2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് യാത്രയാകുന്ന ആ ദിവസം...

                                                 

                                                 
                                  ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട നിമിഷം തന്നെ.. ജീവിതത്തില്‍ ഏറ്റവും വലിയ ഭയം തോന്നുന്ന നിമിഷവും ഒരു പക്ഷെ ഇത് തന്നെ..എന്‍റെ കാര്യത്തില്‍ സത്യം..ശുഭ കാര്യം,  ശുഭ മുഹൂര്‍ത്തം, മനസ്സ് കൊണ്ട് ആശിര്‍വദിക്കാന്‍ ബന്ധുജനങ്ങളും, മിത്രങ്ങളും, നാട്ടുക്കാരും..പിന്നെ ഞാന്‍ അറിയാത്ത കുറേ ജനങ്ങളും..കത്തി നില്‍ക്കുന്ന നിലവിളക്കും, പൂങ്കുല വിരിഞ്ഞാടി നില്‍ക്കുന്ന നിറപറയും, ചുറ്റിലും പൂക്കളും..അടുത്ത് വെളുത്ത വസ്ത്രം ധരിച്ച്, നിറഞ്ഞ ചിരിയോടെ എന്‍റെ വരനും..പൂജാരിയുടെ മന്ത്രങ്ങള്‍ക്ക് മീതെ ഉയര്‍ന്ന് പൊങ്ങുന്ന വാദ്യ മേളങ്ങള്‍  നിറഞ്ഞ  പന്തലിലേക്ക് താണ്ടി വരുന്ന കാറ്റിന് പപ്പടം കാച്ചുന്ന ഗന്ധം, ഇതിനിടയിലെവിടെയോ എന്‍റെ അച്ഛനും, അമ്മയും...ഇന്നന്റെ കല്യാണമാണ്..സന്തോഷവും, സങ്കടവും നല്‍കുന്ന ,ജീവിതത്തില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുന്ന ആ ദിവസം..മുന്നില്‍ എല്ലാം ഒരു മായ പോലെ..മനസ്സില്‍ ഒരു ഒരു വിറയല്‍, അറിയാത്ത ഭയം,

                                                     അച്ഛന്റെ പരിചിതമായ കയ്യില്‍ അത്രയും നേരം ഞാന്‍ സുരക്ഷിതയായിരുന്നു..ജനിച്ച അന്ന്‍ മുതല്‍ ഇന്നത്തെ നിമിഷം വരെ ആ സുരക്ഷിതത്വ ബോധം കൂടെയുണ്ട്..ആ കൈകള്‍ക്കിടയില്‍ അപരിചിതമായ ഒരു കൈ കൂടി..അതിന്‍റെ ചൂട്, അപരിചിതത്വം, എന്‍റെ വിരലുകളില്‍ പടര്‍ത്തിയ ഭീതിയുടെ അറിയാത്ത തരിപ്പുകള്‍ ദേഹമാകെ വിതറിയ പോലെ..പിന്നെ ആ കൈകള്‍ എന്‍റെ കൈകളില്‍ അമര്‍ന്നപ്പോള്‍ കോരി തരിച്ച പോലെ..നേരെ നോക്കിയില്ല.കുനിഞ്ഞ് നില്ക്കുമ്പോള്‍ അധികാരത്തോടെ രണ്ടു കൈകള്‍ കഴുത്തിനു നേരെ നീണ്ടു..ഒരു മാലയില്‍ കൊരുത്ത താലി കഴുത്തില്‍ ചാര്‍ത്തി..വാദ്യ മേളങ്ങള്‍, പുഷ്പ വൃഷ്ടികള്‍..പിന്നെ കൈ കോര്‍ത്ത് പിടിച്ച് അഗ്നി സാക്ഷിയായി പ്രദക്ഷിണം..എല്ലാം കഴിഞ്ഞ് തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഈറനായ കണ്ണുകള്‍ തുടക്കുന്ന അച്ഛനും, അമ്മയും..അവര്‍ക്ക് എന്നിലുള്ള അവകാശം പകുതിയധികം നഷ്ടമായിരിക്കുന്നു.കല്യാണ പന്തലില്‍ നില്ക്കുമ്പോള്‍ തന്നെ ഞാന്‍ ഒരിക്കലും തിരികെ വരാത്ത എന്‍റെ കുട്ടിക്കാലം ഓര്‍ത്തു..ഒരു പക്ഷെ ഒരു പെണ്ണെന്ന രീതിയില്‍ ഏറ്റവും അധികം ആഹ്ലാദിച്ച കുട്ടിക്കാലം..

