2015, ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

"ഇനിയെനിക്ക് നീ മാത്രം..."

                                                         












                            അവസാനത്തെ ഈയന്‍ പാറ്റയും മണ്ണെണ്ണ വിളക്കിന്‍റെ തീയില്‍ ചിറക് കരിഞ്ഞ് നിലത്ത് വീണു..ഇരുട്ട് വെട്ടത്തെ വിഴുങ്ങി ചുറ്റും പടരുന്നു. പുറം കാഴ്ചകള്‍ ഇരുട്ട് മാത്രം..ഏതോ മരകൊമ്പിലിരുന്നു ഒരു മൂങ്ങ മാത്രം കരയുന്നുണ്ട്..പിന്നെ ദൂരെ എവിടെയോ ഒരു നായയുടെ നേര്‍ത്ത മോങ്ങല്‍..

      "ഹോ..വീണ്ടും ചവിട്ടി"
                 
                      വിലക്കിന് മുന്നിലെ ചിക്കപ്പായയില്‍ ഇരുന്ന്‍ അവള്‍ പതുക്കെ വീര്‍ത്ത വയറിനെ തടവി.കൈ വെച്ച് നോക്കിയപ്പോള്‍ വീണ്ടും ഒരു ചവിട്ട്..അവളുടെ മുഖത്ത് ഒരു സന്തോഷം വിടര്‍ന്നു.വയറ്റില്‍ കൈ വെച്ച് ആരോടെന്നില്ലാതെ ചോദിച്ചു..

    "അപ്പന്‍  വരുന്നത് കൊണ്ടാ ചെക്കാ ഇങ്ങ്നെ ചവിട്ടനത്..??"

                        ഇരുട്ടില്‍ ഒരു കരിയില അനങ്ങിയോ??ഒരു നിഴല്‍ മാറിയോ? അവളുടെ ഉള്ളില്‍ ഭീതിയുടെ അലകള്‍ സൃഷ്ടിച്ച ഒരു ചലനം പുറത്ത്..

    "ആരാവിടെ...അണ്ണാ ...നീങ്കെ വന്താ"

                        മറുപടിയില്ല..കുറച്ച് കഴിഞ്ഞപ്പോള്‍ കാടന്‍ പൂച്ചയുടെ കരച്ചില്‍..എല്ലാ ഭീതിയും കാറ്റില്‍ പറത്തി വെളിച്ചത്ത് വന്ന് കാടന്‍ അവളെ രൂക്ഷമായി നോക്കി..തിളങ്ങുന്ന കണ്ണുകള്‍..പൂച്ചയ്ക്ക് നേരെ കൈ ഓങ്ങിയപ്പോള്‍ അത് ഓടി ഇരുട്ടില്‍ മറഞ്ഞു..വീണ്ടും വീര്‍ത്ത വയറില്‍ കൈ ഓടിച്ച് ആ കാല്‍ പെരുമാറ്റം പ്രതീക്ഷിച്ച് അവളിരുന്നു..അണ്ണന്‍..ഇന്ന്‍ വരും..രണ്ട്‌ മാസം മുന്പ് പോയതാണ്.ജീവിതത്തില്‍ അകാലത്തില്‍ വൈധവ്യം,ശരീരത്തിന്‍റെ  ജ്വലിക്കുന്ന സൗന്ദര്യം, അടുത്ത ചിലരില്‍ ആദ്യം സഹതാപം, പിന്നെ പതുക്കെ അനുരാഗം..രാത്രി വളരുമ്പോള്‍ വീടിനു വെളിയില്‍ ചില അപസ്വരങ്ങള്‍, വഴങ്ങാതെ വന്നപ്പോള്‍ അപവാദങ്ങള്‍..അതെല്ലാം മറികടന്ന്‍ അണ്ണന്‍ ഒരു വര്‍ഷം മുന്‍പ് ജീവിതം തന്നു..ഒന്നും ചോദിച്ചില്ല, അന്വേക്ഷിച്ചില്ല, ചുറ്റും വളരുന്ന സദാചാര കൃത്രിമ വളയങ്ങളില്‍ നിന്നും എത്രയും വേഗം ഒരു മോചനം..പിച്ചി ചീന്താന്‍ കാത്തിരിക്കുന്ന  പകല്‍ മാന്യതയുടെ ചില മുഖഭാവങ്ങളില്‍ ഒരു മോചനം..അതിനൊരു താലി..വൈധവ്യം അവസാനിക്കാന്‍ ഒരു നുള്ളു സിന്തൂരം..അതിന്ന്‍ കഴുത്തില്‍ കിടക്കുന്ന നൂല്‍ മാലയും, ആലില കണ്ണന്‍ ലോക്കറ്റും, പിന്നെ അരുണാഭമായ സീമന്ത രേഖയും ഉത്തരം നല്കുന്നു..കാമാര്‍ത്തമായ ചില വഴി കണ്ണുകള്‍ക്ക്...

