2016, ജൂൺ 22, ബുധനാഴ്‌ച

"ഇത്തിപ്പറമ്പിലെ പൊട്ടന്‍.."

                             



                    
                                                       "ചില്ലി തെങ്ങില്‍ കൂട് കെട്ടി കാലങ്ങളായി വസിക്കുന്ന കാക്ക പുലര്‍ച്ച "നേരം വെളുക്കുന്നു" എന്ന് വിളിച്ച് പറഞ്ഞു കരയാന്‍ തുടങ്ങുന്ന സമയത്ത് തന്നെ നാലു ചുറ്റും മതില്‍ കെട്ടുകളാല്‍ ചുറ്റപ്പെട്ട പഴയ സ്രാമ്പി പ്പുര മാളികയില്‍ നിന്നും ആ ശബ്ദം ഉയരാന്‍ തുടങ്ങും.."ഹബ്ബെ..ഹബെ". തൊഴുത്തില്‍ നിന്നും പശുക്കളെ കുളിപ്പിച്ച് വലിയ സ്റ്റീല്‍ ചെരുവത്തില്‍ പാല്‍ കറന്നു വെച്ച്, പുറത്തെ അടുപ്പില്‍ പശുവിനുള്ള വെള്ളം തിളപ്പിക്കാന്‍ തുടങ്ങുന്ന സമയത്തും ആ ശബ്ദം മതില്‍ കെട്ടിനുള്ളില്‍ ഉയര്‍ന്നു കേള്‍ക്കാം.അതിങ്ങനെ ഉച്ചസമയത്തും, രാത്രി ഇരുളുന്നത് വരെയും തുടരും.

                                                      പൊട്ടന്റെ ശബ്ദമാണ്. ആ വീടിന്‍റെ കാവലാള്‍, അല്ലെങ്കില്‍ ആ വീടിനെ ശബ്ദമാനമാക്കുന്നവന്‍, വേലക്കാരന്‍ എന്തെല്ലാം ഭാവങ്ങള്‍, അയാള്‍ക്കൊരു പേരുണ്ടോ?? ആര്‍ക്കുമറിയില്ല.ആരും വിളിച്ച് കേട്ടിട്ടില്ല."ഇത്തി പറമ്പിലെ പൊട്ടന്‍" അതായിരുന്നു എല്ലാവര്‍ക്കും അറിയുന്ന പേര്? ആരെങ്കിലും അയാളെ സ്നേഹിച്ചിരുന്നോ? മാനുഷികമായ ചില പരിഗണനകള്‍ വെച്ച് നീട്ടിയിരുന്നോ?? അതും നിശ്ചയമില്ല.ദേഷ്യം കൂടുമ്പോള്‍ ആ വീട്ടിലുള്ളവര്‍ വിളിച്ച് കൂവിയിരുന്നത് "പൊട്ടന്‍ ക്ണാപ്പാ, വിഡ്ഢി കുശ്മാണ്ടാ, എന്നൊക്കെ തന്നെയായിരുന്നു. രാവിലെ തന്നെ കുളിച്ച്, നല്ലൊരു കുറിയും തൊട്ട് മുണ്ടും, കയ്യില്ലാത്ത നൂറു തുളകള്‍ നിറഞ്ഞ ബനിയനുമിട്ട്, കഴുത്തിലൊരു ചുവന്ന തോര്‍ത്തും ചുറ്റി ആ വീട്ടിലും, കണ്ണെത്താ ദൂരം നീളുന്ന വളപ്പിലും ഓടി നടക്കുന്ന രൂപം. വഴി തെറ്റി വരുന്ന ചില്ല പട്ടികള്‍ക്കും, മാങ്ങ എറിയാന്‍ ഒളിച്ചും പാത്തും വരുന്ന ഞങ്ങള്‍ കുട്ടി സംഘങ്ങള്‍ക്കും  പൊട്ടന്റെ "ഹബെ, ഹബെ " എന്ന ശബ്ദത്തെ ഭയമായിരുന്നു.ആ വളപ്പില്‍ നിന്നും ഒരു മച്ചിങ്ങ പോലും അനുവാദമില്ലാതെ പുറത്ത് കൊണ്ട് പോകാന്‍   പൊട്ടന്റെ റഡാര്‍ കണ്ണുകളെ മറി കടന്ന്‍ സാധിക്കുകയില്ല. അയാള്‍ ആരെയും ദേഹോപദ്രവം ചെയ്തിട്ടില്ല. ആ "ഹബെ "ശബ്ദം മതി   എല്ലാവരിലും ഭയം സൃഷ്ടിക്കാന്‍.

                                                  അയാള്‍ക്ക് ദേഷ്യം വന്നാലും, സങ്കടം വന്നാലും,സന്തോഷം വന്നാലും അകെ വരുന്ന ശബ്ദം "ഹബെ' എന്നായിരുന്നു.ഇത് കൂടാതെ പൊട്ടന്‍റെ വായില്‍ നിന്നും പുറത്ത് വരുന്ന മറ്റൊരു ശബ്ദ ബിന്ദു "ബുപാ" എന്നായിരുന്നു. തറവാട്ടിലെ കാരണവരെ കാണുമ്പോള്‍ മാത്രം പുറത്ത് വരുന്ന ശബ്ദം. കേട്ടറിവ് മാത്രമാണ്, മൂന്ന്‍ വയസ്സുള്ളപ്പോള്‍ മുതല്‍  പൊട്ടനെ ആ വീട്ടില്‍ കണ്ട് തുടങ്ങിയത്. കാരണവര്‍ വേലക്കാരനായി തമിഴ് നാട്ടില്‍ നിന്നും കൊണ്ട് വന്നതാണത്രേ.അതല്ല വെറും അഞ്ചു രൂപക്ക് പൊള്ളാച്ചി ചന്തയില്‍ നിന്നും വാങ്ങിയതാണെന്നും പഴമൊഴിയുണ്ട്. അയാളെ തിരക്കിയോ,ബന്ധുക്കളോ, ബന്ധുക്കളെ തിരക്കി അയാളോ അവിടെ വന്നതില്‍ പിന്നെ പോയിട്ടില്ല. അയാളുടെ ലോകം ആ മതില്‍ കെട്ടും, അതിനോട് ചേര്‍ന്ന്‍ കിടക്കുന്ന വളപ്പും മാത്രം. തൊഴുത്തിനോട് ചേര്‍ന്ന ചെറിയ കുടുസ്സ് മുറിയില്‍ ആ വീടിന്‍റെ കാവലാളായി ജീവിതം. അവിടുത്തെ കുട്ടികളുടെ ബാല്യവും, കൗമാരവും, വിവാഹത്തില്‍ എത്തി ചേര്‍ന്ന യൗവനവും കണ്ടാണ്‌ ആ മൂന്ന്‍ വയസ്സുള്ള പൊട്ടനും വളര്‍ന്നത്.പൊട്ടന്‍ എല്ലാവരെയും ഹൃദയം നിറഞ്ഞു സ്നേഹിച്ചു..അയാള്‍ക്ക് സ്നേഹം തിരിച്ച് കിട്ടിയത് പശുക്കളില്‍ നിന്നും, വളര്‍ത്ത് നായയില്‍ നിന്നും മാത്രമായിരിക്കും..തറവാട്ടിലെ എല്ലാ മനുഷ്യ ജന്മങ്ങളും അയാള്‍ക്ക് നേരെ ഒരകലം മനസ്സിലും, ജീവിതത്തിലും സൂക്ഷിചിരുന്നുവെന്നാണ് കേട്ടു കേള്‍വി..

                                                  ഞങ്ങളുടെ സ്ക്കൂള്‍ കാലയളവിലും പൊട്ടന് നേരെ നീളുന്ന രസകരമായ ചില ഓര്‍മ്മകളുണ്ട്. ആ വീട്ടിലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ സ്ക്കൂളില്‍ കൊണ്ട് വിടാന്‍ പൊട്ടന്‍ വരുന്ന ഒരു വരവ്..രണ്ട്‌ മീറ്റര്‍ മുന്നില്‍ പൊട്ടന്‍ നിവര്‍ന്ന്‍ നടക്കും, അതിന് പിന്നില്‍ പെണ്‍കുട്ടി തന്‍റെ സൈക്കിളില്‍. സൈക്കിള്‍ വേഗത കൂടുന്നതിനനുസരിച്ച് പൊട്ടന്‍ തന്‍റെ നടത്തം ഓട്ടമാക്കി മാറ്റി ആ രണ്ട്‌ മീറ്റര്‍ ദൂരം സ്ക്കൂള്‍ വരെ കൃത്യമായി പാലിക്കും.ഇടക്ക് കുട്ടിയെ നോക്കി വഴിയില്‍ നില്‍ക്കുന്ന സ്കൂള്‍ പൂവാലന്മാരെ അതിനിടയില്‍ രൂക്ഷമായി ഒന്ന്‍ കണ്ണെറിഞ്ഞു വഴിയരികില്‍ നിന്നും പിന്തിരിപ്പിക്കും.ആ സ്കൂള്‍ യാത്ര മാത്രമായിരുന്നു അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദീര്‍ഘ ദൂര യാത്ര.അതിനപ്പുറം ഒരു ലോകം അയാള്‍ കണ്ടിട്ടില്ല.

                                                  രാവിലെ നേരം പുലരും മുന്‍പേ പശു തൊഴുത്തില്‍ നിന്നും തുടങ്ങി, പറമ്പിലും, അടുക്കള പുറത്തും, ഒടുവില്‍ ഇരുളുമ്പോള്‍ തൊഴുത്തില്‍ തന്നെ അവസാനിക്കുന്ന ജീവിതത്തില്‍ ഒഴിവ് ദിനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ "ഇല്ലെന്നായിരിക്കും ഉത്തരം, ഓണം വന്നാലും, പൊങ്കല്‍ വന്നാലും, കല്യാണം വന്നാലും മാറ്റമില്ലാത്ത അതേ ജീവിതം തന്നെ.അതിനു കിട്ടുന്ന വേതനവും കിടക്കാന്‍ ഒരിടവും, മുട്ടില്ലാത്ത ഭക്ഷണവും മാത്രമാണത്രേ.പരാതിയും, പരിദേവനവുമില്ലാതെ തൊഴിലിനോട് കൂറ് പുലര്‍ത്തി, ഒരു കുടുംബത്തിന്‍റെ ദുഖത്തിലും, സുഖത്തിലും കുടുംബാഗങ്ങളെ പോലെ പങ്കാളിയായി എന്നുമൊരു ഒരു കൈ അകലത്തില്‍ അയാള്‍.

                                                 അവിടുത്തെ പെണ്‍കുട്ടിയുടെ കല്യാണത്തിന് ആദ്യമായി വെളുത്ത ഷര്‍ട്ട്‌ ധരിച്ച് പൊട്ടനെ കണ്ടത്. കല്യാണ പെണ്ണായ പെണ്‍കുട്ടി എല്ലാവരുടെയും അനുഗ്രഹം ദക്ഷിണ കൊടുത്ത് വാങ്ങിയപ്പോള്‍ ഒന്നും വാങ്ങാതെ കുറേ അകലത്ത് നിന്നും പൊട്ടന്‍ കണ്ണ്‍ നിറഞ്ഞു കൊണ്ട് കൈകള്‍ ഉയര്‍ത്തി കാണിച്ചു..അത് ആരും തന്നെ കണ്ടതുമില്ല. പെണ്‍കുട്ടി പടിയിറങ്ങി പോകുമ്പോള്‍ ബന്ധുക്കളുടെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ പൊട്ടന്‍ വിഷമം സഹിക്കാന്‍ കഴിയാതെ തൊഴുത്തിന്റെ പിന്നാമ്പുറത്ത് പോയി ചങ്ക് പൊട്ടിയാണ് കരഞ്ഞത്. അതും ആരും മനസ്സിലാക്കിയില്ല..പൊട്ടന്‍ മനസ്സില്‍ ഓരോരുത്തര്‍ക്കും അനുജത്തി, അനിയന്‍, എന്നിങ്ങനെ പല സ്ഥാനങ്ങളും കുറിച്ചെങ്കിലും അവര്‍ക്കെല്ലാം അയാള്‍ പൊട്ടനായിരുന്നു.

                                                 ഇത്തിപ്പറമ്പിലെ കാരണവര്‍ മരിച്ചപ്പോഴും പൊട്ടന്‍ പണി മുടക്കിയില്ല. "ബുപാ'' എന്ന് വിളിച്ച് വാവിട്ട്  കരഞ്ഞു കൊണ്ട് പശുവിനെ കുളിപ്പിച്ചും,തീറ്റ കൊടുത്തും, അയാള്‍. മൃതദേഹം ചിതയിലേക്ക്  എടുത്തപ്പോഴും, ചിത കത്തിയെരിഞ്ഞിട്ടും, സഞ്ചയനവും, പുല വീടലും കഴിഞ്ഞിട്ടും ആ കരച്ചില്‍ അവസാനിച്ചില്ല.കാരണവരുടെ മക്കളും, മരുമക്കളും ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍  കടപ്പുറത്ത് ചെന്നപ്പോള്‍ ,  കടലിലേക്ക് ഇറങ്ങാന്‍ മടിച്ച് നിന്നപ്പോള്‍ , കാലുകള്‍ മാത്രം നനച്ച്  തിരികെ നടക്കുമ്പോള്‍ "ബുപാ"എന്ന് വിളിച്ച് ആര്‍ത്ത്  കരഞ്ഞു കടലില്‍ മുങ്ങി കുളിച്ച് കയറി വന്നു.ആരും തിരിച്ചറിയാത്ത ദുഃഖം. "ബുപാ" എന്ന ശബ്ദം അതോടെ കടല്‍ കരയില്‍ അവസാനിച്ചു.അതിനര്‍ത്ഥവും  ആരും തിരിക്കിയില്ല.

                                              കാലം പല മാറ്റങ്ങളും വരച്ച് വേഗത്തില്‍ മുന്നോട്ട് പോയപ്പോള്‍ സ്രാമ്പിപ്പുര ഒരു കോണ്ക്രീറ്റ് സൌധത്തിന് വഴി മാറി കൊടുത്തു. പുരയോടൊപ്പം ജീവിത ശൈലിയും മാറി വന്നു. ഒഴിഞ്ഞ പറമ്പില്‍ മറ്റ് ചില വീടുകള്‍ ഉയര്‍ന്നു വന്നു.പശുവും, പശു തൊഴുത്തും അന്യാധീനമായി. മുടി നരച്ച് വയസ്സനായ  പൊട്ടന്‍ മതിലിന്റെ മൂലയിലെ കൊച്ചു ഷെഡില്‍,തറവാട്ടിലെ ഇളം താവഴികളുടെ കൂടെ.അവര്‍ നാട് ചുറ്റാന്‍ പോകുമ്പോള്‍ വീട് കാവലിന്.കാലത്തിന്റെ വേഗതയില്‍ അവര്‍ പലതും മറന്നു. കാരണവരെ അടക്കിയ മണ്ണിലെ മുല്ലത്തറയും, വിളക്കും മറന്നു.എല്ലാവരും മറന്നെങ്കിലും പൊട്ടന്‍ മാത്രം മറന്നില്ല..എന്നുമവിടെ മുടങ്ങാതെ തിരി വെച്ചു, മുല്ലക്ക് വെള്ളമൊഴിച്ചു, ഒരിറ്റ് കണ്ണീര്‍ വീഴ്ത്തി മനസ്സില്‍ എന്തോ പ്രാര്‍ത്ഥിച്ചു.ഇതൊന്നും ആരും കണ്ടതായി ഭാവിച്ചില്ല.

                                            ചില ജീവിതങ്ങള്‍ അങ്ങിനെയാണ്..ആര്‍ക്കോ വേണ്ടി ജീവിക്കും, ആര്‍ക്കോ വേണ്ടി കരയും. ഇത്തിപ്പറമ്പിലെ പൊട്ടനും അതെ പോലെ തന്നെ.ആ മതില്‍ കെട്ടിന് പുറത്ത് കൊടുങ്ങല്ലൂര്‍ പട്ടണം വരെ ഒരായുസ്സില്‍ പോയതല്ലാതെ മറ്റൊരിടത്തും അയാള്‍ പോയിട്ടില്ല.കോടികള്‍ വില മതിക്കുന്ന മണ്ണിന്‍റെ കാവലാളായി പണിയെടുത്തിട്ടും അയാള്‍ ഒരു ചില്ലി ശമ്പളമായി വാങ്ങിയതായി കേട്ടറിവില്ല.ആ വീട്ടില്‍ നിന്നും നേരം തെറ്റി കിട്ടുന്ന ഭക്ഷണമല്ലാതെ പുറത്ത് നിന്നും അയാള്‍ എന്തെങ്കിലും കഴിച്ചതായി കണ്ടറിവില്ല.

                                         ഇപ്പോഴും ഇടയ്ക്കിടെ ഒരു നരച്ച ശബ്ദം ആ മതില്‍ കെട്ടിനകത്ത് നിന്നും കേള്‍ക്കാം.. "ഹബെ..ഹബെ.." ഒപ്പം മുടങ്ങാതെ ഒരു അന്തി തിരി കാരണവരുടെ കുഴി മാടത്തിലും കത്തിയെരിയുന്നത് കാണാം. മക്കളും, മരുമക്കളും തിരക്കില്‍ മറന്ന്‍ പോയി തുടങ്ങിയിട്ടും, മരിച്ച ദിവസം ഒരില ചീന്തില്‍ ബലിച്ചോറ് വെച്ച് കൈകള്‍ കൊട്ടിയാട്ടി കാക്കയെ വിളിക്കുന്ന പൊട്ടന്റെ രൂപം. ഒരു പട്ടികയിലും ഉള്‍പ്പെടാതെ , ഒരു കാര്‍ഡിലും പേരില്ലാതെ, ഒന്നും സമ്പാദിക്കാതെ, ജീവിതം ആര്‍ക്കോ വേണ്ടി ജീവിച്ച്, ആയുസ്സ് മുഴുവന്‍ മതില്‍ കെട്ടിനകത്ത് തളച്ചിട്ട ഒരു മനുഷ്യന്‍..

          "ഇത്തിപ്പറമ്പിലെ പൊട്ടന്‍.."















2016, ജൂൺ 16, വ്യാഴാഴ്‌ച

ഉരുകിയൊലിക്കുന്ന ജീവന്‍




                                                       ഇരുട്ട് നിറഞ്ഞ മുറിയിലെ മേശയില്‍ ഒരു മെഴുകുതിരി എടുത്ത് വെക്കുമ്പോള്‍ ജീവനോര്‍ത്തു, ആ തിരി തന്‍റെ ജീവിതമാണെന്ന്. ജനനം മുതല്‍ ഇന്നിപ്പോള്‍ ഇരുട്ട് മുറിയിലെ ദുഖത്തിന്റെ തടവറ വരെ നീളുന്ന ജീവിതം.അയാള്‍ പതുക്കെ ആ തിരിയിലേക്ക് തീപ്പെട്ടി കൊളുത്തി തീനാളം പകര്‍ന്നു. ഒരു ദീപത്തിന്റെ ജ്വലന ജനനം, മുറിയില്‍ മുഴുവന്‍ പ്രകാശം പരത്തുമ്പോള്‍ ജീവന്‍റെ മനസ്സിലും അമ്മ പറഞ്ഞു കേട്ട ചില ഭൂതക്കാല സ്മരണകള്‍ കടന്നു വന്നു..

         "ഇരുട്ട് മുറിയില്‍ കൊണ്ട് വെച്ചാലും അത്രക്കും വെളിച്ചം പരത്തണ കൊച്ചായിരുന്നു ജീവന്‍..ഇത്രക്കും ഓജസ്സും, തേജസ്സുമുള്ള ഒരു കുട്ടി ഈ തറവാട്ടില്‍ പെറന്നിട്ടില്ല''

                                                       അതെ മുറിയില്‍ കത്തിച്ചു വെച്ച മെഴുതിരിയുടെ  ആദ്യ നാളം പോലെ തന്നെയായിരുന്നു ബാല്യവും. സമൃദ്ധിയും, സ്നേഹവും, ലാളനയും. "മൂന്നാം കാലില്‍ പിറന്ന ആണിന് " മൂത്ത സഹോദരിമാരും, അച്ഛനും, അമ്മയും, ബന്ധുക്കളും നല്കിയ അളവില്‍ കവിഞ്ഞ സ്നേഹം,

                                                      ഇടക്ക് കത്തി കൊണ്ടിരുന്ന മെഴുകുതിരി ജനലിലൂടെ കടന്ന്‍ വന്ന ഒരു ചെറു കാറ്റില്‍ കേട്ടു പോകുമെന്ന് തോന്നി.പക്ഷെ കാറ്റിനെ അതി ജീവിച്ച് വീണ്ടുമത് പ്രകാശം വീണ്ടെടുത്തു. ആ കാറ്റ് കെടുത്താന്‍ പോയത് തന്‍റെ ജീവിതം തന്നെയായിരുന്നു. നാലാം വയസ്സില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഘട്ടം വരെയെത്തിയ ഒരപകടം. തൊടിയിലെ ഒഴിഞ്ഞ കുളത്തിന്‍റെ കരയില്‍ ചീമ കൊന്ന പത്തല്‍ കൊണ്ട് ആഫ്രിക്കന്‍ പായല്‍ കുത്തി കളിക്കുമ്പോള്‍ കാല്‍ വഴുതി. നിലയില്ലാത്ത വെള്ളത്തില്‍ കൈകള്‍ മാത്രം ഉയര്‍ത്തി മരണത്തില്‍ നിന്നും രക്ഷപെടാന്‍ വെപ്രാളം കാണിച്ചത് തെങ്ങ് ചെത്താന്‍ വരുന്ന ആള്‍ കണ്ടത് കൊണ്ട് ജീവിതം തിരിച്ചു കിട്ടി..ഒന്ന്‍ കെടാന്‍ പോയി വീണ്ടും പ്രകാശം പരത്താന്‍ തുടങ്ങിയ മെഴുതിരി പോലെ വീണ്ടും തിരികെ കിട്ടിയ ജീവിതം.

                                                    പിന്നെ കുറച്ച് സമയത്തേക്ക് മെഴുതിരി നാളം ഉരുകിയൊലിക്കാതെ നേര്‍ രേഖ പോലെ ജ്വലിച്ച് മുറി മുഴുവന്‍ പ്രകാശം വിതറി.ഇരുള്‍ നിറഞ്ഞ ഓരോ മൂലയിലും പ്രകാശം നിറക്കുന്ന മെഴുതിരി വെട്ടം, അത് തന്‍റെ പഠനക്കാലമാണ്,അറിവ് നേടാനുള്ള വ്യഗ്രത നിറഞ്ഞ പഠനക്കാലം, എല്ലാവരും വിരല്‍ ചൂണ്ടി "ജീവനെ കണ്ട് പഠിക്ക് എന്ന് പറഞ്ഞ പഠനക്കാലം''ആ ജ്വാല തുടരുന്ന സമയത്ത് മെഴുതിരി വെട്ടം ഒന്ന്‍ പൊട്ടി തെറിച്ചു. പിന്നെയും രണ്ട്‌ പൊട്ടി തെറികള്‍, ആദ്യത്തെ നഷ്ടം അച്ഛനായിരുന്നു.വാഹനമോടിക്കുന്ന ഒരാളുടെ അനാസ്ഥ..മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ.അത് വരെ സുഗമമായി മുന്നോട്ട് പോയ ജീവിതമാണ്‌ ഒരു പൊട്ടി തെറി പോലെ വഴി പിഴച്ചത്.അച്ഛനില്ലാത്ത ലോകം.പുറകെ അധികം താമസിയാതെ അമ്മയുമില്ലാത്ത ലോകം.

