2016, ഫെബ്രുവരി 25, വ്യാഴാഴ്‌ച

ഒരു സന്തോഷ കരച്ചില്‍..

                                           


                                               പുറത്ത് നിന്നും ഒരു നീണ്ട ചുമയുടെ പിന്നാലെ ശ്വാസം മുട്ടുന്ന പതിഞ്ഞ ശബ്ദം കേട്ടപ്പോള് അവര്‍ ആകാംക്ഷയോടെ വീടിന് പുറത്തേക്ക് വന്നു..ഇറയത്ത്‌ വിയര്‍ത്ത് കുളിച്ച് തൂണും ചാരി അദ്ദേഹം..

                 "പെണ്ണേ ..കുടിക്കാന്‍ ഇച്ചിരി വെള്ളം"

                                               അയാളുടെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നു..ശ്വാസത്തില്‍ കുറച്ച് നേരം മുമ്പേ ചുമച്ച ചുമയുടെ പ്രതിഫലനങ്ങള്‍..തേച്ച് മിനുക്കാത്ത കൊച്ച് വീടും, മോന്തായം ജീര്‍ണിച്ച മേല്‍കൂരയും ..ഇതൊന്നുമല്ല അയാളുടെ അന്നത്തെ പ്രശ്നം.."രണ്ടായിരത്തി ഇരുനൂറ് രൂപ വേണം..നാളെ സൂര്യനസ്തമിക്കുന്നതിന് മുമ്പേ...

               "ഇചാച്ചാ..എന്നതായി പോയ കാര്യം..രൂപ കിട്ടിയാര്‍ന്നോ??"

                                                മുന്നില്‍ സ്റ്റീല്‍ ലോട്ടയില്‍ വെള്ളവുമായി വന്നു നില്‍ക്കുന്ന ഭാര്യക്ക് എങ്ങിനെയാ മറുപടി കൊടുക്കുക..അയാളുടെ മനസ്സ് വീണ്ടും നീറാന്‍ തുടങ്ങി.അവര്‍ ഉടുത്തിരിക്കുന്ന നിറം മങ്ങിയ ചട്ടയില്‍ പോലും സാമ്പത്തിക ഞെരുക്കത്തിന്റെ, നിറം മങ്ങിയ ദാരിദ്ര്യ ചിത്രങ്ങള്‍ തെളിഞ്ഞിരിക്കുന്നു.

             "ഇചാച്ചാ...കിട്ടീല്ലാല്ലേ..തോട്ടത്തിലെ അപ്പപ്പനോട് ഒന്ന്‍ ചോദിയ്ക്കാന്‍ മേലാരുന്നോ??"

              "ഓ..ചോദിച്ചാര്‍ന്നു..അത് കേട്ടതും അങ്ങേര്‍ ചത്ത് കുഴീ പോയ അപ്പനിട്ടാ തെറി വിളിച്ചത്...റവറു വെട്ടുന്ന കൂലീന്ന് കൊറച്ചീച്ചേ പിടിച്ചോളാന്‍ പറഞ്ഞതാ..എന്നിട്ടും തന്നില്ലാന്നെ.."

                                                 അവര്‍ അയാളുടെ അടുത്ത് ഇറയത്ത്‌ ചേര്‍ന്നിരുന്നു. പ്രതീക്ഷ നഷ്‌ടമായ അയാളുടെ മനസ്സിനെ ഒന്ന്‍ ആശ്വസിപ്പിക്കുന്നത് പോലെ ആ സാമീപ്യം. ജീവിതത്തില്‍ തെറ്റും, കുറ്റവുമറ്റ് ഒന്നിച്ചു യാത്ര തുടങ്ങിയിട്ട് വര്ഷം പലതാകുന്നു.

              "ഇതിപ്പോ എന്നാ ചെയ്യോന്നാ നാളെ..കോച്ചിന്‍റെ ഫീസ്‌ അടച്ചില്ലേല്‍ പരീക്ഷ എഴുതാന്‍ പറ്റുകേല...ഇങ്ങിനെ ഒരു ഗതി കേട്ട അപ്പന്‍റെ മക്കളായിട്ടാണല്ലോ കര്‍ത്താവേ എന്‍റെ രണ്ടു മക്കളും ജനിച്ചേ.."

