
ഒരു വലിയ മഴതുള്ളി..അതിന്‍റെ മനോഹരമായ തിളക്കം..അതവളുടെ നെറ്റിയില്‍ നിന്നും, പതുക്കെ മനോഹരങ്ങളായ പുരികങ്ങള്‍ക്കിടയിലൂടെ മൂക്കിന്‍ തുമ്പിലേക്ക്..അവിടെ നിന്നും ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുക്കുന്നതിനു മുന്‍പേ അവളുടെ വരണ്ട ചുണ്ടിലേക്ക് വെള്ള തുള്ളികള്‍ അടര്‍ന്ന് വീണു..ചുവന്ന ചുണ്ടുകള്‍..പിടയുന്ന മിഴി, ചുണ്ടുകള്‍ ചുണ്ടുകളോട് കഥ പറയാന്‍ തുടങ്ങുന്നതിനു മുന്പ് ട്രെയിന്‍ ഒന്ന്‍ ശക്തിയായി കുലുങ്ങി..തല എവിടെയോ പതുക്കെ തട്ടി..
"ക്ലാര..?" മഴയുടെ ഗന്ധമുള്ള ക്ലാര..?
സ്വപ്നമായിരുന്നു..ഇരുളില്‍ മുങ്ങിയ ഉറക്കത്തില്‍ തെളിഞ്ഞ സ്വപ്നം..ആ സ്വപ്നം യദാര്‍ത്ഥമായി മാറാനുള്ള സഞ്ചാരം..വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു കൈ കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിട പറഞ്ഞ് പോകുമ്പോള്‍ ഒരിക്കലും കരുതിയില്ല..അടുത്ത സംഗമത്തിന് ഇത്രയും കാലം വേണ്ടി വരുമെന്ന്‍?? ഇത്രയും വേദന പേറി ജീവിക്കേണ്ടി വരുമെന്ന്‍?മനസ്സ് അങ്ങിനെയാണ്..മനസ്സില്‍ പതിഞ്ഞ ഒരു രൂപത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല..മരണത്തിനല്ലാതെ.. മറ്റാര്‍ക്കും..ആരുമറിയാതെ മനസ്സ് ക്ലാരയെ തേടി യാത്ര തുടങ്ങിയിട്ട് കാലം കുറേ ആയിരിക്കുന്നു..രാധ, അമ്മ, ചേച്ചി,തങ്ങള്‍, അങ്ങിനെ എത്രയോ പേര്‍ അവരുടെ ജീവിതമാടി തീര്‍ത്ത് ഓര്‍മ്മകള്‍ മാത്രമായി മാറി..
രാധ..അവള്‍..കുറേ ബഹളങ്ങള്‍ സൃഷ്ടിച്ച് തന്‍റെ ജീവിത ഭാഗമായവള്‍..അവള്‍ക്കെന്നും ഭയമായിരുന്നു..മുന്നില്‍ കാണുന്ന സ്ത്രീകളെ..കൂട്ടത്തില്‍ കാണുന്നവരെ..അവള്‍ ഭയന്നത് ക്ലാരയെ മാത്രം..ഒരിക്കല്‍ ക്ലാര തിരികെ വരുമെന്ന ഭയം..ആ ഭയം മരണം വരെ കൂടെ നിന്നു..ഒടുവില്‍ അവളാണ് മരണകിടക്കയില്‍ വെച്ച് ക്ലാരയെ തേടാന്‍, കണ്ട് പിടിക്കാന്‍, യാചിച്ചത്..അതെന്തിന് എന്ന്‍ ചോദിച്ചില്ല?? ചിലപ്പോള്‍ അവള്‍ തിരിച്ചറിഞ്ഞിരിക്കാം..എന്‍റെ നെഞ്ചില്‍ ആരോടും പറയാതെ കൊണ്ട് നടക്കുന്ന ആ വേദന ക്ലാരയാണെന്ന്? ആരോടും പറയാത്ത വേദന..ജീവിതത്തില്‍ ആദ്യമായി അനുഭവിച്ച ആ സുഖം ഇന്നുമൊരു വേദനയാണ്..തീരാവേദന..
"ഭയ്യാ..യെ സ്റ്റേഷന്‍ കോണ്സാ ഹേ..."