                                                 ഉരുകി താഴേക്ക് പടരാതെ കത്തിയ മെഴുതിരി നാളം പൊടുന്നനെ താഴേക്ക് പൊട്ടിയൊലി ഒഴിക്കാന്‍ തുടങ്ങി. തീക്ഷ്ണമായ ജീവിതം പോലെ പ്രാരാബ്ധങ്ങളും, പരാധീനതകളും നിറഞ്ഞ ജീവിതം.അച്ഛന്‍ നഷ്ടമായപ്പോള്‍ തോളിലേറ്റി നയിക്കേണ്ട ജീവിതം.ആഗ്രഹിച്ച ജോലി കിട്ടാതെ വന്നപ്പോള്‍ കിട്ടിയ ജോലി സ്വീകരിച്ച് മുന്നോട്ട് പോകുമ്പോഴാണ് , ജീവിതത്തിലേക്ക് ഒരു മുന്നറിയിപ്പും തരാതെ അവള്‍ കടന്ന്‍ വന്നത്, ആ ഓര്‍മ്മ ശരിപ്പെടുത്തും വിധം മെഴുതിരി നാളത്തിന് ചുറ്റും ഒരു ചിത്ര ശലഭം വട്ടമിട്ട് പറക്കാന്‍ തുടങ്ങി..

        "വേണ്ടാ..എന്‍റെ ജീവിതമൊരു മെഴുതിരിയാണ്‌..മറ്റുള്ളവര്‍ക്ക് വേണ്ടി ഉരുകുന്ന തിരി. അതിലേക്ക് കുട്ടി വരരുത്..വെറുതെ ഈയാം പാറ്റയെ എന്‍റെ തീയില്‍ ചിറകറ്റു വീഴരുത്."

                                               ഉരുകിയൊലിക്കുന്ന മെഴുതിരിയുടെ വശങ്ങളെ താല്‍ക്കാലികമായി തടഞ്ഞു നിര്‍ത്തി പിന്നെയൊരു ജ്വലനമായിമായിരുന്നു. രണ്ട്‌ സഹോദരിമാര്‍ക്ക് ജീവിതമുണ്ടാക്കി കൊടുത്തു. എത്ര ശ്രമിച്ചിട്ടും പിന്മാറാന്‍ തയ്യാറാകാതെ തന്‍റെ ജീവ നാളത്തിന് ചുറ്റും വട്ടമിട്ട് പറക്കുന്ന ചിത്ര ശലഭത്തിനെ കൈ നീട്ടി ജീവിതത്തിലേക്ക് ക്ഷണിച്ചു.വീണ്ടും കത്തി പടരാനുള്ള ആവേശം, അത് കെടുത്തും പോലെ മറു വശത്ത് നിന്ന് മെഴുതിരി ഉരുകിയൊലിക്കാന്‍ തുടങ്ങി..

      "എന്ത് ജീവിതമായിത്..ഇങ്ങിനെ ഉരുകിയൊലിക്കുന്ന ജീവിതമായിരുന്നെങ്കില്‍ ഞാന്‍ മറിച്ച് ചിന്തിച്ചേനെ, ഇതിപ്പോള്‍ കടത്തിന് മീതെ കടം വരുത്തി കൊണ്ട് കൂടപിറപ്പുകളുടെ പ്രസവം, വീട് പണി, ഒന്ന്‍ നിര്‍ത്തി കൂടെ പരസേവനം??"

        "ജന്മം കൊണ്ട്അവര്‍ക്ക് പിന്നാലെയാണ് ..പക്ഷെ ജീവിതം കൊണ്ട് അവര്‍ക്ക് മുന്നാലെയാണ് ഞാന്‍ പിറന്നത്."ആ മറുപടിയും അവളുടെ ചിന്തകള്‍ക്ക് മറു മരുന്നായില്ല.

                                         എനിക്ക് വേണ്ടി ദീപ നാളത്തിന് ചുറ്റും പറന്ന ശലഭം എന്‍റെ മാത്രമായി തീര്‍ന്നു കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഭ്രമണപഥം മാറി ചാലിക്കാന്‍ തുടങ്ങിയിരിക്കുന്നു..പിന്നെ പൊട്ടി തെറികള്‍, സത്യം പോലെ മുന്നില്‍ കത്തിയെരിയുന്ന തിരിയും ഇടക്ക് പൊട്ടി തെറിക്കാനും, ദീപ നാളം കുറുകാനും, തുടങ്ങിയിരിക്കുന്നു. ഇടക്കൊരു വണ്ട് മൂളി വന്നു ദീപ നാളം കെടുത്താന്‍ ശ്രമിച്ച് ജനലിലൂടെ വേഗം പുറത്തേക്ക് പോയി. അത് പോലെ തന്നെയായിരുന്നു അവളും പോയത്.

   "ഈ ചൂടില്‍ വെന്തുരുകാന്‍ ഞാനില്ല...എന്‍റെ അമ്മയുടെ അടുത്തേക്ക് പോകുന്നു."

                                           .ചുറ്റും പറന്നു നടന്ന ശലഭവും ഇരുളില്‍ മറഞ്ഞിരിക്കുന്നു.ഒരു വിഷമ ഘട്ടത്തിന്‍റെ ആരംഭം പോലെ പകുതി കത്തിയ മെഴുകുതിരി.കത്തുന്ന ദീപം നേര്‍ രേഖ വെടിഞ്ഞു തിരിയുടെ മെഴുകിലെക്ക് തീനാളങ്ങള്‍ ചുഴറ്റി ഉരുകി എല്ലാം നശിപ്പിക്കാനുള്ള ശ്രമം..തന്‍റെ ജീവിതം പോലെ.ദുരന്തങ്ങള്‍ അങ്ങിനെയാണ്..ഒന്നിന് പുറകെ ഒന്നായി വരും.അവസാനത്തെ നാളം കെടുത്തും വരെ.അത് പോലെ തന്നെയായിരുന്നു മുന്നില്‍ വരാന്‍ കാത്ത് നിന്ന ആ ദുരന്തവും.

    "മദ്യപിക്കാറുണ്ടോ..?"

                                          ഗ്യാസ്ട്രോ സ്പെഷ്യലിസ്റ്റ് ചോദിച്ച ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം പകച്ചു നിന്ന് പോയി. ചെറിയ കാലു വേദന,ക്ഷീണം, പിന്നെ ആരുമില്ലാത്ത ജീവിതത്തിന്‍റെ ആകുലത, അത് കൊണ്ടാണ് ഡോക്റ്ററെ കണ്ടത്.അതിപ്പോള്‍ വലിയ ഒരു വിപത്തായി മാറിയത്‌ പോലെ.ഡോക്ടറുടെ പുറകിലായി കാണുന്ന ചിത്രത്തില്‍ "ലിവര്‍ സിറോസിസ്" അസുഖത്തെ കുറിച്ചുള്ള ചിത്രങ്ങള്‍, വിശദീകരണങ്ങള്‍." മരുന്ന്‍ കഴിക്കാനുള്ള ഉപദേശവും, എല്ലാം ശരിയകുമെന്നുള്ള ഡോക്ടര്‍ നല്‍കിയ ആശ്വാസ വാക്കും, രോഗത്തെ കുറിച്ചുള്ള റിസള്‍ട്ട് വാങ്ങി പോകുമ്പോള്‍ ഡോക്ടര്‍ ചോദിച്ചതിനു ഉത്തരം കൊടുത്തു..

   "മദ്യപിച്ചിട്ടില്ല ഇത് വരെ..ഇനി തുടങ്ങണം.."

                                         മേശയില്‍ കത്തിച്ചു വെച്ചിരിക്കുന്ന മെഴുകു തിരി പക പോലെ കത്തിയുരുകുന്നു.പുറത്ത് നിന്നും പിശറന്‍ കാറ്റ് ദീപ നാളത്തെ കീഴടകാനുള്ള  ശ്രമം. മുന്നില്‍ വെച്ച മദ്യ കുപ്പിയും, ഗ്ലാസ്സും വെള്ളവും. ഏത് നിമിഷവും മെഴുതിരി കെടാം. ഇനിയും കത്തി തീരാന്‍ മെഴുകു ബാക്കിയുണ്ട്.അത് പോലെ  ജീവിതവും തന്‍റെ  നെഞ്ചിലുണ്ട്..പക്ഷെ ആര്‍ക്ക് വേണ്ടി??ജീവന്‍ ചുറ്റും നോക്കി..ചുമരില്‍ കല്യാണ ഫോട്ടോ. അവള്‍ മാത്രമാണ് മനസ്സിലാക്കാതെ ഒരു പുനര്‍ വിചിന്തനത്തിന് തുനിയാതെ ഒരു കൊടുങ്കാറ്റ് പോലെ വന്നു കൊടുങ്കാറ്റ് പോലെ തിരിച്ച് പോയത്.വ്യഥയോടെ അയാള്‍ മേശ വലിപ്പ് തുറന്ന്‍ നോക്കി. കീടനാശിനി കടയില്‍ നിന്നും വാങ്ങിയ പൊടി നിറഞ്ഞ പൊതി.

                                         ഒന്ന്‍ കത്തിയാര്‍ന്ന്‍ കെടാന്‍ പോയ മെഴുകു തിരി വെട്ടത്തിന് ചുറ്റും വീണ്ടും ശലഭം വട്ടമിട്ട് പറക്കാന്‍ തുടങ്ങി. ആ തീനാളം സംരക്ഷിക്കുന്ന പോലെ അതിനോട് ചേര്‍ന്ന്‍. മദ്യ കുപ്പിക്ക് നേരെ ജീവന്‍ കൈ നീട്ടിയതും തീനാളം കെട്ടു പോകുന്നത് പോലെ..ചിത്ര ശലഭത്തിന്റെ ചിറകുകള്‍ കരിഞ്ഞിരിക്കുന്നു..ദീപം രക്ഷിക്കാനുള്ള അവസാന ശ്രമം.ദീപം അണയുമെന്ന അവസാന ഘട്ടത്തില്‍ ഒരു കൈകള്‍ അതിന്‍റെ ചുറ്റും ഒരു സംരക്ഷണ വലയം തീര്‍ത്തു. വീണ്ടും ദീപം പ്രഭ വീണ്ടെടുത്തു മുറിയില്‍ പ്രകാശം പരത്തി. അവിശ്വനീയമായ ഭാവത്തില്‍ ജീവന്‍ നോക്കിയപ്പോള്‍ മെഴുകുതിരിയുടെ ഉരുകിയൊലിച്ച മുകള്‍ ഭാഗം സ്വന്തം കൈ കൊണ്ട്  മെഴുകു അരികില്‍ വെച്ച് പിടിപ്പിച്ച് ഒലിക്കുന്ന ഭാഗം ശരിയാക്കുന്ന സുന്ദരമായ കൈകള്‍. "ആ കൈകളിലെ ഒരു വിരലിലെ മോതിരത്തില്‍  "ജീവന്‍" എന്ന നാമം വെട്ടി തിളങ്ങുന്നു..

                                      മേശവലിപ്പ്‌ അടച്ച് കസേരയില്‍ ചാഞ്ഞിരിക്കുന്ന സമയത്ത് പിന്നില്‍ നിന്നും പ്രണയത്തിന്‍റെ നനുത്ത കൈകള്‍ അയാള്‍ക്ക് നേരെ പൊതിഞ്ഞു.കൊതിച്ചിരിക്കുന്ന തണുത്ത ചുംബനങ്ങള്‍, പിന്നെ പതിവ് പോലെ കാതില്‍ ചെറുതായി കടിച്ച് മന്ത്രിച്ച വാക്കുകള്‍.

     ''അങ്ങിനെ ഉരുകിയൊലിച്ച് പോകാന്‍ ഞാന്‍ സമ്മതിക്കില്ല..ഒരു പാട് പ്രാര്‍ത്ഥിച്ച്, പ്രയത്നിച്ച് കിട്ടിയ ജീവിതാ.എനിക്ക് കഴിയില്ല വിട്ടു പിരിഞ്ഞ് ജീവിക്കാന്‍..ഇനിയൊരിക്കലും..ഒരു നിമിഷം പോലും..

                                   അവളുടെ വാക്കുകള്‍ കേട്ട് ജീവന്‍ മേശയില്‍ ഇരിക്കുന്ന മദ്യത്തിലും, ഡോക്ടറുടെ ഫയലിലും ഒന്ന്‍ നോക്കി.അതിന് മീതെ പരന്ന പ്രതീക്ഷയുടെ ജീവിതമെന്ന മെഴുതിരി വെട്ടം..കാറ്റ് വീശിയിട്ടും, നേരെ കത്തിയ മെഴുകു തിരി വെട്ടം. അവളെ ചേര്‍ത്ത് പിടിച്ച് അയാള്‍ ആ വെളിച്ചത്തെ വീണ്ടും നോക്കി..സന്തോഷം തിരികെ കിട്ടിയത് പോലെ ആ വെട്ടം വീണ്ടും നല്ലത് പോലെ പ്രഭ പരത്താന്‍ തുടങ്ങി..അതിന്‍റെ പ്രതീജ്വാല പോലെ അവരുടെ ജീവിതവും....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..

                                         


















2016, ജൂൺ 14, ചൊവ്വാഴ്ച

എഴുതാന്‍ തുടങ്ങും മുന്‍പേ..







                                            മുകളില്‍ കറങ്ങി കൊണ്ടിരിക്കുന്ന ഫാന്‍ ഇടക്ക് നിലക്കുന്നത് പോലെ  തോന്നി.മുറിയില്‍ ഒരു തരം മടി മൂടി കെട്ടി നില്‍ക്കുന്നു.എത്ര നേരമായി അങ്ങിനെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാതെ പുറത്തേക്ക് നോക്കി കിടക്കുന്നു.രാവിലെ ജനലിലൂടെ ഭാരതപ്പുഴയുടെ മേലെ സ്വര്‍ണ്ണ വര്‍ണ്ണം പൂശിയ സൂര്യനാണ് ചെറിയ ചൂട് നല്‍കി ഉണര്‍ത്തിയത്. ജനലിലൂടെ വണ്ടി ചക്രങ്ങള്‍ താളമിട്ട് പുഴയുടെ മാറിനെ പിളര്‍ന്നു നീങ്ങുന്ന ലോറികള്‍, അതിന് പിന്നാലെ മനുഷ്യര്‍. ഒരു നേര്‍ രേഖ പോലെ മെലിഞ്ഞ പുഴ.ചെറിയ കാറ്റില്‍ ഒരേ പോലെ ഉലയുന്ന ആറ്റ് വഞ്ചി പൂവുകള്‍.എന്നും മനസ്സില്‍ ഒരു കഥാബീജം രൂപപ്പെടുമ്പോള്‍ ഒരാശ്രയം പോലെ എത്തി ചേരാറുള്ളത് ഇവിടെയാണ്. കഴിഞ്ഞ ദിവസം സിബിയുടെ ഫോണ്‍ കോള്‍ വന്നതിനു ശേഷമാണ് മനസ്സ് ഭാരമായി തുടങ്ങിയത്.ചിന്തകളില്‍ ആരോ കയറി ഇരിക്കുന്നു. ഇത്തവണയും വ്യഥയും, ദുഖവും, നഷ്ടവും  തന്നെയാണ് വിഷയം.

                                         ശരിയാണ്.ചിന്തകളുടെ ഭാരം കൂടി കൂടി വരുകയാണ്. പലരും മനസ്സിലേക്ക് കടന്ന്‍ വന്നിരിക്കുന്നു. പൂക്കളെ സ്നേഹിക്കുന്ന ഒരു പട്ടാളക്കാരന്‍, മകള്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു മുക്കുവന്‍, പരുക്കനായ ലോറി ഡ്രൈവര്‍ അങ്ങിനെ പലരും. ഇവരോന്നുമല്ല വേണ്ടത്..മറ്റാരോ.ആരോ എനിക്ക് വേണ്ടി കാത്തിരിക്കുന്നു.ഒരു വേദന പോലെ.കണ്ണടച്ച് പിടിച്ചാല്‍ ഒരു ചെറുപ്പക്കാരന്റെ മുഖം..വിധി തച്ച് തകര്‍ത്ത ജീവിതം..കരച്ചില്‍..

                                        മുറിയുടെ വാതിലില്‍  തട്ടുന്ന ശബ്ദം കേട്ടാണ് വാതില്‍ തുറന്നത്. മുന്നില്‍ ഒരു പ്രഭാതം കഴിഞ്ഞുള്ള  ഉച്ച ചിരിയുമായി ഗസ്റ്റ് ഹൗസിലെ റൂം ബോയി ചെറുക്കന്‍. കയ്യില്‍ ആവി പറക്കുന്ന കട്ടന്‍.

      "സാറെ സിബി സാര്‍ ഫോണ്‍  വിളിച്ചിരുന്നു.."

                                        മൂളലോടെ കട്ടനുമായി വീണ്ടും മുറിയിലേക്ക്.ആള്‍ കണ്ണാടിയില്‍ നോക്കിയപ്പോള്‍ നെറ്റിയില്‍ ഒരു മുഴ.എന്നും മനസ്സിനിണങ്ങിയ രൂപം ചിന്തയില്‍ ഉടലെടുക്കുമ്പോള്‍ ഉണ്ടാകുന്ന അതേ പ്രതിഭാസം. മേശയില്‍ ഇരിക്കുന്ന കടലാസ്സ് കഷ്ണങ്ങളും, പേനയും നോക്കി. തല നിവര്‍ത്തി പിടിക്കാന്‍ കഴിയുന്നില്ല..ഭാരമുള്ള എന്തോ ചിന്തയില്‍ കയറി താഴേക്ക് വലിക്കുന്നു..ചായ മേശയില്‍ വെച്ച് മുഖം കഴുകാന്‍ കയറിയപ്പോള്‍ മുന്നിലെ കൊച്ചു കണ്ണാടിയിലെ പ്രതി രൂപം മാറിയിരിക്കുന്നു. ഒരു പോലീസ്ക്കാരനായ ചെറുപ്പക്കാരന്‍.അയാള്‍ നോക്കി  ചിരിച്ചോ??.പരിചിതമായ ഒരു ചിരി. അതെ പരിചയമുള്ള ആരോ ഒരാള്‍..ഇനി കുറച്ച് ദിവസം അയാളുടെ  കൂടെ നടക്കണം..അയാളുടെ ശീലങ്ങള്‍, ശൈലികള്‍, ഒപ്പം ജീവിതം പകര്‍ത്തിയെടുക്കണം.

                                     നടക്കാനിറങ്ങിയ വഴിയില്‍ കണ്ടവരെല്ലാം വിശേഷം ചോദിച്ചു, പുഞ്ചിരിച്ചു. ആര്‍ക്കും ഒന്നും തിരിച്ച് കൊടുക്കാന്‍ സാധിച്ചില്ല. മനസ്സില്‍ മുഴുവന്‍ ആ ഒരു യുവാവിന്‍റെ സ്വപ്നമാണ്.അതിങ്ങനെ വിടരാന്‍ തുടങ്ങുന്നു. അച്ചനിലേക്കും, അമ്മയിലേക്കും, കാമുകിയിലേക്കും, കുടുംബ ബന്ധങ്ങളിലേക്കും.ഒപ്പം അയാളറിയാതെ അയാളെ തേടി വരുന്ന ദുരന്തത്തിലേക്കും. ചെറിയ ഒറ്റ മുറി കടയുടെ മര ബഞ്ചില്‍ ഇലയില്‍ വിളമ്പിയ രുചിയുള്ള കറികളും, ചോറും വിശപ്പുണ്ടായിട്ടും കഴിക്കാന്‍ സാധിച്ചില്ല. കൈകള്‍ വിറക്കാന്‍ തുടങ്ങുന്നു..മനസ്സ് വിങ്ങാനും.എനിക്ക് മുന്നേ എന്നെ നയിക്കുന്ന ഒരു നിഴല്‍ പോലെ ആ യുവാവ്.

                                      തിരിച്ച് ഗസ്റ്റ് ഹൌസിലേക്ക് എത്തുമ്പോള്‍ വീണ്ടും റിസപ്ഷനിസ്റ്റ് വിളിച്ചു പറഞ്ഞു..

     "സിബി സാര്‍ രണ്ട്‌ വട്ടം വിളിച്ചിരുന്നു..തിരികെ വിളിക്കാന്‍ പറഞ്ഞു.."

                                   ഒന്നും പറയാന്‍ നിന്നില്ല..തിരികെ നടന്നു. തളര്‍ന്ന്‍ വീഴാതിരിക്കാന്‍ പതുക്കെ പിടിച്ചു കയറി. കണ്ണിന്റെ കാഴ്ച മൂടിയത് പോലെ..നെറ്റിയിലെ മുഴക്ക് വലിയ വേദന..ശരീരം തളരും മുന്‍പേ മുറിയിലേക്ക് ഒരു കണക്കിന് കയറി..എന്നും ഇതേ പോലെയുള്ള സമയത്ത് അനുഭവിക്കുന്ന എല്ലാ വേദനകളും. കട്ടിലില്‍ വീണ്ടും മലര്‍ന്നു കിടക്കുമ്പോള്‍ കണ്ണിന് മുന്നില്‍ അയാളുടെ ജീവിതം. അയാളുടെ അച്ഛന്റെ സ്വപ്നം, കാമുകിയുടെ കാത്തിരിപ്പ്, എല്ലാം തകര്‍ന്ന്‍ വീഴുന്ന തെരുവിലെ പകല്‍,പിതാവിന് നേരെ വന്ന കൈകളെ നേരിടുമ്പോള്‍ അയാള്‍ കരുതിയിരുന്നില്ല തകരാന്‍ പോകുന്നത് അയാളുടെ,ഒരു കുടുംബത്തിന്‍റെ കുറേ നാളത്തെ സ്വപ്നം നിറച്ച കണ്ണാടി കൂടാണെന്നു.ഇനിയും വൈകി കൂടാ..കൂടെയുള്ള ആ രൂപത്തിന് മോചനം വേണം..കടലാസ്സിലേക്ക് ഒരു ജന്മം കൊടുക്കണം..

                                   അത്രയും ആയപ്പോള്‍  ചാടി എഴുന്നേറ്റ് മുടിയൊതുക്കി, മുഖം ഒന്ന്‍ കൂടി കഴുകി ഒരു തയ്യാറെടുപ്പ്. മുറിയിലേക്ക് മടിയുടെ കവചം കടന്ന്‍ പുതിയ ഒരു ഊര്‍ജ്ജം കടന്ന്‍ വന്നിരിക്കുന്നു. മേശയുടെ മുന്നിലെ കടലാസ്സ് താളുകള്‍ മടക്കി ഒരു നിമിഷം എന്തോ ധ്യാനിച്ച് ആദ്യ വാചകം എഴുതി വെച്ചു. ആ വാക്ക് തിളങ്ങിയത് പോലെ, ജീവനുള്ളത് പോലെ, ഒരു പക്ഷെ കാലങ്ങള്‍ കടന്നാലും മാഞ്ഞു പോകാത്ത ഒരു നൊമ്പരം പോലെ.

                                        "കിരീടം.."

        സീന്‍ നമ്പര്‍ ഒന്ന്‍.

        പ്രഭാതം.

        വിജയനമായ റോഡിലൂടെ ഒരു പോലീസ് ജീപ്പ്.

        ഒരു ലോങ്ങ് റേഞ്ച് ഷോട്ട്.

        പോലീസ് സ്റെഷന് മുന്നില്‍ നിര്‍ത്തുന്ന ജീപ്പില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ ഒരു യുവാവ്‌ പുറത്തേക്ക് ഇറങ്ങുന്നു.

        സേതുമാധവന്‍:- മുപ്പത് വയസ്സുള്ള സബ്ബ് ഇന്‍സ്പെക്ടര്‍.

        തൊപ്പി ഒന്ന്‍ നേരെയാക്കി സേതുമാധവന്‍ സ്റെഷനിലെക്ക്..

        പാറാവ്‌ നില്‍ക്കുന്നവരുടെ സലൂട്ട്.

        അകത്ത് കയറുമ്പോള്‍ അകത്തിരിക്കുന്ന ഹെഡ്  അച്ചുതന്‍ നായര്‍  പുറത്ത് നിന്നും വരുന്ന സേതുമാധവനെ കണ്ട് തിടുക്കത്തില്‍ തൊപ്പി വെച്ച് സലൂട്ട് ചെയ്യുന്നു.
               

        അയാള്‍ ആദ്യം കാണുന്ന പോലെ സേതുവിനെ നോക്കുന്നു..അഭിമാനം  കലര്‍ന്ന മുഖഭാവം, ഒപ്പം വാല്‍സല്യത്തോടെ           .