                                                      എന്‍റെ വീട് എന്‍റെ ലോകമായിരുന്നു..എനിക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്ത എന്‍റെ ലോകം.രാവിലെ കുളിച്ച് വരുമ്പോള്‍ ചുടു ചായയും, ആവി പറക്കുന്ന പ്രഭാത ഭക്ഷണവും, കഴിച്ചില്ലെങ്കില്‍ കൂടെ ഇരുത്തി വാരി തരുന്ന അമ്മ, സ്കൂള്‍ ബാഗില്‍ ഉച്ചഭക്ഷണം, കുടിക്കാനുള്ള വെള്ളം..പിന്നെ ബാഗുമായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ അമ്മയുടെ വക അന്നത്തെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലയാക്കുന്ന ഒരു മധുരമുള്ള ഉമ്മ, തിരികെ വരുമ്പോള്‍ സ്കൂള്‍ യൂണിഫോമില്‍ കുറച്ച് നേരം ഹാളിലെ സോഫയില്‍ കിടന്നുറങ്ങാനുള്ള സ്വാതന്ത്ര്യം..എഴുന്നേറ്റ് വരുമ്പോള്‍ അടുക്കളയില്‍ നിന്നും നാലുമണി പലഹാരം പൊരിക്കുന്ന ഗന്ധം..ഉറക്കെ സംസാരിക്കാനും, പാട്ട് പാടാനും, ടെലിവിഷന് മുന്നില്‍ നല്ല പാട്ടിന്‍റെയൊപ്പം ഒന്ന്‍ നൃത്തം ചവിട്ടാനും, ആരും കാണുന്നില്ലെങ്കില്‍ പഠിക്കാനുള്ള പുസ്തകവുമായി വീടിനു പുറകിലെ പേര മരത്തില്‍ കയറി ഇരിക്കാനുള്ള  സ്വാതന്ത്ര്യം..അങ്ങിനെ വിലക്കുകള്‍ അധികമില്ലാത്ത ലോകം..

                                                       അച്ചന്‍, അമ്മ,ഞാന്‍...ആ ലോകത്തില്‍ ഞാനായിരുന്നു റാണി..ഒഴിഞ്ഞ കുപ്പികളില്‍ വറവ് പലഹാരം തീരുന്നത് നോക്കി വൈകീട്ട് ജോലി കഴിഞ്ഞ് വരുമ്പോള്‍ അതുമായി വരുന്ന അച്ചന്‍, മീന്‍ കറിയിലും, ചിക്കന്‍ കറിയിലും എനിക്ക് വേണ്ടി മാത്രം മാറ്റി വെക്കുന്ന ചില പ്രധാന കഷ്ണങ്ങള്‍, ഓരോ പിറന്നാളിനും വാങ്ങി തരുന്ന വസ്ത്രങ്ങള്‍, പിന്നെ രണ്ട്‌ ഗ്രാം സ്വര്‍ണ്ണം വാങ്ങാന്‍ പോയി തിരിച്ച് വരുമ്പോള്‍ നാലു ഗ്രാമാക്കി മാറ്റി എനിക്കായി വാങ്ങി വരുന്ന അച്ഛനും, അമ്മയും..അമ്മയായിരുന്നു അടുത്ത കൂട്ടുക്കാരി, എന്തും പറയാനും, പങ്ക് വെക്കാനുമുള്ള കൂട്ടുക്കാരി, അച്ഛന്‍ ഒരു സംരക്ഷണം ആയിരുന്നു..പുറത്ത് പോകുമ്പോള്‍, സിനിമ കാണാന്‍ പോകുമ്പോള്‍, അച്ഛന്‍റെ കയ്യില്‍ മുറുകെ പിടിക്കുമ്പോള്‍ തോന്നുന്ന ആ സംരക്ഷണ സുഖം...

                                                    എല്ലാം ഇന്നത്തോടെ നഷ്ടം..ഇനി മറ്റൊരു വീട്ടില്‍..അവിടെ ഈ വീട്ടില്‍ അനുഭവിച്ച സ്വാതന്ത്ര്യം..അത് ലഭിക്കില്ല..മറ്റ് ചിലരുടെ ഇഷ്ടങ്ങള്‍ കൂടി അംഗീകരിക്കാനും, പരിഗണിക്കാനും കൂടി തയ്യാറായ്, ജീവിതഘട്ടം മാറി മറയുന്ന പുതിയ ഒരു മേച്ചില്‍പ്പുറത്തേക്ക്...പുതിയ അവസ്ഥയിലേക്ക്..മകളായ് അനുഭവിച്ച സൗഭാഗ്യങ്ങള്‍, സ്വാതന്ത്ര്യം ഇന്നത്തോടെ പരിണാമ പ്പെടും..അടുത്ത് നിന്ന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആ ചെറുപ്പക്കാരനെ നോക്കി..ജീവിതത്തില്‍ രണ്ടാമത്തെ തവണ കണ്ട് മുട്ടിയ ഈ ദിവസം തന്നെ ഭാര്യയായി..ആദ്യം കാണാന്‍ വന്നപ്പോള്‍ ഒന്നും സംസാരിച്ചില്ല..പരസ്പരം ഇഷ്ടപ്പെട്ടു..ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ ഒന്നും പങ്ക് വെച്ചില്ല..ഒരുറപ്പില്‍, വിശ്വാസത്തില്‍ എല്ലാവരും തീരുമാനിച്ചു..ആ തീരുമാനം ഞാനും അംഗീകരിച്ചു..

                                                  സദ്യ കഴിക്കുമ്പോള്‍ കണ്ടു..അമ്മ ദൂരെ മാറി നിന്ന് നോക്കുന്നത്..എല്ലാവരേയും നോക്കി ചിരിക്കുന്ന ആ മുഖത്ത് ഒളിപ്പിച്ച വിഷാദം എനിക്ക് തിരിച്ചറിയാം..വന്നവരെ സ്വീകരിക്കുന്ന അച്ഛനും ക്ഷീണിതന്‍..ജീവിതത്തില്‍ ജോലി ചെയ്ത് കൂട്ടി വെച്ച സമ്പാദ്യം എനിക്കായ് ചിലവിട്ട പാവം..കഷണ്ടി കയറിയ തലയിലെ വിയര്‍പ്പ് തുടച്ച് കളഞ്ഞ് നല്ലൊരു ആതിഥേയനായി . അച്ചന്റെ കഴിഞ്ഞ കൂറെ വര്‍ഷങ്ങളില്‍ പകല്‍ സ്വപ്നം കണ്ടതും, കണക്ക് കൂട്ടി ജീവിച്ചതും, ഇതേ ദിവസത്തിനു വേണ്ടി മാത്രമാണ്..ഒരാളെ വിശ്വാസത്തിന്റെ പുറത്ത് മകളെ ഏല്പിച്ച് അവളുടെ നന്മയ്ക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്ന അച്ഛനും, അമ്മയും ..അവര്‍ തന്നെയാണ് എന്‍റെ പ്രധാന ദൈവങ്ങള്‍,അവരുടെ ആലയമാണ് എന്‍റെ ദേവാലയം..

                                                     അച്ഛന്റെയും, അമ്മയുടെയും കാല് വന്ദിച്ച് അനുഗ്രഹം തേടുമ്പോള്‍ ആ ഹൃദയം വിങ്ങി കരയുന്നത് ഞാന്‍ കേട്ടു..ഞാന്‍ കരഞ്ഞില്ല..ഞാന്‍ കരഞ്ഞാല്‍ അവരുടെ ദുഃഖം ഇരട്ടിയാകും..അമ്മയെ കെട്ടി പിടിച്ച് അച്ചന്റെ തോളില്‍ തല ചായ്ച്ച് വീടിനെ നോക്കി..എല്ലാം എനിക്ക് ഇന്ന് മുതല്‍ നഷ്ടം..പുതിയതോന്നും പഴയതിന് സമമാകില്ല..ഒരു കുടയുടെ കീഴില്‍ കണ്ണുകള്‍ തളര്‍ന്ന്‍ വേദനയോടെ വാഹനത്തിന്‍റെ അടുത്തെത്തിയപ്പോള്‍ അച്ഛന്‍ ഒന്ന്‍ ഇടറിയത് പോലെ..അമ്മ ഒന്ന്‍ തെങ്ങിയത് പോലെ..വീടിന്‍റെ കാഴ്ചകള്‍ മങ്ങിയത് പോലെ..വാഹനത്തില്‍ ഇനിയുള്ള ജീവിതയാത്രയിലെ അമരക്കാരന്റെ കൂടെ കയറി ഇരുന്ന്‍ കണ്ണുകള്‍ ഉയര്‍ത്തി അവരെ വീണ്ടും നോക്കി..കണ്ണ് നിറഞ്ഞ് മുഖത്ത് ഒരു കൃത്രിമ ചിരിയോടെ അമ്മ..അച്ഛന്‍ കാണാന്‍ കഴിയാതെ കണ്ണുകള്‍ മറ്റെവിടെയോ നട്ട്..

                                                      കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഇടയ്ക്ക് ഒന്ന്‍ തിരികെ നോക്കി..നോക്കി നില്‍ക്കുന്ന അച്ഛനും, അമ്മയും, ഒറ്റപ്പെട്ട പോലെ അവര്‍, യാന്ത്രികമായ കൈ വീശി കാണിച്ച് മനസ്സില്‍ കരഞ്ഞുകൊണ്ട്‌ പാവങ്ങള്‍..ഒരു കൂടപ്പിറപ്പ് ഇല്ലാതെ പോയതില്‍ എന്നും തോന്നാറുള്ള വേദന ആ നിമിഷത്തില്‍ ഇരട്ടിയായി..ആ വേദനിക്കുന്ന കാഴ്ചയില്‍ നിന്നും കണ്ണുകള്‍ തിരികെയെടുത്ത്‌ മെല്ലെ തേങ്ങി..കണ്ണുകള്‍ താഴ്ത്തി നിശബ്ദമായ് കരയുമ്പോള്‍ ഒരു കൈ എന്‍റെ കൈകളെ കോര്‍ത്ത് പിടിച്ചു..കുറച്ച് മുന്പ് എന്നെ കൈ പിടിച്ച അതെ കൈകള്‍...അതെ ചൂട്, അതെ തരിപ്പ്...ആ കൈകളിലെ സുരക്ഷിതത്വം തിരിച്ചറിഞ്ഞതും മുഖമുയര്‍ത്തി നോക്കിയപ്പോള്‍ . കണ്ണുകളില്‍ നിഴലിച്ച് കാണാമായിരുന്നു .

           "ജീവിതത്തില്‍ എന്ത് സംഭവിച്ചാലും സംരക്ഷിക്കുമെന്നും, സ്നേഹിക്കുമെന്നും, കൈ വിടില്ലെന്നുമുള്ള വലിയ ഒരു ദൃഡ നിശ്ചയം..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....

                                                 

                                                        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