"എങ്ങിന്യ നിങ്ങളെ കൊണ്ടോകാ?? ഇത്തവണ കുട്ട്യോള് വരണുണ്ട്.മൂത്തോള്‍ക്ക് വയസ്സിത് പത്താ..പെണ്ണിന് അടുത്ത കൊല്ലം വയസ്സെങ്ങാനറിയിച്ച പിന്നേ കഴിഞ്ഞില്ലെ കൂത്ത്..അതോണ്ട് നിങ്ങളെ കൊണ്ടോണ കാര്യം ഇനി വരണ കൊല്ലം നോക്കാം.."
അയാള്‍ ഇറയത്തിരിക്കുന്ന അവര്‍ ഇരുവരേയും മാറി മാറി നോക്കി..ആ കണ്ണുകളിലെ പ്രതീക്ഷ നഷ്ടമായിരിക്കുന്നു. ഒന്നും തിരികെ പറയാനാകാത്ത വിധം മൗനം അവര്‍ക്ക് ചുറ്റും വലയം തീര്‍ത്തു.അയാള്‍ വീണ്ടും ഇരുവരേയും മാറി നോക്കി മടിച്ച് മടിച്ച് പറഞ്ഞു..
"അല്ലേല്‍ ഈ വയസ്സാന്‍ കാലത്ത് എന്തിനിപ്പാ പോണേ?? പാപ്പനീ വയ്യാത്ത കാലും വെച്ച് കാടും മേടും കേറണോ?? എളേമ്മക്ക് ആണേല്‍ വലിവും..ഞങ്ങ പോണ സമയത്ത് ഒരു നറ കൊണ്ടോകാം..അതല്ലേ നല്ലത്??"
അവര്‍ക്ക് പറയാന്‍ മൗനം മാത്രം..ഒന്ന്‍ മിണ്ടാതെ പ്രതിമകളെ പോലെ ഇരിക്കുന്ന ഇരുവരെയും വീണ്ടുമൊന്നു നോക്കി..അച്ഛന്റെ അനുജനും, ഭാര്യയും, രണ്ടു പേര്‍ക്കും അത്യാവശ്യം വയസ്സായി.അയാള്‍ മനസ്സില്‍ പറഞ്ഞു..
"പണ്ടാരങ്ങള്‍ക്ക് രണ്ടിനും വയ്യ.പണ്ട് ഒരു പൊട്ട സമയത്ത് രണ്ടിനേം മലക്ക് കൊണ്ടാകന്നു പറഞ്ഞതാ..മണ്ഡലം വന്നപ്പോ രണ്ടും പോകാനൊരുങ്ങി ..അങ്ങേര്‍ക്ക് രണ്ടും കാലിനും ഞൊണ്ടാ..ആ ബ്രാക്കറ്റ് പോലെ വളഞ്ഞ കാലും കൊണ്ട് മലക്ക് വന്നാ ഞാന്‍ പെടും..ഒഴിവാക്കിയേ തീരു."
അവരില്‍ യാതൊരു മാറ്റവുമില്ല..പ്രതികരിക്കാതെ ഇരിക്കുന്ന രണ്ട് പേരോടും യാത്രയും പറഞ്ഞു അയാള്‍ വേഗം മുങ്ങി. ഇരുവരും ഒന്നും പറയാതെ കുറേ നേരം നോക്കിയിരുന്നു.മേത്തല അമ്പലത്തില്‍ നിന്നും വൈകീട്ട് പാട്ട് കേള്‍ക്കുന്നത് വരെ. പാട്ട് കേട്ടതും ആ വൃദ്ധന്‍ എന്തോ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചത് പോലെ എഴുന്നേറ്റ് നഗ്നമായ തോളില്‍ ഒരു തോര്‍ത്ത് പുതച്ച് പുറത്തേക്ക് ഞൊണ്ടി ഞൊണ്ടിയിറങ്ങി. അവര്‍ ഒന്നും ചോദിച്ചില്ല..അവര്‍ക്കറിയാം ആ മനസ്സിനെ.അതിനുള്ളില്‍ പുകയുന്ന മൗനം തിരിച്ചറിയാനുള്ള കഴിവ്, കുറച്ച് നേരം അയാള്‍ പോകുന്നത് നോക്കിയിരുന്ന് അവരും എഴുന്നേറ്റു..ഒരു നെടുവീര്‍പ്പ് ..പിന്നെ പതുക്കെ മുറ്റത്തേക്ക് നടന്നു..