                                   എഴുതി തുടങ്ങിയപ്പോള്‍ പ്രഷുബ്ധമായിരുന്ന  മനസ്സ് ശാന്തമാകാന്‍ തുടങ്ങിയത്  പോലെ..കൈകളിലേക്കും, വിരല്‍ തുമ്പിലേക്കും അജ്ഞാതമായ ഒരു ഊര്‍ജ്ജം കടന്ന്‍ വന്നത് പോലെ.മനസ്സ് പറഞ്ഞു തുടങ്ങി. ആദ്യ സീനില്‍ തന്നെ മനസ്സ് തുറന്ന്‍ എഴുതി വെച്ച കഥാപാത്രം എഴുത്തിലും, അതിനു ശേഷം വരാന്‍ പോകുന്ന വെള്ളി തിര കാഴ്ചയിലും ഒരു വിങ്ങുന്ന ഓര്‍മ്മയായി തീരും..ചിലപ്പോള്‍ എഴുത്തിനിടയില്‍ മനസ്സ് പറയുന്നത് പൂര്‍ണ്ണ സത്യമാകും. കസേരയില്‍ ചാരി കിടന്ന് ടൈറ്റില്‍ കാര്‍ഡില്‍ "കഥ, തിരക്കഥ, സംഭക്ഷണം "എ.കെ.ലോഹിതദാസ് " എന്ന് സങ്കല്പിച്ച് അടുത്ത് എഴുതേണ്ട ഭാഗത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ വീണ്ടും  വാതിലില്‍ മുട്ട്. തുറന്ന്‍ നോക്കിയപ്പോള്‍ ശല്യമായോ എന്ന ഭാവത്തില്‍ റൂം ബോയ്‌..

      "ലോഹി സാറേ..സിബി സാര്‍ വീണ്ടും വിളിക്കുന്നു..കട്ട് ചെയ്തിട്ടില്ല.."

       "അദ്ദേഹത്തോട് പറയൂ..ഞാന്‍ ഒരു യാത്രയിലാണെന്ന്..എന്‍റെ കൂടെ സേതുമാധവനും, അച്യുതന്‍ നായരും, കുടുംബവുമുണ്ടെന്ന്..വൈകീട്ട് വിളിക്കാന്ന് പറയൂ.."

                                   പേന വീണ്ടും കയ്യില്‍ എടുത്തപ്പോള്‍ മനസ്സിലെ ഫ്രെയിമിലേക്ക് വീണ്ടും സേതു മാധവന്‍..കടലാസ്സില്‍ സൃഷ്ടിക്കുന്ന രൂപത്തിന്‍റെ പ്രതിജ്വാല പോലെ ദൂരെ ഭാരതപ്പുഴയുടെ  മണല്‍പ്പരപ്പില്‍ ഒരു രൂപം നോക്കി നില്‍ക്കുന്നത് പോലെ,മനസ്സില്‍ നിന്നും കടലാസ്സിലേക്ക് പകര്‍ത്തി കൊണ്ടിരിക്കുന്ന അച്യുതന്‍ നായരുടെ മകന്‍ സേതുമാധവന്‍റെ രൂപം ..

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..

 

     

                                                                                       




2016, ജൂൺ 10, വെള്ളിയാഴ്‌ച

സൂക്കര്‍ അണ്ണന്റെ സൂത്രങ്ങള്‍..





                                     കുറ്റി ചൂല് മുടിയും,കൂര്‍ത്ത താടിയും  കെട്ടി വെച്ചു ജീന്‍സിന് മുകളില്‍ ജോക്കിയും കാണിച്ച് ദാ "പല്ലിളിച്ച് ബസ്സ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോഴാ സുന്ദരപ്പന് നേരെ "മുഖ പുസ്തകത്തിന്‍റെ ഓണര്‍ "സുക്കൂര്‍ ബ്രോ " വക ഒരു ചോദ്യം..

     "എത്ര പേര് നിങ്ങളെ പ്രേമിക്കുന്നു???"

     "ഒരൊന്നൊന്നര ചോദ്യമാണല്ലോ ഭായ്..."

                                      മടിച്ചില്ല..ക്ലിക്കി..മനസ്സ് കൊറേ നാളായിട്ട് പറയുവാ.."ടാ ചുള്ളന്‍ സുന്ദരപ്പാ നിന്നെ ആരോ പ്രേമിക്കുന്നുണ്ട്..പല അടവും നോക്കി ആളെ കണ്ട് പിടിക്കാന്‍.."അക്സ് ബ്രാന്‍ഡ്‌ പെര്‍ഫ്യൂം പൂശി പല വട്ടം ബസ്സ്‌ സ്റ്റോപ്പില്‍ ദാങ്ങടും, ദിങ്ങാടും നടന്ന്‍ നോക്കി. ഒരാളും നോക്കുന്നില്ല, ഇന്നറിയാം..ദാ വരുന്നു സൂക്കൂര്‍ അണ്ണന്‍ വക റിപ്ലെ..

            "(9) പേര്‍ നിങ്ങളെ പ്രേമിക്കുന്നു.."

             നിങ്ങളുടെ പെഴ്സണാലിറ്റിയാണ് അവരെ ആകര്‍ഷിച്ചത്..'

                                     സുന്ദരപ്പന്‍ നിന്ന സ്ഥലം മറന്ന്‍ ഒന്ന്‍ ചാടി ഒരു വാനര നൃത്തം ചവിട്ടി മൊബൈലില്‍ ഒരു മുത്തം കൊടുത്ത് "യോ- യോ ' മട്ടില്‍ ഒരു സെല്‍ഫിയും എടുത്ത് നേരെ പോസ്റ്റി.അറിയണമല്ലോ ആരാണാ ഒമ്പത് പേരെന്ന്??

        "പാലുക്കാരി ജാന്‍സി??, റേഷന്‍ കടക്കാരന്റെ മോള്?? സുമതി ചേച്ചി??

                                   ആരോ തന്നെ പ്രേമിക്കുന്നു..ഇവരില്‍ ആരോ തന്നെ പ്രേമിക്കുന്നു.

        "കമോന്ട്രാ സുന്ദരപ്പാ...കമോണ്‍."

                                    സുമതി ചേച്ചിയോട് തന്‍റെ മനസ്സ് ഒരിക്കേ തുറന്ന്‍ കാണിച്ചതാണ്.പക്ഷെ അന്ന്‍ തന്നെ അതിനുള്ള പ്രതികരണവും കിട്ടി. വേലി കൂട്ടില്‍ നിന്ന് അടുക്കള മുറ്റത്ത് മീന്‍ വൃത്തിയാക്കുന്ന ചേച്ചിയോട് ഒരിത് തോന്നി ചോദിച്ചതാ..ചോദ്യം പൂര്‍ത്തിയാക്കിയില്ല..അതിന് മുന്‍പേ ചാള കഴുകിയ വെള്ളം മോന്തയിലും, മുടിയിലും വീണു..പിന്നെ നാലു കുളത്തില്‍ മുങ്ങിയിട്ടും ആ നാറ്റം മാറിയില്ല...

        "പിന്നാരപ്പാ എന്നെ പ്രേമിക്കാന്‍..?"

                                   കൊച്ചു കണ്ണാടി പേഴ്സില്‍ നിന്നുമെടുത്ത് ഒന്ന്‍ നോക്കി. ചെരിഞ്ഞും മറിഞ്ഞും നോക്കി..ഉണ്ട് ഒരു ഫ്രീക്കന്‍ ലുക്ക് ഉണ്ടപ്പാ സുന്ദരപ്പാ.എന്ത് കണ്ണ്‍ വെച്ചിട്ടാ ഇന്നലെ വനിത കോളേജിന് മുന്നില്‍ ''ലൈന്‍' വലിക്കാന്‍ നിന്നപ്പോള്‍ ഒടുവില്‍ ആ പെണ്ണ്  പറഞ്ഞത്..

        "പോടാ കൊരിങ്ങന്‍ മോറാന്നു"

                                ഒരിച്ചിരി മോന്ത തള്ളി നില്‍പ്പുണ്ട്..അതല്ലാതെ ഒരു "സുഗ്രീവന്‍ ലുക്ക് " നമുക്കില്ല. ഒന്നുമില്ലാതെ സുക്കൂര്‍ അണ്ണന്‍ അങ്ങിനെ വല്ലതും വിളിച്ച് പറയോ..."ഞാന്‍ ഭയങ്കര പെഴ്സാണാലിറ്റി ആണെന്ന്..ഒന്നൂടി  നോക്കിയാലോ??

                                മുഖപുസ്തകത്തില്‍ കുറേ നേരം തപ്പിയപ്പോള്‍ ദേ വരുന്നു..പുതിയ ഒരു ചോദ്യം..അണ്ണന്‍ അങ്ങ് എഴാം കടലിന്‍റെ അക്കരെ കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കില്‍ ഇരുന്ന്‍ എന്തിന് എന്നെ ഇങ്ങിനെ വിടാതെ പിന്തുടരുന്നു..??

        "നിങ്ങളിലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം..??"

                              അയ്യോ തല കറങ്ങി വീണില്ല...അത്രക്കും മികച്ച ഒരു ഉത്തരമാ.ഫെസ് ബുക്ക് സത്യം മാത്രേ പറയൂ..സൂക്കര്‍ അണ്ണന്‍ നിങ്ങള് സൂപ്പറാട്ടാ, നിങ്ങള് മുത്താ,

         "ദേ എന്‍റെ ഫോട്ടോന്റെ കൂടെ രവി ചന്ദ്രന്‍ അശ്വിന്‍ ചേട്ടന്‍റെ  ഫോട്ടോ..."

                            മടിച്ചില്ല..ഒരു കല്ലെടുത്ത് അകലെ വെച്ചിരിക്കുന്ന മുന്‍സിപ്പാലിറ്റി ഡ്രം സ്റെമ്പ് ആക്കി ഒരു കല്ലെടുത്ത് ബോളാക്കി കറക്കി  ഒരു റോങ്ങ് വണ്‍ എറിഞ്ഞു..ലക്ഷ്യത്തില്‍ നിന്നും വിക്കറ്റ് വീണ പോലെ ഒരു ശബ്ദം.ഡ്രമ്മിനു പുറകില്‍ മൂത്രം ഒഴിക്കാന്‍ നിന്ന ചേട്ടന്‍ ദാ മുണ്ടും പൊക്കി പിടിച്ച് അലറി വിളിച്ച് മുന്നോട്ട്. ഒരടി കിട്ടിയുള്ളൂ..

      "സുറ്റുതെ സുറ്റുതെ ഭൂമി..."

                          അടി കിട്ടിയ വേദനയും, ഒമ്പത് പേരെ കണ്ടെത്താനുള്ള  വ്യഗ്രതയും കൊണ്ടിങ്ങനെ ചുറ്റി നടക്കുമ്പോള്‍ സൂക്കര്‍ ചേട്ടന്‍ വക വീണ്ടും ഒരു ശോദ്യം..ഇതെന്ത്രപ്പാ..ഇന്ന്‍ ലോകം മുഴോന്‍ എന്‍റെ പിന്നിലാണോ?? ചോദ്യങ്ങള്‍, അതിനുള്ള തങ്കപ്പെട്ട ഉത്തരങ്ങള്‍...ചോദ്യം കലക്കനാ..ഇന്ന്‍ വരെ ഞാന്‍ തേടാത്ത, ബുദ്ധനും, ശങ്കരനും തേടാത്ത ഇമ്മിണി വല്യേ ഒരു ചോദ്യം..

        "നിങ്ങളുടെ പേരിന്റെ അര്‍ത്ഥം??"

                          ചോദ്യം ക്ലിക്കിയപ്പോള്‍ അര്‍ത്ഥം ദാ മുന്നില്‍..ഇതായിരുന്നോ സുന്ദരന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം..പലരും സൂ എന്നതിനെ മൃഗശാല ആക്കിയും, അന്തരന്‍ എന്നുള്ളതിനെ അകത്തുള്ളവന്‍ ആക്കിയും പണ്ട് കളിയാക്കിയത് എല്ലാം പാഴായി..ലോകം എമ്പാടുമുള്ള "ചിന്‍, ഷിന്‍ ഹുയ്, കിം, ജോ,ശൂയ്, അന്‍വര്‍ ഖദിരി സുലൈമാനി, എന്നിവര്‍ക്കെല്ലാം പേരിന്റെ അര്‍ത്ഥം വിളമ്പിയ അണ്ണന്‍ ദാണ്ടേ എന്‍റെ പേരിനും അര്‍ത്ഥം തന്നിരിക്കുന്നു..

      ''സു-    മഹത്വമുള്ളവന്‍
       ന്ദര -   വിശാല മനസ്ക്കന്‍
       ന്‍   -  ദൈവത്തിന്‍റെ കൂടെയുള്ളവന്‍..."

                         ഇതെല്ലാം ആരെയെങ്കിലും കാണിച്ചാലേ മനസ്സിന് ഒരു ഇരുത്തം കിട്ടൂ..ആരോ എന്നെ പ്രേമിക്കുന്നു..അശ്വിന്‍റെ രൂപമുള്ള ആരോ എന്‍റെ പുറകെയുണ്ട്..ഹണിമൂണ്‍ എവിടെ പോകുമെന്നുള്ള ചോദ്യം വല്ലതും ഒണ്ടോ ആവോ?അല്ല..ആ ബുക്കുകള്‍ മാറോടണക്കി മന്ദ നടയോടെ വരണത് നമ്മുടെ ശോഭ ചേച്ചിയുടെ മോള് ശാരികയല്ലേ...ഇര മുന്നില്‍..സുന്ദരാ ഒമ്പതില്‍ ഒന്ന്‍ ദാ മുന്നില്‍...വിടരുത്...അവതരിപ്പിക്ക്..നിന്‍റെ പ്രണയം പൊളിച്ച് കാട്ടൂ...

      "ഹായ് ശാരി..."

      എന്താ ഏട്ടായി..?

                      ഏട്ടായി...ആ വിളിയില്‍ തന്നെ 916 പ്രണയം പൊതിഞ്ഞ് വെച്ചിരിക്കുന്നു..ആ കണ്ണുകള്‍ ആയിരിക്കണം എന്നെ തേടിയത്. ഇവള്‍ തന്നെ ഒന്നാം നമ്പര്‍..മനസ്സ് സുന്ദരനെ വീണ്ടും വീണ്ടും പറയാന്‍ പ്രേരിപ്പിച്ചു.

      'ശാരികേ..ഇന്ന്‍ കാലത്ത് ഫെസ് ബുക്ക് എന്നോട് പറഞ്ഞു...ഒമ്പത് പെണ്ണുങ്ങള്‍ എന്നെ പ്രണയിക്കുന്നുവെന്ന്..എനിക്ക് തോന്നുന്നു അതിലൊരാള്‍ നീയാണെന്ന്.."

                      ശാരിക സുന്ദരനെ അടി മുതല്‍ മുടി വരെ ഒന്ന്‍ നോക്കി.അതില്‍ സുന്ദരന്‍ വഴുതി വീണു..മനസ്സില്‍ ചുവന്ന മഴി കൊണ്ട് ശാരിക എന്നെഴുതി ചേര്‍ക്കുമ്പോള്‍ അവളുടെ മുത്ത്‌ മൊഴി..

   "ഏട്ടായി  പണിക്ക് വല്ലതും പോണുണ്ടോ??"

                      സുന്ദരാ..ഒരിക്കലും നീ പറയരുത്..നീ വല്ലപ്പോഴും മണ്ണ്‍ വണ്ടിക്ക് എസ്ക്കൊര്‍ട്ട് പോകുന്ന വിവരം ഒരിക്കലും പറയരുത് നീ സിനിമ ടിക്കറ്റ് ബ്ലാക്കില്‍ വില്‍ക്കുന്ന വിവരം...."

   "ഏയ്‌..ഞാന്‍ പണിക്കൊന്നും പോണില്ല..ഒരു നല്ല പണി നോക്കി നടപ്പാ."

                      ശാരിക ഒന്നും പറയാതെ മുന്നോട്ട് നടന്നപ്പോള്‍ സുന്ദരന്‍ ഒന്ന്‍ പതറി. അവള്‍ക്കൊപ്പം ഓടിയെത്തി തന്‍റെ മനസ്സായ മൊബൈല്‍ തുറന്ന്‍ കാണിച്ചു..

    "നീയിത് കണ്ടാ..ഞാന്‍ സത്യാണ് പറഞ്ഞത്.."

                     അവള്‍ക്ക് മുന്നില്‍ ഫെസ് ബുക്ക് ചോദ്യങ്ങളും, ഉത്തരവും തുറന്ന്‍ കാണിച്ച് തന്‍റെ മനസ്സും തുറന്ന്‍ വെച്ച് സുന്ദരന്‍ അവളെ പ്രതീക്ഷയോടെ നോക്കി.

    "ഏട്ടായി ആ മൊബൈല്‍ ഒന്ന്‍ തന്നേ??"

                   അവളുടെ  മൊബൈല്‍ നമ്പര്‍ അടിക്കാന്‍ ആയിരിക്കും.സുന്ദരന്‍ നാണത്തില്‍ ചാലിച്ച് മൊബൈല്‍ ശാരികയുടെ നേരെ നീട്ടി. അവളത് വാങ്ങി അവന്‍ കാണാതെ എന്തോ ചെയ്തു.പ്രതീക്ഷയോടെ സുന്ദരന്‍ അവന്‍ വെച്ചു നീട്ടാന്‍ പോകുന്ന പ്രണയത്തിന് മുന്നില്‍ തല കുനിച്ചു നിന്നു..

    "ഏട്ടായി..ഒരു പണിയും ചെയ്യാതെ മൊബൈലും തൂക്കി വെട്ടു വഴി തെങ്ങും കേറി ഫെസ് ബുക്ക് പറഞ്ഞ പെണ്ണുങ്ങളെ തേടി നടക്കണ ഫ്രീക്കന്‍ സ്വഭാവം നിര്‍ത്തി, മുടീം വെട്ടി, കുളിച്ച് വല്ല പണിക്കും പോയി കുടുംബം നോക്ക്..അങ്ങനെത്തെ ചേട്ടായിമാരാ ഇപ്പോള്‍ ഞങ്ങള്‍ പെണ്‍കുട്ടികളുടെ വൈറല്‍..ബാക്കി പറയാനുള്ളത് ദാ ഈ മോബൈലില്‍ കാണാം..

                     അവള്‍ നടന്ന്‍ പോയപ്പോള്‍ ഇതികര്‍ത്തവ്യഥാമൂഢനായി സുന്ദരന്‍ ഫെസ് ബുക്കിലേക്ക് നോക്കി..അതില്‍ ശാരിക ചോദിച്ച ചോദ്യത്തിന് സൂക്കര്‍ അണ്ണന്‍ ശരിക്കൊരു ഉത്തരം കൊടുത്തിരുന്നു..ചങ്ക് തകരുന്ന ഒരുത്തരം..നിങ്ങള് വല്യേ ചതിയനാണ് സൂക്കര്‍...

     "which animal do you and your friends look like???"
         
                    ഉത്തരമായി സുന്ദരന്റെ ഫോട്ടോക്ക് താഴെ ഒരു കുരങ്ങന്‍റെ ചെരിഞ്ഞിരിക്കുന്ന  ഒരുഗ്രന്‍ ചിത്രോം..!!!!!!"

                         
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...
                   

 












2016, ജൂൺ 8, ബുധനാഴ്‌ച

മംഗള ലക്ഷദ്വീപ് എക്സ്പ്രസ്..



                                      ഹസ്രത്ത് നിസ്സാമുദ്ധീന്‍ സ്റെഷന് പുറത്ത് അതി രാവിലെ തന്നെ പൊള്ളുന്ന വെയില്‍, അതില്‍ ദൂരേക്ക് നീളുന്ന റെയില്‍ പാതകള്‍ വെട്ടി തിളങ്ങുന്നു.ചൂടില്‍ വിയര്‍ത്തൊലിച്ച പ്ലാറ്റ് ഫോമില്‍ എരുമപാല്‍ കൊണ്ടുണ്ടാക്കിയ തണുത്ത ലെസ്സി വില്‍ക്കുന്ന ചെറുക്കനെ മറി കടന്ന്‍ വെട്ടി വിയര്‍ത്ത് അയാളും, ഭാര്യയും. റിസര്‍വേഷന്‍ ചാര്‍ട്ടില്‍ ഒന്ന്‍ കൂടി പേര് നോക്കി ആശ്വാസ ഭാവത്തില്‍ തീവണ്ടിയിലേക്ക് കയറുമ്പോള്‍ മുന്നില്‍ വയര്‍ കാണിച്ച് ബലിഷ്ടമായ കരങ്ങള്‍  നീട്ടി  അതി രാവിലെ തന്നെ മോന്തിയ ദേശിയുടെ രൂക്ഷ ഗന്ധവുമായി ഒരു ഹിജഡ.

   "അരേ..സേട്ട്ജി.. കുച്ച് ദേനാ..ചായ് പീനേ കേലിയെ.."

                                       എതിര്‍ത്തിട്ട് കാര്യമല്ല. ചിലപ്പോള്‍ പുളിച്ച തെറി, അല്ലെങ്കില്‍ തുണി ഉയര്‍ത്തി അതി രാവിലെ തന്നെ അധികം രസമില്ലാത്ത ചില അക കാഴ്ചകള്‍. പോക്കറ്റില്‍ കയ്യിട്ട് കിട്ടിയ ആദ്യ നാണയം രണ്ട്‌ രൂപ തുട്ടായിരുന്നു..അത് കിട്ടിയിട്ടും എന്തോ തെറി വിളിച്ച് രണ്ട്‌ കയ്യും കൊട്ടി അടുത്ത ആളിലേക്ക്, ഒരു കൊമ്പന്‍ മീശക്കാരന്‍ പട്ടാളക്കാരന്‍

    "ഏയ്‌..ചല്‍ ബോസടി..."

                                       കൂപ്പയില്‍ ഇരുന്ന മീശക്കാരന്‍ ശബ്ദമുയര്‍ത്തിയപ്പോള്‍ ഒരക്ഷരം മിണ്ടാതെ ആ രൂപം അടുത്ത കൂപ്പയിലേക്ക്. സീറ്റ് നമ്പര്‍ നോക്കി കൊമ്പന്‍ മീശയുടെ അടുത്ത് ഇരിക്കുമ്പോള്‍ അവള്‍ തളര്‍ന്നിരുന്നു. ചുറ്റും തുണി ചുറ്റിയ തണുത്ത വെള്ളം നിറച്ച കുപ്പിയുടെ മൂടി തുറന്ന്‍ ഒരിറക്ക് വെള്ളം കുടിച്ച് അവള്‍ സീറ്റിലേക്ക് ചാരിയിരുന്നു. കൂടെ അയാളും.

                                       ട്രെയിന്‍ ഒന്ന്‍ ചൂളം വിളിച്ച് ഇളകിയപ്പോള്‍ പ്ലാറ്റ് ഫോമിലൂടെ നടക്കുന്ന കച്ചവടക്കാരുടെ നെഞ്ചിലും ഒരു ചൂളം വിളി.യാത്ര തുടങ്ങും മുമ്പേ അകത്തിരിക്കുന്ന യാത്രക്കാര്‍ക്ക് സാധനങ്ങള്‍ വിറ്റ്‌ കീശ നിറക്കാനുള്ള വ്യഗ്രത.ഓരോ മുഖത്തും ആകാംക്ഷയുടെ നേര്‍ത്ത ചായങ്ങള്‍.ആരെങ്കിലും വാങ്ങിക്കുമെന്നുള്ള പ്രതീക്ഷ.ആ പ്രതീക്ഷ കാഴ്ചകള്‍ നിറഞ്ഞ പ്ലാറ്റ് ഫോം തിരക്കിലൂടെ വലിയ ബാഗും വലിച്ച് ഒരു യുവതി. പതിവ് പോലെ റിസര്‍വേഷന്‍ ചാര്‍ട്ട് നോക്കി കയറുമ്പോള്‍ ഒന്ന്‍ വേച്ചു പോയതാണ്..പിന്നില്‍ നിന്നും ഒരു കൈ താങ്ങ്. ഒരു ചെറുപ്പക്കാരന്‍..

   "ചേച്ചി സൂക്ഷിച്ച്.."

