2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

S.S.L.C 90 മാര്‍ച്ച്‌, സച്ചിന്‍,ലാല്‍, പിന്നെ ഉയരം...

                               
                                                 

                                     
                                     "കുട്ടികളെ..അടുത്ത വര്ഷം നിങ്ങള്‍ പത്താം ക്ലാസ്സിലേക്കാ..മറക്കണ്ട...ഇത്തവണത്തെ  മാര്‍ക്ക് എസ്.എസ്.എല്‍.സി ബുക്കില്‍ വരാനുള്ളതാ"

                     കൊല്ല പരീക്ഷയുടെ ഒടുവില്‍ കുമാരി ബായി ടീച്ചറാണ് വീണ്ടും ആ മുന്നറിയിപ്പ് തന്നത്..മുന്നില്‍ കാത്തിരിക്കുന്ന സര്‍ക്കാര്‍ പരീക്ഷ എന്ന കടമ്പയെ കുറിച്ചുള്ള മുന്‍ കരുതല്‍ സ്കൂളില്‍ നിന്നും, വീട്ടില്‍ നിന്നും കിട്ടാന്‍ തുടങ്ങിയിരിക്കുന്നു...

                              "കിറുക്കന്‍ കളിയും കളിച്ച്  കാള കളിച്ച് നടക്കാണ്ട് മര്യാദയ്ക്ക് പഠിക്കാന്‍ നോക്ക്..അടുത്ത കൊല്ലം എസ്.എല്‍.സിയാ..."

                  അമ്മയുടെ വക..കപില്‍ദേവ് ലോകകപ്പ് ഉയര്‍ത്തി കാണിച്ച് നാട്ടിലെ ചെറുപ്പക്കാരെ മുഴുവന്‍ മൂന്ന്‍ കമ്പിലും, ബാറ്റിലും, ബോളിലും തളച്ചിട്ട കളിയെയാണ് അമ്മ ഒട്ടും ദാക്ഷിണ്യമില്ലാതെ വെറും "കിറുക്കന്‍ കളിയാക്കി മാറ്റിയത്.." മമ്മാലിക്കയുടെ പറമ്പിലെ തെങ്ങുകള്‍ക്കിടയില്‍ ചുവന്ന കല്‍പൊടി വിരിച്ച് ബൌണ്ടറി വരെ നീളുന്ന തൊട്ടാവാടി, പെരു, കുറുന്തോട്ടി,കൂവ ഇത്യാദി ഔട്ട്‌ ഫീല്‍ഡ് തടസ്സങ്ങള്‍ വെട്ടി മാറ്റി ഒരുക്കിയെടുത്ത പിച്ച് പലപ്പോഴും ഫാസ്റ്റ് ബോളിങ്ങിന് അനുകൂലമായിരുന്നു. കൊല്ലപരീക്ഷയുടെ ചൂട് നിറഞ്ഞ ഫെബ്രുവരി മാസത്തില്‍ "മാരക കണ്ണന്‍ " എന്ന കണ്ണന്‍റെ ഫാസ്റ്റ് ബോളിനു മുന്നില്‍ കണ്ണടച്ച് ബാറ്റ് വീശി, പന്തിന്റെ ഗതി വികതിയെ നോക്കിയപ്പോള്‍ മുന്നില്‍ സിക്സര്‍ ആയി മാറേണ്ട പന്ത് ക്രൂരനായ കല്പ വൃക്ഷത്തില്‍ തട്ടി തിരികെ മിഡ് വിക്കറ്റില്‍ നില്‍ക്കുന്ന സനുവിന്‍റെ കൈകളിലേക്ക്..സനുവും, കീപ്പറായ അനുജന്‍ ബാബുവും, ബോളര്‍ മാരക കണ്ണനും, എന്‍റെ ടീമില്‍ തന്നെ അംഗങ്ങളായ സ്റ്റാലി, മിലാദ്, അമ്പയര്‍ ആയി നില്‍ക്കുന്ന ശ്രീനു, കളി കാണാന്‍ എത്തിയ കൊച്ചു പിള്ളേര്‍ സംഘം മൊത്തം ഉറക്കെ വിളിച്ചു കൂവി....

