2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

പേടി

                                 



                                പേടിയായിരുന്നു...ഒറ്റയടി വെച്ച് നടക്കുമ്പോള്‍ കോലായില്‍ തെന്നി വീഴുമെന്ന പേടി..വീണാല്‍ കുഞ്ഞിക്കാലുകള്‍ നോവുമെന്ന പേടി.കൈകളില്‍ ചോര പോടിയുമെന്ന പേടി..

            "പേടിക്കണ്ട ഉണ്ണി കണ്ണാ...വീഴില്ല..അമ്മയില്ലേ "

അമ്മയുടെ ശബ്ദം...അത് കേട്ടാല്‍  പിന്നെ കിന്നരിപ്പല്ലുകള്‍ പുറത്ത് കാണിച്ച് ചിരിക്കും..പിന്നെ ആ ശബ്ദം കേട്ടിടത്തേക്ക് നടക്കും..

                                          കുറച്ച് വലുതായി ഉടുതുണിയില്ലാതെ മുറ്റത്ത് ഓടി കളിക്കുമ്പോള്‍ വീണ്ടും പേടിച്ചു..നാരായണി തള്ള..കൊഴുത്ത ചോര പോലെ മുറുക്കാന്‍ മുറ്റത്ത് തുപ്പി കൂനി കൂനി മുന്നില്‍ വന്ന് ഒരു നോട്ടം..കുതിച്ചുടന്റെ കണ്ണുകള്‍ പോലെ ചുവന്ന കണ്ണുകള്‍, ആ നോട്ടം അവസാനിച്ചത് അരയില്‍ കിടക്കുന്ന എലസ്സിനോപ്പം കിടക്കുന്ന സ്വകാര്യതയില്‍...

           "കളസമില്ലാണ്ട് ഉമ്മറത്ത് ഇനി കണ്ടാല്‍ പൂലോനെ നെന്‍റെ കുഞ്ഞിപ്പഴം  ഞാന്‍ ചെത്തി കൊണ്ടോകും.."

                                           ഓടി കരഞ്ഞുകൊണ്ട്‌ വീടിന്റെ പുറകിലെ കണ്ണന്‍ കദളി വാഴക്കൂട്ടത്തില്‍ ഒളിച്ചിരുന്നു....തള്ള പതിവ് കഞ്ഞികുടി കഴിഞ്ഞ് വെട്ടുവഴിയിലൂടെ നടന്ന്‍ മുന്നോട്ട് തെണ്ടി സര്‍ക്കീട്ടിന് പോകുമ്പോള്‍ അരയില്‍ വഴയില ചുറ്റി അടുക്കള ഭാഗത്ത് കൂടെ വീട്ടിലേക്ക് ഓടി കയറി ..പിന്നെയൊരിക്കലും കളസമില്ലാതെ മുറ്റത്ത് ഇറങ്ങിയിട്ടില്ല..

                                            തുലാവര്‍ഷം ഇടി വെട്ടി പെയ്യുന്ന രാത്രികളില്‍ പായയില്‍ പേടിയോടെ ചുരുണ്ടുകൂടി കിടക്കുമ്പോള്‍ അപ്പുറത്തെ മുറിയില്‍ നിന്നും അച്ഛന്‍ വിളിച്ച് പറയും..

         "ഉണ്ണി കണ്ണാ ഇവിടെ വാ.."

                                     അച്ഛന്റെ, അമ്മയുടെ,  കൂടെ ചെവി അടച്ച് പേടിച്ച് അച്ഛന്‍ ചൊല്ലി തരുന്ന അര്‍ജ്ജുന മന്ത്രം ഉരുവിട്ട് കിടക്കും..പിറ്റേന്ന് ഉണരുന്നത്...പേടിയോടെ,,ആദ്യം കേള്‍ക്കുന്ന വാക്കുകള്‍, അത് മറ്റാരും അറിയെരുതെന്ന പ്രാര്‍ത്ഥനയോടെ..

