2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

മൂന്നേകാല്‍ പവന്‍...

മൂന്നേ കാല്‍ പവന്‍...

                                      മഴ ചിലപ്പോള്‍ അങ്ങിനെയാണ്..നേരവും, കാലവും നോക്കാതെ തിമിര്‍ത്ത് പെയ്യും..പിന്നെ കുറേ കഴിയുമ്പോള്‍ ചിണുങ്ങി ചിണുങ്ങി ചാറി കൊണ്ടിരിക്കും..അയാള്‍ മഴ നോക്കിയിരുന്നു..റോഡില്‍ നിന്നും ചാലിട്ടൊഴുകി ജുവല്ലറിയ്ക്ക് മുന്നിലെ ഹോലോജിന്‍ വെളിച്ചത്തിലൂടെ, നഗരത്തിന്‍റെ പകല്‍ വിതറിയ അഴുക്കുകള്‍ പേറി കൊണ്ട് മഴവെള്ളം തെക്കോട്ട്‌ ഒഴുകുന്നു...ശ്രീകാളീശ്വരി തിയേറ്ററില്ന് മുന്നിലെ ബസ്സ്‌ ഷെല്‍ട്ടറില്‍ ചുരുണ്ട് കൂടി ഉറങ്ങുന്ന നാടോടികള്‍ മഴ അറിയുന്നില്ല..പകല്‍ സമ്മാനിച്ച വിശപ്പും, അലച്ചിലും, ക്ഷീണവും മഴയെ തോല്പിക്കാന്‍ അവര്‍ക്ക് കാരണമായി...വിജനമായ പാത..ബൈപ്പാസ് വന്നതോടെ രാത്രി അത് വഴി അധികമൊന്നും വണ്ടികള്‍ കടന്ന്‍ പോകാറില്ല..കൊടുങ്ങല്ലൂര്‍ ഉറങ്ങുകയാണ്‌..അയാള്‍ മാത്രം ഉണര്‍ന്നിരിക്കുന്നു..പ്രസിദ്ധമായ ജുവല്ലറിയുടെ ഒട്ടും പ്രസിദ്ധനല്ലാത്ത കാവല്‍ക്കാരന്‍..കോടികള്‍ വിലവരുന്ന നിധിയ്ക്ക് കാവലിരിക്കുന്ന ഒരു പാവം കാവല്‍ക്കാരന്‍...