                             വീണ്ടും ഇരുട്ടില്‍ ഒരു കരിയില  ഞെരിഞ്ഞമര്‍ന്നത് പോലെ..ഒരു നിഴല്‍ ചലിച്ചത് പോലെ..നാശം..ആവശ്യമുള്ള സമയത്ത് കരണ്ട് ഉണ്ടാകില്ല..പേടി തോന്നുന്നു..അണ്ണന്‍ എന്താ വരാത്തത്..ഇരുട്ട് പിന്നെയും പിന്നെയും വെളിച്ചത്തെ വിഴുങ്ങി മുന്നിലേക്ക്..മണ്ണെണ്ണ വെട്ടത്തിന് ചുറ്റും ഒരു വണ്ട് സ്വയം ഹത്യ ചെയ്യാന്‍ വട്ടമിട്ട്, മൂങ്ങ വീണ്ടും മൂളാന്‍ തുടങ്ങിയിരിക്കുന്നു..ഇപ്പോള്‍ അതിന്‍റെ ഇണയുടെ ശബ്ദവും കേള്‍ക്കുന്നുണ്ട്..
ഒരു സമാഗമത്തിനായി കൊതിക്കുന്ന പക്ഷികള്‍, അതെ മനസ്സികാവസ്ഥയില്‍ അവളും..

       "ഇന്നേക്ക് സായന്തനം നാന്‍ അങ്കെ വരും"

                             ആ വാക്കുകള്‍ നല്‍കിയ ഊര്‍ജ്ജം..കേട്ടപ്പാതി കിടക്ക എടുത്ത് വെയിലത്തിട്ടു..കാളി പെണ്ണിനെ വിളിച്ച് വീട് അടിച്ച് വൃത്തിയാക്കിച്ചു, ഗോപാലപുരത്ത് പോയി ആട്ടിറച്ചി വാങ്ങി കുരുമുളക് പുരട്ടി വരട്ടി വെച്ചു, കാച്ചിയ എണ്ണ പുരട്ടി കുളിച്ച് ,കാഞ്ചിപുരം സാരി ചുറ്റി, സീമന്ത രേഖയില്‍ കുങ്കുമം തൊട്ട്, വാലിട്ട് കണ്ണെഴുതി, പിന്നെ കാത്തിരിപ്പ്, ഓരോ നിമിഷവും ഓരോ യുഗങ്ങളായി തോന്നുന്ന കാത്തിരിപ്പ്..ഇരുട്ടില്‍ ഒരു വെളിച്ചത്തിന്‍റെ പ്രസരിപ്പ് നിറയാന്‍ കാത്തിരിക്കുന്ന കാത്തിരിപ്പ്..

        "ഹോ..ഈ ചെക്കന്‍"..വീണ്ടും ഒരു ചവിട്ട്..ഇത്തവണ വയറിന്‍റെ ഇടത്തേ പള്ളയില്‍..അപ്പനെ പോലെ കുറുമ്പന്‍ ആയിരിക്കും വരാന്‍ പോകുന്നത്..അവള്‍ പായയില്‍ പതുക്കെ  നിരങ്ങി ഒന്ന് കൂടി ചുമരിനോട് ചേര്‍ന്നിരുന്നു..പിറക്കാന്‍ പോകുന്ന കുഞ്ഞ്..അവന്‍ സനാതന്‍ ആയിരിക്കണം..തനിക്ക് ബന്ധുക്കള്‍ ആരുമില്ല..അണ്ണന് ആരെല്ലാമോ ഉണ്ടെങ്കിലും, ഇത് വരെ തന്നോട് പറഞ്ഞിട്ടില്ല..ഇത്തവണ വരുമ്പോള്‍ ചോദിക്കണം..പറ്റിയാല്‍ എല്ലാവരെയും പോയി കാണണം..പിറക്കാന്‍ പോകുന്ന കുഞ്ഞ്..അവന്‍/അവള്‍ ഒരിക്കലും അനാഥജനനം ആയി തീരരുത്..എല്ലാവരും ഉണ്ടാകണം..