                                     അയാള്‍ക്കൊരു ശുക്രിയ കൊടുത്ത് ആ യുവതിയും നാലാമത്തെ അംഗമായി ആ കൂപ്പയില്‍, തൊട്ടു പുറകെ അഞ്ചാമത്തെ അംഗമായി ആ യുവാവും..ട്രെയിന്‍ വീണ്ടും ചൂളമടിച്ചു..ഒന്ന്‍ കൂടി മുന്നോട്ട് അനങ്ങിയത് പോലെ.പ്ലാറ്റ് ഫോമില്‍ നിന്നും ഒരു യുവതിയുടെ ശബ്ദത്തില്‍ വിവിധ ഭാഷകളില്‍ ട്രെയിന്‍ പുറപ്പെടുന്നതിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍, ആ മുന്നറിയിപ്പുകള്‍ക്ക് ഒടുവില്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്സ് രണ്ടര ദിവസത്തോളം നീളുന്ന യാത്ര തുടങ്ങി. ഒപ്പം ആ കൂപ്പയില്‍ ദൈന്യതയും, നിശബ്ദതയും തളം നിറഞ്ഞ  അവരുടെ യാത്രയും..

                                    ഫരീദാബാദ് സ്റെഷനില്‍ നിന്നാണ് അവള്‍ കയറിയത്..കണ്ണില്‍ ഉരുണ്ട് കൂടിയ കണ്ണ്‍ നീര്‍ തുള്ളികള്‍ തുടച്ച് , വീര്‍ത്ത മുഖവുമായി ആറാമത്തെ അംഗമായി അവളും , ഒരു പെണ്‍കുട്ടി. അവള്‍ കയറി വന്നപ്പോള്‍ ആ കണ്ണുകള്‍ ഇന്ത്യ ടുഡേ പുസ്തകത്തില്‍ കണ്ണ്‍ നട്ടിരിക്കുന്ന ചെറുപ്പക്കാരന്റെ കണ്ണുമായി ഒന്ന്‍ കൂട്ടി മുട്ടിയോ?? അയാളും, ഭാര്യയും സീറ്റില്‍ ചാരി കിടന്ന് ചിന്തയിലാണ്..ഭാര്യയുടെ കണ്‍തടങ്ങളില്‍ കണ്ണ് നീര്‍ ഒഴുകിയ ചാലുകള്‍ പോലെ അടയാളം..അയാളും ദുഃഖത്തില്‍, കൂപ്പയില്‍ ആരു വരുന്നതും, പോകുന്നതും ഒന്നുമറിയാതെ. പട്ടാളക്കാരന്‍ പുറത്തെ കാഴ്ചയിലാണ്. ഏതോ അതിര്‍ത്തിയില്‍ ഒരു കാഴ്ച്ചയില്‍ തന്നെ കണ്ണുകള്‍ നട്ട് ഇരുന്നത് കൊണ്ടാകാം അയാള്‍ക്ക് പുറം കാഴ്ചകള്‍ പുതുമയായി മാറിയത്.യുവതി ഒരു മൊബൈല്‍ സ്ക്രീനില്‍ വിരലോടിച്ച്. അവര്‍ക്കിടയില്‍ മാത്രം വല്ലാത്ത ഒരു മൂകത തളം കെട്ടി നിന്നു..മലയാളികള്‍ ആയിരുന്നിട്ടും ഒന്നും സംസാരിക്കാതെ..ഒന്നും മിണ്ടാതെ..

                                    ജാന്‍സിയിലെത്തിയപ്പോള്‍ ആ ചെറുപ്പക്കാരനാണ്  ട്രെയിന്‍ ചലിക്കുന്ന ശബ്ദവും, ഇടക്ക് മാത്രം കടന്ന്‍ വരുന്ന പ്ലാറ്റ്ഫോം കലപിലകളും മാത്രമുള്ള ആ കൂപ്പയിലെ യാത്രക്കാര്‍ക്കിടയിലെ ദീര്‍ഘ മൗനം ഭേദിച്ചത്..

           "സാര്‍ എവിടേക്കാ??"

                                    അയാളും ഭാര്യയും നോക്കുന്നതിനു മുന്‍പേ തന്നെ യുവാവിന്‍റെ ശബ്ദം കേട്ട് പെണ്‍കുട്ടിയും  തലയുയര്‍ത്തി നോക്കി, വീണ്ടും കണ്ണുകള്‍ തമ്മില്‍ കൂട്ടി മുട്ടിയോ..ഒരു കഥ പറഞ്ഞോ??നിര്‍വികാരത്തോടെ ഒരുത്തരം അയാളില്‍ നിന്നും, അതോടൊപ്പം ഭാര്യയുടെ നെടു വീര്‍പ്പും..

           "എറണാകുളം വരെ.."

                                    അടുത്ത ചോദ്യം വരും മുന്‍പേ അയാള്‍ മുന്‍ കൂട്ടി കരുതി വെച്ച ഉത്തരം നല്‍കി, ഒരു പുഞ്ചിരിയും കലര്‍ത്തി തികട്ടി വന്ന ദുഃഖം മറച്ച് പിടിച്ച്

           'ലേക്ക് ഷോര്‍ ആശുപത്രിലേക്ക്, ഡോക്ടര്‍ ഗംഗാധരനെ കാണാന്‍.."

                                  ഒന്നിലും ശ്രദ്ധയില്ലാതെ അത് വരെ ചാരിയും, ചെരിഞ്ഞും, മൊബൈലില്‍ നോക്കിയും, ഇടക്ക് എന്തോ ചിന്തിച്ച് കണ്ണുകള്‍ തുടച്ചും എന്തോ ഗഹനമായ വേദനയില്‍ ലയിച്ചിരുന്ന യുവതി അയാളേയും, ഭാര്യയേയും നോക്കി..

         "ഓങ്കോളജിസ്റ്..??''

                                    അയാളും, ഭാര്യയും ഒരുമിച്ച് തലയാട്ടി..ഒരു വേദന എല്ലാവരിലേക്കും പടര്‍ന്നത് പോലെ..അയാള്‍ തന്നെയാണ് മുഖം പൊത്തി വിറക്കുന്ന വാക്കുകള്‍  പറഞ്ഞത്..

         "എനിക്കാണ്..ആദ്യത്തെ സ്റെജ്...ബയോപ്സി റിസള്‍ട്ട് കിട്ടീപ്പൊ മറ്റൊന്നും നോക്കിയില്ല..ഗംഗാധരന്‍ സാറെ കാണാന്ന്‍ വെച്ചു.ദൈവത്തിന്‍റെ നാട്ടിലേക്ക് ദൈവത്തിന്‍റെ പ്രതി പുരുഷനെ കാണാനുള്ള പോക്കാ...ജീവിച്ചങ്ങട് കൊതി മാറിട്ടില്ല..ഇനിയെല്ലാം വിധിയുടെ കയ്യില്‍.."

                                        ഒരു തേങ്ങല്‍ അയാളുടെ ഭാര്യയില്‍ നിന്നുമുണര്‍ന്നു. എല്ലാ കണ്ണുകളും ഈറനയപ്പോള്‍ വീണ്ടും ആ യാത്രയില്‍ മൂകത പടര്‍ന്നു.അതിനൊപ്പം തന്നെ വണ്ടിയുടെ വേഗതയുടെ കൂടെ പകല്‍ വകഞ്ഞു മാറ്റി കൊണ്ട് ഇരുളും നിറയാന്‍ തുടങ്ങി.ചമ്പല്‍ കാട്ടിലെ ഏതോ ഏകാന്തമായ ഗ്രാമങ്ങളില്‍ ആയിരിക്കണം വണ്ടി..ലക്‌ഷ്യം തേടിയുള്ള വേഗത്തിലുള്ള യാത്ര, മറ്റ് കമ്പാര്‍ട്ട്മെന്റില്‍ പൊട്ടിച്ചിരികള്‍, അട്ടഹാസങ്ങള്‍, യാത്രകളുടെ വിരസതയില്‍ അടുത്ത് കണ്ട് മുട്ടുന്ന അപരിചിതന്‍ മനസ്സ് തുറന്ന്‍  വെച്ചു നീട്ടുന്ന സൗഹൃദം ആഘോഷിക്കുന്നവര്‍.

        "നോക്ക് ..വിഷമ കാലങ്ങള്‍  എല്ലാവര്‍ക്കും ഉണ്ടാകും, സ്വന്തം രാജ്യത്തിന്റെ അതിര് കാത്ത് സൂക്ഷിക്കുന്ന എനിക്ക് സ്വന്തം വീടിന്‍റെ അതിര് കാത്ത് സൂക്ഷിക്കാന്‍ സാധിച്ചില്ല.."എന്‍റെ സ്നേഹം പരുക്കന്‍ സ്നേഹമാത്രേ...തന്നെക്കാള്‍ മൂന്ന്‍ വയസ്സിന് താഴെയുള്ള അയല്‍വാസി വെച്ചു നീട്ടിയ സ്നേഹം സ്വീകരിച്ച്, ആറു വയസ്സുള്ള മകളെ തനിച്ചാക്കി പോയത് എന്ത് രോഗം ബാധിച്ചിട്ടാണ്.ഇന്നേക്ക് രണ്ട്‌ വര്‍ഷമായി..ചിലപ്പോള്‍ അതിര്‍ത്തിയില്‍ തോക്ക് ചൂണ്ടി അജ്ഞാതനായ ശത്രുവിനെ നോക്കിയിരിക്കുമ്പോള്‍ മനസ്സില്‍ തോന്നും, ആ തോക്ക് സ്വന്തം നെഞ്ചിലേക്ക് ചൂണ്ടാന്‍..പക്ഷെ ഒന്നും അറിയാത്ത ഒരു തെറ്റും ചെയ്യാത്ത ഒരു ആറു വയസ്സ്ക്കാരിയെ ഓര്‍ക്കുമ്പോള്‍ ജീവിക്കാന്‍ തോന്നും...മറൊന്നും ചിന്തിക്കാതെ..."

                                        കൊമ്പന്‍ മീശയുള്ള പട്ടാളക്കാരന്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ ആദ്യം തേങ്ങിയത് അയാളായിരുന്നു. തന്‍റെ രോഗം ആ പാവം പട്ടാളക്കാരന്‍റെ ജീവിതത്തിനു മുന്നില്‍ ഒന്നുമല്ല..ആ മുഖത്ത് ഒരു തുള്ളി കണ്ണ്‍ നീര്‍ പെയ്യാത്തത് അയാളുടെ മനസ്സില്‍ ഒതുക്കിയ സങ്കട കടല്‍ കൊണ്ടാകാം.എതിരെ ഇരുന്ന യുവതിയും മങ്ങിയ വെട്ടത്തില്‍ പട്ടാള ക്കാരനെ നോക്കി കൊണ്ടിരുന്നു.

       'എന്നിട്ട് മോള് ഇപ്പൊ എവിടെയാ??"

                                        മടിച്ച് മടിച്ചുള്ള പെണ്‍കുട്ടിയുടെ ചോദ്യത്തിന് മുന്നില്‍ അയാള്‍ പുഞ്ചിരി നിറച്ച് കൊണ്ട് മറുപടി പറഞ്ഞതോടൊപ്പം പേഴ്സ് തുറന്ന്‍ ഒരു മാലാഖ കുട്ടിയുടെ ചിത്രം കാണിച്ചു..

     'നാട്ടിലുണ്ട്..ഒരു ബന്ധുവിന്റെ കൂടെ...ഞാന്‍ നാട്ടില്‍ പോണത് അവളെ തിരിച്ച് കൊണ്ട് വരാനാണ്..എനിക്ക് ഡല്‍ഹിയിലേക്ക് ഒരു മാറ്റം കിട്ടി..ഒരു കോട്ടെഴ്സും.ആരു വേണ്ടാന്ന്‍ വെച്ചാലും എന്‍റെ ചോരയെ വേണ്ടാന്ന്‍ വെക്കാന്‍ എനിക്ക് കഴിയില്ല..."

                                         മാഞ്ഞു പോയ സന്തോഷം തിരികെ വന്നത് പോലെ. അവര്‍ എല്ലാവരും ചേര്‍ന്ന്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച്, ഒരു കുടുംബം പോലെ, അയാളുടെ ഭാര്യ അത് വരെ ചോദ്യങ്ങള്‍ മാത്രം ചോദിച്ച യുവതിയുടെ സ്വകാര്യതയിലേക്ക് ആദ്യത്തെ ചോദ്യം എറിഞ്ഞു.

      "നേഴ്സ് ആണോ..?

      'അതെ എയ്മ്സില്‍...മയൂര്‍വിഹാര്‍ ഫേസ് വണ്ണില്‍ താമസിക്കുന്നു..

      "കുടുംബ സമേതം ??"

      "അതെ...കുടുംബസമേതം ഞാന്‍ തനിച്ച്.."

                                        ഇരുട്ടില്‍  എല്ലാവരുടെയും ആകാംഷ നിറഞ്ഞ മുഖത്ത് ഒരു വെളിച്ചം വീശി കൊണ്ട് ഏതോപ്രകാശ പൂരിതമായ സ്റേഷന്‍ കടന്ന്‍ തീവണ്ടി മുന്നോട്ട്, അവര്‍ കാത്തിരിക്കുന്ന ഉത്തരം ആ വിളറിയ മുഖത്ത് നിഴലിച്ച് കാണാമായിരുന്നു.

         " ഞാന്‍ കല്യാണം കഴിച്ചിട്ടില്ല..വയസ്സ് മുപ്പത്തി ഏഴായി..ഏറ്റവും താഴെയുള്ള അനിയന്‍റെ ഉറപ്പിക്കലാ വരുന്ന ഞായറാഴ്ച..അതിനാ നാട്ടില്‍ പോണത്.അച്ഛന്‍ മരിക്കണ സമയത്ത് കിട്ടീതാ ജോലി...അന്ന്‍ മുതല്‍ കുടുംബനാഥ ഞാനാ.,താഴെത്തെ രണ്ടനുജത്തിമാരെ പഠിപ്പിച്ചു, കെട്ടിച്ചയച്ചു..അനുജനേയും പഠിപ്പിച്ചു, ഇതിനിടക്ക് സ്വന്തം കാര്യം മറന്നതല്ല, മനപൂര്‍വ്വം മാറ്റി വെച്ചതാ..അച്ഛന്‍ മരിക്കണ സമയത്ത് കൈ പിടിച്ച് പറഞ്ഞ ഒരു വാക്കായിരുന്നു എല്ലാത്തിനും ബലം.."വെള്ളം തോരാത്ത താഴെയുള്ള കൂടപിറപ്പുകളെ മറക്കരുതെന്ന്.അതെല്ലാം നിറവേറ്റി.."

                                          ആ വാക്കുകളില്‍ എവിടെയോ പതുങ്ങിയ വിങ്ങലുകള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് എല്ലാവര്‍ക്കും സാധിച്ചു.ഒന്നും പരസ്പരം ചോദിച്ചില്ല..ഇരുള് പടരുന്ന കൂപ്പയില്‍ അവനവന്റെ ബെര്‍ത്തിലേക്ക് ഉറങ്ങാന്‍ പോകുമ്പോള്‍ കുറേ ചോദ്യങ്ങള്‍ ബാക്കിയാകുന്നു. ഏറ്റവും മുകളില്‍ ഇടതും, വലതും ബെര്‍ത്തില്‍ കിടക്കുന്ന ചെറുപ്പക്കാരനും, പെണ്‍കുട്ടിയും ചെറിയ വെളിച്ചം കടന്ന്‍ വരുമ്പോള്‍ കണ്ണുകള്‍ കൊണ്ട് എന്തോ പറയാന്‍ ശ്രമിച്ച്, കുറേ നേരം അങ്ങിനെ സമയം കളഞ്ഞു..മദ്ധ്യ ഭാരത്തിന്റെ ഒഴിഞ്ഞ മണ്ണിലൂടെ എത്രയും വേഗം രാത്രി മറി കടക്കാന്‍ വേണ്ടി തീവണ്ടി അതി വേഗതയില്‍..

                                         കല്യാണ്‍ ജങ്ക്ഷന്‍ എത്തിയപ്പോള്‍ മാത്രമാണ് പട്ടാളക്കാരന്‍ കണ്ണ്‍ തുറന്നത്. എതിരെ ബെര്‍ത്തില്‍ അയാളെ കാണുന്നില്ല. അയാളുടെ ഭാര്യ എഴുന്നേറ്റ് സീറ്റില്‍..ചെറുപ്പക്കാരനും, ചെറുപ്പക്കാരിയും, എതിര്‍ വശത്തെ ഒറ്റ സീറ്റുകളില്‍ പകല്‍ കാഴ്ചയില്‍..നേഴ്സ് സീറ്റിലും, ബെര്‍ത്തിലുമില്ല. ബ്രെഷ് എടുത്ത് ബാത്ത് റൂമിന്റെ അടുത്ത് ചെന്നപ്പോള്‍ വാതിലിന്‍റെ അരികില്‍ നിറ കണ്ണുകളോടെ അയാള്‍. പട്ടാളക്കാരനെ കണ്ടതും അയാള്‍ ദുഃഖം മറച്ച് പിടിക്കാന്‍ കണ്ണുകള്‍ തുടച്ചു.എന്നാലും കണ്ണില്‍ നിന്നും വീണ്ടും തുള്ളികള്‍ അടര്‍ന്ന്‍ വീഴാന്‍ തുടങ്ങി..

      "എന്ത് പറ്റി ...??''

      "ഏയ്‌..ഞാനിങ്ങനെ..അസുഖത്തെ കുറിച്ച് ആലോചിച്ച്...ജീവിക്കാനുള്ള അതിമോഹം കൊണ്ടാ ..ഇപ്പോള്‍ രോഗത്തോട്  വല്ലാതെ പേടി തോന്നുന്നു.. എനിക്കവളും, അവള്‍ക്ക് ഞാനും മാത്രേയുള്ളൂ.എല്ലാ ഭാഗ്യവും തന്നപ്പോള്‍ മക്കള്‍ എന്ന സൗഭാഗ്യത്തില്‍ മാത്രം ദൈവം പിശുക്ക്  കാണിച്ചു.ഞാന്‍ ഇല്ലാണ്ടായാല്‍ ആ നിമിഷം അവളും ജീവിതം അവസാനിപ്പിക്കും..അത്രക്ക് "

                                             കൂടുതല്‍ പറയാന്‍ സാധിക്കാതെ അയാള്‍ കരയാന്‍ തുടങ്ങി.ഒരു നിമിഷം പട്ടാളക്കാരന്‍ അയാളെ ചേര്‍ത്ത് പിടിച്ചു.ഏതോ മുജന്മ ബന്ധത്തിലെ സഹോദരങ്ങളെ പോലെ.ആരോ ഉണ്ടെന്ന തോന്നല്‍ അവര്‍ക്ക് നല്കാന്‍ ഒരു യാത്ര പിന്നെയും തുടരുന്ന തീവണ്ടി.

     "ഫരീദാബാദിലെ ഐ.ടി കമ്പനിയില്‍ തരക്കേടില്ലാത്ത ജോലിയുണ്ട്. വീട്ട്കാര്‍ക്ക്  നിര്‍ബന്ധം ജാതകം ചേരണമെന്ന്..രണ്ടര വര്‍ഷമായി ആലോചനകള്‍, ഒന്നും ശരിയാകുന്നില്ല.ഇപ്പോള്‍ ഒരെണ്ണം ചേര്‍ച്ച വന്നിട്ടുണ്ട്.. ആരെന്നോ, എന്തോന്നോ ചോദിച്ചിട്ടില്ല.ജാതകം ചേര്‍ന്നാലും, മാനസികമായി ഒരു ചേര്‍ച്ച വരേണ്ടേ.. അവര്‍ക്കിഷ്ടയാല്‍ കല്യാണം നടക്കും..എനിക്ക് സമ്മതമല്ലെങ്കില്‍ കൂടി.."

                                             അത്രയും പറഞ്ഞു പെണ്‍കുട്ടി വിഷമത്തോടെ ആ സ്ത്രീയുടെ ചുമലിലേക്ക് തല ചായ്ച്ചു. ഒരു നിമിഷം ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയെ പാളി നോക്കി.പറയാന്‍ കഴിയാത്ത എന്തോ ഒരു ഭാവം അവന്‍റെ മുഖത്ത്.

    "ഒരു നിമിത്തമാണ് നമ്മളെ ആറു പേരെയും ഒരുമിച്ചുള്ള യാത്രക്ക് അവസരമൊരുക്കിയത്..എല്ലാവര്‍ക്കും അവരുടെ സ്വന്തം ദുഃഖങ്ങള്‍, ഇതെല്ലാം മാറ്റി വെച്ച് ബാക്കിയുള്ള ഒരു ദിവസം നമുക്കും സന്തോഷിക്കാം.. ഒരു കുടുംബം പോലെ മുന്നോട്ടുള്ള യാത്ര.."

                                              അയാളുടെ വാക്കുകള്‍ ശരി വെക്കുന്നത് പോലെ തന്നെയായിരുന്നു മുന്നോട്ടുള്ള യാത്ര..രത്നഗിരിയും,കാര്‍വാറും, മംഗലാപുരവും കടന്ന്‍ കേരള അതിര്‍ത്തി എത്തിയിട്ടും, പകല്‍ രാത്രി യായി മാറിയിട്ടും ആ കൂപ്പയില്‍ മാത്രം ആരും ഉറങ്ങിയില്ല..അതിരില്ലാത്ത സൗഹൃദവും, സ്നേഹവും പരസ്പരം പങ്ക് വെച്ചുള്ള യാത്ര..ആ യാത്ര കുറേ കാലം തുടരാന്‍ ഓരോ മനസ്സും മോഹിച്ചു..എങ്കിലും ഏത് യാത്രക്കും ഒരന്ത്യമുണ്ടെന്ന സത്യം പോലെ കണ്ണൂരില്‍ പെണ്‍കുട്ടിയാണ്  ആദ്യം ഇറങ്ങിയത്. എല്ലാവരിലും വിഷമം സൃഷ്ടിച്ച് ഒരു വിട പറയല്‍. അവള്‍ നല്‍കിയ പേപ്പറില്‍ എഴുതിയ മേല്‍ വിലാസത്തില്‍ ഒരിറ്റ് കണ്ണ് നീര്‍ സ്വന്തം കണ്ണില്‍ നിന്നും അടര്‍ന്ന്‍ വീണത് ചെറുപ്പക്കാരന്‍ തിരിച്ചറിഞ്ഞു.

                                           മുന്നോട്ടുള്ള യാത്രയില്‍ തലശ്ശേരിയില്‍ ആ ചെറുപ്പക്കാരനും എല്ലാവരോടും യാത്ര പറഞ്ഞു പുറത്തിറങ്ങി.മുന്നില്‍ എല്ലാം അവസാനിച്ചത് പോലെ മുന്നോട്ട് നീങ്ങിയ അവനെ കാത്ത് കുറച്ച് ബന്ധുക്കള്‍, കൂട്ടുക്കാര്‍..അടുത്ത ഊഴം ഷോര്‍ണൂര്‍ ജങ്ക്ഷനില്‍ പട്ടാളക്കാരന്‍റെ..അയാള്‍ ഇറങ്ങിയപ്പോള്‍ യുവതിയെ ഒന്ന്‍ നോക്കി. ഒന്നും പറയാതെ തിരിച്ച് നടക്കുമ്പോള്‍ അയാളുടെ മകളെ കാണാന്‍ നേഴ്സ് യുവതിക്ക് ഒരാഗ്രഹം തോന്നി..അതിന് മുന്‍പേ തീവണ്ടി പതുക്കെ ചലനം തുടങ്ങിയിരുന്നു..

                                        എറണാകുളത്ത് നീണ്ട യാത്രയുടെ അലസ്യവ്യം, പൊടിയും, മുഷിപ്പുമായി മംഗള എക്സ്പ്രസ് കിതച്ച് നിന്നപ്പോള്‍ വിറച്ച കാലുകളോടെ അയാളും, ഭാര്യയും ആ മണ്ണില്‍ തൊട്ടു..കുറച്ച് ദൂരെ അകലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ കാത്തിരിക്കുന്ന വിധി..യുവതിയും അവരുടെ കൂടെ ഓട്ടോ റിക്ഷ സ്റ്റാന്റ് വരെ കൂടെ ചെന്നു..സ്നേഹത്തോടെ എല്ലാ വിധ ആശംസകള്‍ നേര്‍ന്നു അവരെ കയറ്റി വിട്ട് കൊടുങ്ങല്ലൂര്‍ ബസ്സ്‌ തേടി യാത്ര തിരക്കുമ്പോള്‍ ആ യുവതി സ്വയം ചോദിച്ചു..

