2016, ഫെബ്രുവരി 13, ശനിയാഴ്‌ച

പ്രണയ ദിനത്തിലൊരു പ്രിയ നിമിഷം..

                   


              
                                   "പ്രണയ ദിനമായിട്ടാണോ ബാങ്കില്‍ ഇത്രയും തിരക്ക്..??"

                പണമിടാനും, എടുക്കാനും, പണയം വെക്കാനും, പണയമെടുക്കാനും കുറേ പേര്‍. പ്രകാശന്‍ ചുറ്റും നോക്കി..പണമെടുക്കാന്‍ വരുന്നവരുടെ, പണയം വെക്കാന്‍ വരുന്നവരുടെ മുഖഭാവങ്ങള്‍..സന്തോഷം, സങ്കടം, ആകാംക്ഷ..പല തരം സമ്മിശ്ര ഭാവങ്ങള്‍..അതില്‍ രണ്ടാം ഭാവമാണ് തനിക്ക്..അയാള്‍ ഓര്‍ത്തു..
അറ്റ്‌ നോറ്റ് സമ്പാദിച്ച കഴുത്തിലിട്ട വിയര്‍പ്പ് കുതിര്‍ന്ന നൂല്‍ മാല ഇന്ന്‍ പണയം വെക്കണം...എങ്കിലേ അനുജത്തിയുടെ പ്രസവത്തിന്റെ ചിലവ് നടത്താന്‍ പറ്റൂ...

              മരകസേരയില്‍ ചാരിയിരുന്ന് പ്രകാശന്‍ തന്നെ കുറിച്ച് സ്വയം വിലയിരുത്താന്‍ തുടങ്ങി..അച്ഛന്‍ നഷ്ടമായപ്പോള്‍ തുടങ്ങിയ ഓട്ടമാ..ഒരു കൊച്ചു ഓട്ടോ റിക്ഷയുമായി..രാവും, പകലുമില്ലാതെ..കിട്ടുന്നതെല്ലാം ചിലവാക്കിയത് സ്വന്തം കുടുംബത്തിന്..മൂന്ന്‍ സഹോദരിമാരുടെ വിവാഹം, അവരുടെ വിവാഹത്തിന് ശേഷമുള്ള മറ്റ് ചിലവുകള്‍..എങ്കിലും ഒരു മടിയും കൂടാതെ എല്ലാം നടത്തി..ഇന്നും നടത്തുന്നു..അതിനിടയില്‍ മനപൂര്‍വ്വം ഒഴിവാക്കിയ സ്വന്തം വിവാഹം..പലരും ചോദിച്ചു..പലരും നിര്‍ബന്ധിച്ചു..

                              "സമയമായിട്ടില്ല..ഇപ്പൊ എന്തായാലും വേണ്ടാ..."

                              "പ്രകാശന്‍.."

              ടെല്ലറില്‍ നിന്നും കാഷ്യര്‍ വിളിച്ചപ്പോള്‍ ഓര്‍മ്മകള്‍ക്ക് താല്‍കാലികമായി വിട പറഞ്ഞ് കസേരയില്‍ നിന്നും എഴുന്നേറ്റ് പോകുമ്പോള്‍ പ്രകാശന്‍ ഇടത് വശത്ത് നില്‍ക്കുന്ന സ്ത്രീയെ ശ്രദ്ധിച്ചത്..മനസ്സിലേക്ക് ഒരു മിന്നല്‍ പിണര്‍..കാഴ്ച മങ്ങിയത് പോലെ...മാല പണയപ്പെടുത്തി വാങ്ങിയ പണം എണ്ണി നോക്കുമ്പോളും പ്രകാശന്‍റെ നോട്ടം അവരില്‍ തന്നെയായിരുന്നു.
ആ മുഖം..കണ്ണുകളില്‍ തളം കെട്ടി നില്‍ക്കുന്ന ആഴത്തിലുള്ള ദുഃഖം,തൂവെള്ള വസ്ത്രം, ആഭരണം പോലുമില്ലാത്ത ശരീരം. അവരും പൈസ വാങ്ങി ബാങ്കിന് പുറത്തേക്ക് നടന്നു..പിന്നാലെ പ്രകാശനും..എന്നെ മനസ്സിലായിട്ടില്ല..പ്രകാശന്‍ സ്വയം പറഞ്ഞു..എങ്ങിനെ മനസ്സിലാക്കാന്‍ ..നര കയറിയ മുടിയും, താടിയും...ഇരുപത്തി മൂന്ന്‍ കൊല്ലം മുന്‍പാണ് അവസാനമായി കണ്ടത്..പരീക്ഷ അവസാനിച്ച ആ ദിവസം..നീണ്ട കാലം തന്നില്‍ വരുത്തിയ മാറ്റം മനസ്സിലാക്കാന്‍ കഴിഞ്ഞിരിക്കില്ല..തനിക്ക് മനസ്സിലായി..ഒറ്റ നോട്ടത്തില്‍..ഒരിക്കലും മറക്കാന്‍ കഴിയാത്ത മുഖം..മനസ്സില്‍ നിന്നും മായാത്ത മുഖം...

                               "ആശ.."

               പ്രകാശന്‍റെ പിന്‍ വിളിയില്‍ അവര്‍ തിരിഞ്ഞു..ഒരു അപരിചിത ഭാവത്തോടെ..പ്രകാശന്‍ ഒന്ന്‍ പരുങ്ങി കൊണ്ട്

                              "ആശ .കെ.വി അല്ലേ??"

               അവള്‍ അതെയെന്ന്‍ തലയാട്ടിയപ്പോള്‍ പ്രകാശന് സമാധാനമായി..തല ചൊറിഞ്ഞു കൊണ്ട് പ്രകാശന്‍ ആ മുഖം വീണ്ടും നോക്കി..പഴയ പ്രകാശം പരത്തുന്ന അതെ പെണ്‍കുട്ടി...സ്കൂള്‍ വരാന്തയില്‍ കൂടി ചിരിച്ചുല്ലസിച്ച്‌ നടന്ന അതേ പെണ്‍കുട്ടി.സാഹിത്യ സമാജത്തില്‍ പാട്ട് പാടുന്ന, ഇന്റര്‍ വെല്‍ സമയത്ത് കൂട്ടുക്കാരികളുമായി കളം വരച്ച് വട്ടു കളിക്കുന്ന, ക്ലാസ്സില്‍ ഏറ്റവും നന്നായി പഠിച്ചിരുന്ന അതേ പെണ്‍കുട്ടി..

                         "ഞാന്‍ പ്രകാശനാണ്...അഞ്ചാം ക്ലാസ്സ് മുതല്‍ ഒമ്പത് വരെ കൂടെ പഠിച്ച പ്രകാശന്‍..എല്ലന്‍ പ്രകാശന്‍"

               അത്രയും പറഞ്ഞപ്പോള്‍ ആ കണ്ണുകള്‍ കൗതുകം കൊണ്ട് വികസിച്ചു.ഓര്‍മ്മയിലേക്ക് പ്രകാശന്‍ ഒരു തടസ്സവുമില്ലാതെ കടന്ന്‍ വന്നു..ക്ലാസ്സില്‍ ഏറ്റവും പിന്നിലെ ബെഞ്ചില്‍, പഠനത്തില്‍ പിന്നിലായി ആര്‍ക്കും ഒരു ശല്യമില്ലാതെ ഇരുന്നിരുന്ന പ്രകാശന്‍.."എല്ലന്‍ പ്രകാശന്‍" ടീച്ചര്‍മാര്‍ക്ക് പുറത്തെ ചായ പീടികയില്‍ നിന്നും ചായ വാങ്ങി കൊണ്ട് വരിക, സ്റാഫ് റൂമിന് മുന്നില്‍ കുടത്തില്‍ വെള്ളം നിറച്ച് കൊണ്ട് വരിക, എല്ലാം ഓര്‍മ്മയില്‍ തെളിഞ്ഞു...

                        "എനിക്ക് ഓര്‍മ്മ ഉണ്ട്..പ്രകാശന്‍ എന്താ ഇവിടെ??"

           പെട്ടെന്ന്‍ ചോദിച്ച ചോദ്യം മണ്ടത്തരമായി കണ്ടപ്പോള്‍ പഴയ കാലത്തെ പോലെ ആശ നാക്ക് കടിച്ചു..പിന്നെ സ്വയം തിരുത്തി..

                        "എന്‍റെ ഒരു കാര്യം..ബാങ്കില്‍ ആരെങ്കിലും ചായ കുടിക്കാന്‍ വരോ...പ്രകാശന് എന്താ ജോലി??"

                        "ഓട്ടോ ഡ്രൈവര്‍...ആശക്ക്‌ എങ്ങോട്ടോ പോകണ്ടത്..ഞാന്‍ കൊണ്ട് വിടാം.."

           കുറച്ച് നേരം കൂടി ആശയോട്‌ സംസാരിക്കാനും, ആ മുഖം കുറേ നേരം കണ്ടിരിക്കാനും പ്രകാശന് തോന്നി..

                         "അമൃതാനന്ദമയി മഠത്തില്.."

        ഓട്ടോയില്‍ കയറി പ്രകാശന്‍ റിയര്‍വ്യൂ മിറര്‍ അവര്‍ക്ക് നേരെ തിരിച്ച് വെച്ചു.ഒരിക്കല്‍ ജീവിതം അവള്‍ക്ക് നേരെ തിരിച്ചു വെക്കാന്‍ കൊതിച്ചതാണ്. എല്ലാം മനസിലൊതുക്കി..അന്തരങ്ങള്‍..സാമൂഹികമായ, സാമ്പത്തികമായ, സൗന്ദര്യ പരമായ അന്തരങ്ങള്‍...സ്വപ്നം പോലും കാണാന്‍ കഴിയാത്ത അന്തരം..കറവക്കാരന്റെ മകനില്‍ നിന്നും പേര്‍ഷ്യക്കാരന്റെ മകളിലേക്കുള്ള വലിയ ദൂരം..

                      "പ്രകാശന്‍റെ കുടുംബം??"

        പ്രകാശന്‍ കൊതിച്ച ചോദ്യം..കാത്തിരുന്ന നിമിഷം.റിക്ഷയുടെ മുന്നിലെ മൂന്നാം കണ്ണിലൂടെ അയാള്‍ അവളെ വീണ്ടും നോക്കി..പണ്ട് പിന്‍ ബെഞ്ചില്‍ ഇരുന്ന്‍ ആരുമറിയാതെ നോക്കിയ അതേ നോട്ടം..

                    "ഞാനും..മൂന്ന്‍ സഹോദരിമാരും ..പിന്നെ ഓട്ടോയും.."

                    "അതെന്താ കല്യാണം കഴിക്കാഞ്ഞത്"
   
       ആശയുടെ ചോദ്യം അതിനൊരു മറുപടി കൊടുക്കാന്‍ പ്രകാശന് മടി തോന്നി. കുടുംബമായി ജീവിക്കുന്ന ഒരു സ്ത്രീ..എന്നോ ചെറുപ്പത്തില്‍ അവരോട് തോന്നിയ ഒരിഷ്ടം, വേണ്ട അത് മനസ്സില്‍ തന്നെ മൂടി വെക്കുക..ആരും അറിയരുത്..ആരോടും പറയരുത്..

                   "ഏയ്‌..പ്രത്യേകിച്ച്...മൂന്ന്‍ പെങ്ങന്മാര്‍ അവരെ കെട്ടിച്ചയച്ചപ്പോള്‍ സമയം വൈകി..അതോണ്ട് വേണ്ടാന്ന് വെച്ചു..."

       അതിന് ശേഷം ഒരു മൗനം അവര്‍ക്കിടയില്‍ രൂപപ്പെട്ടു..കൊടുങ്ങല്ലൂര്‍ തെക്കേ നടയില്‍ എത്തിയപ്പോള്‍ ഒരു ബേക്കറിയുടെ മുന്നില്‍ നിര്‍ത്താന്‍ ആശ ആവശ്യപ്പെട്ടു..ഇറങ്ങി പോയി എന്തോ വാങ്ങുമ്പോള്‍ പ്രകാശന്‍ അടുത്ത കടയില്‍ കയറി കുറച്ച് മിട്ടായികള്‍ വാങ്ങി..അവള്‍ വന്നപ്പോള്‍ അയാള്‍ ആ പൊതി അവള്‍ക്ക് നേരെ നീട്ടി..

                   "ഇത് കുട്ടികള്‍ക്ക്...എന്‍റെ വക...''

                  "ഏത് കുട്ടികള്‍ക്ക്..പ്രകാശന്‍ വണ്ടിയെടുക്ക്..."

        പൊതി അയാളുടെ കയ്യിലിരുന്നു വിയര്‍ത്തു..അയാള്‍ റിയര്‍വ്യൂ മിററില്‍ കൂടി നോക്കുമ്പോള്‍ ആശ കണ്ണ് നീര്‍ തുടക്കുന്നത് കണ്ടു..എന്തോ ഭൂതക്കാലം വേട്ടയാടുന്ന പോലെ മുഖ ഭാവം..പ്രകാശന്‍റെ ഒളിച്ച് നോട്ടം അവള്‍ തിരിച്ചറിഞ്ഞു..അത് മനസ്സിലായതും പ്രകാശന്‍ കണ്ണാടി  റോഡിലെ കാഴ്ചകളിലേക്ക് തിരിച്ചു വെച്ചു..

                "പ്രകാശാ...എനിക്ക് കുട്ടികളില്ല...വിവാഹം കഴിച്ചു പത്ത് വര്‍ഷം മുന്പ് ..എന്നാല്‍ അതിലും വേഗത്തില്‍ പിരിഞ്ഞു..ഒരു പാട് കള്ളങ്ങള്‍ ഒളിപ്പിച്ച ഒരാളായിരുന്നു എന്‍റെ ജീവിതത്തിലേക്ക് കടന്ന്‍ വന്നത്..."

       പ്രകാശന്‍ വണ്ടി നിര്‍ത്തി തിരിഞ്ഞ് ആശയെ നോക്കി. അവിശ്വസനീയമായ ഭാവത്തില്‍..ഒരു വലിയ സങ്കട കടല്‍ ആ മുഖത്ത് തെളിയുന്നു..

                          "സ്നേഹം എന്ന് പറയുന്നത് ഒളിച്ച് വെക്കാനുള്ളതല്ലാ...തുറന്ന്‍ പറഞ്ഞ് പ്രകടിപ്പിക്കുമ്പോള്‍ അതിന്‍റെ തിളക്കം കൂടും..ആഴമേറും..

       ആശയുടെ വാക്കുകള്‍ പ്രകാശനെ വല്ലാതെ സ്വാധീനിച്ചു..തിരികെ വാഹനം മുന്നോട്ട് ഓടിക്കുമ്പോള്‍ അയാള്‍ വീണ്ടും കണ്ണാടി അവള്‍ക്ക് നേരെ തിരിച്ചു, പിന്നെ ആ കണ്ണുകളില്‍ നോക്കി പറയാന്‍ തുടങ്ങി..

                      "എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടായിരുന്നു..പക്ഷെ പറയാന്‍ കഴിഞ്ഞില്ല...പറയാതെ ഇന്നും മനസ്സിലൊളിപ്പിച്ച്..തുറന്ന്‍ പറയാനുള്ള യോഗ്യത എനിക്കില്ലെന്ന തോന്നല്‍...അതായിരിക്കാം ഇന്നും ആ പ്രണയം എന്‍റെ മനസ്സില്‍ ഞാന്‍ സൂക്ഷിക്കാന്‍ കാരണം..പക്ഷെ ഒന്നറിയാം..ഞാന്‍ ഇത് വരെ പ്രണയിച്ചതും, മോഹിച്ചതും അവളെ മാത്രമാണ്..ആ മുഖമല്ലാതെ മറ്റൊന്ന് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല..."

                        "ആരാണാ പെണ്‍കുട്ടി??"


       .ആ ചോദ്യത്തിന് മുന്നില്‍ ഒരു മൗനം മാത്രമായിരുന്നു പ്രകാശന്‍റെ മറുപടി..ഓട്ടോ അമൃതാനന്ദമയി ക്ഷേത്രത്തിന്‍റെ മുന്നിലെത്തിയപ്പോള്‍ ജീവിതത്തിന്‍റെ അറ്റമെത്തിയ പോലെ പ്രകാശന് തോന്നി..തുറന്ന്‍ പറയാന്‍ കഴിയാത്ത സ്നേഹം..അതൊരു നോവാണ്..പ്രകാശന്‍റെ മനസ്സ് അവനോട് പറഞ്ഞു തുടങ്ങി..

                       "വേണ്ടാ പ്രകാശന്‍..നീ വെറുമൊരു ഓട്ടോക്കാരന്‍..ഒരു കൊച്ചു വീട്ടില്‍ പ്രാരാബ്ധം കൊണ്ട് ജീവിക്കുന്ന അധികം സുന്ദരനല്ലാത്ത ഒരുവന്‍..അവള്‍ ഉന്നത വിദ്യഭ്യാസം നേടിയവള്‍, ഇഷ്ടം പോലെ പണവും, ആവശ്യത്തിനു സൗന്ദര്യവുമുള്ളവള്‍...മറന്നേക്കുക..നിന്നെ കാത്ത് ഒരു പാട് യാത്രക്കാര്‍.."

     ഓട്ടോയില്‍ നിന്നും ഇറങ്ങി ആശ അയാള്‍ക്ക് നേരെ പണം നീട്ടി..അയാള്‍ വാങ്ങി ബാക്കി കൊടുക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു..തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ അവള്‍ അയാളുടെ അടുത്തേക്ക് വന്നു...

                    "ആ മിട്ടായി എവിടെ??" അത് തന്നേക്ക്‌..എന്തായലും വാങ്ങിയതല്ലേ?"

   പ്രകാശന്‍ നീട്ടിയ പൊതി തുറന്ന്‍ അതില്‍ നിന്നും ഒരെണ്ണം വായിലിട്ട് മറ്റൊന്ന് പ്രകാശന് നേരെ നീട്ടി വീണ്ടും..


                   "പിന്നെ ഞാന്‍ ഒരു സന്യാസിനിയൊന്നുമല്ല..മനസ്സ് വിഷമിക്കുമ്പോള്‍ ഇവിടെ വരും..പ്രാര്‍ത്ഥിക്കും..അപ്പോള്‍ തോന്നും ഒറ്റക്കല്ലാന്നു.."

       പ്രകാശന്‍ വിഷമത്തോടെ മിട്ടായി തുറന്ന്‍ കഴിക്കാന്‍ തുടങ്ങി.മധുരം കയ്പ് പോലെ കഠിനമായി രുചിയില്‍ നിറയുന്നു...പെയ്യാന്‍ കാത്ത് നില്‍ക്കുന്ന ഒരു ദുഃഖം ആ മുഖത്ത് ...അതവള്‍ തിരിച്ചറിഞ്ഞു..തിരികെ നടന്ന്‍ പോയ ആശയെ കുറച്ചു നേരം അയാള്‍ നോക്കി നിന്നു..പറയാതെ പോയ വാക്കുകള്‍ നെഞ്ചില്‍ കിടന്ന് പിടക്കുകയാണ്..കുറച്ച് നടന്ന്‍ ആശ തിരിഞ്ഞ് നോക്കി..

               "എനിക്ക് വേണ്ടി ഒന്ന്‍ കാത്ത് നില്‍ക്കാമോ..ഞാന്‍തൊഴുത്  തിരിച്ച് വരാം..??"

     അയാള്‍ സന്തോഷത്തോടെ തലയാട്ടി..കുറച്ച് നേരം കൂടി ആ സാമീപ്യം അനുഭവിക്കാന്‍ കഴിയുമെന്ന സന്തോഷം..പ്രണയ ദിനം കൊണ്ട് വന്ന ഭാഗ്യം..തിരികെ അവള്‍ പറയുന്ന സ്ഥലം വരെ കൊണ്ട് പോയി വിടുന്നത് വരെ കൈ വരുന്ന സുവര്‍ണ്ണ നിമിഷം...ഒന്ന്‍ കൂടി ആശയെ നോക്കി. ആ നോട്ടം തിരിച്ചറിഞ്ഞ പോലെ അവള്‍ നിന്നു..പിന്നെ തിരിഞ്ഞ് വീണ്ടും..