അയയില്‍ ഉണക്കാനിട്ടിരിക്കുന്ന കറുത്തതും, നിറം മങ്ങിയതുമായ വസ്ത്രങ്ങള്‍ തിരികെയെടുത്ത് വീടിനുള്ളില്‍ കയറുമ്പോള്‍ കാലത്ത് നടന്നതെല്ലാം വിഷമത്തോടെ ഓര്‍ത്തു..അദ്ദേഹത്തിനായിരുന്നു കൂടുതല്‍ ഉത്സാഹം..അഴിയിളകിയ തട്ടിന്‍പുറത്ത് നിന്ന് കഷ്ടപ്പെട്ട് ആ ഭാണ്ഡം പുറത്തെടുത്ത് അവരെ നോക്കി ചിരിച്ചു..ദയനീയമായ ചിരി..
"ഒക്കെ പൊടീം, അഴുക്കാ..ഒന്ന്‍ കഴുകിടുത്താ നാളെ തന്നെ മാലയിട്ട് വസ്ത്രം മാറാം..കാണുമ്പോ കൊച്ചിന്‍റെ ഓര്‍മ്മ വരാ..ഇതേല്ലാം വാങ്ങീത് കൊച്ചാ"
അയാളുടെ സംസാരം കേട്ട് അവരുടെ കണ്ണുകള്‍ നിറഞ്ഞു.ഏതോ നഷ്ടബോധം നെഞ്ചിനുള്ളില്‍ തിളച്ച് മറിയുന്നു..അയാള്‍ എല്ലാം പുറത്തെടുത്തു..തുളസി മാലകള്‍,ഇരുമുടി കേട്ട്, കൈ സഞ്ചികള്‍, ആ പഴമയില്‍
തിളച്ച് മറിയുന്ന എരിയുന്ന ഓര്‍മ്മകള്‍..
"കൊച്ച് ഒണ്ടായിരുന്നെ നമ്മള് കന്നിക്കാരുടെ ഗുരു സാമി ആയേനെ..എത്ര വട്ടാ നമ്മക്ക് വേണ്ടി മല ചവീട്ടീത്..എന്നട്ട് ഇപ്പ ഒരു തവണ കൊച്ചിന് വേണ്ടിട്ട് നമ്മക്ക് ആ പൂങ്കാവനം ചവിട്ടാന്‍ പറ്റിലെങ്കി ..."
അത് മുഴുവനാക്കുന്നതിന് മുന്പ് അവരില്‍ നിന്നും ഒരു വലിയ ഏങ്ങലടിയുയര്‍ന്നു.പൊടി നിറഞ്ഞ വസ്ത്രങ്ങളെടുത്ത് നിറഞ്ഞ കണ്ണുമായി അലക്ക് കല്ലിനടുത്ത് ചെന്ന്‍ നിന്ന്കരഞ്ഞു..കല്ലില്‍ വീണ കണ്ണ്‍ നീര്‍ തുള്ളികള്‍ ആ കറുത്ത തുണിയിലേക്ക് ചിതറി തെറിച്ച് നിറം മങ്ങിയ തുണികളില്‍ വിഷാദ ചിത്രങ്ങള്‍ വരച്ചു..അവര്‍ക്ക് പിന്നില്‍ ഒരു മുരടനക്കം..ഞൊണ്ടി ഞൊണ്ടി അയാള്‍..കണ്ണുകളില്‍ വിഷാദം, നെഞ്ചില്‍ ഓര്‍മ്മകളുടെ നൊമ്പരം..
"കൊച്ചിന്റെ അമ്മ കരയാന്‍ വേണ്ടി പഴേ കാര്യം പറഞ്ഞതല്ല..തുണിയൊക്കെ വേഗം കഴുകിക്കോ..ഇത്തവണ ഞാന്‍ കന്നി അയ്യപ്പനും, കൊച്ചിന്റെ അമ്മ കന്നി മാളികപോറോം..അവന്‍ നമ്മളെ കൊണ്ടോകും മലക്ക്...ഒന്നുമില്ലേല്‍ എന്‍റെ ചേട്ടന്‍റെ മോനല്ലേ..ഞാന്‍ എടുത്ത് വളര്‍ത്തി വലുതാക്കിയ ചെക്കനല്ലേ..."
