2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മുപ്പതുര്‍പ്യ.....

                       


                   "എന്നിട്ട്  സാറെ..വൈകീട്ടെന്താ പരിപാടി ? അറുപതാം പിറന്നാളായിട്ട് തൊണ്ട നനയ്ക്കാന്‍ വല്ലതും തരാനുള്ള പരിപാടിയുണ്ടോ?"


          രാവിലെ തന്നെ ജന്മദിനമായിട്ട് ആശംസ പറയുന്നതിന് മുന്‍പ് അവന്‍ ചോദിക്കുന്നതും, ഇതിനു മുന്‍പ് വിളിച്ചവര്‍ ചോദിച്ച അതേ ചോദ്യം.ഇനി വിളിക്കാന്‍ പോകുന്നവരും ചോദിക്കാന്‍ പോകുന്നതും ഇതേ ചോദ്യം തന്നെ..വൈകീട്ട് തൊണ്ട നന.പണ്ട് ശബരിമലയ്ക്ക് പോകാന്‍ അയ്യപ്പന്‍ വിളക്ക് നടത്തിയപ്പോള്‍ അന്നദാനത്തിനു മുന്‍പ് ചില സുഹൃത്ത് വങ്കമാര്‍ ചോദിച്ചതും ഇതേ ചോദ്യം..പേരിന് ഒരു പവിത്രത വരുത്താന്‍ "സോമരസം" എന്ന ദിവ്യത്വം..

                       "ടോ..അറുപതാകാന്‍ ഒരു പതിനഞ്ച് കൊല്ലം കൂടി ഞാന്‍ ഓണം ഉണ്ണണം..പിന്നെ വൈകീട്ടത്തെ പരിപാടി.പെണ്ണും പെട കോഴീം, പുള്ളകളുമായി അന്തിയാകുംബം  ലങ്ങ്‌ "വേദിക്ക് വില്ലേജിലോട്ടു പോര്.."

       സംസാരിച്ച് കൊണ്ടിരുക്കുമ്പോള്‍ പല വട്ടം മൊബൈളില്‍ മെസേജുകള്‍..അതി രാവിലെ തുടങ്ങിയതാണ്..ഫെസ് ബുക്കില്‍ ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു..രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റപ്പോള്‍ കിട്ടിയത് ഭാര്യയുടെ വക തകര്‍പ്പന്‍ ഗിഫ്റ്റ്..ലൂയിസ് ഫിലിപ്പിന്റെ ഒരു ജീന്‍സും, അലന്‍ സോളിയുടെ ഷര്‍ട്ടും.പിന്നെ ഒമ്പതില്‍ പഠിക്കുന്ന മകള്‍ വക ഒരു കാര്‍ഡ്, ഇളയ മകന്‍റെ വക ഒരു പേന, അതിലും വലുത് തലേ ദിവസം ഗള്‍ഫില്‍ നിന്നും വന്ന അടുത്ത സുഹൃത്ത് വക "ബാല്‍വെനി" സ്കോച്ച് വിസ്കി..ഇനി വൈകുന്നേരം വരാനിരിക്കുന്നു പല വിലപ്പെട്ട സമ്മാനങ്ങള്‍..

                 "മോനെ..." 

        വാതില്‍ മറവില്‍ നിന്നും പിടിച്ച് പിടിച്ച് അമ്മ..ഒന്ന് വീണതില്‍ പിന്നെ നടക്കരുതെന്ന ഡോക്ടറുടെ നിര്‍ദേശം തെറ്റിച്ച് മുന്നില്‍ കണ്ടപ്പോള്‍ ദേഷ്യം വന്നു..അമ്മ എന്തോ പറയാന്‍ തുനിഞ്ഞതും...

              "അമ്മയോട് ഞാന്‍ നൂറു വട്ടം പറഞ്ഞിട്ടില്ലേ..ഒറ്റയ്ക്ക് എഴുന്നേറ്റ് നടക്കരുതെന്ന്..സതീശന്‍ ഡോക്ടര്‍ അമ്മയുടെ മുന്നില്‍ വെച്ച് പറഞ്ഞത് മറന്നോ?? അനു..ഇവിടെ വാ..അച്ഛമ്മയെ കൊണ്ട് പോയി മുറിയില്‍ കിടത്തൂ.."