                                                 അവസാനത്തെ വാക്കുകള്‍ ഇടറിയിരുന്നു..അയാള്‍ തേങ്ങി കരയാന്‍ തുടങ്ങി..അവര്‍ക്കും കരച്ചില്‍ വന്നു..ഇത്രയും സ്നേഹമുള്ള ഭര്‍ത്താവ്,ഇത്രയും സ്നേഹമുള്ള ഒരച്ചന്‍..പണം മാത്രം ഇതിനിടയില്‍ ഒരു വലിയ തടസ്സം..നിലം പതിക്കാറായ ഒരു കൂരയുടെ അടിയിലെ ജീവിതങ്ങളുടെ മുകളിലേക്കുള്ള ഒരു ചവിട്ട് പടിയാണ് കോട്ടയത്ത് നേഴ്സിങ്ങിനു അവസാന വര്ഷം പഠിക്കുന്ന മൂത്ത മകള്‍..അവളുടെ പരീക്ഷയാണ്‌ ഫീസില്ലാതെ മുടങ്ങാന്‍ പോകുന്നത്..

                 "ഒരു നുള്ള് പൊന്ന് പോലുല്ലാ വിക്കാനും, പണയം വെക്കാനും..മക്കള് ഓരോ ദിവസോം കൂടുമ്പോ വലുതായി വരേണ്..ഒരു നീക്കി ബാക്കീം കയ്യേലില്ലാ...എന്നാത്തിനാ ഞാന്‍ ഇങ്ങിനെ അപ്പനായി ജീവിക്കുന്നേ.."

                                               ഇത്തവണ അവര്‍ക്ക് സഹിച്ചില്ല..അയാളുടെ വായ പൊത്തി പിന്നെ പറഞ്ഞ വാക്കുകള്‍ മൂടി കെട്ടി..നിറഞ്ഞ കണ്ണുകള്‍ തുടച്ച് ആശ്വസിപ്പിച്ച്

                    "വിഷമിക്കണ്ടാന്നെ..എന്തേലും ഒരു വഴി കര്‍ത്താവ് കാണിച്ച് തരും."

                                               ആ വാക്കുകള്‍ക്ക് പുറകെ ഒരു മണി കുലുക്കം കേട്ടു..പിന്നില്‍ നിന്നും വെളുത്ത പഞ്ഞി നിറവും, കാണാന്‍ ചന്തവുമുള്ള  അമ്മിണി ആടിനെയും കൊണ്ട് ഇളയ മകള്‍ മുറ്റത്തേക്ക്.


                                         അയാളുടെ കണ്ണുകള്‍, ഒപ്പം ഭാര്യയായ അവരുടെ കണ്ണുകള്‍ ആദ്യം ആടിനെ നോക്കി, പിന്നെയവര്‍ പരസ്പരം നോക്കി..മനസ്സുകള്‍ തമ്മിലുള്ള ആശയ വിനിമയം...

                                               ആട് അയാളെ കണ്ടതും അയാളുടെ അടുത്തേക്ക് ഓടി വന്നു..കരഞ്ഞു കൊണ്ട് ആ കാലുകളില്‍ നക്കിയും, വാലാട്ടിയുമുള്ള സ്നേഹ പ്രകടനങ്ങള്‍...പുറകെ ചിരിയോടെ മകളും, ആടിനെ പിടിച്ച് വലിച്ച് കൊണ്ട് പോകുമ്പോള്‍ അവള്‍ പറഞ്ഞ വാക്കുകള്‍ അതയാള്‍ക്ക് കൊണ്ടു..

