2016, ഫെബ്രുവരി 17, ബുധനാഴ്‌ച

ഗങ്ങാരന്‍ പാര്‍ക്ക്.."

                                           


                                       
                                   ആരാണ് ഇങ്ങിനെയൊരു പേര് നല്‍കിയതെന്ന് അറിയില്ല..ഒരു പക്ഷെ ഞങ്ങളുടെ നാട്ടിലെ ആര്‍ക്കും അറിയില്ല..കാലം പതിച്ച് നല്‍കിയ ഒരു പേരായിരിക്കാം...എങ്കിലും ഇന്നും മനസ്സിലെ ഭൂതക്കാലത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരോര്‍മ്മ..അതാണ് ഗങ്ങാരന്‍ പാര്‍ക്ക്..അടുത്ത സ്നേഹിതന്‍ ശ്രീജുവിന്റെ അച്ഛന്‍ ഗംഗാധരന്‍ ചേട്ടന്‍ ആയിരുന്നു മൂന്ന്‍ വശത്തും പ്രവേശനമുള്ള റോഡിനരികില്‍ നിന്നിരുന്ന ആ സ്ഥലത്തിന്‍റെ ഉടമ..ആ സ്ഥലമായിരുന്നു ഞങ്ങളുടെ നാട്ടിലെ കുട്ടികളുടെ അംഗീകൃത കളിസ്ഥലം..അതായിരുന്നു ഞങ്ങളുടെ പാര്‍ക്ക്..അത് തന്നെ ആയിരുന്നു ഞങ്ങളുടെ നാഷണല്‍ സ്റ്റേഡിയവും...

          "അമ്മേ ഗങ്ങാരന്‍ പാര്‍ക്കില്‍ കളിക്കാന്‍ പൊയ്ക്കോട്ടേ?"

                                           ക്രിക്കറ്റ് എന്ന വിനോദം കടന്ന്‍ വന്നിട്ടില്ലാത്ത ഒരു ബാല്യ ക്കാലം..അന്ന്‍ സ്ക്കൂള്‍ വിട്ട് വന്നാല്‍ ചായ കുടി കഴിഞ്ഞാല്‍ ആദ്യം പോകാന്‍ കൊതിക്കുന്നത് ഗങ്ങാരന്‍ പാര്‍ക്കിലേക്ക് ആണ്...പ്രദേശത്തെ ഒരു വിധം ബാല്യ കൌമാരങ്ങളും അവിടെ ആ സമയത്ത് ഉണ്ടാകും..എന്നോ അന്യം നിന്ന് പോയ കലാരൂപങ്ങളും, വിനോദങ്ങളുമായി..മനസ്സില്‍ ജാതിയും, മതവും, പാര്‍ട്ടിയും, വേര്‍തിരിവുമില്ലാതെ...

                                              അമ്മയുടെ സമ്മതം വാങ്ങി പോകുന്നതിനു മുന്‍പ് വീടിന്‍റെ പടിഞ്ഞാറ് ഭാഗത്ത് കൂട്ടിയിട്ടിക്കുന്ന കറുത്ത പൂഴിമണ്ണ്‍ തേടി പോകും..അവിടെ കുഴിയാനകള്‍ കൂട്ടി വെച്ച മണ്‍കുഴികളിലെവിടെയോ തലേന്ന്‍ ഞാന്‍ ഒളിപ്പിച്ച് വെച്ച അരിയാ സുണ്ട (ഗോലി) എടുത്ത് തുടച്ച് പൊക്കറ്റില്‍ ഇടും..പോക്കറ്റില്‍ ഇടുന്നതിനു മുന്‍പ് പോക്കറ്റ് പരിശോധിക്കണം..ഒരു ചെറിയ തുള മതി വൈരം പോലെ സൂക്ഷിക്കുന്ന ഗോലികള്‍ നഷ്ടപ്പെടാന്‍..കുഞ്ഞി മോഷ്ടാക്കളെ പേടിച്ചാണ് വൈകുന്നേരം ആരും കാണാതെ കുഴിച്ചിടുന്നതും.അത്രയും വിലപ്പെട്ട നിധിയായിരുന്നു ആ പളുങ്ക് ഗോളങ്ങള്‍..പിന്നെ വേണ്ടത് തീപ്പെട്ടി പടമാണ്..അത് ഒളിച്ചു വെച്ചിരിക്കുന്നത് ഉപയോഗിക്കാത്ത പുതിയ അടുക്കളയിലെ പഴയ ഒരു കിണ്ടിയില്‍..എത്രയോ ദിവസങ്ങള്‍ പലയിടത്തും അലഞ്ഞു അവിടെ നിന്നും കിട്ടുന്ന തീപ്പെട്ടി സംഘടിപ്പിച്ച് അതില്‍ നിന്നും കീറിയെടുത്ത വിലപ്പെട്ട മറ്റൊരു വസ്തു..അതും അടുത്ത പോക്കറ്റില്‍ നിക്ഷേപിക്കും..അടുത്തത് കൊത്ത് കൊണ്ട് ചേട്ടന്‍ ഉപേക്ഷിച്ച ഒരു മര പമ്പരവും, അതിന്‍റെ നൂലും..എല്ലാം പോക്കറ്റില്‍ തിരുകി പോകാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്നും അമ്മയുടെ വാത്സല്യം കലര്‍ന്ന ഒരു മുന്നറിയിപ്പ്...