                                    "ഹൌസാറ്റ്‌??"

                 ആദ്യമൊന്ന് അമ്പരന്ന അമ്പയര്‍ വെങ്കിട്ടരാമന്‍ ശ്രീനു തല ചൊറിയാന്‍ ഉയര്‍ത്തിയ കൈ രണ്ടാമത്തെ അപ്പീലിന് മുന്നില്‍ ഔട്ട്‌ വിധിക്കാന്‍ ഉയര്‍ത്തി കണ്ടപ്പോള്‍ അവനെ ബാറ്റ് കൊണ്ട് അടിച്ച് കൊല്ലാനും, ഗ്യാലറിയായ റോഡില്‍ വീഴേണ്ട പന്തിന് തടസ്സമായ തെങ്ങിനെ വെട്ടി വീഴ്ത്താനും മനസ്സ് കൊതിച്ചു..അമ്പയര്‍ കൈ ഉയര്‍ത്തിയതിനു മുന്‍പേ തന്നെ തേഡ് ഡൌണ്‍ ബാറ്റ്സ്മാന്‍ സ്റ്റാലിന്‍ ക്രീസിലെത്തി സ്വന്തം ടീം മെമ്പര്‍ എന്ന സ്ഥാനം പോലും നല്‍കാതെ ബാറ്റ് എന്‍റെ കയ്യില്‍ നിന്നും വാങ്ങിയെടുത്തു..അവനെ തുറിച്ച് നോക്കി, അന്തിമ തീരുമാനം എടുത്ത അമ്പയറിനെ തുറിച്ച് നോക്കി തിരികെ പവലിയിനിലേക്ക് നടക്കുമ്പോള്‍ ബൌണ്ടറി ലൈനില്‍ അമ്മ..ടീം സെലക്ടര്‍ പോലെ കത്തുന്ന കണ്ണോടെ നിന്നെ ഞാന്‍ കാണിച്ച് തരാമെന്ന ഭാവത്തോടെ..ടീമിന് പുറത്തേക്കുള്ള വഴി ഒരുക്കിയ ആ ക്യാച്ചില്‍ അമ്മയുടെ പുറകെ നടക്കുമ്പോള്‍ വീണ്ടും എസ്.എസ്.എല്‍,സി..മുന്നില്‍..

                                   "ഒമ്പതാം ക്ലാസ് പരീക്ഷ കഴിഞ്ഞാ പിള്ളാരെ ചീത്തയാക്കണ  ഈ പ്രാന്തന്‍ കളീടെ പൊറകെ നടന്നു  ദെവസം കളയാന്ന്‍ പുന്നാര മോന്‍ വിചാരിക്കണ്ടാ..ഇതിന്ന്‍ നിര്‍ത്തിക്കോ..വെക്കേഷന് ശ്രീ രംഗില്‍ ടൂഷന് പോണം..."

                  അന്ന്‍ അമ്മയോട് ദേഷ്യവും, സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറിന്റെ അമ്മയോട് ആരാധനയും തോന്നി..സ്കൂളില്‍ പോകാതെ ക്രിക്കറ്റ് കളിച്ച് നടന്ന സച്ചിനാണ് ശ്രീകാന്തിന്റെ കൂടെ പാക്കിസ്ഥാനിലേക്ക് പോയിരിക്കുന്നത്..മീശ പോലും മുളക്കാത്ത ചെക്കന്‍ സ്പിന്നര്‍ അബ്ദുള്‍ ഖാദറിനെ എടുത്ത് നിലം തൊടാതെ പൊരിക്കുന്ന കാഴ്ചകള്‍ തന്ന ആവേശമാണ് അമ്മയുടെ ഭീഷണിയുടെ മുന്നില്‍ തകര്‍ന്ന്‍ തരിപ്പണമായത്..

                എന്തായാലും വെക്കേഷന്‍ ക്ലാസ്സ് ആരംഭിച്ചപ്പോള്‍ ശ്രീരംഗ് ഉടമയും, പ്രിന്സിപ്പാളുമായ പൈ മാഷ് പറഞ്ഞ വാചകം..