. ആ ഉത്സാഹമാണ് ചേട്ടന്‍റെ മകന്‍ സുധി കുറച്ച് നേരം മുന്പ് കെടുത്തി പോയത്. സന്ധ്യക്ക് വിളക്ക് വെച്ച് നാമം ചൊല്ലുമ്പോളും അദ്ദേഹം എത്തിയിരുന്നില്ല. നാളെ പിറക്കുന്ന വൃശ്ചികം..ഒരു കൊല്ലമായി മോഹിച്ച്കാ ത്തിരിപ്പായിരുന്നു. മനസ്സില്‍ കാലങ്ങളായി കൊണ്ട് നടക്കുന്ന ഒരാഗ്രഹം..തന്‍റെ കൈ പിടിച്ച് മാല ചവിട്ടാനുള്ള മോഹം..ഏക മകന്‍ നഷ്ടപ്പെടും വരെ അവനാണ് അച്ഛന് വേണ്ടി മല ചവിട്ടിയിരുന്നുത്.മൂന്ന്‍ വര്‍ഷം മുന്പ് വരെ. .പല വട്ടം അച്ഛനെ കൊണ്ട് പോകാന്‍ അവന്‍ തുനിഞ്ഞതാണ്..അപ്പോഴെല്ലാം അദ്ദേഹം ഉറച്ച് നിന്നത് ഒരു വാക്കില്‍ തന്നെ..
"കൊച്ച് പോയാ മതി...അച്ഛന്‍ ആദ്യായി പോണത് അമ്മേടെ കൂടെയായിരിക്കും..അമ്മയ്ക്ക് പോകാന്‍ കഴീന്ന വയസ്സാകുമ്പോ കൊച്ച് തന്നെ ഞങ്ങളെ കൊണ്ടോയാ മതി.''
.
അതിന് ദൈവം ഭാഗ്യം തന്നില്ല. ഒന്നിനും പോകാതെ മാന്യമായി വാര്‍ക്ക പണിക്ക് പോയിരുന്ന , ഒരു ദുശീലവുമില്ലാതെ വീട് നോക്കിയിരുന്ന, മാതാപിതാക്കളെ ദൈവത്തെ പോലെ സംരക്ഷിച്ചിരുന്ന പാവം മകന്‍ ..ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് വരുമ്പോള്‍ കാത്തിരുന്ന കുറേ വെട്ടുകള്‍, ഇരുളില്‍ കുറേ കഷ്ണങ്ങള്‍ മാത്രം..പിന്നെ ചോരയും..മുഖം പോലും കാണാന്‍ കഴിയാതെ..കൊടുങ്ങല്ലൂര്‍ ദേശത്തെ രാഷ്ട്രീയ പകയുടെ നിരപരാധിയായ ഇര. ഒരു പാര്‍ട്ടിയിലെ അക്രമിയായ ചെറുപ്പകാരന്‍റെ രൂപ സാദൃശ്യം ഉണ്ടായ ഒരു കാരണത്താല്‍ ആള് മാറി നടന്ന കൊലപാതകം..നിലവിളക്കിന് മുന്നില്‍ നിന്ന് കണ്ണുകള്‍ നിറഞ്ഞപ്പോള്‍ ഇരുട്ടില്‍ നിന്നും കാത്തിരുന്ന ശബ്ദം..
".എന്തായിത്..നെലവെളക്കിനു മുന്നീ തന്നെ വേണോ കണ്ണീര്..എനിക്കറിയാം..കൊച്ചിന്റെ കാര്യം ഓര്‍ത്തുട്ടുണ്ടാകോന്നു.ഇനിപ്പാ വെറുതെ ഓരോന്ന് ചിന്തിക്കണ്ടാ..നമ്മള് പോകും..രണ്ട് പേരും..ഇത്തവണ മലക്ക്..ഒരുത്തന്‍റെ സഹായില്ലാതെ.നാളെ കാലത്ത് കൊടുങ്ങല്ലൂര്‍ പോയി മാലയിടണം.."
"അല്ല..വയ്യാത്ത കാലും വെച്ച്?? അവര്‍ പരിഭ്രമത്തോടെ ചോദിച്ചു..അദ്ദേഹം ഇറയത്ത് ഇരുന്ന്‍ ശോഷിച്ച കാലുകള്‍ നോക്കി ദൃഡനിശ്ചയത്തോടെ പറഞ്ഞു.
"വയ്യാത്തവര്‍ക്ക് കൂട്ടിന് അയ്യപ്പ സ്വാമിണ്ടാകും..പിന്നെ ഞാന്‍ കാലിടറിയാല്‍ താങ്ങാന്‍ കൊച്ചിന്റെ അമ്മേല്ലേ കൂട്ടിന്..നമുക്ക് പോകാം..മരിക്കണെന് മുന്ന് പോയെ തീരൂ..അടുത്ത കൊല്ലത്തിനു വേണ്ടി കാത്തിരുന്നാ ഞാനില്ലാണ്ട് പോയാലോ.?"
