരിക്കേ.."

      "നാറ്റം മാറാന്‍ നന്നായൊന്നു മുങ്ങി കുളിച്ചാ മതീടാ പിശാശേ...

                                                        അന്നമ്മ താത്തി മുറ്റത്ത് നിന്നും ഒരു കവിളന്‍ മടലെടുത്ത് തൊഴിക്കാന്‍ പോയപ്പോഴേക്കും ഫ്രീക്കന്‍ ചാടി ഓടി വെട്ടുവഴിയില്‍ മറഞ്ഞു..ആ ഓട്ടം നില്‍ക്കുന്നത് ഒരു പണിയും ചെയ്യാത്ത കുറേ കവല നിരങ്ങികള്‍ കൂടുന്ന പുഴവക്കത്താണ്..ടോം-മാസ് ചെന്ന്‍ പുഴവക്കത്ത് തെങ്ങും ചാരി മാക്കാന്‍ തവളയെ പോലെ ഇരിക്കുന്ന ഷൌക്കത്തലി എന്ന ചക്കതോലിയുടെ കയ്യില്‍ നിന്നും വിക്സിന്റെ കുപ്പി പിടിച്ച് വാങ്ങി അതിനുള്ളില്‍ നിന്നും ഹാന്‍സ് എടുത്ത് വായില്‍ തിരുകി..

    "എടാ സാധനം വാങ്ങിക്കാന്‍ രീട്ടെയിലീ ആരാണ് പോണത്??

                                                         തോമസുട്ടി പോക്കറ്റില്‍ നിന്ന് കുറച്ച് മുഷിഞ്ഞ നോട്ടുകള്‍ എടുത്ത് നീട്ടി..കൂട്ടത്തിലൊരുവാന്‍ അത് വാങ്ങി എണ്ണി നോക്കി ചുളിഞ്ഞ മുഖഭാവത്തില്‍...

   "ഇത് മരുന്നിനു തെകയും..അപ്പൊ ടച്ചിങ്ങ്സ്??" കാശ് തരാതെ വാങ്ങണ ബീഫീ കയ്യിട്ട് വാരാന്‍ വന്നാ...ചളുക്കും ഞാന്‍.."

     "ടാ...ഞാന്‍ അതിലെ വേപ്പല കൊണ്ട് അട്ജസ്റ്റ് ചെയ്തോളാം.."

                                                        അന്ന്‍ വൈകീട്ട് കള്ളും മോന്തി കരിഞ്ഞ വയറുമായി വീട്ടില്‍ ചെന്നപ്പോള്‍ ചാളക്കറിയും, റേഷനരിയുടെ ചോറും..അടുക്കളയില്‍ ഒരു പലകയില്‍ കുത്തിയിരുന്ന് മൂക്ക് മുട്ടെ തിന്നുന്ന മകനെ അന്നമ്മ താത്തി വിഷമത്തോടെ നോക്കി..നാലു പെണ്ണിന് ശേഷം ഉണ്ടായ പുത്രന്‍..പെണ്മക്കളെ കഷ്ടപ്പെട്ട് അവരുടെ അപ്പന്‍ മരിച്ചിട്ടും കെട്ടിച്ചയച്ചത് അവരുടെ കൂടെ മിടുക്ക് കൊണ്ടാണ്..ഇവനൊരുത്തന്‍ മാത്രമാണ് ഉത്തരവാദിത്വം മറന്ന് ജീവിക്കുന്നത്..ചാളയുടെ മുള്ള് ചവച്ചരച്ച് അവന്‍ അമ്മച്ചിയെ നോക്കി പറഞ്ഞു...

    "കൊറച്ച് വറത്തൂടായിരുന്നു...നല്ല നെയ്‌ ചാളല്ലേ??"

                                                       അന്നമ്മ താത്തിക്ക് ദേഷ്യവും, സങ്കടവും ഒരുമിച്ച് വന്നു..മറുപടി പറയാതെ കലത്തിലെ ചോറും,ചട്ടിയിലെ കറിയും ആ വെര പോലെ ഇരിക്കുന്ന ബകാസുരന്റെ പാത്രത്തിലേക്ക് ഇട്ട് കൊടുത്തു.ചെക്കന്‍ അമ്മച്ചിയെ ഒന്ന്‍ നോക്കി വിടര്‍ന്ന കണ്ണുകളോടെ ഒരു ദുഷിച്ച വില കുറഞ്ഞ മദ്യത്തിന്‍റെ ഗന്ധമുള്ള എമ്പക്കമിട്ട് ഉരുളകള്‍ ഉരുട്ടി വായിലാക്കാന്‍ തുടങ്ങി..
അന്നമ്മ താത്തി ഒഴിഞ്ഞ പാത്രം നോക്കി കണ്ണ്‍ നിറഞ്ഞു തന്‍റെ ഒഴിഞ്ഞ വയറില്‍ ഒന്ന്‍ തടവി ചട്ടിയും, കലവുമെടുത്ത് മുറ്റത്തേ ഇരുട്ടിലേക്ക് പോയി...എന്നത്തെയും പോലെ അന്നും പട്ടിണി..ഒപ്പം വിഷമവും..

  "അമ്മച്ചി കഴിച്ചോന്നു ഒരു വാക്ക് പോലും ..ചോദിച്ചില്ല..ഇത് വരെ ചോദിച്ചിട്ടില്ല.."

                                                          പിറ്റേന്ന് രാവിലെ കുഞ്ഞുമോന്‍ വന്ന് പണിക്ക് പോകാന്‍ വിളിക്കുമ്പോള്‍ ടോം-മാസ് ചായ്പ് മുറിയില്‍ കരിമ്പടം  മൂടി പുതച്ച് കിടപ്പായിരുന്നു..അന്നമ്മ താത്തി കുറേ വിളിച്ചപ്പോള്‍ എഴുന്നേറ്റ് പല്ല് പോലും തേക്കാതെ ഒന്നര കുറ്റി ചിരട്ട പുട്ടും തിന്ന് മുടിയില്‍ കുറച്ച് വെള്ളം പുരട്ടി കൂളിംഗ് ഗ്ലാസ്സും വെച്ച് ഇറങ്ങി പോകുന്നത് കണ്ടപ്പോള്‍ പാവം  അന്നമ്മ താത്തി കുറേ നാള്‍ക്ക് ശേഷം സന്തോഷിച്ചു..ചെറുക്കന് ഒരു രാത്രി കൊണ്ട് ബോധമുദിച്ചു..പണിക്ക് പോകാന്‍ തുടങ്ങി.ഇന്ന്‍ വൈകീട്ട് വരുമ്പോള്‍ ആഴ്ചയിലെ റേഷന്‍ വാങ്ങാനെങ്കിലും പൈസ തരും..

                                                               പണിക്ക് പോയത് ഗള്‍ഫ് അബ്ദുവിന്റെ വീട് പെയിന്റടിക്കാന്‍..കാലം കുറേ ആയി ദുല്‍ഖര്‍ കുഞ്ഞുമോനോപ്പം ഫ്രീക്കന്‍ കൂടിയിട്ട്..പക്ഷെ ഇപ്പോഴും അപ്രെന്റീസ്..ഉരച്ച് മാറ്റല്‍, പുട്ടി തേച്ച് മിനുക്കല്‍, വെള്ളമൊഴിച്ച് കഴുകല്‍,  എന്നിങ്ങനെ അതി ബുദ്ധി വേണ്ട മൂന്ന് തലങ്ങളില്‍ മാത്രം അതീവ വൈദഗ്ധ്യം..പെയിന്റടിക്കാന്‍ പോയാല്‍ വൃത്തികേടിന്റെ മായാജാലം സൃഷ്ടിക്കുമെന്ന കാരണത്താല്‍ കുഞ്ഞുമോന്‍ തോമസുട്ടിക്ക് ഇത് വരെ ബ്രഷ് കൊടുത്തിട്ടില്ല..എന്നാലും വൈകുന്നേരം  അഞ്ഞൂറ് രൂപ കൂലി കൊടുക്കും..അതിനു ചില കാരണങ്ങള്‍..ദുല്‍ഖര്‍ കുഞ്ഞുമോന്‍റെ ഫേസ്ബുക്ക്, വാട്സ് ആപ്പ് സോഷ്യല്‍ മീഡിയ പ്രവേശനത്തിന്ഗുരുത്വം വഹിച്ചത് സാക്ഷാല്‍ ടോം-മാസ് തന്നെ..അതിന്‍റെ സ്മരണ, ഗുരു ദക്ഷിണ.

                                                                 അഞ്ഞൂറ് വാങ്ങി ആദ്യം കിട്ടിയ ഓട്ടോ റിക്ഷയില്‍ കയറി ബിവറേജിനു മുന്നിലെത്തിയപ്പോള്‍ അര കിലോമീറ്റര്‍ ദൂരം വരെ നീണ്ട ക്യൂ..ക്ഷമയോടെ കാത്ത് നിന്ന് സാധനം വാങ്ങി, തൊട്ടടുത്ത കടയില്‍ നിന്നും മൊബൈലില്‍  നെറ്റിനു ഫ്ലക്സി ചാര്‍ജ്ജും ചെയ്യ്തു നേരെ തട്ടുകടയിലേക്ക്., അവിടെ  നിന്നും പൊറോട്ടയും, ബീഫും, ഒരു പാക്കറ്റ് വില്‍സ് സിഗറെറ്റും  വാങ്ങി അടുത്ത ഓട്ടോ റിക്ഷയില്‍ കയറി വേഗം വീട്ടിലേക്ക്..കയ്യില്‍ അവശേഷിച്ച അഞ്ഞൂറിന്റെ അവസാന ഭാഗം ഓട്ടോ റിക്ഷയ്ക്ക് കൊടുത്ത് കാലിയായ പോക്കറ്റുമായി  വീടിനു മുന്നിലെ മങ്ങിയ വെളിച്ചത്തില്‍ വന്ന്‍ ഉറക്കെ വിളിച്ചു പറഞ്ഞു..

          "അംച്ചി  എനിക്ക് ചോറ് വേണ്ടാ....കഴിച്ച് കെടന്നോ"

                                                                  ജനലഴിയില്‍ മങ്ങിയ വെട്ടത്തില്‍ അന്നമ്മ താത്തിയുടെ ക്ഷീണമാര്‍ന്ന മുഖം..ഒരു പനിക്കോള് പോലെ ,അടഞ്ഞ സ്വരത്തില്‍ അവര്‍ ഒറ്റപൂരാടനോട് പറഞ്ഞു..

        "മോനെ..അമ്മക്ക് ഭയങ്കര മേക്കാച്ചില്‍..ഒരു പനിക്കോള് പോലെ..നീ പോയി ഒരു വിക്സ്‌ ആക്ഷന്‍ വാങ്ങി കൊണ്ടോരോ??"

                                                                  ചെറുക്കന്‍ കുപ്പിയില്‍ കാത്തിരിക്കുന്ന വീര്യവും, പൊതിയിലെ ചൂടും, വയറിന്‍റെ കാളലും  നോക്കി ഉടനെ തന്നെ വിളിച്ച് കൂവി...

         "കടയൊക്കെ പൂട്ടി പോയി അംച്ചീ...ഇനി നാളെ നോക്കാം..മൂടി പൊതച്ച് കെടന്നൊറങ്ങിക്കോ."

                                                                    അവരുടെ സങ്കടങ്ങള്‍ക്കും, വേദനയ്ക്കും മുന്നിലൂടെ തോമസുട്ടി ചായ്പിലെക്ക്..മൂക്ക് മുട്ടെ തിന്നും കുടിച്ചും രാത്രി ആഘോഷിച്ചപ്പോള്‍ അടുത്ത മുറിയില്‍ അന്നമ്മ താത്തി ചുട്ടു പൊള്ളുന്ന പനിയില്‍ ഉറക്കം വരാതെ രാത്രി മുഴുവന്‍ കഴിച്ച് കൂട്ടി.

                                                                    അതി രാവിലെ ആട്ടിന്‍ പാല് വാങ്ങിക്കാന്‍ വന്ന കുഞ്ഞുമോന്റെ മകള്‍ ഷംലയാണ് പനി മൂര്‍ച്ചിച്ച് ബോധമില്ലാതെ കിടക്കുന്ന അന്നമ്മ താത്തിയെ കണ്ടത്. അവളുടെ ഒച്ചയിലും, പരിഭ്രമവും കണ്ട് ഓടി കൂടിയവര്‍ അവരെ തക്ക സമയത്ത് ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ച ഒറ്റ കാരണം കൊണ്ട് തടി രക്ഷപ്പെട്ടു..അപ്പോഴും ശ്രീമാന്‍ ഫ്രീക്കന്‍ തലേന്ന്‍ കഴിച്ച കുപ്പിയും കെട്ടി പിടിച്ച് സ്വപ്നങ്ങളില്‍ ആകാശത്തില്‍ കണ്ട മഴവില്ലിനു നിറം കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു..  കുതഴിയിലൂടെ കടന്ന്‍ വന്ന ചൂടുള്ള സൂര്യ പ്രകാശം ശല്യമായപ്പോള്‍ അവന്‍ പതുക്കെ തല ഉയര്‍ത്തി..പാമ്പിനെ പോലെ...പിന്നെ ആടിയുലയുന്ന കവുങ്ങ് പോലെ നടന്ന്‍ അടുക്കളയിലേക്ക്...കത്തി കായുന്ന, മദ്യമെരിയുന്ന  വയറിനെ ഉടനെ എങ്ങിനെയെങ്കിലും തൃപ്തി പെടുത്തണം...

     "അംച്ചീ ചോറായാ??വിശന്ന്‍ കൊടല് കത്തി പൊരിയാണ്"

                                                                        ഉത്തരം നല്‍കാത്ത അമ്മച്ചിയെ തേടി ഫ്രീക്കന്‍ വീട് മുഴുവന്‍ അലഞ്ഞുതിരിഞ്ഞു..വീട്ടിലും, പറമ്പിലും നോക്കിയിട്ടും കാണാതെ വന്നപ്പോള്‍ ഫ്രീക്കന്‍ നേരെ കുഞ്ഞുമോന്റെ വീട്ടിലേക്ക് നടന്നു..വീടിനു മുന്നില്‍ കോഴികള്‍ക്ക് തീറ്റ കൊടുത്ത് കുഞ്ഞുമോന്റെ മകള്‍ ഷംല..ടോം-മാസിന്‍റെ ഉള്ളൊന്നു പിടച്ചു..മനസ്സില്‍ കുറേ നാളുകളായി കൊണ്ട് നടക്കുന്ന മോഹമാണു മുന്നില്‍..ഒരു വണ്‍‌വേ പ്രേമം. തോമസുട്ടി കൈകള്‍ കൊണ്ട് മുഖം തുടച്ച്, മുടിയൊന്ന് കോതി പഴയക്കാല സിനിമയിലെ നസീര്‍ സാറിനെ പോലെ ഷംലയുടെ മുന്നില്‍ വന്ന്‌ നിന്ന് അന്ന്‍ കാലത്തെ ഏറ്റവും വൃത്തികെട്ട ഒരു ചിരി ചിരിച്ചു.അവനെ കണ്ടതും കൊത്തി പെറുക്കി മുറ്റത്ത് നിന്ന പിടകോഴികള്‍ അവിടെ നിന്നും ഓടി മറഞ്ഞു..ഒരു ചാത്തന്‍ മാത്രം "എനിക്കാരാടാ എതിരാളി "എന്ന പോലെ ഒരങ്കത്തിനു തയ്യാറായി മുന്നില്‍..ഷംല ഷീലയാകാന്‍ നിന്നില്ല..അമേദ്യം കണ്ട അറപ്പോടെ അവനെ അടി മുടി നോക്കി..

    "ഷംലൂ. ഗുഡ് മോണിങ്ങ്...എന്‍റെ മമ്മി ഇങ്ങോട്ട് വന്നോ?"

                                                                           അവന്‍റെ ആംഗലേയം കലര്‍ന്ന മലയാളം കേട്ട്കോഴിചാത്തന്‍ ഒന്ന്‍ നീട്ടി കൂവി. ഷംല തീ പാറുന്ന ഒരു പെണ്‍ നോട്ടം നോക്കിയപ്പോള്‍ ഫ്രീക്കന്റെ ഉള്ളില്‍ നിന്നും ആണത്വം ഇട്ട ട്രൌസറില്‍ കൂടി ചോര്‍ന്ന്‍ പോയി..പെണ്ണിന്‍റെ മുഖം നോക്കാതെ കള്ളനെ പോലെ തല  കുനിച്ച് നിന്ന തോമസുട്ടിക്ക് മീതെ പെണ്‍ വാക്കുകള്‍ വാള് പോലെ വന്നു വീണു...

    "അമ്മേനേം നോക്കി ഇറങ്ങീരിക്കുന്നു.."തോരടന്‍"..തള്ളയെ കാലത്ത് തന്നെ ന്‍റെ ബാപ്പിച്ചി ആശുപത്രീ കൊണ്ടോയിട്ടുണ്ട്...ചാവാതിരുന്നാ ഭാഗ്യം. പെറ്റമ്മയെ നോക്കാണ്ട് കോക്കാന്‍ കോലം കെട്ടി നടക്കണ തന്നെയൊക്കെ  നല്ല കൊന്ന പത്തലൊടിച്ച് തല്ലണം..."

                                                                            പെണ്ണിന്‍റെ വാക്ക് കേട്ടതും ശ്രീമാന്‍ ഫ്രീക്കന്‍ ഒരു നിമിഷം വല്ലാണ്ടായി.അവിടെ നിന്നാല്‍ കേള്‍ക്കാന്‍ പോകുന്ന വാക്കുകള്‍ നേരിടാന്‍ ത്രാണിയില്ലാതെ റിവേഴ്സ് ഗിയറില്‍.. വീട്ടിലേക്ക് തിരികെ നടക്കുമ്പോള്‍ പിന്നില്‍ നിന്നും ഷംലയുടെ ശബ്ദം വീണ്ടും കേട്ടു..

