2015, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

Y2K / കൗബോയ്‌...

                            "Y2കെ..."

              സ്കൂള്‍ വിട്ട സമയത്ത്‌....
              പത്തിലേയും, ഒമ്പതിലേയും പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച്,
              കുറെ നാളായി മനസ്സില്‍ കൊണ്ട് നടക്കുന്ന ശ്രേയ സനലിന്റെ മുന്നില്‍ വെച്ച്...
       അതെ...ഇത് അവന്‍ തന്നെ...അവന്‍റെ ശബ്ദം തന്നെ...പൊട്ടിച്ചിരിക്കുന്ന കൂട്ടുക്കാര്‍...അവര്‍ക്കിടയില്‍ ഇമ്മിണി ബല്യേ ആളായി അവന്‍...വരുണ്‍. കെ.ടി..പിന്നെ താമസിച്ചില്ല...അതുക്ക്‌ മേലെ..

                           "നീ പോടാ...കൗബോയ്..."

        അവന്‍റെ മുഖം വളിച്ച ചോറ് പോലെ...പെണ്‍കുട്ടികള്‍, പ്രത്യേകിച്ച് ശ്രേയ ആ വിളി കേട്ട് ആര്‍ത്ത് ചിരിച്ചു...ചമ്മി നില്‍ക്കുന്ന വരുണ്‍ കെ.ടി...അവന്‍റെ അഭിമാനത്തില്‍ വീണ്ടും ചാണകം വാരിയിട്ട് അതുക്കും മേലെ....

                          "പോയി പശൂനെ കുളിപ്പിക്കടാ കൗബോയ് മലരേ...."

       ഞങ്ങള്‍ തമ്മിലുള്ള ശീതസമരത്തിന് കൊറേ കൊറേ വര്‍ഷങ്ങളുടെ പഴക്കമുണ്ട്...ഞാന്‍ എന്റെ ഭാഷയില്‍ പറഞ്ഞാലും, അവന്‍ അവന്‍റെ ഭാഷയില്‍ പറഞ്ഞാലും.....

                         "അയല്‍വാസി ഒരു ദരിദ്രവാസി...."

     അവന്‍റെ അമ്മ "കുടുംബശ്രീ സുനിത, എന്‍റെ അമ്മ പൂതന പെണ്ണമ്മ, അവന്‍റെ അച്ചന്‍ കല്ലാടന്‍ തിലകന്‍, എന്‍റെ അച്ചന്‍ കഷ്ടപ്പാട്‌ കൃഷ്ണന്‍കുട്ടി,എന്‍റെ വീട്ടിലെ പട്ടി റോക്കി, അവന്‍റെ വീട്ടിലെ പട്ടി ജാക്കി...പിന്നെ ഞാനും അവനും..."ഇന്ത്യയും, പാക്കിസ്ഥാനും പോലെ....ശത്രുക്കള്‍.

    എന്‍റെ ഓര്‍മ്മയില്‍ അവന്‍റെ അമ്മയും, എന്‍റെ അമ്മയും തമ്മിലുള്ള ആദ്യ വഴക്ക് ഞാന്‍ കണ്ടത്‌ എന്‍റെ വള്ളി ട്രൌസര്‍ പ്രായത്തില്‍....അതും ഒരു കപ്പങ്ങ മരത്തില്‍ നിന്നും വീണ കപ്പക്കായുടെ പേരില്‍...അവരുടെ പറമ്പില്‍ നിന്നും ഒരു കാറ്റില്‍ വീണ മരത്തില്‍ നിന്നും എന്‍റെ അമ്മ ശ്രീമതി പെണ്ണമ്മ ഒരു കായ എടുത്തതിന്റെ പേരില്‍ നടന്ന ഒന്നാം ലോക മഹായുദ്ധം...അന്നാണ് ഞാന്‍ മലയാള ഭാഷയില്‍ നിലവിലുണ്ടായിരുന്ന തെറികള്‍ മുഴുവന്‍ പഠിച്ചത്..എന്‍റെ അമ്മയുടെ നേരെ വെല്ലുവിളി ഉയര്‍ത്തി ഉറക്കെ ചീത്ത പറയുന്ന അവന്‍റെ അമ്മയുടെ പിന്നില്‍ ട്രൌസര്‍ ഇടാതെ സുനാമി പുറത്ത്‌ കാണിച്ച് അന്ന് അവനും ഉണ്ടായിരുന്നു... വരുണ്‍...ശത്രു...