             "ഞാന്‍ തിരിച്ച് വരുമ്പോള്‍ പ്രകാശന്‍ ഇപ്പോഴും സ്നേഹിക്കുന്ന  ആ ഭാഗ്യവതിയായ പെണ്‍കുട്ടി ആരാണെന്നു എന്നോട്പറയണം.."

   പ്രകാശന്‍ ആ വാക്കുകള്‍ കേട്ട് അത്ഭുതത്തോടെ ആശയെ നോക്കി...അയാള്‍ ഒരു അപ്പൂപ്പന്‍ താടി പോലെ ഭാരമില്ലാതെ ഒരവസ്ഥയില്‍..കണ്ണുകള്‍ അടച്ച് വീണ്ടും തുറന്ന്‍ ആശയെ നോക്കി..പ്രണയ ദിനത്തിലെ ഒരു പ്രിയ നിമിഷം..അതി സുന്ദരമായ ആ നിമിഷം അവള്‍ വീണ്ടും അയാളെ നോക്കി പറഞ്ഞു...

           "അത് ഞാന്‍ ആകണമേന്നാണ് എന്‍റെ പ്രാര്‍ത്ഥന.."

 ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.        















                           

"സദാചാര മതിലുകള്‍"

   



                                                കവലയില്‍ അതി രാവിലെ ആ ബസ്സ്‌ വന്ന് നിന്നപ്പോള്‍ വണ്ടി പീടികയുടെ അകത്ത് നിന്നും എന്നത്തേയും പോലെ കുറേ കണ്ണുകള്‍ ബസ്സിനെ രൂക്ഷമായി നോക്കി..ഉന്ത് വണ്ടിയിലെ  എരിയുന്ന സമോവര്‍ പോലെ കോപം താപമായി മാറിയ  സദാചാര കണ്ണുകള്‍..

                                                      ബസ്സ്‌ മുന്നോട്ട് നീങ്ങിയപ്പോള്‍ അതിന് മറവില്‍ നിന്നും സാരി തലയിലൂടെ പുതച്ച്, ഉറക്ക ഷീണവുമായി അവള്‍..മുഖത്ത് തിളക്കം നഷ്‌ടമായ ചായങ്ങള്‍..നീണ്ട ഒരു കൊട്ട് വാ വിട്ട് പീടികയുടെ നേരെ പാളി നോക്കി അവള്‍ മുന്നോട്ട് നടന്നപ്പോള്‍ ചില കണ്ണുകള്‍ പിന്തുടര്‍ന്ന്..അവളുടെ പിന്‍ ചലനങ്ങളെ..പൊതിഞ്ഞ് വെച്ച മാംസത്തിനു നേരെ നോക്കി കടിച്ച് കീറാന്‍ കാത്തിരിക്കുന്ന വന്യമായ നോട്ടങ്ങള്‍..പരിഭ്രമവും, പേടിയും കലര്‍ന്ന്‍ മുന്നോട്ട് അവള്‍ നടക്കുമ്പോള്‍ എന്നത്തെയും പോലെ ആ പീടികയില്‍ നിന്നുമൊരു ആചാര വെടി..ഏതോ സദാചാര മാന്യന്റെ വായില്‍ നിന്നും...

               "ട്ടോ"

                                                   അവള്‍ തിരിഞ്ഞ് നോക്കിയില്ല..ആ വാക്കുകള്‍ നെഞ്ചിലാണ് കൊണ്ടത്..എങ്കിലും തിരിഞ്ഞില്ല...അവളെ പിന്തുടരുന്ന കണ്ണുകള്‍ക്ക് ഒരു സദാചാര മറയുണ്ട്‌..അതിന്‍റെ മറവില്‍ ഇരുന്ന്‍ ആ ശരീരം ആസ്വദിക്കുന്നവരാണ് അവരില്‍  ചിലര്‍..ദൈവം നല്‍കിയ ആകൃതിയും, പ്രകൃതിയും കണ്ണുകള്‍ കൊണ്ട് മാത്രം അനുഭവിക്കാന്‍ കഴിയുന്നവനറെ രോദനം..എതിരെ വന്ന പേപ്പര്‍ ക്കാരന്‍ പയ്യനും  അവളെ കണ്ടതും സൈക്കിള്‍ ബെല്ലടിച്ച് തന്‍റെ ദൈന്യം ദിന കൃത്യം നിരവഹിച്ചു..ഒപ്പം അവളെ കടന്ന്‍ പോകുമ്പോള്‍ അവന്‍റെ ഉള്ളില്‍ നിന്നും ഒരു വലിയ സീല്‍ക്കാരം..

            "ഊഊഊഹ്."

                                           അതിന്‍റെ നീളം ഓരോ ദിവസവും കൂടി കൂടി വരുന്നു..കുറച്ച് വേഗത്തില്‍ നടക്കുമ്പോള്‍ അവള്‍ക്ക് തോന്നി പിന്നില്‍ ആരോ ഉണ്ടെന്ന്..തിരിഞ്ഞ് നോക്കാന്‍ ഭയമാണ്..തല കുനിച്ച് നടക്കുമ്പോള്‍ പിന്നില്‍ നിന്നും അറപ്പ് തോന്നുന്ന  വാക്കുകള്‍. അതിന്‍റെ മൂര്‍ച്ച മനസ്സിനേയും, ശരീര ത്തേയും കീറി മുറിച്ചത് പോലെ...

         "വരിക്ക ചക്കയാ..നല്ല പഴുത്ത് പാകമായാത് ..പക്ഷെ നാട്ടില്‍ തിന്നാന്‍ കൊടുക്കില്ല....ടൗണിലെ ആളുകള്‍ക്ക് മാത്രേ  കൊടുക്കൂ.."

                                         നടത്തം വേഗത്തിലാക്കി..അതേ വേഗതയില്‍ പുറകിലെ നാലു കാലുകളും..അതിനൊപ്പം ഭയവും..അത്  കാലുകളില്‍ നിന്നും അരിച്ച് കയറി മനസ്സിനെ ദുര്‍ബലമാക്കുന്നു..ശരീരത്തെ തളര്‍ത്തുന്നു..ചലനത്തെ പിടിച്ച് പിന്നിലേക്ക് വലിക്കുന്നു...

        "ഒരു ദിവസം ഇവളെ പോലീസ് പോക്കും...അന്നത്തോടെ തീരും ബിസിനസ്.. രാത്രി ശീലാവതി..കള്ള .പട്ടാസ്.."

        "എന്തൊക്കെ പറഞ്ഞിട്ടും അവള്ക്ക് ഒരു കുലുക്കോമില്ല..ഭയങ്കര തൊലിക്കട്ടി തന്നെ. ..."

                                       ഇടവഴിയിലേക്ക്  തിരിയുമ്പോള്‍ പിന്നില്‍ നിന്നും കാല്‍ പെരുമാറ്റം അകന്ന്‍ പോയത് തിരിച്ചറിഞ്ഞു..ഒപ്പം മനസ്സില്‍ നിന്നും ഭയവും..വീട് മുന്നില്‍ തന്നെ  ഒരു സുരക്ഷിതമായ അഭയം പോലെ.നി റഞ്ഞ കണ്ണുകള്‍ തുടച്ച് ഉറപ്പിനു വേണ്ടി തിരിഞ്ഞ് നോക്കി..ഇല്ല ...പുറകില്‍ ആരുമില്ല..

                                      വീടിരിക്കുന്ന വളപ്പിലേക്ക്  കയറുമ്പോള്‍ അത് വരെ കെട്ടി നിന്ന വീര്‍പ്പ് മുട്ടല്‍ ഒരു നിമിഷം കൊണ്ട് ഇല്ലാതായത് അവള്‍ തിരിച്ചറിഞ്ഞു...മുന്‍ വാതില്‍ തുറക്കാന്‍ നില്ക്കുമ്പോള്‍ അയല്‍വക്കത്ത് നിന്നും ഒരു തുപ്പും, പുലയാട്ടും, .അയാളുടെ ഭാര്യ..എന്നും കാലത്ത് വണ്ടി പീടികയില്‍ ഇരുന്ന്‍ തനിക്ക് നേരെ നീളുന്ന കണ്ണുകളില്‍ ഒരുവന്‍റെ ഭാര്യ..

     "ത്ഫൂ..കാലത്ത് തന്നെ തെവിടിച്ചിനെയാണല്ലോ  കണി കണ്ടത്.."

                                   അതിനും ചെവി കൊടുക്കാതെ അകത്തേക്ക് കയറി..ചുവരില്‍ മിന്നുന്ന ബള്‍ബിനു പിന്നില്‍ ചിരിച്ച് രണ്ട്‌ പേര്‍..അച്ഛനും, അനുജനും..ഒറ്റപ്പെടലിന്‍റെ ലോകത്ത് അമ്മയേയും, തന്നേയും ഒറ്റക്കാക്കി പോയവര്‍.. രണ്ട്‌ പേരും കൂടി ശബരി മലക്ക് പോയതാണ്..എന്തിനും ഏതിനും ഒരുമിച്ചായിരുന്നു ഇരുവരും..കൂട്ടുക്കാരെ പോലെ ഒരച്ഛനും, മകനും.. ഒരിക്കലും കരുതിയില്ല തിരികെ വരുന്നത് ജീവനില്ലാതെ രണ്ട്‌ പെട്ടികളില്‍ ആയിരിക്കുമെന്ന്..കണമലയിലെ കൊക്കയുടെ ആഴങ്ങളില്‍ പോയി മറിഞ്ഞ വാഹനത്തില്‍ നിന്നും തിരിച്ചറിയാന്‍ പോലും കഴിയാത്ത രണ്ട്‌ രൂപങ്ങള്‍..അന്ന്‍ തളര്‍ന്നതാണ് അമ്മ..ഒരിക്കലും സംസാരിച്ചിട്ടില്ല..അന്ന്‍ തനിച്ചയതാണ്..ചുറ്റുമുള്ള ക്രൂരമായ സദാചാര കണ്ണുകളില്‍ നിന്നും അന്ന് തുടങ്ങിയതാണ് വാക്ക് കൊണ്ടും, നോക്ക് കൊണ്ടുമുള്ള പീഡനം..എന്നും അമ്മയെ രാത്രി തനിച്ചാക്കിയാണ് ടൗണില്‍ ജോലിക്ക് പോകുന്നത്..ഒരു പ്രസിദ്ധമായ ഹോട്ടലില്‍.ഫ്രണ്ട് ഓഫീസ് ജീവനക്കാരിയായി....ജീവിക്കാന്‍ വേണ്ടി.. അമ്മയുടെ മരുന്നുകള്‍ക്കും വേണ്ടി മാത്രം..

      "അമ്മേ..ഞാന്‍ വന്നൂട്ടോ..സാരി മാറി ദാ വരുന്നു..ചായേം കൊണ്ട്.."

                                ചായ ഉണ്ടാക്കുമ്പോള്‍ എരിയുന്ന കനലിനെ നോക്കി അവള്‍ ചിന്തിച്ചു..ഒരു തെറ്റും ജീവിതത്തില്‍ ചെയ്യ്തിട്ടില്ല..എന്നിട്ടും ആരെല്ലാമോ ചേര്‍ന്ന്‍ തന്നെ അഭിസാരികയാക്കി മാറ്റിയിരിക്കുന്നു..എല്ലാത്തിനും പിന്നില്‍ പ്രധാനമായും അയാളാണ്..അടുത്ത വീട്ടിലെ  മദ്ധ്യ വയസ്സുള്ള പകല്‍ മാന്യന്‍..ഒരു വെട്ടം പോയ മഴയുള്ള രാത്രിയില്‍ മദ്യം മണക്കുന്ന രൂപം ഇരുട്ടത്ത് വീട്ടില്‍ കയറി വന്നു ..ആവശ്യപ്പെട്ട കാര്യത്തിന് വഴങ്ങാതെ വന്നത് മുതല്‍ തുടങ്ങിയ കഥകള്‍..തേടി വന്ന വിവാഹ ആലോചനകള്‍ മുഴുവന്‍ കവലയില്‍ തട്ടി തിരിച്ച് പോയി.മുടക്കാന്‍ നാവുകള്‍.. സദാചാര മനസ്സുകള്‍ അയാള്‍ക്കൊപ്പം ഒരു കൂട്ടമായി മാറി അപവാദ കഥകള്‍ മെനഞ്ഞപ്പോള്‍ ബന്ധുക്കള്‍  പോലും അകന്ന്‍ പോയി..ആരുമില്ലാത്ത ദുരവസ്ഥ..

                         അമ്മയുടെ അരികില്‍ വന്ന്‍ കണ്ണീരോടെ ചായ പകര്‍ന്നു നല്‍കുമ്പോള്‍ അവളുടെ മനസ്സ് പിടയുകയായിരുന്നു...ഇത്രയും അപവാദങ്ങള്‍ ചുമന്ന്‍ ഇനിയും ജീവിക്കണോ..? ജോലി ചെയ്യുന്ന സ്ഥലത്ത് പോലും സദാചാര മാന്യന്മാര്‍ കഥകള്‍ പരത്താന്‍ തുടങ്ങിയിരിക്കുന്നു..തിരിച്ചറിവ് ഉള്ള ആളുകള്‍ ആയതിനാല്‍ അവരോന്നും ആരില്‍ നിന്നും   കേട്ട മോശം കഥകള്‍ക്ക് ചെവി കൊടുത്തിട്ടില്ല..എന്തും പറയട്ടെ..ഒരു വേശ്യയെന്നു മാത്രം..വിശ്വസിക്കാത്ത ചിലരെ പോലും സദാചാര വൃന്ദം നിറമാര്‍ന്ന കള്ളകഥകള്‍ മെനഞ്ഞു മാറ്റിയിരിക്കുന്നു..എല്ലാം ഓര്‍ത്തപ്പോള്‍ മനസ്സില്‍ നിന്നും ദുഃഖം തികട്ടി കണ്ണിലൂടെ പുറത്ത് വന്നു..അത് കണ്ടിട്ടാകണം അമ്മ ആംഗ്യം കാണിച്ച് എന്ത് പറ്റിയെന്നു ചോദിച്ചത്..

        "മടുത്ത് അമ്മേ...നമ്മുടെ നാട്ടുക്കാര്‍ എന്നെ ഒരു...." ഞാനൊരു കന്യകയാണെന്ന് എനിക്ക് മാത്രമേ അറിയൂ...പിന്നെ അമ്മക്കും,ദൈവത്തിനും "

                         അമ്മ കണ്ണുകള്‍ കൊണ്ട് എല്ലാം ശരിയാകുമെന്ന് ആംഗ്യം കാണിച്ചു..പിന്നെ ചുമരിലെ ഫോട്ടോകളിലെക്കും നോക്കി എന്തോ ചുണ്ടനക്കി..സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ അമ്മയുടെ വാക്കുകള്‍ അശ്വാസമായേനെ...അമ്മ ഒരാളാണ് ഭൂമിയില്‍ തുടര്‍ന്ന്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്...ദൈവം തന്ന ജീവിതം കളയില്ല..ജീവിക്കണം.ജീവിക്കും..ഈ മണ്ണില്‍ തന്നെ..ഒരു അപവാദത്തില്‍ നിന്നും ഒളിച്ചോടാതെ...എന്തെങ്കിലും വഴി ദൈവം തന്നെ മുന്നില്‍ തുറക്കും...

                          അമ്മയുടെ കൂടെ ഉറങ്ങാന്‍ കിടക്കുമ്പോള്‍ വീണ്ടും ചില സദാചാര മുഖങ്ങളെ ഓര്‍ത്തത്..അവര്‍ക്കെതിരെ പ്രതികരിക്കാന്‍ ഭയമാണ്..കാരണം ഒരു സാധാരണ സ്ത്രീ.അതിനപ്പുറം സമൂഹം കഥകളാല്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരുവള്‍..ഒരിക്കല്‍ പൊതു സ്ഥലത്ത് തടഞ്ഞു നിര്‍ത്തി ഒരു ജോലിയുമില്ലാത്ത നാട്ടിലെ ചെറുപ്പക്കാരുടെ വക സ്മാര്‍ത്ത വിചാരണ..എല്ലാ കണ്ണുകളും ദേഹത്താണ്..ആര്‍ത്തി നിറഞ്ഞ നോട്ടം..സദാചാര വാദം ഒരു മറ മാത്രം...

        "എടീ..നിന്‍റെ പൊറം പരിപാടി നിര്‍ത്തിക്കോ..ഈ നാട്ടില്‍ നടക്കൂല.."

                         ആദ്യം പേടിച്ച് പിന്മാറിയപ്പോള്‍ അവരുടെ ആവേശം കൂടി വന്നു..ചില കൈകള്‍ അനുവാദമില്ലാതെ സ്വകാര്യ ഭാഗങ്ങള് ലക്ഷ്യമാക്കാന്‍ തുടങ്ങിയപ്പോള്‍ പ്രതികരിച്ചു..ആദ്യം കരഞ്ഞു..പിന്നെ അലറി വിളിച്ചു..അതിനു മുന്നില്‍ തോറ്റ് പിന്മാറും മുന്‍പേ അവരുടെ മദ്യം മണക്കുന്ന ഭീഷണി കേട്ടു...

        'ഒരു ദിവസം നിന്നെ ഞങ്ങള്‍ പൊക്കും..അന്ന്‍ നിന്നെ പിച്ചി ചീന്തി തുണിയില്ലാതെ ഈ വഴി മുഴോന്‍ നടത്തും..ചെവില്‍ നുള്ളി കാത്തിരുന്നോ.."

                      ഭീഷണിയില്‍ ഭയന്ന്‍ ഭയത്തോടെയാണ് ഉറങ്ങുന്നത്..ഏത് നിമിഷവും ബലിഷ്ടമായ കരങ്ങള്‍ ചുറ്റി വലിയും, പിച്ചി ചീന്തും. അത് കൊണ്ട് തന്നെ പകല്‍ ഉറക്കം പോലും വാതിലുകള്‍ അടച്ച് കുറ്റിയിട്ടാണ്..അത് പോലും കണ്ട് പിടിച്ച അയല്‍വാസി അതിനും കഥകള്‍ ഉണ്ടാക്കി..ഒരിക്കല്‍ പകല്‍ സമയത്ത് വാതില്‍ തുറന്ന്‍ അയാളുടെ സംഘം വീടും പരിശോധിച്ചു..അങ്ങിനെ ചിന്തിച്ച് ചിന്തിച്ച് ഉറക്കം കണ്ണുകളില്‍ കടന്ന്‍ ഗാഡമായ മയക്കത്തിലേക്ക് കൊണ്ട് പോയി..സ്വപ്നത്തില്‍ ഒരു പൂത്തുമ്പി പോലെ പാറി നടക്കുമ്പോള്‍ ഉമ്മറത്ത് സൈക്കിള്‍ ബെല്‍ കേട്ടു..ഒരു ഭയം നെഞ്ചിലേക്ക്..ആര്?? എന്തിന്??

                     ഭീതിയോടെ കതകുകള്‍ തുറന്നപ്പോള്‍ മുന്നില്‍ നാട്ടിലെ പോസ്റ്മാന്‍..അയാളുടെ കയ്യില്‍ ഒരു സര്‍ക്കാര്‍ മുദ്രയുള്ള കവര്‍...ഒപ്പിട്ട് വാങ്ങുമ്പോള്‍ ഹൃദയം തുടിക്കുകയായിരുന്നു..പൊട്ടിച്ച് വായിച്ചപ്പോള്‍ ഹൃദയം പൊട്ടി പോകുമെന്ന് തോന്നി...അനന്ത സാഗരത്തില്‍ നീരാടി കൊണ്ട് ചുമരിലെ ഫോട്ടോയില്‍ നോക്കി..പിന്നെ അമ്മയെ കെട്ടി പിടിച്ചു...എല്ലാ ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു...

                   കാട്ടു തീ പോലെയാണ് ആ വാര്‍ത്ത നാട്ടില്‍ പരന്നത്..കേട്ടവര്‍ കേട്ടവര്‍ ആദ്യമൊന്നു  ഞെട്ടി ..വണ്ടി  പീടികയിലെ ചായ കടയില്‍ ചായ കുടിക്കാന്‍ വന്നവര്‍ ആ വാര്‍ത്ത കേട്ട് നിശബ്ദരായി...അയല്‍വാസി മാന്യന്‍ ആ വാര്‍ത്ത കേട്ടതോടെ പരവശനായി..അയാളുടെ ഭാര്യ ഭക്ഷണം പോലും കഴിക്കാതെ അടുത്ത വീട്ടിലേക്ക് നോക്കിയിരുന്നു...ഭീതിയോടെ, ഭയത്തോടെ.
                       

                    അടുത്ത ദിവസവും കവലയില്‍ അതി രാവിലെ ആ ബസ്സ്‌ വന്ന് നിന്നു. വണ്ടി പീടികയുടെ അകത്ത് നിന്നും എന്നത്തേയും പോലെ കുറേ കണ്ണുകള്‍ ബസ്സിനെ ഭയത്തോടെ  നോക്കി..എല്ലാ കണ്ണുകളും ബസ്സിന്‍റെ മുന്‍ വശത്തെ ഡോറിലേക്ക്

                     ബസ്സ്‌ മുന്നോട്ട് നീങ്ങിയപ്പോള്‍ അതിന് മറവില്‍ നിന്നും തല ഉയര്‍ത്തി പിടിച്ചു ധീരയായി അവള്‍..അവള്‍ എല്ലാവരെയും അവിടെ നിന്ന് ഒരു വട്ടം നോക്കി..എല്ലാ സദാചാര മനസ്സുകളും ഒരുമിച്ച് എഴുന്നേറ്റ് നിന്ന് മുണ്ടഴിച്ച് അവളുടെ മുഖത്ത് നോക്കാതെ തല കുനിച്ചു നിന്നു.അതില്‍ അയാളും..എല്ലാത്തിനും കാരണമായ അയല്‍ക്കാരനും..വീണ്ടും വഴിയിലൂടെ അവള്‍ മുന്നോട്ട് നടന്ന്‍ വന്നപ്പോള്‍ എതിരെ വന്ന പത്രക്കാരന്‍ അവളെ കണ്ട് ഭവ്യതയോടെ, ഒരല്പം പേടിയോടെ കൈകള്‍ കൂപ്പി സൈക്കിളില്‍ നിന്നും ചാടിയിറങ്ങി ഒന്നും മിണ്ടാതെ മുന്നോട്ട്..സ്ഥിരം അവളെ പിന്തുടരുന്ന ചെറുപ്പക്കാര്‍ സംഘത്തില്‍ മൂന്ന് പേര്‍ ഇടവഴിയില്‍ എതിരെ കണ്ടപ്പോള്‍ ബഹുമാനത്തോടെ മാറി നിന്നു..കാട്ടു തീ വാര്‍ത്ത ചെവിയില്‍ എത്താത്ത ഒരുവന്‍ അവളെ കണ്ടതും പിന്നില്‍ നിന്നും ഉറക്കെ..

                      'എടീ  വെ...."

                      മുഴുവനാക്കുന്നതിനു മുന്‍പ് അതിലൊരു ചെറുപ്പക്കാരന്‍ വിളിച്ച് കൂവിയ വായ പൊത്തി പിടിച്ചു..രൂക്ഷമായി അവരെ നോക്കി നിന്ന അവളെ നോക്കി ക്ഷമിക്കാന്‍ കണ്ണ്‍ കൊണ്ട് ആംഗ്യം കാണിച്ച് അവളെ നോക്കി വിളിച്ചു കൂവിയവന്റെ ചെവിട്ടില്‍ പതുക്കെ പറഞ്ഞു..

                 "എടാ.പൊട്ടാ .അവര്‍ക്ക് പോലീസീ ജോലി കിട്ടിയെടാ..അതും എസ്.ഐ ആയിട്ട്..ഇന്നലെ പി.എസ്.സി ന്ന്‍ കടലാസ് വന്നൂ..തീച്ചൂളയില്‍ തന്നെ ചാടി കുളിക്കണോ മോനെ??"

                    നിശബ്ദമായ വഴിയിലൂടെ നിവര്‍ന്ന്‍ നടക്കുമ്പോള്‍ അവളുടെ ഉള്ളില്‍ ഒരു ഗൂഡമായ ആനന്ദം പൊട്ടി വിടരുകയായിരുന്നു..ഒപ്പം ആ വഴികളില്‍  എല്ലാ സദാചാര വായകളും തുന്നി കെട്ടി അവള്‍ക്ക് മുന്നില്‍ തല കുനിച്ചു നിന്നൂ...എല്ലാ സദാചാര മതിലുകളും അവള്‍ക്ക് മുന്നില്‍  ഇടിഞ്ഞു വീണു...


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

 http://harishkdlr.blogspot.in/              

                               











2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

S.S.L.C 90 മാര്‍ച്ച്‌, സച്ചിന്‍,ലാല്‍, പിന്നെ ഉയരം...

                               
                                                 

                                     
                                     "കുട്ടികളെ..അടുത്ത വര്ഷം നിങ്ങള്‍ പത്താം ക്ലാസ്സിലേക്കാ..മറക്കണ്ട...ഇത്തവണത്തെ  മാര്‍ക്ക് എസ്.എസ്.എല്‍.സി ബുക്കില്‍ വരാനുള്ളതാ"

                     കൊല്ല പരീക്ഷയുടെ ഒടുവില്‍ കുമാരി ബായി ടീച്ചറാണ് വീണ്ടും ആ മുന്നറിയിപ്പ് തന്നത്..മുന്നില്‍ കാത്തിരിക്കുന്ന സര്‍ക്കാര്‍ പരീക്ഷ എന്ന കടമ്പയെ കുറിച്ചുള്ള മുന്‍ കരുതല്‍ സ്കൂളില്‍ നിന്നും, വീട്ടില്‍ നിന്നും കിട്ടാന്‍ തുടങ്ങിയിരിക്കുന്നു...

                              "കിറുക്കന്‍ കളിയും കളിച്ച്  കാള കളിച്ച് നടക്കാണ്ട് മര്യാദയ്ക്ക് പഠിക്കാന്‍ നോക്ക്..അടുത്ത കൊല്ലം എസ്.എല്‍.സിയാ..."

                  അമ്മയുടെ വക..കപില്‍ദേവ് ലോകകപ്പ് ഉയര്‍ത്തി കാണിച്ച് നാട്ടിലെ ചെറുപ്പക്കാരെ മുഴുവന്‍ മൂന്ന്‍ കമ്പിലും, ബാറ്റിലും, ബോളിലും തളച്ചിട്ട കളിയെയാണ് അമ്മ ഒട്ടും ദാക്ഷിണ്യമില്ലാതെ വെറും "കിറുക്കന്‍ കളിയാക്കി മാറ്റിയത്.." മമ്മാലിക്കയുടെ പറമ്പിലെ തെങ്ങുകള്‍ക്കിടയില്‍ ചുവന്ന കല്‍പൊടി വിരിച്ച് ബൌണ്ടറി വരെ നീളുന്ന തൊട്ടാവാടി, പെരു, കുറുന്തോട്ടി,കൂവ ഇത്യാദി ഔട്ട്‌ ഫീല്‍ഡ് തടസ്സങ്ങള്‍ വെട്ടി മാറ്റി ഒരുക്കിയെടുത്ത പിച്ച് പലപ്പോഴും ഫാസ്റ്റ് ബോളിങ്ങിന് അനുകൂലമായിരുന്നു. കൊല്ലപരീക്ഷയുടെ ചൂട് നിറഞ്ഞ ഫെബ്രുവരി മാസത്തില്‍ "മാരക കണ്ണന്‍ " എന്ന കണ്ണന്‍റെ ഫാസ്റ്റ് ബോളിനു മുന്നില്‍ കണ്ണടച്ച് ബാറ്റ് വീശി, പന്തിന്റെ ഗതി വികതിയെ നോക്കിയപ്പോള്‍ മുന്നില്‍ സിക്സര്‍ ആയി മാറേണ്ട പന്ത് ക്രൂരനായ കല്പ വൃക്ഷത്തില്‍ തട്ടി തിരികെ മിഡ് വിക്കറ്റില്‍ നില്‍ക്കുന്ന സനുവിന്‍റെ കൈകളിലേക്ക്..സനുവും, കീപ്പറായ അനുജന്‍ ബാബുവും, ബോളര്‍ മാരക കണ്ണനും, എന്‍റെ ടീമില്‍ തന്നെ അംഗങ്ങളായ സ്റ്റാലി, മിലാദ്, അമ്പയര്‍ ആയി നില്‍ക്കുന്ന ശ്രീനു, കളി കാണാന്‍ എത്തിയ കൊച്ചു പിള്ളേര്‍ സംഘം മൊത്തം ഉറക്കെ വിളിച്ചു കൂവി....

                                    "ഹൌസാറ്റ്‌??"

                 ആദ്യമൊന്ന് അമ്പരന്ന അമ്പയര്‍ വെങ്കിട്ടരാമന്‍ ശ്രീനു തല ചൊറിയാന്‍ ഉയര്‍ത്തിയ കൈ രണ്ടാമത്തെ അപ്പീലിന് മുന്നില്‍ ഔട്ട്‌ വിധിക്കാന്‍ ഉയര്‍ത്തി കണ്ടപ്പോള്‍ അവനെ ബാറ്റ് കൊണ്ട് അടിച്ച് കൊല്ലാനും, ഗ്യാലറിയായ റോഡില്‍ വീഴേണ്ട പന്തിന് തടസ്സമായ തെങ്ങിനെ വെട്ടി വീഴ്ത്താനും മനസ്സ് കൊതിച്ചു..അമ്പയര്‍ കൈ ഉയര്‍ത്തിയതിനു മുന്‍പേ തന്നെ തേഡ് ഡൌണ്‍ ബാറ്റ്സ്മാന്‍ സ്റ്റാലിന്‍ ക്രീസിലെത്തി സ്വന്തം ടീം മെമ്പര്‍ എന്ന സ്ഥാനം പോലും നല്‍കാതെ ബാറ്റ് എന്‍റെ കയ്യില്‍ നിന്നും വാങ്ങിയെടുത്തു..അവനെ തുറിച്ച് നോക്കി, അന്തിമ തീരുമാനം എടുത്ത അമ്പയറിനെ തുറിച്ച് നോക്കി തിരികെ പവലിയിനിലേക്ക് നടക്കുമ്പോള്‍ ബൌണ്ടറി ലൈനില്‍ അമ്മ..ടീം സെലക്ടര്‍ പോലെ കത്തുന്ന കണ്ണോടെ നിന്നെ ഞാന്‍ കാണിച്ച് തരാമെന്ന ഭാവത്തോടെ..ടീമിന് പുറത്തേക്കുള്ള വഴി ഒരുക്കിയ ആ ക്യാച്ചില്‍ അമ്മയുടെ പുറകെ നടക്കുമ്പോള്‍ വീണ്ടും എസ്.എസ്.എല്‍,സി..മുന്നില്‍..

                                   "ഒമ്പതാം ക്ലാസ് പരീക്ഷ കഴിഞ്ഞാ പിള്ളാരെ ചീത്തയാക്കണ  ഈ പ്രാന്തന്‍ കളീടെ പൊറകെ നടന്നു  ദെവസം കളയാന്ന്‍ പുന്നാര മോന്‍ വിചാരിക്കണ്ടാ..ഇതിന്ന്‍ നിര്‍ത്തിക്കോ..വെക്കേഷന് ശ്രീ രംഗില്‍ ടൂഷന് പോണം..."

                  അന്ന്‍ അമ്മയോട് ദേഷ്യവും, സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന്റെ അമ്മയോട് ആരാധനയും തോന്നി..സ്കൂളില്‍ പോകാതെ ക്രിക്കറ്റ് കളിച്ച് നടന്ന സച്ചിനാണ് ശ്രീകാന്തിന്റെ കൂടെ പാക്കിസ്ഥാനിലേക്ക് പോയിരിക്കുന്നത്..മീശ പോലും മുളക്കാത്ത ചെക്കന്‍ സ്പിന്നര്‍ അബ്ദുള്‍ ഖാദറിനെ എടുത്ത് നിലം തൊടാതെ പൊരിക്കുന്ന കാഴ്ചകള്‍ തന്ന ആവേശമാണ് അമ്മയുടെ ഭീഷണിയുടെ മുന്നില്‍ തകര്‍ന്ന്‍ തരിപ്പണമായത്..

                എന്തായാലും വെക്കേഷന്‍ ക്ലാസ്സ് ആരംഭിച്ചപ്പോള്‍ ശ്രീരംഗ് ഉടമയും, പ്രിന്സിപ്പാളുമായ പൈ മാഷ് പറഞ്ഞ വാചകം..

                                     "കുട്ടികളെ ഇത് എസ്.എസ്.എല്‍.സി യാണ്..നിങ്ങള്ടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലാഘട്ടം ...ഭാവിയിലെ ശോഭനമായ ജോലി, ഉയര്‍ന്ന ശമ്പളം, എന്തിന് കല്യാണം പോലും ഇതിനു കിട്ടുന്ന മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ്..അത് കൊണ്ട് എല്ലാം മറക്കുക..നന്നായി പഠിക്കുക..."

                      ക്ലാസ്സിലിരിക്കുന്ന അറുപത് കുട്ടികള്‍ മുഴുവന്‍ അത് കേട്ട് ശപഥം ചെയ്യ്തു..പഠനം മാത്രം..എന്നാലും ചില തടസ്സങ്ങള്‍..ദൂരദര്‍ശന്‍ വഴിയുള്ള .വ്യാഴാഴ്ചയിലെ ചിത്ര ഗീതം, ഞായറാഴ്ചയിലെ മഹാഭാരതം, അന്ന്‍  തന്നെ വൈകുന്നേരം കാണാന്‍  കാത്തിരിക്കുന്ന മലയാള ചലച്ചിത്രം..ഇതിനെല്ലാം പുറമേ സച്ചിന്‍ എന്ന ആവേശം, ക്രിക്കറ്റ് എന്ന ഭ്രാന്ത്‌...അതിനെല്ലാം പുറമേ ചിത്രം, ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമകളിലൂടെ ചരിഞ്ഞ് നടന്ന്‍ ഒരാള്‍ മനസ്സില്‍ കയറി സ്ഥാനം പിടിച്ചിട്ടുമുണ്ട്...ഈയിടെ അയാളുടെ ഒരു സിനിമ പരസ്യം ..എല്ലാ ആഴ്ചയും റോഡിലൂടെ പൊടി പറത്തി നോട്ടീസ് വിതറി പോകുന്ന ഒരു കാറിലൂടെ..അതില്‍ നിന്നുമുയരുന്ന വാക്കുകളിലൂടെ ..

                                       "കൊടുങ്ങല്ലൂര്‍ ശ്രീകാളിശ്വരി തിയേറ്ററിന്‍റെ ചരിത്രമുറങ്ങുന്ന വെള്ളിത്തിരയില്‍ വിജയകരമായ മൂന്നാമത് വാരത്തിലേക്ക് പ്രവേശിക്കുന്നു...ഏയ്‌ ഓട്ടോ.."

                    കാണാന്‍ കൊതിച്ച് കാണാന്‍ കഴിയാതെ മനസ്സില്‍ ഒരു മോഹമായി വഴിയോരത്തെ പോസ്റ്റ്‌ കണ്ട് മാത്രം നിര്‍വൃതി നിറയുന്ന ദിവസങ്ങള്‍..എസ്.എസ്.എല്‍.സി എല്ലാത്തിനും തടസ്സം തന്നെ..വീട്ടുക്കാരുടെ വിലക്കുകള്‍, വാറോലകള്‍, അലിഖിത നിയമങ്ങള്‍, അതിലൊന്നായിരുന്നു സമാജം ലൈബ്രറിയില്‍ നിന്നുമുള്ള ബുക്കുകള്‍..എം.മുകുന്ദന്‍, എം.ടി, ഓ.വി.വിജയന്‍, തകഴി എല്ലാവരും വീടിനു പുറത്ത്..പകരം ഇബ്രാഹിം ലോധിയും, കോണ്‍വാലീസ് പ്രഭുവും, പാനിപ്പത്ത് യുദ്ധവും...

                                    "അമ്മേ ലേബര്‍ ഇന്ത്യ വാങ്ങണം..അതില്‍ എല്ലാ മോഡല്‍ പേപ്പറുകളും ഉണ്ടാകും..."

                                    "പിന്നെ പഠന സഹായിയും വാങ്ങണം..പേപ്പര്‍ മാറ്റി മനോരമ ആക്കിയാല്‍ അതിലും എല്ലാ ചൊവ്വാഴ്ചയും  മോഡല്‍ പേപ്പര്‍ ഉണ്ടാകും.."

                     അങ്ങിനെ ചില ആവശ്യങ്ങള്‍..എല്ലാം ദ്രുത ഗതിയില്‍ മുന്നോട്ട് പോകുമ്പോള്‍ മനസ്സിനെ കുഴക്കിയ ഒരു പ്രശ്നം..ശാരീരികം തന്നെ...പൊക്കമില്ലാത്ത ശരീരം ...മീശ പൊടിയാത്ത മുഖം..ഇത് വെച്ചു അടുത്ത വര്ഷം കോളേജ് കുമാരനായി വിലസാന്‍ സാധിക്കില്ല..എന്തെങ്കിലും വഴി കണ്ടേ തീരൂ..ടൂഷന്‍ ക്ലാസ്സിലെ പല പെണ്‍കുട്ടികള്‍ക്കും എന്നേക്കാള്‍ ഉയരമുണ്ട്..അതൊരു വലിയ അപകര്‍ഷത ബോധമായി കൂടെ തന്നെ..രാവിലെ ടൂഷന് പോകാന്‍ "ചോറ്റാനിക്കരയമ്മ" ബസ്സില്‍ കയറുമ്പോള്‍ സ്റെപ്പിനി ടയര്‍ ഉണ്ടെങ്കില്‍ മാത്രം മുകളിലത്തെ കമ്പിയില്‍ പിടിക്കാം...അല്ലെങ്കില്‍ സീറ്റിന്‍റെ കമ്പി തന്നെ ശരണം...മുന്നില്‍ ടൂഷന്‍ ക്ലാസില്‍ പഠിക്കുന്ന അമ്പിളിയും, മിനിയുമെല്ലാം മുകളിലെ കമ്പിയില്‍ പിടിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ കുശുമ്പ് തോന്നി..അത് പോലെ തന്നെ ബി.എസ്.എ എസ്.എല്‍,ആര്‍, സൈക്കിള്‍..പലരും സീറ്റിലിരുന്നു ചവിട്ടി വന്ന് ഹീറോയെ പോലെ സൈക്കിളില്‍ ഇരുന്ന്‍ സ്റ്റാന്റ് ഇട്ട് മുകളിലെത്തെ ക്ലാസ് മുറിയിലേക്ക് കയറുമ്പോള്‍ മനസ്സ് പിടയും..എനിക്ക് കഴിയാത്തത്...എനിക്ക് കാല്‍ എത്താത്തത്..

                     പഠനം അതി ഗംഭീരമായി പോകുന്ന സമയത്ത് തന്നെ വീടിന്‍റെ മുന്നിലെ കണികൊന്ന മരത്തിലും കവുങ്ങിലും കുറുകെ ഒരു കമ്പി കെട്ടി ചരിത്ര പരമായ ആ ദൗത്യത്തിന് ഞാന്‍ തുടക്കമിട്ടു..സൂര്യന്‍ ഉണരും മുന്‍പേ കമ്പിയില്‍ ഒരു കസര്‍ത്ത്...ഉയരം വെക്കാന്‍ വേണ്ടി ഒരു വലിയ ദൗത്യം..

                                       "പേരക്ക തിന്നാ മതി ..ഉയരം വെക്കും.."

                     ആരോ എന്‍റെ അവസ്ഥ കണ്ട് പറഞ്ഞു തന്ന നാട്ടറിവ്...കമ്പിയില്‍ കസര്‍ത്തിനു പുറമേ പറമ്പിലുള്ള പേര മുഴുവന്‍ കയറിയിറങ്ങി പച്ച പേരക്ക പോലും പറിച്ചു തിന്നാനും അതൊരു തുടക്കമായി..അത് വരെ ആ പേരക്കായ കള്‍ക്ക് അവകാശികളായിരുന്ന അണ്ണാറകണ്ണന്മാര്‍ അതോടെ പട്ടിണിയുമായി..മതിലിന്‍റെ പുറകില്‍ കരി കൊണ്ട് ഓരോ ദിവസവും കസര്‍ത്ത് കാണിച്ചതിന് ശേഷം വരക്കുന്ന അടയാള വരകള്‍ ഉയര്‍ന്നു വരുന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയ സന്തോഷം...അതിന് അളവില്ല..ഒപ്പം ചെമ്പന്‍ രോമങ്ങള്‍ ചെറുതായി കരുത്ത് തുടങ്ങിയപ്പോള്‍ അത് വരെ എതിര്‍ വശത്തെ ബഞ്ചിലേക്ക് നോക്കാതിരുന്ന കണ്ണുകള്‍ ഇടക്ക് അരോയോ തേടി പോകുന്നത് പോലെ..