         നിമിഷ നേരം കൊണ്ട് മൂത്തമകള്‍ അനുപമ അമ്മയെ അവിടെ നിന്നും പിടിച്ച് കൊണ്ട് പോയി..അവളാണ് അമ്മയുടെ ഡോക്ടര്‍. അമ്മ വീണതില്‍ പിന്നെ കര്‍ശനമായ നിയന്ത്രണങ്ങള്‍, ഭക്ഷണത്തിന് പോലും താനാണ് മുന്നോട്ട് വെച്ചത്..ഈയിടെ അമ്മ പലതും തെറ്റിക്കുന്നു..മരുന്ന്‍ പോലും കഴിക്കാതെ..വീണ്ടും ഫോണ്‍ ശബ്ദിച്ചു..

                    "പിറന്നാള്‍ അല്ലെടോ...ജന്മദിനം....ബെര്‍ത്ത്‌ ഡേ..പരിപാടിയുണ്ട്..കുറച്ച് കുപ്പിയുടെ കഴുത്ത് പൊട്ടിക്കാം..ചിക്കന്‍ കടിച്ച് വലിക്കാം...ആരുമറിയാതെ കൊറച്ച് കുരുമുളകിട്ട ബീഫ് തട്ടാം.."

     രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുമ്പോള്‍ ചര്‍ച്ച അത് തന്നെയായിരുന്നു. എങ്ങിനെയെല്ലാം പണം പാര്‍ട്ടിയ്ക്ക് വേണ്ടി അടിച്ചു പൊളിക്കാം..ഭാര്യ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു..

                   "അതെ കഴിഞ്ഞ തവണ റാഫിയുടെ മകളുടെ പാര്‍ട്ടിയിലെ  പോലെ പിച്ച തരം കാണിക്കണ്ടാ..വേദിക്ക് വില്ലേജുക്കാരോട് പറഞ്ഞേക്ക് എല്ലാം കുറച്ച് കൂടുതല്‍ കരുതിയെക്കാന്‍..ബാക്കി വന്നാല്‍ കളയാം..പക്ഷെ നാണം കെടരുത്..ഒന്നും തെകയാതെ...

                    "അല്ല അമ്മയുടെ കാര്യം?? വൈകീട്ട് ഭക്ഷണം..?? എന്തായാലും വേദിക്ക് വില്ലേജ് വരെ കൊണ്ട് പോകുന്നത് വല്യേ റിസ്ക്കാ"

                  "അതിനു അമ്മ വരില്ല..ഞാന്‍ കൊറച്ച് ഗോതമ്പ് കഞ്ഞിയുണ്ടാക്കി അമ്മയുടെ മേശയില്‍ വെക്കാം..വൈകീട്ട് കഴിച്ചോളാന്‍ പറയാം..ആറു മണി വരെ ആ സര്‍വന്റ് പെണ്ണ് ഉണ്ടാകൂലോ"

         ഭാര്യയുടെ അഭിപ്രായത്തിന് ഒരു മൂളല്‍ പാസ്സാക്കി ഭക്ഷണം കഴിച്ച് എഴുന്നേറ്റ് കൈ കഴുകുമ്പോള്‍ കണ്ണാടിയില്‍ അപ്പുറത്തെ മുറിയില്‍ കട്ടിലില്‍ അമ്മയുടെ മുഖം കണ്ടു..നോക്കി ഇരിക്കുന്നത് പോലെ..തിരിഞ്ഞ് നോക്കുമ്പോള്‍ അടുത്ത ഫോണ്‍..അതും വൈകീട്ട് സുഖം അന്വേക്ഷിക്കുന്ന ദാഹം കൊണ്ട് പൊരുതി മുട്ടിയ ചില കൂട്ടുകള്‍..എല്ലാവരും വൈകുന്നേരം ആകാന്‍ കാത്തിരിക്കുന്നു..ഇരുളിന്‍റെ മറവില്‍, ലഹരിയുടെ നിറവില്‍, ഒരു രാത്രി കൂടി ആഘോഷങ്ങള്‍ കൊണ്ട് മൂടാന്‍...

                   "ഹേ..ജന്മ ദിന്‍ മുബാരക്ക് ഭയ്യാ..."