                           " y2k"...അത്‌ ഞാന്‍ തന്നെ...എന്റെ നാട്ടുക്കാരും,കൂട്ടുക്കാരും അറിഞ്ഞു തന്ന ഇരട്ട പേര്.."യദുകൃഷ്ണന്‍'' എന്ന നല്ല ഒരു പേര് എനിക്കുണ്ട്...എന്നാലും ഞാന്‍ അറിയപ്പെടുന്നത് ഇരട്ട പേരിലാണ്...ലോകാവസാനം ഭയന്ന്‍ രണ്ടായിരാമാണ്ട് തുടക്കത്തില്‍ ഒരു എരുമയെ വിറ്റ്‌ അച്ഛനും, അമ്മയും നടത്തിയ ബാഗ്ലൂര്‍ യാത്ര..അതിനൊരു ഉപകഥ പോലെ എന്‍റെ ജനനം...അങ്ങിനെ അച്ചന്‍ അമ്മ അവരുടെ ലോകാവസാന ഭീതി, അതിന്‍റെ ഒടുവില്‍ രണ്ടായിരം സെപ്റ്റംബര്‍ മാസത്തില്‍ എന്‍റെ ജനനം..നാട്ടുക്കാര്‍ പേര് വിളിച്ചു...എന്‍റെ അച്ചന്‍ ചെവിയില്‍ പേര് ചൊല്ലി വിളിക്കും മുന്‍പ്..."കഷ്ടപ്പാട് കൃഷ്ണന്‍കുട്ടിയുടെ മകന്‍ y2k.."

                             "ഇനി അവന്‍ കൗബോയ്‌ ആയ കഥ...അവന്‍റെ അച്ചന്‍ കല്ലാടന്‍ തിലകന്‍ നാട്ടിലെ അറിയപ്പെടുന്ന പശുപാലകന്‍ ആണ്..പശുവും, എരുമയും, ചാണകവും, കൊതുകും അവന്‍റെ വീട്ടിലെ സ്ഥിരം വാസികള്‍..ഇരുപത് ലിറ്റര്‍ പാല്‍ കറന്ന് ഇരുപത്തിയഞ്ച് ലിറ്റര്‍ പാല്‍ സൊസൈറ്റിയില്‍ അളക്കുന്ന വിരുതന്‍...വിരുമ്പി കുളത്തിലെ വെള്ളം പാലില്‍ ചേര്‍ത്ത് വില്‍ക്കുന്ന വമ്പന്‍..സ്കൂള്‍ വിട്ടാല്‍ അവനു  പശുവിന് പുല്ല് പറിക്കാന്‍ പോകണം..അങ്ങിനെ ഒരിക്കല്‍ പശുവിന്‍റെ പുറകെ നടന്ന അവനെ നോക്കി ആരോ വിളിച്ചു...

           "കൗബോയ്‌..."

                             അതോടെ അവന്‍റെ തിരുനാമകരണം നടന്നു...പെട്ടന്നു തന്നെ അവന്‍ സ്കൂളിലും, നാട്ടിലും അതെ പേരില്‍ അറിയാന്‍ തുടങ്ങി..

                              "ഫ...അരുവാണി..." കുടുംബശ്രീയുടെ കാശ് അടിച്ച് മാറ്റിയവളെ.."