         "ചെക്കന്‍ വല്യേ മുത്തനാണ് ആയി...അന്ന്ട്ടും രാത്രീല്കെടക്ക പായേല് പേടിച്ച് മുള്ളി "

                                      ഭസ്മം മണക്കുന്ന മുറിയില്‍ കയറി ദൈവങ്ങളുടെ പ്രതിമകള്‍ വെച്ച അലമാരിയില്‍ നിന്നും അമ്പലത്തിലേക്കുള്ള ഭണ്ടാരമെടുത്ത് ചുറ്റും നോക്കി ചൂലീര്‍ക്കിലി കൊണ്ട് ഒരു നാണയം തോണ്ടിയെടുത്ത് പേടിയോടെ ചുറ്റും നോക്കി..പിന്നെ  ദൈവങ്ങളെ..സ്കൂളില്‍ എത്തുന്നത് വരെ പേടി..പതുങ്ങി പതുങ്ങി  അബ്ദുക്കയുടെ പെട്ടി കടയില്‍ എത്തി നാണയം കൊടുത്ത് ചുറ്റും നോക്കി "തേന്‍ നിലാവിനും, ച്ചുക്കുണ്ടയ്ക്കും നേരെ കൈകള്‍ ചൂണ്ടി..പിന്നെ പൊതിയുമായി നേരെ സ്കൂളിനു പിന്നിലേക്ക്..തേന്‍ നിലാവ് വായിലിട്ട് രുചിയറിയാതെ ചവച്ച് ഇറക്കുമ്പോള്‍ ..പിന്നെയും  ചുറ്റിലും നോക്കി..ആദ്യ മോഷണം നടത്തിയതിന്‍റെ പേടി..

         "ഡാ..ശാസ്താം പറമ്പില്‍ രാത്രി ബാല കാണാന്‍ പോയാലോ?"

                                    കുറച്ച് കൂടി മുതിര്‍ന്നപ്പോള്‍ കൂട്ടുക്കാരന്റെ ചോദ്യം..പോകാം.പക്ഷെ തിരിച്ച് പാടത്ത് കൂടെ വരുമ്പോള്‍ ??അമ്പലത്തിലെ ഏഴിലം പാല??ഇല്ലിക്കാട്?? പല തരം പേടികള്‍..പോയത് ഒരാള്‍ക്കൂട്ടം..അമ്പല പറമ്പിലെ കപ്പലണ്ടി അടി പ്രൈസ് കിട്ടിയ വകയിലെ തോടന്‍ കപ്പലണ്ടി ചവച്ച്, ഹിരണ്യകശിപു കണ്ടിരുന്നപ്പോള്‍ വെളുപ്പിന് ഒന്നര...കൂടെ വന്ന കൂട്ടം കൊഴിഞ്ഞ് ഞാനും, അവനും മാത്രം...ഇല്ലിക്കാട് അടുത്തപ്പോള്‍ മുളകള്‍ കൂട്ടി മുട്ടി കരയുന്ന ശബ്ദം, ഇരുട്ടില്‍ കണ്ണുമടച്ച് നടക്കുമ്പോള്‍ അമ്പലത്തിലെ ഏഴിലംപാല മറി കടക്കാനുള്ള മാര്‍ഗ്ഗം മാത്രം ചിന്തയില്‍..

     "ഓടിക്കോടാ..."

                                   അമ്പലവും, ഏഴിലം പാലയും, യക്ഷിയും എല്ലാം കണ്ണും പൂട്ടിയുള്ള ഓട്ടത്തിന് മുന്നില്‍ മറി കടന്നു..

