2015, ജൂൺ 16, ചൊവ്വാഴ്ച

ഓണ്‍ലൈന്‍ ശവമടക്ക്..

 
"അച്ചായാ..നമ്മുടെ അമ്മച്ചി നമ്മളെ വിട്ടു പോയി"
മറുപടി ഒരു പൊട്ടിക്കരച്ചില്‍ ആയിരുന്നു..വിയന്നയില്‍ നിന്നും കരയുന്ന അച്ചായന്‍..ജോര്‍ജ്ജ് കുട്ടിച്ചായന്‍..മരിച്ച അമ്മച്ചിയുടെ കടിഞ്ഞുല്‍ പുത്രന്‍..
"ഡാ മോഹനാ അമ്മച്ചി സതോഷത്ത്തോടെ ആണോടാ ഉവ്വേ കണ്ണടച്ചത്??

പിന്നെ അച്ചായാ മരിക്കും മുന്നേ എന്നെ നോക്കി ഒന്ന്‍ ചിരിച്ച്ചാര്‍ന്ന്‍" എന്താ ചെയ്ക അച്ചായാ ബോഡി ഫ്രീസറില്‍ വെക്കാനുള്ള ഏര്‍പ്പാട്??
"നീ ജയിംസ് കുട്ടിയേയും, ജോണി കുട്ടിയേയും വിളിചാര്ന്നോ??
"ഇല്ല..അമ്മച്ചി പോയപ്പോള്‍ ആദ്യം വിളിച്ചത് അച്ചായനെ ആണ്"

വരാന്‍ ഒക്കത്തില്ല..അവള്‍ക്ക് ലീവ് കിട്ടുകേല..പിള്ളാര്‍ക്ക് പരിക്ഷയാ..നീ ഒന്ന്‍ അവന്മാരെ വിളിച്ച് നോക്ക്..പിന്നെ അമ്മച്ച്ച്ചിയ്കുള്ള പെട്ടി ഞാന്‍ ഏര്‍പ്പാടാക്കി തരാം..നീ കുംബനാട്ട്ക്ക് ഒരു വണ്ടി ഏര്‍പ്പാടക്കിയേര്..ഒരു അഞ്ചിന്റെ പെട്ടി തന്നെ ആയിക്കോട്ടെ..
പിന്നെയും അച്ചായന്‍ ഒന്ന് പൊട്ടികരഞ്ഞു...
"ഡാ മോഹനാ..എല്ലാം വീഡിയോ വഴി എനിക്ക് ഓണ്‍ലൈന്‍ ആയി കാണണം..കോഴഞ്ചേരിയിലെ ചെക്കന്മാരെ ഏര്‍പ്പാടക്കിയേര്..ഒരു മൂന്ന് ക്യാമറ വേണ്ടി വരും..പള്ളിയിലും വേണം.."
എന്തായാലും ജോര്‍ജ്ജ് കുട്ടി ആച്ചായന്‍ വരുന്ന ലക്ഷണമില്ല..അച്ചായന്റെ ഭരണം ഭാര്യ വഴിയാണ്..മൂന്ന് മാസമായി അമ്മച്ചി പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ കിടക്കുന്നു..കാശ് അയച്ച് തരും..ആശുപത്രി റൂമില്‍ ഏര്‍പ്പാടാക്കിയ കമ്പ്യൂട്ടര്‍ വഴി കാണും,കരയും..ഇതിനപ്പുറം കടിഞ്ഞൂല്‍ പുത്രന്‍ ഒന്നും ചെയ്തിട്ടില്ല..പിന്നെയല്ലേ താഴെയുള്ള അനിയന്മാര്...
" ഡാ മോഹനാ അമ്മച്ചിയുടെ കാര്യത്തില്‍ ഒരു കുറവും വരുത്തരുത്..വീട് മുഴുവന്‍ പൂക്കള്‍ കൊണ്ട് അലങ്കരിക്കണം..വരുന്നോര്‍ക്ക് റോസാപൂ കൊടുത്തേര്..മുറ്റത്ത് വലിയ പന്തല്‍ വേണം..അമ്മച്ചിയെ പള്ളിലെക്ക് കൊണ്ട് പോകാന്‍ ഏ.സി വണ്ടി ആയിക്കോട്ടെ...
എല്ലാം മൂളി കേട്ട് അവസാനം ചോദിച്ചു..
"അല്ല..ജെയിംസ് കുട്ടി ആച്ചായന്‍ വരുന്നില്ലേ???"
"ഓ ഒക്കത്തില്ല മോഹനാ..പാറ്റിയ്ക്ക് വയ്യ.."
രണ്ടാമന്‍....ജെയിസ്കുട്ടി അമേരിക്കയിലാ..ഭാര്യ അവിടുത്ത്ക്കാരി..വരാന്‍ പറ്റില്ലെങ്കിലും എല്ലാം ഓണ്‍ലൈന്‍ വഴി അയാള്‍ക്കും കാണണം..
എല്ലാം ഭംഗിയായി നടക്കണം..എല്ലാം നടത്താന്‍ ഞാന്‍ ഉണ്ടല്ലോ..കാര്യസ്ഥന്‍..ഒരിക്കല്‍ അമ്മച്ചി പറഞ്ഞു കേട്ടതാണ്..
"മക്കള്‍ ജനിക്കുമ്പോള്‍ അപ്പച്ചന്‍ ഓരോ മാവ് നട്ടു..അത് പൂത്ത് കായ്ച്ചു..സ്നേഹത്തോടെ മാങ്ങാ തന്നു..മക്കള്‍ സ്നേഹത്തിനു പകരം മുതിര്‍ന്നപ്പോള്‍ പണം തന്നു.."
"കുട്ടാ..(മൂന്നാമന്‍ ജോണി എന്നെ അങ്ങിനെയാണ് വിളിക്കുന്നത്) വരാന്‍ ഒക്കില്ല..അവള്‍ക്ക് മാസം തികഞ്ഞു നില്പാ..എന്റെ സ്ഥാനത്ത് നിന്ന് നീ തന്നെ കാര്യങ്ങള്‍ ചെയ്താല്‍ മതി..ഒന്നിനും കൊറവ് വരുത്തണ്ട..നമ്മുടെ തുണ്ടിയിലെ അമ്മച്ചിടെ അട്ക്കിനേക്കാള്‍ ഗംഭീരമാകണം..വീട് മുതല്‍ പള്ളി വരെ റോഡ്‌ തേച്ച് കഴുകി അലങ്കരിക്കണം..അടക്ക് കഴിഞ്ഞാല്‍ എല്ലാര്‍ക്കും ഭക്ഷണം കൊടുത്തേര്..തുണ്ടിയിലെ പോലെ വെള്ളപ്പം കറി മാത്രം പോരാ..നല്ല ഭക്ഷണം കൊടുക്കണം..എല്ലാം വീഡിയോ എടുക്കണം..ഞങ്ങള്‍ ഇവിട്‌രുന്നു കണ്ടോളാം..
മൂന്നാമന്‍ ജോണി കുട്ടി..എന്റെ കളികൂട്ടുക്കാരന്‍..സിഡ്നിയില്‍..അവനും വരാന്‍ കഴിയില്ല..പണം മുടക്കാന്‍ തയ്യാര്‍..അമ്മച്ചിയുടെ വാക്കുകള്‍ ഓര്‍മ്മ വരുന്നു..
"വയസ്സാം കാലത്ത് നീയും, നിന്റെ അവളും അടുത്ത് ഉണ്ടായതോണ്ടാ..അല്ലേല്‍ അവന്മാര്‍ എന്നെ വല്ല വൃദ്ധസദനത്തിലും കൊണ്ട് ചെന്നാക്കിയേനെ.."
എന്തായാലും അടക്ക് പറഞ്ഞ പോലെ തന്നെ ഏര്‍പ്പാടാക്കി..ഏറ്റവും മുന്തിയ ശവപെട്ടി..വീട് നിറച്ച് പൂക്കള്‍, വലിയ പന്തല്‍, ഏ.സി. വണ്ടി, മുറ്റം നിറയെ ക്യാമറകള്‍, ഒരു ലോക്കല്‍ ചാനല കവറേജ്..പ്രധാന പത്രങ്ങളില്‍ വാര്‍ത്ത, അമ്മച്ചിയുടെ ഫോട്ടോയ്ക്ക് താഴെ " മക്കളുടെ മരുമക്കളുടെ പേര് വിവരം, ഒപ്പം അവരുടെ ഇപ്പോഴത്തെ രാജ്യത്തിന്‍റെ വിവരങ്ങള്‍..ക്യാമറ അമ്മചിയ്ടെ പെട്ടിയെ അനുഗമിച്ച് പള്ളിയിലേക്ക്..സെമിത്തേരിയില്‍ വലിയ സ്ക്രീനില്‍ ചടങ്ങുകള്‍ ഇടയ്ക്ക് ഓണ്‍ലൈന്‍ വഴി സിഡ്നി,വിയന്ന,അമേരിക്ക എന്നിവിടങ്ങളില്‍ മക്കളുടെ ശവമടക്ക് കൂട്ടായ്മ..വെള്ള വസ്ത്രം ധരിച്ച് ഓണ്‍ലൈന്‍ പ്രാര്‍ത്ഥന..ഒടുവില്‍ വികാരിയച്ചന്‍ അന്ത്യ ചുംബനം കൊടുക്കാനുല്ലവര്‍ക്ക് അനുവാദം കൊടുത്തപ്പോള്‍ ഓണ്‍ലൈന്‍ വഴി അവരുടെ അന്ത്യ ചുംബനം, പെട്ടി കല്ലറയില്‍ വെച്ചപ്പോള്‍ അവരുടെ വക ഓണ്‍ലൈന്‍ ഒരു പിടി മണ്ണ്...പിന്നെ എല്ലാം തീര്‍ന്നപ്പോള്‍ എല്ലാവര്ക്കും സന്തോഷം..'അടക്ക് ഗംഭീരമായത്തിന്റെ..തുണ്ടിയിലെ അമ്മച്ചിയുടെ ശവമടക്ക് ആഘോഷം മറി കടന്നതിന്റെ..
എല്ലാം കഴിഞ്ഞു ഞാന്‍ എന്ന മോഹനന്‍ പാതി രാത്രി വീട്ടില്‍ ചെന്ന് കയറിയപ്പോള്‍ സഹധര്‍മ്മിണിയുടെ ചോദ്യം..
"അല്ല..ആരുടെ അമ്മച്ചിയാ മരിച്ചത്???"

പുകനാശം..

                     

                         
                           വണ്ടിയുടെ കത്തുന്ന ഹോലോജന്‍ വെളിച്ചവും കുറവെന്ന് തോന്നി..
ഒരു കണക്കിന് വീടിന്റെ പോര്‍ച്ചില്‍ കയറ്റി കാറിന്റെ പുറകില്‍ ബൈക്ക്‌ വെച്ച് ഇറങ്ങി ചുറ്റും നോക്കി...

"കറങ്ങുന്ന പോര്‍ച്ച്..കറങ്ങുന്ന കാര്‍...കറങ്ങുന്ന വീട്...കറങ്ങുന്ന മനസ്സ്‌.."

                        ബെല്ലടിച്ച് പതിവ്‌ പോലെ മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍, അമ്മ ഉറക്കച്ചുവടോടെ വന്ന്‍ വാതില്‍ തുറന്ന്‍ പതിവ്‌ പരിഭവം..

"ആ തെങ്ങിന്റെ ചോട്ടില്‍ മൂത്രനാറ്റം കൊണ്ട് ഒന്ന് മുറ്റം അടിക്കാന്‍ പോലും പറ്റാതായി..അകത്ത്‌ ടോയ്‌ലറ്റ്‌ ഉള്ളത് എന്തിനാടാ...

                         അമ്മ പോയെന്ന്‍ ഉറപ്പായപ്പോള്‍ രണ്ട് തുളസിയില പറിച്ച് വായിലിട്ടു ചവച്ച് അകത്തേക്ക്‌..ഇരുട്ടില്‍ മുറിയിലേക്ക്‌ നടക്കുമ്പോള്‍ അച്ചന്‍റെ അടഞ്ഞ ശബ്ദം..

"അവനോടു പാതിരാ വരെയുള്ള കംബൈന്‍ സ്റ്റഡി വേണ്ടാന്നു പറയണം.."

                          മുറിയുടെ വാതില്‍ തുറന്ന്‍ അകത്ത്‌ കയറി ലൈറ്റ് ഇട്ടപ്പോള്‍ വല്ലാത്ത കുറ്റബോധം..
ഒരു രസത്തിനു വേണ്ടി ഹോസ്റലില്‍ നിന്നും തുടങ്ങിയതാ..സ്വാമി എന്ന് വിളിക്കുന്ന സുരേഷ് ആയിരുന്നു ഗുരു..ആദ്യം ബിയര്‍, പിന്നെ പതുക്കെ ബ്രാണ്ടി, വിസ്ക്കി, ഇപ്പോള്‍ അത് നീലച്ചടയന്‍ കഞ്ചാവ്‌ വരെ എത്തിയിരിക്കുന്നു..ഈ സെമസ്റ്റര്‍ ഒന്നിലും പാസാകില്ല.."

കിടക്കയില്‍ മലര്‍ന്നു കിടക്കുബോള്‍ സ്വാമി തന്ന ചെറിയ പോതിയെ കുറിച്ച് ഓര്‍ത്തു..

                      "മക്കളെ ഇവനാണ് ബ്രൌണ്‍ ഷുഗര്‍...ഇത്തവണ എല്ലാര്ക്കും ഫ്രീ...അടുത്ത തവണ പൈസ തരണം..ഇവനെ വീട്ടില്‍ ചെന്നിട്ട് പരീക്ഷിച്ചാല്‍ മതി..enjoy free world of ultimate happiness"

                      സ്വാമിയുടെ വിവരണം മനസ്സില്‍ ആവര്‍ത്തിക്കുന്നു...പെഴ്സിനുല്ലില്‍ ഇരിക്കുന്ന വെളുത്ത പോതിയിലെക്ക് മനസ്സും ചിന്തയും പായുന്നു..

                      ഒരു സിഗരെറ്റ്‌ കത്തിച്ച് അതിന്റെ അറ്റം വെളുത്ത പൊതിയില്‍ മുക്കി വലിച്ചു..ആദ്യ പുകയില്‍ തന്നെ മനസ്സ്‌ വിട്ടു പറന്നു, ഒരു അപ്പൂപ്പന്‍ താടി പോലെ..പിന്നെയും പകച്ചു..അവസാനത്തെ പുക വിഴുങ്ങിയപ്പോള്‍ ശരീരം മാത്രം ബാക്കി..കട്ടിലില്‍ വീണു..മനസ്സ്‌ എവിടെയോ??കറുത്ത മേച്ചില്‍ പുറങ്ങളില്‍..സെരിബ്രം നിശ്ചലം..ശൂന്യാകാശം,ശരീരത്തില്‍ നാഡി സ്പന്ദനവും, രക്ത സംക്രമണവും, ശാസവും,ഹൃദയമിടിപ്പും മാത്രം ബാക്കി വെച്ച് മനസ്സ്‌ ദൂരെ...