''അയ്യോ ..വിളക്ക് വെച്ച നേരത്താ വായില് ചീത്ത വര്‍ത്താനം...ഈ ഭൂലോകത്ത് ഞാന്‍ ഒറ്റക്കാ...അവര്‍ വിഷമത്തോടെ പറഞ്ഞു.. "പോയി കുളിച്ച് വാ..എന്നിട്ട് കഞ്ഞി കുടിക്കാം...മാലയിടാന്‍ കാവിലെ നട തൊറക്കണ സമയത്ത് തന്നെ പോണം.."
വൃശ്ചിക പുലരിയില്‍ കൊടുങ്ങല്ലൂര്‍ ക്കാവിലെ ആല്‍മരങ്ങള്‍ തണുത്ത് വിറച്ച് ആടി നിന്ന പുലരിയില്‍ കറുത്ത വസ്ത്രം ധരിച്ച സ്വാമി മന്ത്രങ്ങള്‍ പേറി അമ്പലത്തിനു ചുറ്റും നടക്കുന്ന അയ്യപ്പന്മാരുടെ കൂട്ടത്തില്‍ അവരുമുണ്ടായിരുന്നു...കന്നി അയ്യപ്പനും, കന്നി മാളികപുറവും.ഉറച്ച തീരുമാനവും, ഉറച്ച ചുവടും..
"അല്ല പാപ്പാ നിങ്ങ എന്തൂട്ട് ഭാവിച്ചാണിത്..ഞാന്‍ പറഞ്ഞതല്ലേ..ഇത്തവണ കൊണ്ടോകാന്‍ പറ്റൂല്ലാന്ന്..ആരു പറഞ്ഞിട്ടാ പിന്നെ മാലയിട്ടെ??"
കോപം കൊണ്ട് വിറച്ച് തുള്ളുന്ന ചേട്ടന്‍റെ മകന്‍..കറുത്ത വസ്ത്രം ധരിച്ച് മാലയിട്ട അയ്യപ്പന്‍ വീണ്ടും അവര്‍ക്ക് നേരെ വാക്ക് ശരങ്ങള്‍ ഉതിര്‍ത്തു.. എല്ലാം കേട്ട് പതിവ് പോലെ ദീര്‍ഘമായ മൌനത്തിന്‍റെ ഒടുവില്‍ ആ വൃദ്ധന്‍ തലയുയര്‍ത്തി അയാളെ നോക്കി..
"സുധി സ്വാമി..ഞങ്ങള് തനിച്ചാ ശബരിമലയ്ക്ക് ഇത്തവണ പോണത്..ഒരാള്ടെം സഹായം വേണ്ടാ.."
"ഉരുണ്ട് വീണ് ചത്താ കൊള്ളി വെക്കാന്‍ ഞാന്‍ മാത്രേ ഒള്ളൂ മറക്കണ്ടാ.."
അയാള്‍ ചവിട്ടി മെതിച്ച് മുന്നോട്ട് പോയി..രണ്ട് പേരും പരസ്പരം നോക്കി വിഷമത്തോടെ..നഷ്‌ടമായ മകന്‍ അവരുടെ ഓര്‍മ്മകളില്‍..അവന്‍ കൂടെ ഉണ്ടായിരുനെങ്കില്‍ ഈ വാക്കുകള്‍ കേള്‍ക്കേണ്ടി വരില്ലായിരുന്നു..
"കേട്ട് നെറക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ കാശ് വേണ്ടേ?? പിന്നെ പോകാനും..ഈ മൊട്ട് കമ്മല് പണയം വെച്ചാ കിട്ടണത് തെകയോ?"
അവരുടെ ചോദ്യത്തിനു മീതെ ഉത്തരമായി അയാള്‍ മടിയില്‍ നിന്നും കുറേ രൂപയെടുത്ത് കാണിച്ചു..എവിടെ നിന്നോ കടം വാങ്ങിയ പണം..