                              നാലു മണിയ്ക്ക് വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു ഉഗ്രന്‍ വഴക്ക്..എന്‍റെ അമ്മയും, അവന്‍റെ അമ്മയും...അവന്‍റെ വീട്ടിലെ പെടക്കോഴി എന്‍റെ വീട്ടില്‍ വന്നപ്പോള്‍ എന്‍റെ വീട്ടിലെ ചാത്തന്‍ കോഴി അതിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് വഴക്ക്...അവന്‍റെ അമ്മ സുനിത വിളിക്കുന്ന തെറിയ്ക്ക് തിരികെ അതിലും വലിയ തെറി എന്‍റെ അമ്മ പെണ്ണമ്മ വക...ഇടയ്ക്ക് കൗബോയ് വഴക്കിന്‍റെ മൂര്‍ച്ചയില്‍ വേലിക്കരികില്‍ കുരച്ച് നിന്ന റോക്കിയുടെ നേരെ ഒരു കല്ല്‌ വലിച്ചെറിഞ്ഞു..ഒരു മോങ്ങലോടെ റോക്കി അവിടെ നിന്നും ഓടി പോയി വീടിന്‍റെ മറവില്‍ നിന്നും വീണ്ടും കുര തുടര്‍ന്നു...എന്‍റെ നോട്ടം അവന്‍റെ വീട്ടിലെ പട്ടി ജാക്കിയുടെ നേരെ തിരിഞ്ഞത് മനസ്സിലാക്കിയപ്പോള്‍ ജാക്കി വാല് വളച്ച് പിന്നില്‍ തിരുകി ഓടിയകന്നു..വഴക്ക് പിന്നെയും തുടര്‍ന്നു..ഇടയ്ക്ക് ഊര്‍ജ്ജം നഷ്ടമാകുമ്പോള്‍ അടുക്കളയില്‍ നിന്നും വെള്ളം കുടിച്ച് വന്ന് ഇരു സ്ത്രീ രത്നങ്ങളും വാ കൊണ്ട് യുദ്ധം നടത്തി..

                            "ഡീ..എരുമനെ വാങ്ങാന്‍ വന്ന ഹസ്സന്‍ മാപ്ലയ്ക്ക് പാ വിരിച്ച് കൊടുത്തട്ടല്ലെടീ മച്ചിയായ നീ പെറ്റത്??"

                             സുനിത പ്രയോഗിച്ച ബ്രമാസ്ത്രം...തന്‍റെ ഉല്പത്തിയോളം നീളുന്ന രണ്ടായിരം നൂറ്റാണ്ടിലേക്ക് നീളുന്ന അസ്ത്രം...അതിനു മറുപടി അമ്മയുടെ വക ഒരു പുലയാട്ടും പിന്നെ മുഴുത്ത തെറിയും..പണ്ട് എരുമയെ വാങ്ങാന്‍ വന്ന ഹസ്സന്‍ മാപ്ല മരിച്ച് പള്ളികാട്ടില്‍ വിശ്രമം തുടങ്ങിയിട്ട് കാലം കുറേ ആയെങ്കിലും കെട്ടുകഥ ഇന്നും തുടരുന്നു..ഒടുവില്‍ ഇരുളും വരെ വഴക്ക് തുടര്‍ന്ന്‍ ഇരുവരും പിന്മാറി..ഇടയ്ക്ക് വലിയ വെടിക്കെട്ട് കഴിഞ്ഞ പറമ്പില്‍ ഇടയ്ക്ക് പൊട്ടുന്ന ഓല പടക്കം പോലെ ഇരുളില്‍ നിന്നും പരസ്പരം തെറികള്‍..