    "പണിയെടുത്ത് സ്വന്തം തള്ളയെ നോക്കാത്തോനാ പ്രേമിക്കാന്‍ നടക്കണ..ആദ്യം നാലു കാലില്‍ നിന്ന് രണ്ട്‌ കാലില് നിക്കാന്‍ പഠിക്ക്.."

                                                                               ആ വാക്കുകള്‍ തോമാസുട്ടിയുടെ എവിടെയോ കൊണ്ടു..മെലിഞ്ഞ ശരീരത്തിലെ "കൃദയം" ഒന്ന്‍ പിടച്ചു.വീട്ടില്‍ എത്തിയതും കുപ്പായം മാറി വേഗം കരൂപ്പടന്ന ആശുപതിയിലേക്ക് ചെന്നു..മനസ്സില്‍ ആദ്യമായി ഒരു കാഠിന്യം.അമ്മയെ നോക്കാതെ ലഹരി തേടി ഇന്നലെ പോയതിനോട് ആദ്യമായി ദേഷ്യം തോന്നി..ഉത്തരവാദിത്തം എവിടെ നിന്നോ ഫ്രീക്കന്റെ ഉള്ളില്‍ തല പൊക്കി നോക്കി തുടങ്ങി..ജനറല്‍ വാര്‍ഡില്‍ ഡ്രിപ്പ് കയറ്റി കിടക്കുന്ന അന്നമ്മ താത്തിയെ കണ്ടപ്പോള്‍ ഒരു നിമിഷം സങ്കടം അതിന്‍റെ ഉന്നതിയിലെത്തി...കയ്യില്‍ ചായ പാത്രവും, പലഹാരവുമായി വന്ന കുഞ്ഞുമോന്റെ ഭാര്യയും,ഷംലയുടെ ഉമ്മയുമായ  ഖദീജ അയാളെ അവിടെ കണ്ടപ്പോള്‍ തന്നെ തുറിച്ചൊന്നു നോക്കി..കുറച്ച് മുന്പ് ഷംല നോക്കിയ അതേ നോട്ടം..അന്നമ്മ താത്തി ക്ഷീണിച്ച കണ്ണുകള്‍ പതുക്കെ തുറന്ന്‍ തോമസുട്ടിയെ നോക്കി..പതുക്കെ അയാളുടെ കയ്യില്‍ പിടിച്ച് വിഷമത്തോടെ ചോദിച്ചു..

    "മോന്‍ വല്ലോം കഴിച്ചോടാ..വിശക്ക്നുണ്ടോ??.."

                                                                                  തോമസുട്ടി സങ്കടത്തോടെ തല താഴ്ത്തി. അന്നമ്മ താത്തി അയാളെ പിടിച്ച് കട്ടിലിലിരുത്തി.എല്ലാ വ്യഥയും അയാളില്‍ തിരികെ വന്നിരിക്കുന്നു..

    "അവന് എന്തേലും കൊടുക്കോ..വിശക്കുന്നുണ്ടാകും..."

                                                                                  ഉത്തരവാദിത്തം നഷ്ടപ്പെട്ട ടോം-മാസില്‍ നിന്നും തോമസുട്ടിയിലെക്ക് അയാള്‍ മാറുകയായിരുന്നു..അതിന് വളമിട്ട് ഖദീജയും ചില വാക്കുകള്‍ കൊണ്ട് അയാളുടെ മനസ്സിനെ തൊട്ടു..

    "ഇതാണ് അമ്മ..അസുഖം വന്ന് കെടക്കുമ്പോഴും മക്കള് തിന്നോ, ഒറങ്ങിയോന്ന്‍ മാത്രം ചിന്തിക്കുന്ന അമ്മ...അയിനെ ഇനീം തീ തീറ്റിക്കാണ്ട് നല്ല പുള്ള ആവാന്‍ നോക്ക്..."

                                                                                  തോമസുട്ടിയുടെ കണ്ണില്‍ നിന്നും അമ്മക്ക് വേണ്ടി ഒഴുകിയ ആദ്യ കണ്ണ് നീര്‍..അയാള്‍ അമ്മയുടെ നെറ്റിയില്‍ കുനിഞ്ഞ് ഒരുമ്മ കൊടുത്തു. എല്ലാ തെറ്റിനും മാപ്പ് ചോദിച്ചും, ഇനി മുതല്‍ അമ്മച്ചിയെ സംരക്ഷിച്ച് കൊള്ളാമെന്നുള്ള വാഗ്ദാനവുമായിരുന്നു ആ ഉമ്മ..ഒപ്പം ഫ്രീക്കന്‍ "ടോം-മാസില്‍ നിന്നും തോമസുട്ടിയിലേക്കുള്ള "ഘര്‍ വാപ്പാസിയും..."
                                                                               
ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍.
             





2015, നവംബർ 16, തിങ്കളാഴ്‌ച

വീണ്ടും ഒരു വൃശ്ചിക മാസം....

                                   

                                                  "എങ്ങിന്യ നിങ്ങളെ കൊണ്ടോകാ?? ഇത്തവണ കുട്ട്യോള് വരണുണ്ട്.മൂത്തോള്‍ക്ക് വയസ്സിത് പത്താ..പെണ്ണിന് അടുത്ത കൊല്ലം വയസ്സെങ്ങാനറിയിച്ച പിന്നേ കഴിഞ്ഞില്ലെ കൂത്ത്..അതോണ്ട് നിങ്ങളെ കൊണ്ടോണ കാര്യം ഇനി വരണ കൊല്ലം നോക്കാം.."


              അയാള്‍ ഇറയത്തിരിക്കുന്ന അവര്‍ ഇരുവരേയും മാറി മാറി നോക്കി..ആ കണ്ണുകളിലെ പ്രതീക്ഷ നഷ്ടമായിരിക്കുന്നു. ഒന്നും തിരികെ പറയാനാകാത്ത വിധം മൗനം അവര്‍ക്ക് ചുറ്റും വലയം തീര്‍ത്തു.അയാള്‍ വീണ്ടും ഇരുവരേയും മാറി നോക്കി മടിച്ച് മടിച്ച് പറഞ്ഞു..


                                          "അല്ലേല്‍ ഈ വയസ്സാന്‍ കാലത്ത് എന്തിനിപ്പാ പോണേ?? പാപ്പനീ വയ്യാത്ത കാലും വെച്ച് കാടും മേടും കേറണോ?? എളേമ്മക്ക് ആണേല്‍ വലിവും..ഞങ്ങ പോണ സമയത്ത് ഒരു നറ കൊണ്ടോകാം..അതല്ലേ നല്ലത്??"
അവര്‍ക്ക് പറയാന്‍ മൗനം മാത്രം..ഒന്ന്‍ മിണ്ടാതെ പ്രതിമകളെ പോലെ ഇരിക്കുന്ന ഇരുവരെയും വീണ്ടുമൊന്നു നോക്കി..അച്ഛന്റെ അനുജനും, ഭാര്യയും, രണ്ടു പേര്‍ക്കും അത്യാവശ്യം വയസ്സായി.അയാള്‍ മനസ്സില്‍ പറഞ്ഞു..


                                   "പണ്ടാരങ്ങള്‍ക്ക് രണ്ടിനും വയ്യ.പണ്ട് ഒരു പൊട്ട സമയത്ത് രണ്ടിനേം മലക്ക് കൊണ്ടാകന്നു പറഞ്ഞതാ..മണ്ഡലം വന്നപ്പോ രണ്ടും പോകാനൊരുങ്ങി ..അങ്ങേര്‍ക്ക് രണ്ടും കാലിനും ഞൊണ്ടാ..ആ ബ്രാക്കറ്റ് പോലെ വളഞ്ഞ കാലും കൊണ്ട് മലക്ക് വന്നാ ഞാന്‍ പെടും..ഒഴിവാക്കിയേ തീരു."


                 അവരില്‍ യാതൊരു മാറ്റവുമില്ല..പ്രതികരിക്കാതെ ഇരിക്കുന്ന രണ്ട്‌ പേരോടും യാത്രയും പറഞ്ഞു അയാള്‍ വേഗം മുങ്ങി. ഇരുവരും ഒന്നും പറയാതെ കുറേ നേരം നോക്കിയിരുന്നു.മേത്തല അമ്പലത്തില്‍ നിന്നും വൈകീട്ട് പാട്ട് കേള്‍ക്കുന്നത് വരെ. പാട്ട് കേട്ടതും ആ വൃദ്ധന്‍ എന്തോ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചത് പോലെ എഴുന്നേറ്റ് നഗ്നമായ തോളില്‍ ഒരു തോര്‍ത്ത് പുതച്ച് പുറത്തേക്ക് ഞൊണ്ടി ഞൊണ്ടിയിറങ്ങി. അവര്‍ ഒന്നും ചോദിച്ചില്ല..അവര്‍ക്കറിയാം ആ മനസ്സിനെ.അതിനുള്ളില്‍ പുകയുന്ന മൗനം തിരിച്ചറിയാനുള്ള കഴിവ്, കുറച്ച് നേരം അയാള്‍ പോകുന്നത് നോക്കിയിരുന്ന് അവരും എഴുന്നേറ്റു..ഒരു നെടുവീര്‍പ്പ് ..പിന്നെ പതുക്കെ മുറ്റത്തേക്ക് നടന്നു..
അയയില്‍ ഉണക്കാനിട്ടിരിക്കുന്ന കറുത്തതും, നിറം മങ്ങിയതുമായ വസ്ത്രങ്ങള്‍ തിരികെയെടുത്ത് വീടിനുള്ളില്‍ കയറുമ്പോള്‍ കാലത്ത് നടന്നതെല്ലാം വിഷമത്തോടെ ഓര്‍ത്തു..അദ്ദേഹത്തിനായിരുന്നു കൂടുതല്‍ ഉത്സാഹം..അഴിയിളകിയ തട്ടിന്‍പുറത്ത് നിന്ന് കഷ്ടപ്പെട്ട് ആ ഭാണ്ഡം പുറത്തെടുത്ത് അവരെ നോക്കി ചിരിച്ചു..ദയനീയമായ ചിരി..


                               "ഒക്കെ പൊടീം, അഴുക്കാ..ഒന്ന്‍ കഴുകിടുത്താ നാളെ തന്നെ മാലയിട്ട് വസ്ത്രം മാറാം..കാണുമ്പോ കൊച്ചിന്‍റെ ഓര്‍മ്മ വരാ..ഇതേല്ലാം വാങ്ങീത് കൊച്ചാ"


                അയാളുടെ സംസാരം കേട്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞു.ഏതോ നഷ്ടബോധം നെഞ്ചിനുള്ളില്‍ തിളച്ച് മറിയുന്നു..അയാള്‍ എല്ലാം പുറത്തെടുത്തു..തുളസി മാലകള്‍,ഇരുമുടി കേട്ട്, കൈ സഞ്ചികള്‍, ആ പഴമയില്‍
തിളച്ച് മറിയുന്ന എരിയുന്ന ഓര്‍മ്മകള്‍..


                              "കൊച്ച് ഒണ്ടായിരുന്നെ നമ്മള് കന്നിക്കാരുടെ ഗുരു സാമി ആയേനെ..എത്ര വട്ടാ നമ്മക്ക് വേണ്ടി മല ചവീട്ടീത്..എന്നട്ട് ഇപ്പ ഒരു തവണ കൊച്ചിന് വേണ്ടിട്ട് നമ്മക്ക് ആ പൂങ്കാവനം ചവിട്ടാന്‍ പറ്റിലെങ്കി ..."  


                അത് മുഴുവനാക്കുന്നതിന് മുന്പ് അവരില്‍ നിന്നും ഒരു വലിയ ഏങ്ങലടിയുയര്‍ന്നു.പൊടി നിറഞ്ഞ വസ്ത്രങ്ങളെടുത്ത് നിറഞ്ഞ കണ്ണുമായി അലക്ക് കല്ലിനടുത്ത് ചെന്ന്‍ നിന്ന്കരഞ്ഞു..കല്ലില്‍ വീണ കണ്ണ്‍ നീര്‍ തുള്ളികള്‍ ആ കറുത്ത തുണിയിലേക്ക് ചിതറി തെറിച്ച് നിറം മങ്ങിയ തുണികളില്‍ വിഷാദ ചിത്രങ്ങള്‍ വരച്ചു..അവര്‍ക്ക് പിന്നില്‍ ഒരു മുരടനക്കം..ഞൊണ്ടി ഞൊണ്ടി അയാള്‍..കണ്ണുകളില്‍ വിഷാദം, നെഞ്ചില്‍ ഓര്‍മ്മകളുടെ നൊമ്പരം..


                                    "കൊച്ചിന്റെ അമ്മ കരയാന്‍ വേണ്ടി പഴേ കാര്യം പറഞ്ഞതല്ല..തുണിയൊക്കെ വേഗം കഴുകിക്കോ..ഇത്തവണ ഞാന്‍ കന്നി അയ്യപ്പനും, കൊച്ചിന്റെ അമ്മ കന്നി മാളികപോറോം..അവന്‍ നമ്മളെ കൊണ്ടോകും മലക്ക്...ഒന്നുമില്ലേല്‍ എന്‍റെ ചേട്ടന്‍റെ മോനല്ലേ..ഞാന്‍ എടുത്ത് വളര്‍ത്തി വലുതാക്കിയ ചെക്കനല്ലേ..."


.             ആ ഉത്സാഹമാണ് ചേട്ടന്‍റെ മകന്‍ സുധി കുറച്ച് നേരം മുന്പ് കെടുത്തി പോയത്. സന്ധ്യക്ക് വിളക്ക് വെച്ച് നാമം ചൊല്ലുമ്പോളും അദ്ദേഹം എത്തിയിരുന്നില്ല. നാളെ പിറക്കുന്ന വൃശ്ചികം..ഒരു കൊല്ലമായി മോഹിച്ച്കാ ത്തിരിപ്പായിരുന്നു. മനസ്സില്‍ കാലങ്ങളായി കൊണ്ട് നടക്കുന്ന ഒരാഗ്രഹം..തന്‍റെ കൈ പിടിച്ച് മാല ചവിട്ടാനുള്ള മോഹം..ഏക മകന്‍ നഷ്ടപ്പെടും വരെ അവനാണ് അച്ഛന് വേണ്ടി മല ചവിട്ടിയിരുന്നുത്.മൂന്ന്‍ വര്‍ഷം മുന്പ് വരെ. .പല വട്ടം അച്ഛനെ കൊണ്ട് പോകാന്‍ അവന്‍ തുനിഞ്ഞതാണ്..അപ്പോഴെല്ലാം അദ്ദേഹം ഉറച്ച് നിന്നത് ഒരു വാക്കില്‍ തന്നെ..


                                     "കൊച്ച് പോയാ മതി...അച്ഛന്‍ ആദ്യായി പോണത് അമ്മേടെ കൂടെയായിരിക്കും..അമ്മയ്ക്ക് പോകാന്‍ കഴീന്ന വയസ്സാകുമ്പോ കൊച്ച് തന്നെ ഞങ്ങളെ കൊണ്ടോയാ മതി.''

.
             അതിന് ദൈവം ഭാഗ്യം തന്നില്ല. ഒന്നിനും പോകാതെ മാന്യമായി വാര്‍ക്ക പണിക്ക് പോയിരുന്ന , ഒരു ദുശീലവുമില്ലാതെ വീട് നോക്കിയിരുന്ന, മാതാപിതാക്കളെ ദൈവത്തെ പോലെ സംരക്ഷിച്ചിരുന്ന പാവം മകന്‍ ..ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ കാത്തിരുന്ന കുറേ വെട്ടുകള്‍, ഇരുളില്‍ കുറേ കഷ്ണങ്ങള്‍ മാത്രം..പിന്നെ ചോരയും..മുഖം പോലും കാണാന്‍ കഴിയാതെ..കൊടുങ്ങല്ലൂര്‍ ദേശത്തെ രാഷ്ട്രീയ പകയുടെ നിരപരാധിയായ ഇര. ഒരു പാര്‍ട്ടിയിലെ അക്രമിയായ ചെറുപ്പകാരന്‍റെ രൂപ സാദൃശ്യം ഉണ്ടായ ഒരു കാരണത്താല്‍ ആള് മാറി നടന്ന കൊലപാതകം..നിലവിളക്കിന് മുന്നില്‍ നിന്ന് കണ്ണുകള്‍ നിറഞ്ഞപ്പോള്‍ ഇരുട്ടില്‍ നിന്നും കാത്തിരുന്ന ശബ്ദം..


                                     ".എന്തായിത്..നെലവെളക്കിനു മുന്നീ തന്നെ വേണോ കണ്ണീര്..എനിക്കറിയാം..കൊച്ചിന്റെ കാര്യം ഓര്‍ത്തുട്ടുണ്ടാകോന്നു.ഇനിപ്പാ വെറുതെ ഓരോന്ന് ചിന്തിക്കണ്ടാ..നമ്മള് പോകും..രണ്ട്‌ പേരും..ഇത്തവണ മലക്ക്..ഒരുത്തന്‍റെ സഹായില്ലാതെ.നാളെ കാലത്ത് കൊടുങ്ങല്ലൂര്‍ പോയി മാലയിടണം.."


            "അല്ല..വയ്യാത്ത കാലും വെച്ച്?? അവര്‍ പരിഭ്രമത്തോടെ ചോദിച്ചു..അദ്ദേഹം ഇറയത്ത്‌ ഇരുന്ന്‍ ശോഷിച്ച കാലുകള്‍ നോക്കി ദൃഡനിശ്ചയത്തോടെ പറഞ്ഞു.


                                   "വയ്യാത്തവര്‍ക്ക് കൂട്ടിന് അയ്യപ്പ സ്വാമിണ്ടാകും..പിന്നെ ഞാന്‍ കാലിടറിയാല്‍ താങ്ങാന്‍ കൊച്ചിന്റെ അമ്മേല്ലേ കൂട്ടിന്..നമുക്ക് പോകാം..മരിക്കണെന് മുന്ന് പോയെ തീരൂ..അടുത്ത കൊല്ലത്തിനു വേണ്ടി കാത്തിരുന്നാ ഞാനില്ലാണ്ട് പോയാലോ.?"