                               വീണ്ടും ഇരുട്ടില്‍ വീടിനു മുന്നിലെ വെട്ടു വഴിയില്‍, ഒരു നിഴലനക്കം, ആരോ തെന്നി മാറിയത് പോലെ..അവള്‍ക്ക് ഭയം തോന്നി..ശരീരത്തെ കൊത്തി വലിക്കുന്ന ചില പകല്‍ കണ്ണുകള്‍, അവരില്‍ ആരെങ്കിലും..?? പകല്‍ ചന്തയില്‍ വെച്ച് പിന്നില്‍ നിന്നും കേട്ടതാണ്..

     "വയറു ബീര്‍ത്തപ്പാ പെണ്ണിനെ കാണാന്..എന്താ ചന്തം??"
                           

                              ചെറിയ ഒരു കാറ്റ് വീശി..ഭീതിയുടെ വാറോലയുമായി ആ കാറ്റ് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തെ വലച്ചു..കൈകള്‍ കൊണ്ട് വെളിച്ചം മറച്ച് പിടിച്ചപ്പോള്‍ വഴിയില്‍ ഒരു വണ്ടി വന്നു നില്‍ക്കുന്ന ശബ്ദം..മനസ്സില്‍ കുടിയേറിയ ഇരുളിന്‍റെ ഭീതിയില്‍ വെളിച്ചം വിതറി വഴിയില്‍ ഒരു ചുമ..അണ്ണന്‍ തന്നെ..വീര്‍ത്ത വയറിനുള്ളില്‍ നിന്നും വീണ്ടും ചവിട്ടി കുത്തുകള്‍...ഒരു രൂപം ഇരുളില്‍ നിന്നും വിളക്കിന്‍റെ വെളിച്ചത്തിലേക്ക്..അണ്ണന്‍..അവള്‍ ചാടി എഴുന്നേറ്റു..ആഹ്ലാദത്തിന്റെ അങ്ങേയറ്റത്ത് സഞ്ചരിക്കുന്ന മനസ്സോടെ..

                             ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് വരുന്നതിനു മുന്പ് ചില നിഴലുകള്‍ വലയം ചെയ്തു. പ്രതികരിക്കാന്‍ കഴിയുന്നതിനു മുന്പ് ആ നിഴലുകള്‍ അവളുടെ മുന്നില്‍ നിന്ന രൂപത്തെ കടന്ന്‍ പിടിച്ചു.അധികാരത്തിന്റെ നിയമത്തിന്റെ നിഴലുകള്‍..

     "'മര്യാദയ്ക്ക് കീഴടങ്ങുന്നതാണ് നല്ലത്..നീ ആരാണെന്ന് അറിഞ്ഞിട്ട് തന്നെയാ നിന്നേയും കാത്തിരുന്നത്."

                            അയാള്‍ ഒന്നും മിണ്ടിയില്ല...അവളെ നോക്കിയില്ല..അവള്‍ ഒന്നും മിണ്ടാതെ, ശബ്ദിക്കാന്‍ കഴിയാതെ..എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ..ആ കണ്ണുകളില്‍ കണ്ണ് നീര്‍ വന്നില്ല..ഭയം, ഭീതി, അമ്പരപ്പ്, പിന്നെ തിരിച്ചറിഞ്ഞ ചതി എല്ലാം ചേര്‍ന്ന്‍ കണ്ണ് നീര്‍ ബാഷ്പമായി ഇരുളില്‍ പറത്തി..നടന്ന്‍ ഇരുളില്‍ മറയുന്ന രൂപത്തില്‍ നിന്നും ഒരാള്‍ പിന്തിരിഞ്ഞ് വിളിച്ച് പറഞ്ഞു..

      "അവന്‍ ആരാണെന്ന് നിനക്കറിയോ?? ഒരു പോലീസ് ക്കാരനെ കൊന്നവന്‍, കള്ളന്‍, പിന്നെ നാട് മുഴുവന്‍ ഭാര്യമാരുള്ളവന്‍..നീ ഇരുപതാമത്തെയാ...അവന്‍റെ ചതിയില്‍ നീയും പെട്ടല്ലോ ..കഷ്ടം"