    "ഞങ്ങള്‍ എല്ലാവരും ഇനിയും കണ്ട് മുട്ടുമോ??"

    "ആ പട്ടാളക്കാരന്‍റെ മോളെ ഒന്ന്‍ കാണാന്‍ കഴിയുമോ??"




"ഓരോ കഥയും അവസാനിക്കേണ്ടത്   നന്മയിലാണ്..ഈ കഥയും അങ്ങിനെ തന്നെ അവസാനിക്കണം..ഈ കഥയുടെ ക്ലൈമാക്സ് ഇങ്ങനെ ആയിരുന്നു..


                                       അന്ന്‍ തലശ്ശേരിയില്‍ ഇറങ്ങിയ ചെറുപ്പക്കാരന്‍ അടുത്ത ദിവസം പോയത് ഒരു കല്യാണ ബ്രോക്കറുടെ കൂടെ കണ്ണൂരിലെ മാട്ടൂല്‍ ഗ്രാമത്തിലേക്കായിരുന്നു. പത്തില്‍ ഒമ്പത് ജാതക പൊരുത്തമുള്ള ഒരു പെണ്‍കുട്ടിയെ കാണിക്കാന്‍ വേണ്ടി.ബ്രോക്കറുടെ ജാതക കുറിപ്പിലെ മേല്‍വിലാസവും, കഴിഞ്ഞ ദിവസം കണ്ണ്‍ നീരില്‍ കുതിര്‍ന്ന്‍ തുണ്ട് കടലാസ്സില്‍ ട്രെയിനില്‍ നിന്നും പെണ്‍കുട്ടി നല്‍കിയ മേല്‍വിലാസവും ഒന്നായിരുന്നു..

                                      ലേക്ക് ഷോറില്‍ ചെന്ന്‍ ഗംഗാധരന്‍ ഡോക്റ്ററെ കണ്ടപ്പോള്‍ തന്നെ ജീവിതം തിരിച്ചു കിട്ടുമെന്നുള്ള ബലം അയാള്‍ക്കും, അയാളുടെ ഭാര്യക്കും കൈ വന്നു..രോഗം മാറാന്‍ രോഗി സ്വയം മാറണമെന്ന ആത്മ വിശ്വാസം കൈ പിടിച്ച് രോഗത്തിനെതിരെ ഒരു പടയൊരുക്കം.ഒപ്പം ജീവിതത്തിലേക്കുള്ള സന്തോഷകരമായ ശുഭയാത്ര.

                                      ഒരാഴ്ച കഴിഞ്ഞ് ദില്ലിയിലേക്ക് യാത്ര തിരിച്ച മംഗള എക്സ്പ്രസ്സിന്റെ  S2 കോച്ചില്‍ അനുജന്റെ വിവാഹ ഉറപ്പിക്കലും കഴിഞ്ഞ് നേഴ്സായ യുവതി കയറിയപ്പോള്‍ എതിര്‍ വശത്തെ രണ്ട്‌ സീറ്റുകള്‍ ഒഴിഞ്ഞു കിടന്നിരുന്നു.വഴിയില്‍ നിന്നും കയറുന്ന ഏതോ യാത്രക്കാര്‍ക്ക് വേണ്ടി. ആ ട്രെയിന്‍  യാത്ര തുടരുമ്പോള്‍ അകലെ ഷോര്‍ന്ണൂര്‍ ജങ്ക്ഷന്‍ റെയിവേ സ്റെഷനില്‍ ഒരച്ഛനും, ആറു വയസ്സുള്ള മകളും ട്രെയിന്‍ കാത്ത്.. ഡല്‍ഹിയിലേക്കുള്ള യാത്ര തുടങ്ങാന്‍..പുതിയ ജീവിതം തുടങ്ങാന്‍.


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....    

 














2016, മേയ് 21, ശനിയാഴ്‌ച

ചുവപ്പ് സിഗ്നല്‍...

                                     


                                      ചുവന്ന സിഗ്നല്‍ ലൈറ്റ്, വെറും അറുപത് സെക്കെന്റ് നേരം വെച്ചു നീട്ടുന്ന ഒരു വലിയ ദാനമാണ്, പച്ച സിഗ്നലില്‍ മനസ്സ് നൊന്ത് ചുവപ്പ് തെളിയാന്‍ കാത്തിരിക്കുന്ന മനസ്സിനെ സന്തോഷിപ്പിക്കുന്ന ആ നിറത്തെ സ്നേഹിക്കാന്‍ തുടങ്ങിയിട്ട് കുറേ നാളുകളായി.അറുപത് സെക്കന്‍റില്‍ ചെന്നത്തേണ്ടത് ബഹു ജനങ്ങളിലേക്ക്. ചിലര്‍ക്ക് പ്രഭാത ഭക്ഷണം കഴിക്കുന്ന തിരിക്ക്, ചിലര്‍ക്ക് മൊബൈല്‍ സംസാരത്തിന്റെ തിരക്ക്, ചിലര്‍ക്ക് കൂടെയുള്ളവരോട്‌ സംസാരിക്കാനുള്ള തിരക്ക്, മറ്റ് ചിലര്‍ക്ക് സ്വന്തം ചിന്തകളിലേക്ക് പോകാനുള്ള സമയം.അതിനിടയില്‍ പുറത്തെ കാഴ്ചകളിലേക്ക് ശ്രദ്ധ തിരിയുന്നത് വിരലില്‍ എണ്ണാവുന്ന ചിലര്‍ മാത്രം.അതില്‍ കവറില്‍ നിറച്ച പഴങ്ങള്‍ വാങ്ങാന്‍ തുനിയുന്നവര്‍ വളരെ കുറച്ച്.അവരെയാണ് വെറും അറുപത് സെക്കെന്റില്‍ കണ്ടത്തേണ്ടത്.

       "സാര്‍..നല്ല മധുരമുള്ള പഴമാ സാര്‍.മുപ്പത് ഉറുപ്യ മാത്രം."

                                   അവജ്ഞയും, അവഗണനയും നിറഞ്ഞ നോട്ടത്തിനു മുന്നില്‍ മനസ്സ് തകര്‍ത്ത് കൊണ്ട് അപകടം നിറഞ്ഞ പച്ച തെളിയാന്‍ അഞ്ചു നിമിഷം മാത്രം ബാക്കി കാണിച്ചുള്ള സിഗ്നല്‍ പോസ്റ്റിലെ മുന്നറിയിപ്പ്.പിന്നെ ഒരു സര്‍ക്കസ്സ് ക്കാരനെ പോലെ ഒരു കയ്യില്‍ ക്രെച്ചസ് താങ്ങി നടപ്പാതയിലേക്ക് പഴം നിറച്ച കവറുമായി ഓടി മാറിയപ്പോള്‍ കവറില്‍ നിന്നും ഒരെണ്ണം താഴേക്ക്. എടുക്കാന്‍ സമയമില്ല..അതിനു മുന്‍പേ അക്ഷമ നിറഞ്ഞ ടയറുകള്‍ പച്ച തെളിയുന്നതിന് മുന്‍പേ തന്നെ ആ പഴത്തെ ടയറില്‍ ചേര്‍ത്ത് ചതച്ചരച്ച് മുന്നോട്ട്.

     "എന്‍റെ ജീവിതമാണ്, വാഹനം കയറിയിറങ്ങി തേഞ്ഞു പോയത്."

                                   കവറില്‍ ഇരിക്കുന്ന പഴങ്ങള്‍ ഒരു തേങ്ങലാണ്. നേര്‍ത്ത നിലവിളിയാണ്.അത് കുറേ ദൂരം ഇടുങ്ങിയ ഗലിയിലെ ഒറ്റമുറി വീടിന്‍റെ ദാരിദ്ര്യം നിറഞ്ഞ അകത്തളം വരെ നീളുന്നു.പഴങ്ങള്‍ ചുവന്ന വെളിച്ചത്തിന്‍റെ ഐശ്വര്യത്തില്‍ മറ്റൊരാള്‍ക്ക് കൈ മാറുമ്പോള്‍ മനസ്സ് സന്തോഷിക്കും. ഒപ്പം ഒറ്റമുറി വീടിനകത്തെ അടുപ്പില്‍ സ്വപ്നം തിളക്കാന്‍ തുടങ്ങും.വില്‍ക്കാതെ പോകുന്ന പഴങ്ങള്‍ എന്നും വേദനയും.എന്നോ വേഗത തിരിക്കില്‍ സമയത്തെ മറി കടക്കാന്‍ വേഗസൂചികയിലെ അക്ഷരങ്ങള്‍ക്ക് അപകടകരമായ ഉയര്‍ച്ച കണ്ടെത്തിയ ദിവസം.അതിന്‍റെ അടയാളമായ പരിണിതഫലമാണ് മുട്ടിനു മേലെ മുറിച്ചു മാറ്റിയ വലത് കാല്‍, പിന്നെ താങ്ങായി കിട്ടിയ മര ക്രെച്ചസ്സും.നഷ്ടങ്ങള്‍ എല്ലാത്തിനും അവസാനം സ്വന്തമായി മാറും, ആരും സഹായിക്കാന്‍ കഴിയാതെ വരുമ്പോള്‍ നഷ്ടങ്ങള്‍ മറക്കണം. അതിനെ അതി ജീവിക്കണം..അല്ലെങ്കില്‍ കുറേ വയറുകള്‍ കരയാന്‍ തുടങ്ങും, വേദനിക്കാന്‍ തുടങ്ങും.അന്നിറങ്ങിയതാണ് പഴകൂടകള്‍ നിറച്ച കവറുമായി ചുവപ്പും, പച്ചയും മാറി മാറി കത്തുന്ന കൊടുങ്ങല്ലൂര്‍ ചന്തപ്പുരയിലെ  സിഗ്നലിലെക്ക്.

     "നോക്ക്..ഞാനീ നശിച്ച റെഡ് ലൈറ്റില്‍ പെട്ടിരിക്കുകയാണ്. അറുപത് സെക്കന്റ് എനിക്ക് നഷ്ടം. ഈ മുടിഞ്ഞ സിഗ്നലുകള്‍ കാരണം ജീവിക്കാന്‍ പറ്റാതെ വരുന്നു. ഒരു ദിവസം ഒരു ബുള്‍ഡോസര്‍ കൊണ്ട് വന്നു എല്ലാം ഇടിച്ച് നിരത്തും ഞാന്‍.."

                                       അയാള്‍ ആഡംബര കാറില്‍ നിന്നും ആരോടോ അലറി വിളിക്കുന്നത് പുറത്ത് നിന്ന് കേള്‍ക്കാം. വില പിടിച്ച വസ്ത്രം, വിലയേറിയ വാച്ച്, വില കൂടിയ മൊബൈല്‍. ഒപ്പം വിലയേറിയ സമയവും.

   "സത്യം പറയാല്ലോ എനിക്കിപ്പോള്‍ ചുവപ്പ് നിറം കാണുന്നതേ കലിയാണ്. നമ്മുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ നിന്നാണ് ഈ അറുപത് സെക്കന്റ് ഒരുപകരാമില്ലാതെ പച്ച തെളിയാന്‍ വേണ്ടി. റെഡ് ഈസ്‌ ഹെല്‍."

                                        ഫോണ്‍ താഴെ വെച്ച് വീണ്ടും സിഗ്നലില്‍ നോക്കിയപ്പോള്‍ ഇനിയും നാല്പത്തിയഞ്ച് സെക്കന്റ് കൂടി.ഇതിപ്പോള്‍ രാവിലെ മുതല്‍ അഞ്ചാമത്തെ സിഗ്നലാ..മൂന്ന്‍ മിനിറ്റ് ആര്‍ക്കുമില്ലാതെ  നഷ്ടമായിരിക്കുന്നു.
അങ്ങിനെ ഓരോ ദിവസവും, ഓരോ മാസവും, ഓരോ വര്‍ഷവും.വെറുപ്പ് കൊണ്ട് പുറം കാഴ്ചകളിലേക്ക് വെറുതെ കണ്ണോടിച്ചപ്പോള്‍ അയാളെ കണ്ടു. ഒറ്റ കാലില്‍ ചാടി ചാടി പഴം നിറച്ച കവറുമായി എല്ലാ വാഹനങ്ങള്‍ക്ക് മുന്നിലും കൈ നീട്ടി. സാധാരണ മനുഷ്യത്വം തോന്നാത്തതാണ്.ജീവിതം പണം നിറയുന്ന, പതയുന്ന, നുരയുന്ന അവസ്ഥയില്‍ അടിച്ചു പൊളിച്ചു ജീവിക്കുന്നതിനിടയില്‍ മനുഷ്യന്‍റെയുള്ളില്‍ ഒരു സത്വം കുടി കയറി.അന്ന്‍ മുതല്‍ വെറുപ്പാണ് യാചകരോടും, തെരുവ് കച്ചവടക്കാരോടും.പക്ഷെ ഇന്ന്‍ ??

                                        മുന്നിലെ സിഗ്നല്‍ പോസ്റ്റില്‍ ഇരുപതാമത്തെ സെക്കെന്റ് മിന്നി മറിഞ്ഞു, ഒപ്പം മനസ്സിലും.. ആ തെരുവ് കച്ചവടക്കാരന്‍റെ ആ ദുരിത പൂര്‍ണ്ണമായ അവസ്ഥയോടുള്ള ഒരനുകമ്പയും.

    "ഹേയ്..ഇവിടെ വാ."

                                         അത് കേള്‍ക്കേണ്ട താമസം അയാള്‍ ഓടി മുന്നില്‍ വന്നു. സന്തോഷവും പ്രതീക്ഷയും നിറഞ്ഞ ആ കണ്ണുകള്‍..ഒരു കൂട വാങ്ങി കാറിനകത്ത് വെച്ച് പേഴ്സ് തുറന്ന്‍ നോക്കി.

   "എത്രയാ??"

   "സാറേ..മുപ്പതുറുപ്യ"

                                          പേഴ്സില്‍ ആദ്യമിരിക്കുന്ന മൂന്ന്‍ പത്ത് രൂപ നോട്ടുകള്‍ക്ക് നേരെ കൈ നീണ്ടതാണ്. വീണ്ടും സഹജീവിയുടെ അവസ്ഥയോടുള്ള മനുഷ്യത്വം ഉള്ളില്‍ കയറിയ സത്വത്തെ മറി കടന്ന്‍. ഇനി ഏഴ് സെക്കന്റ് മാത്രം, ചുവപ്പ് മാറാന്‍, ഈയിടെയായി ഏറെ സ്നേഹിക്കുന്ന പച്ച വെളിച്ചം തെളിയാന്‍ .അഞ്ഞൂറിന്റെ നോട്ട് എടുത്ത് കച്ചവടക്കാരന്റെ നേരെ നീട്ടുമ്പോള്‍ മനസ്സ് സന്തോഷിച്ചു..

    "ചില്ലറയില്ല."

                                      അഞ്ഞൂറിന്റെ നോട്ട് കണ്ട കച്ചവടക്കാരന്റെ മുഖത്തെ പരിഭ്രമം മാറുന്നതിനു മുന്‍പേ നീണ്ട ഹോണടികളുടെ അകമ്പടിയോടെ പച്ച നിറം തെളിഞ്ഞു. മുന്നോട്ട് കുതിച്ച വാഹനങ്ങളുടെ കൂട്ടത്തില്‍ ബാക്കി വാങ്ങാതെ അയാളുടെ കാറും.റിയര്‍ വ്യൂ മിററിലൂടെ കയ്യിലെ നോട്ട് നോക്കി ഒന്നും പറയാന്‍ കഴിയാതെ മിഴിച്ചു നില്‍ക്കുന്ന, പുറകെ വരുന്ന വാഹനങ്ങളുടെ ഹോണടിയും, ഓടിക്കുന്നവരുടെ ചീത്ത വിളിയും കേട്ട് അയാള്‍, ആ പഴ കച്ചവടക്കാരന്‍.

                                        നടപ്പാതയിലെ തണലില്‍ ഇരിക്കുമ്പോള്‍ വീണ്ടും അയാള്‍ ആ നോട്ടിനെ നോക്കി.പിന്നെ തുണി സഞ്ചി അഴിച്ച് കയ്യിലെ പണം എണ്ണി നോക്കി. "നൂറ്റി ഇരുപത് രൂപ " പിന്നെ പച്ച വെളിച്ചത്തില്‍ നിര്‍ബാധം യാത്ര തുടരുന്ന, വേഗം കണ്ടെത്തി ചുവപ്പ് വരുന്നതിനു മുന്‍പേ ലക്‌ഷ്യം പിടിക്കുന്ന വാഹനങ്ങളെ നോക്കി.വീണ്ടും ചുവപ്പ് വന്നപ്പോള്‍ നിര്‍ത്തിയ വാഹനങ്ങള്‍ക്ക് നേരെ അയാള്‍ പഴ കൂടയുമായി പോയില്ല..മനസ്സില്‍ ഒരു മരവിപ്പ്. അര്‍ഹതയില്ലാത്ത എന്തോ കയ്യില്‍ വന്നത് പോലെ.അന്ന്‍ മുഴുവന്‍ ആ മരവിപ്പ് തുടര്‍ന്നു. ഒന്നും വില്‍ക്കാതെ ഉത്സാഹമില്ലാതെ നാളെ പുലരാന്‍ വേണ്ടി സമയമെണ്ണി..

അടുത്ത ദിവസം..

        "അതെ ഞാന്‍ സിഗ്നലിലാണ്.റെഡ് സിഗ്നല്‍.ഈ അറുപത് സെക്കന്റ് നേരം കൊണ്ട് ഒരു ചുക്കും സംഭവിക്കാന്‍ പോണില്ല.എല്ലാം ഞാന്‍ വന്നിട്ട്..ഓ.കെ."

                                  സന്തോഷത്തോടെ ഒരു മൂളി പ്പാട്ടും പാടി ഇരിക്കുമ്പോള്‍ കാറിന്റെ നമ്പര്‍ നോക്കി ചാടി ചാടി അയാള്‍ നടന്ന്‍ വരുന്നു.ആ പഴ കച്ചവടക്കാരന്‍. അയാളുടെ മുഖത്ത് ഒരു വലിയ ആശങ്കയും,ദൈന്യതയും, കിതച്ച് കിതച്ച് കാറിന്റെ അടുത്തെത്തി അയാള്‍ ചില്ലില്‍ മുട്ടി. ഗ്ലാസ്‌ താഴ്ത്തിയതും നാനൂറ്റി എഴുപത് രൂപ വിറച്ച് കൊണ്ട് നീട്ടി ഒറ്റ ശ്വാസത്തില്‍ അയാള്‍ പറഞ്ഞു..

    'സാര്‍..ഇന്നലെ അഞ്ഞൂറ് രൂപ തന്നിട്ട് ബാക്കി തരുന്നതിനു മുന്‍പേ..സിഗ്നല്‍.."

    "ഞാനിത് നിങ്ങള്‍ക്ക് തന്നതാണ്.പഴത്തിന്‍റെ വിലയായിട്ടു.ബാലന്‍സ് ആവശ്യമില്ല.നിങ്ങള്‍ എടുത്തോളൂ."

                               ഒരിറ്റ് കണ്ണീര്‍ വീണ് കൊണ്ടാണ് അയാള്‍ മറുപടി പറഞ്ഞത്.

   "വേണ്ട സാര്‍..ഇതിന്‍റെ വില മുപ്പത്റുപ്യ മാത്രാ.ഒരു കവര്‍ വിട്ടാല്‍ എനിക്ക് നാലുറുപ്യ ലാഭം കിട്ടും.അത് മതി, അര്‍ഹതയില്ലാത്ത ഒരു വിലയും വേണ്ട.ഒരു തരി ജീവന്‍ ഈ ശരീരത്തേ ബാക്കിയുണ്ടെങ്കി അന്നും അധ്വാനിച്ചേ ജീവിക്കൂ..അല്ലാതെ പിച്ചയെടുക്കില്ല."

                            സന്തോഷത്തോടെ ബാലന്‍സ്  പണം വാങ്ങി അതില്‍ നിന്നും അറുപത് രൂപ കച്ചവടക്കാരന്റെ നേരെ നീട്ടി കൊണ്ട് അയാള്‍ പറഞ്ഞു..

   " രണ്ട്‌ കവര്‍ പഴം തന്നേക്ക്‌,"

                            അത് വാങ്ങി മുന്നില്‍ തെളിഞ്ഞ പച്ച വെളിച്ചത്തില്‍ കാറുമായി മുന്നോട്ട് പോകുമ്പോള്‍ അയാളുടെ മനസ്സിലും ചില നന്മയുടെ വെളിച്ചം കത്താന്‍ തുടങ്ങി. ഒപ്പം സന്തോഷത്തോടെ നടപ്പാതയിലേക്ക് ചാടി നടന്ന്‍ നീങ്ങിയ അയാളുടെ മനസ്സിലും ഒരു വെളിച്ചത്തിന്‍റെ തിരി കത്തി ജ്വലിച്ചു..അഭിമാനത്തിന്‍റെ പൊന്‍ തിരി.

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..















2016, മേയ് 2, തിങ്കളാഴ്‌ച

ഇലക്ഷന് മുന്‍പൊരു പത്ത് കല്പനകള്‍.





                "അറിഞ്ഞാര്‍ന്നൊ നമ്മടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച ഒരു പുത്യേ വിധി..എന്നാലും കേരള നിയമ ഇലക്ഷന് മുന്നേ ഇത് വേണായിരുന്നൊ??"

      മുന്‍ഷി അത് കേട്ട് അവസാനമായി അതിനൊരു പഴഞ്ചൊല്ല് പഞ്ച് ഡയലോഗ് വിട്ടു.

                "മേല് നനയാനും പാടില്ല, മേനി നോവാനും പാടില്ല,
                  ചാലു നിറനിറയെ കവിഞ്ഞോഴുകണം."

       എന്തായാലും ഇലക്ഷന്‍ പത്രിക സമര്‍പ്പിച്ചതിനു ശേഷം ഇങ്ങിനെയൊരു വിധി വരുമെന്ന്‍ ആരും പ്രതീക്ഷിച്ചില്ല..മുപ്പത്തഞ്ചു കൊല്ലമായി ജനങ്ങളെ സേവിച്ച് സേവിച്ച് ജീവിച്ച മന്ത്രിയും, അഴിമതിയാറ്റില്‍ കുളിച്ച് ,കുറി തൊട്ട കുറേ മന്ത്രി സുഖാലുക്കളും, ഞങ്ങളുടെ പക്ഷം വരട്ടെ എന്നും പറഞ്ഞു ഇലയിട്ട് ഭരണ സദ്യ കഴിക്കാന്‍ ഒരുങ്ങിയ എതിര്‍ പക്ഷക്കാരും, അക്കൌണ്ട് തുറന്ന്‍ കിട്ടാന്‍ എന്ത് പണിയും ചെയ്യാന്‍ തയ്യാറായവരും, എന്തിന് മറുകണ്ടം ചാടി സീറ്റ് വാങ്ങി അഞ്ചു വര്ഷം കൂടെ നിന്നവരെ തുണി പൊക്കി പാര്‍ട്ടി ചിഹ്നം കാണിച്ച എല്ലാ വേന്ത്രന്മാരും അകെ അന്തം വിട്ട കുന്തം പോലെ കോടതിയെ പള്ളും പറഞ്ഞ്, കരഞ്ഞു...ആരും കരുതിയില്ല ഇങ്ങിനെ ഒരു വിധി വരുമെന്ന്..

               "വല്ലാത്ത ചതിയായി പോയി.ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിച്ച് നടത്തിയ ഇത്തരമൊരു നടപടിക്കെതിരെ ഹേഗിലെ ലോക കോടതിയെ ഞങ്ങള്‍ സമീപിക്കും..ഒറ്റ സിറ്റിങ്ങിനു നൂറു കോടി വാങ്ങുന്ന അമേരിക്കയിലെ സായിപ്പായ "ആര്‍നോള്‍ഡ് ഹാനിബാളിനെ കേസേല്പിക്കും..പ്രതിപക്ഷം, ഭരണ പക്ഷം എന്ന വേര്‍തിരിവില്ലാതെ ഞങ്ങള്‍ ഇതിനെ എതിര്‍ക്കും..."