"കൊച്ച് കഷ്ടപ്പെട്ട് വാങ്ങി തന്ന ഒരു നുള്ള് പൊന്ന് ഞാന്‍ പണയം വെക്കാനോ? കാശ് ആവശ്യത്തിനുണ്ട്..ഇത് മത്യാകും..നാളെ പോകാന്‍ ഒരുങ്ങിക്കോ...കാലത്ത് കേട്ട് നെറക്കണം"
എവിടെ നിന്ന് കിട്ടിയെന്ന് അവര്‍ ചോദിച്ചില്ല..നേര്‍ വഴി അല്ലാതെ ഒന്നും ചെയ്യില്ല..വയ്യാത്ത കാല് വെച്ച് പറമ്പ് കിളക്കാനും, വേലി കെട്ടാനും, നാളികേരം പൊതിച്ച് കൊടുക്കാനും പോകുന്ന ആളാണ്..എവിടെ നിന്നെങ്കിലും വാങ്ങിയിരിക്കും..തിരിച്ച് വന്നാല്‍ കഷ്ടപ്പെട്ട് തിരികെ കൊടുക്കും..വളഞ്ഞ കാലുകള്‍ കൊണ്ട് ഒരു ജീവിതം മുഴുവന്‍ തന്നെ അല്ലലറിയിക്കാതെ നോക്കിയ ആ പാവം മനുഷ്യന്‍. ആരേയും വേദനിപ്പിക്കാത്ത ഒരു ശുദ്ധന്‍..അവര്‍ മനസ്സ് കൊണ്ട് മുഴുവന്‍ ദൈവങ്ങളെ വിളിച്ചു..ഒരിറ്റ് വീഴ്ത്തി.
"അയ്യപ്പ സ്വാമീ..ഒരാപത്തും വരുത്തതരുത്.."
അടുത്ത പ്രഭാതത്തില്‍ അവര്‍ ഇരുവരും ഊര്‍ജ്ജം നിറഞ്ഞ രണ്ട് ചെറുപ്പക്കാരായി മാറി. അയ്യപ്പന്‍ കാവില്‍ നിന്നും കേട്ട് നിറച്ച് ഉറക്കെ ശരണം വിളിച്ച് ബസ്സില്‍ കയറിയുള്ള യാത്ര.എരുമേലി പേട്ട തുള്ളി പിന്നെ കാല്‍ നടയായി അഴുതമേടും താണ്ടി നടന്നുള്ള യാത്ര..പമ്പ വരെ യാതൊരു ഷീണമില്ലാതെ അതേ ചടുലതയില്‍..മുന്നില്‍ ഒരു ലക്‌ഷ്യം മാത്രം.."അഖിലാണ്ട നാഥന്‍.."ഒടുവില്‍ പുണ്യ നദിയില്‍ മുങ്ങി കുളിച്ച്, കന്നി മൂല ഗണപതിയെ വണങ്ങി, കരിമല കയറി, അപ്പാച്ചി മേടും, ശബരി പീഠവും താണ്ടി ഒടുവില്‍ കലിയുഗ വരദന്‍റെ തിരുവടിയില്‍..
പതിനെട്ടാം പടിയുടെ തിരക്കില്‍ കയറുമ്പോള്‍ ഇരുവരെയും ഒരു ചെറുപ്പക്കാരന്‍ പിടിച്ച് കയറ്റി..മരിച്ചു പോയ മകന്‍റെ സാമീപ്യം അറിഞ്ഞ നിമിഷം..കൂടെ അവന്‍ ഉള്ളത് പോലെ.തിരു നടയില്‍ ചെന്നപ്പോള്‍ ആ ചെറുപ്പക്കാരന്‍ തിരക്കില്‍ മറഞ്ഞു..എങ്കിലും അവര്‍ ഇരുവരും തിരിച്ചറിഞ്ഞു..നഷ്‌ടമായ മകന്‍റെ സാമീപ്യം..കുറച്ച് സമയത്തേക്ക്.. ആനന്ദ ചിത്തനെ കണ്ട് നിര്‍വൃതി അണഞ്ഞ് കണ്ണീരോടെ നില്‍ക്കുമ്പോള്‍ ആ സ്ത്രീ ആ വൃദ്ധനെ ഒന്ന്‍ നോക്കി.ഒരു കോടി പുണ്യം കൈ വന്നത് പോലെ അയ്യപ്പ സ്വാമിയേ നോക്കി മനസ്സില്‍ പറഞ്ഞു.
.
"ഞാന്‍ ഭാഗ്യവതിയാണ്..അടുത്ത ജന്മത്തിലും, ജന്മാന്തരങ്ങളിലും എനിക്ക് ഈ സ്നേഹം അനുഭവിക്കാന്‍ ഭാഗ്യമേകണേ...."
'സാമി ശരണം..."
ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍..