2015, ഒക്‌ടോബർ 15, വ്യാഴാഴ്‌ച

"ഷഹാന ഷാഹിനയല്ല.."

   






                            "ഈ മനസ്സിന്‍റെ ഒരു കാര്യമേ...കണ്ണില്‍ പതിയുന്നതിനു മുന്പ് കണ്ണടച്ച് വിശ്വസിക്കും..അത് തന്നെ യാണ് ഷഹാനയുടെ കാര്യത്തിലും എനിക്ക് സംഭവിച്ചത്..മനസ്സ് മുന്‍വിധി പറഞ്ഞത് നേരറിയും വരെ ഞാനും എന്റെ മനസ്സും വിശ്വസിച്ചു.."

                 സെപ്റ്റംബര്‍ മാസത്തിലെ മഴ പെയ്യുന്ന പ്രഭാതത്തിലാണ് ഞങ്ങള്‍ ഷഹാനയെ  കാണുന്നത്..ഒരു പ്രസിദ്ധമായ കണ്ണാശുപത്രിയില്‍ വെച്ച്.. എന്‍റെ മൂത്ത മകള്‍ ദിയയെ നേത്ര സംബന്ധമായ ദര്‍പ്പണം ചെയ്യാന്‍  കൊണ്ട് വന്ന് വരാന്തയില്‍ മഴയില്‍ നോക്കിയിരിക്കുമ്പോള്‍ കോണിപ്പടി കയറി ഉമ്മയുടെ കൂടെ ഒരു വെളുത്ത് കൊലുന്നനെയുള്ള തട്ടമിട്ട പെണ്‍കുട്ടി..എല്ലാവരേയും പോലെ കണ്ണ്‍ ചികിത്സ തേടി വന്ന കുട്ടി..കണ്ടപ്പോള്‍ മനസ്സ് വിളിച്ച് പറഞ്ഞു..സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടിയായിരിക്കും..അതായിരുന്നു മുന്‍വിധി..

                കണ്ണുകള്‍ക്ക് മീതെ വെളുത്ത തുണി കെട്ടി വെച്ച് ഏഴ് ദിവസം സൂര്യനെ കാണാതെ സ്വയം അന്ധതയുടെ ദൈന്യത അറിയുന്ന ചികിത്സ..മകള്‍ക്ക് ചികിത്സ തുടങ്ങി മൂന്നാം ദിവസമാണ് ആ കുട്ടിയെ കണ്ടത്..എന്തോ മകളുടെ കണ്ണുകള്‍ കെട്ടിവേച്ചിട്ടും ചികിത്സ നടക്കുന്ന മുറിയില്‍ വെച്ച് അവള്‍ ഷഹാനയെ ശബ്ദത്തിലൂടെ പരിചയപ്പെട്ടു..ആറു മണിയ്ക്ക് തുടങ്ങുന്ന ദര്‍പ്പണം ഏഴിന് പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ മകള്‍ കൂടുതല്‍ സംസാരിച്ചത് ഷഹാന ചേച്ചിയെ കുറിച്ചായിരുന്നു..അത് കേട്ട് കൊണ്ടാണ് ഭാര്യ ആ കുട്ടിയെ കുറിച്ച് കൂടുതല്‍ പറഞ്ഞത്..മനസ്സ് സ്വരു കൂട്ടിയ മുന്‍വിധികള്‍ മുഴുവന്‍ തകര്‍ക്കുന്ന വാക്കുകള്‍..

                             "ആ കുട്ടി എം.ബി.ബി.എസ്സിനാണ് പഠിക്കുന്നത്..ഹാസനില്‍ കര്‍ണ്ണാടക ഗവര്‍മെന്റ് മെഡിക്കല്‍ കോളേജില്‍...അതും അഖിലേന്ത്യാതലത്തില്‍ മെഡിക്കല്‍ എഴുതി കിട്ടിയതാ.."

                    ആ വാക്കുകള്‍ കേട്ട് മനസ്സ് ധരിച്ചതും, മുന്‍വിധികളും പമ്പ കടന്നു..പിന്നെയും ഭാര്യ നിത്യ കൊടുങ്ങല്ലൂര്‍ എത്തുന്നത് വരെ ഷഹാനയെ കുറിച്ച് പറഞ്ഞു കൊണ്ടിരുന്നു..ഒപ്പം ഷഹാനയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ ഒട്ടും മാറ്റി നിര്‍ത്താന്‍ കഴിയാത്ത ചിലരെ കുറിച്ചും..നല്ലൊരു കേള്‍വിക്കാരന്‍ ആകുന്നതിനപ്പുറം എന്‍റെ മനസ്സില്‍ ചില നല്ല ചിത്രങ്ങള്‍ പതിപ്പിക്കാന്‍  അവളുടെ വാക്കുകള്‍ക്ക് സാധിച്ചു..