                      "ഞങ്ങള്‍ മക്കള്‍ക്കുള്ളതിനെക്കാള്‍ ഈ ചാച്ചനോട് സ്നേഹം അമ്മിണിക്കാ..ചാച്ചന്റെ എളേ മോള് ഞാനല്ല കേട്ടോ..ഈ അമ്മിണിയാ"

                                            അയാള്‍ വിഷമത്തോടെ ഭാര്യയെ വീണ്ടും നോക്കി..വേണോ എന്ന ചോദ്യം ആ കണ്ണുകളില്‍..മനസ്സില്‍ വന്ന വിഷമം മറച്ച് പിടിച്ച് ശരി എന്നാ അര്‍ത്ഥത്തില്‍ അവര്‍ അയാളെ നോക്കി..പിന്നെ എഴുന്നേറ്റ് അയാള്‍ അറിയാതെ കണ്ണുകള്‍ തുടച്ച് അകത്തേക്ക്..

                    "പെണ്ണേ..ആ തോര്‍ത്ത് എടുത്തേ..ഞാനൊന്ന്‍ ബാലന്പിള്ള സിറ്റിലെ വെട്ട് വര്‍ക്കീടെ അടുത്ത് വരെ പോയെച്ച് വരാം.."

                                              അയാള്‍ പറഞ്ഞതും, പോകുന്നതും എന്തിനെന്ന് പറയാതെ തന്നെ ഭാര്യക്ക് മനസ്സിലായി..അത് പോലെ അമ്മിണിയാടിനും..ഒരു ദയനീയമായ നോട്ടം അയാളെ നോക്കി ആട് നീട്ടി ഒന്ന്‍ കരഞ്ഞ് ഒന്നുമറിയാത്ത അയാളുടെ ഇളയ മകളോടൊപ്പം അടുത്ത പറമ്പിലെ പ്ലാവിന്‍ ചുവട്ടിലേക്ക്.

                     "രണ്ടായിരത്തി അഞ്ഞൂറിന് ഉറപ്പിച്ചാര്‍ന്നു....വര്‍ക്കിക്ക്..."

                                              പുറത്ത് പോയി തിരികെ വന്ന അയാള്‍ ഭാര്യയെ നോക്കി പറഞ്ഞു..ഇളയ മകള്‍ താഴത്ത് ഇരുന്ന്‍ പഠിക്കുന്നുണ്ട്..അവളും നന്നായി പഠിക്കുന്ന കുട്ടിയാണ്..സ്കൂളില്‍ ഒന്നാം സ്ഥാനക്കാരി....അയാള്‍ ഒന്ന്‍ നെടുവീര്‍പ്പിട്ട് മടികുത്തില്‍ നിന്നും പൈസയെടുത്ത് ഭാര്യയെ ഏല്പിച്ചു..

                    "രാവിലത്തെ ബസ്സിന് തന്നെ കോട്ടയത്തിനു പോയേക്കാം.."

                    "അമ്മിണിയെ  ഇറച്ചിയാക്കനാണോ വര്‍ക്കി വാങ്ങിയത്."

                                                 അവരുടെ സങ്കടം നിറഞ്ഞ ചോദ്യത്തിന് മുന്നില്‍ അയാള്‍ ഒന്ന് മൂളി..വിഷമം കലര്‍ന്ന ഒരു മൂളല്‍.അത് വരെ ഒന്നും മനസ്സിലാകാതെ പോയ  ഇളയ മകള്‍ അമ്മിണിയെ വില്‍ക്കാനുള്ള തീരുമാനം കേട്ട് ഒരു പതിഞ്ഞ കരച്ചിലോടെ എഴുന്നേറ്റ് ഇരുട്ടില്‍ മറഞ്ഞു..അടുത്ത മുറിയില്‍ നിന്നും  ഏങ്ങലടികള്‍..അയാള്‍ക്ക് നെഞ്ചിന്‍റെ ഭാരം കൂടി വരുന്നത് പോലെ തോന്നി. വീടിനു പുറത്തിറങ്ങിയപ്പോള്‍ മൂലയില്‍ കെട്ടിയിട്ടിരിക്കുന്ന അമ്മിണിയാട് അയാളെ നോക്കി പതുക്കെ കരഞ്ഞു..ഒരു യാചന പോലെ..