        കെട്ടി പിടിച്ച് കൊണ്ട് അന്ന്‍ വൈകന്നേരം ഇത്തവണത്തെ കൂട്ടി പത്താമത്തെ തവണയാണ് അയാളുടെ വക ആശംസ...മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓരോ പെഗ്ഗ് വിഴുങ്ങുമ്പോള്‍ ഓരോ തവണ ആശംസ.. നേരിയ വെട്ടത്തില്‍ സ്വിമ്മിംഗ് പൂളിനരികെ മേശയില്‍ ചിതറി കിടക്കുന്ന ഭക്ഷണ പാത്രങ്ങള്‍, ഒഴിഞ്ഞ കുപ്പികള്‍, ഗ്ലാസ്സുകള്‍, അതിനു ചുറ്റും കസേരകളില്‍ അയാള്‍, പിന്നെ കൂട്ടുക്കാര്‍, വൈകീട്ട്നിറയുന്ന ലഹരിയുടെ  മറ്റൊരു ദിവസം. ഒരു ഗ്ലാസില്‍ അവസാന തുള്ളി മദ്യം വീഴ്ത്തി അയാള്‍ കുറച്ച് ദൂരെ സ്ത്രീകളുടെ കൂട്ടത്തില്‍ ഇരിക്കുന്ന ഭാര്യയെ നോക്കി..

                "എന്താ ഒരു ലവ് സിപ്പ് ഓഫര്‍ ചെയ്യുന്നോ??" കൂട്ടുക്കാരന്‍ വക ചോദ്യം.
         
                  "നോ..വെറുതെ നോക്കിയതാ..ഇന്ന്‍ ഞാന്‍ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യം, ഇന്ന്‍ ഞാന്‍ അനുഭവിക്കുന്ന എല്ലാ സുഖം, ഇന്ന്‍ ഞാന്‍ സന്തോഷിക്കുന്ന ഓരോ നിമിഷം..ഇതിനെല്ലാം കടപ്പാട് ..ആ ഇരിക്കുന്ന എന്‍റെ ഭാര്യയോട്..."

                  "ഓ.കെ...നല്ലത് ..അത് ഞങ്ങള്‍ക്ക് അറിയുന്നതല്ലേ ..പക്ഷെ എനിക്ക് തോന്നുന്നു ഇന്ന്‍ താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കേണ്ടത് ..ഇന്നത്തെ ഈ ദിവസം ഒരു പാട് സ്നേഹിക്കേണ്ടത്, പൂജിക്കേണ്ടത് അമ്മയെ അല്ലേ? ടോ അവര്‍ പത്ത് മാസം ചുമന്ന്‍ വളര്‍ത്തി വലുതാക്കിയപ്പോള്‍ മാത്രമല്ലേ തനിക്ക് പഠിക്കാന്‍ കഴിഞ്ഞതും, പ്രേമിക്കാന്‍ കഴിഞ്ഞതും, ദാ ഇരിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കാന്‍ സാധിച്ചതും, പൂളില്‍ കളിക്കുന്ന കുട്ടികളുടെ അച്ഛനാകാന്‍ സാധിച്ചതും, പിന്നെ ഈ പാര്‍ട്ടി നടത്താന്‍ സാധിച്ചതും....so just thankful to her, at least today"

        അവന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ അകം പൊള്ളിച്ചു..കുടിച്ചതും, കഴിച്ചതും ഉരുണ്ട് കൂടുന്നത് പോലെ..മനസ്സില്‍ തളം കെട്ടിയ ദുഃഖം, എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരികെ പോകുമ്പോള്‍ അയാളുടെ ഭാര്യ ആ ദുഃഖം തിരിച്ചറിഞ്ഞു..അയാളുടെ ഓരോ വ്യഥയും, വ്യാധിയും, തിരിച്ചറിയുന്ന അതെ ഉള് കണ്ണുകള്‍ കൊണ്ട്..

       വീട്ടിലെത്തി അയാള്‍ ആദ്യം കുഴമ്പും , കഷായവും മണക്കുന്ന ആ മുറിയിലേക്ക് പോയി. ഇരുളില്‍ മയങ്ങി കിടക്കുന്ന അമ്മ, മേശപുറത്ത് ആറി തണുത്ത ഗോതമ്പ് കഞ്ഞി..മുറിയില്‍ വെളിച്ചം പരന്നപ്പോള്‍ അമ്മ മകനെ കണ്ട് വേഗം എഴുന്നേറ്റു..അയാള്‍ അമ്മയെ പിടിച്ച് കട്ടിലില്‍ ഇരുത്തി..വിറക്കുന്ന കൈകള്‍ കൊണ്ട് ആ അമ്മ മകനെ തൊട്ടു..പിന്നെ മേശ പുറത്ത് ഇരുന്ന ഇല ചീന്ത്‌ കയ്യില്‍ എടുത്ത് മകന് നേരെ നീട്ടി..അതില്‍ കുറച്ച് തുളസിയിലയും, പൂക്കളും, പിന്നെ ഒരു കഷ്ണം പഴവും..അവര്‍ ആ പഴമെടുത്ത് മകന്‍റെ വായിലേക്ക് നീട്ടി കൊണ്ട് പറഞ്ഞു..