                                   "നിനക്ക് എട്ടേ മുക്കാലിനെ പഞ്ചാര അടിച്ചൂടെ?"

                     ശനിയാഴ്ച ദിവസം രാവിലെ 7 മുതല്‍ ഉച്ചക്ക് 12 വരെ നീളുന്ന സ്പെഷ്യല്‍ ടൂഷന്‍ ക്ലാസ് ബ്രേക്ക് സമയത്ത്  പരാശക്തി ഹോട്ടലില്‍ നിന്നും മസാല ദോശ കഴിക്കുമ്പോള്‍ (ആഴ്ചയില്‍ കിട്ടുന്ന ഏക ആനുകൂല്യമാണ് ആ മസാല ദോശ) അടുത്ത സ്നേഹിതന്‍ ചോദിച്ച ചോദ്യം..."എട്ടേ മുക്കാല്‍ " എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സഹപാഠിയായ പെണ്‍കുട്ടി..എന്നും എട്ടേ മുക്കാല്‍ സമയത്ത് സ്കൂളിലേക്ക് പോകുന്നത് കൊണ്ടാണ് അവളുടെ പുറകെ കൂടിയ വാനരസംഘത്തില്‍ ആരോ നല്കിയ പേര്..എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന പലരുടെയും സ്വപ്ന നായിക....

                                    ''അവള്‍ക്ക് എന്നേക്കാള്‍ പൊക്കമുണ്ട്"

                                    '' അല്ലടാ നിനക്ക് ആരെങ്കിലോടും ഇഷ്ടം .. ഉണ്ടോ??"

                  അവന്‍ വിടാനുള്ള ഭാവമില്ല...എനിക്ക് മനസ്സിലുള്ളത് പറയാനും മടി..ആരെങ്കിലും കേട്ടാല്‍...ചൂടന്‍ ചായ വെട്ടി വിയര്‍ത്ത് കുടിച്ച് ചുറ്റും നോക്കി അത് വരെ മനസ്സില്‍ ഒളിപ്പിച്ച ഒരു സത്യം അറിയാന്‍ അവന്‍ വീണ്ടും ചെവി കൂര്‍പ്പിച്ചു..

                                   "ആരാണ്ടാ അത്?? "

                                   "സുമലത..തൂവാനത്തുമ്പികളിലെ സുമലത.."

                അത് പറഞ്ഞതും പുറത്ത് മഴ പെയ്തോ?? അല്ലെങ്കില്‍ എന്‍റെ പകല്‍ സ്വപ്നങ്ങളില്‍ മഴ പൈയ്തോ??എന്തായാലും എന്നോ കണ്ട തൂവാനത്തുമ്പികള്‍ മനസ്സില്‍ എന്നും മായാതെ..അതിലെ ക്ലാരയെ മറക്കാന്‍ കഴിയാതെ...

                മോഡല്‍ പരീക്ഷ അടുത്ത് വരുന്തോറും പഠനം ഗംഭീരമായി മുന്നോട്ട് പോയി കൊണ്ടിരുന്നു..നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ എന്ന നിലയില്‍ അധ്യാപകര്‍ക്ക്‌ ഇടയിലും, മുന്‍ കാലത്തെ റിസള്‍ട്ട് അറിയുന്നതിനാല്‍ വീട്ടിലും പ്രതീക്ഷകള്‍ കൂടി കൂടി വന്നു..ഇടയില്‍ മനസ്സിനെ അലോസരപ്പെടുത്തി മോഹന്‍ ലാലിന്‍റെ "ലാല്‍ സലാം" തിയേറ്ററില്‍ തകര്‍ത്ത് ഓടുമ്പോള്‍ മനസ്സില്‍ ഒരു ചെറിയ മോഹം തോന്നി..നെട്ടൂരാനെ സ്ക്രീനില്‍ പോയി കാണാന്‍..നടന്നില്ല...അങ്ങിനെ കാത്തിരുന്ന്‍ കാത്തിരുന്ന് ഒടുവില്‍ മാര്‍ച്ച്‌ മാസത്തില്‍ ആ സുദിനം മുന്നില്‍ വന്നു...

             "എസ്.എസ്.എല്‍.സി., പരീക്ഷ..."

         "പേന മിനിമം രണ്ടെണ്ണം കരുതണം..ഒന്നിലെ മഷി തീര്‍ന്നാല്‍ മറ്റൊന്ന്'

         "അറിയാത്ത ചോദ്യം കണ്ടാല്‍ അതിനെ കുറിച്ച് ചിന്തിച്ച് തല പുകക്കരുത്..വേഗം അടുത്ത ചോദ്യത്തിന് ഉത്തരം എഴുതണം..അറിയാത്തത് ഒടുവില്‍ എഴുതണം.."

         ''ക്വസ്ടിന്‍ നമ്പര്‍ തെറ്റാതെ എഴുതണം...അത് പോലെ ചോദ്യം രണ്ടു വട്ടം വായിച്ച് നോക്കുക.."

              അങ്ങിനെ കുറേ ഉപദേശങ്ങള്‍, പരീക്ഷ തുടങ്ങും മുന്‍പേ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അച്ഛന്റെ, അമ്മയുടെ അനുഗ്രഹം..പോകുന്ന വഴി ക്ഷേത്രത്തില്‍ പത്ത് പൈസ വഴിപ്പാട്..പരീക്ഷ ഹാളില്‍ കയറും മുന്‍പേ അവസാനത്തെ മിനുക്ക്‌ പണി പോലെ പ്രധാന ഭാഗങ്ങള്‍ ഒന്ന്‍ കൂടി വായിച്ച് നോക്കല്‍..ഒടുവില്‍ പ്രാര്‍ത്ഥനയോടെ ഹാളിലേക്ക്..

             ഹോള്‍ ടിക്കറ്റും, റോള്‍ നമ്പറും..പിന്നെ ഒരിക്കലും അറിയാത്ത, ആരും കാണാത്ത ക്വസ്റ്റ്യന്‍ പേപ്പറും..ആത്മ വിശ്വാസം ചോരാതെ പരീക്ഷ ഹാളില്‍ കയറി മാര്‍ച്ചിലെ ചൂടില്‍ ഓരോ പരീക്ഷകള്‍ എഴുതി കഴിയുമ്പോള്‍ ഓരോരോ ഭാരം ചുമലില്‍ നിന്നും ഇറക്കി വെക്കുന്ന പ്രതീതിയായിരുന്നു...ഓരോ ദിവസവും സന്തോഷം കൂടി വരുന്നു..മനസ്സിന്‍റെ മുറുക്കം അഴിയുന്നു..കണക്ക് പരീക്ഷ മാത്രം നാന്നായി വെള്ളം കുടിപ്പിച്ചു...അത് എഴുതി കഴിഞ്ഞ് അബ്ദുക്കായുടെ കടയില്‍ നിന്നും പത്ത് പൈസയുടെ നാരങ്ങ വെള്ളം വാങ്ങി കുടിക്കുബോള്‍ ചില കണക്ക് കൂട്ടലുകള്‍ തെറ്റിയത് പോലെ..എവിടെയോ മാര്‍ക്ക് നഷ്ടമായത് പോലെ..അവസാന പരീക്ഷയും എഴുതി തീര്‍ന്നു ഉത്തര കടലാസ്സ് തുന്നി കെട്ടി എക്സാമിനര്‍ക്ക് കൈ മാറുമ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് വിളിച്ച് കൂവുകയായിരുന്നു..

                       "ഇനിയെന്നാടാ കാണുക..ഇന്ന്‍ മുതല്‍ക്ക് നമ്മള്‍ക്കീ സ്കൂള് നഷ്ടായി.."

              അടുത്ത സ്നേഹിതന്റെ വാക്കുകള്‍ അത് വരെ കരുതി വെച്ച സന്തോഷമെല്ലാം മായ്ച്ചു കളഞ്ഞു...കണ്ണുകള്‍ നിറഞ്ഞു..സൗഹൃദങ്ങള്‍, കളി ചിരികള്‍, അധ്യാപകര്‍ എല്ലാം ഓര്‍മ്മയില്‍ മാത്രം..വീട്ടിലേക്ക് തിരികെ പോകുമ്പോള്‍ മനസ്സിന്‍റെ ഉണര്‍വ്വ് നഷ്ടമായത് പോലെ..ഇനി റിസള്‍ട്ട് വന്നാല്‍ മറ്റൊരിടത്ത്..കുറേ നടന്ന്‍ കഴിഞ്ഞപ്പോള്‍ കുറേ നാള്‍ മനസ്സില്‍ ഒളിപ്പിച്ച ഒരു മോഹം പോലെ ചുമരില്‍ ഒരു പോസ്റ്റര്‍ കണ്ടു..നഷ്‌ടമായ എല്ലാ ദുഖവും പതിമടങ്ങ്‌ തിരികെ വന്ന നിമിഷം..

             "മാര്‍ച്ച് 30 മുതല്‍ "കൊടുങ്ങല്ലൂര്‍ മുഗള്‍ എ.സി യില്‍ ദിവസേന മൂന്ന്‍ കളികള്‍ "ഹിസ്‌ ഹൈനസ് അബ്ദുള്ള"

                 വീട്ടില്‍ തിരിച്ചെത്തി ക്രിക്കറ്റ് ബാറ്റെടുത്ത് മമ്മാലി ക്കയുടെ പറമ്പിലേക്ക് പോകുന്നതിനു മുന്‍പ് അമ്മയോട് ആവശ്യം ഉന്നയിച്ചു..

                             'നാളെ അഞ്ചുറുപ്യ തരണം..."

                             "എന്തിന്??"
     
                            "തൂ ബഡി മാഷാ അള്ളാ..കഹെ അബ്ദുള്ള..മുഗളില്‍ മോഹന്‍ ലാലിന്‍റെ പുത്യേ സിനിമ..അത്  കാണാന്‍ പോകാനാ.."

                  അതിനുള്ള മറുപടിയില്‍ അമ്മയുടെ മുഖത്ത് ഒരു ചിരി പടര്‍ന്നു...എന്‍റെയും..പിന്നെ കാത്തിരിപ്പിന്‍റെ ഒരു വേനല്‍...റിസള്‍ട്ട് വരാന്‍ വേണ്ടി...ക്രിക്കറ്റും, സിനിമയും, ചിത്ര ഗീതവും, മഹാഭാരതവും...പേരക്കയും!!


NB :-  എസ്.എസ്.എല്‍.സി തരകെടില്ലാത്ത മാര്‍ക്കോടെ പാസ്സായി..അടുത്ത വര്ഷം മാല്യങ്കര കോളേജില്‍ പഠിക്കാന്‍ ചേരുമ്പോള്‍ കഥാനായകന് അഞ്ചടി എഴിഞ്ചു ഉയരവും, അല്പം കരുത്ത് പ്രാപിച്ച പൊടി മീശയും സ്വന്തമായി ഉണ്ടായിരുന്നു...

               


                   

                 

                     


   


2016, ഫെബ്രുവരി 4, വ്യാഴാഴ്‌ച

പെന്‍ഷന്‍...

                                                     


                                                           
                                                  ചരടില്‍ തൂങ്ങുന്ന കണ്ണടയുടെ ചിന്നല്‍ വീണ ചില്ലിലൂടെ അയാള്‍ ആ ഉദ്യോഗസ്ഥനെ നോക്കി..ഒരിറ്റ് ദയ കാത്ത് തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറേ ആയിരിക്കുന്നു..ഇനിയും കനിഞ്ഞിട്ടില്ല..കീറിയ പഴഞ്ചന്‍ ജുബ്ബയുടെ പോക്കറ്റില്‍ എണ്‍പത്തിയേഴ് രൂപ മാത്രം..ചുട്ടു പൊള്ളുന്ന വെയിലില്‍ മൂന്ന്‍ കിലോമീറ്റര്‍ നടന്ന്‍ വന്നത് ഒരു പ്രതീക്ഷയുടെ മുകളില്‍ ..പേപ്പറില്‍ ഒപ്പ് വീഴാന്‍ കാത്ത്...

      "മാമന്‍..ഒരു പുത്യേ ആയിരത്തിന്റെ നോട്ട് ചെലവാകും..അതില്ലാണ്ട് ഒപ്പ് പേപ്പറില്‍ വീഴൂലാ.."

                                                      അവിടേക്ക് വരുമ്പോള്‍ പ്യൂണ്‍ പറഞ്ഞ വാക്കുകള്‍ ..ദിവസം കുറെയധികമായി ഇതിന് പുറകില്‍ നടക്കാന്‍ തുടങ്ങിയിട്ട്..മുടക്കാനും, മടക്കാനും ഓരോരോ കാരണങ്ങള്‍..അയാള്‍ വീണ്ടും മുഖമുയര്‍ത്തി..ആ നോട്ടത്തില്‍ തന്നെ എഴുതി വെച്ചിരിക്കുന്നു..ഒരു പുതിയ മുടന്തന്‍ ന്യായം..

        "എവിടെ റേഷന്‍ കാര്‍ഡും, വരുമാന സര്‍ട്ടിഫിക്കറ്റും??"

                                                      വൃദ്ധന്‍ സഞ്ചിയില്‍ നിന്നും മുഴിഞ്ഞ റേഷന്‍ കാര്‍ഡ് എടുത്ത് അയാള്‍ക്ക് നേരെ നീട്ടി..അയാള്‍ അറപ്പോടെ അത് തുറന്ന്‍ അതേ വേഗത്തില്‍ ആ പാവത്തിന്റെ മുന്നിലേക്ക് വലിച്ചെറിഞ്ഞു...

       "നിങ്ങള്‍ ബി.പി.എല്‍ അല്ലാ...എ,പി,എല്‍ ആണ്..ദേശീയ വാര്‍ധക്യ കാല പെന്‍ഷന്‍ ദാരിദ്ര്യ രേഖക്ക് താഴെ ഉള്ളവര്‍ക്ക് മാത്രാ.."

                                                  ആ വൃദ്ധന്‍ നിറഞ്ഞ കണ്ണോടെ ഒരല്പം ദയക്ക് വേണ്ടി വീണ്ടും അയാളെ നോക്കി..അയാള്‍ ഒന്നുമറിയാത്ത പോലെ വീണ്ടും വാരികയെടുത്ത് വായിക്കാന്‍ തുടങ്ങി..ഒരിറ്റ് പോലും കാരുണ്യം  കിട്ടില്ലെന്ന കണ്ടപ്പോള്‍ പാവം തിരികെ നടക്കാന്‍ തുടങ്ങി..പുറത്തെ കത്തി നില്‍ക്കുന്ന വെയിലിനേക്കാള്‍ കത്തുന്ന മനസ്സ്..കാലിടറി വീഴാന്‍ പോയപ്പോള്‍ ആരോ പിടിച്ചു..ഒരു പെണ്‍കുട്ടി..

        "സൂക്ഷിച്ച്.."

                                                  ആ കൈത്താങ്ങില്‍ ഒരു കാരുണ്യ വര്‍ഷം..നിറഞ്ഞ കണ്ണുകള്‍ കണ്ടപ്പോള്‍ അവള്‍ പതുക്കെ പറഞ്ഞു..

      "ആ പേപ്പര്‍ ഇനിയും അയാള്‍ ഒപ്പിട്ടു തന്നില്ലാല്ലേ? കണ്ണില്‍ ചോരയില്ലാത്ത വര്‍ഗ്ഗങ്ങള്‍..

                                                 അയാള്‍ ഇല്ലെന്ന്‍ തലയാട്ടി..ജീവിതം വഴി മുട്ടിയത് കൊണ്ട് മാത്രം ആഗ്രഹിച്ചതാ..ഇത് വരെ ഒരാളുടെ മുന്നിലും കൈ നീട്ടിയില്ല..ഒരു ജോലിയും ചെയ്യാനുള്ള കെല്പുമില്ല..ഒരു കൊച്ചു കൂരക്ക് താഴെ രണ്ട്‌ വയസ്സായ ജീവിതങ്ങള്‍..രോഗവും, ഭീതിയും പേറി..മക്കള്‍ ഉണ്ട്..പേരിന്..ഒരാളെ കൊണ്ടും ഗുണമില്ല..സമയമായപ്പോള്‍ എല്ലാം പങ്കിട്ട് വാങ്ങി സ്വന്തം സുഖം തേടി പോയി..ഒരു നേരമെങ്കിലും അടുപ്പ് പുകയാന്‍ വേണ്ടിയാണു ഈ കയറി ഇറങ്ങല്‍..അത് പോലും പകുതി വഴിയില്‍ ...

       "ഇവിടത്തെ എം.എല്‍.എ വരുന്നുണ്ട്..ആളോട് ഒന്ന്‍ പറഞ്ഞു നോക്ക്.."

                                               ആ പെണ്‍കുട്ടി പറഞ്ഞത് കേട്ടപ്പോള്‍ മനസ്സില്‍ ചിരി തോന്നി..നാലര  വര്‍ഷം മുന്‍പ് വീടിന്‍റെ പടിയില്‍ വോട്ട് തേടി വന്ന മഹാനായ യുവനേതാവ്..അഭിനയകലയുടെ ആചാര്യന്‍..അന്ന്‍ വോട്ട് തേടി വരുമ്പോള്‍ നേതാവ്ജീ വിച്ചിരുന്ന കൊച്ചു വീടിന്‍റെ സ്ഥാനത്ത് ഇന്നൊരു വലിയ വീട്..ജനാധിപത്യം ഒരുക്കിയ മാന്ത്രികത..അന്ന്‍ വരുമ്പോള്‍ കെട്ടി പിടിച്ച് പറഞ്ഞത് ഇന്നും നരച്ച ഓര്‍മ്മയിലുണ്ട്..

      "നോക്ക് അച്ഛനും, അമ്മക്കും വാര്‍ദ്ധക്യ പെന്‍ഷന്‍ ഇലക്ഷന്‍ കഴിഞ്ഞാല്‍ ഉടന്‍ ശരിയാക്കി തരാം..വോട്ട് എനിക്ക് ചെയ്യണം..."

                                              കൈ നിവര്‍ത്തി പിടിച്ച് ചിഹ്നവും കാണിച്ച് , വെളുത്ത ചിരിയുമായി മുന്നോട്ട് നടക്കുമ്പോള്‍ ആരോ പറയുന്നത് കേട്ടു..

      "ഇമ്പോര്‍ട്ട് ചെയ്യ്ത ഖദര്‍ തുണിയാ..ജനാധിപത്യ മൂല്യം കാത്ത്
സൂക്ഷിക്കണ്ടേ.."

                                               ജയിച്ച് പലവട്ടം എം.എല്‍.എ ആയി മുന്നില്‍ വന്നപ്പോഴും, കണ്ടപ്പോഴും ഒരേ വാചകം..ചിരിയില്‍ കലര്‍ത്തിയ കാപട്യത്തില്‍ നിറഞ്ഞ ഒരേ വാചകം..

       "വിഷമിക്കണ്ടാ..ഇപ്പൊ ശരിയാകും..വകുപ്പ് മന്ത്രിയോട് ഞാന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്.."

                                             കാണരുത് എന്ന് കരുതിയാണ് ചുമരിലേക്ക് ചേര്‍ന്ന്‍ നിന്നത്..കടുത്ത സുഗന്ധം നിറഞ്ഞ ശുഭ വസ്ത്രം ധരിച്ച, കാലത്തെ ഫിറ്റ്‌ ചെയ്തു കൊണ്ട് നടക്കുന്ന ചിരിയുമായി ..എന്നാലും കണ്ടു..

        "അച്ചാ..അടുത്ത മാസം മുതല്‍ക്ക് പെന്‍ഷന്‍ കിട്ടും..മറക്കരുത് ഇലക്ഷന്‍ വരുമ്പോള്‍ .."