                                   ഒരു നുണയുടെ പുറത്ത് എസ്.എന്‍ തിയേറ്ററില്‍ സെക്കന്റ്‌ ഷോ കാണാനുള്ള യാത്ര അവസാനിച്ചത് ശില്പി തിയേറ്ററിലെ ഇരുട്ട് നിറഞ്ഞ ടിക്കറ്റ് കൌണ്ടറില്‍..പേടി..ആരെങ്കിലും കണ്ടാല്‍..മാനം പോകാന്‍ അത് മതി..ഇംഗ്ലീഷ് അക്ഷരം എ യുടെ ചുറ്റും വട്ടം വരച്ച സിനിമയുടെ രഹസ്യം കണ്ടെത്താനുള്ള കൗമാരത്തിന്റെ ത്വര..കീറി തന്ന ടിക്കറ്റുമായി തിയേറ്ററില്‍ കയറി മങ്ങിയ വെളിച്ചത്തില്‍ കണ്ണോടിച്ചപ്പോള്‍ അവന്‍ പതുക്കെ ഭീതിയോടെ ചെവിയില്‍ പറയുന്നു...

      "ദേടാ,,സുകുമാരന്‍ മാഷ്.."

                                    പിന്നെ സിനിമ തുടങ്ങും വരെ കസേരയില്‍ തല ചായ്ച്ച് ഇരുന്നു..മാളത്തില്‍ നിന്നും തലയുയര്‍ത്തി നോക്കുന്ന പാമ്പിനെ പോലെ സിനിമ കാഴ്ച..ഭയം മറ്റൊരു തലത്തില്‍ മനസ്സില്‍ കയറിയ ത്രസിപ്പിക്കുന്ന കാലം..

                                     'അടിക്കെടാ..ബിയറാ..ഒരു കൊഴപ്പോമില്ല."

                                     "കൊറച്ച് വെള്ളം ഒഴിക്കട്ടെ..."
                               
                                       ഇരുളില്‍ മറഞ്ഞിരുന്നു കയ്ക്കുന്ന ദ്രാവകം ഭീതിയോടെ ആദ്യമായി കഴിച്ച് വീട്ടില്‍ വൈകീട്ട് കയറി ചെല്ലുമ്പോള്‍ മനസ്സ് പേടി കൊണ്ട് പെരുമ്പറ കൊട്ടി..തുളസി തറയിലെ തുളസിയും, പണി കൂര്‍ക്ക ഇലയും പല വട്ടം ചവച്ച് തുപ്പിയിട്ടും മാറാത്ത ഭയം..പേടിയുടെ അതി ഭീകരമായ മറ്റൊരു തലം..വീട്ടില്‍ പിടിക്കപ്പെട്ടാല്‍, ആരെങ്കിലും അറിഞ്ഞാല്‍ ഉണ്ടാകുന്ന അതി ഭീകരമായ അവസ്ഥയെ കുറിച്ചുള്ള ആധി..

     "ഗാന്ധിജി യൂണിവേഴ്സിറ്റീലെ എല്ലാ കോളേജിലും പരീക്ഷ കഴിഞ്ഞൂല്ലോ..എന്താ അവന് മാത്രം കഴിയാത്തത്?"

                                      കല്യാണ വീട്ടില്‍ വെച്ച് അത് വരെ പേടിയോടെ കാത്ത് വെച്ച ആ രഹസ്യം മറ്റൊരു കോളേജില്‍ പഠിക്കുന്ന അമ്മാവന്‍റെ മകള്‍ വീട്ടുക്കാരുടെ മുന്നില്‍ അവതരിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ അവിടെ നിന്നും ഒരു പലായനം..പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന സത്യത്തെക്കാള്‍ അത് മറച്ച് പിടിച്ച് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച കുറേ ദിവസങ്ങള്‍ അതിന്‍റെ പ്രതികരണം നിറഞ്ഞ വരാനിരിക്കുന്ന ദിനങ്ങള്‍..പേടി..അതില്‍ നിന്നും താല്‍ക്കാലികമായി ഒരു മോചനം..ആരുമറിയാതെ ഒരു ഒളിച്ചോടല്‍..

    "തന്നെ ഞാന്‍ ശരിയാക്കി തരാം..."