ഇരുളില്‍ മുകളിലെത്തെ ബര്‍ത്തില്‍ നിന്നും ആരോ ചോദിച്ചു..ഉത്തരം അറിയില്ല...ആരോ വിളിച്ചു പറഞ്ഞു.."ഭോപ്പാല്‍" ആണെന്ന്‍..സമയം മൂന്ന്‍ മണി കഴിഞ്ഞിരിക്കുന്നു...കേരള എക്സ്പ്രസ്സില്‍ കയറിയിട്ട് ഇന്നേക്ക് മൂന്നാം ദിവസം..മുഷിഞ്ഞ വേഷം, കാട് പിടിച്ച തലമുടി, നരച്ച രോമം നിറഞ്ഞ താടി, മനസ്സ് മാത്രം പ്രതീക്ഷ നിറഞ്ഞ്..കുറേക്കാലം അലഞ്ഞു..കുറേ യാത്രകള്‍, പേരറിയാത്ത പലയിടങ്ങള്‍, പല മുഖങ്ങള്‍, ഒടുവില്‍ ഒരു കച്ചി തുരുമ്പ് കിട്ടിയത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ്..ക്ലാര..വെറും രണ്ട് ദിവസം കൊണ്ട് ജന്മാന്തരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് എവിടെയോ പോയി മറഞ്ഞ തൂവാനത്തുമ്പി..അന്വേഷണത്തിന്‍റെ, വേദനയുടെ ഒടുവില്‍ മനസ്സിനെ മുറിവേല്പിച്ച ചില വാര്‍ത്തകള്‍, അലച്ചിലിനൊടുവില്‍ ബംഗളൂര്‍ വെച്ച് ആ ചെറുപ്പക്കാരന്‍ പറഞ്ഞ വാക്കുകള്‍..അതായിരുന്നു ഡല്‍ഹിയുടെ സമീപം ബല്ലബ്ഗാദ് എന്ന സ്ഥലത്തേക്കുള്ള ഈ പുതിയ യാത്രയുടെ കാരണം.
"നിങ്ങള്‍ ഈ പറയുന്ന മോനി ജോസഫ് എന്‍റെ ഡാഡി തന്നെ..പക്ഷെ ക്ലാര..അവര്‍ എന്‍റെ ആരുമല്ല..അച്ഛനുമായി ചില ബന്ധം ഉണ്ടായിരുന്നു.കുറച്ച് കാലം മാത്രം...പക്ഷെ "she is not my mother"..അച്ഛന്‍ എഴുതിയ ഡയറി കുറിപ്പില്‍ നിങ്ങളെ കുറിച്ച് ചില പരാമര്‍ശം ഞാന്‍ വായിച്ചിട്ടുണ്ട്..അതില്‍ ചില വരികള്‍ ഇപ്പോഴും ഓര്‍ക്കുന്നു.."സ്നേഹിക്കുന്ന ഒരു മനസ്സില്‍ നിന്നും പൂര്‍ണ്ണമായും ഒളിച്ചോടാന്‍ വേണ്ടി അവള്‍ ക്ലാര തിരഞ്ഞെടുത്ത മാര്‍ഗ്ഗം..അതില്‍ എനിക്ക് ഒരു ഭര്‍ത്താവിന്‍റെ റോള്‍..എന്തിന് വേണ്ടി എന്ന് അവളോട് ചോദിച്ചപ്പോള്‍ അതിനുത്തരം.."എന്നേക്കാള്‍ യോഗ്യതയും, അനുയോജ്യയുമായ മറ്റൊരു പെണ്‍കുട്ടിയ്ക്ക് വേണ്ടി.."
ആ ചെറുപ്പക്കാരന്‍ പറയുന്നത് കേട്ടപ്പോള്‍ ദുഃഖം തോന്നി.രാധയിലേക്ക് പറിച്ച് നടാന്‍ ക്ലാര ഒരുക്കിയ നാടകം..ആ റെയില്‍വേ സ്റ്റേഷനില്‍, അന്ന് നടത്തിയ അവസാന നാടകം..തടി കോണ്ട്രാക്ടര്‍ പുന്നൂസ് മുതലാളിയോട്, മദര്‍ സുപ്പീരിയരിനോട് ഒരു മധുരം നിറഞ്ഞ പക വീട്ടല്‍.എന്തായാലും മരിച്ചു പോയ മോനി ജോസഫ് എഴുതി വെച്ച പഴയ ഡയറിയില്‍ നിന്നും മകന്‍ ചെറിയ കടലാസ്സ് തുണ്ടില്‍ എഴുതിയ മേല്‍വിലാസം..അത് തേടിയാണ് ഈ യാത്ര..ഒന്ന്‍ കാണാന്‍..ഒരു വാക്ക് സംസാരിക്കാന്‍..
"ക്ലാര
c/o മാര്‍ഗരറ്റ് ഗ്രേഷ്യ
........................................
