
"ട്യേ...അരുല്ലേ ഇവ്ടെ??"
മുറ്റത്ത് നിന്നും വെടിപൊട്ടുന്ന പോലെ ശബ്ദം..കുഞ്ഞടുക്കളയിലിരിന്ന്‍ പശുവിന് കാലി തീറ്റ കൊണ്ട് വെള്ളമുണ്ടാക്കുന്ന അമ്മ പേടിയോടെ കുത്തഴിയിലൂടെ പുറത്തേക്ക് നോക്കി.അടുപ്പില്‍ എരിയുന്ന തീനാളത്തിന്‍റെ വെളിച്ചത്തില്‍ അമ്മയുടെ കണ്ണുകളിലെ ഭയം, അത് പതുക്കെ എന്നിലേക്കും.. ആ ശബ്ദം കേട്ടിട്ടാകണം കാലത്ത് കുടിക്കേണ്ട വെള്ളത്തിന് വേണ്ടി അമറി നിലവിളിച്ചിരുന്ന തൊഴുത്തിലെ പശുക്കള്‍ പോലും നിശബ്ദരായത്..മുറ്റത്ത് വെളിച്ചം പരന്നിട്ടും കൂകി വിളിച്ചിരുന്ന കോഴിചാത്തന്‍ കൂവല്‍ നിര്‍ത്തിയത്.
"ട്യേ..അവനെവിടെ പോയടീ..??"
അമ്മ നെഞ്ചില്‍ കൈ വെച്ച് ഭയത്തോടെ ആരോടെന്നില്ലാതെ പറഞ്ഞു..
"ന്‍റെ ദൈവേ..എന്തും കൊണ്ടാണാവോ അച്ഛന്റെ വരവ്..?"
ആരാമ്മേ?? ഉമ്മറത്ത്.??
അമ്മ ശബ്ദം താഴ്ത്തി "അപ്പൂപ്പന്‍.."
എന്റെ കൊച്ചുമനസ്സിലെക്കും ഭീതി നിറക്കാന്‍ ആ ചെറിയ വാക്കുകള്‍ ധാരാളമായിരുന്നു..പേടിയോടെ അമ്മയും, അതിലേറെ പേടിയോടെ അമ്മയുടെ സാരി തുമ്പില്‍ പിന്നിലൊളിച്ച് ഞാനും മുറ്റത്തേക്ക് ചെന്നു..അമ്മയുടെ വിറയല്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു. മുറ്റത്ത് എത്തിയപ്പോള്‍ അത് വരെ ഉദിച്ച് നിന്ന സൂര്യനും പേടിയോടെ മേഘ കൂട്ടത്തില്‍ ഒളിച്ച് കത്തുന്ന മുറ്റത്ത് നിഴല്‍ പരത്തിയത് പോലെ..അമ്മയും ഞാനും ആ മുഖത്തേക്ക് നോക്കിയില്ല..അച്ഛന്റെ അച്ഛന്‍..നാട് വിറപ്പിക്കുന്ന ജന്മിയായ പ്രമാണി, മുന്കൊപി, അതിലുപരി കഴിഞ്ഞ ഒരു വര്‍ഷമായി അച്ഛനുമായി ഒരു സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ കേസ് നടത്തുന്ന, വഴക്കിട്ട് നില്‍ക്കുന്ന അപ്പൂപ്പന്‍..
"ആരാടീ അവനോട് ഈ മുറ്റത്ത് മാവ് നടാന്‍ പറഞ്ഞത്??"
