2015, നവംബർ 12, വ്യാഴാഴ്‌ച

സ്നേഹത്തിന്‍റെ മാലാഖ....

                                       

















                    
                                                                  അര്‍ദ്ധ ബോധത്തില്‍ തലയില്‍ തുന്നലുകള്‍ വീഴുന്നത് തിരിച്ചറിയുന്നുണ്ടായിരുന്നു..പതുക്കെ കണ്ണുകള്‍ തുറന്ന്‍ നോക്കിയപ്പോള്‍ ചുറ്റും വെള്ള വസ്ത്രം ധരിച്ചവരുടെ കൂട്ടം..അവര്‍ക്കിടയില്‍ എവിടെയോ കണ്ടു മറന്ന ഒരു മുഖം.ലേഡി ഡോക്ടറുടെ മുഖം..വലിയ പുരികങ്ങള്‍ക്കിടയിലെ പിടയ്ക്കുന്ന കണ്ണുകള്‍,...മുറിവുകളുടെ വേദനയും, മദ്യത്തിന്‍റെ ലഹരിയും ഓര്‍മ്മകളെ മറച്ച് പിടിക്കുന്നത് പോലെ..ഓര്‍ക്കാന്‍ കഴിയുന്നില്ല..

          "നോക്ക്..പന്ത്രണ്ട് സ്ടിച്ചാണ് തലയിലിട്ടത്..ആയുസ്സിന്‍റെ ബലം കൊണ്ടാ ആ ലോറിയുടെ ചക്രങ്ങള്‍ തലയിലൂടെ കയറി പോകാഞ്ഞത്..."

                                                               വീണ്ടും ആ ശബ്ദം.ആ ലേഡി ഡോക്ടറുടെ ശബ്ദം...എവിടെയോ കേട്ട് മറന്നത് പോലെ..എനിക്കറിയാം..എന്‍റെ ഭൂതക്കാലത്തില്‍ എവിടെയോ ഈ മുഖവും, ശബ്ദവും..ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല..കണ്ണടച്ച് ഓര്‍മ്മയിലേക്ക് പോകാന്‍ ഒരു ശ്രമം നടത്തി..ഓര്‍മ്മകള്‍ ഇല്ലാതാക്കുന്ന വേദന..കഴിയാതെ വീണ്ടും കണ്ണ്‍ തുറക്കുമ്പോള്‍ മുന്നില്‍ ആ മുഖം മാത്രം..ചിരിയോടെ...സത്യം ഈ ചിരിയും എവിടെയോ ചിരപരിചിതം..തിരിച്ചെടുക്കാന്‍ കഴിയാത്ത എന്‍റെ പിന്നാമ്പുറങ്ങളില്‍ എനിക്ക് നഷ്‌ടമായ ചിരി പോലെ.

         "എന്നെ മനസ്സിലായിലാല്ലേ? എന്തായാലും കൊള്ളാം..പകലൊന്ന് ചൂട് പിടിക്കണതിന് മുന്‍പ് മൂക്കറ്റം കുടിച്ച് കണ്ട വണ്ടികള്‍ക്ക് മുന്നീ ചെന്ന്‍ ചാടുക...എന്താ പറ്റീത്..വീട്ടിലിരിക്കണ ആ സ്ത്രീയുടെ ഭാഗ്യം കൊണ്ടാ തലനാരിഴക്ക് രക്ഷപ്പെട്ടത്..."

                                                             അവസാനം പറഞ്ഞ വാക്കുകള്‍ എന്നില്‍ ചിരി പടര്‍ത്തി. ഇന്ന്‍ രാവിലെ തന്നെ കുടിക്കാന്‍ കാരണം കാലത്ത് ആരംഭിച്ച വഴക്ക് തന്നെ. പത്ത് പൊരുത്തങ്ങള്‍ ചേര്‍ന്ന്‍ അഞ്ച് കൊല്ലം മുന്‍പ് ആ കഴുത്തില്‍ താലി ചാര്‍ത്തിയപ്പോള്‍ ജാതക പൊരുത്തമല്ല..മാനസിക പൊരുത്തമാണ് ഏറ്റവും വലുതെന്ന്‍ മനസ്സിലായിരുന്നില്ല..നിസ്സാരമായ കാരണങ്ങള്‍ പോലും വഴക്കിലെക്ക്..ഒരു ദിവസം പോലും സുഖമായി ജീവിച്ചിട്ടില്ല..എന്നത്തെയും പോലെ രാവിലെ ഞാന്‍  തന്നെയാണ്  തുടങ്ങിയത്..വഴക്ക് വാക്കുകള്‍ കൊണ്ടാണ്..ചിലപ്പോള്‍ ഒരു ആയുധത്തേക്കാള്‍ ഭീകരമായി ആഴമേറിയ മുറിവേല്‍പ്പിക്കുന്ന വാക്കുകള്‍...അങ്ങിനെ അവള്‍ പറയുന്ന സ്ഥിരമൊരു വാക്ക്.രാവിലെ അത് കേട്ടാണ് മദ്യത്തിന്‍റെ ലഹരിയില്‍ മുങ്ങാന്‍ തുടങ്ങിയത്..

     "ഇതിലും ഭേദം വിധവയായി ജീവിക്കണതാ..."

                                                              ഡോക്ടര്‍ കസേരയില്‍ ഇരുന്ന്‍ എന്നെ  തന്നെ നോക്കി..ആ നോട്ടം, ചിരി, മുഖം, ..അര്‍ദ്ധ ബോധത്തിലേക്ക് ഓര്‍മ്മയുടെ പ്രകാശം പരത്തിയത് പോലെ..തിരിച്ചറിവ്..അതിനേക്കാള്‍ വലിയ ഷോക്ക്.  എന്‍റെ പിടയുന്ന മനസ്സ് തിരിച്ചറിഞ്ഞ നിമിഷം ആ വായില്‍ നിന്നും തന്നെ ഞാന്‍ ഊഹിച്ചത് പുറത്ത് വന്നു...

   "ഇത് ഞാന്‍ തന്നെയാണ് നീരജ്..ആ പഴയ പോക്ക് കേസ്...മായ"

                                                               കൂടുതല്‍ കേള്‍ക്കാന്‍ മനസ്സ് വന്നില്ല..കണ്ണുകള്‍ മുറുകെ അടച്ചു..കണ്ണുകള്‍ കാഴ്ചയില്‍ നിന്നും അടച്ച് പിടിക്കാം..ഓര്‍മ്മകളില്‍ നിന്നും മനസ്സിനെ മറച്ച്  പിടിക്കാന്‍ കഴിയുന്നില്ല...ഒരു കുപ്പി വീര്യമേറിയ  മദ്യം കിട്ടിയിരുന്നെങ്കില്‍ ...ഒന്നും മറക്കാന്‍ കഴിയുന്നില്ല...ആ കലാലയവും, എന്നും ചീട്ടി തുണിയുടെ പാവാടയും, നീണ്ട മുടിയില്‍ തുളസി കതിരും, ചന്ദന കുറിയുമായി വന്നിരുന്ന നാടന്‍ പെണ്‍കുട്ടിയേയും..ഒരു കൗതുകം..പിന്നീട് എപ്പോഴോ മനസ്സിലായി അവള്‍ക്കും അതെ കൗതുകം എന്നോടുമുണ്ടെന്നു. കൗമാരം കത്തി വരുമ്പോള്‍ ആണിന് പെണ്ണിനോടും, പെണ്ണിന് ആണിനോടും പരസ്പരം തോന്നുന്ന ആ കാന്തിക വലയം..പ്രണയം.

   "ഡാ.. കോപ്പേ..നീയെന്ത് കണ്ടിട്ടാ...അതൊക്കെ വെറും പോക്ക് കേസാ...എന്‍റെ അമ്മായിന്റെ വീടിനടുത്താ അവള്‍ടെ വീട്...തന്ത നേര്‍ത്തെ ഉള്ളി കച്ചോടത്തിനു മോളീ പോയി...ചെമ്മീന്‍ കമ്പനി പോണ അമ്മേം, പിന്ന ചേച്ചീം, ദേ ഇവളും...മൊത്തം പോക്കാ..."

                                                                 അടുത്ത കൂട്ടുക്കാരന്റെ വാക്കുകള്‍. അത് മാനിച്ച് മറ്റ് കുട്ടികളിലേക്ക് കൂട് മാറാന്‍ ശ്രമിച്ചെങ്കിലും, രാത്രിയിലെ ഇരുട്ട് വീണ മുറിയില്‍ ആ ചന്ദനക്കുറിയും, തുളസി കതിരും മറക്കാന്‍ കഴിയാത്ത മോഹങ്ങള്‍ ഉയര്‍ത്തി, വീണ്ടും വീണ്ടും അവളിലേക്ക് വലിച്ചടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന മാസ്മരികമായ ഒരു കാന്തിക ശക്തി..ഒടുവില്‍ ഇടനാഴിയിലെ ഏകാന്തതയില്‍ അവളെ മുന്നില്‍ നിര്‍ത്തി ആ പിടയുന്ന കണ്ണുകളില്‍ നോക്കി പറഞ്ഞു...

     "എനിക്കിഷ്ടാണ്...ഈ ചന്ദന കുറിയും, തുളസി കതിരും...പിന്നെ നിന്നേയും.."

                                                                  അവള്‍ ആ ഒരു വാക്ക് കാത്തിരുന്നത് പോലെയായിരുന്നു.. ഞാന്‍ എന്‍റെ ഇഷ്ടം അറിയിച്ചത് മുതലാണ്  അവള്‍ കൂടുതല്‍ സുന്ദരിയായത് .എനിക്ക് വേണ്ടി കൂടുതല്‍ അണിഞ്ഞൊരുങ്ങി വരാന്‍ ആരംഭിച്ചത്.. ഇഷ്ടത്തിന്‍റെ അംഗീകാരം പോലെ താലപ്പൊലി കാവില്‍ നിന്നും വാങ്ങിയ കരിവളകള്‍ അവള്‍ക്ക് കൊടുത്തു...ആദ്യത്തെ പ്രേമ സമ്മാനം.പകരം അവള്‍ എനിക്ക് നല്‍കിയത് ചീന്തിലയില്‍ ഒരിറ്റ് ചന്ദനം, എന്‍റെ പേരില്‍ നടത്തിയ  വഴിപ്പാടിന്റെ പവിത്രമായ പ്രസാദം. അവള്‍ കാത്തിരുന്നത് പവിത്രമായ സ്നേഹത്തിനായിരുന്നു., കറയില്ലാത്ത പ്രണയത്തിനായിരുന്നു., മറിച്ച് ഞാന്‍; ചില ബാഹ്യ പ്രേരണ കൊണ്ട്  അവളുടെ ഒളിപ്പിച്ച് വെച്ച സ്വകാര്യതയെ സ്നേഹിക്കാന്‍ തുടങ്ങി.ഉള്ളില്‍ ഒളിപ്പിച്ച കാമത്തിന്‍റെ കണ്ണുകള്‍ അറിയാതെ അവളെ പിന്തുടരാന്‍ തുടങ്ങി..

     "പിന്നെ അല്മാര്‍ത്ത പ്രേമം..നീരജെ...നീയവളെ കെട്ടോ..വായില് സ്വര്‍ണ്ണ കരണ്ടിയായ് ജനിച്ചോനാ നീ..ആ ചാളയില്‍ കെടക്കണ പോക്ക് കേസ് പെണ്ണിനെ വിട്ട് വേറെ  വണ്ടി പിടിക്കെടാ ചെക്കാ...പിന്നെ ഒഴിവാക്കണതിന് മുന്ന് പരമാവധി  മൊതലാക്കിക്കോ...കോളേജ് ഡേയാ വരണത്. പറ്റിയ സമയാ..

                                                                      ലാബിന് പുറകിലെ മരത്തിന്‍റെ ഏകാന്തതയില്‍ കൂട്ടുക്കാരുടെ നിര്‍ദേശമനുസരിച്ച് കോളേജ് ഡേ പകലില്‍.. കുടിച്ച മദ്യത്തിന്‍റെ ലഹരിയില്‍ അവളുടെ പ്രതിഷേധങ്ങള്‍ക്ക് മീതെ ആദ്യ കടന്ന്‍ കയറ്റം...കരിവളകള്‍ പൊട്ടി തകര്‍ന്ന്‍, ചന്ദനക്കുറി പരന്ന് ചുണ്ടുകള്‍ ചുണ്ടോട് ചേര്‍ത്തും, ഭ്രാന്ത് പിടിച്ച കൈകള്‍ എവിടെയെല്ലാമോ ആ ശരീരത്തില്‍ പാമ്പിനെ പോലെ സഞ്ചരിച്ചും...അത് വരെ കൊതിപ്പിച്ച, കാണാന്‍ കൊതിച്ച സ്വകാര്യതകളില്‍  ഏകപക്ഷീയമായ ആക്രമണം...ഒടുവില്‍ അവള്‍ കരഞ്ഞുകൊണ്ട്‌ തള്ളി മാറ്റി മുഖത്ത് തന്ന അടിയില്‍ എല്ലാം ശുഭം..പക്ഷെ വാക്കുകള്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല.. അത് വരെ ചെയ്യ്ത തെറ്റിനേക്കാള്‍ മൂര്‍ച്ചയുള്ള വാക്കുകള്‍..

    "നീയാരാന്നാടീ നിന്‍റെ വിചാരം..വെറും ഒരു പോക്ക് കേസായ നിന്നെ ഞാന്‍ എന്‍റെ കെട്ടിലമ്മയായി കൂടെ കൊണ്ട് പോകൊന്ന്‍ കരുത്യാ..ആര്‍ക്ക് വേണം നിന്‍റെ പ്രണയം...എനിക്ക് വേണ്ടത് തരാന്‍ നെനക്ക് കഴിയൂലെങ്കി പോയി തോലയെടീ.....########## മോളെ.."

                                                                       അവള്‍ കരഞ്ഞില്ല..തുറിച്ച് നോക്കി. പിന്നെ കയ്യിലെ പൊട്ടിയ വളകള്‍ അടര്‍ത്തി മാറ്റി, കീറിയ ജാക്കറ്റിന്റെ കൈകള്‍ നോക്കി, ഇടത് കൈ തണ്ടയിലെ എന്‍റെ ചെറുവിരല്‍ നഖക്ഷത വരകള്‍ നോക്കി  അവിശ്വസനീയമായ ഭാവത്തില്‍ നോക്കിയ നോട്ടം.അത് വരെ ഉറഞ്ഞു നിന്ന ആണത്തം ആവിയായി മാറിയ നോട്ടം..പിന്നെ പറഞ്ഞ വാക്കുകള്‍.ഒരിക്കലും മറക്കാന്‍ കഴിയാത്ത വാക്കുകള്‍..

   "പവിത്രമായ എന്‍റെ പ്രണയം...തിരിച്ചറിയാന്‍ കഴിയാത്ത നിനക്ക് കാലം മനസ്സിലാക്കി തരും സ്തീയുടെ പരിശുദ്ധി എന്താന്ന്..വയര്‍ വിശന്നാലും ഉള്ളത് മുറുക്കി ഉടുക്കാനാ ന്‍റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടോള്ളത്..നീ പോ..എന്‍റെ മനസ്സി പെയ്യണ സങ്കടത്തിന്റെ പെരുമഴ നനയാന്‍ നില്ക്കണ്ടാ..അതിലൊരു തുള്ളി വീണ നെനക്ക് പിന്നെ ഒരിക്കലും സ്വസ്ഥത ഉണ്ടാകില്ല..നീരജ് നീ പോ."

                                                                       അന്ന്‍ അവിടെ നിന്നും പോന്നതിനു ശേഷം പിന്നെ കാണുന്നത് ഇന്നാണ്..അന്വേക്ഷിക്കാന്‍ ഭയം തോന്നി. പിന്നെ എല്ലാം മറന്ന്‍ കൂട് മാറ്റം.പിന്നെ പലരും ജീവിതത്തില്‍ കടന്ന്‍ വന്നു. ഒടുവില്‍ എല്ലാ പൊരുത്തവുമായി, മനപ്പോരുത്തമില്ലാത്ത ഒരു പങ്കാളിയും..പക്ഷെ ഒരിക്കലും ആദ്യ പ്രണയത്തിന്റെ ഓര്‍മ്മകള്‍ മായ്ക്കാന്‍ മനസ്സിന് കഴിഞ്ഞില്ല..നീണ്ട മുടിയിലെ തുളസി കതിരും..ചന്ദന കുറിയും..

                                                                      പതുക്കെ കണ്ണുകള്‍ തുറന്ന്‍ നോക്കിയപ്പോള്‍, മുന്നില്‍ കസേരയില്‍ മായ.കാലം മാറ്റി വരച്ച ചിത്രങ്ങള്‍."മനസ്സില്‍ ആരെല്ലാമോ പറഞ്ഞ് പഠിപ്പിച്ച പോക്ക് കേസില്‍ നിന്നും ഡോക്ടര്‍ എന്ന ബഹുമാന തലത്തിലേക്ക്...ഞാനോ പൊള്ളുന്ന ജീവിതത്തില്‍, അസ്വസ്ഥമായ ദാമ്പത്യം പേറുന്ന, ലഹരിയില്‍ ആനന്ദം കണ്ടെത്തി സ്വയം നാശത്തിലേക്ക് യാത്ര തുടരുന്നവന്‍..അവര്‍ എനിക്ക് മുന്നില്‍ ക്ഷമയോടെ കാത്തി രിക്കുകയിരുന്നു..ഓര്‍മ്മകളില്‍ നിന്നും തിരിച്ച് വരുന്നതും നോക്കിയുള്ള കാത്തിരിപ്പ്..ഒരു പക്ഷെ പഴയക്കാലം സമ്മാനിച്ച മുറിവുകള്‍ക്ക് പകരം ചോദിക്കാന്‍..

      "വേദന തോന്നുന്നല്ലേ..മനസ്സിനും, ശരീരത്തിനും..അന്ന്‍ ലാബിന്‍റെ പുറകില്‍ നിന്നും നീ പോയിട്ടും നിന്നെ ഞാന്‍ ഒരിക്കലും ശപിച്ചിട്ടില്ല..പകരം നീരജിന് നല്ലത് വരുത്താന്‍ ദൈവത്തോട് മനസ്സുരുകി പ്രാര്‍ഥിച്ചിട്ടെയുള്ളൂ...അന്നും, ദാ ഈ നിമിഷവും.."

                                                                      എനിക്ക് അത്ഭുതം തോന്നി..ഇത്രയധികം ദ്രോഹിച്ചിട്ടും തിരിച്ച് സ്നേഹിക്കാന്‍ മാത്രം എന്ത് ഗുണമാണ് ഇവര്‍ക്ക് എന്നില്‍ കാണാന്‍ കഴിഞ്ഞത്???.ഇവളെ തന്നെയാണല്ലോ "പോക്ക് കേസാക്കി ജീവിതത്തില്‍ നിന്നും എന്നേക്കുമായി , വലിയ മുറിവുകള്‍ നല്‍കി വലിച്ചെറിഞ്ഞത്??എന്‍റെ മനസ്സില്‍ കയറിയ സങ്കടം തിരിച്ചറിഞ്ഞ പോലെ മായയുടെ  ആ ഭംഗിയുള്ള വിരലുകള്‍ എന്‍റെ തലമുടിയിലേക്ക് നീണ്ടു..ഒരു സ്നേഹ സ്പര്‍ശം.എല്ലാ തെറ്റും ക്ഷമിച്ചെന്നുള്ള മൗനമായ മുഖഭാവം.

   "നോക്ക്..ജീവിതമെന്ന് വെച്ചാ നാം നമുക്ക് നേരെ നീട്ടി പിടിക്കുന്ന ഒരു കണ്ണാടിയാ..അതിലെ പ്രതിഫലിക്കുന്ന സ്വന്തം പ്രതിച്ഛായ നോക്കി വേണം  ജീവിക്കാന്‍...ഒരിക്കലും ആ കണ്ണാടി മറ്റുള്ളവര്‍ക്ക് നേരെ നീട്ടി പിടിച്ച് അവരെ വീക്ഷിക്കാതിരിക്കുക..അവരുടെ പരിമിതികള്‍ കണ്ടെത്താതിരിക്കുക..സ്വന്തം പ്രതിച്ഛായ നന്നാക്കിയാല്‍ ജീവിതം സുന്ദരമാകും..അറിഞ്ഞിടത്തോളം നീരജ്  ആ കണ്ണാടി നിന്നില്‍ നിന്നും തിരിച്ച് പിടിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത്..അത് കൊണ്ടാണ് ഭാര്യ പോലും നിന്‍റെയീ ജീവിതത്തില്‍ നിന്നും കൊറേ അകന്ന്‍ പോയത്..ആദ്യം സ്വയം മനസിലാക്കുക..ഒപ്പം കൂടെയുള്ളവരെയെല്ലാം  മനസ്സിലാക്കാനും ശ്രമിക്കുക.മുന്‍വിധികള്‍ ഇല്ലാതെ..ഉപാധികളില്ലാതെ.. അങ്ങിനെയാണേല്‍ എല്ലാ വിധ വിജയവും, സന്തോഷവും, സമാധാനവും  ജീവിതതിലുണ്ടാകും..ഇപ്പോള്‍ ഞാന്‍ അനുഭവിക്കുന്നത് പോലെ.."

                                                                        എന്‍റെ തോളില്‍ തട്ടി ഡോക്ടര്‍ കസേരയില്‍ നിന്നും എഴുന്നേറ്റപ്പോള്‍ പിന്നില്‍ ഭാര്യയുടെ നിഴല്‍. നിറഞ്ഞ കണ്ണോടെ അടുത്തേക്ക്..കാലത്ത് കണ്ട ശാപവാക്കുകള്‍ അല്ല ആ മുഖത്ത്.പകരം ദുഃഖം..ആദ്യമായി അവള്‍ എനിക്ക് വേണ്ടി കണ്ണീരണിയുന്നത്  നേരില്‍ കണ്ടു..ഞാന്‍ ഈ നിമിഷം മുതല്‍ എന്‍റെ ജീവിതത്തിനു നേരെ കണ്ണാടി മാറ്റി പിടിക്കാന്‍ പോകുന്നു.. കുറേ തിരുത്താനുണ്ട്..പ്രതിച്ഛായ മാറ്റി വരക്കണം..അവള്‍ അടുത്ത് വന്ന് കട്ടിലില്‍ ഇരുന്ന്‍ നിറ കണ്ണോടെ നെറ്റിയില്‍ തലോടി..പിന്നെ നന്ദിയോടെ ഡോക്ടര്‍ മായയെ  നോക്കി..