                                     അയാള്‍ ആ ജുവല്ലറിയുടെ രാത്രി കാവല്‍ക്കാരനായി ജീവിതം തുടങ്ങിയിട്ട് വര്‍ഷം ഒന്നാകുന്നു.അതിനു മുന്പ് കരിങ്കല്‍ പണിക്കാരന്‍ ആയിരുന്നു..ഭാരം ചുമന്ന്‍, പ്രായമേറി ശരീരം വഴങ്ങാതെ വന്നപ്പോള്‍ കാവല്‍ക്കാരന്റെ കുപ്പായം കാലം സമ്മാനിച്ചു. വേരികോസ് വെയിന്‍ നിറഞ്ഞ കാലുകള്‍, അല്പം കാഴ്ച മങ്ങിയ കണ്ണുകള്‍, മെലിഞ്ഞ ശരീരം, പിന്നെ ചോദ്യം ചിഹ്നം  പോലെ ഇരു വശത്തേക്കും വളര്‍ന്ന മീശ..വൈകീട്ട് എട്ടു മണി മുതല്‍ രാവിലെ ഏഴ് മണി വരെ ഉറങ്ങാതെ കാത്തിരുന്ന്, നിധി കാത്ത് സൂക്ഷിക്കുന്നതിന് അയാള്‍ക്ക് കിട്ടുന്ന ഒമ്പതിനായിരം രൂപ..അത് കിട്ടുന്ന ദിവസം നാളെയാണ്..ഒപ്പം മുതലാളി ചീത്ത വിളിക്കുന്ന ദിവസം..ഒരു പോള കണ്ണടച്ചില്ലെങ്കിലും ഉറങ്ങുന്നുവെന്ന കാരണം പറഞ്ഞ് ശമ്പളം കൊടുക്കുന്നതിനു മുന്‍പ് എന്നുമുള്ള  ഭീഷണി,അത് ശീലമായി..ശമ്പളത്തോടൊപ്പം കുറച്ച് ചീത്ത..ചിന്തിച്ചിരുന്നപ്പോള്‍ വയറില്‍ കാറ്റ് കയറാന്‍ തുടങ്ങി..ഒപ്പം ഇരുട്ടില്‍ നിന്ന്‍ സ്നേഹത്തോടെ ഒരു മൂളല്‍..പതിവ് പങ്കാളി..ഒരു തെരുവ് നായ..മഴ തോര്‍ന്നിരിക്കുന്നു..അയാള്‍ കുപ്പിയില്‍ നിന്നും വെള്ളമെടുത്ത് കൈകള്‍ കഴുകി സഞ്ചിയില്‍ നിന്നും ചോറ് പൊതിയെടുത്ത് തുറന്നു..റേഷന്‍ അരിയുടെ ഗന്ധം നിറഞ്ഞ ചോറ്..അതിനരികില്‍ മുളക് ചാറില്‍ പുരണ്ട ഒരു മീന്‍ കഷ്ണം, പിന്നെ ഒരു പച്ചമുളക്, ചോറില്‍ നിന്നും കുറച്ച്  കടലാസ്സില്‍ പകുത്തിയെടുത്ത് ഇരുട്ടിലേക്ക് നീട്ടി വെച്ചു..വാലാട്ടി കൊണ്ട് അവന്‍ മുന്നോട്ട് വന്ന്‍ ആര്‍ത്തിയോടെ തിന്നുന്നതും നോക്കി അയാളിരുന്നു..പിന്നെ പതുക്കെ അയാളും കഴിച്ച് തുടങ്ങി..ആ ബന്ധം തുടങ്ങിയിട്ട് മാസങ്ങള്‍ കുറേ ആയിരിക്കുന്നു..ദാരിദ്രത്തില്‍ നിന്നും ഒരു ചെറിയ പങ്ക് ആ തെരുവ് നായയ്ക്ക്..

                              വീണ്ടും ഇരുളിലേക്ക് നോക്കിയിരിപ്പ്..രാത്രി വളരുമ്പോള്‍ കനക്കുന്ന നിശബ്ദത അതയാള്‍ക്ക് ഭയമാണ്..ചുറ്റും ഇരുട്ടില്‍ ഒരു നിഴല്‍ അനങ്ങിയാല്‍ ടോര്‍ച്ച് തെളിയിച്ച് നോക്കും..അകത്തിരിക്കുന്ന മഞ്ഞ ലോഹം..അതായിരുന്നു ഭീതിയുടെ ഹേതു..ആ ഭീതി വിട്ട് പോകുന്നത് കാവിലെ കതിന വെടി കേള്‍ക്കുമ്പോള്‍, കൊടുങ്ങല്ലൂരമ്മ ഉറക്കമുണരുമ്പോള്‍, പിന്നെ അമ്പലത്തിലേക്കുള്ള ആളുകളുടെ സഞ്ചാരം..ആരെയും ഭയക്കണ്ടാ..വെളുപ്പിന് നാലരയ്ക്ക് എതിര്‍ വശത്തെ റോഡരികിലെ വണ്ടി പീടിക തുറക്കും..സമോവറില്‍ തീയെരിയുമ്പോള്‍ അയാള്‍ ആ കാഴ്ച്ചയില്‍ നിന്ന് തല തിരക്കും...ആഗ്രഹത്തെ അടക്കി വെച്ച്..ഓരോ രൂപയും വിലപെട്ടതാണ്..ഇനി കുറച്ച് പണം കൂടി..ചുറ്റും ആര്‍ത്ത് മൂളുന്ന കൊതുകില്‍ നിന്നും രക്ഷ നേടി കരിമ്പടം മൂടി പുതച്ച് പിന്നിലേക്ക് ഒരു യാത്ര..വേദന നിറഞ്ഞ ഒരു തിരഞ്ഞ് നോട്ടം...