ഞാന്‍ പതുക്കെ സാരി തലപ്പിന്റെ മറവില്‍ നിന്നും വെളിച്ചത്തിലേക്ക് നോക്കി..ദേഷ്യം കൊണ്ട് വിറച്ച് നില്‍ക്കുന്ന അപ്പൂപ്പന്‍ ചോദിച്ച ചോദ്യത്തിന്‍റെ അര്‍ത്ഥം...തര്‍ക്കം നില്‍ക്കുന്ന ഭൂമിയില്‍ അച്ഛന്‍ കഴിഞ്ഞ മാസം നട്ട മാവാണ് വിഷയം. ഒരു രാത്രിയില്‍ കോയമ്പത്തൂര്‍ പോയി വന്നപ്പോള്‍ അച്ഛന്‍ കുറേ മാങ്ങകള്‍ കൊണ്ട് വന്നു.വായില്‍ കൊതിയുടെ രുചി വീണ്ടും വീണ്ടും നിറക്കുന്ന മധുരം കലര്‍ന്ന ആ മാങ്ങയുടെ അണ്ടി കുഴിച്ചിട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരു വാക്ക്.
"മോന്‍ വലുതാകുമ്പോ ഈ മാവ് കായ്ക്കും..എന്നും മാങ്ങ തരണ മാവാ..കാലത്തും വൈകീട്ടും വെള്ളം കോരി ഒഴിച്ച് കൊടുക്കണം..കേട്ടോ..
പിന്നെയൊരു ആവേശമായിരുന്നു..കഴിഞ്ഞ ഒരു മാസം രാവിലെ മുതല്‍ തണുത്ത് കിടക്കുന്ന കുളത്തില്‍ നിന്നും വെള്ളമെടുത്ത് ആ മാവിന് താഴെ ഒഴിക്കുമ്പോള്‍, വൈകുന്നേരം ഇരുളും മുന്‍പ് പകല്‍ ചൂടാറാതെ തെളിഞ്ഞ് കിടക്കുന്ന വെള്ളം കോരിയെടുത്ത് വീണ്ടും ഒഴിക്കുമ്പോള്‍.. ഓരോ ദിവസവും ഇലകള്‍ വലുതായി മാവ് വളരുന്ന കാഴ്ച കാണുമ്പോള്‍ എന്‍റെ കുഞ്ഞു മനസ്സില്‍ മൊട്ടിട്ട സുഖം, സ്വപ്നങ്ങള്‍..ആദ്യത്തെ മാങ്ങ ഗണപതി അമ്പലത്തില്‍ കൊടുക്കുമെന്ന് മനസ്സാ വിചാരിച്ച്, ആറ്റ് നോറ്റ് വളര്‍ത്തുന്ന മാവിന് മുന്നിലാണ് രാവിലെ അപ്പൂപ്പന്‍ കലി തുള്ളി നില്‍ക്കുന്നത്..
'പട്ടി നായിന്‍റെ മക്കള്...കൈ കേറിയ സ്ഥലത്ത് മാവ് നട്ടിരിക്കണ്..."
മുറ്റത്ത് നട്ട ആറു മാവുകളില്‍ തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്തെ മൂന്ന്‍ മാവുകള്‍ എന്‍റെ കുഞ്ഞു മനസ്സില്‍ തീരാ മുറിവ് തീര്‍ത്ത് പിഴുതെടുത്ത് ദൂരെ എറിഞ്ഞു..ഒന്നും പറയാന്‍ കഴിയാതെ അമ്മ..പിന്നെയും കുറേ ഒച്ച വെച്ച് അപ്പൂപ്പന്‍ നടന്നകന്നപ്പോള്‍ ദൂരെ തോടിനരികെ കിടക്കുന്ന മാവിന്‍ തൈകളെ ഞാനൊന്ന്‍ നോക്കി..അത് ജീവന് വേണ്ടി പിടക്കുന്നത് പോലെ..അമ്മ കരഞ്ഞുകൊണ്ട് കൊണ്ട് അകത്തേക്ക്..പുറകെ പേടിയോടെ ഞാനും..