                                    ''അയ്യോ ..വിളക്ക് വെച്ച നേരത്താ വായില് ചീത്ത വര്‍ത്താനം...ഈ ഭൂലോകത്ത് ഞാന്‍ ഒറ്റക്കാ...അവര്‍ വിഷമത്തോടെ പറഞ്ഞു.. "പോയി കുളിച്ച് വാ..എന്നിട്ട് കഞ്ഞി കുടിക്കാം...മാലയിടാന്‍ കാവിലെ നട തൊറക്കണ സമയത്ത് തന്നെ പോണം.."


              വൃശ്ചിക പുലരിയില്‍ കൊടുങ്ങല്ലൂര്‍ ക്കാവിലെ ആല്‍മരങ്ങള്‍ തണുത്ത് വിറച്ച് ആടി നിന്ന പുലരിയില്‍ കറുത്ത വസ്ത്രം ധരിച്ച സ്വാമി മന്ത്രങ്ങള്‍ പേറി അമ്പലത്തിനു ചുറ്റും നടക്കുന്ന അയ്യപ്പന്മാരുടെ കൂട്ടത്തില്‍ അവരുമുണ്ടായിരുന്നു...കന്നി അയ്യപ്പനും, കന്നി മാളികപുറവും.ഉറച്ച തീരുമാനവും, ഉറച്ച ചുവടും..


                                     "അല്ല പാപ്പാ നിങ്ങ എന്തൂട്ട് ഭാവിച്ചാണിത്..ഞാന്‍ പറഞ്ഞതല്ലേ..ഇത്തവണ കൊണ്ടോകാന്‍ പറ്റൂല്ലാന്ന്..ആരു പറഞ്ഞിട്ടാ പിന്നെ മാലയിട്ടെ??"


             കോപം കൊണ്ട് വിറച്ച് തുള്ളുന്ന ചേട്ടന്‍റെ മകന്‍..കറുത്ത വസ്ത്രം ധരിച്ച് മാലയിട്ട അയ്യപ്പന്‍ വീണ്ടും അവര്‍ക്ക് നേരെ വാക്ക് ശരങ്ങള്‍ ഉതിര്‍ത്തു.. എല്ലാം കേട്ട് പതിവ് പോലെ ദീര്‍ഘമായ മൌനത്തിന്‍റെ ഒടുവില്‍ ആ വൃദ്ധന്‍ തലയുയര്‍ത്തി അയാളെ നോക്കി..


                                       "സുധി സ്വാമി..ഞങ്ങള് തനിച്ചാ ശബരിമലയ്ക്ക് ഇത്തവണ പോണത്..ഒരാള്ടെം സഹായം വേണ്ടാ.."


                                       "ഉരുണ്ട് വീണ് ചത്താ കൊള്ളി വെക്കാന്‍ ഞാന്‍ മാത്രേ ഒള്ളൂ മറക്കണ്ടാ.."


              അയാള്‍ ചവിട്ടി മെതിച്ച് മുന്നോട്ട് പോയി..രണ്ട്‌ പേരും പരസ്പരം നോക്കി വിഷമത്തോടെ..നഷ്‌ടമായ മകന്‍ അവരുടെ ഓര്‍മ്മകളില്‍..അവന്‍ കൂടെ ഉണ്ടായിരുനെങ്കില്‍ ഈ വാക്കുകള്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നു..


                                     "കേട്ട് നെറക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ കാശ് വേണ്ടേ?? പിന്നെ പോകാനും..ഈ മൊട്ട് കമ്മല് പണയം വെച്ചാ കിട്ടണത് തെകയോ?"


              അവരുടെ ചോദ്യത്തിനു മീതെ ഉത്തരമായി അയാള്‍ മടിയില്‍ നിന്നും കുറേ രൂപയെടുത്ത്‌ കാണിച്ചു..എവിടെ നിന്നോ കടം വാങ്ങിയ പണം..

                                    "കൊച്ച് കഷ്ടപ്പെട്ട് വാങ്ങി തന്ന ഒരു നുള്ള് പൊന്ന് ഞാന്‍ പണയം വെക്കാനോ? കാശ് ആവശ്യത്തിനുണ്ട്..ഇത് മത്യാകും..നാളെ പോകാന്‍ ഒരുങ്ങിക്കോ...കാലത്ത് കേട്ട് നെറക്കണം"


              എവിടെ നിന്ന് കിട്ടിയെന്ന് അവര്‍ ചോദിച്ചില്ല..നേര്‍ വഴി അല്ലാതെ ഒന്നും ചെയ്യില്ല..വയ്യാത്ത കാല് വെച്ച് പറമ്പ് കിളക്കാനും, വേലി കെട്ടാനും, നാളികേരം പൊതിച്ച് കൊടുക്കാനും പോകുന്ന ആളാണ്..എവിടെ നിന്നെങ്കിലും വാങ്ങിയിരിക്കും..തിരിച്ച് വന്നാല്‍ കഷ്ടപ്പെട്ട് തിരികെ കൊടുക്കും..വളഞ്ഞ കാലുകള്‍ കൊണ്ട് ഒരു ജീവിതം മുഴുവന്‍ തന്നെ അല്ലലറിയിക്കാതെ നോക്കിയ ആ പാവം മനുഷ്യന്‍. ആരേയും വേദനിപ്പിക്കാത്ത ഒരു ശുദ്ധന്‍..അവര്‍ മനസ്സ് കൊണ്ട് മുഴുവന്‍ ദൈവങ്ങളെ വിളിച്ചു..ഒരിറ്റ് വീഴ്ത്തി.


                                "അയ്യപ്പ സ്വാമീ..ഒരാപത്തും വരുത്തതരുത്.."


                അടുത്ത പ്രഭാതത്തില്‍ അവര്‍ ഇരുവരും ഊര്‍ജ്ജം നിറഞ്ഞ രണ്ട്‌ ചെറുപ്പക്കാരായി മാറി. അയ്യപ്പന്‍ കാവില്‍ നിന്നും കേട്ട് നിറച്ച് ഉറക്കെ ശരണം വിളിച്ച് ബസ്സില്‍ കയറിയുള്ള യാത്ര.എരുമേലി പേട്ട തുള്ളി പിന്നെ കാല്‍ നടയായി അഴുതമേടും താണ്ടി നടന്നുള്ള യാത്ര..പമ്പ വരെ യാതൊരു ഷീണമില്ലാതെ അതേ ചടുലതയില്‍..മുന്നില്‍ ഒരു ലക്‌ഷ്യം മാത്രം.."അഖിലാണ്ട നാഥന്‍.."ഒടുവില്‍ പുണ്യ നദിയില്‍ മുങ്ങി കുളിച്ച്, കന്നി മൂല ഗണപതിയെ വണങ്ങി, കരിമല കയറി, അപ്പാച്ചി മേടും, ശബരി പീഠവും താണ്ടി ഒടുവില്‍ കലിയുഗ വരദന്‍റെ തിരുവടിയില്‍..


               പതിനെട്ടാം പടിയുടെ തിരക്കില്‍ കയറുമ്പോള്‍ ഇരുവരെയും ഒരു ചെറുപ്പക്കാരന്‍ പിടിച്ച് കയറ്റി..മരിച്ചു പോയ മകന്‍റെ സാമീപ്യം അറിഞ്ഞ നിമിഷം..കൂടെ അവന്‍ ഉള്ളത് പോലെ.തിരു നടയില്‍ ചെന്നപ്പോള്‍ ആ ചെറുപ്പക്കാരന്‍ തിരക്കില്‍ മറഞ്ഞു..എങ്കിലും അവര്‍ ഇരുവരും തിരിച്ചറിഞ്ഞു..നഷ്‌ടമായ മകന്‍റെ സാമീപ്യം..കുറച്ച് സമയത്തേക്ക്.. ആനന്ദ ചിത്തനെ കണ്ട് നിര്‍വൃതി അണഞ്ഞ്‌ കണ്ണീരോടെ നില്‍ക്കുമ്പോള്‍ ആ സ്ത്രീ ആ വൃദ്ധനെ ഒന്ന്‍ നോക്കി.ഒരു കോടി പുണ്യം കൈ വന്നത് പോലെ അയ്യപ്പ സ്വാമിയേ നോക്കി മനസ്സില്‍ പറഞ്ഞു.
.
          "ഞാന്‍ ഭാഗ്യവതിയാണ്..അടുത്ത ജന്മത്തിലും, ജന്മാന്തരങ്ങളിലും എനിക്ക് ഈ സ്നേഹം അനുഭവിക്കാന്‍ ഭാഗ്യമേകണേ...."


'സാമി ശരണം..."


ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍..
 http://harishkdlr.blogspot.co.id/















2015, നവംബർ 15, ഞായറാഴ്‌ച

വെള്ളിയാങ്കല്ല് തേടി ..

                                                 


                                                          ജീവിതത്തിനും, മരണത്തിനും ഇടയിലുള്ള അവസാന പാതയായ ആ പുലിമുട്ടിലൂടെ നിലാവ് പെയ്യുന്ന രാത്രിയില്‍ അയാള്‍ നടന്നു..ചക്രവാളത്തില്‍ കുറേ മണിക്കൂറുകള്‍ മുന്‍പ് എരിഞ്ഞടങ്ങിയ സൂര്യന്‍റെ ഓര്‍മ്മകളുമായി  നിലാവെട്ടത്തില്‍ തെളിഞ്ഞ് കിടക്കുന്ന കടല്‍..ഏതോ കാലത്തിലെ കഥനങ്ങള്‍ നിറഞ്ഞ കഥകള്‍ പേറി, തിരകളുടെ പീഡനത്താല്‍ മുങ്ങി മരണം കാത്ത് കിടക്കുന്ന പാറകളുടെ മുകളിലൂടെ..സത്യനാഥന്‍ .മുന്നില്‍ കടല്‍ പോലെ പരന്നു  കിടക്കുന്ന ജീവിതം..പിന്നില്‍ ജീവിച്ച് തീര്‍ക്കാന്‍ കൊതിക്കുന്ന ജന്മത്തെ  വേട്ടയാടുന്ന, മരണത്തിലേക്ക് പിടിച്ച് വലിക്കുന്ന അസത്യങ്ങള്‍..

                                                          നടന്ന്‍ നടന്ന്‍ സത്യനാഥന്‍  പുലിമുട്ടിലെ ജീവിതത്തിന്‍റെ അവസാന അടയാളമായ ഒരു കൂറ്റന്‍ കല്ലിനു മുകളിലെത്തി. അവിടെ ആരോ ചോക്ക് കൊണ്ട് എഴുതി വെച്ച നിലവില്‍ തിളങ്ങുന്ന വാക്കുകള്‍..

        "നാം അറിയുന്ന ലോകം ഇതിനപ്പുറം അവസാനിക്കുന്നു.."

                                                            നിലാവില്‍ കല്ലുകളില്‍ തീരാത്ത ക്ഷതങ്ങള്‍ ഏല്‍പ്പിക്കുന്ന തിരമാലകളുടെ കണ്ണെത്താ ദൂരത്ത്  തിളങ്ങുന്ന "എഴുത്ത് ക്കാരന്റെ ഭാവനയിലെ വെള്ളിയാങ്കല്ല്..ജന്മങ്ങള്‍ക്കിടയില്‍ ജീവിതഭാരം ഇറക്കി വെച്ച് പുനര്‍ജന്മത്തിന് മുന്‍പ് ആത്മാക്കള്‍ വിശ്രമിക്കുന്ന വെള്ളിയാങ്കല്ല്..സത്യനാഥന്‍ ഓര്‍ത്തു..കുറേ ജന്മാന്തരങ്ങളുടെ വിശ്രമമില്ലാത്ത ഭാരമാണ് തന്‍റെ ദേഹിക്ക്..അത്രക്കും ഭാരമുള്ള ദുരനുഭവങ്ങള്‍ ഒരൊറ്റ ജന്മത്തില്‍..ഈ പാതയുടെ അവസാനം, ഈ കല്ലിന്‍റെ അപ്പുറം പതയുന്ന മരണമെന്ന സത്യം എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്തുമായിരിക്കും. പിന്നിലെ കുത്തി നോവിച്ച ജീവിതത്തിലേക്ക് ഒരെത്തി നോട്ടം, മരണത്തിനു മുന്‍പേ...ആ കല്ലില്‍ നിന്നാല്‍ പിന്നോട്ട് നോക്കിയാല്‍ കാണാം..വന്ന വഴി..ജനനം മുതല്‍ അപ്പോള്‍ വരെയുള്ള സത്യ ജീവിതത്തിന്റെ ചിത്രങ്ങള്‍...

                                                                  സത്യനാഥന്‍. പേര് അനര്‍ത്ഥമാക്കാതെ കഴിഞ്ഞ മാസം വരെ ഭൂമിയില്‍ സന്തോഷവാനായി ജീവിച്ചവന്‍..നല്ല കുടുംബത്തില്‍ പിറന്നവന്‍..അച്ഛന്‍ ജീവിതഭാരം ഇറക്കി വെച്ച് പോയപ്പോള്‍ കുടുംബം തലയിലേറ്റിയ ഒരു സാധാരണക്കാരന്‍..ചിലരുടെ കാര്യത്തില്‍ അങ്ങിനെയാണ് വിധിയുടെ തീരുമാനം..പേരില്‍ തന്നെ പേറുന്ന സത്യം ഒരു ദിവസം കളങ്കിതമായി തീരും..അതും ഒരിക്കലും ചെയ്യാത്ത തെറ്റിന്റെ പേരില്‍..ക്രൂശിക്കപ്പെടും..അതും കൊടും പാപികളുടെ കൈകള്‍ കൊണ്ട്..

       "ഇയാള്‍ തന്നെയാണ് എന്നെ ആദ്യമായിട്ട്.."

                                                                 സദാചാര വാദികള്‍ കാത്തിരുന്ന വാക്ക്. ആ പെണ്‍കുട്ടിയുടെ ഏറ്റ് പറച്ചിലില്‍ കുടുങ്ങിയ ഇരകളില്‍ ആദ്യത്തെ ഇരയായിരുന്നു സത്യനാഥന്‍..മറുപക്ഷം കേള്‍ക്കാത്ത  നീതിയും, നിയമവും, സമൂഹവും ഒരുമിച്ച് ആക്രമിച്ചു..ശാരീരികമായും, മാനസികമായും. ആര്‍ക്കും അറിയേണ്ടിയിരുന്നില്ല സത്യമെന്തെന്ന്..ഒരു ഇരയെ വീണ് കിട്ടിയപ്പോള്‍ പിച്ചി ചീന്താനുള്ള വ്യഗ്രത..അത് വരെ അഭിമാനത്തില്‍ എഴുതി വെച്ച പേരിന് മുകളില്‍ ചെളി വാരിയിട്ട് സമൂഹം ആഘോഷിച്ചു..മഹത്തായ ഒരു ആഘോഷം.
 
    " അമ്മയിത് ഒട്ടുങ്ങട് പ്രതീക്ഷിച്ചില്ല....നെനക്ക് പറഞ്ഞുറപ്പിച്ച ഒരു പെങ്കൊച്ചിനെ പോലും ഓര്‍ക്കാതെ..കൂടപിറപ്പ്കള്ടെ ഭാവി പോലും നോക്കാതെ ന്തിനാ നീയിങ്ങനെ?...അച്ഛന്റെ സല്‍പേരാ എന്‍റെ മോനില്ലാതാക്കീത്...''

                                                             അടുത്ത സ്നേഹിതന്‍..അവന്‍റെ കുടുംബം. അവന്‍റെ പുതിയ ദാമ്പത്യ ജീവിതം, അതിലെ ചില താളപിഴകള്‍.അത് തിരുത്താന്‍, സഹായിക്കാന്‍ ചെന്നതായിരിക്കാം തെറ്റ്..വിവാഹപൂര്‍വ ബന്ധത്തിലെ കണ്ണിയുടെ ജീവിതത്തിലേക്ക് വീണ്ടും മടങ്ങാന്‍  ആ സ്ത്രീ കണ്ടെത്തിയ മാര്‍ഗ്ഗം..കാല ഘട്ടത്തിലെ ഏറ്റവും വലിയ ആയുധം..പീഡനം..
അതിന് കണ്ടെത്തിയ ഇരകളില്‍ ആദ്യ സ്ഥാനം തനിക്ക്..പിന്നെ അടുത്ത കൂട്ടുക്കാരന്‍..അവനുമായി ബന്ധമുള്ള ചിലര്‍..ആ സ്ത്രീയുടെ വാക്കുകള്‍ മാത്രം ശരി വെച്ച് നിയമം നടത്തിയ ക്രൂരമായ ഭേദ്യങ്ങള്‍ക്ക് ഒടുവില്‍ കുറ്റം ദുര്‍ബലനായ സ്നേഹിതന്‍ കുറ്റം സമ്മതിച്ചു..ജീവിതത്തില്‍ നേരിടേണ്ടി വന്ന വിപത്തിന് മുന്നില്‍ അടിപ്പെട്ടു പോകാതിരിക്കാന്‍  ഒരു ഉടുമുണ്ടില്‍ തൂങ്ങി എല്ലാത്തില്‍ നിന്നും മോചനം തേടി അവന്‍ പോയതോടെ സത്യം തെളിയാന്‍ ആ സ്ത്രീയുടെ വാക്കുകള്‍ തന്നെ അവസാനമാകേണ്ടി വന്നു..