   "സ്നേഹം പിടിച്ച് വാങ്ങാന്‍ കഴിയുന്ന ഒരു സാധനാ...കിട്ടില്ലെന്ന് തോന്നുമ്പോ തിരികെ പതി മടങ്ങ്‌ കൊടുത്ത് , തിരിച്ച് വാങ്ങണം..നിങ്ങള്‍ക്ക് കഴിയും.ഞാന്‍ നീരജിന്‍റെ ഭാര്യയോട് സംസാരിച്ചിരുന്നു..എല്ലാം ആ കുട്ടി തുറന്ന്‍ പറഞ്ഞുട്ടോ .പിന്നെ നിങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാള്‍.ആദ്യം രണ്ട്‌ പേരും പരസ്പരം മറന്ന്‍ സ്നേഹിക്കടോ.എന്നിട്ട് എക്സ്പെറ്റ് ചെയ്യ്‌..പിന്നേയും നടന്നില്ലെങ്കില്‍ വഴിയോണ്ട്..എന്‍റെ കെട്ടിയോന്‍ ഡോക്ടര്‍ ഇന്ഫെര്‍ട്ടിലിറ്റി ട്രീറ്റ്മെന്റ് സ്പെഷ്യലൈസ് ചെയ്യ്ത ആളാ...മനസ്സിനാദ്യം ചികിത്സ..പിന്നെ മതി ശരീരത്തിന്. സ്നേഹത്തോടെ ഉഴുതിട്ട്,നട്ട് നനച്ച ഭൂമിയിലെ വിളകള്‍ വളരൂ..അതോണ്ട് പരസ്പരം അങ്ങട് പ്രേമിക്ക്..ജീവിതം ആസ്വാദിക്ക്..കള്ളു കുടിച്ചാല്‍ കിട്ടണ അനന്തം വേണ്ടാന്ന്‍ വെച്ച് രണ്ട് പേരും ശരിക്കങ്ങട് ജോറായി ജീവിച്ചേ..ട്രൈ ചെയ്യടോ..എന്നാ ശരി എല്ലാ വിധ ആശംസകള്‍...കള്ളിന്‍റെ കേട്ട് തലയീന്ന്‍  ഇറങ്ങുമ്പോള്‍ പൊക്കോളൂ..സന്തോഷായിട്ട് ഒരുമിച്ച്..പുത്യേ ഒരു ജീവിതത്തിലേക്ക്....."

                                                                             ഒരു ചിരി പാസ്സാക്കി ഡോക്ടര്‍ തിരികെ പോകുമ്പോള്‍ എന്‍റെ മനസ്സ് എന്നോ പതിഞ്ഞ വാക്കുകള്‍ മാറ്റി എഴുതാന്‍ തുടങ്ങിയിരുന്നു.

   " അവര്‍ പോക്ക് കേസല്ലാ...മാലാഖയാണ്..സ്നേഹത്തിന്‍റെ മാലാഖ."

                                                                            അത് വരെ   മൂടി കെട്ടി നിന്ന ഭാര്യ പതുക്കെ നെറ്റിയുടെ നേരെ ചുണ്ടുകള്‍ കൊണ്ട് വന്നു..എന്നോ നഷ്‌ടമായ സ്നേഹം തിരികെ വരുന്നത് പോലെ എനിക്ക്തോന്നി..ആ കണ്ണുകളില്‍ നിന്നും മുഖത്ത്പരന്ന കണ്ണ് നീര്‍ ഞാന്‍ തുടച്ച് മാറ്റി അവളെ ചേര്‍ത്ത് പിടിച്ചു..എല്ലാ തെറ്റുകളും ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതായി ഞങ്ങള്‍ ഇരുവരും ഒന്നായി മാറിയത് പോലെ. പറയാന്‍ കഴിയാത്ത ആനന്ദം മനസ്സില്‍ ഉരി തിരിഞ്ഞത് പോലെ.. കളങ്കമില്ലാത്ത സ്നേഹം...ഞാന്‍ മറ്റെവിടെയോ തിരിച്ച് വെച്ചിരുന്ന കണ്ണാടി എനിക്ക് നേരെ തിരിച്ച് വെച്ച് അവളെ നെഞ്ചിലണച്ച് മൗനം കൊണ്ട് എല്ലാം ഏറ്റ് പറയുകയായിരുന്നു..മനസ്സില്‍ മൂടി കെട്ടി നിന്ന സങ്കട പെരുമഴ അത് വരെ ജീവിച്ച സ്നേഹം വരണ്ട ഞങ്ങളുടെ മനോ മരുവില്‍ പെയ്യാന്‍ തുടങ്ങി..സ്നേഹത്തിന്‍റെ, പ്രണയത്തിന്‍റെ കുളിര് നിറച്ച്.....

                                                                   
ഹരീഷ് കുമാര്‍ അനന്തകൃഷ്ണന്‍...












ഉത്തരമില്ലാത്ത ചില ചോദ്യങ്ങള്‍...

                                               

                                     
                                           ഇടനാഴിയിലെവിടെ നിന്നോ ജയിലഴിയിലൂടെ ഇരുള്‍ നിറഞ്ഞ മുറിയില്‍ പ്രതിഫലിക്കുന്ന നേര്‍ത്ത വെട്ടം അരോചകമായി തോന്നി..ചുറ്റും എന്നേക്കുമായി ഇരുള്‍ പടരാന്‍, പകല്‍ കാഴ്ചകളില്‍ നിന്നും, കോടതി മുറിയിലെ ആര്‍ദ്രമായ മുഖങ്ങളില്‍ നിന്നും, പകയോടെ നോക്കുന്ന സൗഹൃദ കണ്ണുകളില്‍ നിന്നും, ശാപ വാക്കുകള്‍ നിറഞ്ഞ ബന്ധു മനസ്സുകളില്‍ നിന്നും എന്നേക്കുമായി ഒരു മോചനം.പകല്‍ വാക്കുകള്‍ കേട്ട് മനസ്സ് മരവിച്ച് തുടങ്ങി...ആരും നല്ലത് പറയുന്നില്ല..ഇന്നും ആരെല്ലാമോ വിളിച്ച് പറയുന്നുണ്ടായിരുന്നു...

           "ദുഷ്ടാ..നീയെന്തിനിത് ചെയ്യ്തു...കൊല്ലണമായിരുന്നോ? നിന്‍റെ ചോര തന്നെ ആയിരുന്നില്ലേ?? ഒരു കാലത്തും നീ ഗതി പിടിക്കില്ല..."

                                     പകല്‍ വെളിച്ചം നിറഞ്ഞ കോടതി മുറ്റത്ത് തല താഴ്ത്തി പോയിട്ടും ചില മുഖങ്ങള്‍ കാണുന്നുണ്ടായിരുന്നു..പകയുടെ, ദേഷ്യത്തിന്റെ കനലെരിയുന്ന മുഖങ്ങള്‍..കുറച്ച് ദിവസങ്ങള്‍ മുന്പ് വരെ എന്‍റെ പ്രിയപ്പെട്ടവരായിരുന്നവര്‍. കൂടെ നടന്നവര്‍..കോടതിയില്‍ നേരിടാന്‍ കഴിയാത്ത മൂന്ന്‍ മുഖങ്ങള്‍ കൂടി..അവരെ നോക്കുമ്പോള്‍, ആ കണ്ണുകളിലെ അനാഥത്വം കാണുമ്പോള്‍ പിടയുന്ന മനസ്സ്..അവരുടെ കണ്ണുകളിലെ അരക്ഷിതമായ ഭയ ഭാവം..എല്ലാത്തിനും കാരണം ഒരു നിമിഷത്തെ പക പിഴവ്..തിരിച്ചെടുക്കാന്‍ കഴിയാത്ത ഒരു വലിയ തെറ്റ്..അനാഥരായത് ജീവിച്ച് കൊതി തീരാത്ത ഒരു ഭാര്യയും, രണ്ട്‌ പൊടി കുഞ്ഞുങ്ങളും....

          സിന്ദൂര രേഖ ശൂന്യമായി, താലിയില്ലാതെ അവരെ കോടതി മുറിയില്‍ കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞു..സ്വത്തിന്‍റെ പേരില്‍ അവര്‍ക്ക് നഷ്ടമായത് അവരുടെ പ്രാണന്‍..ജീവിതത്തില്‍ അവര്‍ ഏറ്റവും സ്നേഹിച്ച പുരുഷന്‍..കോടതിയിലെ കൂട്ടില്‍ നില്ക്കുമ്പോള്‍ അവര്‍ നോക്കിയ ഒരു തീഷ്ണമായ ആ നോട്ടത്തില്‍ ഒരു പാട് ചോദ്യങ്ങള്‍..അവര്‍ മൗനമായി ചോദിച്ചത് പോലെ...

          "നീ സമ്പത്ത് അളന്ന് നോക്കിയപ്പോള്‍ ചിന്തിച്ചിരുന്നോ..നിന്‍റെ കൂടപ്പിറപ്പ് എന്നെ സ്നേഹിച്ച അളവ് എത്രയാണെന്ന്.??..എനിക്ക് നഷ്ടമായത് എന്‍റെ സ്വപ്നങ്ങള്‍ .ജീവിതം..സ്നേഹം..നഷ്ടമായാത് തിരികെ കൊണ്ട് വരാന്‍ നിനക്ക് സാധിക്കോ?? പുതിയതൊന്നും പഴയതിന് സമമാകില്ല..ആ സ്നേഹം, ആ ലാളന, ആ രൂപം..ഒന്നും...സമ്പത്ത് പങ്ക് വെക്കുന്ന സമയത്ത് കൂടുതല്‍  കിട്ടാനായി നീ ഇല്ലാതാക്കിയത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്താണ്‌..ആര്‍ക്കും തിരിച്ച് നല്കാന്‍ കഴിയാത്ത വലിയ സമ്പത്ത്...."

                                അവരുടെ മൗന വിചാരണക്ക് ശേഷം അടുത്തിരിക്കുന്ന ആറു വയസ്സ് ക്കാരനെ നോക്കി.ഒത്തിരി തവണ തന്‍റെ കയ്യില്‍ തൂങ്ങി നടന്ന കുഞ്ഞു..കൂടുതല്‍ നോക്കാന്‍ കഴിയാതെ കണ്ണേടുത്തു..ആ രൂപം..അവന്‍റെ കുട്ടിക്കാലത്തെ  അതേ പ്രതി രൂപം..അവന്‍റെ അതെ ഭാവം...ആ ആറു വയസ്സുള്ള ബാലനും തുടങ്ങി.. മനസ്സ് കൊണ്ട് കുറേ ചോദ്യങ്ങള്‍ ചോദിക്കാന്‍...

       "അച്ഛന്‍..എനിക്ക് സ്നേഹമായിരുന്നു..എന്‍റെ കുഞ്ഞ് കുഞ്ഞ് ആവശ്യങ്ങള്‍ നിറവേറ്റിയിരുന്ന സംരക്ഷണമായിരുന്നു...എന്നെ കാത്തിരിക്കുന്ന കണ്ണുകളായിരുന്നു...എന്നെ വളര്‍ത്തി വലുതാക്കി നല്ല വഴിക്ക് നടത്താനുള്ള വാഗ്ദാനമായിരുന്നു..തെറ്റ് കാണിക്കുമ്പോള്‍ ശാസിച്ചും, ഗുണദോഷിച്ചും എന്നെ ഞാനാക്കി മാറ്റാനുള്ള മാതൃക ആയിരുന്നു...അതാണ് ഒരു കെട്ട് പണം പങ്ക് വെക്കുന്ന കൂട്ടത്തില്‍ ചാച്ചന്‍ ഇല്ലാതാക്കിയത്..ഞാന്‍ വളര്‍ന്ന്‍ വലുതാകുമ്പോള്‍ അതിന്‍റെ നൂറ് മടങ്ങ്‌ സമ്പത്ത് തരാം..എനിക്ക് എന്‍റെ അച്ഛനെ തിരികെ തരാനാകുമോ..ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്ന, എനിക്ക് വേണ്ട ഈ നിമിഷത്തില്‍.??

                          അവസാനം നോക്കിയത് ഒന്നുമറിയാതെ കോടതി മുറിയില്‍ അമ്മയുടെ മടിയിലിരിക്കുന്ന ഒന്നര വയസ്സുക്കാരിയുടെ നിഷ്കളങ്കമായ മുഖത്തേക്ക്..ഭൂമിയിലെ ക്രൂരത അറിയാനും, മനസ്സിലാക്കാനും കഴിയാത്ത പാല്‍ മണം മാറാത്ത കുഞ്ഞ്..മൊട്ടിട്ട് വരുന്ന കൊച്ചു പല്ലുകള്‍ കാണിച്ച് നോക്കി ചിരിച്ചു..അതിന് പിന്നില്‍ മൗനമായ ചില ചോദ്യങ്ങള്‍...

    "എനിക്ക് എന്‍റെ അച്ഛനെ തിരികെ വേണം...കുഞ്ഞു വാ കൊണ്ട് ഞാന്‍ ആദ്യം പറഞ്ഞ വാക്ക് "അച്ചാന്നായിരുന്നു..അമ്മയേക്കാള്‍ കൂടുതല്‍ പകല്‍ സമയത്ത് എന്‍റെ കുഞ്ഞു കണ്ണുകള്‍ തേടിയത് അച്ഛനെ ആയിരുന്നു..എന്താണ് അച്ഛന്‍ വരാത്തത്? എന്താണ് അച്ഛന്‍ എന്‍റെ കവിളുകളില്‍ ഉമ്മ വെക്കാത്തത്?? എന്താണ് അച്ഛന്‍ ഞാന്‍ കരയുമ്പോള്‍ തൊട്ടിയില്‍ നിന്നുമെടുത്ത് തോളിലിട്ട് താരാട്ട് പാടാത്തത്??എനിക്ക് വേണം എന്‍റെ അച്ചനെ....വളര്‍ന്ന്‍ വരുമ്പോള്‍ ഞാന്‍ അച്ഛനില്ലാത്ത മകളാകരുത്...എവിടെ എന്‍റെ അച്ഛന്‍???

                            ആര്‍ക്കും ഒരുത്തരം കൊടുക്കാനില്ല...ഉത്തരമില്ലാത്ത ചോദ്യങ്ങള്‍..ഇനിയും ഇത്തരം മുഖാമുഖങ്ങള്‍...സഹിക്കാന്‍ കഴിയുന്നില്ല.. കിട്ടുന്നത് നരകമായിരിക്കും...അത് സ്വീകാര്യം..ആരെയും കാണാതിരുന്നാല്‍...വെളിച്ചം ഇല്ലാതിരുന്നാല്‍...ഓര്‍മ്മകള്‍ നഷ്ടമായ് ഒരു ഭ്രാന്ത് പിടിച്ച് അലയാന്‍, അല്ലെങ്കില്‍ എന്നേക്കുമായി ജീവിതത്തില്‍ നിന്നും മടങ്ങാന്‍..തിരുത്താന്‍ കഴിയാത്ത തെറ്റുകള്‍..ഒരിക്കലും മായ്ച്ചു കളയാന്‍ കഴിയാത്ത മുറിവുകള്‍..ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ആ നിമിഷം..ഏറ്റവും വെറുക്കുന്ന ആ ദിവസം...

    "നോക്ക്..എനിക്ക് അവകാശപ്പെട്ടത് കിട്ടിയേ തീരൂ...രണ്ട്‌ വെള്ളം തോരാത്ത പിള്ളേരാ...പിശുക്ക് കാണിച്ച്, തോന്നിവാസം കാണിച്ച്  പങ്ക് വെച്ച് എന്നെ ആരും പറ്റിക്കാന്നു കരുതണ്ടാ.."

                            രാത്രിയിലെ മദ്യപാന സദസ്സിലെ ചില വാക്കുകള്‍..ഒടുവില്‍ വളര്‍ന്ന്‍ തര്‍ക്കം, ബഹളം...മദ്യ ലഹരിയില്‍ കൂടപ്പിറപ്പ് ആണെന്ന കാര്യം പോലും മറന്നുള്ള ദേഷ്യം, വാശി, ഒടുവില്‍ വൈരാഗ്യം..സമ്പത്ത് വിട്ടു കൊടുക്കില്ലെന്നുള്ള തീരുമാനം...ഒടുവില്‍ മദ്യത്തിന്‍റെ കാട്ടാള ലഹരിയില്‍ ആ കഴുത്തില്‍ കത്തി കുത്തിയിറക്കിയപ്പോള്‍ ഒഴുകിയ ചോര സ്വന്തം ചോരയാണെന്ന് പോലും തിരിച്ചറിഞ്ഞില്ല..പിന്നേയും വാശിയോടെ കുത്തി, ജീവന്‍ പോകുന്നത് വരെ...ഒടുവില്‍ ചോര ഒഴുകി കാലില്‍ പതിച്ചപ്പോള്‍ തിരിച്ചറിവ്...സഹോദരന്‍, രണ്ട് കുട്ടികളുടെ പിതാവ്.സ്വന്തം ചോര...എല്ലാം അപ്പോഴേക്കും കഴിഞ്ഞിരുന്നു..ദൈവം തന്ന ജന്മം കൊലകത്തി കൊണ്ട് തിരിച്ചെടുക്കുമ്പോള്‍ ഓര്‍ത്തില്ല..അതിന്‍റെ പരിണിത ഫലങ്ങള്‍...അനാഥരായ മൂന്ന്‍ ജന്മങ്ങള്‍, ആരുമില്ലാതെയായ പ്രായമുള്ള മാതാപിതാക്കള്‍...ആര്‍ക്കും അനുഭവിക്കാന്‍ കഴിയാതെ പോയ സമ്പത്ത്...

        "ജീവനെങ്കിലും ബാക്കി വെക്കമായിരുന്നില്ലേ??ആ കുട്ടികള്‍ വളരുമ്പോള്‍ അവര്‍ക്ക് നിന്നോടുണ്ടാകുന്ന ശത്രുത...ആ പാവം പെണ്‍കുട്ടിയുടെ വൈധവ്യത്തിന്റെ കണ്ണ് നീര്‍...എവിടെ പോയി പ്രായശ്ചിത്തം ചെയ്താലും, ഏത് പുണ്യ നദിയില്‍ മുങ്ങിയാലും മായാത്ത പാപ കറ...പണം അത് സ്വന്തം കൈകളില്‍ കൂടുതല്‍ ഒതുക്കാന്‍ നീ ചെയ്ത മഹാപാപം..അത് കൊണ്ടെന്ത് നേട്ടമുണ്ടായി..??നിനക്ക് അതനുഭവിക്കാന്‍ പോലും കഴിയില്ല...എന്തിന് നീ ഇനിയും ജീവിക്കുന്നു...നിയമം അനുശാസിക്കുന്ന ഒരു തൂക്ക് കയര്‍ ഇരന്ന് വാങ്ങിക്കോ.. ഒരാളും പൊറുക്കില്ല...ഒരു കാലത്തും പൊറുക്കില്ല..."

                            അടുത്ത സ്നേഹിതന്‍ ഇന്നലെ പറഞ്ഞ വാക്കുകള്‍..ശരിയാണ്. ഞാന്‍ എന്നെ വെറുക്കാന്‍ തുടങ്ങിയിരിക്കുന്നു..ഒരു സ്വയം ഹത്യയുടെ തീരം മുന്നില്‍..ഒരിറ്റ് മരണ ജലം പോലും കിട്ടാതെ പിടയാന്‍ മോഹം..എന്തെങ്കിലും പറയാന്‍ ബാക്കിയുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് മറുപടി മനസ്സ് തുറന്ന്‍ തന്നെ പറഞ്ഞു..

   "എനിക്ക് മരിക്കണം...മരണത്തിന് ശേഷം നരകമെന്ന ഒന്നുണ്ടെങ്കില്‍ അതും വേണം..ഒരു ജീവിതത്തില്‍ ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങള്‍ പേറി ഇങ്ങിനെ ജീവിക്കുന്നതിലും ഭേദം മരണം എന്ന സത്യം..എനിക്ക് തൂക്ക് കയര്‍ വിധിക്കണം...എത്രയും വേഗം..."

                             പകരം കോടതി ഇന്നലെ തന്നത് ശകാരമാണ്..വിധി നിശ്ചയിക്കാന്‍ അവരുണ്ടത്രേ...രക്ഷപ്പെടാന്‍ വേണ്ടി ചെയ്യുന്ന ഈ നാടകം അവസാനിപ്പിക്കാനും മുന്നറിയിപ്പ്..പല മുഖങ്ങളില്‍ നിന്നും, പകല്‍ വെളിച്ചത്തില്‍ നിന്നും ഒളിച്ചോടി ദൂരെ അറിയപ്പെടാത്ത ലോകത്തേക്ക് പോകാനുള്ള കൊതി ആരും മനസ്സിലാക്കുന്നില്ല..സാധിക്കില്ല ഇനിയീ സുന്ദരമായ ഭൂമിയില്‍ ജീവിക്കാന്‍, വളര്‍ന്ന്‍ വരുന്ന ആ പിഞ്ചു കുഞ്ഞുങ്ങളുടെ ചോദ്യങ്ങള്‍...വേണ്ട...ജയിലഴിയില്‍ കൂടി കടന്ന്‍ വരുന്ന വെളിച്ചം മറയട്ടെ..

           "ഒന്നും ഒന്നിനും പകരമാകുന്നില്ല...
            നഷ്ടമായത് തിരികെ ലഭ്യമാകില്ല...
            ഇനിയെനിക്ക് ജീവനുള്ള മാറാപ്പ്
            എന്നേക്കുമായി അഴിച്ച് വെക്കണം..
            ഇനിയെനിക്ക് സുഖമായുറങ്ങണം...
            ബലി കല്ലില്‍ തല ചായ്ച്ച്....
            മരണം വന്ന്‍ വിളിക്കും വരേ...

                               പഴയ കടലാസ്സില്‍ എഴുതി അവസാനിപ്പിച്ച  വാക്കുകള്‍ക്ക്  മുന്നില്‍  ആ ചെറിയ പൊതി തുറന്നു..പകല്‍ വെളിച്ചത്തില്‍ കോടതി കഴിഞ്ഞ്കൊ തിരികെ പോരുമ്പോള്‍ കൂടെ വന്ന പോലീസ്ക്കാരന്‍ നല്കിയ രഹസ്യമായ ഒരു പൊതി.. അതില്‍  തിളങ്ങുന്ന ഒരു ബ്ലയിഡ് കഷ്ണം..അതിന്‍റെ തിളക്കം മുഖത്ത് മരണത്തെ പോലെ മിന്നി മിനുങ്ങി..ഇനിയും പകലുകള്‍, ആര്‍ദ്രമായ നോട്ടങ്ങള്‍, ഉത്തരമില്ലാത്ത ചോദ്യങ്ങള്‍...എന്തിന് വേണ്ടി അവനെ ഇല്ലാതാക്കിയോ എല്ലാം അവന്‍റെ അവകാശികള്‍ക്ക് മാത്രം ചെന്ന്‍ ചേരട്ടെ....
വെളിച്ചത്തിലേക്ക് വലത് കൈ പിടിച്ച് അതിലെ തടിച്ച് നില്‍ക്കുന്ന ഞരമ്പില്‍ മെല്ലെ വിരലോടിച്ചു...മരണത്തിന്‍റെ മിടിപ്പ്...അത് കൈകളിലേക്ക്...കണ്ണുകള്‍ അടച്ച് ഇരുട്ടാക്കി...ഇടനാഴിയില്‍ നിന്നും കടന്ന്‍ വരുന്ന ജീവന്‍റെ വെളിച്ചം പോലും ഇരുട്ടാക്കി...തുടുത്ത ഞരമ്പുകള്‍ വീണ്ടും വേഗതയില്‍ മിടിക്കാന്‍ തുടങ്ങി...മരണത്തിന്‍റെ സംഗീതം...അതടുത്തടുത്ത് ..വളരെ അടുത്ത്...