കുറേ കഴിഞ്ഞപ്പോള്‍ മാത്രമാണ് എനിക്ക് പുറത്തേക്ക് വരാന്‍ ധൈര്യം വന്നത്..ദൂരെ അടുത്ത പറമ്പിന്റെ അറ്റത്ത് അപ്പൂപ്പന്‍റെ നിഴല്‍.ആ നിഴലിനെ പോലും ഭയന്ന്‍ പറമ്പില്‍ പണിയെടുക്കുന്ന പണിക്കാര്‍, തോടിനരികെ കിടക്കുന്ന മൂന്ന്‍ കൊച്ചു മാവിന്‍ തൈകള്‍ ...മനസ്സിലെ പേടി മാറ്റി വെച്ച് പതുക്കെ നടന്നു..ഇടയ്ക്ക് ഒരു കണ്ണ് കൊണ്ട് അപ്പൂപ്പനെ നോക്കി..വാടി കരിഞ്ഞ തൈകള്‍..മുറിഞ്ഞ വേരില്‍ നിന്നും വെളുത്ത ചോര ഒഴുകി നിലച്ചിരിക്കുന്നു.. കണ്ണുകളില്‍ നിന്നും ഒഴുകിയ കണ്ണ്‍ നീര്‍...എന്‍റെ സ്വപ്‌നങ്ങള്‍..വളര്‍ന്ന്‍ വലുതായി പന്തലിച്ച് ഒരു ആവാസ വ്യവസ്ഥയായ് മാറി തണലും, മധുരമുള്ള മാമ്പഴവും, നല്‍കേണ്ട മാവിന്‍ തൈ..
"എന്തിനാ അപ്പൂപ്പാ...മാവിന്‍ തൈ പറച്ച് കളഞ്ഞത്??എന്ത് തെറ്റ് ചെയ്തിട്ടാ..ഇത് വളര്‍ന്ന്‍ വലുതായിരുന്നെങ്കില്‍ നല്‍കുന്ന തണലും, തണുപ്പും, പിന്നെ മധുരം കിനിയുന്ന മാങ്ങയും..??"
മനസ്സില്‍ എന്നോട് തന്നെ ഞാന്‍ ചോദിച്ചു.നിറഞ്ഞ കണ്ണോടെ ദൂരെ മാറുന്ന വെളുത്ത നിഴലിനെ നോക്കി..ഞാന്‍ ജനിച്ചതിന് ശേഷമാണ് അച്ഛന്‍ തറവാട്ടില്‍ നിന്നും വഴക്കിട്ട് പിരിഞ്ഞത്..തികച്ചും ബന്ധങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് ഒരു നാള്‍ വളരെ വേഗം കടത്തില്‍ മുങ്ങി കെട്ടി ഉയര്‍ത്തിയ കൊച്ചു വീട്..അവിടെ എനിക്ക് നഷ്‌ടമായ ഒരു പിതാമഹ വാത്സല്യം..ജനിച്ചതില്‍ പിന്നെ ഇത് വരെ ഒന്ന് നോക്കിയിട്ടില്ല, ചിരിച്ചിട്ടില്ല, ഒരു നുള്ളു മിട്ടായി വാങ്ങി തന്നിട്ടില്ല..എന്തിന് എനിക്ക് അച്ഛന്‍ എനിക്കിട്ട പേര് പോലും അറിയില്ല..ഒരു മുഴം മണ്ണിന്‍റെ അവകാശ തര്‍ക്കത്തില്‍ ബന്ധം മുറിച്ച് മാറ്റിയ മനസ്സുകള്‍.ഇതൊക്കെയാണെങ്കിലും എന്ത് തന്നെ ആയാലും എനിക്ക് എന്‍റെ അപ്പൂപ്പനെ ഇഷ്ടമാണ്.ഒന്ന്‍ എന്‍റെ മുഖത്തേക്ക് നോക്കി ചിരിക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞു മനസ്സ്..ഒരു നുള്ള് മധുരം വായില്‍ വെച്ച് തരാനും കൊതിക്കുന്ന മനസ്സ്...