       "വെളക്ക് കത്തിക്കണേ മുന്ന് പോന്നൊ...അല്ലെങ്കി ഞാന്‍ വടീം കൊണ്ട് വരും.."

                                       ഉരിഞ്ഞു താഴെ പോകുന്ന ട്രൗസര്‍ ഒന്ന്‍ കൂടി ഉറപ്പിച്ച് മുറ്റത്തെ തെങ്ങില്‍ ചാരി വെച്ചിരിക്കുന്ന പഴയ സൈക്കിള്‍ ടയര്‍ എടുത്ത്, അതിനുള്ളില്‍ തിരുകി വെച്ച വടിയെടുത്ത് വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യും...വായ കൊണ്ട്...

             "ടറും..ട്രും..ട്രൂം.."

                                     വായ കൊണ്ട് തന്നെ ആക്സിലേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വടി കൊണ്ട് ടയര്‍ പതുക്കെ ഉരുട്ടി പാര്‍ക്കിലേക്ക്..കട്ടപ്പുള്ളി വളവില്‍ നീട്ടി ഹോണ്‍ അടിക്കണം...അപ്പുറത്ത് നിന്ന് ഒരു ടയര്‍ വണ്ടി വന്നോലോ..വായില്‍ തന്നെ ഘടിപ്പിച്ച എയര്‍ ഹോണ്‍ നീട്ടിയടിക്കും...

           "പീ..പീ..പീ..."

                                   അടുത്ത വളപ്പ് ചക്കി, അമ്മിണി,വിലാസു എന്നീ മൂന്ന്‍ ചേച്ചി അനുജത്തിന്മാരുടെതാണ്..വീടിനു മുന്നില്‍ വൈകുന്നേരങ്ങളില്‍ പരസ്പരം തലയില്‍ നിന്നും പേനെടുത്ത് തീരാത്ത വര്‍ത്തമാനം പറഞ്ഞിരിക്കുന്ന അവര്‍ എന്നെ കാണുമ്പോള്‍ എന്നും ചോദിക്കുന്ന ചോദ്യം ആവര്‍ത്തിക്കും...

         "തക്കുടു മോന്‍ കളിക്കാന്‍ പോവാ??"

                                  ഏതാനും അടി മുന്നോട്ട് വെച്ചാല്‍ ചരിത്ര പ്രധാനമായ ഗങ്ങാരന്‍ പാര്‍ക്ക്.മുന്നില്‍  ആവേശമായി..കരിങ്കോട്ട മരവും, ചീമ പത്തലും അതിരിടുന്ന പാപ്പു ചേട്ടന്‍റെ പറമ്പില്‍ നിന്നോ, ചെങ്കല്ലു വിരിച്ച അനാറ്റ് റോഡില്‍ നിന്നോ പാര്‍ക്കിലേക്ക് പ്രവേശിക്കാം..അവിടെ നിന്നും കയറുന്നത് അന്താരാഷ്ട്ര നിലവാരമുള്ള കാര്‍ റേസിങ്ങ് ട്രാക്കിലേക്ക്..വളഞ്ഞു പുളഞ്ഞു സൃഷ്ടിച്ച ഒരു ഉഗ്രന്‍ ട്രാക്ക് എന്നും വളര്‍ന്ന്‍ വരുന്ന മുത്തങ്ങ, കൊട്ടങ്ങ,മുക്കൂറ്റി, തുമ്പ എന്നീ കൊച്ചു ചെടികളും, പെരു, ഊരാന്‍ കായ ചെടി, കുറുന്തോട്ടി എന്നീ കുറ്റി ചെടികളും പറിച്ച് വൃത്തിയാക്കി നിര്‍മ്മിച്ച ട്രാക്കില്‍ "മേക്ക് ഇന്‍ ഇന്ത്യ" വാഹനങ്ങള്‍ ചീറി പായുന്നുണ്ടാകും..എന്നേക്കാള്‍ കുറച്ചു മുതിര്‍ന്നവര്‍, എന്‍റെ ചേട്ടന്‍റെ പ്രായത്തിലുള്ള സംഘമാണ് അവിടുത്തെ പ്രമാണികള്‍ ..അത്തരം വാഹനം ഉണ്ടാക്കുന്നതിലും വൈദഗ്ദ്യം വേണം..നല്ല ക്ഷമയും, സാങ്കേതിക തികവും ആവശ്യമാണ്.പിന്നെ അധികം തേയാത്ത ചെരിപ്പും വേണം..