NB:- "കുറച്ച് ദിവസം മുന്‍പ് നഷ്‌ടമായ പ്രിയ കൂട്ടുക്കാരന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരിറ്റ് കണ്ണീരോടെ.....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....



   











2015, നവംബർ 6, വെള്ളിയാഴ്‌ച

ജീവിതത്തിലെ പ്രധാന ദിനങ്ങള്‍- ദിവസം # ഒന്ന്‍...

                                                             



















                                                             
                                                                 ഓരോ മനുഷ്യര്‍ക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ചില ദിനങ്ങളുണ്ട്...പ്രതീക്ഷിച്ച ചില അതിഥികള്‍ സന്തോഷത്തോടെ ജീവിത യാത്രയില്‍ ചേരുന്ന ദൈവികമായ നിമിഷം...അതുമല്ലെങ്കില്‍ ജീവിതത്തിന്‍റെ ഗതിവികതിയില്‍ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുന്ന മുഹൂര്‍ത്തം..അങ്ങിനെയൊരു സുന്ദരമായ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിനത്തിന്‍റെ തലേന്ന് രാത്രിയില്‍.........

പതിനൊന്നാം തിയ്യതി ഏപ്രില്‍ രണ്ടായിരത്തി ആറു..(11/04/2006)

                                                                 തുറന്നിട്ട ജനലിലൂടെ ഇരുട്ടില്‍ വെളിച്ചം വിതറുന്ന അലങ്കാര ബള്‍ബുകള്‍ മാറി മാറി എന്‍റെ മുഖത്ത് നീലയും, പച്ചയും, ചുവപ്പും വര്‍ണ്ണങ്ങള്‍ തീര്‍ത്തു..ആളുകള്‍ ഒഴിഞ്ഞു പോയിട്ടും സന്തോഷത്തോടെ കത്തുന്ന വിളക്കുകള്‍.മതിലിനപ്പുറം റോഡില്‍ നിന്നും ഒരു ചില്ല് കുപ്പി ഉരുളന്നതിന്റെ ശബ്ദം..അവസാനത്തെ ലഹരിയും വിഴുങ്ങി ആനന്ദം കൊള്ളുന്ന സൗഹൃദങ്ങള്‍.അവരിലാരോ ആണ് കുറച്ചു മുന്‍പ് പന്തലില്‍ ഇരുന്ന എന്നെ സ്നേഹത്തോടെ ശകാരിച്ചത്‌..

        "പോയി കിടന്നുറങ്ങടാ ചെക്കാ..അല്ലെങ്കില്‍ നാളെ ക്ഷീണമാകും.."

        "ഒറക്കം വരണില്ലെങ്കില്‍ രണ്ടെണ്ണം അടിച്ചോ..."

                                                                   കൂടുതല്‍ ഒന്നും പറയാതെ മുറിയിലേക്ക് പോരുകയായിരുന്നു..മനസ്സില്‍ സന്തോഷം, അതിനേക്കാള്‍ കൂടുതല്‍ പരിഭ്രമം..ഇത് വരെ ജീവിച്ച ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി എന്തിനും, ഏതിനും ഒരാളുടെ കൂടെ പങ്കാളിത്തം ഉറപ്പിക്കുന്ന ദിവസമാണ് നാളെ..സുഖമായാലും ദുഃഖമായാലും പരസ്പരം പങ്കിടാന്‍ തുടങ്ങുന്ന ദിവസം..ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക്, സങ്കല്‍പ്പങ്ങള്‍ക്ക്, കൂടെ ഉണ്ടാകാന്‍ ഒരു വാഗ്ദാനം നല്‍കുന്ന ദിവസം..മനസ്സില്‍ ആ നിമിഷത്തെ കുറിച്ചായിരുന്നു ഏറെ ഭയം...അലമാര തുറന്ന്‍ താലിമാല കയ്യില്‍ എടുത്ത് പരിശോധിച്ചു..ഒരല്പം അഹങ്കാരം തോന്നിയ നിമിഷം..

       "എന്‍റെ അധ്വാനം..അത് കൊണ്ട് വാങ്ങിയ മാല..ഒരാളില്‍ നിന്നും പങ്ക് പറ്റാതെ നാളെ എന്‍റെ ജീവിതത്തിന് നേരെ ഞാന്‍ നീട്ടുന്ന മാല, അതൊരു ലോഹക്കൂട്ട് മാത്രമല്ല...ജീവിതത്തില്‍ ഒരു വഴി തിരിവുണ്ടാക്കാന്‍ ഒരാള്‍ കൂടി കടന്ന്‍ വരുമ്പോള്‍ അതിന്‍റെ തെളിവായി വരും നാളുകളിലേക്ക്  കരുതി വെക്കുന്ന ഒരു മൂല്യമാണ്.ഒരു വിശ്വാസമാണ്.മാലയുടെ കൊളുത്ത് നോക്കിയപ്പോള്‍ വീണ്ടും മനസ്സില്‍ ആ നിമിഷത്തെ കുറിച്ചുള്ള ശങ്ക വീണ്ടുമുണര്‍ന്നു...

       "ഇത് പൂട്ടാന്‍ കഴിയോ?..ഇതെങ്ങനെ കെട്ടണം..ഇടത് നിന്ന് വലത്തോട്ട്?? വലത്ത് നിന്ന് ഇടത്തോട്ട്?? കെട്ടുമ്പോള്‍ താലി മറയുമോ?? കൈകള്‍ വിറക്കുമോ??

                                                                 പലരോടും ആ നിമിഷത്തെ കുറിച്ച് ചോദിച്ച് മനസ്സിലാക്കിയിരുന്നു...കല്യാണം കഴിഞ്ഞ സുഹ്രുത്തുക്കളോട്, ചേട്ടന്മാരോട്..എല്ലാവര്‍ക്കും ഒരേ അഭിപ്രായം...ആ ഒരു നിമിഷത്തില്‍ പതറിയ മനസ്സാണ് എല്ലാവര്‍ക്കും..ഒരു ചെറിയ ശങ്ക..ഒരു വിറയല്‍..അല്ലെങ്കില്‍ ഒരു കൊച്ചു ഭയം..ചിലത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്..എല്ലാം കൂടി കൂടി കിഴിക്കുമ്പോള്‍ അതെ ഭയം എന്നിലേക്കും പടരുന്നു.സന്തോഷത്തിന്‍റെ ഉന്നതിയില്‍ നില്‍ക്കുന്ന സമയത്തെ ഒരു കുഞ്ഞു ഭയം..കിടക്കയില്‍ കിടക്കുമ്പോള്‍ മനസ്സ് പറയുന്നുണ്ടായിരുന്നു..നാളെ മുതല്‍ നീ ഒറ്റയ്ക്കല്ല...അടുത്ത് നിന്‍റെ കൂടെ മറ്റൊരാള്‍ കൂടി....ഉറങ്ങി എഴുന്നേല്‍ക്കാന്‍ പോകുന്ന ദിവസത്തെ കുറിച്ച് ചിന്തിച്ച് മെല്ലെ കണ്ണുകള്‍ അടച്ച് ഉറക്കത്തിലേക്ക്..നാളെ ഉണരാന്‍ പോകുന്നത് ജീവിതത്തിലെ ഏറ്റവും വര്‍ണ്ണാഭമായ ദിവസത്തിലേക്ക്...


പന്ത്രണ്ടാം  തിയ്യതി ഏപ്രില്‍ രണ്ടായിരത്തി ആറു..(12/04/2006)

                                                                    ശുഭ വസ്ത്രം, ശുഭ പ്രതീക്ഷ, ശുഭകാര്യം... എല്ലാ പ്രതീക്ഷകള്‍ക്കും അര്‍ത്ഥം കണ്ടെത്തുന്ന പുരുഷായുസ്സിലെ പ്രധാനപ്പെട്ട ആ ദിവസം..പതിവ് പോലെ ഞാനും പ്രഭാതത്തില്‍ അമ്പല മുറ്റത്ത് നിന്നും ആരംഭിച്ചു..ഏപ്രില്‍ മാസത്തില്‍ അതി രാവിലെ വീശുന്ന വിഷു കാറ്റില്‍ മുല്ലപ്പൂ ഗന്ധവും, പിന്നെ പ്രകൃതിയില്‍ കണി കൊന്നയുടെ നിറവും...ഏറ്റവും നല്ല വസ്ത്രം ധരിച്ച്, ഏറ്റവും സന്തോഷത്തോടെ ബന്ധുക്കള്‍, മിത്രങ്ങള്‍, എന്‍റെ ജീവിതയാത്രയുടെ പ്രധാന ഘട്ടത്തിന് സാക്ഷ്യം വഹിക്കാന്‍..പൂമാലയുടെ ഗന്ധം നിറഞ്ഞ കാറില്‍ കയറുമ്പോള്‍ മനസ്സ് തുടിച്ചു...തലയില്‍ മുല്ലപൂ ചൂടി, ആഭരണ വിഭൂഷിതയായ എന്‍റെ പെണ്ണിനെ കാണാന്‍..ഇനി കുറച്ച് കഴിയുമ്പോള്‍ ആകാശവും, ഭൂമിയും, നിറ ദീപവും സാക്ഷി നിരത്തി ക്ഷേത്രനടയില്‍ അവളെ എന്‍റെ ജീവിതവുമായി ബന്ധിപ്പിക്കുന്ന ആ നിമിഷം..കാറില്‍ ആരെല്ലാമോ എന്തെല്ലാം പറയുന്നുണ്ടെങ്കിലും ഒന്നും മനസ്സില്‍ തങ്ങിയില്ല..എവിടെ ഒളിപ്പിക്കാന്‍ ശ്രമിച്ച ആ ശങ്ക തിരികെ വന്നിരിക്കുന്നു..വഴിയില്‍ കണ്ട ദേവാലയങ്ങള്‍ മുഴുവന്‍ നോക്കി മനസ്സാല്‍ പ്രാര്‍ത്ഥിച്ചു...

      "ബലം നല്കാന്‍...എല്ലാം ഭംഗിയാക്കാന്‍..."

                                                                    ഹാളിനു മുന്നില്‍ കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ മുഖത്ത് പതിച്ച് വീഡിയോ വെളിച്ചത്തില്‍ നിന്നും തല തിരിച്ച് നോക്കിയപ്പോള്‍ ഹാളിനു മുകളിലെ ജാലകത്തിനരികെ കുറേ സുന്ദര മുഖങ്ങള്‍ക്കിടയില്‍ കണ്ടു...അവളെ..കുറച്ച് സമയം കഴിയുമ്പോള്‍ എന്‍റെ ജീവിതത്തിലെ പ്രിയപ്പെട്ടവളായി തീരേണ്ട പെണ്‍കുട്ടി..മനസ്സില്‍ തോന്നി..ആ മുഖത്തും കത്തി നില്‍ക്കുന്ന സന്തോഷത്തിന് മീതെ ചെറിയ ഒരു ശങ്ക, ഭയം ഇല്ലെയെന്ന്...ഉണ്ടാകാം..എന്നെ പോലെ അവള്‍ക്കും ജീവിതം വഴി തിരിയുന്ന ഒരവസ്ഥ. എന്തായാലും ഉണ്ടാകാം..പിന്നെയും കാത്തിരിപ്പ്...ആ നിമിഷമാകാന്‍..ഒരു നിമിഷം ഒരു മണിക്കൂര്‍ പോലെ...ഒരു മിനിറ്റ് ഒരു കൊല്ലം പോലെ..പ്രകൃതി നിശ്ചയിച്ച ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്..അമ്പല നടയില്‍...ഏറി തീയില്‍ എണ്ണ ഒഴിക്കും പോലെ അടുത്ത സ്നേഹിതന്‍....

      "എന്താ പേടിണ്ടാടാ...സൂക്ഷിച്ച് കെട്ടിയാല്‍ മതി..താലി മറയാന്‍ പാടില്ല..."

                                                                     മനസ്സില്‍ പറഞ്ഞു..എന്തിനാടാ നീയിതിപ്പോള്‍ ഓര്‍മ്മിപ്പിച്ചത്?? ഉള്ളില്‍ ഒരു പെരുമ്പറ മുഴങ്ങി തുടങ്ങി..മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അമ്പലം വലം വെച്ച് ചുവന്ന പട്ടു സാരിയില്‍ പതുക്കെ ചുറ്റ് വഴിയിലൂടെ എന്‍റെ ജീവിതത്തിലേക്ക് ഒറ്റയടി വെച്ച് അവള്‍ നടന്ന്‍ വരുന്നു..ഒരു നിമിഷം മനസ്സ് അബോധ തലത്തിലേക്ക് പോയോ...ഭയം അതിന്‍റെ നിറ കോടിയില്‍..അവള്‍ വന്ന് മുന്നില്‍ നിന്നപ്പോള്‍, നോക്കി ചിരിച്ചപ്പോള്‍ മാത്രം ഒരല്പം ശങ്ക വിട്ടു മാറി..എന്നാലും ആ നിമിഷം മറികടക്കാനുള്ള ഊര്‍ജ്ജം സംഭരിക്കാന്‍ ചുറ്റും നോക്കിയപ്പോള്‍ പരിഹാസ ചിരികള്‍, ചില കമന്‍റുകള്‍...അങ്ങിനെ കാത്ത് നിന്ന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ നിമിഷം അടുത്ത് വന്നു...

ജീവിതത്തിലെ ഏറ്റവും പ്രധാനമായ ആ നിമിഷം.....

                                                                      അമ്പലത്തിനുള്ളില്‍ നിന്നും പൂജിച്ച് കിട്ടിയ താലി മാല സ്വയം മറന്ന്‍ നില്‍ക്കുന്ന എന്‍റെ കയ്യില്‍ ആരോ തന്നു..പ്രകൃതി സ്ത്രീയേയും, പുരുഷനേയും തമ്മില്‍ കൂട്ടി ചേര്‍ക്കുന്ന ആ ശുഭ മുഹൂര്‍ത്തം..ചുറ്റും നില്‍ക്കുന്നവരോ, ദീപ നാളമോ ഒന്നും കണ്മുന്നിലെ കാഴ്ചയില്‍ ഇല്ല...ഭയം അതിന്‍റെ ഉച്ചസ്ഥായിയില്‍..ആരോ പറയുന്നത് കേട്ടു..

      "ഇനി താലി കെട്ടിക്കോളൂ..."

                                                                  വിറയാര്‍ന്ന കൈകള്‍, പെരുമ്പറ പോലെ മിടിക്കുന്ന ഹൃദയം..ആ കഴുത്തിന്‌ നേരെ കൈകള്‍ നീണ്ടത് തികച്ചും യാന്ത്രികമായി..അവളും സ്വയം മറന്ന്‍ നില്‍ക്കുന്നു...ഞങ്ങള്‍ക്കിടയില്‍ ഞാനും, അവളും, പിന്നെ പ്രകൃതിയെന്ന ദൈവ സാന്നിധ്യവും...എങ്ങിനെ താലിയുടെ കൊളുത്ത് കൊളുത്തിയെന്ന്‍ ഓര്‍മ്മയില്ല.എനിക്ക് എന്‍റെ ജീവിത സഖിയെ സമ്മാനിച്ച ആ നിമിഷം മറി കടന്ന്‍ ഞാന്‍ മങ്ങിയ കാഴ്ചയില്‍ നിന്നും തിരികെ വന്ന് നിറ മനസ്സോടെ അവളെ നോക്കുമ്പോള്‍ എന്‍റെ നേരെ അനുഗ്രഹം ചൊരിയുന്ന പോലെ ആ മാലയില്‍ കൊരുത്ത താലി..ചുറ്റും കൂടി നിന്നവരുടെ പുഷ്പ വൃഷ്ടികള്‍ അനുഗ്രഹം ചൊരിയുമ്പോള്‍ ഞാന്‍ അവളെ നോക്കി..
കണ്ണുകള്‍ അടച്ച് അനന്തകണ്ണീര്‍ നിറഞ്ഞ് എന്‍റെ ഭാര്യ..ആ നിമിഷം മുതല്‍ അവള്‍ എന്‍റെ ഭാര്യ..അതൊന്ന് ഉറപ്പിക്കുന്ന രീതിയില്‍ വെളുത്ത സീമന്ത രേഖയെ കുങ്കുമം കൊണ്ട് അരുണാഭമാക്കി എല്ലാ ഭയാശങ്കകളും മനസ്സില്‍ നിന്നകറ്റി ചുറ്റും അനുഗ്രഹം വര്‍ഷം ചൊരിയുന്ന എല്ലാവരേയും സന്തോഷത്തോടെ നോക്കി വീണ്ടും ഞങ്ങള്‍ ഇരുവരും തൃപ്രയാറപ്പന് നേരെ തിരിഞ്ഞ് ഒരു മനസ്സോടെ പ്രാര്‍ത്ഥിച്ചു...

    " എല്ലാ അനുഗ്രഹങ്ങളും, സൗഭാഗ്യങ്ങളും ഞങ്ങള്‍ക്ക്ന ല്‍കണേ..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....

harishkdlr.blogspot.com










2015, നവംബർ 3, ചൊവ്വാഴ്ച

അച്ഛന്‍ മായാത്ത വീട്...

           

            "അമ്മേടെ കാര്യം ആലോചിക്കുമ്പോഴാ വെഷമം..തനിച്ചാക്കിട്ട് പോകാന്‍ മനസ്സ് അനുവദിക്കണില്ല."

              അരുണ്‍ ജനലിലൂടെ പുറത്തെ ഇരുട്ടിലേക്ക് നോക്കി..അവിടെ നിലാവ് വിതറിയ തെക്കേ മൂലയില്‍  ഇളകി കിടക്കുന്ന മണ്ണ്‍, അതിന് നടുവില്‍ ഒരു തുളസി ചെടി.ആ കാഴ്ച്ചയില്‍ അവനെ തിരിച്ചെടുക്കാന്‍ വേണ്ടി അവന്‍റെ മുന്നിലേക്ക് വീണ നീങ്ങിയിരുന്നു..ദുഖം കനക്കുന്ന അവന്‍റെ മുഖം പതുക്കെ പുറം കാഴ്ചകളില്‍ നിന്നും ഇരു കൈകള്‍ കൊണ്ടും ചേര്‍ത്ത് പിടിച്ച്  തന്നിലേക്ക് തിരിച്ചു..

                        "ഏട്ടാ..ഞാന്‍ ഇവിടെ നിന്നോളാം..അമ്മേടെ കൂടെ..ഞാന്‍ ഒരു വട്ടം പറഞ്ഞൂല്ലോ.വിഷമമുണ്ട് എനിക്ക്...ന്‍റെ ശരീരത്തിനേ ഏട്ടനെ പിരിയാന്‍ സാധിക്കൂ ..പക്ഷെ മനസ്സിന് കഴിയൂല..ഒരു ദിവസം പോയിട്ട് ഒരു നിമിഷം  പോലും പിരിഞ്ഞിരിക്കാന്‍..എന്നാലും ഞാന്‍ സഹിച്ചോണ്ട്"

             അവളുടെ നിറയുന്ന കണ്ണുകള്‍..അവളെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ച് കണ്ണീരില്‍ ചുണ്ട് ചേര്‍ത്ത് നിസ്സഹായാനെ പോലെ വീണ്ടും ഇരുട്ടിലേക്ക് നോക്കി.അവള്‍ കുറേ നേരം ആ മാറിലെ ചൂടില്‍ മുഖം ചേര്‍ത്ത്..വീണയുടെ മനസ്സ് കരയുകയായിരുന്നു..ചിന്തിക്കാന്‍ പോലും കഴിയുന്നില്ല..ഒരു താത്കാലികമായ വേര്‍പിരിയല്‍.പതിനെട്ട് ദിവസം മുന്‍പ് ദോഹയില്‍ നിന്നും ഏട്ടന്‍റെ കൂടെ പോരുമ്പോള്‍ ചിന്തിച്ചതേയില്ല ഇങ്ങിനെ ഒരു അവസ്ഥ മുന്നില്‍ വരുമെന്ന്‍..അവളെ ചേര്‍ത്ത് പിടിച്ച് ഇരുളില്‍ നോക്കിയിരിക്കുന്ന അരുണിന്റെ കണ്ണില്‍ നിന്നും ഒരു ചുടുനീര്‍ അടര്‍ന്ന് വീണയുടെ കവിളില്‍ പതിച്ചപ്പോള്‍ അവള്‍ തീ പൊള്ളിയത്‌ പോലെ മാറില്‍ നിന്നും അടര്‍ന്ന് മാറി..

          "നിറഞ്ഞ കണ്ണുകള്‍..കഴിഞ്ഞ പതിനാറ് ദിവസമായി ആ കണ്ണുകള്‍ നിറയാത്ത സമയമില്ല."താന്‍ കൂടി ആശ്വസിപ്പിച്ചില്ലെങ്കില്‍ പാവം തളരും..വീണ ആ കണ്ണുകള്‍ തുടച്ച് ഒരു കൃത്രിമ സന്തോഷം വരുത്തി അവനെ നോക്കി..

                          "ഏട്ടന്‍ പറഞ്ഞത് പോലെ ഞാന്‍ എം.ബി.എ യ്ക്ക് ചേരാം..ഇവിടെന്ന് പോകാം..അമ്മക്കൊരു കൂട്ടിന് ഒരാളാകൂലോ..ന്‍റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തോളൂ.കൂടുതല്‍ ചിന്തിക്കണ്ടാ."

               അത് പറയുമ്പോള്‍ വീണയുടെ ഉള്ളിലെ വ്യഥ അരുണ്‍ തിരിച്ചറിഞ്ഞു..അവള്‍ അഭിനയിക്കുകയാണ്..തന്നെ വീണ്ടും വീണ്ടും ദുഖിപ്പിക്കാതിരിക്കാന്‍.കല്യാണം കഴിഞ്ഞിട്ട് ഒരു വര്‍ഷമാകുന്നു..അച്ചനും, അമ്മയും കണ്ടെത്തിയ പെണ്‍കുട്ടി.ഒരു വര്‍ഷം കൊണ്ട് ഒരു യുഗം സ്നേഹം സമ്മാനിച്ച പാവം പെണ്ണ്..ആ കണ്ണുകളില്‍ നോക്കിയാല്‍ തിരിച്ചറിയാം..ആ നെഞ്ചില്‍ എന്നെ പിരിയേണ്ടി വരുന്ന വേദനയുടെ ആഴം.ദോഹയില്‍ നിന്നും ഒരു വര്‍ഷം മുന്‍പ് നാട്ടിലെത്തി വീട്ടുക്കാര്‍ കല്യാണം പറഞ്ഞുറപ്പിച്ച പെണ്‍കുട്ടിയെ കണ്ട് തിരികെ വന്നപ്പോള്‍ അച്ചന്‍  പറഞ്ഞ വാക്ക് ഇപ്പോഴും മനസ്സിലുണ്ട്...