                                കേട്ട വാക്കുകള്‍ ..കാലില്‍ നിന്നും വയറിലൂടെ തല വരെ വേദനയുടെ കടന്ന്‍ കയറ്റം. ഇരുട്ട് കയറിയ കണ്ണുകള്‍, താഴെ വീഴാതിരിക്കാന്‍ അവള്‍ ചുമരില്‍ പിടിച്ചു..അപ്പോഴും വയറ്റില്‍ നിന്നും ഒരു ചവിട്ട്...അനര്‍ഹമായ ജന്മം നല്കാന്‍ കൂട്ട് നിന്നതിന്‍റെ പ്രതിഷേധം പോലെ...മണ്ണെണ്ണ വിലക്കിന് മുന്നിലെ തീയില്‍ ചുറ്റി നടന്ന വണ്ട് ഒരു നീല ജ്വാലയായ് കത്തിയെരിഞ്ഞ്‌ താഴെ വീണു..കരിഞ്ഞ മണം..ആത്മഹത്യ..കേട്ടു പോയ വിളക്ക്..ചുറ്റും ഇരുട്ട്..ഭയം തോന്നിയില്ല...ഉള്കണ്ണ് തുറന്ന്‍ പിടിച്ച് ഇരുട്ടിലൂടെ അകത്തേക്ക്..എന്തോ മുട്ടി തകര്‍ന്ന്‍ താഴെ വീണു..മനസ്സില്‍ ഇരുട്ട് മാത്രം..ശരീരത്തിന്‍റെ  ജ്വലിക്കുന്ന സൗന്ദര്യം നാളെ മുതല്‍ ശാപം..ഒപ്പം അപവാദങ്ങള്‍ വീണ്ടും..കൊലപാതകിയുടെ ഭാര്യമാരില്‍ ഒരുവള്‍, ചീത്ത പേര്, അതില്‍ പിറന്ന് ജന്മം മുഴുവന്‍ ദുരിതമാനുഭവിക്കാന്‍ ഒരു കുഞ്ഞ്‌???

                            കൈകള്‍ എത്തിച്ച് ചായ്പില്‍ നിന്നും ആ കുപ്പി എടുത്ത് തുറന്നു..ഇരുളില്‍ മരണത്തിന്റെ ഗന്ധം, വിഷ ഗന്ധം, രണ്ട്‌ ജീവനുകള്‍??അവരുടെ നേരെ നാളെ മുതല്‍ നീളുന്ന കഥകള്‍, ശാപങ്ങള്‍, നോട്ടങ്ങള്‍, പിന്തുടരുകള്‍...കുപ്പി തുറന്ന്‍  വായിലേക്ക് കമിഴ്ത്താന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഒരു ചവിട്ട്..പതിവിലും ശക്തിയായി..എന്നെ കൊല്ലരുതെന്ന ഓര്‍മ്മപ്പെടുത്തല്‍, ജീവന് വേണ്ടിയുള്ള യാചന, വയറിനുള്ളില്‍ രണ്ട്‌ കൂപ്പിയ കുഞ്ഞി കൈകള്‍, അവള്‍ ഒന്ന്‍ പൊട്ടികരഞ്ഞു..അതിനൊപ്പം കുപ്പി കയ്യില്‍ നിന്നും വഴുതി താഴെ വീണു..ജീവിതം അവസാനിപ്പിക്കാനുള്ള ഇരുട്ടിലെ തീരുമാനത്തിനെ മറികടക്കും പോലെ മുറിയില്‍ വെളിച്ചം പരന്നു..ധീരതയുടെ വെളിച്ചം..അവള്‍ കത്തി നില്‍ക്കുന്ന ബള്‍ബിനെ നോക്കി..സനാതന സത്യമായ സൂര്യന്‍റെ വെളിച്ചം പോലെ..പിന്നെ മുറിയിലെ മങ്ങിയ കണ്ണാടി പ്രതി ബിംബം നോക്കി..ആ പ്രതിരൂപം അവളോട്‌ പറഞ്ഞു..

       "ജീവിതമവാസനിപ്പിക്കരുത്..ജീവിക്കണം..ആ കുരുന്നിന് വേണ്ടി..എല്ലാ ദുരിതങ്ങളും നീന്തി കടന്ന്‍, ജീവിച്ച് കാണിക്കണം..നിന്നെ കാത്തിരിക്കുന്ന ജീര്‍ണ്ണിച്ച യഥാര്‍ത്ഥങ്ങള്‍ക്ക് മുന്നില്‍, കണ്ണ്‍ പോയ സമൂഹത്തിനു മുന്നില്‍, "

                               അപ്പോള്‍ ഒരു ചെറിയ ചവിട്ട്..സ്നേഹത്തിന്റെ, ഞാന്‍ കൂടെ ഉണ്ട് എന്ന ഓര്‍മ്മപ്പെടുത്തലിന്റെ..ഒരു സ്വാന്തനം പോലെ ഒരു ചവിട്ട്..അവള്‍ വയറില്‍ കൈ ചേര്‍ത്ത് പറഞ്ഞു..

              "ഇനിയെനിക്ക് നീ മാത്രം..."





അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