ഗാര്‍ഹി ബഗംപൂര്‍
ബല്ലബ്ഗാദ്, ഫരീദാബാദ്"
ട്രെയിന്‍ പിന്നെയും അറിയാത്ത സ്ഥലങ്ങള്‍ താണ്ടി, ചില വെളിച്ചം നിറഞ്ഞ സ്ഥലങ്ങളിലൂടെ, പിന്നെ കുറേ ഇരുട്ടിലൂടെ, ചമ്പല്‍ കാടുകള്‍ താണ്ടി, കൂകി കിതച്ച്, പ്രഭാതത്തില്‍ ആഗ്രയും, പിന്നെ മധുരയും കടന്ന്‍, കരിമ്പ് പാടങ്ങള്‍, ഗോതമ്പ് വയലുകള്‍ കടന്ന്‍ ഒടുവില്‍ ഫരീദാബാദ് സ്റ്റേഷനില്‍..ട്രെയിനില്‍ നിന്നും ജയകൃഷ്ണന്‍ വെളിയില്‍ ഇറങ്ങുമ്പോള്‍ ചുട്ടു പൊള്ളുന്ന ഹരിയാന മണ്ണിന്റെ ആലിംഗനം..ചൂടും, ചൂരും, പൊടിയും, അഴുക്കും, പന്നികൂട്ടങ്ങളും നിറഞ്ഞ ഏതെല്ലാം തെരുവിലൂടെ, ഒന്നും കാഴ്ച്ചയില്‍ തങ്ങുന്നില്ല..മനസ്സില്‍ ഒരു മുഖം മാത്രം..മഴയില്‍ നനഞ്ഞു കുതിര്‍ന്ന മുഖം..കത്തി നില്‍ക്കുന്ന സൂര്യനെ നോക്കി മനസ്സ് പറഞ്ഞു..
"ഈ കത്തി നില്‍ക്കുന്ന നീയൊരു സത്യമാണെങ്കില്‍ ഇന്ന്‍ ഞാന്‍ ക്ലാരയെ കണ്ടിരിക്കും.."
കത്തി പൊള്ളി ഉരുകിയ വഴിയാത്ര അവസാനിച്ചത് ഒരു ദേവാലയത്തിന്മുന്നിലായിരുന്നു..റിക്ഷയ്ക്ക് പൈസ കൊടുത്ത് ഇരുമ്പ് ഗേറ്റിന്റെ കൊളുത്ത് തുറന്നപ്പോള്‍ ചൂടില്‍ ചുട്ടു പൊള്ളുന്നത് പോലെ തോന്നി..കത്തി നില്‍ക്കുന്ന സൂര്യന് കീഴിലൂടെ, അയാള്‍ ആ പൊള്ളുന്ന മണ്ണിലൂടെ നടന്നു..മുന്നില്‍ ചൂട് കൊണ്ട് മങ്ങിയ കാഴ്ചകള്‍..ശൂന്യമായ ദേവാലയം, അടുത്ത കണ്ട "മേരി ഭവന്‍ "അതിലേക്ക് മെല്ലെ നടന്നപ്പോള്‍ തോട്ടത്തില്‍ പൂചെടികള്‍ക്ക് നനച്ച് നില്‍ക്കുന്ന രൂപം..ഇളം നിറത്തില്‍ ഒരു നരച്ച സാരി ചുറ്റി, മേരി ഭവനിലെ അടുക്കളക്കാരി..ഇരുപത് വര്‍ഷത്തോളമായി അവിടെ എല്ലാ വ്യഥയും നെഞ്ചിലേറ്റി, എല്ലാവരെയും സ്നേഹിച്ച് ജീവിക്കുന്ന ദീദി മാ..
അവര്‍ തിരിഞ്ഞപ്പോള്‍ ജയകൃഷ്ണന്‍റെ നെറ്റിയില്‍ ഒരു തുള്ളി വീണു..ആകാശത്തില്‍ കരുതി വെച്ച മഴമേഘങ്ങള്‍ കരുതി വെച്ച പ്രണയത്തിന്റെ ആദ്യ തുള്ളി..പിന്നെ അതൊരു ശാന്തമായ മഴയായി മാറി..ആ മഴയില്‍ നനഞ്ഞു കുതിര്‍ന്ന രൂപം അയാളെ തന്നെ നോക്കി നിന്നു..ജയകൃഷ്ണനും ഇത്രയും കാലം അലഞ്ഞു നടന്ന നിരാശ, വേദന..എല്ലാം ആ മഴയില്‍ ഒഴുക്കി കളഞ്ഞു..മഴയില്‍ ആ കണ്ണുകളില്‍, ചുണ്ടുകളില്‍, പുരികങ്ങല്‍ക്കിടയിലെ വട്ടപോട്ടില്‍ അയാള്‍ കണ്ടു..കാലം കുറേ മുന്ന് കണ്ട അതെ പ്രണയത്തിന്റെ ആര്‍ദ്ര ഭാവം..മഴ അപ്പോഴും തകര്‍ത്ത് അലച്ചു..മനസ്സിന്‍റെ ചൂട് തണുപ്പിച്ച്, പ്രണയത്തിന്റെ തണുപ്പ് നിറച്ച്...മഴയില്‍ നിറയെ പ്രണയഭരിതരായ തൂവാനത്തുമ്പികള്‍ പാറി നടന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