                               അവിടെ ചീറി പായുന്ന വണ്ടികളില്‍ ഏറ്റവും മികച്ചത് "മുല്ലേഴത്ത് മുരളി''യുടെതാണ്...നല്ല പഴയ ലൂണാര്‍ ചെരിപ്പില്‍  ചക്രങ്ങള്‍ തുല്യമായി കോമ്പസ് ഉപയോഗിച്ച് സമ അളവില്‍ വെട്ടിയെടുത്ത്, കുട കമ്പിയുടെ ഇരു വശത്തും കോര്‍ത്ത് നടുവില്‍ ഒരു പ്ലാസ്ടിക്ക് പൈപ്പ് പിടിപ്പിച്ച് അതിന്‍റെ  നടുവില്‍ നിന്നും മുള കഷ്ണം കൊണ്ട് നീളത്തിലുള്ള ഒരു കമ്പ് വെച്ച് അതിനറ്റത്ത് വഴുത പന്തന്‍ വളച്ച് നല്ലൊരു സ്ടീയരിങ്ങു വീല്‍ പിടിപ്പിച്ച അതി മനോഹരമായ അലങ്കരിച്ച ഒരു വണ്ടി...അതായിരുന്നു റേസിങ്ങ് ട്രാക്കിലെ ഹീറോ..ഞങ്ങള്‍ കുട്ടികള്‍ ആ വണ്ടിയും നോക്കി ഇരിക്കുമ്പോള്‍ അതി വിദഗ്ദനെ പോലെ മുരളി ട്രാക്കില്‍ വണ്ടിയോടിക്കും..എതിരെ വരുന്ന അതേ രൂപമുള്ള ചെരിപ്പ് ചക്ര വണ്ടികള്‍ക്ക് ഒരു അമ്മായി  പീപ്പി(അമ്പല പറമ്പില്‍ നിന്നും വാങ്ങുന്ന) കൊണ്ട് മുന്നറിയിപ്പ് നല്‍കും..മുരളിയുടെ ചെരിപ്പ് വണ്ടിയുടെ പിന്നില്‍ ചില സമയത്ത് പഴയ ഇന്‍സ്ട്രുമെന്റ് ബോക്സ് കൊണ്ട് ഉണ്ടാക്കിയ എട്ടു ചക്രമുള്ള ട്രെയിലറും കാണാം..രണ്ടു പിടി മണ്ണുമായി ട്രാക്കില്‍ ഓടി നടക്കുന്നത് കണ്ടിട്ട് അത് പോലെ ഒരെണ്ണം സ്വന്തമാക്കാന്‍ മനസ്സ് കൊതിച്ചതിന്റെ അളവ് എത്ര പറഞ്ഞാലും തീരില്ല..

                            ട്രാക്കില്‍ നിന്നും കുറച്ച് മുന്നോട്ട് നടന്നാല്‍ ഒരു മൂവാണ്ടന്‍ മാവാണ്..എന്നും പൂക്കുന്ന, കായ്ക്കുന്ന ഒരു മാവ്..അതിന് ചുവട്ടില്‍ എന്‍റെ ചില സമപ്രയ വീരന്മാര്‍ ചുറ്റി നടക്കുന്നുണ്ടാകും..പൊഴിയുന്ന കണ്ണി മാങ്ങകള്‍ തേടി..പലരുടേയും മുഖവും, ചുണ്ടും മാങ്ങ കറ കൊണ്ടോ, കശുമാങ്ങ കറ കൊണ്ടോ പൊള്ളിയ അടയാളങ്ങള്‍..ബട്ടന്‍സ് പോയ നിക്കര്‍ ഇരുവശത്തും മടക്കി കുത്തി മാവിലേക്ക് നോക്കി നടക്കുന്ന ജൂനിയേഴ്സ്‌...

                         "നാട്ടിലെ രാജാവിന്‍റെ മൂട്ടിലൊരു ഓട്ട.."

                        "പോസ്ടാപ്പീസ് തുറന്ന്‍ കെടക്ക്ണു..ഒന്നടച്ച് വെക്കടാ പിത്ത കാടീ.."