                                                  പായില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ആ വീട്ടില്‍ ആര്‍ക്കും ഉറക്കം വന്നില്ല..മരണവീട് പോലെ മൂകത പൊതിഞ്ഞ ഇരുട്ടില്‍ ഈറന്‍ നിറഞ്ഞ ആറു കണ്ണുകള്‍.ഇരുട്ടില്‍ അടുത്ത മുറിയില്‍ നിന്നും ചെറിയ തേങ്ങലുകള്‍ക്ക് ബലം വെച്ചു തുടങ്ങിയപ്പോള്‍ അയാള്‍ ഇരുട്ടില്‍ തലയുയര്‍ത്തി അവളെ വിളിച്ചു..

                  "കുഞ്ഞു മോളെ..ഇങ്ങ് വന്നെ ചാച്ചന്റെ അടുത്തേക്ക്..."

                                                  ഇരുളില്‍ ഒരു രൂപം അയാള്‍ കിടക്കുന്ന പായയില്‍ വന്നു കിടന്നു..അയാള്‍ മകളെ ചേര്‍ത്ത് പിടിച്ചു..ആ കണ്ണുകള്‍ പതുക്കെ തുടച്ചു.മുടികളില്‍ വാത്സല്യത്തോടെ തലോടി ഇടറുന്ന സ്വരത്തില്‍

                 "മോളെ ചാച്ചനു വേറെ വഴി ഇല്ലാത്തോണ്ടാടാ അമ്മിണിയെ വിറ്റത്.. ഇചേച്ചിയുടെ അവസാന വര്‍ഷത്തെ പരീക്ഷയാ....ഫീസടച്ചില്ലേല്‍ തോറ്റ് പോകത്തില്ലായോ.?"

                 "ചാച്ചന്‍ വിറ്റോളൂ...അവളെനിക്ക് ഒരു കൂടപിറപ്പ് പോലെയാ ചാച്ചാ..അതോണ്ടാ ഇത്രേം സങ്കടം..."

                                                   ആ നെഞ്ചില്‍ തല ചായ്ച്ച് എപ്പോഴോ അവളുറങ്ങി. എന്നിട്ടും അയാള്‍ക്ക് ഉറക്കം വന്നില്ല. ജീവിതത്തിലെ ഗതികേടുകള്‍ ഓര്‍ത്ത് ആ പിതൃ ഹൃദയം തേങ്ങി..രാവിലെ ഉണര്‍ന്നപ്പോള്‍ കുഞ്ഞുമോളെ കണ്ടില്ല..അന്വേക്ഷിച്ചു നടന്നപ്പോള്‍ അമ്മിണിയുടെ അടുത്ത്..നിറഞ്ഞ കണ്ണുകളോടെ..തലേന്ന്‍ സങ്കടം കൊണ്ട്കുഞ്ഞുമോള്‍ കുടിക്കാതെ ബാക്കി വെച്ച കഞ്ഞി അമ്മിണിക്ക് വാരി കൊടുക്കുന്നു....അയാളെ കണ്ടപ്പോള്‍ അവള്‍ അവിടെ നിന്നും എഴുന്നേറ്റ് കണ്ണ്‍ തുടച്ച് ഒരു സന്തോഷ ചിരി മുഖത്ത് വരുത്തി അകത്തേക്ക് പോയി..അമ്മിണി അയാളെ നോക്കി ..പിന്നെ ശബ്ദമില്ലാതെ അമ്മിണിയില്‍ നിന്നും  ഒരു നിലവിളി..അയാള്‍ അമ്മിണിയുടെ അടുത്ത് ചെന്നിരുന്നു..കഞ്ഞിയില്‍ നിന്നും ഒരു പിടി വാരി കൊടുത്തപ്പോള്‍ അവള്‍ തിന്നാന്‍ തുടങ്ങി..ഒപ്പം തൊണ്ടയില്‍ കുടുങ്ങിയ ഒരു കരച്ചിലും ആ മിണ്ടാപ്രാണിയില്‍ നിന്നും...എല്ലാ വറ്റും തീരും വരെ അയാള്‍ നിറഞ്ഞ കണ്ണോടെ അമ്മിണിക്ക് വാരി നല്‍കി..എല്ലാം കഴിച്ച് കഴിഞ്ഞപ്പോള്‍ അവസാനത്തെ അന്നം നല്‍കിയ അയാളെ ആ പാവം തലയുയര്‍ത്തി നോക്കി..പിന്നെ നീട്ടി കരഞ്ഞു..അത് കേട്ടതും അയാള്‍  അതിനെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ഒരുമ്മ വെച്ച് ഉറച്ച തീരുമാനം പോലെ എഴുന്നേറ്റു..