                           എന്തായാലും യുദ്ധം ബാധിച്ച മണ്ണിലേക്ക് ഇരുട്ടില്‍ ആടിയാടി രണ്ട്‌ പേര്‍..മറ്റാരുമല്ല...ഷാപ്പില്‍ നിന്നും അന്തി മോന്തുമ്പോള്‍ സൌഹൃദത്തില്‍ എത്തി ശ്രീമതിമാരുടെ പോര് മറന്ന്‍ തോളില്‍ കൈകള്‍ ചേര്‍ത്ത് കല്ലാടന്‍ തിലകന്‍ എന്ന അവന്‍റെ അച്ചനും, കഷ്ടപ്പാട് കൃഷ്ണന്‍കുട്ടി എന്ന അവന്‍റെ അച്ചനും..അതൊരു താത്കാലികമായ കൂട്ടാണ്..ഷാപ്പില്‍ നിന്നും കൂടുന്ന കൂട്ട്..പിറ്റേന്ന് തലയണമന്ത്രം കയറി കുടിച്ച കള്ളിറങ്ങുമ്പോള്‍ യുദ്ധമുന്നണിയില്‍ വേലിക്കരികെ അന്തി സൗഹൃദം പോര് വിളി തുടങ്ങും...കൊല്ലുമെന്നും, തല്ലുമെന്നും...അത് ആസ്വദിച്ച് രണ്ടു പേരുടേയും മിസ്സിസ്സുമാര്‍...അങ്ങിനെ അയല്‍വാസികള്‍ പരസ്പരം ദരിദ്ര വാസികള്‍.. എന്‍റെ ശത്രുവായി അവനും..വരുണ്‍ എന്ന കൗബോയ്...

                            പഠനത്തില്‍ ഒഴിച്ച് ബാക്കി എല്ലാ മേഖലകളില്‍ അവന്‍ എന്‍റെ  ശത്രുവാണ്..ക്രിക്കറ്റ് കളിക്കുമ്പോള്‍ , അമ്പലകുളത്തില്‍ നീന്തുമ്പോള്‍, സൈക്കിള്‍ ചവിട്ടുമ്പോള്‍, എന്തിനു ഫാന്‍സ്‌ അസോസിയേഷന്‍ വരെ..ഞാന്‍ ഒരു വിജയ്‌ രസികന്‍, അവനൊരു തല രസികന്‍..അങ്ങിനെ ഇടയ്ക്ക് ഉന്തും, തള്ളും പരസ്പരം ചീത്തവിളിയും, കളിയാക്കലും..അതിനൊടുവില്‍ ജീവിത വര മാറുന്ന പത്താം തരം പരീക്ഷയും, പിന്നെ അതിന്‍റെ റിസള്‍ട്ടും, ആദ്യം എസ്.എസ്.എല്‍.സി. ഫലം വന്നപ്പോള്‍ ഞാന്‍ തോറ്റ് തുന്നം പാടി..എല്ലാവരേയും ഞെട്ടിച്ച് കൗബോയ്‌ പത്താം തരം കടന്നു കൂടി..വിദ്യാഭ്യാസ രാജ്യം ഭരിക്കുന്ന മഹാനായ റബ് തിരുമേനി ഫലം വീണ്ടും രണ്ടാമത് കൂട്ടിയും, കിഴിച്ചും നടത്തിയപ്പോള്‍ ഞാന്‍ ജയിച്ചു, കൗബോയ് പരാജയപ്പെട്ടു..അതിന്‍റെ പ്രത്യഘാതം പോലെ അന്നും വൈകീട്ട് വേലിയുടെ അപ്പുറത്ത് നിന്നും പോര്‍വിളികള്‍...പതിവ് പോലെ അന്തിയാകും വരെ വാക്കുകള്‍ തൊടുത്ത മഹാ യുദ്ധം...ഒടുവില്‍ ഇരുള്‍ വീണപ്പോള്‍ ഇരു ഭാഗത്തെ പെണ്പോരളികള്‍ പിന്‍ വലിഞ്ഞു..