                                           വൃദ്ധന്‍ ഒന്നും പറയാതെ തിരികെ ..ജനപ്രതിനിധിയും, ഒരു ജോലിയും ചെയ്യാതെ പുറകെ അലയുന്ന പരിവാരങ്ങളും സുഗന്ധം പരത്തി മുന്നിലേക്ക്..പോക്കറ്റില്‍ നിന്നും ശേഷിക്കുന്ന പൈസ എടുത്ത് റോഡിലെ നെരിപ്പോടിലെക്ക് നടന്ന്‍ ബോര്‍ഡുകളിലേക്ക് കണ്ണോടിച്ചു..ഒടുവില്‍ കണ്ടെത്തിയ മെഡിക്കല്‍ ഷോപ്പില്‍ കിതച്ച് വന്നു നിന്ന് വിയര്‍പ്പില്‍ കുതിര്‍ന്ന മരുന്ന്‍ ചീട്ട് നല്‍കി വ്യഥയോടെ ചോദിച്ചു...

      "ഇത് രണ്ടു ചീട്ടും കൂടെ എടുക്കാന്‍ എത്ര ഉര്‍പ്യ ആകും??"

      "അച്ചാച്ചാ രണ്ട്‌ ചീട്ടും കൂടെ മൂന്നൂറ്റി മുപ്പത് രൂപ ആകും..."

                                          അയാള്‍ വിഷമത്തോടെ നെറ്റിയില്‍ നിന്നും കണ്ണീരിലേക്ക് കലരുന്ന വിയര്‍പ്പ് ചാലു തുടച്ച് ഒന്ന്‍ കൂടി ചില്ല് പൊട്ടിയ കണ്ണാടിയിലൂടെ അവരെ നോക്കി..അതിനപ്പുറം ചുമരില്‍ തൂങ്ങുന്ന "തിരുപതി ബാലാജിയുടെ " കലണ്ടറിലെ ദേവ ചിത്രത്തിലേക്കും...

     "പെണ്ണിനുള്ള ചീട്ട് മാത്രം എടുത്താ മതി..എത്രെയാകും"

      'അതിന് മുപ്പത് രൂപ മതി..അത് വെറും വലിവിനുള്ള മരുന്നാ..മറ്റേത് ഹൃദ്രോഗത്തിനും..."

                                            ഒന്നും പറയാതെ ഭാര്യക്കുള്ള ഗുളികയും വാങ്ങി വീണ്ടും വെയിലിലേക്ക് നടക്കുമ്പോള്‍ കൊതിയൂറുന്ന മണം..ബിരിയാണിയുടെ. അടുത്ത ഹോട്ടലില്‍ നിന്നും ഉയരുന്ന മണത്തിന് മുകളില്‍ ഒരു മോഹം കൂടി..ഒരിക്കല്‍ ഉമ്മറ കോലായില്‍ ഇരിക്കുമ്പോള്‍ അവരില്‍ നിന്നും ഒരു കുഞ്ഞു മോഹം..

       "ഒരു ബിരിയാണി തിന്നാന്‍ പൂതി തോന്നണു..ഉമ്മറിന്റെ മോള്‍ടെ കല്യാണത്തിന് കഴിച്ചതാ മൂരി ബിരിയാണി..എത്ര കൊല്ലായി.."

        "ബിരിയാണി പകുതിയായി  കിട്ടോ??"അതിനൊള്ള കാശെ കയ്യിലോള്ളൂ.."

                                           ഹോട്ടല്‍ ചുമരിലെ വില വിവരപ്പട്ടിക നോക്കി പകുതി ബിരിയാണിയുടെ വില നല്‍കുമ്പോള്‍ കണ്ണ്‍ വീണ്ടും നിറഞ്ഞു..വളര്‍ത്തി വലുതാക്കിയ മക്കളെ ഓര്‍ത്ത്..ചിറകുകള്‍ വളര്‍ന്നപ്പോള്‍ സ്വന്തം സുഖം തേടി പോയവര്‍..ചൂടന്‍ പൊതിയും വാങ്ങി വീണ്ടും ചൂടിലേക്ക്..അതിനൊപ്പം നെഞ്ചിനൊരു കനവും..മരുന്ന്‍ മുടങ്ങിയിട്ട് കുറേ ദിവസങ്ങള്‍ ...മരുന്നിന്‍റെ വില കണ്ട് സ്വയം മുടക്കുന്നതാണ്...ഒന്നുകില്‍ മരുന്ന്‍ അല്ലെങ്കില്‍ ഒരു നേരമെങ്കിലും ആഹാരം..ഇതില്‍ രണ്ടാമത്തേത് ആണ് മുന്നില്‍..എന്നിരുന്നാലും ഭാര്യയുടെ മരുന്ന്‍..ഒരിക്കലും മുടക്കാറില്ല..മുടക്കിയിട്ടില്ല..

                                          വീടിന്‍റെ മുന്നിലെത്തിയപ്പോള്‍ അമ്മിണിയാട് നോക്കി കരയാന്‍ തുടങ്ങി..അവളാണ് കുടുംബം നോക്കുന്നത്..മക്കള്‍ ഇട്ട് പോയത് മുതല്‍..അവളുടെ പാല് വിറ്റ്‌ കിട്ടുന്ന ചെറിയ തുകയിലാണ് ജീവിതം ഓടുന്നത്..രോഗത്തിനും, ഭക്ഷണത്തിനും...വസ്ത്രത്തിനും എല്ലാം ..മകളെ പോലെ ഒരു മൃഗം...

        "എന്തായി പോയ കാര്യം..പെന്‍ഷന്‍ കാശ് കിട്ടോ??"

         "അതൊന്നും ആയിട്ടില്ല..നീയിത്തിരി കഞ്ഞിര വെള്ളം എടുത്തേ?"

                                      അടുപ്പ് പുകയാത്ത ലക്ഷണം പോലെ അവര്‍ ഒന്ന്‍ വൃദ്ധനു മുന്നില്‍ പരിഭ്രമിച്ചു നിന്നു,,അത് മനസ്സിലായപ്പോള്‍ ഒരു കൃതിമ ഏമ്പക്കം വിട്ട് ബിരിയാണി പൊതി അവര്‍ക്ക് നേരെ നീട്ടി വൃദ്ധന്‍ നെഞ്ചുഴിഞ്ഞു പറഞ്ഞു..

      ''പാതി ഞാന്‍ കഴിച്ചു..പാതി പൊതിഞ്ഞ് വാങ്ങി..നല്ല ബിരിയാണിയാ..കഴിച്ചോ..."

                                    അവരുടെ അത് വരെ കത്തി നിന്ന വിശപ്പിനെ കണ്ണീരില്‍ കുതിര്‍ത്തി ആ വാക്കുകള്‍..വെറുതെ ഒരു പാഴ് മോഹം പറഞ്ഞതാണ്..അതാണിപ്പോള്‍ ഒരു പൊതിയില്‍ പൊതിഞ്ഞ് കെട്ടി..

      " ദാ..മരുന്ന്‍ വാങ്ങിട്ടുണ്ട്..."

       "നിങ്ങള്‍ടെ മരുന്നോ"

      "അടുത്ത ആഴ്ച പാല് കാശ് കിട്ടുമ്പോ വാങ്ങാം.."

                                നെഞ്ചുഴിഞ്ഞു അകത്തെ മുറിയിലെ ഇരുട്ടിലേക്ക് മറയുമ്പോള്‍ മരണം അവിടെ എവിടെയോ പതിയിരിക്കുന്നുണ്ടായിരുന്നു...ഒരു നിശബ്ദനായ കൊലയാളിയെ പോലെ...ചുരുട്ടി വെച്ച പായ നിവര്‍ത്തി അയാള്‍ നീണ്ടു നിവര്‍ന്ന്‍ കിടന്ന്...തെക്കോട്ട് തല വെച്ച്...ഒരു ചെറിയ ഞെരുക്കം..അതിനൊടുവില്‍ അവസാനത്തെ ശ്വാസവും അനന്തതയില്‍ അലിഞ്ഞു ചേര്‍ന്നു..

കുറേ നാളുകള്‍ക്ക് ശേഷം...

      "അമ്മേ..അമ്മേ.."

                              കണ്ണീരുണങ്ങിയ കണ്‍ തടവുമായി പുറത്തെ വിളിയിലേക്ക്...കൈകള്‍ കൂപ്പി വിനീതനായി നിറചിരിയോടെ എം.എല്‍.എ.. കൂടെ മാലിന്യം പൊതിയുന്ന ഈച്ചകള്‍ പോലെ സഹപ്രവര്‍ത്തകര്‍..

     "അച്ഛന്‍ മരിച്ചപ്പോള്‍ വരാന്‍ കഴിഞ്ഞില്ല...കേട്ടപ്പോള്‍ എനിക്കൊത്തിരി വെഷമായി..ഞാനാ ദേശീയ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ ശരിയാക്കി  കൊടുത്തത്..പക്ഷെ വാങ്ങാനുള്ള യോഗം..."

                              അയാള്‍ കണ്ണുകള്‍ തുടച്ചു...അത് കണ്ട് കൂടെ നിന്നവരും കണ്ണുകള്‍ തുടച്ചു..മുന്നോട്ട് വന്നു അവരുടെ കൈകള്‍ പിടിച്ച് കൃത്രിമ ദുഃഖം മുഖത്ത് തേച്ച് വീണ്ടും ഒരു അഭിനയം...

    "അമ്മേ..വരുന്ന ഇലക്ഷനില്‍ വോട്ട് എനിക്ക് തന്നെ ചെയ്യണം..."

                                അവരൊന്നും മിണ്ടാതെ നോക്കി നിന്നു..മുറ്റത്ത് മുളച്ച് പൊന്തിയ നെല്‍ ചെടിയും, പയറും, പിന്നെ ഒരു തുളസി ചെടിയും..അതില്‍ നോക്കി നിന്നു..

    "ബാബു...അമ്മക്ക് വിധവാ പെന്ഷനുള്ള കടലാസ് ശരിയാക്കി കൊടുക്കണം..എത്രയും വേഗം....ഇലക്ഷന് മുന്‍പേ കിട്ടിയിരിക്കണം..."

                                അത് വരെ മിണ്ടാതെയിരുന്ന അവര്‍ ഉള്ളില്‍ നിന്നും ഊര്‍ജ്ജം സ്വരൂ കൂട്ടി മുന്നിലെ നെല്‍ ചെടിയും, തുളസി ചെടിയും നോക്കി സധൈര്യം ഉറക്കെ പറഞ്ഞു...

        "അത് വേണ്ടാ നേതാവേ..ഞങ്ങള്‍ എ.പി,.എല്ലാ.."

 ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...




     

                                               

                                           





   



















2016, ജനുവരി 30, ശനിയാഴ്‌ച

"വഴി തെറ്റി പോകുന്ന കണ്ണുകള്‍..."

                                                         


                                                              "അല്ല രവീട്ടാ..നിങ്ങള് ഇത് എവിടെ നോക്ക്യാ ഇരിക്കണെ..ഞാന്‍ പറയണത് വല്ലതും കേള്‍ക്കണ്‌ണ്ടോ ??"

                       ഭാര്യ പറയുന്നത് കേട്ട് അയാള്‍ അടുത്ത ടേബിളിലെ ആകര്‍ഷണ വലയത്തില്‍ നിന്നും തിരികെ വന്നു..വളിച്ച ചിരിയോടെ..അവളുടെ സംശയ കണ്ണുകള്‍ തിരിഞ്ഞ് നോക്കി ഹോട്ടലിലെ അടുത്ത ടേബിള്‍ വരെ..അവിടെ ഒരു മസാല ദോശയുടെ പുറകില്‍ സ്ലീവ് ലെസ്സ് ചുരിദാര്‍ ധരിച്ച ഒരു യുവതി..

                                                             "ഉം..മനസ്സിലായി..കണ്ണും, മനസ്സും എവിടാര്‍ന്നൂന്ന്‍.."

                      അയാള്‍ ഒന്നുമറിയത്തത് പോലെ ഭാര്യയെ നോക്കി..ആ നിഷ്കളങ്കമായ ഭാവം കണ്ടു പതിവിലും ശബ്ദം താഴ്ത്തി അയാളെ നോക്കി അടുത്ത വെടി പൊട്ടിച്ചു...

                                                              "അത്രക്ക് ചന്തണ്ടോ ആ മസാല ദോശക്ക്.."

                                                              "നിനക്ക് തോന്നണതാ..ഞാനിങ്ങനെ ഓഫീസിലെ കാര്യം ചിന്തിച്ച് ഇരുന്നതാ..."

                     കാറില്‍ കയറി തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴും വഴിയരികിലെ പെണ്‍ കാഴ്ചകളില്‍ കാറിന്റെ കണ്ണാടിയിലൂടെ ആ കള്ള കണ്ണുകള്‍ തേടി പോകുന്നതും, ആസ്വദിക്കുന്നതും ഭാര്യ കണ്ടു...അവര്‍ സ്വയം പറഞ്ഞു...എന്‍റെ നിഗമനം ശരിയാണ്..ഈയിടെ അദ്ദേഹത്തിന്‍റെ കണ്ണുകള്‍ക്ക് തന്നേക്കാള്‍ പ്രിയം മറ്റ് ചില കാഴ്ചകള്‍ തന്നെ..അവര്‍ മുന്‍സീറ്റിലെ സണ്‍ വൈസര്‍ നിവര്‍ത്തി കൊച്ചു കണ്ണാടിയില്‍ തന്‍റെ മുഖം നോക്കി..യൗവനം കരി പിടിച്ച പോലെ ചില കറുത്ത പാടുകള്‍..ചുളിവുകള്‍ ..ഇരുപത് കൊല്ലം ദാമ്പത്യജീവിതം  നല്‍കിയ ചില ചിഹ്നങ്ങള്‍...ഇടക്ക് അവര്‍ കാറോടിക്കുന്ന അയാളെ നോക്കി...കറുപ്പില്‍ മുങ്ങി കുളിച്ച് ഒളിപ്പിച്ച മദ്ധ്യ വയസ്സ്..ചെറുപ്പകാരന്‍ ആയി തീരാനുള്ള കൃത്രിമ ശ്രമങ്ങള്‍...

                    കുറച്ച് നാളുകളായി പുറത്തേക്കുള്ള യാത്രകളില്‍ അദ്ദേഹം വഴിയരികിലെ കാഴ്ചകള്‍ താന്‍ അറിയാതെ ആസ്വാദിക്കാന്‍ തുടങ്ങിയിട്ട്..കണ്ണുകള്‍ തന്നെ ഒളിച്ച് .ചിലപ്പോള്‍ ചെറിയ പെങ്കുട്ടികളിലേക്കും. മകന്‍റെ കൂട്ടുക്കാരിയെ പോലും..ഒരിക്കല്‍ തുറന്ന്‍ ചോദിച്ചു..സിനിമ തിയേറ്ററില്‍ വെച്ച്..

                                                          "രവീട്ടാ..ആ കണ്ണിനെ പിടിച്ച് കെട്ടിയിട്.."

                                                          "തനിക്ക് തോന്നണതാ..അതെനിക്ക് പരിചയമുള്ള.."

                     കാര്‍ വീട്ടില്‍ എത്തിയപ്പോള്‍ അയാള്‍ക്കും തോന്നി..അവള്‍ക്ക് എല്ലാം മനസ്സിലായി തുടങ്ങിയിരിക്കുന്നു..തന്‍റെ കണ്ണുകളുടെ കള്ള തരത്തെ കുറിച്ച്.. കുറച്ച് നാളായി നിയന്ത്രിക്കാന്‍ കഴിയാത്ത പോലെ..പണ്ട് ഉണ്ടായിരുന്നു..എന്നാല്‍ ഈയിടെയായി കുറച്ച് കൂടുതലാണ്..എന്തെങ്കിലും ഒരു വഴി കാണണം..മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിച്ചതാ..എന്നിട്ടും കണ്ണുകള്‍ക്ക് മുന്നില്‍ തോല്‍ക്കുന്നു..

                                                            "എടൊ..എന്‍റെ പ്രശ്നം പച്ചയായി ഞാന്‍ പറഞ്ഞല്ലോ..മറ്റ്  സ്ത്രീകളുടെ ബാഹ്യ സൗന്ദര്യം തേടി എന്‍റെ കണ്ണുകള്‍ എന്‍റെ അറിവോടെ പോകുന്നു...മനസ്സ് കൊണ്ട് നിയന്ത്രിക്കാനും കഴിയുന്നില്ല.".

                   അവന്‍ ഒന്ന്‍ വയര്‍ കുലുക്കി ചിരിച്ച് കൊണ്ട് ഒഴിഞ്ഞ ഗ്ലാസ്സിലേക്ക് മദ്യം പകര്‍ത്തി എന്നെ നോക്കി..അടുത്ത സ്നേഹിതന്‍..കുടുംബ സമേതം ഗള്‍ഫില്‍ നിന്നും ലീവിന് വന്നിരിക്കുന്നവന്‍..അവനോടു മാത്രമേ എല്ലാം തുറന്ന് പറയാറുള്ളൂ...

                                                                 "രവീ..നല്ലൊരു പൂവ് കണ്ടാല്‍ ആരും നോക്കും, നല്ലൊരു ചിത്രം കണ്ടാല്‍ ആരും നോക്കും..നല്ല ഭക്ഷണം കിട്ടിയാല്‍ ആരും ആസ്വദിച്ച് കഴിക്കും..നല്ലൊരു സിനിമ കണ്ടാല്‍ ആരും ആസ്വദിക്കും.അത് പോലെ നല്ലൊരു പെണ്ണിനെ കണ്ടാല്‍ ആരും ഒന്ന്‍ നോക്കും.ഒന്ന് നോക്കീന്ന് വെച്ച് എന്ത് സംഭവിക്കാന്‍..ആരും നോക്കി പോകും..കല്യാണം കഴിഞ്ഞവര്‍ ആയാലും...അതേ ലോക തത്വമാ..."

                                                                  "നേരെ മറിച്ചാണെങ്കില്‍??. നല്ലൊരു ആണിനെ കണ്ടാല്‍ അവരും നോക്കിയാലോ??"

                    ചോദ്യത്തിലെ അന്തരാര്‍ത്ഥം തിരിച്ചറിഞ്ഞത് പോലെ അവന്‍ വീണ്ടും അതി വേഗത്തില്‍ രണ്ട്‌ ലാര്‍ജ്ജ് വിഴുങ്ങി ഒരു കറുത്ത കണ്ണട എടുത്ത് ധരിച്ച് ചിരിച്ച് കൊണ്ട്..

                                                                 "മനസ്സിലായോ??"

                   മനസ്സിലായില്ല എന്ന മുഖഭാവത്തില്‍ നിന്നും വായിച്ചെടുത്ത് അവന്‍ വീണ്ടും പുതിയ ഒരു അറിവ് പകര്‍ന്നു തന്നു..

                                                                 "എടൊ..ഒരു മറ..കണ്ണുകളെ മറയ്ക്കാന്‍ ഒരു കറുത്ത കണ്ണട കൊണ്ട് ഒരു മറ..ഇത് വെച്ച് ആരെയും നോക്കാം..എന്തും ആസ്വദിക്കാം..ഭാര്യയ്ക്ക് ഒരിക്കലും തിരിച്ചറിയില്ല..ആരെയാണ് നോക്കിയതെന്നും, എന്താണ് നോക്കിയതെന്നും..ഞാന്‍ ഇത് കാലത്ത് തന്നെ എടുത്ത് ഫിറ്റ്‌ ചെയ്യും..പിന്നെ ഇതിന്‍റെ മറ പിടിച്ച് എല്ലാം കാണും.ആസ്വദിക്കും..ഭൂരി ഭാഗം ആണുങ്ങളും പകല്‍ സമയം മുഴോന്‍ കറുത്ത കണ്ണട വെക്കണത് എന്തിനാ..മാന്യമായിട്ടു വായില്‍ നോക്കാന്‍.അത്ര തന്നെ ."