              ഭരിച്ച് ഒരു വഴിക്കാക്കിയവരും , അഴിമതി പരിവാരങ്ങളും, പ്രതി പക്ഷനും, വാലുകളും, ഇലക്ഷന്‍ വന്നപ്പോള്‍ ഉണ്ടായ കുപ്പായം ഊരി വെച്ച് പുതിയ മുഖ്യനാകാന്‍  കുപ്പായം തുന്നിച്ച  നേതാവും, സിനിമ കുറഞ്ഞപ്പോള്‍, അകാരണമായി സിനിമ ലോകത്തെ യമലോകം ഉറ്റു നോക്കിയപ്പോള്‍ മറുകണ്ടം ചാടിയ സില്‍മ നടന്മാരും, എന്തിന് പുതിയ രാഷ്ട്രീയ മണ്ണില്‍ വിത്തിറക്കി അഞ്ചുകൊല്ലം കൊണ്ട് കൊയ്യാന്‍ കാത്തിരുന്നവരും, വാര്‍ത്ത കേട്ട് , മരണ വീട് പോലെ താടിക്ക് കയ്യും കൊടുത്ത്..

                "ഇതൊന്നുമില്ലെങ്കില്‍ എന്താ..നിങ്ങള്‍ ജന സേവകരല്ലേ...ജനങ്ങളെ ലാഭേച്ച സ്നേഹിക്കുക..ബാക്കിയെല്ലാം  പോട്ടെന്ന്‍ വെക്ക്..."

               "അമ്പടാ പുളൂസ്..ഇത് പോലെയുള്ള ജനസേവനത്തിന് ഞങ്ങ തയ്യാറല്ല കേട്ടാ...ജനസേവനെന്താ കൂലി പണിയോ മറ്റോ ആണോ..ജനസേവനം ചില്ലറ പണിയാ? ഒരു മണ്ഡലത്തിലെ എല്ലാ ചപ്പു ചവറു ചണ്ടി കൂട്ടങ്ങളെ മുഴോന്‍ സേവിക്കണ്ടേ...അതിനൊരു കൂലി വേണം..അല്ലാതെ ഓസിനു ..നടക്കൂല.?''

  ഇലക്ഷനില്‍ മത്സരിക്കാന്‍ റെക്കോഡ് സ്ഥാനാര്‍ഥികള്‍ മുന്നില്‍ വന്ന സമയമാണ്.അഞ്ചു വര്‍ഷത്തെ ബിസിനസ്സ് മുന്നില്‍ കണ്ട് മുതലിറക്കിയ പലരും കെട്ടി വെച്ച പണം തിരികെ കിട്ടുമോന്നറിയാന്‍ വകുപ്പുകള്‍ ആരാഞ്ഞു. മറ്റ് ചിലരാകട്ടെ പിന്മാറാതെ പുതിയ ചില നമ്പറുകള്‍ വോട്ട് ബാങ്കായ ജനങ്ങള്‍ക്ക് മുന്നില്‍ ഇറക്കി തുടങ്ങി.

            "പ്രബുദ്ധരായ വോട്ടര്‍മാരെ..നിങ്ങള്‍ ദയവ് ചെയ്ത് നിങ്ങളുടെ വിലയേറിയ വോട്ട് എതിര്‍ സ്ഥാനാര്‍ഥി സ...കുട്ടപ്പന് നല്‍കി അദേഹത്തെ നിയമസഭയില്‍ എത്തിക്കണം..കഴിഞ്ഞ വര്ഷം നിങ്ങള്‍ എനിക്ക് തന്ന അവസരത്തിന് നന്ദി..ഇനി പുതിയോരാള്‍ക്ക് നിങ്ങളെ സേവിക്കാന്‍ അവസരം നല്കണം.."

  എല്ലാ നിയോജക മണ്ഡലങ്ങളിലും എതിര്‍ സ്ഥാനാര്‍ഥിയെ വാഴ്ത്തി പാടിയുള്ള വാചകങ്ങള്‍.പോക്കണം കൊട് മണ്ഡലത്തില്‍ കുട്ടപ്പന്‍ സ്ഥാനാര്‍ഥി എതിരാളിയുടെ വാഴ്ത്തി പാടല്‍ കേട്ട് തളര്‍ന്നില്ല..അദ്ദേഹം കവലകളായ കവലകള്‍ മുഴുവന്‍ താണ്ടി തന്നെ പ്രകീര്‍ത്തിക്കുന്ന, തന്നെ ജയിപ്പിക്കാന്‍ നോക്കുന്ന ശുഭവസ്ത്ര ധാരിയെ കുറിച്ച് തന്നാലാവും വിധം പ്രചരണം നടത്തി..

          "എന്ത് കൊണ്ട് നിങ്ങള്‍ എനിക്ക് അവസരം തരണം..നിങ്ങളെ നിയമ സഭയില്‍ പ്രതിനിധീകരിക്കാന്‍, ഈ മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം തുടങ്ങി വെച്ച സ്വപ്ന തുല്യമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ വീണ്ടും ഒരിക്കല്‍ കൂടി നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം അദേഹത്തിന് നല്‍കി നല്ല ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക..

   സുപ്രീംകോടതി പുറപ്പെടുവിച്ച പുതിയ വിധിയെ പഴിച്ച് വീണ്ടും പല നേതാക്കളും മത്സര രംഗത്ത് നിന്നും പിന്മാറി തുടങ്ങി.കുനിയാന്‍ ബുദ്ധിമുട്ടുള്ള ഒരു മുതിര്‍ന്ന നേതാവ് ഏതോ ഒരു വ്യാജ ഡോക്ടറുടെ കയ്യില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് വാങ്ങി ശാരിരിക ബുദ്ധിമുട്ടുകള്‍ പറഞ്ഞു പിന്മാറി..പേരിനു നേരെ അഡ്വക്കെറ്റ്‌, ടീച്ചര്‍, മാസ്റര്‍ എന്നിവ ഉണ്ടായിട്ടും ആ പണിക്ക് പോകാതെ ജനങ്ങളെ സേവിക്കാന്‍ മുന്നോട്ട് ഇറങ്ങി തിരിച്ച പലരും ഒരു തിരിച്ച് പോക്ക് ബുദ്ധിമുട്ടാണെന്ന് അറിഞ്ഞപ്പോള്‍ വിഷമിച്ച് കരയാന്‍ തുടങ്ങി..കാരണം അവരില്‍ പലരും തല കറുപ്പിച്ച റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞ യുവ നേതാക്കള്‍ ആയിരുന്നു..

  എന്തായാലും ചീഫ് ജസ്റ്റിസ് പുറപ്പെടുവിച്ച  നിയമം പൊതു ജനങ്ങള്‍ക്ക് ഇഷ്ടമായി.കാലാകാലങ്ങളായി മാറി മാറി ഭരിച്ച് കയ്യിട്ട് വാരി കാലിയാക്കിയ പൊതു ഖജനാവിനെ ആരോ ഭംഗിയായി പെയിന്റടിച്ച് പൊതു മധ്യത്തില്‍ കൊണ്ട് വെച്ചു..അതില്‍ പലയിടത്തും കള്ളന്മാര്‍ ഏല്‍പിച്ച ആഴമുള്ള ക്ഷതങ്ങള്‍..അതിവേഗം മറ്റ് പലതും വളര്‍ന്ന്‍  അതിലേറെ തളര്‍ന്ന്‍, മുരടിച്ച ഒരു നാടിന്റെ വേദന.

      "ഇത്രയും പ്രായമായില്ലേ..ഇനിയെന്തായാലും പൊതു പ്രവര്‍ത്തനരംഗത്ത് നിന്നും വിട പറഞ്ഞു വീട്ടില്‍ പോയി പേരകുട്ടികളെ കളിപ്പിച്ച് വിശ്രമിക്കാനാണ് പ്ലാന്‍..ആരും തടസ്സം പറയരുത്...സ്നേഹത്തോടെ പറഞ്ഞു വിടണം.."

  പ്രായമുള്ള ചില നേതാക്കള്‍ വെച്ച നിബന്ധന ജനം കയ്യടിച്ച് സ്വീകരിച്ചു. സ്വന്തം അണിയെ കൊണ്ട് ചെരുപ്പിടിപ്പിക്കുന്ന, കൊയ്യാനായി വില കൂടിയ ഷൂസുകള്‍ ധരിച്ച് പാടത്തിറങ്ങുന്ന, ഇടക്ക് ഇടക്ക് വിദേശ രാജ്യത്ത് പോയി പാര്‍ട്ടി മീറ്റിങ്ങ് നടത്തുന്ന നേതാക്കള്‍ പോലും വീട് പിടിക്കാന്‍ കെ.എസ്.ആര്‍.ടി,സി ബസ്സിനു പുറകെ ഓടുന്ന കാഴ്ചാനുഭവം..ഒരു കോടതി വിധി കൊണ്ട് ഇലക്ഷന്‍ പ്രചരണം പോലും നിന്നിരിക്കുന്നു..ലാഭമില്ലാത്ത ബിസിനസ്സ് ചെയ്യാന്‍ ആരും ഒരുക്കമല്ല..തരിശായ പാടത്ത് വിത്തിറക്കാന്‍ ആരും തയ്യാറല്ല..

     "അല്ല നേതാവേ..പ്രചരണം വേണ്ടേ..നമ്മള്‍ ഏറെ പിന്നിലാണ്.??"

     'ഇത്രയൊക്കെ പ്രചരിച്ചത് മതി..കഷ്ടക്കാലത്തിനു ജയിച്ചാല്‍ എന്‍റെ ഗതി പിന്നെ അധോഗതി..ഞാന്‍ എത്ര പണം വേണമെങ്കിലും തരാം..എനിക്കെതിരെ നില്‍ക്കുന്ന ആ നാറി ജയിക്കണം..എനിക്ക് കെട്ടി വെച്ച കാശ് പോലും കിട്ടരുത്..പാര്‍ട്ടി എന്നെ പൊറത്ത് ആക്കണം.."

    മത്സര രംഗത്ത്‌ ഉണ്ടായിരുന്ന ചില വെള്ളിത്തിര താരങ്ങള്‍ തലയില്‍ മുണ്ടിട്ട് സംവിധായകരെ തേടി നടകുന്നുവെന്ന വാര്‍ത്തയും പരന്നിരിക്കുന്നു..ചുരുക്കത്തില്‍ നൂറ്റി നാല്പത് സീറ്റുകള്‍ ജയിക്കാന്‍ ഒരുത്തനും ആഗ്രഹമില്ല, ഭരണ തുടര്‍ച്ചയും വേണ്ടാ...ജനങ്ങളെ സേവിക്കണ്ടാ..മന്ത്രി പദം വേണ്ടാ..ഒരു പണിയും ചെയ്യാത്ത ചില സേവകര്‍ പണി പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു..

ഇതിനൊക്കെ കാരണം എന്താ??

എന്താണ് ആ വലിയ സുപ്രീം കോടതി വിധി???

എന്ത് കൊണ്ടാണ് നേതാക്കള്‍ തോല്‍ക്കാന്‍ ആഗ്രഹിച്ചത്??



എല്ലാത്തിനും കാരണം ദേ ദിതാണ്...

      സുപ്രീം കോടതിയുടെ സിറ്റിങ്ങ് ജഡ്ജി പാനല്‍ അതി സുപ്രധാനമായ ഒരു വിധി പുറപ്പെടുവിച്ചു..തമിഴ് നാട് സ്വദേശി കെ.കരിങ്കാല ചോളന്‍ നല്‍കിയ ഹര്‍ജിയിലാണ് പുതിയ വിധി ഉണ്ടായത്..പുതിയ വിധിയെ സ്വാഗതം ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങളിലെ ജനാധിപത്യ രീതിയില്‍ തിരഞ്ഞടുത്ത ഭരണ സംവിധാനത്തോട് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു.."

      പത്ര താളില്‍ നിന്നും കണ്ണെടുത്ത് മുന്‍ഷി കേരളമെന്ന ചായക്കടയുടെ മുന്നില്‍ നില്‍ക്കുന്ന എല്ലാ വോട്ടര്‍ന്മാരെ നോക്കി ആ വിധി വായിച്ചു..

      "ഇനി മുതല്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍...??

1. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ആയി പത്താം തരം പാസ്സായിട്ടുള്ളവരാകണം

2. തിരഞ്ഞെടുക്കുന്ന ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ പാട്ടമായി നല്‍കുന്ന ഒരേക്കര്‍ ഭൂമിയില്‍ സ്വയം കൃഷി ഇറക്കുകയും, മാതൃകപരമായി വിളവെടുത്ത് കാണിക്കുകയും ചെയ്യണം ( ചുരുക്കി പറഞ്ഞാല്‍ ദിവസവും പ്രതിനിധി രണ്ട്‌ മണിക്കൂര്‍ പാടത്ത് പണിയെടുക്കണം..

3.ജനങ്ങളെ സേവിക്കുന്ന വ്യക്തി മദ്യപിക്കാനോ, മദ്യത്തിന്‍റെ പ്രചാരകരാകാനോ പാടുളളതല്ല.

4.തിരഞ്ഞെടുക്ക പ്പെടുന്ന വ്യക്തിക്ക് സര്‍ക്കാര്‍ ചിലവില്‍ വീട് നല്‍കുന്നതല്ല..സ്വന്തം ചിലവില്‍ വീട് കണ്ടെത്തണം.

5. തിരഞ്ഞടുത്ത വ്യക്തിക്ക് വാഹനമോ, സൗജന്യ യാത്രയോ,യാത്ര ബത്തയോ ഒരു പരിധിയില്‍ കൂടുതല്‍ നല്‍കില്ല...(ദല്‍ഹിക്ക്‌ പോകണമെങ്കില്‍ രണ്ടാം ക്ലാസ്സ് യാത്ര മാത്രം.)നിയമ സഭ സമ്മേളനത്തിന് കെ.എസ്.ആര്‍.ടി.സി.

6.തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് മാസ ശമ്പളം 9900-750-18000 രൂപ സ്കെയിലില്‍ നല്‍കും, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നുമില്ല..കൂടാതെ വര്‍ഷത്തില്‍ സര്‍ക്കാര്‍ ജീവനക്കാരന് കിട്ടുന്ന ലീവ് ആനുകൂല്യങ്ങള്‍.

7. തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ സത്യാ പ്രതിജ്ഞ ചെയ്യും മുന്‍പേ പത്ത് ലക്ഷം രൂപ കെട്ടി വെക്കണം..അഞ്ചു വര്ഷം കഴിയുമ്പോള്‍ തിരികെ ലഭിക്കും..അഴിമതി ആരോപണം തെളിഞ്ഞാല്‍ ആ തുകയോടൊപ്പം അഞ്ചു വര്ഷം വാങ്ങിയ ശമ്പളം തിരിച്ചു അടക്കണം..പെന്‍ഷന്‍ ഇല്ല.

8. ഒരിടത്തും ഒരു മുന്‍ ഗണനയും നല്കാന്‍ കഴിയില്ല. എല്ലാ നിയമവും, നീതിയും  പൊതുജനങ്ങള്‍ക്ക് ബാധകമായത്  പോലെ

9. കുടുംബക്കാര്‍ക്കോ, മറ്റുള്ളവര്‍ക്കോ യാത്ര സൗജന്യം, മറ്റ് ആനുകൂല്യങ്ങള്‍ ഒന്നുമില്ല.

10. ഇതിലുപരി ഒരിക്കല്‍ അഞ്ചു വര്ഷം ജനപ്രതിനിധി ആയി തിരഞ്ഞടുത്ത വ്യക്തി വീണ്ടും മത്സരിച്ചാല്‍ മുകളിലുള്ള ആനുകൂല്യം മുഴുവന്‍ അടുത്ത തവണ നഷ്ടമാകും.."

      എന്തായാലും പുതിയ വിധിയോടെ സീറ്റിനു വേണ്ടി ചാക്കില്‍ വെച്ച ആഗ്രഹ വിത്ത് എല്ലാ നേതാക്കളും വെടിഞ്ഞു. മത്സരിക്കാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ പ്രമുഖ പത്രങ്ങളില്‍ പുതിയ വാര്‍ത്ത‍ വന്നു..

    "സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താല്പര്യമുള്ള ജോലിയില്ലാത്ത യുവതി യുവാക്കള്‍ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടുക...യോഗ്യത..............................."


വാല്‍ കഷ്ണം...

     പി.എസ്.സി പരീക്ഷ എഴുതി എഴുതി മടുത്ത പലരും ആറാമത്തെ വിധി പ്രഖ്യാപനത്തില്‍ പറഞ്ഞ ശമ്പള സ്കെയില്‍ പ്രതീക്ഷിച്ച് മുന്നിലേക്ക് വന്നു. സര്‍ക്കാര്‍ ബസ്സില്‍ പോയി നിയമസഭ സമ്മേളനം കൂടാനും, ജനങ്ങളെ പോലെ ഒരാളായി ജീവിക്കാനും തയ്യാറായി കുറേ ചെറുപ്പക്കാര്‍...ഒരു മാറ്റത്തിന്റെ തുടക്കമാകാം...അല്ലെങ്കില്‍ എന്‍റെ ഒരു പാഴ് സ്വപ്നം..

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍.






















                 

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

ശിഷ്ടം...



                                        ''സുഗുണന്‍ സാറേ ബാങ്കിന് ഒരു പരിധിയുണ്ട്, ലോണ്‍ കൊടുക്കുന്ന കാര്യത്തില്‍ പ്രത്യേകിച്ച്, സാര്‍ തന്ന ഡോക്യുമെന്റ് പ്രകാരവും എന്‍.ആര്‍.ഐ ആണെന്ന പരിഗണനയും കൂടി ഉള്ളതോണ്ട്‌  നാലു ലക്ഷം. അതില്‍ കൂടുതല്‍ സാധിക്കില്ല."

         മാനേജര്‍ തീര്‍ത്ത് പറയുന്നു.ഇരുപത് വര്‍ഷം മുന്‍പ് തുടങ്ങിയതാ എന്‍.ആര്‍.ഐ അക്കൌണ്ട്. ഇത് വരെ എത്ര അയച്ചിട്ടുണ്ടാകും.അറിയില്ല, കണക്ക് നോക്കിയിട്ടില്ല.എന്നിട്ടും ഒരാവശ്യം വന്നപ്പോള്‍ വിചാരിച്ച തുക ലോണായി തരാന്‍ കഴിയില്ലെന്ന്.

                                         "സാറെ ഇത് വരെ ഈ മസ്ക്കറ്റില്‍ നിന്ന് നമ്മുടെ ബാങ്കിലേക്ക് അയച്ചത് പത്തൊമ്പത് ലക്ഷത്തി മുപ്പത്തിയേഴായിരം രൂപയാണ്. ഇപ്പോള്‍ ബാലന്‍സ് ഇരുപത്തി ആറായിരം രൂപയും. നാലു ലക്ഷം പാസാക്കി തരാം."

                                        "മാനേജര്‍ സാറേ എനിക്ക് വേണ്ടത് എട്ടു ലക്ഷമാ..പെട്ടെന്ന്‍ കൂട്ട്യാ കൂടാത്ത തോക."

       അവിടെ നിന്ന് പുറത്തേ കൊടും ചൂടില്‍ ഇറങ്ങി തെക്കേ നടയിലേക്ക് അലക്ഷ്യമായി നടക്കുമ്പോള്‍ വല്ലാത്ത പരവശം തോന്നി.എന്നും സാധാരണയായി തോന്നുന്ന പരവശം. ഭക്ഷണം കഴിച്ചാല്‍, ചായ കുടിച്ചാല്‍, വെള്ളം കുടിച്ചാല്‍,ടെന്‍ഷന്‍ വന്നാല്‍, സന്തോഷം തോന്നിയാല്‍, അങ്ങിനെ പലപ്പോഴും തോന്നുന്ന അതേ പരവശം."ഒരു സിഗരെറ്റ്‌ പുകക്കാനുള്ള പരവശം." പോക്കറ്റില്‍ നിന്നും വില്‍സ് പാക്കറ്റ് എടുത്ത് അതില്‍ നിന്നും ഒന്ന്‍ ചുണ്ടില്‍ വെച്ച് തീപ്പെട്ടി തപ്പിയപ്പോള്‍ അത് കളഞ്ഞു പോയിരിക്കുന്നു.

                                         "തീപ്പെട്ടിയുണ്ടോ.?"

                                         "ചേട്ടാ പൊതു സ്ഥലാ, അതും കൊടുങ്ങല്ലൂര്‍ അമ്പല മുറ്റോം. വലിച്ചാ പോലീസ് പിടിക്കും."

    അടുത്തിരുന്ന് മുന്നറിയിപ്പ് തന്ന അയാള്‍ തന്നെ പോലീസ് ആണെന്ന്‍ തോന്നി.പതുക്കെ എഴുന്നേറ്റ് ദേവസ്വം ക്ലോക്ക് റൂമിനടുത്തെക്ക്.ഒന്ന്‍ പുകച്ചില്ലെങ്കില്‍ ഭ്രാന്താകും.പടിഞ്ഞാറെ നടയിലേക്ക് നടക്കുമ്പോള്‍ മനസ്സില്‍ തോന്നിയ ഒരു ചിന്തയുണ്ട്. എന്നാ ഇത് തുടങ്ങിയത്.??

             "അച്ഛന്‍ വലിച്ച് വലിച്ചെറിഞ്ഞ ദിനേശ് ബീഡിയോ??അല്ലെങ്കില്‍ അച്ഛനെ അനുകരിച്ച് കൊച്ചു നാളില്‍ കത്തിച്ച് ചുണ്ടില്‍ വെച്ചു പുകച്ച അയിനി തിരിയോ?? ഏതായിരുന്നു ആദ്യത്തെ പുക.വളര്‍ന്നപ്പോള്‍ ചാര്‍മിനാര്‍ ആണ് ആദ്യം വലിച്ച് തുടങ്ങിയത്.ഗള്‍ഫില്‍ എത്തിയപ്പോള്‍ റോത്ത്മാന്‍സ്. നാട്ടില്‍ വരുമ്പോള്‍ പത്രാസ് കുറയാതിരിക്കാന്‍ ഗോള്‍ഡ്‌ കിങ്ങ്."

    ക്ലോക്ക് റൂമിന് മുറ്റത്തെ നാറുന്ന അന്തരീക്ഷത്തില്‍, ചുമരില്‍ ഒരു വലിയ മുന്നറിയിപ്പ്. "പുകവലി പാടില്ല." അതിനു താഴെ തന്നെ ആയിരക്കണക്കിനു ബീഡി കുറ്റിയും, സിഗരെറ്റ്‌ കുറ്റിയും, കത്തിയമര്‍ന്ന തീപ്പെട്ടി കോലും. ക്ലോക്ക് റൂമിലെ ജീര്‍ണ്ണതയുടെ മുന്നില്‍ ഒരു ടേബിളില്‍ ഇരിക്കുന്ന താടിയും മുടിയും നീട്ടി ഒരു ബീഡിയും വലിച്ച്  നടത്തിപ്പ് ക്കാരന്‍ ഒരക്ഷരം മിണ്ടാതെ മുഖത്ത് നോക്കി.പ്രാഥമിക കാര്യം നടക്കാനും പൈസ വേണം. തിരിച്ച് ഒന്നും പറയാതെ നിന്ന കാരണം കൊണ്ടായിരിക്കാം അവ്യഞ്ഞയോടെ അയാള്‍ ചോദിച്ചത്...