      ''നല്ലൊരു മോളാണ്...ചിരി കാണാന്‍ നല്ല ഭംഗീണ്ട്..ഒരിക്കലും ആ ചിരി മായ്ക്കാതെ നോക്കണം ..അതാണ് ഒരു ഭര്‍ത്താവിന്‍റെ ഏറ്റോം വല്യേ കടമ."

          അച്ഛന്‍ സ്വതവേ അധികം സംസാരിക്കില്ല..മൗനമാണ് പലപ്പോഴും അച്ഛന്റെ ഭാഷ..പലപ്പോഴും മൗനം കൊണ്ട് അച്ഛന്‍ അമ്മയോട് നടത്തുന്ന ആശയവിനിമയം കണ്ട് അതിശയിച്ചിട്ടുണ്ട്..ഒപ്പം അച്ഛന്‍ അമ്മയെ സ്നേഹിക്കുന്ന അളവ് കണ്ടും..അമ്മയെ ഒരിക്കലും കണ്ണീരണിഞ്ഞ് കണ്ടിട്ടില്ല..അതായിരുന്നു അച്ഛന്‍..സ്നേഹം, ക്ഷമ..അതിന്‍റെ രൂപം...ഭാവം.ശരാശരി വരുമാനം കൊണ്ട് ജീവിതം തള്ളി നീക്കിയ കാലത്ത് കുടുംബം ദാരിദ്രത്തിലേക്ക് അകപ്പെടാതിരിക്കാന്‍ അച്ഛന്‍ നടത്തിയ പോരാട്ടങ്ങള്‍..ഒരിക്കലും പഠിക്കുന്ന സമയത്ത് ആവശ്യങ്ങള്‍ അച്ചന്‍ നിരസിച്ചിട്ടില്ല..ഒരു കൊച്ചു പെട്ടികടയിലെ മോരും വെള്ളവും, നാരങ്ങ വെള്ളവും വിറ്റ്‌ കിട്ടുന്ന തുട്ടുകള്‍ മാത്രമായിരുന്നു അച്ഛന്റെ വരുമാനം..അതിനെ ആശ്രയിച്ചായിരുന്നു ജീവിതം മുന്നോട്ട്പോയിരുന്നത്..വരുമാനം കൂട്ടാന്‍ വേണെമെങ്കില്‍ ബീഡിയും, സിഗറെറ്റും വില്‍ക്കമായിരുന്നു..പക്ഷെ അച്ഛന്‍  ഒരു വിദ്യാലയത്തിനു മുന്നില്‍ അതെല്ലാം വില്‍ക്കുന്നതിനോട് എതിരായിരുന്നു..അതിനുന്മുണ്ടായിരുന്നു ചില ന്യായങ്ങള്‍..

      "കുരുന്ന് പിള്ളേര്‍ടെ ജീവിതം പൊകയാക്കി കിട്ടുണ ഒരു ഉരുപ്യേം നമുക്ക് വേണ്ടാ..അത് കൊണ്ടുള്ള ജീവിതോം വേണ്ടാ"

           അരുണ്‍ വീണ്ടും ജനലിലൂടെ പുറത്തേക്ക് നോക്കി.പതിനാറ് ദിവസം മുന്പ് നടന്ന വേര്‍പ്പാടിനോട് പൊരുത്തപ്പെടാന്‍ ഇനിയും സാധിച്ചിട്ടില്ല.അവസാനമായി അച്ഛനെ ഒന്ന്‍ കാണാന്‍,ഒരിറ്റ് വെള്ളം കൊടുക്കാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യം..കണ്ടപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരു വാക്ക് മറക്കാന്‍ സാധിക്കുന്നില്ല..ആ ഒരു അര്‍ദ്ധ ജീവാവസ്ഥയില്‍ ചെവിയില്‍ മന്ത്രിച്ച വാക്കുകള്‍..അത് തന്നോട് പറയാന്‍ അച്ഛന്‍ കാത്തിരുന്നത് പോലെ..

      "അമ്മയെ പിരിയാന്‍ ..തനിച്ചാക്കാന്‍...അച്ഛന്.."

          മുഴുവിക്കാന്‍ സാധിച്ചില്ല..എങ്കിലും അറിയാന്‍ കഴിഞ്ഞു.അച്ഛന്റെ ആ സ്നേഹം..അമ്മ അച്ഛന്റെ ജീവനായിരുന്നു. അച്ഛന്‍ ശബരിമലയ്ക്ക് പോയി അമ്മയെ പിരിഞ്ഞിരിക്കാന്‍ കഴിയാതെ അന്ന് തന്നെ തിരികെ വന്ന കഥകള്‍ ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്...അതായിരുന്നു അവര്‍ക്കിടയിലെ സ്നേഹം, കലര്‍പ്പും, കാപട്യവും ഇല്ലാത്ത ശുദ്ധമായ സ്നേഹം..അച്ഛന്റെയും, അമ്മയുടെയും ആ സ്നേഹത്തെ കുറിച്ച് , പ്രത്യേകിച്ച് ചില ഭാര്യമാര്‍ മറ്റുള്ള ചിലരോട്പ റയുന്നത്  കേട്ടിട്ടുണ്ട്...

       "നമ്മടെ ശിവുചേട്ടന്‍   തേച്ച് വെളുപ്പിച്ച പൊന്ന് പോലെ കെട്ട്യോള്‍ വത്സലയെ കൊണ്ട് നടക്കണത് കണ്ടാ..ഇല്ലെങ്കില്‍ കണ്ട് പഠിക്ക്..അതാ സ്നേഹം.അങ്ങനെയാവണം സ്നേഹം.."

           ശരിയായിരുന്നു..അതാണ് സ്നേഹം..അച്ഛന്‍ അമ്മയെ സ്നേഹിച്ചത് പോലെ  ഞാന്‍ വീണയെ  സ്നേഹിക്കുന്നോ??അരുണ്‍ ചിന്തിച്ചു..അവളില്ലാതെ തനിക്ക് ജീവിക്കാന്‍ സാധിക്കുമോ??ഒറ്റയ്ക്ക്..ഇല്ല..സാധിക്കില്ല.ദോഹയില്‍ പകല്‍ ദിവസം ജോലി കഴിയാന്‍ കാത്തിരിക്കുന്നത്, വെള്ളിയാഴ്ച അവധി വരാന്‍ കാത്തിരിക്കുന്നത്...എല്ലാം അവള്‍ക്ക് വേണ്ടി...ആ ചിരി, ആ "ഏട്ടാ" എന്നുള്ള വിളി..അവളെ ചേര്‍ത്ത് പിടിക്കുമ്പോള്‍ കിട്ടുന്ന സുഖം..

        "ഏട്ടാ.." ചിന്തയില്‍ നിന്നും തിരികെ ഉണര്‍ത്തിയത് അവള്‍ തന്നെ...മുന്നില്‍ ചുവന്ന്‍ കലങ്ങിയ കണ്ണുകളോടെ ചുണ്ടില്‍ ഒരു വരണ്ട കൃത്രിമ ചിരിയോടെ..കണ്ടാലറിയാം എവിടെയോ ഇരുളില്‍ മറഞ്ഞിരുന്ന് കരയുകയായിരുന്നുവെന്ന്..ഒരിക്കലും കരയിക്കില്ല എന്ന് മനസ്സില്‍ ഉറപ്പിച്ച തീരുമാനങ്ങള്‍ പലതും വഴി മാറി പോകുന്നോ?

        "നമുക്ക് എന്തേലും കഴിച്ചാലോ? "

      വീണ്ടും നുണ കുഴി വിരിയുന്ന കൃത്രിമ ചിരിയോടെ.

         ആവി പറക്കുന്ന കഞ്ഞിക്ക് മുന്നില്‍ പ്രതിമ പോലെ അവര്‍ മൂന്ന്‍ പേര്‍..അമ്മയുടെ കഞ്ഞിയില്‍ വെള്ളത്തിനേക്കാള്‍ കൂടുതല്‍ കണ്ണ് നീര്‍ തുള്ളിയാകണം..മുന്നില്‍ ചുമരില്‍ തെളിഞ്ഞ ദീപത്തിനു മുന്നില്‍ മാലയും അണിഞ്ഞ് എല്ലാം നോക്കി കണ്ട് അച്ചന്‍..അച്ഛന്‍ ഒരു ശൂന്യത..ഒഴിഞ്ഞ കസേര..അമ്മയുടെ കഴുത്തില്‍ നിന്നും വര്‍ഷം കുറേ മുന്പ് അച്ഛന്‍ ചാര്‍ത്തിയ ആലില കൃഷ്ണന്‍ താലിയും, നൂല് മാലയും അപ്രത്യക്ഷം..വീണയും തല കുനിച്ചിരിക്കുന്നു..അറിയാം..എന്നും കിട്ടുന്ന ഒരു പങ്ക്, ഒരുരുള ചോറ്, അല്ലെങ്കില്‍ ഒരു സ്പൂണ്‍ കഞ്ഞി, ഒരിറക്ക് ചായ..എന്ത് താന്‍ കഴിക്കുന്നതിന് മുന്പ് ഒരു ചെറിയ പങ്ക്..ഒന്നും നോക്കിയില്ല..കഞ്ഞി കോരി എടുത്ത് വീണയുടെ നേരെ നീട്ടി..അവള്‍ സന്തോഷത്തോടെ അമൃത് കിട്ടിയത് പോലെ വാങ്ങി കഴിച്ചു..പിന്നെ നാളെ മുതല്‍ അത് നഷ്ടമാകുമെന്നുള്ള സത്യം തിരിച്ചറിഞ്ഞ് കണ്ണുകള്‍ പൊത്തി ഇരുളിലേക്ക് ഓടി മറഞ്ഞു..അവള്‍ക്ക് തന്നെ പിരിയാന്‍ സാധിക്കില്ല..കഞ്ഞി പാത്രത്തിനു മുന്നില്‍ നിന്നും എഴുന്നേറ്റ് അരുണ്‍ പുറത്തേക്ക് നടന്നു..മനസ്സ് പിടി വിട്ട് പോകുന്നു...ഒരു മരുന്ന്‍ കൊണ്ടും തീരാത്ത വേദന..വരാന്‍ പോകുന്ന വിരഹം..

       വരാന്തയില്‍ നിന്നാല്‍ കാണാം അച്ഛനെ മറവ് ചെയ്ത സ്ഥലം..ഇരുളില്‍ വക്ക് പൊട്ടിയ ഒരു മണ്‍കുടം..കരിഞ്ഞ കുരുത്തോലകള്‍..പതിനാറ്ദിനം മുന്‍പ് അവിടെയാണ് അച്ഛന് ചിതയോരുക്കിയത്. ഗള്‍ഫില്‍ നിന്നും പോരുമ്പോള്‍ ഒട്ടും പ്രതീക്ഷിച്ചിതല്ല തിരികെ പോകുമ്പോള്‍ അമ്മയെ തനിച്ചാകുമെന്ന്..തൂണും ചാരി ഇരുട്ടില്‍ നിഴല്‍ പോലെ നില്‍ക്കുന്ന തുളസി ചെടിയെ  നോക്കി നിന്നപ്പോള്‍ ഒരു തണുത്ത കരം തോളില്‍ അമര്‍ന്നു..തിരികെ നോക്കാതെ തന്നെ അരുണിന്റെ തിരിച്ചറിവ് അമ്മയെ തിരിച്ചറിഞ്ഞു..സ്നേഹത്തിന്റെ എത്ര തലോടലുകള്‍ നല്‍കിയ കൈ..ഏത് ഇരുട്ടിലും തിരിച്ചറിയാം..

      "അരുണ്‍ കുട്ടാ..നെനക്ക് നന്നായി അറിയാം..അച്ഛന് അമ്മേനെ എത്ര ഇഷ്ടായിരുന്നുന്ന്‍..ഒരു ദെവസം പോലും പിരിയാന്‍ പറ്റാത്തിഷ്ടം..അച്ഛന്‍ പോയതോടെ അമ്മ ഒറ്റക്കായീന്നു എന്റെ മോന് കരുതണ്ട..നാളെ തിരിച്ച് പോകുമ്പം ആ കൊച്ചിനെ കൊണ്ടോണം..ഒരുമിച്ച് ജീവിക്കണം ..അതിന്‍റെ കണ്ണീരു കണ്ടാല്‍ അച്ഛന്റെ അതമാവ് പൊറുക്കൂല.."

    അമ്മ സാരി തുമ്പ് കൊണ്ട് കണ്ണുകള്‍ തുടച്ച് വീണ്ടും അരുണിന്റെ അടുത്തേക്ക് നീങ്ങി നിന്നു..അരുണിന് ഒന്നും തിരിച്ച് പറയാന്‍ കഴിഞ്ഞില്ല..ദുഃഖം, വേദന എല്ലാം തളം കെട്ടി ഹൃദയം പൊട്ടാറായ അവസ്ഥ..അവളുടെ കണ്ണീര്‍ കണ്ടതിന്റെ വേദന..അമ്മ യെ തനിച്ചാക്കാനുള്ള വേദന...അവന്‍റെ നിറഞ്ഞ കണ്ണുകള്‍ തുടച്ച് അമ്മ അരുണിനെ ഒരു കൊച്ചു കുഞ്ഞിനെ പോലെ ചേര്‍ത്ത് പിടിച്ചു..പുറത്ത് തട്ടി കൊണ്ട്

     "എന്‍റെ കാവലിന് അവളെ ഇവടാക്കിട്ട് പോയാ..കൂട്ടിലടച്ച കിളിയെ പോലെ ആയി തീരും ആ കുട്ടി..മോന്‍റെ അടുത്താ ആ കുട്ടിയുടെ സ്വര്‍ഗ്ഗം..മോന്‍റെ അരികിലാ ആ കുട്ടീടെ പ്രാണന്‍..നിങ്ങള് ജീവിതം തുടങ്ങിട്ടേയുള്ളൂ..അമ്മയും അച്ഛനും ഒരുമിച്ച് ഇത്ര നാള്‍ വരെ ജീവിച്ചതാ..കൂടെയുണ്ടായിരുന്ന ഒരാള്‍ പെട്ടെന്നങ്ങട്  ഇല്ലാതാകുമ്ബം ആണ് മോനെ ഒരു പെണ്ണിന്‍റെ  മനസ്സില്‍ ഇനിയോള്ള ജീവിതം വെറും ആര്‍ക്കാനും വേണ്ടി  ജീവിച്ച് തീര്‍ക്കല്‍ മാത്രായിട്ടു മാറുക..ആ കുട്ടി  വരണം മോന്‍ പോകുമ്പോ.. ചെന്ന്‍ ആ കൊച്ചിനെ ആശ്വസിപ്പിക്കു..പെണ്ണിന്‍റെ കണ്ണീര് വീഴാത്ത വീടായിത്..ചെല്ല്..

    അരുണ്‍ അകത്തേക്ക് നടക്കുമ്പോള്‍ ഇടയില്‍ ഒന്ന്‍ തിരികെ നോക്കി..കണ്ണ്‍ നിറഞ്ഞ് നോക്കി നില്‍ക്കുന്ന അമ്മയ്ക്ക് അരുണിന്റെ  നോട്ടത്തിന്‍റെ അര്‍ത്ഥം പെട്ടെന്ന്‍ തിരിച്ചറിയാന്‍ സാധിച്ചു..വളര്‍ത്തിയ മകന്‍റെ മുഖത്തെ ഭാവങ്ങള്‍ വായിച്ചെടുക്കാന്‍ ഒരു മാതാവിനുള്ള കഴിവ്..അവര്‍ കണ്ണുകള്‍ തുടച്ച് പുഞ്ചിരിയോടെ അരുണിനെ നോക്കി..പിന്നെ തെളിഞ്ഞ ദീപം സാക്ഷിയായി അവരെ നോക്കി നില്‍ക്കുന്ന ചുമരിലെ ഫോട്ടോ നോക്കി..ഇരുളില്‍ മൂകമായി നില്‍ക്കുന്ന തുളസി ചെടിയെ നോക്കി..വീണ്ടും ദൈന്യതയോടെ, നിസ്സഹാനയനെ പോലെ നില്‍ക്കുന്ന മകനെ നോക്കി...

      "മോന്‍ പേടിക്കണ്ടാ..അമ്മ ഒറ്റക്കല്ല..അമ്മയെ വിട്ട് അച്ഛന്‍ എങ്ങടും പോയിട്ടില്ല..അച്ഛന്‍ ഉണ്ടാകും ഇവടെ തന്നെ..അങ്ങന ഒരു ദെവസം അമ്മയെ വിട്ടു പോകാന്‍ അച്ചനാവൂല..അച്ഛനുണ്ട്‌ അമ്മേടെ കൂടെ...ഈ ഇരുട്ടീ എവ്ടെയോ..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..













                       

       

                   


2015, ഒക്‌ടോബർ 31, ശനിയാഴ്‌ച

മുറ്റത്തെ സ്നേഹം കായ്ക്കുന്ന മാവ്...

                 














                                        
                       "ട്യേ...അരുല്ലേ ഇവ്ടെ??"

         മുറ്റത്ത് നിന്നും വെടിപൊട്ടുന്ന പോലെ ശബ്ദം..കുഞ്ഞടുക്കളയിലിരിന്ന്‍ പശുവിന് കാലി തീറ്റ  കൊണ്ട് വെള്ളമുണ്ടാക്കുന്ന അമ്മ പേടിയോടെ കുത്തഴിയിലൂടെ പുറത്തേക്ക് നോക്കി.അടുപ്പില്‍ എരിയുന്ന തീനാളത്തിന്‍റെ വെളിച്ചത്തില്‍ അമ്മയുടെ കണ്ണുകളിലെ ഭയം, അത് പതുക്കെ എന്നിലേക്കും.. ആ ശബ്ദം കേട്ടിട്ടാകണം കാലത്ത് കുടിക്കേണ്ട വെള്ളത്തിന് വേണ്ടി അമറി നിലവിളിച്ചിരുന്ന തൊഴുത്തിലെ പശുക്കള്‍ പോലും നിശബ്ദരായത്‌..മുറ്റത്ത് വെളിച്ചം പരന്നിട്ടും കൂകി വിളിച്ചിരുന്ന കോഴിചാത്തന്‍ കൂവല്‍ നിര്‍ത്തിയത്.

                    "ട്യേ..അവനെവിടെ പോയടീ..??"

     അമ്മ നെഞ്ചില്‍ കൈ വെച്ച് ഭയത്തോടെ ആരോടെന്നില്ലാതെ പറഞ്ഞു..

                    "ന്‍റെ ദൈവേ..എന്തും കൊണ്ടാണാവോ അച്ഛന്റെ വരവ്..?"

                    ആരാമ്മേ?? ഉമ്മറത്ത്.??

      അമ്മ ശബ്ദം താഴ്ത്തി "അപ്പൂപ്പന്‍.."

      എന്റെ കൊച്ചുമനസ്സിലെക്കും ഭീതി നിറക്കാന്‍ ആ ചെറിയ വാക്കുകള്‍ ധാരാളമായിരുന്നു..പേടിയോടെ അമ്മയും, അതിലേറെ പേടിയോടെ അമ്മയുടെ സാരി തുമ്പില്‍ പിന്നിലൊളിച്ച് ഞാനും മുറ്റത്തേക്ക് ചെന്നു..അമ്മയുടെ വിറയല്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു. മുറ്റത്ത് എത്തിയപ്പോള്‍ അത് വരെ ഉദിച്ച് നിന്ന സൂര്യനും പേടിയോടെ  മേഘ കൂട്ടത്തില്‍ ഒളിച്ച് കത്തുന്ന മുറ്റത്ത് നിഴല്‍ പരത്തിയത് പോലെ..അമ്മയും ഞാനും ആ മുഖത്തേക്ക് നോക്കിയില്ല..അച്ഛന്റെ അച്ഛന്‍..നാട് വിറപ്പിക്കുന്ന ജന്മിയായ പ്രമാണി, മുന്കൊപി, അതിലുപരി കഴിഞ്ഞ ഒരു വര്‍ഷമായി അച്ഛനുമായി ഒരു സ്വത്ത് തര്‍ക്കത്തിന്‍റെ പേരില്‍ കേസ് നടത്തുന്ന, വഴക്കിട്ട് നില്‍ക്കുന്ന അപ്പൂപ്പന്‍..

                  "ആരാടീ അവനോട് ഈ മുറ്റത്ത് മാവ് നടാന്‍ പറഞ്ഞത്??"

      ഞാന്‍ പതുക്കെ സാരി തലപ്പിന്റെ മറവില്‍ നിന്നും വെളിച്ചത്തിലേക്ക് നോക്കി..ദേഷ്യം കൊണ്ട് വിറച്ച് നില്‍ക്കുന്ന അപ്പൂപ്പന്‍ ചോദിച്ച ചോദ്യത്തിന്‍റെ അര്‍ത്ഥം...തര്‍ക്കം നില്‍ക്കുന്ന ഭൂമിയില്‍ അച്ഛന്‍ കഴിഞ്ഞ മാസം നട്ട മാവാണ് വിഷയം. ഒരു രാത്രിയില്‍ കോയമ്പത്തൂര്‍ പോയി വന്നപ്പോള്‍ അച്ഛന്‍ കുറേ മാങ്ങകള്‍  കൊണ്ട് വന്നു.വായില്‍ കൊതിയുടെ രുചി വീണ്ടും വീണ്ടും നിറക്കുന്ന മധുരം കലര്‍ന്ന ആ മാങ്ങയുടെ അണ്ടി കുഴിച്ചിട്ടപ്പോള്‍ അച്ഛന്‍ പറഞ്ഞ ഒരു വാക്ക്.

                 "മോന്‍ വലുതാകുമ്പോ ഈ മാവ് കായ്ക്കും..എന്നും മാങ്ങ തരണ മാവാ..കാലത്തും വൈകീട്ടും വെള്ളം കോരി ഒഴിച്ച് കൊടുക്കണം..കേട്ടോ..