                         ഏതെങ്കിലും വിരുദന്മാരുടെ ട്രൌസറിന്‍റെ പിന്‍ ഭാഗത്തോ, മുന്‍ ഭാഗത്തോ കാണുന്ന തുളയെ കളിയാക്കുന്ന വരികള്‍.. പാര്‍ക്കില്‍ കുഞ്ഞന്മാരായ ഞങ്ങള്‍ പലപ്പോഴും കാണികള്‍ തന്നെ..എല്ലാം കണ്ട് നടന്ന്‍ ആസ്വദിക്കുന്ന കാണികള്‍..മാവിന്‍ ചുവട്ടില്‍ നിന്നും മുന്നോട്ട് പോയാല്‍ അരിയസുണ്ട യുടെ ലോകമാണ്.."ആമ കളി, കുഴി കളി, രാശി കളി.." ആമ കളിയാണ്‌ പ്രധാനം..ഒരാളുടെ കയ്യില്‍ നിന്നും ഉണ്ടകള്‍ കയ്യില്ലാക്കാന്‍ നടക്കുന്ന ഉന്നം വേണ്ട കളി..കീശ നിറയെ ഉണ്ടകളും കിലുക്കി  വരച്ച കളത്തില്‍ നേരെ ഉണ്ടയെറിഞ്ഞു, പുറത്ത് പോയത് എതിരാളി കളത്തിലേക്ക്‌ നടു വിരലും,തള്ള വിരലും കൊണ്ട് കളത്തിലേക്ക് തിരിച്ച് തള്ളി, ചൂണ്ടി കാണിക്കുന്ന ഉണ്ടയെ മറ്റുള്ള ഉണ്ടകളില്‍ തട്ടാതെ അടിച്ചു തെറിപ്പിച്ചാല്‍ കളത്തിലെ മുഴുവന്‍ ഉണ്ടകളും സ്വന്തമാക്കുന്ന കളി..പ്രധാന കളിക്കാരന്‍ ഷാജിയാണ്..ഷാജിയുടെ ആമ കളിയിലെ ഉന്നവും പ്രസിദ്ധമാണ്..ഇരു കീശകളിലും കളിച്ചു കിട്ടിയ ഉണ്ടകള്‍, അതിനു പുറകെ അസോസിയേറ്റ് പോലെ  കൂട നടക്കുന്നവന്റെ കയ്യിലെ പ്ലാസ്ടിക്ക് കുപ്പിയില്‍ നീലയും, പച്ചയും, ചുവപ്പും, വെള്ളയും നിറമാര്‍ന്ന ഉണ്ടകള്‍..ഷാജിയുടെ കയ്യിലെ "വക്കന്‍" എന്ന് പറയുന്ന അരിയസുണ്ട നാട്ടില്‍ പ്രസിദ്ധമാണ്..അത് കൊണ്ടാണ് ഷാജി എന്നും കളത്തിലെ കായകളെ അടിച്ചു തെറിപ്പിക്കുന്നത്..ആ വക്കനോടും , നെല്ലിപ്പറമ്പത്ത് ഷാ ജിയോടും  കുഞ്ഞന്മാരായ ഞങ്ങള്‍ക്ക് ആരാധനയിരുന്നു..

                                                  പാര്‍ക്കില്‍ പിന്നെ  മുന്നോട്ട് നടന്നാല്‍ വേദനയുടെ ലോകമാണ്..രാശി കളിയുടെ അവസാന ഘട്ടം..മൂന്ന്‍ കുഴികളില്‍ "പച്ച" ചപ്പി ഒന്ന്‍, രണ്ട്‌ ..എന്നിങ്ങനെ രാശി വരെ നീളുന്ന വിവിധ കുഴികള്‍ താണ്ടി, അതിനിടയില്‍ അടുത്ത് കാണുന്ന എതിരാളിയുടെ അരിയാസുണ്ടയെ "ആരു തടുത്താലും വലിച്ചെറിയും" എന്ന നിയമപരമായ മുന്നറിയിപ്പ് നല്‍കി അടിച്ചു തെറിപ്പിക്കുന്ന കളി..അവസാനത്തെ രാശിക്കാരനാണ് ഹതഭാഗ്യന്‍..ആദ്യം രാശി നേടിയ ആള്‍ മുതല്‍ താഴോട്ട് അവസാനക്കാരനെ ശിക്ഷിക്കാം..ആദ്യത്തെ കുഴിയുടെ അരികില്‍ കൈ മടക്കി വെച്ച് അവസാനമായ പാവം കണ്ണുമടച്ച് ഇരിക്കും..മൂന്നാമത്തെ കുഴിയുടെ അടുത്ത് നിന്നും ജയിച്ചവര്‍ ചൂണ്ടു വിരലില്‍ ഉണ്ട വെച്ച് അവസാനക്കാരന്റെ മടക്കി വെച്ച കൈയുടെ നേരെ തൊടുത്ത് വിടും..ചിലത് കൊള്ളും, ചിലത് ലക്‌ഷ്യം തെറ്റും..കൊള്ളുമ്പോള്‍ അടിച്ചവന്‍ ചിരിക്കും..അടി കൊണ്ടവന്‍ വേദന കൊണ്ട് പുളയും..

                                                  പിന്നെയും  മുന്നിലേക്ക് പോയാല്‍ പമ്പരം കൊത്താണ്..അതും വേദനയുടെ, കളിയാണ്‌..ആപ്പ് എടുക്കാന്‍ വൈകിയാല്‍ തോല്‍വി..തോറ്റവന്റെ പമ്പരം കളത്തില്‍ വെച്ച് മറ്റുള്ളവര്‍ നൂല് ചുറ്റി ഉന്നം നോക്കി ആഞ്ഞു കൊത്തും..ആ പമ്പരത്തില്‍ വീഴുന്ന കുത്തുകള്‍ അതിന്‍റെ ഉടമസ്ഥന്റെ ഹൃദയത്തിലാണ് പതിക്കാറുള്ളത്..പമ്പരത്തില്‍ വീണ കുത്തുകള്‍ കണ്ട് കണ്ണ്‍ നിറയുന്ന എത്ര പേര്‍..പമ്പരം കളിയില്‍ അന്നത്തെ വിദഗ്ദന്‍ നടുമുറി സിദ്ധാനാണെന്നാണ് ഓര്‍മ്മ...എങ്കിലും പമ്പരം കറക്കി കൈയ്യിലും, കൈ തണ്ടയിലും, കാലിലും വെച്ച് ചില പൊടി കൈകള്‍ കാണിക്കുന്ന "കൊക്കൊത്തി രവി എന്ന കൂനന്‍ രവിയും മനസ്സില്‍ കടന്ന്‍ വരുന്നു..

                                                  അതിനപ്പുറം റോഡിന്‍റെ മറുവശം വരെ നീളുന്ന ലോകം പെണ്‍കുട്ടികളുടെ മാത്രമാണ്...പിന്നെ ഞങ്ങളെ പോലുള്ള കുഞ്ഞന്മാരുടെയും....നീളത്തില്‍ കളം വരച്ച് വട്ടു  കളിക്കുന്നവര്‍...

               "ആമാ റൈറ്റ്.. യെസ്...  ഒടുവില്‍ വരയില്‍ ചവിട്ടുമ്പോള്‍ "നോ" വിളി ഉയരുന്നു..പിന്നെ അടുത്ത ആളുടെ അവസരം..ചിലപ്പോള്‍ തൊങ്ങി തൊട്ട് കളിക്കുന്നതും കാണാം..ഒരു കളതിനകത്ത് തൊങ്ങി നടക്കുന്നായള്‍ പൊട്ടന്‍ എന്നറിയപ്പെടും..ഒറ്റകാലില്‍ തോങ്ങി കൊണ്ട് കളത്തിനകത്ത് കബളിപ്പിച്ച് ഓടുന്നവരെ തോങ്ങി തോടുക..ആരെയാണ് തൊടുന്നത് ആ നിമിഷം മുതല്‍ അയാള്‍ ആയിരിക്കും അടുത്ത പൊട്ടന്‍..കായികമായ ശാരീരികമായ ചലനങ്ങള്‍ വേണ്ടന്ന് വെച്ച് ഇരുന്ന്‍ കളിക്കുന്ന കൂട്ടരുണ്ട്..കല്ല്‌ കളിയും, പുള്ളിക്കളിയും ആണ് പ്രധാനം..രണ്ട്‌ കൂട്ടമായി തിരിഞ്ഞ് രണ്ട്‌ ഭാഗത്ത് പരസ്പരം തമ്മില്‍ കാണിക്കാതെ മണ്ണ്‍ കൊണ്ട് ചെറിയ പുള്ളികള്‍ ഉണ്ടാക്കി വെക്കും..ഉണ്ടാക്കി കഴിഞ്ഞാല്‍ ഉറക്കെ വിളിച്ച് പറയും.."പുള്ളിക്കും പുള്ളിക്കും തീ പിടിച്ചേ..." പിന്നെ ഇരു ഭാഗവും ഇരു വശത്ത് പോയി പുള്ളികള്‍ കണ്ട് പിടിച്ച് മായ്ച്ച് തുടങ്ങും...അവസാനം എല്ലാം കഴിയുമ്പോള്‍ കണ്ട് പിടിച്ച് മായ്ക്കാന്‍ കഴിയാത്ത പുള്ളികള്‍ പരസ്പരം കാണിച്ച് എണ്ണി തുടങ്ങും..ഏറ്റവും കൂടുതല്‍ പുള്ളികള്‍ മായ്ക്കാതെ അവശേഷിച്ച സംഘം വിജയികള്‍..