                 ചിരിച്ച് കൊണ്ടിരുന്ന അവന്‍റെ ചിരി ഒരു നിമിഷത്തില്‍ മുഖത്ത് നിന്നും  മാഞ്ഞു...വീടിനകത്തേക്ക് പുറത്ത് നിന്നും കയറി വരുന്ന അവന്‍റെ ഭാര്യ. കയ്യില്‍ കുറേ കവറുകളും തൂക്കി ഒരു വലിയ കറുത്ത കണ്ണട ധരിച്ച്..അവന്‍ ദയനീയമായി ചിരി ഒളിപ്പിക്കാന്‍ ബുദ്ധി മുട്ടുന്ന എന്നേയും, അവന്‍റെ ഭാര്യയുടെ  മുഖത്തെ കറുത്ത കണ്ണടയേയും  മാറി മാറി നോക്കി..കറുത്ത കണ്ണട വെച്ച് ഒന്നും മിണ്ടാതെ അവന്‍റെ ഭാര്യ കുറേ നേരം നോക്കി നിന്നു.എന്നെയാണോ??, അവനെയാണോ?? അതിനുത്തരം തരാന്‍ ആ കണ്ണുകള്‍ക്ക് കഴിഞ്ഞില്ല..കറുത്ത കണ്ണടയുടെ മറവില്‍ ഒരു രഹസ്യം ഒളിപ്പിച്ച നോട്ടം പോലെ....അവനുള്ളില്‍ നിന്നും അത്രയും സമയം കുടിച്ച വീര്യം താപമായ് ആകാശം തേടി പോയത് പോലെ..

                 വീട്ടിലേക്ക് തിരികെ പോരുമ്പോള്‍ വീണ്ടും ചിന്തയില്‍ തെന്നി പോകുന്ന കണ്ണുകളെ നിയന്ത്രിക്കാനുള്ള ഒരു ഉള്‍കാഴ്ച നേടാനുള്ള വ്യഗ്രത ആയിരുന്നു. കുറച്ച് മുന്‍പ് അവനോട് ചോദിച്ച ചോദ്യം അതേ പോലെ മനസ്സ് തിരിച്ച് ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു...

                "തന്‍റെ കൂടെ ഇരിക്കുമ്പോള്‍ അടുത്ത സീറ്റിലെ ചെറുപ്പക്കാരനെ ഒളി കണ്ണുകളാല്‍ നോക്കുന്ന ഭാര്യ...

                 കറുത്ത കണ്ണട വെച്ച് കാറിലിരുന്നു വഴിയിലൂടെ പോകുന്ന ആണുങ്ങളെ നോക്കുന്ന ഭാര്യ..."

                ആ ചിന്തയെ കൊത്തി വലിക്കുന്ന സത്യമായി മാറ്റുന്നത് പോലെ മുന്‍ വശത്തെ ടയര്‍ കാറ്റ് പോയി  തുടങ്ങി കാര്‍ ഒരു വശത്തേക്ക് വലിയാന്‍ തുടങ്ങിയിരിക്കുന്നു..

                  അരണ്ട സന്ധ്യ വെളിച്ചത്തില്‍ പഞ്ചര്‍ കടയുടെ മുന്നില്‍ നില്ക്കുമ്പോള്‍ നാടോടികളുടെ കുടിലിന് മുന്നില്‍ നിന്നും ഒരുള്‍ കാഴ്ച.."നാടോടികളായ ഒരു ഭര്‍ത്താവും, ഭാര്യയും..." അവന്‍ വിരൂപിയായ അവളുടെ പുറകില്‍ നിന്നും അഴുക്ക് പുരണ്ട മുടി മെടഞ്ഞു കെട്ടി വെച്ച് അതില്‍ വാടിയ ഒരു മുല്ല പൂ മാല ചൂടി മുന്നിലേക്ക് വന്ന് അന്തി സൂര്യന്‍റെ വെളിച്ചത്തില്‍ കണ്‍ കുളുര്‍ക്കെ നോക്കി..പിന്നെ മടിയില്‍ നിന്നും ഒരു സ്റ്റിക്കര്‍ പോട്ട് അവളുടെ നെറ്റിയില്‍ ഒട്ടിച്ച് പിന്നെയും പിന്നെയും അവളുടെ സൗന്ദര്യം  നോക്കി നിന്നു..അതെല്ലാം നോക്കി കാറിനു പിന്നില്‍ അയാളും..

                                                          "എന്‍ ഉലക അഴകിയാം രാസാത്തി..എന്‍ ചെല്ലം..."

                   ഒരു പൊട്ടിയ ചില്ല് കണ്ണാടി കൊണ്ട് അവളുടെ അഴക്‌ അവളെ കാണിച്ച് കൊടുത്ത് ആ കവിളില്‍ ഒന്ന് നുള്ളി വീണ്ടും അവന്‍

                                                         "ഇന്ത ഉലകിനിലെ  എന്‍ പൊണ്ടാട്ടി  താന്‍ മൊതല്‍ അഴകി..എന്‍ നെഞ്ച് കീറി പാത്താല്‍ ഉള്ളുക്കുള്ളീ നീ താന്‍ അമ്മാ..ഇദയത്തില്‍ നീ മട്ടും താന്‍ ..."

                    അവളുടെ കൈ പിടിച്ച് കുടിലിലേക്ക് കയറുമ്പോള്‍ പ്രണയത്തിന്‍റെ അമൂല്യമായ ഒരു ദൈവിക ഭാവം അയാള്‍ കണ്ടു..അതില്‍ നിന്നും ഒരു തരി വെളിച്ചം ആ ഹൃദയത്തിലേക്ക്..നന്മയുടെ വെളിച്ചം മനസ്സില്‍ നിന്നും കടിഞ്ഞാണ്‍ വിട്ടോടുന്ന കണ്ണുകളിലേക്കും...ടയര്‍ റിപ്പയര്‍ ചെയ്യ്ത പണം എടുത്ത് കൊടുക്കാന്‍ പേഴ്സ് തുറന്നപ്പോള്‍ അതിനുള്ളില്‍ ഒരു ബില്ലിന്‍റെ മറവില്‍ ഭാര്യയുടെ ഫോട്ടോ..ഐശ്വര്യത്തോടെ ചിരിയോടെ തന്നെ മാത്രം നോക്കിയിരിക്കുന്ന കണ്ണുകള്‍..ആ ഫോട്ടോ പേഴ്സില്‍ തുറന്നാല്‍ കാണുന്ന തരത്തില്‍ വെച്ച് കാറിനുള്ളില്‍ കയറുമ്പോള്‍ നടന്ന്‍ പോയ വര്‍ണ്ണങ്ങള്‍ കണ്ടില്ല..മുന്നില്‍ അവള്‍ മാത്രം..

                     വണ്ടി മുന്നോട്ട് പോകുമ്പോള്‍ അയാള്‍ ആ പേഴ്സ് വിടര്‍ത്തി മുന്നില്‍ ഡാഷ് ബോര്‍ഡില്‍ വെച്ചു...കാവല്‍ മാലാഖയെ പോലെ കൂട്ടിന് അതിനുള്ളിലെ ചിത്രം..വണ്ടിയുടെ വെളിച്ചം അയാളേയും, മനസ്സിനേയും, ആ കണ്ണുകളേയും മുന്നിലെ നന്മയുടെ പാതയിലേക്ക് നയിക്കുകയായിരുന്നു..ചില്ലുകള്‍ ഉയര്‍ത്തിയ കാറിനുള്ളില്‍ നിന്നും അയാള്‍ ഉറക്കെ സ്വന്തം മനസ്സിനോട് വിളിച്ച് പറഞ്ഞു..

      "ഇന്ത ഉലകിനിലെ  എന്‍ പൊണ്ടാട്ടി  താന്‍ മൊതല്‍ അഴകി."

  ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..
         
    harishkdlr.blogspot.com

                             

                           

   

                                                     

                                                          

2016, ജനുവരി 27, ബുധനാഴ്‌ച

"കാരുണ്യ ലോട്ടറി"

                                                         
                                                           
                                                                   
                                                                 തൃശൂര്‍ ടൌണ്‍ ഹാളിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്യ്ത് എതിര്‍ വശത്തെ പി.എസ്.സി ഓഫീസിലേക്ക് പോകാന്‍ റോഡ്‌ ക്രോസ്സ് ചെയ്യാന്‍ നില്‍ക്കുമ്പോള്‍ ചുട്ടു പൊള്ളുന്ന വെയിലില്‍ എന്നെ നോക്കി ചിരിച്ച് കൊണ്ട് നില്‍ക്കുന്ന അവരെ കണ്ടു...റോഡ്‌ മുറിച്ച് കടന്ന്‍ എതിര്‍ വശത്ത് എത്തി ചേരുന്നത് വരെ പ്രതീക്ഷ നിറഞ്ഞ ആ കണ്ണുകള്‍ എന്നില്‍ തന്നെയായിരുന്നു.

         "മോനെ.."

                                                                അമ്പതിന് മുകളില്‍ പ്രായമുണ്ടാകണം  അവര്‍ക്ക്..കയ്യില്‍ ലോട്ടറി ടിക്കറ്റുകള്‍..അമിതമായ ശരീര ഭാരം കൊണ്ടോ, അസുഖം കൊണ്ടോ പതുക്കെയുള്ള ചലനങ്ങള്‍ ..അവരെ മറി കടന്ന്‍ ശ്രദ്ധ ലോട്ടറിയില്‍ നിന്നും മറ്റെവിയോ തിരിച്ച് പിടിച്ചത്  കൊണ്ടാകണം പിന്‍ വിളി വന്നത്..എന്നും ലോട്ടറി പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു മാറുകയാണ് പതിവ്..അമ്പത് ആള്‍ മാത്രമുള്ള കുറികള്‍ പോലും 48-മത്തെ തവണ പോലും നറുക്കില്‍ കടാക്ഷിക്കാത്ത  എന്‍റെ ഭാഗ്യം ഒരു പരീക്ഷണ വസ്തു ആക്കാന്‍ മുതിരാറില്ല..അതിനാല്‍ ലോട്ടറി ടിക്കറ്റ് എടുത്ത കാലം മറന്നു പോയിരിക്കുന്നു..മുന്നോട്ട് നടക്കാന്‍ തുടങ്ങുമ്പോള്‍ വീണ്ടും അവരുടെ വിളി വന്നു...

         "മോനെ ഒരു ടിക്കറ്റ് എടുക്കോ..??ഇന്നോരെണ്ണം പോലും വിറ്റിട്ടില്ല"

                                                             തിരിയുമ്പോള്‍ മുകളില്‍ കത്തി നില്‍ക്കുന്ന സൂര്യോനോളം താപം ദൈന്യമായി ആ കണ്ണുകളില്‍..വിയര്‍പ്പ് ചാലിട്ട മുഖത്ത് മറഞ്ഞിരിക്കുന്ന ദുഃഖം എന്‍റെ മനസ്സ് തിരിച്ചറിഞ്ഞ നിമിഷം കൈകള്‍ പോക്കറ്റിലേക്ക് നീണ്ടു...പേഴ്സില്‍ നിന്നും ഒരു അമ്പത് രൂപയെടുത്ത്‌ അവര്‍ക്ക് നേരെ നീട്ടി..അവര്‍ ടിക്കറ്റ് കീറുമ്പോള്‍ ഞാന്‍ പി.എസ്.സി ഓഫീസിന്‍റെ പടികള്‍ കയറി തുടങ്ങിയിരുന്നു..ടിക്കറ്റ് വാങ്ങാതെ..കാരണം എന്‍റെ ലോട്ടറി ഭാഗ്യത്തെ കുറിച്ച് അത്രക്കും അവബോധം എനിക്കുണ്ട്..പിന്നെ വെറുതെ എന്തിനൊരു പരീക്ഷണം..കൊടുത്ത പൈസ ദാനമായി കണ്ട് മുന്നോട്ട് നടക്കവേ പിന്നില്‍ നിന്നും വീണ്ടും വിളി കേട്ടു..

        "മോനെ ടിക്കറ്റ് വാങ്ങിയില്ല.."

                                                                തിരുത്താന്‍ കഴിയാത്ത അഹങ്കാരവും , നിറഞ്ഞ പോക്കറ്റുമായി പടികള്‍  കയറി രണ്ടാം നിലയിലെ ഓഫീസില്‍ എത്തിയപ്പോള്‍ സര്‍ക്കാര്‍ ജോലിയിലെ പ്രൊബേഷന്‍ എന്ന കടമ്പ കടക്കാനുള്ള നൂലാമാലകളില്‍ അമ്പലങ്ങളിലെ ഉപ ദേവതകളുടെ പ്രതിഷ്ഠകളില്‍ കൈ കൂപ്പി വണങ്ങുന്നത് പോലെ..പി.എസ്.സി ഓഫീസിനുള്ളില്‍ അടുക്കും ചിട്ടയുമില്ലാതെ കിടക്കുന്ന ഡെസ്കിനു മുന്നിലും, അതിന്‍റെ പുറകെ പൊടി പിടിച്ച ഫയലുകള്‍ക്ക് പിന്നില്‍ ഇരിക്കുന്ന ചിരിക്കാത്ത മൂര്‍ത്തി ഭാവങ്ങള്‍ക്ക് മുന്നിലും എന്‍റെ ശ്രീമതി അലയുന്നു..അവിടെ കണ്ട കസേരയില്‍ ഇരുന്ന്‍ ചോര്‍ന്നൊലിക്കുന്ന ഭിത്തിയിലും, അടര്‍ന്നു വീണ് മുകളില്‍ ഭൂപടം തീര്‍ത്ത സീലിങ്ങിലും, എനിക്ക് വയ്യ, എന്നെ കൊണ്ടാകില്ല എന്ന തരത്തില്‍ മുകളില്‍ ശബ്ദമുണ്ടാക്കി കരയുന്ന ഫാനിലും, ഒരാള്‍ക്ക് പോലും കണ്ടെത്താന്‍ കഴിയാതെ കേട്ടു പിണഞ്ഞ് കൂടി കലര്‍ന്ന്‍ മുകളിലൂടെ അന്തമില്ലാതെ എവിടെക്കോ വൈദ്യതിയും, ടെലിഫോണ്‍ കണക്ഷനും, ഇന്റര്‍നെറ്റും എത്തിക്കുന്ന കേബിള്‍ സാമ്രാജ്യവും നോക്കിയിരിക്കുമ്പോള്‍ ശ്രീമതി അടുത്ത് വന്ന് പറഞ്ഞു...

    "ഇത്തിരി കൂടി സമയമെടുക്കും..."

                                                                  എനിക്കറിയാം ആ ഇത്തിരി നീളാന്‍ പോകുന്നത് അന്നത്തെ ദിവസത്തിന്‍റെ അവസാനം വരെ തന്നെ ആയിരിക്കുമെന്ന്...സര്‍ക്കാര്‍ കണക്കിന്, പ്രത്യേകിച്ച് പി.എസ്.സി കണക്കില്‍  ഒരു സെക്കന്റ് ഒരു മണിക്കൂറും, ഒരു മണിക്കൂര്‍  ഒരു മാസവുമാണ്..എന്തായാലും ഇത്തിരി സമയത്തിനുള്ളില്‍ കലശമായ മൂത്ര ശങ്ക അവസാനിപ്പിച്ച് വരാന്‍ തിരികെ ഇറങ്ങുമ്പോള്‍ ഒരു മൂലയില്‍ പൊടി പിടിച്ചും, പല്ലി കാഷ്ടിച്ചും വൃത്തിയായി സൂക്ഷിച്ച് വെച്ചിരിക്കുന്ന പേപ്പര്‍ കെട്ടുകള്‍..അല്ലെങ്കില്‍ ഉത്തര കടലാസ്സുകള്‍..ഒരു ജോലി കിട്ടാനുള്ള കേരളത്തിലെ ചെറുപ്പക്കാരുടെ ഉറക്കം നഷ്‌ടമായ അദ്ധ്വാനവും, സ്വപ്നവും, ആധിയും, വ്യഥയും, കണ്ണ് നീരും..ഒരു വിലയുമില്ലാതെ മൂലയില്‍...അതിന് മുകളില്‍ മാറാല പിടിച്ച് ആം ആത്മിയുടെ ഒരു ചൂലും...

                                                                    തിരികെ താഴത്ത് ചെന്ന്‍ ടോയ്‌ലറ്റ് തിരിക്കി വേഗതയില്‍ നടക്കുമ്പോള്‍ വീണ്ടും പിന്നില്‍ നിന്നും വിളി കേട്ടു..ഒരല്പം ദൈന്യം കലര്‍ന്ന കുറേ മുന്‍പ് എന്നെ തേടി വന്ന വിളി...

    "മോനേ.."
                                                                 
                                                                     ഇനിയും പിന്‍വിളികള്‍ക്ക് കാത്ത് നിന്നാല്‍ ഒരിക്കലും നിയന്ത്രണ വിധേയമാക്കാന്‍ കഴിയാത്ത രീതിയില്‍ ജല വിപ്ലവം സൃഷ്ടിക്കുമെന്ന ഉറപ്പിനാല്‍ പിന്‍ വിളികള്‍ക്ക് കാതോര്‍ക്കാതെ വേഗം നടന്നു..സര്‍ക്കാര്‍ കെട്ടിടത്തിലെ പുരുഷ ടോയ്‌ലറ്റ് തേടി..വളരെ കൃത്യമായി തന്നെ അതി രൂക്ഷമായ ഗന്ധം വരുന്ന ദിക്കിലേക്ക് ആരുടേയും സഹായമില്ലാതെ എത്തിച്ചേര്‍ന്നപ്പോള്‍, മുന്നില്‍ ഇറ്റാലിയന്‍ ചിത്രക്കാരന്മാരെ തോല്പിക്കുന്ന ചുവര്‍ ചിത്രങ്ങള്‍ക്ക് താഴെ കരി കൊണ്ട് എഴുതി വെച്ച ആംഗലേയ അക്ഷരങ്ങള്‍.."TOILET" നഗ്നതയുടെ ഏറ്റവും ഉദാത്തമായ ആ സൃഷ്ടികള്‍ക്ക് താഴെ പല വിധത്തിലുള്ള അശ്ലീല വാക്കുകള്‍, പിന്നെ ആര്‍ക്കോ ആരോടോ തോന്നിയ പ്രേമം എല്ലാം സ്വര്‍ണ്ണ ലിപികളില്‍...അകത്ത്?????

                                                                     വൃത്തിയുടെയും, സംസ്ക്കാരത്തിന്‍റെയും കളിത്തൊട്ടില്‍ പോലെ അതി രൂക്ഷമായ മനുഷ്യ വിസര്‍ജ്ജ സുഗന്ധം പരക്കുന്ന മായിക ലോകത്ത് ചുവരുകളില്‍ മുറുക്കി തുപ്പിയ ചിത്രങ്ങള്‍, വികലമായ ചില മനസ്സുകള്‍ സൃഷ്ടിച്ച കലാവിരുതുകള്‍,പിന്നെ ചില ഫോണ്‍ നമ്പറുകള്‍, പൊട്ടിയൊലിക്കുന്ന പൈപ്പുകള്‍ ജലധാര യന്ത്രങ്ങള്‍ പോലെ ...തറയില്‍ ബീഡി, സിഗരെറ്റ്‌ കുറ്റികള്‍, ഹാന്‍സ് പാക്കറ്റുകള്‍ കൊണ്ട് തീര്‍ത്ത അതി വൃത്തിഹീനമായ ലോകത്തിന് നടുവിലെ മഞ്ഞ നിറം പൂണ്ട സാനിട്ടറി സ്വര്‍ഗ്ഗം..അതിലൊന്നില്‍ കണ്ണും, മൂക്കും,മനസ്സും, കൊട്ടിയടച്ച് കാര്യം സാധിച്ച് പുറത്ത് വന്നപ്പോള്‍ മനസ്സ് പറഞ്ഞു...

    "ബ്യൂറോക്രസ്സി..നന്ദി..ഇങ്ങനെയൊരു ലോകം സൃഷ്ടിച്ചതിന്..."

                                                                      ഒരല്പം ശുദ്ധ വായു ശ്വസിക്കാന്‍ വീണ്ടും മര തണലില്‍ വന്ന് നെടുവീര്‍പ്പിട്ടപ്പോള്‍ മുന്നില്‍ വീണ്ടും അവര്‍ എന്‍റെ മുന്നില്‍..ലോട്ടറി വില്പനക്കാരി..കയ്യില്‍ ഒരു ടിക്കറ്റുമായി..

      "മോനെ നേരത്തെ കാശ് തന്നിട്ട് ടിക്കറ്റ് വാങ്ങീല്ല..ദാ ഒരു  കാരുണ്യ പിടിച്ചോ.."