       പിന്നെയൊരു ആവേശമായിരുന്നു..കഴിഞ്ഞ ഒരു മാസം രാവിലെ മുതല്‍ തണുത്ത് കിടക്കുന്ന കുളത്തില്‍ നിന്നും വെള്ളമെടുത്ത് ആ മാവിന് താഴെ ഒഴിക്കുമ്പോള്‍, വൈകുന്നേരം ഇരുളും മുന്‍പ് പകല്‍ ചൂടാറാതെ തെളിഞ്ഞ് കിടക്കുന്ന വെള്ളം കോരിയെടുത്ത് വീണ്ടും ഒഴിക്കുമ്പോള്‍.. ഓരോ ദിവസവും ഇലകള്‍ വലുതായി മാവ് വളരുന്ന കാഴ്ച കാണുമ്പോള്‍ എന്‍റെ കുഞ്ഞു  മനസ്സില്‍ മൊട്ടിട്ട  സുഖം, സ്വപ്നങ്ങള്‍..ആദ്യത്തെ മാങ്ങ ഗണപതി അമ്പലത്തില്‍ കൊടുക്കുമെന്ന് മനസ്സാ വിചാരിച്ച്, ആറ്റ് നോറ്റ് വളര്‍ത്തുന്ന മാവിന് മുന്നിലാണ് രാവിലെ അപ്പൂപ്പന്‍ കലി തുള്ളി നില്‍ക്കുന്നത്..

                 'പട്ടി നായിന്‍റെ മക്കള്...കൈ കേറിയ സ്ഥലത്ത് മാവ് നട്ടിരിക്കണ്‌..."

       മുറ്റത്ത് നട്ട ആറു മാവുകളില്‍ തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്തെ മൂന്ന്‍ മാവുകള്‍ എന്‍റെ കുഞ്ഞു മനസ്സില്‍ തീരാ മുറിവ് തീര്‍ത്ത് പിഴുതെടുത്ത് ദൂരെ എറിഞ്ഞു..ഒന്നും പറയാന്‍ കഴിയാതെ അമ്മ..പിന്നെയും കുറേ ഒച്ച വെച്ച് അപ്പൂപ്പന്‍ നടന്നകന്നപ്പോള്‍ ദൂരെ തോടിനരികെ കിടക്കുന്ന മാവിന്‍ തൈകളെ ഞാനൊന്ന്‍ നോക്കി..അത് ജീവന് വേണ്ടി പിടക്കുന്നത് പോലെ..അമ്മ കരഞ്ഞുകൊണ്ട്‌ കൊണ്ട് അകത്തേക്ക്..പുറകെ പേടിയോടെ ഞാനും..

       കുറേ കഴിഞ്ഞപ്പോള്‍ മാത്രമാണ് എനിക്ക് പുറത്തേക്ക് വരാന്‍ ധൈര്യം വന്നത്..ദൂരെ അടുത്ത പറമ്പിന്റെ അറ്റത്ത് അപ്പൂപ്പന്‍റെ നിഴല്‍.ആ നിഴലിനെ പോലും ഭയന്ന്‍ പറമ്പില്‍ പണിയെടുക്കുന്ന പണിക്കാര്‍, തോടിനരികെ കിടക്കുന്ന മൂന്ന്‍  കൊച്ചു മാവിന്‍ തൈകള്‍  ...മനസ്സിലെ പേടി മാറ്റി വെച്ച് പതുക്കെ നടന്നു..ഇടയ്ക്ക് ഒരു കണ്ണ് കൊണ്ട് അപ്പൂപ്പനെ നോക്കി..വാടി കരിഞ്ഞ  തൈകള്‍..മുറിഞ്ഞ വേരില്‍ നിന്നും വെളുത്ത ചോര ഒഴുകി നിലച്ചിരിക്കുന്നു.. കണ്ണുകളില്‍ നിന്നും ഒഴുകിയ കണ്ണ്‍ നീര്‍...എന്‍റെ സ്വപ്‌നങ്ങള്‍..വളര്‍ന്ന്‍ വലുതായി പന്തലിച്ച് ഒരു ആവാസ വ്യവസ്ഥയായ് മാറി തണലും, മധുരമുള്ള മാമ്പഴവും, നല്‍കേണ്ട മാവിന്‍ തൈ..

             "എന്തിനാ അപ്പൂപ്പാ...മാവിന്‍ തൈ പറച്ച് കളഞ്ഞത്??എന്ത് തെറ്റ് ചെയ്തിട്ടാ..ഇത് വളര്‍ന്ന്‍ വലുതായിരുന്നെങ്കില്‍ നല്‍കുന്ന തണലും, തണുപ്പും, പിന്നെ മധുരം കിനിയുന്ന മാങ്ങയും..??"

        മനസ്സില്‍ എന്നോട് തന്നെ ഞാന്‍ ചോദിച്ചു.നിറഞ്ഞ കണ്ണോടെ ദൂരെ മാറുന്ന വെളുത്ത നിഴലിനെ നോക്കി..ഞാന്‍ ജനിച്ചതിന് ശേഷമാണ് അച്ഛന്‍ തറവാട്ടില്‍ നിന്നും വഴക്കിട്ട് പിരിഞ്ഞത്..തികച്ചും ബന്ധങ്ങളില്‍ നിന്നും ഒറ്റപ്പെട്ട് ഒരു നാള്‍ വളരെ വേഗം കടത്തില്‍ മുങ്ങി കെട്ടി ഉയര്‍ത്തിയ  കൊച്ചു വീട്..അവിടെ എനിക്ക് നഷ്‌ടമായ ഒരു പിതാമഹ വാത്സല്യം..ജനിച്ചതില്‍ പിന്നെ ഇത് വരെ ഒന്ന് നോക്കിയിട്ടില്ല, ചിരിച്ചിട്ടില്ല, ഒരു നുള്ളു മിട്ടായി വാങ്ങി തന്നിട്ടില്ല..എന്തിന് എനിക്ക് അച്ഛന്‍ എനിക്കിട്ട  പേര് പോലും അറിയില്ല..ഒരു മുഴം മണ്ണിന്‍റെ അവകാശ തര്‍ക്കത്തില്‍ ബന്ധം മുറിച്ച് മാറ്റിയ മനസ്സുകള്‍.ഇതൊക്കെയാണെങ്കിലും എന്ത് തന്നെ ആയാലും  എനിക്ക് എന്‍റെ അപ്പൂപ്പനെ ഇഷ്ടമാണ്.ഒന്ന്‍ എന്‍റെ മുഖത്തേക്ക് നോക്കി ചിരിക്കാന്‍ കാത്തിരിക്കുന്ന കുഞ്ഞു മനസ്സ്..ഒരു നുള്ള് മധുരം വായില്‍ വെച്ച് തരാനും കൊതിക്കുന്ന മനസ്സ്...

       വൈകീട്ട് അച്ഛന്‍ വന്നപ്പോള്‍ രാവിലെ നടന്നത് അമ്മ കുറേ കണ്ണീരില്‍ ചാലിച്ച് പറഞ്ഞ് കൊടുത്തു.അമ്മയെ വേദനിപ്പിച്ചത് വഴക്കില്‍ വഴി വിട്ട് പോകുന്ന ബന്ധങ്ങളാണ്.പരസ്പര സ്നേഹത്തിന്റെ കണ്ണികളാണ്.ആശ്വാസ വാക്ക് പോലെ അച്ഛന്‍ പറയുന്നത് കേട്ടു...

           "സാരല്യെ...മൂന്നെണ്ണം മാത്രല്ലേ അച്ഛന്‍ പറിച്ചത്..ബാക്കി ഉമ്മറത്ത് ഉണ്ടല്ലോ..ഒരിക്ക അച്ഛന് മനസ്സിലാകും ...എന്‍റെ സ്നേഹം..നീയ് കണ്ടോ?"

       ഇരുട്ടില്‍ പായയില്‍ കിടന്ന എന്‍റെ കുഞ്ഞു മനസ്സില്‍ ആ വാക്കുകള്‍ തട്ടി പ്രതിഫലിച്ചു..എല്ലാവരും സ്നേഹത്തോടെ..അപ്പൂപ്പന്‍ താമസിക്കുന്ന വീട്ടില്‍ ഒരു വട്ടം പോകാന്‍..ആ മടിയില്‍ കയറി ഇരിക്കാന്‍...ഒരു തലോടല്‍..സ്നേഹം കലര്‍ന്ന ഒരു ചിരി, ,ഒരു നുള്ളു മിട്ടായി ആ കൈകളില്‍ നിന്നും വാങ്ങാന്‍..

       "അച്ഛന് മാവ് പറിച്ച് കളഞ്ഞത് പോലെ മനസ്സീന്ന്‍ എന്നേം, നിങ്ങളേം പറിച്ച് കളയാന്‍ അങ്ങനങ്ങട് കഴിയില്ല..അച്ഛനറിയാം..അച്ഛന്‍ തന്നെയാണ് ഈ ഞാനെന്ന്‍??"

        ഇരുളില്‍ കേട്ട അച്ഛന്റെ വാക്കുകള്‍ക്ക് ഒരല്പം സങ്കടം ചാലിട്ടത് പോലെ എനിക്ക് തോന്നി. അച്ചന്‍റെ കഷ്ടപ്പാടുകള്‍..മൂന്ന്‍ മക്കളെ പഠിപ്പിച്ച് വളര്‍ത്താന്‍ പെടുന്ന പെടാപ്പാടുകള്‍, തെങ്ങില്‍ നിന്നും കിട്ടുന്നത് ആശ്രയിച്ച് തള്ളി നീക്കുന്ന ദിവസങ്ങള്‍,അതിനിടയില്‍ കേസ്, കോടതി, ചിലവുകള്‍..പലപ്പോഴും ആ അധ്വാനം നേരില്‍ കാണുന്നത് പ്രഭാതത്തിലാണ്..കാലത്ത് ഒരു ഗ്ലാസ്സ് പഞ്ചാരവെള്ളവുമായി പറമ്പിന്‍റെ ഏതെങ്കിലും കോണില്‍ കിളച്ച് നില്‍ക്കുന്ന അച്ഛനെ തേടി നടക്കും..ഒടുവില്‍ കണ്ടെത്തി വെള്ളം കൊടുക്കുമ്പോള്‍ ഒരു വലിയ്ക്ക്‌ അകത്താക്കി ഒരല്പം മിച്ചം വെച്ച് തിരികെ തരും..അത് എനിക്കുള്ളതാണ്..കിളച്ചും, നനച്ചും നട്ട് വളര്‍ത്തുന്നത് ഞങ്ങള്‍ക്ക് വേണ്ടി, ഞങ്ങളുടെ പഠനത്തിനും, വളര്‍ച്ചക്കും വേണ്ടി..അവിടെ ചുറ്റി പറ്റി നിന്ന് ചെറിയ സഹായം തുടങ്ങുമ്പോള്‍ എന്നും പറയുന്ന സ്നേഹം കലര്‍ന്ന ശാസന..

            "മോന്‍ പൊക്കോ...വെയില് കൊള്ളണ്ടാ.."

         അങ്ങിനെ വെയിലും, മഴയും, വസന്തവും മാറി മാറി വരുമ്പോള്‍ കാലമെല്ലാം  പെട്ടെന്ന് മാറ്റി വരക്കും..പ്രകുതിയും, ആകൃതിയും പിന്നെ ബന്ധങ്ങളും..മുറ്റത്ത് നിന്ന മൂന്ന്‍ മാവുകള്‍ ഞങ്ങളെക്കാള്‍ വേഗം വളര്‍ന്ന്‍ മരമായി മാറി പൂക്കാനും, കായ്ക്കാനും തുടങ്ങി..മണ്ണിന്‍റെ പേരില്‍ നിലനിന്നിരുന്ന കേസ് അച്ഛനും, മകനും പറഞ്ഞ് തീര്‍ത്ത് വീണ്ടും ഒന്നായി സ്നേഹത്തിലും, ഐക്യത്തിലും എത്തി ചേര്‍ന്നു..പക്ഷെ അപ്പോഴേക്കും പ്രതാപിയായ പിതാമഹനെ  വാര്‍ദ്ധക്യം എന്ന ഭീകരമായ അവസ്ഥ ബാധിച്ചിരുന്നു..എല്ലാം നിസ്സഹായതയും നിറയുന്ന  ദിവസങ്ങള്‍, ഒരു വടിയുടെ, അല്ലെങ്കില്‍ ഒരു കൈ താങ്ങിന്റെ സഹായമില്ലാതെ ഒന്ന് നിവര്‍ന്ന്‍ നില്ക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥ..കാലം മാറ്റി വരച്ച ചിത്രങ്ങളില്‍ ആ കാലത്ത് അച്ഛന്‍ തന്നെയായിരുന്നു അപ്പൂപ്പന് പ്രിയപ്പെട്ട മകന്‍..

      മാവില്‍ നിന്നും പറിച്ചെടുത്ത വലിയ രണ്ട്‌ മാമ്പഴം അച്ഛന്‍ മാറ്റി വെച്ചു..മഞ്ഞ നിറം കലര്‍ന്ന് തുടുത്ത് മധുരം നിറഞ്ഞ മാമ്പഴം..മാവ് ഒരു വലിയ ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു..മധുരമുള്ള മാമ്പഴം തേടി പല വിധ പക്ഷികള്‍, പൂങ്കുലയില്‍ ചിത്ര ശലഭങ്ങള്‍, അണ്ണാറകണ്ണന്മാര്‍, പിന്നെ മുറ്റത്ത് പ്രകൃതി നല്‍കിയ ഒരു തണല്‍ കുട പോലെ മൂന്ന്‍ മരങ്ങള്‍..ഞാന്‍ ഓര്‍മ്മകളിലേക്ക് തിരികെ പോയി നഷ്ടമായ മൂന്ന്‍ മരങ്ങളെ ഓര്‍ത്തു..കാലം ഇന്ന്‍ ശൂന്യമായിട്ടിരിക്കുന്ന മണ്ണിനെ നോക്കി..വളര്‍ച്ചയില്‍ തന്നെ പിഴുത് മാറ്റിയ മൂന്ന്‍ ജീവനുകളെ പറ്റി ചിന്തിച്ചു. മണ്ണിന്‍റെ പേരില്‍ വിഘടിച്ചു നിന്നവര്‍ വീണ്ടും ഒന്നായി.എന്നാല്‍ പിഴുതെറിയപ്പെട്ട കൊച്ചു സ്വപ്‌നങ്ങള്‍..വേരിറങ്ങി വളര്‍ന്ന നാമ്പുകള്‍...

          "മോന്‍ വര്ന്നോ...അപ്പൂപ്പനെ കാണാന്‍..?"

     കുറേ നാളുകള്‍ക്ക് ശേഷം കാണാന്‍ അപ്പൂപ്പനെ കാണാന്‍ പോകുന്ന ആവേശം..പണ്ട് ആ  നിഴലിനെ പേടിച്ച് ഓടി ഒളിച്ച പ്രായം മറന്നിട്ടില്ല..കാലം എല്ലാം മാറ്റി വരച്ച കൂട്ടത്തില്‍ കൂട്ടിയോരുക്കിയ ബന്ധം.തിരികെ വന്ന സ്നേഹം..എന്നാലും ഭയമുണ്ട്. കാണുവാന്‍..ഇത് വരെ ഒരു നല്ല വാക്ക് കേട്ടിട്ടില്ല, ആ കൈകളില്‍ നിന്നും ഒരു ഓണകോടി, ഒരു വിഷുകൈ നീട്ടം, ഒരിറ്റ് മധുരം.ജീവിതത്തില്‍ ഇത് വരെ കിട്ടിയിട്ടില്ല..എല്ലാം നഷ്ടങ്ങള്‍.എന്നാലും ഞാന്‍ അപ്പൂപ്പനെ സ്നേഹിച്ചിരുന്നു..ബഹുമാനിച്ചിരുന്നു..ഇപ്പോഴും സ്നേഹിക്കുന്നു..ബഹുമാനിക്കുന്നു..അതിനുള്ള കാരണം എന്‍റെ അച്ഛന്‍ തന്നെ..

    ഹോമിയോ മരുന്നിന്‍റെ, പഴയ തുണിയുടെ, മൂത്രത്തിന്‍റെ ഗന്ധം തങ്ങിയ മുറിയിലേക്ക് അച്ഛനോടൊപ്പം കയറുമ്പോള്‍ കാലുകള്‍ പിടച്ചു, കൈകള്‍ വിറച്ചു, മനസ്സ് ഒരു നിമിഷം അറച്ച് നിന്നു.മനസ്സില്‍ ഇപ്പോഴും അവശേഷിക്കുന്ന മുഖം മൂന്ന്‍ മാവുകളെ പിഴുത് മാറ്റി അലറുന്ന വെളുത്ത രൂപമാണ്‌..കാല്‍  പെരുമാറ്റം കേട്ടപ്പോള്‍ കട്ടിലില്‍ നിന്നും വെളുത്ത തുണിയില്‍ പൊതിഞ്ഞ മെലിഞ്ഞ രൂപം പതുക്കെ എഴുന്നേറ്റു..കാലം അവിടെയും മാറ്റങ്ങള്‍ വരുത്തി വെച്ചിരിക്കുന്നു..എല്ലാവരും ഭയക്കുന്ന രൂപത്തില്‍ നിന്നും , കാണുന്നവരില്‍ ദൈന്യം ജനിപ്പിക്കുന്ന രൂപത്തിലേക്കുള്ള പരിണാമം..പരസഹായമില്ലാതെ എഴുനേല്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥ..മങ്ങിയ കാഴ്ചകള്‍..പതുങ്ങിയ സ്വരം..അച്ഛന്‍ പതുക്കെ പിടിച്ച് കട്ടിലില്‍ ഇരുത്തിയപ്പോള്‍ അപ്പൂപ്പന്‍ ചോദിച്ചു.

       "ആരാടാത്.."

       "ഞാനാ അച്ഛാ...കൂടെ എളേ മോനും..."

     അപ്പൂപ്പന്‍ വിറക്കുന്ന കൈകളാല്‍ എന്നെ പിടിച്ച് അടുത്തിരുത്തി...ആ വിരലുകള്‍ വിറച്ച് വിറച്ച് നെറുകയില്‍..കാലങ്ങള്‍ കാത്തിരുന്ന അനുഗ്രഹം എന്‍റെ ദേഹത്ത് പടര്‍ന്നത് പോലെ..ആ വിരലുകള്‍ നഷ്ടബോധം ബാധിച്ച പോലെ ശരീരത്തില്‍ അലഞ്ഞു.ആ വിരലുകളുടെ സ്നേഹം എന്നിലേക്ക് അച്ഛന്‍ പ്ലേറ്റും, കത്തിയുമെടുത്ത് വേഗം മാങ്ങ പൂളാന്‍ തുടങ്ങി..ഇടയ്ക്ക് അപ്പൂപ്പനോട്‌ പറയുന്നുണ്ടായിരുന്നു..

      "അവന്‍ നന്നായി പഠിക്കും അച്ഛാ...എല്ലാത്തിലും ഒന്നാമതാ..."

     അപ്പൂപ്പന്‍ ഒന്ന്‍ കൂടി ചേര്‍ത്ത് പിടിച്ച് കവിളില്‍ തഴുകി..പിന്നെ ഒരു നെടുവീര്‍പ്പ്..കഴിഞ്ഞു പോയതെല്ലാം തിരികെ വരില്ലെന്ന് ഓര്‍മ്മ നല്‍കുന്ന ഒരു നെടുവീര്‍പ്പ്..അച്ഛന്‍ പൂളിയ മാങ്ങ കഷ്ണം അപ്പൂപ്പന്‍റെ വായില്‍ വെച്ച് കൊടുത്തു..അതിന്‍റെ മധുരവും, രുചിയും തിരിച്ചറിഞ്ഞ കഴിച്ച് രണ്ടാമത്തെ കഷ്ണത്തിന് കൈ നീട്ടി ചോദിച്ചു...

       "ഇത് ഏത് മാവിന്‍റെ മാങ്ങയാടാ??"

      അച്ഛന്‍ ഒരു നിമിഷം നിശബ്ദനായി.മറുപടി പറയാന്‍ കഴിയാതെ അടുത്ത കഷ്ണം മുറിച്ച് കൊടുത്ത് എന്നെ നോക്കി..കുറേ കാലം പുറകിലേക്ക് പിന്‍ വലിയാനുള്ള ശ്രമം.

       "അച്ഛന്‍ കഴിക്ക്.."

       മറുപടി കിട്ടാതെ വന്നപ്പോള്‍ അപ്പൂപ്പന്‍ തിരിച്ചറിഞ്ഞ പോലെ...ആ മനസ്സിലെ ഒരു വിങ്ങല്‍..ശൂന്യമായി നില്‍ക്കുന്ന മുറ്റം കണ്മുന്നില്‍ കണ്ടത് പോലെ ആ വൃദ്ധ നയനങ്ങള്‍ വ്യഥയോടെ.

       "മുറ്റത്ത് നട്ട ആ മാവിന്‍റെ അല്ലേ??" ഒന്ന്‍ നിര്‍ത്തി മുത്തച്ചന്‍ ഒരു വലിയ നിശ്വാസത്തിനോടുവില്‍ തളം കെട്ടിയ ദുഖത്തിന് മുകളില്‍ വിളിച്ചു..എല്ലാം ഏറ്റ് പറയുന്ന ഒരു വിളി..
     
        "സര്‍വേശ്വരാ..."

      അച്ഛന്‍ നല്കിയ അടുത്ത കഷ്ണം മാങ്ങ ആ വിറക്കുന്ന കൈകള്‍ നിറഞ്ഞ കണ്ണുകളോടെ  എന്റെ മുഖത്തിനു നേരെ നീട്ടി.വാ തുറന്ന്‍ വാങ്ങി ഞാന്‍ ചവക്കുമ്പോള്‍ അത് വരെ രുചിക്കാത്ത ഒരു അനുഗ്രഹീതമായ സ്വാദ് എന്‍റെ ഇന്ദ്രിയങ്ങളെ പുളകമണിയിച്ചു.എന്നോ നഷ്‌ടമായ പൌത്രനോടുള്ള  സ്നേഹവും, വാത്സല്യവും  ആ മുഖത്ത്വിടര്‍ന്നു..ഞാന്‍ ലോകം കീഴടിക്കിയ ചിരിയോടെ, ഭാഗ്യത്തോടെ അച്ഛനെ നോക്കുമ്പോള്‍ നിറഞ്ഞ  കണ്ണ് നീര്‍ തുടക്കാന്‍  പാടുപെടുകയായിരുന്നു അച്ഛന്‍..

     
ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍..










2015, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക് യാത്രയാകുന്ന ആ ദിവസം...