''മോനെ വിനു വാതില്‍ തുറക്കെടാ.." ആരോ കരയുന്നു..ബഹളം വെക്കുന്നു..
എല്ലാം ചെവിയില്‍ മുഴങ്ങുന്നു..പക്ഷെ മനസ്സിലേക്ക് എത്തുന്നില്ല..മനസ്സ്‌ എവിടെയോ
പിടി തരാതെ...

"വാതില്‍ തുറക്കെടാ..അച്ചന് വയ്യടാ..." കരച്ചിലുകള്‍, കൂറെ നേരം..

"അമ്മേ കൊച്ചച്ചന്‍ കാറുമായി വരുന്നുണ്ട്" പെങ്ങളുടെ കരച്ചിലോടെയുള്ള ശബ്ദം.

മനസ്സിനെ പിടിച്ചെടുക്കാനുള്ള ഓരോ ശ്രമവും പരാജയം...നിലവിളികളും, ബഹളങ്ങളും തലച്ചോറില്‍ എത്താന്‍ വൈകുന്നു...ചുറ്റും പുകമറയില്‍ വെളുത്ത രൂപങ്ങള്‍ മാത്രം..വേദനയും, കണ്ണീരും എല്ലാം ശ്രവണ പടത്തില്‍ മാത്രം...

സൂര്യന്‍ കണ്ണിലേക്ക്‌ എത്തി നോക്കി തുടങ്ങിയപ്പോള്‍ മനസ്സ്‌ പ്രതികരിക്കാന്‍ തുടങ്ങി..വൈകിയ വിവേകം തലച്ചോറിലേക്ക്..വാതില്‍ തുറന്ന്‍ നോക്കുമ്പോള്‍ വീട് ശൂന്യം...ആരുമില്ല..ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു..ചില നിലവിളികള്‍, ബഹളങ്ങള്‍, എല്ലാം പുകമറയില്‍ മറവ് ചെയ്ത നശിച്ച രാത്രി..

ബൈക്കുമെടുത്ത്‌ പുറത്തേക്കിറങ്ങിയ സമയത്ത് പാല്‍ക്കാരന്‍..

"മോനെ അച്ചന് എന്താ പറ്റിയത്"

അറിയാത്ത ഉത്തരം..നെഞ്ചില്‍ തളം കെട്ടിയ വേദന കണ്ണുനീര്‍ തുള്ളിയായ്‌ പുഴയായ്....
കുറെ ആശുപത്രികള്‍ കയറിയിറങ്ങി...പലവട്ടം വിളിച്ചിട്ടും മറുപടി തരാതെ പോയ പെങ്ങളുടെ മൊബൈല്‍ ഒടുവില്‍ മറുപടി തന്നു..

"ജൂബിലി മിഷനില്‍.."

ഐ.സി.യു വിന്റെ മുന്പില്‍ എല്ലാവരും..ചിലരുടെ പകച്ച നോട്ടം..അമ്മ വേദനയോടെ കരയുന്നു..ചില്ലിലൂടെ നോക്കിയപ്പോള്‍ കട്ടിലില്‍ അച്ചന്‍..പ്രതിക്ഷയുടെ കാര്‍ഡിയാക് ചലനങ്ങള്‍ സ്ക്രീനില്‍..

"കൊച്ചച്ചന്‍ ആ സമയത്ത്‌ കാറുമായി വന്നില്ലയിരുനെന്കില്‍.."

ബാക്കി കേള്‍ക്കാന്‍ മനസ്സ് നിന്നില്ല.അമ്മയുടെ അടുത്ത്‌ ബെഞ്ചില്‍ ഇരുന്നു.. ...അമ്മയെ കെട്ടി പിടിച്ച് കരഞ്ഞു,,ഒരു കൊച്ച് കുഞ്ഞിനെ പോലെ...
കുറെ നാളുകള്‍ക്ക്‌ ശേഷം....

അച്ചന്‍ മുറ്റത്ത്‌ നടക്കുകയാണ്..ജീവിതം തിരിച്ചു പിടിച്ച്...ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യം തിരിച്ചു കിട്ടിയിട്ടില്ല..കുറെ നാളുകള്‍ക്ക്‌ ശേഷം ഞാന്‍ ഫേസ്ബുക്ക് അന്ന്‍ രാവിലെ ഓപ്പണ്‍ ചെയ്തു..അതിലെ ഒരു ഗ്രൂപ്പ്‌ ...സ്വാമി എന്ന സുരേഷ് അഡ്മിന്‍ ആയ "astronauts" അതിലെ എന്റെ അംഗത്വം ഡിലിറ്റ്‌ ചെയ്തു..എന്നിട്ട് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യ്തു...

"പുകനാശം...ഒരു പുകച്ചുരുള്‍ മതി നിങ്ങളെയും, നിങ്ങളുടെ കുടുംബത്തെയും നശിപ്പിക്കാന്‍...പുകനാശം..."


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....

മരിയ ഒലീവിയ...














               "കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ഞാന്‍ ഈ ദുരിതം അനുഭവിക്കുന്നു..ഇനി വയ്യാ.."

      കുടുംബകോടതിയില്‍ തന്‍റെ അവസാന തീരുമാനം അവള്‍ ഉറപ്പിച്ചു പറഞ്ഞു.
 
                 "എനിക്കും...ജീവപര്യന്തം തടവ് അവസാനിപ്പിക്കണം..it is more stupid to live with someone who doesn't care other's emotions and feelings"..

       അയാളും അവസാന തീരുമാനം അറിയിയിച്ചു..
അവരുടെ ഉറച്ച തീരുമാനങ്ങള്‍ക്ക് കാതോര്‍ത്ത് ആരെല്ലാമോ പുറത്ത്..മരിയ ഒലീവിയ മാത്രം തല കുമ്പിട്ട്...കോടതിയും, ജഡ്ജിയും ആ കൊച്ചു കണ്ണുകളില്‍ ഭയം സൃഷ്ടിച്ചു...പിന്നെ അച്ചനും അമ്മയും..കുറേ നാളുകളായി എന്നും കാണുന്ന ആലോസര ദാമ്പത്യത്തിന്‍റെ പുതിയ പതിപ്പുകള്‍..ജഡ്ജിയും അച്ഛന്റെയും അമ്മയുടെയും ഇടയില്‍ ഇരിക്കുന്ന പത്ത് വയസ്സ് ക്കാരിയെ നോക്കി..അവളുടെ മുഖത്ത് നിഴലിച്ച് കാണാമായിരുന്നു കുടുംബകലഹത്തിന്റെ ഇരുണ്ട ചിത്രങ്ങള്‍...

                "മരിയ ഒലീവിയ...ജഡ്ജി പേര് ചൊല്ലി വിളിച്ചപ്പോള്‍ അവള്‍ മെല്ലെ മുഖം ഉയര്‍ത്തി..ജഡ്ജി ചിരിച്ചു..

       ആ കൊച്ചു ചുണ്ടിലും വിളര്‍ത്ത ചിരി വിടര്‍ന്നു...

                "മരിയകുട്ടി നല്ല മിടുക്കി കുട്ടിയാണല്ലോ??"

     "താങ്ക്സ്"..മരിയ മാറുന്നത് പോലെ..മറുപടി അത്രക്കും ഉറച്ച വാക്കുക്കള്‍..അവളുടെ കണ്ണുകളിലെ തിളക്കം..
ആ കുട്ടിയോട് ചോദിക്കേണ്ട അടുത്ത ചോദ്യം അവളുടെ ഭാവി തീരുമാനിക്കുന്ന ചോദ്യം ആണെന്ന അറിവോടെ ജഡ്ജി 


      "മോള്‍ക്ക് ആരുടെ കൂടെ ജീവിക്കാന്‍ ആണ് കൂടുതല്‍ ഇഷ്ടം??"


     ആ ചോദ്യത്തിനു മറുപടി പറയും മുമ്പ് അവള്‍ ആദ്യം അച്ചനെ നോക്കി..അയാളില്‍ ആ നോട്ടം ഒരു പ്രകാശം പരത്തി..ഇന്ന് രാവിലെ കോടതി വരാന്തയില്‍ വെച്ച് എല്ലാം പറഞ്ഞു പഠിപ്പിച്ചതാണ്..പുതിയ സൈക്കിള്‍, പുതിയ ഉടുപ്പുകള്‍, എല്ലാം വാഗ്ദാനം നല്‍കിയതാണ്..അവള്‍ തന്‍റെ കൂടെയെന്ന് പറയും എന്ന ഉറപ്പിനെ തകര്‍ത്ത് മരിയ അമ്മയെ നോക്കി..അമ്മയിലും പുതിയ പ്രതീക്ഷകള്‍...അവളെ ജനിപ്പിച്ച തന്നെ ഒഴിവാക്കില്ലെന്ന് ആ സ്ത്രീയും വിശ്വസിച്ചു..ഒടുവില്‍ മരിയ ജഡ്ജിയെ നോക്കി..അവള്‍ക്ക് ചുറ്റും ഒരു പ്രകാശ വലയം സൃഷ്ടിക്കപെട്ടത് പോലെ..കോടതി മുറി മുഴുവന്‍ ആ പ്രകാശം പരന്നു..

        "എനിക്ക് ഇവരെ രണ്ടു പേരുടെയും കൂടെ ജീവിക്കണ്ടാ.."


അവളുടെ മറുപടി എല്ലാവരെയും ഞെട്ടിച്ചു...അച്ഛനും, അമ്മയും,ജഡ്ജിയും,വാതിലിനു പുറകില്‍ കത്ത് നിന്നവരും. എല്ലാവരും വിസ്വസിക്കനകാതെ...മരിയ അവസാനിപ്പിച്ചില്ല...അതൊരു തുടക്കമായിരുന്നു.

     "കഴിഞ്ഞ പതിനൊന്നു വര്‍ഷമായി ദുരിതം അനുഭവിക്കുന്ന എന്റെ അമ്മ, അമ്മയില്‍ നിന്നും ജീവപര്യന്തം തടവിനു മോചനത്തിനായി കാത്തിരിക്കുന്ന അച്ചന്‍..എനിക്ക് ഇവരെ രണ്ടു പേരയും വേണ്ട..ഇവര്‍ക്ക് വേണ്ടത് ഇവരുടെ മാത്രം സുഖങ്ങള്‍, ഇവരുടെ മാത്രം സ്വപ്‌നങ്ങള്‍..അതെല്ലാം ആ വാതിലിനു പുറകില്‍ ഒളിച്ചു നില്‍ക്കുന്നുണ്ട്..ഇവരുടെ വിവാഹമോചനവും കാത്ത്....ഇവര്‍ക്ക് ജീവിതത്തില്‍ പിരിയാനാണ് ആഗ്രഹമെങ്കില്‍ പിന്നെ എന്തിനു എനിക്ക് ജന്മം തന്നു..?? ഇടയില്‍ പിരിഞ്ഞ് പോകനായിരുന്നെങ്കില്‍ ജനിച്ചപ്പോള്‍ തന്നെ കൊല്ലാംയിരുന്നില്ലേ??അല്ലെങ്കില്‍ എന്തെങ്കിലും വഴിയരികില്‍  ഉപേക്ഷിക്കമായിരിന്നില്ലേ??അങ്ങിനെ നോക്കുമ്പോള്‍ ഇവര്‍ ഇരുവരും കടുത്ത ശിക്ഷയ്ക്ക് അര്‍ഹരാണ്..ജീവിതത്തില്‍ ഇവരുടെ മകളായ് മാത്രം എനിക്ക് ജീവിച്ചാല്‍ മതി..പകരക്കാര്‍ വേണ്ടാ..വാതിലിനു പുറകില്‍ നില്‍ക്കുന്ന പകരക്കാര്‍ ആരും ഇവര്‍ക്ക് സമമാകില്ല...എനിക്ക് വേറെ ഒരു ജീവിതം വേണ്ടാ...ഇവരെ എന്നെ ജനിപ്പിച്ച കുറ്റത്തിന് ആജീവനാന്തം തുറന്കില്‍ അടയ്ക്കുക..എനിക്ക് മരണ ശിക്ഷ നല്കുക..ജീവിതം വേണ്ടത്തവര്‍ക്ക് നല്കാന്‍ അങ്ങിനെ ഒരു ശിക്ഷ ഉണ്ടെങ്കില്‍...

             മരിയ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ജഡ്ജി തന്റെ നെറ്റിയിലെ വിയര്‍പ്പ് തുടച്ചു..അച്ഛനും അമ്മയും ഒന്നും പറയാന്‍ കഴിയാതെ തല കുനിച്ചിരുന്നു..ജഡ്ജി കസേരയില്‍ നിന്നും എഴുന്നേറ്റു മരിയയുടെ അടുത്ത് വന്നു അവളെ ചേര്‍ത്ത് പിടിച്ചു..അവള്‍ അപ്പോഴും പറയുന്നുണ്ടായിരുന്നു..

     "ഇവര്‍ക്ക് ഇനിയുള്ള കാലം എനിക്ക് വേണ്ടി ജീവിച്ചാല്‍ എന്താ? ഇവരെ രണ്ടു പേരെയും എനിക്ക് വേണം..രണ്ടു പേരുമില്ലാതെ  എനിക്ക് ഒരു ജീവിതം വേണ്ട..ഇവരുടെ സുഖങ്ങളെ പറ്റി ചിന്തിക്കുന്ന കൂട്ടത്തില്‍, ഇവരുടെ മകളായി ജീവിക്കുന്ന എന്‍റെ സുഖത്തേയും, ഭാഗ്യത്തേയും കുറിച്ച് ചിന്തിച്ചാല്‍ എന്താ??

        അയാളും ഭാര്യയും ഒന്നും പറയാതെ പരസ്പരം നോക്കി നിന്നൂ..മരിയ അവരുടെ കൈകളില്‍ പിടിച്ചു...

    "ഈ കേസിന്റെ വിധി പറയാന്‍ എനിക്ക് കഴിയില്ല...ഇതിന്റെ വിധി പറയേണ്ടവര്‍ നിങ്ങള്‍ തന്നെ ആണ്.."

       ഭാര്യയെയും, ഭര്‍ത്താവിനെയും നോക്കി ജഡ്ജി പറഞ്ഞു."

ഇരുവരും മരിയയെ നോക്കി...ആ മുഖത്ത് അപ്പോഴും ഒരു പ്രകാശം കാണുന്നുണ്ടായിരുന്നു..ആ പ്രകാശകണം അവരുടെ മനസ്സിലേക്ക് ഒരു നേരിന്റെ വെളിച്ചം പകര്‍ന്നു....

കുറേ നാളുകള്‍ക്ക് ശേഷം...
കടല്‍ തീരത്തെ ഒരു സന്ധ്യ..

       അയാള്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ചു...അവള്‍ ആ ചുമലില്‍ തല ചായ്ച്ചു കിടന്നു..അവളുടെ വീര്‍ത്ത വയറില്‍ ഒരു ഉദയം കാത്തിരിക്കുന്ന ജീവന്‍റെ തുടിപ്പുകള്‍...സൂര്യന്‍ ചുവപ്പ് വിരിയിച്ച കടല്‍ തീരത്ത് മരിയ ഒലീവിയ ഓടി നടന്നു...ഒരുമിച്ചിരിക്കുന്ന അച്ചന്റെയും, അമ്മയുടെയും മുന്‍പില്‍..പിറക്കാനിരിക്കുന്ന കൂടപിറപ്പിനു മുന്നില്‍...