                                     "കുട്ടികളെ ഇത് എസ്.എസ്.എല്‍.സി യാണ്..നിങ്ങള്ടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലാഘട്ടം ...ഭാവിയിലെ ശോഭനമായ ജോലി, ഉയര്‍ന്ന ശമ്പളം, എന്തിന് കല്യാണം പോലും ഇതിനു കിട്ടുന്ന മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ്..അത് കൊണ്ട് എല്ലാം മറക്കുക..നന്നായി പഠിക്കുക..."

                      ക്ലാസ്സിലിരിക്കുന്ന അറുപത് കുട്ടികള്‍ മുഴുവന്‍ അത് കേട്ട് ശപഥം ചെയ്യ്തു..പഠനം മാത്രം..എന്നാലും ചില തടസ്സങ്ങള്‍..ദൂരദര്‍ശന്‍ വഴിയുള്ള .വ്യാഴാഴ്ചയിലെ ചിത്ര ഗീതം, ഞായറാഴ്ചയിലെ മഹാഭാരതം, അന്ന്‍  തന്നെ വൈകുന്നേരം കാണാന്‍  കാത്തിരിക്കുന്ന മലയാള ചലച്ചിത്രം..ഇതിനെല്ലാം പുറമേ സച്ചിന്‍ എന്ന ആവേശം, ക്രിക്കറ്റ് എന്ന ഭ്രാന്ത്‌...അതിനെല്ലാം പുറമേ ചിത്രം, ഉണ്ണികളേ ഒരു കഥ പറയാം എന്ന സിനിമകളിലൂടെ ചരിഞ്ഞ് നടന്ന്‍ ഒരാള്‍ മനസ്സില്‍ കയറി സ്ഥാനം പിടിച്ചിട്ടുമുണ്ട്...ഈയിടെ അയാളുടെ ഒരു സിനിമ പരസ്യം ..എല്ലാ ആഴ്ചയും റോഡിലൂടെ പൊടി പറത്തി നോട്ടീസ് വിതറി പോകുന്ന ഒരു കാറിലൂടെ..അതില്‍ നിന്നുമുയരുന്ന വാക്കുകളിലൂടെ ..

                                       "കൊടുങ്ങല്ലൂര്‍ ശ്രീകാളിശ്വരി തിയേറ്ററിന്‍റെ ചരിത്രമുറങ്ങുന്ന വെള്ളിത്തിരയില്‍ വിജയകരമായ മൂന്നാമത് വാരത്തിലേക്ക് പ്രവേശിക്കുന്നു...ഏയ്‌ ഓട്ടോ.."

                    കാണാന്‍ കൊതിച്ച് കാണാന്‍ കഴിയാതെ മനസ്സില്‍ ഒരു മോഹമായി വഴിയോരത്തെ പോസ്റ്റ്‌ കണ്ട് മാത്രം നിര്‍വൃതി നിറയുന്ന ദിവസങ്ങള്‍..എസ്.എസ്.എല്‍.സി എല്ലാത്തിനും തടസ്സം തന്നെ..വീട്ടുക്കാരുടെ വിലക്കുകള്‍, വാറോലകള്‍, അലിഖിത നിയമങ്ങള്‍, അതിലൊന്നായിരുന്നു സമാജം ലൈബ്രറിയില്‍ നിന്നുമുള്ള ബുക്കുകള്‍..എം.മുകുന്ദന്‍, എം.ടി, ഓ.വി.വിജയന്‍, തകഴി എല്ലാവരും വീടിനു പുറത്ത്..പകരം ഇബ്രാഹിം ലോധിയും, കോണ്‍വാലീസ് പ്രഭുവും, പാനിപ്പത്ത് യുദ്ധവും...

                                    "അമ്മേ ലേബര്‍ ഇന്ത്യ വാങ്ങണം..അതില്‍ എല്ലാ മോഡല്‍ പേപ്പറുകളും ഉണ്ടാകും..."