            "നിനയ്ക്ക് എന്തെങ്കിലും ജോലിയ്ക്ക് പോയ്ക്കൂടെ..പാര്‍ട്ടിന്ന്‍ പറഞ്ഞ് നടന്ന്‍ പഠിപ്പോ തോലച്ചു..അച്ഛന്‍ വയ്യാത്ത കാലും വെച്ച്കരികല്ല് പണിയ്ക്ക് പോണത് കണ്ടില്ലേ??"

                            ഒന്നും മിണ്ടാതെ അവന്‍ ചോറ് വാരി തിന്ന് പ്ലേറ്റ് കാലിയാക്കി..ഒരേമ്പക്കം വിട്ട് കലത്തിലേക്ക് വീണ്ടും കണ്ണ്‍ പായിച്ചു..തിരിച്ചറിഞ്ഞ പോലെ അമ്മ പാത്രത്തില്‍ നിന്നും അവസാന വറ്റും വടിച്ചെടുത്ത് അവന്‍റെ പാത്രത്തിലിട്ടു..എല്ലാം കഴിച്ചവസാനിപ്പിച്ച് ഒരക്ഷരം മിണ്ടാതെ അവന്‍ എഴുന്നേറ്റ് കൈകള്‍ കഴുകി പുറത്തേക്ക്..അതവസാനിക്കുന്നത് അമ്പലത്തിന്‍റെ മുന്നിലെ പാര്‍ട്ടി ഓഫീസില്‍..അമ്മ ഒരു നെടു വീര്‍പ്പോടെ കഞ്ഞി വെള്ളം നിറഞ്ഞ പാത്രത്തിലേക്ക് നോക്കി..പിന്നെ മേശ പുറത്ത് ഇരിക്കുന്ന റേഷന്‍ കാര്‍ഡിലേക്കും..അതിനകത്ത് ഒരു വിരോധാഭാസം കാണാം.."എ.പി.എല്‍."

              "ചെറുക്കന് ഒരു ചൂടുമില്ല..നിങ്ങ തന്നെ അവനോട് പറയണം..എന്തെങ്കിലും പണിയ്ക്ക് പോകാന്‍...ഏത് നേരോം പാര്‍ട്ടി ആപ്പീസ്, അല്ലേങ്കി അമ്പലം..അകെയോള്ള ആണ്‍തരിയാ.."