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..

N.B. ദൈവത്തിന്‍റെ വരദാനമാണ് കുട്ടികള്‍..ആ വരം ലഭിച്ചിട്ടും, കൊതിയും കുറവും പറഞ്ഞു പിരിയുന്നവര്‍ക്ക്. നിങ്ങള്‍ ഒരിക്കല്‍ ചോദ്യം ചെയ്യപ്പെടും..ജീവിതപാതയില്‍ എവിടെയെങ്കിലും വെച്ച്

മാരിയപ്പന്‍....












"ഉന്‍ പേര് ചൊല്ലുമ്പോള് എന്‍ നെഞ്ചില്‍ കൊണ്ടാട്ടം...
ഉന്നോട് വാഴാത്താനെ ഉയിര്‍ പോകും പോരാട്ടം''


"എടാ പാണ്ടി നീയെന്ത് പകല്‍ കിനാവ്‌ കാണുന്നോ??" 

          അടുത്ത തെറി വിളിയ്ക്ക് മുമ്പേ മാരിയപ്പന്‍ സമോവരിന്റെ അടുത്ത്‌ ചായ അടിക്കാന്‍ തയ്യാറായി..പാട്ട് അപ്പോഴും ലോട്ടരിക്കാരന്റെ പാട്ടുപെട്ടി മൂളുന്നുണ്ടായിരുന്നു...

" .ഒരു മീറ്റര്‍ ചായ.."

        മുതലാളി പറയും മുമ്പേ മാരിയപ്പന്‍ പ്രവര്‍ത്തിച്ചു തുടങ്ങി..ഒരു യന്ത്രം പോലെ..
കുമളി ടൌണിലെ ചായകടയില്‍ ചായ അടിക്കാന്‍ വന്നു തുടങ്ങിയിട്ട് അഞ്ചു കൊല്ലമായി..ഇന്നും കട നടത്തുന്ന ആനവിലാസം വാസുദേവന് മാരിയപ്പന്‍ പാണ്ടിയാണ്...മനം പോലെ തെറി വിളിക്കാനും, മുല്ലപെരിയാര്‍ വിഷയം പറഞ്ഞു കടയില്‍ വരുന്നവരുടെ മുന്നില്‍ വെച്ച് അപമാനിക്കാനും, എത്ര നല്ല ചായ കൊടുത്താലും കുറവ് പറയാനും മാരിയപ്പന്‍ എന്ന ഉസിലംപെട്ടിക്കാരന്‍ തമിഴന്‍...കാലത്ത്‌ നാലു മണി മുതല്‍ സമോവരിന്റെ ചൂടും തട്ടി വൈകുന്നേരം പത്ത്‌ മണി വരെ മാരിയപ്പന്‍ ഒരു മീറ്റര്‍ ചായ വരുന്നവര്‍ക്കും പോകുന്നവര്‍ക്കും വിളമ്പുന്നു..കൃത്യമായി എണ്ണമില്ല...എന്നിട്ടും വാസുദേവന്റെ മുഖത്ത്‌ തൃപ്തി വരില്ല...നഷ്ട കണക്കുകള്‍, ശാപ വാക്കുകള്‍...എല്ലാം പാവം മാരിയപ്പന് മീതെ...

         ഉച്ച സമയത്ത്‌ മാരിയപ്പന്‍ കടയിലെ തിരക്ക്‌ കഴിയുമ്പോള്‍ ചാരുബെഞ്ചില്‍ തല ചായ്ച് ഒന്ന് ഉറങ്ങും..മുതലാളി തെറി വിളിച്ച് ഉണര്‍ത്തുന്നത് വരെ..അന്നത്തെ ഉറക്കത്തില്‍ അയാള്‍ ഒരു സ്വപനം കണ്ടു...

         "ഭാര്യ മുത്തഴകിയുടെ അടുത്ത്‌ കാര്‍വര്‍ണ്ണ നിറമുള്ള കുഞ്ഞു...അമ്മയുടെ ചൂടേറ്റ്, പാല്‍ നുകര്‍ന്ന്‍..പെട്ടെന്ന്‍ ഒരു കറുത്ത കൈകള്‍ ആ കുഞ്ഞിനെ മുത്തഴകിയില്‍ നിന്നും അടര്‍ത്തി മാറ്റി..ആ പിഞ്ചു വായിലേക്ക് അരളി ചെടിയുടെ പാല്‍ കറുത്ത കൈകള്‍ പകര്‍ന്നു...കുഞ്ഞു ഒരു വട്ടം തേങ്ങി കരഞ്ഞു പിന്നെ എന്നെന്നെക്കുമായി നിശബ്ദമായി...
മാരിയപ്പന്‍ ഉറക്കത്തില്‍ നിന്നും ചാടിയുണര്‍ന്നു...മുത്തഴകി പൂര്‍ണ്ണ ഗര്‍ഭിണിയാണ്..കഴിഞ്ഞ രണ്ടു വട്ടവും അവള്‍ പ്രസവിച്ചു..പെണ്‍കുഞ്ഞുങ്ങള്‍..ഒന്ന് കണ്ണ് തുരയ്ക്കും മുന്‍പ്‌ അരളി പാല്‍ നുകര്‍ന്ന്...കുടിലിന്റെ മുറ്റത്തെ വാക മരച്ചുവട്ടില്‍ കുഴി കുത്തി മറവ് ചെയ്യ്തു..

     അമ്മ ചിന്നത്തായ്‌ വാവിട്ട് കരഞ്ഞു...

"അയ്യോ ചാപിള്ള പോരന്തതപ്പാ"

     ചിന്നതായ്‌ കരയുമ്പോള്‍ അവരുടെ കൈകളില്‍ അരളി ചെടിയുടെ പാല്‍ പുരണ്ടിരുന്നു...അരളി ചെടിയുടെ പൂവിന്റെ വിഷമണം ഉണ്ടായിരുന്നു...മുറ്റത്തെ തുളസി ചെടിയുടെ കാട്ടിനുള്ളില്‍ പാല്‍ പിഴിഞ്ഞെടുത്ത അരളി പൂക്കള്‍...
       മരിയപ്പന്റെ ചിന്തയ്ക്ക് അവസാനമായി ഉച്ചയ്ക്ക് ശേഷമുള്ള ആദ്യത്തെ ചായ ഓര്‍ഡര്‍ വന്നു...ഇരുട്ടായതും, വിളക്ക് തെളിഞ്ഞതും അയാള്‍ അറിഞ്ഞില്ല...അയാളുടെ മുന്നില്‍ അയാളുടെ സൂര്യന്‍ സമോവരിന്റെ രൂപത്തില്‍ കത്തി ജ്വലിച്ചു നിന്നു..ചായ കട അടയും വരെ...അയാള്‍ വാസുദേവന്‍നായരുടെ മുന്നില്‍ തല ചൊരിഞ്ഞു നിന്നു..

"എന്നാടാ പാണ്ടി..??"

"സേട്ടാ...ഊരുക്ക്‌ പോണം.പോണ്ടാട്ടിയ്ക്ക്
...

       പറഞ്ഞു തീരും മുമ്പേ കുറച്ച് മുഴിഞ്ഞ നോട്ടുകള്‍ സമ്മതമി നീട്ടി നായര്‍ സമ്മതം മൂളി..ഒപ്പം ഒരു താക്കീതും...

"ഞായര്‍ കളം കാലത്ത്‌ വന്നില്ലങ്കില്‍ ചായ അടിക്കാന്‍ ഞാന്‍ വേറെ ആളെ നോക്കും.."

        വരുമെന്ന ഉറപ്പ്‌ നല്‍കി മാരിയപ്പന്‍ സഞ്ചിയുമെടുത്ത് കുമളി ബസ്സ്‌ സ്ടാന്റിലെക്ക് ഓടി..കുമളിയില്‍ നിന്നും കമ്പം വരെ പോകുന്ന അവസാനത്തെ ബസ്സ്‌ അവനെ കാത്ത് കിടയ്ക്കുന്നു..ബസ്സില്‍ യാത്രക്കാര്‍ കുറവ്‌..ഒരു സീറ്റില്‍ ഇരുന്നു മാരിയപ്പന്‍ തുണ്ട് എടുത്ത്‌ തല വരെ മൂടി പുതച്ചു..മുന്‍ സീറ്റില്‍ ഒരു കുടുംബം..അച്ഛനും, അമ്മയും ഒരു കൊച്ചു കുട്ടിയും...കുട്ടി മാരിയപ്പന് നേരെ മോണ കാണിച്ച് ചിരിച്ചു.മാരിയപ്പന്റെ ഉള്ളിയെന്റെ ഉള്ളിലെ പിതൃത്വം ഉണരാന്‍ തുടങ്ങി..ഒന്ന് ലാളിച്ചതും കുട്ടിയുടെ പിതാവ്‌ രൂക്ഷമായി തിരിഞ്ഞു നോക്കി..താക്കീത്‌ പോലെ..അയാള്‍ ശബ്ദം താഴ്ത്തി ഭാര്യയ്ക്ക്‌ നിര്‍ദ്ദേശം നല്‍കി...

"കൊച്ചിന്റെ മാലേം, നിന്റെ മാലേം സൂക്ഷിച്ചോ...ഇവനൊക്കെ ഏതു തരമാന്നു ആര്‍ക്കു അറിയാം.."

         അത് കേട്ടതോടെ മാരിയപ്പന്‍ പിന്നെ അവിടേക്ക് നോക്കിയില്ല..ഏതു മലയാളിയും കറുത്ത തമിഴന് നേരെ എവിടെയും ഉന്നയിക്കുന്ന ഒരു സംശയം..അയാള്‍ പിന്നെ ആകാശം നോക്കിയിരുന്നു..മുന്തിരി തോപ്പുകള്‍ നോക്കിയിരുന്നു...മുല്ല പെരിയാറില്‍ നിന്നും കമ്പം വരെ നീളുന്ന പെരുംബാബിനെ പോലെ തിളങ്ങുന്ന പെന്‍സ്ടോക്ക് പൈപ്പുകള്‍ നോക്കിയിരുന്നു..പിന്നെ മുത്തഴകിയെ ഓര്‍ത്തിരുന്നു...ജന്മം കിട്ടിയിട്ടും വാക മര ചുവട്ടില്‍ മറവ്‌ ചെയ്യ പെട്ട പെണ്‍കുഞ്ഞുങ്ങളെ ഓര്‍ത്തിരുന്നു...അങ്ങിനെ എത്രയെത്ര പെണ്‍കുട്ടികള്‍ ഉസിലം പെട്ടിയില്‍ ജീവഹാനി നേരിട്ടിരിക്കുന്നു..ചിന്നതായിയെ പോലെ എത്ര കറുത്ത കൈകള്‍ അരളി പൂ നുള്ളി എടുക്കാന്‍ കാട്ടിലേക്ക്‌...
          ഉസിലം പെട്ടിയില്‍ ബസ്സ്‌ ഇറങ്ങി ഗ്രാമമായ നയ്കരന്പെട്ടി വരെ നടയ്ക്കുമ്പോള്‍ മരിയപ്പനില്‍ നിറഞ്ഞത് ഇനിയും പുറത്ത്‌ കാണിക്കാന്‍ കഴിയാതെ പോയ പിതൃ ഭാവമായിരുന്നു..അയാള്‍ക്ക് ചിന്നതായിയെ ഭയമാണ്..മാരിയപ്പന്‍ ചിന്നതായിയുടെ എട്ടാമത്തെ പ്രസവത്തില്‍ ജനിച്ച മകന്‍ ആണ്..അവനു മുന്നില്‍ ജനിച്ച ഏഴു പെണ്കുഞ്ഞുങ്ങളും അരളി പൂവിന്റെ രുചി അറിഞ്ഞു പിറന്നു വീണ ഉടന്‍ നിശബ്ദമായവര്‍...വീട് എത്താന്‍ തുടങ്ങുമ്പോള്‍ മരിയപ്പന്റെ പിതൃ ഹൃദയം പിടച്ചു..പ്രാര്‍ത്ഥിച്ചു...പെണ്കുഞ്ഞായാലും വളര്‍ത്താന്‍ മോഹിച്ചു..

            കുടിലിന്റെ പടിയെത്തിയപ്പോള്‍ ഒരു നേര്‍ത്ത നിലവിളി കേട്ടു..മുറ്റത്ത്‌ തെളിയുന്ന മൂട്ട വിളക്കിന്റെ പ്രകാശത്തില്‍ വാക മര ചുവട്ടില്‍ ഇളകിയ പുതു മണ്ണ്.അകത്ത്‌ ഇരുട്ടില്‍ തളര്‍ന്നു ഉറങ്ങുന്ന ചിന്നതായി..വെളുത്ത തൊട്ടിലില്‍ ഒരു കുഞ്ഞ്..അത് വരെ വേദനിച്ച എല്ലാ നിമിഷവും മറന്ന്‍ മാരിയപ്പന്‍ കുഞ്ഞിനെ നോക്കി..ഇരുളില്‍ നിന്നും കറുത്ത പ്രേതം പോലെ ചിന്നതായി...അവനെ കണ്ടതും ചിന്നതായ്‌ അലമുറയിട്ടു എഴുന്നേറ്റു..

"ആണ്‍കുലന്തായ് പോരന്തത് അയ്യാ...അനാ..മുത്തഴകി...

         ചിന്നതായ്‌ മരിയപ്പനെ കരഞ്ഞു കൊണ്ട് ചേര്‍ത്ത്‌ പിടിച്ചപ്പോള്‍ അയാള്‍ വാകമര ചുവട്ടിലെ ഇളകിയ മണ്ണ്‍ നോക്കി ആര്‍ത്ത് കരഞ്ഞ് നിലത്ത് വീണു. ആ കരച്ചിലിനോപ്പം അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിന്‍റെ ദീന രോദനവും....

""വീരജന്മം.....""















            ആ ജന്തു വൈകുന്നേരം വിളക്ക് വെച്ചത് മുതല്‍ തുടങ്ങിയ കുരയാണ്..ഇപ്പോഴും നിര്‍ത്തിയിട്ടില്ല..പല വട്ടം ഓടിച്ച് വിട്ടിട്ടും പിന്നേയും തിരിച്ച് വന്നു പോര്‍ച്ചില്‍ നിന്നും മോങ്ങുന്നു..കുരയ്ക്കുന്നു..ഭക്ഷണം കഴിയ്ക്കുവാന്‍ ഇരിക്കുമ്പോള്‍ കുര അസഹ്യമായ അവസ്ഥയില്‍...മനസ്സില്‍ കെട്ടി കിടന്ന ദേഷ്യം പുറത്തേക്ക് തികട്ടി..

" ആ ജന്തുനെ ഞാന്‍ കൊല്ലും..."