                   "മോനെ..മോന്‍  ജനിച്ചിട്ട് ഇന്നേ വരെ  പെരന്നാള്‍ ദെവസം അയ്യപ്പന്‍റെ അമ്പലത്തി നീരാന്ജനം അമ്മ മൊടക്കിട്ടില്ല..."

       അയാള്‍ വേദനയോടെ ഒരു കുടം കണ്ണ്‍ നീര്‍ ഒഴുക്കി പഴം പതുക്കെ കഴിച്ചു..അമ്മ ഇലയില്‍ നിന്നും ഒരു നുള്ള് ചന്ദനം എടുത്ത് മകന്‍റെ നെറ്റിയില്‍ ചാര്‍ത്തി അയാളുടെ മുടിയില്‍ ശോഷിച്ച കൈകള്‍ കൊണ്ട് തടവി ദുഖത്തോടെ പറഞ്ഞു..മദ്യം മണക്കുന്ന വായ പൊത്തി പിടിച്ച് അയാള്‍ വിതുമ്പല്‍ അടക്കാന്‍ ശ്രമിച്ചു..

                "രാവിലെ മോനെ അമ്മ കാണാന്‍ വന്നത് നീരാന്ജനം വഴിപ്പാടിന്റെ കാര്യം പറയാനാ..അമ്മേട കയ്യില് കാശും ഇല്ല..അമ്മയ്ക്ക് അവിടം വരേം പോകാനും വയ്യ..പിന്നെ ആ വേലക്കാരി പെണ്ണിനെ  വിട്ട് കഴിപ്പിച്ചതാ...കാശ് കൊടുത്തതും അവള് തന്നെ...ഭഗവാനുള്ള കാര്യല്ലേ.. കാര്യല്ലേ..മോടക്കം വരത്താന്‍ പറ്റോ?"

       അയാള്‍ ഒരു കൊച്ചു കുട്ടിയെ പോലെ വാവിട്ട് കരയാന്‍ തുടങ്ങി..വാതിലിന്‍റെ മറവില്‍ ഇരുട്ടില്‍ നിന്നും കേട്ട അയാളുടെ ഭാര്യയും കണ്ണ് നീര്‍ ഒതുക്കാന്‍ പാട് പാടുകയായിരുന്നു..അയാള്‍ മനസ്സില്‍ പറഞ്ഞു..ഇന്ന്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം..അത് ഈ ഇല ചീന്ത്‌ തന്നെ..

              "മോനെ..അമ്മയ്ക്ക് മുപ്പത് ഉറുപ്യ തരണം..ആ പെണ്ണിന് കൊടുക്കണം..വഴിപ്പാട് നടത്തിയ പണം കടം വെക്കാന്‍ പാടില്ല..മോന്‍റെ ദീര്‍ഘായുസ്സിനും, സര്‍വ്വ വിധ ഐശ്വര്യത്തിനും വേണ്ടി അമ്മയ്ക്ക് ഇതേ തരാന്‍ കഴിയൂ.."

      അയാള്‍ ഒരു കൊച്ചു കുട്ടിയെ പോലെ അമ്മയുടെ മടിയില്‍ തല വെച്ച് കരയാന്‍ തുടങ്ങി..വലിയ വലിയ സന്തോഷത്തേക്കാള്‍, ആഘോഷത്തേക്കാള്‍ ചെറിയ ചെറിയ അനുഗ്രഹങ്ങള്‍ നല്‍കുന്ന സുഖ സംതൃപ്തി അയാള്‍ തിരിച്ചറിഞ്ഞു..വെറും മുപ്പത് രൂപയുടെ നീരാന്ജനത്തിലൂടെ.....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....        

 

           

             

   

     

           

                             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