                                    "പിന്നെ പഠന സഹായിയും വാങ്ങണം..പേപ്പര്‍ മാറ്റി മനോരമ ആക്കിയാല്‍ അതിലും എല്ലാ ചൊവ്വാഴ്ചയും  മോഡല്‍ പേപ്പര്‍ ഉണ്ടാകും.."

                     അങ്ങിനെ ചില ആവശ്യങ്ങള്‍..എല്ലാം ദ്രുത ഗതിയില്‍ മുന്നോട്ട് പോകുമ്പോള്‍ മനസ്സിനെ കുഴക്കിയ ഒരു പ്രശ്നം..ശാരീരികം തന്നെ...പൊക്കമില്ലാത്ത ശരീരം ...മീശ പൊടിയാത്ത മുഖം..ഇത് വെച്ചു അടുത്ത വര്ഷം കോളേജ് കുമാരനായി വിലസാന്‍ സാധിക്കില്ല..എന്തെങ്കിലും വഴി കണ്ടേ തീരൂ..ടൂഷന്‍ ക്ലാസ്സിലെ പല പെണ്‍കുട്ടികള്‍ക്കും എന്നേക്കാള്‍ ഉയരമുണ്ട്..അതൊരു വലിയ അപകര്‍ഷത ബോധമായി കൂടെ തന്നെ..രാവിലെ ടൂഷന് പോകാന്‍ "ചോറ്റാനിക്കരയമ്മ" ബസ്സില്‍ കയറുമ്പോള്‍ സ്റെപ്പിനി ടയര്‍ ഉണ്ടെങ്കില്‍ മാത്രം മുകളിലത്തെ കമ്പിയില്‍ പിടിക്കാം...അല്ലെങ്കില്‍ സീറ്റിന്‍റെ കമ്പി തന്നെ ശരണം...മുന്നില്‍ ടൂഷന്‍ ക്ലാസില്‍ പഠിക്കുന്ന അമ്പിളിയും, മിനിയുമെല്ലാം മുകളിലെ കമ്പിയില്‍ പിടിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ കുശുമ്പ് തോന്നി..അത് പോലെ തന്നെ ബി.എസ്.എ എസ്.എല്‍,ആര്‍, സൈക്കിള്‍..പലരും സീറ്റിലിരുന്നു ചവിട്ടി വന്ന് ഹീറോയെ പോലെ സൈക്കിളില്‍ ഇരുന്ന്‍ സ്റ്റാന്റ് ഇട്ട് മുകളിലെത്തെ ക്ലാസ് മുറിയിലേക്ക് കയറുമ്പോള്‍ മനസ്സ് പിടയും..എനിക്ക് കഴിയാത്തത്...എനിക്ക് കാല്‍ എത്താത്തത്..

                     പഠനം അതി ഗംഭീരമായി പോകുന്ന സമയത്ത് തന്നെ വീടിന്‍റെ മുന്നിലെ കണികൊന്ന മരത്തിലും കവുങ്ങിലും കുറുകെ ഒരു കമ്പി കെട്ടി ചരിത്ര പരമായ ആ ദൗത്യത്തിന് ഞാന്‍ തുടക്കമിട്ടു..സൂര്യന്‍ ഉണരും മുന്‍പേ കമ്പിയില്‍ ഒരു കസര്‍ത്ത്...ഉയരം വെക്കാന്‍ വേണ്ടി ഒരു വലിയ ദൗത്യം..

                                       "പേരക്ക തിന്നാ മതി ..ഉയരം വെക്കും.."