                                                 

                                                 
                                  ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട നിമിഷം തന്നെ.. ജീവിതത്തില്‍ ഏറ്റവും വലിയ ഭയം തോന്നുന്ന നിമിഷവും ഒരു പക്ഷെ ഇത് തന്നെ..എന്‍റെ കാര്യത്തില്‍ സത്യം..ശുഭ കാര്യം,  ശുഭ മുഹൂര്‍ത്തം, മനസ്സ് കൊണ്ട് ആശിര്‍വദിക്കാന്‍ ബന്ധുജനങ്ങളും, മിത്രങ്ങളും, നാട്ടുക്കാരും..പിന്നെ ഞാന്‍ അറിയാത്ത കുറേ ജനങ്ങളും..കത്തി നില്‍ക്കുന്ന നിലവിളക്കും, പൂങ്കുല വിരിഞ്ഞാടി നില്‍ക്കുന്ന നിറപറയും, ചുറ്റിലും പൂക്കളും..അടുത്ത് വെളുത്ത വസ്ത്രം ധരിച്ച്, നിറഞ്ഞ ചിരിയോടെ എന്‍റെ വരനും..പൂജാരിയുടെ മന്ത്രങ്ങള്‍ക്ക് മീതെ ഉയര്‍ന്ന് പൊങ്ങുന്ന വാദ്യ മേളങ്ങള്‍  നിറഞ്ഞ  പന്തലിലേക്ക് താണ്ടി വരുന്ന കാറ്റിന് പപ്പടം കാച്ചുന്ന ഗന്ധം, ഇതിനിടയിലെവിടെയോ എന്‍റെ അച്ഛനും, അമ്മയും...ഇന്നന്റെ കല്യാണമാണ്..സന്തോഷവും, സങ്കടവും നല്‍കുന്ന ,ജീവിതത്തില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുന്ന ആ ദിവസം..മുന്നില്‍ എല്ലാം ഒരു മായ പോലെ..മനസ്സില്‍ ഒരു ഒരു വിറയല്‍, അറിയാത്ത ഭയം,

                                                     അച്ഛന്റെ പരിചിതമായ കയ്യില്‍ അത്രയും നേരം ഞാന്‍ സുരക്ഷിതയായിരുന്നു..ജനിച്ച അന്ന്‍ മുതല്‍ ഇന്നത്തെ നിമിഷം വരെ ആ സുരക്ഷിതത്വ ബോധം കൂടെയുണ്ട്..ആ കൈകള്‍ക്കിടയില്‍ അപരിചിതമായ ഒരു കൈ കൂടി..അതിന്‍റെ ചൂട്, അപരിചിതത്വം, എന്‍റെ വിരലുകളില്‍ പടര്‍ത്തിയ ഭീതിയുടെ അറിയാത്ത തരിപ്പുകള്‍ ദേഹമാകെ വിതറിയ പോലെ..പിന്നെ ആ കൈകള്‍ എന്‍റെ കൈകളില്‍ അമര്‍ന്നപ്പോള്‍ കോരി തരിച്ച പോലെ..നേരെ നോക്കിയില്ല.കുനിഞ്ഞ് നില്ക്കുമ്പോള്‍ അധികാരത്തോടെ രണ്ടു കൈകള്‍ കഴുത്തിനു നേരെ നീണ്ടു..ഒരു മാലയില്‍ കൊരുത്ത താലി കഴുത്തില്‍ ചാര്‍ത്തി..വാദ്യ മേളങ്ങള്‍, പുഷ്പ വൃഷ്ടികള്‍..പിന്നെ കൈ കോര്‍ത്ത് പിടിച്ച് അഗ്നി സാക്ഷിയായി പ്രദക്ഷിണം..എല്ലാം കഴിഞ്ഞ് തല ഉയര്‍ത്തി നോക്കിയപ്പോള്‍ ഈറനായ കണ്ണുകള്‍ തുടക്കുന്ന അച്ഛനും, അമ്മയും..അവര്‍ക്ക് എന്നിലുള്ള അവകാശം പകുതിയധികം നഷ്ടമായിരിക്കുന്നു.കല്യാണ പന്തലില്‍ നില്ക്കുമ്പോള്‍ തന്നെ ഞാന്‍ ഒരിക്കലും തിരികെ വരാത്ത എന്‍റെ കുട്ടിക്കാലം ഓര്‍ത്തു..ഒരു പക്ഷെ ഒരു പെണ്ണെന്ന രീതിയില്‍ ഏറ്റവും അധികം ആഹ്ലാദിച്ച കുട്ടിക്കാലം..

                                                      എന്‍റെ വീട് എന്‍റെ ലോകമായിരുന്നു..എനിക്ക് മേല്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ലാത്ത എന്‍റെ ലോകം.രാവിലെ കുളിച്ച് വരുമ്പോള്‍ ചുടു ചായയും, ആവി പറക്കുന്ന പ്രഭാത ഭക്ഷണവും, കഴിച്ചില്ലെങ്കില്‍ കൂടെ ഇരുത്തി വാരി തരുന്ന അമ്മ, സ്കൂള്‍ ബാഗില്‍ ഉച്ചഭക്ഷണം, കുടിക്കാനുള്ള വെള്ളം..പിന്നെ ബാഗുമായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ അമ്മയുടെ വക അന്നത്തെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലയാക്കുന്ന ഒരു മധുരമുള്ള ഉമ്മ, തിരികെ വരുമ്പോള്‍ സ്കൂള്‍ യൂണിഫോമില്‍ കുറച്ച് നേരം ഹാളിലെ സോഫയില്‍ കിടന്നുറങ്ങാനുള്ള സ്വാതന്ത്ര്യം..എഴുന്നേറ്റ് വരുമ്പോള്‍ അടുക്കളയില്‍ നിന്നും നാലുമണി പലഹാരം പൊരിക്കുന്ന ഗന്ധം..ഉറക്കെ സംസാരിക്കാനും, പാട്ട് പാടാനും, ടെലിവിഷന് മുന്നില്‍ നല്ല പാട്ടിന്‍റെയൊപ്പം ഒന്ന്‍ നൃത്തം ചവിട്ടാനും, ആരും കാണുന്നില്ലെങ്കില്‍ പഠിക്കാനുള്ള പുസ്തകവുമായി വീടിനു പുറകിലെ പേര മരത്തില്‍ കയറി ഇരിക്കാനുള്ള  സ്വാതന്ത്ര്യം..അങ്ങിനെ വിലക്കുകള്‍ അധികമില്ലാത്ത ലോകം..

                                                       അച്ചന്‍, അമ്മ,ഞാന്‍...ആ ലോകത്തില്‍ ഞാനായിരുന്നു റാണി..ഒഴിഞ്ഞ കുപ്പികളില്‍ വറവ് പലഹാരം തീരുന്നത് നോക്കി വൈകീട്ട് ജോലി കഴിഞ്ഞ് വരുമ്പോള്‍ അതുമായി വരുന്ന അച്ചന്‍, മീന്‍ കറിയിലും, ചിക്കന്‍ കറിയിലും എനിക്ക് വേണ്ടി മാത്രം മാറ്റി വെക്കുന്ന ചില പ്രധാന കഷ്ണങ്ങള്‍, ഓരോ പിറന്നാളിനും വാങ്ങി തരുന്ന വസ്ത്രങ്ങള്‍, പിന്നെ രണ്ട്‌ ഗ്രാം സ്വര്‍ണ്ണം വാങ്ങാന്‍ പോയി തിരിച്ച് വരുമ്പോള്‍ നാലു ഗ്രാമാക്കി മാറ്റി എനിക്കായി വാങ്ങി വരുന്ന അച്ഛനും, അമ്മയും..അമ്മയായിരുന്നു അടുത്ത കൂട്ടുക്കാരി, എന്തും പറയാനും, പങ്ക് വെക്കാനുമുള്ള കൂട്ടുക്കാരി, അച്ഛന്‍ ഒരു സംരക്ഷണം ആയിരുന്നു..പുറത്ത് പോകുമ്പോള്‍, സിനിമ കാണാന്‍ പോകുമ്പോള്‍, അച്ഛന്‍റെ കയ്യില്‍ മുറുകെ പിടിക്കുമ്പോള്‍ തോന്നുന്ന ആ സംരക്ഷണ സുഖം...

                                                    എല്ലാം ഇന്നത്തോടെ നഷ്ടം..ഇനി മറ്റൊരു വീട്ടില്‍..അവിടെ ഈ വീട്ടില്‍ അനുഭവിച്ച സ്വാതന്ത്ര്യം..അത് ലഭിക്കില്ല..മറ്റ് ചിലരുടെ ഇഷ്ടങ്ങള്‍ കൂടി അംഗീകരിക്കാനും, പരിഗണിക്കാനും കൂടി തയ്യാറായ്, ജീവിതഘട്ടം മാറി മറയുന്ന പുതിയ ഒരു മേച്ചില്‍പ്പുറത്തേക്ക്...പുതിയ അവസ്ഥയിലേക്ക്..മകളായ് അനുഭവിച്ച സൗഭാഗ്യങ്ങള്‍, സ്വാതന്ത്ര്യം ഇന്നത്തോടെ പരിണാമ പ്പെടും..അടുത്ത് നിന്ന്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ആ ചെറുപ്പക്കാരനെ നോക്കി..ജീവിതത്തില്‍ രണ്ടാമത്തെ തവണ കണ്ട് മുട്ടിയ ഈ ദിവസം തന്നെ ഭാര്യയായി..ആദ്യം കാണാന്‍ വന്നപ്പോള്‍ ഒന്നും സംസാരിച്ചില്ല..പരസ്പരം ഇഷ്ടപ്പെട്ടു..ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍ ഒന്നും പങ്ക് വെച്ചില്ല..ഒരുറപ്പില്‍, വിശ്വാസത്തില്‍ എല്ലാവരും തീരുമാനിച്ചു..ആ തീരുമാനം ഞാനും അംഗീകരിച്ചു..

                                                  സദ്യ കഴിക്കുമ്പോള്‍ കണ്ടു..അമ്മ ദൂരെ മാറി നിന്ന് നോക്കുന്നത്..എല്ലാവരേയും നോക്കി ചിരിക്കുന്ന ആ മുഖത്ത് ഒളിപ്പിച്ച വിഷാദം എനിക്ക് തിരിച്ചറിയാം..വന്നവരെ സ്വീകരിക്കുന്ന അച്ഛനും ക്ഷീണിതന്‍..ജീവിതത്തില്‍ ജോലി ചെയ്ത് കൂട്ടി വെച്ച സമ്പാദ്യം എനിക്കായ് ചിലവിട്ട പാവം..കഷണ്ടി കയറിയ തലയിലെ വിയര്‍പ്പ് തുടച്ച് കളഞ്ഞ് നല്ലൊരു ആതിഥേയനായി . അച്ചന്റെ കഴിഞ്ഞ കൂറെ വര്‍ഷങ്ങളില്‍ പകല്‍ സ്വപ്നം കണ്ടതും, കണക്ക് കൂട്ടി ജീവിച്ചതും, ഇതേ ദിവസത്തിനു വേണ്ടി മാത്രമാണ്..ഒരാളെ വിശ്വാസത്തിന്റെ പുറത്ത് മകളെ ഏല്പിച്ച് അവളുടെ നന്മയ്ക്ക് വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്ന അച്ഛനും, അമ്മയും ..അവര്‍ തന്നെയാണ് എന്‍റെ പ്രധാന ദൈവങ്ങള്‍,അവരുടെ ആലയമാണ് എന്‍റെ ദേവാലയം..

                                                     അച്ഛന്റെയും, അമ്മയുടെയും കാല് വന്ദിച്ച് അനുഗ്രഹം തേടുമ്പോള്‍ ആ ഹൃദയം വിങ്ങി കരയുന്നത് ഞാന്‍ കേട്ടു..ഞാന്‍ കരഞ്ഞില്ല..ഞാന്‍ കരഞ്ഞാല്‍ അവരുടെ ദുഃഖം ഇരട്ടിയാകും..അമ്മയെ കെട്ടി പിടിച്ച് അച്ചന്റെ തോളില്‍ തല ചായ്ച്ച് വീടിനെ നോക്കി..എല്ലാം എനിക്ക് ഇന്ന് മുതല്‍ നഷ്ടം..പുതിയതോന്നും പഴയതിന് സമമാകില്ല..ഒരു കുടയുടെ കീഴില്‍ കണ്ണുകള്‍ തളര്‍ന്ന്‍ വേദനയോടെ വാഹനത്തിന്‍റെ അടുത്തെത്തിയപ്പോള്‍ അച്ഛന്‍ ഒന്ന്‍ ഇടറിയത് പോലെ..അമ്മ ഒന്ന്‍ തെങ്ങിയത് പോലെ..വീടിന്‍റെ കാഴ്ചകള്‍ മങ്ങിയത് പോലെ..വാഹനത്തില്‍ ഇനിയുള്ള ജീവിതയാത്രയിലെ അമരക്കാരന്റെ കൂടെ കയറി ഇരുന്ന്‍ കണ്ണുകള്‍ ഉയര്‍ത്തി അവരെ വീണ്ടും നോക്കി..കണ്ണ് നിറഞ്ഞ് മുഖത്ത് ഒരു കൃത്രിമ ചിരിയോടെ അമ്മ..അച്ഛന്‍ കാണാന്‍ കഴിയാതെ കണ്ണുകള്‍ മറ്റെവിടെയോ നട്ട്..

                                                      കാര്‍ മുന്നോട്ട് പോകുമ്പോള്‍ ഇടയ്ക്ക് ഒന്ന്‍ തിരികെ നോക്കി..നോക്കി നില്‍ക്കുന്ന അച്ഛനും, അമ്മയും, ഒറ്റപ്പെട്ട പോലെ അവര്‍, യാന്ത്രികമായ കൈ വീശി കാണിച്ച് മനസ്സില്‍ കരഞ്ഞുകൊണ്ട്‌ പാവങ്ങള്‍..ഒരു കൂടപ്പിറപ്പ് ഇല്ലാതെ പോയതില്‍ എന്നും തോന്നാറുള്ള വേദന ആ നിമിഷത്തില്‍ ഇരട്ടിയായി..ആ വേദനിക്കുന്ന കാഴ്ചയില്‍ നിന്നും കണ്ണുകള്‍ തിരികെയെടുത്ത്‌ മെല്ലെ തേങ്ങി..കണ്ണുകള്‍ താഴ്ത്തി നിശബ്ദമായ് കരയുമ്പോള്‍ ഒരു കൈ എന്‍റെ കൈകളെ കോര്‍ത്ത് പിടിച്ചു..കുറച്ച് മുന്പ് എന്നെ കൈ പിടിച്ച അതെ കൈകള്‍...അതെ ചൂട്, അതെ തരിപ്പ്...ആ കൈകളിലെ സുരക്ഷിതത്വം തിരിച്ചറിഞ്ഞതും മുഖമുയര്‍ത്തി നോക്കിയപ്പോള്‍ . കണ്ണുകളില്‍ നിഴലിച്ച് കാണാമായിരുന്നു .

           "ജീവിതത്തില്‍ എന്ത് സംഭവിച്ചാലും സംരക്ഷിക്കുമെന്നും, സ്നേഹിക്കുമെന്നും, കൈ വിടില്ലെന്നുമുള്ള വലിയ ഒരു ദൃഡ നിശ്ചയം..."

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....

                                                 

                                                        

2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

മുപ്പതുര്‍പ്യ.....

                       


                   "എന്നിട്ട്  സാറെ..വൈകീട്ടെന്താ പരിപാടി ? അറുപതാം പിറന്നാളായിട്ട് തൊണ്ട നനയ്ക്കാന്‍ വല്ലതും തരാനുള്ള പരിപാടിയുണ്ടോ?"


          രാവിലെ തന്നെ ജന്മദിനമായിട്ട് ആശംസ പറയുന്നതിന് മുന്‍പ് അവന്‍ ചോദിക്കുന്നതും, ഇതിനു മുന്‍പ് വിളിച്ചവര്‍ ചോദിച്ച അതേ ചോദ്യം.ഇനി വിളിക്കാന്‍ പോകുന്നവരും ചോദിക്കാന്‍ പോകുന്നതും ഇതേ ചോദ്യം തന്നെ..വൈകീട്ട് തൊണ്ട നന.പണ്ട് ശബരിമലയ്ക്ക് പോകാന്‍ അയ്യപ്പന്‍ വിളക്ക് നടത്തിയപ്പോള്‍ അന്നദാനത്തിനു മുന്‍പ് ചില സുഹൃത്ത് വങ്കമാര്‍ ചോദിച്ചതും ഇതേ ചോദ്യം..പേരിന് ഒരു പവിത്രത വരുത്താന്‍ "സോമരസം" എന്ന ദിവ്യത്വം..

                       "ടോ..അറുപതാകാന്‍ ഒരു പതിനഞ്ച് കൊല്ലം കൂടി ഞാന്‍ ഓണം ഉണ്ണണം..പിന്നെ വൈകീട്ടത്തെ പരിപാടി.പെണ്ണും പെട കോഴീം, പുള്ളകളുമായി അന്തിയാകുംബം  ലങ്ങ്‌ "വേദിക്ക് വില്ലേജിലോട്ടു പോര്.."

       സംസാരിച്ച് കൊണ്ടിരുക്കുമ്പോള്‍ പല വട്ടം മൊബൈളില്‍ മെസേജുകള്‍..അതി രാവിലെ തുടങ്ങിയതാണ്..ഫെസ് ബുക്കില്‍ ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു..രാവിലെ ഉറക്കത്തില്‍ നിന്നും എഴുന്നേറ്റപ്പോള്‍ കിട്ടിയത് ഭാര്യയുടെ വക തകര്‍പ്പന്‍ ഗിഫ്റ്റ്..ലൂയിസ് ഫിലിപ്പിന്റെ ഒരു ജീന്‍സും, അലന്‍ സോളിയുടെ ഷര്‍ട്ടും.പിന്നെ ഒമ്പതില്‍ പഠിക്കുന്ന മകള്‍ വക ഒരു കാര്‍ഡ്, ഇളയ മകന്‍റെ വക ഒരു പേന, അതിലും വലുത് തലേ ദിവസം ഗള്‍ഫില്‍ നിന്നും വന്ന അടുത്ത സുഹൃത്ത് വക "ബാല്‍വെനി" സ്കോച്ച് വിസ്കി..ഇനി വൈകുന്നേരം വരാനിരിക്കുന്നു പല വിലപ്പെട്ട സമ്മാനങ്ങള്‍..

                 "മോനെ..." 

        വാതില്‍ മറവില്‍ നിന്നും പിടിച്ച് പിടിച്ച് അമ്മ..ഒന്ന് വീണതില്‍ പിന്നെ നടക്കരുതെന്ന ഡോക്ടറുടെ നിര്‍ദേശം തെറ്റിച്ച് മുന്നില്‍ കണ്ടപ്പോള്‍ ദേഷ്യം വന്നു..അമ്മ എന്തോ പറയാന്‍ തുനിഞ്ഞതും...

              "അമ്മയോട് ഞാന്‍ നൂറു വട്ടം പറഞ്ഞിട്ടില്ലേ..ഒറ്റയ്ക്ക് എഴുന്നേറ്റ് നടക്കരുതെന്ന്..സതീശന്‍ ഡോക്ടര്‍ അമ്മയുടെ മുന്നില്‍ വെച്ച് പറഞ്ഞത് മറന്നോ?? അനു..ഇവിടെ വാ..അച്ഛമ്മയെ കൊണ്ട് പോയി മുറിയില്‍ കിടത്തൂ.."

         നിമിഷ നേരം കൊണ്ട് മൂത്തമകള്‍ അനുപമ അമ്മയെ അവിടെ നിന്നും പിടിച്ച് കൊണ്ട് പോയി..അവളാണ് അമ്മയുടെ ഡോക്ടര്‍. അമ്മ വീണതില്‍ പിന്നെ കര്‍ശനമായ നിയന്ത്രണങ്ങള്‍, ഭക്ഷണത്തിന് പോലും താനാണ് മുന്നോട്ട് വെച്ചത്..ഈയിടെ അമ്മ പലതും തെറ്റിക്കുന്നു..മരുന്ന്‍ പോലും കഴിക്കാതെ..വീണ്ടും ഫോണ്‍ ശബ്ദിച്ചു..

                    "പിറന്നാള്‍ അല്ലെടോ...ജന്മദിനം....ബെര്‍ത്ത്‌ ഡേ..പരിപാടിയുണ്ട്..കുറച്ച് കുപ്പിയുടെ കഴുത്ത് പൊട്ടിക്കാം..ചിക്കന്‍ കടിച്ച് വലിക്കാം...ആരുമറിയാതെ കൊറച്ച് കുരുമുളകിട്ട ബീഫ് തട്ടാം.."

     രാവിലെ ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുമ്പോള്‍ ചര്‍ച്ച അത് തന്നെയായിരുന്നു. എങ്ങിനെയെല്ലാം പണം പാര്‍ട്ടിയ്ക്ക് വേണ്ടി അടിച്ചു പൊളിക്കാം..ഭാര്യ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചു..

                   "അതെ കഴിഞ്ഞ തവണ റാഫിയുടെ മകളുടെ പാര്‍ട്ടിയിലെ  പോലെ പിച്ച തരം കാണിക്കണ്ടാ..വേദിക്ക് വില്ലേജുക്കാരോട് പറഞ്ഞേക്ക് എല്ലാം കുറച്ച് കൂടുതല്‍ കരുതിയെക്കാന്‍..ബാക്കി വന്നാല്‍ കളയാം..പക്ഷെ നാണം കെടരുത്..ഒന്നും തെകയാതെ...

                    "അല്ല അമ്മയുടെ കാര്യം?? വൈകീട്ട് ഭക്ഷണം..?? എന്തായാലും വേദിക്ക് വില്ലേജ് വരെ കൊണ്ട് പോകുന്നത് വല്യേ റിസ്ക്കാ"

                  "അതിനു അമ്മ വരില്ല..ഞാന്‍ കൊറച്ച് ഗോതമ്പ് കഞ്ഞിയുണ്ടാക്കി അമ്മയുടെ മേശയില്‍ വെക്കാം..വൈകീട്ട് കഴിച്ചോളാന്‍ പറയാം..ആറു മണി വരെ ആ സര്‍വന്റ് പെണ്ണ് ഉണ്ടാകൂലോ"

         ഭാര്യയുടെ അഭിപ്രായത്തിന് ഒരു മൂളല്‍ പാസ്സാക്കി ഭക്ഷണം കഴിച്ച് എഴുന്നേറ്റ് കൈ കഴുകുമ്പോള്‍ കണ്ണാടിയില്‍ അപ്പുറത്തെ മുറിയില്‍ കട്ടിലില്‍ അമ്മയുടെ മുഖം കണ്ടു..നോക്കി ഇരിക്കുന്നത് പോലെ..തിരിഞ്ഞ് നോക്കുമ്പോള്‍ അടുത്ത ഫോണ്‍..അതും വൈകീട്ട് സുഖം അന്വേക്ഷിക്കുന്ന ദാഹം കൊണ്ട് പൊരുതി മുട്ടിയ ചില കൂട്ടുകള്‍..എല്ലാവരും വൈകുന്നേരം ആകാന്‍ കാത്തിരിക്കുന്നു..ഇരുളിന്‍റെ മറവില്‍, ലഹരിയുടെ നിറവില്‍, ഒരു രാത്രി കൂടി ആഘോഷങ്ങള്‍ കൊണ്ട് മൂടാന്‍...