                                                                         നറുക്ക് വീഴാത്ത കുറിയും, അടിക്കാത്ത ലോട്ടറി ടിക്കറ്റും, പിന്നെയൊരല്പം പോക്കറ്റ് നിറഞ്ഞു നില്‍ക്കുന്ന അഹങ്കാരവും..അമ്പത് രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങാതെ രക്ഷപ്പെട്ട കാരണങ്ങള്‍ പലതായിരുന്നു..

    "ടിക്കറ്റ് വേണ്ട ചേച്ചി...ഞാന്‍ ലോട്ടറി എടുക്കാറില്ല..ആ പൈസ ഞാന്‍ ചേച്ചിക്ക് തന്നതാണ്..നല്ല മനസ്സോടെ..."

                                                                         അവര്‍ ഒന്നും പറയാതെ എന്‍റെ മുന്നില്‍ ഒരിറ്റ് കണ്ണീര് ചേര്‍ത്ത് കയ്യിലിരിക്കുന്ന നരച്ച പേഴ്സില്‍ നിന്നും അമ്പത് രൂപ തിരികെ എടുത്ത് നീട്ടി...

   "മോനെ ഇതെനിക്ക് വേണ്ടാ..."

                                                                         എന്‍റെ  എല്ലാ "അഹം" ചിന്തകള്‍ക്കും വിരാമം പോലെ പിന്നെയും ചില വാക്കുകള്‍...

   "മൂപ്പര് മരിച്ചപ്പോള്‍ ജീവിതം വഴി നിന്നൂന്ന് കരുതീതാ..എന്നാലും  അന്ന് തീരുമാനിച്ചതാ....പിച്ചയെടുക്കില്ലാന്നും, മാനം വിക്കില്ലാന്നും..പിള്ളാരെ വളര്‍ത്താന്‍ വേണ്ടി  തൊടങ്ങീതാ ലോട്ടറി കച്ചോടം..ഇതീന്ന്‍ കിട്ടണ കാശോണ്ട് കഷ്ടിച്ച് ജീവിച്ച് പോണ്....അര്‍ഹതയില്ലാത്ത ,അധ്വാനമില്ലാത്ത ഒരുറുപ്യ പോലും ചേച്ചിക്ക് വേണ്ടാ..."

                                                                       അത് വരെ മനസ്സില്‍ കെട്ടി നിന്ന മതിലുകള്‍ക്ക് വിള്ളലുകള്‍..ലോട്ടറി എടുക്കാത്ത കാരണത്തിന് ഞാന്‍ കെട്ടി വെച്ചിരുന്നത് എന്‍റെ സ്വാര്‍ത്ഥത മാത്രം..."പണം കിട്ടുന്നില്ല എന്ന ഒരു കാരണം മാത്രം.." പക്ഷെ അമ്പത്  രൂപ കൊടുത്ത് എടുക്കുമ്പോള്‍ അതില്‍ നിന്നും ഒരു ചെറിയ പങ്ക് എത്തി ചേരുന്ന ചില പാവപ്പെട്ട കൈകള്‍ കാണാതെ പോയത് ..തെറ്റ് തന്നെ...വീണ്ടും പോക്കറ്റില്‍ നിന്നും അമ്പത് രൂപ കൂടി എടുത്ത് അവര്‍ക്ക് നല്‍കി വേദനയോടെ പറഞ്ഞു...

       "രണ്ട്‌  ടിക്കറ്റ് തന്നേ.... ചേച്ചി.."

                                                                      രണ്ടു കാരുണ്യ ഭാഗ്യ കുറി  ടിക്കറ്റുകള്‍ തന്ന് പണം വാങ്ങി അവര്‍ തിരികെ സന്തോഷത്തോടെ പോകുമ്പോള്‍ അത് വരെ  എത്താത്ത ആനന്ദ നിര്‍വൃതിയില്‍ മനസ്സ് നിറയുകയായിരുന്നു...ആ ടിക്കറ്റില്‍ എഴുതിയ പ്രൈസ് സംഖ്യയുടെ അക്കങ്ങള്‍ നോക്കാതെ അതിന്‍റെ ടിക്കറ്റ് വില എഴുതിയ ഭാഗത്തെ അമ്പത്  രൂപ" എന്ന അക്ഷരം തിളങ്ങുന്നത് പോലെ എനിക്ക് തോന്നി..ഞാന്‍ അത് വാങ്ങിയപ്പോള്‍ അവരുടെ ജീവിതത്തില്‍ വന്ന് ചേരുന്ന ചില്ലറ തുട്ടുകള്‍ക്ക് ഇതടിച്ചാല്‍ എനിക്ക്കി ട്ടുന്ന ലക്ഷങ്ങളെക്കാള്‍ മൂല്യവ്യം, വിലയുമുണ്ടെന്ന തിരിച്ചറിവ് മനസ്സിലേക്ക് വന്ന് ചേര്‍ന്നപ്പോള്‍  വീണ്ടും ദൂരെ ടിക്കറ്റുമായി നടക്കുന്ന അവരെ നോക്കി...മുഖത്ത് മായാത്ത ചിരിയോടെ വീണ്ടും ആരെങ്കിലും ടിക്കറ്റ് വാങ്ങുമെന്ന പ്രതീക്ഷയോടെ ...ചുട്ടു പൊള്ളുന്ന വെയിലില്‍....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..


                                                                       
                                                                     





2016, ജനുവരി 21, വ്യാഴാഴ്‌ച

ദൈവസാന്നിധ്യം നിറഞ്ഞ ഒരു ദിവസം......

 

                                      
     "നിങ്ങള്‍ ജീവിതത്തില്‍ ഏതെങ്കിലും ദൈവത്തെ നേരില്‍ കണ്ടിട്ടുണ്ടോ?"
     "നിങ്ങള്‍ക്ക് എന്നെങ്കിലും  ദൈവത്തിന്‍റെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടോ??
     "നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?" ദൈവമുണ്ടോ??

                                        കുറേ ചോദ്യങ്ങള്‍...പലര്‍ക്കും വ്യക്തമായ മറുപടി ഉണ്ടാകാം..അത് പോലെ എനിക്കും..മുകളിലെ ചോദ്യങ്ങളില്‍ രണ്ടാമത്തെ ചോദ്യം തന്നെയാണ് ഈ വരികള്‍ എഴുതാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം..ഒരനുഭവം..അത് തന്നെയാണ് ആ ചോദ്യത്തിനുള്ള എന്‍റെ ഉത്തരവും..

24 ഡിസംബര്‍ 2015..വ്യാഴം..രാവിലെ 6.30 AM
ബത്താം ദ്വീപിലെ വില്ല പന്ബിലിലെ എന്‍റെ വീട്..

                                         നബി ദിനമായതിനാല്‍ അന്ന്‍ മുടക്കായിരുന്നു..അന്ന്‍ മാത്രമല്ല തുടര്‍ച്ചായി 4 ദിവസം ക്രിസ്തുമസ്സ് പ്രമാണിച്ചുള്ള അവധി..എന്നും അവധി ദിവസങ്ങളില്‍ മറ്റുള്ള ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി പതിവിലും നേരത്തെ ഉണരുന്ന ശീലമാണ് എനിക്ക്..അന്ന്‍ പൊതു മാര്‍ക്കറ്റില്‍ പോകണം..ഡ്രൈവര്‍ പുറത്ത് വന്ന് കാത്ത് കിടക്കുന്നു..ഒരു ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ എത്തിയപ്പോള്‍ പിന്നില്‍ ഒരു നിഴലനക്കം...ശ്രീമതി നിത്യ ഹരീഷ്..ചായ ഉണ്ടാക്കുമ്പോള്‍ ഞാന്‍ അടുക്കള സ്ലാബില്‍ കയറിയിരുന്ന് വെറുതെ പറഞ്ഞു..ഒരു കാരണവുമില്ലാതെ..

        "അച്ഛന്‍..എന്നെ അച്ഛനാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം..അച്ഛന്റെ സ്നേഹം അതൊന്ന് വേറെ തന്നെ..."

                                           അങ്ങിനെയൊരു വാക്ക് എന്നെ കൊണ്ട് പറയിപ്പിച്ച ദൈവത്തിന്‍റെ അദൃശ്യ സാന്നിധ്യം തന്നെ ആ ദിവസത്തെ ജീവിതത്തിലെ ഒരിക്കലും മറക്കാന്‍ കഴിയാത്ത ദിവസമാക്കി മാറ്റുകയായിരുന്നു...ചായ രണ്ട്‌ ഗ്ലാസ്സുകളിലെക്ക് പകര്‍ത്തി ഒന്ന്‍ നിത്യക്ക് നല്‍കി..ചെറിയ മകള്‍ എഴുന്നേറ്റ ശബ്ദം കേട്ട് അവള്‍ മുകളിലെ  മുറിയിലേക്ക് പോയി, കുറച്ച് കഴിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ടു..'ഒരു വൈബര്‍ കോള്‍ .."അതി രാവിലേയും, രാത്രി ഏറെ വൈകിയും വരുന്ന ഫോണ്‍ കോളുകളോട് എനിക്കെന്നും ഭയമായിരുന്നു..അത് പോലെ ഒരു അറിയാത്ത ഭയം നെഞ്ചില്‍ ഉരി തിരിഞ്ഞപ്പോള്‍ ഞാന്‍ അവളോട്‌ തന്നെ ചോദിച്ചു...

       "ചേച്ചിയാണ്..പിള്ളേരോട് സംസാരിക്കാന്‍ വിളിക്കുന്നതാ...അന്നുക്കുട്ടി ഉറങ്ങുന്നതിനാല്‍ ഞാന്‍ എടുത്തില്ല..."

                                       അതി രാവിലെ തന്നെ ചേച്ചി നാട്ടില്‍ നിന്നും വിളിക്കുമോ എന്നാ സംശയത്തോടെ ഞാന്‍  ഒഴിഞ്ഞ ചായ ഗ്ലാസ്സുമായി അടുക്കളയിലേക്ക് തിരികെ പോയപ്പോള്‍ സ്ലാബിലിരുന്നു എന്‍റെ ഫോണ്‍ വിറക്കുന്ന കാഴ്ച കണ്ടു .ഒപ്പം സ്ക്രീനില്‍ "സജിത്ത്" എന്ന പേരും, അടുത്ത സ്നേഹിതന്‍ സജിത്തിന്റെ ചിത്രവും..ഒരപകടം മനസ്സില്‍.വേഗം ഫോണുമായി വരാന്തയിലെ ചാറ്റല്‍ മഴയിലേക്ക്  ഇറങ്ങിയപ്പോള്‍ ഹൃദയം തകര്‍ക്കുന്ന വാക്കുകള്‍...

      "നിനക്ക് ഒന്ന്‍ വരാന്‍ പറ്റോ..അച്ഛന് കൊറച്ച് സീരിയസ്സാ..രാവിലെ അഞ്ച് മണിക്ക് ആശുപത്രിയില്‍ കൊണ്ട് പോയി.."

                                      നാട്ടിലെ രാവിലെ അഞ്ച് മണി..കുറച്ച് മിനിട്ടുകള്‍ മുന്‍പ്..  അച്ഛനെ കുറിച്ച് ഞാന്‍ ഭാര്യയോട് സംസാരിച്ച ആ നിമിഷത്തില്‍...ഇപ്പോള്‍ സജിത്തിന്‍റെ ശബ്ദത്തിലെ ഇടര്‍ച്ച എല്ലാം കേട്ടപ്പോള്‍ കാലില്‍ നിന്നും ഒരു ഭയം ഇരച്ച് കയറി നെഞ്ചില്‍ വലിയ ഭാരം സൃഷ്ടിച്ചു.ഒരപകടം..എന്‍റെ ഫോണില്‍ നിന്നും അടുത്ത കോള്‍ പോയത് ചേട്ടനായിരുന്നു..മറുപടി കരച്ചിലില്‍ കുടുങ്ങിയ വാക്കുകളാല്‍...

     "നീ അവളേയും, പിള്ളാരേയും കൊണ്ട് വേഗം വാ..നമ്മുടെ അച്ഛന്‍.."

                                      ജീവിതത്തില്‍ ഏറ്റവും വലിയ ദുഃഖം..ഭൂമി കറങ്ങി ഒടുവിലത് വിണ്ട് പിളര്‍ന്ന് ഞാന്‍ അതിലാഴ്ന്നു പോയത് പോലെ...പരിസരം മറന്ന്‍ പൊട്ടി കരഞ്ഞുകൊണ്ട്‌ വീടിനുള്ളില്‍ കയറിയപ്പോള്‍ മുന്നില്‍ ഭാര്യയും, കുട്ടികളും..ജീവിതത്തില്‍ ആദ്യമായി വാവിട്ട് കരയുന്നത് കണ്ടപ്പോള്‍ പറയാതെ തന്നെ അവരും മനസ്സിലാക്കി മുന്നില്‍ വന്നു നില്‍ക്കുന്ന ദുരന്തത്തെ കുറിച്ച്...ജീവിതത്തിലെ കാണപ്പെട്ട ദൈവമാണ് ദൂരെ കടലുകള്‍ക്കക്കരെ എന്‍റെ ചേട്ടന്‍റെ മടിയില്‍ തല വെച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി "സുബഹി ബാങ്ക് വിളി സമയത്ത്, അമ്പലത്തിലെ പ്രഭാതഗീതം മുഴങ്ങുന്ന സമയത്ത് ജീവന്‍ വേര്‍പ്പെട്ട് അറിയാത്ത ലോകത്തേക്ക് യാത്രയായത്..ഇന്ത്യന്‍ സമയത്തെക്കാള്‍ ഒന്നര മണിക്കൂര്‍ മുന്നിലായ ഇന്തോനേഷ്യന്‍ സമയം കണക്കാക്കി നോക്കിയപ്പോള്‍ രാവിലെ ഞാന്‍ അച്ഛനെ കുറിച്ച് ഭാര്യയോട് സംസാരിക്കുന്ന അതേ സമയത്ത് തന്നെ.അച്ചന്റെ ജീവന്‍...

                                          കരഞ്ഞു തളര്‍ന്ന്‍ ഇരുന്നാല്‍ ശരിയാകില്ല...ഉടനെ തന്നെ ഇവിടെ നിന്ന് പോകണം. ഒരു ദിവസം കൊണ്ട് താണ്ടാനുള്ള ദൂരം.ആഗ്രഹിക്കുന്ന സമയത്ത് യാത്ര ചെയ്യാന്‍ കഴിയാത്ത ആകാശ ദൂരം.അത് മറികടന്ന്‍ വേണം നാട്ടിലെത്താന്‍. എല്ലാവരും  കാത്തിരിക്കുന്നത് ഞങ്ങളെ..ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ആകാശ യാത്ര നടത്തുന്ന ദിവസമാണ്..ക്രിസ്തുമസ്സ് തലേന്ന്‍..കയ്യില്‍ ടിക്കറ്റില്ല..മാത്രമല്ല പാസ്പോര്‍ട്ട് സിംഗപൂര്‍ മള്‍ട്ടിപ്പിള്‍ എന്ട്രി വിസ അടിക്കാന്‍ കൊടുത്തിട്ട് ജക്കാര്‍ത്തയിലെ സിംഗപൂര്‍ എംബസിയില്‍...മുന്നില്‍ തുറിച്ചു നോക്കി നില്‍ക്കുന്ന ഭീകരമായ തടസ്സങ്ങള്‍.. ആദ്യം വിളിക്കുന്നത് ബത്താമിലെ ഏറ്റവും അടുത്ത സ്നേഹിതരായ രാംദാസിനെ. മഹാരാജ ഹോട്ടല്‍ ഉടമകളായ അന്‍വറിനെ..റഫീക്കിനെ..ടിക്കറ്റ് നോക്കാന്‍ രാംദാസ് തയ്യാറായി..ജക്കാര്‍ത്തയില്‍ പോയ എന്‍റെയും, ഭാര്യയുടേയും, രണ്ടു കുട്ടികളുടേയും പാസ്പോര്‍ട്ട് തിരകെ വന്നിട്ടുണ്ടെന്ന് അന്‍വര്‍ വിളിച്ച് പറഞ്ഞു..പക്ഷെ സിംഗപൂര്‍ വിസ..അതിനിയും കിട്ടിയിട്ടില്ല...നാലു ദിവസം എംബസി മുടക്കം..ഒന്നും നടക്കില്ല..വിസ ഇല്ലാതെ സിംഗപൂര്‍ വഴി പോകുന്ന കാര്യം ബുദ്ധിമുട്ട്...."നോക്കട്ടെ " എന്ന കൊച്ചു വാക്കിന്‍റെ വലിയ ബലം നല്‍കി കൂട്ടുക്കാര്‍ വഴികള്‍ മുഴുവന്‍ തുറക്കാന്‍ ആരംഭിച്ചു..

                                        ബത്താം ദ്വീപില്‍ നിന്നും കണ്ണുകള്‍ കൊണ്ട് കാണാവുന്ന ദൂരത്താണ് സിംഗപൂര്‍..യാത്ര എളുപ്പം..ഒരു അന്താരാഷ്ട്ര ഫെറി കടന്നാല്‍ സിംഗപൂര്‍..അത് കൊണ്ട് തന്നെ എന്തിനും, ഏതിനും ആശ്രയം സിംഗപൂര്‍ തന്നെ...ആ ഒരു ആശ്രയമാണ് നാലു പേരുടെ വിസയുടെ രൂപത്തില്‍ തടസ്സമായി മുന്നില്‍..ആ വഴി അടഞ്ഞാല്‍ പിന്നെയുള്ള യാത്ര ജക്കാര്‍ത്ത വഴി.നേരെ പോകുന്നതിന് പകരം വളഞ്ഞു പുളഞ്ഞ്, മൂന്ന്‍ വിമാനങ്ങള്‍ മാറി കയറിയുള്ള യാത്ര..കുറച്ച് കഴിഞ്ഞപ്പോള്‍ ദൈവത്തിന്‍റെ സാന്നിധ്യം പോലെ എന്‍റെ കൂട്ടുക്കാരും, കുടുംബവും ഞങ്ങളുടെ വീട്ടിലെത്തി,..മൂന്ന്‍ പേരും എന്തോ ആദ്യം തുറന്ന്‍ പറഞ്ഞില്ല..ഒടുവില്‍ രാംദാസ് തന്നെ സത്യം അറിയിച്ചു...

                                        സിംഗപൂര്‍ വിസ ഇല്ലാത്തതിനാല്‍ അകെ ഉണ്ടായിരുന്ന വഴി ബത്താം-ജക്കാര്‍ത്ത-സിംഗപൂര്‍ ട്രാന്‍സിറ്റ്- കൊച്ചി എന്ന വളഞ്ഞ വഴി ആയിരുന്നു..അതില്‍ ടിക്കറ്റ് ലഭ്യമല്ല.ആ യാത്രയെ കുറിച്ച് ചിന്തിച്ചിട്ട് കാര്യമില്ല..അച്ഛനെ അവസാനമായി കാണാനുള്ള വഴിയാണ് മുന്നില്‍ അടയുന്നത്..അത്രക്കും പാപം ചൈയ്തവര്‍ക്ക് മാത്രം ദൈവം വിധിക്കുന്ന ഒരു വിധി..ഒടുവില്‍ രണ്ടും കല്പിച്ച് രാംദാസും, റഫീക്കും, അന്‍വറും എന്നോട് തീരുമാനം പറഞ്ഞു..

           "ഒരേ ഒരു വഴി..സിംഗപൂരില്‍ നിന്നും വൈകീട്ട്മ 5.45-ന് മലേഷ്യന്‍  തലസ്ഥാനമായ കൊലാലംബൂരിലെക്ക് ..അവിടെ നിന്ന് രാത്രി 9 മണിയോടെ മലിന്തോ എയര്‍ലൈന്‍സ് വഴി കൊച്ചിയിലേക്ക്...സിംഗപൂര്‍ ഫെറി ടെര്‍മിനലില്‍ വിസയില്ലാതെ ഇറങ്ങുക..ഇമിഗ്രെഷനില്‍ കാര്യം അവതരിപ്പിക്കുക..മാനുഷികമായ ഒരു പരിഗണന...എമിഗ്രേഷന്‍ അനുവദിക്കും....തീര്‍ച്ചയാണ്.ഒന്ന്‍ ശ്രമിച്ച് നോക്കുക....."