               മറ്റ് ചിലര്‍ പരസ്പരം തോളില്‍ കൈയ്യിട്ട് രണ്ട്‌ ഗ്രൂപ്പായി തിരിഞ്ഞ് ഉറക്കെ പാട്ട് പാടി കളിക്കും..അതും കണ്ടിരിക്കാന്‍ രസമാണ്..

             "ആതി രാവിലെ പൂ പറിക്കാന്‍ പോരുമോ??
               ആരെ നിങ്ങള്‍ക്കാവശ്യം..."

                                   മറ്റൊരു കൂട്ടര്‍ അഞ്ചു കല്ലുകള്‍ കൊണ്ട് അമ്മാനമാടുന്ന കളി...ഗങ്ങാരന്‍ പാര്‍ക്കില്‍ കളിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഇഷ്ടമാ..സ്വന്തം വീട്ടില്‍ കളിച്ചാല്‍ മാതാപിതാക്കള്‍ ചീത്ത പറയുന്നത് കൊണ്ട് പാര്‍ക്കില്‍ വന്നിരുന്ന്‍ കളിക്കും....

             'കല്ല്‌ കളിച്ചാ കുടുംബത്തെ ദാരിദ്ര്യം മാറില്ലാത്രേ"

                                                      ഇതിനെല്ലാം പുറമേ ഒരു മൂലയില്‍ കുറച്ച് കൂടി മുതിര്‍ന്നവരുടെ സംഘമുണ്ട്..നാട്ടിലെ യുവാക്കള്‍..മുല്ലേഴത്ത് വിജയ ചേട്ടനും, ജഗദീശ ചേട്ടനും, സീതി ബഷീര്‍ക്കാ  അങ്ങിനെ മറ്റ് ചിലര്‍..ഒരു തെങ്ങിന്‍ ചുവട്ടില്‍ പഞ്ചീസ് കളിക്കുന്ന സംഘം..ആവേശവും, ഒച്ചയും നിറഞ്ഞ കളിയില്‍ ചിലപ്പോള്‍ ചില തര്‍ക്കങ്ങള്‍ ഉരി തെരിയും...ഇത്തള്‍ കറക്കി മുകളിലേക്ക് എറിഞ്ഞു "പൊടി, അഞ്ച്, പതിനാറ് എന്നിങ്ങനെ എറിഞ്ഞു വീഴ്ത്തി കല്ലും,വടിയും കരുവാക്കി കളത്തിനു നടുവില്‍ പഴുക്കാന്‍ വിടുന്ന ആവേശം നിറഞ്ഞ കളി..

        "വീഴടീ മോളെ പതിനാറ്..."

        "ഒരു പൊടി വീഴ്ത്ത്  ചക്കരേ.."

                                                       ഈ കളികളില്‍ ഒന്നും ഉള്‍പ്പെടാന്‍ കഴിയാത്ത ഞങ്ങളുടെ കുഞ്ഞന്‍ സംഘത്തിനു ചില കുസൃതികള്‍ ആണ് വിനോദം...തീപ്പെട്ടി പടം കളിയും, ഇടക്ക് ചേട്ടന്മാരെ അനുകരിച്ച് പമ്പരം കൊത്തിയും, (പമ്പരം കറങ്ങില്ല.).പരസ്പരം മണ്ണ്‍ വാരി കളിച്ചും, ഊരാന്‍ കായ പറിച്ച് മുടിയിലും, ട്രൗസറിലും ഇട്ടും, കൂവചെടിയുടെ ഇളം കതിര്‍ എടുത്ത് അതില്‍ ഊതി പീപ്പി വിളിച്ചും എല്ലാം കണ്ട് കളികള്‍ പഠിക്കാന്‍ നടക്കുന്ന സംഘം..ഷിപ്പ് പടമുള്ള തീപ്പെട്ടി പടം വെക്കുമ്പോള്‍ അതിനെ ഷിപ്പ് വെച്ച് തന്നെ വെട്ടുന്ന കളി..ജയിക്കുന്നവന്റെ കയ്യില്‍ ഒരു വലിയ കെട്ട് തീപ്പെട്ടിപടം ഉണ്ടാകും.തോക്കുന്നവന്‍ പിന്നെ  നിരാശയോടെ നടക്കും..ആരെങ്കിലും വലിച്ചെറിഞ്ഞ തീപ്പെട്ടി കൂട് തേടി..തീപ്പെട്ടി പടം കണ്ടെത്തി കയ്യില്‍ നിന്നും  പോയത് തിരിച്ച് പിടിക്കാന്‍ വേണ്ടി..