                                                               ജയിലും, ദുഷ് പേരും, പരിഹാസവും, അതിലുപരി മറ്റുള്ളവരുടെ വീഴ്ച ആഘോഷിക്കുന്ന സമൂഹത്തിന്‍റെ ദുഷിച്ച കണ്ണുകള്‍.നീതി ന്യായവ്യവസ്ഥിതിയുടെ തുടര്‍ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇര തന്നെ സത്യം തുറന്ന്‍ പറഞ്ഞു..ഒരു കെട്ടുകഥ.കൂടുതല്‍ സുഖം തരുന്ന മാംസം തേടി പോകുന്നതിന് വേണ്ടി ചമച്ച അസത്യങ്ങള്‍. ഇന്ന്‍ പകല്‍ മൂടി വെച്ച വലിയ സത്യം പുറത്ത് വന്നു..അവള്‍ തന്നെ എല്ലാം തിരുത്തി പറഞ്ഞപ്പോള്‍ ഒരു നിമിഷം കൊണ്ട്, ഒരു വാക്ക് കൊണ്ട് നിരപരാധി. പക്ഷെ അതിനിടയില്‍ നഷ്‌ടമായത് അത് വരെ ഉയര്‍ത്തി വെച്ച അഭിമാനം, കുട്ടിക്കാലം മുതല്‍ സുഖവും, ദുഖവും പങ്കിട്ട ആത്മ സ്നേഹിതന്‍., പിന്നെ പറഞ്ഞു വെച്ച വിവാഹം, ബന്ധങ്ങള്‍, സ്വപ്‌നങ്ങള്‍,സൗഹൃദങ്ങള്‍..അകന്നു പോയ ബന്ധങ്ങളെ കൂട്ടിയിണക്കാന്‍ നിരപരാധിത്വം പോരായിരുന്നു..മോചനം  കിട്ടിയിട്ടും ചില കണ്ണുകളില്‍ ഒളിപ്പിച്ചു വെച്ച സംശയം പിന്നെയും ബാക്കിയായി..ആ സംശയ വഴികളില്‍ നിന്നും ദുഖത്തോടെ വന്നെത്തി നില്‍ക്കുന്നത് ജീവിതത്തിന്‍റെ അവസാന അടയാളമായ കല്ലിനു മുകളില്‍..അവിടെ നിന്നും മുന്നിലേക്ക് നീളുന്ന മരണത്തിലേക്കും..

                                                                നിലാവില്‍ സത്യനാഥന്‍ നിവര്‍ന്ന്‍ നിന്ന് വീണ്ടും മരണത്തിന്‍റെ മണവും, ആഴവും നിറഞ്ഞ കടലോളങ്ങളെ നോക്കി..നുരയുന്ന തിര പതകളില്‍ ഒളിപ്പിച്ചു വെച്ച ചുഴികള്‍. തിരിഞ്ഞ് നോക്കി,പിന്നിലെ ജീവിതം തിരുത്താന്‍ ശ്രമിക്കുന്നില്ല..ഒരു തവണ വേട്ടയാടപ്പെട്ടവന്‍ വീണ്ടും ഇതേ പോലെ അക്രമിക്കപ്പെടാം..അതിലും ഭേദം അകലങ്ങളില്‍ എവിടെയോ സങ്കല്പങ്ങളില്‍ ഉറങ്ങുന്ന വെള്ളിയാങ്കല്ല് തേടി യാത്ര തന്നെ..തെളിവുകള്‍ക്ക് മൂന്നാം പക്കം കടല്‍ കനിഞ്ഞാല്‍ ഏതെങ്കിലും തീരത്ത് ചീഞ്ഞ് വീര്‍ത്ത് അടിയുന്ന ദേഹി ഒഴിഞ്ഞ ദേഹം മാത്രം മതിയാകും..അനന്തതയില്‍ മിഴി നട്ട് മനസ്സില്‍ പറഞ്ഞു...

     "ദൈവമേ...നീ തന്ന ജീവിതത്തിന്‍റെ ഭാരം എനിക്ക് പേറാന്‍ ഇനിയും കഴിയില്ല..തെറ്റ് ചെയ്യാതെ പീഡിപ്പിക്കപ്പെട്ടവരില്‍ ഞാനും..ഇനിയൊരു ജന്മം തരുന്നെങ്കില്‍ പറവയായോ, പൂവായോ ജനിപ്പിക്കുക...ഒരിക്കലും മര്‍ത്യ ജന്മം പൂകാന്‍ വയ്യ...നീ തന്ന ജീവിതം നിനക്ക് തന്നെ സമര്‍പ്പിക്കുന്നു..

                                                                  അത് വരെ നിലാവില്‍ തെളിഞ്ഞ് നിന്ന കടലോരം ഒരു നിമിഷം കാര്‍മുകിലുകള്‍ക്കിടയില്‍ മാഞ്ഞു പോയ ചന്ദ്രികയില്ലാതെ   ഇരുളില്‍ വീണ സമയം. കുളിര് പേറുന്ന മേഘകൂട്ടത്തില്‍ നിന്നും സ്വര്‍ണ്ണ വര്‍ണ്ണാഭമായി വീണ്ടും പുറത്ത് വന്ന നിമിഷം. നിലാവ് തിരികെ വന്നപ്പോള്‍ മരണത്തിന്റെ  അടയാള കല്ലിനു മുകള്‍ ഭാഗം ശൂന്യം....സത്യനാഥന്‍റെ ദേഹം  ആഞ്ഞുവീശിയ തിരമാലകളില്‍ എവിടയോ മരണച്ചുഴി തേടി പോകുകയായിരുന്നു..മൂന്നാം  പക്കത്തിലോ,ഇനിയൊരിക്കലോ  തീരത്ത് വരില്ലെന്ന സത്യവുമായി..അതമാവ് സങ്കല്പങ്ങളിലെ ജനിമൃതികള്‍ക്കിടയിലെ വെള്ളിയാങ്കല്ല് തേടിയും...ജീവിത ഭാരമിറക്കി വെച്ച് അനന്തമായി വിശ്രമിക്കാന്‍......


N.B-  "ഈ കഥ ഒരു ജീവിതാനുഭവത്തില്‍ നിന്നും ഉണ്ടായതാണ്...


     

 





2015, നവംബർ 12, വ്യാഴാഴ്‌ച

സ്നേഹത്തിന്‍റെ മാലാഖ....

                                       

















                    
                                                                  അര്‍ദ്ധ ബോധത്തില്‍ തലയില്‍ തുന്നലുകള്‍ വീഴുന്നത് തിരിച്ചറിയുന്നുണ്ടായിരുന്നു..പതുക്കെ കണ്ണുകള്‍ തുറന്ന്‍ നോക്കിയപ്പോള്‍ ചുറ്റും വെള്ള വസ്ത്രം ധരിച്ചവരുടെ കൂട്ടം..അവര്‍ക്കിടയില്‍ എവിടെയോ കണ്ടു മറന്ന ഒരു മുഖം.ലേഡി ഡോക്ടറുടെ മുഖം..വലിയ പുരികങ്ങള്‍ക്കിടയിലെ പിടയ്ക്കുന്ന കണ്ണുകള്‍,...മുറിവുകളുടെ വേദനയും, മദ്യത്തിന്‍റെ ലഹരിയും ഓര്‍മ്മകളെ മറച്ച് പിടിക്കുന്നത് പോലെ..ഓര്‍ക്കാന്‍ കഴിയുന്നില്ല..

          "നോക്ക്..പന്ത്രണ്ട് സ്ടിച്ചാണ് തലയിലിട്ടത്..ആയുസ്സിന്‍റെ ബലം കൊണ്ടാ ആ ലോറിയുടെ ചക്രങ്ങള്‍ തലയിലൂടെ കയറി പോകാഞ്ഞത്..."

                                                               വീണ്ടും ആ ശബ്ദം.ആ ലേഡി ഡോക്ടറുടെ ശബ്ദം...എവിടെയോ കേട്ട് മറന്നത് പോലെ..എനിക്കറിയാം..എന്‍റെ ഭൂതക്കാലത്തില്‍ എവിടെയോ ഈ മുഖവും, ശബ്ദവും..ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..കണ്ണടച്ച് ഓര്‍മ്മയിലേക്ക് പോകാന്‍ ഒരു ശ്രമം നടത്തി..ഓര്‍മ്മകള്‍ ഇല്ലാതാക്കുന്ന വേദന..കഴിയാതെ വീണ്ടും കണ്ണ്‍ തുറക്കുമ്പോള്‍ മുന്നില്‍ ആ മുഖം മാത്രം..ചിരിയോടെ...സത്യം ഈ ചിരിയും എവിടെയോ ചിരപരിചിതം..തിരിച്ചെടുക്കാന്‍ കഴിയാത്ത എന്‍റെ പിന്നാമ്പുറങ്ങളില്‍ എനിക്ക് നഷ്‌ടമായ ചിരി പോലെ.

         "എന്നെ മനസ്സിലായിലാല്ലേ? എന്തായാലും കൊള്ളാം..പകലൊന്ന് ചൂട് പിടിക്കണതിന് മുന്‍പ് മൂക്കറ്റം കുടിച്ച് കണ്ട വണ്ടികള്‍ക്ക് മുന്നീ ചെന്ന്‍ ചാടുക...എന്താ പറ്റീത്..വീട്ടിലിരിക്കണ ആ സ്ത്രീയുടെ ഭാഗ്യം കൊണ്ടാ തലനാരിഴക്ക് രക്ഷപ്പെട്ടത്..."

                                                             അവസാനം പറഞ്ഞ വാക്കുകള്‍ എന്നില്‍ ചിരി പടര്‍ത്തി. ഇന്ന്‍ രാവിലെ തന്നെ കുടിക്കാന്‍ കാരണം കാലത്ത് ആരംഭിച്ച വഴക്ക് തന്നെ. പത്ത് പൊരുത്തങ്ങള്‍ ചേര്‍ന്ന്‍ അഞ്ച് കൊല്ലം മുന്‍പ് ആ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ജാതക പൊരുത്തമല്ല..മാനസിക പൊരുത്തമാണ് ഏറ്റവും വലുതെന്ന്‍ മനസ്സിലായിരുന്നില്ല..നിസ്സാരമായ കാരണങ്ങള്‍ പോലും വഴക്കിലെക്ക്..ഒരു ദിവസം പോലും സുഖമായി ജീവിച്ചിട്ടില്ല..എന്നത്തെയും പോലെ രാവിലെ ഞാന്‍  തന്നെയാണ്  തുടങ്ങിയത്..വഴക്ക് വാക്കുകള്‍ കൊണ്ടാണ്..ചിലപ്പോള്‍ ഒരു ആയുധത്തേക്കാള്‍ ഭീകരമായി ആഴമേറിയ മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍...അങ്ങിനെ അവള്‍ പറയുന്ന സ്ഥിരമൊരു വാക്ക്.രാവിലെ അത് കേട്ടാണ് മദ്യത്തിന്‍റെ ലഹരിയില്‍ മുങ്ങാന്‍ തുടങ്ങിയത്..

     "ഇതിലും ഭേദം വിധവയായി ജീവിക്കണതാ..."

                                                              ഡോക്ടര്‍ കസേരയില്‍ ഇരുന്ന്‍ എന്നെ  തന്നെ നോക്കി..ആ നോട്ടം, ചിരി, മുഖം, ..അര്‍ദ്ധ ബോധത്തിലേക്ക് ഓര്‍മ്മയുടെ പ്രകാശം പരത്തിയത് പോലെ..തിരിച്ചറിവ്..അതിനേക്കാള്‍ വലിയ ഷോക്ക്.  എന്‍റെ പിടയുന്ന മനസ്സ് തിരിച്ചറിഞ്ഞ നിമിഷം ആ വായില്‍ നിന്നും തന്നെ ഞാന്‍ ഊഹിച്ചത് പുറത്ത് വന്നു...

   "ഇത് ഞാന്‍ തന്നെയാണ് നീരജ്..ആ പഴയ പോക്ക് കേസ്...മായ"

                                                               കൂടുതല്‍ കേള്‍ക്കാന്‍ മനസ്സ് വന്നില്ല..കണ്ണുകള്‍ മുറുകെ അടച്ചു..കണ്ണുകള്‍ കാഴ്ചയില്‍ നിന്നും അടച്ച് പിടിക്കാം..ഓര്‍മ്മകളില്‍ നിന്നും മനസ്സിനെ മറച്ച്  പിടിക്കാന്‍ കഴിയുന്നില്ല...ഒരു കുപ്പി വീര്യമേറിയ  മദ്യം കിട്ടിയിരുന്നെങ്കില്‍ ...ഒന്നും മറക്കാന്‍ കഴിയുന്നില്ല...ആ കലാലയവും, എന്നും ചീട്ടി തുണിയുടെ പാവാടയും, നീണ്ട മുടിയില്‍ തുളസി കതിരും, ചന്ദന കുറിയുമായി വന്നിരുന്ന നാടന്‍ പെണ്‍കുട്ടിയേയും..ഒരു കൗതുകം..പിന്നീട് എപ്പോഴോ മനസ്സിലായി അവള്‍ക്കും അതെ കൗതുകം എന്നോടുമുണ്ടെന്നു. കൗമാരം കത്തി വരുമ്പോള്‍ ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും പരസ്പരം തോന്നുന്ന ആ കാന്തിക വലയം..പ്രണയം.

   "ഡാ.. കോപ്പേ..നീയെന്ത് കണ്ടിട്ടാ...അതൊക്കെ വെറും പോക്ക് കേസാ...എന്‍റെ അമ്മായിന്റെ വീടിനടുത്താ അവള്‍ടെ വീട്...തന്ത നേര്‍ത്തെ ഉള്ളി കച്ചോടത്തിനു മോളീ പോയി...ചെമ്മീന്‍ കമ്പനി പോണ അമ്മേം, പിന്ന ചേച്ചീം, ദേ ഇവളും...മൊത്തം പോക്കാ..."

                                                                 അടുത്ത കൂട്ടുക്കാരന്റെ വാക്കുകള്‍. അത് മാനിച്ച് മറ്റ് കുട്ടികളിലേക്ക് കൂട് മാറാന്‍ ശ്രമിച്ചെങ്കിലും, രാത്രിയിലെ ഇരുട്ട് വീണ മുറിയില്‍ ആ ചന്ദനക്കുറിയും, തുളസി കതിരും മറക്കാന്‍ കഴിയാത്ത മോഹങ്ങള്‍ ഉയര്‍ത്തി, വീണ്ടും വീണ്ടും അവളിലേക്ക് വലിച്ചടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന മാസ്മരികമായ ഒരു കാന്തിക ശക്തി..ഒടുവില്‍ ഇടനാഴിയിലെ ഏകാന്തതയില്‍ അവളെ മുന്നില്‍ നിര്‍ത്തി ആ പിടയുന്ന കണ്ണുകളില്‍ നോക്കി പറഞ്ഞു...

     "എനിക്കിഷ്ടാണ്...ഈ ചന്ദന കുറിയും, തുളസി കതിരും...പിന്നെ നിന്നേയും.."

                                                                  അവള്‍ ആ ഒരു വാക്ക് കാത്തിരുന്നത് പോലെയായിരുന്നു.. ഞാന്‍ എന്‍റെ ഇഷ്ടം അറിയിച്ചത് മുതലാണ്  അവള്‍ കൂടുതല്‍ സുന്ദരിയായത് .എനിക്ക് വേണ്ടി കൂടുതല്‍ അണിഞ്ഞൊരുങ്ങി വരാന്‍ ആരംഭിച്ചത്.. ഇഷ്ടത്തിന്‍റെ അംഗീകാരം പോലെ താലപ്പൊലി കാവില്‍ നിന്നും വാങ്ങിയ കരിവളകള്‍ അവള്‍ക്ക് കൊടുത്തു...ആദ്യത്തെ പ്രേമ സമ്മാനം.പകരം അവള്‍ എനിക്ക് നല്‍കിയത് ചീന്തിലയില്‍ ഒരിറ്റ് ചന്ദനം, എന്‍റെ പേരില്‍ നടത്തിയ  വഴിപ്പാടിന്റെ പവിത്രമായ പ്രസാദം. അവള്‍ കാത്തിരുന്നത് പവിത്രമായ സ്നേഹത്തിനായിരുന്നു., കറയില്ലാത്ത പ്രണയത്തിനായിരുന്നു., മറിച്ച് ഞാന്‍; ചില ബാഹ്യ പ്രേരണ കൊണ്ട്  അവളുടെ ഒളിപ്പിച്ച് വെച്ച സ്വകാര്യതയെ സ്നേഹിക്കാന്‍ തുടങ്ങി.ഉള്ളില്‍ ഒളിപ്പിച്ച കാമത്തിന്‍റെ കണ്ണുകള്‍ അറിയാതെ അവളെ പിന്തുടരാന്‍ തുടങ്ങി..

     "പിന്നെ അല്മാര്‍ത്ത പ്രേമം..നീരജെ...നീയവളെ കെട്ടോ..വായില് സ്വര്‍ണ്ണ കരണ്ടിയായ് ജനിച്ചോനാ നീ..ആ ചാളയില്‍ കെടക്കണ പോക്ക് കേസ് പെണ്ണിനെ വിട്ട് വേറെ  വണ്ടി പിടിക്കെടാ ചെക്കാ...പിന്നെ ഒഴിവാക്കണതിന് മുന്ന് പരമാവധി  മൊതലാക്കിക്കോ...കോളേജ് ഡേയാ വരണത്. പറ്റിയ സമയാ..

                                                                      ലാബിന് പുറകിലെ മരത്തിന്‍റെ ഏകാന്തതയില്‍ കൂട്ടുക്കാരുടെ നിര്‍ദേശമനുസരിച്ച് കോളേജ് ഡേ പകലില്‍.. കുടിച്ച മദ്യത്തിന്‍റെ ലഹരിയില്‍ അവളുടെ പ്രതിഷേധങ്ങള്‍ക്ക് മീതെ ആദ്യ കടന്ന്‍ കയറ്റം...കരിവളകള്‍ പൊട്ടി തകര്‍ന്ന്‍, ചന്ദനക്കുറി പരന്ന് ചുണ്ടുകള്‍ ചുണ്ടോട് ചേര്‍ത്തും, ഭ്രാന്ത് പിടിച്ച കൈകള്‍ എവിടെയെല്ലാമോ ആ ശരീരത്തില്‍ പാമ്പിനെ പോലെ സഞ്ചരിച്ചും...അത് വരെ കൊതിപ്പിച്ച, കാണാന്‍ കൊതിച്ച സ്വകാര്യതകളില്‍  ഏകപക്ഷീയമായ ആക്രമണം...ഒടുവില്‍ അവള്‍ കരഞ്ഞുകൊണ്ട്‌ തള്ളി മാറ്റി മുഖത്ത് തന്ന അടിയില്‍ എല്ലാം ശുഭം..പക്ഷെ വാക്കുകള്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല.. അത് വരെ ചെയ്യ്ത തെറ്റിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍..