                               അയാള്‍ ഒന്നും മിണ്ടിയില്ല..കാലില്‍ അവര്‍ തേച്ച് പിടിപ്പിച്ച കൊട്ടന്‍ച്ചുക്കാധി എണ്ണയില്‍ കൈകള്‍ ഓടിച്ച് ചിന്തിച്ചിരുന്നു..കാലില്‍ തടിച്ച് നില്‍ക്കുന്ന ഞരമ്പുകള്‍, ചിലയിടങ്ങളില്‍ കരിങ്കല്‍ ചീള് കൊണ്ട് മുറിഞ്ഞ മുറിപ്പാടുകള്‍, നഷ്ടമായ കാല്‍ വിരലിലെ രണ്ട്‌ നഖങ്ങള്‍..ഒന്നും പറയാതെ സോപ്പ് പെട്ടിയെടുത്ത്‌ ഇരുളിലേക്ക് നടന്നു..അപ്പോഴേക്കും മഴ തുടങ്ങി..ഒരു ദുരന്തം വരുത്താന്‍ തയ്യാറായ പോലെ വലിയ തുള്ളികള്‍ വീഴ്ത്തി ഒരു പെരുമഴ..മഴയത്ത് പൊതു ടാപ്പിനു സമീപം ബക്കറ്റില്‍ വെള്ളം പിടിച്ച് കുളിച്ച്  കൊണ്ടിരിക്കുമ്പോള്‍ അവന്‍ വരുന്നത് കണ്ടു..ഇരുട്ടിലൂടെ വെട്ടുവഴി മുറിച്ച് കടന്ന്‍  വീട്ടിലേക്ക്..മദ്യം മണക്കുന്ന പേടി നിറഞ്ഞ ചലനങ്ങള്‍..നോക്കി നിന്ന് ഒരു നെടു വീര്‍പ്പിട്ടു..തിരുത്താന്‍ കഴിയില്ല...അച്ഛനെക്കാള്‍ വളര്‍ന്ന മകന്‍..വീട്ടില്‍ നിന്ന് ഒരു വലിയ നിലവിളി..അവരുടെ. ഭാര്യയുടെ നിലവിളി...ഓടി ചെല്ലുമ്പോള്‍ കണ്ടു മഴയത്ത് മലര്‍ന്നടിച്ച് കിടക്കുന്നു., ഒന്നും പറയാന്‍ കഴിയാതെ അടച്ച് പിടിച്ചിരിക്കുന്ന കൈ തുറന്ന്‍ കാണിച്ചു..അതില്‍ താലി..കഴുത്തില്‍ കിടന്നിരുന്ന മാല കാണാനില്ല..ഒപ്പം അവനേയും.

                          മുന്‍സിപ്പാലിറ്റി സയറന്‍ കേട്ട് ചിന്തയില്‍ നിന്നും തിരികെ വന്നു..സമയം ആറു മണി...വെളിച്ചം വീണ് തുടങ്ങിയിരിക്കുന്നു..ജുവല്ലറിയുടെ പരസ്യത്തിലെ സ്വര്‍ണ്ണ ആഭരണ ഭൂഷിതയായ യുവതി നോക്കി ചിരിക്കുന്നു..എന്നത്തേയും പോലെ..യുവതിയുടെ കഴുത്തിലെ മാല..അത് പോലെയുള്ള കയറ്പിരി മാല ആയിരുന്നു അവര്‍ക്ക്..കല്യാണം ഉറപ്പിച്ച സമയത്ത് ആ മൂന്നേ കാല്‍ പവന്‍ വാങ്ങാന്‍ ഒഴുക്കിയ വിയര്‍പ്പ്.അതിന്‍റെ വില അറിയുന്നതിനാല്‍ കഷ്ടതകള്‍ ഏറെ വന്നിട്ടും, സാമ്പത്തിക ഞെരുക്കം വന്നിട്ടും, രോഗം വന്നിട്ടും അവരുടെ കഴുത്തില്‍ നിന്നും ആ മാല ഊരിയില്ല..തന്‍റെ വിയര്‍പ്പിന്‍റെ വില, അതാണ് സ്വന്തം മകന്‍ ഒരു രാത്രി പൊട്ടിച്ചെടുത്തത്..എല്ലാ സ്വപ്നങ്ങളും തകര്‍ത്ത് ഇരുളില്‍ മറഞ്ഞത്..അതിനു ശേഷം കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഒരു പത്ര വാര്‍ത്തയില്‍  അവനെ കണ്ടു..

        "കൊടുങ്ങല്ലൂര്‍  ****** കൊലപാതകം..പ്രതികളെ അറസ്റ്റ്ചെയ്തു..ബാഗ്ലൂരിലെ ആഡംബര ഹോട്ടലില്‍ നിന്നും.."

                        അതിലൊരു ചിത്രം അവന്‍റെ ആയിരുന്നു...അമ്മയുടെ മാല വിറ്റ പണം കൊണ്ട് മറ്റ് പ്രതികളുടെ കൂടെ..പിന്നെ കണ്ടിട്ടില്ല..വിയ്യൂര്‍ ജയിലില്‍ ഉണ്ടെന്നറിയാം..കാണണമെന്ന് തോന്നിയില്ല..തനിക്കും, അവര്‍ക്കും..അവര്‍ താലി മാത്രം കറുത്ത ചരടില്‍ കോര്‍ത്ത് കഴുത്തിലിട്ടു.ജീവിതത്തില്‍ തകര്‍ന്ന് പോയ തന്നെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നതും അവള്‍ തന്നെ.."