                                                    വൈകീട്ട് ആ കൊച്ചു പറമ്പില്‍ ഇരുളും വരെ എത്ര പേര് വന്നു പോകുന്നുവെന്ന് കണക്കില്ല...ഒരു നാടിന്‍റെ തലമുറയുടെ വിനോദ ശാല ആയിരുന്നു അവിടം...ഇടക്ക് വലിയ ചേട്ടന്മാര്‍ കബഡി കളിക്കും...പിന്നെ പോല്ല കളിക്കും..ക്രിക്കറ്റിന്റെ ആദിമ രൂപമായ കുട്ടിയും, കോലും കളിക്കും..

              "കാത്താ"

                                                   വടിയുമായി നില്‍ക്കുന്നവന്റെ നേരെ കുട്ടി എറിയാന്‍ ഒരാള്‍.."കാത്തെ " എന്ന് കേട്ടാല്‍ കുട്ടിയെറിയും, കുട്ടിയെ കോല് വെച്ച് അടിച്ച് തെറിപ്പിച്ച്, തെറിച്ച് വീണ ദൂരം എണ്ണി തിട്ടപ്പെടുത്തണം..കൂടുതല്‍ ദൂരം പോയാല്‍ അയാള്‍ വിജയി..അടിച്ച് തെറിപ്പിക്കുമ്പോള്‍ കുട്ടിയെ  ആരെങ്കിലും പിടിച്ചാല്‍ അയാള്‍ പുറത്ത്...അങ്ങിനെ കുറേ വിനോദങ്ങള്‍..കളിയുടെ മൂര്‍ദ്ധന്യത്തില്‍ ദൂരെ നിന്ന് ഒരു ബെല്ല് കേള്‍ക്കും വായില്‍ വെള്ളമൂറി കൊണ്ട്...

         "ഡിലൈറ്റ് പാല്‍ ഐസ്.."

                                                    അതുമല്ലെങ്കില്‍ ഒരു കൂട്ട മണി അടി..എല്ലാ വായിലും കപ്പലോടിക്കുന്ന വെള്ളം നിറക്കുന്ന കൂട്ടമണി...

          "മദാമ്മ പൂട വരണേ.."

                                                    പോക്കറ്റില്‍ അരിയാസുണ്ട മാത്രമുള്ള പലര്‍ക്കും കണ്ട് കൊതിക്കാനാണ് വിധി...ചില്ലറ കയ്യിലുള്ള ആരെങ്കിലും വാങ്ങും..എല്ലാവരേയും നോക്കി ഐസ് തിന്നാന്‍ തുടങ്ങുമ്പോള്‍ കുറേ ജോഡി കണ്ണുകളും, അതിന്‍റെ നേര്‍ പകുതി വായും അത് നോക്കി കൊതിക്കും. കൊതി പിടിപ്പിക്കാന്‍ ഐസ് വില്പനക്കാരന്‍ ഇടക്ക് തന്‍റെ മണി വീണ്ടും വീണ്ടും അടിക്കും..പിന്നിലെ പെട്ടിയില്‍ നിന്നും കോലില്‍ കോര്‍ത്ത ഐസ് എടുത്ത് ഒന്ന്‍ കാണിച്ച് വീണ്ടും പെട്ടിയില്‍ തിരിച്ചിടും...ഐസ് കഴിക്കുന്നവനെ നോക്കി കൊതി പൂണ്ട് നില്ക്കുമ്പോള്‍ ആരെങ്കിലും മുതിര്‍ന്നവര്‍ അവനെ ഗുണ ദോഷിക്കും...

        "ചെക്കാ വെറുതെ കൊതി കിട്ടി തൂറ്റളക്കം പിടിക്കണ്ടാ..പോയി മാറി നിന്ന് തിന്നോ..

                        ഇരുള് വീഴുമ്പോള്‍ തിരിച്ച് ടയര്‍ ഉരുട്ടി വീട്ടിലേക്ക് നടക്കും..നാളെ വീണ്ടും തിരികെ വരാമെന്ന ഉറപ്പില്‍..വീട്ടില്‍ ചെന്ന്‍ ക്ഷീണത്തോടെ പടി കയറാന്‍ തുടങ്ങുമ്പോള്‍ അമ്മ അഴുക്ക് പുരണ്ട മുഴിഞ്ഞ ട്രൗസര്‍ നോക്കി പറയും...