    "നീയാരാന്നാടീ നിന്‍റെ വിചാരം..വെറും ഒരു പോക്ക് കേസായ നിന്നെ ഞാന്‍ എന്‍റെ കെട്ടിലമ്മയായി കൂടെ കൊണ്ട് പോകൊന്ന്‍ കരുത്യാ..ആര്‍ക്ക് വേണം നിന്‍റെ പ്രണയം...എനിക്ക് വേണ്ടത് തരാന്‍ നെനക്ക് കഴിയൂലെങ്കി പോയി തോലയെടീ.....########## മോളെ.."

                                                                       അവള്‍ കരഞ്ഞില്ല..തുറിച്ച് നോക്കി. പിന്നെ കയ്യിലെ പൊട്ടിയ വളകള്‍ അടര്‍ത്തി മാറ്റി, കീറിയ ജാക്കറ്റിന്റെ കൈകള്‍ നോക്കി, ഇടത് കൈ തണ്ടയിലെ എന്‍റെ ചെറുവിരല്‍ നഖക്ഷത വരകള്‍ നോക്കി  അവിശ്വസനീയമായ ഭാവത്തില്‍ നോക്കിയ നോട്ടം.അത് വരെ ഉറഞ്ഞു നിന്ന ആണത്തം ആവിയായി മാറിയ നോട്ടം..പിന്നെ പറഞ്ഞ വാക്കുകള്‍.ഒരിക്കലും മറക്കാന്‍ കഴിയാത്ത വാക്കുകള്‍..

   "പവിത്രമായ എന്‍റെ പ്രണയം...തിരിച്ചറിയാന്‍ കഴിയാത്ത നിനക്ക് കാലം മനസ്സിലാക്കി തരും സ്തീയുടെ പരിശുദ്ധി എന്താന്ന്..വയര്‍ വിശന്നാലും ഉള്ളത് മുറുക്കി ഉടുക്കാനാ ന്‍റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടോള്ളത്..നീ പോ..എന്‍റെ മനസ്സി പെയ്യണ സങ്കടത്തിന്റെ പെരുമഴ നനയാന്‍ നില്ക്കണ്ടാ..അതിലൊരു തുള്ളി വീണ നെനക്ക് പിന്നെ ഒരിക്കലും സ്വസ്ഥത ഉണ്ടാകില്ല..നീരജ് നീ പോ."

                                                                       അന്ന്‍ അവിടെ നിന്നും പോന്നതിനു ശേഷം പിന്നെ കാണുന്നത് ഇന്നാണ്..അന്വേക്ഷിക്കാന്‍ ഭയം തോന്നി. പിന്നെ എല്ലാം മറന്ന്‍ കൂട് മാറ്റം.പിന്നെ പലരും ജീവിതത്തില്‍ കടന്ന്‍ വന്നു. ഒടുവില്‍ എല്ലാ പൊരുത്തവുമായി, മനപ്പോരുത്തമില്ലാത്ത ഒരു പങ്കാളിയും..പക്ഷെ ഒരിക്കലും ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ മായ്ക്കാന്‍ മനസ്സിന് കഴിഞ്ഞില്ല..നീണ്ട മുടിയിലെ തുളസി കതിരും..ചന്ദന കുറിയും..

                                                                      പതുക്കെ കണ്ണുകള്‍ തുറന്ന്‍ നോക്കിയപ്പോള്‍, മുന്നില്‍ കസേരയില്‍ മായ.കാലം മാറ്റി വരച്ച ചിത്രങ്ങള്‍."മനസ്സില്‍ ആരെല്ലാമോ പറഞ്ഞ് പഠിപ്പിച്ച പോക്ക് കേസില്‍ നിന്നും ഡോക്ടര്‍ എന്ന ബഹുമാന തലത്തിലേക്ക്...ഞാനോ പൊള്ളുന്ന ജീവിതത്തില്‍, അസ്വസ്ഥമായ ദാമ്പത്യം പേറുന്ന, ലഹരിയില്‍ ആനന്ദം കണ്ടെത്തി സ്വയം നാശത്തിലേക്ക് യാത്ര തുടരുന്നവന്‍..അവര്‍ എനിക്ക് മുന്നില്‍ ക്ഷമയോടെ കാത്തി രിക്കുകയിരുന്നു..ഓര്‍മ്മകളില്‍ നിന്നും തിരിച്ച് വരുന്നതും നോക്കിയുള്ള കാത്തിരിപ്പ്..ഒരു പക്ഷെ പഴയക്കാലം സമ്മാനിച്ച മുറിവുകള്‍ക്ക് പകരം ചോദിക്കാന്‍..

      "വേദന തോന്നുന്നല്ലേ..മനസ്സിനും, ശരീരത്തിനും..അന്ന്‍ ലാബിന്‍റെ പുറകില്‍ നിന്നും നീ പോയിട്ടും നിന്നെ ഞാന്‍ ഒരിക്കലും ശപിച്ചിട്ടില്ല..പകരം നീരജിന് നല്ലത് വരുത്താന്‍ ദൈവത്തോട് മനസ്സുരുകി പ്രാര്‍ഥിച്ചിട്ടെയുള്ളൂ...അന്നും, ദാ ഈ നിമിഷവും.."

                                                                      എനിക്ക് അത്ഭുതം തോന്നി..ഇത്രയധികം ദ്രോഹിച്ചിട്ടും തിരിച്ച് സ്നേഹിക്കാന്‍ മാത്രം എന്ത് ഗുണമാണ് ഇവര്‍ക്ക് എന്നില്‍ കാണാന്‍ കഴിഞ്ഞത്???.ഇവളെ തന്നെയാണല്ലോ "പോക്ക് കേസാക്കി ജീവിതത്തില്‍ നിന്നും എന്നേക്കുമായി , വലിയ മുറിവുകള്‍ നല്‍കി വലിച്ചെറിഞ്ഞത്??എന്‍റെ മനസ്സില്‍ കയറിയ സങ്കടം തിരിച്ചറിഞ്ഞ പോലെ മായയുടെ  ആ ഭംഗിയുള്ള വിരലുകള്‍ എന്‍റെ തലമുടിയിലേക്ക് നീണ്ടു..ഒരു സ്നേഹ സ്പര്‍ശം.എല്ലാ തെറ്റും ക്ഷമിച്ചെന്നുള്ള മൗനമായ മുഖഭാവം.

   "നോക്ക്..ജീവിതമെന്ന് വെച്ചാ നാം നമുക്ക് നേരെ നീട്ടി പിടിക്കുന്ന ഒരു കണ്ണാടിയാ..അതിലെ പ്രതിഫലിക്കുന്ന സ്വന്തം പ്രതിച്ഛായ നോക്കി വേണം  ജീവിക്കാന്‍...ഒരിക്കലും ആ കണ്ണാടി മറ്റുള്ളവര്‍ക്ക് നേരെ നീട്ടി പിടിച്ച് അവരെ വീക്ഷിക്കാതിരിക്കുക..അവരുടെ പരിമിതികള്‍ കണ്ടെത്താതിരിക്കുക..സ്വന്തം പ്രതിച്ഛായ നന്നാക്കിയാല്‍ ജീവിതം സുന്ദരമാകും..അറിഞ്ഞിടത്തോളം നീരജ്  ആ കണ്ണാടി നിന്നില്‍ നിന്നും തിരിച്ച് പിടിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത്..അത് കൊണ്ടാണ് ഭാര്യ പോലും നിന്‍റെയീ ജീവിതത്തില്‍ നിന്നും കൊറേ അകന്ന്‍ പോയത്..ആദ്യം സ്വയം മനസിലാക്കുക..ഒപ്പം കൂടെയുള്ളവരെയെല്ലാം  മനസ്സിലാക്കാനും ശ്രമിക്കുക.മുന്‍വിധികള്‍ ഇല്ലാതെ..ഉപാധികളില്ലാതെ.. അങ്ങിനെയാണേല്‍ എല്ലാ വിധ വിജയവും, സന്തോഷവും, സമാധാനവും  ജീവിതതിലുണ്ടാകും..ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത് പോലെ.."

                                                                        എന്‍റെ തോളില്‍ തട്ടി ഡോക്ടര്‍ കസേരയില്‍ നിന്നും എഴുന്നേറ്റപ്പോള്‍ പിന്നില്‍ ഭാര്യയുടെ നിഴല്‍. നിറഞ്ഞ കണ്ണോടെ അടുത്തേക്ക്..കാലത്ത് കണ്ട ശാപവാക്കുകള്‍ അല്ല ആ മുഖത്ത്.പകരം ദുഃഖം..ആദ്യമായി അവള്‍ എനിക്ക് വേണ്ടി കണ്ണീരണിയുന്നത്  നേരില്‍ കണ്ടു..ഞാന്‍ ഈ നിമിഷം മുതല്‍ എന്‍റെ ജീവിതത്തിനു നേരെ കണ്ണാടി മാറ്റി പിടിക്കാന്‍ പോകുന്നു.. കുറേ തിരുത്താനുണ്ട്..പ്രതിച്ഛായ മാറ്റി വരക്കണം..അവള്‍ അടുത്ത് വന്ന് കട്ടിലില്‍ ഇരുന്ന്‍ നിറ കണ്ണോടെ നെറ്റിയില്‍ തലോടി..പിന്നെ നന്ദിയോടെ ഡോക്ടര്‍ മായയെ  നോക്കി..

   "സ്നേഹം പിടിച്ച് വാങ്ങാന്‍ കഴിയുന്ന ഒരു സാധനാ...കിട്ടില്ലെന്ന് തോന്നുമ്പോ തിരികെ പതി മടങ്ങ്‌ കൊടുത്ത് , തിരിച്ച് വാങ്ങണം..നിങ്ങള്‍ക്ക് കഴിയും.ഞാന്‍ നീരജിന്‍റെ ഭാര്യയോട് സംസാരിച്ചിരുന്നു..എല്ലാം ആ കുട്ടി തുറന്ന്‍ പറഞ്ഞുട്ടോ .പിന്നെ നിങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാള്‍.ആദ്യം രണ്ട്‌ പേരും പരസ്പരം മറന്ന്‍ സ്നേഹിക്കടോ.എന്നിട്ട് എക്സ്പെറ്റ് ചെയ്യ്‌..പിന്നേയും നടന്നില്ലെങ്കില്‍ വഴിയോണ്ട്..എന്‍റെ കെട്ടിയോന്‍ ഡോക്ടര്‍ ഇന്ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ് സ്പെഷ്യലൈസ് ചെയ്യ്ത ആളാ...മനസ്സിനാദ്യം ചികിത്സ..പിന്നെ മതി ശരീരത്തിന്. സ്നേഹത്തോടെ ഉഴുതിട്ട്,നട്ട് നനച്ച ഭൂമിയിലെ വിളകള്‍ വളരൂ..അതോണ്ട് പരസ്പരം അങ്ങട് പ്രേമിക്ക്..ജീവിതം ആസ്വാദിക്ക്..കള്ളു കുടിച്ചാല്‍ കിട്ടണ അനന്തം വേണ്ടാന്ന്‍ വെച്ച് രണ്ട് പേരും ശരിക്കങ്ങട് ജോറായി ജീവിച്ചേ..ട്രൈ ചെയ്യടോ..എന്നാ ശരി എല്ലാ വിധ ആശംസകള്‍...കള്ളിന്‍റെ കേട്ട് തലയീന്ന്‍  ഇറങ്ങുമ്പോള്‍ പൊക്കോളൂ..സന്തോഷായിട്ട് ഒരുമിച്ച്..പുത്യേ ഒരു ജീവിതത്തിലേക്ക്....."

                                                                             ഒരു ചിരി പാസ്സാക്കി ഡോക്ടര്‍ തിരികെ പോകുമ്പോള്‍ എന്‍റെ മനസ്സ് എന്നോ പതിഞ്ഞ വാക്കുകള്‍ മാറ്റി എഴുതാന്‍ തുടങ്ങിയിരുന്നു.

   " അവര്‍ പോക്ക് കേസല്ലാ...മാലാഖയാണ്..സ്നേഹത്തിന്‍റെ മാലാഖ."

                                                                            അത് വരെ   മൂടി കെട്ടി നിന്ന ഭാര്യ പതുക്കെ നെറ്റിയുടെ നേരെ ചുണ്ടുകള്‍ കൊണ്ട് വന്നു..എന്നോ നഷ്‌ടമായ സ്നേഹം തിരികെ വരുന്നത് പോലെ എനിക്ക്തോന്നി..ആ കണ്ണുകളില്‍ നിന്നും മുഖത്ത്പരന്ന കണ്ണ് നീര്‍ ഞാന്‍ തുടച്ച് മാറ്റി അവളെ ചേര്‍ത്ത് പിടിച്ചു..എല്ലാ തെറ്റുകളും ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി ഞങ്ങള്‍ ഇരുവരും ഒന്നായി മാറിയത് പോലെ. പറയാന്‍ കഴിയാത്ത ആനന്ദം മനസ്സില്‍ ഉരി തിരിഞ്ഞത് പോലെ.. കളങ്കമില്ലാത്ത സ്നേഹം...ഞാന്‍ മറ്റെവിടെയോ തിരിച്ച് വെച്ചിരുന്ന കണ്ണാടി എനിക്ക് നേരെ തിരിച്ച് വെച്ച് അവളെ നെഞ്ചിലണച്ച് മൗനം കൊണ്ട് എല്ലാം ഏറ്റ് പറയുകയായിരുന്നു..മനസ്സില്‍ മൂടി കെട്ടി നിന്ന സങ്കട പെരുമഴ അത് വരെ ജീവിച്ച സ്നേഹം വരണ്ട ഞങ്ങളുടെ മനോ മരുവില്‍ പെയ്യാന്‍ തുടങ്ങി..സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ കുളിര് നിറച്ച്.....

                                                                   
ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...












ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍...

                                               

                                     
                                           ഇടനാഴിയിലെവിടെ നിന്നോ ജയിലഴിയിലൂടെ ഇരുള്‍ നിറഞ്ഞ മുറിയില്‍ പ്രതിഫലിക്കുന്ന നേര്‍ത്ത വെട്ടം അരോചകമായി തോന്നി..ചുറ്റും എന്നേക്കുമായി ഇരുള്‍ പടരാന്‍, പകല്‍ കാഴ്ചകളില്‍ നിന്നും, കോടതി മുറിയിലെ ആര്‍ദ്രമായ മുഖങ്ങളില്‍ നിന്നും, പകയോടെ നോക്കുന്ന സൗഹൃദ കണ്ണുകളില്‍ നിന്നും, ശാപ വാക്കുകള്‍ നിറഞ്ഞ ബന്ധു മനസ്സുകളില്‍ നിന്നും എന്നേക്കുമായി ഒരു മോചനം.പകല്‍ വാക്കുകള്‍ കേട്ട് മനസ്സ് മരവിച്ച് തുടങ്ങി...ആരും നല്ലത് പറയുന്നില്ല..ഇന്നും ആരെല്ലാമോ വിളിച്ച് പറയുന്നുണ്ടായിരുന്നു...

           "ദുഷ്ടാ..നീയെന്തിനിത് ചെയ്യ്തു...കൊല്ലണമായിരുന്നോ? നിന്‍റെ ചോര തന്നെ ആയിരുന്നില്ലേ?? ഒരു കാലത്തും നീ ഗതി പിടിക്കില്ല..."

                                     പകല്‍ വെളിച്ചം നിറഞ്ഞ കോടതി മുറ്റത്ത് തല താഴ്ത്തി പോയിട്ടും ചില മുഖങ്ങള്‍ കാണുന്നുണ്ടായിരുന്നു..പകയുടെ, ദേഷ്യത്തിന്റെ കനലെരിയുന്ന മുഖങ്ങള്‍..കുറച്ച് ദിവസങ്ങള്‍ മുന്പ് വരെ എന്‍റെ പ്രിയപ്പെട്ടവരായിരുന്നവര്‍. കൂടെ നടന്നവര്‍..കോടതിയില്‍ നേരിടാന്‍ കഴിയാത്ത മൂന്ന്‍ മുഖങ്ങള്‍ കൂടി..അവരെ നോക്കുമ്പോള്‍, ആ കണ്ണുകളിലെ അനാഥത്വം കാണുമ്പോള്‍ പിടയുന്ന മനസ്സ്..അവരുടെ കണ്ണുകളിലെ അരക്ഷിതമായ ഭയ ഭാവം..എല്ലാത്തിനും കാരണം ഒരു നിമിഷത്തെ പക പിഴവ്..തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു വലിയ തെറ്റ്..അനാഥരായത് ജീവിച്ച് കൊതി തീരാത്ത ഒരു ഭാര്യയും, രണ്ട്‌ പൊടി കുഞ്ഞുങ്ങളും....

          സിന്ദൂര രേഖ ശൂന്യമായി, താലിയില്ലാതെ അവരെ കോടതി മുറിയില്‍ കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞു..സ്വത്തിന്‍റെ പേരില്‍ അവര്‍ക്ക് നഷ്ടമായത് അവരുടെ പ്രാണന്‍..ജീവിതത്തില്‍ അവര്‍ ഏറ്റവും സ്നേഹിച്ച പുരുഷന്‍..കോടതിയിലെ കൂട്ടില്‍ നില്ക്കുമ്പോള്‍ അവര്‍ നോക്കിയ ഒരു തീഷ്ണമായ ആ നോട്ടത്തില്‍ ഒരു പാട് ചോദ്യങ്ങള്‍..അവര്‍ മൗനമായി ചോദിച്ചത് പോലെ...