                 "ആ കുട്ടിയ്ക്ക് കുട്ടിക്കാലം മുതലേ കണ്ണുകള്‍ക്ക് കാഴ്ച വ്യതിയാനം ഉണ്ടായിരുന്നു..എന്തായാലും ഒരു കണ്ണട കിട്ടിയതോടെ ഷഹാനയുടെ പ്രശ്നങ്ങള്‍ തീര്‍ന്നില്ല..പുസ്തകം വായിക്കുമ്പോള്‍ കണ്ണില്‍ നിന്നും വെള്ളം വരികയും, തല വേദനയും..പക്ഷെ പഠനത്തില്‍ മുന്നില്‍..അതിനു പിന്നില്‍ അവളുടെ ഉമ്മയായിരുന്നു..ഷഹാനയെ മാത്രമല്ല, അനുജത്തിയേയും, അനുജനെയും പഠന കാര്യത്തില്‍ ഒരു മാര്‍ഗ്ഗദൃഷ്ടി നല്‍കി മുന്നോട്ട് നയിച്ചത് അവരുടെ ഉമ്മയായിരുന്നു...അതി രാവിലെ കുട്ടികള്‍ പഠിക്കുമ്പോള്‍ അവര്‍ക്ക് കൂട്ടിരിക്കുന്ന ഉമ്മ..അവരെ കൃത്യമായി ചിട്ടകളോടെ നയിക്കുന്ന ഉമ്മ..അവരുടെ പ്രിയ കൂട്ടുക്കാരിയായ ഉമ്മ.."ഒത്തിരി ഷാഹിനമാരെ  (പാഠം ഒന്ന് ഒരു വിലാപം)  സൃഷ്ടിച്ച മലപ്പുറത്ത് " ഷഹാനയും, ഉമ്മയും മറ്റൊരു തലത്തില്‍ ആയിരുന്നു.."വിദ്യയാണ് ജീവിതത്തെ പടുത്തുയര്‍‍ത്തുന്നത് എന്ന വലിയ തത്വം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍.."അത് കൊണ്ടായിരിക്കണം ഷാഹാന പഠിക്കാന്‍ വേണ്ടി പാലായിലെ ബ്രില്യന്റ് അക്കാദമിയില്‍ എത്തിയത്..അവിടെ നിന്നും മെഡിക്കല്‍ പ്രവേശന പരീക്ഷ പാസ്സായി ഹാസനില്‍ എത്തി ചേര്‍ന്നതും..

                  "പിറ്റേന്ന് കണ്ടപ്പോഴും ആ ഉമ്മ ഏറെ സംസാരിച്ചത് മക്കളെ കുറിച്ചാണ്..വളരെ ചുരുങ്ങിയ സമയം കൊണ്ട് എനിക്കും, നിത്യയ്ക്കും വളരെ പ്രിയപ്പെടാന്‍ മാത്രം ആ വാക്കുകള്‍ അധികമായിരുന്നു..അത് പോലെ തന്നെ ചികിത്സ മുറിയില്‍ കണ്ണ്‍ കെട്ടി വെച്ച് താത്കാലികമായി സ്വയം ഇരുള്‍ ലോകം സൃഷ്ടിച്ച എന്‍റെ മകളും, ഷഹാനയും തമ്മില്‍ നല്ലൊരു ബന്ധം ഉടലെടുത്തു. ദിയ ഹരിയും, ഷഹാനയും പരസ്പരം ആഗ്രഹിച്ച കാര്യവും സമാനം..കണ്ണ് തുറക്കുമ്പോള്‍ പരസ്പരം കാണണം.എന്തായാലും ഏഴ് ദിവസം പിന്നിട്ടപ്പോഴേക്കും മിസ്സിസ്. ഹരീഷ് ഷഹാനയുടെ ഉമ്മയുടെ അടുത്ത ബന്ധുവിനെ പോലെ, കൂടപിറപ്പിനെ പോലെ, അവര്‍ അതി രാവിലെ കിട്ടുന്ന ഒരു മണിക്കൂര്‍ കുടുംബ വിശേഷം പങ്കിട്ടും, സംസാരിച്ചും വളരെ അടുത്തു..ദിയഹരിയുടെ കണ്ണിലെ കെട്ട് അഴിക്കുമ്പോള്‍ ഷഹാനയ്ക്ക് കാണാന്‍ കഴിയില്ലെന്ന സങ്കടം പറഞ്ഞപ്പോള്‍ "വാട്സ് ആപ്പ് "വഴി ദിയയുടെയും, മിയയുടെയും ഫോട്ടോ കൈ മാറുകയും ചെയ്യ്തു..ആ ബന്ധം ഇന്നും ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു..