                          "y2k"

                           അവന്‍ പിന്നേയും..ഒപ്പം ആരോ പൊട്ടി ചിരിക്കുന്നു..ഒന്ന്‍ തിരികെ നോക്കിയപ്പോള്‍ അവന്‍ തന്നെ..വരുണ്‍.കെ.ടി..കൗബോയ്..പാര്‍ട്ടി ഓഫീസിനു മുന്നില്‍..ചെങ്കൊടിയുടെ താഴെ, ലെനിന്‍റെ ഫോട്ടോ പതിച്ച മണ്ഡപത്തില്‍..കൂടെ ചില പ്രാദേശിക സഖാക്കള്‍, തിരികെ പറയാന്‍ ഭയം തോന്നി..അന്നാണ് ഒരു സത്യം തിരിച്ചറിഞ്ഞത്..അവന്‍ കമ്മൂണിസ്റ്റ് ആയിരിക്കുന്നു..പരീക്ഷയില്‍ തോല്പിച്ച റബ്ബിനോടും, കോണ്‍ഗ്രസ്‌ സര്‍ക്കാരിനും എതിരെ പ്രതിഷേധിക്കാന്‍ അവന്‍ പാര്‍ട്ടിയുടെ പുതിയ മെമ്പര്‍ഷിപ്പ് എടുത്തിരിക്കുന്നു..മുന്നില്‍ നടക്കുമ്പോള്‍ പിന്നാലെ വന്ന അരുണ്‍ പതുക്കെ ചെവിയില്‍ പറഞ്ഞു..

                           "ഇനി അവനോട് കളിക്കാന്‍ നിക്കണ്ട..അവന്‍ ഡി.വൈ .എപ്പി ക്കാരനാ.."

                           അന്ന്‍ വൈകീട്ട് വീടിന്‍റെ കോലായില്‍ ഇരിക്കുമ്പോള്‍ അവന്‍ നടന്ന്‍ പോകുന്നു..മുണ്ട് പതിവിലും കൂടുതല്‍ പൊക്കി കുത്തി നെഞ്ച് വിരിച്ച് രൂക്ഷമായ ഒരു നോട്ടവുമായ്..ജീവിതത്തില്‍ ആദ്യമായി അവനു മുന്നില്‍ തോല്‍ക്കുന്നത് പോലെ..രാത്രി ഭക്ഷണം കഴിക്കുമ്പോള്‍, ഉറങ്ങാന്‍ കിടക്കുമ്പോള്‍ മനസ്സില്‍ അത് മാത്രം.."അവന്‍ ഡി.വൈ.എഫ്.ഐ" ആയിരിക്കുന്നു...ഇനി അവനെ പേടിക്കണം..അവനെ എതിര്‍ക്കാന്‍ നല്ല മാര്‍ഗ്ഗം തന്നെ വേണം..അതിനു അത് തന്നെ മാര്‍ഗ്ഗം...

പിറ്റേന്ന്...

                        കാവി മുണ്ട്..അതും കഷ്ടപ്പാടിന്റെ നിറം മങ്ങിയ പഴയ മുണ്ട്, കയ്യില്‍ ഒരു ചുവന്ന ചരട്, നെറ്റിയില്‍ കുങ്കുമ കുറി, y2k യദുകൃഷ്ണന്‍ കൗബോയ് സഞ്ചരിച്ച വഴിയ്ക്ക് എതിരെ..ബാല്യം മുതല്‍ അവര്‍ക്കിടയില്‍ വളര്‍ന്ന ശീത സമരം മറ്റൊരു വഴിയിലേക്ക്..വൈകീട്ട് പൊതുവഴിയില്‍ ഇരുവരും കണ്ട് മുട്ടിയപ്പോള്‍ ....


                          "ഡാ y2k സംഘി...."

മറുപടിയായി കൗബോയിയെ നോക്കി അവനും ഉറക്കെ വിളിച്ചു പറഞ്ഞു...

                          "നീ പോടാ കൗബോയ് ഊള ചകാവേ..."

                           

                         

                       
                   

            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