          എന്റെ വാക്കുകള്‍  അനുജത്തിയ്ക്ക് ഇഷ്ടമാവില്ല...അവള്‍ ഒരാളാണ് ആ വയസ്സന്‍ നായയെ  സ്നേഹിക്കുന്നത്...എനിക്ക് അതിനെ കാണുന്നതേ ഇഷ്ടമല്ല...എന്നും കോളേജില്‍ പോകാന്‍ തയ്യാറായി പോര്‍ച്ചില്‍ എത്തുമ്പോള്‍ വാലാട്ടി  അടുത്ത് വരും..അത് അരികില്‍ വരുമ്പോള്‍ പുഴുത്ത നാറ്റം...ചുറ്റും പറക്കുന്ന ചെള്ളുകള്‍..ശരീരം നിറയെ മറ്റ്നായകളുടെ കടിയേറ്റ പാടുകള്‍..ഷൂവിട്ട  കാല് കൊണ്ട് എന്നും രാവിലെ ഒരു തൊഴി കൊടുക്കും...മോങ്ങി കൊണ്ട് ഓടുമ്പോള്‍ പിന്നില്‍ നിന്നും അനുജത്തി..

"ഞാന്‍ മേനക ഗാന്ധിയ്ക്ക് കത്തെഴുതും.."

"കൂടെ ആ രഞ്ചിനി ഹരിദാസിനും കൂടി എഴുതിക്കോ ..

          അവള്‍ക്കുള്ള മറുപടി.അവള്‍ ഒരാളാണ് ആ ജന്തു ജീവനോടെയിരിക്കുന്നതിന് കാരണം.ഒരു ഉപകാരമില്ലാതെ വെറുതെ പോര്‍ച്ചില്‍ കിടക്കുന്ന നായക്ക് അവള്‍ മാത്രമാണ് ഇടയ്ക്ക് ആരും കാണാതെ ഭക്ഷണം കൊടുക്കുന്നത്..പുതിയ ഒരു അല്‍സേഷന്‍ നായയെ കൊണ്ട് വന്നത് മുതല്‍ ആ ജന്തുവിനെ ഒഴിവാക്കാന്‍ പലവട്ടം തുനിഞ്ഞതാണ്..അനുജത്തിയുടെ കണ്ണ്‍ നീര്‍ എല്ലാത്തിനും തടസ്സം..

          ഭക്ഷണം കഴിച്ച് പുറത്ത് വന്നു നോക്കുമ്പോള്‍ വീരന്‍ എന്നാ നായ അതെ അവസ്ഥ..കുരയോട് കുര, അസഹനീയമായ കുര...തല്ലി ഓടിക്കാന്‍ വടിയുമായി ഇറങ്ങിയതും പുറകില്‍ നിന്നും അമ്മ..

"ഡാ ചെക്കാ...അതിനു പേ ഇള്കീന്ന തോന്നുന്നേ...ഇങ്ങട് കേറി പോര്.."

         അമ്മയുടെ വാക്ക് ശരി വെച്ച് അകത്ത് കയറി ജനലിലൂടെ നോക്കുമ്പോള്‍ പുറത്ത് പോര്‍ച്ചില്‍ നോക്കി ഭ്രാന്ത് പിടിച്ച പോലെ കുരക്കുന്ന വീരന്‍.. ആ ജന്തുവിനെ അവസാനിപ്പിക്കാന്‍ മാര്‍ഗ്ഗം ആലോചിച്ചു...സുഹൃത്ത് വിഷ്ണു പറഞ്ഞ മാര്‍ഗ്ഗം നാളെ ചെയ്യണം..."ഇറച്ചിയില്‍ കാഞ്ഞിര വേര് ഇട്ടു കൊടുക്കണം..അടുത്ത ദിവസം ചത്ത് മലച്ച് കിടയ്ക്കും.."

         അനുജത്തി അറിയാതെ ചെയ്യണം...കാഞ്ഞിര വേര് സംഘടിപ്പിക്കാന്‍ വിഷ്ണുവിനെ വിളിച്ച് പറഞ്ഞു..അവന്‍റെ വീടിനടുത്ത് ഒരു മന പറമ്പില്‍ സാധനം ഉണ്ടത്രേ...
ഉറങ്ങാന്‍ കിടയ്ക്കുമ്പോള്‍ ആ കുര കേട്ടു..മനസ്സ്പറഞ്ഞു.."നിന്‍റെ ഒടുക്കത്തെ കുരയാടാ" വീണ്ടും കുര കേള്‍ക്കുന്നു..ഗംഭീരം ഇല്ല..എന്നാലും ഉച്ചത്തില്‍ കേള്‍ക്കാം..പണ്ട് വീരന്‍ എന്ന് പേരുള്ള ഈ നായ എല്ലാവരുടെയും പേടി സ്വപ്നമായിരുന്നു..

         ഒരു നാടിനെ വിറപ്പിച്ച  വീരന്‍ വയസ്സായപ്പോള്‍ ഒരു ചാവാലി ആയി മാറി..പണ്ട് വീരന്‍ വീരന്‍ തന്നെ ആയിരുന്നു..പാത്ത് പതുങ്ങി പറമ്പിലേക്ക് വരുന്ന കൊടിച്ചി പട്ടികളും,അടുക്കളയിലേക്ക് ഉന്നം വെച്ച് വരുന്ന കാടന്‍ പൂച്ചകളും, രാത്രിയില്‍ കോഴി കോഴികൂടിനടുത്ത് വരുന്ന കുറുക്കന്മാരും, അസമയത്ത് വഴിയിലൂടെ പോകുന്ന ചില മനുഷ്യ ജന്മങ്ങളും വീരന്റെ ഉശിര് അടുത്തറിഞ്ഞവര്‍ തന്നെ..പകല്‍ സമയം ഉറക്കം..രാത്രി വീട് കാവല്‍..അവന്‍റെ നല്ല സമയത്ത് രാജാവായിരുന്നു..എന്നാലിപ്പോള്‍ ചില്ല പട്ടികള്‍ പോലും കടിച്ചവനെ കുടയുന്നു..ഒരു കണ്ണിന് ലേശം കാഴ്ച പോലും നഷ്ടമായിരിക്കുന്നു..അവന്‍ ചിന്തിച്ച് എപ്പോള്‍ ഉറങ്ങി പോയെന്ന്‍ അറിയില്ല..ഉറങ്ങും വരെ നേര്‍ത്ത കുര കേള്‍ക്കാമായിരുന്നു..

           പിറ്റേന്ന് പ്രഭാതത്തില്‍ വീരന്റെ കുര കേട്ട് തന്നെ ആണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്..കോളേജില്‍ പോകാന്‍ തയ്യാറായി പോര്‍ച്ചില്‍ എത്തിയതും ആ ജന്തുവിന്റെ ശൌര്യം വര്‍ദ്ധിച്ചു.. വീടിനുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത വിധം എന്‍റെ നേരെ കുരച്ച് മുന്നോട്ട്..പിന്നില്‍ നിന്നും അമ്മ പറഞ്ഞു..
          
               "മോനെ..വേണ്ടാ..പേയിളകിയതാ..ആയിനടുത്ത് പോണ്ടാ..."

            കയ്യില്‍ കിട്ടിയ തറ തുടക്കുന്ന ബ്രഷ് എടുത്ത് അതിന്‍റെ വടി ഭാഗം കൊണ്ട് കുരക്കുന്ന ജന്തുവിനെ ഒന്ന്‍ തൊഴിച്ചു..മോങ്ങിക്കൊണ്ട് നായ പോര്‍ച്ചിന് വെളിയിലേക്ക് ഓടി മാറിയ സമയത്ത് വടിയുമായി പുറത്തേക്കിറങ്ങി..ഹെല്‍മെറ്റ്‌ എടുക്കാന്‍ കാര്‍ പോര്‍ച്ചിലെ ഷെല്‍ഫിനു സമീപം എത്തിയപ്പോള്‍ അവന്‍ വീണ്ടും കുരച്ച് അടുത്തെത്തി..വടി ഓങ്ങിയിട്ടും പിന്മാറാന്‍ കൂട്ടാക്കാതെ കലിയോടെ,കുരച്ച്.ഹെല്‍മെറ്റ്‌ എടുത്തതും വീരന്‍ എന്‍റെ മേലേക്ക് ചാടി വീണു..ഒരു കണക്കിന് ഒഴിഞ്ഞു മാറിയതിനാല്‍ ഒന്നും സംഭവിച്ചില്ല...ഹെല്‍മെറ്റ്‌ താഴെ വീണു..കയ്യില്‍ നിന്നും വടി തെറിച്ച് പോയി,,ഭയത്തോടെ ഞാന്‍ അവിടെ നിന്നും പിന്മാറിയപ്പോള്‍   വീരന്‍ ഹെല്‍മെറ്റ്‌ ആക്രമിക്കാന്‍ തുടങ്ങി..പഴയക്കാലത്തെ അവന്‍റെ ശൗര്യം മുഴുവന്‍ വെളിയില്‍ കാണിച്ച് ഹെല്‍മെറ്റ്‌ കടിച്ച് കുടയുന്നു..

      ഒരു വേള ഞാന്‍ നോക്കിയപ്പോള്‍ ഹെല്‍മെറ്റിനകത്ത് നിന്നും ഒരു പാമ്പ് പുറത്തേക്ക്...പത്തി വിടര്‍ത്തി വീരന് മുന്നില്‍..പിന്നെ പാമ്പും വീരനുമായി ഒരു യുദ്ധം.. മൂര്‍ഖന്‍  കൊത്തിയിട്ടും വീരന്‍ തന്റെ കടി വിട്ടില്ല...പാമ്പിനെ കടിച്ചു മുറിച്ച് കഷ്ണമാക്കി മാറ്റി അവന്‍ എന്റെ നേരെ നോക്കി...എന്നെ രക്ഷിച്ച കടമയോടെ അവന്‍ ഒന്ന് മോങ്ങി കരഞ്ഞു..പിന്നെ വാടി തളര്‍ന്നു വീണു..മരണത്തിനെ തേടി പോകുമ്പോള്‍ ആ കണ്ണുകള്‍ എന്നെ തന്നെ നോക്കി....കണ്ണുകളില്‍ ഉരുണ്ടു കൂടിയ കണ്ണുനീര്‍ തുള്ളികള്‍ തുടച്ചു ഞാന്‍ അവനെ നോക്കുമ്പോള്‍ കഴിഞ്ഞ ഒരു രാത്രി മുഴുവന്‍ എന്നെ രക്ഷിക്കാന്‍ ശ്രമിച്ച ആ വീരനെ ഞാന്‍ തിരിച്ച് സ്നേഹിക്കാന്‍ തുടങ്ങുകയായിരുന്നു...അപ്പോഴേക്കും അവസാനത്തെ ചലനവും അവനില്‍ നിന്നും വിട്ടകലുന്ന പോലെ...എങ്കിലും ആ കണ്ണുകള്‍ എന്‍റെ നേരെ മാത്രം നോക്കി..കൂടിനുള്ളില്‍ കിടക്കുന്ന പുതിയ അല്‍സേഷന്‍ നായ ഇതൊന്നുമറിയാതെ സുഖമായ പകലുറക്കത്തില്‍ ലയിച്ച്..ചത്ത് കിടക്കുന്ന പാമ്പിനു നേരെ അവന്‍ അവസാനമായി ഒന്ന്‍ മോങ്ങി കുരച്ചു..പിന്നെ ഒന്ന്‍ പിടഞ്ഞ് മരണത്തിലേക്ക്..

     മനസ്സ് ദുഖം കൊണ്ട് മൂടി പോയ നിമിഷം..പോക്കറ്റില്‍ കിടക്കുന്ന മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്ത്  തുടങ്ങിയപ്പോള്‍ കണ്ണുകള്‍  തുടച്ച്, നിശ്ചലമായി കിടക്കുന്ന വീരനെ നോക്കി .മറുതലക്കല്‍ കൂട്ടുക്കാരന്‍ വിഷ്ണു...

            "ഡാ,,കാഞ്ഞിര വേര്..കിട്ടിട്ടോ..നിന്‍റെ നായയുടെ ചീട്ട് ഇന്നത്തോടെ വെട്ടിക്കോ..."

     മറുപടി പറയാന്‍ കഴിയാതെ ഫോണ്‍ കട്ട് ചെയ്ത് വീണ്ടും വീരനെ നോക്കി..അടര്‍ന്ന് പോയ നീര്‍ തുള്ളികള്‍ തുടച്ച് മനസ്സില്‍ എല്ലാ ദൈവങ്ങള്‍ക്കും കരഞ്ഞുകൊണ്ട്‌ കൊണ്ട് നന്ദി പറഞ്ഞു..അപ്പോഴും ആ കണ്ണുകള്‍ എനിക്ക് നേരെ നീളുന്ന യജമാന സ്നേഹത്തിന്‍റെ മുത്തുകള്‍ പോലെ തിളങ്ങുകയായിരുന്നു............

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..

http://harishkdlr.blogspot.in/

ദൈവത്തിന്‍റെ മക്കള്‍..

 















                            "എന്താ അമ്മേ  ഈ കോളനീന്ന് ഞാന്‍ ഒരാള്  മാത്രം സര്ക്കാര് സ്കൂളില്‍  പഠിക്കണത്??എന്റെ ക്ലാസ്സില്‍ ഞാനും എന്റെ ടീച്ചറും മാത്രള്ളൂ...."

            മകളുടെ ചോദ്യത്തിനു ഒരു തുള്ളി കണ്ണുനീര്‍ മാത്രമായിരുന്നു അവരുടെ ഉത്തരം..അവളുടെ അച്ചന്‍ ഉണ്ടായിരുനെങ്കില്‍ ഒരു പക്ഷെ അവള്‍ക്കും നല്ല സ്കൂളില്‍ പോകാമായിരുന്നില്ലേ?? അവര്‍ ആ ചോദ്യം മനസ്സാക്ഷിയോട് ചോദിച്ചു...തീക്ഷണമായ ജീവിതം തന്‍റെ മുന്നില്‍ തന്ന് ഏതോ അഞ്ജാത വാഹനത്തിന്റെ  രാത്രി പാച്ചിലിന്‍റെ  ഇരയായി മാറി, വിട്ടു പോയ ആ സ്നേഹം, ജാതിയും മതവും മറന്ന്‍ അവരെ കൈ പിടിക്കുമ്പോള്‍ പറഞ്ഞ ഒരു വാക്ക് "

                          എനിക്ക് ജീവനുള്ള കാലം വരെ നിന്നെ ഞാന്‍ പോന്നു പോലെ നോക്കും.."

           വാക്ക് സത്യമായിരുന്നു,..അത്രയ്ക്കും സ്നേഹം..പ്രണയം, ലാളന...അയാള്‍ നല്‍കി...അവര്‍ക്കിടയില്‍ മതം, ജാതി എന്ന മതിലുകള്‍ വളര്‍ന്നില്ല..പകരം സ്നേഹം മാത്രം..അതായിരിക്കും അവര്‍ ഇരുവരെയും ബന്ധു വലയങ്ങളില്‍ നിന്നും അകറ്റി മാറ്റിയത്..ഒറ്റപ്പെടുത്തിയത്. ഒടുവില്‍ വിധി വീണ്ടും അവരുടെ ജീവിതത്തില്‍ അകാല വൈധവ്യം നല്‍കിയപ്പോള്‍ അവര്‍ പിന്നെ ജീവിച്ചതും, ഇപ്പോള്‍ കൊടുങ്ങല്ലൂരിലെ ഒരു  തുണി കടയിലെ സെയില്‍സ് ഗേളായി ജോലി ചെയ്യുന്നതും  മകള്‍ക്ക് വേണ്ടി..