വൈകീട്ട് അച്ഛന്‍ വന്നപ്പോള്‍ രാവിലെ നടന്നത് അമ്മ കുറേ കണ്ണീരില്‍ ചാലിച്ച് പറഞ്ഞ് കൊടുത്തു.അമ്മയെ വേദനിപ്പിച്ചത് വഴക്കില്‍ വഴി വിട്ട് പോകുന്ന ബന്ധങ്ങളാണ്.പരസ്പര സ്നേഹത്തിന്റെ കണ്ണികളാണ്.ആശ്വാസ വാക്ക് പോലെ അച്ഛന്‍ പറയുന്നത് കേട്ടു...
"സാരല്യെ...മൂന്നെണ്ണം മാത്രല്ലേ അച്ഛന്‍ പറിച്ചത്..ബാക്കി ഉമ്മറത്ത് ഉണ്ടല്ലോ..ഒരിക്ക അച്ഛന് മനസ്സിലാകും ...എന്‍റെ സ്നേഹം..നീയ് കണ്ടോ?"
ഇരുട്ടില്‍ പായയില്‍ കിടന്ന എന്‍റെ കുഞ്ഞു മനസ്സില്‍ ആ വാക്കുകള്‍ തട്ടി പ്രതിഫലിച്ചു..എല്ലാവരും സ്നേഹത്തോടെ..അപ്പൂപ്പന്‍ താമസിക്കുന്ന വീട്ടില്‍ ഒരു വട്ടം പോകാന്‍..ആ മടിയില്‍ കയറി ഇരിക്കാന്‍...ഒരു തലോടല്‍..സ്നേഹം കലര്‍ന്ന ഒരു ചിരി, ,ഒരു നുള്ളു മിട്ടായി ആ കൈകളില്‍ നിന്നും വാങ്ങാന്‍..
"അച്ഛന് മാവ് പറിച്ച് കളഞ്ഞത് പോലെ മനസ്സീന്ന്‍ എന്നേം, നിങ്ങളേം പറിച്ച് കളയാന്‍ അങ്ങനങ്ങട് കഴിയില്ല..അച്ഛനറിയാം..അച്ഛന്‍ തന്നെയാണ് ഈ ഞാനെന്ന്‍??"
ഇരുളില്‍ കേട്ട അച്ഛന്റെ വാക്കുകള്‍ക്ക് ഒരല്പം സങ്കടം ചാലിട്ടത് പോലെ എനിക്ക് തോന്നി. അച്ചന്‍റെ കഷ്ടപ്പാടുകള്‍..മൂന്ന്‍ മക്കളെ പഠിപ്പിച്ച് വളര്‍ത്താന്‍ പെടുന്ന പെടാപ്പാടുകള്‍, തെങ്ങില്‍ നിന്നും കിട്ടുന്നത് ആശ്രയിച്ച് തള്ളി നീക്കുന്ന ദിവസങ്ങള്‍,അതിനിടയില്‍ കേസ്, കോടതി, ചിലവുകള്‍..പലപ്പോഴും ആ അധ്വാനം നേരില്‍ കാണുന്നത് പ്രഭാതത്തിലാണ്..കാലത്ത് ഒരു ഗ്ലാസ്സ് പഞ്ചാരവെള്ളവുമായി പറമ്പിന്‍റെ ഏതെങ്കിലും കോണില്‍ കിളച്ച് നില്‍ക്കുന്ന അച്ഛനെ തേടി നടക്കും..ഒടുവില്‍ കണ്ടെത്തി വെള്ളം കൊടുക്കുമ്പോള്‍ ഒരു വലിയ്ക്ക് അകത്താക്കി ഒരല്പം മിച്ചം വെച്ച് തിരികെ തരും..അത് എനിക്കുള്ളതാണ്..കിളച്ചും, നനച്ചും നട്ട് വളര്‍ത്തുന്നത് ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളുടെ പഠനത്തിനും, വളര്‍ച്ചക്കും വേണ്ടി..അവിടെ ചുറ്റി പറ്റി നിന്ന് ചെറിയ സഹായം തുടങ്ങുമ്പോള്‍ എന്നും പറയുന്ന സ്നേഹം കലര്‍ന്ന ശാസന..
"മോന്‍ പൊക്കോ...വെയില് കൊള്ളണ്ടാ.."