          "നീ സമ്പത്ത് അളന്ന് നോക്കിയപ്പോള്‍ ചിന്തിച്ചിരുന്നോ..നിന്‍റെ കൂടപ്പിറപ്പ് എന്നെ സ്നേഹിച്ച അളവ് എത്രയാണെന്ന്.??..എനിക്ക് നഷ്ടമായത് എന്‍റെ സ്വപ്നങ്ങള്‍ .ജീവിതം..സ്നേഹം..നഷ്ടമായാത് തിരികെ കൊണ്ട് വരാന്‍ നിനക്ക് സാധിക്കോ?? പുതിയതൊന്നും പഴയതിന് സമമാകില്ല..ആ സ്നേഹം, ആ ലാളന, ആ രൂപം..ഒന്നും...സമ്പത്ത് പങ്ക് വെക്കുന്ന സമയത്ത് കൂടുതല്‍  കിട്ടാനായി നീ ഇല്ലാതാക്കിയത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ്‌..ആര്‍ക്കും തിരിച്ച് നല്കാന്‍ കഴിയാത്ത വലിയ സമ്പത്ത്...."

                                അവരുടെ മൗന വിചാരണക്ക് ശേഷം അടുത്തിരിക്കുന്ന ആറു വയസ്സ് ക്കാരനെ നോക്കി.ഒത്തിരി തവണ തന്‍റെ കയ്യില്‍ തൂങ്ങി നടന്ന കുഞ്ഞു..കൂടുതല്‍ നോക്കാന്‍ കഴിയാതെ കണ്ണേടുത്തു..ആ രൂപം..അവന്‍റെ കുട്ടിക്കാലത്തെ  അതേ പ്രതി രൂപം..അവന്‍റെ അതെ ഭാവം...ആ ആറു വയസ്സുള്ള ബാലനും തുടങ്ങി.. മനസ്സ് കൊണ്ട് കുറേ ചോദ്യങ്ങള്‍ ചോദിക്കാന്‍...

       "അച്ഛന്‍..എനിക്ക് സ്നേഹമായിരുന്നു..എന്‍റെ കുഞ്ഞ് കുഞ്ഞ് ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന സംരക്ഷണമായിരുന്നു...എന്നെ കാത്തിരിക്കുന്ന കണ്ണുകളായിരുന്നു...എന്നെ വളര്‍ത്തി വലുതാക്കി നല്ല വഴിക്ക് നടത്താനുള്ള വാഗ്ദാനമായിരുന്നു..തെറ്റ് കാണിക്കുമ്പോള്‍ ശാസിച്ചും, ഗുണദോഷിച്ചും എന്നെ ഞാനാക്കി മാറ്റാനുള്ള മാതൃക ആയിരുന്നു...അതാണ് ഒരു കെട്ട് പണം പങ്ക് വെക്കുന്ന കൂട്ടത്തില്‍ ചാച്ചന്‍ ഇല്ലാതാക്കിയത്..ഞാന്‍ വളര്‍ന്ന്‍ വലുതാകുമ്പോള്‍ അതിന്‍റെ നൂറ് മടങ്ങ്‌ സമ്പത്ത് തരാം..എനിക്ക് എന്‍റെ അച്ഛനെ തിരികെ തരാനാകുമോ..ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്ന, എനിക്ക് വേണ്ട ഈ നിമിഷത്തില്‍.??

                          അവസാനം നോക്കിയത് ഒന്നുമറിയാതെ കോടതി മുറിയില്‍ അമ്മയുടെ മടിയിലിരിക്കുന്ന ഒന്നര വയസ്സുക്കാരിയുടെ നിഷ്കളങ്കമായ മുഖത്തേക്ക്..ഭൂമിയിലെ ക്രൂരത അറിയാനും, മനസ്സിലാക്കാനും കഴിയാത്ത പാല്‍ മണം മാറാത്ത കുഞ്ഞ്..മൊട്ടിട്ട് വരുന്ന കൊച്ചു പല്ലുകള്‍ കാണിച്ച് നോക്കി ചിരിച്ചു..അതിന് പിന്നില്‍ മൗനമായ ചില ചോദ്യങ്ങള്‍...

    "എനിക്ക് എന്‍റെ അച്ഛനെ തിരികെ വേണം...കുഞ്ഞു വാ കൊണ്ട് ഞാന്‍ ആദ്യം പറഞ്ഞ വാക്ക് "അച്ചാന്നായിരുന്നു..അമ്മയേക്കാള്‍ കൂടുതല്‍ പകല്‍ സമയത്ത് എന്‍റെ കുഞ്ഞു കണ്ണുകള്‍ തേടിയത് അച്ഛനെ ആയിരുന്നു..എന്താണ് അച്ഛന്‍ വരാത്തത്? എന്താണ് അച്ഛന്‍ എന്‍റെ കവിളുകളില്‍ ഉമ്മ വെക്കാത്തത്?? എന്താണ് അച്ഛന്‍ ഞാന്‍ കരയുമ്പോള്‍ തൊട്ടിയില്‍ നിന്നുമെടുത്ത് തോളിലിട്ട് താരാട്ട് പാടാത്തത്??എനിക്ക് വേണം എന്‍റെ അച്ചനെ....വളര്‍ന്ന്‍ വരുമ്പോള്‍ ഞാന്‍ അച്ഛനില്ലാത്ത മകളാകരുത്...എവിടെ എന്‍റെ അച്ഛന്‍???

                            ആര്‍ക്കും ഒരുത്തരം കൊടുക്കാനില്ല...ഉത്തരമില്ലാത്ത ചോദ്യങ്ങള്‍..ഇനിയും ഇത്തരം മുഖാമുഖങ്ങള്‍...സഹിക്കാന്‍ കഴിയുന്നില്ല.. കിട്ടുന്നത് നരകമായിരിക്കും...അത് സ്വീകാര്യം..ആരെയും കാണാതിരുന്നാല്‍...വെളിച്ചം ഇല്ലാതിരുന്നാല്‍...ഓര്‍മ്മകള്‍ നഷ്ടമായ് ഒരു ഭ്രാന്ത് പിടിച്ച് അലയാന്‍, അല്ലെങ്കില്‍ എന്നേക്കുമായി ജീവിതത്തില്‍ നിന്നും മടങ്ങാന്‍..തിരുത്താന്‍ കഴിയാത്ത തെറ്റുകള്‍..ഒരിക്കലും മായ്ച്ചു കളയാന്‍ കഴിയാത്ത മുറിവുകള്‍..ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആ നിമിഷം..ഏറ്റവും വെറുക്കുന്ന ആ ദിവസം...

    "നോക്ക്..എനിക്ക് അവകാശപ്പെട്ടത് കിട്ടിയേ തീരൂ...രണ്ട്‌ വെള്ളം തോരാത്ത പിള്ളേരാ...പിശുക്ക് കാണിച്ച്, തോന്നിവാസം കാണിച്ച്  പങ്ക് വെച്ച് എന്നെ ആരും പറ്റിക്കാന്നു കരുതണ്ടാ.."

                            രാത്രിയിലെ മദ്യപാന സദസ്സിലെ ചില വാക്കുകള്‍..ഒടുവില്‍ വളര്‍ന്ന്‍ തര്‍ക്കം, ബഹളം...മദ്യ ലഹരിയില്‍ കൂടപ്പിറപ്പ് ആണെന്ന കാര്യം പോലും മറന്നുള്ള ദേഷ്യം, വാശി, ഒടുവില്‍ വൈരാഗ്യം..സമ്പത്ത് വിട്ടു കൊടുക്കില്ലെന്നുള്ള തീരുമാനം...ഒടുവില്‍ മദ്യത്തിന്‍റെ കാട്ടാള ലഹരിയില്‍ ആ കഴുത്തില്‍ കത്തി കുത്തിയിറക്കിയപ്പോള്‍ ഒഴുകിയ ചോര സ്വന്തം ചോരയാണെന്ന് പോലും തിരിച്ചറിഞ്ഞില്ല..പിന്നേയും വാശിയോടെ കുത്തി, ജീവന്‍ പോകുന്നത് വരെ...ഒടുവില്‍ ചോര ഒഴുകി കാലില്‍ പതിച്ചപ്പോള്‍ തിരിച്ചറിവ്...സഹോദരന്‍, രണ്ട് കുട്ടികളുടെ പിതാവ്.സ്വന്തം ചോര...എല്ലാം അപ്പോഴേക്കും കഴിഞ്ഞിരുന്നു..ദൈവം തന്ന ജന്മം കൊലകത്തി കൊണ്ട് തിരിച്ചെടുക്കുമ്പോള്‍ ഓര്‍ത്തില്ല..അതിന്‍റെ പരിണിത ഫലങ്ങള്‍...അനാഥരായ മൂന്ന്‍ ജന്മങ്ങള്‍, ആരുമില്ലാതെയായ പ്രായമുള്ള മാതാപിതാക്കള്‍...ആര്‍ക്കും അനുഭവിക്കാന്‍ കഴിയാതെ പോയ സമ്പത്ത്...

        "ജീവനെങ്കിലും ബാക്കി വെക്കമായിരുന്നില്ലേ??ആ കുട്ടികള്‍ വളരുമ്പോള്‍ അവര്‍ക്ക് നിന്നോടുണ്ടാകുന്ന ശത്രുത...ആ പാവം പെണ്‍കുട്ടിയുടെ വൈധവ്യത്തിന്റെ കണ്ണ് നീര്‍...എവിടെ പോയി പ്രായശ്ചിത്തം ചെയ്താലും, ഏത് പുണ്യ നദിയില്‍ മുങ്ങിയാലും മായാത്ത പാപ കറ...പണം അത് സ്വന്തം കൈകളില്‍ കൂടുതല്‍ ഒതുക്കാന്‍ നീ ചെയ്ത മഹാപാപം..അത് കൊണ്ടെന്ത് നേട്ടമുണ്ടായി..??നിനക്ക് അതനുഭവിക്കാന്‍ പോലും കഴിയില്ല...എന്തിന് നീ ഇനിയും ജീവിക്കുന്നു...നിയമം അനുശാസിക്കുന്ന ഒരു തൂക്ക് കയര്‍ ഇരന്ന് വാങ്ങിക്കോ.. ഒരാളും പൊറുക്കില്ല...ഒരു കാലത്തും പൊറുക്കില്ല..."

                            അടുത്ത സ്നേഹിതന്‍ ഇന്നലെ പറഞ്ഞ വാക്കുകള്‍..ശരിയാണ്. ഞാന്‍ എന്നെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു..ഒരു സ്വയം ഹത്യയുടെ തീരം മുന്നില്‍..ഒരിറ്റ് മരണ ജലം പോലും കിട്ടാതെ പിടയാന്‍ മോഹം..എന്തെങ്കിലും പറയാന്‍ ബാക്കിയുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മറുപടി മനസ്സ് തുറന്ന്‍ തന്നെ പറഞ്ഞു..

   "എനിക്ക് മരിക്കണം...മരണത്തിന് ശേഷം നരകമെന്ന ഒന്നുണ്ടെങ്കില്‍ അതും വേണം..ഒരു ജീവിതത്തില്‍ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ പേറി ഇങ്ങിനെ ജീവിക്കുന്നതിലും ഭേദം മരണം എന്ന സത്യം..എനിക്ക് തൂക്ക് കയര്‍ വിധിക്കണം...എത്രയും വേഗം..."

                             പകരം കോടതി ഇന്നലെ തന്നത് ശകാരമാണ്..വിധി നിശ്ചയിക്കാന്‍ അവരുണ്ടത്രേ...രക്ഷപ്പെടാന്‍ വേണ്ടി ചെയ്യുന്ന ഈ നാടകം അവസാനിപ്പിക്കാനും മുന്നറിയിപ്പ്..പല മുഖങ്ങളില്‍ നിന്നും, പകല്‍ വെളിച്ചത്തില്‍ നിന്നും ഒളിച്ചോടി ദൂരെ അറിയപ്പെടാത്ത ലോകത്തേക്ക് പോകാനുള്ള കൊതി ആരും മനസ്സിലാക്കുന്നില്ല..സാധിക്കില്ല ഇനിയീ സുന്ദരമായ ഭൂമിയില്‍ ജീവിക്കാന്‍, വളര്‍ന്ന്‍ വരുന്ന ആ പിഞ്ചു കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍...വേണ്ട...ജയിലഴിയില്‍ കൂടി കടന്ന്‍ വരുന്ന വെളിച്ചം മറയട്ടെ..

           "ഒന്നും ഒന്നിനും പകരമാകുന്നില്ല...
            നഷ്ടമായത് തിരികെ ലഭ്യമാകില്ല...
            ഇനിയെനിക്ക് ജീവനുള്ള മാറാപ്പ്
            എന്നേക്കുമായി അഴിച്ച് വെക്കണം..
            ഇനിയെനിക്ക് സുഖമായുറങ്ങണം...
            ബലി കല്ലില്‍ തല ചായ്ച്ച്....
            മരണം വന്ന്‍ വിളിക്കും വരേ...

                               പഴയ കടലാസ്സില്‍ എഴുതി അവസാനിപ്പിച്ച  വാക്കുകള്‍ക്ക്  മുന്നില്‍  ആ ചെറിയ പൊതി തുറന്നു..പകല്‍ വെളിച്ചത്തില്‍ കോടതി കഴിഞ്ഞ്കൊ തിരികെ പോരുമ്പോള്‍ കൂടെ വന്ന പോലീസ്ക്കാരന്‍ നല്കിയ രഹസ്യമായ ഒരു പൊതി.. അതില്‍  തിളങ്ങുന്ന ഒരു ബ്ലയിഡ് കഷ്ണം..അതിന്‍റെ തിളക്കം മുഖത്ത് മരണത്തെ പോലെ മിന്നി മിനുങ്ങി..ഇനിയും പകലുകള്‍, ആര്‍ദ്രമായ നോട്ടങ്ങള്‍, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍...എന്തിന് വേണ്ടി അവനെ ഇല്ലാതാക്കിയോ എല്ലാം അവന്‍റെ അവകാശികള്‍ക്ക് മാത്രം ചെന്ന്‍ ചേരട്ടെ....
വെളിച്ചത്തിലേക്ക് വലത് കൈ പിടിച്ച് അതിലെ തടിച്ച് നില്‍ക്കുന്ന ഞരമ്പില്‍ മെല്ലെ വിരലോടിച്ചു...മരണത്തിന്‍റെ മിടിപ്പ്...അത് കൈകളിലേക്ക്...കണ്ണുകള്‍ അടച്ച് ഇരുട്ടാക്കി...ഇടനാഴിയില്‍ നിന്നും കടന്ന്‍ വരുന്ന ജീവന്‍റെ വെളിച്ചം പോലും ഇരുട്ടാക്കി...തുടുത്ത ഞരമ്പുകള്‍ വീണ്ടും വേഗതയില്‍ മിടിക്കാന്‍ തുടങ്ങി...മരണത്തിന്‍റെ സംഗീതം...അതടുത്തടുത്ത് ..വളരെ അടുത്ത്...



NB:- "കുറച്ച് ദിവസം മുന്‍പ് നഷ്‌ടമായ പ്രിയ കൂട്ടുക്കാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരിറ്റ് കണ്ണീരോടെ.....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....



   











2015, നവംബർ 6, വെള്ളിയാഴ്‌ച

ജീവിതത്തിലെ പ്രധാന ദിനങ്ങള്‍- ദിവസം # ഒന്ന്‍...

                                                             



















                                                             
                                                                 ഓരോ മനുഷ്യര്‍ക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ചില ദിനങ്ങളുണ്ട്...പ്രതീക്ഷിച്ച ചില അതിഥികള്‍ സന്തോഷത്തോടെ ജീവിത യാത്രയില്‍ ചേരുന്ന ദൈവികമായ നിമിഷം...അതുമല്ലെങ്കില്‍ ജീവിതത്തിന്‍റെ ഗതിവികതിയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുന്ന മുഹൂര്‍ത്തം..അങ്ങിനെയൊരു സുന്ദരമായ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിന്‍റെ തലേന്ന് രാത്രിയില്‍.........

പതിനൊന്നാം തിയ്യതി ഏപ്രില്‍ രണ്ടായിരത്തി ആറു..(11/04/2006)

                                                                 തുറന്നിട്ട ജനലിലൂടെ ഇരുട്ടില്‍ വെളിച്ചം വിതറുന്ന അലങ്കാര ബള്‍ബുകള്‍ മാറി മാറി എന്‍റെ മുഖത്ത് നീലയും, പച്ചയും, ചുവപ്പും വര്‍ണ്ണങ്ങള്‍ തീര്‍ത്തു..ആളുകള്‍ ഒഴിഞ്ഞു പോയിട്ടും സന്തോഷത്തോടെ കത്തുന്ന വിളക്കുകള്‍.മതിലിനപ്പുറം റോഡില്‍ നിന്നും ഒരു ചില്ല് കുപ്പി ഉരുളന്നതിന്റെ ശബ്ദം..അവസാനത്തെ ലഹരിയും വിഴുങ്ങി ആനന്ദം കൊള്ളുന്ന സൗഹൃദങ്ങള്‍.അവരിലാരോ ആണ് കുറച്ചു മുന്‍പ് പന്തലില്‍ ഇരുന്ന എന്നെ സ്നേഹത്തോടെ ശകാരിച്ചത്‌..

        "പോയി കിടന്നുറങ്ങടാ ചെക്കാ..അല്ലെങ്കില്‍ നാളെ ക്ഷീണമാകും.."

        "ഒറക്കം വരണില്ലെങ്കില്‍ രണ്ടെണ്ണം അടിച്ചോ..."