           വൈധവ്യം ഒരു ഭീകരമായ അവസ്ഥയാണ്‌..അതും അതി സുന്ദരമായ ഒരു ശരീരം ഉണ്ടെങ്കില്‍...പല വട്ടം അവര്‍ തിരിച്ചറിഞ്ഞ ഒരു സനാതന സത്യം...ജോലിയ്ക്ക് പോകുമ്പോഴും, കടയിലും, ആ സത്യം അവരെ വേട്ടയാടി കൊണ്ടിരുന്നു...കടയുടമ പോലും കറുത്ത കണ്ണട മുഖത്ത് വെച്ച് ആഴത്തില്‍ നോക്കിയത് അവരുടെ ദേഹത്തെ ആയിരുന്നു..ഉടുക്കുന്ന വസ്ത്രം ഒന്ന് കാറ്റില്‍ പറന്നാല്‍ പിന്തുടരുന്ന കണ്ണുകള്‍..ആര്‍ത്തി നിറഞ്ഞ നോട്ടങ്ങള്‍..വഴിയരികിലെ ചില കമന്‍റുകള്‍...ദേഹം ഒരു ദുരിതമായി തീര്‍ന്ന അവസ്ഥ...വേദന നല്‍കുന്ന അവസ്ഥ..സ്വകാര്യത പോലും ക്യാമറ കണ്ണുകളാല്‍ വേട്ടയാടപ്പെടുന്നു..സ്ഥിരം വൃത്തി കേട്ടൊരു  നോട്ടവും, ഒരു രാത്രിയിലെ ആവശ്യവും ഉന്നയിച്ച സമൂഹത്തിന് അധിക ഭാരമായി നടക്കുന്ന  ഒരുത്തനെതിരെ പരാതിയുമായി നിയമ പാലകരെ തേടി ചെന്നപ്പോള്‍ അവിടെയും തുറിച്ചു നോട്ടം..ദഹിപ്പിക്കുന്ന നോട്ടം..ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയതിന്‍റെ, വിധവ ആയതിന്‍റെ, ഒരു നല്ല ശരീരത്തിന്‍റെ ഉടമയയതിന്റെ ദൂക്ഷ്യഫലങ്ങള്‍...ദുരിതങ്ങള്‍, വേദനകള്‍..

             "വേട്ടക്കാര്‍ക്ക് അറിയാം ഇര തനിച്ചാണെന്ന്. അവര്‍ സദാചാര മതിലുകള്‍ തീര്‍ത്ത് ഇരയെ വേട്ടയാടുന്നു..ഇര കെണിയില്‍ അകപ്പെടുന്ന വരെ തുടരുന്ന വേട്ട.."

        അവര്‍ അതിസുന്ദരിയാണ്..അവരുടെ മകളും..ഇരുവരും അരക്ഷിതമായ ഒരു ഒറ്റ മുറി വീടിനുള്ളില്‍..ഇരുളുമ്പോള്‍ മുറിക്കുള്ളില്‍ ഭീതി വളരുന്ന കൊച്ചു വീട്..ഏത് നായാട്ട്ക്കാരനും ക്ഷണിക നേരം കൊണ്ട് അതിക്രമിച്ച് കയറാന്‍ കഴിയുന്ന കൊച്ചു വീട്.. പാതിരാവില്‍ പകല്‍ മാന്യന്മാര്‍ ആ വീടിന്‍റെ വാതിലില്‍ മുട്ടി..അസഭ്യം വിളിച്ചു, അകത്ത് കയറിയവനെ ഇറക്കി വിടാന്‍ ഭീഷണി മുഴക്കി...അവരുടെ ആവശ്യം പകല്‍ അവരെ കൊതിപ്പിക്കുന്ന, മോഹിപ്പിക്കുന്ന, ആ ശരീരം മാത്രം.പ്രതികരിക്കാന്‍ കഴിയാതെ ,ഭീതിയോടെ അവരും,മകളും...ചിലപ്പോള്‍,  മനസ്സ് തകര്‍ക്കുന്ന അനുഭവങ്ങള്‍.ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നുന്ന നിമിഷങ്ങള്‍...ഒരിക്കല്‍ വൈകീട്ട് തിരക്കാര്‍ന്ന ബസ്സില്‍ തന്‍റെ സ്വകാര്യതയിലേക്ക് നീണ്ട കൈ വിരലുകള്‍ തട്ടി മാറ്റി തിരിഞ്ഞു നോക്കിയപ്പോള്‍ മനസ്സ് തകര്‍ന്നു..ബാല്യത്തിന്‍റെ ചാപല്യം തീരാത്ത ഒരു പതിനാലുക്കാരന്‍..അവന്‍റെ അമ്മയാകാനുള്ള പ്രായം...."

        എപ്പോഴോ അവര്‍ അവരുടെ ശരീരത്തെ വെറുക്കാന്‍ തുടങ്ങി..വികൃതമായ ഒരു മുഖം, ശരീരം അവര്‍ കൊതിച്ചു..തന്നെ തേടി വരുന്ന കാമകീടങ്ങളെ അകറ്റാന്‍ വൈകൃതം .അതിലും ഭയാനകമായി അവര്‍ കണ്ടത് മകളുടെ വളര്‍ച്ച..അവളുടെ ദേഹത്ത് കാലം വാരിയെറിയുന്ന  മാറ്റങ്ങള്‍..ആ കൊച്ചു കുഞ്ഞും വളര്‍ച്ചയില്‍,  അവരെ പോലെ , അവരെക്കാള്‍ സുന്ദരിയായി കാലം അവളെ അണിയിച്ചൊരുക്കുന്ന കാഴ്ചകള്‍ ... അതവരെ  വേദനിപ്പിച്ചു..പിന്നെ പിടയുന്ന മനസ്സില്‍ ഭീതിയുടെ ചിത്രങ്ങളൊരുക്കി....അതിന് മേമ്പോടിയായി ചില പത്ര വാര്‍ത്തകള്‍..പിന്നെ സാക്ഷ്യം പോലെ ചില അനുഭവങ്ങള്‍...ഇടയ്ക്ക് അവളുമായി പുറത്ത് പോകുമ്പോള്‍ തന്റെ നേരെ നീളുന്ന അതെ തുറിച്ചു നോട്ടം അവളിലേക്കും.ഇടയ്ക്ക് അവള്‍ സ്കൂളില്‍ നിന്നും വരുമ്പോള്‍ പറയുന്ന പരാതികള്‍..ചില കടന്ന്‍ കയറ്റങ്ങള്‍ ..പരാതി പറയാന്‍ ദൈവം മാത്രം..നിസ്സഹായനായി ചുമരിലെ ചിത്രത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ദൈവം..കാലം മുന്നോട്ട് പോകുമ്പോള്‍ അവരില്‍ സ്ത്രീ സൗന്ദര്യം സൃഷ്ടിക്കുന്ന ആകുലതകള്‍..ഒരു പേടി സ്വപനം പോലെ..

         അന്നും പാതിരാ നേരത്ത് വേട്ടപ്പട്ടികള്‍ വാതിലില്‍ മുട്ടി. വാതില്‍ തുറക്കാതെ വന്നപ്പോള്‍ അസഭ്യങ്ങള്‍..ഭീഷണികള്‍..അവര്‍ ചുമരില്‍ തൂങ്ങുന്ന കലണ്ടറിലെ ദൈവത്തിനെ നോക്കി..ദൈവം അവരെ ഒന്ന് നോക്കാന്‍ പോലും കഴിയാതെ ദൂരെ മിഴി നട്ട്..ഇനിയും ഇങ്ങിനെ ജീവിച്ചാല്‍ താനും മകളും ഒരു പത്ര വാര്‍ത്ത ആയി തീരുമെന്ന് അവര്‍ക്ക് തോന്നി..ഏത് നിമിഷവും തങ്ങളില്‍ ഒരാള്‍ വെട്ടയാടപ്പെടാം ...കടിച്ചു കീറപ്പെടും..മാംസം പങ്കിടാന്‍ ഒരവസരം കാത്തിരിക്കുന്നവരില്‍ നിന്നും ഒരു രക്ഷ...നിയമവും, നീതിയും, പരിരക്ഷയും വിദൂരം..ആക്രമിക്കാന്‍ ഒരുങ്ങുന്ന കാമകീടങ്ങളില്‍ നിന്നും ഒരു രക്ഷ..അത് വേണം..അതൊരു ഉറച്ച തീരുമാനമായി അവരുടെ രാത്രി ചിന്തയില്‍ ഉരി തിരിഞ്ഞു..ആരോരുമില്ലതവര്‍ക്ക് ദൈവം തുണ..ദൈവ സന്നിധിയില്‍ അഭയം..അവിടം സുരക്ഷിതം..

              അടുത്ത ദിവസം അവര്‍ ജോലി കഴിഞ്ഞ് വന്നത് മകള്‍ക്ക് ഏറെ ഇഷ്ടമുള്ള ഐസ്ക്രീമുമായാണ്...കഴിക്കുന്നതിനു മുന്‍പ് അവര്‍ മകളോട് പറഞ്ഞു...

                        "ഇന്ന് നമ്മള്‍ ഒരു യാത്ര പോകുന്നു.."

            ആ കുഞ്ഞു വെള്ളാരം കണ്ണുകള്‍ തിളങ്ങി..

                       "എവിടേക്ക്"

            അവര്‍ വിതുമ്പല്‍ ചുണ്ടില്‍ അമര്‍ത്തി പറഞ്ഞു..

                     "ദൈവത്തിനടുത്തെക്ക്.....നമ്മള്‍ ദൈവത്തിന്‍റെ മക്കളാണ്..."

           അവര്‍  പറഞ്ഞത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാന്‍ ആ കുരുന്നിന് കഴിഞ്ഞു..അവര്‍ പറഞ്ഞതിന്‍റെ അന്തസത്ത ഉള്‍കൊണ്ട് തന്നെ ആഹ്ലാദത്തോടെ അതിരുചിയോടെ,  അവര്‍ ഇരുവരും ഐസ്ക്രീം പങ്കിട്ടു.എല്ലാം അവസാനിച്ച് വെളുത്ത വസ്ത്രം ധരിച്ച് മാലാഖമാരെ പോലെ അവസാനത്തെ ആശ്രയമായ മഹാശക്തി സ്രോതസ്സിന്റെ സന്നിധിയില്‍ അഭയം തേടാന്‍ അമ്മയും, മകളും..
അവസാനത്തെ സ്പൂണ്‍ ഐസ്ക്രീം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ ആ കുട്ടി അവരോടു പറഞ്ഞു..

                    "ദൈവത്തെ കാണുമ്പോള്‍ ഞാന്‍ ഒരു കാര്യം അവശ്യപ്പെടും..

വിതുമ്പലോടെ അവള്‍ അവരുടെ തലയില്‍ മടി ചായ്ച്ച് പറഞ്ഞു..

                    "അടുത്ത ജന്മത്തിലും അമ്മയുടെ മകളായി തന്നെ ജനിക്കണമെന്ന്..അടുത്ത ജന്മത്തിലെങ്കിലും എന്‍റെ അച്ചന് ദീര്‍ഘായുസ്സ് നല്കണേന്നും.."

കരച്ചിലോടെ അവര്‍ മകളെ ചേര്‍ത്ത് പിടിച്ചു..ആ നെറുകയില്‍ ഉമ്മ വെച്ച് അവളുടെ കുഞ്ഞു മുഖത്ത് തല ചായ്ച്ച്.കാത്തിരുന്നു..ദൈവം വിളിക്കുന്നത് കാത്ത്..

            അന്നും പാതിരായ്ക്ക് വേട്ടക്കാര്‍ വന്നു..വാതിലില്‍ മുട്ടി..അസഭ്യം മുഴക്കി..അകത്ത് ഉള്ളവനെ പുറത്ത് വിടാന്‍ ഭീഷണി മുഴക്കി..അവരും മകളും ഒന്നും കേള്‍ക്കാതെ ഉറങ്ങി...ചുമരില്‍ തൂങ്ങുന്ന കലണ്ടറിലെ ദൈവചിത്രം പ്രകാശിച്ചത് പോലെ..അവര്‍ യാത്രയിലായിരുന്നു..സുരക്ഷിതമായ അഭയ കേന്ദ്രം തേടി....

            അടുത്ത ദിവസം പകല്‍ ഏറെ വളര്‍ന്നപ്പോള്‍ ആ വീടിന്‍റെ വാതില്‍ ചവിട്ടി തുറക്കപെട്ടു...രാത്രി മുട്ടി വിളിക്കുന്ന ചില പകല്‍ മാന്യന്മാര്‍ ഉണ്ടായിരുന്നു ആ കൂട്ടത്തില്‍..സദാചാരത്തിന്റെ മുഖം മൂടി ധരിച്ചവര്‍...ഇരുളിന്‍റെ മറവില്‍ ലഹരി നിറയുമ്പോള്‍ വേട്ടക്കാരായി രൂപാന്തരപ്പെടുന്നവര്‍..ആരെല്ലാമോ ദുഃഖം കടിച്ചമര്‍ത്തി  നില്ക്കുമ്പോള്‍ ചിലര്‍ ഒരു ക്യാമറ കണ്ണില്‍ പകര്‍ത്തി എത്രയും വേഗം സോഷ്യല്‍ മീഡിയായില്‍ പതിക്കാന്‍ വെമ്പല്‍ കൊണ്ടു..മറ്റ് ചിലര്‍  നോക്കിയത് സാരി മാറി കിടക്കുന്ന അവരുടെ മാംസളമായ ദേഹത്തിലേക്കും, ഉറുമ്പരിച്ച് തുടങ്ങിയ ആ കുരുന്നിന്റെ കാലുകളിലും .....അനുഭവിക്കാന്‍ കഴിയാതെ പോയ,.പങ്കിടാന്‍ കഴിയാതെ മാംസത്തെ കുറിച്ചുള്ള ദുഖമായിരുന്നു ആ കപട മുഖങ്ങളില്‍..


ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍....

നരലോകം പലനിയമം...പരലോകം..ഒരു നിയമം...

               















        "നമ്മുടെ പ്രിയങ്കരനായ മന്ത്രി ദിവംഗതനായ അതെ ദിവസം തന്നെയാണ് "കള്ളന്‍ കുമാരന്‍" തെങ്ങില്‍ നിന്നും വീണു ചത്തത്."