       "ജനിച്ചിട്ടില്ലന്നു കരുതാം...അല്ലെങ്കില്‍ അപകടത്തില്‍ മരിച്ചെന്ന് കരുതാം..."

                      അങ്ങിനെ പറയുമ്പോഴും പെറ്റ വയറിന്‍റെ വേദന ആ വാക്കുകളില്‍ ഒളിച്ചിരിക്കുന്നത് പോലെ..കണ്ണ് നീര്‍ തടങ്ങളില്‍ നീര്‍ കെട്ടിയ ജലം തനിക്ക് മുന്നില്‍ കാണിക്കാതിരിക്കാന്‍ അണ കെട്ടി ഒതുക്കി ചുണ്ടില്‍ ഒരു വേദന കലര്‍ന്ന പുഞ്ചിരിയോടെ എന്നും, എന്നെന്നും അവര്‍..കഴുത്തിലെ കറുത്ത ചരട് കാണുമ്പോള്‍, മനസ്സ് ഇടറും..ഓരോ മാസം കിട്ടുന്ന ചീത്ത വിളിയ്ക്ക് ശേഷമുള്ള മാസ ശമ്പളത്തില്‍ നിന്നും സിംഹ ഭാഗം പോകുന്നത് കൊടുങ്ങല്ലൂര്‍ ടൌണ്‍ സഹകരണ ബാങ്കിലേക്ക്..ബാക്കി വരുന്ന തുക കൊണ്ട് അരിഷ്ടിച്ച് ജീവിതം..പരാതിയില്ലാതെ, പരിഭവം ഇല്ലാതെ..

       "എന്താ ചേട്ടാ..വീട്ടീ പോണില്ലേ?"

                     പകല്‍ സമയം ഡ്യൂട്ടിയ്ക്ക് വരുന്ന കാവല്‍ ക്കാരന്‍ പഴയ പട്ടാളക്കാരന്‍ രഘു..അവന്‍ വന്നാല്‍ തനിക്ക് വീട്ടില്‍ പോകാം..

     "ഇല്ല..രഘു..ഇന്ന്‍ മൊതലാളിയുടെ ചീത്ത കേള്‍ക്കണ ദേവ്സല്ലേ.."

                      അയാള്‍ ഉറക്കച്ചുവടാര്‍ന്ന കണ്ണുകളോടെ കാത്തിരുന്നു..ജീവിതത്തിലെ കഷ്ടതകള്‍ക്കും, നിരാശകള്‍ക്കും ഒടുവിലൊരു അര്‍ത്ഥം ഉണ്ടാകുന്ന ഒരു ദിവസമുണ്ട്..ചില പ്രധാന ദിവസങ്ങള്‍..ചില മറക്കാനാവാത്ത ദിവസങ്ങള്‍..ജുവല്ലറി തുറന്ന്‍ സ്റ്റോക്ക്‌ ഡിസ്പ്ലേ ചെയ്യ്ത് കുറച്ച് വില്പന ആരംഭിച്ചിട്ടും മുതലാളിയുടെ കണ്ണുകള്‍ തേടി വന്നില്ല..എല്ലാ അനുഗ്രഹവും നിറയുന്ന പോലെ ഒരു ചെറു മഴ, എവിടെയോ പെയ്യുന്ന പെരുമഴ നെഞ്ചിലേറ്റി കൊണ്ട് പെയ്യാന്‍ ആരംഭിച്ച നിമിഷം വിളി വന്നു..പൊതി കയ്യില്‍ തന്നപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടിയില്ല..പതിവുള്ള ചീത്തവിളിയും, ഭീഷണിയും ഒഴിവാക്കി..പകരം പുഞ്ചിരി കലര്‍ന്ന ഒരു നോട്ടം.പിന്നെയും പരുങ്ങി നിന്നപ്പോള്‍

       "എന്താ വേറെ എന്തെങ്കിലും...ഉറങ്ങണ്ടേ..ഇന്ന്‍ രാത്രി ജോലി ഒള്ളതല്ലേ??"