                   "ഒഴിക്കാന്‍ ഒരുറുപ്യ, ഇടാന്‍ രണ്ടുറുപ്യ,ഉള്ളിലിരുന്ന് വലിച്ചാ മൂന്നുറുപ്യ''

    മൂന്ന്‍ രൂപയും കൊടുത്ത് അയാളുടെ കയ്യില്‍ നിന്നും തീ വാങ്ങി ഒരെണ്ണം കത്തിച്ച് അകത്തേക്ക്.ജീവിതത്തിലെ എല്ലാ വിധ വൃത്തികേടുകളും നിറഞ്ഞ ചുമര്‍. അയാള്‍ക്ക് മുന്നേ ആ മുറിയില്‍ കയറി ഇറങ്ങി ആരോ ചിലര്‍ സ്വന്തം കഴിവ് കേട് മറക്കാന്‍ എഴുതി വെച്ച ആപ്തവാക്യങ്ങള്‍.ഒരു മൂലയില്‍ നിന്ന് തുടര്‍ച്ചയായി രണ്ട്‌ പുകയെടുത്തപ്പോള്‍ മനസ്സിലെ പരവശം മാറിയോ??ഇല്ല..ഇപ്പോഴത്തെ ആവശ്യം പണമാണ്.അത് മാറ്റാന്‍ ഇതിനും കഴിയുന്നില്ല.എരിയുന്ന പുകചുരുളുകള്‍ കടന്ന്‍ ഓര്‍മ്മ മസ്ക്കറ്റിലേക്ക്..

                   "സുഗുണേട്ടാ..ഇതെന്താ..ഇത് കൂടുന്നതല്ലാതാ..കൊറയുന്നില്ലല്ലോ. ഇയിടെ നമ്മടെ കടെടെ മൊതലാളി പറയാ, ചേട്ടന് സിഗരെറ്റ്‌ കുറ്റിക്ക് പെയിന്റടിക്കണ ജോലിയാന്നു."

     അത്താഴം കഴിഞ്ഞ് പതിവുള്ള രണ്ട്‌ ചെയിന്‍ റോത്ത്മാന്‍സ് പുകച്ചു തള്ളി റൂമില്‍ വന്നപ്പോള്‍ പത്ത് വര്‍ഷത്തില്‍ കൂടുതലായി കൂടെ താമസിക്കുന്ന റഷീദിന്റെ വക പതിവ് ശകാരം.പിന്നെ കടയില്‍ ഇരിക്കുമ്പോള്‍ ഓരോ അര മണിക്കൂറും ഇടവിട്ട് പുറത്തെ കുടുസ്സ് വരാന്തയില്‍ നിന്ന് പുക വലിക്കുന്നതിനെ ചൊല്ലിയുള്ള കടയുടമയുടെ ഉപമയും.അവന്‍ പറഞ്ഞത് ശരിയാ സിഗരെറ്റ്‌ വലി കൂടി വരുന്നതല്ലാതെ കുറയുന്നില്ല..ഒരു പാക്കറ്റ് എന്നതില്‍ നിന്നും രണ്ടിലേക്കും പിന്നെ ഇപ്പോള്‍ ചില ദിവസം അതിലുമധികം..

                  "കൊപ്ര, കൊടമ്പുളി ഇതൊക്കെ ഒണക്കാന്‍ പൊകയിടും നാട്ടില്..ഒണങ്ങി വരുമ്പോ അതങ്ങ് ചുക്കി ചുളിയും. നിങ്ങള് കണ്ട്ട്ടുണ്ടോ.അത് പോലെ സിറെട്ടിന്റെ പോക ചെന്ന്‍ നിങ്ങടെ ചങ്കും, കരളും ഒണങ്ങി വരണ്ടിട്ടുണ്ടാകും."

                   "വിട്ടു കള റഷി, ഇത് വലിച്ചില്ലേല്‍  ഒരു വെപ്രസന്നിയാ."

    റഷീദ് എന്ന റഷി വിട്ടു കളയാനുള്ള മൂഡിലായിരുന്നില്ല.പത്ത് വര്‍ഷമായി ഒരുമിച്ച് ജീവിച്ചും, ഒന്നിച്ച് ഒരു കടയില്‍ ജോലി ചെയ്തും നേടിയ സ്നേഹവും, അധികാരവും മുന്‍ നിര്‍ത്തി അത് വരെ പറയാന്‍ ആഗ്രഹിച്ച കണക്ക് കൂട്ടലുകള്‍ നിരത്താന്‍ തുടങ്ങി.

                     "നിങ്ങളൊരു ഒരീസം എത്ര സിറേറ്റ് പൊകക്കും?"

                     "പത്ത് മുപ്പതെണ്ണം, നാട്ടില്‍ വല്ല പ്രശ്നോം വന്ന ഇത്തിരി കൂടും.നാല്പത്..."

   ഒരു കാല്‍കുലേട്ടര്‍, ഒരു കടലാസ്സ്, ഒരു പേന റഷീദ് എന്ന കണക്ക് വിദ്വാനും..

                     "ഒരു സിറേറ്റ് രണ്ടുറുപ്യ ഓടാകെ കൂട്ടിക്കോ..പണ്ട് സിറേറ്റിന് കാശ് കൊറവാ  അത് കാണണ്ടാ.പണ്ട് നിങ്ങക്ക് ശമ്പളം കൊറവ് തന്നെ.ഇന്ന്‍ നൂറ്റി നാപ്പത് റിയാല്‍, അന്ന്‍ എമ്പത്‌ റിയാല്‍...ഒരു ദെവസം മുപ്പത് വെച്ച്..മിനിമം അറുപത് ഉറുപ്യ വേണം പൊകക്കാന്‍ മാത്രം..അപ്പ മുടങ്ങാതെ ഒരു മാസോ..ആയിരത്തി എണ്ണൂറു ഉറുപ്യ, ഒരു വര്‍ഷം നോക്ക്യാ പന്ത്രണ്ടേ ഗുണം ആയിരത്തി എണ്ണൂറു , എന്‍റെ കൊടുങ്ങൂ പള്ളീ!! ഇരുപത്തോന്നായിരത്തി അറുനൂറു രൂപ!! നിങ്ങളെ ഞാന്‍ അറിയണ കാലം മുതലേ ദെവസം ഈ ലെവലാ വലി.പത്ത് വര്‍ഷം കൊണ്ട് പഹയാ സുഗുണെട്ടാ നിങ്ങ വലിച്ച് തള്ളി പൊകച്ചത് രണ്ട്‌ ലക്ഷത്തിനു മേലെ ഉറുപ്യാണ്. ഇരുപത് വര്ഷം ഇവിടെ നിന്ന കണക്ക് വെച്ച് നോക്കുമ്പോള്‍ നാലഞ്ച് ലക്ഷം ഉറുപ്യ.''ആ കാശ് ശിഷ്ടം വെച്ചിരുന്നെങ്കില്‍ എന്നെങ്കിലും നിങ്ങക്ക് ആവശ്യം വരണ ഒരു കാലം വന്നേനെ."

   ശരിയാണ് ആ പൈസയാണ് ആവശ്യം വന്നിരിക്കുന്നത്. കടം വാങ്ങിയും പണയം വെച്ചും പൈസ ഉണ്ടാക്കും.എന്നാലും.സിഗരെറ്റ്‌ കുറ്റിയോടും, പാക്കറ്റിനോടും, പിന്നെ തീപ്പെട്ടി കൊള്ളിയോടും ദേഷ്യം തോന്നിയ നിമിഷം.വീണ്ടും അവന്‍റെ പഴയ വാക്കുകള്‍.

                     "നിങ്ങക്ക് എന്‍റെ ഇക്കാക്കാടെ സ്ഥാനാ.നമ്മള് കണ്ട കരേല് വീടും, കുടുംബോം ഇല്ലാണ്ട് കഷ്ടപ്പെടണത് എന്തിനാ..ഒരു കുടുംബം കൂടെണ്ട്, അതോണ്ടല്ലെ, ചെല സമയത്ത് നിങ്ങള് നാസ്ത പോലും കഴിക്കാതെ പണിക്ക് പോകും.അപ്പൊ പറയണ വാക്കുണ്ട്, സ്വന്തം മുണ്ട് മുറുക്കിയാലും പിള്ളേര്‍ക്ക് അന്നത്തിനു മുട്ടരുതെന്ന്, അതീ നശിച്ച പൊകയുടെ കാര്യത്തിലും ഒന്നാക്കി കൂടെ."

  ആ വാക്കുകള്‍ അന്ന്‍ കേട്ടപ്പോള്‍ വിഷമം തോന്നി.പിറ്റേന്ന് രാവിലെ ഉണര്‍ന്നപ്പോള്‍ എല്ലാം മറന്നു. ഒരു കട്ടന്‍ ചായ, പിന്നെയൊരു പുക .ആ ശീലം തോടങ്ങിയിട്ടു കാലം കുറേ ആയിരിക്കുന്നു.മാറ്റാന്‍ കഴിയാത്ത ശീലം.

    ആ കുടുസ്സ് മുറിയില്‍ നിന്നുമിറങ്ങി അമ്പല പറമ്പിലൂടെ നടന്ന്‍ മേത്തല ബസ്സില്‍ കയറി സീറ്റില്‍ ചാരി ഉറങ്ങിയപ്പോള്‍ ഒരു കൊച്ചു പകല്‍ സ്വപ്നം. എന്‍റെ  പിന്നില്‍ കഴിഞ്ഞ് പോയ കാലത്ത് വലിച്ചു തല്ലിയ സിഗരെറ്റ്‌ കുറ്റികള്‍ എരിയുന്നു.ക്ഷണ നേരം കൊണ്ട് അതൊരു ചുടല പോലെ കത്തി ആളി നീണ്ട തീ നാളങ്ങള്‍ നീട്ടി എന്‍റെ ആത്മാവിനെ വിഴുങ്ങാന്‍.ഞാന്‍ കയ്യിലുണ്ടായിരുന്ന സിഗരെറ്റ്‌ പാക്കറ്റ് വലിച്ചെറിഞ്ഞു ഓടി വീട്ടില്‍ കയറി വാതില്‍ അടച്ചുപൂട്ടി.തീനാളങ്ങള്‍ പുറത്ത് നിന്നും ഉറക്കെ...

                "ഒരു ശരാശരി പുകവലിക്കാരന്‍റെ ശ്വാസ കോശ"

                 എന്തായിത് പകല്‍ സ്വപ്നം കാണേണ്."

   വീടെത്തിയതും ഭാര്യ മുന്നില്‍ വന്നതും അറിഞ്ഞില്ല. കീശയില്‍ അപ്പോഴും ഒരു വില്‍സ് പാക്കറ്റ് ചുട്ടു പൊള്ളുന്നത് പോലെ.പണ്ട് ഭാര്യയും, മകളും  പറഞ്ഞ ചില വാക്കുകള്‍ കൂടി ഭൂതക്കാലത്തില്‍ നിന്നും വേര്‍പ്പെട്ട് ഭേദ്യം ചെയ്യാന്‍ തുടങ്ങി.നെഞ്ചു പൊടിഞ്ഞു പറഞ്ഞ വാക്കുകള്‍..

              "നിങ്ങള് ഓരോ സിഗരെറ്റ്‌ എടുത്ത് പോകച്ച് തള്ളുമ്പോഴും അതിന്‍റെ തീ എന്‍റെ നെഞ്ചിലാ എരിയണേ,ഒന്ന്‍ നിര്‍ത്തി കൂടെ."

               "അച്ചാ പുകവലി ആരോഗ്യത്തിന് ഹാനികരമാണ്.അച്ഛന്റെ മാത്രമല്ലാ.കൂടെ അടുത്തിരിക്കുന്ന എന്‍റെയും."

               "നിങ്ങളെന്നും ആരോഗ്യത്തോടെ ഇരിക്കണമെന്ന എന്‍റെ സ്വപ്നങ്ങളിലേക്കും, പ്രാര്‍ത്ഥനയിലേക്കുമാണ് ഈ തീക്കൊള്ളി കൊണ്ട് നിങ്ങള്‍ തീ പടര്‍ത്തുന്നത്."

  പരവശം കൂടുന്നു.ഒരു ഉപയോഗവും ഇല്ലാതെ പാഴാക്കിയ പണമോര്‍ത്ത്, പുകച്ച് തള്ളിയ നിമിഷങ്ങള്‍ ഓര്‍ത്ത്.പോക്കറ്റില്‍ നിന്നും പൊള്ളുന്ന സിഗരെറ്റ്‌ പാക്കറ്റ് എടുത്ത് ഭാര്യയുടെ നേരെ നീട്ടി, അവിശ്വസനീയമായ മുഖഭാവത്തിനു മീതെ ദൃഡമായ ഒരുറപ്പ് പോലെ..

             "തോട്ടില്‍ കളഞ്ഞേക്ക്, ഇനിയില്ല.....ഒരിക്കലും"

    ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നുന്ന നിമിഷം പോലെ ഭാര്യയുടെ കണ്ണുകളില്‍ വിളക്കുകള്‍ തെളിഞ്ഞു..ഐശ്വര്യത്തിന്‍റെ ദീപ നാളം കത്തുന്ന കണ്ണുകളില്‍ നോക്കി മനസ്സ് പറഞ്ഞു.

               ''എട്ടു ലക്ഷം രൂപ , അത് ഞാനുണ്ടാക്കും. കടം വാങ്ങിച്ചോ, ലോണ്‍ എടുത്തോ, അത് വീട്ടാനുള്ള ആരോഗ്യത്തില്‍ പുക പുരളാന്‍ ഇനി അനുവദിക്കില്ല.വിട എന്നത്തെക്കുമായി പുക ചുരുളുകളോട്."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..



           

 


















      

2016, ഏപ്രിൽ 25, തിങ്കളാഴ്‌ച

തലൈക്കൂത്തല്‍





                                     "ദാ...നിങ്ങളിത് കണ്ടോ??"

           മനോരമ പത്രത്തിന്‍റെ "ഞായറാഴ്ച" പേജ് മുന്നിലേക്ക് നീട്ടി കൊണ്ട് ഭാര്യ ഭര്‍ത്താവിനെ നോക്കി തന്‍റെ മനസ്സിലുള്ളത് ആ അക്ഷരങ്ങളിലൂടെ തുറന്ന്‍ പറഞ്ഞു..അയാള്‍ ആ അക്ഷരങ്ങള്‍ നെഞ്ചടിപ്പോടെ വായിച്ച് തുടങ്ങി..

                     "രഹസ്യം, ദുരൂഹം, തലൈക്കൂത്തല്‍"

          റേഡിയാര്‍പട്ടി- പ്രായമായവരെ മക്കളും, ബന്ധുക്കളും ചേര്‍ന്ന്‍ നിര്‍ദ്ദയം കൊന്ന് തള്ളുന്ന നാട്.നൂറ്റാണ്ടുകള്‍ പഴക്കമുള്ള തലൈക്കൂത്തല്‍ എന്ന ദുരാചാരം ഇന്നും നിലവിലുള്ള നാട്.."മുന്‍ തന്തയ്ക്ക് എന്‍ തന്ത ചെയ്യ്തത് എന്‍ തന്തയ്ക്ക് ഏന്‍ ചെയ്യും" മുഴുവന്‍ വായിച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ഭാര്യയെ വേദനയോടെ നോക്കി..ഒപ്പം വീടിന്‍റെ അരികിലെ ചായ്പ്പിലേക്കും ഒരു വട്ടം പാളി നോക്കി...ആ അര്‍ഥം മനസ്സിലായത് പോലെ ഭാര്യ അയാളെ ദേഷ്യത്തോടെ നോക്കി തന്‍റെ അവസാന തീരുമാനം അറിയിച്ചു...

                         "എന്നെ കൊണ്ട് വയ്യ..ഇനീം ....ട്ടോം, മൂത്രോം കോരാന്‍.."

         അവള്‍  അകത്തേക്ക് പോയപ്പോള്‍ അയാള്‍ വീണ്ടും ഒന്ന് കൂടി ആ വാര്‍ത്ത  വായിച്ച് നോക്കി...മനസ്സ് അകെ തകരുകയാണ്..ജന്മം തന്ന വയറാണ് ചായ്പ്പില്‍ മുഴിഞ്ഞ പഴന്തുണി പോലെ കിടക്കുന്നത്..അതിനെ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗമാണ് ഭാര്യ ഒരു പത്ര വാര്‍ത്തയില്‍ കൂടി മുന്നോട്ട് വെച്ചിരിക്കുന്നത്..

       പ്രായമായവരെയും, മാറാരോഗികളേയും മക്കളും, ബന്ധുക്കളും ചേര്‍ന്ന്‍ രഹസ്യമായി കൊല്ലുന്ന ദുരാചാരം..തലൈക്കൂത്തല്‍..റെഡിയാര്‍പട്ടി, ഉശിലംപെട്ടി,അണ്ടിപട്ടി തുടങ്ങിയ തമിഴ് കുഗ്രമാങ്ങളില്‍ ഇന്നും നിലകൊള്ളുന്ന രഹസ്യമായ ആചാരം..കൊല്ലാന്‍ തീരുമാനിച്ച ആളെ അതി രാവിലെ മുതല്‍  തലയിലൂടെ മണിക്കൂറുകള്‍ എണ്ണ ഒഴിക്കും..അതിനു ശേഷം കുറേ മണിക്കൂറുകള്‍ തണുത്ത വെള്ളം ഒഴിക്കും...അതിനിടയില്‍ ഔഷധ കൂട്ട് ചേര്‍ന്ന ഇളനീര്‍..രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ തന്നെ തലൈക്കൂത്തല്‍ ഇര പനിയോ, ന്വൂമോണിയയോ ബാധിച്ച് ആര്‍ക്കും സംശയത്തിനു ഇടം കൊടുക്കാതെ മരണപ്പെടും..അതാണ് പത്രത്തില്‍ വിവരിച്ച് വെച്ചിരിക്കുന്നത്..

                       "വയസ്സായ വേഗം ചാവണം..ഇത് കാലന് പിടി കൊടുക്കാതെ മനുഷ്യനെ വെറുപ്പിച്ച്...സ്വത്ത് പങ്ക് വെക്കാന്‍ നേരത്ത് കൊതീം, കൊറവും പറയാന്‍ എല്ലാരുണ്ടായിരുന്നു..അത് കഴിഞ്ഞപ്പോ നോക്കാന്‍  ഒരു പട്ടിയുമില്ല..."

      ഭാര്യ അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ല...ചായ്പ്പില്‍ കിടന്ന് അമ്മ എല്ലാം കേള്‍ക്കുന്നുണ്ടാകും...ഒരിക്കല്‍ രാവിലെ കഞ്ഞി കോരി കൊടുക്കുമ്പോള്‍ അമ്മയുടെ കണ്ണുകള്‍ നിറയുന്നത് കണ്ടു..തുടച്ചിട്ടും തുടച്ചിട്ടും പിന്നേയും, പിന്നേയും കണ്ണ് നീര്‍..അമ്മയുടെ കാതുകള്‍ക്കും, ചെവിക്കും ഒരു തകരാറുമില്ല...അതേ പോലെ ഓര്‍മ്മയ്ക്കും

                         "മോനെ..അമ്മ  നിങ്ങക്കെല്ലാമൊരു  ഭാരായില്ലേ...?''

      ഉത്തരം പറയാന്‍ സാധിച്ചില്ല..കണ്ണ് നീര്‍ പിന്നേയും, പിന്നേയും ഒഴുകുന്നു..
വലിയ ഒരു നെടുവീര്‍പ്പ് അമ്മയില്‍ നിന്നും..എല്ലാം അമ്മ കേള്‍ക്കുന്നുണ്ട്. നേരില്‍ കാണാതെ തന്നെ എല്ലാമറിയുന്നുണ്ട്...ഒന്നിനും പ്രതികരിക്കാതെ എല്ലാം സഹിക്കുന്നുണ്ട്..

                       "കാലന് പോലും വേണ്ടാതെ ഇങ്ങിനെ നരകിക്കാന്‍ അമ്മ എന്ത് തെറ്റാ മക്കളെ ചെയ്തേ??"

    മനസ്സിന് വല്ലാത്ത വിഷമം തോന്നി..നാളെ എനിക്കുമുണ്ടാകാം ഇത് പോലെ  വാര്‍ദ്ധക്യം..ഒരു പക്ഷെ ഇതിനേക്കാള്‍ ഭയാനകമായ ഒരവസ്ഥ..ഭാര്യ അവള്‍ ഒന്നും കേള്‍ക്കാനുള്ള മാനസികാവസ്ഥയിലല്ല...അവളുടെ ദേഷ്യം മുഴുവന്‍ ബന്ധുക്കളോടാണ്..അവള്‍ക്ക്  ആദ്യമാദ്യം അമ്മയെ വളരെയധികം ഇഷ്ടമായിരുന്നു....പിന്നെ എപ്പോഴോ അമ്മയുടെ വാര്‍ദ്ധക്യരിഷ്ടതയില്‍ അനിഷ്ടം തോന്നാന്‍ തുടങ്ങി. എല്ലാം അനുഭവിക്കാന്‍ അവള്‍ മാത്രം, അവസാനക്കാലത്ത് നോക്കാന്‍ അവള്‍ മാത്രം  ഉള്ളുവെന്ന തോന്നല്‍ .അത് പതുക്കെ വളര്‍ന്ന്‍ വെറുപ്പും, വിദ്വേഷവുമായി മാറി.അതിന്ന്‍ പൂര്‍ണ്ണ രൂപത്തില്‍ ..അമ്മയെ കൊല്ലാനുള്ള പദ്ധതി വരെ...

    പേപ്പര്‍ മടക്കി അകത്ത് ചെല്ലുമ്പോള്‍ ആ ചോദ്യഭാവം  വീണ്ടും..ഒന്നും മിണ്ടാതെ ടേബിളില്‍ തല കുനിച്ചിരുന്നു.മറുപടി തൊണ്ടയില്‍ ഒരു വേദന പോലെ കുടുങ്ങി പുറത്ത് വരാന്‍ വിസമ്മതിക്കുന്നു...

                       "ഇന്ന്‍ വെളിയില്‍ പോയി വരുമ്പോള്‍ അരപാട്ട എണ്ണ വാങ്ങി കൊണ്ട് വന്നേക്ക്..ഈ ഞാറാഴ്ച ....."

    മുഴുവനാക്കുന്നതിന് മുന്‍പേ തൊണ്ടയില്‍ കുടുങ്ങി നിന്ന വാക്ക് പുറത്തേക്ക് വന്നു..ഒരു അലര്‍ച്ചയോടെ...

                        "നിര്‍ത്ത്..എന്നെ പ്രസവിച്ച സ്ത്രീയാണത്..എന്‍റെ അമ്മ..."

    പൊട്ടി കരഞ്ഞുകൊണ്ട്‌ ഇരുണ്ട മുറിയിലേക്ക് കയറി.ഓര്‍മ്മയില്‍ ഒരു പഴയ കാലം.അത് വീണ്ടും വീണ്ടും തെളിയുന്നു..വര്‍ഷങ്ങള്‍ക്ക് മുന്‍പ്. മരണത്തിനും, ജീവിതത്തിനുമിടയില്‍ പോരാടിയ എന്‍റെ ഭൂതക്കാലം..പനി ആയിട്ടായിരുന്നു തുടക്കം..പിന്നെയത് ദിവസങ്ങള്‍ കൊണ്ട് "വസൂരിയായി.."
മാരകമായ രോഗം...ബോധം വന്നാല്‍ കരയും..ഒന്നും കഴിക്കാന്‍ സാധിക്കുന്നില്ല..ഇരുട്ട് നിറഞ്ഞ മുറിയില്‍ അമ്മ കൂട്ടിന്...നീണ്ട ഏഴ് ദിവസം അമ്മ തന്നെ അടുത്ത്, ആ ഏഴ് ദിവസം അമ്മ ഉറങ്ങിയോ, എന്തെങ്കിലും കഴിച്ചോ..ഉണര്‍ന്ന്‍ നോക്കുമ്പോള്‍ എല്ലാം അമ്മ വീശാന്‍ പാള കൊണ്ട് വീശുന്നുണ്ടാകും...കണ്ണീരോടെ അടുത്തുണ്ടാകും...പ്രാര്‍ത്ഥിക്കുന്നുണ്ടാകും

                       "എന്‍റെ മോന്‍ പേടിക്കണ്ടാ..കൊടുങ്ങല്ലൂരമ്മ നമ്മളെ കാക്കും..മോനോന്നും വരത്തില്ല..വേഗം സുഖാകും..."