          മന്ത്രി മരിച്ച ദിവസം മുതല്‍ ഒരാഴ്ച്ച ദുഖാചരണം..ചാനലിലും, പത്രത്തിലും മരിച്ച പ്രമുഖനെ കുറിച്ചുള്ള  പാടി പുകഴ്ത്തലുകള്‍..‍..ഇന്നലെ വരെ അഴിമതി വീരനായിരുന്ന,ജനദ്രോഹിയായിരുന്ന മന്തി ഒരു ദിവസം കൊണ്ട് വീരനായകന്‍, നല്ല നിയമസഭാ സാമാജികന്‍, വികസന ജനനായകന്‍,നല്ല ഹൃദയത്തിന്‍റെ ഉടമ,പ്രതിപക്ഷവും, ഭരണ പക്ഷവും ഒരു പോലെ,വാക്കുകള്‍ ചൊരിഞ്ഞു ഒടുവില്‍ സര്‍വ്വ ബഹുമതിയോടെ വന്‍ ജനാവലി സാക്ഷ്യം വഹിച്ച് പള്ളിയില്‍ വില കൂടിയ കല്ലറയില്‍ അടക്കി.പള്ളി വളപ്പില്‍ നിന്ന പൊലീസ് ആചാരവെടി മുഴക്കി..

        വര്‍ഷങ്ങളോളം ആ മണ്ഡലത്തെ പ്രതിനിധികരിച്ച് ഭരണത്തില്‍ ഇരിക്കെ അഴിമതി നടത്തി "സ്വയം ദൈവത്തിന്റെ കൂടെയെന്ന് വിളിച്ച് പറഞ്ഞ്" ഒരു പാര്‍ട്ടിയെ വളര്‍ത്തിയും,പിളര്‍ത്തിയും,മറുകണ്ടം ചാടിയും, മലക്കം മറിഞ്ഞും, ഒടുവില്‍ ഇനിയൊരു മത്സരത്തിന് ഭാഗ്യമില്ലാതെ അദ്ദേഹം യാത്രയായി ...പുതിയ ലോകത്തേക്ക്..പരലോകം തേടി...പോകുമ്പോള്‍ മന്ത്രിയുടെ ആത്മാവ് താഴെ നോക്കി പൊട്ടി ചിരിച്ചു..എന്നിട്ട്  പറഞ്ഞു..

                    "ഈ മണ്ടന്മാരെ ഇത്രയും പറ്റിക്കാന്‍ സാധിച്ചല്ലോ..പത്തു തലമുറകള്‍ക്ക് തകര്‍ത്ത് ജീവിക്കാന്‍ താന്‍ ഉണ്ടാക്കി വെച്ചത് കണ്ടു പിടിക്കാന്‍ കഴിയാത്ത കഴുതകള്‍..എന്നിട്ടും വീണ്ടും വീണ്ടും എന്നെ ജയിപ്പിച്ചു..മന്ത്രിയാക്കി..എനിക്ക് വേണ്ടി തൊണ്ട പൊട്ടി ഒച്ച വെച്ചവര്‍,പിന്നാലെ നടന്ന്‍ കാല്തേഞ്ഞവര്‍..ജീവിതത്തില്‍ ഒരു തുള്ളി വിയര്‍പ്പ് ഒഴുക്കാതെ,ഒരു പണിയും ചെയ്യാതെ ഇത്രയും കാലം  ഞാന്‍ സുഖമായി ജീവിച്ചു.തലമുറകള്‍ക്ക് സുഖമായി ജീവിക്കാനുള്ള വഴിയൊരുക്കി...ഇനിയും ഞാന്‍ സ്തുതിക്കപ്പെടും..വാഴ്ത്തപ്പെടും..എന്‍റെ ഓര്‍മ്മദിനങ്ങളില്‍..ഒന്നുമറിയാത്ത കഴുതകള്‍ എന്‍റെ അണികള്‍...പൊട്ടന്മാര്‍...വിഡ്ഢികള്‍

.
        കള്ളന്‍ കുമാരന്‍ മരിച്ചത് ഒരു മീന്‍കറിയ്ക്ക് വേണ്ടിയായിരുന്നു...മീന്‍ തേങ്ങ അരച്ച് വെയ്ക്കാനുള്ള ഭാര്യയുടെ പൂതി കള്ളന്‍ കുമാരനെ തെങ്ങില്‍ നിന്നും താഴെ എത്തിച്ചു.."കുമാരനെ കുറിച്ച് ആരും നല്ലത് പറഞ്ഞില്ല.കുമാരന്‍ കള്ളനായിരുന്നു..അമ്പലങ്ങളിലെ, പള്ളികളിലെ നേര്‍ച്ച പെട്ടികളില്‍ നിന്ന്‍  മോഷ്ടിക്കുന്ന കള്ളന്‍...എന്നാല്‍ അഞ്ചു വട്ടം മോഷ്ടിച്ചാല്‍ ആറാം വട്ടം നിയമത്തിനു സ്വമേധയാ കീഴടങ്ങുന്ന ഒരു പാവം കള്ളന്‍..കുമാരന്റെ ഒടിഞ്ഞു തൂങ്ങിയ മൃതദേഹം ഒരു പായയില്‍ പൊതിഞ്ഞുകെട്ടി പൊതു ശ്മശാനം ലക്ഷ്യമാക്കി  കുറേ പാവങ്ങള്‍....കുമാരന്‌ വേണ്ടി ആചാര വെടിഉണ്ടായില്ല...പകരം മൂന്ന് കതിനകള്‍ മുഴങ്ങി..തൊട്ടുതാഴെ ഉള്ള ദേവി ഷേത്രത്തില്‍ നിന്ന്..ആരുടെയോ വക കാര്യാ സാധ്യത്തിനുള്ള  വഴിവാട് വെടി..കുമാരനും യാത്ര തിരിച്ചു...പരലോകം തേടി..കുമാരന്റെ ആത്മാവ് വേദനയോടെയാണ് യാത്ര തിരിച്ചത്.

      തന്‍റെ മകള്‍ക്ക് അടുത്ത സെമസ്റ്റര്‍ ഫീസ്‌..അത് കൊടുക്കാന്‍ സാധിക്കാത്ത വേദന.ഒരു ദിവസം കൂടി ജീവിതം നീട്ടി കിട്ടിയിരുന്നെങ്കില്‍ അയ്യപ്പന്‍ കോവിലിലെ ഭണ്ടാരം മോഷ്ടിച്ച് ഫീസ്‌ അടക്കാന്‍ സാധിക്കുമായിരുന്നു...പക്ഷെ വിധിയും, തെങ്ങും,മീന്‍കറിയും അതിന് വിഘാതമായി.

         പരലോകത്ത് മന്ത്രിയും, കുമാരനും ഒന്നിച്ചാണ് എത്തി ചേര്‍ന്നത്..അവര്‍ ദൈവ സന്നിധിയില്‍.ദൈവം ഇരുവരേയും മാറി മാറി നോക്കി. സ്വര്‍ഗ്ഗവും, നരകവും വിധിക്കുന്നതിന് മുന്പ് ദൈവം എല്ലാവരേയും വിലയിരുത്തും. അതിന്‍റെ മുന്നോടിയായി ആദ്യ ചോദ്യം മന്ത്രിയോട്

       "നിങ്ങള്‍ ഒരു വലിയ കള്ളനും, അഴിമതിക്കാരനും, സ്വജന പക്ഷപതക്കാരനും ആണല്ലേ?"

       "തിരുമേനി...."ഞാന്‍ അങ്ങേക്ക് വേണ്ടി കൂടിയാണ് അഴിമതികള്‍ നടത്തിയത്....പള്ളി പണിതതും, പുതിയ റോഡ്‌ ഉണ്ടാക്കിയതും അങ്ങ് മറക്കരുത്...അതിനിടയില്‍ സ്വന്തം കുടുംബത്തിനു വേണ്ടി കുറച്ച് പണം...

       "നീ ഉണ്ടാക്കിയ പണം എവിടെ..??അതില്‍ നിന്നും നിനയ്ക്ക് ഇവിടേക്ക് വരുമ്പോള്‍ എന്ത് കൊണ്ട് വരാന്‍ സാധിച്ചു??നീ ഉണ്ടാക്കിയ ജീവിത സൗകര്യങ്ങള്‍ എവിടെ??അതില്‍ നിന്നും എന്ത് ഇവിടേക്ക് കൊണ്ട് വന്നു??

       "എനിക്ക് ഒന്നും കൊണ്ട് വരാന്‍ സാധിച്ചില്ല തിരുമേനി..ഞാന്‍ എന്നും അങ്ങയെ പ്രാര്‍ത്ഥിക്കുന്നവന്‍ അല്ലെ??എനിക്ക് സ്വര്‍ഗ്ഗരാജ്യം നല്‍കണം..?"
ഒരവസരം തന്നാല്‍ ഞാന്‍ അങ്ങയെ സേവിച്ച്, അങ്ങയുടെ നാമം വാഴ്ത്തി ഇവിടെ...സ്വര്‍ഗത്തില്‍...

ദൈവം കള്ളന്‍ കുമാരന്‌ നേരെ തിരിഞ്ഞു..

    ''കുമാരാ നീ എന്തിനു മോഷ്ടിച്ചു..??അതും എന്‍റെ നേര്‍ച്ച പെട്ടികളില്‍ നിന്നും??"

പ്രഭോ...ഞാന്‍ മോഷ്ടിച്ചത് എന്റെ നാഥനായ അങ്ങില്‍ നിന്നും മാത്രമാണ്..ഞാന്‍ എന്നും മോഷ്ടിക്കുന്നതിനു മുന്‍പ് അങ്ങയുടെ അനുവാദം വാങ്ങിയിരുന്നു...ഞാന്‍ മോഷ്ടിച്ചത് എന്റെ കുടുംബത്തിന്റെ വിശപ്പ് അകറ്റാന്‍ മാത്രമാണ്..ഞാന്‍ മോഷ്ടിച്ചത്  എന്‍റെ മക്കളുടെ പഠനത്തിനു വേണ്ടിയാണ്..ഓരോ കാര്യസാധ്യവും പറഞ്ഞ് ജനങ്ങള്‍ അങ്ങേക്ക് നല്‍കുന്ന പൈസ അവസാനം എത്തി ചേരുന്നത് അര്‍ഹതയില്ലാത്ത ചില കൈകളില്‍..ഞാന്‍ അതില്ലാതാക്കാന്‍ മോഷ്ടിച്ചു..തെറ്റ് ആണെങ്കില്‍ അങ്ങ് എനിക്ക് നരകം വിധിക്കുക..


      "നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും ആഗ്രഹങ്ങള്‍?"

       "തിരുമേനി എനിക്ക് സ്വര്‍ഗത്തിലെ ഭരണ സമിധിയില്‍ ഒരു ഇടം തരണം..ധനകാര്യ വകുപ്പ് ആയാല്‍ സന്തോഷം.." മന്ത്രി ആത്മാവ് തന്റെ മനം തുറന്നു...

        കള്ളന്‍ കുമാരന്‍ കരയുകയായിരുന്നു..ഒന്നും പറയുവാന്‍ സാധിക്കാതെ..ദൈവം ചോദിച്ചു.. 

       "എന്താ കുമാരന്‍ നിനക്ക് ഒന്നും പറയാനില്ലേ??'"

ദൈവമേ..ഞാന്‍ ഇപ്പോഴും ചിന്തിക്കുന്നത് എന്റെ മകളുടെ സെമസ്റ്റര്‍ ഫീസ്‌...ഒരു ദിവസം കൂടി അങ്ങ് തന്നിരുന്നെങ്കില്‍ ഞാന്‍ അയ്യപ്പന്‍ കോവിലിലെ...നേര്‍ച്ച പെട്ടി  മോഷിച്ച് അത് കൊടുത്തേനെ.."

ദൈവം സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തുറന്നു...അവിടെ കാവല്‍ മാലാഖമാര്‍...ദൈവം മന്ത്രിയെ നോക്കി..പിന്നെ കുമാരനെ നോക്കി..

       "കുമാരന്‍..നിനയ്ക്ക് സ്വര്‍ഗ്ഗരാജ്യം വിധിച്ചിരിക്കുന്നു..പിന്നെ നിന്റെ സങ്കടം.നിന്‍റെ മകള്‍ പഠിക്കും..അതിനു വഴി ഞാന്‍ കാണിച്ചു കൊടുക്കാം..നീ ഭയക്കണ്ട..

    ദൈവം മന്ത്രിയുടെ നേരെ നോക്കി...മന്ത്രി സ്വര്‍ഗ്ഗത്തിന്റെ വാതിലിലൂടെ അതിന്‍റെ സമൃദ്ധി നോക്കി നില്‍കുമ്പോള്‍ വിധി വന്നു...

       "നിനയ്ക്ക് നരകം.."

"ഇതെന്ത് നീതി പ്രഭോ.. ജനസേവകനായ എനിക്ക് നരകം..??ഈ കള്ളനു സ്വര്‍ഗ്ഗം??"

       "അവന്‍ കട്ടത് എന്‍റെ മുതലാണ്‌...സ്വന്തം കാര്യം നടന്ന്‍ കാണാന്‍ വേണ്ടി മാത്രം എനിക്ക്ചിലര്‍ തരുന്ന കൈകൂലിയില്‍ നിന്നും ഒരു പങ്കാണ് മോഷ്ടിച്ചത്.. അവനോടു ക്ഷമിച്ചിരിക്കുന്നു...നീ കട്ടത് അവനെ പോലുള്ള ലക്ഷ കണക്കിന് പാവങ്ങള്‍ അനുഭവിക്കേണ്ട മുതലാണ്‌.പൊതു മുതല്‍ മോഷ്ടിച്ച് നീ നിന്‍റെ നിയമങ്ങള്‍ കൊണ്ട് നിന്നെ സംരക്ഷിച്ചു..നിന്നെ പ്രതിനിധിയക്കിയവരെ വഞ്ചിച്ചു....അവര്‍ ആരും തന്നെ നിന്നോട് ക്ഷമിക്കില്ല..മാത്രമല്ല..നിനയ്ക്കും നിന്റെ പത്ത് തലമുറകള്‍ക്കും നരകമാണ് വിധി..കാരണം ഭൂമിയില്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലാണ്‌ ജീവിക്കുന്നത്.."നരലോകം പല നിയമം..പരലോകം ഒരു നിയമം"

"മന്ത്രിയ്ക്ക് മുന്നില്‍ നരകവാതില്‍ തുറക്കപെട്ടു..അവിടെ അയാള്‍ക്ക് പരിചിതമായ പല മുഖങ്ങള്‍...പല പഴയ കാല അഴിമതിക്കാരായ നേതാക്കള്‍...??

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.....

നീതിദേവതയുടെ കണ്ണില്‍..