അങ്ങിനെ വെയിലും, മഴയും, വസന്തവും മാറി മാറി വരുമ്പോള്‍ കാലമെല്ലാം പെട്ടെന്ന് മാറ്റി വരക്കും..പ്രകുതിയും, ആകൃതിയും പിന്നെ ബന്ധങ്ങളും..മുറ്റത്ത് നിന്ന മൂന്ന്‍ മാവുകള്‍ ഞങ്ങളെക്കാള്‍ വേഗം വളര്‍ന്ന്‍ മരമായി മാറി പൂക്കാനും, കായ്ക്കാനും തുടങ്ങി..മണ്ണിന്‍റെ പേരില്‍ നിലനിന്നിരുന്ന കേസ് അച്ഛനും, മകനും പറഞ്ഞ് തീര്‍ത്ത് വീണ്ടും ഒന്നായി സ്നേഹത്തിലും, ഐക്യത്തിലും എത്തി ചേര്‍ന്നു..പക്ഷെ അപ്പോഴേക്കും പ്രതാപിയായ പിതാമഹനെ വാര്‍ദ്ധക്യം എന്ന ഭീകരമായ അവസ്ഥ ബാധിച്ചിരുന്നു..എല്ലാം നിസ്സഹായതയും നിറയുന്ന ദിവസങ്ങള്‍, ഒരു വടിയുടെ, അല്ലെങ്കില്‍ ഒരു കൈ താങ്ങിന്റെ സഹായമില്ലാതെ ഒന്ന് നിവര്‍ന്ന്‍ നില്ക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥ..കാലം മാറ്റി വരച്ച ചിത്രങ്ങളില്‍ ആ കാലത്ത് അച്ഛന്‍ തന്നെയായിരുന്നു അപ്പൂപ്പന് പ്രിയപ്പെട്ട മകന്‍..
മാവില്‍ നിന്നും പറിച്ചെടുത്ത വലിയ രണ്ട് മാമ്പഴം അച്ഛന്‍ മാറ്റി വെച്ചു..മഞ്ഞ നിറം കലര്‍ന്ന് തുടുത്ത് മധുരം നിറഞ്ഞ മാമ്പഴം..മാവ് ഒരു വലിയ ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു..മധുരമുള്ള മാമ്പഴം തേടി പല വിധ പക്ഷികള്‍, പൂങ്കുലയില്‍ ചിത്ര ശലഭങ്ങള്‍, അണ്ണാറകണ്ണന്മാര്‍, പിന്നെ മുറ്റത്ത് പ്രകൃതി നല്‍കിയ ഒരു തണല്‍ കുട പോലെ മൂന്ന്‍ മരങ്ങള്‍..ഞാന്‍ ഓര്‍മ്മകളിലേക്ക് തിരികെ പോയി നഷ്ടമായ മൂന്ന്‍ മരങ്ങളെ ഓര്‍ത്തു..കാലം ഇന്ന്‍ ശൂന്യമായിട്ടിരിക്കുന്ന മണ്ണിനെ നോക്കി..വളര്‍ച്ചയില്‍ തന്നെ പിഴുത് മാറ്റിയ മൂന്ന്‍ ജീവനുകളെ പറ്റി ചിന്തിച്ചു. മണ്ണിന്‍റെ പേരില്‍ വിഘടിച്ചു നിന്നവര്‍ വീണ്ടും ഒന്നായി.എന്നാല്‍ പിഴുതെറിയപ്പെട്ട കൊച്ചു സ്വപ്‌നങ്ങള്‍..വേരിറങ്ങി വളര്‍ന്ന നാമ്പുകള്‍...
"മോന്‍ വര്ന്നോ...അപ്പൂപ്പനെ കാണാന്‍..?"