                   "ഹേ..ജന്മ ദിന്‍ മുബാരക്ക് ഭയ്യാ..."

        കെട്ടി പിടിച്ച് കൊണ്ട് അന്ന്‍ വൈകന്നേരം ഇത്തവണത്തെ കൂട്ടി പത്താമത്തെ തവണയാണ് അയാളുടെ വക ആശംസ...മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓരോ പെഗ്ഗ് വിഴുങ്ങുമ്പോള്‍ ഓരോ തവണ ആശംസ.. നേരിയ വെട്ടത്തില്‍ സ്വിമ്മിംഗ് പൂളിനരികെ മേശയില്‍ ചിതറി കിടക്കുന്ന ഭക്ഷണ പാത്രങ്ങള്‍, ഒഴിഞ്ഞ കുപ്പികള്‍, ഗ്ലാസ്സുകള്‍, അതിനു ചുറ്റും കസേരകളില്‍ അയാള്‍, പിന്നെ കൂട്ടുക്കാര്‍, വൈകീട്ട്നിറയുന്ന ലഹരിയുടെ  മറ്റൊരു ദിവസം. ഒരു ഗ്ലാസില്‍ അവസാന തുള്ളി മദ്യം വീഴ്ത്തി അയാള്‍ കുറച്ച് ദൂരെ സ്ത്രീകളുടെ കൂട്ടത്തില്‍ ഇരിക്കുന്ന ഭാര്യയെ നോക്കി..

                "എന്താ ഒരു ലവ് സിപ്പ് ഓഫര്‍ ചെയ്യുന്നോ??" കൂട്ടുക്കാരന്‍ വക ചോദ്യം.
         
                  "നോ..വെറുതെ നോക്കിയതാ..ഇന്ന്‍ ഞാന്‍ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യം, ഇന്ന്‍ ഞാന്‍ അനുഭവിക്കുന്ന എല്ലാ സുഖം, ഇന്ന്‍ ഞാന്‍ സന്തോഷിക്കുന്ന ഓരോ നിമിഷം..ഇതിനെല്ലാം കടപ്പാട് ..ആ ഇരിക്കുന്ന എന്‍റെ ഭാര്യയോട്..."

                  "ഓ.കെ...നല്ലത് ..അത് ഞങ്ങള്‍ക്ക് അറിയുന്നതല്ലേ ..പക്ഷെ എനിക്ക് തോന്നുന്നു ഇന്ന്‍ താന്‍ ഏറ്റവും കൂടുതല്‍ കടപ്പെട്ടിരിക്കേണ്ടത് ..ഇന്നത്തെ ഈ ദിവസം ഒരു പാട് സ്നേഹിക്കേണ്ടത്, പൂജിക്കേണ്ടത് അമ്മയെ അല്ലേ? ടോ അവര്‍ പത്ത് മാസം ചുമന്ന്‍ വളര്‍ത്തി വലുതാക്കിയപ്പോള്‍ മാത്രമല്ലേ തനിക്ക് പഠിക്കാന്‍ കഴിഞ്ഞതും, പ്രേമിക്കാന്‍ കഴിഞ്ഞതും, ദാ ഇരിക്കുന്ന പെണ്ണിനെ കല്യാണം കഴിക്കാന്‍ സാധിച്ചതും, പൂളില്‍ കളിക്കുന്ന കുട്ടികളുടെ അച്ഛനാകാന്‍ സാധിച്ചതും, പിന്നെ ഈ പാര്‍ട്ടി നടത്താന്‍ സാധിച്ചതും....so just thankful to her, at least today"

        അവന്‍ പറഞ്ഞ വാക്കുകള്‍ അയാളുടെ അകം പൊള്ളിച്ചു..കുടിച്ചതും, കഴിച്ചതും ഉരുണ്ട് കൂടുന്നത് പോലെ..മനസ്സില്‍ തളം കെട്ടിയ ദുഃഖം, എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് തിരികെ പോകുമ്പോള്‍ അയാളുടെ ഭാര്യ ആ ദുഃഖം തിരിച്ചറിഞ്ഞു..അയാളുടെ ഓരോ വ്യഥയും, വ്യാധിയും, തിരിച്ചറിയുന്ന അതെ ഉള് കണ്ണുകള്‍ കൊണ്ട്..

       വീട്ടിലെത്തി അയാള്‍ ആദ്യം കുഴമ്പും , കഷായവും മണക്കുന്ന ആ മുറിയിലേക്ക് പോയി. ഇരുളില്‍ മയങ്ങി കിടക്കുന്ന അമ്മ, മേശപുറത്ത് ആറി തണുത്ത ഗോതമ്പ് കഞ്ഞി..മുറിയില്‍ വെളിച്ചം പരന്നപ്പോള്‍ അമ്മ മകനെ കണ്ട് വേഗം എഴുന്നേറ്റു..അയാള്‍ അമ്മയെ പിടിച്ച് കട്ടിലില്‍ ഇരുത്തി..വിറക്കുന്ന കൈകള്‍ കൊണ്ട് ആ അമ്മ മകനെ തൊട്ടു..പിന്നെ മേശ പുറത്ത് ഇരുന്ന ഇല ചീന്ത്‌ കയ്യില്‍ എടുത്ത് മകന് നേരെ നീട്ടി..അതില്‍ കുറച്ച് തുളസിയിലയും, പൂക്കളും, പിന്നെ ഒരു കഷ്ണം പഴവും..അവര്‍ ആ പഴമെടുത്ത് മകന്‍റെ വായിലേക്ക് നീട്ടി കൊണ്ട് പറഞ്ഞു..

                   "മോനെ..മോന്‍  ജനിച്ചിട്ട് ഇന്നേ വരെ  പെരന്നാള്‍ ദെവസം അയ്യപ്പന്‍റെ അമ്പലത്തി നീരാന്ജനം അമ്മ മൊടക്കിട്ടില്ല..."

       അയാള്‍ വേദനയോടെ ഒരു കുടം കണ്ണ്‍ നീര്‍ ഒഴുക്കി പഴം പതുക്കെ കഴിച്ചു..അമ്മ ഇലയില്‍ നിന്നും ഒരു നുള്ള് ചന്ദനം എടുത്ത് മകന്‍റെ നെറ്റിയില്‍ ചാര്‍ത്തി അയാളുടെ മുടിയില്‍ ശോഷിച്ച കൈകള്‍ കൊണ്ട് തടവി ദുഖത്തോടെ പറഞ്ഞു..മദ്യം മണക്കുന്ന വായ പൊത്തി പിടിച്ച് അയാള്‍ വിതുമ്പല്‍ അടക്കാന്‍ ശ്രമിച്ചു..

                "രാവിലെ മോനെ അമ്മ കാണാന്‍ വന്നത് നീരാന്ജനം വഴിപ്പാടിന്റെ കാര്യം പറയാനാ..അമ്മേട കയ്യില് കാശും ഇല്ല..അമ്മയ്ക്ക് അവിടം വരേം പോകാനും വയ്യ..പിന്നെ ആ വേലക്കാരി പെണ്ണിനെ  വിട്ട് കഴിപ്പിച്ചതാ...കാശ് കൊടുത്തതും അവള് തന്നെ...ഭഗവാനുള്ള കാര്യല്ലേ.. കാര്യല്ലേ..മോടക്കം വരത്താന്‍ പറ്റോ?"

       അയാള്‍ ഒരു കൊച്ചു കുട്ടിയെ പോലെ വാവിട്ട് കരയാന്‍ തുടങ്ങി..വാതിലിന്‍റെ മറവില്‍ ഇരുട്ടില്‍ നിന്നും കേട്ട അയാളുടെ ഭാര്യയും കണ്ണ് നീര്‍ ഒതുക്കാന്‍ പാട് പാടുകയായിരുന്നു..അയാള്‍ മനസ്സില്‍ പറഞ്ഞു..ഇന്ന്‍ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം..അത് ഈ ഇല ചീന്ത്‌ തന്നെ..

              "മോനെ..അമ്മയ്ക്ക് മുപ്പത് ഉറുപ്യ തരണം..ആ പെണ്ണിന് കൊടുക്കണം..വഴിപ്പാട് നടത്തിയ പണം കടം വെക്കാന്‍ പാടില്ല..മോന്‍റെ ദീര്‍ഘായുസ്സിനും, സര്‍വ്വ വിധ ഐശ്വര്യത്തിനും വേണ്ടി അമ്മയ്ക്ക് ഇതേ തരാന്‍ കഴിയൂ.."

      അയാള്‍ ഒരു കൊച്ചു കുട്ടിയെ പോലെ അമ്മയുടെ മടിയില്‍ തല വെച്ച് കരയാന്‍ തുടങ്ങി..വലിയ വലിയ സന്തോഷത്തേക്കാള്‍, ആഘോഷത്തേക്കാള്‍ ചെറിയ ചെറിയ അനുഗ്രഹങ്ങള്‍ നല്‍കുന്ന സുഖ സംതൃപ്തി അയാള്‍ തിരിച്ചറിഞ്ഞു..വെറും മുപ്പത് രൂപയുടെ നീരാന്ജനത്തിലൂടെ.....

ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍....        

 

           

             

   

     

           

                             

2015, ഒക്‌ടോബർ 24, ശനിയാഴ്‌ച

സത്യഭാമയുടെ ക്രൂരകൃത്യങ്ങള്‍






                                സത്യഭാമയുടെ ക്രൂരകൃത്യം 1

കൃത്യം :-"ഫ്രീക്കന്‍ സുമേഷ്  നാട് വിടാനുള്ള കാരണം."
കാരണം :- ഒരു വീഡിയോ ക്ലിപ്പ്.
ഗുണപാഠം:- "കൊടുത്താല്‍ കൊല്ലത്തും കിട്ടും."

                                                       അതിരാവിലെ ഫ്രീക്കന്‍ ചെക്കന്‍ സുമേഷ് എഴുന്നേറ്റ് ബാത്ത് റൂമില്‍ ചെന്ന്‍ കണ്ണാടിയ്ക്ക് മുന്നില്‍ ഹാജരായി. കുളിച്ചില്ലെങ്കിലും കാട് പിടിച്ച തലയും, ബ്രഷ് പോലെ കൂര്‍ത്ത  താടിയും വെള്ളം കൊണ്ട് തൊട്ടുഴിഞ്ഞ്‌ മിനുസ്സപ്പെടുത്തി, പല്ല് തേക്കുന്ന ബ്രഷിനെ അന്നും അവഗണിച്ച്, അടിവസ്ത്രം അന്യമായ അരയില്‍ ഒരു മുക്കാല്‍ കളസവും, ബനിയനുമെടുത്തിട്ടു, നാറുന്ന ദേഹത്തെയും, വസ്ത്രത്തേയും അച്ഛന്റെ ഗള്‍ഫ് വിയര്‍പ്പ് കുതിര്‍ന്ന വിലകൂടിയ സ്പ്രേയില്‍ പരക്കെ പൂശി വേഗം വീടിനു മുന്നില്‍ ഹാജരായി..കണ്ണുകളില്‍ ആകാംക്ഷ, കാത്തിരിപ്പിന്‍റെ കൈ നഖം കടിക്കല്‍, പുരുഷ ഊര്‍ജ്ജം അതി രാവിലെ സായാത്തമാക്കാനുള്ള വെമ്പല്‍..ഇരു കണ്ണുകളും, മനസ്സും, ശരീരവും അടുത്ത വീട്ടിലേക്ക്..

       "ദേവി പ്രത്യക്ഷയായി..സത്യാഭാമ ദേവി,"

                                                    ജാതകവശാല്‍ വിവാഹം നീണ്ടു പോയി ആ നാട്ടില്‍ വൃദ്ധമാതാപിതാക്കള്‍ക്കൊപ്പം ജീവിക്കുന്ന സുന്ദരി,സുമേഷിന്റെതടക്കം നാട്ടിലെ കുറേ ചെറുപ്പക്കാരുടെ, സുമേഷിന്റെ അമ്മാവനടക്കം നാട്ടിലെ ചുരുക്കം ചില കിളവന്മാരുടെ സ്വകാര്യ നിമിഷങ്ങളില്‍ സ്വപ്നം പേറി വരുന്ന അസ്പരസ്.(ചായക്കടക്കാരന്‍ നാണുവിന്റെ ഭാഷയില്‍) സത്യഭാമയെ കണ്ടതും സുമേഷിന്റെ കണ്ണുകള്‍ വിടര്‍ന്നു..തൊണ്ട വറ്റി വരണ്ടു, ശരീരം പൂത്ത് തളിര്‍ത്തു...

                                                നീണ്ട മുടിയില്‍ തുളസികതിര്‍, വീതിയുള്ള നെറ്റിയില്‍ ചിത്രപണികള്‍ കൊണ്ട് തൊട്ട പൊട്ട്.പൊട്ടിനു താഴെ നിന്ന് പുരികകൊടി മുതല്‍ നാസിക ദ്വാരം വരെ ചെറിയ കുരുക്കള്‍, വിടര്‍ന്ന് തെളിഞ്ഞ ചുണ്ടുകള്‍, തുടുത്ത കവിളുകള്‍, ചുവന്ന്‍ തുടുത്ത ചുണ്ടുകള്‍, പിന്നെ സ്വര്‍ണ്ണ രോമങ്ങള്‍ നിറഞ്ഞ താടി,  സുതാര്യമായ സാരി കാഴ്ചകള്‍, മിനുസമുള്ള കാല്‍പാദം, ഭംഗിയുള്ള നടത്തം..അതായിരുന്നു സത്യഭാമ..

                                              സത്യഭാമ നടന്നതും സുമേഷ് പതുക്കെ പിന്നില്‍ കൂടി..കുറേ നാളായി അത് തുടങ്ങിയിട്ട്..അയല്‍വാസിയും, തന്നെക്കാള്‍ വയസ്സിന് മൂത്തതും, സര്‍വ്വോപരി സുമേഷിന്റെ കുടുംബത്തോട് നല്ല അടുപ്പമുള്ള സത്യഭാമയോട് സുമേഷിന് കമ്പം തോന്നി തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി..അവന്‍ സത്യഭാമയുടെ വിശാലമായ പുറമ്പോക്കിലെ പ്രദര്‍ശന വസ്തു നോക്കി പതുക്കെ ചോദിച്ചു.

      "ചേച്ചി ഞാന്‍ ചോദിച്ച കാര്യം എന്തായി?" വല്ലതും ....?

      "മോനെ..നിന്നോട് ഞാന്‍ പലവട്ടം പറഞ്ഞു..എന്നെ ശല്യം ചെയ്യരുതെന്ന്..ഇനി ഞാന്‍ ജയ ചേച്ചിയോട് പറയും..."

                                               അമ്മയോട് പറയുമെന്ന വാക്ക് സുമേഷില്‍ ഉറങ്ങി കിടന്ന ജന്തുവിനെ പുറത്ത് ചാടിച്ചു..ഒരു ന്വൂ ജനറേഷന്‍ ജന്തു..വൈകീട്ട് സെറ്റ് കൂടി ലഹരി നുകരുമ്പോള്‍, ലുഹരി മൂത്ത് മറ്റ് ചില എതിര്‍ ഗ്രൂപ്പുമായി വഴക്കിടുമ്പോള്‍ പുറത്ത് ചാടാറുള്ള ആ ജന്തു തന്നെ..ജന്തു സത്യഭാമ നോക്കി അലറി,വായ് നാറ്റം നിറഞ്ഞ ഒരു ഭീഷണി..

       "നീ പറയെടീ..പോയി ന്‍റെ അമ്മോട്....പറഞ്ഞാ.. നാളെ നിന്‍റെ കുളി സീന്‍ വാട്സ് ആപ്പ്, യൂ ടൂബ് വഴി ലോകം മുഴോന്‍ കാണും..നിന്‍റെ തുണിയില്ലാത്ത ഫ്ലക്സ് കൊടുങ്ങല്ലൂര്‍ മുഴോന്‍ വെക്കും..നീ വള്ളി പുള്ളിയില്ലാതെ കുളിക്കണ സീന്‍സ് ഞാന്‍ മൊബൈലില്‍ പിടിച്ചിട്ടുണ്ടെടീ..എനിക്ക് നാളെ ഒരുത്തരം കിട്ടിരിക്കണം..രാത്രി എവ്ടെ ...?"

                                               ചെക്കന്‍റെ ഭീഷണി കേട്ട് സത്യഭാമ പകച്ചു പോയി..ജീവിതത്തില്‍ ഇത് പോലെ പല ഭീഷണികളും കണ്ട് അതിനെ സധൈര്യം നേരിട്ടവളാണ്..എന്നാലും ചെക്കന്‍ ഭീഷണി മുഴക്കി പോയപ്പോള്‍ പേടി തോന്നി..ഒന്നാമത് തല തിരിഞ്ഞ ചെക്കന്‍, ജയ ചേച്ചിയെ പേടിയുണ്ടെങ്കിലും അവന്‍ ചില സമയത്ത് "ഒസുവാസാണ്" (തലതിരിഞ്ഞവന്‍ )നന്നായി ചിന്തിച്ച് വേണം ഒരു തീരുമാനം എടുക്കാന്‍..സത്യഭാമ ക്രൂരകൃത്യം ചെയ്യാന്‍ പോകുന്ന വഴി ബസ്സില്‍ ഇരുന്നും, രാത്രി തിരിച്ച് വന്ന്‍ വീട്ടിലിരുന്നും ചിന്തിച്ചു..ചില സമയത്ത് രാത്രിയില്‍ അടുത്ത വീട്ടില്‍ നോക്കുമ്പോള്‍ രണ്ടാം നിളയുടെ മുകളിലെ മുകളില്‍ സുമേഷിന്റെ ലഹരിയും, കാമവും കലര്‍ന്ന കണ്ണുകള്‍..

                                                  പിറ്റേന്നും സത്യഭാമ സ്ഥിര കാഴ്ചക്കാര്‍ക്ക് ഒരു "സൗന്ദര്യ പ്രദര്‍ശനം തീര്‍ത്ത് ജോലിക്ക് പോകാനായി വഴിയിലിറങ്ങി...പുറകെ കോഴി ചാത്തന്‍റെ അങ്കവാല് പോലെ തലമുടി മുകളിലേക്ക് ഉയര്‍ത്തി വെച്ച് ഫ്രീക്കന്‍ സുമേഷ് ..അവനെ കണ്ടതും സത്യഭാമ ഒന്ന്‍ ചിരിച്ചു..മേനക മുതല്‍ ഉര്‍വശി വരെ വശ്യം കലര്‍ത്തി ചിരിച്ച അതെ ചിരി..സ്ത്രീവശ്യത്തിന്റെ വലയില്‍ പേട്ട സുമേഷിന്റെ മനസ്സ് അത് കണ്ട് ഒന്ന്‍ തുടിച്ചു..ആ തുടിപ്പില്‍ ഒരു വലിയ വലിവ് ശരീരത്തില്‍ ഉടലെടുത്തു.. ആ വലിവില്‍ അരയില്‍ ഊരി പോകാനുള്ള കണ്ടീഷനില്‍ കിടക്കുന്ന കളസം  ഊര്‍ന്നു പോകാന്‍ ശ്രമം നടത്തിയെങ്കിലും, അനാഥവും, സ്വാതന്ത്ര്യവുമായി കിടക്കുന്ന അധോ മണ്ഡലത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാല്‍ സുമേശന്‍ കൈ കൊണ്ട് കയറ്റി കളസത്തെ തഥാ സ്ഥാനത്ത് ഉറപ്പിച്ചു..ഇതെല്ലാം ഒരു ആവേശത്തോടെ വീക്ഷിച്ച് സത്യഭാമ ചെറുക്കനോട് ഒരു വലിയ നുണ സത്യം അറിയിച്ചു..ക്രൂരകൃത്യത്തിലെ തിരക്കഥയില്‍ ഭംഗിയായി എഴുതിയ നുണ സത്യം..

       "ഒരാഴ്ച..അത് കഴിഞ്ഞിട്ട് മതി എന്‍റെ സുമേഷേ...എനിക്കിപ്പോള്‍ പറ്റില്ല..ഞാന്‍ പുറത്താ,,"

                                                 ഫ്രീക്കന്‍ കാത്തിരുന്ന വാക്ക്..അതിന് വേണ്ടി ഒരാഴ്ച കാത്തിരിക്കാന്‍ സുമേഷ് തീരുമാനിച്ചു..അവനറിയുന്നോ..സത്യഭാമ ചെയ്യാന്‍ പോകുന്ന ക്രൂരകൃത്യത്തിന്‍റെ തുടക്കത്തില്‍ എഴുതി വെച്ച സീന്‍ ആണെന്ന്..ചെറുക്കന്‍ ആഹ്ലാദത്തോടെ നടന്നു..പുതിയ വസ്ത്രങ്ങള്‍ വാങ്ങി, പുള്ളിയും, വരകളും നിറഞ്ഞ "ലെവിസ്", കുറേ നാളുകള്‍ക്ക് ശേഷം വിത്തിന്‍ ആയ പ്രാക്ക്..വിജയന്‍ ഡോക്ടറുടെ അടുത്ത് പോയി പല്ലില്‍ നിന്നും അര കിലോ അഴുക്കും ബീഡി കറയും പുറത്തെടുത്തു..മുടി വെട്ടി, താടി വടിച്ച് ചെക്കന്‍ കാത്തിരുന്നു..കല്യാണം നിശ്ചയിച്ച യുവാവിനെ പോലെ..എന്തായാലും ഒരാഴ്ച സത്യഭാമ അയല്‍വക്കത്തെ ദരിദ്ര വാസിയുടെ അകമ്പടിയില്ലാതെ ജോലിക്ക് പോയി..ഇടയ്ക്ക് മൂന്ന്‍ ദിവസം അവരുടെ വീട്ടില്‍ വെള്ളമില്ലാതെ വന്നപ്പോള്‍ സുമേഷിന്റെ വീട്ടില്‍ വന്നു കുളിച്ചു..സുമേഷിന്റെ അമ്മയോടും, പ്രസവം കഴിഞ്ഞ് വീട്ടില്‍ നില്ക്കുന്ന ചേച്ചിയോടും, അനുജത്തിയോടും സംസാരിച്ചു..കളി പറഞ്ഞ് ചിരിച്ചു..അങ്ങിനെ സുമേശന്‍ കാത്തിരുന്ന ആ ദിവസം മുന്നിലെത്തി..സത്യഭാമ കൂരകൃത്യം നടത്തിയ ആ ദിവസം..യാതൊരു വിശേഷവും അശേഷമില്ലാത്ത ആ ദിവസം....