ദിയാഹരിയുടെ ചികിത്സ കഴിയുന്ന അവസാന ദിവസം..

                 ദര്‍പ്പണം അകത്ത് നടക്കുന്ന സമയത്ത് നിത്യയുടെ അടുത്തിരുന്ന് ഞാനും ആ മഹാ മാതൃത്വത്തോട് സംസാരിച്ചു..ഇടയ്ക്ക് അവര്‍ പറയുന്നത് കേട്ടു..ചികിത്സ നല്‍കുന്ന ഡോക്ടര്‍ ഷഹാനയോട് ചോദിച്ചത്..

          "കുട്ടി എങ്ങിനെ ഈ കണ്ണുകളും വെച്ച് മെഡിക്കല്‍ പ്രവേശനം നേടിയത്?"

അതിനുള്ള ഉത്തരമായിരുന്നു ഞങ്ങള്‍ക്ക് മുന്നില്‍ സാരി തലപ്പ്‌ കൊണ്ട് തല മറച്ച് ഇരിക്കുന്ന ആ മാതൃത്വം.പിന്നെയും ഡോക്ടര്‍ ചോദിച്ചത്രേ..

           "ഷഹാന ഭാവിയെ  എങ്ങിനെ നോക്കി കാണുന്നു..?"

          "ഡോക്ടറെ പോലെ ഒരു വലിയ ഡോക്ടര്‍..എം.ബി.ബി.എസ്സിന് ശേഷം എം.ഡി. അതും പ്രവേശന പരീക്ഷ എഴുതി.."

                   അത് ആ ഉമ്മയുടെ വാക്കുകളില്‍ നിന്നും കേട്ടപ്പോള്‍ എന്‍റെ മനസ്സ് മുന്‍വിധി പറഞ്ഞു..സത്യമായ വാക്കുകള്‍ ആണ് നീ കേള്‍ക്കുന്നത്.."കുറച്ച് കൊല്ലം കഴിയുമ്പോള്‍ വലിയ ഒരു ഡോക്ടറായി ഈ പെണ്‍കുട്ടിയെ കാണാം..പിന്നെയും ഷഹാനയുടെ ഉമ്മ അവരുടെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞു..എമിരേറ്റ്സില്‍ ഒരു ചെറിയ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന അദ്ദേഹവും മക്കളുടെ പഠനത്തില്‍ ഏറെ സന്തോഷിക്കുന്ന, അവര്‍ ഒരു പാട് ഉയരങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്ന ആ നല്ല മനുഷ്യനെയും കണ്‍ മുന്നില്‍ കാണുന്നത് പോലെ അവതരിപ്പിച്ചു..

                  യാത്ര പറയുന്നതിനു മുന്‍പ് അവര്‍ പറഞ്ഞ ഒരു വാചകം അതായിരിക്കാം എന്നെ ഈ അനുഭവ  കഥ എഴുതാന്‍ പ്രേരിപ്പിച്ചത്..ടി.വി.ചന്ദ്രനും, ആര്യാടന്‍ ഷൌക്കത്തും പാഠം ഒന്ന്‍ ഒരു വിലാപത്തില്‍ വരച്ച് കാട്ടിയ സ്ത്രീ യാതനകള്‍ ഇവിടെ അപ്രസക്തമാകുന്നു..പകരം മക്കളെ കുറിച്ച്, അവരുടെ ഭാവിയെ പറ്റി ഒരു പാട് സ്വപ്നങ്ങള്‍ കാണുന്ന മാതാപിതാക്കള്‍...എന്നെ പോലെ മറ്റ് ചിലര്‍..ഇന്നും മനസ്സില്‍ തിളങ്ങി നില്‍ക്കുന്ന ഒരു വാക്ക്..ഷഹാനയുടെ ഉമ്മ പറഞ്ഞ ഒരു വാക്ക്..

         "അധികം സമ്പാദ്യമോന്നുമില്ല...കിട്ടുന്നത് മുഴുവന്‍ കുട്ടികള്‍ക്ക് വേണ്ടി ചിലവഴിക്കും..അവരാണ് ഞങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്റ്..."

                 നമിക്കുന്നു..അറിയപ്പെടാതെ പോകുന്ന ഇത്തരം മഹത് വ്യക്തിത്തങ്ങളെ..." ഷഹാന ഷാഹിന അല്ല...ഒരിക്കലുമാകില്ല...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