കുറേ നാളുകള്‍ക്ക് ശേഷം കാണാന്‍ അപ്പൂപ്പനെ കാണാന്‍ പോകുന്ന ആവേശം..പണ്ട് ആ നിഴലിനെ പേടിച്ച് ഓടി ഒളിച്ച പ്രായം മറന്നിട്ടില്ല..കാലം എല്ലാം മാറ്റി വരച്ച കൂട്ടത്തില്‍ കൂട്ടിയോരുക്കിയ ബന്ധം.തിരികെ വന്ന സ്നേഹം..എന്നാലും ഭയമുണ്ട്. കാണുവാന്‍..ഇത് വരെ ഒരു നല്ല വാക്ക് കേട്ടിട്ടില്ല, ആ കൈകളില്‍ നിന്നും ഒരു ഓണകോടി, ഒരു വിഷുകൈ നീട്ടം, ഒരിറ്റ് മധുരം.ജീവിതത്തില്‍ ഇത് വരെ കിട്ടിയിട്ടില്ല..എല്ലാം നഷ്ടങ്ങള്‍.എന്നാലും ഞാന്‍ അപ്പൂപ്പനെ സ്നേഹിച്ചിരുന്നു..ബഹുമാനിച്ചിരുന്നു..ഇപ്പോഴും സ്നേഹിക്കുന്നു..ബഹുമാനിക്കുന്നു..അതിനുള്ള കാരണം എന്‍റെ അച്ഛന്‍ തന്നെ..
ഹോമിയോ മരുന്നിന്‍റെ, പഴയ തുണിയുടെ, മൂത്രത്തിന്‍റെ ഗന്ധം തങ്ങിയ മുറിയിലേക്ക് അച്ഛനോടൊപ്പം കയറുമ്പോള്‍ കാലുകള്‍ പിടച്ചു, കൈകള്‍ വിറച്ചു, മനസ്സ് ഒരു നിമിഷം അറച്ച് നിന്നു.മനസ്സില്‍ ഇപ്പോഴും അവശേഷിക്കുന്ന മുഖം മൂന്ന്‍ മാവുകളെ പിഴുത് മാറ്റി അലറുന്ന വെളുത്ത രൂപമാണ്..കാല്‍ പെരുമാറ്റം കേട്ടപ്പോള്‍ കട്ടിലില്‍ നിന്നും വെളുത്ത തുണിയില്‍ പൊതിഞ്ഞ മെലിഞ്ഞ രൂപം പതുക്കെ എഴുന്നേറ്റു..കാലം അവിടെയും മാറ്റങ്ങള്‍ വരുത്തി വെച്ചിരിക്കുന്നു..എല്ലാവരും ഭയക്കുന്ന രൂപത്തില്‍ നിന്നും , കാണുന്നവരില്‍ ദൈന്യം ജനിപ്പിക്കുന്ന രൂപത്തിലേക്കുള്ള പരിണാമം..പരസഹായമില്ലാതെ എഴുനേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ..മങ്ങിയ കാഴ്ചകള്‍..പതുങ്ങിയ സ്വരം..അച്ഛന്‍ പതുക്കെ പിടിച്ച് കട്ടിലില്‍ ഇരുത്തിയപ്പോള്‍ അപ്പൂപ്പന്‍ ചോദിച്ചു.
"ആരാടാത്.."
"ഞാനാ അച്ഛാ...കൂടെ എളേ മോനും..."
അപ്പൂപ്പന്‍ വിറക്കുന്ന കൈകളാല്‍ എന്നെ പിടിച്ച് അടുത്തിരുത്തി...ആ വിരലുകള്‍ വിറച്ച് വിറച്ച് നെറുകയില്‍..കാലങ്ങള്‍ കാത്തിരുന്ന അനുഗ്രഹം എന്‍റെ ദേഹത്ത് പടര്‍ന്നത് പോലെ..ആ വിരലുകള്‍ നഷ്ടബോധം ബാധിച്ച പോലെ ശരീരത്തില്‍ അലഞ്ഞു.ആ വിരലുകളുടെ സ്നേഹം എന്നിലേക്ക് അച്ഛന്‍ പ്ലേറ്റും, കത്തിയുമെടുത്ത് വേഗം മാങ്ങ പൂളാന്‍ തുടങ്ങി..ഇടയ്ക്ക് അപ്പൂപ്പനോട് പറയുന്നുണ്ടായിരുന്നു..