            "പെണ്ണേ..ആ തോര്‍ത്തും, ഇന്നലെ തന്ന പൈസായും തന്നേ.."

                                                അവര്‍ക്ക് അയാള്‍ പറയാതെ തന്നെ എല്ലാം മനസ്സിലായി..എങ്കിലും മകളുടെ ഫീസ്‌..അതിന് ഒരു വഴി..അതായിരുന്നു അവരുടെ മനസ്സില്‍..

           "വര്‍ക്കിക്ക് പൈസ തിരികെ കൊടുത്തേച്ച് വരാം..അമ്മിണിയെ വില്‍കുന്നില്ല..കുഞ്ഞുമോളോട് പറഞ്ഞേച്ചാല്‍ മതി.."

           "അല്ല ഇചാച്ചാ...കൊച്ചിന്റെ ഫീസ്‌..??"
           
            അവരുടെ ആ ചോദ്യത്തിന് മുന്നില്‍ ഒരുത്തരം നല്കാന്‍ കഴിയാതെ അയാളൊന്നു പതറി.ദൂരെ നോക്കി നെടുവീര്‍പ്പില്‍ കലര്‍ന്ന ഒരൊറ്റ വാക്ക്..

          "അതിനെ ഇറച്ചിക്ക് കൊടുക്കാന്‍ മനസ്സ് വരണില്ല..നമ്മുടെ കുഞ്ഞു മക്കളെ പോലെ തന്നയാണ് അവളും.."

                                                  അത് കേട്ടതും അമ്മിണിയാട് സന്തോഷത്തോടെ ഒന്ന് കരഞ്ഞു..അയാള്‍ തോര്‍ത്ത്‌ കൊണ്ട് കണ്ണ്‍ നീര്‍ തുടച്ച് മുന്നോട്ട് പോകാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ ചെറിയ മകളുടെ നിഴല്‍.അകത്തെ ഇരുട്ടില്‍ നിന്നും സന്തോഷത്തോടെ ..കയ്യില്‍ കുറേ നോട്ടുകള്‍.

         "ചാച്ചാ..ഇത്ഞാ നും ഇചേച്ചീം കൂടി കൂട്ടി രണ്ടു കൊല്ലായിട്ട് കൂട്ടി വെച്ചതാ...നിങ്ങളറിയാതെ...ഞങ്ങള്‍ക്ക്സ മ്മാനം കിട്ടീതും, സ്കൊലോര്ഷിപ്പ് കിട്ടീതും, അച്ചന്മാര് തന്നതും, പള്ളീന്ന് കിട്ടീതും എല്ലാം ചേര്‍ത്ത് കൂട്ടി വെച്ചതാ...വരുന്ന  ക്രിസ്തുമസിന് അമ്മച്ചിക്ക്  ഒരു കുരിശ് മാല വാങ്ങാനായിട്ടു..ഇത് ചാച്ചന്‍ കൊണ്ട് പൊയ്ക്കോ.. ഇചേച്ചിയുടെ ഫീസടക്കാന്‍..