         "വഴി വിട്ട ജീവിതം നയിച്ച ആ പെണ്‍കുട്ടി എന്റെ കക്ഷിയെ ആളൊഴിഞ്ഞ കംബാര്‍ട്ട്മെന്റില്‍ വെച്ച് അനാശാസ്യ ബന്ധത്തിന് ക്ഷണിയ്ക്കുകയും ഉഭയകക്ഷി സമ്മതത്തോടെ........ഇതായിരുന്നു അന്ന് സംഭവിച്ചത്..യുവര്‍ ഓണര്‍.."
                    കോടതി പോലും ഞെട്ടി തെറിച്ച വാക്കുകള്‍..ഒരു തരി കരുണ പോലും കാണിക്കാതെ ഒരു പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് മരണത്തോടു മല്ലിടുമ്പോള്‍ കാമാസുഖം കണ്ടെത്തിയ ഒരു കൊടും ക്രൂരനെ അനുകൂലിച്ച് പ്രസിദ്ധനായ ക്രിമിനല്‍ വക്കീല്‍ നടത്തിയ വാദ മുഖങ്ങള്‍...അയാള്‍ പിന്നെയും പ്രതിയുടെ രക്ഷയ്ക്ക് വേണ്ടി കെട്ടുകഥകള്‍ മെനഞ്ഞു...മരിച്ച പെണ്‍കുട്ടിയെ ചുരുങ്ങിയ സമയം കൊണ്ട് കൃത്രിമ തെളിവുകള്‍ നിരത്തി ഒരു മോശം പെണ്‍കുട്ടിയായി ചിത്രീകരിച്ചു...പ്രതി ഒറ്റ കയ്യന്‍ ഒരു സാധുവാണെന്ന് വരുത്താന്‍ ശ്രമിച്ചു..ലക്ഷങ്ങള്‍ മാത്രം പ്രതിഫലം വാങ്ങുന്ന പ്രസിദ്ധനായ വക്കീല്‍...നിരവധി കുറ്റവാളികളെ വാക്കുകള്‍ കൊണ്ട് നിഷ്പ്രയാസം നിരപരാധിയാക്കിയും , നേരെ തിരിച്ചും നിരപരാധികളെ കുറ്റവാളികള്‍ ആക്കി മാറ്റുന്ന  വക്കീല്‍..

                      കോടതിയില്‍ നിന്നും അന്നത്തെ വാദം കഴിഞ്ഞ് വക്കീല്‍ അതിസന്തോഷതോടെ പുറത്തേക്ക് വരുമ്പോള്‍ ആ അമ്മ മുന്നില്‍ വന്നു നിന്നു..ആ കണ്ണില്‍ നിന്നും ഉരുണ്ട് വീണ കണ്ണുനീര്‍ത്തുള്ളികള്‍ ചേര്‍ത്ത് അവര്‍ വേദനയോടെ പറഞ്ഞു...

        "എന്റെ മകള്‍ എത്ര പരിശുദ്ധയായിരുന്നു....മരിച്ചു പോയ അവളെ കുറിച്ച് ഇത്ര അപവാദങ്ങള്‍ ഉണ്ടാക്കിയ നിങ്ങള്‍ക്കും ഇല്ലേ മക്കള്‍??"

                      അയാള്‍ക്ക് ആ വാക്കുകളും, ജനങ്ങളുടെ പ്രതിക്ഷേധവും ഒരു തടസ്സമായില്ല..പണം അത് മാത്രം ലക്‌ഷ്യം..അതിനു വേണ്ടി കറുത്ത കൊട്ട് ധരിച്ച് എന്തും വിളിച്ച് പറയും..."ആടിനെ പട്ടിയാക്കുന്ന വക്കീല്‍"....ജനം മുഴുവന്‍ എതിര് നിന്നിട്ടും പണം മാത്രം ലക്ഷ്യമാക്കി വക്കീല്‍ വക്കാലത്തുകള്‍ ഏറ്റെടുത്തു..നീതി ദേവതയുടെ മുഖം മറച്ച് നിയമപുസ്തക താളിലെ വാക്യങ്ങള്‍ മറന്ന് അയാള്‍ സൃഷ്ടിച്ച ഒരു വ്യവസ്ഥ...കോടതിയില്‍ വീണ കണ്ണീര്‍ മഴയുടെ മറ്റൊരു ഇരയായിരുന്നു ആ പെണ്‍കുട്ടി....

വര്‍ഷങ്ങള്‍ക്ക് ശേഷം....

         "ഒരേ സമയം പല പുരുഷന്മാരുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു യുവര്‍ ഓണര്‍.." അതിന്റെ തെളിവുകള്‍ ഇതാ സമര്‍പ്പിക്കുന്നു.."

                     ഭാര്യയുടെ കണ്ണില്‍ നിന്നും അടര്‍ന്നു വീണ കണ്ണ് നീര്‍ തുള്ളികള്‍ ഭര്‍ത്താവിനു സന്തോഷം പകര്‍ന്നു..അവളെ ഒഴിവാക്കാന്‍ തനിക്ക് ലഭിച്ച അവസരത്തിനേയും, അതിനു വേണ്ടി കള്ള സാക്ഷ്യങ്ങള്‍ തീര്‍ത്ത യുവാവായ വക്കീലിനേയും അയാള്‍ മനസ്സാല്‍ സ്തുതിച്ചു...പിന്നെയും അയാളുടെ വക്കീല്‍ ഭാര്യയെ കോടതി മുറിയില്‍ വെച്ച് വാദമുഖം നിരത്തി പിച്ചി ചീന്തുമ്പോള്‍ അയാള്‍ കോടതി ബെഞ്ചിലെ മുന്‍ നിരയില്‍ ഇരിക്കുന്ന അവളുടെ അച്ചനെ നോക്കി..വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ കോടതിയില്‍ പലരെയും പിച്ചി ചീന്തിയ പഴയ വക്കീല്‍ സിംഹം..ഇന്ന് ഇതാ തല കുനിച്ചിരിക്കുന്നു...കരയുന്നു..ഇടയ്ക്ക് വക്കീല്‍ സിംഹം ഒന്ന് തല ഉയര്‍ത്തി...നീതി ദേവതയെ നോക്കി..കോടതിയുടെ ജനല്‍ പാളിയിലൂടെ അകലെ കാണുന്ന ക്ഷേത്രം നോക്കി..അയാളുടെ അടുത്ത് ഇരിക്കുന്ന കൊച്ചു മക്കളെ നോക്കി..പിന്നെ പ്രതി കൂട്ടില്‍ തകര്‍ന്ന്‍ നില്‍ക്കുന്ന സ്വന്തം മകളെ നോക്കി..അവളെ വാക്കുകള്‍ കൊണ്ട് പിച്ചി ചീന്തുന്ന പുതിയ ചെറുപ്പക്കാരന്‍ വക്കീലിനെ നോക്കി..സംതൃപ്തിയോടെ ഇരിക്കുന്ന മകളുടെ ഭര്‍ത്താവിനെ നോക്കി..ഒടുവില്‍ അയാള്‍ക്ക് തോന്നി...കോടതിയില്‍ മുഴുവന്‍ നീതി കിട്ടാതെ പോയ, തന്റെ കുബുദ്ധിയില്‍ ജീവിതം നഷ്‌ടമായ രൂപങ്ങള്‍...അവര്‍ അയാളെ നോക്കി ആര്‍ത്ത് ചിരിച്ചു...അവര്‍ക്കിടയില്‍ അയാള്‍ കണ്ടു..ഭര്‍ത്താവിനാല്‍ തേജോവധം ചെയ്യപ്പെടുന്ന തന്‍റെ മകളും...തന്‍റെ വാദമുഖങ്ങള്‍ കൊണ്ട് നീതി ക്ട്ടാതെ പോയവര്‍..നീതി ദേവത കണ്ണ്‍ തുറന്ന്‍ നോക്കുന്നു..എല്ലാവരും ചിരിക്കുന്നു....അവര്‍ക്കിടയില്‍ മകള്‍ മാത്രം പൊട്ടി കരയുന്നു..ഇടയ്ക്ക് ഒരു അമ്മയുടെ രോദനം..

                     അയാളുടെ കണ്ണില്‍ ഉരുണ്ട് കൂടിയ കണ്ണ് നീര്‍ തുള്ളികള്‍ക്കൊപ്പം ഒരു അശരീരി ആ വയോ വൃദ്ധന്റെ ചെവിയില്‍ മുഴങ്ങി...

            "മരിച്ചു പോയ എന്‍റെ മകളെ കുറിച്ച് അപവാദങ്ങള്‍ ഉണ്ടാക്കിയ നിങ്ങള്‍ക്കുമില്ലേ മക്കള്‍??

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍,,

കണ്ണാടി.

നാട്ടു കണ്ണാടി....
              പട്ടണത്തിലെ കാര്‍ ഷോറൂമില്‍ നിന്നും പുതിയ കാറുമായി പുറത്തിറങ്ങുമ്പോള്‍ ഗേറ്റില്‍ കാവല്‍ നിന്ന സെക്യൂരിറ്റിയ്ക്ക് അഞ്ഞൂറ് രൂപ ടിപ്പ് നല്‍കിയപ്പോള്‍ ആ പാവത്തിന്റെ കണ്ണുകള്‍ അത്ഭുതം കൊണ്ട് വിടര്‍ന്നു..പിന്നെ കെ.എഫ്.സിയുടെ മുന്നിലെ സെക്യൂരിറ്റിയ്ക്കും സുരേന്ദ്രന്‍ വക രണ്ടു നൂറു രൂപ നോട്ടുകള്‍..അവിടെ നിന്നും കാറുമായി നഗരത്തിരക്കില്‍ വണ്ടിയുമായി സിഗ്നല്‍ കാത്ത് കിടയ്ക്കുമ്പോള്‍ കണ്ട ഭിക്ഷക്കാരനും ഒരമ്പത് രൂപ..കാറുമായി പുതിയ ഇരു നില വീടിനുള്ളിലേക്ക് കയറുമ്പോള്‍ ആവലതിക്കാര്‍..മകളുടെ പഠിപ്പ്, കല്യാണം, പുരമേയല്‍, അമ്പലത്തില്‍ വിളക്ക്..എല്ലാത്തിനും വാരി കോരി നല്‍കാന്‍ ചാത്തുണ്ണി മകന്‍ ഗള്‍ഫ്ക്കാരന്‍ സുരേന്ദ്രന്‍...
                              ഓന്‍ സുരേന്ദ്രന്‍ ബല്യേ ജോലിക്കാരനാ..പെര്‍ശ്യേല് ഓന് എന്താ കാശും,                                 പത്രാസും..ഓനെ കാത്ത് അറബികള് വരി വരിയായി നില്‍ക്കും..."
                              ഞ്ഞി..ഭാഗ്യം ചിയ്തോള ലീലേ..
സുരേന്ത്രന്റെ അമ്മ ലീലയ്ക്ക് അത് കേള്‍ക്കുബോള്‍ സന്തോഷം കൊണ്ട് ഇരിക്ക പൊരുതി മുട്ടും..എന്തായാലും വളരെ ചുരുങ്ങിയ സമയം കൊണ്ട് വെറും ഒരു മെക്കാനിക്കില്‍ നിന്നും അയാള്‍ വലിയ പണക്കാരനായി മാറിയ കാഴ്ച എല്ലാ ഗ്രാമങ്ങളിലും കണ്ടു വരുന്ന അതെ ഗള്‍ഫ് മന്ത്രജാലതിന്റെ പിന്തുടര്‍ച്ച ആയിരുന്നു....ജീവിതത്തിന്റെ കണ്ണാടിയില്‍ കുറച്ച് വര്ഷം മുന്‍പ് സുരേന്ദ്രന്‍ കണ്ട ഓയിലും, കരിയും പുരണ്ട കാഴ്ചയില്‍ നിന്നും മാറി അഴുക്കും, ചുളിവും വീഴാത്ത കുപ്പായത്തിലെക്ക് പ്രതിഫലിച്ചത് കണ്ണടച്ച് തുറക്കും മുന്‍പേ..വെട്ടിയൊതുക്കിയ മുടി,ഷേവ് ചെയ്ത മുഖം, നല്ല സ്പ്രേ മണക്കുന്ന ശരീരം...സുന്ദരനായ സുരേന്ദ്രന്‍..
അതായിരുന്നു നാട്ടുകണ്ണാടിയിലെ കാഴ്ചകള്‍...
പ്രവാസ കണ്ണാടി..
                               "ഹേയ്..സുരെതരന്‍...ഹരാമി മലബാറി..വെന്‍ ഇന്ത" (ഹേയ് സുരേന്ദ്രന്‍...നീ എവിടെയാ"..)
                    വര്‍ക്ക്ഷോപ്പ്‌ രാംബിലെ കാറിനടിയില്‍ നിന്നും ഒരു രൂപം പുറത്തേക്ക്..കറി പിടിച്ച മുഖം, നരച്ച താടി, ഓയിലും, കരിയും പുരണ്ട പാന്റ്സും, ഷര്‍ട്ടും..കരി ഓയിലിന്റെ ഗന്ധം നിറഞ്ഞ ദേഹം..
                   "സിയാറ ശുഖല്‍ കലാസ് ??(കാറിന്റെ പണി തീരന്നോ?
അറബി ചോദിച്ചപ്പോള്‍ ഭവ്യതയോടെ സുരേന്ദ്രന്‍...
                   "കലാസ് അറബാബ് (കഴിഞ്ഞു അറബാബ്)
അറബി സുരേന്ദ്രനെ ഒന്ന്‍ നോക്കി അവജ്ഞയോടെ...
                   "മാഫി സഫായി. ഹുമാര്‍ ..മജ്നുന്‍ രേക്കം വാഹത്ത്...(വൃത്തിയില്ലാത്ത മൃഗം...ഒന്നാന്തരം പ്രാന്തന്‍..)
മറുപടിയായി സുരേന്ദ്രന്‍ ഒന്ന് ചിരിച്ചു..അറബി പേഴ്സ് തുറക്കും വരെ നീണ്ട ഒരു ചിരി..
                     "കേം     ഫുലൂസ്..??" (എത്രയായി ??)
                               സുരേന്ദ്രന്‍ തുക പറഞ്ഞു..അറബി നോട്ടുകള്‍ നീട്ടി...അത് വാങ്ങി സുരേന്ദ്രന്‍ വീണ്ടും തല ചൊറിഞ്ഞു..അത് മനസ്സിലായപ്പോള്‍ മുഴുത്ത ഒരു ചീത്ത വിളിച്ച് വീണ്ടും അറബി സുരേന്ദ്രന് നേരെ നോട്ടുകള്‍ നീട്ടി..സുരേന്ദ്രന്‍ അതും വാങ്ങി..എല്ലാം പോക്കറ്റില്‍ തിരുകുമ്പോള്‍ നാട്ടിലെ വീടിനു മുന്നില്‍ തന്നെ കാത്ത് നില്‍കുന്നവരെ ഒന്ന്‍ സ്മരിച്ചു..
അയാള്‍ക്ക് പുറകെ മറ്റൊരു അറബി അവിടേക്ക് കയറി വന്നു..
അയാളും കാറിന്റെ താക്കോല്‍ സുരേന്ദ്രന് നേരെ നീട്ടി...
                    " സിയാര ഫുള്‍ സര്‍വ്വിസ്..."
സുരേന്ദ്രന്‍ വീണ്ടും അഴുക്ക നിറഞ്ഞ രംബിനടിയിലെക്ക് 
അതായിരുന്നു പ്രവാസ കണ്ണാടി കാഴ്ചകള്‍..