                                      വെളുത്ത വിയര്‍പ്പ് പുരണ്ട കയ്യില്‍ നിന്നും ജീരക മിട്ടായി വാങ്ങി ബസ്സില്‍ അവളോട് ചേര്‍ന്ന്‍ ഇരിക്കുമ്പോള്‍ പേടിയും, ഭയവും മനസ്സില്‍ വളര്‍ന്നെങ്കിലും, യൗവനയുക്തമായ ചോരത്തിളപ്പില്‍ പുറത്ത് വന്ന വാക്കുകള്‍..അതൊരു വാക്കായിരുന്നില്ല...വാഗ്ദാനം ആയിരുന്നു..തളിരിടാന്‍ പോകുന്ന പുത് ജീവിതത്തിലേക്കുള്ള ധീരമായ വിളിയായിരുന്നു..പിന്നെ സാത്വിക ഭാവമായ പേടി മാറ്റി നിര്‍ത്തി ഒരു ജീവിതം..

                                        ഇന്ന്‍ ഈ പേടി വരികള്‍ എഴുതാന്‍ പ്രചോദനം നല്‍കിയതും പേടി തന്നെ..സോഷ്യല്‍ മീഡിയയും, സമൂഹവും വിതയ്ക്കുന്ന അരക്ഷിതമായ സമൂഹികാവസ്ഥയിലേക്ക്  നീങ്ങുന്ന എന്‍റെ നാടിനെ കുറിച്ചുള്ള ഭയം.."വിലക്കപ്പെടുന്ന സംഗീതം, വിലക്കപ്പെടുന്ന വിനോദം, വിലക്കപ്പെടുന്ന രുചിഭേദം.." ആ വിലക്കുകള്‍ ആഘോഷിക്കുന്ന അസഹിഷ്ണുത നിറഞ്ഞ സമൂഹം..അതില്‍ ചേരി തിരിഞ്ഞ് വിഷം തുപ്പുന്ന മുഖങ്ങളില്‍ എനിക്കറിയുന്ന, എന്‍റെ ചില പ്രിയപ്പെട്ടവരും.."എന്‍റെ മതമാണ്‌ ഉത്തമം, എന്‍റെ മതചിന്തയും, മതചിഹ്നവും മഹത്തരം.."പേടി തോന്നുന്നു..രാജ്യം സുരക്ഷ്യ്ക്കായ്‌ കരുതിവെച്ച ആണവ ആയുധങ്ങളേക്കാള്‍ വലിയ സംഹാര ശേഷിയുള്ള ആശയങ്ങള്‍, വിഷമയമായ ചിന്തകള്‍ പ്രചരിക്കപ്പെടുന്നു...ഒരു നാള്‍ നാശം വിതയ്ക്കാന്‍.."


NB:-       "ഒരു മതവും ഒന്നിനേക്കാള്‍ മുകളിലല്ല..ഒരു മതവിശ്വാസവും മറ്റൊന്നിനേക്കാള്‍ മോശവുമല്ല..ഒന്നില്‍ അടിയുറച്ച് വിശ്വസിച്ച് മറ്റുള്ളവയെ ബഹുമാനിച്ചാല്‍ ഒന്നും നഷ്ടമാകില്ല..എല്ലാം അവസാനമായി ഒന്ന്‍ തന്നെ..എല്ലാം ഹോമോസാപ്പിയന്‍സ്...ഇനി വ്യത്യസ്തരായ ആരെങ്കിലും ഉണ്ടെങ്കില്‍ സ്വന്തം കൈത്തണ്ട മുറിച്ച് നോക്കുക...ചുവപ്പ് നിറമല്ലാത്ത ചോര കാണുകയാണെങ്കില്‍ മാത്രം..രാസനാമം തേടി ഒരു അന്വേക്ഷണം തുടങ്ങാം..അത് ചെന്ന്‍ അവസാനിക്കുന്നതും നിങ്ങളെക്കാള്‍ വിവേചന ബുദ്ധിയും, ഐ.ക്യൂ വുമുള്ള ഒരു കുരങ്ങനില്‍ ആയിരിക്കും.."

                                             
                                       

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