                                                    അയാള്‍ തിരികെ വന്നു അവളെ  സന്തോഷത്തോടെ കെട്ടി പിടിച്ചു.ആ നെറുകയില്‍ കണ്ണ്‍ നീര്‍ കലര്‍ന്ന ഒരുമ്മ നല്‍കി വിറക്കുന്ന വിരലുകള്‍ കൊണ്ട് അടുത്ത് നില്‍ക്കുന്ന ഭാര്യയെ ചേര്‍ത്ത് മകള്‍ക്ക് ചുറ്റും  ഒരു വലയമായി...വളര്‍ന്ന്‍ വലുതായി ജോലിക്കാരായ മക്കളിലൂടെ എല്ലാ ദുരിതവും തീരുന്ന ഒരു ദിവസം മുന്നില്‍ കാണുന്നത് പോലെ അയാള്‍ക്ക് തോന്നി...നിലം പതിക്കാറായ കൊച്ചു വീടിന്‍റെ സ്ഥാനത്ത് ഭംഗിയുള്ള ഒരു കൊച്ചു വീട്, സന്തോഷം കലര്‍ന്ന ദാരിദ്ര്യമില്ലാത്ത ഒരു കൊച്ചു ജീവിതം.....

                                                     ആ ഒരു നിമിഷത്തില്‍ നിന്നും കിട്ടിയ സ്നേഹത്തില്‍ നിറഞ്ഞ  സന്തോഷത്തിന്റെ ആവേശവുമായി  അയാള്‍  മകളില്‍ നിന്നും ആ പണം വാങ്ങാതെ വേഗം നടന്നു..കുറച്ച് മുന്നിലെത്തി തിരികെ ആത്മവിശ്വാസം കലര്‍ന്ന ഒരച്ഛന്റെ ഭാവത്തില്‍ ഉറക്കെ പറഞ്ഞു..

          "കുഞ്ഞു മോളെ...വര്‍ക്കീടെ കയ്യീന്ന് വാങ്ങിയ പണം ചാച്ചന്‍ തിരികെ കൊടുത്തെച്ച് വരാം...മോള്‍ടെ കയ്യിലുള്ളത് തിരകെ സമ്പാദ്യ പെട്ടിയില്‍ വെച്ചേക്ക്...ഈ ക്രിസ്തുമസ്സിന് എന്നതായാലും  അമ്മച്ചിക്ക് ഒരു കുരിശ് മാല വാങ്ങിയേക്കാം.."

                                                        മകളുടെ മുഖത്തെ സന്തോഷം മിന്നി കണ്ടപ്പോള്‍ അയാള്‍ ഭാര്യയുടെ നേര്‍ക്ക് തിരിഞ്ഞു..അതൊരു  ഒരു ഉറച്ച ശബ്ദമായിരുന്നു. ഒരു കുടുംബ നാഥന്റെ ഉത്തരവാദിത്തം നിറഞ്ഞ വാക്കുകള്‍

         ''പെണ്ണേ..ആ ഷര്‍ട്ടും, മുണ്ടും എടുത്ത് വെച്ചേര്..ആരുടെ കാല് പിടിച്ചിട്ടായാലും ഫീസ്‌ അടക്കാനുള്ള പണോം കൊണ്ടേ ഞാന്‍ വരൂ..നമുക്ക് തിരിച്ച് കൊടുക്കാം..അതിനൊള്ള കൈബലം കര്‍ത്താവ് ഇനീം തരും.."

                                                       അയാള്‍ നടന്ന്‍ പോകുന്നത്  ആ അമ്മയും, മകളും സന്തോഷത്തോടെ നോക്കി നിന്ന്..ആ ചെറിയ സന്തോഷം സൃഷ്ടിച്ച അലകള്‍ ഒരു ചെറിയ കുടുംബത്തെ സ്വര്‍ഗ്ഗമാക്കിയത് പോലെ..എന്നും ആ സന്തോഷം നിലനില്‍ക്കുമെന്ന പോലെ ചെത്തി തേക്കാത്ത ചുമരിലെ കര്‍ത്താവിന്റെ ഫോട്ടോയിലും ഒരു  തിളക്കം.

                                                    ഇതെല്ലാം  കണ്ട് അമ്മിണിയും മുറ്റത്ത് നിന്ന് ഒന്ന്‍ നീട്ടി കരഞ്ഞു....അവരുടെ കുടുംബത്തിലെ ഭാഗമായതിലുള്ള ഒരു സന്തോഷ കരച്ചില്‍

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
                                           









                                               

                                                

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