                                                     കഥയുടെ ക്ലൈമാക്സ് കയ്യില്‍ പിടിച്ച് അന്നും സത്യഭാമ എന്ന അസ്പരസ്, ട്രാന്‍സ്പരന്റ്റ് ഷിഫോണ്‍ സാരിയും ധരിച്ച് സുമേഷ് എന്ന ചെറുക്കന്റെ മോഹത്തിന് മുന്നിലൂടെ ആടിയാടി മുന്നോട്ട് നടന്നു..ചെറുക്കന്‍ പുതിയ ഉടുപ്പും, എടുപ്പുമായി പുറകെ..ഒടുവില്‍ ആര്‍ത്തിയോടെ അടക്കി വെച്ച ആഗ്രഹത്തിന്റെ അധിനിവേശം സഹിക്ക വയ്യാതെ സത്യഭാമ തയ്യാറാക്കി വെച്ച തിരക്കഥയിലെ അതേ ചോദ്യം തന്നെ സുമേഷിന്റെ വായില്‍ നിന്നും, ഇത്തവണ വായ്നാറ്റമില്ലാതെ ഒരു ചൂയിന്ഗത്തിന്‍റെ ഗന്ധത്തില്‍ പുറത്ത് വന്നു..

      "ഇന്ന്‍ രാത്രി ഞാന്‍.......?"

      "എന്തിന്?? സത്യഭാമയുടെ ആ ചോദ്യം സുമേഷിന്റെ ഒരാഴ്ച കൊണ്ട് പടുത്തുയര്‍‍ത്തിയ മോഹ കൊട്ടാരത്തില്‍ ഒരു ചെറിയ ഭൂമി കുലുക്കം..റിക്ടര്‍ സ്കെയിലില്‍ 2.7 രേഖപ്പെടുത്തിയ ആ കുലുക്കത്തിന് ഒരു തുടര്‍ചലനം പ്രതീക്ഷിക്കാതെ മോഹചെക്കന്‍ നെറ്റിയില്‍ ചാലിടാന്‍ തുടങ്ങിയ വിയര്‍പ്പ് തുടച്ച് കൊച്ചു കുലുക്കത്തില്‍ നിന്നും മോചിതനായി വീണ്ടും..

    "അല്ല ചേച്ചി പറഞ്ഞില്ലേ..ഒരാഴ്ച കഴിഞ്ഞ്...?"

    "ചെറുക്കാ..നീ മര്യാദയ്ക്ക് അച്ഛനും, അമ്മയും പറയണ കേട്ട് പഠിക്കാന്‍ നോക്ക്...അല്ലാതെ വെട്ടുവഴി തെങ്ങ് കയറി, ചീത്തപിള്ളരോട് കൂട്ടും കൂടി നടന്ന്‍ കുടുംബത്തിന് പേര് ദോഷം വരുത്താന്‍.."

                                                         അത് കേട്ടതും സുമേഷില്‍ ഉറങ്ങി കിടന്ന ജന്തു പുറത്ത് ചാടി..ചെക്കന്‍  തന്‍റെ പണി ആയുധം പുറത്ത് എടുത്ത് കാണിച്ചു.."പുതിയ ജനറേഷന്‍ മൊബൈല്‍" സത്യഭാമയുടെ നേരെ ഉതിര്‍ക്കാന്‍ ..അതുയര്‍ത്തി കാണിച്ച് വിറളി പിടിച്ച നായയെപ്പോലെ സുമേഷ് പറഞ്ഞു..

    "ഒരു ക്ലിക്ക്..നിമിഷം കൊണ്ട് നിന്റെ മൂടി വെച്ച ഭംഗി യൂ ടൂബിലും, വാട്സ് ആപ്പിലും ലക്ഷങ്ങള്‍ കാണും..മര്യാദയ്ക്ക് അനുസരിച്ചോ..അല്ലെങ്കില്‍ ഇന്ന്‍ രാത്രി ചെക്കന്മാര്‍ക്ക് ലഹരി പിടിക്കാന്‍ നിന്‍റെയീ കുളി  സീന്‍ മതിയാകും.."

                                                         സുമേഷിന്റെ ഭീഷണി കേട്ടതും സത്യഭാമ ചിരിച്ചു..ക്രൂരകൃത്യം നടത്താന്‍ പോകുന്ന ചിരി..ഒരു വലിയ ഭൂകമ്പം നടക്കാന്‍ പോകുന്ന ചിരി, സുമേഷ് നാട് വിട്ട് ഓടാന്‍ പോകുന്ന ചിരി..സുമേഷ് ഉതിര്‍ത്ത പാശുപതാസ്ത്രത്തിനു മുന്നില്‍ എല്ലാം സംഹരിക്കാന്‍ ബ്രഹ്മാസ്ത്രം..കഥയുടെ ക്ലൈമാക്സ് കയ്യില്‍ നിന്നും സത്യഭാമ പുറത്തെടുത്തു..

      "ചെക്കാ നീ ക്ലിക്കെടാ..യൂ ടൂബിലോ, ആപ്പിലോ എവടെ വേണെമെങ്കിലും ക്ലിക്ക്..അതിന്റെ കൂടെ ഈ എന്‍റെ മൊബൈലില്‍ മൂന്ന്‍ ക്ളിപ്പുണ്ട്..അതും കൂടി ഇട്ടോ..മൂന്ന്‍ ദിവസം ഞാന്‍ നെന്‍റെ വീട്ടിലെ കുളിമുറിയിലാ കുളിച്ചത്..നീ ഞങ്ങടെ വീട്ടില് വെച്ചതിനേക്കാള്‍ ഉഗ്രന്‍ ഒരു ക്യാമറ നെന്‍റെ വീട്ടില് ഞാനും വെച്ചു..ആ കുളിമുറിയില്‍ ഞാന്‍ മാത്രല്ല..നീയും, നിന്‍റെ അമ്മയും, നിന്‍റെ പെങ്ങന്മാരും മൂന്ന്‍ ദെവസോം കുളിച്ചതാ..വള്ളീം, പുള്ളീം ഇല്ലാതെ..എന്നാലും നിന്റെ അരയില്‍ ചുറ്റിയ ആ ചരടിന്റെ ഒരു കളര്‍"

                                                       അതും പറഞ്ഞ് സത്യഭാമ അറപ്പോടെ തുപ്പി.  .സുമേഷ് അന്തം വിട്ട കുന്തം പോലെ .ഇടയ്ക്ക് അരയില്‍ ഒന്ന്‍ തപ്പി നോക്കി..ചരടിനെ തൊട്ട് വേദനയോടെ തൊട്ട് തലോടി..ആ സ്ത്രീയുടെ വാക്കുകള്‍....മോഹ കൊട്ടാരത്തില്‍ തുടര്‍ ചലനം..ഇത്തവണ സ്കെയിലില്‍ ഒരു ഒന്നൊന്നര 7.9 റേഞ്ചില്‍..വായിലെ വെള്ളവും വറ്റി, കണ്ണും മിഴിച്ച് നോക്കി നില്ക്കെ ഫ്രീക്കന് മുന്നില്‍ സത്യഭാമ വളര്‍ന്നു നിന്നു.."കൊടുത്താല്‍ കൊല്ലത്ത് കിട്ടുന്ന എട്ടിന്റെ പണി, കയ്യിലിരിക്കുന്ന മൊബൈല്‍ ഒന്ന് കറക്കി, ഒന്ന്‍ ആടിയുലഞ്ഞു,സുമേഷിനെ ആകര്‍ഷണ വലയത്തില്‍ നിന്നും എന്നേക്കുമായി വികര്‍ഷിച്ച്  സത്യഭാമ അങ്ങിനെ ഒരു വലിയ കൂരകൃത്യവും ചെയ്യ്ത് നടന്ന്‍ നീങ്ങുമ്പോള്‍ സുമേഷ് എന്ന ഫ്രീക്കന്‍ ചെക്കന്‍റെ മനസ്സ് അവനെക്കാള്‍ വേഗത്തില്‍ സേലത്തേക്ക്  വണ്ടി കയറി, അന്ന്‍ രാത്രിയോടെ അവന്‍റെ ദേഹവും കിട്ടിയ ബസ്സില്‍ കയറി സേലം  പിടിച്ചു..


ഹരീഷ്കുമാര്‍ അനന്തകൃഷ്ണന്‍...

വാലിന്റെ ഒരു ചെറ്യേ കഷ്ണം:-

                                                        വീണ്ടും മുന്നില്‍ വരുന്ന സുമേഷിനെ പോലെയുള്ള പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സത്യഭാമ നിര്‍ബാധം അതിരാവിലെ അണിഞ്ഞൊരുങ്ങി ജോലിക്ക് പോയി..ക്രൂരകൃത്യങ്ങള്‍ പ്രതീക്ഷിക്കാതെ പലരും വഴിയരികില്‍ കാത്തിരുന്ന്...




         

2015, ഒക്‌ടോബർ 23, വെള്ളിയാഴ്‌ച

തൂവാനത്തുമ്പിയെ വീണ്ടും കാണാന്‍..

                                                         











                                                       
                                                            ഒരു വലിയ മഴതുള്ളി..അതിന്‍റെ മനോഹരമായ തിളക്കം..അതവളുടെ നെറ്റിയില്‍ നിന്നും, പതുക്കെ മനോഹരങ്ങളായ പുരികങ്ങള്‍ക്കിടയിലൂടെ മൂക്കിന്‍ തുമ്പിലേക്ക്..അവിടെ നിന്നും ചുണ്ടുകള്‍ കൊണ്ട് ഒപ്പിയെടുക്കുന്നതിനു മുന്‍പേ അവളുടെ വരണ്ട ചുണ്ടിലേക്ക് വെള്ള തുള്ളികള്‍ അടര്‍ന്ന് വീണു..ചുവന്ന ചുണ്ടുകള്‍..പിടയുന്ന മിഴി, ചുണ്ടുകള്‍ ചുണ്ടുകളോട് കഥ പറയാന്‍ തുടങ്ങുന്നതിനു മുന്പ് ട്രെയിന്‍ ഒന്ന്‍ ശക്തിയായി കുലുങ്ങി..തല എവിടെയോ പതുക്കെ തട്ടി..

         "ക്ലാര..?" മഴയുടെ ഗന്ധമുള്ള ക്ലാര..?

                                                           സ്വപ്നമായിരുന്നു..ഇരുളില്‍ മുങ്ങിയ ഉറക്കത്തില്‍ തെളിഞ്ഞ സ്വപ്നം..ആ സ്വപ്നം യദാര്‍ത്ഥമായി മാറാനുള്ള സഞ്ചാരം..വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു കൈ കുഞ്ഞുമായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും വിട പറഞ്ഞ് പോകുമ്പോള്‍ ഒരിക്കലും കരുതിയില്ല..അടുത്ത സംഗമത്തിന് ഇത്രയും കാലം വേണ്ടി വരുമെന്ന്‍?? ഇത്രയും വേദന പേറി ജീവിക്കേണ്ടി വരുമെന്ന്‍?മനസ്സ് അങ്ങിനെയാണ്..മനസ്സില്‍ പതിഞ്ഞ ഒരു രൂപത്തെ ഇല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല..മരണത്തിനല്ലാതെ.. മറ്റാര്‍ക്കും..ആരുമറിയാതെ മനസ്സ് ക്ലാരയെ തേടി യാത്ര തുടങ്ങിയിട്ട് കാലം കുറേ ആയിരിക്കുന്നു..രാധ, അമ്മ, ചേച്ചി,തങ്ങള്‍, അങ്ങിനെ എത്രയോ പേര്‍ അവരുടെ ജീവിതമാടി തീര്‍ത്ത് ഓര്‍മ്മകള്‍ മാത്രമായി മാറി..

                                                           രാധ..അവള്‍..കുറേ ബഹളങ്ങള്‍ സൃഷ്ടിച്ച് തന്‍റെ ജീവിത ഭാഗമായവള്‍..അവള്‍ക്കെന്നും ഭയമായിരുന്നു..മുന്നില്‍ കാണുന്ന സ്ത്രീകളെ..കൂട്ടത്തില്‍ കാണുന്നവരെ..അവള്‍ ഭയന്നത് ക്ലാരയെ മാത്രം..ഒരിക്കല്‍ ക്ലാര തിരികെ വരുമെന്ന ഭയം..ആ ഭയം മരണം വരെ കൂടെ നിന്നു..ഒടുവില്‍ അവളാണ് മരണകിടക്കയില്‍ വെച്ച് ക്ലാരയെ തേടാന്‍, കണ്ട് പിടിക്കാന്‍, യാചിച്ചത്..അതെന്തിന് എന്ന്‍ ചോദിച്ചില്ല?? ചിലപ്പോള്‍ അവള്‍ തിരിച്ചറിഞ്ഞിരിക്കാം..എന്‍റെ നെഞ്ചില്‍ ആരോടും പറയാതെ കൊണ്ട് നടക്കുന്ന ആ വേദന ക്ലാരയാണെന്ന്? ആരോടും പറയാത്ത വേദന..ജീവിതത്തില്‍ ആദ്യമായി അനുഭവിച്ച ആ സുഖം ഇന്നുമൊരു വേദനയാണ്..തീരാവേദന..

       "ഭയ്യാ..യെ സ്റ്റേഷന്‍ കോണ്സാ ഹേ..."

                                                         ഇരുളില്‍ മുകളിലെത്തെ ബര്‍ത്തില്‍ നിന്നും ആരോ ചോദിച്ചു..ഉത്തരം അറിയില്ല...ആരോ വിളിച്ചു പറഞ്ഞു.."ഭോപ്പാല്‍" ആണെന്ന്‍..സമയം മൂന്ന്‍ മണി കഴിഞ്ഞിരിക്കുന്നു...കേരള എക്സ്പ്രസ്സില്‍ കയറിയിട്ട് ഇന്നേക്ക് മൂന്നാം ദിവസം..മുഷിഞ്ഞ വേഷം, കാട് പിടിച്ച തലമുടി, നരച്ച രോമം നിറഞ്ഞ താടി, മനസ്സ് മാത്രം പ്രതീക്ഷ നിറഞ്ഞ്..കുറേക്കാലം അലഞ്ഞു..കുറേ യാത്രകള്‍, പേരറിയാത്ത പലയിടങ്ങള്‍, പല മുഖങ്ങള്‍, ഒടുവില്‍ ഒരു കച്ചി തുരുമ്പ് കിട്ടിയത് കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ്..ക്ലാര..വെറും രണ്ട്‌ ദിവസം കൊണ്ട് ജന്മാന്തരങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് എവിടെയോ പോയി മറഞ്ഞ തൂവാനത്തുമ്പി..അന്വേഷണത്തിന്‍റെ, വേദനയുടെ ഒടുവില്‍ മനസ്സിനെ മുറിവേല്പിച്ച ചില വാര്‍ത്തകള്‍, അലച്ചിലിനൊടുവില്‍ ബംഗളൂര്‍ വെച്ച് ആ ചെറുപ്പക്കാരന്‍ പറഞ്ഞ വാക്കുകള്‍..അതായിരുന്നു ഡല്‍ഹിയുടെ സമീപം ബല്ലബ്ഗാദ് എന്ന സ്ഥലത്തേക്കുള്ള ഈ പുതിയ യാത്രയുടെ കാരണം.

        "നിങ്ങള്‍ ഈ പറയുന്ന മോനി ജോസഫ് എന്‍റെ ഡാഡി തന്നെ..പക്ഷെ ക്ലാര..അവര്‍ എന്‍റെ ആരുമല്ല..അച്ഛനുമായി ചില ബന്ധം ഉണ്ടായിരുന്നു.കുറച്ച് കാലം മാത്രം...പക്ഷെ "she is not my mother"..അച്ഛന്‍ എഴുതിയ ഡയറി കുറിപ്പില്‍ നിങ്ങളെ കുറിച്ച് ചില പരാമര്‍ശം ഞാന്‍ വായിച്ചിട്ടുണ്ട്..അതില്‍ ചില വരികള്‍ ഇപ്പോഴും ഓര്‍ക്കുന്നു.."സ്നേഹിക്കുന്ന ഒരു മനസ്സില്‍ നിന്നും പൂര്‍ണ്ണമായും ഒളിച്ചോടാന്‍ വേണ്ടി അവള്‍ ക്ലാര തിരഞ്ഞെടുത്ത മാര്‍ഗ്ഗം..അതില്‍ എനിക്ക് ഒരു ഭര്‍ത്താവിന്‍റെ റോള്‍..എന്തിന് വേണ്ടി എന്ന് അവളോട് ചോദിച്ചപ്പോള്‍ അതിനുത്തരം.."എന്നേക്കാള്‍ യോഗ്യതയും, അനുയോജ്യയുമായ മറ്റൊരു പെണ്‍കുട്ടിയ്ക്ക് വേണ്ടി.."
                                               ആ ചെറുപ്പക്കാരന്‍ പറയുന്നത് കേട്ടപ്പോള്‍ ദുഃഖം തോന്നി.രാധയിലേക്ക് പറിച്ച് നടാന്‍ ക്ലാര ഒരുക്കിയ നാടകം..ആ റെയില്‍വേ സ്റ്റേഷനില്‍, അന്ന് നടത്തിയ അവസാന നാടകം..തടി കോണ്ട്രാക്ടര്‍ പുന്നൂസ് മുതലാളിയോട്, മദര്‍ സുപ്പീരിയരിനോട് ഒരു മധുരം നിറഞ്ഞ പക വീട്ടല്‍.എന്തായാലും മരിച്ചു പോയ മോനി ജോസഫ് എഴുതി വെച്ച പഴയ ഡയറിയില്‍ നിന്നും മകന്‍ ചെറിയ കടലാസ്സ് തുണ്ടില്‍ എഴുതിയ മേല്‍വിലാസം..അത് തേടിയാണ് ഈ യാത്ര..ഒന്ന്‍ കാണാന്‍..ഒരു വാക്ക് സംസാരിക്കാന്‍..

                                 "ക്ലാര
                                   c/o മാര്‍ഗരറ്റ് ഗ്രേഷ്യ
                                   ........................................
                                   ഗാര്‍ഹി ബഗംപൂര്‍
                                   ബല്ലബ്ഗാദ്, ഫരീദാബാദ്"

                                            ട്രെയിന്‍  പിന്നെയും അറിയാത്ത സ്ഥലങ്ങള്‍ താണ്ടി, ചില വെളിച്ചം നിറഞ്ഞ സ്ഥലങ്ങളിലൂടെ, പിന്നെ കുറേ ഇരുട്ടിലൂടെ, ചമ്പല്‍ കാടുകള്‍ താണ്ടി, കൂകി കിതച്ച്, പ്രഭാതത്തില്‍ ആഗ്രയും, പിന്നെ മധുരയും കടന്ന്‍, കരിമ്പ് പാടങ്ങള്‍, ഗോതമ്പ് വയലുകള്‍ കടന്ന്‍ ഒടുവില്‍ ഫരീദാബാദ് സ്റ്റേഷനില്‍..ട്രെയിനില്‍ നിന്നും ജയകൃഷ്ണന്‍ വെളിയില്‍ ഇറങ്ങുമ്പോള്‍ ചുട്ടു പൊള്ളുന്ന ഹരിയാന മണ്ണിന്റെ ആലിംഗനം..ചൂടും, ചൂരും, പൊടിയും, അഴുക്കും, പന്നികൂട്ടങ്ങളും  നിറഞ്ഞ ഏതെല്ലാം തെരുവിലൂടെ, ഒന്നും കാഴ്ച്ചയില്‍ തങ്ങുന്നില്ല..മനസ്സില്‍ ഒരു മുഖം മാത്രം..മഴയില്‍ നനഞ്ഞു കുതിര്‍ന്ന മുഖം..കത്തി നില്‍ക്കുന്ന സൂര്യനെ നോക്കി മനസ്സ് പറഞ്ഞു..

        "ഈ കത്തി നില്‍ക്കുന്ന നീയൊരു സത്യമാണെങ്കില്‍ ഇന്ന്‍ ഞാന്‍ ക്ലാരയെ കണ്ടിരിക്കും.."

                                          കത്തി പൊള്ളി ഉരുകിയ വഴിയാത്ര അവസാനിച്ചത് ഒരു ദേവാലയത്തിന്മുന്നിലായിരുന്നു..റിക്ഷയ്ക്ക് പൈസ കൊടുത്ത് ഇരുമ്പ് ഗേറ്റിന്റെ കൊളുത്ത് തുറന്നപ്പോള്‍ ചൂടില്‍ ചുട്ടു പൊള്ളുന്നത് പോലെ തോന്നി..കത്തി നില്‍ക്കുന്ന സൂര്യന് കീഴിലൂടെ, അയാള്‍ ആ പൊള്ളുന്ന മണ്ണിലൂടെ നടന്നു..മുന്നില്‍ ചൂട് കൊണ്ട് മങ്ങിയ കാഴ്ചകള്‍..ശൂന്യമായ ദേവാലയം, അടുത്ത കണ്ട "മേരി ഭവന്‍ "അതിലേക്ക് മെല്ലെ നടന്നപ്പോള്‍ തോട്ടത്തില്‍ പൂചെടികള്‍ക്ക് നനച്ച് നില്‍ക്കുന്ന രൂപം..ഇളം നിറത്തില്‍ ഒരു നരച്ച സാരി ചുറ്റി, മേരി ഭവനിലെ അടുക്കളക്കാരി..ഇരുപത് വര്‍ഷത്തോളമായി അവിടെ എല്ലാ വ്യഥയും നെഞ്ചിലേറ്റി, എല്ലാവരെയും സ്നേഹിച്ച് ജീവിക്കുന്ന ദീദി മാ..

                                            അവര്‍ തിരിഞ്ഞപ്പോള്‍ ജയകൃഷ്ണന്‍റെ നെറ്റിയില്‍ ഒരു തുള്ളി വീണു..ആകാശത്തില്‍ കരുതി വെച്ച മഴമേഘങ്ങള്‍ കരുതി വെച്ച പ്രണയത്തിന്റെ ആദ്യ തുള്ളി..പിന്നെ അതൊരു ശാന്തമായ മഴയായി മാറി..ആ മഴയില്‍ നനഞ്ഞു കുതിര്‍ന്ന രൂപം അയാളെ തന്നെ നോക്കി നിന്നു..ജയകൃഷ്ണനും ഇത്രയും കാലം അലഞ്ഞു നടന്ന നിരാശ, വേദന..എല്ലാം ആ മഴയില്‍ ഒഴുക്കി കളഞ്ഞു..മഴയില്‍ ആ കണ്ണുകളില്‍, ചുണ്ടുകളില്‍, പുരികങ്ങല്‍ക്കിടയിലെ വട്ടപോട്ടില്‍ അയാള്‍ കണ്ടു..കാലം കുറേ മുന്ന് കണ്ട അതെ പ്രണയത്തിന്റെ ആര്‍ദ്ര ഭാവം..മഴ അപ്പോഴും തകര്‍ത്ത് അലച്ചു..മനസ്സിന്‍റെ ചൂട് തണുപ്പിച്ച്, പ്രണയത്തിന്റെ തണുപ്പ് നിറച്ച്...മഴയില്‍ നിറയെ പ്രണയഭരിതരായ  തൂവാനത്തുമ്പികള്‍ പാറി നടന്നു...