                                                                   കൂടുതല്‍ ഒന്നും പറയാതെ മുറിയിലേക്ക് പോരുകയായിരുന്നു..മനസ്സില്‍ സന്തോഷം, അതിനേക്കാള്‍ കൂടുതല്‍ പരിഭ്രമം..ഇത് വരെ ജീവിച്ച ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി എന്തിനും, ഏതിനും ഒരാളുടെ കൂടെ പങ്കാളിത്തം ഉറപ്പിക്കുന്ന ദിവസമാണ് നാളെ..സുഖമായാലും ദുഃഖമായാലും പരസ്പരം പങ്കിടാന്‍ തുടങ്ങുന്ന ദിവസം..ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക്, സങ്കല്‍പ്പങ്ങള്‍ക്ക്, കൂടെ ഉണ്ടാകാന്‍ ഒരു വാഗ്ദാനം നല്‍കുന്ന ദിവസം..മനസ്സില്‍ ആ നിമിഷത്തെ കുറിച്ചായിരുന്നു ഏറെ ഭയം...അലമാര തുറന്ന്‍ താലിമാല കയ്യില്‍ എടുത്ത് പരിശോധിച്ചു..ഒരല്പം അഹങ്കാരം തോന്നിയ നിമിഷം..

       "എന്‍റെ അധ്വാനം..അത് കൊണ്ട് വാങ്ങിയ മാല..ഒരാളില്‍ നിന്നും പങ്ക് പറ്റാതെ നാളെ എന്‍റെ ജീവിതത്തിന് നേരെ ഞാന്‍ നീട്ടുന്ന മാല, അതൊരു ലോഹക്കൂട്ട് മാത്രമല്ല...ജീവിതത്തില്‍ ഒരു വഴി തിരിവുണ്ടാക്കാന്‍ ഒരാള്‍ കൂടി കടന്ന്‍ വരുമ്പോള്‍ അതിന്‍റെ തെളിവായി വരും നാളുകളിലേക്ക്  കരുതി വെക്കുന്ന ഒരു മൂല്യമാണ്.ഒരു വിശ്വാസമാണ്.മാലയുടെ കൊളുത്ത് നോക്കിയപ്പോള്‍ വീണ്ടും മനസ്സില്‍ ആ നിമിഷത്തെ കുറിച്ചുള്ള ശങ്ക വീണ്ടുമുണര്‍ന്നു...

       "ഇത് പൂട്ടാന്‍ കഴിയോ?..ഇതെങ്ങനെ കെട്ടണം..ഇടത് നിന്ന് വലത്തോട്ട്?? വലത്ത് നിന്ന് ഇടത്തോട്ട്?? കെട്ടുമ്പോള്‍ താലി മറയുമോ?? കൈകള്‍ വിറക്കുമോ??

                                                                 പലരോടും ആ നിമിഷത്തെ കുറിച്ച് ചോദിച്ച് മനസ്സിലാക്കിയിരുന്നു...കല്യാണം കഴിഞ്ഞ സുഹ്രുത്തുക്കളോട്, ചേട്ടന്മാരോട്..എല്ലാവര്‍ക്കും ഒരേ അഭിപ്രായം...ആ ഒരു നിമിഷത്തില്‍ പതറിയ മനസ്സാണ് എല്ലാവര്‍ക്കും..ഒരു ചെറിയ ശങ്ക..ഒരു വിറയല്‍..അല്ലെങ്കില്‍ ഒരു കൊച്ചു ഭയം..ചിലത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്..എല്ലാം കൂടി കൂടി കിഴിക്കുമ്പോള്‍ അതെ ഭയം എന്നിലേക്കും പടരുന്നു.സന്തോഷത്തിന്‍റെ ഉന്നതിയില്‍ നില്‍ക്കുന്ന സമയത്തെ ഒരു കുഞ്ഞു ഭയം..കിടക്കയില്‍ കിടക്കുമ്പോള്‍ മനസ്സ് പറയുന്നുണ്ടായിരുന്നു..നാളെ മുതല്‍ നീ ഒറ്റയ്ക്കല്ല...അടുത്ത് നിന്‍റെ കൂടെ മറ്റൊരാള്‍ കൂടി....ഉറങ്ങി എഴുന്നേല്‍ക്കാന്‍ പോകുന്ന ദിവസത്തെ കുറിച്ച് ചിന്തിച്ച് മെല്ലെ കണ്ണുകള്‍ അടച്ച് ഉറക്കത്തിലേക്ക്..നാളെ ഉണരാന്‍ പോകുന്നത് ജീവിതത്തിലെ ഏറ്റവും വര്‍ണ്ണാഭമായ ദിവസത്തിലേക്ക്...


പന്ത്രണ്ടാം  തിയ്യതി ഏപ്രില്‍ രണ്ടായിരത്തി ആറു..(12/04/2006)

                                                                    ശുഭ വസ്ത്രം, ശുഭ പ്രതീക്ഷ, ശുഭകാര്യം... എല്ലാ പ്രതീക്ഷകള്‍ക്കും അര്‍ത്ഥം കണ്ടെത്തുന്ന പുരുഷായുസ്സിലെ പ്രധാനപ്പെട്ട ആ ദിവസം..പതിവ് പോലെ ഞാനും പ്രഭാതത്തില്‍ അമ്പല മുറ്റത്ത് നിന്നും ആരംഭിച്ചു..ഏപ്രില്‍ മാസത്തില്‍ അതി രാവിലെ വീശുന്ന വിഷു കാറ്റില്‍ മുല്ലപ്പൂ ഗന്ധവും, പിന്നെ പ്രകൃതിയില്‍ കണി കൊന്നയുടെ നിറവും...ഏറ്റവും നല്ല വസ്ത്രം ധരിച്ച്, ഏറ്റവും സന്തോഷത്തോടെ ബന്ധുക്കള്‍, മിത്രങ്ങള്‍, എന്‍റെ ജീവിതയാത്രയുടെ പ്രധാന ഘട്ടത്തിന് സാക്ഷ്യം വഹിക്കാന്‍..പൂമാലയുടെ ഗന്ധം നിറഞ്ഞ കാറില്‍ കയറുമ്പോള്‍ മനസ്സ് തുടിച്ചു...തലയില്‍ മുല്ലപൂ ചൂടി, ആഭരണ വിഭൂഷിതയായ എന്‍റെ പെണ്ണിനെ കാണാന്‍..ഇനി കുറച്ച് കഴിയുമ്പോള്‍ ആകാശവും, ഭൂമിയും, നിറ ദീപവും സാക്ഷി നിരത്തി ക്ഷേത്രനടയില്‍ അവളെ എന്‍റെ ജീവിതവുമായി ബന്ധിപ്പിക്കുന്ന ആ നിമിഷം..കാറില്‍ ആരെല്ലാമോ എന്തെല്ലാം പറയുന്നുണ്ടെങ്കിലും ഒന്നും മനസ്സില്‍ തങ്ങിയില്ല..എവിടെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആ ശങ്ക തിരികെ വന്നിരിക്കുന്നു..വഴിയില്‍ കണ്ട ദേവാലയങ്ങള്‍ മുഴുവന്‍ നോക്കി മനസ്സാല്‍ പ്രാര്‍ത്ഥിച്ചു...

      "ബലം നല്കാന്‍...എല്ലാം ഭംഗിയാക്കാന്‍..."

                                                                    ഹാളിനു മുന്നില്‍ കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ മുഖത്ത് പതിച്ച് വീഡിയോ വെളിച്ചത്തില്‍ നിന്നും തല തിരിച്ച് നോക്കിയപ്പോള്‍ ഹാളിനു മുകളിലെ ജാലകത്തിനരികെ കുറേ സുന്ദര മുഖങ്ങള്‍ക്കിടയില്‍ കണ്ടു...അവളെ..കുറച്ച് സമയം കഴിയുമ്പോള്‍ എന്‍റെ ജീവിതത്തിലെ പ്രിയപ്പെട്ടവളായി തീരേണ്ട പെണ്‍കുട്ടി..മനസ്സില്‍ തോന്നി..ആ മുഖത്തും കത്തി നില്‍ക്കുന്ന സന്തോഷത്തിന് മീതെ ചെറിയ ഒരു ശങ്ക, ഭയം ഇല്ലെയെന്ന്...ഉണ്ടാകാം..എന്നെ പോലെ അവള്‍ക്കും ജീവിതം വഴി തിരിയുന്ന ഒരവസ്ഥ. എന്തായാലും ഉണ്ടാകാം..പിന്നെയും കാത്തിരിപ്പ്...ആ നിമിഷമാകാന്‍..ഒരു നിമിഷം ഒരു മണിക്കൂര്‍ പോലെ...ഒരു മിനിറ്റ് ഒരു കൊല്ലം പോലെ..പ്രകൃതി നിശ്ചയിച്ച ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്..അമ്പല നടയില്‍...ഏറി തീയില്‍ എണ്ണ ഒഴിക്കും പോലെ അടുത്ത സ്നേഹിതന്‍....

      "എന്താ പേടിണ്ടാടാ...സൂക്ഷിച്ച് കെട്ടിയാല്‍ മതി..താലി മറയാന്‍ പാടില്ല..."

                                                                     മനസ്സില്‍ പറഞ്ഞു..എന്തിനാടാ നീയിതിപ്പോള്‍ ഓര്‍മ്മിപ്പിച്ചത്?? ഉള്ളില്‍ ഒരു പെരുമ്പറ മുഴങ്ങി തുടങ്ങി..മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്പലം വലം വെച്ച് ചുവന്ന പട്ടു സാരിയില്‍ പതുക്കെ ചുറ്റ് വഴിയിലൂടെ എന്‍റെ ജീവിതത്തിലേക്ക് ഒറ്റയടി വെച്ച് അവള്‍ നടന്ന്‍ വരുന്നു..ഒരു നിമിഷം മനസ്സ് അബോധ തലത്തിലേക്ക് പോയോ...ഭയം അതിന്‍റെ നിറ കോടിയില്‍..അവള്‍ വന്ന് മുന്നില്‍ നിന്നപ്പോള്‍, നോക്കി ചിരിച്ചപ്പോള്‍ മാത്രം ഒരല്പം ശങ്ക വിട്ടു മാറി..എന്നാലും ആ നിമിഷം മറികടക്കാനുള്ള ഊര്‍ജ്ജം സംഭരിക്കാന്‍ ചുറ്റും നോക്കിയപ്പോള്‍ പരിഹാസ ചിരികള്‍, ചില കമന്‍റുകള്‍...അങ്ങിനെ കാത്ത് നിന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ നിമിഷം അടുത്ത് വന്നു...

ജീവിതത്തിലെ ഏറ്റവും പ്രധാനമായ ആ നിമിഷം.....

                                                                      അമ്പലത്തിനുള്ളില്‍ നിന്നും പൂജിച്ച് കിട്ടിയ താലി മാല സ്വയം മറന്ന്‍ നില്‍ക്കുന്ന എന്‍റെ കയ്യില്‍ ആരോ തന്നു..പ്രകൃതി സ്ത്രീയേയും, പുരുഷനേയും തമ്മില്‍ കൂട്ടി ചേര്‍ക്കുന്ന ആ ശുഭ മുഹൂര്‍ത്തം..ചുറ്റും നില്‍ക്കുന്നവരോ, ദീപ നാളമോ ഒന്നും കണ്മുന്നിലെ കാഴ്ചയില്‍ ഇല്ല...ഭയം അതിന്‍റെ ഉച്ചസ്ഥായിയില്‍..ആരോ പറയുന്നത് കേട്ടു..

      "ഇനി താലി കെട്ടിക്കോളൂ..."

                                                                  വിറയാര്‍ന്ന കൈകള്‍, പെരുമ്പറ പോലെ മിടിക്കുന്ന ഹൃദയം..ആ കഴുത്തിന്‌ നേരെ കൈകള്‍ നീണ്ടത് തികച്ചും യാന്ത്രികമായി..അവളും സ്വയം മറന്ന്‍ നില്‍ക്കുന്നു...ഞങ്ങള്‍ക്കിടയില്‍ ഞാനും, അവളും, പിന്നെ പ്രകൃതിയെന്ന ദൈവ സാന്നിധ്യവും...എങ്ങിനെ താലിയുടെ കൊളുത്ത് കൊളുത്തിയെന്ന്‍ ഓര്‍മ്മയില്ല.എനിക്ക് എന്‍റെ ജീവിത സഖിയെ സമ്മാനിച്ച ആ നിമിഷം മറി കടന്ന്‍ ഞാന്‍ മങ്ങിയ കാഴ്ചയില്‍ നിന്നും തിരികെ വന്ന് നിറ മനസ്സോടെ അവളെ നോക്കുമ്പോള്‍ എന്‍റെ നേരെ അനുഗ്രഹം ചൊരിയുന്ന പോലെ ആ മാലയില്‍ കൊരുത്ത താലി..ചുറ്റും കൂടി നിന്നവരുടെ പുഷ്പ വൃഷ്ടികള്‍ അനുഗ്രഹം ചൊരിയുമ്പോള്‍ ഞാന്‍ അവളെ നോക്കി..
കണ്ണുകള്‍ അടച്ച് അനന്തകണ്ണീര്‍ നിറഞ്ഞ് എന്‍റെ ഭാര്യ..ആ നിമിഷം മുതല്‍ അവള്‍ എന്‍റെ ഭാര്യ..അതൊന്ന് ഉറപ്പിക്കുന്ന രീതിയില്‍ വെളുത്ത സീമന്ത രേഖയെ കുങ്കുമം കൊണ്ട് അരുണാഭമാക്കി എല്ലാ ഭയാശങ്കകളും മനസ്സില്‍ നിന്നകറ്റി ചുറ്റും അനുഗ്രഹം വര്‍ഷം ചൊരിയുന്ന എല്ലാവരേയും സന്തോഷത്തോടെ നോക്കി വീണ്ടും ഞങ്ങള്‍ ഇരുവരും തൃപ്രയാറപ്പന് നേരെ തിരിഞ്ഞ് ഒരു മനസ്സോടെ പ്രാര്‍ത്ഥിച്ചു...

    " എല്ലാ അനുഗ്രഹങ്ങളും, സൗഭാഗ്യങ്ങളും ഞങ്ങള്‍ക്ക്ന ല്‍കണേ..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....

harishkdlr.blogspot.com










2015, നവംബർ 3, ചൊവ്വാഴ്ച

അച്ഛന്‍ മായാത്ത വീട്...

           

            "അമ്മേടെ കാര്യം ആലോചിക്കുമ്പോഴാ വെഷമം..തനിച്ചാക്കിട്ട് പോകാന്‍ മനസ്സ് അനുവദിക്കണില്ല."

              അരുണ്‍ ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി..അവിടെ നിലാവ് വിതറിയ തെക്കേ മൂലയില്‍  ഇളകി കിടക്കുന്ന മണ്ണ്‍, അതിന് നടുവില്‍ ഒരു തുളസി ചെടി.ആ കാഴ്ച്ചയില്‍ അവനെ തിരിച്ചെടുക്കാന്‍ വേണ്ടി അവന്‍റെ മുന്നിലേക്ക് വീണ നീങ്ങിയിരുന്നു..ദുഖം കനക്കുന്ന അവന്‍റെ മുഖം പതുക്കെ പുറം കാഴ്ചകളില്‍ നിന്നും ഇരു കൈകള്‍ കൊണ്ടും ചേര്‍ത്ത് പിടിച്ച്  തന്നിലേക്ക് തിരിച്ചു..

                        "ഏട്ടാ..ഞാന്‍ ഇവിടെ നിന്നോളാം..അമ്മേടെ കൂടെ..ഞാന്‍ ഒരു വട്ടം പറഞ്ഞൂല്ലോ.വിഷമമുണ്ട് എനിക്ക്...ന്‍റെ ശരീരത്തിനേ ഏട്ടനെ പിരിയാന്‍ സാധിക്കൂ ..പക്ഷെ മനസ്സിന് കഴിയൂല..ഒരു ദിവസം പോയിട്ട് ഒരു നിമിഷം  പോലും പിരിഞ്ഞിരിക്കാന്‍..എന്നാലും ഞാന്‍ സഹിച്ചോണ്ട്"

             അവളുടെ നിറയുന്ന കണ്ണുകള്‍..അവളെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് കണ്ണീരില്‍ ചുണ്ട് ചേര്‍ത്ത് നിസ്സഹായാനെ പോലെ വീണ്ടും ഇരുട്ടിലേക്ക് നോക്കി.അവള്‍ കുറേ നേരം ആ മാറിലെ ചൂടില്‍ മുഖം ചേര്‍ത്ത്..വീണയുടെ മനസ്സ് കരയുകയായിരുന്നു..ചിന്തിക്കാന്‍ പോലും കഴിയുന്നില്ല..ഒരു താത്കാലികമായ വേര്‍പിരിയല്‍.പതിനെട്ട് ദിവസം മുന്‍പ് ദോഹയില്‍ നിന്നും ഏട്ടന്‍റെ കൂടെ പോരുമ്പോള്‍ ചിന്തിച്ചതേയില്ല ഇങ്ങിനെ ഒരു അവസ്ഥ മുന്നില്‍ വരുമെന്ന്‍..അവളെ ചേര്‍ത്ത് പിടിച്ച് ഇരുളില്‍ നോക്കിയിരിക്കുന്ന അരുണിന്റെ കണ്ണില്‍ നിന്നും ഒരു ചുടുനീര്‍ അടര്‍ന്ന് വീണയുടെ കവിളില്‍ പതിച്ചപ്പോള്‍ അവള്‍ തീ പൊള്ളിയത്‌ പോലെ മാറില്‍ നിന്നും അടര്‍ന്ന് മാറി..

          "നിറഞ്ഞ കണ്ണുകള്‍..കഴിഞ്ഞ പതിനാറ് ദിവസമായി ആ കണ്ണുകള്‍ നിറയാത്ത സമയമില്ല."താന്‍ കൂടി ആശ്വസിപ്പിച്ചില്ലെങ്കില്‍ പാവം തളരും..വീണ ആ കണ്ണുകള്‍ തുടച്ച് ഒരു കൃത്രിമ സന്തോഷം വരുത്തി അവനെ നോക്കി..