   ഇന്ന്‍ ജീവനോടെ ഇരിക്കുന്നത് അമ്മ കാരണം തന്നെ..അങ്ങിനെ പല ദിവസങ്ങള്‍...എന്നും അസുഖം വന്നാല്‍ അമ്മ അടുത്ത് നിന്നും മാറില്ല..മുതിര്‍ന്നിട്ടും, വിവാഹം കഴിച്ചിട്ടും ഒരു ചെറിയ തലവേദന പോലും ഉണ്ടെന്നറിഞാല്‍ അടുത്ത് നിന്ന് മാറില്ല..മാറാന്‍ പ്രാര്‍ത്ഥനയും, നാട്ടു വൈദ്യവുമായി അമ്മ..ഒരിക്കല്‍ അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞ ഒരു വാക്ക് ...

                    "കാക്കക്ക് താന്‍ കുഞ്ഞു പൊന്‍ കുഞ്ഞു..കുഞ്ഞിനു സുഖമില്ലേല്‍ പിന്നെ തള്ളക്ക് എന്ത് സുഖം..."

  തലയണയില്‍ കലര്‍ന്ന കണ്ണ് നീരില്‍ മുഖമമര്‍ത്തി പഴയെതെല്ലാം ചിന്തിച്ച്കിടക്കുമ്പോള്‍ പിന്നില്‍ നിന്നും അവളുടെ ശബ്ദം..

                    "എല്ലാമുണ്ടാക്കി  വെച്ചിട്ടുണ്ട്...ഞാനൊന്ന്‍ കുഞ്ഞാങ്ങളടെ വീട് വരെ പോയിട്ട് വരാം..അമ്മക്ക് തീരേ വയ്യാത്രെ..ഒന്ന്‍ പോയി കണ്ടിട്ട് വൈന്നെരത്തിന് മുന്നേ തിരികെ വരാം..."

  അവളുടെ അമ്മ. അവരെ കാണാനാണ് പോയത്. വാര്‍ദ്ധക്യം ബാധിച്ച അവരെ കാണാന്‍ പോകുമ്പോള്‍ മനസ്സില്‍ ചോദിക്കാന്‍ തോന്നി "ഒരു അര പാട്ട എണ്ണ വാങ്ങി തരട്ടേന്ന്" വേദനയാകും എന്ന ഉറപ്പുള്ളതിനാല്‍ മനസ്സില്‍ തന്നെ മൂടി വെച്ചു..

  എണ്ണകുപ്പിയുമായി അമ്മയുടെ മുറിയിലേക്ക് കയറിയപ്പോള്‍ ആ കണ്ണുകള്‍ വല്ലാതെ നോക്കി...എല്ലാം മനസ്സിലാക്കാന്‍ അമ്മക്കൊരു അറാമിന്ത്രിയം ഉണ്ടെന്ന്‍ തോന്നുന്നു...അമ്മയെ എണ്ണ തേച്ച് , ഇളം ചൂട് വെള്ളത്തില്‍ കുളിപ്പിച്ച്, പുതിയ വസ്ത്രം ധരിപ്പിച്ച്, മുറിയെല്ലാം വൃത്തിയാക്കി, ചെറു ചൂടുള്ള കഞ്ഞി കൊടുത്ത് അമ്മയുടെ അടുത്തിരുന്നപ്പോള്‍ ആ ചുണ്ടുകള്‍ ചെറുതായി മന്ത്രിച്ച പോലെ..

                   "മോനെ..ആരുമറിയില്ല...ആ കഞ്ഞീല്‍ ഇച്ചിരി വിഷമോഴിച്ച്..സന്തോഷത്തോടെ അമ്മ കുടിച്ചോളാം...ഭഗവാന്‍റെ അടുത്തേക്ക് പോയേക്കാം...ആരേം ബുദ്ധി മുട്ടിക്കാതെ.."

                  "പണ്ട് വസൂരി വന്നു ചാവാന്‍ കേടന്നപ്പോള്‍ അമ്മക്കിത് തന്നെ എന്നോട് ചെയ്യായിരുന്നില്ലേ??..എന്തേ ഉറങ്ങാതെ ദൈവത്തോട് പ്രാര്‍ത്ഥിച്ച് എന്നെ നോക്കി അത്രേം  ദിവസങ്ങള്‍ അടുത്തിരുന്നത്...?"

                   "എന്‍റെ കുഞ്ഞായതോണ്ട്.."


    മറുപടി പറഞ്ഞ അമ്മയുടെ ഈറനായ  കണ്ണുകള്‍ തുടച്ച് ആ ചുക്കി ചുളിഞ്ഞ നെറ്റിയില്‍ ഒരുമ്മ കൊടുത്ത് കട്ടിലില്‍ കിടത്തി അന്ന്‍ മുഴുവന്‍ അടുത്തിരുന്ന്..അമ്മ ഉറങ്ങുന്നത് വരെ...

                "ആര്‍ക്ക് വേണ്ടെങ്കിലും എനിക്ക് വേണം...അങ്ങിനെ ഉപേക്ഷിച്ച് കളയാന്‍ എന്നെ കൊണ്ടാകില്ല..."

   ഒഴിഞ്ഞ പാത്രവുമായി വീട്ടിലേക്ക് ചെല്ലുമ്പോള്‍ ചുവരില്‍ ചാരി കണ്ണീരോടെ അവള്‍..കണ്ടപ്പോള്‍ പൊട്ടി കരയാന്‍ തുടങ്ങി...അടുത്ത് ചെന്നിരുന്ന് ആശ്വസിപ്പിച്ചു...കാരണം എന്താണെന്ന് ചോദിക്കാതെ തന്നെ വിങ്ങി വിങ്ങി ...

                'നാത്തൂന്‍ എന്‍റെ അമ്മയെ നോക്കണത് പോലുല്ലാ..ഞാന്‍ ചെല്ലുമ്പോള്‍ മൂന്നാല് ദേവസായിട്ടു അമ്മ അതേ കെടപ്പാ..പുറത്തെ തൊലി പൊട്ടി തൊടങ്ങിയേക്കണ്..മൂത്രത്തില്‍ കുളിച്ച്, ഒന്നും കഴിക്കാതെ..കണ്ടാല്‍ പ്രാക്ക് തോന്നണ കോലം..."

                'ഞാന്‍ തന്നെ വെള്ളം ചൂടാക്കി ഡെറ്റോള്‍ ഒഴിച്ച് തൊടച്ച് ...കൊറച്ച് പൊടിയരി കഞ്ഞി കുടിച്ചപ്പോള്‍ അമ്മ ഉഷാറായി...ആങ്ങള കണ്ട ഭാവം നടിച്ചില്ല...നാത്തൂന്‍ എന്നെ കേള്‍പ്പിക്കാന്‍ മട്ടില്‍ കൊറേ ചീത്തയും..

  വീണ്ടും പൊട്ടി കരച്ചില്‍. അവളെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ച് പതുക്കെ പുറത്ത് തട്ടി സ്നേഹത്തോടെ ചോദിച്ചു...

             "അത് തന്ന്യല്ലേ ഇവിടുത്തെ അമ്മയുടെ അവസ്ഥ..ആരും നോക്കാനില്ലാതെ..അതായിരുക്കും നമ്മുടേം  അവസ്ഥ...ആരുമില്ലാതെ..??"

  ആ കരച്ചില്‍ കൂടി വന്നത് പോലെ..എത്ര നേരം കരഞ്ഞുവെന്ന്‍ അറിയില്ല. കണ്ണില്‍ നിന്നും ഒഴുകിയ കണ്ണ്‍ നീരിനോപ്പം തിരിച്ചറിവ് ഒരു വെളിച്ചം പോലെ ആ മനസ്സിലേക്ക് വന്നുവെന്ന് തോന്നുന്നു.വൈകുന്നേരം അമ്മയെ കുളിപ്പിക്കാന്‍ അവള്‍ വെള്ളം കാച്ചുമ്പോള്‍ അതിനോടൊപ്പം വരാന്ത പതിപ്പ് ഞായറാഴ്ച പേജും കത്തി കരിയുന്നുണ്ടായിരുന്നു...ഒപ്പം തലൈക്കൂത്തല്‍ എന്ന ദുരാചാരവും....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

                       











2016, ഏപ്രിൽ 23, ശനിയാഴ്‌ച

മരണത്തിന് സാക്ഷിയായി...

         

                      
           "അന്ന്‍, ഇരുപത് കൊല്ലങ്ങള്‍ക്ക് മുന്‍പ്, ഏതോ ഒരു പുസ്തകവും വായിച്ച് ഉറക്കത്തിലേക്ക് തിരിക്കുമ്പോള്‍ ഒരിക്കലും കരുതിയില്ല വരാന്‍ പോകുന്നത് ഉറക്കമില്ലാത്ത ഒരു രാത്രിയുടെ തുടക്കമായിരിക്കുമെന്നു...ഉറക്കത്തിന്‍റെ സുന്ദരനിമിഷത്തില്‍ കേട്ട ഫോണ്‍ ശബ്ദം കേട്ടില്ലെന്ന് നടിച്ച് പുതപ്പിലേക്ക് ചുരുണ്ട് കൂടിയപ്പോള്‍ വാതിലില്‍ മുട്ടി വിളിച്ചു കൊണ്ട് അമ്മയുടെ ശബ്ദം...

                    "മോനെ..മുത്രത്തിക്കര പോണം.വെല്ലിച്ചന്‍ സീരിയസാ..."

        ഒട്ടും താല്‍പര്യമില്ലാതെ എഴുന്നേറ്റ് ബാത്ത് റൂമില്‍ പോയി തിരികെ വന്ന് കൊട്ട് വാ വിട്ട് ഹാളിലെ ഇരുട്ടില്‍ വണ്ടിയുടെ ചാവിക്കായി തപ്പുമ്പോള്‍ വരാന്തയില്‍ വെളുത്ത ഖദര്‍ മുണ്ടും, ഷര്‍ട്ടും ധരിച്ച് ഒട്ടും ക്ഷീണമില്ലാതെ ചാര് കസേരയില്‍ പോകാന്‍ റെഡിയായി അച്ഛന്‍, ജീപ്പിറക്കി ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ മുപ്പത് കിലോമീറ്റര്‍ ദൂരം വരുന്ന ലക്‌ഷ്യം തേടി യാത്ര തിരിക്കുമ്പോള്‍  മുന്നിലുള്ള വിജനമായ വഴിയില്‍ വാഹനത്തിന്‍റെ വെളിച്ചത്തിന് മീതെ കൂടുതല്‍ ഇരുട്ട് പുരളുന്നത് പോലെ...

      ജീപ്പ് പാര്‍ക്ക് ചെയ്ത്  മുന്നേ നടന്ന്‍ പോയ അച്ഛന്റെയും, അമ്മയുടെയും പിന്നാലെ ഇരുട്ട് വീണ വഴിയിലൂടെ നടന്നപ്പോള്‍ കരിയിലകള്‍ ഒന്നിളകി എന്തോ ഇഴഞ്ഞു പോയി..ഇടവഴിയില്‍ നിന്നും സ്രാമ്പിപ്പുര പോലെയുള്ള പഴയ വീട് വരെ മരണം എവിടെയോ ഒളിച്ചിരിക്കുന്ന മൂകത...ഇരുള്‍ വെട്ടി തുറന്ന്‍ പെട്രോമാക്സ് വെട്ടം കണ്ടപ്പോള്‍ മനസ്സില്‍ ഒരു ആശ്വാസം തോന്നി...അതിന് ചുറ്റും ആത്മഹത്യ ചെയ്യാന്‍ കാത്ത് നില്‍ക്കുന്ന നിശാ ശലഭങ്ങള്‍, ദൂരെ മാറി ഒരു തെങ്ങിന്‍റെ ചുവട്ടില്‍ ചുവന്ന കണ്ണുകളോടെ ഒരു വലിയ വടവും, കോടാലിയുമായി മരം വെട്ടുന്ന തമിഴന്‍ മണിയന്‍...അയാളുടെ വിധിക്കായി കാത്തിരിക്കുന്ന മൂവാണ്ടന്‍ മാവ്..മൊത്തം മരണം നിറഞ്ഞിരിക്കുന്ന രാത്രി ചിത്രങ്ങള്‍..

     ഇറയത്ത്‌ കയറുമ്പോള്‍ തന്നെ ഭയാനകമായ ഒരു വായു വലി ശബ്ദം...വെല്ലിച്ചന്‍ ജീവന്‍ പ്രകുതിയില്‍ നിന്നും പിടിച്ചു വാങ്ങാനുള്ള അവസാന ശ്രമം പോലെ..അമ്മയെ കണ്ടതും ആരോ പൊട്ടി കരയാന്‍ തുടങ്ങി..ഉടനെ തന്നെ കല്ലൂരിലെ അമ്മായി വക വിലക്ക്..

                  "പാടില്ല..ജീവന്‍ പൂവണ നേരത്ത് കര്യാന്‍ പാടില്ല..."

    ആ കാലുകളില്‍ അവസാനമായി ഞാന്‍ തൊട്ട് അനുഗ്രഹം തേടിയപ്പോള്‍ തണുത്ത മരണത്തിന്റെ സാമീപ്യം...കാലുകള്‍ മരിച്ചിരിക്കുന്നു..ഇനി അവസാനമായി നിലക്കാന്‍ അവശേഷിക്കുന്നത് തൊണ്ടയില്‍ കുടുങ്ങി നില്‍ക്കുന്ന ശ്വാസം മാത്രം..മരണം അതിങ്ങനെ മുന്നില്‍ ഓര്‍ സത്യം പോലെ...പുറത്തേക്ക് നടക്കുമ്പോള്‍ ആദ്യമായി കുറച്ച് ഭീതി തോന്നി..ഇവിടെ എവിടെയോ മരണം പതുങ്ങി നടക്കുന്നു...

               "കാലത്ത് ഒരു പത്ത് മണിക്ക് വെക്കാല്ലേ..?"

               "അതോണ്ടാ തമിഴന്‍ മണീനെ രാത്രി തന്നെ കൊണ്ടോന്നത്.."

               "ഭാഗ്യം പഞ്ചമി ഇന്നലെത്തോടെ കടന്ന്‍  പോയത്...അല്ലേല്‍ നൂറു ദോഷങ്ങളാ.."

   ഒരു ജീവന്‍ അതിന്‍റെ അവസാന പിടച്ചിലോടെ ഭൂമിയില്‍ തുടരാന്‍ ദേഹവുമായി പട വെട്ടുന്ന സമയത്ത് ചില നിഷ്കളങ്കരായ ഗ്രാമീണ മനസ്സുകള്‍ പട്ടട ഒരുക്കാനുള്ള പദ്ധതികള്‍ മെനയുന്നു..മുന്നോട്ട് നടന്നപ്പോള്‍ ഇരുട്ടില്‍ വീണ്ടും മരണം വാ പിളര്‍ന്നു മുന്നില്‍ നില്‍ക്കുന്നത് പോലെ തമിഴന്‍ മണിയന്‍...അയാള്‍ക്ക് ചുറ്റും ആത്മാവുകള്‍ നൃത്തം ചെയ്യുന്നത് പോലെ..അവിടെ നിന്നും മരങ്ങള്‍ സ്വരു കൂട്ടി വെച്ച ഇരുളില്‍ ഒരു കസേരയുമായി ചെന്നിരിക്കുമ്പോള്‍ മനസ്സില്‍ ചില ഭയ ചിന്തകള്‍..ഭൂതം, പ്രേതം, പിശാച്, അതമാവ്..എന്തിന് എനിക്ക് എന്നില്‍ തന്നെ വിശ്വാസം നഷ്‌ടമായ സമയമാണ്...എന്നാലും ഇപ്പോള്‍ കണ്മുന്നില്‍ മരണം അടുത്ത് വന്നു നില്‍ക്കുന്നത് പോലെ..എനിക്ക് വേണ്ടിയല്ലെങ്കില്‍ കൂടി മറ്റൊരാള്‍ക്ക് വേണ്ടി...

     ഇരിക്കുന്ന വലിയ മരത്തിന്‍റെ ചുവട്ടില്‍ നിന്നും ദൂരേക്ക് നോക്കിയാല്‍ പാടങ്ങളുടെ അപ്പുറം ഏറെ ദൂരത്ത് റെയില്‍പ്പാത കാണാം..ഒരു മിന്നാമിനുങ്ങ്‌ വെളിച്ചവും, അതി ഭയാനകമായ ഹോണ്‍ ശബ്ദവും മുഴക്കി ഏതോ രാത്രി വണ്ടി പോകുന്ന താളം..അതിനൊപ്പിച്ച് എവിടെയോ ഒരു നായയുടെ നേര്‍ത്ത മോങ്ങല്‍...തീവണ്ടി കടന്ന്‍ പോയതോടെ നായയുടെ ശബ്ദം കുറച്ച് കൂടി ഉച്ചത്തിലായി...മനുഷ്യനെ പകല്‍ ഇത്രയും സ്നേഹിക്കുകയും, രാത്രികളില്‍ ഇത്രയും പേടിപ്പിക്കുകയും ചെയ്യുന്ന ഒരു വളര്‍ത്ത് മൃഗം വേറെ ഉണ്ടാകില്ല...പാടത്ത് കൂടെ ചൂട്ട് കറ്റകള്‍ വരമ്പിലേക്ക് കയറി മരണവീട്ടിലേക്ക് വരുന്ന മറ്റൊരു കാഴ്ച...ഒപ്പം കുരുമുളക് തൊടിയിലെ കല്ല്കൂനയില്‍ ചെവി തുളക്കുന്ന തരത്തില്‍ കരയുന്ന അട്ടകളുടെ  കരച്ചില്‍, മരണം എവിടെയോ വന്നു കാത്തിരിക്കുന്നു. വെല്ലിച്ഛന്റെ അതമാവിനെ കൂടെ കൊണ്ട് പോകാന്‍...

    എന്നോ വളര്‍ന്ന്‍ വലുതായപ്പോള്‍ മനസ്സില്‍ നിന്നും വലിച്ചെറിഞ്ഞതാണ് ഭൂതപ്രേത പിശാച് ചിന്തകള്‍..."എന്നേക്കാള്‍ വലിയൊരു ഭൂതമോ?? എന്നാലതൊന്നു കാണണം..??" പലപ്പോഴും മനസ്സിന് തോന്നിയത് അതായിരുന്നു...സ്നേഹിതര്‍ പലരും ചില അനുഭവങ്ങളും പങ്ക് വെച്ചപ്പോള്‍ തീര്‍ത്ത് പറഞ്ഞ ഒരു കാര്യമാണ് ഓര്‍മ്മ വരുന്നത്...

             "അനുഭവം..എനിക്കുണ്ടായിട്ടില്ല...അതിനാല്‍ വിശ്വാസമില്ല.."

   രാത്രി കൊടുങ്ങല്ലൂരിലെക്ക് വരുമ്പോള്‍ കരൂപ്പടന്ന പാലത്തിന്റെ അടുത്ത് വെച്ച് എണ്ണിയാല്‍ തീരാത്ത ഒരു കൂട്ടം മുയലുകള്‍ വട്ടം ചാടിയ കഥയും, കരാഞ്ചിറ വെച്ചു പാതിരാത്രിയില്‍ കാലില്ലാത്ത പെണ്ണ് വണ്ടിയ്ക്ക് കൈ കാണിച്ച കഥയും.മൂന്നാം നിളയിലെ ഹോസ്ടല്‍ മുറിയിലെ ജാലകത്തിലൂടെ രാത്രിയില്‍ എത്തി നോക്കിയ പൂച്ചന്‍ കണ്ണന്‍ സുന്ദരിയും ...പിന്നെയും ചില കൂട്ടുക്കാര്‍ കഥകള്‍..

   എന്തായാലും ഒന്നുറപ്പ്...പ്രവചിക്കാന്‍ കഴിയാത്ത, കാണാന്‍ കഴിയാത്ത ഒരു ഊര്‍ജ്ജം നമുക്കുള്ളില്‍ നമുക്ക് ചുറ്റും വലയം ചെയ്യുന്നു...അത് നഷ്ടമാകുന്ന സമയം ജീവിതം അവസാനിക്കുന്നു...ആ ഊര്‍ജ്ജത്തെ ആത്മാവ് എന്നും, ആവിയെന്നും, പ്രേതമെന്നും വിളിക്കുന്നു...ഇപ്പോള്‍ അങ്ങിനെ ഒരാളുടെ ഊര്‍ജ്ജ വലയമാണ് നഷ്ടമാകാന്‍ പോകുന്നത്...അതിനെ ഉറപ്പിക്കുന്ന രീതിയില്‍ നായയുടെ മോങ്ങല്‍ കൂടി കൂടി വരുന്നു..ഇപ്പോള്‍ താഴത്തെ തൊടിയില്‍ നിന്നാണ്..അതടുത്ത് അടുത്ത് വരുന്നു...ഇടക്ക് ഞാനിരിക്കുന്ന സ്ഥലത്തെ ഇടത്തേ തൊടിയിലെ തൊഴുത്തിലെ പശുക്കള്‍ ഒന്നമറിയ ശബ്ദം..വീണ്ടും നായ ഉച്ചത്തില്‍ മോങ്ങിയപ്പോള്‍ തൊഴുത്തില്‍ നിന്നും പശുവിന്റെ കുറച്ച് കൂടി ഉറക്കെയുള്ള കരച്ചില്‍...അതിന്‍റെ അവസാനം പോലെ വീട്ടില്‍ നിന്നും കല്ലൂരത്തെ അമ്മായിയുടെ കരച്ചിലോടെയുള്ള ശബ്ദം ഉയര്‍ന്നു...

    "മരണം നടന്നിരിക്കുന്നു...എനിക്കടുത്ത് കൂടെ വെല്ലിച്ചന്‍റെ ആത്മാവ് അറിയാത്ത ലോകം തേടി പോയിരിക്കുന്നു..."

    വീട്ടിലേക്ക്‌ നടക്കാന്‍ കസേരയില്‍ നിന്നും എഴുന്നേറ്റ നിമിഷമാണ് അത് സംഭവിച്ചത്...പെരുവിരല്‍ മുതല്‍  തലച്ചോര്‍ വരെ ഒരു നിമിഷം കൊണ്ട് നിശ്ചലമായ ആ നിമിഷം...ഞാനിരുന്ന സ്ഥലത്തെ മരത്തില്‍ നിന്നും ഒരു വലിയ കൂറ്റന്‍ പക്ഷി വലിയ ചിറകുകള്‍ വിരിച്ച്, ചിറകടിച്ച് ആകാശത്തേക്ക് പറന്നുയര്‍ന്നു...അതിന്‍റെ ചിറകുകള്‍ വീശിയടിച്ച കാറ്റില്‍ മരച്ചില്ലകള്‍ പോലും ആടിയുലഞ്ഞു എനിക്ക് മുന്നില്‍ ഭീതിയുടെ ഒരു ചിത്രം തീര്‍ത്തു..പേടിയോടെ നടന്ന്‍ മുന്നോട്ട് നീങ്ങുമ്പോള്‍ തമിഴന്‍ മണിയന്‍ കോടാലിയും, വടവുമായി മാവിന് പിന്നിലെ ഇരുട്ടിലേക്ക് നടന്ന്‍ നീങ്ങുന്നു..

  ഞാനിന്നും ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷവും ആ അനുഭവം അനുഭവിച്ച് തീര്‍ത്ത അതേ വികാരത്തോടെ എഴുതി വെക്കുമ്പോഴും മനസ്സ് തുറന്ന്‍ പറയുന്നു....നമുക്ക് ചുറ്റും നാമറിയാതെ നമ്മളെ ചുറ്റുന്ന എന്തോ ഒന്നുണ്ട്...അതിനെ ചിലര്‍ ഭീകര രൂപമാക്കി പ്രേതമെന്നും, ഭൂതമെന്നും മുദ്ര കുത്തിയിരിക്കുന്നു..അതിനു ശേഷം വീണ്ടും ഇത്തരമൊരു അനുഭവം എനിക്കുണ്ടായിട്ടില്ല....ചില മരണങ്ങള്‍ നേരിട്ട് കണ്ടിട്ട് കൂടി..ഒരു പക്ഷെ മരിച്ച വ്യക്തിക്ക് എന്നോടുണ്ടായ അതിയായ സ്നേഹം തെളിയിച്ച ഒരനുഭവം ആകാം...ആയിരിക്കാം..ആണെന്ന്‍ വിശ്വസിക്കാം..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...