"അവന്‍ നന്നായി പഠിക്കും അച്ഛാ...എല്ലാത്തിലും ഒന്നാമതാ..."
അപ്പൂപ്പന്‍ ഒന്ന്‍ കൂടി ചേര്‍ത്ത് പിടിച്ച് കവിളില്‍ തഴുകി..പിന്നെ ഒരു നെടുവീര്‍പ്പ്..കഴിഞ്ഞു പോയതെല്ലാം തിരികെ വരില്ലെന്ന് ഓര്‍മ്മ നല്‍കുന്ന ഒരു നെടുവീര്‍പ്പ്..അച്ഛന്‍ പൂളിയ മാങ്ങ കഷ്ണം അപ്പൂപ്പന്‍റെ വായില്‍ വെച്ച് കൊടുത്തു..അതിന്‍റെ മധുരവും, രുചിയും തിരിച്ചറിഞ്ഞ കഴിച്ച് രണ്ടാമത്തെ കഷ്ണത്തിന് കൈ നീട്ടി ചോദിച്ചു...
"ഇത് ഏത് മാവിന്‍റെ മാങ്ങയാടാ??"
അച്ഛന്‍ ഒരു നിമിഷം നിശബ്ദനായി.മറുപടി പറയാന്‍ കഴിയാതെ അടുത്ത കഷ്ണം മുറിച്ച് കൊടുത്ത് എന്നെ നോക്കി..കുറേ കാലം പുറകിലേക്ക് പിന്‍ വലിയാനുള്ള ശ്രമം.
"അച്ഛന്‍ കഴിക്ക്.."
മറുപടി കിട്ടാതെ വന്നപ്പോള്‍ അപ്പൂപ്പന്‍ തിരിച്ചറിഞ്ഞ പോലെ...ആ മനസ്സിലെ ഒരു വിങ്ങല്‍..ശൂന്യമായി നില്‍ക്കുന്ന മുറ്റം കണ്മുന്നില്‍ കണ്ടത് പോലെ ആ വൃദ്ധ നയനങ്ങള്‍ വ്യഥയോടെ.
"മുറ്റത്ത് നട്ട ആ മാവിന്‍റെ അല്ലേ??" ഒന്ന്‍ നിര്‍ത്തി മുത്തച്ചന്‍ ഒരു വലിയ നിശ്വാസത്തിനോടുവില്‍ തളം കെട്ടിയ ദുഖത്തിന് മുകളില്‍ വിളിച്ചു..എല്ലാം ഏറ്റ് പറയുന്ന ഒരു വിളി..
"സര്‍വേശ്വരാ..."
അച്ഛന്‍ നല്കിയ അടുത്ത കഷ്ണം മാങ്ങ ആ വിറക്കുന്ന കൈകള്‍ നിറഞ്ഞ കണ്ണുകളോടെ എന്റെ മുഖത്തിനു നേരെ നീട്ടി.വാ തുറന്ന്‍ വാങ്ങി ഞാന്‍ ചവക്കുമ്പോള്‍ അത് വരെ രുചിക്കാത്ത ഒരു അനുഗ്രഹീതമായ സ്വാദ് എന്‍റെ ഇന്ദ്രിയങ്ങളെ പുളകമണിയിച്ചു.എന്നോ നഷ്‌ടമായ പൌത്രനോടുള്ള സ്നേഹവും, വാത്സല്യവും ആ മുഖത്ത്വിടര്‍ന്നു..ഞാന്‍ ലോകം കീഴടിക്കിയ ചിരിയോടെ, ഭാഗ്യത്തോടെ അച്ഛനെ നോക്കുമ്പോള്‍ നിറഞ്ഞ കണ്ണ് നീര്‍ തുടക്കാന്‍ പാടുപെടുകയായിരുന്നു അച്ഛന്‍..
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..