                          "ഏട്ടന്‍ പറഞ്ഞത് പോലെ ഞാന്‍ എം.ബി.എ യ്ക്ക് ചേരാം..ഇവിടെന്ന് പോകാം..അമ്മക്കൊരു കൂട്ടിന് ഒരാളാകൂലോ..ന്‍റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തോളൂ.കൂടുതല്‍ ചിന്തിക്കണ്ടാ."

               അത് പറയുമ്പോള്‍ വീണയുടെ ഉള്ളിലെ വ്യഥ അരുണ്‍ തിരിച്ചറിഞ്ഞു..അവള്‍ അഭിനയിക്കുകയാണ്..തന്നെ വീണ്ടും വീണ്ടും ദുഖിപ്പിക്കാതിരിക്കാന്‍.കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു..അച്ചനും, അമ്മയും കണ്ടെത്തിയ പെണ്‍കുട്ടി.ഒരു വര്‍ഷം കൊണ്ട് ഒരു യുഗം സ്നേഹം സമ്മാനിച്ച പാവം പെണ്ണ്..ആ കണ്ണുകളില്‍ നോക്കിയാല്‍ തിരിച്ചറിയാം..ആ നെഞ്ചില്‍ എന്നെ പിരിയേണ്ടി വരുന്ന വേദനയുടെ ആഴം.ദോഹയില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് നാട്ടിലെത്തി വീട്ടുക്കാര്‍ കല്യാണം പറഞ്ഞുറപ്പിച്ച പെണ്‍കുട്ടിയെ കണ്ട് തിരികെ വന്നപ്പോള്‍ അച്ചന്‍  പറഞ്ഞ വാക്ക് ഇപ്പോഴും മനസ്സിലുണ്ട്...

      ''നല്ലൊരു മോളാണ്...ചിരി കാണാന്‍ നല്ല ഭംഗീണ്ട്..ഒരിക്കലും ആ ചിരി മായ്ക്കാതെ നോക്കണം ..അതാണ് ഒരു ഭര്‍ത്താവിന്‍റെ ഏറ്റോം വല്യേ കടമ."

          അച്ഛന്‍ സ്വതവേ അധികം സംസാരിക്കില്ല..മൗനമാണ് പലപ്പോഴും അച്ഛന്റെ ഭാഷ..പലപ്പോഴും മൗനം കൊണ്ട് അച്ഛന്‍ അമ്മയോട് നടത്തുന്ന ആശയവിനിമയം കണ്ട് അതിശയിച്ചിട്ടുണ്ട്..ഒപ്പം അച്ഛന്‍ അമ്മയെ സ്നേഹിക്കുന്ന അളവ് കണ്ടും..അമ്മയെ ഒരിക്കലും കണ്ണീരണിഞ്ഞ് കണ്ടിട്ടില്ല..അതായിരുന്നു അച്ഛന്‍..സ്നേഹം, ക്ഷമ..അതിന്‍റെ രൂപം...ഭാവം.ശരാശരി വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കിയ കാലത്ത് കുടുംബം ദാരിദ്രത്തിലേക്ക് അകപ്പെടാതിരിക്കാന്‍ അച്ഛന്‍ നടത്തിയ പോരാട്ടങ്ങള്‍..ഒരിക്കലും പഠിക്കുന്ന സമയത്ത് ആവശ്യങ്ങള്‍ അച്ചന്‍ നിരസിച്ചിട്ടില്ല..ഒരു കൊച്ചു പെട്ടികടയിലെ മോരും വെള്ളവും, നാരങ്ങ വെള്ളവും വിറ്റ്‌ കിട്ടുന്ന തുട്ടുകള്‍ മാത്രമായിരുന്നു അച്ഛന്റെ വരുമാനം..അതിനെ ആശ്രയിച്ചായിരുന്നു ജീവിതം മുന്നോട്ട്പോയിരുന്നത്..വരുമാനം കൂട്ടാന്‍ വേണെമെങ്കില്‍ ബീഡിയും, സിഗറെറ്റും വില്‍ക്കമായിരുന്നു..പക്ഷെ അച്ഛന്‍  ഒരു വിദ്യാലയത്തിനു മുന്നില്‍ അതെല്ലാം വില്‍ക്കുന്നതിനോട് എതിരായിരുന്നു..അതിനുന്മുണ്ടായിരുന്നു ചില ന്യായങ്ങള്‍..

      "കുരുന്ന് പിള്ളേര്‍ടെ ജീവിതം പൊകയാക്കി കിട്ടുണ ഒരു ഉരുപ്യേം നമുക്ക് വേണ്ടാ..അത് കൊണ്ടുള്ള ജീവിതോം വേണ്ടാ"

           അരുണ്‍ വീണ്ടും ജനലിലൂടെ പുറത്തേക്ക് നോക്കി.പതിനാറ് ദിവസം മുന്പ് നടന്ന വേര്‍പ്പാടിനോട് പൊരുത്തപ്പെടാന്‍ ഇനിയും സാധിച്ചിട്ടില്ല.അവസാനമായി അച്ഛനെ ഒന്ന്‍ കാണാന്‍,ഒരിറ്റ് വെള്ളം കൊടുക്കാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യം..കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരു വാക്ക് മറക്കാന്‍ സാധിക്കുന്നില്ല..ആ ഒരു അര്‍ദ്ധ ജീവാവസ്ഥയില്‍ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍..അത് തന്നോട് പറയാന്‍ അച്ഛന്‍ കാത്തിരുന്നത് പോലെ..

      "അമ്മയെ പിരിയാന്‍ ..തനിച്ചാക്കാന്‍...അച്ഛന്.."

          മുഴുവിക്കാന്‍ സാധിച്ചില്ല..എങ്കിലും അറിയാന്‍ കഴിഞ്ഞു.അച്ഛന്റെ ആ സ്നേഹം..അമ്മ അച്ഛന്റെ ജീവനായിരുന്നു. അച്ഛന്‍ ശബരിമലയ്ക്ക് പോയി അമ്മയെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ അന്ന് തന്നെ തിരികെ വന്ന കഥകള്‍ ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്...അതായിരുന്നു അവര്‍ക്കിടയിലെ സ്നേഹം, കലര്‍പ്പും, കാപട്യവും ഇല്ലാത്ത ശുദ്ധമായ സ്നേഹം..അച്ഛന്റെയും, അമ്മയുടെയും ആ സ്നേഹത്തെ കുറിച്ച് , പ്രത്യേകിച്ച് ചില ഭാര്യമാര്‍ മറ്റുള്ള ചിലരോട്പ റയുന്നത്  കേട്ടിട്ടുണ്ട്...

       "നമ്മടെ ശിവുചേട്ടന്‍   തേച്ച് വെളുപ്പിച്ച പൊന്ന് പോലെ കെട്ട്യോള്‍ വത്സലയെ കൊണ്ട് നടക്കണത് കണ്ടാ..ഇല്ലെങ്കില്‍ കണ്ട് പഠിക്ക്..അതാ സ്നേഹം.അങ്ങനെയാവണം സ്നേഹം.."

           ശരിയായിരുന്നു..അതാണ് സ്നേഹം..അച്ഛന്‍ അമ്മയെ സ്നേഹിച്ചത് പോലെ  ഞാന്‍ വീണയെ  സ്നേഹിക്കുന്നോ??അരുണ്‍ ചിന്തിച്ചു..അവളില്ലാതെ തനിക്ക് ജീവിക്കാന്‍ സാധിക്കുമോ??ഒറ്റയ്ക്ക്..ഇല്ല..സാധിക്കില്ല.ദോഹയില്‍ പകല്‍ ദിവസം ജോലി കഴിയാന്‍ കാത്തിരിക്കുന്നത്, വെള്ളിയാഴ്ച അവധി വരാന്‍ കാത്തിരിക്കുന്നത്...എല്ലാം അവള്‍ക്ക് വേണ്ടി...ആ ചിരി, ആ "ഏട്ടാ" എന്നുള്ള വിളി..അവളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ കിട്ടുന്ന സുഖം..

        "ഏട്ടാ.." ചിന്തയില്‍ നിന്നും തിരികെ ഉണര്‍ത്തിയത് അവള്‍ തന്നെ...മുന്നില്‍ ചുവന്ന്‍ കലങ്ങിയ കണ്ണുകളോടെ ചുണ്ടില്‍ ഒരു വരണ്ട കൃത്രിമ ചിരിയോടെ..കണ്ടാലറിയാം എവിടെയോ ഇരുളില്‍ മറഞ്ഞിരുന്ന് കരയുകയായിരുന്നുവെന്ന്..ഒരിക്കലും കരയിക്കില്ല എന്ന് മനസ്സില്‍ ഉറപ്പിച്ച തീരുമാനങ്ങള്‍ പലതും വഴി മാറി പോകുന്നോ?

        "നമുക്ക് എന്തേലും കഴിച്ചാലോ? "

      വീണ്ടും നുണ കുഴി വിരിയുന്ന കൃത്രിമ ചിരിയോടെ.

         ആവി പറക്കുന്ന കഞ്ഞിക്ക് മുന്നില്‍ പ്രതിമ പോലെ അവര്‍ മൂന്ന്‍ പേര്‍..അമ്മയുടെ കഞ്ഞിയില്‍ വെള്ളത്തിനേക്കാള്‍ കൂടുതല്‍ കണ്ണ് നീര്‍ തുള്ളിയാകണം..മുന്നില്‍ ചുമരില്‍ തെളിഞ്ഞ ദീപത്തിനു മുന്നില്‍ മാലയും അണിഞ്ഞ് എല്ലാം നോക്കി കണ്ട് അച്ചന്‍..അച്ഛന്‍ ഒരു ശൂന്യത..ഒഴിഞ്ഞ കസേര..അമ്മയുടെ കഴുത്തില്‍ നിന്നും വര്‍ഷം കുറേ മുന്പ് അച്ഛന്‍ ചാര്‍ത്തിയ ആലില കൃഷ്ണന്‍ താലിയും, നൂല് മാലയും അപ്രത്യക്ഷം..വീണയും തല കുനിച്ചിരിക്കുന്നു..അറിയാം..എന്നും കിട്ടുന്ന ഒരു പങ്ക്, ഒരുരുള ചോറ്, അല്ലെങ്കില്‍ ഒരു സ്പൂണ്‍ കഞ്ഞി, ഒരിറക്ക് ചായ..എന്ത് താന്‍ കഴിക്കുന്നതിന് മുന്പ് ഒരു ചെറിയ പങ്ക്..ഒന്നും നോക്കിയില്ല..കഞ്ഞി കോരി എടുത്ത് വീണയുടെ നേരെ നീട്ടി..അവള്‍ സന്തോഷത്തോടെ അമൃത് കിട്ടിയത് പോലെ വാങ്ങി കഴിച്ചു..പിന്നെ നാളെ മുതല്‍ അത് നഷ്ടമാകുമെന്നുള്ള സത്യം തിരിച്ചറിഞ്ഞ് കണ്ണുകള്‍ പൊത്തി ഇരുളിലേക്ക് ഓടി മറഞ്ഞു..അവള്‍ക്ക് തന്നെ പിരിയാന്‍ സാധിക്കില്ല..കഞ്ഞി പാത്രത്തിനു മുന്നില്‍ നിന്നും എഴുന്നേറ്റ് അരുണ്‍ പുറത്തേക്ക് നടന്നു..മനസ്സ് പിടി വിട്ട് പോകുന്നു...ഒരു മരുന്ന്‍ കൊണ്ടും തീരാത്ത വേദന..വരാന്‍ പോകുന്ന വിരഹം..

       വരാന്തയില്‍ നിന്നാല്‍ കാണാം അച്ഛനെ മറവ് ചെയ്ത സ്ഥലം..ഇരുളില്‍ വക്ക് പൊട്ടിയ ഒരു മണ്‍കുടം..കരിഞ്ഞ കുരുത്തോലകള്‍..പതിനാറ്ദിനം മുന്‍പ് അവിടെയാണ് അച്ഛന് ചിതയോരുക്കിയത്. ഗള്‍ഫില്‍ നിന്നും പോരുമ്പോള്‍ ഒട്ടും പ്രതീക്ഷിച്ചിതല്ല തിരികെ പോകുമ്പോള്‍ അമ്മയെ തനിച്ചാകുമെന്ന്..തൂണും ചാരി ഇരുട്ടില്‍ നിഴല്‍ പോലെ നില്‍ക്കുന്ന തുളസി ചെടിയെ  നോക്കി നിന്നപ്പോള്‍ ഒരു തണുത്ത കരം തോളില്‍ അമര്‍ന്നു..തിരികെ നോക്കാതെ തന്നെ അരുണിന്റെ തിരിച്ചറിവ് അമ്മയെ തിരിച്ചറിഞ്ഞു..സ്നേഹത്തിന്റെ എത്ര തലോടലുകള്‍ നല്‍കിയ കൈ..ഏത് ഇരുട്ടിലും തിരിച്ചറിയാം..

      "അരുണ്‍ കുട്ടാ..നെനക്ക് നന്നായി അറിയാം..അച്ഛന് അമ്മേനെ എത്ര ഇഷ്ടായിരുന്നുന്ന്‍..ഒരു ദെവസം പോലും പിരിയാന്‍ പറ്റാത്തിഷ്ടം..അച്ഛന്‍ പോയതോടെ അമ്മ ഒറ്റക്കായീന്നു എന്റെ മോന് കരുതണ്ട..നാളെ തിരിച്ച് പോകുമ്പം ആ കൊച്ചിനെ കൊണ്ടോണം..ഒരുമിച്ച് ജീവിക്കണം ..അതിന്‍റെ കണ്ണീരു കണ്ടാല്‍ അച്ഛന്റെ അതമാവ് പൊറുക്കൂല.."

    അമ്മ സാരി തുമ്പ് കൊണ്ട് കണ്ണുകള്‍ തുടച്ച് വീണ്ടും അരുണിന്റെ അടുത്തേക്ക് നീങ്ങി നിന്നു..അരുണിന് ഒന്നും തിരിച്ച് പറയാന്‍ കഴിഞ്ഞില്ല..ദുഃഖം, വേദന എല്ലാം തളം കെട്ടി ഹൃദയം പൊട്ടാറായ അവസ്ഥ..അവളുടെ കണ്ണീര്‍ കണ്ടതിന്റെ വേദന..അമ്മ യെ തനിച്ചാക്കാനുള്ള വേദന...അവന്‍റെ നിറഞ്ഞ കണ്ണുകള്‍ തുടച്ച് അമ്മ അരുണിനെ ഒരു കൊച്ചു കുഞ്ഞിനെ പോലെ ചേര്‍ത്ത് പിടിച്ചു..പുറത്ത് തട്ടി കൊണ്ട്

     "എന്‍റെ കാവലിന് അവളെ ഇവടാക്കിട്ട് പോയാ..കൂട്ടിലടച്ച കിളിയെ പോലെ ആയി തീരും ആ കുട്ടി..മോന്‍റെ അടുത്താ ആ കുട്ടിയുടെ സ്വര്‍ഗ്ഗം..മോന്‍റെ അരികിലാ ആ കുട്ടീടെ പ്രാണന്‍..നിങ്ങള് ജീവിതം തുടങ്ങിട്ടേയുള്ളൂ..അമ്മയും അച്ഛനും ഒരുമിച്ച് ഇത്ര നാള്‍ വരെ ജീവിച്ചതാ..കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്നങ്ങട്  ഇല്ലാതാകുമ്ബം ആണ് മോനെ ഒരു പെണ്ണിന്‍റെ  മനസ്സില്‍ ഇനിയോള്ള ജീവിതം വെറും ആര്‍ക്കാനും വേണ്ടി  ജീവിച്ച് തീര്‍ക്കല്‍ മാത്രായിട്ടു മാറുക..ആ കുട്ടി  വരണം മോന്‍ പോകുമ്പോ.. ചെന്ന്‍ ആ കൊച്ചിനെ ആശ്വസിപ്പിക്കു..പെണ്ണിന്‍റെ കണ്ണീര് വീഴാത്ത വീടായിത്..ചെല്ല്..

    അരുണ്‍ അകത്തേക്ക് നടക്കുമ്പോള്‍ ഇടയില്‍ ഒന്ന്‍ തിരികെ നോക്കി..കണ്ണ്‍ നിറഞ്ഞ് നോക്കി നില്‍ക്കുന്ന അമ്മയ്ക്ക് അരുണിന്റെ  നോട്ടത്തിന്‍റെ അര്‍ത്ഥം പെട്ടെന്ന്‍ തിരിച്ചറിയാന്‍ സാധിച്ചു..വളര്‍ത്തിയ മകന്‍റെ മുഖത്തെ ഭാവങ്ങള്‍ വായിച്ചെടുക്കാന്‍ ഒരു മാതാവിനുള്ള കഴിവ്..അവര്‍ കണ്ണുകള്‍ തുടച്ച് പുഞ്ചിരിയോടെ അരുണിനെ നോക്കി..പിന്നെ തെളിഞ്ഞ ദീപം സാക്ഷിയായി അവരെ നോക്കി നില്‍ക്കുന്ന ചുമരിലെ ഫോട്ടോ നോക്കി..ഇരുളില്‍ മൂകമായി നില്‍ക്കുന്ന തുളസി ചെടിയെ നോക്കി..വീണ്ടും ദൈന്യതയോടെ, നിസ്സഹാനയനെ പോലെ നില്‍ക്കുന്ന മകനെ നോക്കി...

      "മോന്‍ പേടിക്കണ്ടാ..അമ്മ ഒറ്റക്കല്ല..അമ്മയെ വിട്ട് അച്ഛന്‍ എങ്ങടും പോയിട്ടില്ല..അച്ഛന്‍ ഉണ്ടാകും ഇവടെ തന്നെ..അങ്ങന ഒരു ദെവസം അമ്മയെ വിട്ടു പോകാന്‍ അച്ചനാവൂല..അച്ഛനുണ്ട്‌ അമ്മേടെ കൂടെ...ഈ ഇരുട്ടീ എവ്ടെയോ..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..