       "നീയെന്താ കല്ല്‌ വെട്ടാന്‍ പോയതാ..പോയി മേല് കഴുകി ട്രൗസര്‍ മാറി നാമം ചൊല്ലിയേ.."

                                                  ഗങ്ങാരന്‍ പാര്‍ക്കിനു മുകളില്‍ ചില സമയം ഏഴ് മണി വരെ സൂര്യന്‍ കത്തി നില്‍ക്കും..ആ മണ്ണിനു കുട്ടികളെ അത്രക്കും ഇഷ്ടമായിരുന്നു..നാട്ടില്‍ ആദ്യമായി സൈക്കിള്‍ യജ്ഞം വന്നത് അവിടെ തന്നെയാണ്..എന്നും വൈകീട്ട് പാട്ടും, കൂത്തുമായി കുറേ ദിനങ്ങള്‍.

                                         ക്രിക്കറ്റ് ഒരു രോഗം പോലെ പടര്‍ന്ന്‍ പന്തലിക്കും വരെ ഗങ്ങാരന്‍ പാര്‍ക്ക് ആയിരുന്നു ഞങ്ങളുടെ നെഹ്‌റു പാര്‍ക്കും, സ്റ്റേഡിയവും..ഒരു നാട്ടിലെ തലമുറക്ക് വേണ്ടി തുറന്ന്‍ വെച്ച പാര്‍ക്ക്..ഒരിക്കല്‍ പോലും അതിന്‍റെ ഉടമയായ ഗംഗാധരന്‍ ചേട്ടന്‍ അവിടെ വന്നു കുട്ടികളുടെ കളികള്‍ തടസ്സപ്പെടുത്തിയിട്ടില്ല...പിന്നീട് ഞാന്‍ മുതിര്‍ന്നപ്പോള്‍ അദ്ദേഹം ആ സ്ഥലം വിറ്റു...അതിനു ചുറ്റും ഒരു വേലി വന്നതോടെ, അതിനേക്കാള്‍ ഭയാനകമായി ക്രിക്കറ്റ് വന്നതോടെ പഴയ കളികള്‍ അന്യാധീനമായി...ഗങ്ങാരന്‍ പാര്‍ക്ക് ഒരു ഓര്‍മ്മ മാത്രമായി..

                                       ഇന്ന്‍ ഈ വാക്കുകള്‍ എഴുതി മദ്ധ്യ വയസ്സിന്‍റെ പടി വാതിലില്‍ നില്ക്കുമ്പോള്‍ ആ പഴയ ഭൂതക്കാലം തിളങ്ങുന്ന മുത്തായി മുന്നില്‍ മാറുന്നു..എന്‍റെ മക്കള്‍ ഒരു വീടിനകത്ത് ടാബിലും, വീഡിയോ ഗെയിമിലും, കൊച്ചു ടി.വിയിലും, മോണോ പോളിയിലും ബാല്യം തളച്ചിട്ട് കാണുമ്പോള്‍ പഴയ ഗങ്ങാരന്‍ പാര്‍ക്ക് ഇവര്‍ക്ക് അന്യമായതിന്റെ ഭാഗ്യക്കേട് ഓര്‍ത്ത് പോകുന്നു..പ്രകുതിയില്‍ നിന്നും,അതിലെ ചേറില്‍ നിന്നും, പൊടിയില്‍ നിന്നും ജനിച്ച് വളര്‍ന്ന എന്‍റെ പഴയ തലമുറയും..അതെല്ലാം അന്യമായി പോയ ബ്രോയ്ലര്‍ പുതു തലമുറയും തമ്മില്‍ ഒത്തിരി അന്തമുണ്ട്..ടി.വി യില്‍ പഴയ "തൊഴു കൈ നീട്ടി ഉണരും " എന്ന പാട്ട് കേള്‍ക്കുബോള്‍ മുഖം തിരിക്കുന്ന പുതു തലമുറ...പകരം "ഇതെന്തൂട്ടാ ക്ടാവേ..ഇതെന്തൂട്ടായിത്.." എന്ന പാട്ടിനു മുന്നില്‍ തുള്ളുന്ന തലമുറ ..അവര്‍ക്കറിയില്ല അന്നത്തെ ഗങ്ങാരന്‍ പാര്‍ക്കും, കളികളും നല്‍കിയ ഊര്‍ജ്ജം ...അളന്ന് തിട്ടപ്പെടുത്താന്‍ കഴിയില്ല..ഒപ്പം മറക്കാനും കഴിയില്ല...ഗങ്ങാരന്‍ പാര്‍ക്കിനെ..എന്നും..എന്നെന്നും..


 ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍..    
       



                                 


















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