ഞാന്‍ ദേ.പാ..17"




         "ഞാന്‍ എന്‍.എച്ച്.പതിനേഴ്‌".ഇടപ്പള്ളിയില്‍ തുടങ്ങി പല്‍വേല്‍ വരെ 1296 കിലോമീറ്റര്‍ നീളത്തില്‍ കേരള തീരത്തിനും, കൊങ്കണ്‍ തീരത്തിനും സമാന്തരമായി കിടക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഏഴാമത്തെ ദേശീയ പാത..ഞാന്‍ കടന്നു പോകുന്ന കേരളം, കര്‍ണാടക,ഗോവ,മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ എനിക്കുള്ള സ്ഥാനം വിവരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്..ഒരു പാട് പ്രസിദ്ധമായ സ്ഥലങ്ങള്‍, കുറേ നദികള്‍, കടന്ന്‍ ഞാന്‍ ഈ യാത്ര തുടങ്ങിയിട്ട് ദശാബ്ദങ്ങള്‍ ഏറെയായി..എന്‍റെ പേര് മാറ്റി എന്‍.എച്ച്. 66 എന്നാക്കി..പക്ഷെ ഇന്നും ചിലയിടത്ത് ഞാന്‍ എന്ന് പിറന്നുവോ അന്നുള്ള അതെ ബാലാരിഷ്ടതകള്‍...നമുക്ക് കേരളത്തില്‍ നിന്നും തന്നെ തുടങ്ങാം..ഒരു യാത്ര ആയാലോ...നിങ്ങള്‍ എന്റെ നെഞ്ചിലൂടെ ഒരു വാഹനത്തില്‍..തുടക്കം ഇടപ്പള്ളിയില്‍ നിന്നും തന്നെ ആകട്ടെ...

          ഈ അടുത്ത കാലത്താണ് ഇടപ്പള്ളിയില്‍ എനിക്ക് ശാപമോക്ഷം കിട്ടിയത്..അതിനു കാരണം വരാപുഴ പാലം തന്നെ...കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ നിങ്ങള്‍ ഇടപ്പള്ളിയില്‍ നിന്നും തിങ്ങി ഞെരുങ്ങിയ ഒരു വഴിയിലൂടെ റെയില്‍വേ ഗെറ്റ് തുറന്നു കിട്ടും വരെ കാത്ത് നിന്ന് പൊട്ടി പൊളിഞ്ഞ എന്‍റെ മാറിലൂടെ ചേരാനെല്ലൂര്‍ എത്തുമ്പോള്‍ പുഴ പെരിയാറിന്റെ കൈവഴിയായി നിങ്ങളെ സ്വാഗതം ചെയ്യും...അവിടെ യാത്ര അവസാനിക്കും..പിന്നെ ജംഗാര്‍ കാത്ത് നില്‍ക്കണം..ഇന്ന് പാലം വന്നതോടെ നിങ്ങള്‍ക്ക് ഇടപ്പള്ളിയില്‍ നിന്നും പത്ത് മിനുട്ടില്‍ വരാപ്പുഴ എത്താം...പിന്നെ അവിടെ നിന്ന് എന്‍റെ യാത്ര...എന്‍റെ ഏറ്റവും ബാല്യമായ അവസ്ഥയിലൂടെ..തിങ്ങിനിറഞ്ഞ, വളഞ്ഞു പുളഞ്ഞ റോഡിലൂടെ പറവൂര്‍ നഗരത്തിന്‍റെ തിരക്കിലൂടെ, മൂത്തകുന്നം വരെ ഏറ്റവും ദുരിതം നിറഞ്ഞ ഒരു യാത്ര..നിങ്ങള്‍ക്ക് കാണാം നാലു വരി പാത പണിയാന്‍ സ്ഥലം ഏറ്റെടുത്ത് കാടു പിടിച്ച് കിടക്കുന്നത്...ഈ കാഴ്ച തുടങ്ങിയിട്ട് വര്‍ഷം കുറേ ആയി..ഒരു മണിക്കൂര്‍ കൊണ്ട് വെറും ഇരുപത്തി നാല് കിലോമീറ്റര്‍ നിങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിച്ചാല്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍..


         മൂത്തകുന്നം മുതല്‍ പിന്നെ ഒന്ന് ശ്വാസം വിടാം..രണ്ട്‌ പാലങ്ങള്‍, കൊടുങ്ങല്ലൂര്‍ നഗരം ഒഴിവാക്കി പുതിയ ബൈപാസ്..നാലുവരിപ്പാത..എങ്കിലും അപകടം ഒളിച്ചിരിക്കുന്നു..അതിന്‍റെ പ്രധാന കാരണം എന്‍റെ വരാപ്പുഴ മുതല്‍ മൂത്തകുന്നം വരെ ഉള്ള ഇടുങ്ങിയ പാത തന്നെ..പെട്ടന്ന് മുന്നില്‍ നല്ല നാലു വരി പാത കാണുമ്പോള്‍ വേഗത കൂടും..കൊടുങ്ങല്ലൂര്‍ നിന്നും ചേറ്റുവ വരെ എന്‍റെ അവസ്ഥ തമ്മില്‍ ഭേദം..എങ്കിലും ഇനിയും നിവര്‍ത്താന്‍ കഴിയാത്ത മൂന്ന്‍ വളവുകള്‍..ആല,എസ്.എന്‍.പുരം, പാലപെട്ടി..വളര്‍ന്നു വരുന്ന പട്ടണങ്ങള്‍ താണ്ടി ചേറ്റുവ പാലം കടന്ന്‍ ചാവക്കാട് വരെ വീണ്ടും ദുരിതം..ചാവക്കാട് നിന്ന്‍ വെട്ടി തിരിഞ്ഞ് വീണ്ടും തീരദേശത്തിലൂടെ മലപ്പുറം ജില്ലയിലേക്ക്..

         എന്തോ ചാവക്കാട് നിന്നും പുതുപൊന്നാനി വരെ വീണ്ടും നല്ല പാത..എന്നാല്‍ എല്ലാ പ്രതീക്ഷയും തകരുന്ന പൊന്നാനി ചമ്രവട്ടം...ഇവിടെ എത്തുമ്പോള്‍ ഞാന്‍ വെറും ഭൂപടത്തില്‍ ഒതുങ്ങി തീരുന്നു..താത്കാലികമായി ഒരു അര്‍ദ്ധവിരാമം..കാലം ഒത്തിരി കഴിഞ്ഞിട്ടും, പലരും മാറി മാറി ഭരിച്ചിട്ടും, എന്‍റെ വികസനത്തിനുള്ള പങ്ക് വീതം വെച്ച് പോക്കറ്റില്‍ തിരുകിയിട്ടും ഒന്നും സംഭവിക്കാത്ത ഒരു ദുരവസ്ഥ...സ്ഥലം ഉണ്ടായിട്ടും വര്‍ഷങ്ങള്‍ക്ക് മുമ്പ് പണി തീര്‍ക്കാന്‍ സാധിക്കുമായിരുന്ന 13 കിലോമീറ്റര്‍ പാത ഇവിടെ സാങ്കല്പികം മാത്രം...
           നിങ്ങള്‍ ചമ്രവട്ടം വഴിയോ, എടപ്പാള്‍ വഴിയോ എങ്ങിനെയെങ്കിലും കുറ്റിപ്പുറം പാലത്തിനു സമീപം എത്തുക..അവിടെ കാണാം ജരാനര ഭവിച്ച റോഡിന്റെ അവസാനമെന്നെ പോലെ ഏറ്റെടുത്ത സ്ഥലങ്ങള്‍..അവിടെ നിന്നും അന്ന് പറിച്ച് എറിയപെട്ട ജീവിതങ്ങളുടെ കണ്ണീര്‍ ചാലുകള്‍ പോലെ നിളയിലെ നേരത്ത നീര്‍ ചാലുകള്‍..കുറ്റിപ്പുറം മുതല്‍ വീണ്ടും എനിക്ക് ഒരു രാജ്യപതയുടെ സാമാന്യ നിലവാരം കൈ വരുന്നു..എങ്കിലും ചിലയിടങ്ങള്‍...ഇനിയും മാറാതെ..റോഡിന്റെ ഇരു വശവും ഭാവിയില്‍ വരാന്‍ പോകുന്ന ചുങ്ക പാതയ്ക്ക് എതിരെയുള്ള സമരത്തിന്‍റെ മുന്നറിയിപ്പുകള്‍...


           എന്തായാലും യൂണിവേഴ്സിറ്റി കുന്നും കയറി രാമനാട്ടുകരയില്‍ നിന്നും വീണ്ടും തൊണ്ടയാട് ബൈപ്പാസ് വഴി ഒന്ന് കത്തി മിന്നിച്ച് പോകാം..ആ അഹങ്കാരം തീരും..ഒരു ത്രിശങ്കു പോലെ കോഴിക്കോട് ബൈപ്പാസ് അവസാനിച്ച് വീണ്ടും നഗരത്തിന്റെ തിരക്കിലേക്ക്..ആ തിരക്ക് പിന്നിടാന്‍ ചിലപ്പോള്‍ മണിക്കൂറുകള്‍ വേണം..കൊയിലാണ്ടി വരെ ഉന്തിയും തള്ളിയും പോകാം..പിന്നീട് എന്റെ ഏറ്റവും നിലവാരമുള്ള റോഡ്‌ കാണാം..റെയില്‍വേ ലൈയിനിനു സമാന്തരമായി വടകര താണ്ടി അങ്ങ് മയ്യഴി അതിര്‍ത്തി വരെ..ഞാന്‍ നീണ്ടു നിവര്‍ന്നു കിടക്കുന്നു..ആ സൗന്ദര്യം മാഹി എത്തുമ്പോള്‍ അവസാനിക്കും..മദ്യം മണക്കുന്ന ഇടുങ്ങിയ തെരുവുകള്‍ കടന്നു മാഹി പാലം മുറിച്ച് കടന്ന്‍ തലശ്ശേരിയുടെ പഴയ പണ്ടകശാല തെരുവിലേക്ക്..തിക്കും തിരക്കും നിറഞ്ഞ ആ അഞ്ച് കിലോമീറ്റര്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാറ്റി വെക്കുക.

         .പണ്ട് കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ നീളുന്ന ഈ ദേ.പാ..ഒരു ദുരിത പാത തന്നെ ആയിരുന്നു..ഏഴ് റെയില്‍വേ ക്രോസിങ്ങുകള്‍..ഇന്നതെല്ലാം ഓവര്‍ ബ്രിട്ജുകള്‍ ആയി..എന്നാലും എന്റെ ദുരിതം തീരുന്നില്ല..കണ്ണൂര്‍ താഴെ ചൊവ്വ മുതല്‍ എനിക്ക് വീണ്ടും ശനിദശ...തിരക്ക് പിടിച്ച നഗരം..ബഹളങ്ങള്‍..ഇവയെ മറി കടന്ന് മുന്നോട്ട് പോകാന്‍ ഇനിയും മണിക്കൂറുകള്‍ വേണം...ഒരു രാഷ്ടീയ അസ്ഥിരത മതി ആ യാത്ര അവസാനിപ്പിക്കാന്‍..കണ്ണൂര്‍ നിന്നും വീണ്ടും എനിക്ക് നിലവാരം കൈവരുന്നു..തളിപറമ്പ, പയ്യന്നൂര്‍, കാഞ്ഞങ്ങാട്..ഇതെല്ലം മറികടന്നു..വിജനമായ കുന്നും മേടും താണ്ടി കാസര്‍ഗോഡ്‌ എത്താന്‍ തൊണ്ണൂറു മിനുട്ട് അധികം..അത്രയ്ക്കും നല്ല നിലവാരം ആ 100 കിലോമീറ്റര്‍ പാതയില്‍ എനിക്ക് ഉണ്ട്....
          കാസര്‍ഗോഡ്‌ നിന്നും തലപ്പാടി വരെ വീണ്ടും ഞാന്‍ നല്ല പാതയായി മാറുന്നു..കുംബളയും,ഉപ്പളയും കടന്ന്‍ തലപ്പാടി...പിന്നീട് അവിടെ നിന്നും മംഗലാപുരം, ഉടുപ്പി,കുന്താപുര,ബട്കള്‍, താണ്ടി മുംബൈ വരെ..എന്‍റെ ദുഃഖം കേരളത്തില്‍ മാത്രമാണ്..ഒരു സംസ്ഥാനത്തിന്റെ പകുതിയില്‍ കൂടുതല്‍ പ്രദേശത്ത് വ്യാപിച്ച് കിടന്നിട്ടും ഞാന്‍ ഇന്നും ബാലാരിഷ്ടതയില്‍...

         ഇടപ്പള്ളിയില്‍ നിന്നും തലപ്പാടി വരെ നിങ്ങള്‍ക്ക് എന്നെ ആശ്രയിച്ച് എത്തിച്ചേരാന്‍ 10 മണികൂര്‍ സമയം വേണം..മൂന്ന്‍ വലിയ മെട്രോ നഗരങ്ങള്‍, പതിനാല് മുന്‍സിപ്പല്‍ ടൌണുകള്‍, ഒട്ടനവധി നിയോജക മണ്ഡലങ്ങള്‍, ഇതെല്ലാം ഞാന്‍ കടന്നു പോകുന്ന പാതയില്‍ ഉണ്ടായിട്ടും ഇന്നും ഞാന്‍ പണ്ടത്തെ ചങ്കരന്‍...ഓരോ ദിനവും എന്നിലൂടെ ചീറി പായുന്ന വാഹനങ്ങള്‍ കൂടി വരുന്നു...ഓരോ അഞ്ച് വര്‍ഷത്തിലും ഇരട്ടിയാകുന്നു..നിങ്ങള്‍ തിരഞ്ഞെടുത്ത മഹാന്മാര്‍ ഒന്ന് വിചാരിച്ചാല്‍ എന്ന് തീര്‍ക്കാമായിരുന്നു എന്‍റെ വികസനം..ഇടുങ്ങിയ തെരുവില്‍ ഓരോ ദിനവും നഷ്ടപെടുന്ന ജീവനുകള്‍ക്ക് ആര് വില നല്കുന്നു..തിരഞ്ഞെടുത്ത മാന്യന്മാര്‍ എന്‍റെ പേര് പറഞ്ഞു സ്വന്തം പോക്കറ്റില്‍ നിറച്ച തുക മതിയായിരുന്നു എന്റെ ജാതകം തിരുത്താന്‍..മുപ്പത് വര്‍ഷം വിചാരിച്ചിട്ട് സാധിക്കാത്ത കാര്യം ഇനി സാധിക്കുമെന്ന് കണ്ടറിയണം..."എക്സ്പ്രസ് ഹൈവേ, തെക്ക് വടക്ക് അതിവേഗപാത..എന്തെല്ലാം കേട്ടു കഴിഞ്ഞ കാലങ്ങളില്‍....സാധ്യത പഠനം, വിശദമായി പഠിക്കല്‍...ഇതെല്ലാം നിങ്ങള്‍ പാവങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന തന്ത്രങ്ങള്‍ മാത്രം, തിരിച്ചറിയുക....ഇനി ഒരിക്കലും വികസിക്കാന്‍ കഴിയാതെ പോകുന്ന ഹതഭാഗ്യപാതയുടെ വേദന മാത്രം...ഒരിക്കല്‍ നിങ്ങള്‍ക്ക് റോഡിലൂടെ എന്നെ ആശ്രയിച്ച് മംഗലാപുരം വരെ യാത്ര ചെയ്യാന്‍ ഒരു ദിവസം ചിലവാകുന്ന കാലം വിദൂരമല്ല.