                     ആരോ എന്‍റെ അവസ്ഥ കണ്ട് പറഞ്ഞു തന്ന നാട്ടറിവ്...കമ്പിയില്‍ കസര്‍ത്തിനു പുറമേ പറമ്പിലുള്ള പേര മുഴുവന്‍ കയറിയിറങ്ങി പച്ച പേരക്ക പോലും പറിച്ചു തിന്നാനും അതൊരു തുടക്കമായി..അത് വരെ ആ പേരക്കായ കള്‍ക്ക് അവകാശികളായിരുന്ന അണ്ണാറകണ്ണന്മാര്‍ അതോടെ പട്ടിണിയുമായി..മതിലിന്‍റെ പുറകില്‍ കരി കൊണ്ട് ഓരോ ദിവസവും കസര്‍ത്ത് കാണിച്ചതിന് ശേഷം വരക്കുന്ന അടയാള വരകള്‍ ഉയര്‍ന്നു വരുന്ന സത്യം തിരിച്ചറിഞ്ഞപ്പോള്‍ തോന്നിയ സന്തോഷം...അതിന് അളവില്ല..ഒപ്പം ചെമ്പന്‍ രോമങ്ങള്‍ ചെറുതായി കരുത്ത് തുടങ്ങിയപ്പോള്‍ അത് വരെ എതിര്‍ വശത്തെ ബഞ്ചിലേക്ക് നോക്കാതിരുന്ന കണ്ണുകള്‍ ഇടക്ക് അരോയോ തേടി പോകുന്നത് പോലെ..

                                   "നിനക്ക് എട്ടേ മുക്കാലിനെ പഞ്ചാര അടിച്ചൂടെ?"

                     ശനിയാഴ്ച ദിവസം രാവിലെ 7 മുതല്‍ ഉച്ചക്ക് 12 വരെ നീളുന്ന സ്പെഷ്യല്‍ ടൂഷന്‍ ക്ലാസ് ബ്രേക്ക് സമയത്ത്  പരാശക്തി ഹോട്ടലില്‍ നിന്നും മസാല ദോശ കഴിക്കുമ്പോള്‍ (ആഴ്ചയില്‍ കിട്ടുന്ന ഏക ആനുകൂല്യമാണ് ആ മസാല ദോശ) അടുത്ത സ്നേഹിതന്‍ ചോദിച്ച ചോദ്യം..."എട്ടേ മുക്കാല്‍ " എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സഹപാഠിയായ പെണ്‍കുട്ടി..എന്നും എട്ടേ മുക്കാല്‍ സമയത്ത് സ്കൂളിലേക്ക് പോകുന്നത് കൊണ്ടാണ് അവളുടെ പുറകെ കൂടിയ വാനരസംഘത്തില്‍ ആരോ നല്കിയ പേര്..എന്‍റെ ക്ലാസ്സില്‍ പഠിക്കുന്ന പലരുടെയും സ്വപ്ന നായിക....

                                    ''അവള്‍ക്ക് എന്നേക്കാള്‍ പൊക്കമുണ്ട്"

                                    '' അല്ലടാ നിനക്ക് ആരെങ്കിലോടും ഇഷ്ടം .. ഉണ്ടോ??"

                  അവന്‍ വിടാനുള്ള ഭാവമില്ല...എനിക്ക് മനസ്സിലുള്ളത് പറയാനും മടി..ആരെങ്കിലും കേട്ടാല്‍...ചൂടന്‍ ചായ വെട്ടി വിയര്‍ത്ത് കുടിച്ച് ചുറ്റും നോക്കി അത് വരെ മനസ്സില്‍ ഒളിപ്പിച്ച ഒരു സത്യം അറിയാന്‍ അവന്‍ വീണ്ടും ചെവി കൂര്‍പ്പിച്ചു..

                                   "ആരാണ്ടാ അത്?? "

                                   "സുമലത..തൂവാനത്തുമ്പികളിലെ സുമലത.."

                അത് പറഞ്ഞതും പുറത്ത് മഴ പെയ്തോ?? അല്ലെങ്കില്‍ എന്‍റെ പകല്‍ സ്വപ്നങ്ങളില്‍ മഴ പൈയ്തോ??എന്തായാലും എന്നോ കണ്ട തൂവാനത്തുമ്പികള്‍ മനസ്സില്‍ എന്നും മായാതെ..അതിലെ ക്ലാരയെ മറക്കാന്‍ കഴിയാതെ...

                മോഡല്‍ പരീക്ഷ അടുത്ത് വരുന്തോറും പഠനം ഗംഭീരമായി മുന്നോട്ട് പോയി കൊണ്ടിരുന്നു..നന്നായി പഠിക്കുന്ന കുട്ടികളില്‍ ഒരാള്‍ എന്ന നിലയില്‍ അധ്യാപകര്‍ക്ക്‌ ഇടയിലും, മുന്‍ കാലത്തെ റിസള്‍ട്ട് അറിയുന്നതിനാല്‍ വീട്ടിലും പ്രതീക്ഷകള്‍ കൂടി കൂടി വന്നു..ഇടയില്‍ മനസ്സിനെ അലോസരപ്പെടുത്തി മോഹന്‍ ലാലിന്‍റെ "ലാല്‍ സലാം" തിയേറ്ററില്‍ തകര്‍ത്ത് ഓടുമ്പോള്‍ മനസ്സില്‍ ഒരു ചെറിയ മോഹം തോന്നി..നെട്ടൂരാനെ സ്ക്രീനില്‍ പോയി കാണാന്‍..നടന്നില്ല...അങ്ങിനെ കാത്തിരുന്ന്‍ കാത്തിരുന്ന് ഒടുവില്‍ മാര്‍ച്ച്‌ മാസത്തില്‍ ആ സുദിനം മുന്നില്‍ വന്നു...

             "എസ്.എസ്.എല്‍.സി., പരീക്ഷ..."

         "പേന മിനിമം രണ്ടെണ്ണം കരുതണം..ഒന്നിലെ മഷി തീര്‍ന്നാല്‍ മറ്റൊന്ന്'

         "അറിയാത്ത ചോദ്യം കണ്ടാല്‍ അതിനെ കുറിച്ച് ചിന്തിച്ച് തല പുകക്കരുത്..വേഗം അടുത്ത ചോദ്യത്തിന് ഉത്തരം എഴുതണം..അറിയാത്തത് ഒടുവില്‍ എഴുതണം.."

         ''ക്വസ്ടിന്‍ നമ്പര്‍ തെറ്റാതെ എഴുതണം...അത് പോലെ ചോദ്യം രണ്ടു വട്ടം വായിച്ച് നോക്കുക.."

              അങ്ങിനെ കുറേ ഉപദേശങ്ങള്‍, പരീക്ഷ തുടങ്ങും മുന്‍പേ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അച്ഛന്റെ, അമ്മയുടെ അനുഗ്രഹം..പോകുന്ന വഴി ക്ഷേത്രത്തില്‍ പത്ത് പൈസ വഴിപ്പാട്..പരീക്ഷ ഹാളില്‍ കയറും മുന്‍പേ അവസാനത്തെ മിനുക്ക്‌ പണി പോലെ പ്രധാന ഭാഗങ്ങള്‍ ഒന്ന്‍ കൂടി വായിച്ച് നോക്കല്‍..ഒടുവില്‍ പ്രാര്‍ത്ഥനയോടെ ഹാളിലേക്ക്..

             ഹോള്‍ ടിക്കറ്റും, റോള്‍ നമ്പറും..പിന്നെ ഒരിക്കലും അറിയാത്ത, ആരും കാണാത്ത ക്വസ്റ്റ്യന്‍ പേപ്പറും..ആത്മ വിശ്വാസം ചോരാതെ പരീക്ഷ ഹാളില്‍ കയറി മാര്‍ച്ചിലെ ചൂടില്‍ ഓരോ പരീക്ഷകള്‍ എഴുതി കഴിയുമ്പോള്‍ ഓരോരോ ഭാരം ചുമലില്‍ നിന്നും ഇറക്കി വെക്കുന്ന പ്രതീതിയായിരുന്നു...ഓരോ ദിവസവും സന്തോഷം കൂടി വരുന്നു..മനസ്സിന്‍റെ മുറുക്കം അഴിയുന്നു..കണക്ക് പരീക്ഷ മാത്രം നാന്നായി വെള്ളം കുടിപ്പിച്ചു...അത് എഴുതി കഴിഞ്ഞ് അബ്ദുക്കായുടെ കടയില്‍ നിന്നും പത്ത് പൈസയുടെ നാരങ്ങ വെള്ളം വാങ്ങി കുടിക്കുബോള്‍ ചില കണക്ക് കൂട്ടലുകള്‍ തെറ്റിയത് പോലെ..എവിടെയോ മാര്‍ക്ക് നഷ്ടമായത് പോലെ..അവസാന പരീക്ഷയും എഴുതി തീര്‍ന്നു ഉത്തര കടലാസ്സ് തുന്നി കെട്ടി എക്സാമിനര്‍ക്ക് കൈ മാറുമ്പോള്‍ മനസ്സ് സന്തോഷം കൊണ്ട് വിളിച്ച് കൂവുകയായിരുന്നു..

                       "ഇനിയെന്നാടാ കാണുക..ഇന്ന്‍ മുതല്‍ക്ക് നമ്മള്‍ക്കീ സ്കൂള് നഷ്ടായി.."

              അടുത്ത സ്നേഹിതന്റെ വാക്കുകള്‍ അത് വരെ കരുതി വെച്ച സന്തോഷമെല്ലാം മായ്ച്ചു കളഞ്ഞു...കണ്ണുകള്‍ നിറഞ്ഞു..സൗഹൃദങ്ങള്‍, കളി ചിരികള്‍, അധ്യാപകര്‍ എല്ലാം ഓര്‍മ്മയില്‍ മാത്രം..വീട്ടിലേക്ക് തിരികെ പോകുമ്പോള്‍ മനസ്സിന്‍റെ ഉണര്‍വ്വ് നഷ്ടമായത് പോലെ..ഇനി റിസള്‍ട്ട് വന്നാല്‍ മറ്റൊരിടത്ത്..കുറേ നടന്ന്‍ കഴിഞ്ഞപ്പോള്‍ കുറേ നാള്‍ മനസ്സില്‍ ഒളിപ്പിച്ച ഒരു മോഹം പോലെ ചുമരില്‍ ഒരു പോസ്റ്റര്‍ കണ്ടു..നഷ്‌ടമായ എല്ലാ ദുഖവും പതിമടങ്ങ്‌ തിരികെ വന്ന നിമിഷം..

             "മാര്‍ച്ച് 30 മുതല്‍ "കൊടുങ്ങല്ലൂര്‍ മുഗള്‍ എ.സി യില്‍ ദിവസേന മൂന്ന്‍ കളികള്‍ "ഹിസ്‌ ഹൈനസ് അബ്ദുള്ള"

                 വീട്ടില്‍ തിരിച്ചെത്തി ക്രിക്കറ്റ് ബാറ്റെടുത്ത് മമ്മാലി ക്കയുടെ പറമ്പിലേക്ക് പോകുന്നതിനു മുന്‍പ് അമ്മയോട് ആവശ്യം ഉന്നയിച്ചു..

                             'നാളെ അഞ്ചുറുപ്യ തരണം..."

                             "എന്തിന്??"
     
                            "തൂ ബഡി മാഷാ അള്ളാ..കഹെ അബ്ദുള്ള..മുഗളില്‍ മോഹന്‍ ലാലിന്‍റെ പുത്യേ സിനിമ..അത്  കാണാന്‍ പോകാനാ.."

                  അതിനുള്ള മറുപടിയില്‍ അമ്മയുടെ മുഖത്ത് ഒരു ചിരി പടര്‍ന്നു...എന്‍റെയും..പിന്നെ കാത്തിരിപ്പിന്‍റെ ഒരു വേനല്‍...റിസള്‍ട്ട് വരാന്‍ വേണ്ടി...ക്രിക്കറ്റും, സിനിമയും, ചിത്ര ഗീതവും, മഹാഭാരതവും...പേരക്കയും!!


NB :-  എസ്.എസ്.എല്‍.സി തരകെടില്ലാത്ത മാര്‍ക്കോടെ പാസ്സായി..അടുത്ത വര്ഷം മാല്യങ്കര കോളേജില്‍ പഠിക്കാന്‍ ചേരുമ്പോള്‍ കഥാനായകന് അഞ്ചടി എഴിഞ്ചു ഉയരവും, അല്പം കരുത്ത് പ്രാപിച്ച പൊടി മീശയും സ്വന്തമായി ഉണ്ടായിരുന്നു...

               


                   

                 

                     


   


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