          "എനിക്കൊരു മാല വേണം..മൂന്നേ കാല്‍ പവന്‍ തൂക്കം വരുന്ന ഒരു കയറു പിരി മാല..ഇത് വരെ കിട്ടിയ ശമ്പളം കൂട്ടി വെച്ച് ഒണ്ടാക്കിയ കാശ് എന്റെ കയ്യിലോണ്ട്.."

                   ഒടുവില്‍ കണ്ടെത്തി...പണ്ട് അവരുടെ കഴുത്തില്‍ കെട്ടിയ അതേ മാലയുടെ പതിപ്പ്. മറ്റൊന്നും ചിന്തിച്ചില്ല..അത് വാങ്ങി തലേന്ന് സഹകരണ ബാങ്കില്‍ നിന്നും എടുത്ത പണത്തിന്‍റെ കൂടെ രാവിലെ കിട്ടിയ ശമ്പളവും ചേര്‍ത്ത് ബില്ലുമടച്ച് പുറത്തേക്ക്..പെയ്യുന്ന ചാറ്റല്‍ മഴയിലേക്ക്..ഒരു വര്‍ഷത്തെ കഷ്ടതയ്ക്കും,ദുരിതത്തിനും  ഒടുവില്‍ അര്‍ത്ഥമുണ്ടായ ദിവസം..അയാള്‍ നടക്കുമ്പോള്‍ വാലാട്ടിക്കൊണ്ട് തെരുവ് നായ മുന്നില്‍..

                   വീടിന്‍റെ മുന്നില്‍ ആകാംക്ഷയോടെ രണ്ട്‌ കണ്ണുകള്‍..വരേണ്ട സമയമായിട്ടും വരാത്ത അയാളെ തേടി അവരുടെ കണ്ണുകള്‍..ചാറ്റല്‍ മഴയില്‍ അയാള്‍ നടന്ന്‍ വരുന്നത് കണ്ടപ്പോള്‍ അവര്‍ ഓടി അടുത്ത് വന്നു..സാരി തലപ്പ്‌ തലയില്‍ ഇട്ട് കൊടുത്ത് സ്നേഹം കലര്‍ന്ന ശാസന..

          "എന്തായിത് മഴയത്ത്..വല്ല അസുഖോം വരുത്തി വെക്കാന്‍.."

                   അകത്തേക്ക് കയറി തല തുടക്കാന്‍ തുടങ്ങുമ്പോള്‍ അയാള്‍ കഴുത്തിലെ കറുത്ത ചരട് അവരുടെ പരിഭ്രമങ്ങള്‍ക്ക് മുന്നില്‍ അഴിച്ച് എടുത്തു..താലി ഊരിയെടുത്ത് പോക്കറ്റില്‍ നിന്നും മാലയുടെ ബോക്സ് വെളിയിലെടുത്ത് അവരുടെ അത്ഭുതം പേറി നില്‍ക്കുന്ന കണ്ണുകള്‍ക്ക് മുന്നില്‍ അയാള്‍ മാലയില്‍ താലി കോര്‍ത്തു..പിന്നെ അത് അവരുടെ കഴുത്തില്‍ ചാര്‍ത്തി.

            "മൂന്നേ കാല്‍ പവനാ..അന്ന്‍ കെട്ടിയ അതെ പോലത്തെ..മാല.."

                     പുറത്ത് മഴയുടെ ശക്തി കൂടുകയായിരുന്നു..സന്തോഷത്തിന്‍റെ ലഹരി നുരയുന്ന മഴ...

ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...
                                                                                                                                   

                        

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