                                       ഭയം തോന്നി..ഒന്നാമത് ഭാര്യയും, കുട്ടികളും കൂടെ..രണ്ടാമത് കഠിന നിയമങ്ങള്‍ പാലിക്കുന്ന സിംഗപൂര്‍ എന്ന രാജ്യം..ഒടുവില്‍ അവരുടെ വാക്കുകളിലെ പിന്‍ബലം ഉള്‍ക്കൊണ്ട് യാത്രയാകാന്‍ തീരുമാനിച്ചു..ഉച്ചക്ക് പന്ത്രണ്ട് മണിക്കുള്ള ഫെറിയില്‍ കയറുമ്പോള്‍ മനസ്സ് ചോദിച്ചു...

    'അച്ഛനെ അവസാനമായി ഒന്ന്‍ കാണാന്‍ സാധിക്കുമോ??" അല്ലാതെ വന്നാല്‍ ജീവിതം മുഴുവന്‍ ആ ദുഖവും പേറി ജീവിക്കേണ്ടി വരും.."

                                     ഒരുറപ്പ് പോലുമില്ലാതെ ഉള്‍ക്കടല്‍ താണ്ടി ഫെറി മുന്നോട്ട് നീങ്ങുമ്പോള്‍ ഞാനും, ഭാര്യയും മനസ്സ് കൊണ്ട് എല്ലാ ദൈവങ്ങള്‍ക്കും അരികിലായിരുന്നു.പ്രാര്‍ത്ഥനയും, കണ്ണീരും കലര്‍ന്ന നിശബ്ദമായ നിമിഷങ്ങള്‍.ഒടുവില്‍ മനസ്സ് ബലപ്പെടുത്തി ഞാന്‍ അവളോട്‌ ഉള്ളില്‍ കരഞ്ഞു കൊണ്ട് എന്‍റെ അവസാന തീരുമാനം തുറന്ന്‍ പറഞ്ഞു..

   "പോകാന്‍ സാധിച്ചില്ലെങ്കില്‍ ഞാന്‍ വിളിച്ച് പറയും...നാളെ തന്നെ സംസ്ക്കാരം നടത്തി കൊള്ളാന്‍..മൃതദേഹം കാത്ത് വെക്കുന്നത് മരിച്ച വ്യക്തിയോട് ചെയ്യുന്ന ദ്രോഹമാണ്, അനാദരവ് ആണ്.."

                                       കണ്ണീരില്‍ കലര്‍ന്ന ആ വാക്ക് സത്യമാക്കുന്നത് പോലെ ദൂരെ നിന്ന് കണ്ടു..ടെര്‍മിനലിന്റെ പുറത്തേക്ക് നീളുന്ന നീളന്‍ ഇമിഗ്രേഷന്‍ ക്യൂ..ഒപ്പം ബെര്‍ത്ത് കിട്ടാന്‍ കാത്ത് കിടക്കുന്ന  ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള കുറേ യാനങ്ങള്‍..അതിലൊന്നില്‍ പുകയുന്ന മനസ്സുമായി ഞങ്ങള്‍..മനസ്സ് തളര്‍ന്ന്‍ പോയി..വാച്ചില്‍ സൂചികള്‍ വേഗത്തില്‍ ഓടുന്നു.ഒന്ന്‍ പിടിച്ച് നിര്‍ത്താന്‍ കഴിയാതെ കണ്ണുകള്‍ കണ്ണ്‍ നീരില്‍ മറയുന്നു.അങ്ങ് ദൂരെ അനക്കമില്ലാത്ത ആയിരങ്ങളുടെ ക്യൂ, കര കാണാന്‍ സാധിക്കാത്ത  ഞങ്ങളുടെ ഫെറി, കടലിന്‍റെ അഴത്തേക്കാള്‍ ആഴമുള്ള ദുഃഖം പേറി ഞങ്ങള്‍.മനസ്സിനെ കീറി മുറിക്കുന്ന പോലെ മുന്നിലെ തടസ്സങ്ങള്‍.

                                       ഒടുവില്‍ പുറത്തെ തിരക്കിലേക്ക് കരയടുത്ത ഫെറിയില്‍ നിന്നും ഞങ്ങള്‍ കാല് കുത്തുമ്പോള്‍ സമയം ഉച്ച കഴിഞ്ഞ് 3.20 PM..മുന്നില്‍ ശേഷിക്കുന്ന രണ്ട്‌ മണിക്കൂര്‍ കൊണ്ട് എമിഗ്രെഷന്‍, പിന്നെ ഫെറി ടെര്‍മിനലില്‍ നിന്നും ചംഗി എയര്‍പോര്‍ട്ട് വരെയുള്ള അര മണിക്കൂര്‍ യാത്ര. അതിനിടയില്‍ മുന്നില്‍ എല്ലാം മുടക്കുന്ന എമിഗ്രേഷന്‍ ക്യൂ. സിംഗപൂര്‍ വിസ ഇല്ലെന്നുള്ള കടമ്പ, അത് വേറെ..അവിടെയാണ് ദൈവത്തിന്റെ അദൃശ്യ സാന്നിധ്യം മുന്നില്‍ കണ്ട് തുടങ്ങിയത്..തിരക്കേറിയ ക്യൂവില്‍ ദൈവം പോലെ ആ മനുഷ്യന്‍.ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥനായ അദ്ദേഹത്തിന്‍റെ പേരറിയില്ല, മതമറിയില്ല..അയാളുടെ നോട്ടം എന്നെ തേടി വന്ന നിമിഷം ഞാന്‍  ആ വലിയ മനുഷ്യന്‍റെ മുന്നില്‍ എയര്‍ ടിക്കറ്റ് കാണിച്ചു..ഒന്ന്‍ തിരിച്ച് ഒരക്ഷരം മിണ്ടാതെ അയാള്‍ ടിക്കറ്റ് വാങ്ങി എന്നേയും, കുടുംബത്തേയും വിളിച്ച് അടച്ചിട്ടിരിക്കുന്ന മറ്റൊരു  വഴി തുറന്ന്‍ നേരെ എമിഗ്രേഷന്‍ കൌണ്ടറിന്‍റെ മുന്നിലേക്ക്..അവിടെ നിന്ന ഓഫീസറോട് എന്തോ പറഞ്ഞ് അയാള്‍ തിരികെ പോയി..തിരക്കിലെവിടെയോ  അപ്രത്യക്ഷമായി. പകുതി പ്രതീക്ഷയോടെ കൌണ്ടറില്‍ ചെന്നപ്പോള്‍ "വിസയില്ല "എന്ന കാര്യം പറഞ്ഞതും..മറ്റൊരു മനുഷ്യന്‍ (എമിഗ്രേഷന്‍ ഓഫീസര്‍) പറഞ്ഞ വാക്കുകള്‍ ഒരിക്കലും മറക്കില്ല..

       "നോ പ്രോബ്ലം..യൂ ഓള്‍ കം വിത്ത് മീ.."

                                          ദൈവം വീണ്ടും മനുഷ്യ രൂപത്തില്‍...എമിഗ്രേഷന്‍ പ്രധാന ഓഫീസ് വരെ നീണ്ട അകമ്പടി വീണ്ടും നല്ല ചില വാക്കുകളില്‍ അവസാനിച്ചു..

      "വെയിറ്റ് ദേര്‍...ഡോണ്ട് വറി.."

                                          ഒരു നിമിഷം ആ കസേരയില്‍ തളര്‍ന്ന്‍ ഇരിക്കുമ്പോള്‍ എന്‍റെ രാജ്യത്തെ  എമിഗ്രേഷന്‍, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ തുറിച്ച് നോട്ടവും, അഴുക്ക് നിറഞ്ഞ മനോഭാവവും മനസ്സില്‍ തെളിഞ്ഞു വന്നു...വെറും ഇരുപത് മിനിറ്റ് കൊണ്ട് ദൈവം മുന്നില്‍ വഴിയൊരുക്കി..നാലു പേര്‍ക്കും നാലു ദിവസത്തെ വിസ അനുവദിച്ച് കൊണ്ട് ആ രാജ്യം 4.00 മണിയോടെ ഞങ്ങളെ ആ മണ്ണിലേക്ക് സ്വാഗതം ചെയ്തു.മനസ്സില്‍ വീണ്ടും പ്രത്യാശയുടെ കിരണങ്ങള്‍..കരഞ്ഞു വറ്റിയ കണ്ണുകള്‍ കൊണ്ട് ഒരു വരണ്ട ചിരി അവര്‍ക്ക് സമ്മാനിച്ച് ,മനസ്സ് തുറന്ന്‍ നന്ദി പറഞ്ഞ് കുടുംബത്തെ ചേര്‍ത്ത് പിടിച്ച് പുറത്തെ തിരിക്കിലേക്ക്...പിന്നെ ഒരു ഓട്ടമായിരുന്നു..ഹാര്‍ബര്‍ ബേ ഫെറി ടെര്‍മിനലിന്‍റെ അറ്റത്തുള്ള ടാക്സി കൗണ്ടര്‍ വരെ..അവിടേയും വലിയ ഒരു തടസ്സം മുന്നില്‍ വാ പിളര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു..അര മണിക്കൂര്‍ വരെ കാത്ത് നിന്നാലും ടാക്സി കിട്ടാത്ത വണ്ണം ടാക്സിക്കുള്ള നീണ്ട ക്യൂ..എല്ലാം അവസാനിക്കുമെന്ന് തോന്നുന്ന ചില സമയങ്ങളില്‍ ദൈവം വീണ്ടും കൈകള്‍ കടത്തും...പുറത്തെ തിരക്കില്‍ കൂടി നില്‍ക്കുന്നവര്‍ക്ക് ഇടയില്‍ അങ്ങിനെ ഒരാള്‍....ഞങ്ങള്‍ തമ്മില്‍ രണ്ടു വാക്കുകള്‍...

       "ടാക്സി...??"

       "വെയ്റ്റ് നിയര്‍ ദ ബസ്സ് സ്റൊപ്പ്...."

                                            അയാള്‍ ചൂണ്ടിയ ഭാഗത്തേക്ക് ഞാനും, കുടുംബവും മാറി നിന്നു..കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ഒരു വലിയ വണ്ടിയുമായി വന്നു...ഇല്ലീഗല്‍ ടാക്സി ആണെങ്കിലും..എനിക്ക് അത് ലീഗല്‍ ആയി തോന്നി..എന്‍റെ മുന്നിലുള്ള ഒന്നര മണിക്കൂര്‍ സമയം..അതിനുള്ളില്‍ ഞങ്ങള്‍ക്ക് പോകേണ്ട വിമാനം പറന്നുയരും..വണ്ടി ഓടി തുടങ്ങി ആദ്യം അയാള്‍ ചോദിച്ച ചോദ്യം...

      "നിനക്കെങ്ങനെ മനസ്സിലായി ഞാന്‍ പ്രൈവറ്റ് ടാക്സിക്കാരന്‍ ആണെന്ന്??മുന്നേ അറിയുമോ??"

       "നിന്നെ ദൈവം എന്‍റെ മുന്നില്‍ കൊണ്ട് വന്ന്‍ നിര്‍ത്തിയതാണ്..എനിക്ക് അഞ്ച് മണിക്ക്  മുന്‍പേ  എയര്‍ പോര്‍ട്ടില്‍ എത്തണം.."

                                           അയാള്‍ വീണ്ടും എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു. അമ്പത് സിംഗപൂര്‍ ഡോളര്‍ വാടക തരണമെന്നോ, ഭയക്കണ്ടാ നീ സമയത്തിന് എത്തുമെന്നോ അങ്ങിനെ കുറേ വാക്കുകള്‍.മുഴുവന്‍ കേട്ടില്ല.മനസ്സ് കുറച്ച് സമയം കഴിഞ്ഞ് ആകാശത്തേക്ക് പറക്കാന്‍ തയ്യാറെടുക്കുന്ന ആ വിമാനത്തിലാണ്.ആ വാഹനം കുറച്ച് ദൂരം അതിവേഗം  സുഗമമായി  പോയി. പിന്നീട് പതുക്കെയായി. ചംഗി നോര്‍ത്ത് വേയില്‍ വാഹനങ്ങള്‍ ഇഴയുന്നത് കണ്ടു..ഒപ്പം മുന്നിലെ ഡിജിറ്റല്‍ ബോര്‍ഡില്‍ മുന്നറിയിപ്പും..മുന്നില്‍ നടന്ന അപകടത്തെക്കുറിച്ച്..ട്രാഫിക്ക് ജാമിനെ കുറിച്ച്.. വീണ്ടും ദൈവം ഇടപ്പെട്ടത് പോലെ മിനിട്ടുകള്‍ക്കുള്ളില്‍ തിരക്ക് മാറി വാഹനം സുഖമായി ഓടാന്‍ തുടങ്ങി..ഒടുവില്‍ ടെര്‍മിനല്‍ രണ്ടിലെ മലിന്തോ എയര്‍ വെയ്സ് ഗേറ്റിനു മുന്നില്‍ കാര്‍ നില്ക്കുമ്പോള്‍ വീര്‍പ്പ് മുട്ടി നിന്ന മനസ്സ് ഒരിക്കല്‍ കൂടി ശാന്തമായി.അമ്പത് ഡോളര്‍ വാടക ചോദിച്ച ആ ഡ്രൈവര്‍ക്ക് നേരെ എമ്പത്‌ ഡോളര്‍ നല്‍കി മനസ്സ് കൊണ്ട് നന്ദി പറഞ്ഞ് അകത്തേക്ക്..വാച്ചില്‍ സമയം 4.50 PM..കൊലാലംബൂരിലെക്ക് വിമാനം പുറപ്പെടാന്‍ ഇനിയും 55 മിനിട്ടുകള്‍ ബാക്കി..മനസ്സ് കരഞ്ഞു കൊണ്ട് പറഞ്ഞു...

        "അച്ഛനെ കാണാം..ഇന്ന്‍ രാത്രി തന്നെ...തടസ്സമൊന്നുമില്ലെങ്കില്‍ രാത്രി 10 മണിയോടെ കൊച്ചിയില്‍...അവിടെ നിന്ന് ഒരു മണിക്കൂര്‍ കൊണ്ട് വീട്ടില്‍."

                                 .പിറ്റേന്ന് രാവിലെ സംസ്ക്കാരം നടത്താന്‍ ഒരുക്കങ്ങള്‍ തുടങ്ങാന്‍ വീട്ടിലേക്ക് വിളിച്ചു പറയുമ്പോള്‍ ദൈവത്തിന്‍റെ അദൃശ്യമായ സാന്നിധ്യം അനുഭവപ്പെട്ട ഒരു ദിവസം എനിക്ക് മുന്നില്‍ പുറം കാഴ്ചകളില്‍ ഇരുളില്‍ മുങ്ങാന്‍ തുടങ്ങുന്നത് കണ്ടു..ടെര്‍മിനല്‍ ഗേറ്റിലെ തണുപ്പില്‍ വിയര്‍പ്പ് ചാലിട്ട നെറ്റിയുമായി ചാഞ്ഞിരിക്കുമ്പോള്‍ നിത്യ നീട്ടിയ വെള്ളം അന്നാദ്യമായി ഒരു കവിള്‍ കുടിച്ചു..അന്ന്‍ മുഴുവന്‍ വരണ്ട തൊണ്ടയില്‍ അത് പടരുമ്പോള്‍ ഇനിയുള്ള മണിക്കൂറുകള്‍ വേഗത്തില്‍ അവസാനിക്കാന്‍ മനസ്സ് കൊതിച്ചു.പ്രാര്‍ത്ഥിച്ചു.ഒപ്പം എത്രയും വേഗം നാട്ടിലെത്താന്‍ ശരീരവും..

     ടെര്‍മിനലില്‍ ഇറക്കുമ്പോള്‍ നാട്ടില്‍ നിന്നും പിന്നെ വന്ന കോളുകള്‍ക്ക് ഞാന്‍ ധൈര്യമായി മറുപടി നല്കാന്‍ തുടങ്ങി. "ഇന്ന്‍ രാത്രി തന്നെ എത്തുമെന്നസധൈര്യമുള്ള വാക്ക്..അത് വരെ മൂടി നിന്ന ഭയം മനസ്സില്‍ നിന്നും അകന്ന്‍ പോയിരിക്കുന്നു. തളര്‍ന്ന്‍ പോയ മനസ്സ് ആത്മ വിശ്വാസം പകര്‍ന്ന് തന്നിരിക്കുന്നു.

                                             സിംഗപൂരില്‍ നിന്നും കൊലാലംബൂരിലെത്തിയതും, അവിടെ നിന്ന് കൊച്ചിക്ക് പറന്നതും മനസ്സ് അറിഞ്ഞില്ല..മനസ്സ് എത്രയോ മണിക്കൂറുകള്‍ മുന്‍പ് അച്ഛന്റെ അരികില്‍ എത്തിയതാണ്..എയര്‍പോര്‍ട്ടില്‍  നാട്ടിലെ സ്നേഹിതന്‍ സജിത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു...എയര്‍ പോര്‍ട്ടില്‍ നിന്നും വീട് വരെ പൊങ്ങു തടി പോലെയുള്ള കാര്‍ യാത്ര..രാത്രി 11.20 ന് വീട്ടില്‍...അവിടെ ഇപ്പോഴും കണ്ണില്‍ കണ്ണീര് നിറക്കുന്ന ഒരു കാഴ്ച..എനിക്ക് ജന്മം തന്ന ദൈവം നിശബ്ദനായി, പ്രൌഡ ഗംഭീരത്തോടെ നിത്യ നിദ്രയില്‍...എല്ലാ ദുഖവും, വിഷമവും കരഞ്ഞു തീര്‍ത്ത ആ നിമിഷങ്ങള്‍..

                                          ദൈവം വെച്ചു നീട്ടിയ ഒരു ദിനം..അതില്‍ ദൈവത്തിന്‍റെ സാന്നിധ്യം അറിഞ്ഞ ചില നിമിഷങ്ങള്‍, ബത്താമിലെ എന്‍റെ കൂട്ടുക്കാര്‍ , അറിയാത്ത ആ എമിഗ്രേഷന്‍ ഓഫീസര്‍, പ്രൈവറ്റ് ടാക്സി ഓടിക്കുന്ന ആ ചൈനീസ് വംശജനായ ഡ്രൈവര്‍..പിന്നെ എല്ലാത്തിലുമുപരി എനിക്ക്  ഊര്‍ജ്ജം പകര്‍ന്നു തന്ന അദൃശ്യനായ സര്‍വ്വശക്തന്‍...എല്ലാവരെയും മനസ്സില്‍ സ്മരിച്ച് ഈ വരികള്‍ അവസാനിക്കുമ്പോള്‍ ഒന്ന്‍ മാത്രം മനസ്സില്‍ ബാക്കിയാകുന്നു..

             "നാം അറിയാത്ത ഒരു അദൃശ്യ ശക്തിയുടെ കാവലില്‍ തന്നെയാണ് ഓരോ മനുഷ്യന്‍റെയും ജീവിതം..നമ്മള്‍ ആ ശക്തിയെ ദൈവം എന്ന് വിളിക്കുന്നു..രണ്ടാമത്തെ ചോദ്യം വീണ്ടും ഞാന്‍ ആവര്‍ത്തിക്കുന്നു...

"നിങ്ങള്‍ക്ക് എന്നെങ്കിലും  ദൈവത്തിന്‍റെ സാന്നിധ്യം അനുഭവപ്പെട്ടിട്ടുണ്ടോ??

  എന്‍റെ ഉത്തരം :- ഉണ്ട്..2015 ഡിസംബര്‍ ഇരുപത്തിനാലാം തിയ്യതി പകല്‍ സമയത്ത് തീര്‍ച്ചയായും ദൈവം, അല്ലെങ്കില്‍ ആ ശക്തി  പല രൂപത്തില്‍ എന്‍റെ കൂടെയുണ്ടായിരുന്നു..നിശ്ചയമായും,


NB :- അച്ഛന്റെ മരണ സമയത്ത് നാട്ടിലേക്കുള്ള യാത്രയില്‍ സഹായിച്ച പ്രിയ സൌഹൃദങ്ങള്‍, സിംഗപൂര്‍ എമിഗ്രേഷനിലെ ഒഫീസര്‍ന്മാര്‍, ടാക്സിക്കാരന്‍, ഞങ്ങളുടെ ദുഖത്തില്‍ കൂടനിന്നവര്‍, ബന്ധുക്കള്‍, മിത്രങ്ങള്‍ ...എല്ലാവര്‍ക്കും നന്ദിയോടെ.......

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....